Tuesday 17 April 2012

ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ :-കവിത



(photo crtsy google)
ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ :-      

അപരിചിതങ്ങളായ 
വഴികളിലൂടെയാണെന്റെ യാത്ര
അറിയാമെനിക്കീ 
വേനല്‍ ചൂടിന്റെ കാഠിന്യം 
എങ്കിലും മഴനിഴലുണ്ടായിരിക്കും 
എനിക്കൊപ്പം ....

നിനക്കതോര്‍മ്മയുണ്ടോ 
ശൈത്യം ഉറഞ്ഞ 
ഇടനാഴിയിലെവിടെയോ 
നമുക്ക് നമ്മെ നഷ്ടമായത്..
തിരികെ വിളിക്കാനാവില്ലെന്നറിഞ്ഞും 
മൌനത്തിന്റെ നീരാളിക്കരങ്ങളില-
മരുമ്പോള്‍ നിന്റെ കത്തുന്ന കണ്ണൂകളില്‍ 
ഞാന്‍ തേടിയതെന്താണ്.....

താണ്ടുന്ന പാതയുടെ 
നീളമോ ദിശയോ 
അറിയാതെയാണെന്റെ യാത്ര.
ഋതുക്കള്‍ മായ്ക്കാത്ത 
നിന്റെ കാല്പ്പാടുകളെ 
പിന്തുടരുമ്പോളെനിക്ക് 
വഴികാട്ടിയായ് 
മനസ്സിലെരിയുന്ന ചിതയിലെ
വിവശ നാളങ്ങള്‍ .

ഏകാന്തത തിന്നു തീര്‍ത്ത
മനസ്സുമായാണെന്റെ 
പ്രയാണം ..
ഓര്‍മകളില്‍ ചിതലരിക്കും  
മുന്‍പ് 
നിന്നിലലിയാനാവുമെന്ന് 
വലിഞ്ഞ് മുറുകുന്ന 
കാല്‍പ്പാദത്തിന്നടിയിലെ
ഓരോ മണല്‍ത്തരിയുമെന്നോട്
മൊഴിയുന്നു....

വെയില്‍ മരങ്ങള്‍ക്കിടയില്‍ 
വാടിയ നിഴലുകള്‍ തളര്‍ന്നു
വീഴുന്നു..എന്നാലും, 
രുയിര്‍ത്തെഴുന്നേല്പ്പിന്റെ 
പിടച്ചിലില്‍ ഞാനാശിക്കുന്നു;

ഇരുളിന്റെ മടിയിലെ
നിശ്ശബ്ദതയില്‍ 
നിശ്വാസത്തിന്‍ ആന്ദോളനം 
കേള്‍ക്കും വരെ;
ആത്മാവിലാളുന്ന അഗ്നിയില്‍ 
കാണും വരെ ;
മറവിയെന്നെ 
വിഴുങ്ങാതിരുന്നെങ്കിലെന്ന്...

8 comments:

  1. വായിച്ചു, നന്നെ ഇഷ്ടമായി, എന്തൊക്കെയോ പറയണമെന്നുണ്ട്... പക്ഷേ ഞാനാശിക്കുന്നത് മറിച്ചാണ് മറവിയെന്നെ വിഴുങ്ങിയെങ്കിലെന്ന്.. ഓരമ്മകൾ എന്റെ ഹാർഡ്ഡിസ്കിലെ ഫോൾഡറുകളായിരുന്നുവെങ്കിൽ അതിൽ ചിലവ ഷിഫ്റ്റ് ഡിലീറ്റടിച്ച് കളയാൻ പറ്റിയിരുന്നെങ്കിലെന്ന്...

    ReplyDelete
  2. സഞ്ചാരിയുടെ കാഴ്ച വര്‍ദ്ധിക്കുമ്പോള്‍ മറവിക്ക് സാധ്യത കൂടുതലാണ്.
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഒരു സഞ്ചാരിയോട് ഒരാള്‍ ഒരിക്കല്‍ ചോദിച്ചത്രെ. നിങ്ങളുടെ സഞ്ചാരത്തിനിടയില്‍ ഏറ്റവും അലോസരമുണ്ടാക്കിയ വിഷയമെന്തായിരുന്നു? അയാളുടെ മറുപടി: “എന്റെ ചെരിപ്പിനിടയില്‍ കടന്നുകൂടുന്ന മണല്‍ത്തരികളാണെന്നെ ഏറ്റവും അലോസരപ്പെടുത്തിയിരുന്നത്” മനോവ്യാപാരങ്ങള്‍ ചെരിപ്പിനൈടയിലെ മണല്‍ തരികള്‍

    ReplyDelete
  4. ഇരുളിന്റെ മടിയിലെ
    നിശ്ശബ്ദതയില്‍
    നിശ്വാസത്തിന്‍ ആന്ദോളനം
    കേള്‍ക്കും വരെ;
    ആത്മാവിലാളുന്ന അഗ്നിയില്‍
    കാണും വരെ ;
    മറവിയെന്നെ
    വിഴുങ്ങാതിരുന്നെങ്കിലെന്ന്...

    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  5. കവിത വായിച്ചു നന്നായി ഇഷ്ടപ്പെട്ടു, കുറെ ചിന്തകളും, ഓര്‍മകളും, ഓര്‍മപ്പെടുത്തലുകളും നല്കി
    സഞ്ചാരം തുടരുന്നു ....
    ഇരുളിന്റെ മടിയിലെ
    നിശ്ശബ്ദതയില്‍
    നിശ്വാസത്തിന്‍ ആന്ദോളനം
    കേള്‍ക്കും വരെ;
    ആത്മാവിലാളുന്ന അഗ്നിയില്‍
    കാണും വരെ ;.....

    എല്ലാ വിധ ആശംസകളും ...

    ReplyDelete
  6. വിഴുങ്ങാതിരിക്കട്ടെ മറവി.
    ജീവിതം കൊണ്ടുള്ള മായ്ക്കലുകള്‍.
    വേനലിനെ മായ്ച്ചു കളയുന്ന
    ഒരു മഴയുടെ വരവുണ്ട്
    ഈ വരികളില്‍

    ReplyDelete
  7. നല്ല വരികള്‍.. വളരെ ഇഷ്ടായി പല വരികളും..

    ReplyDelete
  8. പണ്ടൊരിക്കല്‍ മൂന്നാറില്‍ വിരിഞ്ഞ നീലക്കുറിഞ്ഞിയെ അന്വേഷിച്ച് പോയ കഥ ഞാന്‍ എഴുതണെമെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷെ എഴുതിയില്ല, എന്തായിരുന്നു കാരണം...?

    ReplyDelete