Thursday, 20 October 2011

നിലച്ച ഘടികാരം

നിലച്ച ഘടികാരം
===========
എന്റെ ചിന്തകളെ ഉണര്‍ത്തിയിരുന്ന
ഘടികാരം നിലച്ചിരിക്കുന്നു.
മാറാലയില്‍ കുരുങ്ങിയ സൂചികള്‍
മനസ്സില്‍ മയങ്ങും ഓര്‍മകള്‍ ..

കാലങ്ങള്‍ക്കൊപ്പം
ദിനരാത്രങ്ങളുടെ
ആയവും ഗതിയുമായെന്‍
ആത്മാവിനെ മുട്ടി വിളിക്കും
നാഴികമണിയൊച്ചക്കായ്
ഞാന്‍ കാതോര്‍ക്കുന്നു

കൈവെള്ളയിലെ മുറിഞ്ഞ് പോയ
ഹൃദയ രേഖകള്‍ പോലെ-
യെന്‍ നിയോഗങ്ങള്‍
മാറ്റിയെഴുതപ്പെടാനാവാതെ
വിധിയെ പഴിക്കുന്നു...


കരുവാളിച്ച വദനത്തിനെന്നും
വിഷാദഭാവമെന്നെന്റെ
മുഖകണ്ണാടി മന്ത്രിക്കുമ്പോഴും
പ്രണയാതുരമാം അരുണിമ-
യിന്നുമെന്റെ കപോലങ്ങളിലെന്ന
വൃഥാ നിനവെന്നില്‍ ...

അങ്ങകലെ ഇല്ലാത്തൊരു
നാളത്തിന്‍ വെട്ടം തേടി
അന്ധകാരം വിഴുങ്ങിയ
മിഴികള്‍ തുറന്നു ഞാനിരിക്കെ
മങ്ങിയ ഇമകളില്‍ നിരാശയുടെ
കറുപ്പെന്ന് ഇരുളിനെ പുണര്‍ന്ന
സന്ധ്യയെന്നെ പരിഹസിച്ചിട്ടും
ഒന്നു തേങ്ങാന്‍ പോലും
ഞാന്‍ മറന്നതെന്തേ....

ശൂന്യതയില്‍ വര്‍ണങ്ങള്‍
വിരിയിക്കാനാവില്ലെന്ന-
പകലിന്‍ യാഥാര്‍ത്ഥ്യം
ഇരുട്ടിന്‍ മടിയിലെ ആര്‍ദ്രമാം
കരിമ്പടത്തില്‍ മയങ്ങുന്നു.

എന്നിട്ടും കതോര്‍ക്കുന്നു
എന്നെ തേടി വരും
മണിമുഴക്കത്തിനായ്
നിശ്ചലതയില്‍ നിന്നൊരു
മണിമുഴക്കത്തിനായ്....

Monday, 17 October 2011

പുനരാവര്‍ത്തം


പുനരാവര്‍ത്തം:-
===========
വരണ്ടമണ്ണിലെങ്ങു നിന്നോ
പൊട്ടി വീണ ബീജത്തിനെ
കിളിര്‍പ്പിക്കും മഴതുള്ളികള്‍ക്കായ്
കാത്തിരിക്കും ഭൂമി

സംഗമത്തിന്‍ ഭൂമികക്കായ്
ചക്രവാളം തേടും
ചക്രവാക പക്ഷികള്‍
ദിശയറിയാതുഴലുന്നു..

മൂശയിലേക്കുരുകിയൊഴുകും
ലോഹക്കൂട്ടെന്ന പോലെ
ആത്മാവിലേക്കൊഴുകുന്നു
വേദനയുടെ കുമിളകള്‍ ...

അപരാഹ്നത്തിന്‍ ഉന്‍മത്ത നാളങ്ങള്‍
മരച്ചില്ലകളില്‍ നൃത്തം വെക്കുമ്പോഴും
കാറ്റിന്റെ സീല്‍ക്കാരത്തില്‍
സഞ്ചാര സരണികളില്‍
വ്യതിചലിച്ചും നിഴലുകള്‍ ..

ഉദാസീനങ്ങളാം രാവുകളെ
ചിന്തനീയങ്ങളാക്കും
ചീവീടുകളിന്‍ മര്‍മരം പോലെ
പുനരാവര്‍ത്തത്തിനായ്
വ്രതമെടുക്കും ദേഹികള്‍
വിസ്മൃതിയില്‍ മറഞ്ഞയെന്‍
ഗതകാല സ്മരണകള്‍ ..

Thursday, 13 October 2011

സത്യവും മിഥ്യയും

കാറ്റിന്റെ മര്‍മരത്തില്‍ മണലുകള്‍
സഞ്ചരിക്കും പോലെ മിഥ്യയില്‍ നിന്നും 
സത്യത്തിലേക്കൊരു കുതിച്ചു ചാട്ടം ;

ശൂന്യതയില്‍ വര്‍ണങ്ങള്‍ 
നീര്‍മുത്തുകളായ് പെയ്യുമ്പോഴും  
നാളം വിഴുങ്ങിയ പട്ടടയില്‍  പ്രണയം
ദര്‍ശിക്കാമെന്നത് നിന്‍ വ്യാമോഹം.. 

കനത്ത രാത്രികള്‍ക്കും
വിളറിയ പകലുകള്‍ക്കു-
മിടയില്‍ കല്പാന്തത്തിന്‍ ദൂരം..
കൂടിച്ചേരല്‍ അസാദ്ധ്യമായ്
സമാന്തരങ്ങളായ് നീളും പാളങ്ങളെ പോലെ
നിന്റേയും എന്റേയും ചിന്തകള്‍
കാറ്റിനോടലിഞ്ഞ പരാഗമായ് അലയുന്നു..


ഉണര്‍വിന്റെ പുലരിയേക്കാള്‍ 
വിരഹത്തിന്‍ സായന്തനമെനിക്ക് പ്രിയം 
പ്രണയത്തിന്‍ ഹോമാഗ്നിയില്‍ 
ഹവിസ്സ് എന്ന പോലെ 
നീയെന്ന മിഥ്യയില്‍ 
ഞാനെന്ന സത്യമില്ലാതാവുന്നു.


Monday, 3 October 2011

പാണ്ടികശാലയുടെ സന്തതി :-

പാണ്ടികശാലയുടെ സന്തതി :-
-----------------------------------
മകരമഞ്ഞിന്റെ കോച്ചി വലിക്കുന്ന തണുപ്പില്‍ ആ ഗ്രാമം വിറങ്ങലിച്ചിരിക്കയാണ്.കടവത്തെ പാണ്ടികശാലകളുടെ ഒരു തിണ്ണയില്‍ ഞരക്കത്തോടെ സൈനബ തന്റെ വീര്‍ത്ത വയറും താങ്ങിക്കിടക്കുകയാണ്.സ്വബോധമില്ലാത്ത  ഭ്രാന്തിയായ അവളെ ഗര്‍ഭിണിയാക്കിയതാരെന്ന് ആ ഗ്രാമത്തിലാര്‍ക്കുമറിയില്ല.നിറം മങ്ങിയ കാച്ചിത്തുണിയും ,എണ്ണമയമില്ലാത്ത പാറിപ്പറന്ന തോളോടൊപ്പം നില്‍ക്കുന്ന ചുരുണ്ട തലമുടിയും ,കണ്ണുകളിലെ നിര്‍വികാരതയും രണ്ട് കൈകള്‍  നിറയെ കറുത്ത റബ്ബര്‍ വളകളും .പിന്നെ വല്ലപ്പോഴുമൊക്കെ ചിരിക്കുമ്പോള്‍ കാണുന്ന മുറുക്കാന്‍ കറ നിറഞ്ഞ ആ പല്ലുകളും .ഇതാണു ആ ഗ്രാമത്തിലെ ആരോരുമില്ലാത്ത സൈനബ എന്നാരോ വിളിച്ച അതോ അവരുടെ പേരതാണെന്നവര്‍ ആരോടെങ്കിലും പറഞ്ഞുവോ..വ്യക്തമായറിയില്ല.എപ്പോഴുമെന്തെങ്കിലുമൊക്കെ പിറുപിറുത്തു കൊണ്ട് താഴെ നോക്കി മാത്രം നടക്കുന്ന സൈനബയുടെ വ്യക്തിത്വം  അഥവാ അടയാളങ്ങള്‍ ..ഗ്രാമത്തിലെ സുമനസ്സുകളുടെ ഔദാര്യത്തിലെന്തെങ്കിലും ഭക്ഷിച്ചിരുന്ന ആ ഭ്രാന്തി. അവളുടെ ദിനം പ്രതി  വലുതായി കൊണ്ടിരിക്കുന്ന വയറിലേക്ക് നോക്കി എല്ലവരും അതിശയത്തോടെ പറയാന്‍ തുടങ്ങി."ന്റെ റബ്ബേ ആരാ ഈ പണി പറ്റിച്ചത്.അതും ബോധല്ലാത്ത ഈ പാവത്തിനെ"ചോമാരും വേട്ടോമാരും ജോനൊന്‍മാരും മാപ്ലാരും ഒരു പോലെ മൂക്കത്ത് വിരല്‍ വെച്ചു.".ന്റെ ഒടയന്‍ തമ്പുരാനെ ഇനി ഈ പെണ്ണങ്ങനെ പെറും ".കാണെക്കാണെ വീര്‍ത്തു വന്ന ആ വയറിനെ നോക്കി സകലരും പരിതപിച്ചു.എല്ലാവര്‍ക്കും അവളുടെ അവശതകാണുമ്പോള്‍  പരിചരിച്ചെവിടേയെങ്കിലും സുരക്ഷിതമായിരുത്തണമെന്നുണ്ട്.എന്നാല്‍ സൈനബ എവിടേയും സ്വസ്ഥമായിരിക്കാനിഷ്ടപ്പെടാറില്ല.

എന്തോ തിരഞ്ഞ് അഥവാ എന്തോ മറന്നു വെച്ചതെടുക്കാനായി അവളാ ഗ്രാമം മുഴുവന്‍ നടക്കും ..പാടവരമ്പുകളിലൂടെ ഇടുങ്ങിയ ഇടവഴികളിലൂടെ കനാലിനു കുറുകേയുള്ള മുട്ടിപ്പാലത്തിലൂടെ ,തോടുകളിലെ മുട്ടെത്തും വരേയുള്ള വെള്ളത്തിലൂടെ തണല്‍ മരങ്ങളുറങ്ങുന്ന ഗ്രാമപാതയിലൂടെ ഒക്കെ എന്തോ പിറുപിറുത്തു കൊണ്ട് താഴെ എന്തോ തിരഞ്ഞു കൊണ്ട് ഗ്രാമം മുഴുവന്‍ പകലന്തിയോളം നടക്കും ..വിശക്കുന്നുവെന്ന് തോന്നുമ്പോള്‍ വാളുവാസുവിന്റെ ചായക്കടക്ക് പിന്നില്‍ ചെന്ന് കുന്തിച്ചിരിക്കും .ആരെങ്കിലുമൊക്കെ തിന്നതിന്റെ അവശിഷ്ടങ്ങള്‍ ഒരിലക്കീറിലാക്കി അവളുടെ മുന്നിലേക്കാരെങ്കിലുമിട്ടു കൊടുക്കും .അതവിടെയിരുന്നു വാരിത്തിന്നു പിന്നേയും തന്റെ തിരച്ചില്‍ തുടരും .ഉറക്കം വരുമ്പോള്‍ കടവത്തെ പാണ്ടികശാലയിലെ തിണ്ണയില്‍ .അവള്‍ക്കൊപ്പം ഭിക്ഷക്കാരും തെരുവ് വേശ്യകളും ദൂരെ ദേശത്ത് നിന്നു കടവ് കടക്കാനായെത്തുന്ന സഞ്ചാരികളും ..അങ്ങനെ ആ ഗ്രാമത്തിലെ രാത്രിയുടെ കൂട്ടുകാരേറെ.എങ്കിലും ദുരൂഹത ജനിപ്പിച്ച് സൈനബയെ ഗര്‍ഭിണിയാക്കിയതാരെന്നു എല്ലാവരും കൂലങ്കഷമായി തന്നെ ചിന്തിച്ചു പോന്നു.എന്തായാലും നന്‍മകളുടെ കേദാരമായ ആ ഗ്രാമത്തിലാരുമത് ചെയ്യില്ല.അതെല്ലാവരും ഉറപ്പിച്ച് പറയുന്ന ഒരു കാര്യം .അല്ലെങ്കില്‍ അത് തന്നെ സത്യവും .അവളുടെ രൂപത്തേക്കാള്‍ അസാമാന്യ വലിപ്പമുള്ള ആ വയറു എല്ലാവര്‍ക്കും  തെല്ലൊരസ്വസ്ഥതയോടെ മാത്രമേ കാണാനായുള്ളൂ..

ഇരുട്ടിന്റെ സന്തതികള്‍ പിറക്കുന്നത് കേവല നൈമിഷാകാനന്ദത്തിന്റെ പരിണിത ഫലങ്ങളായാണു.ഭോഗാസക്തരായവര്‍  തങ്ങളുടെ വന്യമായ ഇത്തരം തൃഷ്ണകളെ സഫലീകരിക്കുന്നതിനും  പ്രാപിക്കുന്നതിനും സമീപിക്കുന്നത് വേശ്യകളെ മാത്രമല്ല;അതു ഭ്രാന്തികളോ കുഷ്ഠരോഗികളോ മൃഗങ്ങളോ എന്തോ ആവട്ടെ നീചത്തരങ്ങളില്‍ ആത്മ നിര്‍വൃതിയടയുന്നവര്‍ എവിടെയായാലും എങ്ങനെയായാലും  നീചകൃത്യങ്ങള്‍ ചെയ്തു പോരുന്നു.
മനുഷ്യരുടെ വേവലാതികളോ ആവലാതികളോ കേള്‍ക്കാനോ അറിയാനോ ശ്രമിക്കാതെ ഒരോ ഋതു ഭേദങ്ങളും ഗ്രാമത്തില്‍ മാറി മാറി വന്നു.ചന്ദനക്കുടം നേര്‍ച്ചകളും വേലകളും പൂരങ്ങളും പള്ളിപെരുന്നാളുകളും ഗ്രാമത്തിനു ഉല്‍സവത്തിന്റെ പകിട്ടു നല്‍കി .കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വേലകളുടേയും പൂരത്തിന്റേയും മാറ്റുകൂട്ടാനായ് ഗാനമേളകളും നാടകങ്ങളും അരങ്ങേറിക്കൊണ്ടിരുന്നു.എല്ലായിടത്തും സൈനബ തന്റെ വീര്‍ത്ത വയറും താങ്ങി നടന്നു. അവളാരില്‍ നിന്നും ഭിക്ഷ വാങ്ങാറില്ല.അതിനവളൊരു ഭിക്ഷക്കാരിയായിരുന്നില്ല.എവിടെ നിന്നു വന്നെന്നോ എവിടുത്തെയാണെന്നോ ആര്‍ക്കുമറിയില്ല.രണ്ടു വര്‍ഷത്തോളമായി അവളീ ഗ്രാമത്തിന്റെ അതിഥിയായും പിന്നെ നാട്ടുകാരിയായും അറിയാന്‍ തുടങ്ങിയിട്ട്.ആരെങ്കിലുമൊക്കെ അവളുടെ മാസക്കുളി വന്നു കറ പുരണ്ട ഉടുതുണിയെ മാറ്റിയുടുക്കാന്‍ കൊടുക്കാറുള്ളതും ഉടുത്ത് പിന്നേയും അടുത്ത ഋതുമതിയാകും വരെ .പക്ഷെ പിന്നെയങ്ങനൊരു കാഴ്ച്ചയില്‍ സൈനബയെന്ന ചെറുപ്പക്കാരിയായ ഭ്രാന്തിയെ കാണാതായപ്പോള്‍ ആരും കരുതിയില്ല ഇങ്ങനെയൊരു പരിണാമമാണവളില്‍ നടക്കുന്നതെന്നു.

അന്നും പതിവു പോലെയാരൊക്കെയോ കൊടുത്ത ഭക്ഷണവും കഴിച്ചവള്‍ പാണ്ടികശാലയുടെ തിണ്ണയില്‍ കിടന്നു..അവളുടെയുള്ളിലെ ആ കുരുന്നുജീവന്‍ പുറത്ത് വരാനായി നടത്തുന്ന ശ്രമങ്ങളില്‍ അവളനുഭവിച്ച നോവിനെ പേറ്റു നോവായി തിരിച്ചറിയാനവള്‍ക്കായില്ല.ഒരു ഞരക്കത്തോടെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടന്നു മതിയായപ്പോള്‍ ഉദിച്ചുയര്‍ന്ന ധ്രുവനക്ഷത്രവും പിന്‍ നിലാവും  നോക്കി  എന്തോ പറഞ്ഞു കൊണ്ട് അവള്‍ അമ്പത്തെ പാടം ലക്ഷ്യമാക്കി നടന്നു.
അമ്പത്തെ പാടത്തിന്നരികിലെ തോട്ടു വക്കത്ത് പൊക്കിള്‍ കൊടി മുറിച്ചു മാറ്റാനാരുമില്ലാതെ പിടഞ്ഞ ആ കുഞ്ഞിന്റെ ചുണ്ടുകള്‍ പെറ്റു നോവിന്റെ സുഖത്തില്‍ മയങ്ങുന്ന സൈനബയുടെ തൂങ്ങി നില്‍ക്കുന്ന മുലക്കണ്ണുകളെ തേടി വിതുമ്പി..പുലര്‍ച്ചെ പശുവിനു പുല്ലരിയാനായി അമ്പത്തെ പാടത്തെത്തിയ വേട്ടുവത്തികളാണാ കാഴ്ച്ചയാദ്യമായി കാണുന്നത്.."ന്റെ പരദേവതേ"യെന്നു വിളിച്ചു കൊണ്ട് കരഞ്ഞ് കരഞ്ഞ് തളര്‍ന്ന ആ ചോര പൈതലിന്റെ പൊക്കിള്‍ കൊടി കയ്യിലെ കൊയ്ത്തരിവാളു കൊണ്ടവര്‍ മുറിച്ചു മാറ്റി..തോട്ടിലേക്ക് പകുതി കാലിട്ട് കിടക്കുന്ന സൈനബയുടെ തളര്‍ന്ന മുഖത്തേക്ക് തോട്ടില്‍ നിന്നും കൈക്കുമ്പിളില്‍ കോരിക്കൊണ്ട് വന്ന വെള്ളം കുടഞ്ഞ് നോക്കി..ചേതനയറ്റ ആ ശരീരം തന്റെ ആത്മാവിനെ വേറെയേതോ ലോകത്തേക്ക് ഇവിടെ ബാക്കി വെച്ച തിരച്ചില്‍ തുടരാനായ് അപ്പോഴേക്കും അയച്ചിരുന്നുവെന്നത് ആ സ്ത്രീകള്‍ ഒരു പൊട്ടിക്കരച്ചിലോടെ മനസ്സിലാക്കി.
ഉദിച്ചു വരുന്ന പൊന്‍ വെയിലിന്‍ വെട്ടത്തിലവരാ കുഞ്ഞിന്റെ ലിംഗം നോക്കി.സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന  മുത്തു പോലെയൊരാണ്‍ കുഞ്ഞ്.അന്ന് ഗ്രാമത്തിലെല്ലാവരും ചേര്‍ന്ന് സൈനബയുടെ കബറടക്കം അവള്‍ ജീവിച്ചിരുന്നപ്പോള്‍ കിട്ടാതിരുന്ന എല്ലാ ബഹുമാനാദരവുകളോടേയും നടത്തി.അവളുടെ കുഞ്ഞിനെ കുട്ടികളില്ലാത്ത വേട്ടുവത്തി പാറു നോക്കമെന്നേറ്റു. ഗ്രാമത്തിലെ മുലകൊടുക്കുന്ന കുഞ്ഞുങ്ങളുള്ള എല്ലാ ജാതിമതസ്ഥരായ അമ്മമാര്‍ ഐക്യകണ്ഠേന ആ കുഞ്ഞിനെ മുലയൂട്ടുമെന്നാണയിട്ടു.ഈ ഗ്രാമത്തില്‍ സ്നേഹപൂര്‍വം മുതിര്‍ന്നവര്‍ ഇളയവരെ ഉണ്ണിയെന്നാണു വിളിക്കുന്നത്."ന്റെ ഉണ്ണ്യേ..അല്ലെങ്കില്‍ ഉണ്ണ്യോളെ" ഇതാ ഗ്രാമത്തിന്റെ സ്നേഹത്തിന്റേയും നിഷ്കളങ്കതയുടേയും മാറ്റ് കൂട്ടുന്ന മുഖമുദ്രയായിരുന്നു.അങ്ങനെ അവനെല്ലാവരും ചേര്‍ന്ന് ഉണ്ണിയെന്നു പേരു വിളിച്ചു.മുഹമ്മദുണ്ണിയായും , കൃഷ്ണനുണ്ണിയായും ഉണ്ണീശോയായും അവന്‍  ഗ്രാമത്തില്‍ എല്ലവരുടേയും കണ്ണിലുണ്ണിയായ് വളരാന്‍ തുടങ്ങി..

പിന്നീടൊരിക്കലും ആ ഗ്രാമത്തില്‍ അലഞ്ഞ് തിരിയുന്ന  ഗര്‍ഭിണികളായ ഭ്രാന്തികളെ കണ്ടിട്ടില്ല.കടവത്തെപ്പോഴും വരത്തരായ സഞ്ചാരികള്‍ പാണ്ടികശാലകളില്‍ അന്തിയുറങ്ങാനെത്താറുണ്ട്.പക്ഷെ ഗ്രാമത്തിലെ തെരുവിന്റെ സന്തതികളും രാത്രിയുടെ കൂട്ടുകാരുമായവര്‍ ആ ഗ്രാമത്തിലെത്തുന്ന  അപരിചതരായ സന്ദര്‍ശകരുടെ മേലെ ഒരു കണ്ണു വെച്ചു പോന്നു.ആ ഗ്രാമത്തിലെ പുഴയെന്നും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും കൊണ്ട് ആഴിയുടെ മാറിലലിയാനായ് പടിഞ്ഞാറിനെ ലക്ഷ്യം വെച്ചൊഴുകി കൊണ്ടേയിരിക്കുന്നു..പാതയോരങ്ങളെയലങ്കരിക്കുന്ന പൂമരങ്ങള്‍ കാലത്തിനും മാറ്റത്തിനും നിന്നു കൊടുക്കാതെ  പാരിജാതങ്ങളും ഇലഞ്ഞിപൂക്കളും വിരിയിച്ച് അതിന്റെ പരിമളം ആ ഗ്രാമമാകെ പരിലസിപ്പിച്ചു കൊണ്ടും പൂത്തുലഞ്ഞ് നില്‍ക്കുന്നു.

യാഥാര്‍ത്ഥ്യം