Sunday 4 November 2018

പൊരുള്‍ തേടി 


ദൂരെ നിന്ന് നിലാവിനൊപ്പം ഒഴുകിയെത്തിയ ഈറത്തണ്ടിന്റെ നാദം  കാതുകളിലേക്ക് ഒരു ചോദ്യം പോലെ തുളഞ്ഞു കയറിയപ്പോള്‍ താന്‍ തേടി കൊണ്ടിരിക്കുന്ന ഉത്തരം കിട്ടാന്‍ സമയമായെന്നവള്‍ക്ക്  ബോധ്യമായി . അര്‍ത്ഥം വെച്ചുള്ള മൂളലുകളോടെ ചക്കര കുന്നിലെ ചെമ്പകപ്പാലയില്‍ ഇരിക്കുന്ന കൂമന്റെ വട്ടക്കണ്ണുകള്‍  അന്നേരം ഗോമേദകം പോലെ തിളങ്ങുന്നുണ്ടായിരുന്നു.ചക്കര കുന്നിനപ്പുറം നിലാവ് കുടിച്ചു മദിച്ചു തേങ്ങുന്ന അലകളുമായുള്ള കടലിന്റെ ഓളപ്പരപ്പ് അവയ്ക്ക് മേലെ ആ കനത്ത പാദങ്ങള്‍  അമരുന്നത് കാത്തു കിടക്കുന്നുണ്ടായിരുന്നു ..രാവിന്റെ  കരിനിഴലില്‍ നനഞ്ഞു കുതിര്‍ന്നു വീണു കിടക്കുന്ന പാരിജാത പൂക്കളില്‍ ചവിട്ടി അവള്‍ ആ ഒറ്റയടിപ്പാതയിലൂടെ ചക്കരകുന്നിനപ്പുറത്തെ കടല്‍ തീരത്തേക്ക് നടന്നു..കയ്യിലെ റാന്തല്‍ വിളക്കിലെ തിരി കാറ്റിനൊപ്പം ലാസ്യ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.അവളുടെ നീളന്‍ മേല്‍ക്കുപ്പായത്തിന്റെ കനം കുറഞ്ഞ മടക്കുകളില്‍ മഞ്ഞിന്റെ സ്വേദ കണങ്ങള്‍  പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു.കാതടച്ചു വെച്ച ശിരോവസ്ത്രത്തിന്റെ തുമ്പ് അലകളെ മാടി വിളിച്ചു .അതോ അലകള്‍ക്ക് മേലെ നടന്നു വരുന്ന ആ വെള്ളി വെളിച്ചത്തെയോ...നേരിയ കിതപ്പോടെ കയ്യിലെ  റാന്തല്‍ വിളക്ക്  മണലില്‍ വെച്ച് മൈലാഞ്ചി ചോപ്പ് തുടുത്ത തന്റെ രണ്ടു കൈപ്പ്ത്തികളും തലക്ക് നേരെ പിടിച്ചു നെറ്റി കൊണ്ട് ഭൂമിയെ തൊട്ടു....കണ്ണും തുറന്നു ഭൂമിയുടെ ഉള്ളറകളിലേക്ക് ദൃഷ്ടികളെ പായിച്ചു.അവിടെ പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന തന്റെ മുതു മുത്തച്ചന്മാരെയും മുത്തച്ചികളെയും നോക്കി കിടക്കവേ  മെല്ലെ തന്റെ അടുത്തേക്ക് നടന്നടുക്കുന്ന പാദപതനത്തെ അവള്‍ വ്യക്തമായി കേട്ടു..സാഷ്ടാംഗത്തില്‍ നിന്നുയര്‍ന്ന അവള്‍ക്ക് മുന്നില്‍ വെള്ളിത്താടിയും നീളന്‍ വെളുത്ത കുപ്പായവുമണിഞ്ഞ് കണ്ണില്‍ പ്രകാശ ധൂളികളുമായി അവളുടെ പ്രിയപ്പെട്ട മസ്താനുപ്പാപ്പ ഇരിക്കുന്നുണ്ടായിരുന്നു.കയ്യിലെ നീളന്‍ വടിയിലെ അറ്റത്ത് വെട്ടിത്തിളങ്ങുന്ന വൈഡൂര്യ കല്ലുകളുടെ മിനുക്കം അവളുടെ മുഖത്തേക്ക് തെറിച്ചു  ..വലതു കയ്യിലെ വെളുത്തു നീണ്ട വിരലുകള്‍ക്കിടയില്‍ ഉരുണ്ടു മറിയുന്ന ജപമാലയില്‍ നിന്നും  ഇറ്റിറ്റ് പരക്കുന്ന ഹൂദിന്റെ സൌരഭ്യം അവളുടെ തണുത്തുറഞ്ഞ വിരലുകളിലെക്ക് പടര്‍ന്ന നേരം കണ്ണുകളില്‍ വിസ്മയം വിടര്‍ത്തി മസ്താനുപ്പാപ്പയോടു അവളുടെ മനസ്സിനെ മദിക്കുന്ന ചോദ്യം ചോദിച്ചു..ഉപ്പാപ്പാ  ഈ ദിവ്യ പ്രണയത്തിന്റെ പൊരുള്‍ എന്താണ് .?..ഉപാധികളില്ലാതെ ഉടലിനോടല്ലാതെ  പ്രണയിക്കുന്നവരെ ഉന്മാദികള്‍ എന്ന് പറയുന്നത് ശരിയാണോ..? 
ഉപ്പാപ്പ തന്റെ വെളുത്ത നീളന്‍ കുപ്പായക്കീശയില്‍ നിന്നും ഉണങ്ങിയ മൂന്നു കാരക്കപ്പഴം  നീട്ടി അവളുടെ തെറ്റും ശരിയും രേഖകളായ് പിണഞ്ഞു കിടക്കുന്ന കൈവെള്ളയിലേക്ക് വെച്ച് കൊടുത്തു കൊണ്ട് അത് കഴിക്കാന്‍  തന്റെ വെള്ളാരം കല്ലുകള്‍ പോലുള്ള കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു..അവള്‍ ഒരു കാരക്കയെടുത്തു  തന്റെ മുല്ലപ്പൂവിന്റെ നിറവും ഉറുമാമ്പഴക്കുരുവിന്റെ  ആകൃതിയുമുള്ള ദന്തനിരകള്‍ക്കിടയില്‍ വെച്ച് കൊണ്ട് നുണയാന്‍ തുടങ്ങി..ചോദ്യത്തെ ആവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഉപ്പാപ്പ ദൂരെ ചക്രവാളത്തില്‍ തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി കൊണ്ട് ചോദിച്ചു ..ആ നക്ഷത്രത്തിന്റെ ദൂരമോ പ്രകാശത്തിന്റെ ആഴമോ ഇവിടിരുന്നു തിട്ടപ്പെടുത്താന്‍ കഴിയുമോ...?
കാരക്കയുടെ സ്വാദിന്റെ അനുഭൂതിയില്‍ പാതി കണ്ണുകളടച്ചു അവള്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു..
ഉപ്പാപ്പ തന്റെ കയ്യുയര്‍ത്തി തലയ്ക്ക് മീതെ ഉറ്റു നോക്കുന്ന ചന്ദ്രബിംബത്തെ ചൂണ്ടി അവളോടെ ചോദിച്ചു ,.

"ഈ നിലാവിന്റെ പ്രകാശ വീഥികളിലൂടെ  പരന്നൊഴുകുന്ന രാവിന്റെ വിരഹത്തെ  നിനക്കനുഭവിക്കാനാകുന്നുണ്ടോ ...?

 പ്രഹേളികകള്‍ക്കുള്ളിലെ നിഗൂഢങ്ങളായ ഉത്തരങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന അവളുടെ നാവു  കാരക്കയുടെ മധുരത്തില്‍ വരണ്ടുണങ്ങാന്‍ തുടങ്ങി..തനിക്കൊന്നും അറിയില്ലല്ലോ .അടക്കി പിടിച്ച നിശ്വാസത്തോടെ അവള്‍ ചിന്തിച്ചു ...ഇരുളിനെ പായ തെറുക്കുന്ന പോലെ തെറുത്ത്  പതഞ്ഞു പരക്കുന്ന നീല നിലാവിനെ പ്രണയിക്കാന്‍ മാത്രമല്ലേ തനിക്കറിയൂ .. നിലാവിനെ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ മാത്രമല്ലേ തന്നെ കൊണ്ട് കഴിയൂ....അവളുടെ കണ്ണുകളില്‍ നിരാശയുടെ രാത്രി ഉദിക്കാന്‍ തുടങ്ങി..തനിക്കാരെയും പ്രണയിക്കാന്‍ കഴിയുന്നില്ല .എന്നാലോ എന്റെ ഉള്ളില്‍ നിറയെ കരകവിഞ്ഞൊഴുകുന്ന പുഴ പോലെ ഒരു പ്രണയം ആര്‍ത്തിരമ്പുന്നു.പക്ഷെ ആരോടെന്നറിയില്ല ..നിലാവില്ലാത്ത രാവുകളില്‍ ഇരുള്‍ ചില്ലകളെ ചുംബിച്ചുലയ്ക്കുന്ന രാക്കാറ്റിനോടാണെന്ന് തോന്നും ..ചിലപ്പോള്‍ തീക്ഷ്ണമായ വെയില്‍ചീളുകള്‍ ചാട്ടുളി പോലെ തറയ്ക്കുന്ന നേരത്ത് കത്തിജ്വലിക്കുന്ന സൂര്യനോടാണെന്ന് തോന്നും ..അല്ലെങ്കില്‍ ഇടവഴികളിലെക്ക് പതറി വീഴുന്ന പോക്കുവെയിലിനൊപ്പം ചാഞ്ഞിറങ്ങുന്ന അപരാഹ്നത്തോടാണെന്ന് .അതോ ഇടറിയ കാല്‍വെപ്പുകളോടെ പരിക്ഷീണനായി മറയുന്ന സൂര്യനെ നോക്കി വിതുമ്പുന്ന മൂവന്തിയോടോ ..അറിയില്ല ഞാന്‍ ഒരു പക്ഷെ എല്ലാവരെയും പ്രണയിക്കുന്നു ..അല്ലെങ്കില്‍ ആരെയും പ്രണയിക്കാനാവാതെ ചലനം മറന്ന നിശ്ചല തടാകം പോലെ നിര്‍വികാരതയോടെ കാലത്തിന്റെ അനന്തതയിലേക്ക് കൂപ്പു കുത്തുന്നു....പറയൂ ഉപ്പാപ്പ ..എന്താണ് പ്രണയത്തിന്റെ പൊരുള്‍ ..എനിക്ക് തോന്നുന്ന ഈ വികാരം തന്നെയല്ലേ പ്രണയം ...
അതോ പ്രപഞ്ചത്തിന്റെ  അതിവിശാലവും അതിഗൂഢവുമായ പരമസത്യം പോലെ ദൂരെ നിന്ന് മോഹിപ്പിക്കുന്ന മൃഗതൃഷ്ണയോ ... കടലില്‍ അലകളുടെ സംഗീതം ഒന്ന് നേര്തത്തിനു ശേഷം വീണ്ടും ഉച്ചസ്ഥായിയിലേക്ക് പൊടുന്നനെ ഉയര്‍ന്നു ..ഉശിരോടെ കടലുപ്പിന്റെ ഗന്ധവുമായി വീശിയ കാറ്റില്‍ അവളുടെ മേലുടുപ്പിന്റെ  അടുക്കുകള്‍ ഒച്ചയുണ്ടാക്കി കടലിന്റെ ദിശയിലേക്ക് ശബ്ദത്തോടെ പറക്കാന്‍ തുടങ്ങി.
വീതിയേറിയ ഞാന്നു തൂങ്ങുന്ന നീളന്‍ കുപ്പായത്തിന്റെ കയ്യ് രണ്ടു മേലോട്ടുയര്‍ത്തി മസ്താനുപ്പാപ്പ തന്റെ മിഴികളെ അടച്ചു മുഖമുയര്‍ത്തി ഇരുന്നു .നിലാവ് മൊത്തം പതഞ്ഞിറങ്ങിയ ആ വെള്ളത്താടിയിലെ രോമങ്ങള്‍ വിറയ്ക്കുന്നത് പോലെ അവള്‍ക്ക് തോന്നി..പതിയെ കണ്ണുകള്‍ തുറന്നു ഉപ്പാപ്പ മൊഴിയാന്‍ തുടങ്ങി .
"പെണ്ണെ നീ പ്രകൃതിയില്‍ കാണുന്ന സൌന്ദര്യം അത് പ്രണയത്തിന്റെ അടയാളങ്ങളാണ് ..മനുഷ്യാത്മാവില്‍ പ്രണയത്തിന്റെ പ്രകാശം  വഴിയുന്നിടത്തോളം ;അതിന്റെ പ്രതിഫലനം ഹൃദയത്തിലെ അന്ധകാരത്തെ മാറ്റി വെളിച്ചം വിതറിക്കുന്നിടത്തോളം പ്രണയത്തിന്റെ ആനന്ദത്തെ നിനക്കനുഭാവിക്കാനാകും.അത് തന്നെ യഥാര്‍ത്ഥ പ്രണയം ..പ്രണയത്തിന്റെ ഉന്മാദാവസ്ഥയില്‍ ആണ് പെണ്ണെ നിനക്ക് പ്രകൃതിയിലെ സൌന്ദര്യം മുഴുവന്‍ നുകരാന്‍ കഴിയുന്നത് .അത് തന്നെയാണ് പരമപ്രണയത്തിന്റെ പാതയും ..ആ പാതയ്ക്കിരുവശങ്ങളിലും തണല്‍ മരങ്ങള്‍ പോലെ ദേഹവും ദേഹിയും നിന്നെ വട്ട നൃത്തത്തിന്റെ ചുവടുകളുമായി ദിവ്യ പ്രണയത്തിലേക്ക്   ചുഴറ്റി വിടുന്നു .ഭൌതികവും ആത്മീയവുമായ ഹര്‍ഷത്തെ നീ അനുഭവിക്കുന്നു..."
ഉപ്പാപ്പ വീണ്ടും തന്റെ നീളന്‍ കുപ്പായത്തിന്റെ കീശയില്‍ നിന്ന് കാരക്കയെടുത്തു അവളുടെ തെറ്റുകള്‍ ശരികളിലെക്ക് ചാല് വെട്ടിയ  ഉള്ളം കയ്യിലേക്ക് വെച്ച് കൊടുത്തിട്ട് അവള്‍ വന്ന വഴി ചൂണ്ടി പോയ്ക്കോളാന്‍ ആംഗ്യം കാണിച്ചു ...ശിരോവസ്ത്രത്തിന്റെ തലപ്പിനെ മുഖത്തേക്കിട്ട് പൂഴിമണ്ണിലൂടെ ഓടി ചക്കരകുന്നു കയറി ചെമ്പകപാലയുടെ ചുവട്ടില്‍ നിന്ന് കിതപ്പാറ്റി..നിലാവില്‍ തെളിഞ്ഞ ഒറ്റയടി പാതയിലെ മഞ്ഞു പോലെയുള്ള പഞ്ചാര മണലിലൂടെ  വലതു കൈത്തലത്തെ ആകാശത്തിന്റെ അനന്തതയിലേക്കും ഇടത് കരത്തെ ഭൂമിയുടെ അഗാധമായ നിഗൂഢതയിലേക്കും പിടിച്ചു വട്ടത്തില്‍ കറങ്ങി കറങ്ങി പടിക്കെട്ടുകള്‍   കയറുമ്പോള്‍ ആകാശത്തിന്റെ തുഞ്ചത്ത് പവിഴമല്ലി പൂക്കള്‍ ഉതിര്‍ന്നു വീഴുന്നത് പോലെ പ്രകാശ നുറുങ്ങുകള്‍ വെണ്‍മേഘങ്ങളില്‍ തട്ടി ചിതറി അവളുടെ തലയ്ക്ക് മീതെ ദിവ്യാനുരാഗത്തിന്റെ വലയങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു..


1 comment:

  1. ആദ്യായിട്ടാ ഇവിടെ കയറിയത്...അവ്യക്തമായ ചില കാഴ്ചകൾ മിന്നിമറഞ്ഞപോലെ !

    ReplyDelete