മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍ :- (മാധ്യമം ആഴ്ചപ്പതിപ്പിലെ കടല്‍പ്പച്ച എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് )
ഒരു പാട് നിഗൂഢതകള്‍ ഉള്ളില്‍ ഒളിപ്പിക്കുന്ന മനസ്സ് പോലെയാണ് കടലാഴവും . ഉള്ളില്‍ അടക്കി വെച്ചതിനെ ഒരുനാള്‍ അലമാലകളായ് പുറത്തേക്ക് പായിക്കുമ്പോള്‍ അനുഭവിക്കുന്ന ഉന്മാദം മനസ്സിന്റെ വിങ്ങലുകള്‍ അട്ടഹാസമായ് പുറത്ത് വരുന്നത് പോലെയല്ലേ എന്നു ഞാന്‍ വിസ്മയപ്പെട്ടിരുന്നു.അത് വരെ ശാന്തമായി കിടന്നിരുന്ന തിരകള്‍ എന്നെ കാണുമ്പോള്‍ ആഹ്ലാദത്തോടെ ഞൊറി നെയ്ത അലമാലകളുമായി എന്റെ പാദങ്ങളില്‍ വന്നു ചുംബിച്ചിരുന്നു. എന്റെ മുഖത്തു പരശ്ശതം തുള്ളികള്‍ തെറിപ്പിച്ചു ആവേശമടക്കി തിരിച്ചു പോയിരുന്ന തിരകള്‍ വീണ്ടും പൂര്‍വ്വാധികം ഉന്മേഷത്തോടെ എന്നിലേക്ക് പാഞ്ഞു വന്നിരുന്നത് എന്നോടുള്ള പ്രണയ പരവശത്താലായിരുന്നുവെന്നു എനിക്ക് വെറുതെ തോന്നിയിരുന്നു..അറബിക്കടലിനെ ഒരു കാമുകനായി സങ്കല്‍പ്പിച്ചു തിരികെ പോരുമ്പോള്‍ കൈവെള്ളയില്‍ അമര്‍ത്തി പിടിച്ച ഉരുകിയ അസ്തമയ രേണുക്കള്‍ പതിയെ നെഞ്ചോടമര്‍ത്തി ഹൃദയത്തിന്റെ അഗാധതയിലേക്ക് കുടഞ്ഞു ഒരു പ്രണയിനിയുടെ വികാരത്തോടെ സംതൃപ്തിയടഞ്ഞിരുന്നത് ഏകാന്തതയിലെ സങ്കല്പ്പലോകം കാണിച്ചു തന്ന അദൃശ്യനായ അനുരാഗി ഉള്ളില്‍ നിറഞ്ഞാടിയത് കൊണ്ടാകാം.
അക്കാലമത്രയും ഞാന്‍ കരുതിയത് കടലുകള്‍ എന്നും അസ്തമയത്തിന്റെ കാമുകരാണെന്നാണ് .വിവാഹിതയായി ഖോര്‍ഫക്കാന്‍ എന്ന യു എ ഇ യുടെ കിഴക്കന്‍ തീരം അണയുന്നത് വരെ എന്റെ ആ വിശ്വാസത്തിനു മാറ്റമില്ലായിരുന്നു.ഒരു വശത്ത് കൂര്‍ത്ത പാറകള്‍ ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ .മറുവശത്ത് ഒട്ടും ധൃതിയില്ലാതെ ശാന്തരായി ഓളം തുള്ളുന്ന അറേബ്യന്‍ കടലിടുക്ക് .കടലാഴത്തില്‍ നിന്നുയര്‍ന്ന മൈനാകം പോലെ ഒരു കരിമ്പാറ കരയില്‍ നിന്നും അത്രയ്ക്ക് ദൂരെയല്ലാതെ കാണുന്നത് ആ കടല്‍ തീരത്തിന്റെ മാത്രം സവിശേഷതയാണ് .നീലാകാശത്തെ ആവാഹിച്ച ആഴിപ്പരപ്പ് ശാന്തവുമായിരുന്നു. ഒരുറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ കാഴ്ച കാണുന്നത്. ഇളം ചുവപ്പ് രാശിയിലുള്ള ഉദയ കിരണങ്ങള്‍ കടലിനു നടുവിലെ ആ കരിമ്പാറയ്ക്കപ്പുറത്ത് നിന്നും ചിന്നിചിതറുന്നു. ദൂരെ ദൃശ്യമായ ആ അതിശയക്കാഴ്ച എന്നെ എന്നും ആ കടല്‍ തീരത്തെ പ്രഭാതങ്ങളിലെക്കെത്തിക്കുന്നതിനുള്ള ഒരു ഹേതുവായി മാറി. .ഒരു പ്രഭാത സവാരി ..അതുവരെ അസ്തമയം മാത്രം കണ്ട എന്റെ കടല്‍ക്കാഴ്ച്ചകളിലേക്ക് പുതിയൊരനുഭവം ആയിരുന്നു അത്. ഞാന്‍ ഒരു പ്രവാസിയായി മരുഭൂമിയുടെ മണലില്‍ പാദമുദ്രകളെ കോറിയപ്പോള്‍ എനിക്കെല്ലാം വിചിത്രങ്ങളും വ്യത്യസ്തങ്ങളുമായ അനുഭവങ്ങളായിരുന്നു.ചെങ്കുത്തായ പാറക്കെട്ടുകളില്‍ മേഞ്ഞു നടക്കുന്ന കോലാടുകളും,പാറകളിലള്ളി വളര്‍ന്ന പച്ചപ്പും എന്നെ അദ്ഭുതത്തിന്റെ ഉത്തുംഗതയില്‍ നിറുത്തി.
എണ്ണപ്പണം മോഹിച്ചു സ്വപ്നങ്ങളുടെ മാറാപ്പുമായി ഉരു കയറി പുറപ്പെട്ടവര്‍ കയ്യും കാലും കുടഞ്ഞു വീശി നീന്തിയണഞ്ഞതും അവര്‍ക്ക് അഭയം നല്‍കിയതും ഖോര്‍ഫക്കാന്‍ തീരമാണ്.കാല്‍പ്പനികതയുടെ നിധി കുംഭങ്ങള്‍ ആഴത്തില്‍ ഒളിഞ്ഞു കിടക്കുന്ന പുരാതനങ്ങളായ ഒരു പാട് ഗ്രാമങ്ങള്‍ യു എ ഇ യില്‍ ഉണ്ട് . അതിലൊരു ഗ്രാമമാണ് ഖോര്‍ഫക്കാന്‍ . പ്രാചീന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ മയങ്ങുന്ന മലമടക്കുകള്‍ .ദുബായിയെന്ന സ്വപ്നനഗരിയുടെ വര്‍ണ്ണശബളിമ തൊട്ടു തീണ്ടാത്ത ആ മനോഹര തീരം പക്ഷെ സ്വപ്നം വാങ്ങാന്‍ വന്നവരുടെ ഈറ്റില്ലമായത് ഏതോ ഒരു മുജ്ജന്മ സുകൃതം പോലെ.കാരണം വലിയ ചിലവില്ലാതെ ജീവിക്കാനും ഒന്ന് കിതപ്പാറ്റും വരെ അന്തിയുറങ്ങാനും ഉറ്റവരും ഉടയവരുമില്ലെങ്കിലും ആ വിഷമമറിയാതെ കഴിയാന്‍ ഉതകുന്ന ചില സാഹചര്യങ്ങള്‍ ഖോര്‍ഫക്കാന്‍ എന്ന പ്രദേശത്തിന് അവകാശപ്പെടാനുണ്ടായിരുന്നു. സ്നേഹിക്കാന്‍ അറിയുന്ന ഒരു കൂട്ടം നല്ലവരായ തദ്ദേശിയര്‍ സഹായ ഹസ്തങ്ങളുമായി ആ തീരമണഞ്ഞവര്‍ക്ക് മുന്നില്‍ നിരന്നു നിന്നത് ദൈവഹിതമായിരിക്കാം ..വലിയ വിദ്യാഭ്യാസമില്ലാത്തവര്‍ തദ്ദേശിയര്‍ക്കൊപ്പം മീന്‍ പിടിക്കാനും ഈന്തപ്പനതോട്ടങ്ങളില്‍ വെള്ളം തേവാനും നീങ്ങിയപ്പോള്‍ .അത്യാവശ്യം അക്ഷരഭ്യാസമുള്ളവരും അറബി ഭാഷയുടെ പ്രാഥമികജ്ഞാനമുള്ളവരും ഹുക്കുമത്ത് എന്നറിയപ്പെടുന്ന സര്‍ക്കാര്‍ മേഖലകളില്‍ ജോലി നേടി.കഴുതപ്പുറത്ത് മാത്രം സഞ്ചരിക്കുന്ന ബദുക്കള്‍ അഥവാ ബദവികള്‍ എന്ന മരുഭൂമിയുടെ സ്വന്തം ആത്മാക്കള്‍ ചെറുതെങ്കിലും മനോഹരമായ ഖോര്‍ഫക്കാന്‍ നഗരത്തിലേക്ക് ഇറങ്ങി വരാന്‍ മടിച്ചു നിന്നത് അവരുടെ പാരമ്പര്യത്തെ മുറുകെ പിടിച്ചത് കൊണ്ടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഖോര്‍ഫക്കാനില്‍ എത്തിയ എനിക്ക് അന്നത്തെ മലനിരകള്‍ക്കപ്പുറത്തെ മരുപ്പച്ചകള്‍ക്കിരുവശങ്ങളിലും ജീവിക്കുന്ന ബദവികളുടെ ജീവിതം ഒരദ്ഭുതമായിരുന്നു.മലമടക്കുകളെ സഞ്ചാര പാതകളാക്കി കഴുത പുറത്ത് ഇരുന്നു മലയിറങ്ങി വന്നിരുന്ന ഇവര്‍ എന്റെ ജാലക കാഴച്ചയുടെ ആര്‍ഭാടമായി മാറിയത് സ്വാഭാവികം.
വലിയ അടയാളങ്ങളൊന്നും ബാക്കി വെക്കാതെ ഋതുപ്പകര്‍ച്ചകള്‍ ഒന്നൊന്നായ് വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. എന്റെ വീട്ടില്‍ കുഞ്ഞു പാദങ്ങള്‍ തലങ്ങും വിലങ്ങും ബഹളമുണ്ടാക്കി പായുകയും വര്‍ഷങ്ങളുടെ ദൈര്‍ഘ്യമറിയിക്കാതെ വളര്‍ച്ചയുടെ പടവുകളെ ഓടിക്കയറുകയും ചെയ്യവേ കണ്മുന്നില്‍ ഖോര്‍ഫക്കാന്റെ കടല്‍ത്തീരം ഒരു നവോഢയെ പോലെ അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു.പതിയെ പതിയെ ഗ്രാമത്തിന്റെ നിഷകളങ്കഭാവത്തിനു മേലെ നഗരം തന്റെ സ്ഥായീഭാവമായ കപടതയുടെ മുഖപടം എടുത്തണിഞ്ഞു.പഴയ സ്നേഹവും കാരുണ്യവും നിറച്ച കണ്ണുകളില്‍ കച്ചവടത്തിന്റെയും കൌശലത്തിന്റെയും മഞ്ഞ നിറം കലരുന്നുണ്ടായിരുന്നു.രാജ്യത്തിന്റെ സുരക്ഷതയെ ഉറപ്പിക്കാനുള്ള നിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ ഒന്നൊന്നായ് പ്രവാസികളെ ചൂഴ്ന്നു തുടങ്ങി.വിസയില്ലാതെ അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ ഔദാര്യ വിസയില്‍ കഴിഞ്ഞിരുന്നവര്‍ പിടിക്കപ്പെടുന്ന നാളുകള്‍ വന്നു തുടങ്ങി ..ആയിടക്കാണ് ഒരു കുടുംബ സുഹൃത്ത് "റാസ് അല്‍ ഖൈമ" എന്ന സ്ഥലത്ത് നിന്നും ഒരു വിവരം അറിയിക്കുന്നത് .അവരുടെ ഒരു ബന്ധുവായ മൂന്നു കുട്ടികള്‍ അടങ്ങുന്ന കുടുംബം വിസയും ജോലിയുമില്ലാതെ വലയുന്നു .എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് .
പറഞ്ഞ വിവരങ്ങളനുസരിച്ച് അവരെ ചെന്ന് കണ്ടു .വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന ഒരു കുടുംബം ..ഇതിലും ഭേദം അവനവന്റെ നാട്ടില്‍ കഴിയുന്നതല്ലേ എന്ന ചോദ്യത്തിന് അങ്ങനെ ഒരു തിരിച്ചു പോക്കിലും നല്ലത് ഇവിടെ കഴിയലാണ് നല്ലതെന്ന മറുപടി തെല്ലു അരോചകമായി തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഓരോ മനുഷ്യനും അവന്റെ അഭിമാനവും ദുരഭിമാനവും അവന്റെ മാത്രം സ്വന്തമല്ലേ എന്ന ആശ്വാസത്തില്‍ മൌനം പൂണ്ടു.പക്ഷെ ഏറെ നാള്‍ അവര്‍ക്ക് അങ്ങനെ ഒളിഞ്ഞും ഉള്‍വലിഞ്ഞും കഴിയാന്‍ ആകുമായിരുന്നില്ല. ചില്ലറ അസുഖങ്ങള്‍ അലട്ടുന്ന അയാള്‍ക്ക് കഠിനാധ്വാനം ചെയ്യാനും സാധിക്കുമായിരുന്നില്ല.വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരുടെ വിദ്യാഭ്യാസം ,എന്തെങ്കിലും അസുഖം വന്നാല്‍ പോലും മതിയായ രേഖകളില്ലെങ്കില്‍ നിഷേധിക്കപ്പെടുന്ന ആതുര സേവനം .തുടങ്ങി എന്തിനും ഏതിനും ഒരന്യ രാജ്യത്തെ നിയമങ്ങളെ മാനിക്കാതെ നില്‍ക്കാന്‍ ആവില്ല എന്ന പരമാര്‍ത്ഥമുള്‍ക്കൊണ്ട് മനസ്സില്ലാ മനസ്സോടെ ആ കുടുംബം ഇവിടം വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പണയപ്പെടുത്തിയ പാസ്പ്പോര്‍ട്ടുകള്‍ തിരിച്ചു പിടിക്കാന്‍ തന്നെ പതിനായിരക്കണക്കിനു ദിര്‍ഹം മുടക്കണം ..എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിനിടയില്‍ ആരോ പറഞ്ഞു സമീപ പ്രദേശമായ ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .അവിടം വരെ എത്തിപ്പെട്ടാല്‍ അവിടുത്തെ ഇന്ത്യന്‍ എംബസ്സിയില്‍ ചെന്നാല്‍ നാട്ടില്‍ പോകാനുള്ള ഔട്ട് പാസ്സ് സംഘടിപ്പിച്ച് കൊടുക്കാം എന്ന്..ഈ വാര്‍ത്ത വലിയൊരാശ്വാസമായെങ്കിലും യു എ ഇ യുടെ അതിര്‍ത്തി കടക്കേണ്ടത് വലിയൊരു പ്രശ്നം തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം ഞങ്ങളെ അലട്ടി..ഇതിനിടയില്‍ ചില കൂട്ടായ്മകള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും പിരിച്ച കുറച്ചു പണം, പിന്നെ വഴിയാത്രക്കിടയില്‍ ആവശ്യം വരുന്ന ഭക്ഷണം ,അത്യാവശ്യം പുതു വസ്ത്രങ്ങള്‍ ഇവയെല്ലാം ഒരുക്കി വെച്ച് ആ കുടുംബത്തെ ഒരു നീണ്ട യാത്രയ്ക്ക് സജ്ജമാക്കിയിരുന്നു..തികച്ചും രഹസ്യമായി തന്നെയാണ് വിഷയത്തെ വേണ്ടപ്പെട്ടവര്‍ കൈകാര്യം ചെയ്യുന്നത്.നിയമങ്ങള്‍ ലംഘിച്ച് കൊണ്ടാണെങ്കിലും ധാര്‍മ്മികതയെക്കാള്‍ അവിടെ വിലപ്പെട്ടത് മനുഷ്യത്വം ആയിരുന്നു എന്നത് കുറ്റബോധത്തെ ഇല്ലാതാക്കി..കുടുംബ ആത്മഹത്യകള്‍ ചെറിയ തോതിലെങ്കിലും അങ്ങിങ്ങു നടക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു .അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ സുമനസ്സുകളായ ചിലരുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട് തന്നെ രാജ്യാതിര്‍ത്തി കടക്കാനുള്ള തന്ത്രവും ഇതിനിടയില്‍ ആരോ മെനഞ്ഞു..അതിര്‍ത്തിയിലെ കാവല്‍ ഭടന്മാര്‍ റോഡുകളിലാണ് പരിശോധന നടത്തുന്നത് .അത് കൊണ്ട് റോഡിനിരുവശങ്ങളിലുമുള്ള പരന്ന മണല്‍ക്കാട്ടിലൂടെ മാത്രമേ കാല്‍നട സാധ്യമാകൂ.തന്നെയുമല്ല രാത്രിയില്‍ അതിര്‍ത്തി കടക്കുക എന്നത് ഏറെ ദുഷ്ക്കരമായ ഒരുദ്യമം കൂടിയാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു .ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ വേണം ആ കടമ്പയെ നേരിടാന്‍ എന്ന് ആരൊക്കെയോ ചേര്‍ന്നു ഗൃഹനായകനോട് ഉപദേശിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ അതിനുള്ളില്‍ അതിര്‍ത്തിയിലെത്താം . ഒമാന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ അവിടെ ഏല്‍പ്പിച്ച ആളുകള്‍ വാഹനവുമായി എത്തിക്കൊള്ളും .പിന്നെ ഔട്ട് പാസ്സും ശരിയാക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നാടെത്താം.പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാവരുടെയും ഉത്സാഹത്തിനു ഊര്‍ജ്ജമായി..പക്ഷെ വൈതരണിയായ് അപ്പോഴും ഈ അതിര്‍ത്തി തന്നെ .കൂടാതെ ലക്ഷ്യത്തിലെത്താന്‍ മരുഭൂമിയിലൂടെയുള്ള കുറുക്കു വഴി കാണിച്ചു തരുന്ന ആള്‍ കൈചൂണ്ടുന്ന ദിക്കിലേക്ക് നടന്നു തുടങ്ങിയാല്‍ പിന്നെ ചുറ്റും കാണുന്നത് മണല്‍പ്പരപ്പിന്റെ മഹാസമുദ്രമായിരിക്കും .വഴി തെറ്റാനും തെറ്റിക്കാനും വൈദഗ്ദ്യമുള്ള മരുഭൂമിയുടെ മുഖം അതിനിരയവരില്‍ നിന്നു ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണ്. മണല്‍പ്പരപ്പിലൂടെ നടന്നു നീങ്ങുമ്പോള്‍ ചക്രവാളം താഴേക്ക് ഊര്‍ന്നിറങ്ങി വന്നതെന്ന് തോന്നും .ഓരോ മണല്‍ക്കുന്നുകളും താണ്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ട വഴി കണ്മുന്നില്‍ നിന്നും അപ്രത്യക്ഷരായിട്ടുണ്ടാകും.ഏതു നിമിഷവും വീശിയടിക്കാവുന്ന മരുക്കാറ്റ് ദിശ തന്നെ മാറ്റിമറിക്കും..ഇതെല്ലാം മുഖത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ദുര്‍ഘടങ്ങള്‍ തന്നെ.ഞങ്ങളുടെ ഉള്ളിലാളുന്ന ആശങ്കയുടെയും ഭയത്തിന്റെയും സ്ഫുലിംഗങ്ങള്‍ പുറത്തേക്കു വരാതിരിക്കാന്‍ നന്നേ പാടുപ്പെട്ടു കൊണ്ട് അവരുടെ മനസ്സിലേക്ക് ആത്മവിശ്വാസത്തിന്റെ കനല്‍ കോരിയിട്ടു..
മൂന്നു മക്കളും ഭാര്യയുമായി ആ സാഹസികത ഏറ്റെടുക്കാന്‍ അയാള്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന അവരുടെ സുരക്ഷിതമായ യാത്രയെ കുറിച്ചും , ചിന്ത അതെങ്ങനെയൊക്കെ ചിട്ടപ്പെടുത്തണമെന്നതുമായിരുന്നു. . മസറകളിലേക്ക് ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമുള്ള തീറ്റയുമായി പോകുന്ന വാഹനത്തിലാണ് കുറച്ചു ദൂരമെങ്കിലും പോകുന്നത്.അത് കഴിഞ്ഞാല്‍ പിന്നെ കാല്‍നടയായും.അധികമൊന്നും നടക്കേണ്ടി വരില്ല എന്ന ഇടനിലക്കാരന്റെ ആശ്വസിപ്പിക്കല്‍ സത്യമാകണേ എന്ന് പ്രാര്‍ത്ഥിച്ചു .ഈ യാത്രയുടെ വിഷമതകളും ഒപ്പം അനിവാര്യതയും മനസ്സിലാക്കി കൊടുത്തുകൊണ്ട് തന്നെ അതിനു വേണ്ട മാനസികമായി തയ്യാറെടുപ്പ് നടത്താന്‍ അവരോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ എന്തും നേരിടാനുള്ള മനഃക്കരുത്തോടെ പതിമൂന്നും പതിനൊന്നും ഏഴും വയസ്സുള്ള മൂന്നു കുട്ടികളും ഭാര്യുമായി ആ കുടുംബനാഥന്‍ മണല്‍ക്കാടിനോട് വിട പറയാനൊരുങ്ങി. ഒരു രാത്രിയില്‍ യു എ ഇ യുടെയും ഒമാന്റെയും അതിര്‍ത്തിക്കിടയിലെ മണല്‍പ്പരപ്പില്‍ ആ കുടുംബത്തെ വിട്ടു പോരുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു മഹാസമുദ്രം ഭീമാകാരങ്ങളായ തിരമാലകള്‍ക്ക് രൂപം കൊടുക്കുന്നുണ്ടായിരുന്നു.മൊബൈ ലില്‍ വിളിച്ചു വിവരം അറിയാമെന്നു വെച്ചാല്‍ കാവല്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നടത്തുന്ന പ്രയാണത്തെ അത് ബാധിച്ചാലോ എന്ന് ഭയന്ന് അങ്ങനെ ഒരു സാഹസം വേണ്ട എന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു..ഇനി അവിടെയൊക്കെ മൊബൈലിന്റെ സിഗ്നലുകള്‍ കരുണ കാണിക്കുമോ എന്നും നല്ല നിശ്ചയമില്ലായിരുന്നു.പറഞ്ഞത് പ്രകാരം ആടുകള്‍ക്കുള്ള തീറ്റയുമായി വന്ന വാഹനത്തില്‍ അവരെല്ലാവരും പ്രാര്‍ഥനയുടെ ഉയര്‍ത്തി പിടിച്ച കരങ്ങളുമായി യാത്ര പുറപ്പെട്ടു.മിനിറ്റുകള്‍ ഒച്ചിന്റെ വേഗതയില്‍ ഇഴയുമ്പോള്‍ മനസ്സിനുള്ളില്‍ ജീവിതമേല്പ്പിച്ച കദനങ്ങളുടെ ഭാണ്ഡവുമായി ഒരു കുടുംബം മണല്‍ക്കൂനകളുടെ നിഴല്‍ പറ്റി നിശ്ശബ്ദം നീങ്ങുന്ന കാഴ്ച്ചയായിരുന്നു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഇറുകിയടച്ച മിഴികള്‍ക്കുള്ളില്‍ കടലാഴങ്ങളില്‍ കുഞ്ഞു വട്ടികളുമായ് മുത്തു വാരി നിവരുന്ന ബദവികളുടെ മുഖങ്ങള്‍ .എണ്ണപ്പണം തേടിയെത്തുന്ന സ്വപ്നസഞ്ചാരികള്‍ കടലിലെ അലമാലകള്‍ക്ക് കുറുകെ കൈവീശി നീന്തിയണഞ്ഞു മണലാരണ്യത്തിലെ തിളയ്ക്കുന്ന സൂര്യന് കീഴില്‍ വിങ്ങുന്ന മണലിലൂടെ സഞ്ചാരപഥങ്ങളെ തേടുന്നത് മനോമുകുരത്തിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.അവര്‍ പ്രവാസികളെന്നു സ്വയം വിളിക്കുകയും സ്വപ്നങ്ങള്‍ വില്‍ക്കുകയും യാഥാര്‍ത്ഥ്യങ്ങളെ പണയം വെയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തീണ്ടാപ്പാടകലത്തില്‍ നില്‍ക്കുന്ന എന്റെ നിദ്ര ആഴക്കടലിലെ മലര്‍ച്ചുഴിയെന്ന പോലെ എന്നെ വലച്ചു കൊണ്ടിരുന്നു.പാതിരാവിലെപ്പോഴോ ആശ്വാസത്തിന്റെ ഈണവുമായി ആരുടെയോ ഫോണ്‍ വന്നു .ആ കുടുംബം അതിര്‍ത്തി കടന്നിരിക്കുന്നുവത്രെ..അല്‍ഹമ്ദുലില്ലാഹ് .പാതിമയങ്ങുന്ന എന്റെ മനസ്സിലപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും നീന്തുന്ന ഏതൊക്കെയോ സ്വപ്നസഞ്ചാരികളുടെ പിടയ്ക്കുന്ന കൈകള്‍ അന്തരീക്ഷത്തിലൂടെ ആരെയോ മാടി വിളിക്കുന്ന ദൃശ്യമായിരുന്നു.
ശ്വാസം പിടിച്ചാണ് വായിച്ചവസാനിപ്പിച്ചത് . അതിനിടയില്‍ ഉരു കയറി വരുന്നവരെ സ്വീകരിക്കുന്ന സ്ഥലവും പിടികിട്ടി. വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteഅലയാഴിക്കും മനുഷ്യ മനസ്സിനും ഒരു പാട് സമാനതകള്‍ ഉണ്ടെന്നതായിരുന്നു>>> അതെയതെ.
ReplyDeleteമരുഭൂമി താണ്ടിയ ആ കുടുംബം സുരക്ഷിതരായെത്തിയോ?
സുരക്ഷിതരായി എത്തി ..ഗൃഹനാഥന്‍ അടുത്തിടെ മരണത്തിനു കീഴടങ്ങി..
Deleteഹൃദയഹാരിയായ ഭാഷ ,
ReplyDeleteആദ്യായിട്ടാണ് ഇവിടെ. ഷേയയുടെ ഫേസ്ബുക്ക് വഴിയാണ് എത്തിയത്. ഭാഷയുടെ സൗന്ദര്യം പറയാതെ വയ്യ.... ഇഷ്ടായിട്ടോ
ReplyDeleteതാങ്കളുടെ ഭാഷ വളരെ മനോഹരം ...ഒത്തിരി ഇഷ്ട്ടമായിട്ടോ ........ആശംസകള്‍ ...
ReplyDeleteഅവതരണം ഹൃദ്യമായിരിക്കുന്നു.
ReplyDeleteവായനാസുഖമുള്ള ശൈലി.
ആശംസകള്‍
മനോഹരം സാജി..നൂറിഷ്ടം.
ReplyDeleteഈ എഴുത്ത്.. ഈ ഭാഷ അതി സുന്ദരം..
ReplyDeleteആ കുടുംബത്തെക്കുറിച്ച് ശ്വാസം പിടിച്ചാണ് വായിച്ചത്.. ഒത്തിരി നന്നായി എഴുതീരിക്കുന്നു.
ഇലഞ്ഞിക്ക് ഒത്തിരി നന്ദി.. ഇലഞ്ഞിപ്പൂമണമാണെനിക്ക് വഴി കാണിച്ചത്.
ഉള്ളുലക്കുന്ന എഴുത്ത് ...
ReplyDeleteഅവസാന ഭാഗത്ത് ഞാൻ ആകാംക്ഷയുടെ മുൾ മുനയിലായിരുന്നു. ആ ഫോണ്‍ കാൾ വരുന്നത് വരെ.
ReplyDeleteഎഴുത്തിലെ വാക്കുകളുടെ ധാരാളിത്തം അരോചകമാവാതെ വായന നീങ്ങിയത് അവയുടെ കൃത്യമായ, സൂക്ഷ്മമായ വിന്യാസം കൊണ്ടാണ്. മുപ്പതു വർഷത്തെ പ്രവാസ ജീവിതാനുഭവങ്ങളിൽ ഇനിയും കാണുമല്ലോ എഴുതാൻ മടിച്ചു അദ്ധ്യായങ്ങൾ..അവ കൂടി എഴുതുക. ഭാവുകങ്ങൾ.
Beautiful language.....was able to visualize each moment
ReplyDeleteഭാഷയുടെ മനോഹാരിത കൊണ്ടു വേറിട്ട് നില്‍ക്കുന്ന ബ്ലോഗ് ,ശരിക്കും ഇഷ്ടമായി ,ആശംസകള്‍ ....
ReplyDeleteവായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം തോന്നി-ഈ വാക്കുകളെ വായിക്കാനായതിൽ.
ReplyDeleteസമാധാനം തോന്നി-ആ ഫോണ്‍ കോൾ സങ്കടപ്പെടുത്തിയില്ലല്ലോ എന്നോർത്ത്.
നന്നായിരിക്കുന്നു എല്ലാവരും പറഞ്ഞ പോലെ നല്ല ഭാഷ.
സുരക്ഷിതരായി എത്തിയെന്നറിഞ്ഞതിൽ സന്തോഷം... സങ്കടം അയാള് മരിച്ചതിൽ... 13 11 7 വയസ്സുള്ള കുഞ്ഞുങ്ങളേയും കൊണ്ട് ആ സ്ത്രി.... ദൈവമേ ...
ReplyDeleteഅടുത്തൊന്നും ഇത്ര സുന്ദരമായ വിവരണം വായിച്ചിട്ടില്ല. ബെന്യാമിന്റെ ആടുജീവിതത്തെ ഓർമിപ്പിച്ചു മരുഭൂമിയിലെ ചില കാഴ്ചകൾ.
ReplyDeleteഹൃദ്യം
ReplyDeleteഞാനിപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും ഒരു സഞ്ചാരിയെ പോലെ യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്...
ReplyDelete