Monday 1 October 2012

വേദവതിയുടെ വി.കെ.എന്‍ ..

വി.കെ.എന്റെ പത്നിയോടൊപ്പം ..മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്..:-



ഗായത്രി പുഴയും കടന്നു വില്വാദ്രിനാഥന്റെ ഗേഹവും ചുറ്റി  തിരുവില്വാമല ചുങ്കത്ത് നിന്നും പടിഞ്ഞാറോട്ട് നീളുന്ന ഇരുവശങ്ങളിലും വൃക്ഷനിബിഡമായ നാട്ടുപാത ..പാതയുടെ വലത് വശത്ത് നിന്നും ഉള്ളിലോട്ട് നയിക്കുന്ന ചെങ്കല്‍പ്പാത അവസാനിക്കുന്നത് നിളയുടെ പുളിനത്തെ തഴുകുന്ന കാറ്റിന്റെ സാന്ത്വനമേറ്റ് പഴയ പ്രതാപത്തിന്റേയും പ്രൌഢിയുടെയും നൂറ്റമ്പത് വര്‍ഷത്തെ പാരമ്പര്യത്തിന്റെയും ഗാഥകളോതി കൊണ്ട്  ഒരേക്കറോളം പരന്നു കിടക്കുന്ന തൊടിക്കുള്ളില്‍  തലയെടുപ്പോടെ നില്‍ക്കുന്ന വടക്കേ കൂട്ടാല തറവാട് മുറ്റത്താണ്..അവിടവിടെയായി മയിലുകള്‍ മേയുന്ന മുറ്റത്ത് ഞാനെത്തുന്നത് ചിങ്ങത്തിലെ വിശാഖം നാളില്‍ .മുറ്റത്തൊരുക്കിയ കുഞ്ഞുപൂക്കളത്തിലെ ചെമ്പരത്തിയും ശംഖുപുഷ്പ്പവും മന്ദാരവുമൊക്കെ ഇടയിലെപ്പോഴൊ പെയ്ത ചാറ്റല്‍ മഴയില്‍ സ്ഥാനം തെറ്റിക്കിടക്കുന്നു...മധ്യാഹ്ത്തിന്റെ ആലസ്യത്തില്‍ മുറ്റത്തെ മൂവാണ്ടന്‍ കൊമ്പില്‍ മയങ്ങാന്‍ തിടുക്കം കാട്ടുന്ന കാറ്റ്.നിശ്ശബ്ദതതയെ ഭേദിച്ച് ആഹ്ലാദത്തോടെ ചിലച്ച് കൊണ്ട് തൊടിയിലെ വാഴക്കയ്യിലിരുന്ന ഒരണ്ണാറക്കണ്ണന്‍ ഞങ്ങളെ നോക്കി മുന്നിലൂടെ ചാടിയോടി..ആരുമുണ്ടാവില്ലെ എന്ന ശങ്കയോടെ പടി കയറുമ്പോഴേക്കും അകത്ത് നിന്നും സ്നേഹത്തോടെയുള്ള ക്ഷണവുമായ് ആ വീടിന്റെ മരുമകളും മകളുമൊക്കെയായ രമ മുറ്റത്തേക്കിറങ്ങി വന്നു..ആശ്വാസത്തോടെ ഞാന്‍ കറുത്ത ചാന്തിട്ട് മിനുക്കിയ നീളന്‍ കോലായിലേക്ക് കയറി..എന്റെ ഭര്‍തൃ സഹോദരി ലൈലയും    ഭര്‍ത്താവ് ഡോക്ടര്‍ സാലിം ആയും സുദൃഢബന്ധമുള്ള ആ കുടുംബത്തെ ഞാനാദ്യം കാണുന്നത് മാസങ്ങള്‍ ക്ക് മുന്‍പ് ലൈലയുടെ വീട്ടില്‍ വെച്ചായിരുന്നു..അന്നു കണ്ട മുഖപരിചയത്തില്‍ ലൈലച്ചേച്ചിയുടെ ബന്ധുവല്ലെ എന്നു പറഞ്ഞെന്നെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ ആ തറവാടിന്റെ ആതിഥ്യമര്യാദ  എനിക്ക് മുന്നില്‍ സ്പഷ്ടമായി..അമ്മയെ കാണാന്‍ കഴിയില്ലെ എന്ന എന്റെ ചോദ്യം അവസാനിക്കുന്നതിനു മുന്‍പെ  ചിരി നിറഞ്ഞ മുഖവുമായ് ചിരിയുടെ മഹാരാജാവിന്റെ അമ്പത് വര്‍ഷത്തെ സഹയാത്രികയും  മേതില്‍ കുടുംബാംഗവുമായ വേദവതി അമ്മ അകത്തളത്തില്‍ നിന്നും ഇറങ്ങി വന്നു..കൈപ്പിടിച്ച് ഊണുകഴിച്ചിട്ടില്ലെങ്കില്‍ ഊണു കഴിക്കാം എന്നു നിര്‍ബന്ധിച്ച നേരത്ത് റമദാനു ശേഷമുള്ള അധികപുണ്യവ്രതത്തിലാണു ഞാനെന്നറിയിച്ചപ്പോള്‍  ആ മുഖത്ത് കണ്ട വാല്‍സല്യം ഒരു പക്ഷെ ഇതിനു മുന്‍പൊരിക്കലും ഞാനനുഭവിച്ചിട്ടില്ലാത്തതായിരു്നു .ഒരുച്ചയുറക്കത്തെ അലോസരപ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് ഞാനവരുടെ വിശേഷങ്ങള്‍ ആരായാന്‍ തുടങ്ങി..."സാരല്യ കുട്ട്യേ ..ഉറക്കം ഇനിയുമാവാം ..കുട്ട്യോടിത്തിരി മിണ്ടിയിരിക്ക്യാലോ" എന്നവര്‍ പറയുമ്പോള്‍ എന്റെയുള്ളില്‍ ഒരു നൊമ്പരം ..അവരനുഭവിക്കുന്ന ഏകാന്തത ഞാനറിഞ്ഞ നിമിഷമായിരുന്നു അത്.. തൊടിയില്‍ ഭയം ലവലേശമില്ലാതെ കൊത്തിപ്പെറുക്കുന്ന മയിലുകളെ നോക്കി ഞാനമ്മയോട് സംസാരിക്കാന്‍ തുടങ്ങി..വിശേഷങ്ങളില്‍ നിറഞ്ഞ് നിന്നത് വീകെയെന്‍ എന്ന അമ്മയുടെ ജീവിത പങ്കാളിയും അദ്ദേഹത്തിന്റെ ഇഷാനിഷ്ടങ്ങളും മാത്രം ...സംഭാഷണ മധ്യേ ഓര്‍മ്മ വന്ന പോലെ ആ പരിഭവം .."എന്തെ വീകെയെന്‍ ജീവിച്ചിരിക്കുമ്പൊ കുട്ടി വന്നില്യാ"...മൂന്നു മണിക്കൂറിനുള്ളില്‍ പലവുരു ഇതാവര്‍ത്തിക്കപ്പെട്ടു..കുറ്റബോധത്തൊടെ അപ്പോഴൊക്കെ ഞാന്‍ ഖേദവും പ്രകടിപ്പിച്ചു..ഓരോ പ്രാവശ്യവും ആ അമ്മയുടെ വാല്‍സല്യമായിരുന്നു ഞാനാ പരിഭവത്തിലൂടെ അനുഭവിച്ചത്.. 


തിരുവില്വാമലയിലെ വടക്കെ കൂട്ടാല തറവാട്ടിലെ ഏകസന്തതി നാരായണന്‍ കുട്ടി നായരുടെ ആഗ്രഹം ഒരു സൈനികനായി ദേശത്തെ സേവിക്കുക എന്നതായിരുന്നു.ആവശ്യത്തിലേറെ കായികക്ഷമതയും ചങ്കുറപ്പുമുള്ള ആ യുവാവിനു പട്ടാളത്തില്‍ തന്റെ യോഗ്യതക്കനുസരിച്ച ഒരു പദവിയുണ്ടെന്നറിഞ്ഞിട്ടും തന്റെ ആഗ്രഹം സാധിപ്പിക്കാനായില്ല .തറവാടിന്റെ ഒരേയൊരാണ്‍തരിയെ കണ്ണെത്താ ദൂരത്ത് തോക്കുകള്‍ക്ക് മുന്നിലേക്ക് പറഞ്ഞു വിടാന്‍ വിധവയായ അമ്മയും ജന്മികളയിരുന്ന അമ്മാവന്‍മാരും തയ്യാറായില്ല എന്നതാണ് സത്യം ..അതോടെ വി കെ എന്നിന്റെ സൈനികമോഹം മുളയിലെ വാടിവീണു.ഏഴെട്ട് വയസ്സു മുതല്‍ വായനാ തല്പ്പരനായിരുന്ന അദ്ദേഹം മെട്രിക്കിനു ശേഷം പതിനേഴാമത്തെ വയസ്സില്‍ ദേവസ്വത്തില്‍ ഉദ്യോഗസ്ഥനായി..പത്തു വര്‍ഷം അവിടെ ഉദ്യോഗത്തിലിരുന്നു..1954  ഫെബ്രുവരി പതിനൊന്നാം തിയതി  25 മത്തെ വയസ്സില്‍ ആലത്തൂര്‍ പുതിയങ്കത്തെ മേതില്‍ കല്യാണിയമ്മയുടേയും കോടോത്ത് ചന്ദ്രശേഖരന്‍ നമ്പ്യാരുടേയും മകളായ 20 വയസ്സുകാരി വേദവതിയെ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നിറ സന്ധ്യയെ സാക്ഷിയാക്കി താലിചാര്‍ത്തി ജീവിതസഖിയാക്കി.."അന്നത്തെ രാത്രി ഗുരുവയൂര്‍ തന്നെ ആയിരുന്നു.".ഇതും പറഞ്ഞ അമ്മയുടെ കണ്ണില്‍ യൌവനത്തിളക്കം ..ചെറുതായൊന്നു മന്ദഹസിച്ചവര്‍ തുടര്‍ന്നു."അന്നൊക്കെ രാത്രിക്കല്യാണങ്ങള്‍ പതിവായിരുന്നുട്ടോ..പിറ്റെ ദിവസമാണ്. ഞാന്‍ വടക്കെ കൂട്ടാല തറവാട്ടിലേക്ക് വന്നത്..വീക്കെയെന്‍ ജനിച്ച തറവാട്..അതിന്റെ ഏക അവകാശിയും അദ്ദേഹം തന്നെ"..അമ്മ തന്റെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടിരിക്കെ ഇടക്കെപ്പോഴൊ കണ്ഠമിടറി കൊണ്ട് പറഞ്ഞു "അദ്ദേഹം ജനിച്ച വീട്ടില്‍ വെച്ചന്നെ മരണപ്പെടുകയും ചെയ്തു"..ഞാന്‍ പതുക്കെ ആശ്വാസ വാക്കുകളെ പരതി..പിന്നെ വികാരഭരിതമായ ആ നിമിഷത്തെ തീര്‍ത്തും മറച്ചു കൊണ്ടൊരു ചോദ്യം അമ്മക്ക് മുന്നില്‍ ഇട്ടു കൊടുത്തു.."അമ്മയെ പ്രണയപൂര്‍വം എന്താണു അദ്ദേഹം സംബോധന ചെയ്തിരുന്നത്?"...തലയാട്ടി തികച്ചും നിഷ്കളങ്കതയോടെ "എന്നെ  വേദാ ..വേദേ..വേദവതി എന്നൊക്കെ തന്ന്യാ വിളിച്ചിരുന്നത്"..എന്റെ അടുത്ത ചോദ്യത്തിനൊപ്പം വീണ്ടും അമ്മ വിവാഹത്തിന്റെ മധുവിധു നാളുകളിലേക്ക് തിരിച്ചു വന്നു."അദ്ദേഹം കവിതകളും പാട്ടുകളും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നല്ലോ അമ്മക്ക് വേണ്ടി ഏതെങ്കിലും ഒരു പ്രത്യേക ഗാനമോ കവിതയോ മൂളാറുണ്ടായിരുന്നോ? " ...."അതെ കല്യാണനാളുകളില്‍ എപ്പഴും പാടുന്ന പാട്ടായിരുന്നു ചങ്ങമ്പുഴയുടെ രമണന്റെ വരികള്‍ .."കാനനഛായയിലാടു  മേയ്ക്കാന്‍ ഞാനും വരട്ടേയോ നിന്റെ കൂടെ എന്നിങ്ങനെ പാടിക്കൊണ്ടിരിക്കുമായിരുന്നു  .."ഇതു പറയുമ്പോള്‍ ആ മുഖം ഒന്നു കൂടെ പ്രകാശിച്ചു..മിഴികളെ മൂടിയ തിമിരത്തിന്റെ നേര്‍ത്ത പാളികളില്‍ അപ്പോഴും മിന്നിമറയുന്നുണ്ട് ഒരായിരം വര്‍ണ്ണങ്ങളില്‍ നെയ്ത പ്രണയസ്വപ്നങ്ങള്‍ ..


എപ്പോഴും റേഡിയോ ശ്രവിക്കുന്ന സ്വഭാവമുള്ളയാളാണ് വീകെയെന്‍ .റേഡിയോ സ്റ്റേഷന്‍ തുറന്നു പാതിരാവില്‍ അടക്കുന്നത് വരെ..എല്ലാ പരിപാടികളും കേള്‍ക്കുമത്രെ  ..ഇതിനിടയില്‍ രമ പറയുന്നുണ്ട് "അച്ചന്‍ വയലും വീടും എന്ന പരിപാടി കേട്ടിട്ടതില്‍ നിന്നുമുണ്ടായ നാട്ടറിവുകളില്‍ നിന്നാണു നെല്‍ വിത്തിനെ കുറിച്ചുള്ള കഥകളെഴുതിയത്."അതു പോലെ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളില്‍ ഒന്നായിരുന്നു ജാനകിയമ്മ പാടിയ പ്രിയ സുഹൃത്തും കവിയും സിനിമാഗാന രചയിതാവുമായ വയലാറിന്റെ പ്രശസ്ത വരികള്‍ "മഞ്ഞണി പൂനിലാവില്‍ പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ച് വെച്ച് നീരാടുമ്പോള്‍ " പ്രായമായപ്പോള്‍ ചിരി തത്തിക്കളിക്കുന്ന ചുണ്ടിലെപ്പോഴുമുണ്ടായിരുന്ന ഒരു ഗാനശകലം ​."അതു പോലെ തന്നെ പരിണയം സിനിമയിലെ "പാര്‍വണേന്ദു മുഖി പാര്‍വതി "എന്ന ഗാനവും അച്ചനു വലിയ ഇഷ്ടമായിരുന്നു..എന്നാല്‍ ഇപ്പോഴത്തെ കവിതയില്ലാത്ത ഗാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു.അച്ചന്റെ ഓര്‍മകളിലൂടെ ഒഴുകുമ്പോള്‍ രമയുടെ മുഖത്തും സന്തോഷത്തിന്റെ വേലിയേറ്റം .

ഇതിനിടയില്‍ അമ്മയോട് ഡല്‍ഹിയിലെ ജീവിതത്തെ കുറിച്ച് ഒന്നു പറയാമോ എന്നു ഞാന്‍ ചോദിച്ചു..പത്തു വര്‍ഷത്തിനു ശേഷമാണ്   ദേവസ്വം ബോര്‍ഡിലെ തന്റെ  ആദ്യ ഉദ്യോഗമുപേക്ഷിച്ച്‌ ഡല്‍ഹിയില്‍ ഇംഗ്ലീഷ് പത്രത്തിലെ ജോലിയില്‍ അദ്ദേഹം പ്രവേശിച്ചത്..പിന്നെ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ റേഡിയോവിലും ജോലി നോക്കിയിട്ടുണ്ട്.അവിടെ വെച്ച് ഒ.വി .വിജയന്‍ ,എം മുകുന്ദന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ സമകാലീനനായ് ഒരു ദശവല്‍സരം  കൂടി.കഴിഞ്ഞു..അന്നത്തെ ഒഴിവു ദിന വൈകുന്നേരങ്ങള്‍ വീകെയെന്നിന്റെ വീട് സാഹിത്യ സഭകളുടെ നിറസ്സാന്നിധ്യമായി മാറിയിരുന്നു.അതിഥിസല്കാരപ്രിയനായിരുന്ന അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചെത്തുന്നവര്‍  വേദയുടെ കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകള്‍ മനസ്സിലാക്കി നിത്യ സന്ദര്‍ശകരായി എത്തിയിരുന്നു പോലും ..മക്കള്‍ അന്നവിടെ പ്രൈമറി വിദ്യഭ്യാസം ചെയ്യുകയായിരുന്നു.മകള്‍ രഞ്ജനയും മകന്‍ ബാലചന്ദ്രനും ..പിന്നീട് തറവാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ തട്ടകം ഇതൊന്നുമല്ല എന്നു മനസ്സിലാക്കി സമ്പൂര്‍ണ്ണ എഴുത്തുകാരനായ് മാറുകയായിരുന്നു വടക്കേ കൂട്ടാല നാരായണന്‍ നായര്‍ എന്ന വി.കെ .എന്‍ ...തറവാട്ടില്‍ സ്ഥിരമാക്കിയതിനു ശേഷം സന്ദര്‍ശകരുടെ എണ്ണം കൂടിയതേയുള്ളൂ .ചുമരില്‍ കണ്ട ഒരു പഴയ ഫോട്ടൊ..വൈക്കം മുഹമ്മദ് ബഷീറും വി.കെ.എന്നും .അപ്പോഴാണു ഹാസ്യ സാമ്രാട്ടിന്റെ ബേപ്പൂര്‍ സുല്‍ത്താനുമായുള്ള ചങ്ങാത്തത്തെ കുറിച്ച്  അമ്മ വാചാലയായത്. "ഒരിക്കല്‍ ബഷീര്‍ വന്നിട്ട് മേശപ്പുറത്തൊന്നും വേണ്ട ഞങ്ങള്‍ക്കീ കോലായില്‍ മതി എന്നു പറഞ്ഞ്   ഇവിടെ തഴപ്പായ വിരിച്ചതില്‍ ഇരുന്നു ഞാനുണ്ടാക്കിയ സദ്യ ഉണ്ടിട്ടുണ്ട്."അഴികളിലൂടെ മഴത്തുള്ളികള്‍ വന്നു പതിക്കുന്ന ഇറയത്തെ നോക്കി ഒരു മന്ദസ്മിതത്തോടെ അമ്മ ഇരുന്നു..നര്‍മ്മവും തത്വവും വരികളിലൂടെ അനുവാചകനു വിളമ്പിയ രണ്ട് അക്ഷരസ്നേഹികള്‍ ..അവരുടെ സൌഹൃദം പക്ഷെ തങ്ങളുടെ രചനകളില്‍ പരസ്പ്പരം സ്വാധീനമുണ്ടാക്കിയിട്ടില്ല.ബഷീറിയന്‍ നര്‍മ്മ ശൈലിയില്‍ നിന്നും വേറിട്ടതാണ്. വീക്കെയെന്നിന്റെ ശൈലി..രണ്ടും വായനക്കാരന്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചത് തന്നെ..രമ ചിരിച്ച് കൊണ്ട് പറയുന്നുണ്ട് വില്വാദ്രിനാഥനെ കാണാന്‍ വരുന്നവര്‍ വി.കെ എന്നിനെ കാണതെ പോകാറില്ല എന്നു ഇവിടങ്ങളില്‍ ഒരു പ്രയോഗം തന്നെയുണ്ട്..ഒരു കാലത്ത് ഈ മുറ്റം നിറയെ അച്ചനെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു. കരിയിലകള്‍ മഴ വെള്ളത്തില്‍ കുതിര്‍ന്നു കിടക്കുന്ന നടുമുറ്റത്തപ്പോള്‍ ഓണത്തുമ്പികള്‍ വട്ടമിടുന്നുണ്ടായിരുന്നു....



ഞാന്‍ അദ്ദേഹത്തിന്റെ രചനയുടെ രീതിയെ കുറിച്ചറിയാനാഗ്രഹിച്ചു. ആ നീണ്ട വരാന്തയുടെ അറ്റത്തെ ഒരെഴുത്ത് മേശയും കസേരയും നോക്കി അങ്ങോട്ട് വിരല്‍ ചൂണ്ടി അമ്മ പറഞ്ഞു തുടങ്ങി.." ചിലപ്പോള്‍ ഇവിടെ ഇരുന്നെഴുതും ..മിക്കവാറും എഴുത്തിനു തിരഞ്ഞെടുക്കുന്നത് മുകളിലത്തെ നിലയിലുള്ള മുറിയിലെ ഇടവഴിയിലേക്ക് തുറക്കുന്ന ജനലിനടുത്തിരുന്നാണ്.ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുന്നവരുണ്ടെങ്കില്‍ അവരെ കാണാന്‍ പാകത്തില്‍ ..കടലാസുകളില്‍ അവിടവിടെയായി മനസ്സിലുദിച്ച ആശയങ്ങളെ വിന്യസിക്കുന്നു..പിന്നീടെല്ലാം കൂടി അടുക്കി ചിട്ടപ്പെടുത്തുന്നു..ചില ദിവസങ്ങളില്‍ വല്ലാത്തൊരുല്‍ക്കണ്ഠയും നീരസവുമൊക്കെ പ്രകടിപ്പിക്കും ..വിചാരിച്ച രീതിയില്‍ പിടി തരാതെ വിരല്‍ തുമ്പിലെ അക്ഷരങ്ങള്‍ വഴുതി കളിക്കുമ്പോഴാണു അദ്ദേഹം അസ്വസ്ഥനാകുന്നത്.. എല്ലാം വരുതിയിലെത്തിയാല്‍ ആ മുഖം സന്തോഷം കൊണ്ട് പൂര്‍ണ്ണ ചന്ദ്രനെ വെല്ലും ..പിന്നെ സ്വത സിദ്ധ്മായ ശൈലിയില്‍ തന്റെ വേദയോട് പറയും ഹാവൂ  ഒന്നു ശര്‍ദ്ദിച്ച സുഖം ..ഇതു പറഞ്ഞ് അമ്മ പൊട്ടിച്ചിരിച്ചു..അമ്മക്കൊപ്പം എനിക്കും ചിരിയടക്കാനായില്ല. കാരണം അമ്മ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുമ്പോഴൊക്കെ ആ അദൃശ്യ സാന്നിധ്യം എനിക്ക് മുന്നില്‍ ഒരു ചിരിയോടെ  ഇരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..

നര്‍മ്മത്തിന്റെ താന്ത്രികന്‍ എപ്പോഴും അങ്ങനെയായിരുന്നുവോ..ഫലിതങ്ങള്‍ പറഞ്ഞ്..?"ഏയ് അല്ല..അങ്ങനെ എപ്പഴും തമാശകള്‍ പറയാറില്ല"...എഴുതുന്നത് അമ്മയെ കാണിക്കുകയോ വായിച്ചഭിപ്രായം പറയാന്‍ ആവശ്യപ്പെടുകയോ ചെയ്യാറുണ്ടായിരുന്നോ?"ഒരിക്കലും ഞാന്‍ അഭിപ്രായം പറയുകയോ എഴുത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.അതിനു മാത്രമുള്ള അറിവൊന്നും എനിക്കില്ല..ഇഷടമാണു അദ്ദേഹത്തിന്റെ രചനകളെ..എന്റെ തറവാട്ടിലും സാഹിത്യാഭിരുചിയുള്ളവരുണ്ട്.അനിയത്തിമാരായ മേതില്‍ നന്ദിനി ,മേതില്‍ രാജേശ്വരി അവരുടെ മകള്‍ മേതില്‍ ദേവിക ഇവരൊക്കേയും സാഹിത്യരംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചവരാണ്..പ്രശസ്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മുത്തശ്ശിയും എന്റെ മുത്തശ്ശിയും സഹോദരിമാരായിരുന്നു"..മക്കളില്‍  ആര്‍ക്കെങ്കിലും സാഹിത്യ വാസനയുണ്ടോ?:ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അമ്മ തുടര്‍ന്നു..മക്കള്‍ എഴുതിയിട്ടൊന്നുമില്ല..പക്ഷെ മകന്‍ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആളായിരുന്നു ..വന്നാല്‍ ആ വിശേഷങ്ങളൊക്കെ അച്ചനെ ഒരു കഥ പറയുന്നത് പോലെ കേള്‍പ്പിക്കും ..പിന്നീട് അതൊക്കെ കഥകളാക്കിയിട്ടുമുണ്ട് അച്ചന്‍.. നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു അവന്‍ .അച്ചനെപ്പോഴും മകനോട് എഴുതാന്‍ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുമായിരുന്നു..പക്ഷെ എന്തോ അവനെഴുതാന്‍ താല്പ്പര്യം കാണിച്ചിരുന്നില്ല"."നമത് വാഴ്വും കാലമും "അതിലെ തമിഴ് സംഭാഷണങ്ങളെല്ലാം തന്നെ അന്തരിച്ച മകന്‍ ബാലചന്ദ്രന്റെ സംഭാവനകളായിരുന്നു..ഒരു ഗദ്ഗദത്തോടെ അമ്മ ആ ഓര്‍മ്മകളെയൊക്കെ പെറുക്കി വെക്കുന്നുണ്ടായിരുന്നു.ഇതൊക്കെ കേട്ട് മകന്റെ ഭാര്യ രമ നിശ്ശബ്ദയായി അമ്മയെ നോക്കി നിര്‍വികാരതയോടെ ഇരുന്നു..ഒരു മഴക്കോളിന്റെ ലക്ഷന്ണങ്ങളോടെ പുറത്ത് ആകാശം മെല്ലെ ഇരുളാന്‍ തുടങ്ങിയിരിക്കുന്നു....തണുത്ത കാറ്റ് തൊടിയില്‍ നിന്നും ഞങ്ങള്‍ക്കിടയിലേക്ക് ആശ്വസിപ്പിക്കാനെന്ന പോലെ വീശിയെത്തി.

ഏതൊക്കെയോ ചിന്തകളില്‍ എല്ലാവരും മുങ്ങിത്താണ നിമിഷങ്ങള്‍ ..ഞങ്ങള്‍ക്കിടയില്‍ മൌനം ഘനീഭവിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഞാന്‍  വീണ്ടും ഹാസ്യചക്രവര്‍ത്തിയുടെ വിശേഷങ്ങളിലേക്ക് വന്നു.പരന്നു കിടക്കുന്ന തൊടിയിലേക്ക് നോക്കി ഞാന്‍ ചോദിച്ചു..അദ്ദേഹം കൃഷിയില്‍ തല്പ്പരനായിരുന്നുവോ?"അതെ അതൊക്കെ വല്യ ഇഷ്ടവും താല്പ്പര്യവുമുള്ളതുമായിരുന്നു.തന്നെയുമല്ല വീക്കെയെന്‍ ഒരു പ്രകൃതി സ്നേഹിയായിരുന്നു..പച്ചപ്പിനോടും ഫല വൃക്ഷങ്ങളോടും വല്ലാത്തൊരടുപ്പം ..അത്രയകലത്തല്ലാതെയുള്ള കുറ്റിക്കാട്ടിലെ അന്തേവാസികളായ മയിലുകള്‍ ചിലപ്പോഴൊക്കെ തൊടിയിലെ തെങ്ങിലേക്ക് പറന്നിറങ്ങുന്നതും കാത്ത് മുറ്റത്ത് നില്ക്കും ..നേരവും കാലവും നോക്കാതെ ചിലപ്പോള്‍ പ്രകൃതിയാസ്വാദനത്തിനിറങ്ങുമത്രെ..അമ്മ ഉല്‍സാഹത്തോടെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ വിവരിച്ച് കൊണ്ടിരുന്നു.അമ്മയോട് വല്ലാത്തൊരിഷ്ടമായിരുന്നു അദ്ദേഹത്തിന്..അതു പോലെ തന്നെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോടും .ഭക്ഷണപ്രിയനായിരുന്ന ഭര്‍ത്താവിന്റെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊത്ത് ഊട്ടിയിരുന്ന ഭര്‍തൃഭക്തയായിരുന്ന മേതില്‍ വേദവതി ഭര്‍ത്താവിന്റെ മറ്റൊരു സിദ്ധിയെ കുറിച്ച്  വാചാലയായി..വീക്കെയെന്നിനു ജ്യോതിഷത്തിലുള്ള പാണ്ഡിത്യം ..തന്റെ മരണദിവസം മുന്‍കൂട്ടി കണ്ട് മരിക്കുന്നതിന്റെ തലേ ദിവസം ഭാര്യയോട് ഒരു വിടവാങ്ങല്‍ നടത്തി.കലണ്ടറില്‍ 2004 ജനുവരി 25 എന്ന തിയതിക്ക് മേലെ ഒരു വട്ടമിട്ടു വെച്ചിരുന്നുവെന്ന് രമ അപ്പോള്‍ പറയുന്നുണ്ടായിരുന്നു ..2003 ഒക്ടോബറില്‍ അസുഖബാധിതനായ് പ്രശസ്ത ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയില്‍ കഴിയുന്ന കാലം ..ഇടക്ക് പറയുമായിരുന്നുവത്രെ 2004 ജനുവരി 29 കഴിയണം എനിക്ക് .ആ ദശ കടന്നു കഴിഞ്ഞാല്‍ എനിക്ക് വളരെ നല്ല സമയമായിരിക്കും ,എന്നെ തേടി ഒരു പാട് പുരസ്കാരങ്ങളെത്തും എന്നു..2003 നവംബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി അദ്ദേഹത്തോട് മെല്ലെ പിണക്കം കാണിക്കാന്‍ തുടങ്ങി..താനൊരെഴുത്തുകാരനായിരുന്നു എന്നു പോലും ഈ കാലയളവില്‍ മറന്നു..പക്ഷെ മരിക്കുന്നതിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിപ്പിക്കയും ചെയ്തു അദ്ദേഹത്തിന്റെ പെരുമാറ്റങ്ങള്‍ .അപ്പോഴൊക്കെ കട്ടിലിനടുത്തുള്ള അലമാരയില്‍ വെച്ച തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ നോക്കി എന്റെ പുസ്തകങ്ങള്‍ എന്നു പറയുമായിരുന്നു എന്നു അമ്മ പറയുമ്പോള്‍ വായന ശാലക്ക് സംഭാവന നല്കി ഒഴിഞ്ഞ ഒന്നു രണ്ട് തട്ടുകളില്‍ സ്ഥാനം പിടിച്ച കുറേ പഴയ ഫോട്ടോകളിലേക്ക് എന്റെ കണ്ണുകള്‍ തിരിഞ്ഞു..കൂട്ടത്തില്‍ ചുമരില്‍ തൂക്കിയ വി.കെ എന്‍ വേദവതി ദമ്പതികളുടെ ആദ്യകാലചിത്രം ...ശൈത്യം ഉറഞ്ഞു കിടക്കുന്ന അകത്തളത്തില്‍ ഇരുട്ട് അവിടവിടെയായ് ഉറക്കത്തിലാണെന്നു തോന്നി..വന്യമായൊരു നിശ്ശബ്ദത അവിടമാകെ തളം കെട്ടി നിന്നിരുന്നു..പുറത്തപ്പോഴേക്കും ഒരു ചെറിയ മഴ പെയ്ത് തോര്‍ന്നിരിക്കുന്നു..അകലത്തെവിടെ നിന്നോ മയിലിന്റെ ശബ്ദം നല്ല ഈണത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു..എന്റെ മുഖത്തെ കൌതുകം കണ്ട് രമ പറഞ്ഞു ഇടവഴിക്കപ്പുറത്തെ പാടത്ത് മയിലുകള്‍ പീലി വിടര്‍ത്തി ആടാനെത്താറുണ്ടെന്നു..മഴമുകിലുകളെ കണ്ടാല്‍ ഉന്മാത്തരാകുന്ന മയിലുകളെ കുറിച്ച് ഞാനുമപ്പോള്‍ ഓര്‍ത്തു .കുറച്ച് ദിവസങ്ങളായി മഴ കുറവായിരുന്നു.പക്ഷെ ഇന്നങ്ങനെയല്ല ഇടക്കിടെ പെയ്യുന്ന മഴ വിടവാങ്ങിയിട്ടില്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു .

വി.കെ.എന്‍ സ്മാരകത്തെ കുറിച്ചായിരുന്നു പിന്നെ ഞങ്ങളുടെ സംഭാഷണം .അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ കണ്ടിരുന്നു മുന്‍വശത്ത് പടിപ്പുരക്കരികിലായ് ഏകദേശം അവസാന മിനുക്കുകളില്‍ എത്തിയ വി.കെ എന്‍ സ്മാരകം ..അമ്മ അതിനെ കുറിച്ച് വിശദീകരിച്ച് തന്നു..ഏഴ് സെന്റ് സ്ഥലം ഞങ്ങളുടെ ഭാഗത്തു നിന്നും കൊടുത്തു..ബാക്കി കെട്ടിട നിര്‍മ്മാണമൊക്കെ സര്‍ക്കാരിന്റെ ചിലവില്‍ ആണ്.നടക്കുന്നത്.സാഹിത്യ ഗവേഷണത്തിനും പഠനത്തിനുമായിട്ടായിരിക്കും ആ സ്മാരകം പ്രവര്‍ത്തിക്കുക.മേയ് എട്ട് രണ്ടായിരത്തിപത്തില്‍ അന്നത്തെ നിയമസഭാസ്പീക്കര്‍ കെ.രാധാകൃഷ്ണന്‍  വിദ്യഭ്യാസ മന്ത്രി എം .എ .ബേബിയുടെ അധ്യക്ഷതയില്‍ ശിലാസ്ഥപനം നിര്‍വഹിച്ച സ്മാരകം 2013 ജനുവരി 25 വി.കെ എന്‍ ന്റെ ചരമവാര്‍ഷികത്തിനു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാനാണുദ്ദേശിച്ചിരിക്കുന്നത്..വീക്കെയെന്നിന്റെ പുസ്തകങ്ങളെ കുറിച്ചും അതിന്റെ പ്രസിദ്ധീകരണവകാശത്തെ കുറിച്ചുമുള്ള  എന്റെ ചോദ്യങ്ങളോട് അമ്മ പ്രതികരിച്ചു..ഇരുപത്തിരണ്ട് നോവലുകളും പത്തോളം ചെറുകഥാ സമാഹാരങ്ങളും പിന്നെ ചില ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡുകളടക്കം പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്..പ്രശസ്തരായ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള വി.കെ എന്‍ കൃതികളുടെ റോയല്‍റ്റി കുറേക്കാലങ്ങളായി കിട്ടാറില്ലെന്നു അവര്‍ പറഞ്ഞു..പലരേയും സമീപിച്ചെങ്കിലും ഒന്നുകില്‍ കണക്ക് നോക്കിയിട്ടില്ല അതല്ലെങ്കില്‍ അദ്ദേഹമുള്ളപ്പോള്‍ തന്നെ മുന്‍കൂര്‍ കൊടുത്ത് തീര്‍ത്തു എന്നൊക്കെയുള്ള ന്യായവാദങ്ങളില്‍ മടുത്തിരിക്കയാണു ആ അമ്മയും മകളും .അവര്‍ പറയുന്നതനുസരിച്ച് നാലു പുസ്തകത്തിന്റെ കൂടെ പ്രസിദ്ധീകരണം ബാക്കിയുണ്ടായിരുന്നു അദ്ദേഹം വിട പറയുന്ന കാലത്ത്..പക്ഷെ ഇന്നും ഈ കുടുംബം അവര്‍ക്ക് കിട്ടേണ്ട അവകാശത്തിനു വേണ്ടി പരിതപിക്കുകയാണ്..ഇതെന്നോട് പറയുമ്പോള്‍ അമ്മയുടെ ആത്മഗതം "ആരും ചോദിക്കാനില്ലെങ്കില്‍ ഒന്നും കിട്ടില്ല.ഇപ്പൊ ഞങ്ങള്‍ക്കും ചോദിക്കാന്‍ വയ്യാതായി"...സത്യത്തില്‍ അവരുടെ ഈ അവസ്ഥയില്‍ വിഷമം തോന്നി..വേണ്ടപ്പെട്ടവര്‍ എന്തു കൊണ്ട് ഈ സാധുക്കളെ പരിഗണിക്കുന്നില്ല.അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിന്നും ഇന്നും വരുമാനമുണ്ടാക്കുന്നവര്‍ ഈ വയോധികയേയും അവരുടെ വിധവയായ മരുമകളേയും മനഃപ്പൂര്‍വ്വം മറക്കുന്നതെന്തിനാണ്..പ്രതികരിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും അറിയാത്ത നാട്ടിന്‍ പുറത്തെ നിഷ്കളങ്ക ജന്മങ്ങള്‍ ..സാമൂഹ്യ ഉല്പ്പത്തിഷ്ണുക്കളെന്നു അഭിമാനിച്ച് നടക്കുന്നവര്‍ ഇവരോട് ചെയ്യുന്ന ഈ ദയാരാഹിത്യത്തിനു ആ ഹാസ്യ രാജന്റെ ആത്മാവു ഒരിക്കലും പൊറുക്കില്ല..75 മത്തെ വയസ്സില്‍ അമ്പത് വര്‍ഷത്തെ തന്റെ ജീവിത പങ്കാളിയുടെ ഓര്‍മകളില്‍ കഴിയുന്ന ആ അമ്മക്ക് മുന്നില്‍ ഒരായിരം പ്രണമമര്‍പ്പിച്ച് ഞാനവിടെ നിന്നിറങ്ങുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലെ ഒറ്റപ്പെടലിന്റെ തുരുത്തില്‍ കഴിയുന്ന ആ രണ്ട് വിധവകളെ ഓര്‍ത്ത് എന്റെ മനസ്സു നീറി ...