Sunday 11 December 2011

രാപ്പാട്ട്

ഇരുളിനെ ചൂഴ്ന്നൊരു ഭീതി
മരപ്പൊത്തുകളിലഭയം തേടുന്നു..
രാവിനോട് രമിച്ച് തളര്‍ന്ന ഇലകള്‍
നിലാവില്‍ കുതിര്‍ന്നിരിക്കുന്നു...

ആല്‍മരത്തിലപ്പോഴുംനിശയുടെ
കാവലാളായ് തൂങ്ങിയാടും
കടവാതിലുകള്‍ ചിറകടിക്കവെ
മയങ്ങുന്ന പ്രകൃതിയുടെ നിഗൂഢതകളില്‍ 
അര്‍ത്ഥം വെച്ച മൂളലുമായ് മൂങ്ങകള്‍ 
പ്രഹേളികക്കുത്തരം തേടുന്നു..

മരണദൂതന്റെ പാദ പതനങ്ങളുടെ
താളത്തില്‍ ഉന്മത്തനായൊരു 
കാര്‍ക്കോടന്‍ ചാതി 
അത്തിമരച്ചില്ലയിലിരുന്ന്
ചിറകുകള്‍ കോതിയൊതുക്കുന്നു...

കവരങ്ങളില്‍ മയങ്ങുന്ന കാറ്റിനെ
തേടി മിന്നാമിനുങ്ങുകള്‍ അലയുമ്പോള്‍
ജീവിതത്തിന്റെ ഓതപ്രോതങ്ങള്‍
നെയ്യുന്ന ചിലന്തികള്‍
യാമക്കിളികള്‍ പാടും അപശ്രുതിയില്‍
രോഷാകുലരാകുന്നു..

നിഴലിനോട് പിണങ്ങിയ
നിലാവിന്റെ ധാര്‍ഷ്ട്യത്തിലുള്ള 
ചീവീടുകളിന്‍ അമര്‍ഷം 
പച്ചില ഗന്ധമായ് പടരവെ
രാത്രിഞ്ചരന്മാരുടെ സഞ്ചാര പഥങ്ങളില്‍ 
പ്രഭചൊരിഞ്ഞ ഉല്‍ക്കകള്‍ 
ആത്മാഹുതിക്കായ് ദിക്കറിയാതെ 
പായുന്നു. ..

സാന്ദ്രമായ മൌനങ്ങളിലേക്ക്
ആര്‍ദ്രമാം മോഹങ്ങളെ
വിളക്കിക്കൊണ്ടപ്പോഴും 
ഉണര്‍ന്നിരിക്കുന്നു
നിശ്ചലതടാകത്തണുപ്പിലേ-
ക്കുദിക്കും പുലരിയെ കാത്ത്
പുനര്‍ജ്ജനി കൊതിച്ച
പകലിന്‍ ആത്മാക്കള്‍ ...

9 comments:

  1. പുനര്‍ജ്ജനി കൊതിക്കുന്ന ആത്മാക്കള്‍ക്കായി എഴുതിയ രാപ്പാട്ട് ഇഷ്ടപ്പെട്ടു..........

    ReplyDelete
  2. സാന്ദ്രമായ മൌനങ്ങളിലേക്ക്
    ആര്‍ദ്രമാം മോഹങ്ങളെ
    വിളക്കിക്കൊണ്ടപ്പോഴും
    ഉണര്‍ന്നിരിക്കുന്നു
    നിശ്ചലതടാകത്തണുപ്പിലേ-
    ക്കുദിക്കും പുലരിയെ കാത്ത്
    പുനര്‍ജ്ജനി കൊതിച്ച
    പകലിന്‍ ആത്മാക്കള്‍ ...

    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. വളരെ നന്നായെഴുതി.. ആത്മാവുള്ള വരികള്‍...

    ReplyDelete
  4. തിരിച്ചറിവിന്റെ മന്ത്രം ഓതി പഠിപ്പിക്കും രാപ്പാട്ട് ..മാസ്മരികമായ വരികള്‍ ...!!!!

    ReplyDelete
  5. കവരങ്ങളില്‍ മയങ്ങുന്ന കാറ്റിനെ
    തേടി മിന്നാമിനുങ്ങുകള്‍ അലയുമ്പോള്‍
    ജീവിതത്തിന്റെ ഓതപ്രോതങ്ങള്‍
    നെയ്യുന്ന ചിലന്തികള്‍
    യാമക്കിളികള്‍ പാടും അപശ്രുതിയില്‍
    രോഷാകുലരാകുന്നു..


    വളരെ നല്ല കവിത...
    ആശംസകള്‍....

    ReplyDelete
  6. ഇത്താ.. കവിത കൃത്യമാണ്.

    ReplyDelete
  7. ഞാനിരുന്നൊന്ന് ...മൂളി ഈ വരികള്‍ ...രാത്രിയില്‍ നിലാവില്‍ ...വെറുതെയിരുന്നു ..മൂളുവാന്‍ തോന്നും ...വരികള്‍

    നല്ല കവിത ....

    ReplyDelete
  8. നന്നായിട്ടുണ്ട്..

    ReplyDelete