Thursday, 29 September 2011
Wednesday, 28 September 2011
Tuesday, 20 September 2011
മഴത്താളം
മഴത്താളം
========
തുറന്നു വെച്ച പുസ്തകത്താളിലേക്ക് റ്റിപ് എന്ന കുഞ്ഞു ശബ്ദത്തോടെ വന്നു വീണ മഴത്തുള്ളിയില്‍ ഒരു തുള്ളി എന്റെ മൂക്കിന്റെ തുമ്പത്തേക്കും തെറിച്ചു ..മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു ..
ഉമ്മൂമയുടെ വെപ്രാളത്തോടെയുള്ള വിളി കേട്ടു..മക്കളെ വടക്കു മൂലയ്ക്കാട്ടൊ കാറു വെച്ചിട്ടുള്ളത്..അള്ളാഹ് ന്റെ വിറൊകൊക്കെ ഇപ്പൊ നനഞ്ഞു പോകൂല്ലൊ.. വിളിയിലെ പരിഭവം മനസ്സിലായി. തൊഴുത്ത് ഒറ്റയ്ക്ക് വൃത്തിയാക്കുകയായിരുന്നു ഉമ്മൂമ, ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ട..വായിച്ചിരുന്ന നോട്ട് ബുക്ക് മടക്കി വെച്ചെണീറ്റ് അടുക്കള മുറ്റത്തേക്ക് നടന്നു..
തലയിലിട്ട തട്ടം ശക്തിയായി വീശുന്ന കാറ്റില്‍ പറക്കുന്നുണ്ടയിരുന്നു..തട്ടം ഒതുക്കി മുടിക്കുള്ളിലേക്ക് തിരുകി വെച്ച് പാവടയുടെ തുമ്പെടുത്ത് എളിയില്‍ തിരുകി. വിറകുകള്‍ ഇടത്തെ കയ്ത്തണ്ടയില്‍ അടുക്കി വെക്കാന്‍ തുടങ്ങി.."ഈ മഴക്കു മുന്നെയെങ്കിലും ഈ പെരയൊന്നു മേയാന്‍ പറ്റിയില്ലല്ല ന്റെ റബ്ബെ"...ഉമ്മൂമാടെ സങ്കടം മുറ്റുന്ന പിറുപിറുക്കല്‍ കാറ്റിന്റെ മൂളലില്‍ നേര്‍ത്ത് പോയി.. തുലാവര്‍ഷം ദാക്ഷിണ്യമില്ലാതെ പെയ്തൊഴിയുകയാണ്. മഴയുടെ ശക്തി കൂടി വരുന്നതിനു മുന്പെ തന്നെ വിറകെല്ലാം അടുക്കളയിലെ വീശനാമ്പുറത്ത് അടുക്കിയിട്ടു..കണ്ണിലൂടെ മിന്നിയ വെളിച്ചം മുഴക്കത്തോടെ പാടവരമ്പുകള്‍ക്കപ്പുറം പതിക്കുമ്പൊള്‍ ഉമ്മൂമ ഖുറാനിലെ സൂക്തങ്ങള്‍ ഉറക്കെ ഓതുന്നത് കേട്ടു..
“മോളെ മെയ്തുണ്ണി എത്തിയതിന്റെ വിവരമൊന്നും ഇതു വരെ വന്നില്ലല്ലാ ".തെല്ലു ഉദ്വേഗത്തോടെ ഉമ്മൂമ ആരാഞ്ഞു.എന്റെ ഇക്കാക്ക ലാഞ്ചി കയറി പേര്‍ഷ്യയിലേക്ക് പുറപെട്ടിട്ട് മാസം രണ്ട് കഴിഞ്ഞിരുന്നു.ഞാന്‍ ഉല്‍ക്കണ്ഠ പുറത്തു കാണിക്കാതെ പറയാന്‍ തുടങ്ങി..”ഇല്ല ഉമ്മൂമ ഇക്കാക്കാന്റെ വിവരമൊന്നും എത്തീട്ടില്ല..ഞാനിന്നും സുല്‍ത്താന്‍ ഭായിയോടു കത്തോ കമ്പിയോ ഉണ്ടോന്നു ചോദിച്ചു”.
സുല്‍ത്താന്‍ ഭായി ഞങ്ങളുടെ പ്രദേശത്തെ അഞ്ചല്‍ ശിപായിയായിരുന്നു.
"അള്ളാഹ് ന്റെ കുട്ടിരെ ഒരു വിവരോം ഇല്ലല്ലാ.ന്തെ ന്റെ കുട്ടിക്കു പറ്റിയാവോ..ന്റെ മക്കളെ കാക്കണേ റബ്ബെ"..ഉമ്മൂമാടെ കരളുരുകിയ ദുആ കേട്ടപ്പൊള്‍ എന്റെ ഉള്ളും ഒന്നു പിടച്ചു.എന്റെ ഇക്കാക്കാക്കൊന്നും വരുത്തല്ലെ പടച്ചോനെ.
പുറത്ത് പെയ്യുന്ന മഴയുടെ താളം ഇടയ്ക്കൊന്നു നിലച്ച പോലെ തോന്നി.ഇറയത്തെ കെട്ടി നില്‍ ക്കുന്ന മഴ വെള്ളത്തില്‍ കാറ്റില്‍ വീണ കരിയിലകള്‍ കൊച്ചു കളിവള്ളങ്ങളെന്ന പോലെ തത്തിയാടുന്നുണ്ടായിരുന്നു .മുറ്റത്തെ മൂവണ്ടന്‍ മാവിലെ കാക്കകൂട്ടിലേക്ക് ചേക്കേറാനായെത്തിയ കാക്കകള്‍ വല്ലാതെ ശബ്ദമുണ്ടാക്കി കരയുന്നു.ഒരു പക്ഷെ ഈ മഴയത്ത് അതിന്റെ കുഞ്ഞിനെന്തെങ്കിലും പറ്റിക്കാണും .ഒരു വല്ലാത്ത മൂളക്കത്തോടെ അപ്പോഴും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
ഇറയ കോലായിലിരുന്നു ഉമ്മൂമ വിളക്കിന്റെ തിരികള്‍ തെറുക്കുകയാണ്.തന്റെ ഞരമ്പ് പിണഞ്ഞ ശോഷിച്ച കാലില്‍ വെച്ചു തെറുത്ത തിരികള്‍ വിളക്കിന്റെ തിരിക്കുഴലിലേക്ക് തിരുകി കയറ്റാന്‍ തിമിരം ബാധിച്ച കണ്ണുകളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.വീട്ടിലാകെയുള്ള മൂന്നു വിളക്കുകളും തുടച്ച് മിനുക്കി ഞാന്‍ മണ്ണെണ്ണയെടുത്ത് സൂക്ഷ്മതയോടെ കുപ്പിത്തട്ടിലൂടെ ഓരോ വിളക്കിലേക്കും ഒഴിക്കാന്‍ തുടങ്ങി.മിന്നല്‍ പിണറും ഇടിമുഴക്കങ്ങളും മാറി മാറി വരുന്നതോടൊപ്പം വീശുന്ന കാറ്റില്‍ കാര്‍മേഘങ്ങളെല്ലാം തന്നെ ദിശ മാറി ദൂരേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നു. ഞാനിത്തിരി ആശ്വാസത്തോടെ പറഞ്ഞു "ഉമ്മൂമാ മഴ നിന്നൂന്നാ തോന്നണെ”.അതു കേട്ട അവര്‍ എന്നെ ഓര്‍മിപ്പിച്ചു.. "മോളെ നാളെ തന്നെ ആ വേട്ടോന്‍ ബാലനോട് വരാന്‍ പറയണം .പെരകെട്ടാന്‍ തുടങ്ങണം .കുറിക്കാരത്തി അയ്സൂനോട് ഇന്റെ കുറി പിടിച്ചു തരാന്‍ പറഞ്ഞിട്ടുണ്ട്."
ചന്നം പിന്നം പെയ്യുന്ന മഴതുള്ളികളെ വകവെക്കാതെ കിണറ്റിന്‍ കരയിലേക്ക് കുടവുമെടുത്ത് നടന്നു..അത്താഴത്തിനുള്ള ചോറു വെക്കണം.ആടുകള്‍ക്കു കാടി കൊടുത്ത് കൂട്ടിനുള്ളില്‍ പ്ളാവില ചില്ലയും ഇട്ടു കൊടുത്തു."കോഴിക്കൂടടച്ചോ മോളെ.."ഉമ്മൂമാടെ ഓര്‍മപെടുത്തല്‍ ..കയ്യും മുഖവും കഴുകി കോലായിലേക്ക് കയറി..
അടുപ്പിന്റെ വിള്ളല്‍ വീണ ചുമരിനു മുകളിലുള്ള ജനലിന്റെ അഴികള്‍ക്കിടയിലൂടെ ഇടക്കിടെ മിന്നല്‍ പിണര്‍ അകത്തേക്കെത്തി നോക്കുന്നുണ്ടായിരുന്നു.ചോറും കൂട്ടാനുമെടുത്ത് വെച്ച് ഞാന്‍ നിസ്കാരപ്പായിലിരിക്കുന്ന ഉമ്മൂമാനെ അത്താഴം കഴിക്കാനായ് വിളിച്ചു.
"ഈ മഴ ഇങ്ങനെ നിക്കണ കാരണം ഒരു പച്ച മീന്‍ കൂട്ടീട്ട് കൊറേ നാളായീ ല്ലെ മോളേ..ന്റെ മെയ്തുണ്ണിണ്ടങ്കി എവടന്നെങ്കിലും; ചേറ്റുവായി പോയിട്ടാണെങ്കിലും ന്തെങ്കിലും കൊണ്ടരേരുന്നു"..വക്കില്‍ നിന്നും വെള്ള നിറം ഇളകിപ്പോയ കവിടി പിഞ്ഞാണത്തിലെ ചോറിലേക്കൊഴിച്ച അരച്ചു കലക്കി കൂട്ടി കുഴച്ച ഉരുളകള്‍ വായില്‍ വെച്ചു കൊണ്ട് ഉമ്മൂമ പരിതപിച്ചു.ഞാനൊന്നും മിണ്ടാതെ മണ്ണെണ്ണ കഴിഞ്ഞതിന്റെ അടയാളമായി കരിന്തിരിക്ക് മുന്‍പായുള്ള വിളക്കിന്റെ തിരിയില്‍ വിടരുന്ന മഞ്ഞ കലര്‍ന്ന ചുവപ്പും നീലയും നാളങ്ങളെ നോക്കിയിരുന്നു
അടുക്കള മുറ്റത്തെ വാഴയുടെ കടയ്ക്കലേക്ക് അത്താഴം കഴിച്ച പാത്രങ്ങള്‍ മോറിയ വെള്ളം എടുത്ത് ഒഴിക്കുമ്പോള്‍ മഴ വീണ്ടും ശക്തി പ്രാപിച്ചിരുന്നു.
ഉമ്മറത്തിരുന്ന വിളക്കെടുക്കാന്‍ വന്നപ്പോള്‍ ദൂരെ പാടങ്ങള്‍ക്കിപ്പുറം മിന്നമിനുങ്ങുകള്‍ മിന്നി മിന്നി പോകുന്നത് കൌതുകത്തോടെ കുറച്ചു നേരം നോക്കി നിന്നു.."മോളെ ശീതലടിക്കണ്ട പുറത്ത് നിന്നിട്ട്" ഉമ്മൂമാടെ താക്കീത്..തിരിഞ്ഞു വിളക്കെടുക്കുമ്പോള്‍ കണ്ടു വിളക്കിന്റെ നാളത്തില്‍ വട്ടമിട്ടിരുന്ന ഈയാം പാറ്റകള്‍ ചിറകെല്ലാം കരിഞ്ഞ് താഴെ പൊലിഞ്ഞു കിടക്കുന്നത്..
പായ വിരിച്ചിട്ട് മുറിയുടെ മൂലയിലിരിക്കുന്ന ഇരുമ്പ് പെട്ടി തുറന്ന് മടക്കി വെച്ചിരുന്ന കമ്പിളി എടുത്ത് ഉമ്മൂമാനെ പുതപ്പിച്ചു..കീറി പോയ ഓലചീന്തിനിടയിലൂടെ മഴത്തുള്ളികള്‍ വീഴുന്നതിനടിയില്‍ ഒരു കുടുക്ക പാത്രം വെച്ച് എന്റെ തഴപ്പായ വിരിച്ചപ്പോഴാണോര്‍ത്തത് നാളെയല്ലെ സമൂഹ്യ പാഠം പരീക്ഷ ..
എനിക്കീയിടെയായി പത്താം തരക്കാരിയാണെന്ന ചിന്ത തീരെ ഇല്ലാതായിരിക്കുന്നു..ഇക്കാക്ക ലാഞ്ചി കയറിയതിനു ശേഷം എന്തോ ഒരു വല്ലായ്മ മനസ്സിന്.ഓര്‍മ വെക്കുന്നതിനു മുന്പെ പോയ വാപ്പച്ചി..പിന്നെ ഒക്കെ ഇക്കാക്കയായിരുന്നു.ഒന്പതാം ക്ലാസ്സില്‍ ഇക്കാക്കാടെ പഠനം മുടങ്ങിയത് മൂപ്പര്‍ക്ക് ഈ ലോകത്താകെയുള്ള എനിക്കും ഉമ്മൂമാക്കും ഉമ്മാക്കും വേണ്ടിയായിരുന്നു.ഉമ്മ ദീനം പിടിച്ച് കിടപ്പിലായപ്പോള്‍ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു.കുഞ്ഞുണ്ണി വൈദ്യരുടെ ചികില്‍സയിലായിരുന്ന ഉമ്മ ഒരിക്കലും ഭേദമാകാത്ത ഒരു മാറാ രോഗത്തിനടിമയാണെന്ന് വൈദ്യര്‍ക്കും ഇക്കാക്കക്കും മാത്രമെ അറിയുന്നുണ്ടായിരുന്നുള്ളൂ..
മൂന്നു കൊല്ലങ്ങള്‍ ഉമ്മാടെ ദീനത്തില്‍ കൊഴിഞ്ഞതറിഞ്ഞില്ല.കബറടക്കം കഴിഞ്ഞ് വന്ന ഇക്കാക്ക എന്നെ കെട്ടി പിടിച്ചു കുറെ നേരം കരഞ്ഞു..ഞാനാകട്ടെ ഒരു മരവിപ്പിലൂടെ വളര്‍ന്നവളായത് കൊണ്ട് ഒരു ദു:ഖവും പുറത്ത് കാണിക്കാതിരിക്കുവാനുള്ള പ്രാപ്തി നേടിയിരുന്നു.
കോയില്‍ വളപ്പിലെ മമ്മാലിക്കയാണ് ഇക്കാക്കാനെ പേര്‍ഷ്യക്ക് പോകുന്നതിനു ഉപദേശിച്ചത്.കൂട്ടുങ്ങലില്‍ നിന്നു അഞ്ചാറാളുകളുമായി പത്തേമാരിയിലാണ് ഇക്കാക്ക പുറപെട്ടത്..രണ്ട് മാസത്തിലേറെയായി ഇതുവരെയും ഒരു വിവരവും വന്നില്ല..ഉള്ളു വിങ്ങുന്നു..എന്തോ ഒരസ്വസ്ഥത ..
മഴയുടെ ആരവത്തിനിടയിലെങ്ങു നിന്നോ റൂഹാനി പക്ഷിയുടെ ആജ്ഞ പോലുള്ള ഭയപ്പെടുത്തുന്ന ഒരു ശബ്ദം.പോവ്വാ പോവ്വാ എന്നു പറയുന്നത് പോലെ തോന്നിച്ചു ആ കരച്ചിലിനു..ഉമ്മൂമ ഭയത്തോടെ പറയുന്നത് കേട്ടു "ന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ ആരെ കൊണ്ട് പോവാനാണീ റൂഹാനിക്കിളി കരേണത്..കാക്കണേ ന്റെ റബ്ബേ".ശക്തമായ കാറ്റില്‍ പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന തെങ്ങില്‍ തൂങ്ങിയാടിയിരുന്ന പട്ടകള്‍ വീഴുന്ന ശബ്ദം കേട്ട് ഉമ്മൂമ പ്രാകുന്നുണ്ടായിരുന്നു .ഞാന്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കണ്ണുമടച്ച് മഴയെ ആസ്വദിക്കാന്‍ തുടങ്ങി .മഴയെ എനിക്കിഷ്ടമാണു..എന്നാല്‍ ഉമ്മൂമ മഴയെ പ്രാകും. പാടത്ത് വെള്ളം കയറിയാല്‍ മുറ്റത്തേക്ക് വരാന്‍ ബുദ്ധിമുട്ടാണെന്നുള്ളത് കൊണ്ട്. പിന്നെയുള്ളത് മെലെപ്പെരക്കാരുടെ പറമ്പിലൂടെയുള്ള വളഞ്ഞു തിരിഞ്ഞുള്ള വഴികളാണ്..പോരാത്തതിനു ആ മാസങ്ങളില്‍ കല്യാണങ്ങളൊക്കെ കുറവായതിനാല്‍ പലഹാര പണിക്ക് ഉമ്മൂമാനെ ആരും വിളിക്കാറുമില്ല.പിന്നെ വല്ല ഗര്‍ഭിണികളെ കാണാന്‍ പോകുന്ന ചടങ്ങിലേക്കായ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ആരെങ്കിലും വന്നു വിളിക്കണം.ഒരു പശുവും അഞ്ച് ആടുകളും കുറച്ച് കോഴികളും ഉള്ളത് കൊണ്ട് വലിയ അല്ലലില്ലാതെ ഇക്കാക്ക പോയതിനു ശേഷവും വീട്ടു കാര്യങ്ങള്‍ നടക്കുന്നു.ചിന്തകള്‍ കാടു കയറുന്നതോടൊപ്പം ഉറക്കവും കണ്ണിമകളെ തഴുകി.
നല്ല രീതിയില്‍ തന്നെ പെയ്ത രാത്രി മഴയില്‍ ഇറയമൊക്കെ ചോര്‍ന്നു പോയിരുന്നു.ഉമ്മൂമാക്കുള്ള കഞ്ഞി പിഞ്ഞാണത്തിലേക്ക് വിളമ്പി വെച്ച് കനോലി പുഴയിലേക്ക് എണ്ണയും സോപ്പുമെടുത്തോടി..
കിഴക്ക് സൂര്യന്‍ മഴമേഘങ്ങള്‍ക്കിടയിലൂടെ തലപൊക്കാന്‍ നടത്തുന്ന ശ്രമങ്ങളൊക്കെയും വടക്ക് പടിഞ്ഞാറ് നിന്ന് പാഞ്ഞ് വരുന്ന കാര്‍മേഘങ്ങളില്‍ മുങ്ങി പോയിരുന്നു.
പൌഡര്‍ റ്റിന്നില്‍ നിന്നും കൊട്ടി കൊട്ടി വീഴ്ത്തിയ പൌഡര്‍ മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കി.പുസ്തകകെട്ടും മാറോടടുക്കി ചോറ്റുപാത്രവും കയ്യിലെടുത്ത് ഇടവഴിയിലേക്കിറങ്ങുമ്പോള്‍ ഉമ്മൂമ ഓടി വന്നു. കമ്പി വിട്ട് പോന്ന കുടയുമായി..ഇതായിട്ട് പോ മോളെ..മഴ പെയ്യും നല്ല കാറു വെച്ചിട്ടുള്ളതാ തുലാവര്‍ഷാണു..
അവരുടെ കയ്യില്‍ നിന്നും കുട വാങ്ങി തട്ടം ശരിയാക്കി തലയും കുമ്പിട്ട് നടക്കുമ്പോള്‍ ഇക്കാക്ക പേര്‍ഷ്യക്കു പുറപ്പെടുന്നതിനു മുന്പു എന്റെ കയ്യില്‍ പിടിച്ച് പറഞ്ഞ കാര്യങ്ങല്‍ ഓര്‍മ വന്നു.സുബു മോളെ നീയൊരു പേരു ദോഷവും നമുക്കുണ്ടാക്കരുത്. നമ്മുടെ പെര ഓടിടാനും.ന്റെ മോളെ കെട്ടിക്കാനുള്ളതും ആയിട്ടെ ഇക്കാക്ക വരൂ..നീയെ ഉള്ളൂ നമ്മുടെ ഉമ്മൂമാക്ക്..
സുബു ഒന്നു നിന്നെഡീ...പിന്നില്‍ നിന്നും നീട്ടിയ വിളി കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു.കരിക്കച്ചവടക്കാരന്‍ മൂസക്കാടെ മോളും തന്റെ സഹപാഠിയുമായ ജമീല. അവള്‍ പുലമ്പുന്നു .ഒഹ് ഈ പെണ്ണിന്റെ ഒരു പോക്കു ..ഞാനെത്ര നേരായി വിളിച്ചു കൂവൂന്നു..അതെ നീയാ പാനിപത്ത് യുദ്ധം പഠിച്ചൊ..?ഊം ഞാനൊന്നു മൂളി..തുലാവര്‍ഷം പുറത്തും അകത്തും പെയ്യുമ്പോള്‍ യുദ്ധങ്ങളും നവോത്ഥാനവുമൊക്കെ പഠിച്ചില്ലെങ്കില്‍ പിന്നെന്ത്... ഒരു പുച്ഛത്തോടെ ഞാന്‍ ചിരിച്ചു.
പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ ആശ്വസമായി..കുഴപ്പമില്ലാതെ തന്നെ എല്ലാം എഴുതാന്‍ പറ്റി..സ്കൂളിന്റെ മുറ്റം മുഴുവന്‍ മഴ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ മനസ്സു വീണ്ടും ഉമ്മൂമാടെ അടുത്തെത്തി.ബാലന്‍ പുരകെട്ടാന്‍ എത്തിയൊ ആവോ..സധാരണ മേട മാസമാവുമ്പോഴെക്കും പുരമേയാറുള്ളതാണ്.ഇക്കാക്കാടെ പേര്‍ഷ്യ പോക്കിനു കാശ് കുറേ ചിലവായത് കൊണ്ടതങ്ങനെ നീണ്ടു പോയി..എനിക്കു പൊന്നു വാങ്ങാന്‍ വേണ്ടി ഒരുകൂട്ടി വെക്കുന്നതാണു ഈ കുറിക്കാശ്..അതെടുത്താണു ഇപ്പോള്‍ പുര മേയാമെന്നു വെച്ചത്..ഇക്കാക്ക പേര്‍ഷ്യക്കാരനായാല്‍ പിന്നെ എല്ലാത്തിനും ഒരു സമാധാനമായല്ലൊ..പിന്നെ ഉമ്മൂമാനെ പലഹാര പണിക്ക് വിടില്ല..വീട്ടിലെ കാര്യങ്ങള്‍ മാത്രം നോക്കി ഇരിക്കട്ടെ ആ സാധു..
ചിന്തയില്‍ നിന്നുണര്‍ന്നത് തലയ്ക്കു മീതെ കേട്ട ഇടി മുഴക്കത്തോടെയായിരുന്നു. തുലാവര്‍ഷം ഉച്ചസ്ഥായിയിലായിരിക്കുന്നു..ശക്തിയില്‍ വീശുന്ന കാറ്റില്‍ കുട വീണ്ടും വളഞ്ഞ് തുടങ്ങി..ഇടവഴിയിലേക്കു കയറൂമ്പോള്‍ തന്നെ കണ്ട് ഒരാള്‍ കൂട്ടം ..പുര മേയുന്നത് കാണാന്‍ ഇത്രയും ആളുകളോ..പടിക്കലെത്തും തോറും അയല്പക്കത്തുള്ളവരെല്ലാം വെപ്രാളപെട്ട് വീടിന്റെ മുറ്റത്തേക്ക് കയറുന്നത് കണ്ടു.പടച്ചോനെ ന്റെ ഉമ്മൂമാക്കെന്തെങ്കിലും പറ്റിയോ..മിടിക്കുന്ന മനസ്സോടെ വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ കണ്ടു ഉമ്മൂമ ബോധമില്ലതെ കിടക്കുന്നു..ഖദീജത്തയും ദേവകിചേച്ചിയും വീശി കൊടുക്കുന്നുണ്ട്..
എന്നെ കണ്ടതും അവരുടെയൊക്കെ കണ്ണുകളില്‍ വിഷമമോ സഹതാപമോ ഒക്കെ കലര്‍ന്ന നോട്ടങ്ങള്‍ ..ഞാനോടി ചെന്നു ഉമ്മൂമാനെ വിളിച്ചു..ഉമ്മൂമ കണ്ണു തുറന്നു എന്നെ നോക്കി വാവിട്ട് കരയാന്‍ തുടങ്ങി. എന്താ ഉമ്മൂമ എനിക്കൊന്നും മനസ്സിലാവണില്ലല്ലോ.. എന്റെ ചോദ്യം ആവര്‍ത്തിക്കുന്നതിനിടയില്‍ ഉമ്മൂമ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു "മോളെ നമ്മളെ ഒറ്റക്കാക്കി മെയ്തുണ്ണി പോയല്ലോടി".പ്രതികരണ ശേഷിയില്ലാതായ എന്റെ കണ്ണിലപ്പോള്‍ ഇരുണ്ട രാത്രി കനത്ത് തൂങ്ങിയിരുന്നു.ഇതു കേട്ട് നിന്ന ചുറ്റിലുമുള്ള പെണ്ണുങ്ങളുടെ നിലവിളി കാതങ്ങള്‍ക്കപ്പുറത്തെന്ന പോലെ തോന്നി എനിക്ക്..
വടക്കിനി കോലായില്‍ കാല്‍ മുട്ടുകളില്‍ മുഖമമര്‍ത്തി നിര്‍വികാരതയോടെ ഇരുന്നു.പുറത്തപ്പോള്‍ പെയ്യുന്ന മഴയ്ക്കു രൌദ്രഭാവം വന്നിരിക്കുന്നു..കാറ്റില്‍ കട പുഴകി വീണു കിടന്നിരുന്നു അടുക്കള മുറ്റത്ത് നിന്നിരുന്ന കുലയോടെയുള്ള വാഴ. ആര്‍ത്തലക്കുന്ന മഴയ്ക്കൊപ്പം മുഴങ്ങുന്ന ഇടിയുടെ ശബ്ദം കേട്ട് പേടിച്ചരണ്ട ആടുകള്‍ കൂട്ടത്തോടെ കൂട്ടിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും കരഞ്ഞു കൊണ്ട് ചാടാന്‍ തുടങ്ങി.കുത്തിയൊലിച്ച് കൊണ്ടൊഴുകുന്ന മഴ വെള്ളം തോട്ടിലേക്കു ഭ്രാന്തമായൊരാവേശത്തോടെ ചെന്നു പതിച്ചു.
അപ്പോളാരോ പറയുന്നത് കേട്ടു "പത്തേമാരിയിലെ യാത്രയല്ലെ ഒന്നും പറയാന്‍ പറ്റില്ല എത്തിപെട്ടാല്‍ പെട്ടു അത്ര തന്നെ.കാറ്റിലും കോളിലുമൊക്കെ പെടാതെ അങ്ങട്ടെത്തിയാല്‍ തന്നെ നീന്തി കരയ്ക്കെത്തുമ്പൊഴെക്കും ഒരു പക്ഷെ പകുതി ജീവന്‍ പോയിട്ടുണ്ടാകും ..ഇതിപ്പൊ എന്താണാവൊ പറ്റീത്..കമ്പി വന്നതാ മമ്മാലിക്കാക്ക് "..
കറുത്തിരുണ്ട മാനത്തിനും വിങ്ങി പൊട്ടുന്ന ഭൂമിക്കുമിടയിലെ മഴനൂലുകള്‍ എവിടേയെങ്കിലും ഒരു അത്താണി കിട്ടിയെങ്കിലെന്ന് ആശിച്ച് കാറ്റിലുലയുന്നു.അപ്പോഴും ആ റൂഹാനിക്കിളിയുടെ നേര്‍ത്ത രോദനം അവിടെയൊക്കെ അലയടിക്കുന്നതായി തോന്നി.പാഞ്ഞു പോകുന്ന മഴവെള്ളത്തെ നോക്കി നിര്‍വികാരതയോടെ ഇരിക്കുമ്പോഴും മനസ്സില്‍ ഇക്കാക്കാടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളുടെ തിളക്കവും വാഗ്ദാനങ്ങളുമായിരുന്നു..
Sunday, 18 September 2011
Thursday, 15 September 2011
Monday, 5 September 2011
ആവണിയോര്‍മയില്‍
ആവണിയുടെ ആഗമനം വിളിച്ചോതി മുറ്റം നിറയെ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും ഓണപ്പൂവും വെളുക്കെ ചിരിച്ച് കൊണ്ട് വിടര്‍ന്നിരിക്കുന്നു.തൂക്കനാം കുരുവികള്‍ പൂവേ പൊലിയെന്നു പാടി കൊണ്ട് മുറ്റം മുഴുവന്‍ തത്തിക്കളിക്കുന്നു.ഓണതുമ്പികള്‍ അരളിപൂക്കളിലും ശംഖ്പുഷ്പത്തിന്റെ നെറുകയിലും ചെന്ന് കിന്നാരമോതുന്നു..ചിങ്ങപ്പുലരി കൂടുതല്‍ പ്രഭയോടെ കിഴക്കിന്‍ കരിമ്പടത്തിനുള്ളില്‍ നിന്നും നീല വാനത്തിലെ വെണ്‍ മേഘങ്ങള്‍ക്കൊപ്പം യാത്രയാരംഭിച്ചു.ഒരു പാട് വര്‍ഷങ്ങള്‍ക്കപ്പുറത്തെ പൊന്നോണത്തെ വെറുമൊരുല്‍സവമായിട്ടല്ല ഞങ്ങള്‍ കണ്ടിരുന്നത്..സന്തോഷത്തിന്റേയും ,സാഹോദര്യത്തിന്റേയും ,ഐശ്വര്യത്തിന്റേയും സത്യത്തിന്റേയും സന്ദേശമറിയിച്ചെത്തുന്ന ഒരവധൂതന്റെ സന്ദര്‍ശനത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്ന നിഷ്കളങ്ക ചിന്തയോടെയായിരുന്നു.
ഓണക്കാലത്തെ വരവേല്‍ക്കുന്നത് ഞങ്ങള്‍ കുട്ടികള്‍ ഓണപ്പരീക്ഷക്കൊപ്പവും മുതിര്‍ന്നവര്‍ ഓരോ വിളവെടുക്കുന്നതിലും കൂടെയായിരുന്നു..ഇന്നത്തെ പോലെ അന്നു മാവേലി സ്റ്റോറുകളോ ബിഗ്ബസാറുകളോ ഓണക്കാലക്കിഴിവുകളോ ഇല്ല..അതിന്റെ ആവശ്യകതയും ഇല്ലായിരുന്നു.എല്ലാവരിലും ക്ഷേമം നല്‍കി കൊണ്ട് തന്നെയാണു ഓരോ ഓണവും പിറക്കുന്നത്.പിന്നെ ആര്‍ഭാഡങ്ങളിലോ അനാവശ്യചിലവുകളിലോ വരുമാനത്തെ ദുര്‍വ്യയം ചെയ്യാതെ തികച്ചും സന്തോഷവും ആമോദവും മാത്രം പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരാഘോഷം ..ജാതി മത വംശ വര്‍ണ ഭേദമില്ലാതെ സമത്വത്തിന്റെ ഏഴു നിറങ്ങളും പൊലിപ്പിക്കുന്ന ഒരുല്‍സവം .
ഓണപ്പരീക്ഷക്ക് ശേഷം സ്കൂളുകള്‍ പത്ത് ദിവസത്തെ അവധിക്ക് അടച്ചിടും .അത്തം പിറക്കുന്നതോടെ പൂവട്ടികളുമായി ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാനായ് നേരം പുലരുന്നതും കാത്തിരിക്കുന്നു.കുഞ്ഞു വട്ടികള്‍ കൈത്തണ്ടയില്‍ കോര്‍ത്ത് കന്നാലി പറമ്പിലും കര്‍പ്പുട്ടിയുടെ തൊടിയിലും ഞങ്ങളൂടെ കുഞ്ഞു കണ്ണുകള്‍ കാക്കപ്പൂവും കാശിതുമ്പയും വെള്ള തുമ്പയും മുക്കുറ്റിയും തേടിയലയും .മഞ്ഞ നിറത്തിലുള്ള ഓണതുമ്പികള്‍ കൂട്ടത്തോടെ പാറി പറക്കുന്നത് മനോഹരമായ ഒരു ഓണക്കാഴ്ച്ച തന്നെയാണ്..അയല്‍പ്പക്കത്തെ ശങ്കരന്‍ മാസ്റ്ററുടെ വീട്ടിലെ രമ,ഷീജ.ബിന്ദു എന്നിവരും .മൂസക്കാടെ മകള്‍ ഖദീജയും സോപ്പുകാരുടെ വീട്ടിലെ ബല്‍ക്കീസും ഞാനും എന്റെ അനിയത്തി ഷഫിയും കാരയിലെ ഷീല,കര്‍പുട്ടിയുടെ മകള്‍ അജിത,ജോണേട്ടന്റെ മകള്‍ റോസ്മേരി അങ്ങനെ ഒരു പറ്റം കൂട്ടുകാരായ ഞങ്ങളെല്ലാം ചേര്‍ന്ന് ശേഖരിച്ച പൂക്കള്‍ കൊണ്ടു വന്നു ഓരോരോ വീടുകളില്‍ അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ നടുവില്‍ കളിമണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരപ്പനെ വെച്ച് ചുറ്റിലും പൂക്കള്‍ കൊണ്ട്ട് മനോഹരങ്ങളായ പൂക്കളം ഒരുക്കുന്നു.
തെച്ചിയും അശോകപ്പൂക്കളും അടങ്ങിയ പൂക്കളത്തിനു നടുവില്‍ അമ്പത്തെ പാടത്തെ വെള്ളക്കെട്ടില്‍ വിരിഞ്ഞ് നില്‍ക്കുന്ന വെള്ളാമ്പലുകള്‍ പറിച്ചു കൊണ്ട് വന്നു വെക്കും. അതു ഞങ്ങളുടെ പൂക്കളത്തെ പരിശുദ്ധമാക്കുന്നു...തിരുവോണ ദിവസം എന്റെ വീട്ടിലും സദ്യയൊരുക്കും .സാമ്പാര്‍ , പുളിയൊഴിച്ച് വേവിച്ച കഷ്ണങ്ങളില്‍ തേങ്ങയും പച്ചമുളകും ചതച്ച് ചേര്‍ ത്ത് വെളിച്ചെണ്ണയും കറി വേപ്പിലയും ഇട്ടുണ്ടാക്കുന്ന അവിയല്‍ ,ലേശം മധുരത്തിന്റെ മേമ്പൊടിയോടെയുണ്ടാക്കുന്ന പുളിഞ്ചി,ഇളവനും ചേനയും നേന്ത്രക്കായും ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് കട്ടത്തൈരില്‍ തേങ്ങയും കുരുമുളകും ചേര്‍ത്തരച്ചുണ്ടാക്കുന്ന കുറുക്ക് കാളന്‍ ,വമ്പയറും ഇളവനും തേങ്ങാപ്പലില്‍ വേവിച്ചുണ്ടാക്കുന്ന ഓലന്‍ .മാമ്പഴം കിട്ടുന്നുവെങ്കില്‍ മാമ്പഴപുളിശ്ശേരി അല്ലെങ്കില്‍ കൈതച്ചക്ക പുളിശ്ശേരി,തേങ്ങ നല്ല പോലെ വെളിച്ചെണ്ണയില്‍ വറുത്ത് കടുകിട്ട് മൂപ്പിച്ച എരിശ്ശേരി,തൈരില്‍ പച്ചമുളകും കടുകും തേങ്ങയും ചേര്‍ത്തരച്ച് പൊടിയായി അരിഞ്ഞ വെള്ളരി പച്ചടി,എല്ലാ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടു കറി.ചെറിയ ഉള്ളികൊണ്ടുണ്ടാകുന്ന തീയല്‍, തോരന്‍ ഉപ്പേരികള്‍ ഇങ്ങനെ പോകുന്നു സദ്യയുടെ രുചി ഭേദങ്ങള്‍ . .പാലടയും പരിപ്പ് പ്രഥമനും നാക്കിലയില്‍ ഒഴിച്ച് ചെറുപഴത്തിന്റേയും പപ്പടത്തിന്റേയും അകമ്പടിയോടെ കൂട്ടിക്കുഴച്ച് ഇടക്കൊക്കെ ലേശം പുളിഞ്ചി തൊട്ട് നാവില്‍ വെച്ച് സദ്യ മുഴുമിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ.
തെച്ചിയും അശോകപ്പൂക്കളും അടങ്ങിയ പൂക്കളത്തിനു നടുവില്‍ അമ്പത്തെ പാടത്തെ വെള്ളക്കെട്ടില്‍ വിരിഞ്ഞ് നില്‍ക്കുന്ന വെള്ളാമ്പലുകള്‍ പറിച്ചു കൊണ്ട് വന്നു വെക്കും. അതു ഞങ്ങളുടെ പൂക്കളത്തെ പരിശുദ്ധമാക്കുന്നു...തിരുവോണ ദിവസം എന്റെ വീട്ടിലും സദ്യയൊരുക്കും .സാമ്പാര്‍ , പുളിയൊഴിച്ച് വേവിച്ച കഷ്ണങ്ങളില്‍ തേങ്ങയും പച്ചമുളകും ചതച്ച് ചേര്‍ ത്ത് വെളിച്ചെണ്ണയും കറി വേപ്പിലയും ഇട്ടുണ്ടാക്കുന്ന അവിയല്‍ ,ലേശം മധുരത്തിന്റെ മേമ്പൊടിയോടെയുണ്ടാക്കുന്ന പുളിഞ്ചി,ഇളവനും ചേനയും നേന്ത്രക്കായും ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് കട്ടത്തൈരില്‍ തേങ്ങയും കുരുമുളകും ചേര്‍ത്തരച്ചുണ്ടാക്കുന്ന കുറുക്ക് കാളന്‍ ,വമ്പയറും ഇളവനും തേങ്ങാപ്പലില്‍ വേവിച്ചുണ്ടാക്കുന്ന ഓലന്‍ .മാമ്പഴം കിട്ടുന്നുവെങ്കില്‍ മാമ്പഴപുളിശ്ശേരി അല്ലെങ്കില്‍ കൈതച്ചക്ക പുളിശ്ശേരി,തേങ്ങ നല്ല പോലെ വെളിച്ചെണ്ണയില്‍ വറുത്ത് കടുകിട്ട് മൂപ്പിച്ച എരിശ്ശേരി,തൈരില്‍ പച്ചമുളകും കടുകും തേങ്ങയും ചേര്‍ത്തരച്ച് പൊടിയായി അരിഞ്ഞ വെള്ളരി പച്ചടി,എല്ലാ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടു കറി.ചെറിയ ഉള്ളികൊണ്ടുണ്ടാകുന്ന തീയല്‍, തോരന്‍ ഉപ്പേരികള്‍ ഇങ്ങനെ പോകുന്നു സദ്യയുടെ രുചി ഭേദങ്ങള്‍ . .പാലടയും പരിപ്പ് പ്രഥമനും നാക്കിലയില്‍ ഒഴിച്ച് ചെറുപഴത്തിന്റേയും പപ്പടത്തിന്റേയും അകമ്പടിയോടെ കൂട്ടിക്കുഴച്ച് ഇടക്കൊക്കെ ലേശം പുളിഞ്ചി തൊട്ട് നാവില്‍ വെച്ച് സദ്യ മുഴുമിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ.
മുറ്റത്തെ ഗോമാവിലിട്ട ഊഞ്ഞാലില്‍ ആടാന്‍ ഞങ്ങളെല്ലാവരും മല്‍സരിക്കും .അവസാനം മുതിര്‍ന്നവര്‍ മേഡാസ് കളിയില്‍ ജയിക്കുന്നവര്‍ ക്ക് പരിഗണന നല്‍കും .പിന്നെ ഊഞ്ഞാലിലിരിക്കുന്ന ആളെ പിന്നില്‍ നിന്നൊരാള്‍ വെത്തിലക്കെട്ടെന്ന് പറഞ്ഞു ആഴത്തിലാട്ടും .വയറിനകത്ത് നിന്നും നെഞ്ച്ച് വഴി കണ്ണിലൂടെ ഭയം ഒരു മിന്നല്‍ പിണറിന്റെ വേഗത്തില്‍ മിന്നി മായും .ഇതിനിടയില്‍ തിരുവോണ ദിനത്തില്‍ അയല്‍ പ്പക്കത്തെ സ്ത്രീകള്‍ അവരുടെ രീതിയില്‍ കൈകൊട്ടിക്കളിയും കുമ്മിയടിച്ച് കളിയും നടത്തുമ്പോള്‍ പുരുഷന്‍മാരില്‍ ചുറുചുറുക്കുള്ളവര്‍ വടം വലിയും തലപ്പന്തു കളിയും കബഡിയും നാടന്‍ ശീലുകള്‍ക്കൊപ്പം കോലടിച്ച് കൊണ്ടുള്ള കോല്‍ക്കളിയും ആയി ആഘോഷത്തെ അവിസ്മരണീയമാക്കും .
ജാതിമതഭേദമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഈ ഒരുല്‍സവത്തെ അതിന്റെ പ്രൌഢിയോടേയും അന്തസ്സോടേയും കൊണ്ടാടാന്‍ ഞങ്ങളൂടെ നാട്ടില്‍ എല്ലാവരും ശ്രമിക്കാറുണ്ട്.മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യത്തേയും ,സമത്വത്തേയും ,സന്തോഷത്തേയും ഭരണത്തിന്റെ അടിത്തറയായി കണ്ടിരുന്ന ഒരു മഹാമനസ്കന്റെ ഓര്‍മക്കായ് ഒരു ദേശത്തെ ജനങ്ങളെല്ലാം ഒരു പോലെ കൊണ്ടാടുന്ന ഒരാഘോഷം ..ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും വിളവെടുപ്പുല്‍സവം കൂടിയാണു ഓണം .അന്നു ഞങ്ങളൂടെ ഗ്രാമത്തിലെ ഓലകൊണ്ടുണ്ടാക്കിയ സിനിമാ ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന ഓണച്ചിത്രങ്ങള്‍ കാണാന്‍ എല്ലാവരും ഉല്‍സാഹത്തോടെ സലീന ടാക്കീസിനു മുന്നില്‍ തടിച്ച് കൂടും .കടല്‍ കാണാന്‍ പോകുന്നവരും ഏറേ..വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസികളുടെ മാസങ്ങളോളം നീളുന്ന അവധിദിന ഓണാഘോഷങ്ങള്‍ എന്നെ പോലെ പലരേയും ആ പച്ച പുതച്ച പ്രദേശത്തെ ആഘോഷങ്ങളിലേക്ക് ഒന്നു കൂടെ എത്തി നോക്കാന്‍ പ്രേരിപ്പിക്കും .ഗൃഹാതുരത്വത്തിന്റെ വിങ്ങുന്ന കനലുകളില്‍ വീഴുന്ന ഉമിയെ പോലെ ഈ ഓര്‍മകള്‍ ;ഉള്ളില്‍ ആളാനാഗ്രഹിക്കുന്ന മധുര സ്മരണകളിലേക്ക് ഊര്‍ജമായ്. ഓരോ ആഘോഷങ്ങളും വര്‍ഷം തോറും വന്നു പോകുന്നു.വീണ്ടും വീണ്ടും കാത്തിരിപ്പിന്റെ നീളുന്ന വീഥികളില്‍ കണ്ണും നട്ട് അടുത്ത ആഘോഷത്തേയും ഉല്‍സവത്തേയും പ്രതീക്ഷിച്ച് .എന്റെ ഓണസ്മരണകള്‍ ഞാനയവിറക്കട്ടെ.....
Friday, 2 September 2011
Subscribe to:
Posts (Atom)