വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..
എവിടെയോ ഒരു ചിത്രകാരന് തന്റെ
രക്തത്തില്‍ മുക്കി ഒരു വസന്തം വരയുന്നുണ്ട്
കഥകള്‍ കേള്‍ക്കാന്‍ ചെറിമരങ്ങള്‍
വിസമ്മതിച്ച ഒരു വസന്ത കാലത്തെ ..
അവന് തന്റെ പ്രണയ സങ്കല്പങ്ങള്
ഏതോ യുദ്ധ കെടുതികള്‍ക്കിടയില്‍
കബറടക്കിയിരിക്കിരിക്കുന്നു .
സ്നേഹമില്ലാത്ത സ്പന്ദനങ്ങളില്‍ ഹൃദയം നഷ്ടപ്പെട്ട
കരുണയില്ലാത്ത കണ്ണുകളിലെ കാഴ്ച മറഞ്ഞ
സാന്ത്വനം മറന്ന കരങ്ങളുടെ സ്പര്ശനത്തില്
പൊള്ളി കരിഞ്ഞു പോയ പ്രണയത്തെ
അതിജീവനത്തിന്റെ വിലപേശലുകള്‍ക്കിടയില്‍
അവനത് കബറടക്കിയിരിക്കുന്നു.
അടച്ചിട്ട കൂടുകളില്‍ മെയ്യോടുമെയ് ചേര്‍ത്ത്
അന്ത്യശ്വാസം വലിക്കുന്നു വര്‍ണ്ണങ്ങള്‍ വാരി പൂശിയ
പ്രണയക്കിളികള്‍ .
അകലെ പീരങ്കികള്‍ ഉതിര്‍ക്കുന്ന തീജ്വാലകളില്‍
കരിയുന്ന ചിറകുകള്‍ക്കടിയിലെ
മിടിക്കുന്ന ഹൃദയത്തെ കൊക്കില്‍ കുരുക്കാന്‍
വെമ്പുന്ന പ്രണയക്കിളികള്‍ .
യുദ്ധങ്ങളെ കുറിച്ച് മാത്രമിപ്പോള്‍ പാടുന്ന
കാനറി പക്ഷികള്‍ പ്രണയ രാഗങ്ങള്‍
മറന്നിരിക്കുന്നു .
ചുണ്ടില്‍ കൊരുക്കാന്‍ ഒലിവില തിരയുന്ന
അരിപ്രാവുകള്‍ക്ക് സമാധാനത്തിന്റെ
ദിശ തെറ്റിയിരിക്കുന്നു.
ഈന്തപ്പനകളില് ചേക്കേറിയ
സിഡാര്‍ പക്ഷികള്‍ പുറന്തോട് പൊട്ടിച്ചു
പുറത്തു വരാന്‍ വിസമ്മതിക്കുന്ന
കുഞ്ഞുങ്ങള്‍ക്ക് മേലെ അടയിരിക്കുന്നു.
കളിമണ്ണ് പുതഞ്ഞ പാതയോരങ്ങളില്‍
പൂത്തുലഞ്ഞു നില്ക്കുന്നു
പിളര്‍ന്ന ഹൃദയത്തിന്റെ ആകൃതിയുള്ള പൂക്കള്‍ ...
വസന്തത്തില്‍ തളിര്‍ക്കാന്‍ മറന്നുപോയ
കൊടും വേനലില്‍ പൂത്തുലഞ്ഞ പൂക്കളാണത്രെ അത് .
ചിത്രകാരന് വരയ്ക്കുകയാണ്
രക്തത്തില്‍ മുക്കിയ തൂലികകൊണ്ട് ..
കഥ പറയുന്ന വസന്തങ്ങളെ
കിളികള്‍ പാടുന്ന വസന്തങ്ങളെ
സമാധാനത്തിന്റെ ഒലിവിലകള്‍
തളിര്‍ക്കുന്ന വസന്തങ്ങളെ ...

നൊമ്പരക്കനവുകള്‍
===================
പകല്‍ മാഞ്ഞതും അവസാനത്തെയാ
സാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.
കത്തിയമര്‍ന്ന ചില്ല തിരഞ്ഞമ്മക്കിളിയുടെ
തേങ്ങലൊരു നന്തുണി നാദമായലയവേ
പതിയെ മിടിക്കുന്നൊരാ നെഞ്ചിലേക്കാഴ്ന്നിറങ്ങി
മാതൃദുഃഖത്തിന്‍ മൂര്‍ച്ചയേറും വജ്രമുനകള്‍
രാവില്‍ നിന്നിറ്റ് വീഴും പാല്‍നിലാവ്
പഞ്ചാരമണലിലൊഴുകി പരക്കുമ്പോള്‍
ചുരന്നു കുതിരുന്നുണ്ടവളുടെ പാല്‍പല്ലിന്‍
ക്ഷതമേറ്റ അമ്മിഞ്ഞക്കണ്ണുകള്‍.
പിടിതരാതെ പതിയിരുന്നക്കങ്ങളെണ്ണും
കാണാമറയത്തിരിക്കുമുണ്ണിയെ തിരയാനായ്
സ്മരണകളുറങ്ങും ഇടനാഴിയിരുളിലവള്‍
ദിശയറിയാതെ പകച്ചു നിന്നു മൂകം
ഒരു മാത്ര അമ്മേയെന്ന വിളിക്കായ് വെമ്പിയ നേരം
ഓര്‍മ്മകളടക്കം ചെയ്ത മച്ചകത്ത് നിന്നും
ചിതറി വീണു മനതാരിലുരുവിട്ട
മനഃപ്പാഠമാക്കിയ പാല് കൊഞ്ചലിന്നീരടികള്‍
അമ്മക്കിനാവിന്‍ വര്ണ്ണത്താളുകളില്
പിഞ്ചു വിരലിനാല്‍ കോറി വെച്ചോരാദ്യാക്ഷരം
വാടി നീര്‍വറ്റിയ മഷിത്തണ്ടിനാലാരോ മായ്ക്കുന്നു
കാലമത് വീണ്ടുമെഴുതുമെന്ന നിനവില്‍ .
ആരുമിനി വിതയ്ക്കാനില്ലെന്നറിഞ്ഞും
പെയ്യാനില്ലൊരു പെരുമഴക്കാലമെന്നറിഞ്ഞും
മണ്ണിന് ഗര്‍ഭത്തില്‍ മുളപൊട്ടും വിത്തിനെ
മുലയൂട്ടാന്‍ കൊതിക്കുന്നുണ്ടൊരു ഗ്രീഷ്മമത്രേ .
എന്നോ നിലച്ചൊരു താരാട്ടിന്നീണം
ശ്രുതിയിടറി അവരോഹണം മൂളവേ
വഴിതെറ്റി വന്നൊരാ ഇലകൊഴിയും കാലം
ഋതുഭേദ കല്പ്പനക്കായ് കാതോര്‍ത്തിരിക്കുന്നു.
പ്രണയനിര്‍വ്വചനങ്ങള്‍ :-

ഒരു പ്രണയം എത്ര വേഗമാണ്
പറയപ്പെടുന്നത്?
സങ്കോചം കൂടാതെ
മുഖവുരയില്ലാതെ ...
പരിസരമറിയാതെ...
അവര്‍ക്കിടയിലെ അപരിചിതത്വം
കോടമഞ്ഞു പോലെയെങ്കിലും
മൊഴിയാന്‍ ഭാഷകളില്ലെങ്കിലും
ദേശമോ കാലമോ രൂപമോ നോക്കാതെ...
ആലിപ്പഴങ്ങള്‍ പൊഴിയും പോലെയത് ...
അധരങ്ങളില്‍ നനവ് പടര്‍ത്തി ..
കണ്ണില്‍ നക്ഷത്രങ്ങളെ കത്തിച്ചു ..
കവിളുകളെ ശോണിമയുള്ളതാക്കുന്നു.
ഒരു പ്രണയം എത്ര വേഗമാണ്
പരസ്പ്പരമൊന്നാകുന്നത്?
മേഘങ്ങള്‍ നിതാന്ത നീലിമയില്‍
അലിയുന്ന പോലെ
മഴനൂലിഴകള്‍ മണ്ണിന് ഞൊറികളില്
നിറഞ്ഞു തുളുമ്പുന്ന പോലെ...
വെയില് നാളങ്ങള്‍ ഇലകളില്‍
ചുംബിച്ചുലക്കുന്ന പോലെ...
കാറ്റിന്റെ തലോടലില്‍ ഓളങ്ങള്‍
പിടയ്ക്കുന്ന പോലെയത് ...
ചിന്തകളില്‍ അഗ്നി കുടഞ്ഞ് ..
ശ്വാസതാളത്തില്‍ മഞ്ഞുതിര്‍ത്ത് ..
മനസ്സിനെയെവിടെയോ മേയാന്‍ വിടുന്നു.
ഒരു പ്രണയം എത്ര വേഗമാണ്
അംഗീകരിക്കപ്പെടുന്നത്?
പകലിനെ ഇരുളണയ്ക്കും പോലെ..
കൊക്കൂണുകള്‍ക്ക് ചിറക് മുളയ്ക്കും പോലെ..
കരിമ്പാറകളില്‍ മുള്‍ച്ചെടിയള്ളിപ്പിടിയ്ക്കും പോലെ...
ചിപ്പിക്കുള്ളിലെ മുത്തു പോലെയത്
ഉടലിനെ വരിഞ്ഞ് ..
കരളിനെ പിളര്‍ന്നു ..
ആത്മാവിലെക്കാഴ്ന്നിറങ്ങുന്നു.
ഒരു പ്രണയം എത്ര വേഗമാണ്
മറന്നു പോകുന്നത് ?
അടര്‍ന്നുവീണ ഇലകള്‍ പോലെ...
പറന്നകന്ന പക്ഷിയെ പോലെ ...
പെയ്തു തോര്‍ന്ന രാമഴ പോലെ ...
കത്തിയമര്‍ന്ന തിരികള്‍ പോലെയത് .
ഇമകളെയടച്ച് ..ചൊടികളെ തുറന്ന് ..
കൈകാലുകളെ ബന്ധിച്ച മരണമായ് മറയുന്നു.
============================================
എരിയുന്ന വേനല്‍ ചിന്തുകള്‍ :-
മഴക്കുഞ്ഞുങ്ങളെ മാറോറടുക്കി നീ വന്നു
വീണത് ഞാനെന്ന വേനല്‍ കുടീരത്തിലാണ്.
കുമിളകള്‍ വിതുമ്പുന്ന മണ്ണിലെവിടെയോ
പൊട്ടിമുളക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന

മലമടക്കിലുരുണ്ട് വീണ കല്ലുകളേന്തി
ഇനിയും മതിവരാത്ത ഉന്മാദത്തിന്റെ
മഴ തരംഗങ്ങളെ കണ്ണില്‍ നിറച്ച്
നീ കൊടുമുടികള്‍ താണ്ടുമ്പോള്‍
ഒരു ഭ്രാന്തന് ചിന്ത മലമുകളില്‍ നിന്നുരുണ്ട്
വീഴുന്നതും കണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ട്
നാറാണത്ത് ഭ്രാന്തന്മാരിവിടെ ..
ഇലമണം ശ്വസിക്കുന്ന മഴത്തുള്ളിയെ
വഴിതെറ്റിക്കാന്‍ തെക്ക് നിന്നുമെത്തുന്നുണ്ടൊരു കാറ്റ്
പതറി തെറിച്ച് വീണ നീര്‍ത്തുള്ളിയിലള്ളി
ഒരു മണല്‍ത്തിട്ടയടര്‍ന്നു വീഴുന്നുണ്ടിവിടെ..
പുഴയൊഴുകാന്‍ മറന്ന വഴിയിലെ കള്ളിച്ചെടികളില്‍
ഊഷരക്കിനാക്കള്‍ പൂത്തുലയുന്നുണ്ട്
വഴിമാറി സഞ്ചരിക്കും മേഘശകലങ്ങളില്‍
വേപഥുവായ് മൌനനൊമ്പരങ്ങള്‍ കൂടോരുക്കുന്നുണ്ട്,
പാഥേയവുമായെത്തുന്നയെന്നെ കാത്ത് നീ
വഴിയമ്പലത്തില്‍ രാവു മുഴുവന്‍ ഉണര്‍ന്നിരിക്കുക
പകലറുതികളില്‍ അടയിരിക്കുന്ന കൊടും വേനല്‍
പെരുമഴക്കാലത്തിനായ് മുറവിളികൂട്ടുന്നതും കേട്ട്
ഇമകളില്‍ ചേക്കേറിയ പാഴ്ക്കിനാക്കള്‍ മയങ്ങട്ടെ .
**********************************************
----------------------------------------------------------
എന്റെ തൃസ്സന്ധ്യകളുടെ ജാലകപ്പടിയിലാണന്നും
അമ്പലപ്രാവുകള്‍ ചേക്കേറിയത്
പ്രണയശൈത്യമുറങ്ങുന്ന മച്ചകത്തപ്പോള്‍
തന്തികള്‍ പൊട്ടിയ തംബുരു
അംഗുലാഗ്രത്തിന്‍ താപത്തെ തേടുന്നുണ്ടായിരുന്നു..
അമ്പലപ്രാവുകള്‍ ചേക്കേറിയത്
പ്രണയശൈത്യമുറങ്ങുന്ന മച്ചകത്തപ്പോള്‍
തന്തികള്‍ പൊട്ടിയ തംബുരു
അംഗുലാഗ്രത്തിന്‍ താപത്തെ തേടുന്നുണ്ടായിരുന്നു..
പെയ്തു തോരാത്ത രാമഴയില്‍
തരളിതയായ ഇലച്ചാര്‍ത്തിന്റെ നിശ്വാസം
പകല്‍ കിനാവിന്റെ ചില്ലയില്‍ തട്ടിയുടയവെ
ഞാന്‍ കേട്ടു പടിയിറങ്ങുന്ന
രാവിന്റെ ചിറകടിയൊച്ച..
എന്റെ ഉഷഃസ്സന്ധ്യകളുടെ ഞാറ്റുപുരയിലാണ്
പൊഴിഞ്ഞ പീലികള്‍ തിരയാനായ് മയിലുകളണഞ്ഞത്;
പക്ഷെ കാക്കപൊന്നു വിളഞ്ഞ മരക്കരുത്തില്‍
അടയിരുന്ന പീലിത്തുണ്ടുകളപ്പോള്‍
ഉച്ചവെയില്‍ കാഞ്ഞ് പെറ്റു പെരുകുകയായിരുന്നു..
അടയിരുന്ന പീലിത്തുണ്ടുകളപ്പോള്‍
ഉച്ചവെയില്‍ കാഞ്ഞ് പെറ്റു പെരുകുകയായിരുന്നു..
വഴിമരങ്ങള്ക്കിടയിലേക്കൂര്ന്
വീണ അപരാഹ്നചിന്തകള്‍
പാതയോരത്ത് തളര്‍ന്നിരുന്ന നിറം മങ്ങിയ
നാളങ്ങളില്‍ വര്‍ണ്ണങ്ങള്‍ വാരിപ്പൂശവെ ,
രാപ്പകലുകളുടെ ആവര്‍ത്തനങ്ങളിലേക്ക്
ചായുന്ന നിഴലുകള്‍ക്ക് നീളമേറുന്നുണ്ടായിരുന്നു..
പ്രണയം എരിഞ്ഞടങ്ങിയ ചിതയില്‍
അണയാതെ നീറുന്ന കനലിനെ തേടി
ഞാനും എന്റെ കനവുകളും
മൂവന്തിയിലേക്ക് യാത്രയായകവെ
രാവിന്റെ സാന്ത്വനവുമായെത്തിയ ഇരുള് പക്ഷി
പകല്‍ കൂടണയുന്ന കുന്നിന് ചെരുവില്‍
കിതപ്പണക്കുന്നുണ്ടായിരുന്നു.
===================================================================
പ്രണയത്തിന്റെ നിറഭേദങ്ങള്‍ :-
കാന്‍വാസും ബ്രഷുമെടുത്ത്
തടാകക്കരയിലെത്തിയത്
നമ്മുടെ നഷ്ടപ്രണയത്തില്‍
ചായം ചാലിക്കാനായിരുന്നു
തടാകക്കരയിലെത്തിയത്
നമ്മുടെ നഷ്ടപ്രണയത്തില്‍
ചായം ചാലിക്കാനായിരുന്നു
ഇളം വെയിലുരുക്കിയ പീതവര്‍ണ്ണം
ശകലമെടുത്ത് നമ്മള്
കണ്ടുമുട്ടിയ ഇടവഴിയില്‍
കോറിയിട്ടു...
ശകലമെടുത്ത് നമ്മള്
കണ്ടുമുട്ടിയ ഇടവഴിയില്‍
കോറിയിട്ടു...
ഇലച്ചാര്‍ത്തില്‍ നിന്നിറ്റുന്ന
ഹരിതാഭയെ
പ്രണയമാണെന്നോടെന്ന് മൊഴിഞ്ഞ
ഇടനാഴിയില്‍ ചിതറിച്ചു
ഹരിതാഭയെ
പ്രണയമാണെന്നോടെന്ന് മൊഴിഞ്ഞ
ഇടനാഴിയില്‍ ചിതറിച്ചു
വേലിപ്പടര്‍പ്പില്‍ മയങ്ങുന്ന
നീലശംഖ് പുഷ്പത്തിന്നിതളിലെ
ലാസ്യഭാവത്തിലാണാദ്യ
ചുംബനത്തിന് അടയാളമിട്ടത്
നീലശംഖ് പുഷ്പത്തിന്നിതളിലെ
ലാസ്യഭാവത്തിലാണാദ്യ
ചുംബനത്തിന് അടയാളമിട്ടത്
മൂവന്തിയുടെ നിറഭേദങ്ങളില്‍
ഞാന്‍ കണ്ടത്
നിന്നോടെനിക്കുള്ള
അനുരാഗമായിരുന്നു..
ഞാന്‍ കണ്ടത്
നിന്നോടെനിക്കുള്ള
അനുരാഗമായിരുന്നു..
കിനാവിന്റെ കെട്ടു വള്ളത്തില്‍
ജീവിതമൊഴുകുമ്പോള്‍
മങ്ങിപ്പോയ നിറക്കൂട്ടിലേക്ക്
നിലാവില് നിന്നുമാണിത്തിരി
വെണ്മ ഞാന്‍ പകര്‍ന്നത് ..
ജീവിതമൊഴുകുമ്പോള്‍
മങ്ങിപ്പോയ നിറക്കൂട്ടിലേക്ക്
നിലാവില് നിന്നുമാണിത്തിരി
വെണ്മ ഞാന്‍ പകര്‍ന്നത് ..
ഇരുളില്‍ നീ മറഞ്ഞിടത്ത്
അവശേഷിപ്പിച്ച കാലടികളില്‍
അപ്പോള്‍ തെളിഞ്ഞത്
അഴലിന്റെ കറുപ്പായിരുന്നു..
അവശേഷിപ്പിച്ച കാലടികളില്‍
അപ്പോള്‍ തെളിഞ്ഞത്
അഴലിന്റെ കറുപ്പായിരുന്നു..
ഇനിയും വരച്ച് തീരാത്തയെന്റെ
പ്രണയചിത്രത്തിന്റെ
ചായങ്ങള്‍ തീര്‍ന്ന പാലറ്റുമായ്
വര്‍ണ്ണങ്ങളെ തേടി ഞാനെത്തിയത്
വാന്‍ഘോഗിന്റെ സൂര്യകാന്തിപ്പാടങ്ങളില്‍ ..
പ്രണയചിത്രത്തിന്റെ
ചായങ്ങള്‍ തീര്‍ന്ന പാലറ്റുമായ്
വര്‍ണ്ണങ്ങളെ തേടി ഞാനെത്തിയത്
വാന്‍ഘോഗിന്റെ സൂര്യകാന്തിപ്പാടങ്ങളില്‍ ..
പക്ഷെ പ്രണയിച്ച് മതിയാകാത്ത
ഒരു കാമുകന്റെ കണ്ണുനീരില്‍
കുതിര്‍ന്ന അവ്യക്ത ചിത്രത്തില്‍
എനിക്കായോന്നുമുണ്ടായിരുന്നില്ല;
ഒരു കാമുകന്റെ കണ്ണുനീരില്‍
കുതിര്‍ന്ന അവ്യക്ത ചിത്രത്തില്‍
എനിക്കായോന്നുമുണ്ടായിരുന്നില്ല;
എങ്കിലും എനിക്കെന്റെ ചിത്രം
മുഴുമിപ്പിക്കേണ്ടിയിരിക്കുന്നു..
മുഴുമിപ്പിക്കേണ്ടിയിരിക്കുന്നു..
പ്രണയിനിക്കായ് എന്നോ മുറിച്ചിട്ട
ചെവിയില്‍ നിന്നിറ്റ് വീഴുന്ന
ചുവപ്പു ചായത്തെ
ബ്രഷില്‍ മുക്കി ഞാനീ
പ്രണയത്തിന്റെ മരണത്തെയൊന്നു
വരച്ച് തീര്‍ത്തോട്ടെ..
ചെവിയില്‍ നിന്നിറ്റ് വീഴുന്ന
ചുവപ്പു ചായത്തെ
ബ്രഷില്‍ മുക്കി ഞാനീ
പ്രണയത്തിന്റെ മരണത്തെയൊന്നു
വരച്ച് തീര്‍ത്തോട്ടെ..
ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ :-
============================
അപരിചിതങ്ങളായ
വഴികളിലൂടെയാണെന്റെ യാത്ര
അറിയാമെനിക്കീ
വേനല്‍ ചൂടിന്റെ കാഠിന്യം
എങ്കിലും മഴനിഴലുണ്ടായിരിക്കും
എനിക്കൊപ്പം ....
നിനക്കതോര്‍മ്മയുണ്ടോ
ശൈത്യം ഉറഞ്ഞ
ഇടനാഴിയിലെവിടെയോ
നമുക്ക് നമ്മെ നഷ്ടമായത്..
തിരികെ വിളിക്കാനാവില്ലെന്നറിഞ്ഞും
മൌനത്തിന്റെ നീരാളിക്കരങ്ങളില-
മരുമ്പോള്‍ നിന്റെ കത്തുന്ന കണ്ണൂകളില്‍
ഞാന്‍ തേടിയതെന്താണ്.....
താണ്ടുന്ന പാതയുടെ
നീളമോ ദിശയോ
അറിയാതെയാണെന്റെ യാത്ര.
ഋതുക്കള്‍ മായ്ക്കാത്ത
നിന്റെ കാല്പ്പാടുകളെ
പിന്തുടരുമ്പോളെനിക്ക്
വഴികാട്ടിയായ്
മനസ്സിലെരിയുന്ന ചിതയിലെ
വിവശ നാളങ്ങള്‍ .
ഏകാന്തത തിന്നു തീര്‍ത്ത
മനസ്സുമായാണെന്റെ
പ്രയാണം ..
ഓര്‍മകളില്‍ ചിതലരിക്കും
മുന്‍പ്
നിന്നിലലിയാനാവുമെന്ന്
വലിഞ്ഞ് മുറുകുന്ന
കാല്‍പ്പാദത്തിന്നടിയിലെ
ഓരോ മണല്‍ത്തരിയുമെന്നോട്
മൊഴിയുന്നു....
വെയില് മരങ്ങള്‍ക്കിടയില്‍
വാടിയ നിഴലുകള്‍ തളര്‍ന്നു
വീഴുന്നു..എന്നാലും,
ഒരുയിര്‍ത്തെഴുന്നേല്പ്പിന്റെ
പിടച്ചിലില്‍ ഞാനാശിക്കുന്നു;
ഇരുളിന്റെ മടിയിലെ
നിശ്ശബ്ദതയില്‍
നിശ്വാസത്തിന് ആന്ദോളനം
കേള്‍ക്കും വരെ;
ആത്മാവിലാളുന്ന അഗ്നിയില്‍
കാണും വരെ ;
മറവിയെന്നെ
വിഴുങ്ങാതിരുന്നെങ്കിലെന്ന്...
==========================================================
(photo crtsy google)
ശൂന്യമായൊരു മനസ്സുമായ്
നിന്നെത്തേടിയെന്റെ യാത്ര തുടരുന്നു..
ഈറത്തണ്ടിലൂടൊഴുകുന്ന ഈണത്തില്‍
നന്തുണിയിലുതിരുന്ന നാദത്തില്‍
മണ്‍വീണയില്‍ മുഴങ്ങിയ രാഗത്തില്‍ ..
കേള്‍ക്കാനായില്ല്ല നിന്നെ
നിശ്ശബ്ദതയുറങ്ങുന്ന അകത്തളത്തിലെ
മച്ചകത്തില് പോലും ......
നിന്റെ പാദമുദ്രകളെത്തേടി
ഞാനലഞ്ഞു...
മണല്‍ക്കാടിന്റെ സാന്ദ്രതയില്‍
മരീചിക നല്‍കും ആര്‍ദ്രതയില്‍
മരു കാറ്റിന്റെ ആരവത്തില്‍
മരുപ്പച്ചയില്‍ ഒഴുകും തെളിനീരില്‍ ....
നിന്റെ ഹൃദയത്തില്‍ നിന്നുതിരുന്ന
മിടിപ്പിന്റെ താളം പോലുമെനിക്ക-
റിയാനായില്ല....
നിന്റെ മിഴികളിന്‍ പ്രകാശത്തെ തേടി
രാവിന് നിഗൂഢതയിലേക്കിറങ്ങി ..
നിശാഗന്ധിയുടെ ഇതളുകളില്‍
രാപ്പക്ഷികളുടെ ചിറകടിയില്‍
കവരങ്ങളില്‍ മയങ്ങിയ ഇരുളില്‍
ഓളങ്ങളിലലിഞ്ഞ നിലാവില്
നിന്റെ ഉള്‍ക്കാഴ്ച്ചയുടെ പ്രതിഫലനം
പോലുമെനിക്ക് കാണാനായില്ല...
നിന്റെ അദൃശ്യ സാമിപ്യത്തിന്
സ്വേദഗന്ധമറിയാനായ് വന്നു ഞാന്‍
മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മാറില്‍
ഇലകളില്‍ തിളങ്ങുന്ന കിരണങ്ങളില്‍
പുല്‍നാമ്പിലമര്‍ന്ന ഹിമകണങ്ങളില്‍
മലരിന് അധരത്തിലെ പരാഗരേണുവില്‍
അനുഭവിച്ചതില്ലെങ്ങുമേ
എന്റെ പ്രാണനില്‍ നിന്നകന്ന
പ്രണയമേ നിന്നെ....
==================================================================
ഒറ്റിന്റെ പുരാവൃത്തം :-
നിഷ്കളങ്കമായ നിന്റെ ഭാവങ്ങളില്‍
ഒരൊറ്റുകാരനൊളിഞ്ഞിരിപ്പുണ്ടെന്ന്
ഞാനറിഞ്ഞില്ല..
ആഴിയോളം അഗാധമായ കണ്ണൂകളിലോ
പരക്കുന്ന നിലാവു പോലുള്ള ചിരിയുടെ
ധവളിമയിലോ എനിക്കതറിയാനായില്ല...
വേട്ട മൃഗത്തിന്റെ ദംഷ്ട്രങ്ങളില്‍
നിന്നഭയം തേടി ഗുഹയിലൊളിച്ച
മാന്‍ പേടയെ ചിലപ്പിലൂടെ
കാട്ടി കൊടുക്കും ഗൌളിയെ പോലെ
നീ ഒറ്റുകയായിരുന്നു..
തീരത്തെ പുണരുന്ന തിരമാലകളേയും
നക്ഷത്രങ്ങള്‍ തെളിയുന്ന വീഥികളെയും
എണ്ണിതിട്ടപ്പെടുത്താനായാല്‍
അത്രത്തോളം വരുമെന്റെ സ്നേഹമെന്നു
ഞാന്‍ നിന്നോട് ....
സ്പന്ദനങ്ങള്‍ക്ക് കൂട്ടാവാന്‍
കരാംഗുലികളെ കോര്‍ത്തിണക്കുമ്പോള്‍
കൈവെള്ളയിലനുഭവപെട്ട താപം
ഊഷ്മളമായ സ്നേഹമെന്ന് ഞാനോര്‍ത്തു..
നിന്നോളമില്ലൊന്നുമെന്നിലെന്ന
നിന്റെ വാഗ്ദാനങ്ങള്‍
ഹൃദയ താളത്തിനൊപ്പം
മിഴിയിലെ തുടിപ്പില്‍ പിടഞ്ഞു ..
മനസ്സിനുള്ളിലേക്ക് സുഷിരങ്ങളിട്ട്
അടിത്തട്ടിലെ ലോലഭാവങ്ങളെ
ഒളിഞ്ഞ് നോക്കുമ്പോഴും
ആര്‍ദ്ര വികാരങ്ങളിലെ
പ്രണയ രേണുക്കളെ കുത്തു വാക്കാല്‍
ചികഞ്ഞെടുക്കുമ്പോഴും
അറിഞ്ഞില്ല ഞാന്‍
നിന്നിലെ ഒറ്റുകാരനാണിതിനു
പിന്നിലെന്ന്..
മുഖയാടയഴിച്ച് ശുഭരാത്രിയോതി
നീയെന്നെ ശാന്തമായുറക്കാന്‍
തിടുക്കപെട്ടപ്പോഴും അറിഞ്ഞില്ല ഞാന്‍
കരുത്തുറ്റ കരവല്ലിയിലെന്റെ
ജീവിതം മയങ്ങുമ്പോള്‍
ശിരസ്സിനെ ഉടലില്‍ നിന്നറുത്ത
വൈദഗ്ധ്യത്തിന് ചടുലത..
=================================================================
രാപ്പാട്ട്
ഇരുളിനെ ചൂഴ്ന്നൊരു ഭീതി
മരപ്പൊത്തുകളിലഭയം തേടുന്നു..
രാവിനോട് രമിച്ച് തളര്‍ന്ന ഇലകള്‍
നിലാവില് കുതിര്‍ന്നിരിക്കുന്നു...
ആല്‍മരത്തിലപ്പോഴുംനിശയുടെ
കാവലാളായ് തൂങ്ങിയാടും
കടവാതിലുകള്‍ ചിറകടിക്കവെ
മയങ്ങുന്ന പ്രകൃതിയുടെ നിഗൂഢതകളില്‍
അര്‍ത്ഥം വെച്ച മൂളലുമായ് മൂങ്ങകള്‍
പ്രഹേളികക്കുത്തരം തേടുന്നു..
മരണദൂതന്റെ പാദ പതനങ്ങളുടെ
താളത്തില്‍ ഉന്മത്തനായൊരു
കാലന് കോഴി
അത്തിമരച്ചില്ലയിലിരുന്ന്
ചിറകുകള് കോതിയൊതുക്കുന്നു...
കവരങ്ങളില്‍ മയങ്ങുന്ന കാറ്റിനെ
തേടി മിന്നാമിനുങ്ങുകള്‍ അലയുമ്പോള്‍
ജീവിതത്തിന്റെ ഓതപ്രോതങ്ങള്‍
നെയ്യുന്ന ചിലന്തികള്‍
യാമക്കിളികള്‍ പാടും അപശ്രുതിയില്‍
രോഷാകുലരാകുന്നു..
നിഴലിനോട് പിണങ്ങിയ
നിലാവിന്റെ ധാര്‍ഷ്ട്യത്തിലുള്ള
ചീവീടുകളിന്‍ അമര്‍ഷം
പച്ചില ഗന്ധമായ് പടരവെ
രാത്രിഞ്ചരന്മാരുടെ സഞ്ചാര പഥങ്ങളില്‍
പ്രഭചൊരിഞ്ഞ ഉല്‍ക്കകള്‍
ആത്മാഹുതിക്കായ് ദിക്കറിയാതെ
ദൂരങ്ങള്‍ താണ്ടി
സാന്ദ്രമായ മൌനങ്ങളിലേക്ക്
ആര്‍ദ്രമാം മോഹങ്ങളെ
വിളക്കിക്കൊണ്ടപ്പോഴും
ഉണര്‍ന്നിരിക്കുന്നു
നിശ്ചലതടാകത്തണുപ്പിലേ-
ക്കുദിക്കും പുലരിയെ കാത്ത്
പുനര്‍ജ്ജനി കൊതിച്ച
പകലിന് ആത്മാക്കള്‍ ...
======================================================================
============
ഛന്ദസ്സില്ലാത്തതും
ഗേയസുഖമില്ലാത്തതുമായ
കവിത പോലെയാണത്രെ
എന്റെ പ്രണയം ..
പ്രാസവും സമാസങ്ങളുമില്ലാതെ
ചമയവും ചമല്ക്കാരവുമില്ലാതെ,
വൃത്തവും വൃത്താന്തങ്ങളുമില്ലാതെ ..
ചര്‍വിത ചര്‍വണമായൊരു
വിലക്ഷണ കാവ്യമെന്നെന്നെ
പ്രണയിക്കുന്നവര്‍ ......
ജര കയറിയ ഹൃദയത്തില്‍
അനുരാഗമെന്നൊന്നില്ലെന്നും ..
സ്നേഹഗ്രന്ഥികള്‍ നിര്‍ജീവങ്ങളായ്
കാലങ്ങളായെന്നും ഞാന്‍ ..
എന്നിട്ടുമെന് പ്രണയ ഹോത്രത്തിലെ
ഹോമദ്രവ്യം പോല
ചില വീണ്ടു വിചാരങ്ങളെന്നെ
പിന്തുടരുന്നുണ്ട് പോലും ....
======================================================================
നിലച്ച ഘടികാരം
==============
എന്റെ ചിന്തകളെ ഉണര്‍ത്തിയിരുന്ന
ഘടികാരം നിലച്ചിരിക്കുന്നു.
മാറാലയില്‍ കുരുങ്ങിയ സൂചികള്‍
മനസ്സില്‍ മയങ്ങും ഓര്‍മകള്‍ ..
കാലങ്ങള്‍ക്കൊപ്പം
ദിനരാത്രങ്ങളുടെ
ആയവും ഗതിയുമായെന്‍
ആത്മാവിനെ മുട്ടി വിളിക്കും
നാഴികമണിയൊച്ചക്കായ്
ഞാന്‍ കാതോര്‍ക്കുന്നു
കൈവെള്ളയിലെ മുറിഞ്ഞ് പോയ
ഹൃദയ രേഖകള്‍ പോലെ-
യെന്‍ നിയോഗങ്ങള്‍
മാറ്റിയെഴുതപ്പെടാനാവാതെ
വിധിയെ പഴിക്കുന്നു...
കരുവാളിച്ച വദനത്തിനെന്നും
വിഷാദഭാവമെന്നെന്റെ
മുഖകണ്ണാടി മന്ത്രിക്കുമ്പോഴും
പ്രണയാതുരമാം അരുണിമ-
യിന്നുമെന്റെ കപോലങ്ങളിലെന്ന
വൃഥാ നിനവെന്നില്‍ ...
അങ്ങകലെ ഇല്ലാത്തൊരു
നാളത്തിന് വെട്ടം തേടി
അന്ധകാരം വിഴുങ്ങിയ
മിഴികള്‍ തുറന്നു ഞാനിരിക്കെ
മങ്ങിയ ഇമകളില്‍ നിരാശയുടെ
കറുപ്പെന്ന് ഇരുളിനെ പുണര്‍ന്ന
സന്ധ്യയെന്നെ പരിഹസിച്ചിട്ടും
ഒന്നു തേങ്ങാന്‍ പോലും
ഞാന്‍ മറന്നതെന്തേ....
ശൂന്യതയില്‍ വര്‍ണങ്ങള്‍
വിരിയിക്കാനാവില്ലെന്ന-
പകലിന് യാഥാര്‍ത്ഥ്യം
ഇരുട്ടിന് മടിയിലെ ആര്‍ദ്രമാം
കരിമ്പടത്തില്‍ മയങ്ങുന്നു.
എന്നിട്ടും കതോര്ക്കുന്നു
എന്നെ തേടി വരും
മണിമുഴക്കത്തിനായ്
നിശ്ചലതയില്‍ നിന്നൊരു
മണിമുഴക്കത്തിനായ്....
======================================================================
പുനരാവര്‍ത്തം:-
===========
വരണ്ടമണ്ണിലെങ്ങു നിന്നോ
പൊട്ടി വീണ ബീജത്തിനെ
കിളിര്‍പ്പിക്കും മഴതുള്ളികള്‍ക്കായ്
കാത്തിരിക്കും ഭൂമി
സംഗമത്തിന് ഭൂമികക്കായ്
ചക്രവാളം തേടും
ചക്രവാക പക്ഷികള്‍
ദിശയറിയാതുഴലുന്നു..
മൂശയിലേക്കുരുകിയൊഴുകും
ലോഹക്കൂട്ടെന്ന പോലെ
ആത്മാവിലേക്കൊഴുകുന്നു
വേദനയുടെ കുമിളകള്‍ ...
അപരാഹ്നത്തിന് ഉന്മത്ത നാളങ്ങള്‍
മരച്ചില്ലകളില്‍ നൃത്തം വെക്കുമ്പോഴും
കാറ്റിന്റെ സീല്‍ക്കാരത്തില്‍
സഞ്ചാര സരണികളില്‍
വ്യതിചലിച്ചും നിഴലുകള്‍ ..
ഉദാസീനങ്ങളാം രാവുകളെ
ചിന്തനീയങ്ങളാക്കും
ചീവീടുകളിന്‍ മര്‍മരം പോലെ
പുനരാവര്‍ത്തത്തിനായ്
വ്രതമെടുക്കും ദേഹികള്‍
വിസ്മൃതിയില്‍ മറഞ്ഞയെന്‍
ഗതകാല സ്മരണകള്‍ ..
=======================================================================
സത്യവും മിഥ്യയും
==============
കാറ്റിന്റെ മര്‍മരത്തില്‍ മണലുകള്‍
സഞ്ചരിക്കും പോലെ മിഥ്യയില്‍ നിന്നും
സത്യത്തിലേക്കൊരു കുതിച്ചു ചാട്ടം ;
ശൂന്യതയില്‍ വര്‍ണങ്ങള്‍
നീര്‍മുത്തുകളായ് പെയ്യുമ്പോഴും
നാളം വിഴുങ്ങിയ പട്ടടയില്‍ പ്രണയം
ദര്‍ശിക്കാമെന്നത് നിന് വ്യാമോഹം..
കനത്ത രാത്രികള്‍ക്കും
വിളറിയ പകലുകള്‍ക്കു-
മിടയില്‍ കല്പാന്തത്തിന്‍ ദൂരം..
കൂടിച്ചേരല്‍ അസാദ്ധ്യമായ്
സമാന്തരങ്ങളായ് നീളും പാളങ്ങളെ പോലെ
നിന്റേയും എന്റേയും ചിന്തകള്‍
കാറ്റിനോടലിഞ്ഞ പരാഗമായ് അലയുന്നു..
ഉണര്‍വിന്റെ പുലരിയേക്കാള്‍
വിരഹത്തിന് സായന്തനമെനിക്ക് പ്രിയം
പ്രണയത്തിന് ഹോമാഗ്നിയില്‍
ഹവിസ്സ് എന്ന പോലെ
നീയെന്ന മിഥ്യയില്‍
ഞാനെന്ന സത്യമില്ലാതാവുന്നു.
====================================================================
പ്രയാണം
======
അറിയുന്നൂ അന്യയാണ്
ഞാനിന്നെനിക്കെന്ന്;
തുണയായ് നിഴലുകളെനി-
ക്കൊപ്പമെന്നതെന്‍ വ്യാമോഹം ..
മിഴികളിന്‍ ദീപ്തിയെ
തമസ്സെന്നോ സ്വന്തമാക്കി;
എനിക്കിണയായൊരെന്‍ മന്ദഹാസം
വഴിമാറിയെന്‍ ചൊടികളില്‍
വിഷാദഛവി കലര്‍ന്നതെപ്പോള്‍ ..
ഹൃദയത്തില്‍ നിണം പൊടിഞ്ഞ് നിന്നപ്പോഴും
സാന്ത്വനത്തിനായ് വെമ്പിയ
എന്‍ കാതില്‍ വന്നണഞ്ഞത്
എന്‍ കാതില്‍ വന്നണഞ്ഞത്
മൌന മന്ത്രങ്ങള്‍ മാത്രം
ഒരു തലോടലിന് മൃദുലതയിലെല്ലാം
മറക്കാമെന്ന് നിനച്ചൊരെന്‍
കരാംഗുലികളെനിക്കപരി-
ചിതരായതെന്തിനു..
എന്നെയെന്നാണു ഞാനറിയാതെ
പോയത്..
നിദ്രയകന്ന രാവുകളില്‍
നിദ്രയകന്ന രാവുകളില്‍
സ്വപ്നങ്ങളെന്നോട് വിട ചൊല്ലുന്നു..
ദേഹം വിടാനാവാത്ത ദേഹിയായ്;
ചിരന്തനമാം ചിന്തകളെന്നില്‍ .
ആത്മാര്‍ത്ഥതയില്ലാത്തൊ-
രാത്മാവിനെയോര്‍ത്ത്
മനസ്സ് വിതുമ്പുന്നു..
ജനിമൃതിക്കുള്ളിലെ നെടുവീര്പ്പിന്
മാറാപ്പുമായ് മോക്ഷം തേടി
പ്രയാണമാരംഭിക്കട്ടെ
ഞാനൊരു യതാത്മാവായ് .
================================================================================
തീരം തേടുന്ന മഴനൂലുകള്‍ :-
================
മഴ മുത്തമിട്ട ചില്ലു ജാലകത്തിനപ്പുറത്തെ
കിളിപ്പാട്ടിന്നീണം അലയടിച്ച
വീഥികളില്‍ രക്ത വര്‍ണമാം
വാക പൂക്കള്‍ ചിതറികിടക്കുന്നു.
പെയ്തൊഴിഞ്ഞ രാത്രി മഴയില്‍
നനഞ്ഞതെന്റെ ഹൃദയമോ
ഇലഞ്ഞി മരച്ചില്ലയോ..
സന്ധ്യയില്‍ നിന്നും രാത്രിയിലേക്ക്
ആവേശിക്കാന്‍ തിടുക്കപെട്ട മഴയില്‍
എനിക്കു നിന്നെ
നഷ്ടപെട്ടെന്ന നിനവെന്നില്‍
..
ശൂന്യമാം അംബരം എന്നിലെ
നിറംകെട്ട പ്രണയ സ്വപ്നങ്ങളായ്
ഉള്‍വലിഞ്ഞിരിക്കുന്നു.
ജീവിതത്തിന് അടിയൊഴുക്കില്‍
ഇല്ലാതായതെന്റെ ആത്മാവോ
ഹൃദയത്തില്‍ നിലച്ച
വേദനയുടെ തരംഗങ്ങളോ
പ്രകാശവര്ഷങ്ങള്ക്കപ്പുറത്തെ
പുനര്‍ജനിക്കായ്
കാത്തിരിക്കാനാവുമോ
കല്പാന്തങ്ങളോളം ..
ഓളങ്ങളിലുലയുന്ന ഓടങ്ങളെ തേടി
മറുകരയെത്താതെ ഉഴലുമ്പോഴും
മഴ നൂലുകള്‍ തോരണങ്ങളാക്കി
തൂങ്ങിയാടുമാത്മാക്കള്‍
നിവാപത്തിനായ് മൌന
തീരങ്ങള്തേടുന്നു.....
===========================================================
മല്‍സ്യപുരാണത്തിലെ ഉത്തരമില്ലാ ചോദ്യങ്ങള്‍ (ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ ഓണം സുപ്പ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത് 2011)
സ്വര്‍ണ്ണ മല്സ്യമേ
നീന്തി തുടിക്കും സ്ഫടികപാത്രം
മനോഹരമെന്ന് കരുതുന്ന
നീയന്ധയോ
കുമിളകളില്ലാത്ത നീര്‍തടത്തിലെ
ഉള്‍തുടിപ്പുകള്‍ കേള്‍ക്കാത്ത
ബധിരയോ
മോഹങ്ങളും മോഹഭംഗങ്ങളും
പറയാനാവാത്തതിനാല്‍
മൂകയോ..
അഴകു ശാപമായതിനാലോ
നിനക്കീ തടവറ ജീവിതം..
ചില്ലു പാത്രത്തിനപ്പുറത്തെ
വര്ണശബളമാം ലോകം
നിന്നെ മായക്കാഴ്ച്ചകള്‍ക്കായ്
മോഹിപ്പിക്കുന്നുവോ..
ക്ഷണികമാം ആയുസ്സില്‍
ചെകിളയും പിളര്‍ത്തി
ജീവവായുവിനായ് തുടിക്കുമ്പോഴും
കേഴുന്നുവോ നീ ഇത്തിരി
ജീവിതത്തിനായ്..
ഓരോ കുതിപ്പിനൊടുവിലും
കൂപ്പു കുത്തി ഊളിയിടുമ്പോഴും
ചിറകുകള് പിടപ്പിച്ച് വീണ്ടുമൊരു-
യര്‍ത്തെഴുന്നേല്‍പ്പിനു നീ ശക്തയോ..
വിങ്ങുന്ന മനമോടെ മിഴികളില്‍
തൂങ്ങും ഇരുട്ടില്‍ ഉറക്കം നടിച്ചാലും
നീയറിയുന്നില്ലാ കണ്ണാടിക്കപ്പുറത്തെ
കപടലോകം..
വശ്യസൌന്ദര്യത്തിന് ആധിക്യമോ
മസ്തിഷ്കരഹിത മന്ദതയോ നിന്
മുഖമുദ്ര..
വെറുമൊലങ്കാരവസ്തുവായ്
നീ അധഃപതിക്കുമ്പോഴും
നിനക്ക് നഷ്ടപെടുന്നതെന്ത്
തന് പോരിമയിലൂറ്റം കൊള്ളാനാവാതെ
ദുര്‍ബലപ്പെടുന്ന വ്യക്തിത്വമോ;
സ്നേഹിക്കപ്പെടാനാവാത്തൊരു
ഹൃദയമോ..
===================================================================
അപക്വ ചിന്തകള്‍ :-
===========
തകര്‍ത്ത് പെയ്തിരുന്ന വേനല്‍ മഴയിലാണ്
എന്നെ നീയാദ്യമായ് കണ്ടത്..
ആ മഴയപ്രതീക്ഷിതമായതിനാല്
അരളിമരച്ചുവട്ടില്‍ നനഞ്ഞ് ഞാന്‍ ..
ശീതകാറ്റില്‍ കൂമ്പിയടഞ്ഞയെന്
മിഴികളില്‍ കണ്ട കൂവള പൂക്കളിന്
നീലിമയെ പ്രണയാതുരമായ് നീ
താലോലിച്ചതെന്തിനെന്നറിഞ്ഞില്ല...
പിന്നെ ഒരു നിഴല്‍ പോലെ
പിന്തുടര്ന്നതുമെന്തിനെന്നറിഞ്ഞില്ല
അകലെ നിന്നലയടിച്ചെത്തും
നന്തുണി പാട്ടിന്നീണം
ഗൃഹാതുരമാമെന് ചിന്തകളില്‍
വേലിയേറ്റത്തിന് തരംഗമായുയരുമ്പോള്
. സ്വപ്നങ്ങളില്‍ കാണുന്ന മുഖവും തേടി..
ഞാനിരുന്നാ കുള പടവുകളില്‍
നറും നിലാവില്
ഗന്ധര്വനായാരോ വരുമെന്ന് നിനച്ച്..
തണല്‍ മരങ്ങള്ക്കിടയിലിഴയും
ചരല് പാതകളിന് ചുവപ്പെന്നില്‍
ആശതന്‍ തീനാളമായ് നൃത്തം വെക്കുമ്പോള്‍
എന്റെ ആത്മാവിനും നിന്റെ ഉടലിനുമിടയില്‍
തകര്‍ന്ന കടല്‍പ്പാലത്തിന് ദൃഢത
മാത്രമെന്നറിഞ്ഞില്ല ഞാന്‍
കാലവര്‍ഷം താണ്ഡവമാടിയ നാളുകളില്‍
എന്റെ പ്രണയമുറ്റത്ത് പടുത്തുയര്‍ത്തിയ
കളിമണ്‍ കൊട്ടാരം തകര്‍ത്തെറിഞ്ഞ്
നീ മറഞ്ഞപ്പോള്‍
മനസ്സിനുരുള് പൊട്ടലില്‍ ഒഴുകിപ്പോയതെന്റെ
വര്‍ണ്ണ സ്വപ്നങ്ങളായിരുന്നു.
യാമക്കിളിയുടെ തേങ്ങലോ ഈണമോ
തിരിച്ചറിയാതെപോയൊരെന്
നിദ്രരഹിതമാം രാവുകളില്‍
വെറുതെയായിരുന്നെല്ലാമെന്ന സത്യവുമായ്
ഞാനീ വഴിയമ്പലത്തില്‍ ഏകാകിയായ്..
==================================================================
==================================================================
==================================================================
===================================================================
===================================================================
===================================================================
====================================================================
====================================================================
=====================================================================
======================================================================
=======================================================================
========================================================================
=========================================================================
=========================================================================