വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..(ഗള്‍ഫ് മാധ്യമം ദിനപത്രത്തിന്റെ റമദാന്‍ സ്പെഷ്യല്‍ എഡിഷനില്‍ "അഹലന്‍ റമദാന്‍ "എന്ന ഇഷ്യുവില്‍ പ്രസിദ്ധീകരിച്ചത് )
എന്താണ് വിശേഷിച്ചു അന്നവിടെ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ അടുക്കള കോലായില്‍ പാത്രങ്ങള്‍ കഴുകി കമഴ്ത്തി വെക്കുന്ന തറവാട്ടിലെ സഹായിയായ ബീവുത്താടെ അടുത്തേക്ക് ചെന്നു.ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നിറഞ്ഞ ചിരിയോടെ ബീവുത്ത പറയാന്‍ തുടങ്ങി ..
"ഉണ്ണിക്കിനി വാപ്പ പേര്‍ഷ്യേന്നു വരുമ്പോ എന്തൊക്കെ കൊണ്ടിരും ."
ഒന്നും മനസ്സിലാകാതെ മിഴിച്ച് നിന്ന ഞാന്‍ ചോദിച്ചു .
"എവിടുന്നു ".?
ബീവുത്ത വീണ്ടും പറഞ്ഞു "ഉണ്ണ്യേ അന്റെ വാപ്പ പേര്‍ഷ്യക്കു പോയി.അനക്കറീല്ലേ അത്..അവിടുന്ന് വരുമ്പ കൊണ്ടരണ കാര്യാ പറഞ്ഞത് .ബീവുത്താക്കും പേര്‍ഷ്യെല്‍ത്തെ തുണി കൊണ്ടരാന്‍ അന്റെ വാപ്പാട് പറെണംട്ടാ.."
ബീവുത്ത ഓടിന്റെ മൂളിയെ അമര്‍ത്തി തേച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഉമ്മയെ തിരഞ്ഞു അകത്തേക്ക് ചെന്നു.മണ്ടകമെന്ന ഇരുട്ട് മുറിയില്‍ അനിയനെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരയുന്നുണ്ട് ഉമ്മ.അടുത്ത് ചെന്നിരുന്നപ്പോള്‍ എന്നെയും കെട്ടി പിടിച്ചു ഉമ്മ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു. പിന്നെ വീട്ടിലന്ന് വിരുന്നെത്തിയ ബന്ധുക്കാരായ ഏതൊക്കെയോ സ്ത്രീകള്‍ വന്നു ഉമ്മയെ സമാധാനിപ്പിക്കുന്നത് കേട്ട് ഞാന്‍ നീരോലിക്കാടിനടുത്തേക്ക് നടന്നു .
വാപ്പ ഒരു പേര്‍ഷ്യക്കാരനായ് ഖത്തര്‍ എന്ന സ്ഥലത്തേക്ക് പോയെന്നു പിന്നീട് വല്യുപ്പയാണെന്നോട് പറഞ്ഞത്..ഉമ്മറക്കൊലായിലെ ഒരു മൂലയിലിട്ട വല്യുപ്പാടെ എഴുത്ത് മേശയിലിരുന്നു അന്നത്തെ ഇന്‍ലന്‍ഡില്‍ വാപ്പാക്കുള്ള കത്ത് എഴുതുമ്പോള്‍ ഏറ്റവും അടിയിലെ ഒരു വരി എനിക്ക് വേണ്ടി വല്യുപ്പ തരും .വല്യുപ്പാടെ അരികില്‍ മേശക്കൊപ്പമെത്താത്ത എന്റെ കൈ പിടിച്ചു എഴുതി തന്ന ആ ഒരു വരി ;അത് ഇന്നുമെന്റെ ഓര്‍മ്മയില്‍ ഇനിയും മാഞ്ഞു പോകാതെ ഉണ്ട്. ഞാനെഴുതിയ എന്റെ ആദ്യത്തെ അക്ഷരങ്ങള്‍ .." വാപ്പ ചായപ്പെന്‍സില്‍ കൊടുത്തയക്കണം .എന്റെ വാപ്പാക്ക് നൂറുമ്മ .വേഗം വരണം .വാപ്പാനെ കാണാന്‍ കാത്തിരിക്കുന്നു. .എന്ന് സാജി .".എന്റെ വിരലുകള്‍ പിടിച്ചു വല്യുപ്പ ഇതെഴുതിക്കുമ്പോള്‍ സ്കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്ത ഞാന്‍ അങ്ങനെ കത്തില്‍ ഒന്നും രണ്ടും വരികള്‍ എഴുതി തുടങ്ങുകയും സ്കൂളില്‍ ചേരുന്നതിനു മുന്പ് തന്നെ മലയാളം എഴുതാനും വായിക്കാനും സ്വായത്തമാക്കുകയും ചെയ്തു.പിന്നീട് ഒരു മഴക്കാലത്തു ഞാന്‍ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച കൊല്ലമാണ് വാപ്പ അവധിയില്‍ എത്തുന്നത് .ഒരു കിനാവ് പോലെയായിരുന്നു വാപ്പ വന്നതും പോയതുമൊക്കെ .ശൈശവത്തിലെനിക്ക് വാപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം കൊണ്ട് വന്ന നിറയെ ചുളുക്കുകളുള്ള വെള്ള നിറത്തില്‍ നീല ലില്ലിപ്പൂക്കളുള്ള പാവാടയും നീല ജമ്പറും ; ചായ പെന്‍സിലുകളും ,കൌവ് മില്‍ക്ക് മിഠായിയും ആയിരുന്നു.കൂടാതെ വാപ്പ കൊണ്ട് വന്നിരുന്ന ഇരുമ്പ് പെട്ടി തുറക്കുമ്പോള്‍ അതില്‍ നിന്നും പരന്നിറങ്ങിയ വശ്യമധുരമായ സുഗന്ധം .ഇന്നും കണ്ണടച്ചാല്‍ എനിക്കനുഭവവേദ്യമാകുന്ന ആ സൌരഭ്യത്തിനൊപ്പം പകരമായി ഒരു സുഗന്ധവും ഈ ഭൂമിയില്‍ ഇല്ലെന്നു എനിക്കിപ്പോഴും തോന്നാറുണ്ട്.അത് പോലെ വാപ്പ കൊണ്ട് വന്നിരുന്ന വസ്ത്രങ്ങളുടെ ചാരുതയും ..
രണ്ടു വര്ഷം കൂടുമ്പോള്‍ മാത്രം അവധിയില്‍ എത്തിയിരുന്ന വാപ്പ ഓരോ വട്ടവും എന്നെയും അനിയത്തിമാരെയും കാണുമ്പൊള്‍ ഞങ്ങള്‍ വല്ലാതെ വളര്‍ന്നുവല്ലോ എന്ന സന്തോഷവും ഉല്‍ക്കണ്ഠയും നിറഞ്ഞ ഒരു ആധി ഉമ്മയോട് പ്രകടിപ്പിക്കുമായിരുന്നു.കാലചക്രത്തിന്റെ നൈരന്തര്യത്തില്‍ ഋതുക്കള്‍ മാറി വരുന്നതനുസരിച്ച് ഒരു പാട് മാറ്റങ്ങള്‍ ഞങ്ങളുടെ വീട്ടിലും സംഭവിച്ചു കൊണ്ടിരുന്നു.ഉമ്മയുടെ തറവാട്ടില്‍ നിന്നും തൃശ്ശൂരിലെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതും ,അവിടുന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ് സംഭവിച്ച വല്യുപ്പാടെ മരണവും ,വല്യ മാമ ദുബായിലേക്ക് ജോലിയന്വേഷിച്ച് പോയതുമൊക്കെ കാലത്തിന്റെ അനിവാര്യതകളായിരുന്നുവന്നു പിന്നീട് മനസ്സിലായി. മൂന്നു മക്കള്‍ മാത്രമുണ്ടായിരുന്ന എന്റെ വീട്ടില്‍ ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമായി അംഗബലവും കൂടി .എന്റെ വാപ്പ പേര്‍ഷ്യക്കാരനയതിനു ശേഷം ഞാനേറെ കൊതിച്ചിരുന്നത് ഏതെങ്കിലും ഒരു ഈദിന് വാപ്പ ഞങ്ങള്‍ക്കൊപ്പമുണ്ടായെങ്കിലെന്നായിരുന്നു.പെരുന്നാളിന്റെ തലേ ദിവസം ഞങ്ങളെ അതിശയിപ്പിച്ചു വാപ്പ പടിക്കെട്ട് കയറി വരുന്നത് ഞാന്‍ പകല്‍ കിനാവ് കണ്ടിരുന്നു. എന്റെ ആ ആഗ്രഹം പക്ഷെ ഒരിക്കലും നടന്നില്ല..നോമ്പിനും പെരുന്നാളിനും ഹജ്ജ് പെരുന്നാളിനുമൊക്കെ വാപ്പ അയക്കുന്ന ഒരു പെട്ടി മിഠായിയിലോ അല്ലെങ്കില്‍ ഈദാശംസാകാര്‍ഡുകളിലോ മാത്രമായി ഞങ്ങളുടെ സന്തോഷം ഒതുങ്ങി.പിന്നീട് ഞാന്‍ വിവാഹം കഴിഞ്ഞു ഒരു പ്രവാസിയാകുകയും ; വാപ്പ പ്രവാസം മതിയാക്കി നാട്ടിലാവുകയുമായപ്പോള്‍ മാത്രമാണ് മനഃപ്പൂര്‍വ്വം അതിനുള്ള സൌകര്യമൊരുക്കി ഞാന്‍ നാട്ടിലെത്തി വാപ്പയുമായി ഈദു ആഘോഷിച്ചത്.അത്രയ്ക്ക് കൊതിച്ചിരുന്നു വാപ്പയുമായുള്ള ഒരു പെരുന്നാളെങ്കിലും എന്റെ ജീവിതത്തില്‍ ..
വെറും എഴുത്തുകള്‍ കൊണ്ട് മാത്രം ആശയവിനിമയം സാധ്യമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്..വാപ്പാടെ കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌മാനെയും കാത്തു വീട്ടുപടിക്കല്‍ കാത്തു നില്‍ക്കുന്നത് ഒരു സുഖമുള്ള കാര്യമായിരുന്നു.അവധിയും വരവും മുന്‍കൂട്ടി അറിയിക്കാതെ അവിചാരിതമായ് ഞങ്ങള്‍ക്ക് മുന്നിലെത്തി വാപ്പ ഞങ്ങളെ ആശ്ചര്യപ്പെടുത്തുമായിരുന്നു.പക്ഷെ വാപ്പ എത്തുമെന്നുള്ളതു ഉമ്മാക്ക് അയക്കുന്ന കത്തില്‍ അറിയിച്ചിട്ടുണ്ടാകും .ആ കത്ത് പതിനഞ്ചോ പതിനെട്ടോ ദിവസങ്ങള്‍ക്ക് ശേഷം ഉമ്മയുടെ കയ്യില്‍ കിട്ടുമ്പോഴേക്കും വാപ്പ വീട്ടില്‍ എത്തിയിട്ടുണ്ടാകും..ഈ ഓര്‍മ്മയില്‍ എനിക്ക് പ്രിയപ്പെട്ട ഒരനുഭവം ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തുണ്ടായതായിരുന്നു. ഒരു ഡിസംബര്‍ സായാഹ്നത്തില്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ ഇടവഴിയിലേക്ക് തിരിയുന്ന മുക്കില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞുമോന്ക്ക മുഖം നിറയെ ചിരി പടര്‍ത്തി എന്നോട് പറഞ്ഞു "മോളേ വെക്കം ചെന്നോ വീട്ടില്‍ക്ക് .വാപ്പ എത്തീട്ടുണ്ട് പേര്‍ഷ്യേന്നു." ഇത് കേട്ടതും അടക്കാനാവാത്ത ആഹ്ലാദത്തോടെ പിന്നെ ഞാന്‍ ഓടുകയായിരുന്നു. കിതച് കിഴക്കേ മുറ്റത്തെത്തുമ്പോള്‍ എല്ലാവരുമായും ഇരുന്നു വിശേഷങ്ങള്‍ പങ്കു വെക്കുന്നു വാപ്പ.വലുതായിട്ടും വാപ്പയെ കണ്ടാല്‍ ഓടിച്ചെന്നു വാപ്പാടെ കവിളില്‍ ഉമ്മ വെക്കുന്നത് ഞാന്‍ മാത്രമായിരുന്നു.ആദ്യ സന്താനമായതിനാലോ എന്തോ എന്നോടും വാപ്പ ഒരു പ്രത്യേക വാത്സല്യം കാണിച്ചു പോന്നു.ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കാറില്ല എങ്കിലും ഒരിക്കലും എന്നെ വഴക്ക് പറയുകയോ ,ഒരു ഈര്‍ക്കില്‍ കൊണ്ട് പോലും തല്ലുകയോ ചെയ്തിട്ടില്ലാത്ത എന്റെ വാപ്പ ഈ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ ഒരേയൊരു പുരുഷന്‍ ആണ്. എന്റെ മനസ്സ് ഒന്ന് വേദനിച്ചാല്‍ ഇപ്പോഴും നിറയുന്നത് ആ കണ്ണുകളാണ്.എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിപ്പിക്കുമ്പോഴും വാപ്പ ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരിഷ്ടങ്ങളും തുറന്നു പറഞ്ഞിരുന്നില്ല. അഞ്ച് പെണ്മക്കളുള്ള പിതാവിന്റെ ആകുലതകള്‍ മുഴുവനും ആ മുഖത്തും കണ്ണുകളിലും വ്യക്തമായിരുന്നു.എങ്കിലും അതൊന്നും ഞങ്ങളോട് കാണിക്കാതെ ഞങ്ങളുമായ് ഗള്‍ഫിലെ ഓരോ വിശേഷങ്ങളും തമാശകളും പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കുകയും വാപ്പ കാണുന്ന നല്ല സിനിമകളിലെ കഥകളും അതിലെ ഗുണപാഠങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞ് തരികയും ചെയ്യുമായിരുന്നു.മരുഭൂമിയിലെ ജീവിതങ്ങളുടെ ചൂടും ചൂരും കനവുകളും നിനവുകളുമൊക്കെ വാപ്പാടെ വിവരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.കൂടാതെ അദ്ദേഹം ഗള്‍ഫില്‍ രുചിച്ചിരുന്ന ഒരു വിധം ഭക്ഷണങ്ങളും കബാബും ടിക്കയുമടങ്ങിയ അറബിക്ക് ഭക്ഷണങ്ങളുമൊക്കെ തയ്യാറാക്കി ഞങ്ങള്‍ക്ക് രുചിഭേദങ്ങളുടെ വൈവിധ്യത്തെ മനസ്സിലാക്കി തരികയും ചെയ്തിരുന്നു. എപ്പോഴൊക്കെ പുറത്തു പോയി വരുമ്പോഴും വാപ്പ ഞങ്ങള്‍ക്ക് വേണ്ടി കൊണ്ട് തന്നിരുന്ന ഒരു പലഹാരപ്പൊതി അതുമല്ലെങ്കില്‍ ചൂടുള്ള കപ്പലണ്ടി പൊതികള്‍ ,അതിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.. വെറും കയ്യോടെ വീട്ടില്‍ വരാന്‍ അറിയില്ല എന്നും കുട്ടികളെ ഇങ്ങനെ ലാളിച്ചു കേടുവരുത്തരുതെന്നും വല്ലവരുടേയും വീട്ടില്‍ കഴിയേണ്ട പെണ്‍കുട്ടികളാണെന്നുമൊക്കെ ഉമ്മാ പരിതപിക്കുമ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ വാപ്പ ഞങ്ങളോടൊപ്പം ചിരിച്ച് ആ പരാതികളെ നിര്‍വീര്യമാക്കും.അവധിയിലെത്തുന്ന വാപ്പ ഞങ്ങള്‍ കത്തിലൂടെ ആവശ്യപ്പെടുന്ന സാധങ്ങളൊക്കെ കൊണ്ട് വരികയും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിഷ്ടമുള്ള സ്ഥലങ്ങളൊക്കെ കാണിക്കാന്‍ കൊണ്ട് പോകുകയും ചെയ്യുമായിരുന്നു..രണ്ടു കൊല്ലത്തെ എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വാപ്പയുമായുള്ള ആ രണ്ടു മാസത്തിന്റെ നിറവില്‍ എല്ലാ ധൂര്‍ത്തോടെയും ഞങ്ങളനുഭവിക്കുമായിരുന്നു..
ഞാന്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് എന്റെ വിവാഹനിശ്ചയം നടന്നത് .ലീവിന്റെ സമയമായിട്ടില്ലായിരുന്നു വാപ്പക്കപ്പോള്‍ എത്താന്‍ കഴിയുമോ എന്നത് വീട്ടിലെല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി ഉമ്മയും മാമമാരും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഇരിക്കുകയായിരുന്നു. കല്യാണം നീട്ടി വെക്കാനാകുമോ എന്ന ആവശ്യം പക്ഷെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹം നടത്തണമെന്ന വരന്റെ വീട്ടുകാരുടെ തിടുക്കത്തിനു മുന്നില്‍ അലിഞ്ഞു.എന്നാല്‍ വാപ്പ വരാതെ എങ്ങനെ ..? അവസാനം ആരുടെയോ നിര്‍ദ്ദേശപ്രകാരം എന്റെ ഉമ്മ സുഖമില്ലാതെ ഇരിക്കയാണെന്ന വ്യാജകമ്പി അടിച്ചു വാപ്പ എത്തിയപ്പോള്‍ എനിക്കെന്തോ വാപ്പയുടെ എല്ലാ അവധിയിലും ഞാനനുഭവിച്ചിരുന്ന സന്തോഷം ഈ വരവില്‍ തോന്നിയില്ല.വിങ്ങിയ മനസ്സോടെ ഉമ്മയോട് എന്തിനാണ് ഉമ്മാക്ക് വയ്യ എന്നു പറഞ്ഞു കമ്പി അടിച്ചതെന്ന എന്റെ ചോദ്യത്തിന് ഉമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന മറുപടി ഇങ്ങനെയായിരുന്നു." ഓരോ പ്രാവശ്യവും നിനക്ക് വേണ്ടി സ്വര്‍ണ്ണവുമായി എത്തുന്ന വാപ്പാക്ക് നിന്റെ നിക്കാഹ് നടത്താന്‍ നമ്മുടെ സൌകര്യത്തിനു കമ്പനി അവധി കൊടുക്കില്ല.പിന്നെ ഏതൊരു ഹതഭാഗ്യനായ പ്രവാസി പിതാവിനെയും പോലെ നിന്റെ വാപ്പാക്കും ഗള്‍ഫില്‍ ഇരുന്നു നിന്റെ നിക്കാഹ് കാണേണ്ടി വരുമായിരുന്നു.വാപ്പാടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്റെ കല്യാണം .അതിലദ്ദേഹത്തിനു പങ്കെടുക്കാന്‍ ഞാന്‍ മരിച്ചെന്ന കമ്പി അടിച്ചിട്ടായാലും വേണ്ടില്ല ഞാന്‍ വരുത്തും മൂപ്പരെ "ഉമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു നിറുത്തുമ്പോള്‍ എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല.. പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക് പരിമിതികളും നിബന്ധനകളുമുണ്ടെന്നും അതിനത്ര എളുപ്പം തളിരിടാന്‍ ആവില്ലെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ ഞാനപ്പോള്‍ മനസ്സിലാക്കുകയായിരുന്നു..
പെണ്മക്കള്‍ അഞ്ച് പേരും വാപ്പ തിരഞ്ഞെടുത്തു തന്ന പങ്കാളികളുടെ കയ്യും പിടിച്ചു പടി ഇറങ്ങുമ്പോള്‍ ആരും കാണാതെ നിന്ന് വാപ്പ കണ്ണ് തുടക്കുന്നതു തന്റെ ഉള്ളിലാളുന്ന അതിരില്ലാത്ത സ്നേഹവാത്സല്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിട്ടായിരുന്നു എനിക്ക് തോന്നിയത് . പിന്നീട് ഞങ്ങളെ കാണുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു കഴിയുന്നതാണ് ഉത്തമ ഭാര്യമാരുടെ ലക്ഷണം എന്നും, ഒന്നിനോടും പരാതികളോ പരിഭാവങ്ങളോ ഇല്ലാതെ ജീവിക്കാന്‍ പഠിക്കണമെന്നുമൊക്കെ ഉപദേശിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ നേരിടുന്ന എന്ത് വിഷമങ്ങളും വാപ്പയുമായി പങ്കു വെക്കണമെന്നും നിര്‍ദ്ദേശിക്കുമായിരുന്നു.
എന്റെ വിവാഹ ശേഷം ഞാന്‍ ദുബായിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്രയാകുമ്പോള്‍ വാപ്പയും അവധിയിലെത്തി നാട്ടിലുണ്ടായിരുന്നു.ആദ്യമായി നാട് വിടുന്ന ഒരാളായ എനിക്ക് അദ്ദേഹം ചില ഉപദേശങ്ങള്‍ തന്നു.ഗള്‍ഫ് ഒരു മായാലോകമാണെന്നും, പളപളപ്പും മിനുമിനുപ്പും ഉണ്ടെന്നു തോന്നുന്ന പരവതാനിക്കടിയില്‍ പ്രലോഭനങ്ങളും ചതിക്കുഴികളും മൂടിവെക്കപ്പെട്ടിട്ടുണ്ടാകും.ഓരോ കാല്‍ വെപ്പുകളും സശ്രദ്ധം വെച്ചില്ലെങ്കില്‍ അറിയാതെ അപവാദങ്ങളും കഷ്ടപ്പാടുകളും ഒരു നീരാളിയെ പോലെ വരിഞ്ഞു മുറുക്കുമെന്നും,
എല്ലാം ഒരു പക്വതയോടെ കാണണമെന്നും ഉപദേശിച്ചത് എന്റെ ഈ ഇരുപത്തിയൊമ്പതാമത്തെ പ്രവാസ വര്‍ഷത്തിലും ഞാന്‍ ശിരസ്സാ വഹിക്കുന്നു.
പ്രവാസിയായ വാപ്പയുടെ അഭാവത്തില്‍ ഞങ്ങളുടെ ശൈശവബാല്യങ്ങളും കൌമാരയൌവനങ്ങളും കഴിഞ്ഞത് പോലെ എന്റെ മക്കള്‍ക്ക് അവരുടെ വാപ്പയുടെ സ്നേഹം അനുഭവിക്കാനാകാതെ പോകരുതെന്ന നിഷ്ക്കര്‍ഷതയില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതും ഒരുമിച്ചുള്ള ഒരു ജീവിതം മാത്രമാണ്..സുഖമായാലും ദുഃഖമായാലും മക്കളും നമ്മളും ഒരുമിച്ചനുഭവിക്കാം എന്ന് പ്രതിജ്ഞ ചെയ്യുമ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്റെ ഒഴുക്ക് എന്റെ മക്കളറിയാതെ പോകരുതെന്ന നിര്‍ബന്ധത്താലായിരുന്നു.
ഇന്ന് പ്രവാസിയായ ഞാന്‍ ഇവിടെ നിന്ന് നാട്ടില്‍ കഴിയുന്ന വാപ്പയെ കുറിച്ചു ചിന്തിക്കുമ്പോള്‍ അദ്ദേഹം മരുക്കാടിനു നടുവില്‍ സ്വന്തബന്ധങ്ങളും ആണ്ടറുതികളും ആഘോഷങ്ങളും ത്യജിച്ചു കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെട്ടിരുന്നതാലോചിച്ച് മനസ്സ് നീറുകയും ഒപ്പം അവധിക്ക് വന്നു ഞങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നുവെന്നു ചിന്തിച്ച് വാപ്പയെ പോലെ ഒരു പിതാവിനെ കിട്ടാന്‍ ഞങ്ങള്‍ പുണ്യം ചെയ്തിരിക്കണമെന്നും അഭിമാനത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു.ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസം കഴിഞ്ഞു വാപ്പ നാട്ടില്‍ സ്ഥിരമായപ്പോഴേക്കും ഞങ്ങള്‍ മക്കള്‍ ആറു പേരും യു എ ഇ യിലെ പ്രവാസികളായ് മാറിയിരുന്നു.എങ്കിലും വാപ്പ പ്രവാസിയായ സമയത്ത് സാധിക്കാതിരുന്ന വാപ്പാടെ ഒരു സ്വപ്നം ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു പൂര്‍ത്തീകരിച്ചു. വാപ്പയേയും ഉമ്മയേയും മൂന്നു മാസത്തെ വിസിറ്റിങ്ങില്‍ കൊണ്ട് വരികയും ഇവിടെ മുഴുവന്‍ ചുറ്റിക്കറങ്ങി കാണിക്കുകയും ചെയ്തത് വലിയ സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും കാണുന്നു. സൂര്യനെ പോലെ തഴുകിയുണര്‍ത്താന്‍ എന്റെ വാപ്പ എന്നും ഞങ്ങള്‍ക്കൊപ്പമില്ലായിരുന്നെങ്കിലും എന്റെ വാപ്പയെ തന്നെയാണെനിക്കിഷ്ടം..കാരണം ഞാനൊന്നു കരയുമ്പോള്‍ കാതങ്ങള്‍ക്കപ്പുറമിരുന്നുരുകുന്ന ഒരു മനസ്സിനുടമയാണെന്റെ വാപ്പ....