
കാര്‍മേഘങ്ങളും മേഘഗര്‍ജ്ജനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍ പിണരുകളും ..ഇപ്പോള്‍ ആര്‍ത്തലച്ചുപെയ്തമരുമെന്ന ചിന്തയില്‍ തരളിതയായി ഹംദിന്റെ പടര്‍പ്പുകള്‍ ,ഈന്തപ്പനയോലകള്‍ ..ഗാഫു മരത്തിന്റെ ഊര്‍ന്നുലഞ്ഞു കിടക്കുന്ന ശാഖകള്‍ ....പ്രകൃതിയുടെ ഈ ഭാവമാറ്റവും ഒരു മരീചിക മാത്രമെന്ന് മരുഭൂമിയുടെ വിശ്വാസം..രാവില്‍ നിന്നും പകലിലേക്കും സൂര്യതാപത്തില്‍ നിന്നും വര്‍ഷ മേഘങ്ങളിലേക്കും പ്രകൃതിയെ രൂപപ്പെടുത്തുന്ന നിനക്ക് മാത്രമല്ലേ ഈ രഹസ്യങ്ങളുടെ കെട്ടഴിക്കാന്‍ കഴിയൂ .

എന്റെ ഉഷമലരി വള്ളികളില്‍ വിരിഞ്ഞ നീലപ്പൂക്കളില്‍ ഞാന്‍ കാണുന്നത് പ്രണയ വര്‍ണ്ണങ്ങള്‍ ചാലിച്ചു വെച്ച നിന്റെ ചായത്തളികയാണ്.
വിശാലമായ ചക്രവാളത്തിനരുകില്‍ പിടഞ്ഞു വീഴുന്ന പകലിനെ നോക്കി എന്റെ നീലപ്പൂക്കളെ നെഞ്ചേറ്റിയിരിക്കുമ്പോള്‍ നീലാകാശത്തിന്റെ നെറുകയില്‍ നീയെനിക്കൊരുക്കിയ സ്വപ്നകൊട്ടാരത്തിനു മേലെ നീല നക്ഷത്രങ്ങളുടെ തിളക്കം ഞാന്‍ കാണുന്നു.
അവിടെ നീ എനിക്കായ് വരച്ചിടുന്ന ഒരായിരം വസന്തങ്ങള്‍ എനിക്ക് മേലെ പൂക്കളുതിര്‍ക്കുന്നു.
നിന്നെ ധ്യാനിച്ച് ഇത്തിരി നേരം അനന്തവും വിശാലവുമായ പ്രണയാകാശത്തിന്റെ നിതാന്ത നീലിമയില്‍ ഞാനെന്നെ മായ്ച്ചു കളയട്ടെ
(ചിത്രത്തിന് കടപ്പാട് ജാസി കാസിം)
=====================================================
എന്റെ മഞ്ഞക്കിളി ....ഇവിടെ ഒരു വസന്തം വിരുന്നെത്തിയത് നീ അറിഞ്ഞില്ല എന്നുണ്ടോ...പാതയോരങ്ങളില്‍ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണുന്നില്ലേ ...പഴുത്തു തുടുത്ത മാമ്പഴങ്ങള്‍ മഞ്ഞ നിറവുമായി നിന്നെ കാത്തു കിടക്കുന്നുണ്ട്...ഇപ്പോള്‍ വെയിലിനു നല്ല മഞ്ഞ നിറമാണെന്ന് നീ ശ്രദ്ധിച്ചില്ല എന്നുണ്ടോ.....കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ വെള്ളരികള്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴുത്തു മഞ്ഞ നിറമായിരിക്കുന്നു. ....തൊടിയിലെ കര്‍ണ്ണികാരം പൂത്തുലഞ്ഞിരിക്കുന്നു....എന്റെ മഞ്ഞക്കിളി നിനക്കായി പ്രകൃതി മുഴുവന്‍ മഞ്ഞയില്‍ ഒരുങ്ങിയിരിക്കുന്നു ..ഇനിയും വൈകാതെ ഒരു പാട്ട് മൂളി ഇതുവഴി വന്നാലും
=====================================================
നേര്‍ത്ത മുഖാവരണം പോലെയുള്ള കോടമഞ്ഞിന്റെ ചുളുക്കുകളിലേക്ക് ഇളം വെയില്‍ അരിച്ചിറങ്ങുകയായിരുന്നു...ഹേമന്തം വസന്തത്തിനു വഴിമാറുന്ന നാളുകളിലൊന്നില്‍ ..മണല്‍ മടക്കുകളില്‍ ദേശാടനക്കിളികള്‍ പൊഴിച്ചിട്ടു പോയ തൂവലുകളില്‍ പകല്‍ക്കിനാക്കള്‍ ഉയിര്‍ത്തെഴുന്നേല്ക്കാന്‍ തുടിക്കുന്നുണ്ടായിരുന്നു..ഈന്തപ്പനയിലകളിലൂടെ വെയില്‍ത്തുണ്ടുകള്‍ ഇറ്റ് വീഴുമ്പോള്‍ മേഘങ്ങളുടെ വെള്ളിവരകളില്‍ പ്രണയത്തിന്റെ പ്രകാശം പടരുന്നുണ്ടായിരുന്നു. ഒലിവു മരത്തിന്റെ ശിഖരങ്ങളില്‍ അള്ളിയിരിക്കുന്ന ഹിമകണങ്ങള്‍ ഒരു ശലഭ ചുംബനത്തിനു കൊതിച്ച നേരം ...ഒരിളം കാറ്റ് പോലെയായിരുന്നു വന്നത്..അറിയാതെ തഴുകി തലോടി അത് മറഞ്ഞു...എന്തിനെന്നറിയാതെ ..ഇനിയെന്നു വരുമെന്ന് പറയാതെ ...
=========================================
നീലാകാശത്തിനു ചുവട്ടിലെ വിളഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗോതമ്പ് പാടങ്ങള്‍ ...മേഘാവൃതമായ മാനത്തിന് ചുവട്ടിലെ മഞ്ഞ സൂര്യകാന്തികള്‍ ..ഓ എന്റെ പ്രിയപ്പെട്ട വാന്‍ ഗൊഘ് ...താങ്കളിലെ പ്രണയം നുരയുന്ന ഏകാന്തത എന്നിലേക്ക് പടരുന്നു....എനിക്ക് മുന്നിലെ കിളി വാതിലുകള്‍ തെളിഞ്ഞ നീലാകാശത്തേക്ക് തുറന്നിരുന്നെങ്കില്‍ ..സൂര്യകാന്തിപ്പാടങ്ങളിലും വിളഞ്ഞ ഗോതമ്പ് പാടങ്ങളിലും ഏകാകിയായ പക്ഷിയെ പോലെ പറക്കാനായെങ്കില്‍ ...താങ്കളുടെ വിഷാദ ചിന്തകള്‍ എന്റെ മനസ്സിനെ ഗ്രസിക്കുന്നു..
==========================================
അസ്തമയത്തിന്റെ മടിയില്‍ ഇരുളിന്റെ ഉദയം ..ഒരു പകല്‍ കൂടി എരിഞ്ഞമരുന്നു..തണുപ്പ് തേടിയെത്തിയ ദേശാടനക്കിളികള്‍ക്ക് തിരിച്ചു പോകാന്‍ നേരമായിരിക്കുന്നു...മറ്റൊരു മേച്ചില്‍പ്പുറം അവരെ കാത്ത് അങ്ങ് ദൂരെ ..വരിതെറ്റാതെ ..ദിശ മാറാതെ ...ചേക്കേറാന്‍ ചില്ലകള്‍ തിരയാതെ അവരങ്ങനെ ചിറകടിച്ചു പറന്നു പോകുകയാണ്...ഒരു യാത്രാമൊഴി പോലുമില്ലാതെ...അവര്‍ പൊഴിച്ചിട്ട തൂവലുകളുടെ ഗന്ധം ബാക്കിയാക്കി... ഇനിയൊരു ശൈത്യം മരുഭൂമിയെ പൊതിയും വരെ ...
========================================

================================================

ഞാനലയുകയായിരുന്നു..ദേഹം വിട്ടൊഴിഞ്ഞ ദേഹിയായ് ...മഞ്ഞു പൊഴിയുന്ന നിലാവെളിച്ചത്തില്‍ എന്റെ ചിറകുകള്‍ തുടിക്കുന്നുണ്ടായിരുന്നു..കൊളുത്തി വലിയ്ക്കുന്ന പോലെ ഏതോ ചുണ്ടുകള്‍ എന്റെ നീണ്ട കഴുത്തിനെ മുന്നോട്ട് കുതിക്കാന്‍ പ്രേരിപ്പിക്കുന്നു....പുല്ലാനിക്കതിരുകള്‍ പൂത്തുലഞ്ഞ നീര്‍ത്തടങ്ങളും ,കുറുഞ്ഞികള്‍ പൂക്കാന്‍ വൈകിയ താഴ്വാരങ്ങളും ,ഇരുളില്‍ മാനുകള്‍ മേയുന്ന മേടുകളും താണ്ടി പിന്നെയും പിന്നേയും ഉയരത്തില്‍ ...എന്റെ ചിറകുകളില്‍ മേഘത്തണുപ്പ് തഴുകുന്നത് ഞാനറിയുന്നുണ്ട് ..നക്ഷത്ര ചക്രങ്ങളില്‍ എന്റെ കാലുകള്‍ തെന്നുന്നുണ്ട് ..എന്റെ മിഴികള്‍ക്ക് മുന്നില്‍ ചന്ദ്രത്തിളക്കം ... കണ്ണുകള്‍ ഇറുകെ പൂട്ടി.. മലര്‍ച്ചുഴിയിലെന്ന പോലെ കറങ്ങുന്ന ഞാനെന്റെ കനമില്ലാത്ത ചിറകുകള്‍ പിടപ്പിച്ചു കൊണ്ട് മുന്നോട്ട് കുതിക്കുകയാണ് .. അത്ര ദൂരെയല്ലാതെ ഒരു പ്രകാശത്തെ എനിക്കിപ്പോള്‍ കാണാം ...ആ വെളിച്ചത്തിലേക്ക് ഞാനെന്റെ ചിറകുകളെ വിടര്‍ത്തട്ടെ ..ഇനിയുമുയരത്തില്‍ പറക്കട്ടെ ..ആ പ്രകാശത്തില്‍ ഞാനെന്നെ ചാരമാക്കട്ടെ ...~~~~
ഇങ്ങനെ മോഹിപ്പിച്ചും പരിഭവിച്ചും നീ എങ്ങോട്ടാണ് കുതിക്കുന്നത് ..നിന്റെയൊപ്പമെത്താന്‍ കിതച്ചും കുതിച്ചും മരുഭൂ നിശ്വാസങ്ങള്‍ ...വരണ്ടുണങ്ങിയ മണല്‍ത്തരികള്‍ക്കിടയില്‍ ഒരു കടലോളം പ്രണയത്തിരമാലകള്‍ മൌനം പൂണ്ടു കിടക്കുന്നത് നീ കാണുന്നില്ലേ...ഈന്തപ്പഴക്കുലയില്‍ അവശേഷിച്ചതൊക്കേയും മണ്ണിന്റെ മാറില്‍ പോയൊളിച്ചു ..ഒരു പുനര്‍ജ്ജനി കൊതിക്കുന്ന ബീജങ്ങളെ കാണാതിരിക്കുന്നത് അന്യായം ..നിന്റെ സ്പര്‍ശത്താല്‍ തളിരിടുന്ന കാട്ടൂപൂക്കള്‍ പ്രണയനിരാസമെന്നു പരിഭവിക്കുന്നു..ഇനിയും അണയാത്ത ദേശാടനപ്പക്ഷികളെ കാത്തു ഹംദിന്റെ വള്ളികള്‍ വീര്‍പ്പു മുട്ടുന്നു..ഓര്‍മ്മയ്ക്കായ് അവര്‍ പൊഴിച്ചിട്ടു തൂവലുകള്‍ വിതുമ്പുന്നതും നിനക്ക് കേള്‍ക്കാനാവുന്നില്ലേ...ഇനിയും ഇതൊന്നുമറിയുന്നില്ല എന്ന് നടിക്കരുതേ... ====================================================
മൂവന്തിയുടെ കയ്യും പിടിച്ചു ഒരു രാവ് ഇവിടെ നടന്നടുക്കുന്നുണ്ട്..ആകാശചെരുവില്‍ വിളക്ക് തെളിയിച്ചു അമ്പിലിത്തെല്ലുമുണ്ട്..എന്റെ മുറ്റത്തെ വാകമരച്ചില്ലയില്‍ അടയിരിക്കുന്ന നിലാവും മുല്ലവള്ളിയില്‍ ഒളിഞ്ഞിരിക്കുന്ന ഇരുട്ടും ഇത്തിരി നേരത്തേയ്ക്ക് മിഴികളടയ്ക്കാമെന്നു ചെമ്പകക്കൊമ്പില്‍ ഊഞ്ഞാലാടുന്ന കാറ്റിനോട് സ്വകാര്യമായി പറഞ്ഞിരിക്കുന്നത്രേ .. ഉമ്മറപ്പടിയില്‍ നിന്നെ കാത്തു ഈ രാവുറങ്ങും വരെ കാത്തിരിക്കാം ....സമയമായില്ല എന്ന് നീ ഇനി മൊഴിയരുതേ ================================================
എന്റെ പ്രിയപ്പെട്ട മഞ്ഞ ഡാഫൊഡില്‍ ..ഞാന്‍ വരുന്ന പാതയോരങ്ങളില്‍ നീ പൂത്തുലഞ്ഞത് എനിക്ക് വേണ്ടി മാത്രമായിരുന്നല്ലോ ..മഞ്ഞു വീണ നിന്റെ മൃദുദലങ്ങളില്‍ ഞാനെന്റെ ചുണ്ടുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ നീ മൊഴിഞ്ഞിരുന്നതെന്താണ്..പ്രിയേ നീയെന്നെ ഇറുകെ പുണരുക.കാറ്റിന്റെ കരങ്ങള്‍ക്ക് വിട്ടു കൊടുക്കാതെ എന്റെ ആത്മസത്തയെ നീ മുഴുവനായും അറിയുക .എന്നായിരുന്നോ..എന്റെ കരിമ്പടത്തില്‍ വര്‍ണ്ണം വിതറി നിനക്കെന്റെ ഒപ്പം യാത്രയാകാം ... നിന്നെ ചുമന്നു ഞാനീ പ്രപഞ്ചത്തിന്റെ അതിരുകള്‍ താണ്ടാം...എനിക്കറിയാത്തതും നിനക്കറിയാത്തതുമായ അനുഭവങ്ങളിലൂടെ അലയാം ... ===================================================
ഒരു പകല്‍ കൂടി പടിയിറങ്ങുമ്പോള്‍ എവിടെയോ ഒരിളം തണ്ടിന്റെ തേങ്ങല്‍ ..നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല...പടിയിറങ്ങി മറഞ്ഞതൊന്നും തിരകെ വരില്ല...പറയാന്‍ മറന്നതോന്നും മറുവാക്കിന് കാതോര്‍ക്കില്ല...എങ്കിലും ഒരു രാവിന്റെ കടന്നു വരവിനു എനിക്ക് കാത്തിരുന്നെ മതിയാകൂ..എന്റെ ആത്മാവിനു യഥേഷ്ടം അലയാന്‍ രാവു മാത്രമല്ലേ കൂട്ടായുള്ളൂ.... ===============================================
രാവിന്റെ അന്ത്യ യാമത്തില്‍ പരമാത്മാവിന്റെ സാന്നിധ്യമറിയാനാവുക ...അവാച്യവും അനുപമവുമായ അനുഭവത്തിലൂടെ അന്തര്യാമിയില്‍ വിലയം കൊള്ളുക ...എന്നെ വന്നു മൂടുന്ന പ്രകാശവലയത്തില്‍ ഞാനറിയുന്നു ആ സാക്ഷാല്‍ക്കാരത്തെ ..ആ ചൈതന്യത്തെ ..ആകാശത്തിന്റെ നക്ഷത്രഖചിത മേലാപ്പില്‍ നിന്നും അടരുന്ന പ്രകാശരേണുക്കള്‍ ഹൃത്തടത്തിലേക്കാവാഹിക്കാന്‍ വെമ്പുന്ന ഞാന്‍ എന്റെ ഇമകളെ പൂട്ടാതെ ആത്മാവിലേക്ക് തുറന്നു വെച്ചിരിക്കുന്നു...ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാവിനെ കാത്ത്..... ==================================================
മണല്‍ക്കൂനക്കപ്പുറം മടിച്ച് നിന്നിരുന്ന മഴമേഘങ്ങള്‍ ഇന്നു മരുഭൂമിയെ ചുംബിച്ചുലച്ചിരിക്കുന്നു..തരളിതയായ മണ്ണു സൌരഭ്യം പൊഴിക്കുന്നുണ്ട്.എങ്കിലും നനഞ്ഞ് കുതിര്‍ന്ന തരികള്‍ ഇനിയും വലിച്ചെടുക്കാനുള്ള ആവേശത്തില്‍ വെമ്പുന്നത് പോലെ..ചക്രവാളങ്ങളില്‍ മഴമേഘങ്ങള്‍ കൂട് കൂട്ടിയിരിക്കുന്നത് ഇനിയും അടങ്ങാത്ത നിന്റെ മോഹങ്ങളിലേക്ക് പെയ്തിറങ്ങാനാണ്..ഒരു പക്ഷെ പടിയിറങ്ങുന്ന പകലിന്റെ ഓരം ചേര്‍ന്നെത്തുന്ന രാവിനെ സാക്ഷിയാക്കിയാകാം ആ പെയ്തൊഴിയല്‍ ..മഴയില്‍ കുതിര്‍ന്ന് നിന്നോട് രമിക്കാന്‍ നിലാവും വൈകാതെ എത്തും ....നിന്റെ തണുത്ത മേനിയില്‍ ഉരുകി വീഴാന്‍ തയ്യാറായിട്ടെന്ന പോലെ..ഇനിയുള്ള കൊടും താപത്തിന്റെ തീക്ഷ്ണതയെ മറക്കാന്‍ നനുത്ത ഓര്‍മ്മകള്‍ നല്കിക്കൊണ്ട് ഈ രാമഴ പെയ്തൊഴിയും .. ====================================================




===================================================================
എങ്ങോ പെയ്യുന്ന മഴയില്‍ നീ രാഗാര്‍ദ്രയാവുന്നതെനിക്കറിയാനാവുന്നു.ദൂരെ വീശുന്ന ഈറന്‍ കാറ്റില്‍ നിന്റെയധരങ്ങള്‍ നീലിക്കുകയും വിറക്കുകയും ചെയ്യുന്നുണ്ടല്ലോ..നിന്റെ മിഴികളില്‍ ചേക്കേറാനെത്തിയ പ്രണയത്തെ എനിക്ക് കാണാതിരിക്കാനാവുന്നില്ല...കുതിച്ചോടുന്ന സായന്തനമേഘങ്ങളുടെ അരിക് പറ്റി ഇവിടെ ഒരു പകല്‍ സന്ധ്യയിലേക്ക് മറയുകയാണെന്ന് നീ മറക്കരുത്..അകലങ്ങളില്‍ പെയ്യുന്ന മഴയില്‍ നീ നനയുന്നത് കാണുമ്പോള്‍ ഒരു പ്രണയമായ് പോലും നിന്നിലെനിക്ക് പെയ്തൊഴിയാനാവുന്നില്ലല്ലോ എന്ന് ഞാനെന്റെ മൌനമുടച്ച് നിന്നോട് മൊഴിയട്ടെ.....
================================================================
ധനുമാസത്തിന്റെ ഇളം വെയിലടര്‍ന്നു വീഴുന്ന മുറ്റത്തെ പഞ്ചാരമണലില്‍ ശൈത്യം കരുത്തേകിയ ചില്ലകളുടെ നിഴല്‍ എന്തൊക്കെയോ അവ്യക്തമായി കോറി വരക്കുന്നുണ്ട്.. ഇലകൊഴിഞ്ഞ ശിഖരങ്ങളില്‍ വിരുന്നെത്തിയ ഹിമകണങ്ങളില്‍ പതിക്കുന്ന സൂര്യ രശ്മികള്‍ ഇലമണം നുകരാനാവാതെ മിഴിനീര്‍ പൊഴിക്കുന്നു..രാവെപ്പോഴോ മടക്കി വെച്ച പ്രണയപത്രത്തില്‍ ഇനിയും എഴുതി ചേര്‍ക്കാത്ത അക്ഷരങ്ങളെ പെറുക്കി വെക്കാന്‍ തിടുക്കം കൂട്ടുന്നുണ്ട് പകല്‍ ..പക്ഷെ തൂലികയില്‍ മഷി നിറക്കാനാവാതെ നീ മൂവന്തിയെ കാത്തിരിക്കുന്നത് പ്രണയത്തിന്റെ വര്‍ണ്ണം ചുവപ്പെന്നു സ്വപ്നം കണ്ടതു കൊണ്ടല്ലെ.....
=================================================================
ശിശിരം ഉന്മത്തയാവുകയാണിവിടെ...അകലങ്ങളിലെവിടെ നിന്നാരോ മീട്ടുന്ന തന്ത്രികളുടെ പ്രകമ്പനം ശീതക്കാറ്റില്‍ അലയുന്നുണ്ട്..താളലയങ്ങളുടെ തികവില്‍ വസന്തയും ചാരുകേശിയും യമനുമൊക്കെ മന്ദ്രമായൊഴുകി പടി പടിയായ് ഉച്ചസ്ഥായിയിലെത്തി ദ്രുതതാളം മുറുക്കി അംഗുലാഗ്രത്തില്‍ നിന്നും നിണമൊഴുക്കുന്നു..ഇലയനക്കങ്ങളില്ല..കാറ്റിന്റെ നേരിയ മൂളലില്‍ ഒഴുകിയെത്തുന്ന നാദധാര മാത്രം ..ആകാശത്തിലൂടെ തിരക്കിട്ടോടുന്ന മേഘരാജികള്‍ ഒന്നോടൊന്നായ് അലിയുന്നു..അല്ലെങ്കില്‍ വാപിളര്‍ന്നു മുന്നിലുള്ളതിനെ വിഴുങ്ങുന്നു..പിന്നെ അലയടിക്കുന്ന നാദമന്ത്രണത്തില്‍ സ്വയമില്ലാതാകുന്നു.ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ ധ്യായമാന പ്രപഞ്ചത്തിലാകെ മുഴങ്ങിക്കേള്‍ക്കുന്നത് പ്രകൃതിയിലേക്കൊഴുകി വരുന്ന ആത്മീയനിര്‍വൃതിയുടെ അലയൊലികള്‍ മാത്രം ...
================================================================
നവംബര്‍ വഴിയിലുപേക്ഷിച്ച വിളറിയ വെയില്‍ നാളങ്ങളില്‍ ഡിസമ്പര്‍ മഞ്ഞു പുതപ്പിച്ചിരിക്കുന്നു..രാത്രിയിലെപ്പോഴൊ മിഴികളടക്കാതെ തിളങ്ങി നിന്നിരുന്ന നക്ഷത്രങ്ങളില്‍ നിന്നുതിര്‍ന്ന നിശ്വാസമാണല്ലോ ഹിമകണങ്ങളായ് നിന്റെ സഞ്ചാര സരണികളില്‍ വീണിരിക്കുന്നത്... അവ്യക്തമായ നിന്റെ പാദമുദ്രകള്‍ പിന്‍ നിലാവു കോറിയിടുന്ന വിചിത്രങ്ങളായ നിഴലുകളോടലിയുന്നു.. പിന്തുടരനാവും മുന്‍പെ മഞ്ഞുരുളകളായ് മാറുന്നു അവയെനിക്ക് മുന്നില്‍ ..!!..എങ്കിലും ഞാന്‍ കാത്തിരിക്കും എനിക്ക് മുന്നിലെ മഞ്ഞുരുകി സുഷുപ്തിയിലമര്‍ന്ന കാല്പ്പാടുകള്‍ തെളിയും വരെ......
==============================================================
ഇപ്പോള്‍ നമുക്കിടയിലെ മൌനത്തിനു മേല്‍ അടയിരിക്കുന്ന ഒരു പക്ഷിയാണു നീ.. എന്റെ കുഞ്ഞ് നിശ്വാസം പോലും നിന്നെ അലോസരപ്പെടുത്തരുതെന്നു ഞാനാഗ്രഹിക്കുന്നു..ചിറകടിച്ച് തളരുമ്പോള്‍ ചിറകൊതുക്കിയിരിക്കാനൊരു ചെറു ചില്ല തേടുമ്പോള്‍ ഇരുള്‍ പൊതിഞ്ഞ ശിഖരങ്ങളില്‍ രാവ് ഉറക്കമുണര്‍ന്നിരിക്കുന്നുണ്ടാകും ... രാപ്പാടിയുടെ തേങ്ങലില്‍ മനം നൊന്ത് ദൂരേക്ക് മറയുന്ന മേഘത്തുണ്ടുകള്‍ നിലാവിനെ മൂടുമ്പോള്‍ താഴ്വാരം സുഷുപ്തിയിലമര്‍ന്നിട്ടുണ്ടാകും .. മൌനമുടച്ച് നിനക്കെത്താനായെങ്കിലെന്ന് ഇനിയും ഞാന്‍ കരുതുന്നത് വൃഥാ..
==================================================================
ഏതോ അജ്ഞാത ദുഃഖം ഘനീഭവിച്ച മുഖഭാവത്തോടെ അഭ്രപഥങ്ങളില്‍ അലസമായ് അലയുമ്പോള്‍ സൈകതത്തിന്റെ തേങ്ങല്‍ മല്‍ഹാര രാഗമായ് നീ കേട്ടുവോ..ഇവിടെ ചുണ്ടും പിളര്‍ത്തി നിന്നെ പാനം ചെയ്യാന്‍ വെമ്പുന്ന ഒരു ചാതകത്തെ കാണാനാവുന്നില്ലെ... ..ഇനിയും അടക്കി വെക്കാനാവില്ലെന്ന് നിനക്കറിയാമായിരുന്നു ..വര്‍ഷമായ് പെയ്തൊഴിയുന്ന നേരത്ത് നീ കാണുന്നില്ലെ ചുട്ടു പൊള്ളി കിടക്കുന്ന മണല്‍ക്കാടിന്റെ ആവേശം ..ഓരോ തുള്ളിയും നെഞ്ചിലേക്കേറ്റു വാങ്ങി ആത്മ നിര്‍വൃതിയടയുമ്പോള്‍ മരുക്കാടുകള്‍ക്കറിയാം ഒന്നും സ്ഥായിയല്ല എന്ന് .. അത് കൊണ്ടല്ലേ നീ ദൂരേക്ക് മറയുമ്പോള്‍ അരുതേയെന്ന് വിലപിക്കാന്‍ പോലും ഈ മരുഭൂമിക്കാവാത്തത്...
================================================================
ഇരുട്ടിന്റെ സ്വകാര്യങ്ങള്‍ കേട്ട് രാവിന്റെ മടിയില്‍ മയങ്ങിയ പകല്‍കിനാക്കളെ പുലരിക്കിളി തുയില്‍ പാടിയുണര്‍ത്തും വരെ നിദ്ര വെടിഞ്ഞില്ല.നക്ഷത്രങ്ങള്‍ ഒഴുക്കിയ താപത്തില്‍ ;രാക്കാറ്റിന്റെ ശൈത്യത്തില്‍ ;ഇരുളിന്റെ സാന്ദ്രതയിലുമൊക്കെ പകല്‍കിനാക്കള്‍ വെയിലിനെ മോഹിക്കുകയായിരുന്നു..കാണേണ്ട കനവുകളുടെ ഹ്രസ്വ ദീര്‍ഘ തരംഗങ്ങളില്‍ ഒഴുകുകയായിരുന്നു..പകല്‍ വിളക്കിന്റെ തിരി തെളിഞ്ഞിട്ടും ശാഖികളില്‍ മയങ്ങിയ ഇരുള്‍ മറഞ്ഞിട്ടും പകല്‍ കിനാവ് മിഴികള്‍ തുറന്ന് പകല്‍ നക്ഷത്രങ്ങളെ സ്വപ്നം കാണുകയായിരുന്നു..
====================================================================
രാവിനിയും മടങ്ങിയില്ല..ഏഴു കുതിരകളെ പൂട്ടിയ രഥവുമായ് പകലോന്‍ ചക്രവാള വാതായനത്തില്‍ ..കോട പുതച്ച പ്രകൃതി ഇനിയും സുഷുപ്തിയില്‍ നിന്നുണരാതെ ....കിളികള്‍ പോലും പാടാന്‍ മറന്നിരിക്കുന്നു..സൂര്യനാളങ്ങളെത്തിയാല്‍ മാത്രം ഉണരുന്ന പ്രകൃതിയും പക്ഷികളും ..ഇലയനക്കങ്ങളും കിളിയൊച്ചകളും നിശ്ചലം ...മഞ്ഞിന്റെ തിരശ്ശീല വകഞ്ഞു മാറ്റി പുലരിയെത്തിയെങ്കിലെന്നു വെയില്‍ തിന്നാന്‍ കൊതിച്ചിരിക്കുന്ന തരുലതാദികളും സൂര്യനാളങ്ങളെ പുണരാന്‍ കൊതിക്കുന്ന പുഴയിലെ ഓളങ്ങളും ഋതുഭേദത്തിന്റെ വീഥിയില്‍ പകച്ച് നില്‍ക്കുന്നു...ഇവിടെ ഗ്രീഷ്മം ഹേമന്തത്തിനു വഴിമാറിയിരിക്കുന്നു...!!!
============================================================
തടാകത്തിനപ്പുറത്തേക്ക് യാത്ര പോലും പറയാതെ നീ മറയുന്നു.ഞാന്‍ തിരയുന്നതിനിയുമെനിക്ക് കണ്ടെത്താനായില്ല എന്നത് നിനക്കും അറിയാമായിരുന്നല്ലൊ..എന്നിട്ടും...? ഓടിയണയാനുള്ള തിടുക്കത്തില്‍ രാവ് അത്രയകലത്തിലല്ലാതെ നക്ഷത്ര മേട്ടില്‍ കിതപ്പണക്കുന്നുണ്ട്..ഇരുളിന്‍ പക്ഷി തന്റെ വിശാലമായ ചിറകുകള്‍ വിരിച്ചിവിടെ പറന്നിറങ്ങുന്നതിനു മുന്‍പ് ഞാനീ ശരറാന്തലുകള്‍ എരിയിക്കട്ടെ..എനിക്കിനിയും ഞാന്‍ തിരയേണ്ടത് കണ്ടെത്തേണ്ടതുണ്ട്.....
==================================================================
അജ്ഞാതമായ ദിശയിലേക്ക് നീളുന്ന യാത്ര.. .നീയുദ്ദേശിക്കുന്നത് കണ്ടെത്തും വരെ അത് അനന്തമാകാം...ചെന്നെത്തുന്ന ചക്രവാളത്തിന്റെ അതിരുകളില്‍ പുതിയൊരു കവാടം തുറന്നു കൊണ്ടാകാം മുന്നോട്ടുള്ള കാല്‍വെപ്പുകള്‍ . എങ്കിലും മടുപ്പില്ലാതെ നിനക്കാ സഞ്ചാരം തുടരാം ..നിന്റെ കണ്‍ കോണില്‍ പ്രതീക്ഷയുടെ പച്ചതുരുത്താണ് വളരുന്നതെങ്കില്‍ അനന്തമായ നീലാകാശമോ ആകാശത്തെ ആവാഹിച്ച ആഴിയോ നിനക്ക് മുന്നില്‍ ഒരു തടസ്സവും സൃഷ്ടിക്കില്ല...നീ യാത്ര തുടരുന്നത് ആത്മവിശ്വാസത്തിലൂന്നിയാണ്.. .കാലടികള്‍ പതിയുന്ന മണ്‍കൂനയില്‍ നിനക്ക് പിന്നാലെ വരുന്നവര്‍ക്ക് മാര്‍ഗ്ഗം നല്കുന്ന അടയാളങ്ങള്‍ അവശേഷിപ്പിക്കാം ..പതറാതെ ഇടറാതെ മുന്നേറാന്‍ അവര്‍ക്കത് പ്രചോദനമാകട്ടെ...!!
===================================================================
കാണുന്നതെല്ലാം യാഥാര്‍ത്ഥ്യങ്ങളാകണമെന്നില്ല...കാണുന്നതിനെ എന്താണെന്നു നിശ്ചയിക്കുന്നത് ചിന്തകളുടെ കിരണങ്ങളാണ്..പ്രകൃതിയില്‍ ദൃഷ്ടാന്തങ്ങളേറെ നിരത്തിയിട്ടും മനുഷ്യര്‍ കാരണങ്ങളന്വേഷിക്കുന്നതും കണ്ടെത്തുന്നത് തന്നെ സത്യമെന്ന മിഥ്യാധാരണയില്‍ ഭ്രമിക്കുന്നതും മനുഷ്യന്‍ കേവലജന്മമായത് കൊണ്ടു മാത്രം !!!
==================================================================
ഓരോ ശ്വാസത്തിലും നിന്നെ മാത്രം ഓര്‍ത്തു കൊണ്ട് നിന്റെ ഓരോ നാമവും ഞാന്‍ പ്രണയപൂര്‍വം ഉച്ചരിക്കുന്നു..എന്റെ പേരോട് ചേര്‍ത്ത് നിന്നെ ഞാന്‍ പ്രണമിക്കുന്നു..ഇരവെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ നിന്നോടലിയാനായെങ്കില്‍ ...ഒരു മാത്ര ഞാന്‍ കൊതിക്കുന്നു നിദ്രയുടെ നീരാഴത്തിലെന്നെ നീരാടാന്‍ വിടാതെ നിന്റെ കാല്ക്കീഴില്‍ കിനാവള്ളിയായ് ചുറ്റിപടരാനായെങ്കിലെന്ന്.. ഈറത്തണ്ടില്‍ നിന്നുതിരുന്ന ഈണം പോലെ നിന്റെ അദൃശ്യ സാമിപ്യത്തിന്‍ തുടിപ്പുകള്‍ ഞാനറിയുന്നു..എന്റെ നാഥാ നിന്നോടൂള്ള എന്റെ അനുരാഗത്തെ നീ കൈക്കൊള്ളേണമേ.....
==================================================================
തിരി തെളിയുമ്പോള്‍ ചുറ്റും പ്രകാശം ചൊരിയുമ്പോള്‍ പരക്കുന്ന തെളിമയില്‍ തമസ്സോടി മറയുന്നു.അന്ധകാരത്തിന്റെ കല്ലറകളെ തേടി ആ കിരണങ്ങള്‍ നീളുന്നു..തിട്ടപ്പെടുത്താനാകാത്തിടത്തോളം അകലത്തില്‍ ചെന്നെത്താന്‍ തത്രപ്പെടുന്നു ആ ദീപ്തി..എരിയുന്നതൊരു നൂലു മാത്രമാണെന്നിരിക്കെ ഇരുട്ടിനെ കീറിമുറിച്ച് സര്‍വ്വവും ഗോചരമാക്കാന്‍ ആ നാളത്തിനെ പ്രാപ്തമാക്കുന്നത് മനക്കരുത്താണ്..അണയുമെന്നറിഞ്ഞും ആളാന്‍ ഊര്‍ജ്ജമാകുന്ന ആത്മവിശ്വാസം ..ചുറ്റുമുള്ള അന്ധകാരത്തെ ഇല്ലാതാക്കാന്‍ മനസ്സിലെരിയുന്ന ചിരാതുകള്‍ക്കായെങ്കില്‍ .....
==================================================================
നിനക്ക് വഴി തെറ്റിയോ..? നിന്റെ പരിഭ്രമിച്ചുള്ള നിശ്ചലത കാണുമ്പോള്‍ എനിക്കങ്ങനെ തോന്നുന്നു...അല്ലെങ്കില്‍ മരുഭൂമിയുടെ നരച്ച ആകാശത്തിനു മേലെ പഞ്ഞിത്തുണ്ടുകളായി നീ വരില്ലല്ലോ...ദിക്കറിയാതെ ഉഴലുന്നത് കാണുമ്പോള്‍ നിസ്സംഗയാവാനെ കഴിയുന്നുള്ളൂ.. അടക്കി വെച്ചതൊക്കേയും നിനക്കിവിടെ ചൊരിയാനാവില്ല എന്നറിയാം ..അല്ലെങ്കിലും അതൊന്നും തപിക്കുന്ന ഊഷരമണ്ണില്‍ മുളക്കാന്‍ വെമ്പുന്ന ബീജങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലല്ലോ...ഒരു പക്ഷെ അവിചാരിതമായ് തന്നെ കാറ്റെത്തിയേക്കാം ...കാറ്റിന്റെ കൈകളിലേറി നീ ലക്ഷ്യത്തിലേക്ക് നീങ്ങുക...പരിഭവിക്കാനറിയാത്ത മണല്‍ കാട് നിനക്ക് സന്തോഷത്തോടെ യാത്രമംഗളം മൊഴിഞ്ഞ് കൊള്ളും .....
=================================================================
തിരിച്ചറിവുകള്‍ മനുഷ്യനെ അഹങ്കാരവിമുക്തനാക്കുന്നു..ബാഹ്യ സൌന്ദര്യങ്ങളില്‍ ഭ്രമിക്കുമ്പോഴും അന്തരാത്മാവിലേക്കൊരു പ്രയാണം നല്ലതാണ്..തന്റെയുള്ളിലെ സൌന്ദര്യവും വൈരൂപ്യവും തിരിച്ചറിയാനായാല്‍ പ്രപഞ്ചത്തിലെ മനുഷ്യേതര സൃഷ്ടികളോടും ആ സൃഷ്ടാവിനോടും വല്ലത്തൊരു അടുപ്പവും ആദരവും തോന്നും ..ആത്മാവിനു തോന്നുന്ന ആ അനശ്വര പ്രണയം....അതു മാത്രം സത്യമെന്നും മറ്റുള്ളതെല്ലാം മിഥ്യാധാരണകളാണെന്നുമുള്ള പരമാര്‍ത്ഥത്തെ ഉള്‍ക്കൊള്ളാനാകും .അവിടെ മനുഷ്യന്റെ കഴിവുകള്‍ തുലോം തുഛമെന്നും ക്ഷണികമെന്നും തിരിച്ചറിയും .
====================================================================
ഭൂമി വിങ്ങുകയാണ്..ഉള്‍താപം ലാവ പോലെ വമിപ്പിച്ച് ഇനിയുമടക്കിവെക്കാനാവില്ല എന്ന മട്ടില്‍ ഒഴുക്കുകയാണ്... മണ്ണിന്റെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നു. മുളപൊട്ടാന്‍ വെമ്പുന്ന ബീജങ്ങള്‍ ചുണ്ടും പിളര്‍ത്തി കരയുന്നു.. .അറിയാം ശമിപ്പിക്കാന്‍ ചക്രവാളസീമയില്‍ വഴിതെറ്റി വരുന്ന മേഘക്കൂട്ടങ്ങളില്ലെന്ന്...സാന്ത്വനിപ്പിക്കാനെത്തുന്ന മരുക്കാറ്റിനും നിസ്സഹായതയുടെ തലോടല്‍ മാത്രമേ നല്കാനാവുന്നുള്ളൂ...ഇത്രയും ക്രൂരമാവാതെ...നിന്നെ മോഹിപ്പിക്കാന്‍ പഴുത്ത് തുടത്തതൊക്കേയും നിന്റെ ജ്വാലയില്‍ കരിഞ്ഞടര്‍ന്നു വീഴുന്നു..ദൂരെ വറ്റിയ നീര്‍ത്തടങ്ങളില്‍ നിന്നും പരല്‍ മീനുകളുടെ ഉള്‍ത്തുടിപ്പുകള്‍ നിനക്ക് കേള്‍ക്കാനാവുന്നില്ലെ...യജ്ഞകുണ്ഡത്തിലേക്ക് ഹവിസ്സായ് ഇറ്റ് വീഴാന്‍ ഇനിയുമാവില്ല എന്ന തേങ്ങലിന്റെ മാറ്റൊലി എവിടെ നിന്നോ ...കയ്യെത്തും അകലത്തില്‍ മരീചിക മോഹിപ്പിക്കുന്നുണ്ട്...പക്ഷെ നിന്റെ മനസ്സിനെ വ്യതിചലിപ്പിക്കാനവില്ലല്ലോ ഒരു മരുപ്പച്ചക്കും..മേഘങ്ങളില്‍ അലസിയുരുകുന്ന മഴഭ്രൂണങ്ങളുടെ വിതുമ്പല്‍ ഇനിയും നിനക്ക് കേള്‍ക്കാതിരിക്കാനാവില്ല ..നിന്റെ ഭാവമാറ്റം അതൊരു കാലപ്പകര്‍ച്ചയോടെ മാത്രം സംഭവ്യം ...!!!
================================================================
മരുഭൂമിയില്‍ അദൃശ്യമായിരുന്ന വഴിത്താരകള്‍ പ്രണയപാദങ്ങളെ തേടുന്നുവോ ..കാലം മറച്ച്
വെച്ച ആ പാദമുദ്രകള്‍ ഇന്നെനിക്കു മുന്നില്‍ തെളിയുന്നുവോ...ഒരു സന്ദേഹത്തിന്റെ മുനമ്പില്‍ ..മരുക്കാറ്റ് ആഞ്ഞ് വീശല്ലെ എന്നുള്ളുരുകുന്നു..മണല്‍ക്കാട്ടില്‍ തെളിയുന്നതൊക്കേയും നിമിഷത്തിന്റെ ചലനത്തില്‍ രൂപമാറ്റം വരുത്താന്‍ നിന്റെ സീല്‍ക്കാരത്തിനാവുമല്ലോ.. തെളിയാത്ത പാതയിലൂടെ ഏറെ സഞ്ചരിച്ചു ഞാന്‍ തേടിയിരുന്ന ആ പാദമുദ്രകള്‍ ഇന്നെന്റെ ദൃഷ്ടിക്കു മുന്നില്‍ ദര്‍വീഷിന്റെ ആടയില്‍ ദിവ്യസംഗീതം പാടിയാടുന്നു..കല്പാന്തങ്ങളായി എന്റെയുള്ളില്‍ ഘനീഭവിച്ച് കിടന്നിരുന്ന മൌനം ഇന്നു നിന്റെ മിഴികളുടെ തീക്ഷ്ണതയില്‍ ബാഷ്പ്പീകരിക്കപ്പെട്ടിരിക്കുന്നു...ചക്രവാളങ്ങളില്‍ ചേക്കേറിയ മഴഭ്രൂണങ്ങളില്‍ സാന്ദ്രമായ ആ ബാഷ്പങ്ങള്‍ ജീവന്റെ മിടിപ്പിനെ സമ്മാനിക്കുന്നു.മേഘങ്ങളെ പാനം ചെയ്യുന്ന ഒരു ചാതകത്തെ കാത്ത് ഇനിയും ഈ വഴിയില്‍ മഴക്കുഞ്ഞുങ്ങള്‍ കുമിളകളുണ്ടാക്കില്ല...എനിക്കറിയാം മരുഭൂമിയില്‍ ആര്‍ത്തലച്ച് പെയ്യാന്‍ ഇനി നീ മടിക്കില്ലെന്നു...
==========================================================

===============================================================




അരയന്നങ്ങളുടെ താഴ്വാരത്തിലേക്ക് എന്റെ മുയല്‍ കുഞ്ഞിനെ മാറോടടുക്കി നീയിറങ്ങി വരുന്നത് എനിക്കിപ്പോള്‍ കാണാം ..മുന്തിരിപാടത്തിനു നടുവില്‍ വിളഞ്ഞ മുന്തിരി വള്ളികള്‍ക്ക് മേലെ നീയൊഴുകിയിറങ്ങുന്നുണ്ട്..ഗഗനവീഥികളില്‍ ചേക്കേറാനോടുന്ന മേഘപാളികള്‍ എന്റെ കാഴ്ച്ചയെ മറയ്ക്കല്ലെയെന്ന് ഞാനാഗ്രഹിക്കുന്നു..പശ്ചിമാംബരത്തില്‍ ഉദിച്ച തിളങ്ങുന്ന നക്ഷത്രത്തെ സാക്ഷിയാക്കി ഞാനെന്റെ മുയല്‍ കുഞ്ഞിനെയൊന്നുമ്മ വെച്ചോട്ടെ....അരയന്നങ്ങള്‍ പറന്ന് പോകുന്നത് നിന്നെ ആശ്ലേഷിച്ചു കൊണ്ടാണല്ലോ..ഒരു വേള അരയന്നമായെങ്കില്‍ എന്നു ഞാന്‍ മോഹിക്കുന്നു...നിന്നെ കാണുമ്പോഴെല്ലാം ഉന്മത്തയാവാന്‍ നീയെനിക്കാരാണു എന്റെ പ്രണയമേ......
====================================================================
രാത്രിമഴയുടെ താളം ആയത്തിലായിരിക്കുന്നു...ആരോഹാണാവരോഹണങ്ങളുടെ ഗതിയില്‍ മഴനൂലുകളുടെ ആന്ദോളനം.. ..അരയന്നങ്ങളുടെ താഴ്വരയില്‍ ഇന്നു മൂവന്തിക്ക് ഞാന്‍ കണ്ട കാര്‍മേഘങ്ങള്‍ ഈ പാതിരാവില്‍ പെയ്തൊഴിയുമെന്നോര്‍ത്തില്ല...എന്റെ ചില്ലുജാലകത്തിനപ്പുറം ഒരു പക്ഷിയുടെ അടക്കത്തോടേയുള്ള ചിറകടി കേള്‍ക്കുന്നുണ്ട്..ഈ മഴയെ ആസ്വദിക്കാന്‍ അതെന്നെയുണര്‍ത്തുന്നതാവാം ...ചാഞ്ഞും ഉലഞ്ഞും പെയ്യുന്ന മഴ..കാറ്റിന്റെ കരവലയത്തില്‍ ഉന്മത്തയായിടുന്നു...മേഘപാളികള്‍ തെല്ലൊന്നു നീങ്ങിയപ്പോള്‍ അരയന്നങ്ങളുടെ താഴ്വാരം നിലാവില്‍ ഈറനായിരിക്കുന്നു.ഇപ്പോളെനിക്ക് കേള്‍ക്കാം അകന്നു പോകുന്ന ആ ചിറകൊച്ച...അടുത്ത മഴക്ക് മുന്പെ ദൂരെ തന്നെ കാത്തിരിക്കുന്ന പ്രണയത്തെ തേടിയാവാം ആ യാത്ര....
=====================================================================

ആത്മാവിന്റെ ആകാശത്തെ ഇരുളില്‍ വിജ്ഞാനത്തിന്റെ താരങ്ങള്‍ മിന്നിത്തിളങ്ങുന്നു.. ആത്മീയത പ്രയാണമാരംഭിക്കുമ്പോള്‍ പ്രണയപ്രകാശത്തില്‍ ആത്മാവ് പറന്നുയരുന്നു...മനസ്സിനും കാഴ്ച്ചക്കും അതീതമായതെന്തോ ദര്‍ശിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.കരുത്തുറ്റ ചിറകുകളുമായ് അനന്തതയുടെ അതിരുകളെ തേടുമ്പോള്‍ ഇനിയും കണ്ട് മുട്ടാനുള്ള ദിവ്യാനുരാഗത്തിന്റെ വീചികള്‍ ചക്രവാളങ്ങളില്‍ തെളിയുയുമായിരിക്കും ..അനാദിയും അനശ്വരവുമായ അനുരാഗത്തിലൂടെ മാത്രമേ ആ അഭൌമതേജസ്സിനെ കണ്ടുമുട്ടാനാവൂ എന്ന പരമാര്‍ത്ഥം തെളിഞ്ഞ് കത്തുന്ന വഴിവിളക്ക് പോലെ.. പ്രണയഭാജനത്തിലലിഞ്ഞ് ആത്മാവ് ബന്ധിതമായാല്‍ തേടിയതെന്തോ അതിലെത്തപെട്ടിരിക്കുന്നതായറിയാം ...ഒരു പക്ഷെ ഈ പ്രണയ പ്രയാണം പ്രണാമത്തിലെത്തുന്നതിനു ഓരോ ചക്രവാളങ്ങള്‍ക്കുമപ്പുറം പുതിയ അതിരുകളുടെ വാതായനം കാണുമായിരിക്കാം ...ആത്മീയതയിലലിഞ്ഞുള്ള യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കണം ..ലക്ഷ്യത്തിന്റെ കവാടം എത്തും വരെ........
=====================================================================
ഊഷരങ്ങളില്‍ ഉറവ തേടുന്നത് പ്രതീക്ഷയുടെ പുതു നാമ്പുകളുമായാണ്....പ്രണയം പ്രണാമത്തിലേക്കുള്ള ആത്മാവിന്റെ പ്രയാണമാകുമ്പോള്‍ പ്രപഞ്ചത്തിന്റെ പൂര്‍ ണ്ണതയെ അനുഭവിക്കാനാകുന്നു..ആത്മാവില്ലാത്ത അക്ഷരങ്ങള്‍ക്ക് ഹൃദയത്തെ സ്പര്‍ശിക്കാനാവില്ല..നാഥനിലെത്താത്ത പ്രണയത്തെ പ്രണയമെന്ന് വിളിക്കാനാവില്ല..വരണ്ട മണ്ണിനെ പുണരുന്ന മഴത്തുള്ളി പരത്തുന്ന അവാച്യസുഗന്ധം ശൂന്യമായ മനസ്സിലേക്കെത്തുന്ന സ്നേഹധാര പോലെ...നിലാവിലും വെയിലിലും തിരയുന്നതിനെ ആത്മാവില്‍ കണ്ടെത്താനാകും ..എത്ര പ്രതിസന്ധികള്‍ക്കിടയിലും യഥാര്‍ത്ഥ പ്രണയം സത്തയെ തിരിച്ചറിയും ...അതു ദിവ്യവും പരിശുദ്ധവുമാണ്..ഏകാന്തയുടെ യജ്ഞകുണ്ഠത്തില്‍ നീറുമ്പോഴും ധ്യാനനിമഗ്നമായൊരു ആത്മീയതയില്‍ അലിഞ്ഞ് ആ പ്രണയം തന്റെ നാഥനിലെത്തുന്നു...
===================================================================
ദിനാന്ത്യത്തില്‍ പറന്ന് തളരുമ്പോള്‍ ചില്ലകള്‍ ഭാരം താങ്ങുന്നുണ്ടോയെന്ന് നോക്കിയല്ല ചേക്കേറുന്നത്...ഏകാന്തതയേക്കാള്‍ താങ്ങാഭാരമായൊന്നുമില്ല എന്നു ജീവിത സായാഹ്നത്തിന്റെ ശോണരേണുക്കള്‍ ക്ഷീണിത സ്വരത്തില്‍ മൊഴിയുന്നു..താണ്ടിയ വിജനവീഥികളേക്കാള്‍ ദുഷ്കരമാവില്ല മുന്നില്‍ കാണുന്ന ഇരുള്‍ ..ഞാന്‍ മാത്രമെന്ന സത്യം ഉള്‍ക്കൊണ്ട് ഇരുളിനെ ആശ്ലേഷിക്കുമ്പോള്‍ സാന്ത്വനിപ്പിക്കാനൊരു പുലരി പിറക്കുമെന്ന പ്രത്യാശ ചക്രവാളത്തെ തലോടിക്കൊണ്ട് മേഘജാലങ്ങള്‍ മന്ത്രിക്കുന്നു..ഉദിക്കുന്ന കിരണങ്ങളിലേക്ക് പറന്നുയരാന്‍ ചിറകുകളെ പ്രാപ്തരാക്കി ഇനി ഞാനൊന്നുറങ്ങട്ടെ....!!!
=======================================================================
പിന്‍ നിലാവിനെ സാക്ഷിയാക്കി ഞാനിതെഴുതുന്നത് ഇനിയൊരിക്കലും എനിക്കതിനായില്ലെങ്കിലോ എന്നു കരുതിയാണ്..പരിധിയും പരിമിതികളുമില്ലാത്ത ഒരു ലോകത്തായിരുന്നു ഞാന്‍ നിന്നെ പ്രണയിച്ചിരുന്നത്..ആ പ്രണയത്തെ ഉപമിക്കാനോ നിര്‍വചിക്കാനോ എനിക്കാവില്ല.. നിന്നോടത് പറയുന്നില്ലെങ്കില്ലും ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു..എനിക്ക് പോലും അറിയാത്ത ഭാഷയില്‍ ..ഉരുകുന്ന ഹൃദയത്തിന്റെ വേദനയുടെ സാഗരത്തില്‍ ഞാനാറാടുമ്പോഴും നിന്റെ കണ്ണില്‍ നോക്കിയത് പറയാന്‍ എനിക്കാവുന്നില്ലല്ലോ പ്രിയേ...
ചിതറിയ ആള്‍കൂട്ടത്തില്‍ ഒരു പ്രണയതുരുത്ത് ഞാന്‍ കണ്ടെത്തുകയായിരുന്നു..നിന്റെ മൌനം എന്നിലേക്കൊരു തീയായ് ആളിപ്പടരുമ്പോള്‍ എന്റെ ഉള്ളിലെ പ്രണയത്തിനു അക്ഷരങ്ങളിലൂടെ ജീവനുണ്ടാകുന്നു..ഒരു പ്രാര്‍ത്ഥന പോലെയത്..പരമാര്‍ത്ഥത്തിന്റെ കണികയില്‍ ആ ചൈതന്യം എനിക്കനുഭവിക്കാനാകുന്നു..നിലാവിനേയും നിഴലിനേയും കാഴ്ച്ചക്കാരാക്കി ഞാനിതെഴുതുമ്പോഴും ഇനിയൊരിക്കലും നീ തിരിച്ചറിയാതെ പോകുന്ന എന്റെ പ്രണയം അതു മണ്ണടിയാതിരിക്കട്ടെ എന്നു കരുതിയാണ്...പ്രണയത്തെ കാലങ്ങളുടെ ദൂരത്തായാലും ,ആഴിയുടെ അഗാധതയിലായാലും ഒരു നിശ്വാസത്തിന്റെ സാമിപ്യം പോലെ അറിയാനാകുമെന്ന് നീയെന്നെ പഠിപ്പിച്ചു..പ്രണയത്തെ തേടി ഞാനലഞ്ഞപ്പോള്‍ വരണ്ട ഭൂമിയുടെ മാറിലേക്കിറ്റു വീണ മഴത്തുള്ളിയുടെ കിലുക്കം അതായിരുന്നു നിന്റെ സാമിപ്യത്തില്‍ ഞാനനുഭവിച്ചത്..തികച്ചും അപരിചിതങ്ങളായ പാതയിലൂടെയായിരുന്നു ഞാന്‍ സഞ്ചരിച്ചിരുന്നത്..
ഒമര്‍ ഖയ്യാം തന്റെ പ്രണയചഷകം ചുണ്ടോടുപ്പിക്കാന്‍ കാണിക്കുന്ന ത്വരയോടെ ഞാന്‍ നിന്റെ വഴികളില്‍ നിന്നേയും കാത്ത് ...വേനല്‍ച്ചൂടിന്റെ കാഠിന്യമോ ശൈത്യത്തിന്റെ മഞ്ഞു പാളികളോ എന്നെ പിന്തിരിപ്പിച്ചില്ല..നീയെന്റെ പ്രണയം തിരിച്ചറിഞ്ഞെങ്കിലെന്ന് മോഹിച്ച് ഞാനെങ്ങൊ ഇരുന്നെഴുതുന്നു.ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു പ്രകൃതിയിലെ പ്രണയങ്ങള്‍ ..കാറ്റിന്റെ പ്രണയം മേഘങ്ങളോടും ,മഴയുടെ പ്രണയം ഭൂമിയോടും ..ഇലയുടെ പ്രണയം വെയില്‍ നാളങ്ങളോടുമെന്ന്..എന്നിട്ടും നീയെന്റെ പ്രണയം തിരിച്ചറിയാതെ ..അതോ അറിയുന്നില്ലെന്നു നീ നടിക്കുകയോ...ഇന്നു ലോകം പ്രണയത്തിനായ് ആണ്ടിലെ ഒരു ദിനം മാറ്റി വെക്കുമ്പോള്‍ പ്രിയേ നിനക്ക് നഷ്ടമാകരുതെന്ന് ഞാനാഗ്രഹിക്കുന്നത് നമ്മുടെ ഗതകാല പ്രണയ കാഴ്ച്ചപ്പാടുകളാണ്..ഒരു ദിവസമല്ലായിരുന്നു ഞാന്‍ നിന്നെ ഓര്‍ത്തിരുന്നത്..ഓരോ നിമിഷത്തിലും ജീവന്റെ തന്മാത്രയിലും ഞാനതനുഭവിച്ചിരുന്നു.
എള്ളു വിളഞ്ഞ് കിടന്നിരുന്ന വയല്‍ വരമ്പിലും ,കുളക്കോഴികള്‍ കൂടു കൂട്ടിയിരുന്ന നീരോലി പൊന്തയിലും കൈതപൂത്തിരുന്ന പുഴയുടെ തീരത്തും കവിയുടെ മനസ്സില്‍ കിടന്നു വീര്‍പ്പു മുട്ടുന്ന പദങ്ങളെ പോലെ എന്റെ പ്രണയം നിന്നെ കാത്ത് നിന്നിരുന്നു....ഇനിയും ഞാനിത് നിന്നോട് പറഞ്ഞില്ലെങ്കില്‍ ...കാലം നമ്മോട് ചെയ്ത അനീതിയായ് ഞാനീ തിരിച്ചറിയാത്ത പ്രണയത്തെ കാണുന്നു..ഇരുട്ടും ശൈത്യവും ഇണചേര്‍ന്നു കിടന്നിരുന്ന ജീവിതത്തിന്റെ ഇടനാഴിയിലെവിടെയോ ആയിരുന്നു എനിക്ക് നിന്നെ നഷ്ടമായത്..മജ്നുവെന്ന് വിളിക്കപെട്ട് മാലോകര്‍ക്ക് മുന്നിലെ പരിഹാസപാത്രമാവാന്‍ ഞാന്‍ തുനിയാതിരുന്നത് നിന്നോടുള്ള തീവ്രാനുരാഗം കൊണ്ടായിരുന്നു.. ഒരു മങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്നെഴുതിയിരുന്ന പ്രണയകുറിപ്പുകളില്‍ പാലപ്പൂക്കള്‍ പെറുക്കി വെച്ച് എന്റെ പ്രണയത്തെ ഞാന്‍ അനശ്വരമാക്കി..മേഘശകലങ്ങളില്‍ ദൂത് തന്നു നീയിരിക്കുന്ന അജ്ഞാതമായിടത്തേക്കയക്കാന്‍ ഞാനൊരു യക്ഷനായെങ്കിലെന്ന് ആഗ്രഹിച്ചു.പ്രണയസ്മാരകങ്ങള്‍ പണിത് ഇല്ലാതിരുന്ന പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്ന് വാഴ്ത്തപ്പെടുന്നതൊന്നും അങ്ങനെയായിരുന്നില്ലല്ലോ പ്രിയേ..നിനക്ക് വേണ്ടി സ്മാരകങ്ങള്‍ പണിയാന്‍ പലര്‍ക്കും പങ്കു വെച്ച മനസ്സുള്ള ഒരു ചക്രവര്‍ത്തിയല്ലല്ലോ ഞാന്‍ ..എന്റെ മരണശേഷം എന്റെ ശിരസ്സിനടുത്ത് വെക്കുന്ന സ്മാരകശിലായായിരിക്കും എന്റെ പ്രണയത്തിന്റെ തിരുശേഷിപ്പ്..
ജീവിത സായഹ്നത്തിന്റെ ശോണരേണുക്കള്‍ എന്നെ പൊതിഞ്ഞിരിക്കുന്നു..പ്രിയേ ഇനിയും ഞാനിത് പറയാതിരുന്നാല്‍ എനിക്കെന്നോട് പൊറുക്കാനാവില്ല..പൌര്‍ണ്ണമിയില്‍ ഞാനാഗ്രഹിച്ചിരുന്നു ഒരു നിലാവായ് നിന്റെയരികിലെത്തിയെങ്കില്‍ ..ഇളം കാറ്റായ് വന്നു നിന്റെ ചെവിയില്‍ എന്റെ പ്രണയമന്ത്രം ഓതിയെങ്കില്‍ ...ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം ആഴിയും ആകാശവും പോലെ.അനന്തമായ വിഹായസ്സിലെ കോടാനുകോടി ഗോളങ്ങള്‍ എല്ലാം ദൃഷ്ടി ഗോചരമാവില്ലെങ്കിലും ചിലതെല്ലാം ഭൂമിയിലെ മണല്‍ത്തരികള്‍ക്കു പോലും ദൃശ്യസാദ്ധ്യമായത്..ആഴിയിലെ വിസ്മയങ്ങളൊ നിഗൂഢവും .എന്റെ പ്രണയം ഗോചരമായിരുന്നു..നിഗൂഢമായതെന്തോ നിന്നിലുണ്ടെന്നതെന്റെ തോന്നലോ...ഞാനിന്നൊരു സഞ്ചാരിയാണ് .ചരിക്കേണ്ട പാതയുടെ നീളമോ ദിശയോ അറിയാതെ സഞ്ചരിക്കുന്നു..മറവിയെന്നെ വിഴുങ്ങുന്നതിനു മുന്പെങ്കിലും ഞാനിത് നിന്നോട് പറഞ്ഞില്ലെങ്കില്‍ ....
=======================================================================
ചന്ദ്രനസ്തമിക്കാറായിരിക്കുന്നു...നിന്റെ മടിയില്‍ അവന്റെ കണ്ണുനീര്‍ മുത്തുകള്‍ വീണു തിളങ്ങുന്നുണ്ട്...എനിക്ക് കാണാനാകുന്നു നിന്റെ വിരഹ വേദന..ഒരു രാത്രി മുഴുവന്‍ ഇലകളോട് രമിച്ചും ,നിഴലിനോട് കളിച്ചും ,ഓളങ്ങളോട് കിന്നരിച്ചും ,കാറ്റിനോട് കൊഞ്ചിയും നീയും അവനും കഴിഞ്ഞത്...പകലില്‍ ഓര്‍ത്തിരിക്കാന്‍ ഒരു പിടി അമൂര്‍ത്തങ്ങളായ സ്മരണകള്‍ സമ്മാനിച്ചാണവന്‍ മറയുന്നത്...സൂര്യനാളങ്ങള്‍ നിന്നെ വിഴുങ്ങാനായെത്തുമ്പോഴേക്കും അവനെ നീ ആവോളം അനുഭവിക്കുക..ഇനി മൂവന്തിയില്‍ ഒന്നിക്കും വരെ നിനക്ക് കാത്തിരിക്കാം ..എനിക്കറിയാനാകുന്നു നീയിപ്പോള്‍ മെല്ലെ പകലിന്റെ കരവലയത്തിലേക്കമരുന്നതും ..വിരഹത്തിന്റെ പിടച്ചിലില്‍ സ്വയമുരുകി ചന്ദ്രന്‍ മായുന്നതും ...
========================================================================
രണ്ട് രാത്രികള്‍ക്കിടയിലെ ഒരു പകലോ അതോ രണ്ട് പകലിനെ വേര്‍ത്തിരിക്കുന്ന രാവോ....പുലരിയുണര്‍ന്നത് രാവിന്റെ മടിയില്‍ നിന്നോ അതോ ഇരുള്‍ പരക്കുന്നത് വെളിച്ചത്തിന്റെ ഗര്‍ഭത്തില്‍ നിന്നോ...പകലിനെ രാത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ തിടുക്കം ആര്‍ക്ക് ..തമസ്സിന്റെ ആശ്ലേഷത്തിലമരാന്‍ കൊതിക്കുന്ന സൂര്യനോ അതോ രാവുമായ് രമിക്കാന്‍ ഓടിയെത്തുന്ന ചന്ദ്രനോ....നിന്നിലലിയാന്‍ ഞാന്‍ വെമ്പുന്ന പോലെ.....വിരസതയില്ലാതെ തുടരുന്നൂ പ്രപഞ്ചത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ .....
======================================================================ആഴിയും ആകാശവും ഒന്നിക്കുന്നിടത്തായിരുന്നു നിനക്കെത്തേണ്ടിയിരുന്നത്.ദിശകള്‍ നിനക്കജ്ഞാതവും അപരിചിതവുമാകാതിരിക്കാന്‍ സഞ്ചരിക്കേണ്ടുന്ന വീഥികള്‍ വ്യക്തമായുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു..പാതിവഴിയില്‍ ഒരു പക്ഷെ നിനക്ക് നിന്റെ യാത്രയവസാനിപ്പിക്കാന്‍ തോന്നിയേക്കാം ..സധൈര്യം നിന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് നീങ്ങുക..അലകള്‍ പോലെ ചാഞ്ഞും ചെരിഞ്ഞും വിധിയുടെ രൂപം നിന്നെ തടഞ്ഞേക്കാം .നങ്കൂരം കാണതുഴലുന്ന പായ്ക്കപ്പലിലെ വിജനത അതു നീ കാണാതിരിക്കുക.നിനക്കെത്തേണ്ടത് ആഴിയും ആകാശവും സംഗമിക്കുന്നിടത്താണ്.അകലങ്ങളില്‍ നിന്നും വിചിത്ര ശബ്ദമുള്ള പക്ഷികളുടെ കരച്ചില്‍ നിന്നെ ഭയപ്പെടുത്തിയേക്കാം ... നീന്തുന്ന നിന്റെ കാല്പ്പാദങ്ങളില്‍ കടലാഴങ്ങളിലെ ഹിംസ്ര ജന്തുക്കള്‍ കൂര്‍ത്ത ദംഷ്ട്രങ്ങളാല്‍ കോറി നിന്നെ വ്രണപ്പെടുത്തിയേക്കാം ..പിന്തിരിയാതിരിക്കുക ..ഏകയായ് തന്നെ വേണം നിനക്കാ ലക്ഷ്യത്തിലെത്താന്‍ ..നിന്റെ ക്ഷമയുടെ ആഴങ്ങളില്‍ നീന്തി തന്നെ തുടരുക നിന്റെ യാത്ര ആഴിയും ആകാശവും മുട്ടുന്നിടത്തെത്തും വരെ......
=======================================================================
നിശബ്ദതയിലും ആത്മാവിന്റെ ആന്ദോളനങ്ങള്‍ക്കായ് കാതോര്‍ക്കുക..പുരാതനങ്ങളായ വീഥികളിലെ മൂടല്‍ മഞ്ഞിനെ വകഞ്ഞ് മാറ്റിയാല്‍ വര്‍ത്തമാനത്തിന്റെ രഥങ്ങളുരുളുന്നത് കാണാം ...ഇന്നലേക്കും നാളേക്കിമിടയിലെ ഇന്നിന്റെ നിയതിയില്‍ കാലം പകച്ച് നില്ക്കുമ്പോള്‍ നാളേയുടേ ഉദയത്തിന്റെ പ്രഭയെ ഇന്നലേയുടെ ദുഃസ്സ്വപ്നങ്ങളോടലിയാന്‍ വിടാതെ ഇന്നിന്റെ കരുത്തുറ്റ കരങ്ങളുമായി അടരാടാന്‍ വിടുക..
======================================================================
അജ്ഞാതമായൊരു ദുഃഖം ഘനീഭവിച്ച മുഖവുമായ് മൂവന്തിരേണുക്കള്‍ അലകളെ പൊതിയുന്നു...ചെയ്തു കഴിഞ്ഞ കടമകളേക്കാള്‍ തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെ തേടി ദിശയറിയാതെ നിശ്ചലമാവുന്ന മേഘപാളികള്‍ ..എങ്കിലും ദര്‍പ്പണം നല്കുന്ന പ്രതിഫലനത്തിലൂടെ സ്വയമൊരവലോകനം നടത്താനാകും ആകാശത്തിനു ..സാക്ഷികളായ് ദേവദാരു മരങ്ങളും ചില്ലകളെ തഴുകുന്ന കാറ്റും മാത്രം ...തെറ്റുകള്‍ തിരുത്തപ്പെടാനൊരവസരം നല്കുവാന്‍ ഇരുളിന്റെ വെമ്പല്‍ .പകലിന്റെ തെറ്റ് ഇരുളില്‍ മറക്കാനാകുമെന്ന് രാത്രിയുടെ വാഗ്ദാനം ... തെറ്റും ശരിയും ഏതെന്ന് വേര്‍തിരിക്കാനാവാതെ മൂവന്തി പിടയുന്നു..മറഞ്ഞ സൂര്യനോ ഉദിക്കാനിരിക്കുന്ന ചന്ദ്രനോ ആശ്വസിപ്പികാനാകില്ല..ഇരുള്‍ കനം വെക്കുമ്പോഴേക്കും മൂവന്തിയും എല്ലാം മറക്കാന്‍ പഠിക്കും ...അതൊരു പ്രകൃതി നിയമം ...
=====================================================================
വര്‍ണ്ണ രേണുക്കള്‍ ചിന്തിയ സായന്തനത്തില്‍ നിന്നെ തേടി ഞാന്‍ കുന്നിന്‍ ചരിവുകളിലെത്തിയിരുന്നു..ദൂരെ നിന്നൊന്നു കാണാന്‍ നിന്റെ കണ്ണുകളുടെ പ്രകാശത്തില്‍ എന്നെ നിനക്ക് ദൃശ്യമാക്കാന്‍ പതിയെ അരിച്ചെത്തുന്ന ഇരുട്ടിനെ പ്രണയ ചിന്തകളാല്‍ ഞാനകറ്റിയിരുന്നു ..കുന്നിറങ്ങി നാട്ടു വഴികളിലേക്ക് ഇരുളെത്തുന്നതിനു മുന്പെ നിന്നെയെനിക്കാസ്വദിക്കാനും എന്നിലെ മൌനത്തെ നിന്റെ സ്പര്‍ശത്താല്‍ ഇല്ലാതാക്കാനും ഞാന്‍ തിടുക്കപെട്ടിരുന്നു..മിന്നല്‍ വേഗത്തില്‍ പറന്നു പോകുന്ന പറവകളെ നോക്കി നിനക്കൊപ്പമെത്താമെന്ന് ഞാന്‍ വൃഥാ മോഹിച്ചിരുന്നു. നിന്റെ പ്രണയം ..മൌനമെന്ന പുറന്തോടിനെ പിളര്‍ന്ന ഒരു മുത്തായത് പ്രകാശിക്കട്ടെ.ജലാശയത്തിലെ മണല്‍ത്തരികള്‍ അലോസരപ്പെട്ടു ഉടലെടുക്കുന്ന മുത്തിനെ പോലെ ആത്മാവിനെ ഏകാന്തതയുടെ മൂശയിലിട്ട്
ആത്മീയതയുടെ ലോഹക്കൂട്ടില്‍ ഉരുത്തിരിയുന്ന പ്രണയം ..ദിവ്യവും അത്മീയവും അഗാധവുമാണത്.
======================================================================
ഉടലിന്നതീതമായ പ്രണയം നിതാന്തമായതെന്തിലോ അലിയാന്‍ അലയുകയാണ്.ഹൃദയത്തിന്നഗാധതയില്‍ പ്രാണന്‍ പ്രണയത്തോട് മന്ത്രിക്കുന്നു ഞാനും നീയുമെന്ന ദ്വന്ദത്തില്‍ നിന്നും നാമെന്ന സത്തയിലേക്ക് മടങ്ങാറായിരിക്കുന്നുവെന്ന്.. കാലത്തിനും അവസ്ഥാന്തരത്തിനുമിടയില്‍ മൌനം ഭജിച്ച ആത്മാക്കള്‍ക്കിടയിലൂടെ ധ്യാനത്തില്‍ നിന്നുണരാന്‍ തുടിക്കുന്ന പ്രണയം ...അദൃശ്യമായ വീഥിയിലൂടെ പുരാതനങ്ങാളായ കാല്‍ മുദ്രകളെത്തേടി പ്രണയം തന്റെ പ്രയാണമാരംഭിച്ചിരിക്കുന്നു.മേഘങ്ങളില്‍ കുടിയിരിക്കുന്ന മഴത്തുള്ളീകള്‍ ഒരു പക്ഷെ പ്രളയപയോധി തീര്‍ക്കുമായിരിക്കാം ..കവരങ്ങളില്‍ മയങ്ങുന്ന കാറ്റ് ആഞ്ഞടിച്ചേക്കാം ...എങ്കിലും ഉടലില്ലാത്ത ആത്മാക്കളോട് സംവേദിക്കാന്‍ തിടുക്കപെട്ട പ്രണയം ധ്യാനത്തില്‍ നിന്നുണര്‍ന്ന് തന്റെ ആത്മസത്തയിലലിയാന്‍ വെമ്പുന്നു ...
====================================================================
ശാന്തമായ മനസ്സിനെ പ്രണയത്തെ ഉള്‍കൊള്ളാനാവൂ..അഥവാ പ്രണയിക്കാനാവൂ..പ്രക്ഷുബ്ധമായി കിടക്കുന്ന അലമാലകളിലോ ,ആര്‍ത്തലച്ച് പെയ്യാനോരുങ്ങുന്ന മഴമേഘങ്ങളിലോ, മരച്ചില്ലകളെ മുട്ടുകുത്തിക്കുന്ന കൊടുങ്കാറ്റിന്റെ ആരവത്തിലോ ,,മരുഭൂമിയുടെ രൂപവും ഭാവവും മാറ്റുന്ന മണല്‍ കാറ്റിന്റെ കാഠിന്യത്തിലോ നിനക്കതിനെ ദര്‍ശിക്കാനാവില്ല.നറും നിലാവില്‍ പൊഴിയുന്ന മഞ്ഞുകണം പോലെ നിഷ്കളങ്കവും,,..ഭൂമിയില്‍ പതിക്കാന്‍ വെമ്പുന്ന ഉദയാര്‍ക്ക കിരണങ്ങളെ പോലെ തെളിഞ്ഞതുമാണത്,,..ഇലച്ചാര്‍ത്തില്‍ നിന്നിറ്റ് വീഴുന്ന മഴത്തുള്ളി പോലെ ശുദ്ധവും;പുതിയ മണല്‍ത്തരികളെ തേടുന്ന സഞ്ചാരിയുടെ പാദങ്ങളെ പോലെ കരുത്തുറ്റതുമാണത്,...കടപ്പാടുകളുടെ ചക്രവ്യൂഹത്തില്‍ തളച്ചിടാനാവില്ല നിനക്കതിനെ....നിഴലിനെ പുണരുന്ന നിലാവ് പോലെ,
ഇരുട്ടിനെ ഭേദിക്കുന്ന വെട്ടം പോലെ ശാന്തമായ ചിന്തകള്‍ക്കൊപ്പം പ്രണയം ആത്മാവിനോട് ബന്ധിതമായിരിക്കുന്നു.........
================================================================
മണ്ണിനെ വിട്ട് നീര്‍ച്ചാലിലേക്ക് കുതിക്കാന്‍ വെമ്പുന്ന പിരിയന്‍ വേരുകളും ...ഓളങ്ങളെ പുല്കാന്‍ കൊതിക്കുന്ന തരുശാഖികളും .കയ്യെത്താദൂരത്തെ പ്രണയത്തെ നെഞ്ചിലേറ്റിയ പോലെ കവരങ്ങളുടെ പ്രതിഫലനത്തെ ആശ്ലേഷിച്ച് നിര്‍വൃതിയടയുന്ന പുഴയും ...എല്ലാം പ്രതീക്ഷയോടെ മിഥ്യയെ സത്യമാക്കാന്‍ ശ്രമിക്കുന്നു..ശൂന്യതയില്‍ മനോവ്യാപാരം കൊണ്ട് വര്‍ണ്ണ ദൃശ്യമൊരുക്കാനാവും ...പുഴയുടെ അഗാധതയിലെ നിഗൂഢതകളെ കാണാതിരിക്കാന്‍ ശ്രമിക്കാം ..ഓളങ്ങള്‍ക്ക് മേലെ ചാഞ്ചാടുന്ന തിളക്കമുള്ള സൂര്യരശ്മികളേയും പ്രതിബിംബങ്ങളേയും മാത്രം ദര്‍ശിക്കാന്‍ ശ്രമിക്കാം ..ഊഷരങ്ങളില്‍ ഞാന്‍ തേടുന്ന ഉറവകള്‍ ...ഒരു മരീചികയെന്ന പോലെ കാണാനാകുന്നു..പ്രതീക്ഷകള്‍ കിനാവള്ളികളായ് സ്വപ്നത്തില്‍ ചുറ്റിപ്പടരുന്നു..സത്യത്തിനും മിഥ്യക്കുമിടയിലെ വിടവിലെ അന്ധകാരത്തിലേക്ക് പ്രത്യാശയുടെ പ്രകാശകണികകള്‍ മിന്നമിനുങ്ങകളെ പോലെ തെളിഞ്ഞും ഒളിഞ്ഞും ......
====================================================================
പ്രണയം; കാലവും ഉടലും ലിംഗവിവേചനവുമില്ലാതെ സഞ്ചരിക്കുകയാണ്...നഗ്നമായ് പിറന്നു ആടയില്‍ പൊതിഞ്ഞ് മറയുവോളം .സങ്കോചവികാസ പ്രക്രിയയിലൂടെ മിടിപ്പിന്റെ ആരോഹണവും അവരോഹണവും നിയന്ത്രിക്കുന്ന ഉടലില്ലാത്ത പ്രണയം ഹൃദയത്തില്‍ നിറഞ്ഞു കവിയുമ്പോള്‍ മിടിപ്പിന്റെ താളം മുറുകുന്നു..ശ്രുതി കൂട്ടി പാടാന്‍ വെമ്പുന്ന തംബുരുവിന്റെ തന്ത്രി പോലെ അത് പ്രകമ്പനം കൊണ്ട് ഉന്മാദാവസ്ഥയിലെത്തുന്നു..ഒന്നു കൂടി മുറുക്കിയാല്‍ വിരലില്‍ നിണമുണ്ടാക്കിയത് പൊട്ടുമ്പോള്‍ ..തകരുന്നത് മിടിച്ചിരുന്ന ഹൃദയമോ..
=========================================================================
കാലചക്രമുരുളുകയാണ്...ഇടര്‍ച്ചകളില്ലാതെ..പതര്‍ച്ചകളില്ലാതെ..യുഗങ്ങളുടെ ഒരു തുടര്‍ച്ചയെന്നോണം .....ചരിത്രമെന്ന ഛത്രത്തിന്റെ ഛായയില്‍ തത്വങ്ങളും സിദ്ധാന്തങ്ങളും മയങ്ങുന്നു.കടലിനും കരക്കുമിടയിലെ ദുര്‍ബലമായ കടല്‍പ്പാലം സഞ്ചാരികളുടെ പാദപതനവും കാത്ത് കാലത്തിനു നേരെ ഒരു നോക്കു കുത്തിയെ പോലെ...ഇരുളിലേക്കലിയാന്‍ കൊതിക്കുന്ന പ്രകൃതി.വെളിച്ചത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന രാത്രി..ദുഃഖത്തിനു പിറകെ സുഖവും സന്തോഷത്തിനൊപ്പം സന്താപവും ..ജീവിതം ഒരു നാണയമാണെങ്കില്‍ അതിനിരുവശങ്ങള്‍ ഈ സുഖദുഃഖങ്ങളാല്‍ ആലേഖനം ചെയ്തിരിക്കുന്നു..ജനി മൃതിക്കുള്ളിലെ അനുഭവങ്ങളായ് മനുഷ്യനതിനെ തിരിച്ചറിയും .ബൌദ്ധികവും മൌലികവുമായ ജീവിത ദര്‍ശനങ്ങളെ ധ്യാനമെന്ന നെരിപ്പോടിലിട്ട് ഊതിക്കാച്ചിയെടുക്കുമ്പോള്‍ തെളിഞ്ഞതും സംശുദ്ധവുമായ കര്‍മ്മ പാതകളിലൂടെ മനുഷ്യന്‍ പരാശക്തിയെന്ന പരമാര്‍ത്ഥത്തില്‍ എത്തിച്ചേരുന്നു ....
=================================================================
കടലാഴങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന അലകള്‍ പതയുമ്പോളായിരുന്നു നമ്മള്‍ ഉന്മത്തരായിരുന്നത്..മൂവന്തിയിലെ വാനം നമ്മോട് മൊഴിഞ്ഞിരുന്ന കഥകളില്‍ നിനക്കായിരുന്നു കൌതുകം ..നിന്റെ കണ്ണുകളിലെ വിസ്മയ ഭാവം എന്നെ മോഹിപ്പിച്ചിരുന്നു.ആഴിയും ആകാശവും സംഗമിക്കുന്നിടത്തേക്ക് നീ പറന്നകലുമ്പോള്‍ ഞാനെന്തെന്നില്ലാതെ അസ്വസ്ഥയായിരുന്നു.നിന്റെ ചിറകടികള്‍ അകന്നു പോകുമ്പോള്‍ ഈ ലോകത്തെ ഏകയാണു ഞാനെന്ന് തോന്നിയിരുന്നു. ചിറകുകള്‍ വിടര്‍ത്തി നീ ഹര്‍ഷോന്മാദത്തോടെ തിരികെ വരുന്നത് കാണാന്‍ തരംഗമായൊഴുകുന്ന ഓളങ്ങള്‍ക്ക് മേലെ നിന്നോടുള്ള പ്രണയാധിക്യത്താല്‍ വര്‍ദ്ധിച്ച ഹൃദയ മിടിപ്പോടെ മനസ്സും ശരീരവും തുലനം ചെയ്തിരിക്കുമ്പോഴും പിന്നെ തീരത്ത് നിന്നെ തൊട്ടുരുമ്മി നില്കൂമ്പോഴും ഞാനറിഞ്ഞിരുന്നില്ല നിന്റെ നിഴലും എന്റെ നിഴലും ഒരിക്കലും ഒന്നായിട്ടില്ലായിരുന്നു എന്നു...
==================================================================
==================================================================
ജീവിതം ഒരു ഞാണിന്‍ മേല്‍ക്കളിയാണെന്ന് നമ്മളറിഞ്ഞത് നമ്മുടെയിടയിലെ മൌനം വാചാലമായപ്പോഴാണ്..ദുരൂഹങ്ങളായ വ്യത്യസ്ഥ വ്യക്തിത്വങ്ങള്‍ പരസ്പരമൊന്നായി സുതാര്യ വ്യക്തിത്വങ്ങളായ് തീര്‍ന്നപ്പോഴാണ്..സാഹസികതയുടെ പരിവേഷത്തോടെ ഏറ്റവും പ്രിയപ്പെട്ടതിനെ സ്വന്തമാക്കുക..സ്നേഹിക്കപ്പെടാതെ ജീവിതം ഒടുക്കുന്നതിലും മനോഹരം ജീവിതത്തെ വീര്യത്തോടെ നേരിട്ട് പ്രശ്നങ്ങളെ അതിജീവിക്കലാണുത്തമം എന്നു നമ്മള്‍ മനസ്സിലാക്കുന്നതും പരസ്പര വിധേയത്വത്തിന്റെ കരവലയത്തിലമര്‍ന്നാണല്ലോ..
=================================================================
വിരസമായിരുന്ന ജീവിതത്തിലേക്ക് ഏകാന്തത കൂട്ടായത് അവിചാരിതമായിട്ടായിരുന്നു..അലകളില്ലാത്ത തടാകം പോലെ നിശ്ചലമായിരുന്ന എന്നിലേക്ക് കാറ്റിന്റെ തലോടലില്‍ ഇക്കിളികൊള്ളുന്ന ഓളങ്ങളെ പോലെ ..എന്നിലേക്കായ് ചുരുങ്ങിയ എന്നെ ചിന്തകളുടെ ശോശന്നപൂക്കള്‍ കൊണ്ട് മൂടിയ എന്റെ മിത്രമായി മാറിയെന്റെ ഏകാന്തത.മോഹങ്ങള്‍ ഏകാന്തയുടെ ചിറകില്‍ അനന്ത വിഹായസ്സിലേക്ക് പലായനം ചെയ്തപ്പോഴും മൌനം മഴച്ചരടുകളായ് ചിന്തകള്‍ക്ക് മേലെ പെയ്തിറങ്ങിയപ്പോഴും ഞാന്‍ ഉന്മത്തയായ് ഏകാന്തതയുടെ പാരമ്യത്തില്‍ ആറാടുകയായിരുന്നു.
=================================================================
കാത്തിരിപ്പിനറുതി വരുത്താനായ് നിന്നെ തേടിയിറങ്ങാമെന്ന് നിനച്ചു.കാലം തെളിയിച്ച വെളിച്ചത്തില്‍ എന്റെ പ്രയാണം തുടരാനാവില്ലായിരുന്നു..എന്നെ വരിഞ്ഞ് മുറുക്കിയിരുന്ന ഭീതിയുടെ കറുത്തച്ചരടുകളില്‍ ഞാന്‍ ചുരുങ്ങുന്നതായി തോന്നിയപ്പോഴാണു മനഃക്കരുത്തെന്ന ചിരാതില്‍ ഇത്തിരി വെട്ടവുമായിറങ്ങിയത്.നിന്നോടുള്ള പ്രണയത്തിന്റെ ധവളപ്രഭയില്‍ എനിക്കു മുന്നിലെ വീഥികള്‍ എന്റെ യാത്രയെ സുഗമമാക്കി..ചക്രവാളത്തിനുമപ്പുറത്ത് പാതയവസാനിക്കും വരെ നിന്നെ തിരഞ്ഞ് ഞാനെന്റെ സഞ്ചാരം തുടരും ..എന്നിലെ ചേതനയായ് നിന്റെ സ്മരണകള്‍ സ്പന്ദിക്കും വരേയും അതു തുടരും ..അനന്തവും ഇടുങ്ങിയതുമായ ഒറ്റയടിപ്പാതയില്‍ എന്റെ ഭീതിയുടെ ചരടുകള്‍ പൊട്ടിച്ചിതറുന്നു.പ്രാചീനവും മൃഗീയവുമായ ചിന്തകളിപ്പോള്‍ എന്നെ വേട്ടയാടുന്നില്ല.നീയെന്ന പരമാര്‍ത്ഥത്തിലലിയാനുള്ള തൃഷ്ണയില്‍ ഞാനണിഞ്ഞ പ്രണയ പരിവേഷം എനിക്കൊരു കവചമാകുന്നു.നിന്നോടലിയും വരെ ഞാനെന്റെ യാത്ര തുടരട്ടെ.....
================================================================
നിലാവൂറ്റി മദിക്കുന്ന മലമടക്കുകളെ തേടിയായിരുന്നു നമ്മുടെ യാത്ര..ആ പ്രയാണം ഒരിക്കലും അവസാനിക്കരുതേയെന്ന് നമ്മളിരുവരും ആഗ്രഹിച്ചു.ഇരുളിന്റെ മാസ്മരികതയില്‍ നമ്മുടെ പ്രണയം പോലെ ആര്‍ദ്രമായ് പെയ്തിറങ്ങുന്ന ചന്ദ്രകാന്തത്തില്‍ ജീവിതത്തിന്റെ നിമ്നോന്നതികളെ തുലനം ചെയ്യാനാവുമെന്ന് നീയാണെന്നോട് പറഞ്ഞത്.ഓരോ പാദപതനങ്ങളെയും ഹൃദയ നിശ്വാസങ്ങളുമായി കൂട്ടിയാല്‍ ജീവിതത്തിന്റെ പൊരുള്‍ ഉത്തരമായി കിട്ടുമെന്ന് നീ പറഞ്ഞപ്പോള്‍ ഞാനും നിനച്ചു പലവഴികളായ് പിരിയാതെ ഒരു വഴിയിലൂടെ മാത്രം നമുക്ക് സങ്കോചവികാസങ്ങളുടെ ശിഷ്ടമായ് കിട്ടുന്ന സ്പന്ദങ്ങളെ ഹരിച്ചും ഗുണിച്ചും അവസാനിക്കാത്ത പ്രണയകഥകളുമായ് നമുക്കീ പ്രയാണം തുടരാം എന്ന്.....
=================================================================
ഓളങ്ങളിലുലയുന്ന ഓടത്തിലിരുന്നാണു നമ്മള്‍ സ്വര്‍ണ്ണനൂലില്‍ കൊരുത്ത സ്വപ്നങ്ങള്‍ നെയ്തത്.വര്‍ണ്ണങ്ങള്‍ വിരിയുന്ന കുമിളകള്‍ക്ക് ജീവന്‍ നല്കാന്‍ ശ്രമിക്കുമ്പോഴാണു ക്ഷണികങ്ങളായ നീര്‍ കുമിളകള്‍ പോലെയാണു നമ്മുടെ ജീവിതമെന്ന് നീയെന്നെ ഓര്‍മപ്പെടുത്തിയത്..നമുക്കിടയിലെ സ്നേഹതരംഗങ്ങള്‍ ആഴിക്ക് മേലെയുയരുന്ന വേലിയേറ്റങ്ങളായ് തീരത്തെ ആശ്ലേഷിക്കുമ്പോള്‍ കാറ്റില്‍ ഉന്മത്തരായ അലകളില്‍ തിളങ്ങുന്നത് കടലാഴങ്ങളില്‍ നിന്നും നമ്മുടെ സ്നേഹം കടഞ്ഞെടുത്ത ഭാവാത്ഭുതങ്ങളായിരുന്നു..ക്ഷണിക ജീവിതമെന്ന ആകുലതയില്‍ നീ ഉഴലുമ്പോഴും നൈമിഷിക ജീവിതത്തിലെ അതിശയങ്ങളെ ആവേശത്തോടെ നുകരാനയിരുന്നു ഞാന്‍ ശ്രമിച്ചത് ....
==============================================================
വിശാലമായ വിഹായസ്സിന്‍ കീഴില്‍ നമ്മുടെ രണ്ട് പാദങ്ങള്‍ക്കടിയിലെ മണ്ണു മാത്രം നമ്മോടൊപ്പം എന്നു ചിന്തിക്കുമ്പോഴും നമ്മളെ മുന്നോട്ട് നയിച്ചിരുന്ന ചേതോ വികാരം നമുക്കിടയില്‍ വളര്‍ന്ന ഐക്യമായിരുന്നല്ലോ.ഒരേ ലക്ഷ്യത്തിലെത്തേണ്ട സഹയാത്രികര്‍ നമ്മള്‍ .താണ്ടേണ്ട ദൂരങ്ങളില്‍ നമുക്കൊരിക്കലും പതര്‍ച്ചയുണ്ടായിട്ടില്ല..പഞ്ചാരമണലിന്റെ ആര്‍ദ്രതയും തണല്‍ മരങ്ങളുടെ സാന്ദ്രതയും നമ്മുടെ കുതിപ്പിനെ ഊര്‍ജ്ജസ്വലമാക്കുന്നു...നാഴികസൂചിയുടെ ഇടര്‍ച്ചയില്‍ സമയത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്താതെ തുടരാം ഈ യാത്ര ......
==================================================================
തീരം തേടുന്ന തിരമാലകളെ പോലെയായിരുന്നു എന്റെ മനസ്സ് .ആര്‍ത്തലച്ച് നിന്റെയരികിലേക്കോടിയെത്തും വരെ എന്റെ സ്നേഹം നുരഞ്ഞ് പതയായ് നിന്നോടലിയാന്‍ വെമ്പുന്നു..സംഗമത്തിനുള്ള ആവേശത്തോടൊപ്പം പിരിയണമല്ലോ എന്ന വ്യാകുലതയില്‍ വിങ്ങുന്നയെന്റെ ഹൃദയം കാണാന്‍ നിനക്കാവുമോ..കടലാഴങ്ങളില്‍ നിന്നുയരുന്ന മൈനാകം പോലെ എന്റെ മനസ്സിന്റെ അഗാധതയില്‍ നിന്നുമുയരുന്ന പ്രണയപര്‍വതമാണു നീ..വാനവീഥിയിലലിയുന്ന മേഘജാലങ്ങളും തീരത്തോടലിയുന്ന ഓളങ്ങളും ആഴിയെ ആശ്ലേഷിക്കുന്ന കിരണങ്ങളും ഗിരിശൃംഗങ്ങളെ തലോടുന്ന മാരുതനും നമ്മുടെ പ്രണയ സാക്ഷികള്‍ ..കടലിലെ നിലക്കാത്ത തിരമാലയെന്ന പോലെ മനസ്സിലെ പ്രണയത്തിന്റെ ഒഴുക്കും ..
================================================================
എന്നിലേക്കാളുന്ന നിന്റെ മൌന നാളങ്ങളെന്നെ ദഹിപ്പിക്കുമോ എന്നു ഞാന്‍ ഭയക്കുന്നു..ചാഞ്ഞും ചെരിഞ്ഞും കാറ്റില്‍ ആടിയുലയുന്ന നാളങ്ങളില്‍ ഞാനനുഭവിക്കുന്നത് ചുട്ടുപൊള്ളുന്ന മണല്‍ത്തരികളില്‍ പൂഴ്ന്നയെന്റെ പാദങ്ങളുടെ വിങ്ങലാണ്.ശരീരത്തിനെ തുളച്ചു കയറുന്ന വേദനയില്‍ മരുഭൂമിയിലെ മുള്‍ച്ചെടികളെ ആശ്ലേഷിച്ചിരിക്കയാണു ഞാനെന്ന തോന്നലുളവാക്കുന്നു..എന്നെ അടിമപ്പെടുത്തുന്ന ഈ വരള്‍ച്ചയില്‍ നിന്റെ മൌനം ഭഞ്ജിച്ച് നീയെന്നിലോക്കൊരു മഴയായ് പെയ്തെങ്കില്‍ .
==============================================================
ജീവിതത്തിന്റെ കാണാക്കാഴ്ച്ചകളെ വിധിവൈപരീതങ്ങളുടെ ദര്‍പ്പണത്തിലൂടെ ദര്‍ശിക്കാമെന്നത് നീയാണെനിക്ക് മനസ്സിലാക്കി തന്നത്..കാവ്യകാല്പനികതകളിലെ സാന്ദ്രമായ ഭാവനകളെ ആര്‍ദ്രമായ പ്രണയ വികാരത്തോട് ചേര്‍ത്ത് വെച്ച് ഓരോ ബിംബങ്ങളേയും വ്യത്യസ്ഥ വീക്ഷണകോണീലൂടെ എങ്ങനെ നിരീക്ഷിക്കാനാവുമെന്ന് നീയെന്നെ പഠിപ്പിച്ചു.മേലെക്കാണുന്ന കാഴ്ച്ചകള്‍ക്കടിയിലെ നിഗൂഢതകളെ അറിയാന്‍ പക്ഷെ എനിക്കായില്ല..പ്രതിഫലിക്കുന്നത് വെറും നിഴലുകളാണെന്ന് ഞാനറിഞ്ഞതുമില്ല..കണ്ടത് വിശ്വസിച്ചും കാണാമറയത്തെ കാഴ്ച്ചകളെ കാണാന്‍ ശ്രമിക്കാതേയും ഞാന്‍ കുതിക്കുമ്പോള്‍ നിന്റെ ദയനീയത മുറ്റുന്ന കണ്ണുകളിലെ ഓര്‍മപ്പെടുത്തലുകള്‍ പോലും എനിക്കജ്ഞാതമായതെന്തേ?
================================================================
ഇറയത്തിറ്റ് വീഴുന്ന മഴത്തുള്ളികളില്‍ നിന്റെ മുത്തത്തിന്‍ ഈണം കേട്ടു...കിളിവാതിലിലൂടെ അരിച്ചെത്തിയ കാറ്റിന്‍ സീല്‍ക്കാരത്തില്‍ നിന്റെ നിശ്വാസത്തിന്‍ താളം അറിഞ്ഞു....ഭൂമിയെ പുണര്‍ന്ന മിന്നലിന്‍ പ്രഭയില്‍ നിന്റെ മിഴികളിന്‍ പ്രകാശത്തെ കണ്ടു....മിന്നാമിനുങ്ങുകളുടെ വെട്ടത്തില്‍ നിന്റെ പാദമുദ്രകളെ സ്പര്‍ശിച്ചു..എന്നിലേക്കാവേശിക്കാന്‍ എന്റെ ചേതസ്സിന്‍ ഉള്‍തുടിപ്പാവാന്‍ ഇനിയെങ്ങനെ അറിയണം നിന്നെ ............
=======================================================================
തേരോട്ടം അവസാനിപ്പിച്ച പകലോന്‍ ആഴിയുടെ അഗാധതയിലലിയാന്‍ കുതിക്കുന്നു..സ്വപ്നങ്ങള്‍ക്ക് ചാരുതയേകാന്‍ യാഥാര്‍ത്ഥ്യത്തിന്‍ സ്വര്‍ണ്ണ നൂലില്‍ സഹനത്തിന്റേയും അധ്വാനത്തിന്റേയും ഊടും പാവും നെയ്ത് മനോഹരമാക്കിയ ഉടയാട പ്രകൃതിയെ അണിയിച്ച് കൊണ്ട് ആഴിയോടലിയുന്നു..പ്രതീക്ഷയുടെ കിരണങ്ങളെ വിശ്വാസത്തിന്റെ നീരില്‍ മുക്കിയെടുക്കാന്‍ ...പുതിയൊരു പുലരിയുമായ് വീണ്ടും ഉദയം കൊള്ളാന്‍ .....
=======================================================================
ഇന്നമാവാസിയാണ്.കൂരിരുട്ടില്‍ നീയെങ്ങനെ വരുമെന്ന് ഭയപ്പെടേണ്ട.നക്ഷത്രങ്ങള്‍ തിരിക്കും ദിശ നോക്കി നിന്റെ സഞ്ചാരം തുടരുക ..കുങ്കുമപ്പാടങ്ങള്‍ക്ക് മേലെ നിന്നുയരുന്ന തുടിപ്പില്‍ നിനക്കറിയാനാകും അത് ഇണക്കുരുവികള്‍ സല്ലപിക്കുന്നതാണെന്ന്...അപ്രതീക്ഷിതമായ് നിന്നെ പുതയുന്ന തണുപ്പില്‍ മഞ്ഞുറയുന്ന തടാകത്തിനടുത്തെത്തിയെന്ന് മനസ്സിലാക്കാം ..കാലില്‍ ചുറ്റുന്നത് മണലില്‍ പതിയിരിക്കുന്ന ഇഴജന്തുക്കളല്ല ; നിന്റെ സ്പര്‍ശത്തില്‍ പുളകമണിഞ്ഞ തൊട്ടാവാടികളാണ്... വാനവീഥിയിലൂടെ രാപ്പാടികള്‍ പ്രണയരാഗം പാടിക്കൊണ്ട് പോകുമ്പോള്‍ നിന്റെ യാത്ര അവസാനിക്കാറായെന്നും ലക്ഷ്യത്തിലേക്കിനി അധിക ദൂരം താണ്ടേണ്ടതില്ലെന്നും അറിയുക...........
================================================================
വായും പിളര്‍ന്ന് നിന്റെയടുത്തെത്തിയ അഗ്നി നാളങ്ങള്‍ ..നിന്നെ അടിമുടി ഭസ്മമാക്കാന്‍ കെല്പുള്ള നാളങ്ങള്‍ ..വീശുന്ന കാറ്റില്‍ ആടിയാടിയുലഞ്ഞ് നിന്റെ മുഖത്തേക്ക് തീ തുപ്പുന്നു..നിന്നിലെ മഞ്ഞിനെ ഉരുക്കാന്‍ ആ നാളങ്ങള്‍ക്കാവില്ലെന്ന് നിനക്ക് മാത്രമല്ലെ അറിയൂ..നിര്‍വികാരതയോടേയും ആര്‍ദ്രതയോടേയും നീയാ സ്ഫുലിംഗങ്ങളെ നോക്കുമ്പോഴും ആവേശത്തിന്റെ അഗ്നി സ്വയം അടങ്ങിപോകുന്നത് നിനക്ക് കാണാനാകുന്നു.അമര്‍ന്ന നാളങ്ങളില്‍ ഇപ്പോളവശേഷിക്കുന്നത് കനല്‍ മാത്രം ..എരിയുന്ന കനലിനു മീതെ സ്വയം ചാരമാകുന്ന ആ അഗ്നിസ്ഫുലിംഗങ്ങള്‍ നിന്റെ മിഴികളിലെ ശൈത്യത്തിന്‍ നൂലുകളില്‍ അള്ളിപ്പിടിക്കുന്നു.............
====================================================================
=====================================================================
ഇനി നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴിയെന്നു പറഞ്ഞ് പിരിയണമെന്ന മോഹം നിനക്കായിരുന്നു..മരച്ചില്ലകളെ ഇരുള്‍ മൂടുമ്പോള്‍ എന്നെ മടുപ്പിച്ചിരുന്ന ഏകാന്തതക്കറുതി വരുത്താന്‍ നിന്റെ കുറുകല്‍ മാത്രമല്ലേയുള്ളൂ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന സാമാന്യ ബോധം നീ മറന്നതെന്തേ ..കാട്ടിലും മേട്ടിലും നാട്ടിലും പരതിയലഞ്ഞ് ഞാന്‍ കൊണ്ട് വന്നിരുന്ന ചുള്ളിക്കമ്പുകളെ മനോഹരമായൊരു അത്താണിയാക്കിയത് നീയല്ലെ..എന്റെ മോഹങ്ങള്‍ക്കടയിരിക്കാന്‍ എനിക്കൊപ്പം നീയുണ്ടെന്ന വ്യര്‍ത്ഥ ചിന്ത കനം വെക്കുമ്പോഴായിരുന്നു നീയെന്നില്‍ നിന്നകലാന്‍ ശ്രമിക്കുന്നുവെന്നറിയുന്നത്..ശ്യാമംബരത്തിലെ ശോണവര്‍ണ്ണം ഇരുളിലേക്കലിയാന്‍ തുടിച്ച നേരത്ത് നിന്റെ കണ്ണില്‍ ഞാനറിയാത്തൊരു പ്രതികാര ജ്വാലയാളുന്നത് കണ്ടു..പറന്നകലാന്‍ തയ്യാറായ നിന്നെ തടുക്കാനെനിക്കാവില്ല..എനിക്കെന്റെ മോഹക്കുഞ്ഞുങ്ങളെ വിരിയിക്കണം . ഇലകളില്ലാത്ത ഈ പാഴ്മരം മാത്രമെനിക്കൊപ്പം ....
=========================================================================
തടാകത്തിനപ്പുറത്തെ മലമടക്കുകളിലേക്ക് മറയുന്ന സൂര്യനെ നോക്കി നിശ്ചലമായ നീര്‍ത്തടത്തില്‍ വിരഹ വേദനയില്‍ വിങ്ങുന്ന പാഴ്മരങ്ങള്‍ ..എന്നും ഈ വിരഹവേദനയിലുരുകിയാവാം ഇലകളെല്ലാം പൊഴിഞ്ഞ് ചേതനയറ്റ പാഴ്മരങ്ങളായ് മാറിയത്.മൂവന്തിയിലെ വര്‍ണ്ണ രേണുക്കള്‍ തടാകത്തിലെ ഓളങ്ങളെ പുണരുമ്പോഴാകാം പിരിയേണ്ട വിങ്ങലില്‍ അവയിങ്ങനെ സ്തബ്ധരായത്..
========================================================================
സഹയാത്രികരായിരുന്ന നമ്മള്‍ വഴിയിലെവിടേയോ വെച്ച് പിരിഞ്ഞ് പോയി..അറ്റം കാണാനാവത്ത അഥവാ പരസ്പരം ഒന്നാവാനാവാത്ത പാളങ്ങളെ പോലെ സമാന്തരങ്ങളായിരുന്നല്ലോ നമ്മുടെ ചിന്തകളും കാഴ്ച്ചകളും .വളഞ്ഞും പുളഞ്ഞും കല്ലിലൂടെയും മുള്ളിലൂടേയും കുതിക്കുമ്പോള്‍ കിതപ്പണക്കാനുള്ള ആകുലതയില്‍ ഞാന്‍ ...താണ്ടേണ്ട ദൂരത്തെയോര്‍ത്ത് വ്യാകുലമായത് നീയും ..പിന്നിടുന്ന വഴികളും പിന്നിലേക്കൊളിക്കുന്ന കാഴ്ച്ചകളും എന്നേയും നിന്നേയും തനിച്ചാക്കുമ്പോള്‍ നമുക്കിടയില്‍ ഘനീഭവിച്ചിരുന്ന മൌനം ഒരു മൂടല്‍മഞ്ഞായ് വളര്‍ന്നിരുന്നു.ഒരു ഋതുഭേദമാ മഞ്ഞിനെ ഉരുക്കിയപ്പോഴേക്കും നീയെന്ന മിഥ്യ ഞാനെന്ന സത്യത്തെ വഴിയിലുപേക്ഷിച്ചിരുന്നു...
=========================================================================
ഒരു പേമാരിയായ് നിന്നില്‍ പെയ്തൊഴിയണമെന്നുണ്ട്...പക്ഷെ വന്ധ്യ മേഘങ്ങളെപ്പോലെ അവ നിര്‍ജീവിങ്ങളായി ചലിക്കുന്നു..ഞാനറിയുന്നു എന്റെ മേഘജാലങ്ങളില്‍ സ്നേഹത്തിന്റെയുറവ മയങ്ങുകയാണെന്ന്.. ഋതുക്കള്‍ ഒരു പക്ഷെ ആര്‍ദ്രത കിനിയുന്ന കാറ്റുമായെത്തിയേക്കാം ..പേമാരിയായ് പ്രണയം പെയ്തേക്കാം ..ഒരു ഋതുഭേദത്തിലൂടെ മാത്രമെ അതിനു കഴിയൂ എങ്കില്‍ ..
========================================================================
മരണം അനിവാര്യമാകുന്നത് ജീവിതം ദുഷ്കരമാകുമ്പോഴാണ്..എന്നാലാ ജീവിതമാകട്ടെ ക്ഷണഭംഗുരവും ...ക്ഷണികമായ മരുഭൂജലം പോലുള്ള ആയുസ്സിനിടയില്‍ സങ്കോച വികാസ പ്രക്രിയ ഒരു പ്രഹസനമാണെന്ന് തോന്നുമായിരിക്കാം .ജീവിതം മരുപ്പച്ചയാണെങ്കില്‍ മൃത്യു ഒരു മരീചികയാണ്..ദൂരെ നിന്നു നമ്മെ മോഹിപ്പിക്കുന്ന ഒരു മരീചിക..അടുക്കുന്തോറും മായക്കാഴ്ച്ചകള്‍ കാണിച്ച് ഭ്രമിപ്പിക്കുന്നവ............
=========================================================================
നമ്മുട യാത്ര ചിറകു വെച്ച സ്വപ്നങ്ങളെ തേടിയായിരുന്നു..ആകാശത്തിന്റെ വിശാലതയിലും ആഴിയുടെ അഗാധതയിലും ആ സ്വപ്നങ്ങളെ പരതി..മേടുകളിലും കാടുകളിലും അലഞ്ഞു..വെയിലിലും തണലിലും നിലാവിലും നിഴലിലും തീരത്തും ഓളങ്ങളിലും മണല്‍ത്തരികളിലും നക്ഷത്രങ്ങളിലും തരുശാഖകളിലും പര്‍വത ശിഖരങ്ങളീലും തിരഞ്ഞു...പക്ഷെ നമ്മള്‍ തിരയുന്നത് ചിറക് വെച്ച സ്വപ്നങ്ങളെയായിരുന്നല്ലോ..അപ്പോഴേക്കും കരുത്തുറ്റ ചിറകുമായ് ആ സ്വപ്നങ്ങള്‍ കണ്ണെത്താ ദൂരത്തെത്തിയിരുന്നു...
=======================================================================
രാവിനു നീളമേറെ...അവസാനത്തെ തുള്ളി എണ്ണയും കത്തി തീര്‍ന്നിരിക്കുന്നു...ഈ രാവിലെനിക്കുണര്‍ന്നിരിക്കാന്‍ നിന്റെ മിഴിയിലെ പ്രകാശത്തില്‍ നിന്നിത്തിരി വെട്ടം ഞാന്‍ കടമായെടുത്തോട്ടെ...
=======================================================================
നീയെനിക്ക് പ്രിയപെട്ടവളായതെപ്പോഴാണ്..നിലാവ് പെയ്യുന്ന രാവുകളില്‍ കുളക്കോഴികള്‍ ചേക്കേറിയിരുന്ന നീരോലിക്കാടുകളില്‍ എന്നെയും കാത്ത് ..രാവിന്റെ ഏതേതോ യാമങ്ങളില്‍ തനിയെ...വാനമ്പാടികള്‍ ചിറകടിച്ച് ഏതോ വിരഹഗാനം മൂളി പോകുമ്പോഴും നിന്റെ കണ്ണില്‍ പടര്‍ന്നത് കണ്ണു നീരല്ല നിനക്ക് കൂട്ടായെത്തിയ ഹിമകണമായിരുന്നല്ലൊ...മഞ്ഞ് പെയ്യുന്ന നിലാരാവുകളോടു നിനക്കുണ്ടായിരുന്നത് ഒരുന്മാദമാണെന്നെനിക്കറിയാമായിരുന്നു.അതു കൊണ്ടാണല്ലൊ ഗോതമ്പ് വിളഞ്ഞ് കിടക്കുന്ന വയല്‍ വരമ്പിലൂടെ കൊലുസ്സിന്റെ മുഴക്കവുമായ് നീയെന്നെ തേടി വന്നിരുന്നത്..കുന്നിന്‍ പുറത്തെ മരച്ചില്ലകളിലൂടെ നിലാവിനെ കാണാന്‍ എന്ത് ചന്തമെന്ന് നീ മൊഴിയുമ്പോഴും ഒരു ചന്ദ്രകാന്തമായെങ്കിലും നിന്റെയടുത്തെത്താനായെങ്കിലെന്ന് മോഹിച്ചിരുന്നു..രാവിന്റെ ഗന്ധവും പേറിയൊരു ചെറു കാറ്റായ് നിന്റെ മിഴികളെ തഴുകാന്‍ എനിക്കായെങ്കില്‍ ....മിഥ്യയായ എനിക്ക് വേണ്ടി നിലാവുദിക്കുമ്പോള്‍ കാത്തു നില്കുന്നവളേ നീയെനിക്ക് പ്രിയപെട്ടവളായിരിക്കുന്നു.....................
=========================================================================
യജ്ഞകുണ്ഠം പോലെ തിളങ്ങുന്ന ഉദയാര്‍ക്കന്‍ ..ഇരുളിനെ മയങ്ങാന്‍ വിട്ട് ആര്‍ദ്ര കിരണങ്ങളോടെ മന്ദം ഉയര്‍ന്നു വന്നു ഭൂമിയിലെ തമസ്സിനെ ദീപ്തമാക്കുന്ന ആദിത്യന്‍ .രാത്രിയെ പകലിലേക്ക് പ്രവേശിപ്പിച്ച് അദ്ഭുതങ്ങളുടെ കലവറകളിലേക്ക് സഹസ്രം മയൂഖങ്ങളോടെ ..മനുഷ്യ മനസ്സിലെ വൈവിധ്യങ്ങളിലേക്ക് ഈ രശ്മികളുടെ പ്രഭ പതിഞ്ഞെങ്കില്‍ .ഇനിയും വെളിച്ചം കാണാത്ത അന്ധകാരം മുറ്റിയ ഹൃദയ കോണുകളെ പ്രഭാപൂരിതമാക്കിയെങ്കില്‍ ........
=========================================================================
വെയില്‍ മരങ്ങള്‍ക്കിടയിലെ അപരാഹ്നത്തിന്‍ നാളങ്ങള്‍ നിഴലുകള്‍ക്കൊപ്പം നൃത്തം വെക്കുകയാണു.കാറ്റിന്റെ ഗതിയില്‍ നിഴലുകള്‍ ചാഞ്ഞും ചെരിഞ്ഞും തലങ്ങും വിലങ്ങും പുളഞ്ഞ് കൊണ്ട്...ഇപ്പോഴെന്റെ നിഴലുകള്‍ക്ക് നീളം വെച്ചിരിക്കുന്നു.പകല്‍ മെല്ലെ മായുകയാണ്.എന്നെ പൊതിയുന്ന ഇരുള്‍ ..നീളം വെച്ച നിഴലുകള്‍ ഒരു പരിഹാസത്തോടെ മണല്‍ത്തരികളോട് കലരുന്നു.ഇനിയത് ആത്മാവിന്റെ ചലനങ്ങള്‍ മാത്രമായി മാറും .വെളിച്ചത്തിനു അടിമപ്പെടാത്ത ആത്മാവിന്റെ നിഴലുകള്‍ ....
========================================================================
ഒരിലയിന്ന് മണ്ണിനെ പുണരാനായ് താഴേക്കിറങ്ങി വന്നു..ഇളം കാറ്റിന്റെ ചുമലില്‍ നിന്നുമവന്‍ ഊര്‍ന്നിറങ്ങി..പതിയെ ഭൂമിയെ സ്പര്‍ശിച്ച ഇല പരിഭവത്താലോ പരിഭ്രമത്താലോ ഒന്നുയര്‍ന്ന് വീണ്ടും മണ്ണിനെ മുത്തമിട്ടു..അവനിയവനെ മാറോടടുക്കി ;ദൂരെ ആകാശത്തുഞ്ചത്തിരുന്നു നീ എന്നെ കാണുന്നുണ്ടായിരുന്നോ എന്ന് കുശലം ചോദിച്ചു. അപ്പോഴേക്കും വെയിലിനെ തിന്നും മഴയെ രമിച്ചും നിലാവിനെ പാനം ചെയ്തും താരകങ്ങളോട് സല്ലപിച്ചും കാറ്റിനോട് കളിച്ചും കഴിഞ്ഞ നാളുകളെ മറക്കാന്‍ ഇല പഠിച്ചിരുന്നു..പിന്നെ മെല്ലെ ശല്‍ക്കങ്ങളെ അഴിച്ച് വെച്ചു തന്റെ സിരകളെ മണ്ണിനോട് ചേര്‍ത്ത് വെച്ചു..മണ്ണിന്റെ മാറിലലിയാന്‍ ..ശാശ്വതാനന്ദം നേടാന്‍ .
========================================================================
നീയൊരിക്കല്‍ എന്നെയണിയിച്ച ചിറകെങ്ങനെ ഞാന്‍ തിരികെത്തരും ..നീര്‍ത്തടങ്ങളില്‍ മാത്രം പ്രാഞ്ചിയിരുന്ന എനിക്ക് നീയല്ലെ ആ കരുത്തുറ്റ വര്‍ണ്ണ ചിറകുകള്‍ തന്നത്..മലമടക്കുകളിലും ,കായല്‍ പരപ്പിലും, പടു വൃക്ഷശാഖകളിലും ,കുതിച്ച് പായുന്ന മേഘങ്ങള്‍ക്കൊപ്പവും സഞ്ചരിക്കുമ്പോള്‍ ആ ചിറകുകളല്ലെ എന്റെ ദിശ തിരിച്ചിരുന്നത്.നിന്നെ വിട്ട് ദേശാടനപക്ഷികളോടൊപ്പം ഞാന്‍ കടല്‍ താണ്ടുമെന്ന് ഭയന്നല്ലെ ഇപ്പോളത് തിരികെ വാങ്ങുന്നത്..എന്നെ നിന്നോടൊപ്പമാക്കുന്ന എന്റെ ഹൃദയമിടിപ്പിനോട് ചേര്‍ത്ത് വെച്ച ചിറകുകള്‍ ഞാന്‍ തരാം എന്റെ പ്രാണനില്‍ പൊതിഞ്ഞ്......
===================================================================
ഇന്ന് നല്ല നിലാവുണ്ട്..നിനക്ക് നിലാവിനോട് പ്രണയമാണെന്നെന്നോട് പറയുമ്പോഴൊക്കെ ഞാനറിയാതെ എന്റെയുള്ളില്‍ ഉടലെടുത്ത അസൂയ എന്തിനായിരുന്നു....തുറന്നിട്ട കിളിവാതിലിലൂടെ തൂവലിന്റെ ലാഘവത്തോടെ കടന്നു വന്നിരുന്ന നിലാവിന്റെ തുണ്ടുകളെ കൈക്കുടന്നയില്‍ കോരിയെടുത്ത് ചുംബിച്ച് എന്നെ കൊതിപ്പിച്ചിരുന്നതെന്തിനായിരുന്നു...നീയുറങ്ങുമ്പോള്‍
നിലാവിനെ പുണര്‍ന്ന നിന്റെ കരവല്ലികള്‍ ആ ചന്ദ്രകാന്തത്തോട് ചേര്‍ത്ത് ഞാനെന്റെ മിഴികളില്‍ വെക്കുമ്പോള്‍ നീയുണരരുതേയെന്ന് അറിയാതെ മോഹിക്കുമായിരുന്നു..
=====================================================================
=======================================================================
ഇതിഹാസത്തില്‍ നിന്നും ചരിത്രത്തിലൂടെ വര്‍ത്തമാനത്തിലെത്തിയ ചക്രങ്ങള്‍ ... ചമ്മട്ടി പ്രഹരമോ തോളുകളെ ഭാരമോര്‍പ്പിക്കും നുകങ്ങളുടെ തഴമ്പോ വരാനിരിക്കുന്ന നാളെയുടെ പ്രതീക്ഷകളിലൊരു തടസ്സമാവില്ല .....
=========================================================================
എന്റെ പ്രിയപ്പെട്ട വാന്‍ ഗൊഘ്...പൊട്ടാറ്റോ ഈറ്റര്‍
ഇതിഹാസത്തില്‍ നിന്നും ചരിത്രത്തിലൂടെ വര്‍ത്തമാനത്തിലെത്തിയ ചക്രങ്ങള്‍ ... ചമ്മട്ടി പ്രഹരമോ തോളുകളെ ഭാരമോര്‍പ്പിക്കും നുകങ്ങളുടെ തഴമ്പോ വരാനിരിക്കുന്ന നാളെയുടെ പ്രതീക്ഷകളിലൊരു തടസ്സമാവില്ല .....
=========================================================================
എന്റെ പ്രിയപ്പെട്ട വാന്‍ ഗൊഘ്...പൊട്ടാറ്റോ ഈറ്റര്‍
നന്നായിട്ടുണ്ട് എഴുത്ത്
ReplyDelete