Thursday 20 October 2011

നിലച്ച ഘടികാരം

നിലച്ച ഘടികാരം
===========
എന്റെ ചിന്തകളെ ഉണര്‍ത്തിയിരുന്ന
ഘടികാരം നിലച്ചിരിക്കുന്നു.
മാറാലയില്‍ കുരുങ്ങിയ സൂചികള്‍
മനസ്സില്‍ മയങ്ങും ഓര്‍മകള്‍ ..

കാലങ്ങള്‍ക്കൊപ്പം
ദിനരാത്രങ്ങളുടെ
ആയവും ഗതിയുമായെന്‍
ആത്മാവിനെ മുട്ടി വിളിക്കും
നാഴികമണിയൊച്ചക്കായ്
ഞാന്‍ കാതോര്‍ക്കുന്നു

കൈവെള്ളയിലെ മുറിഞ്ഞ് പോയ
ഹൃദയ രേഖകള്‍ പോലെ-
യെന്‍ നിയോഗങ്ങള്‍
മാറ്റിയെഴുതപ്പെടാനാവാതെ
വിധിയെ പഴിക്കുന്നു...


കരുവാളിച്ച വദനത്തിനെന്നും
വിഷാദഭാവമെന്നെന്റെ
മുഖകണ്ണാടി മന്ത്രിക്കുമ്പോഴും
പ്രണയാതുരമാം അരുണിമ-
യിന്നുമെന്റെ കപോലങ്ങളിലെന്ന
വൃഥാ നിനവെന്നില്‍ ...

അങ്ങകലെ ഇല്ലാത്തൊരു
നാളത്തിന്‍ വെട്ടം തേടി
അന്ധകാരം വിഴുങ്ങിയ
മിഴികള്‍ തുറന്നു ഞാനിരിക്കെ
മങ്ങിയ ഇമകളില്‍ നിരാശയുടെ
കറുപ്പെന്ന് ഇരുളിനെ പുണര്‍ന്ന
സന്ധ്യയെന്നെ പരിഹസിച്ചിട്ടും
ഒന്നു തേങ്ങാന്‍ പോലും
ഞാന്‍ മറന്നതെന്തേ....

ശൂന്യതയില്‍ വര്‍ണങ്ങള്‍
വിരിയിക്കാനാവില്ലെന്ന-
പകലിന്‍ യാഥാര്‍ത്ഥ്യം
ഇരുട്ടിന്‍ മടിയിലെ ആര്‍ദ്രമാം
കരിമ്പടത്തില്‍ മയങ്ങുന്നു.

എന്നിട്ടും കതോര്‍ക്കുന്നു
എന്നെ തേടി വരും
മണിമുഴക്കത്തിനായ്
നിശ്ചലതയില്‍ നിന്നൊരു
മണിമുഴക്കത്തിനായ്....

3 comments:

  1. കൊള്ളാം , അഭിനന്ദനങ്ങള്‍

    ReplyDelete
  2. നന്നായിരിക്കുന്നു
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  3. ഏഴു കുതിരകള്‍ പൂട്ടിയ വാഹനത്തില്‍ കാലം വരുന്നു.
    കാലങ്ങളെയും ഭേദിച്ച് കൊണ്ടത് വര്‍ത്തമാനത്തില്‍ എന്നേയും പൂട്ടുന്നു. ഓരോ വീഴ്ചയില്‍ നിന്നും എടുത്തൊരു ചാട്ടം അടുത്ത പടിയിലേക്ക്.. കാലത്തെ കാലങ്ങളിലൂടെ തന്നെ അറിയാന്‍ ഈയൊരു ചാട്ടമല്ലാതെ പകരമെന്തുണ്ട്. ?
    കാലത്തെ ജയിക്കും സ്വപ്നങ്ങളുള്ള നാളത്രയും.. 'നീയും ഞാനും' 'അവനും അവളും' എല്ലാം.. ജീവിക്കുന്നു, പ്രതീക്ഷയില്‍.
    സ്നേഹപൂര്‍വ്വം,
    പ്രതീക്ഷയോടെ.
    നാമൂസ്,

    ReplyDelete