Wednesday 25 December 2013

മഞ്ഞുകാല മര്‍മ്മരങ്ങള്‍ .

മഞ്ഞുകാല മര്‍മ്മരങ്ങള്‍ :-




ചക്രവാളത്തിന്റെ അരികിലായ് ഉദിച്ച താരകത്തിനു വന്യമായ തിളക്കമുണ്ട് . ഉദയത്തിനു ഏതാനും നാഴികകള്‍ മാത്രമുള്ളപ്പോള്‍ ആ നക്ഷത്രത്തിന്റെ ഹൃദയത്തില്‍ നിന്നും ഒരു മഞ്ഞുനൂല്‍ ഊര്‍ന്നു വരും..അതിന്റെ തുഞ്ചത്ത് എണ്ണിയാലൊടുങ്ങാത്ത സമ്മാനപ്പൊതികള്‍ നിറച്ച സഞ്ചിയും തോളിലേറ്റി പഞ്ഞി പോലെ വെളുത്ത താടിയും തലയില്‍ ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്ന ചുവന്ന തൊപ്പിയും ധരിച്ച് ചുണ്ടില്‍ തെളിഞ്ഞ ചിരിയും കണ്ണുകളില്‍ ഒത്തിരി കുസൃതിയുമായി വലിയ കുടവയറും താങ്ങി ഒരു അപ്പൂപ്പന്‍ ഉണ്ടായിരിക്കും. മഞ്ഞു പുതഞ്ഞ പാതയില്‍ ഒരു ശരഭത്തേരു മണി മുഴക്കവുമായി കാത്തു നില്ക്കുന്നുണ്ട് . ആ അപ്പൂപ്പന്‍ സമ്മാന സഞ്ചിയുമായ്‌ ഭൂമിയില്‍ തന്റെ പാദത്തെ സ്പര്‍ശിക്കാതെ തന്നെ തേരിലേറി യാത്രയാകുന്നു. നിദ്രയിലാണ്ട കുടിലുകള്‍ക്ക് മുന്നിലെത്തി അടര്‍ന്നു വീഴുന്ന മഞ്ഞിനെ വകഞ്ഞ് പുകക്കുഴലിലൂടെ ഇറങ്ങി ഓരോ സമ്മാനപ്പൊതികളും ഉറങ്ങി കിടക്കുന്ന കുട്ടിയുടെ കിടക്കയില്‍ നിശ്ശബ്ദം നിക്ഷേപിച്ചു അടുത്ത വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. ഉറക്കത്തില്‍ നിന്നും ഉണരുന്ന കുട്ടി സമ്മാനപ്പൊതി കണ്ടു ആഹ്ലാദത്തോടെ തുള്ളിച്ചാടുന്നു...എന്റെ ബാല്യത്തില്‍ ഞാന്‍ ഏറെ കണ്ടിട്ടുള്ള ഒരു മധുര സ്വപ്നം ആയിരുന്നു അത്..മഞ്ഞുറഞ്ഞ വഴിത്താരകളും, നക്ഷത്രഖചിതമായ ആകാശവും, മിന്നിത്തിളങ്ങുന്ന താരങ്ങളും, നിറുത്താതെയുള്ള മണികിലുക്കവുമായി പായുന്ന കലമാനുകളും.വാതിലനരികില്‍ കൊണ്ട് വെച്ച പാദയുറകളില്‍ ഒളിഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ ..സ്വപ്നം തൂങ്ങുന്ന ഇമകളില്‍ മിന്നിത്തെളിയുന്ന ദൃശ്യങ്ങളായിരുന്നു ഇതൊക്കെ..

എനിക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും സമ്മാനവുമായി വരുമെന്ന് വെറുതെ മോഹിച്ചിരുന്ന ബാല്യം ..അരക്കൊല്ല പരീക്ഷ കഴിഞ്ഞു പിരിയുന്ന ദിവസം കൂട്ടുകാര്‍ക്ക് ക്രിസ്മസ്സ് കാര്‍ഡുകള്‍ കൊടുക്കുമ്പോള്‍ ,തിരിച്ചും ഒരെണ്ണം കിട്ടിയെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.വെറും കയ്യോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സങ്കല്‍പ്പത്തിലെ അപ്പൂപ്പന്‍ സമ്മാനപ്പൊതികളുമായ് രാവിന്റെ ഏതോ യാമത്തില്‍ വരുമെന്നുള്ള ചിന്ത ഉള്ളിലെ മോഹത്തിനു മേലെ നറും നിലാവ് പോലെ പരന്നോഴുകി കൊണ്ടിരിക്കും .. ഉറക്കം വരാതെ കിടക്കുമ്പോള്‍ ഇടനാഴിയിലെ മരയഴികളുള്ള കുഞ്ഞു ജാലകത്തിനപ്പുറം കലമാനുകളുടെ കുളമ്പടികള്‍ കേള്‍ക്കുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു. അല്ലെങ്കില്‍ ആ കുളമ്പടി ശബ്ദം ശരിക്കും കേട്ടിരുന്നു പതിഞ്ഞ സീല്‍ക്കാരത്തോടെ മുന്‍കാലുകള്‍ ഉയര്‍ത്തി എന്റെ കിളിവാതിലിനരികില്‍ വന്നു നിന്ന് ആ ശരഭങ്ങള്‍ കിതപ്പണച്ചിരുന്നത് .പിന്നെ കണ്ണുകള്‍ ഇറുകെ പൂട്ടി തലയിണക്ക് താഴെ കൊണ്ട് വന്നു വെക്കുന്ന മിന്നുന്ന വര്‍ണ്ണക്കടലാസ് പൊതിയുടെ കിരുകിരെന്ന ശബ്ദത്തിനു ചെവിയോര്‍ത്തു കിടക്കവെ നക്ഷത്ര ചക്രത്തില്‍ നിന്ന് മിന്നുന്ന നക്ഷത്ര ശല്‍ക്കങ്ങള്‍ മഞ്ഞു കണങ്ങള്‍ക്കൊപ്പം ഉതിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു .ആരോ എന്റെ കണ്ണും പൊത്തി മുറ്റത്ത് കൊണ്ട് വന്നു നിറുത്തുന്നുണ്ട് അന്നേരം . ..ഇറുകെ അടച്ച കണ്ണ് പതിയെ തുറക്കുമ്പോള്‍ എനിക്ക് മുന്നില്‍ സ്വര്‍ണ്ണത്തിളക്കമുള്ള കുഞ്ഞു ചിറകുകള്‍ പിടപ്പിച്ചു കൊണ്ട് ഒരായിരം മാലാഖക്കുഞ്ഞുങ്ങള്‍ കൈകോര്‍ത്തു നൃത്തം വെക്കുന്നു. അവര്‍ക്കിടയിലൂടെ ഒഴുകുന്ന മഞ്ഞിന്റെ മണമുള്ള അപ്പൂപ്പന്‍ എനിക്ക് നേരെ നീട്ടുന്ന സമ്മാനപ്പൊതി ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ എനിക്കും അപ്പൂപ്പനും ഇടയില്‍ സമരിയന്‍ ഗീതികളുടെ പദവിന്യാസങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.കിളിവാതിലിലൂടെ ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന ജമന്തിപ്പൂക്കളുടെ സുഗന്ധം മിഴികളെ തൊട്ടുണര്‍ത്തുമ്പോള്‍ എന്റെ ചിന്ത തലേന്ന് രാത്രിയില്‍ ഞാന്‍ എവിടെയോ രഹസ്യമായി സൂക്ഷിച്ച ആ സമ്മാനത്തെ കുറിച്ച് മാത്രമായിരിക്കും ..അതെവിടെ എന്നോ, അതൊന്നു തിരയണമെന്നോ അഥവാ കയ്യില്‍ കിട്ടിയാല്‍ ഒന്ന് തുറന്നു നോക്കണമെന്ന ത്വരയോ എന്നെ അലോസരപ്പെടുത്താറില്ല. കാരണം ആ രഹസ്യം അതീവ രഹസ്യമായി തന്നെ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഞാന്‍ അപ്പോഴേക്കും പഠിച്ചിരുന്നു...

മേഘങ്ങളേക്കാള്‍ വേഗത്തില്‍ മറയുന്ന ഋതുക്കള്‍ ഏറെ മഞ്ഞു കാലങ്ങളെ സമ്മാനിച്ചിട്ടും ഞാനെന്റെ പഴയ സ്വപ്നം കാണുന്നത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ബാല്യത്തിലെ ശീലങ്ങളോ ചിന്തകളോ ഒരിക്കലും എന്നെ വിട്ടു പോകുന്നതായിരുന്നില്ല.അതിനാലാകാം വര്‍ഷങ്ങള്‍ പോകുന്തോറും എന്നിലെ കുട്ടി എന്നോടൊപ്പം യാത്ര തുടര്‍ന്നത് .സമ്മാനങ്ങള്‍ വലുതോ ചെറുതോ ആകട്ടെ അത് കൊടുക്കുന്ന ആളിനും കിട്ടുന്ന ആളിനും ഉണ്ടാകുന്ന ആഹ്ലാദം ഒരു പക്ഷെ ആ പൊതിക്കുള്ളിലെ സമ്മാനത്തേക്കാള്‍ മൂല്യമുള്ളതായിരിക്കും എന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.അതിനു പ്രത്യേക ദിനങ്ങളുടെ ആവശ്യമില്ലെന്നും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ എന്നതിനപ്പുറം അപ്രതീക്ഷിതമായും നിറഞ്ഞ മനസ്സോടേയും സ്നേഹത്തോടെയും അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലാണ് എല്ലാ മൂല്യവും നിക്ഷിപ്തമായിരിക്കുന്നതെന്ന് പിന്നീടെപ്പോഴോക്കെയോ ഞാന്‍ മനസ്സിലാക്കി..

ചിത്രപ്പണികളാല്‍ അലങ്കരിച്ച കാര്‍ഡുകളിലും സമ്മാനപ്പൊതികളിലും ഓരോ ജന്മദിനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കടന്നു പോകുമ്പോള്‍ എന്റെ ഉള്ളിലെ കുട്ടി വാനോളം ഉയരത്തില്‍ തുള്ളിച്ചാടുകയായിരുന്നു.സമ്മാനിക്കാനുള്ള വസ്തുക്കള്‍ വാങ്ങാനും അത് എത്രയും മനോഹരമാക്കി പൊതിഞ്ഞ് നല്‍കാനും ആവേശം കൊണ്ടിരുന്നത് എന്റെ മനസ്സില്‍ കുടികൊള്ളുന്ന സാന്താ അപ്പൂപ്പന്‍ തന്ന പ്രചോദനം ആകാം ..കുറെ കാലങ്ങളായി മുടങ്ങാതെ ഡിസംബര്‍ മാസത്തിലെ ജന്മദിനങ്ങളില്‍ എന്നെ തേടിയെത്തുന്ന പാരിതോഷികങ്ങള്‍ തുറന്നു നോക്കാന്‍ മനസ്സ് വരാറില്ല.അവ തുറന്നാല്‍ എന്റെ ആകാംക്ഷ അണഞ്ഞാലോ..എങ്കിലുംസമ്മാനിക്കുന്നവര്‍ക്ക് ഞാനത് തുറന്നു നോക്കണമെന്ന ശാഠ്യം എന്നെ ആ പൊതിയിലൊളിഞ്ഞിരിക്കുന്ന നിഗൂഡത വെളിവാക്കുന്നതിനു നിര്‍ബന്ധിതയാക്കുന്നു. അത് തുറന്നാല്‍ എന്റെ മുഖത്ത് പ്രകടമാകുന്ന ഭാവഭേദങ്ങള്‍ എനിക്ക് ചുറ്റുമുള്ളവര്‍ ആസ്വദിക്കുന്നത് ഞാനറിയുന്നില്ല എന്ന് നടിക്കും...

ഞാനേറ്റവും അധികം സ്വീകരിച്ചിട്ടുള്ളതും കിട്ടിയപ്പോഴൊക്കെ അത്യധികം സന്തോഷിച്ചിട്ടുള്ളതും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എനിക്ക് സമ്മാനമായപ്പോഴാണ്..വായനയാണ് എന്റെ ഇഷ്ടവിനോദം എന്ന് തിരിച്ചറിഞ്ഞ എന്റെ ജ്യേഷ്ടന്‍ സാധ്യമാകുമ്പോഴോക്കെ സമ്മാനിച്ചിരുന്ന പുസ്തകങ്ങള്‍ എനിക്ക് അമൂല്യങ്ങള്‍ ആണ് .അവയൊക്കെ എന്റെ വീട്ടില്‍ ഞാനൊരുക്കിയ ഒരു പുസ്തപ്പുരയില്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു..എത്രയോ ആവര്‍ത്തി വായനകള്‍ അനുഭവിച്ച അതിലെ ഏടുകളില്‍ ഞാനെന്റെ ഓര്‍മ്മകളില്‍ മയങ്ങുന്ന മയില്‍‌പ്പീലിതുണ്ടുകളെ പെറ്റ് പെരുകാന്‍ വെച്ചിട്ടുണ്ട്.

പിന്നീട് മക്കള്‍ വലുതായപ്പോള്‍ എന്റെ ജീവിതത്തിലെ ഓരോരോ വിശിഷ്ട ദിനങ്ങളെയും സമ്മാനം തന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ ബാല്യത്തില്‍ സാന്താ അപ്പൂപ്പന്‍ എന്റെ തലയിണക്കടിയില്‍ ഒളിപ്പിച്ചു വെച്ച ആ സമ്മാനങ്ങളൊക്കെയാണ് ഇന്ന് പല കൈകളിലൂടെ എന്റെ മുന്നിലെത്തുന്നതെന്ന് തോന്നി. ഒരു പുസ്തകം അല്ലെങ്കില്‍ ഒരു ബുക്ക്‌ മാര്‍ക്ക് കുഞ്ഞു പൊതികളിലെ പാരിതോഷികങ്ങളായ് കൈകളില്‍ വന്നു ചേരുമ്പോള്‍ എന്റെ സന്തോഷങ്ങള്‍ ഡിസംബര്‍ മഞ്ഞു പോലെ സാന്ദ്രമാകും ..

മഞ്ഞുകാലം എനിക്ക് പ്രിയപ്പെട്ടതാകുന്നത് ആഘോഷങ്ങളെ സമ്മാനിക്കുന്ന ചില മാസങ്ങള്‍ ഈ ഋതുവില്‍ നിന്നും പിറക്കുന്നത്‌ കൊണ്ട് മാത്രമല്ല .പ്രകൃതി തന്നെ ഒരു നവോഢയായ് നിരവധി മനോഹരങ്ങളായ ദൃശ്യങ്ങളെ മിഴികള്‍ക്കും ഹൃദയത്തിനുമേകുന്നത് കൊണ്ട് കൂടിയാണ്.
മഞ്ഞണിഞ്ഞ തരുലതാദികളും പ്രണയ പരവശരായ് ഈണങ്ങള്‍ മൂളുന്ന പക്ഷികളും തെളിഞ്ഞ നീലാകാശവും അതിന്റെ മടിയില്‍ അലസഗമനം ചെയ്യുന്ന വെണ്‍മേഘങ്ങളും, മേഘങ്ങള്‍ക്ക് കുറുകെ വരി തെറ്റാതെ ശിശിരത്തിന്റെ കൂട്ടുകാരായെത്തുന്ന ദേശാടനക്കിളികളുമായി മഞ്ഞു കാലത്ത് ഭൂമി തരളിതയാകുന്നു.നിറഞ്ഞൊഴുകുന്ന കാട്ടാറുകളും തളിര്‍ത്തു നില്‍ക്കുന്ന മുളങ്കാടുകളും,വര്‍ണ്ണങ്ങള്‍ വാരിപ്പൂശിയ കാട്ടുപ്പൂക്കള്‍ പൂത്തുലയുന്ന ഒറ്റയടിപ്പതകളും,നിലാവ് പൂത്തിറങ്ങുന്ന താഴ്വാരങ്ങളും വെയിലുരുകി വീഴുന്ന മലമടക്കുകളും ,കാറ്റ് ചുംബിച്ചുലയ്ക്കുന്ന ഇലച്ചാര്‍ത്തുകളും ..പ്രകൃതി ശിശിരത്തിന്റെ മടിയിലേക്ക് തന്റെ അഴകിന്റെ അലകള്‍ ഒന്നൊന്നായ് വിടര്‍ത്തുകയാണ്..മഞ്ഞുകാലം മടങ്ങി പോകുന്നതും ഭൂമിക്ക് മനോഹരമായൊരു വസന്തം സമ്മാനിച്ചു കൊണ്ടാണ്..

ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യനു ജീവിതമെന്ന സമസ്യക്കിടയില്‍ ലക്ഷ്യം കാണാന്‍ സാഹയകമാകുന്ന സൂചനകള്‍ പോലെയാണ്.അല്ലെങ്കില്‍ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഇടവേളകള്‍ പോലെയോ .സ്നേഹവും സൌഹാര്‍ദ്ദവും ആര്‍ദ്രതയും പ്രണയവും എല്ലാം സമ്മാനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത്തില്‍ നിന്നും ഈ വര്‍ണ്ണക്കടലാസ് പൊതികള്‍ക്ക് മനുഷ്യജീവിതത്തിലുള്ള
പ്രാധാന്യം എത്രയെന്നു വെളിവാകുന്നു...ആദ്യമായി കാണുന്ന കുഞ്ഞിനായാലും സുഹൃത്തിനായാലും ,പ്രണയിനിക്കായാലും ഒരു കുഞ്ഞു പൊതി സമ്മാനിച്ചു കൊണ്ട് ഒരു നല്ല ബന്ധം തുടങ്ങുന്നത് മനുഷ്യമനസ്സിന്റെ ലോല വികാരമായ സന്തോഷത്തെയാണ്‌ വ്യാഖ്യാനിക്കുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്പ് പുല്‍ക്കുടിലില്‍ പിറന്ന ദിവ്യാത്മാവിനെ കാണാന്‍ കിഴക്ക് നിന്നുള്ള രാജാക്കന്മാര്‍ പാരിതോഷികങ്ങളുമായി നക്ഷത്രങ്ങള്‍ തെളിച്ച വഴിയിലൂടെ പോയതും ആ കുഞ്ഞുപാദങ്ങളില്‍ ഭയഭക്തിയോടെ അതെല്ലാം അര്‍പ്പിച്ചതുമെല്ലാം ചരിത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. പരസ്പ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് ഇന്നും തുടര്‍ന്ന്‍ പോരുന്നത് സമൂഹത്തില്‍ നിന്നും ഇനിയും അന്യം നില്‍ക്കാത്ത മാനവികതയുടെയും നന്മയുടേയും പ്രതിഫലനങ്ങളായിട്ടാണ്. .ആഘോഷങ്ങള്‍ സമ്മാനങ്ങളുടെ പെരുമഴയായും സമ്മാനങ്ങള്‍ മനുഷ്യമനസ്സിലേക്കൊഴുകുന്ന സ്നേഹധാരയായും മാറട്ടെ എന്നാശിക്കട്ടെ . ..മഞ്ഞിനൊപ്പം പരക്കുന്ന നിലാവുള്ള ഈ ഡിസംബര്‍ രാവില്‍ ഇരുന്നു ഈ കുറിപ്പെഴുതുമ്പോള്‍ മുഹമ്മദ് റഫി സാബിന്റെ ഒരു മധുര ഗാനം എവിടെയോ അലയടിക്കുന്നുണ്ടായിരുന്നു.. "ബഡി ദൂര്‍ സെ ആയെ ഹെ ..പ്യാര്‍ കാ തോഹ്ഫ ലായേ ഹെ " ......

Friday 6 December 2013

മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍

മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍ :- (മാധ്യമം ആഴ്ചപ്പതിപ്പിലെ  കടല്‍പ്പച്ച എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് )


കടലും  അതിന്റെ ആരവവും എന്നും  ഒരു ഹരമായിരുന്നു എനിയ്ക്ക് .ഉറക്കം വരാത്ത രാവുകളില്‍ തിരമാലകളുടെ ഗര്‍ജ്ജനം ഒരുറക്കു പാട്ട്  പോലെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചിരുന്ന കൌമാര കാലം .തികഞ്ഞ ഏകാന്തത അനുഭവിച്ചിരുന്ന യൌവ്വനാരംഭത്തില്‍ തിരമാലകളെണ്ണി മതിവരാതെയും നക്ഷത്രങ്ങളെ തിരഞ്ഞു കൊതിതീരാതേയും ഭാവിയെ പറ്റി വലുതായൊന്നും വ്യാകുലപ്പെടാതെയും ഓരോ ദിവസങ്ങളും അടര്‍ത്തിയിടുമ്പോള്‍  എന്തിനെന്നറിയാതെ അസ്തമയങ്ങളുടെ ചാരുതയെ ഞാന്‍ പ്രണയിക്കുകയായിരുന്നു...വിളറി മഞ്ഞച്ച പോക്കുവെയില്‍ അത്തിമരച്ചില്ലകളിലൂടെ ഊര്‍ന്നു വീഴുന്നതും നോക്കി പടിഞ്ഞാറോട്ട് ഉമ്മറമുള്ള തറവാടിന്റെ ചവിട്ട് പടിയില്‍ ഇരിക്കുന്നതായിരുന്നു ഈ ലോകത്തെ ഏറ്റവും സുഖമുള്ള കാര്യമെന്ന് അരക്കിട്ടുറപ്പിച്ച കാലം .എങ്കിലും കടലിലേക്ക് താഴുന്ന സൂര്യനെ ഒരു നോക്ക് കാണാന്‍ എപ്പോഴെങ്കിലും കടപ്പുറം വരെ പോയിരുന്നത് കടലിലേക്ക് ഉരുകി വീഴുന്ന സൂര്യ തേജസ്സിന്റെ ഒരിറ്റെങ്കിലും കൈക്കുമ്പിളില്‍ കോരിയെടുത്തു ഹൃദയത്തില്‍ സൂക്ഷിക്കാമല്ലോ എന്ന  ഭ്രാന്തന്‍ ചിന്തയാല്‍ മാത്രമായിരുന്നു. എന്റെ ചിന്തകള്‍  ഒരു തത്ത്വജ്ഞാനിയുടെതെന്ന പോലെ അനന്ത വിഹായസ്സില്‍ വിഹരിച്ച്  ഓരോ നിഗമനങ്ങളില്‍ എത്താറുണ്ടായിരുന്നു. .അതിലൊന്നു അലയാഴിക്കും മനുഷ്യ മനസ്സിനും ഒരു പാട് സമാനതകള്‍ ഉണ്ടെന്നതായിരുന്നു.തീരത്തെ മണല്‍ത്തരികളില്‍  മനസ്സിന്റെ നീറ്റലുകള്‍ വരച്ചു തിരമാലയെ കൊണ്ട് മായ്പ്പിക്കുന്നതും ഒരു ആശ്വാസമായി തോന്നിയിരുന്നു അക്കാലത്ത്.

ഒരു പാട് നിഗൂഢതകള്‍ ഉള്ളില്‍ ഒളിപ്പിക്കുന്ന മനസ്സ് പോലെയാണ്  കടലാഴവും . ഉള്ളില്‍ അടക്കി വെച്ചതിനെ ഒരുനാള്‍ അലമാലകളായ്  പുറത്തേക്ക് പായിക്കുമ്പോള്‍ അനുഭവിക്കുന്ന ഉന്മാദം മനസ്സിന്റെ വിങ്ങലുകള്‍ അട്ടഹാസമായ് പുറത്ത് വരുന്നത് പോലെയല്ലേ എന്നു ഞാന്‍ വിസ്മയപ്പെട്ടിരുന്നു.അത് വരെ ശാന്തമായി കിടന്നിരുന്ന തിരകള്‍  എന്നെ കാണുമ്പോള്‍ ആഹ്ലാദത്തോടെ ഞൊറി നെയ്ത അലമാലകളുമായി എന്റെ പാദങ്ങളില്‍ വന്നു ചുംബിച്ചിരുന്നു. എന്റെ മുഖത്തു പരശ്ശതം തുള്ളികള്‍ തെറിപ്പിച്ചു ആവേശമടക്കി തിരിച്ചു പോയിരുന്ന തിരകള്‍ വീണ്ടും പൂര്‍വ്വാധികം ഉന്മേഷത്തോടെ എന്നിലേക്ക് പാഞ്ഞു വന്നിരുന്നത് എന്നോടുള്ള പ്രണയ പരവശത്താലായിരുന്നുവെന്നു എനിക്ക്  വെറുതെ തോന്നിയിരുന്നു..അറബിക്കടലിനെ ഒരു കാമുകനായി സങ്കല്‍പ്പിച്ചു തിരികെ പോരുമ്പോള്‍ കൈവെള്ളയില്‍ അമര്‍ത്തി പിടിച്ച ഉരുകിയ അസ്തമയ രേണുക്കള്‍ പതിയെ നെഞ്ചോടമര്‍ത്തി ഹൃദയത്തിന്റെ അഗാധതയിലേക്ക് കുടഞ്ഞു ഒരു പ്രണയിനിയുടെ വികാരത്തോടെ സംതൃപ്തിയടഞ്ഞിരുന്നത് ഏകാന്തതയിലെ സങ്കല്പ്പലോകം കാണിച്ചു തന്ന അദൃശ്യനായ അനുരാഗി ഉള്ളില്‍  നിറഞ്ഞാടിയത് കൊണ്ടാകാം.

അക്കാലമത്രയും ഞാന്‍  കരുതിയത് കടലുകള്‍ എന്നും അസ്തമയത്തിന്റെ കാമുകരാണെന്നാണ് .വിവാഹിതയായി ഖോര്‍ഫക്കാന്‍ എന്ന യു എ ഇ യുടെ കിഴക്കന്‍ തീരം അണയുന്നത് വരെ എന്റെ  ആ വിശ്വാസത്തിനു മാറ്റമില്ലായിരുന്നു.ഒരു വശത്ത് കൂര്‍ത്ത പാറകള്‍ ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ .മറുവശത്ത് ഒട്ടും ധൃതിയില്ലാതെ ശാന്തരായി ഓളം തുള്ളുന്ന അറേബ്യന്‍ കടലിടുക്ക് .കടലാഴത്തില്‍ നിന്നുയര്‍ന്ന മൈനാകം പോലെ ഒരു കരിമ്പാറ കരയില്‍ നിന്നും അത്രയ്ക്ക്  ദൂരെയല്ലാതെ കാണുന്നത് ആ കടല്‍ തീരത്തിന്റെ മാത്രം സവിശേഷതയാണ് .നീലാകാശത്തെ ആവാഹിച്ച  ആഴിപ്പരപ്പ് ശാന്തവുമായിരുന്നു.  ഒരുറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ്  ആ കാഴ്ച കാണുന്നത്. ഇളം ചുവപ്പ് രാശിയിലുള്ള ഉദയ കിരണങ്ങള്‍ കടലിനു നടുവിലെ ആ കരിമ്പാറയ്ക്കപ്പുറത്ത് നിന്നും ചിന്നിചിതറുന്നു.  ദൂരെ ദൃശ്യമായ ആ  അതിശയക്കാഴ്ച  എന്നെ എന്നും ആ കടല്‍ തീരത്തെ പ്രഭാതങ്ങളിലെക്കെത്തിക്കുന്നതിനുള്ള ഒരു ഹേതുവായി മാറി. .ഒരു പ്രഭാത സവാരി ..അതുവരെ അസ്തമയം മാത്രം കണ്ട എന്റെ കടല്‍ക്കാഴ്ച്ചകളിലേക്ക് പുതിയൊരനുഭവം ആയിരുന്നു അത്. ഞാന്‍ ഒരു പ്രവാസിയായി മരുഭൂമിയുടെ മണലില്‍ പാദമുദ്രകളെ കോറിയപ്പോള്‍ എനിക്കെല്ലാം വിചിത്രങ്ങളും വ്യത്യസ്തങ്ങളുമായ അനുഭവങ്ങളായിരുന്നു.ചെങ്കുത്തായ പാറക്കെട്ടുകളില്‍ മേഞ്ഞു നടക്കുന്ന കോലാടുകളും,പാറകളിലള്ളി വളര്‍ന്ന പച്ചപ്പും എന്നെ അദ്ഭുതത്തിന്റെ ഉത്തുംഗതയില്‍ നിറുത്തി.

എണ്ണപ്പണം മോഹിച്ചു സ്വപ്നങ്ങളുടെ മാറാപ്പുമായി  ഉരു കയറി പുറപ്പെട്ടവര്‍ കയ്യും കാലും കുടഞ്ഞു വീശി നീന്തിയണഞ്ഞതും അവര്‍ക്ക് അഭയം നല്‍കിയതും  ഖോര്‍ഫക്കാന്‍ തീരമാണ്.കാല്‍പ്പനികതയുടെ നിധി കുംഭങ്ങള്‍ ആഴത്തില്‍ ഒളിഞ്ഞു കിടക്കുന്ന പുരാതനങ്ങളായ ഒരു പാട് ഗ്രാമങ്ങള്‍ യു എ ഇ യില്‍ ഉണ്ട് . അതിലൊരു  ഗ്രാമമാണ് ഖോര്‍ഫക്കാന്‍ . പ്രാചീന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ മയങ്ങുന്ന മലമടക്കുകള്‍ .ദുബായിയെന്ന സ്വപ്നനഗരിയുടെ  വര്‍ണ്ണശബളിമ തൊട്ടു തീണ്ടാത്ത ആ മനോഹര തീരം പക്ഷെ സ്വപ്നം വാങ്ങാന്‍ വന്നവരുടെ ഈറ്റില്ലമായത് ഏതോ ഒരു മുജ്ജന്മ സുകൃതം പോലെ.കാരണം വലിയ ചിലവില്ലാതെ ജീവിക്കാനും ഒന്ന് കിതപ്പാറ്റും വരെ അന്തിയുറങ്ങാനും ഉറ്റവരും ഉടയവരുമില്ലെങ്കിലും ആ വിഷമമറിയാതെ കഴിയാന്‍ ഉതകുന്ന ചില സാഹചര്യങ്ങള്‍ ഖോര്‍ഫക്കാന്‍ എന്ന പ്രദേശത്തിന് അവകാശപ്പെടാനുണ്ടായിരുന്നു. സ്നേഹിക്കാന്‍  അറിയുന്ന ഒരു കൂട്ടം നല്ലവരായ തദ്ദേശിയര്‍ സഹായ ഹസ്തങ്ങളുമായി ആ തീരമണഞ്ഞവര്‍ക്ക് മുന്നില്‍ നിരന്നു നിന്നത് ദൈവഹിതമായിരിക്കാം ..വലിയ വിദ്യാഭ്യാസമില്ലാത്തവര്‍  തദ്ദേശിയര്‍ക്കൊപ്പം മീന്‍ പിടിക്കാനും ഈന്തപ്പനതോട്ടങ്ങളില്‍ വെള്ളം തേവാനും നീങ്ങിയപ്പോള്‍ .അത്യാവശ്യം അക്ഷരഭ്യാസമുള്ളവരും അറബി ഭാഷയുടെ പ്രാഥമികജ്ഞാനമുള്ളവരും ഹുക്കുമത്ത് എന്നറിയപ്പെടുന്ന സര്‍ക്കാര്‍ മേഖലകളില്‍ ജോലി നേടി.കഴുതപ്പുറത്ത് മാത്രം സഞ്ചരിക്കുന്ന ബദുക്കള്‍ അഥവാ ബദവികള്‍   എന്ന മരുഭൂമിയുടെ സ്വന്തം ആത്മാക്കള്‍ ചെറുതെങ്കിലും മനോഹരമായ ഖോര്‍ഫക്കാന്‍ നഗരത്തിലേക്ക് ഇറങ്ങി വരാന്‍ മടിച്ചു നിന്നത് അവരുടെ പാരമ്പര്യത്തെ മുറുകെ പിടിച്ചത്  കൊണ്ടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഖോര്‍ഫക്കാനില്‍  എത്തിയ എനിക്ക്  അന്നത്തെ മലനിരകള്‍ക്കപ്പുറത്തെ മരുപ്പച്ചകള്‍ക്കിരുവശങ്ങളിലും ജീവിക്കുന്ന ബദവികളുടെ ജീവിതം ഒരദ്ഭുതമായിരുന്നു.മലമടക്കുകളെ സഞ്ചാര പാതകളാക്കി കഴുത പുറത്ത് ഇരുന്നു മലയിറങ്ങി വന്നിരുന്ന ഇവര്‍  എന്റെ ജാലക കാഴച്ചയുടെ ആര്‍ഭാടമായി മാറിയത് സ്വാഭാവികം.

വലിയ അടയാളങ്ങളൊന്നും ബാക്കി വെക്കാതെ ഋതുപ്പകര്‍ച്ചകള്‍ ഒന്നൊന്നായ് വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു.  എന്റെ വീട്ടില്‍ കുഞ്ഞു പാദങ്ങള്‍ തലങ്ങും വിലങ്ങും ബഹളമുണ്ടാക്കി പായുകയും വര്‍ഷങ്ങളുടെ ദൈര്‍ഘ്യമറിയിക്കാതെ വളര്‍ച്ചയുടെ പടവുകളെ ഓടിക്കയറുകയും ചെയ്യവേ കണ്മുന്നില്‍ ഖോര്‍ഫക്കാന്റെ കടല്‍ത്തീരം ഒരു നവോഢയെ പോലെ അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു.പതിയെ പതിയെ ഗ്രാമത്തിന്റെ നിഷകളങ്കഭാവത്തിനു മേലെ  നഗരം തന്റെ  സ്ഥായീഭാവമായ  കപടതയുടെ മുഖപടം എടുത്തണിഞ്ഞു.പഴയ സ്നേഹവും കാരുണ്യവും നിറച്ച കണ്ണുകളില്‍ കച്ചവടത്തിന്റെയും കൌശലത്തിന്റെയും മഞ്ഞ നിറം കലരുന്നുണ്ടായിരുന്നു.രാജ്യത്തിന്റെ സുരക്ഷതയെ ഉറപ്പിക്കാനുള്ള നിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ ഒന്നൊന്നായ് പ്രവാസികളെ ചൂഴ്ന്നു തുടങ്ങി.വിസയില്ലാതെ അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ ഔദാര്യ വിസയില്‍ കഴിഞ്ഞിരുന്നവര്‍ പിടിക്കപ്പെടുന്ന നാളുകള്‍ വന്നു തുടങ്ങി ..ആയിടക്കാണ് ഒരു കുടുംബ സുഹൃത്ത് "റാസ്‌ അല്‍ ഖൈമ" എന്ന സ്ഥലത്ത് നിന്നും ഒരു വിവരം അറിയിക്കുന്നത് .അവരുടെ ഒരു ബന്ധുവായ  മൂന്നു കുട്ടികള്‍ അടങ്ങുന്ന കുടുംബം  വിസയും ജോലിയുമില്ലാതെ വലയുന്നു .എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് .
പറഞ്ഞ വിവരങ്ങളനുസരിച്ച് അവരെ ചെന്ന് കണ്ടു .വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന ഒരു കുടുംബം ..ഇതിലും ഭേദം അവനവന്റെ നാട്ടില്‍ കഴിയുന്നതല്ലേ എന്ന ചോദ്യത്തിന് അങ്ങനെ ഒരു തിരിച്ചു പോക്കിലും നല്ലത് ഇവിടെ കഴിയലാണ് നല്ലതെന്ന മറുപടി തെല്ലു അരോചകമായി തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഓരോ മനുഷ്യനും അവന്റെ അഭിമാനവും ദുരഭിമാനവും അവന്റെ മാത്രം സ്വന്തമല്ലേ എന്ന ആശ്വാസത്തില്‍ മൌനം പൂണ്ടു.പക്ഷെ ഏറെ നാള്‍ അവര്‍ക്ക് അങ്ങനെ ഒളിഞ്ഞും ഉള്‍വലിഞ്ഞും കഴിയാന്‍ ആകുമായിരുന്നില്ല. ചില്ലറ അസുഖങ്ങള്‍ അലട്ടുന്ന അയാള്‍ക്ക് കഠിനാധ്വാനം ചെയ്യാനും സാധിക്കുമായിരുന്നില്ല.വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരുടെ  വിദ്യാഭ്യാസം ,എന്തെങ്കിലും അസുഖം വന്നാല്‍ പോലും മതിയായ രേഖകളില്ലെങ്കില്‍ നിഷേധിക്കപ്പെടുന്ന ആതുര സേവനം .തുടങ്ങി എന്തിനും ഏതിനും ഒരന്യ രാജ്യത്തെ നിയമങ്ങളെ മാനിക്കാതെ നില്‍ക്കാന്‍ ആവില്ല എന്ന പരമാര്‍ത്ഥമുള്‍ക്കൊണ്ട് മനസ്സില്ലാ മനസ്സോടെ ആ കുടുംബം ഇവിടം വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പണയപ്പെടുത്തിയ പാസ്പ്പോര്‍ട്ടുകള്‍ തിരിച്ചു പിടിക്കാന്‍ തന്നെ പതിനായിരക്കണക്കിനു ദിര്‍ഹം മുടക്കണം ..എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിനിടയില്‍ ആരോ പറഞ്ഞു സമീപ പ്രദേശമായ ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .അവിടം  വരെ എത്തിപ്പെട്ടാല്‍ അവിടുത്തെ ഇന്ത്യന്‍ എംബസ്സിയില്‍ ചെന്നാല്‍ നാട്ടില്‍ പോകാനുള്ള ഔട്ട്‌ പാസ്സ് സംഘടിപ്പിച്ച് കൊടുക്കാം എന്ന്..ഈ വാര്‍ത്ത വലിയൊരാശ്വാസമായെങ്കിലും യു എ ഇ യുടെ അതിര്‍ത്തി കടക്കേണ്ടത് വലിയൊരു പ്രശ്നം തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം ഞങ്ങളെ അലട്ടി..ഇതിനിടയില്‍ ചില കൂട്ടായ്മകള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും പിരിച്ച കുറച്ചു പണം, പിന്നെ വഴിയാത്രക്കിടയില്‍ ആവശ്യം വരുന്ന  ഭക്ഷണം ,അത്യാവശ്യം പുതു വസ്ത്രങ്ങള്‍ ഇവയെല്ലാം ഒരുക്കി വെച്ച്  ആ കുടുംബത്തെ ഒരു നീണ്ട യാത്രയ്ക്ക് സജ്ജമാക്കിയിരുന്നു..തികച്ചും രഹസ്യമായി തന്നെയാണ് വിഷയത്തെ വേണ്ടപ്പെട്ടവര്‍ കൈകാര്യം ചെയ്യുന്നത്.നിയമങ്ങള്‍ ലംഘിച്ച് കൊണ്ടാണെങ്കിലും ധാര്‍മ്മികതയെക്കാള്‍ അവിടെ വിലപ്പെട്ടത് മനുഷ്യത്വം ആയിരുന്നു എന്നത് കുറ്റബോധത്തെ ഇല്ലാതാക്കി..കുടുംബ ആത്മഹത്യകള്‍ ചെറിയ തോതിലെങ്കിലും അങ്ങിങ്ങു നടക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു .അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍  സുമനസ്സുകളായ ചിലരുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട്  തന്നെ രാജ്യാതിര്‍ത്തി കടക്കാനുള്ള തന്ത്രവും ഇതിനിടയില്‍ ആരോ മെനഞ്ഞു..അതിര്‍ത്തിയിലെ കാവല്‍ ഭടന്മാര്‍ റോഡുകളിലാണ് പരിശോധന നടത്തുന്നത് .അത് കൊണ്ട് റോഡിനിരുവശങ്ങളിലുമുള്ള  പരന്ന മണല്‍ക്കാട്ടിലൂടെ മാത്രമേ കാല്‍നട സാധ്യമാകൂ.തന്നെയുമല്ല രാത്രിയില്‍  അതിര്‍ത്തി കടക്കുക എന്നത് ഏറെ ദുഷ്ക്കരമായ ഒരുദ്യമം കൂടിയാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു .ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ വേണം ആ കടമ്പയെ നേരിടാന്‍ എന്ന് ആരൊക്കെയോ ചേര്‍ന്നു ഗൃഹനായകനോട് ഉപദേശിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ അതിനുള്ളില്‍ അതിര്‍ത്തിയിലെത്താം .  ഒമാന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍  അവിടെ ഏല്‍പ്പിച്ച ആളുകള്‍ വാഹനവുമായി എത്തിക്കൊള്ളും .പിന്നെ ഔട്ട്‌ പാസ്സും ശരിയാക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നാടെത്താം.പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാവരുടെയും ഉത്സാഹത്തിനു ഊര്‍ജ്ജമായി..പക്ഷെ വൈതരണിയായ് അപ്പോഴും ഈ അതിര്‍ത്തി തന്നെ .കൂടാതെ ലക്ഷ്യത്തിലെത്താന്‍ മരുഭൂമിയിലൂടെയുള്ള കുറുക്കു വഴി കാണിച്ചു തരുന്ന ആള്‍ കൈചൂണ്ടുന്ന ദിക്കിലേക്ക് നടന്നു തുടങ്ങിയാല്‍ പിന്നെ ചുറ്റും കാണുന്നത് മണല്‍പ്പരപ്പിന്റെ മഹാസമുദ്രമായിരിക്കും .വഴി തെറ്റാനും തെറ്റിക്കാനും വൈദഗ്ദ്യമുള്ള മരുഭൂമിയുടെ മുഖം അതിനിരയവരില്‍ നിന്നു ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണ്. മണല്‍പ്പരപ്പിലൂടെ നടന്നു നീങ്ങുമ്പോള്‍ ചക്രവാളം താഴേക്ക് ഊര്‍ന്നിറങ്ങി വന്നതെന്ന് തോന്നും .ഓരോ മണല്‍ക്കുന്നുകളും താണ്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ട വഴി കണ്മുന്നില്‍ നിന്നും അപ്രത്യക്ഷരായിട്ടുണ്ടാകും.ഏതു നിമിഷവും വീശിയടിക്കാവുന്ന മരുക്കാറ്റ്  ദിശ തന്നെ മാറ്റിമറിക്കും..ഇതെല്ലാം മുഖത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ദുര്‍ഘടങ്ങള്‍ തന്നെ.ഞങ്ങളുടെ ഉള്ളിലാളുന്ന ആശങ്കയുടെയും ഭയത്തിന്റെയും സ്ഫുലിംഗങ്ങള്‍ പുറത്തേക്കു വരാതിരിക്കാന്‍  നന്നേ  പാടുപ്പെട്ടു കൊണ്ട് അവരുടെ മനസ്സിലേക്ക് ആത്മവിശ്വാസത്തിന്റെ കനല്‍ കോരിയിട്ടു..
മൂന്നു മക്കളും ഭാര്യയുമായി ആ സാഹസികത ഏറ്റെടുക്കാന്‍ അയാള്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന  അവരുടെ സുരക്ഷിതമായ യാത്രയെ കുറിച്ചും , ചിന്ത അതെങ്ങനെയൊക്കെ ചിട്ടപ്പെടുത്തണമെന്നതുമായിരുന്നു. . മസറകളിലേക്ക് ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമുള്ള തീറ്റയുമായി പോകുന്ന വാഹനത്തിലാണ് കുറച്ചു ദൂരമെങ്കിലും പോകുന്നത്.അത് കഴിഞ്ഞാല്‍ പിന്നെ കാല്‍നടയായും.അധികമൊന്നും നടക്കേണ്ടി വരില്ല എന്ന ഇടനിലക്കാരന്റെ ആശ്വസിപ്പിക്കല്‍ സത്യമാകണേ എന്ന്  പ്രാര്‍ത്ഥിച്ചു .ഈ യാത്രയുടെ വിഷമതകളും ഒപ്പം അനിവാര്യതയും മനസ്സിലാക്കി കൊടുത്തുകൊണ്ട്  തന്നെ അതിനു വേണ്ട മാനസികമായി തയ്യാറെടുപ്പ് നടത്താന്‍ അവരോടു  നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ എന്തും നേരിടാനുള്ള മനഃക്കരുത്തോടെ പതിമൂന്നും പതിനൊന്നും ഏഴും വയസ്സുള്ള മൂന്നു കുട്ടികളും ഭാര്യുമായി ആ കുടുംബനാഥന്‍ മണല്‍ക്കാടിനോട് വിട പറയാനൊരുങ്ങി. ഒരു രാത്രിയില്‍ യു എ ഇ യുടെയും ഒമാന്റെയും അതിര്‍ത്തിക്കിടയിലെ മണല്‍പ്പരപ്പില്‍ ആ കുടുംബത്തെ വിട്ടു പോരുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു മഹാസമുദ്രം ഭീമാകാരങ്ങളായ തിരമാലകള്‍ക്ക് രൂപം കൊടുക്കുന്നുണ്ടായിരുന്നു.മൊബൈലില്‍ വിളിച്ചു വിവരം അറിയാമെന്നു വെച്ചാല്‍ കാവല്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നടത്തുന്ന പ്രയാണത്തെ അത് ബാധിച്ചാലോ എന്ന് ഭയന്ന് അങ്ങനെ ഒരു സാഹസം വേണ്ട എന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു..ഇനി അവിടെയൊക്കെ മൊബൈലിന്റെ സിഗ്നലുകള്‍ കരുണ കാണിക്കുമോ എന്നും നല്ല നിശ്ചയമില്ലായിരുന്നു.പറഞ്ഞത് പ്രകാരം ആടുകള്‍ക്കുള്ള തീറ്റയുമായി വന്ന വാഹനത്തില്‍ അവരെല്ലാവരും പ്രാര്‍ഥനയുടെ ഉയര്‍ത്തി പിടിച്ച കരങ്ങളുമായി യാത്ര പുറപ്പെട്ടു.മിനിറ്റുകള്‍  ഒച്ചിന്റെ വേഗതയില്‍ ഇഴയുമ്പോള്‍ മനസ്സിനുള്ളില്‍  ജീവിതമേല്പ്പിച്ച കദനങ്ങളുടെ ഭാണ്ഡവുമായി ഒരു  കുടുംബം മണല്‍ക്കൂനകളുടെ നിഴല്‍ പറ്റി നിശ്ശബ്ദം നീങ്ങുന്ന കാഴ്ച്ചയായിരുന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഇറുകിയടച്ച മിഴികള്‍ക്കുള്ളില്‍ കടലാഴങ്ങളില്‍ കുഞ്ഞു വട്ടികളുമായ് മുത്തു വാരി നിവരുന്ന ബദവികളുടെ മുഖങ്ങള്‍ .എണ്ണപ്പണം തേടിയെത്തുന്ന സ്വപ്നസഞ്ചാരികള്‍ കടലിലെ അലമാലകള്‍ക്ക് കുറുകെ കൈവീശി നീന്തിയണഞ്ഞു  മണലാരണ്യത്തിലെ  തിളയ്ക്കുന്ന സൂര്യന് കീഴില്‍ വിങ്ങുന്ന മണലിലൂടെ സഞ്ചാരപഥങ്ങളെ തേടുന്നത്  മനോമുകുരത്തിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.അവര്‍ പ്രവാസികളെന്നു സ്വയം വിളിക്കുകയും  സ്വപ്നങ്ങള്‍ വില്‍ക്കുകയും യാഥാര്‍ത്ഥ്യങ്ങളെ പണയം വെയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തീണ്ടാപ്പാടകലത്തില്‍ നില്‍ക്കുന്ന എന്റെ നിദ്ര ആഴക്കടലിലെ മലര്‍ച്ചുഴിയെന്ന പോലെ എന്നെ വലച്ചു കൊണ്ടിരുന്നു.പാതിരാവിലെപ്പോഴോ  ആശ്വാസത്തിന്റെ ഈണവുമായി ആരുടെയോ ഫോണ്‍ വന്നു .ആ കുടുംബം അതിര്‍ത്തി കടന്നിരിക്കുന്നുവത്രെ..അല്‍ഹമ്ദുലില്ലാഹ് .പാതിമയങ്ങുന്ന എന്റെ മനസ്സിലപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും നീന്തുന്ന ഏതൊക്കെയോ സ്വപ്നസഞ്ചാരികളുടെ പിടയ്ക്കുന്ന കൈകള്‍ അന്തരീക്ഷത്തിലൂടെ ആരെയോ മാടി വിളിക്കുന്ന ദൃശ്യമായിരുന്നു.

Wednesday 4 December 2013

അര്‍ദ്ധവിരാമം

അര്‍ദ്ധവിരാമം :-

തലേന്ന് പെയ്ത മഴയില്‍ ചേറും ചെളിയും പുതഞ്ഞ വഴിയിലൂടെ കാലുകള്‍ വലിച്ചു  നടക്കുമ്പോള്‍ അനാമിക ആരോടെന്നില്ലാതെ പിറുപിറുക്കുകയായിരുന്നു. കയ്യിലേന്തിയ പൂക്കളുടെ ചിത്രങ്ങളുള്ള ചണസഞ്ചിയില്‍ നിന്നും പുറത്തേക്ക് തുറിച്ച് നോക്കുന്ന മുരിങ്ങാക്കായും .അയല മീനിന്റെ പൊതിയും  പരമാവധി ശരീരത്തോട് ചേര്‍ത്ത് വെച്ചവള്‍ മുന്നോട്ടാഞ്ഞ് നടന്നു.തോട്ടിറമ്പിലൂടെ കുണുങ്ങി കുണുങ്ങി നീങ്ങുന്ന കുളക്കോഴികൂട്ടങ്ങള്‍ അവളെ കണ്ടതും ചകിതരായ് തോട്ടു വക്കത്തെ നീരോലിപ്പൊന്തയിലേക്ക് ഓടി മറഞ്ഞു.  കുളവാഴപ്പൂക്കള്‍ പൂത്തുലഞ്ഞ് കിടക്കുന്ന തോട്ടില്‍  ചൂണ്ടയിട്ട് നില്ക്കുന്ന ചെറുമ ചെക്കന്‍ അവന്റെ അരികത്തിരിക്കുന്ന കുട്ടയിലേക്ക് ഏതോക്കെയോ ചെറുമീനുകളെ പെറുക്കിയിടുന്നുണ്ട്..അന്തിച്ോപ്പ് വാരിപ്പൂശിയ മാനത്ത് അലയുന്ന മേഘത്തുണ്ടുകള്‍ തോട്ടിലെ അലകള്‍ക്ക് മേലെ ഇളകുന്നതും നോക്കി തോടിനു കുറുകെ ഇട്ട തെങ്ങ് തടിപ്പാലത്തിലൂടെ മറുകരയിലേക്കവള്‍ ഓടിക്കയറുമ്പോള്‍ പഞ്ചായത്ത് നാഴികമണിയില്‍  നിന്ന് ആറു മണിയുടെ സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.
                                                               (crtsy:Ishaq)

എന്നും അധ്യാപന വൃത്തിയും കഴിഞ്ഞിറങ്ങുന്ന അവളുടെ തലയില്‍ വൈകീട്ട് വീട്ടിലെത്തിയാല്‍ തയ്യാറാക്കേണ്ട അത്താഴത്തിന്റെ വിഭവങ്ങളെന്തൊക്കെ ആയിരിക്കണമെന്നതോ അതല്ലെങ്കില്‍ പലചരക്ക് കടയില്‍ നിന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയോ ഒക്കെ ആയിരിക്കും അലട്ടുന്ന വിഷയങ്ങളായി ഉണ്ടാവുക ..പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവളുടെ ചിന്ത രണ്ടു പ്രാവശ്യമായി ഒരേ ആവശ്യത്തിനു കത്തയച്ച് കൊണ്ടിരിക്കുന്ന പത്രാധിപരാണ്.പ്രമുഖ വാരികയുടെ വിശേഷാല്‍ പതിപ്പിലേക്ക് അനാമികയുടെ ഒരു കഥയോ നൊവെല്ലയോ വേണമെന്ന ആവശ്യം ആ പത്രാധിപരുടെ കത്തുകളില്‍ അഭ്യര്‍ത്ഥനയുടെ ഭാഷയിലായിരുന്നു.പക്ഷെ മണിക്കൂറുകള്‍ കൊണ്ട് കഥകള്‍ രചിച്ചിരുന്ന അനാമിക കുറച്ച് നാളായി അജ്ഞാതമായൊരു മാനസിക പിരിമുറുക്കത്തിലാണ്.അവളെത്ര ശ്രമിച്ചിട്ടും മനസ്സിനു തൃപ്തി തോന്നുന്ന രീതിയില്‍ എഴുതാനാവുന്നില്ല..ആരോടെന്നില്ലാതെ തോന്നിയ ദേഷ്യം അവളുടെ മുഖത്ത് പ്രതിഫലിച്ചു. എത്ര ആലോചിച്ചിട്ടും വഴുതി പോകുന്ന പദങ്ങളും കഥാബീജങ്ങളും  കൈവിരല്‍ തുമ്പില്‍ കുരുക്കിയിടാനുള്ള ശ്രമം  കഴിഞ്ഞ ഏതാനും രാത്രികളിലെ തന്റെ  വ്യര്‍ഥമായ വ്യായാമം ആയി മാറിയിരിക്കയാണല്ലോ എന്നവള്‍ ഓര്‍ക്കവെ പുതിയ കഥാതന്തുക്കള്‍ മിന്നലൊളിയെന്ന പോലെ ഒളിഞ്ഞും തെളിഞ്ഞും അവളെ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരുന്നു..

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവളുടെ നോവലിനു ലഭിച്ച പുരസ്ക്കാരത്തെ ചൊല്ലി സാഹിത്യ സദസ്സുകളില്‍ അല്ലറചില്ലറ മുറുമുറുപ്പുകളുണ്ടായിരുന്നു . സ്ത്രീ പക്ഷ എഴുത്തുകാരിയുടെ പുരുഷ മേധാവിത്വത്തിനെതിരായ പറഞ്ഞും ഉറഞ്ഞും ട്രാഷ് ആയ ഒരു ക്ലീഷെയിഡ് സബ്ജെക്റ്റ് ആണതെന്ന ചില സാംസ്ക്കാരിക നായകന്‍മാരുടെ വിമര്‍ശനങ്ങളും അതിനെ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും  ഒരു എഴുത്തുകാരിയെന്ന നിലയില്‍  അനാമികയെ   ഒന്നുലച്ചിരുന്നു എന്നത് അവള്‍ പരമ രഹസ്യമായി സൂക്ഷിച്ചിരിക്കയാണ് ..എങ്കിലും എഴുത്തിന്റെ ലോകത്തെ പുരുഷ മേധാവിത്വം എങ്ങനെയെങ്കിലും തകര്‍ത്തെറിയണമെന്ന വാദം  ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ക്കൊപ്പം അനാമികയും പ്രസംഗിച്ച് നടന്നതാണ്.പെണ്ണെഴുത്തെന്ന വേര്‍തിരിവിനോട് പോലും അനാമിക കടുത്ത വൈരാഗ്യം പുലര്‍ത്തി പോന്നു.എന്തോ ഏതോ അഹങ്കാരികളും ഗര്‍വ്വിഷ്ടരുമായ സമൂഹത്തിന്റെ ഉന്നത സ്ഥാനമാനങ്ങളിലിരുന്നു സ്ത്രീകളെ വെല്ലുവിളിച്ചിരുന്ന പുരുഷ കേസരികളെ ഒന്നടങ്കം ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും അനാമികയടങ്ങുന്ന പെണ്ണെഴുത്തുകാരുടെ സംഘടന പാഴാക്കിയിരുന്നില്ല..അതിന്റെ ചൊരുക്ക് ചിലര്‍  പരസ്യമായി തന്നെ പ്രകടിപ്പിച്ചതാണ്‌ അനാമികയുടെ പുരസ്ക്കാരത്തെ ചൊല്ലിയുള്ള വിവാദമായി മാറിയത്..ഈ വക കാരണങ്ങളാണോ അവളിലെ എഴുത്തുകാരിയെ ക്ഷീണം പിടിപ്പിച്ചത്.. കഴിഞ്ഞ കുറച്ച് കൊല്ലങ്ങള്‍ കൊണ്ട് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായി മാറിയ തന്നെ ഇത്രയും നിസ്സാര കാരണങ്ങള്‍ ചഞ്ചലപ്പെടുത്തുമോ .പക്ഷെ താന്‍ കുറച്ച് നാളായി അനുഭവിക്കുന്ന ഈ ശൂന്യതക്ക് പിന്നെ എന്താണു കാരണം ...മുടി ക്രോപ്പ് ചെയ്തു നെറ്റിയില്‍ വട്ടത്തിലൊരു പൊട്ടും തൊട്ട് കണ്ണു നിറയെ കണ്‍ മഷിയുമെഴുതി കാതില്‍ നീളത്തില്‍ തൂങ്ങുന്ന വലിയ കാതണികളുമായ് ഒരു നരച്ച കുര്‍ത്തയും അയഞ്ഞ പാന്റ്സുമിട്ട് തോളിലൊരു തുണിസ്സഞ്ചിയും അതില്‍ നിറയെ പ്രശ്നങ്ങളുമായി ദിനേന പുരുഷന്‍മാര്‍ മൂലം സമൂഹത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് വാക്ധോരണികളാല്‍ പരിഹാരം കണാന്‍ ശ്രമിക്കുന്ന നട്ടെല്ലുള്ള സ്ത്രീ സംഘടനയിലെ സജീവ പ്രവര്‍ത്തകയായ  തനിക്ക് തന്നെ ഇങ്ങനെയൊരു നിര്‍വികാരത അനുഭവപ്പെടുന്നതില്‍ അവള്‍ക്ക് തെല്ലു നിരാശ തോന്നി ..ഇടവഴിയിലെ തണല്‍ മരങ്ങള്‍ വിരിച്ച നിഴലുകളെ ചവിട്ടി വീടിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അവളിങ്ങനെ ഓരോന്നും ചിന്തിച്ച് അസ്വസ്ഥയായി കൊണ്ടിരുന്നു.

വീട്ടിലേക്കുള്ള വഴിയിലെ ഒതുക്കു കല്ലു ചവിട്ടി കയറിക്കൊണ്ട് മുറ്റത്തെത്തിയപ്പോള്‍  ഉമ്മറത്തെ ചാരുപടിയില്‍  അന്നു വന്ന തപാല്‍ ഉരുപ്പടികള്‍ ചിതറിക്കിടക്കുന്നത് കണ്ടു.അതെല്ലാം വാരിയെടുത്തു  മുന്‍ വാതില്‍ തുറന്ന് അകത്തളത്തിലേക്ക് കടന്നു..ഹാന്‍ഡ് ബാഗ്  എഴുത്ത് മേശക്ക് മേലേക്കിട്ട്  വേഗം തന്നെ അടുക്കളയിലേക്ക് നടന്നു. സിങ്കിനു മുകളില്‍ ചണസഞ്ചിയും വെച്ച് ചായയുണ്ടാക്കാനായ്  വാല്പ്പാത്രമെടുത്ത് വെള്ളവും പാലുമൊഴിച്ച് സ്റ്റൌവില്‍ വെച്ചു. മണ്‍പാത്രത്തിലെ വെള്ളമെടുത്ത് മുഖം കഴുകി അവള്‍ തന്റെ ആത്മസംഘര്‍ഷത്തിനു അയവ് വരുത്താന്‍ ശ്രമിച്ചു. ചപ്പാത്തി മാവ് കുഴച്ച് വെക്കുമ്പോള്‍ എന്നും ഓവര്‍ടൈമിന്റെ പേരും പറഞ്ഞു വൈകിയെത്തുന്ന ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധയില്ലയ്മയെ കുറിച്ച് ആകുലപ്പെട്ടു 
 കുക്കറില്‍ പരിപ്പ് വേവിക്കാനിട്ടു കൊണ്ടവള്‍  ചായയുമായി സോഫയില്‍ വന്നിരുന്നു ഓരോ കവറുകളും ശ്രദ്ധയോടെ ആര്‍ക്കൊക്കെ ആരുടെയൊക്കെ എന്നു
നോക്കാന്‍ തുടങ്ങി..ഇന്നുമുണ്ട് അവള്‍ക്ക് ആ പത്രാധിപരുടെ കത്ത്.ശ്രീമതി അനാമിക താങ്കളുടെ സൃഷ്ടി എത്രയും വേഗം തന്നെ അയച്ചു തരണം .ബാക്കി വരികളിലേക്ക് പോകാതെ അവള്‍ ആ കത്തിനെ മടക്കി വെച്ചു .

ഭര്‍ത്താവിന്റെ നീരസ പ്രകടനങ്ങളെ വകവെക്കാതെ രാത്രിയിലെ ജോലികളെല്ലാം ഒതുക്കി ഊണു മേശക്ക് മുകളില്‍ മെഴുകുതിരി കത്തിച്ചിരുന്നെഴുതുമ്പോള്‍ അവളുടെ മനസ്സില്‍ ഒറ്റ ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ..ഇന്നു എന്ത് തന്നെ വന്നാലും  തന്റെ സൃഷ്ടിയെ മുഴുമിപ്പിച്ചെ പേന താഴെ വെക്കൂ എന്ന് .ഇണചേരലിന്റെ ആലസ്യത്തില്‍ നിദ്രയുടെ തമസ്സാഴങ്ങളില്‍ ഊളിയിടുന്ന ഭര്‍ത്താവിനടുത്ത് നിന്നും ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വന്നു സാഹിത്യ രചന നടത്തുന്ന ഈ ഭൂമുഖത്തെ ഒരേയൊരു സ്ത്രീ താന്‍ മാത്രമായിരിക്കില്ല എന്നവള്‍ വെറുതെ ആശ്വസിച്ചു ..പക്ഷെ കുറച്ച് ദിവസങ്ങളായി  വിചാരിക്കുന്ന പോലെ ഒന്നും തനിക്ക് വഴങ്ങാത്തത് എന്തു കൊണ്ടെന്നറിയാതെ അനാമിക എന്ന കഥാകാരി അസ്വസ്ഥയായി..ചായ്പ്പിന്റെ തുറന്നിട്ട ജനലഴികളിലൂടെ അരിച്ചെത്തുന്ന ശീതക്കാറ്റിനു അവളുടെ വിയര്‍ത്തൊലിക്കുന്ന ശരീരത്തിന്റെ ഉള്‍താപത്തെ ശമിപ്പിക്കാനായില്ല.

എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിനിടയില്‍ വീണു കിട്ടിയ ഒരു കഥാതന്തു  പേജിലെ ചുവന്ന വരകളിലൂടെ പദങ്ങളെ പാകമാവാതെ വീര്‍പ്പുമുട്ടുന്നത്  കണ്ടപ്പോള്‍ ചങ്ക് പൊട്ടി കരയാനാണു കഥാകാരിക്ക് തോന്നിയത്..മേശപ്പുറത്തെ കൂജയില്‍ നിന്നും പതിമുഖത്തിന്റെ പൊടിയിട്ട് തിളപ്പിച്ച വെള്ളമെടുത്ത് കുടിച്ച് ഉള്ളത്തെ ഒന്നു തണുപ്പിക്കാന്‍ ശ്രമിച്ചു..ഇന്നെന്തായാലും ഈ കഥ എഴുതിയെ  അടങ്ങൂ എന്ന ദൃഢനിശ്ചയം  തലയിലൂടെ പ്രവഹിച്ച അക്ഷരയൊഴുക്കിനെ വിരല്‍ത്തുമ്പിലൂടെ പേനയിലേക്കും  കടലാസിലേക്കും പകര്‍ത്താന്‍ തുടങ്ങി.ആടിയുലയുന്ന നാളത്തില്‍ ഏതോ ചെറുപ്രാണി വട്ടമിടുന്നുണ്ട്..പൊടുന്നനെ വരികള്‍ക്കിടയിലേക്ക് ആ പ്രാണിയുടെ കരിഞ്ഞുരുണ്ട ഉടല്‍ പാറിവീണു.പേനയുടെ തുമ്പു കൊണ്ട് ആ കരിഞ്ഞ ഉടലിനെ തട്ടി മാറ്റി അനാമിക എഴുതിക്കൊണ്ടേയിരുന്നു...ക്ഷീണം മൂലം ഒരു വശത്തേക്ക് തലചെരിച്ച് വെച്ചാണ് പേനയെ ഉരുട്ടുന്നത്..ഇടത്തോട്ടേക്കിത്തിരി ചെരിഞ്ഞ കയ്യക്ഷരങ്ങളിലൂടെ അവളുടെ കഥാതന്തു വളരാന്‍ തുടങ്ങി.ചിലന്തി വലയ്ക്കുള്ളില്‍ കുരുങ്ങി കിടന്നിരുന്ന ഇര വല പൊട്ടി പുറത്ത് ചാടിയ പോലെ അനാമികയുടെ കഥാബീജം ഏടുകളില്‍ നിന്നും ഏടുകളിലേക്ക് പാഞ്ഞ് കൊണ്ടിരുന്നു. അടുത്ത മുറിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഉച്ചസ്ഥായിയിലായപ്പോള്‍ അനാമിക ഒന്നു ഞെട്ടിയെഴുന്നേറ്റു എങ്കിലും  വീണ്ടും തന്റെ രചനയില്‍ മുഴുകി.കടുത്ത വേനലില്‍ കിഴക്ക് ചക്രവാളത്തില്‍ ഭീമാകാരം പൂണ്ട് വരുന്ന കാര്‍മേഘം പോലെ ആ കഥ തിടം വെച്ച്  കൊണ്ടിരുന്നു..തുറന്നിട്ട ജനലിലൂടെ ഒരു നിശാശലഭം അവളുടെ മേശക്ക് മേല്‍  പറന്നിറങ്ങി  സ്ഥാനം ​പിടിച്ച് അള്ളി കിടന്നതിനെ അവള്‍ കണ്ടില്ലെന്ന് നടിച്ചു. തന്റെ നായികയുടെ നിസ്സഹായതയേയും സഹനശക്തിയേയും ചൂഷണം ചെയ്യുന്ന കഥാനായകന്റെ വികാസത്തില്‍ അനാമിക  അതിശയപ്പെടാതിരുന്നില്ല.ഇത്തിരി ഇടവേളയെടുത്ത്  തന്റെ കൈവിരലുകളെ ഞൊടിക്കുന്നതിനിടയില്‍ നീരോലിക്കാടുകള്‍ക്കപ്പുറം  ആരെയോ കണ്ടിട്ടെന്ന പോലെ  നായകള്‍ ഓലിയിടുന്ന ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു.

നെറ്റിയില്‍ നിന്നുരുണ്ട് വീഴുന്ന വിയര്‍പ്പിനെ കൈത്തലം കൊണ്ട് തുടച്ച് അവള്‍ എഴുത്ത് തുടര്‍ന്നു.ദുഷ്ടനായ കഥാനായകനെ ഒതുക്കാനുള്ള കരുക്കള്‍ മെനയാന്‍ അവളേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..കഥാനായകനോടുള്ള വിദ്വേഷത്താല്‍ അവളുടെ മുഖം വക്രിതമാകുകയും ശ്വാസം ദ്രുതഗതിയിലാവുകയും ചെയ്തു..സര്‍വ്വം സഹയായ നായികയെ ഇറച്ചിക്കോഴിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് പോലെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാമികയുടെ തൂലിക അയാള്‍ക്കെതിരെ ഒരു പടവാളായ് മാറുന്നത് വര്‍ദ്ധിച്ച ആവേശത്തോടെ കഥാകാരി അറിയാന്‍ തുടങ്ങി.ആ നേരത്താണ്.അവള്‍ ജനലിനടുത്ത് നിന്നാരൊ ചെറുതായി മുട്ടുന്നത് കേട്ടത്..കത്തി തീരാനായ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ ആ അവ്യക്ത രൂപത്തെ കണ്ട അനാമിക ചെറിയ നെഞ്ചിടിപ്പോടെ ജനലിനടുത്തേക്ക് നീങ്ങി.അവള്‍ക്ക് തന്റെ കണ്ണൂകളെ വിശ്വസിക്കാനായില്ല. പ്രകാശം ചിതറി വീഴുന്ന കണ്ണൂകളും പഞ്ഞി പോലെ വെളുത്ത ദീക്ഷയുമായൊരാള്‍ അവളെ അനുതാപ പൂര്‍വ്വം നോക്കി നില്ക്കുന്നു..കയ്യകലത്തില്‍ നില്ക്കുന്ന ആ മനുഷ്യനു ഈ രാത്രിയില്‍  എന്താണാവശ്യം എന്നാലോചിക്കവെ ഒരു വേള ഭര്‍ത്താവുണര്‍ന്നു വന്നു ഒരപരിചിതന്‍ താനുമായി സംസാരിക്കുന്നത് കണ്ടാലോ  എന്നവള്‍ ആശങ്ക പെട്ടു.അയാള്‍ക്ക് തന്നോടേന്തോ പറയാനുണ്ടെന്നു മനസ്സിലാക്കിയ അനാമിക അയാളോട് മൃദു സ്വരത്തില്‍ എന്താണു ആവശ്യം എന്നു തിരക്കി..

അയാള്‍ ഒന്നു മുരടനക്കി തൊണ്ടയിലെ കരകരപ്പിനെ ശരിയാക്കിയതിനു ശേഷം സംസാരിക്കാന്‍ തുടങ്ങി.പക്ഷെ തൊണ്ടയില്‍ നിന്നു വീഴുന്ന വാക്കുകള്‍ അയാളുടെ ചുണ്ടുകളിലുടക്കി നിന്നു..ഇതു കണ്ട അനാമിക വേഗം തന്നെ കൂജയില്‍ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് ആ അപരിചിതനു നേരെ നീട്ടി..ജനലഴികളിലൂടെ തന്റെ നീണ്ട കൈ കൊണ്ട് ആ വെള്ളം വാങ്ങി ഒറ്റയിറക്കിനു കുടിച്ചു.ദീക്ഷയില്‍ നിന്നുരുണ്ട് വീഴുന്ന വെള്ളത്തുള്ളികള്‍ മെഴുകുതിരിയുടെ നാളത്തില്‍ മുത്തു പോലെ തിളങ്ങുന്നത് കൌതുകത്തോടെ നോക്കികൊണ്ട് പതുക്കെ അയാളുടെ ആവശ്യം വീണ്ടുമാരാഞ്ഞു.തീക്ഷ്ണമായ ഒരു നോട്ടത്തോടെ അയാള്‍ തനിക്ക് പറയാനുള്ളത് വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളോടെ പറയാനാരംഭിച്ചു.."നിങ്ങള്‍ ഒരെഴുത്തുകാരിയാണല്ലെ".അതെ എന്നു അനാമിക മുഴുമിക്കും മുന്‍പെ അയാള്‍ തുടര്‍ന്നു.."നിങ്ങള്‍ക്കെപ്പോഴെങ്കിലും  തോന്നിയിട്ടുണ്ടോ നിങ്ങളുടെ  സൃഷ്ടികള്‍ മുഴുവന്‍ ഏകപക്ഷീയമായ വിഷയങ്ങളിലൂടെയാണ്. സഞ്ചരിക്കുന്നതെന്നു..അഥവാ അതിനപ്പുറത്തെ കാഴ്ച്ചപ്പാടിലേക്ക് നിങ്ങളുടെ സര്‍ഗ്ഗ ശക്തിയെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ...നിങ്ങള്‍ വെറുമൊരു പെണ്‍പക്ഷക്കാരിയും പെണ്ണെഴുത്തുകാരിയും മാത്രമാണെന്നും പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..പുരുഷന്‍മാരെ ദുഷ്ടകഥാ പാത്രങ്ങളാക്കാതെ അവരിലെ ഏതെങ്കിലുമൊരു ഗുണത്തെ സാമൂഹിക പ്രതിബദ്ധതയുടെ പേരിലെങ്കിലും തുറന്നെഴുതാന്‍ നിങ്ങള്‍ തയ്യാറയിട്ടുണ്ടോ...ഈ ലോകം മുഴുവന്‍ സ്ത്രീകളെ കഷ്ടപ്പെടുത്തുന്ന ദുഷ്ട ജന്മങ്ങളായി പുരുഷന്‍മാരെ താക്കോലിട്ടു കറക്കുന്ന  യന്ത്രങ്ങളെ പോലെ അടച്ചാക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും ലജ്ജയോ കുറ്റബോധമോ അനുഭവപ്പെട്ടിട്ടുണ്ടോ...സമൂഹത്തിന്റെ നിലനില്പ്പിനു പുരുഷനും സ്ത്രീക്കൊപ്പം ഉണ്ടാവണമെന്ന സാമാന്യ ബോധമില്ലാതെയല്ലെ നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ അല്ലെങ്കില്‍ ഫിമെയില്‍ ഷോവനിസ്റ്റുകള്‍ പുരുഷന്‍മാര്‍ക്കും അവരുടെ ദൌര്‍ബല്യങ്ങള്‍ക്കുമെതിരെ മുഷ്ടിയെറിയുന്നത്.ഇതൊരു സാമൂഹ്യ വിപത്താണെന്നു നിങ്ങള്‍ തിരിച്ചറിയാതിരിക്കുന്നതെന്തു കൊണ്ടാണ്."..ഇത്രയും പറഞ്ഞു അയാള്‍ തന്റെ കിതപ്പണക്കാന്‍ പാടുപെട്ടു കൊണ്ട് ജനലഴികളില്‍ ശക്തിയോടെ വിരലുകളെ അമര്‍ത്തി.

മേഘഗര്‍ജ്ജനം പോലുള്ള അയാളുടെ ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുന്ന അവളുടെ ഭര്‍ത്താവ് ഉണര്‍ന്ന് അങ്ങോട്ട് വന്നാലോ എന്നവള്‍ ഭയപ്പെട്ടു.എല്ലാം കേട്ട് തരിച്ച് നിന്ന അനാമികക്ക് തന്റെ നാവനക്കാന്‍ എത്ര ശ്രമിച്ചിട്ടും ആവുന്നില്ലായിരുന്നു..എല്ലാം കേട്ടിട്ടും ഒന്നും ഉച്ചരിക്കാനാവാത്തതില്‍ മനം നൊന്ത് നെഞ്ചിന്‍ കൂടില്‍ നിന്നും  ആളി വന്ന കോപാഗ്നിയില്‍ അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..ഒരു ദീര്‍ഘശ്വാസത്തിനെടുത്ത സമയത്തിനു ശേഷം വളരെ ശാന്തനായ് കാണപ്പെട്ട അയാള്‍ വീണ്ടും തന്റെ സംസാരത്തെ തുടര്‍ന്നു."അനാമികയടക്കമുള്ള ഫെമിനിസ്റ്റ് എഴുത്തുകാരികളുടെ പുരുഷവിദ്വേഷം ഒരു തരം മാനസിക വൈകല്യമാണ്..അതൊരു വിഷബീജമാണു..വരും തലമുറയിലെ പെണ്‍ കുഞ്ഞുങ്ങളെല്ലാം തന്നെ പുരുഷവര്‍ഗ്ഗത്തെ വേറൊരു ജീവിയായിട്ടായിരിക്കും പരിഗണിക്കുക.ശാസ്ത്രം പുരോഗമിച്ചതിനാല്‍ നിങ്ങള്‍ക്ക് വംശം നിലനിര്‍ത്താന്‍ പുരുഷന്റെ സഹായം വേണ്ട എന്നൊരു ചിന്ത കാണുമായിരിക്കും .എങ്കിലും ഒന്നു മനസ്സിലാക്കണം ശാരീരികമായ വ്യത്യാസങ്ങളില്ലെങ്കില്‍ സ്ത്രീയും പുരുഷനും മനുഷ്യര്‍ തന്നെയെന്നു.. നിഷ്പക്ഷമായൊരു  രചന നടത്താനായില്ലെങ്കില്‍ എഴുതാതിരിക്കലാണ്  ഉചിതം "..ഇത്രയും പറഞ്ഞ് ആ അപരിചിതന്‍ ഇടവഴിക്കപ്പുറത്തെ  മുളം  കാടുകള്‍ക്കിടയിലെ ഇരുളിലേക്ക് നടന്നു മറഞ്ഞു.

                                          (crtsy Ishaq)

ഒന്നു പൊട്ടിത്തെറിക്കാനോ ആ മനുഷ്യനെ രണ്ട് തെറി വിളിക്കാനോ ആയില്ലല്ലോ എന്ന കുണ്ഠിതത്തോടെ തന്റെ കൈകള്‍ രണ്ടും  കൂട്ടി പിടിച്ച് നെഞ്ചത്തടിച്ച് കരയാന്‍ അനാമിക ശ്രമിച്ചു..ശക്തിയോടെ മേശയില്‍ വന്നു പതിച്ച കൈകളെ ബലിഷ്ടമായ ഏതോ കരങ്ങള്‍ കോരിയെടുത്ത നേരത്ത് നിറഞ്ഞൊഴുകുന്ന കണ്ണൂകള്‍ തുറന്ന അനാമിക കണ്ടത് അവളെ മാറോടടക്കി ആശ്വസിപ്പിക്കുന്ന ഭര്‍ത്താവിനെയാണു. കിടപ്പു മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഭര്‍ത്താവ്  പിറുപിറുക്കുന്നുണ്ടായിരുന്നു..വിശ്രമിക്കാതെ ജോലിയും എഴുത്തുമായി ഇരുന്നാല്‍ ഇങ്ങനെ വിഭ്രാന്തികളൂണ്ടാകും ..ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല...പക്ഷെ അനാമിക അപ്പോഴും അയഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു .."ഇല്ല  എന്നെ ഭീഷണിപ്പെടുത്താന്‍   ആരോ ചില പുരുഷ എഴുത്തുകാര്‍ പറഞ്ഞയച്ച ഗുണ്ടയാണു അയാള്‍ ..അയാളെ ഞാന്‍ കൊല്ലും ..ഇനിയൊരിക്കല്‍ കൂടി അയാളെന്റെ മുന്നില്‍ വരട്ടെ ഞാന്‍ കാണിച്ച് കൊടുക്കും സ്ത്രീ എന്താണെന്നും സ്ത്രീ ശക്തി എന്തെന്നും..എന്തായാലും ഒരു ശത്രുസംഹാരപൂജ ചെയ്യിക്കണം ..ഞാനൊരുത്തനേയും വെറുതെ വിടില്ല..."  ..ആ മനുഷ്യന്‍ എന്തിനു തന്നെ ഭയപ്പെടുത്താന്‍ വന്നതെന്ന് ചിന്തിച്ച അനാമിക   മുഴുമിപ്പിക്കാത്ത തന്റെ രചനയെ ഓര്‍ത്ത് ആശങ്കപ്പെട്ടു..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും  ഉറങ്ങാനാവാതെ തിരികെ വന്നു വീണ്ടും മെഴുകുതിരി കത്തിച്ച്  എഴുത്ത് തുടരുമ്പോള്‍ കഥാനായകന്റെ സ്വഭാവത്തിനു ജനലിനടുത്ത് കണ്ട അപരിചിതന്റെ ഭാവം കൈവന്നത് കണ്ട് അനാമിക രോഷം കൊണ്ടു . ഇയാളെ ഇനി ചാരമാക്കിയാലെ തനിക്കെന്തെങ്കിലും എഴുതാന്‍ കഴിയൂ എന്ന ചിന്തയില്‍  എഴുതി തീരാറായ കഥയെ പിച്ചിച്ചീന്തി മെഴുകുതിരി നാളങ്ങള്‍ക്ക് നേരെ നീട്ടുമ്പോള്‍ ഏതൊ പുരാതന ജീവിയുടെ ഫോസില്‍ അവശിഷ്ടം പോലെ  ഉരുകിയൊലിച്ച മെഴുകിനടിയില്‍ വീണു കിടക്കുന്ന നിശാശലഭത്തിന്റെ ചിറകുകള്‍  ഇത്തിരി ജീവനു വേണ്ടി തുടിക്കുന്നുണ്ടോയെന്നവള്‍ സംശയിച്ചു.