
നൊമ്പരക്കനവുകള്‍
===================
പകല്‍ മാഞ്ഞതും അവസാനത്തെയാ
സാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.
കത്തിയമര്‍ന്ന ചില്ല തിരഞ്ഞമ്മക്കിളിയുടെ
തേങ്ങലൊരു നന്തുണി നാദമായലയവേ
പതിയെ മിടിക്കുന്നൊരാ നെഞ്ചിലേക്കാഴ്ന്നിറങ്ങി
മാതൃദുഃഖത്തിന്‍ മൂര്‍ച്ചയേറും വജ്രമുനകള്‍
രാവില്‍ നിന്നിറ്റ് വീഴും പാല്‍നിലാവ്
പഞ്ചാരമണലിലൊഴുകി പരക്കുമ്പോള്‍
ചുരന്നു കുതിരുന്നുണ്ടവളുടെ പാല്‍പല്ലിന്‍
ക്ഷതമേറ്റ അമ്മിഞ്ഞക്കണ്ണുകള്‍.
പിടിതരാതെ പതിയിരുന്നക്കങ്ങളെണ്ണും
കാണാമറയത്തിരിക്കുമുണ്ണിയെ തിരയാനായ്
സ്മരണകളുറങ്ങും ഇടനാഴിയിരുളിലവള്‍
ദിശയറിയാതെ പകച്ചു നിന്നു മൂകം
ഒരു മാത്ര അമ്മേയെന്ന വിളിക്കായ് വെമ്പിയ നേരം
ഓര്‍മ്മകളടക്കം ചെയ്ത മച്ചകത്ത് നിന്നും
ചിതറി വീണു മനതാരിലുരുവിട്ട
മനഃപ്പാഠമാക്കിയ പാല് കൊഞ്ചലിന്നീരടികള്‍
അമ്മക്കിനാവിന്‍ വര്ണ്ണത്താളുകളില്
പിഞ്ചു വിരലിനാല്‍ കോറി വെച്ചോരാദ്യാക്ഷരം
വാടി നീര്‍വറ്റിയ മഷിത്തണ്ടിനാലാരോ മായ്ക്കുന്നു
കാലമത് വീണ്ടുമെഴുതുമെന്ന നിനവില്‍ .
ആരുമിനി വിതയ്ക്കാനില്ലെന്നറിഞ്ഞും
പെയ്യാനില്ലൊരു പെരുമഴക്കാലമെന്നറിഞ്ഞും
മണ്ണിന് ഗര്‍ഭത്തില്‍ മുളപൊട്ടും വിത്തിനെ
മുലയൂട്ടാന്‍ കൊതിക്കുന്നുണ്ടൊരു ഗ്രീഷ്മമത്രേ .
എന്നോ നിലച്ചൊരു താരാട്ടിന്നീണം
ശ്രുതിയിടറി അവരോഹണം മൂളവേ
വഴിതെറ്റി വന്നൊരാ ഇലകൊഴിയും കാലം
ഋതുഭേദ കല്പ്പനക്കായ് കാതോര്‍ത്തിരിക്കുന്നു.
അമ്മയാകാനുള്ള ആഗ്രഹത്തിന് മുന്നില്‍ തന്റെ പ്രായത്തേയും പരിമിതികളേയും വെല്ലുവിളിച്ചു കൊണ്ട് മാതൃത്വത്തിന്റെ അനുഭൂതി അറിയാന്‍ ശ്രമിച്ചപ്പോള്‍ വരമായി ദൈവം നല്കിയ കണ്ണന്..പക്ഷെ മൂന്നാം പിറന്നാളിനു മുന്‍പേ ദൈവം അവനെ തന്റെ അരികിലേക്ക് തിരിച്ചു വിളിച്ചു ..കണ്ണനെ നഷ്ടപ്പെട്ട ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നെനിക്കറിയാത്ത വൃദ്ധയായ ആ അമ്മയുടെ ഓര്‍മ്മക്ക് മുന്നില്‍ എഴുതിയ വരികള്‍ ....
ReplyDeleteദുഃഖകരം
ReplyDeleteപകല്‍ മാഞ്ഞതും അവസാനത്തെയാ
ReplyDeleteസാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.
നൊമ്പരപ്പെടുത്തുന്ന വരികള്‍
അമ്മക്കിതപ്പുകൾ
ReplyDeleteഞാനത് വായിച്ചു. സങ്കടം തോന്നി.
ReplyDeleteഅതുപോലെ പലരും എന്റെ ജീവിതത്തിലുമുണ്ടായിരുന്നു.
ഒറ്റയ്ക്ക്, ഒരു മലമുകളില്‍ താമസിച്ചിരുന്ന ഒരു അമ്മ.
ഒരു കുഞ്ഞു മാത്രം കൂട്ട്.
അവരുടെ വീട്ടിനടുത്തുള്ള വഴിയിലൂടെ ആയിരുന്നു ആ മലമോളിലെ വ്യാജ ചാരായ കേന്ദ്രത്തിലേക്കുള്ള പോക്ക്. മദ്യലഹരിയില്‍ ആണ് പ്രജകള്‍ ആ കൊച്ചു വീട്ിനു മുന്നില്‍ വന്ന് വിറളി പിടിച്ചു. അവരുടെ കൈയില്‍ എപ്പോഴും ഒരു വാക്കത്തി ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും. ആ ഒരൊറ്റ കത്തിയുടെ മൂര്‍ച്ചയില്‍ അവരാ ജീവിതം അതിജീവിച്ചു. ആ മകന് പിന്നീട് ഗള്‍ഫുകാരനായി. ആ വീട് വിറ്റു. ആയമ്മ കാന്‍സറിനു മുന്നില്‍ കീഴടങ്ങി.
കുട്ടിക്കാലത്ത് അവധിക്കാലങ്ങളില്‍ അവരുടെ വീടിനരികെയുള്ള ബന്ധുവീട്ടില്‍ പോവുമ്പോള്‍ ഞാന്‍ അന്തം വിട്ട് കണ്ടിട്ടുണ്ട് ആ അതിജീവനം.