അര്‍ദ്ധവിരാമം :-
(crtsy:Ishaq)
എന്നും അധ്യാപന വൃത്തിയും കഴിഞ്ഞിറങ്ങുന്ന അവളുടെ തലയില്‍ വൈകീട്ട് വീട്ടിലെത്തിയാല്‍ തയ്യാറാക്കേണ്ട അത്താഴത്തിന്റെ വിഭവങ്ങളെന്തൊക്കെ ആയിരിക്കണമെന്നതോ അതല്ലെങ്കില്‍ പലചരക്ക് കടയില്‍ നിന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയോ ഒക്കെ ആയിരിക്കും അലട്ടുന്ന വിഷയങ്ങളായി ഉണ്ടാവുക ..പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവളുടെ ചിന്ത രണ്ടു പ്രാവശ്യമായി ഒരേ ആവശ്യത്തിനു കത്തയച്ച് കൊണ്ടിരിക്കുന്ന പത്രാധിപരാണ്.പ്രമുഖ വാരികയുടെ വിശേഷാല്‍ പതിപ്പിലേക്ക് അനാമികയുടെ ഒരു കഥയോ നൊവെല്ലയോ വേണമെന്ന ആവശ്യം ആ പത്രാധിപരുടെ കത്തുകളില്‍ അഭ്യര്‍ത്ഥനയുടെ ഭാഷയിലായിരുന്നു.പക്ഷെ മണിക്കൂറുകള്‍ കൊണ്ട് കഥകള്‍ രചിച്ചിരുന്ന അനാമിക കുറച്ച് നാളായി അജ്ഞാതമായൊരു മാനസിക പിരിമുറുക്കത്തിലാണ്.അവളെത്ര ശ്രമിച്ചിട്ടും മനസ്സിനു തൃപ്തി തോന്നുന്ന രീതിയില്‍ എഴുതാനാവുന്നില്ല..ആരോടെന്നില്ലാതെ തോന്നിയ ദേഷ്യം അവളുടെ മുഖത്ത് പ്രതിഫലിച്ചു. എത്ര ആലോചിച്ചിട്ടും വഴുതി പോകുന്ന പദങ്ങളും കഥാബീജങ്ങളും കൈവിരല്‍ തുമ്പില്‍ കുരുക്കിയിടാനുള്ള ശ്രമം കഴിഞ്ഞ ഏതാനും രാത്രികളിലെ തന്റെ വ്യര്‍ഥമായ വ്യായാമം ആയി മാറിയിരിക്കയാണല്ലോ എന്നവള്‍ ഓര്‍ക്കവെ പുതിയ കഥാതന്തുക്കള്‍ മിന്നലൊളിയെന്ന പോലെ ഒളിഞ്ഞും തെളിഞ്ഞും അവളെ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരുന്നു..
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവളുടെ നോവലിനു ലഭിച്ച പുരസ്ക്കാരത്തെ ചൊല്ലി സാഹിത്യ സദസ്സുകളില്‍ അല്ലറചില്ലറ മുറുമുറുപ്പുകളുണ്ടായിരുന്നു . സ്ത്രീ പക്ഷ എഴുത്തുകാരിയുടെ പുരുഷ മേധാവിത്വത്തിനെതിരായ പറഞ്ഞും ഉറഞ്ഞും ട്രാഷ് ആയ ഒരു ക്ലീഷെയിഡ് സബ്ജെക്റ്റ് ആണതെന്ന ചില സാംസ്ക്കാരിക നായകന്‍മാരുടെ വിമര്‍ശനങ്ങളും അതിനെ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും ഒരു എഴുത്തുകാരിയെന്ന നിലയില്‍ അനാമികയെ ഒന്നുലച്ചിരുന്നു എന്നത് അവള്‍ പരമ രഹസ്യമായി സൂക്ഷിച്ചിരിക്കയാണ് ..എങ്കിലും എഴുത്തിന്റെ ലോകത്തെ പുരുഷ മേധാവിത്വം എങ്ങനെയെങ്കിലും തകര്‍ത്തെറിയണമെന്ന വാദം ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ക്കൊപ്പം അനാമികയും പ്രസംഗിച്ച് നടന്നതാണ്.പെണ്ണെഴുത്തെന്ന വേര്‍തിരിവിനോട് പോലും അനാമിക കടുത്ത വൈരാഗ്യം പുലര്‍ത്തി പോന്നു.എന്തോ ഏതോ അഹങ്കാരികളും ഗര്‍വ്വിഷ്ടരുമായ സമൂഹത്തിന്റെ ഉന്നത സ്ഥാനമാനങ്ങളിലിരുന്നു സ്ത്രീകളെ വെല്ലുവിളിച്ചിരുന്ന പുരുഷ കേസരികളെ ഒന്നടങ്കം ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും അനാമികയടങ്ങുന്ന പെണ്ണെഴുത്തുകാരുടെ സംഘടന പാഴാക്കിയിരുന്നില്ല..അതിന്റെ ചൊരുക്ക് ചിലര്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചതാണ് അനാമികയുടെ പുരസ്ക്കാരത്തെ ചൊല്ലിയുള്ള വിവാദമായി മാറിയത്..ഈ വക കാരണങ്ങളാണോ അവളിലെ എഴുത്തുകാരിയെ ക്ഷീണം പിടിപ്പിച്ചത്.. കഴിഞ്ഞ കുറച്ച് കൊല്ലങ്ങള്‍ കൊണ്ട് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായി മാറിയ തന്നെ ഇത്രയും നിസ്സാര കാരണങ്ങള്‍ ചഞ്ചലപ്പെടുത്തുമോ .പക്ഷെ താന്‍ കുറച്ച് നാളായി അനുഭവിക്കുന്ന ഈ ശൂന്യതക്ക് പിന്നെ എന്താണു കാരണം ...മുടി ക്രോപ്പ് ചെയ്തു നെറ്റിയില്‍ വട്ടത്തിലൊരു പൊട്ടും തൊട്ട് കണ്ണു നിറയെ കണ്‍ മഷിയുമെഴുതി കാതില്‍ നീളത്തില്‍ തൂങ്ങുന്ന വലിയ കാതണികളുമായ് ഒരു നരച്ച കുര്‍ത്തയും അയഞ്ഞ പാന്റ്സുമിട്ട് തോളിലൊരു തുണിസ്സഞ്ചിയും അതില്‍ നിറയെ പ്രശ്നങ്ങളുമായി ദിനേന പുരുഷന്‍മാര്‍ മൂലം സമൂഹത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് വാക്ധോരണികളാല്‍ പരിഹാരം കണാന്‍ ശ്രമിക്കുന്ന നട്ടെല്ലുള്ള സ്ത്രീ സംഘടനയിലെ സജീവ പ്രവര്‍ത്തകയായ തനിക്ക് തന്നെ ഇങ്ങനെയൊരു നിര്‍വികാരത അനുഭവപ്പെടുന്നതില്‍ അവള്‍ക്ക് തെല്ലു നിരാശ തോന്നി ..ഇടവഴിയിലെ തണല്‍ മരങ്ങള്‍ വിരിച്ച നിഴലുകളെ ചവിട്ടി വീടിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അവളിങ്ങനെ ഓരോന്നും ചിന്തിച്ച് അസ്വസ്ഥയായി കൊണ്ടിരുന്നു.
വീട്ടിലേക്കുള്ള വഴിയിലെ ഒതുക്കു കല്ലു ചവിട്ടി കയറിക്കൊണ്ട് മുറ്റത്തെത്തിയപ്പോള്‍ ഉമ്മറത്തെ ചാരുപടിയില്‍ അന്നു വന്ന തപാല്‍ ഉരുപ്പടികള്‍ ചിതറിക്കിടക്കുന്നത് കണ്ടു.അതെല്ലാം വാരിയെടുത്തു മുന്‍ വാതില്‍ തുറന്ന് അകത്തളത്തിലേക്ക് കടന്നു..ഹാന്‍ഡ് ബാഗ് എഴുത്ത് മേശക്ക് മേലേക്കിട്ട് വേഗം തന്നെ അടുക്കളയിലേക്ക് നടന്നു. സിങ്കിനു മുകളില്‍ ചണസഞ്ചിയും വെച്ച് ചായയുണ്ടാക്കാനായ് വാല്പ്പാത്രമെടുത്ത് വെള്ളവും പാലുമൊഴിച്ച് സ്റ്റൌവില്‍ വെച്ചു. മണ്‍പാത്രത്തിലെ വെള്ളമെടുത്ത് മുഖം കഴുകി അവള്‍ തന്റെ ആത്മസംഘര്‍ഷത്തിനു അയവ് വരുത്താന്‍ ശ്രമിച്ചു. ചപ്പാത്തി മാവ് കുഴച്ച് വെക്കുമ്പോള്‍ എന്നും ഓവര്‍ടൈമിന്റെ പേരും പറഞ്ഞു വൈകിയെത്തുന്ന ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധയില്ലയ്മയെ കുറിച്ച് ആകുലപ്പെട്ടു
കുക്കറില്‍ പരിപ്പ് വേവിക്കാനിട്ടു കൊണ്ടവള്‍ ചായയുമായി സോഫയില്‍ വന്നിരുന്നു ഓരോ കവറുകളും ശ്രദ്ധയോടെ ആര്‍ക്കൊക്കെ ആരുടെയൊക്കെ എന്നു
നോക്കാന്‍ തുടങ്ങി..ഇന്നുമുണ്ട് അവള്‍ക്ക് ആ പത്രാധിപരുടെ കത്ത്.ശ്രീമതി അനാമിക താങ്കളുടെ സൃഷ്ടി എത്രയും വേഗം തന്നെ അയച്ചു തരണം .ബാക്കി വരികളിലേക്ക് പോകാതെ അവള്‍ ആ കത്തിനെ മടക്കി വെച്ചു .
ഭര്‍ത്താവിന്റെ നീരസ പ്രകടനങ്ങളെ വകവെക്കാതെ രാത്രിയിലെ ജോലികളെല്ലാം ഒതുക്കി ഊണു മേശക്ക് മുകളില്‍ മെഴുകുതിരി കത്തിച്ചിരുന്നെഴുതുമ്പോള്‍ അവളുടെ മനസ്സില്‍ ഒറ്റ ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ..ഇന്നു എന്ത് തന്നെ വന്നാലും തന്റെ സൃഷ്ടിയെ മുഴുമിപ്പിച്ചെ പേന താഴെ വെക്കൂ എന്ന് .ഇണചേരലിന്റെ ആലസ്യത്തില്‍ നിദ്രയുടെ തമസ്സാഴങ്ങളില്‍ ഊളിയിടുന്ന ഭര്‍ത്താവിനടുത്ത് നിന്നും ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വന്നു സാഹിത്യ രചന നടത്തുന്ന ഈ ഭൂമുഖത്തെ ഒരേയൊരു സ്ത്രീ താന്‍ മാത്രമായിരിക്കില്ല എന്നവള്‍ വെറുതെ ആശ്വസിച്ചു ..പക്ഷെ കുറച്ച് ദിവസങ്ങളായി വിചാരിക്കുന്ന പോലെ ഒന്നും തനിക്ക് വഴങ്ങാത്തത് എന്തു കൊണ്ടെന്നറിയാതെ അനാമിക എന്ന കഥാകാരി അസ്വസ്ഥയായി..ചായ്പ്പിന്റെ തുറന്നിട്ട ജനലഴികളിലൂടെ അരിച്ചെത്തുന്ന ശീതക്കാറ്റിനു അവളുടെ വിയര്‍ത്തൊലിക്കുന്ന ശരീരത്തിന്റെ ഉള്‍താപത്തെ ശമിപ്പിക്കാനായില്ല.
എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിനിടയില്‍ വീണു കിട്ടിയ ഒരു കഥാതന്തു പേജിലെ ചുവന്ന വരകളിലൂടെ പദങ്ങളെ പാകമാവാതെ വീര്‍പ്പുമുട്ടുന്നത് കണ്ടപ്പോള്‍ ചങ്ക് പൊട്ടി കരയാനാണു കഥാകാരിക്ക് തോന്നിയത്..മേശപ്പുറത്തെ കൂജയില്‍ നിന്നും പതിമുഖത്തിന്റെ പൊടിയിട്ട് തിളപ്പിച്ച വെള്ളമെടുത്ത് കുടിച്ച് ഉള്ളത്തെ ഒന്നു തണുപ്പിക്കാന്‍ ശ്രമിച്ചു..ഇന്നെന്തായാലും ഈ കഥ എഴുതിയെ അടങ്ങൂ എന്ന ദൃഢനിശ്ചയം തലയിലൂടെ പ്രവഹിച്ച അക്ഷരയൊഴുക്കിനെ വിരല്‍ത്തുമ്പിലൂടെ പേനയിലേക്കും കടലാസിലേക്കും പകര്‍ത്താന്‍ തുടങ്ങി.ആടിയുലയുന്ന നാളത്തില്‍ ഏതോ ചെറുപ്രാണി വട്ടമിടുന്നുണ്ട്..പൊടുന്നനെ വരികള്‍ക്കിടയിലേക്ക് ആ പ്രാണിയുടെ കരിഞ്ഞുരുണ്ട ഉടല്‍ പാറിവീണു.പേനയുടെ തുമ്പു കൊണ്ട് ആ കരിഞ്ഞ ഉടലിനെ തട്ടി മാറ്റി അനാമിക എഴുതിക്കൊണ്ടേയിരുന്നു...ക്ഷീണം മൂലം ഒരു വശത്തേക്ക് തലചെരിച്ച് വെച്ചാണ് പേനയെ ഉരുട്ടുന്നത്..ഇടത്തോട്ടേക്കിത്തിരി ചെരിഞ്ഞ കയ്യക്ഷരങ്ങളിലൂടെ അവളുടെ കഥാതന്തു വളരാന്‍ തുടങ്ങി.ചിലന്തി വലയ്ക്കുള്ളില്‍ കുരുങ്ങി കിടന്നിരുന്ന ഇര വല പൊട്ടി പുറത്ത് ചാടിയ പോലെ അനാമികയുടെ കഥാബീജം ഏടുകളില്‍ നിന്നും ഏടുകളിലേക്ക് പാഞ്ഞ് കൊണ്ടിരുന്നു. അടുത്ത മുറിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഉച്ചസ്ഥായിയിലായപ്പോള്‍ അനാമിക ഒന്നു ഞെട്ടിയെഴുന്നേറ്റു എങ്കിലും വീണ്ടും തന്റെ രചനയില്‍ മുഴുകി.കടുത്ത വേനലില്‍ കിഴക്ക് ചക്രവാളത്തില്‍ ഭീമാകാരം പൂണ്ട് വരുന്ന കാര്‍മേഘം പോലെ ആ കഥ തിടം വെച്ച് കൊണ്ടിരുന്നു..തുറന്നിട്ട ജനലിലൂടെ ഒരു നിശാശലഭം അവളുടെ മേശക്ക് മേല്‍ പറന്നിറങ്ങി സ്ഥാനം പിടിച്ച് അള്ളി കിടന്നതിനെ അവള്‍ കണ്ടില്ലെന്ന് നടിച്ചു. തന്റെ നായികയുടെ നിസ്സഹായതയേയും സഹനശക്തിയേയും ചൂഷണം ചെയ്യുന്ന കഥാനായകന്റെ വികാസത്തില്‍ അനാമിക അതിശയപ്പെടാതിരുന്നില്ല.ഇത്തിരി ഇടവേളയെടുത്ത് തന്റെ കൈവിരലുകളെ ഞൊടിക്കുന്നതിനിടയില്‍ നീരോലിക്കാടുകള്‍ക്കപ്പുറം ആരെയോ കണ്ടിട്ടെന്ന പോലെ നായകള്‍ ഓലിയിടുന്ന ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു.
നെറ്റിയില്‍ നിന്നുരുണ്ട് വീഴുന്ന വിയര്‍പ്പിനെ കൈത്തലം കൊണ്ട് തുടച്ച് അവള്‍ എഴുത്ത് തുടര്‍ന്നു.ദുഷ്ടനായ കഥാനായകനെ ഒതുക്കാനുള്ള കരുക്കള്‍ മെനയാന്‍ അവളേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..കഥാനായകനോടുള്ള വിദ്വേഷത്താല്‍ അവളുടെ മുഖം വക്രിതമാകുകയും ശ്വാസം ദ്രുതഗതിയിലാവുകയും ചെയ്തു..സര്‍വ്വം സഹയായ നായികയെ ഇറച്ചിക്കോഴിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് പോലെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാമികയുടെ തൂലിക അയാള്‍ക്കെതിരെ ഒരു പടവാളായ് മാറുന്നത് വര്‍ദ്ധിച്ച ആവേശത്തോടെ കഥാകാരി അറിയാന്‍ തുടങ്ങി.ആ നേരത്താണ്.അവള്‍ ജനലിനടുത്ത് നിന്നാരൊ ചെറുതായി മുട്ടുന്നത് കേട്ടത്..കത്തി തീരാനായ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ ആ അവ്യക്ത രൂപത്തെ കണ്ട അനാമിക ചെറിയ നെഞ്ചിടിപ്പോടെ ജനലിനടുത്തേക്ക് നീങ്ങി.അവള്‍ക്ക് തന്റെ കണ്ണൂകളെ വിശ്വസിക്കാനായില്ല. പ്രകാശം ചിതറി വീഴുന്ന കണ്ണൂകളും പഞ്ഞി പോലെ വെളുത്ത ദീക്ഷയുമായൊരാള്‍ അവളെ അനുതാപ പൂര്‍വ്വം നോക്കി നില്ക്കുന്നു..കയ്യകലത്തില്‍ നില്ക്കുന്ന ആ മനുഷ്യനു ഈ രാത്രിയില്‍ എന്താണാവശ്യം എന്നാലോചിക്കവെ ഒരു വേള ഭര്‍ത്താവുണര്‍ന്നു വന്നു ഒരപരിചിതന്‍ താനുമായി സംസാരിക്കുന്നത് കണ്ടാലോ എന്നവള്‍ ആശങ്ക പെട്ടു.അയാള്‍ക്ക് തന്നോടേന്തോ പറയാനുണ്ടെന്നു മനസ്സിലാക്കിയ അനാമിക അയാളോട് മൃദു സ്വരത്തില്‍ എന്താണു ആവശ്യം എന്നു തിരക്കി..
അയാള്‍ ഒന്നു മുരടനക്കി തൊണ്ടയിലെ കരകരപ്പിനെ ശരിയാക്കിയതിനു ശേഷം സംസാരിക്കാന്‍ തുടങ്ങി.പക്ഷെ തൊണ്ടയില്‍ നിന്നു വീഴുന്ന വാക്കുകള്‍ അയാളുടെ ചുണ്ടുകളിലുടക്കി നിന്നു..ഇതു കണ്ട അനാമിക വേഗം തന്നെ കൂജയില്‍ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് ആ അപരിചിതനു നേരെ നീട്ടി..ജനലഴികളിലൂടെ തന്റെ നീണ്ട കൈ കൊണ്ട് ആ വെള്ളം വാങ്ങി ഒറ്റയിറക്കിനു കുടിച്ചു.ദീക്ഷയില്‍ നിന്നുരുണ്ട് വീഴുന്ന വെള്ളത്തുള്ളികള്‍ മെഴുകുതിരിയുടെ നാളത്തില്‍ മുത്തു പോലെ തിളങ്ങുന്നത് കൌതുകത്തോടെ നോക്കികൊണ്ട് പതുക്കെ അയാളുടെ ആവശ്യം വീണ്ടുമാരാഞ്ഞു.തീക്ഷ്ണമായ ഒരു നോട്ടത്തോടെ അയാള്‍ തനിക്ക് പറയാനുള്ളത് വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളോടെ പറയാനാരംഭിച്ചു.."നിങ്ങള്‍ ഒരെഴുത്തുകാരിയാണല്ലെ".അതെ എന്നു അനാമിക മുഴുമിക്കും മുന്‍പെ അയാള്‍ തുടര്‍ന്നു.."നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങളുടെ സൃഷ്ടികള്‍ മുഴുവന്‍ ഏകപക്ഷീയമായ വിഷയങ്ങളിലൂടെയാണ്. സഞ്ചരിക്കുന്നതെന്നു..അഥവാ അതിനപ്പുറത്തെ കാഴ്ച്ചപ്പാടിലേക്ക് നിങ്ങളുടെ സര്‍ഗ്ഗ ശക്തിയെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ...നിങ്ങള്‍ വെറുമൊരു പെണ്‍പക്ഷക്കാരിയും പെണ്ണെഴുത്തുകാരിയും മാത്രമാണെന്നും പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..പുരുഷന്‍മാരെ ദുഷ്ടകഥാ പാത്രങ്ങളാക്കാതെ അവരിലെ ഏതെങ്കിലുമൊരു ഗുണത്തെ സാമൂഹിക പ്രതിബദ്ധതയുടെ പേരിലെങ്കിലും തുറന്നെഴുതാന്‍ നിങ്ങള്‍ തയ്യാറയിട്ടുണ്ടോ...ഈ ലോകം മുഴുവന്‍ സ്ത്രീകളെ കഷ്ടപ്പെടുത്തുന്ന ദുഷ്ട ജന്മങ്ങളായി പുരുഷന്‍മാരെ താക്കോലിട്ടു കറക്കുന്ന യന്ത്രങ്ങളെ പോലെ അടച്ചാക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും ലജ്ജയോ കുറ്റബോധമോ അനുഭവപ്പെട്ടിട്ടുണ്ടോ...സമൂഹത്തിന്റെ നിലനില്പ്പിനു പുരുഷനും സ്ത്രീക്കൊപ്പം ഉണ്ടാവണമെന്ന സാമാന്യ ബോധമില്ലാതെയല്ലെ നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ അല്ലെങ്കില്‍ ഫിമെയില്‍ ഷോവനിസ്റ്റുകള്‍ പുരുഷന്‍മാര്‍ക്കും അവരുടെ ദൌര്‍ബല്യങ്ങള്‍ക്കുമെതിരെ മുഷ്ടിയെറിയുന്നത്.ഇതൊരു സാമൂഹ്യ വിപത്താണെന്നു നിങ്ങള്‍ തിരിച്ചറിയാതിരിക്കുന്നതെന്തു കൊണ്ടാണ്."..ഇത്രയും പറഞ്ഞു അയാള്‍ തന്റെ കിതപ്പണക്കാന്‍ പാടുപെട്ടു കൊണ്ട് ജനലഴികളില്‍ ശക്തിയോടെ വിരലുകളെ അമര്‍ത്തി.
മേഘഗര്‍ജ്ജനം പോലുള്ള അയാളുടെ ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുന്ന അവളുടെ ഭര്‍ത്താവ് ഉണര്‍ന്ന് അങ്ങോട്ട് വന്നാലോ എന്നവള്‍ ഭയപ്പെട്ടു.എല്ലാം കേട്ട് തരിച്ച് നിന്ന അനാമികക്ക് തന്റെ നാവനക്കാന്‍ എത്ര ശ്രമിച്ചിട്ടും ആവുന്നില്ലായിരുന്നു..എല്ലാം കേട്ടിട്ടും ഒന്നും ഉച്ചരിക്കാനാവാത്തതില്‍ മനം നൊന്ത് നെഞ്ചിന്‍ കൂടില്‍ നിന്നും ആളി വന്ന കോപാഗ്നിയില്‍ അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..ഒരു ദീര്‍ഘശ്വാസത്തിനെടുത്ത സമയത്തിനു ശേഷം വളരെ ശാന്തനായ് കാണപ്പെട്ട അയാള്‍ വീണ്ടും തന്റെ സംസാരത്തെ തുടര്‍ന്നു."അനാമികയടക്കമുള്ള ഫെമിനിസ്റ്റ് എഴുത്തുകാരികളുടെ പുരുഷവിദ്വേഷം ഒരു തരം മാനസിക വൈകല്യമാണ്..അതൊരു വിഷബീജമാണു..വരും തലമുറയിലെ പെണ്‍ കുഞ്ഞുങ്ങളെല്ലാം തന്നെ പുരുഷവര്‍ഗ്ഗത്തെ വേറൊരു ജീവിയായിട്ടായിരിക്കും പരിഗണിക്കുക.ശാസ്ത്രം പുരോഗമിച്ചതിനാല്‍ നിങ്ങള്‍ക്ക് വംശം നിലനിര്‍ത്താന്‍ പുരുഷന്റെ സഹായം വേണ്ട എന്നൊരു ചിന്ത കാണുമായിരിക്കും .എങ്കിലും ഒന്നു മനസ്സിലാക്കണം ശാരീരികമായ വ്യത്യാസങ്ങളില്ലെങ്കില്‍ സ്ത്രീയും പുരുഷനും മനുഷ്യര്‍ തന്നെയെന്നു.. നിഷ്പക്ഷമായൊരു രചന നടത്താനായില്ലെങ്കില്‍ എഴുതാതിരിക്കലാണ് ഉചിതം "..ഇത്രയും പറഞ്ഞ് ആ അപരിചിതന്‍ ഇടവഴിക്കപ്പുറത്തെ മുളം കാടുകള്‍ക്കിടയിലെ ഇരുളിലേക്ക് നടന്നു മറഞ്ഞു.
(crtsy Ishaq)
ഒന്നു പൊട്ടിത്തെറിക്കാനോ ആ മനുഷ്യനെ രണ്ട് തെറി വിളിക്കാനോ ആയില്ലല്ലോ എന്ന കുണ്ഠിതത്തോടെ തന്റെ കൈകള്‍ രണ്ടും കൂട്ടി പിടിച്ച് നെഞ്ചത്തടിച്ച് കരയാന്‍ അനാമിക ശ്രമിച്ചു..ശക്തിയോടെ മേശയില്‍ വന്നു പതിച്ച കൈകളെ ബലിഷ്ടമായ ഏതോ കരങ്ങള്‍ കോരിയെടുത്ത നേരത്ത് നിറഞ്ഞൊഴുകുന്ന കണ്ണൂകള്‍ തുറന്ന അനാമിക കണ്ടത് അവളെ മാറോടടക്കി ആശ്വസിപ്പിക്കുന്ന ഭര്‍ത്താവിനെയാണു. കിടപ്പു മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഭര്‍ത്താവ് പിറുപിറുക്കുന്നുണ്ടായിരുന്നു..വിശ്രമിക്കാതെ ജോലിയും എഴുത്തുമായി ഇരുന്നാല്‍ ഇങ്ങനെ വിഭ്രാന്തികളൂണ്ടാകും ..ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല...പക്ഷെ അനാമിക അപ്പോഴും അയഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു .."ഇല്ല എന്നെ ഭീഷണിപ്പെടുത്താന്‍ ആരോ ചില പുരുഷ എഴുത്തുകാര്‍ പറഞ്ഞയച്ച ഗുണ്ടയാണു അയാള്‍ ..അയാളെ ഞാന്‍ കൊല്ലും ..ഇനിയൊരിക്കല്‍ കൂടി അയാളെന്റെ മുന്നില്‍ വരട്ടെ ഞാന്‍ കാണിച്ച് കൊടുക്കും സ്ത്രീ എന്താണെന്നും സ്ത്രീ ശക്തി എന്തെന്നും..എന്തായാലും ഒരു ശത്രുസംഹാരപൂജ ചെയ്യിക്കണം ..ഞാനൊരുത്തനേയും വെറുതെ വിടില്ല..." ..ആ മനുഷ്യന്‍ എന്തിനു തന്നെ ഭയപ്പെടുത്താന്‍ വന്നതെന്ന് ചിന്തിച്ച അനാമിക മുഴുമിപ്പിക്കാത്ത തന്റെ രചനയെ ഓര്‍ത്ത് ആശങ്കപ്പെട്ടു..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാനാവാതെ തിരികെ വന്നു വീണ്ടും മെഴുകുതിരി കത്തിച്ച് എഴുത്ത് തുടരുമ്പോള്‍ കഥാനായകന്റെ സ്വഭാവത്തിനു ജനലിനടുത്ത് കണ്ട അപരിചിതന്റെ ഭാവം കൈവന്നത് കണ്ട് അനാമിക രോഷം കൊണ്ടു . ഇയാളെ ഇനി ചാരമാക്കിയാലെ തനിക്കെന്തെങ്കിലും എഴുതാന്‍ കഴിയൂ എന്ന ചിന്തയില്‍ എഴുതി തീരാറായ കഥയെ പിച്ചിച്ചീന്തി മെഴുകുതിരി നാളങ്ങള്‍ക്ക് നേരെ നീട്ടുമ്പോള്‍ ഏതൊ പുരാതന ജീവിയുടെ ഫോസില്‍ അവശിഷ്ടം പോലെ ഉരുകിയൊലിച്ച മെഴുകിനടിയില്‍ വീണു കിടക്കുന്ന നിശാശലഭത്തിന്റെ ചിറകുകള്‍ ഇത്തിരി ജീവനു വേണ്ടി തുടിക്കുന്നുണ്ടോയെന്നവള്‍ സംശയിച്ചു.
തീര്‍ച്ചയായും.
ReplyDeleteമറ്റുള്ളവര്‍ പറയുന്നത് കേട്ട് അതപ്പാടെ വികാരപരമായി സമീപിക്കാതെ സ്വയം വിമര്‍ശനപ്രമായി വിലയിരുത്തുന്നത് ഒരു പരിധി വരെ കാര്യങ്ങളുടെ ഗൌരവം നേരാംവണ്ണം മനസ്സില്ലാകാന്‍ സഹായിക്കും എന്ന് തോന്നുന്നു.
നല്ല കഥ. ഇഷ്ടപ്പെട്ടു.
This comment has been removed by the author.
ReplyDeleteകഥ വായിച്ചു. അനാമികയ്ക്ക് ഇത്ര പുരുഷവിദ്വേഷം വരാന്‍ കാര്യമെന്ത്? വാക്യങ്ങള്‍ക്കൊക്കെ നല്ല നീളമാണല്ലോ. അല്പം കൂടെ ചെറിയ വാക്യങ്ങളാണ് കഥയ്ക്ക് അനുയോജ്യം എന്ന് അഭിപ്രായമുണ്ട്. ക്രോപ്പ് ചെയ്ത മുടിയാണെന്ന് കഥയിലുണ്ടെങ്കിലും ചിത്രത്തില്‍ അങ്ങനെയല്ല
ReplyDeleteഈ വാചകങ്ങള്‍ ഒരു കഥയായില്ലല്ലോ നീലക്കുറിഞ്ഞി...കഥയിലേക്കുള്ള വഴിയാകുന്നതേയുള്ളൂ. നല്ലൊരു എഡിറ്റിംഗ് തീര്‍ച്ചയായും ആവശ്യമുണ്ട്...
ReplyDelete