യാത്രാകുറിപ്പുകള്‍

ചുരം കയറിയ പ്രണയം :-
=================

വളരെ നാളത്തെ മോഹം ;എന്നു പറഞ്ഞാല്‍ ബാല്യത്തില്‍  നെല്ല് എന്ന സിനിമ കണ്ടതില്‍ തുടങ്ങി; അടുത്തിടെ കണ്ട പഴശ്ശി രാജ എന്ന സിനിമയില്‍ വയനാടിന്റെ വന്യ സൌന്ദര്യം  ഉള്‍കൊണ്ടതു മുതല്‍ .ഞാന്‍ ആ കാടിനെ അകലത്തിരുന്നു പ്രണയിക്കാന്‍ തുടങ്ങിയിരുന്നു..മരുഭൂമിയുടെ മാസ്മരികതയില്‍ നിന്നും മാമലകളുടെ മനോഹാരിതയിലേക്ക് ഇപ്രാവശ്യം പോയപ്പോള്‍ എന്റെ പ്രണയത്തെ നേരില്‍ ദര്‍ശിക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു..എന്തു പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും ശരി ഞാനെന്റെ ആഗ്രഹം സാധിപ്പിക്കുമെന്ന ദൃഢ നിശ്ചയത്തില്‍ ഉറച്ചു നിന്നതു കൊണ്ട് എനിക്കെന്റെ അവധി കുറച്ച് നീട്ടേണ്ടി വന്നെങ്കിലും മറ്റു ഘടകങ്ങളെല്ലാം ഒത്തു വന്നതിനാല്‍ യാത്ര പുറപ്പെടാം എന്നു വെച്ചു. ഞങ്ങള്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് യാത്രയ്ക്കുള്ള ഒരുക്കങ്ങളുമാരംഭിച്ചു.
.
രാവിലെ 6 മണിക്ക് വടക്കാഞ്ചേരിയില്‍ നിന്നും പുറപെട്ട ഞങ്ങള്‍ 7മണിയോടെ എന്റെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീടുള്ള പെരിന്തല്‍മണ്ണയിലെത്തി ചേര്‍ന്നു..പ്രാതല്‍ കഴിച്ചതിനു ശേഷം ഏഴരയോടെ ഏസി വീഡിയോ കോച്ചില്‍ ഞങ്ങള്‍ 25 പേരടങ്ങുന്ന സംഘം യാത്രയാരംഭിച്ചു..ഇടക്കൊക്കെ നന്നായി തന്നെ പെയ്തിരുന്ന വേനല്‍ മഴ യാത്രയില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു..എന്റെ ഭര്‍തൃ സഹോദരി ലൈലയുടെ മകനും മരുമകനുമാണു വയനാട്ടില്‍ ഞങ്ങള്‍ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുള്ളത്.

പത്തു മണിയോടെ ചുരം കയറാന്‍ തുടങ്ങിയതോടെ എന്റെ ചിരകാലാഭിലാഷം തളിര്‍ത്ത് തുടങ്ങി.ഇരു വശങ്ങളിലുമായി കാണപെട്ട മനോഹര ദൃശ്യങ്ങളെ കാമറ കണ്ണിലൂടെ ഒപ്പിയെടുക്കാന്‍ കുട്ടികളും മുതിര്‍ന്നവരും മല്‍സരിച്ചു.

അന്നു വരെ പറഞ്ഞു മാത്രം കേട്ടിട്ടുള്ള തെന്നിന്ത്യയിലെ തന്നെ വലിയ ചുരങ്ങളിലൊന്നായ വയനാടന്‍ ചുരം കയറുന്നതിനനുസരിച്ചു  എന്റെ ആവേശവും ഏറി കൊണ്ടിരുന്നു.ഓരോ വളവും തിരിയുന്നതിനനുസരിച്ച് കൊക്കയുടെ അഗാധത ഞങ്ങളില്‍ ചെറിയ ഭീതിക്കൊപ്പം ആനന്ദവും പകര്‍ന്നു.അഞ്ചാമത്തെ വളവെത്തിയപ്പോള്‍ വാഹനങ്ങളുടെ ചെറിയൊരു തടസ്സം കാണപെട്ടു..എന്താണതിന്റെ കാരണമെന്ന്  ബസ്സിന്റെ ജനല്‍ ഗ്ലാസ്സ് നീക്കി എതിരെ വന്ന ട്രക്ക് ഡ്രൈവറോട്  ഞങ്ങള്‍ അന്വേഷിച്ചു.ചുരമിറങ്ങുന്നതിനിടയില്‍ അരിയുടെ ലോഡുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞിരിക്കുന്നു..ഇതു ഞങ്ങളില്‍ നടുക്കമുണര്‍ത്തി.ബസ്സ് പതുക്കെ മുന്നോട്ടെടുക്കാന്‍ തുടങ്ങി .ഞങ്ങളുടെ ഇടതു വശത്തായുള്ള കൊക്കയില്‍ അത്ര താഴ്ച്ചയിലല്ലാതെ മൂക്കും കുത്തി മറിഞ്ഞു കിടക്കുന്ന ഒരു ലോറി കാണപെട്ടു..അത്ഭുതമെന്ന് പറയട്ടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ ആ ലോറിയുടെ ഡ്രൈവര്‍ റോഡിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കയറി വരുന്നത് കണ്ടു.ആ കാഴ്ച്ച ഞങ്ങളിലാശ്വാസമുണര്‍ത്തി..

ശരിക്കും ആഘോഷിക്കാന്‍ തുനിഞ്ഞിറങ്ങിയ കുട്ടികള്‍ അവരുടെ കലാ പരിപാടികള്‍ തുടര്‍ന്നു.പാട്ടും മിമിക്രിയും സര്‍ദാര്‍ ജോക്സുമായി ബാംഗ്ലൂരില്‍ നിന്നും വന്ന അനിയും ,ടിന്റു മോന്‍ ജോക്സുമായി എറണാംകുളത്ത് നിന്നെത്തിയ കുക്കുവും തകര്‍ത്തപ്പോള്‍ ദുബായില്‍ നിന്നുമെത്തിയ നാലു വയസ്സുകാരന്‍ റിച്ചു അവന്റെ  കൊച്ചു ട്രിക്കുകളുമായി ഞങ്ങളെ വിസ്മയിപ്പിച്ചു..ഇതിനിടയില്‍ ബസ്സ് ഒന്‍പതാം വളവിലെത്തിയപ്പോള്‍ റോഡരുകിലായി വിനോദയാത്ര വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സഞ്ചാരികളെല്ലം തന്നെ താഴ്വരയുടെ മനോഹാരിത ആസ്വദിക്കുന്നത് കണ്ട് ഞങ്ങളും അവിടെയിറങ്ങി.

വര്‍ണനാതീതമായിരുന്നു ആ ദൃശ്യം .ഇളം മഞ്ഞിന്റെ കരിമ്പടത്തിനുള്ളില്‍ താഴ്വാരം സുഖ സുഷുപ്തിയിലാണിപ്പോഴുമെന്ന് തോന്നിപ്പോകും ..അവിടിവിടങ്ങളിലായി ആനന്ദാശ്രുക്കള്‍  ഒഴുക്കി കൊണ്ട് കാട്ടരുവികള്‍ താഴ്വാരത്തിലേക്ക് പതിച്ച് കൊണ്ടിരിക്കുന്നു.ദൂരെ മാമലകളുടെ നെറുകയിലൂടെ അരിച്ചെത്തുന്ന സൂര്യ കിരണത്തില്‍ ആ താഴ്വാരത്തിന്റെ മുഴുവന്‍ ചൈതന്യവും അവിടെ നിറഞ്ഞ് നിന്നിരുന്നു.നയന മനോഹരവും മാനസികാനന്ദവും നല്‍കുന്ന ഒരു കാഴ്ച്ചയായിരുന്നു അത്.പഞ്ഞികെട്ടുകള്‍ പോലുള്ള വെണ്‍മേഘങ്ങള്‍ വാനത്തിലൂടെ ഒഴുകി താഴ്വരയുടെ മാറില്‍ ലയിച്ചിടുന്നുണ്ടായിരുന്നു.എത്ര നേരം അവിടെ നിന്നാലും ഈ പ്രപഞ്ചത്തില്‍ നടക്കുന്ന മറ്റു കാര്യങ്ങള്‍ നമ്മളെ തേടിയെത്തില്ല.അത്രയ്ക്കവിടവുമായി അലിഞ്ഞില്ലാതാവും നമ്മള്‍ .

ഡെക്കാണ്‍ പീഠഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്ര നിരപ്പില്‍ നിന്നും 700 മുതല്‍ 2100 മീറ്റര്‍ വരെ നിമ്ന്നോന്നതകളില്‍ സ്ഥിതി ചെയ്യുന്നു.2132ചത്രശ്രകിലോമീറ്റര്‍ വരുന്ന വയനാടിന്റെ വടക്ക് കിഴക്ക് ഭാഗം കര്‍ണാടകയിലെ കൂര്‍ഗും .തെക്ക് കിഴക്കായി തമിഴ് നാടിന്റെ നീലഗിരിയും വടക്കും തെക്കുമുള്ള ഒരു ഭാഗവും ,പടിഞ്ഞാറും കേരളത്തിന്റെ കണ്ണൂരും ,കോഴിക്കോടും ,മലപ്പുറം ജില്ലകളുമായും ചേര്‍ന്ന് കിടക്കുന്നു.സ്വതവേ സുഖകരമായ 15ഡിഗ്രി സെന്റിഗ്രേഡ് മുതല്‍ 30 ഡിഗ്രി സെന്റി ഗ്രേഡ് എന്ന അളവിലുള്ള മിതോഷ്ണ കാലവസ്ഥയാണു വയനാട്ടിലനുഭവപ്പെടുന്നത്.വയനാട്ടിലെ ആദിവാസി പരമ്പരയുടെ വേരന്വേഷിക്കുമ്പോള്‍ ചില ഗോത്ര സമൂഹങ്ങള്‍ ഒഴികെയുള്ളവരെല്ലാം തന്നെ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കുടിയേറിയവരാണു.1930 മുതല്‍ മധ്യ തിരുവിതാം കൂറില്‍ നിന്നും കുടിയേറി തുടങ്ങിയ കര്‍ഷക കുടുംബങ്ങളാണു ഇന്നത്തെ വയനാടിന്റെ കാര്‍ഷിക മേഖലയ്ക്ക് സമഗ്ര സംഭാവന ചെയ്തിട്ടുള്ളവര്‍ . ഇവിടുത്തെ പ്രധാന കൃഷി  കാപ്പി,കുരുമുളക്,നെല്ല്.എന്നിവയും കൂടാതെ തെങ്ങ്,കമുക്,ഏലം, തേയില ,വാഴ ,ഇഞ്ചി ,വിവിധയിനം പച്ചക്കറികളായ ഇളവന്‍ ,പടവലം, പാവല്‍ ,ചീര തുടങ്ങിയവും വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കുന്നുണ്ട്.

ഇടതൂര്‍ന്ന വനങ്ങളും കുന്നും മലകളും പുല്‍മേടുകളും പാറകെട്ടുകളും ,ഗുഹകളും , വെള്ളച്ചാട്ടങ്ങളും , തടാകങ്ങളും .മലകളില്‍ നിന്നൊഴുകി വരുന്ന പാലരുവികളും .തോടുകളും ,വിശാലമായ വയല്‍പ്പരപ്പുകളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ് ടൂറിസം മാപ്പുകളില്‍ ഇടം പിടിച്ചിരിക്കയാണ്.

ചുരം കയറി ഞങ്ങള്‍ നേരെ ചെന്നത് കര്‍ളാട് തടാകത്തിലേക്കാണ്.ചുറ്റും പരന്നു കിടക്കുന്ന കാര്‍ഷിക തോട്ടങ്ങള്‍ക്കു നടുവിലായ് ഏഴ് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ തടാകത്തിലൂടെ കുട്ടികളും മുതിര്‍ന്ന പുരുഷന്‍മാരും ബോട്ട് യാത്ര നടത്തുമ്പോള്‍ ഞങ്ങള്‍ സ്ത്രീകള്‍ ആ തടാകത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന നെയ്തലാമ്പലുകളുടെ നിഷ്കളങ്ക  സൌന്ദര്യം നുകരുകയായിരുന്നു.അതിനടുത്ത് വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടെ ചെടികളും വിത്തുകളുമൊക്കെ വില്‍ക്കുന്ന കടകളും ഉണ്ടായിരുന്നു.മനോഹരങ്ങളായ ചെടികളും ക്രമാതീത വലുപ്പത്തിലുള്ള റോസും ഡാലിയയുമൊക്കെ പക്ഷെ ചുരമിറങ്ങിയാല്‍ ഞങ്ങളുടെ ഉദ്യാനങ്ങളില്‍ വിടരാന്‍ വിസമ്മതിക്കുമായിരിക്കും .ഈ കാലവസ്ഥയില്‍ മാത്രം മനോഹരങ്ങളാകാന്‍ വിധിക്കപെട്ട ചെടികളാണവ.

അവിടെ നിന്നും പൂക്കോട് തടാകത്തിനടുത്തെത്തി.അവിടുത്തെ പ്രകൃതി രമണീയത കണ്ണിനെ കുളിരണിയിച്ചു.പലരും തടാകത്തിന്റെ സൌന്ദര്യം ക്യാമറയില്‍ പകര്‍ത്താനായ് നീങ്ങിയപ്പോള്‍ ഞങ്ങള്‍  സ്ത്രീകള്‍ അവിടെ കണ്ട കുടുംബശ്രീ സ്റ്റാളുകളില്‍ കയറി വിലപേശല്‍ ആരംഭിച്ചു.ചെറുതേനും .ചന്ദനതൈലവും മുളയരിയും വാങ്ങി മറ്റൊരു സ്റ്റാളിലേക്ക് കയറിയപ്പോള്‍ എനിക്ക് വേണ്ടിയിരുന്ന ചിരട്ട പുട്ടിന്റെ ചിരട്ടയും മുളയുടെ തണ്ട് കൊണ്ടുണ്ടാക്കിയ പുട്ടുകുറ്റിയും അവിടെ നിന്നും കിട്ടി .ധാന്യങ്ങള്‍ നിറച്ച മുളം കുറ്റിയില്‍ പനയോല കൊണ്ടുള്ള കവചവുമായി മഴയുടെ ശബ്ദമുണ്ടാക്കുന്ന ഒരു ഉപകരണവും .പിന്നെ ആദിവാസികളുടെ വാദ്യോപകരണമായ ഒരോടക്കുഴലും ഞാന്‍  വാങ്ങി..എനിക്ക് പിന്നെയും അവിടെ കാണുന്നതൊക്കെ വാങ്ങണമെന്നുണ്ടായിരുന്നു.പക്ഷെ പുരുഷ കേസരികള്‍ ഞങ്ങള്‍ സ്ത്രീകളുടെ ദൌര്‍ബല്യത്തെ നിശിതമായ് വിമര്‍ശിച്ച് നേരം വൈകുന്നതിനെ പറ്റി വ്യാകുലപെട്ടതിനാല്‍ മനമില്ലാ മനസ്സോടെ അവിടെയൊക്കെ ചുറ്റി കണ്ട് അടുത്ത ഞങ്ങളുടെ ലക്ഷ്യമായ സൂചിപ്പാറയെത്തുന്നതിനായ് ബസ്സിലേക്ക് കയറി.

അവിടെ ചൂരല്‍ മലയില്‍ നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ സൂചിപ്പാറയിലെത്തി.200 ഓളം അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ജലപ്രവാഹം ..അങ്ങോട്ടെത്തുകയെന്നത് ശ്രമകരമായ ഒന്നായിരുന്നു.എങ്കിലും തേയില തോട്ടങ്ങളുടേയും കാപ്പിത്തോട്ടങ്ങളുടേയും പച്ചപ്പില്‍ മനോഹരമായിരുന്ന കാഴ്ച്ചകളില്‍ വൃക്ഷ ലതാദികളെ തലോടിയുമുള്ള നടത്തം ഞങ്ങളെല്ലാവരും ആസ്വദിക്കുകയായിരുന്നു.അവിടെ കണ്ട ചെറിയ സ്റ്റാളുകളില്‍ നിന്ന് ഉപ്പിലിട്ട നെല്ലിക്കയും മാങ്ങാപൂളുകളുമൊക്കെ വാങ്ങി  ഞങ്ങളുടെ സഞ്ചാരത്തിനൊപ്പം കൂടെ കൂട്ടി.
ഇരു വശങ്ങളിലായി കാണപെട്ട വൃക്ഷങ്ങളുടെ തലപ്പുകളില്‍ കുഞ്ഞുങ്ങളെ മാറോടടുക്കി പിടിച്ച് ഒരു തുഞ്ചത്ത് നിന്നും മറ്റൊന്നിലേക്ക് പകര്‍ന്ന് കളിക്കുന്ന വാനരപ്പടകള്‍ കണ്ട് കൌതുകം തോന്നി.പൂവാകകളില്‍ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പൂങ്കുലകള്‍ സമൃദ്ധമായി തന്നെയുണ്ട്.ഇടക്കൊക്കെ ചുവപ്പ് നിറങ്ങളില്‍ വീണു കിടക്കുന്ന ഗുല്‍ മോഹര്‍ പൂക്കള്‍ക്കൊപ്പം വയലറ്റ് നിറമുള്ള ജക്കറാന്ത പൂക്കളും കണ്ടു മേലോട്ട് നോക്കിയെങ്കിലും മരങ്ങളുടെ നിബിഡതയില്‍ ജക്കറാന്ത മരത്തെ വേര്‍തിരിച്ച് കാണാനായില്ല എനിക്ക്.സൂര്യന്‍ തലയ്ക്ക് മീതെ കത്തി ജ്വലിക്കുകയാണെങ്കിലും അങ്ങനെയൊരു കൊടും ഉഷ്ണം ഞങ്ങള്‍ക്കനുഭവപെട്ടില്ല.എങ്കിലും ആഗോള താപനത്തിന്റെ മാറ്റകാറ്റ് വയനാടന്‍ കാടിനേയും കാലാവസ്ഥയേയും തരക്കേടില്ലാത്ത രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നത് ഒരു വിഷമത്തോടെ ഉള്‍കൊള്ളേണ്ടി വന്നു.സാഹസപെട്ടു ഞങ്ങള്‍ ഇറക്കമാരംഭിച്ചു.എന്റെ  ഭര്‍തൃ സഹോദരിയായ ബുഷറ ക്ഷീണിതയായ് പറയാന്‍ തുടങ്ങി തന്നെ കൊണ്ടിനി ഇറങ്ങാന്‍ വയ്യെന്ന്.കഴിഞ്ഞ രണ്ട് മാസത്തോളമായ് മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ഓടിനടന്നതിന്റെ ക്ഷീണം ശരിക്കും ബുഷറയുടെ ആരോഗ്യത്തെ ഉലച്ചിരുന്നു.എങ്കിലും കാടിന്റേയും വെള്ളചാട്ടത്തിന്റേയും മാദകഭംഗി നല്‍കിയ പ്രചോദനത്തില്‍ എല്ലാവരും ചെങ്കുത്തായ ഇറക്കങ്ങളിലൂടെ പ്രയാസപെട്ട് വെള്ളച്ചാട്ടത്തിനു താഴെ എത്തിച്ചേര്‍ന്നു.ആണുങ്ങളും കുട്ടികളും കുളിക്കാനൊരുമ്പെട്ടു..വെള്ളച്ചാട്ടത്തിനു താഴെ പാറ മുനമ്പ് ചുറ്റി അഗാധമായ കൊക്കയിലൂടെ ഈ ജലപാതം ചാലിയാര്‍ പുഴയില്‍ ലയിച്ച് അറബിക്കടലില്‍ ചെന്ന് പതിക്കുന്നു. ഒരു മണിക്കൂറവിടെ ചിലവഴിച്ച് ഞങ്ങള്‍ മേപ്പാടിയിലേക്ക് പുറപെട്ടു.

ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം കരുതിയിരിക്കുന്നത് മേപ്പാടിയിലെ ഒരു ഹോട്ടെലിലാണ്.. ലൈലയുടെ ഭര്‍ത്താവ്  (ഡോക്ടര്‍ സാലിം ) 33 വര്‍ഷം മുന്‍പ് ഡോക്ടര്‍ ആയി സേവനം ചെയ്തിരുന്നത് വയാനാടായിരുന്നു.അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തകനും അവരുടെ കുടുംബ സുഹൃത്തുമായ ഡോ:രവിയും അദ്ദേഹത്തിന്റെ ഭാര്യ സുജയും (ദൂര ദര്‍ശനിലെ വാര്‍ത്ത വായനക്കാരിയായി ജോലി നോക്കിയിട്ടുണ്ട്)മേപ്പാടിയിലാണു താമസം ..സമയം വൈകുന്നതിനാല്‍   അവരുടെ വീട്ടില്‍ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം ഹോട്ടെലില്‍ നിന്നും വരുത്തി വെച്ചിട്ടുണ്ടായിരുന്നു.കൂടാതെ കോഴി ബിരിയാണി കഴിക്കാന്‍ വിഷമമുള്ളവര്‍ക്കായ് ഡോക്ടറുടെ വീട്ടില്‍ നാടന്‍ ചോറും കറികളും  ഞങ്ങളാവശ്യപ്പെടാതെ തന്നെ അവര്‍  ഒരുക്കിയിട്ടുണ്ടായിരുന്നു.3 മണിയോടെ  എത്തിച്ചേര്‍ന്ന ഞങ്ങളെ ഡോക്ടറും ഭാര്യയും ആതിഥേയ മര്യാദകളോടെ സ്നേഹപൂര്‍വം പരിചരിച്ചു.ഡോക്ടറുടെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ കണ്ട ഒരു പക്ഷിക്കൂട് ഞങ്ങളില്‍ കൌതുകമുണര്‍ത്തി..അദ്ദേഹമത് വിവരിച്ചു;കിളി  തന്റെ കൊക്കില്‍ കളി മണ്ണു കൊണ്ടു വന്നു മനോഹരമായ് എങ്ങനെയതുണ്ടാക്കിയെന്നത്.കളി മണ്ണു കൊണ്ടുണ്ടാക്കിയ ഒരു കിളിവീട് .കിളികളുടെ ശില്പചാതുര്യവും നിര്‍മാണ വൈദഗ്ധ്യവും നമ്മുടെ ഭാവനയ്ക്കുമപ്പുറമാണ് ..

ഡോക്ടറുടെ വീട് നില്‍ക്കുന്നിടത്തെ ഭൂപ്രകൃതി അതി മനോഹരമായിരുന്നു..ചുറ്റും കാപ്പി തോട്ടങ്ങളും തേയില തോട്ടങ്ങളും ..കൂടാതെ അവരുടെ പൂന്തോട്ടം മനോഹരങ്ങളായ പൂക്കളും ചെടികളും നിറഞ്ഞതായിരുന്നു..ഡോക്ടറുടെ ഭാര്യ സുജ നല്ലൊരു ഗാര്‍ഡണാറാണെന്നുള്ളതിന്റെ തെളിവായിരുന്നു ആ മനോഹര ഉദ്യാനം ..അപൂര്‍വമായി കാണുന്ന പല ചെടികളും ശേഖരിക്കാന്‍ എന്റെ ജ്യേഷ്ടന്റെ ഭാര്യ അസ്മ തിടുക്കം കാണിച്ചത് കുട്ടികളെല്ലാവരും കൂടി അസ്മയുടെ പൂന്തോട്ട ഭ്രമത്തെ കളിയാക്കുന്നതിനു വഴി വെച്ചു.എന്നാല്‍ ഇതൊന്നും ചെവി കൊള്ളാതെ അസ്മ തന്റെ വിനോദമായ ചെടി ശേഖരണത്തില്‍ മുഴുകി.

അവിടെ നിന്നും ഞങ്ങള്‍ 5 മണിയോടെ കേണിച്ചിറയില്‍ ഞങ്ങളുടെ ഹോം സ്റ്റേ ആയ ബ്ലൂം വയനാട് -ലേക്ക് പുറപ്പെട്ടു..എല്ലാവരും നല്ല രീതിയില്‍ ക്ഷീണിതരായതിനാല്‍ ഇനിയുള്ള കാഴ്ച്ചകള്‍ പിറ്റേ ദിവസത്തേക്ക് ആക്കാമെന്ന് വെച്ചു.എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്ന എന്‍ഡൊസള്‍ഫാന്‍ നിരോധന ബന്ദ് അന്നേ ദിവസമായതിനാല്‍ ഞങ്ങള്‍ക്ക് റിസോര്‍ട്ടില്‍ തന്നെ കഴിയേണ്ടി വന്നേക്കാം എന്നൊരു ഊഹം പറഞ്ഞു .വയനാട്ടിലെ ചായ തോട്ടങ്ങളിലും മാരക വിഷമായ എന്‍ഡൊസള്‍ഫാന്‍ നിര്‍ലോഭം തെളിക്കാറുണ്ടെന്നത് ഒരു കുറ്റബോധത്തോടെ ഉള്‍കൊള്ളേണ്ടി വന്നു.ഈ അറിവ് പിന്നെ എന്റെ ചായയോടുള്ള ഇഷ്ടത്തെ ബാധിച്ചു.

കേണിച്ചിറയില്‍ ഞങ്ങളെത്തുമ്പോഴേക്കും വൈകുന്നേരം 6 മണി കഴിഞ്ഞിരുന്നു.നല്ലൊരു താമസ സൌകര്യമായിരുന്നു അവിടുത്തേത്..ഞങ്ങള്‍ എടുത്തിരുന്നത് വില്ലകളായിരുന്നു..രണ്ട് കുടും ബങ്ങള്‍ക്ക് വീതം താമസിക്കാനുതകുന്നതായിരുന്നു ഓരോ വില്ലയും .ഭക്ഷണം അവിടെ തന്നെയുള്ള മെസ്സിലായിരുന്നു..ഒരു കാര്യം ഞാനവിടെ ശ്രദ്ധിച്ചത് വളരെ സൌമ്യരും സ്നേഹ സമ്പന്നരുമായ ജോലിക്കാര്‍ ;ഒരു മടിയും കൂടാതെ എന്തിനും ഏതിനും വിളിപ്പുറത്ത് കാണുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ ..ഞങ്ങളെല്ലാവരും അവരവരുടെ മുറികള്‍ തിരഞ്ഞെടുത്ത് കുളിച്ച് ഫ്രെഷാവാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ കുട്ടികളാരോ പറഞ്ഞു കോട്ടേജിനു പുറകിലൂടെ ഒരു ചോലയൊഴുകുന്നുണ്ടെന്ന്..പിന്നെ കുട്ടികളും മുതിര്‍ന്നവരില്‍ ചിലരും നീന്താനെന്നും പറഞ്ഞു അങ്ങോട്ടേക്ക് പോയി.പക്ഷെ വയനാടിന്റെ കാട്ടു സൌന്ദര്യത്തിനു മീതെ സന്ധ്യ ചുവന്ന ചേലയെടുത്തണിഞ്ഞിരുന്നു അപ്പോഴേക്കും .ഞങ്ങളില്‍ കുറച്ച് പേര്‍ മുറിയിലെ തണുത്ത വെള്ളത്തില്‍ കുളിച്ച് വന്നിട്ടും ചോലയില്‍ പോയവരെ കാണാതായപ്പോള്‍ അവിടം വരെ പോകാന്‍ ഞാനും എന്റെ ഭര്‍ത്താവിന്റെ അനിയന്‍മാരുടെ ഭാര്യമാരായ ഷബ്നയും ,രഹ്നയും ചേര്‍ന്നു ചോലയുടെ അടുത്തേക്ക് നടക്കാന്‍ തീരുമാനിച്ചു.ചുറ്റുമുള്ള മുളം കൂട്ടില്‍ നിന്നും പലതരം ശബ്ദങ്ങള്‍ കേട്ടത് എന്നെ വിസ്മയിപ്പിച്ചു.ചീവീടുകളും മറ്റ് പ്രാണികളുമായിരിക്കുമെന്നനുമാനിച്ചു ഞാന്‍ .ഏക്കറുകളോളം പരന്നു കിടക്കുന്ന ആ തൊടിയില്‍ നിറയെ ഫല വൃക്ഷങ്ങളും വള്ളിച്ചെടികളും മറ്റുമരങ്ങളും ചെങ്കഥളി വാഴക്കൂട്ടങ്ങളുമായി കണ്ണിനും ശരീരത്തിനും കുളിരു പകരുന്ന ഒരിടമായത്..

ചോലയ്ക്കപ്പുറം കറുത്തിരുണ്ട കാടായിരുന്നു..ഇടയ്ക്കൊക്കെ ആനകള്‍ ചോലയുടെ മറുകര വരെയെത്താറുണ്ടന്ന് അവിടുത്തെ ജോലിക്കാര്‍ പറഞ്ഞത് എന്നില്‍ ചെറിയൊരു ഭീതിയുളവാക്കി..നല്ല പോലെ ഇരുട്ട് പരന്നിരുന്നു.കാട്ടു താറാവുകളുടെ ഇടവിട്ടുള്ള കരച്ചില്‍ ദൂരെ നിന്നും കേള്‍ക്കാം..പക്ഷികള്‍ ചേക്കേറാനായവിടെയുള്ള കൂടുകള്‍ തേടിയെത്തിയെന്നത് കലപില കൂട്ടിയുള്ള അവയുടെ ശബ്ദത്താല്‍ അവിടം മുഖരിതമായതില്‍ നിന്നും ഗ്രഹിച്ചു.ഞങ്ങള്‍ ചോലയുടെ അടുത്തെതുമ്പോഴേക്കും കുട്ടികള്‍ നീന്തലൊക്കെ മതിയാക്കി കരയ്ക്ക് കയറാന്‍ തുടങ്ങിയിരുന്നു. എല്ലാവരും ഇനി മുറിയിലെ ശുദ്ധ വെള്ളത്തില്‍ പോയി കുളിക്കണമെന്നാരോ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു.കുറച്ച് നേരം ചോലയുടെ കളകളാരവം ശ്രദ്ധിച്ച് നിന്നതിനു ശേഷം കോട്ടേജിലേക്ക് നടന്നു..പിന്നെ ഞങ്ങളെല്ലാവരും  ഉമ്മയുമായി തമാശകള്‍ പറഞ്ഞിരിക്കാന്‍ തീരുമാനിച്ചു.10 മാസം മുന്‍പ് ഇഹലോക വാസം മതിയാക്കി പോയ വാപ്പയുടെ ഓര്‍മയില്‍ കഴിഞ്ഞിരുന്ന ഉമ്മയെ സന്തോഷിപ്പിക്കാനും കൂടിയായിരുന്നു ഈ യാത്രയില്‍ ഉമ്മയേയും കൂടെ കൂട്ടിയത്.പെട്ടെന്ന് തന്നെ കുവൈത്തിലേക്ക് തിരിച്ച് പോകേണ്ടി വന്നതിനാല്‍ ഷഹീറ എന്ന മകളും കുടുംബവുമൊഴികെ ബാക്കി എല്ലാ കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെങ്കിലും ബുഷറയുടെ മകള്‍ വിവാഹം കഴിഞ്ഞ്  പോയതിനാല്‍ ഈ വിനോദ യാത്രയില്‍ മകളുടെ അഭാവം നല്‍കിയ നിരാശയിലായിരുന്നു  ബുഷറ.

സംസാരത്തിനിടെ ആരോ പറഞ്ഞു ഞങ്ങളുടെ താമസ സ്ഥലത്തേക്ക്
എത്തുന്നതിനു മുന്‍പേയുള്ള ഇടവഴിയില്‍ കാണുന്നത് പണ്ട് നക്സലൈറ്റുകളാല്‍ കൊല്ലപെട്ട കേണിച്ചിറ മത്തായിയുടെ  വീടാണെന്ന്.ജന്‍മികളുടെ കുത്തഴിഞ്ഞ ജീവിത ശൈലിക്ക് ഇരയാകേണ്ടി വന്നിരുന്ന പാവം ആദിവാസി പെണ്‍കുട്ടികളുടെ കദന കഥകള്‍ ആ കാലങ്ങളില്‍ നക്സല്‍ പ്രസ്ഥാനം വയനാട് പോലുള്ള മേഖലകളില്‍ തീനാളമായ്  വളരുന്നതിനുള്ള  കാരണങ്ങളിലൊന്നായിരുന്നു. അതിന്റെ നികൃഷ്ടമായൊരുദാഹരണമായിരുന്നുവത്രെ നക്സലുകളാല്‍ കൊല്ലപെട്ട ഈ ഭൂവുടമ.

നാളത്തെ പരിപാടികളെന്തെന്ന് ബന്ദ് കാരണം തീരുമാനിക്കാവാഞ്ഞത് ഞങ്ങളില്‍ നിരാശയുളവാക്കിയെങ്കിലും .ലൈലയുടെ മരുമകന്‍ അനുവിന്റെ  പരിചയത്തിലുള്ള ഒരു പോലീസുദ്യോഗസ്ഥന്‍ വഴി എന്തെങ്കിലും മാര്‍ഗം കിട്ടുമോയെന്ന് നോക്കാമെന്ന് പറഞ്ഞത് പ്രതീക്ഷയുടെ ചെറിയൊരു വെട്ടമായ് .ഞങ്ങള്‍ പിന്നീട് നാട്ടുകാര്യങ്ങളും വീട്ടു കാര്യങ്ങളുമൊക്കെ പറഞ്ഞ് നേരം കൊല്ലുമ്പോള്‍ കുട്ടികള്‍ അവിടുത്തെ ഇന്‍ഡോര്‍ പ്ളേയിങ് ഏരിയയില്‍ ടേബിള്‍ ടെന്നീസും കാരംസുമൊക്കെ കളിക്കുന്ന തിരക്കിലായിരുന്നു.രാത്രി 8 മണി കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ രവിയും ഭാര്യ സുജയും കൂടി കപ്പ പുഴുങ്ങിയതും മുളകിട്ട മത്തിക്കറിയും ആയി വന്നു..യാത്രയിലെപ്പോഴും പ്രിയം നാടന്‍ ഭക്ഷണങ്ങളോടെന്നത് എന്റെ ദൌര്‍ബല്യങ്ങളിലൊന്നാണ്..പിന്നെ അത്താഴമൊന്നും വേണ്ടാതായ ഞാന്‍ ഡോക്ടറും കുടുംബവും പോയതിന്  ശേഷം ഉറങ്ങാന്‍ കിടന്നു..കഴിഞ്ഞ ദിവസങ്ങളിലെ തിരക്ക് പിടിച്ച പരിപാടികളും വെളുപ്പിന്   തന്നെ യാത്ര പുറപെട്ടതിനും പുറമെ പകല്‍ മുഴുവന്‍ നടത്തിയ സാഹസിക കയറ്റിറക്കങ്ങളും ഒക്കെ സമ്മാനിച്ച ക്ഷീണത്തില്‍ കട്ടിലില്‍ കയറി കിടന്നതെ ഓര്‍മയുണ്ടായിരുന്നുള്ളൂ..

ഇമ്പമുള്ള ഈണത്തില്‍ പലതരം കിളിപാട്ടുകള്‍ കേട്ടു കൊണ്ടാണു ഞാനെന്റെ കണ്ണു തുറന്നത്.നല്ല രീതിയില്‍ ഉറങ്ങിയത് കാരണം ഉന്മേഷം വീണ്ടു കിട്ടിയ പോലെ തോന്നി.എഴുന്നേറ്റ് കോട്ടേജിന്റെ മുറ്റത്തേക്ക് വന്ന എനിക്ക്  വളരെ തെളിഞ്ഞ ഒരു പുലരിയെ ദര്‍ശിക്കാനായി .ചോലയ്ക്കപ്പുറമുള്ള കാടും കടന്ന് സൂര്യ കിരണങ്ങള്‍ പുല്‍ തകിടികളിലെ ഹിമകണങ്ങളെ നുകരാന്‍ തുടങ്ങുന്നതേ യുണ്ടായിരുന്നുള്ളൂ. പേരറിയാത്ത ഒരു പാടു പക്ഷികളുടെ ശബ്ദങ്ങള്‍ കൌതുകത്തോടെ കേട്ട് ഞാനവിടെയുള്ള  ചവിട്ടു പടിയില്‍ ഇരുന്നു.അവിടെ മുറ്റത്ത് താമരക്കുളത്തില്‍ നീലത്താമരകള്‍ വിരിഞ്ഞിരിക്കുന്നു.മെസ്സ് ബോയിയെ കണ്ടപ്പോള്‍ കാപ്പി കൊണ്ടു വരാന്‍ പറഞ്ഞു  .കാപ്പിക്കൊപ്പം അന്നത്തെ പത്രവുമായി ആ കുട്ടി വന്നതില്‍ തോന്നിയ ആനന്ദത്തില്‍ നന്ദിയും പറഞ്ഞ് പത്രം നോക്കിയപ്പോള്‍ ബന്ദ് വളരെ ശക്തമായി തന്നെ കൊണ്ടാടാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ കണ്ടു; ഇന്നത്തെ ദിവസം ഇവിടെ തന്നെ കഴിയേണ്ടി വരുമല്ലോ എന്നു നിരാശപെട്ടു.എന്തായാലും പുലരിയുടെ സൌന്ദര്യം ആസ്വദിച്ച് ആ തൊടിയിലൂടെ നടക്കാന്‍ ഞാന്‍ തീരുമാനിച്ചു.എനിക്കൊപ്പം  ഭര്‍ത്താവിനേയും കൂട്ടി.കൃത്രിമമായുണ്ടാക്കിയ കൊച്ചു കനാലുകളും ചെറിയ പാലങ്ങളും ഏറുമാടങ്ങളൂം പുല്ലു മേഞ്ഞ കളിമണ്ണു കൊണ്ടുണ്ടാക്കിയ വീടുകളുമൊക്കെയായി കച്ചവടോദ്ദേശത്തൊടെ വളരെ വൃത്തിയില്‍  തന്നെ ആ റിസോര്‍ട്ടിനെ ഉടമസ്ഥര്‍ മനോഹരവും ആകര്‍ഷവുമാക്കിയിട്ടുണ്ട്.വാത്തുകള്‍ , താറാവുകള്‍ , ഗിനിക്കോഴികള്‍ (ശീമക്കോഴികള്‍ ),മുയലുകള്‍ ,ലവ് ബേര്‍ഡ്സുകള്‍  മുതലായ വളര്‍ത്തു മൃഗങ്ങളൂം പക്ഷികളും അവിടെ കാണപെട്ടു..കഴിഞ്ഞ സന്ധ്യക്ക് കണ്ട ചോലയുടെ മുഴുക്കാഴ്ച്ച അപ്പോഴാണു ദര്‍ശിക്കാനായത്.കലങ്ങിയ വെള്ളമാണൊഴുകികൊണ്ടിരിക്കുന്നത്..ചോലക്കപ്പുറം നല്ല ഈടതൂര്‍ന്ന കാടു തന്നെയാണു.

പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ പ്രതീക്ഷയോടെ ഇരുന്നു.തലേ ദിവസം വാഗ്ദാനവുമായി പോയ ആളുടെ വരവും കാത്ത്.ഫോണ്‍ ചെയ്തപ്പോഴാണു പുള്ളി പറയുന്നത് ആക്രമണ സാധ്യത തള്ളികളയാനാവില്ല.ബന്ദാഹ്വാനം ചെയ്ത പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലമാണിതെന്ന് ..ഈ അറിവ് ഞങ്ങളുടെ ഉന്മേഷത്തെ കെടുത്തിയെങ്കിലും കുട്ടികള്‍ അവരുടെ രീതിയില്‍ ഈ നിസ്സഹായാവസ്ഥയെ ആഘോഷിക്കാന്‍ തുടങ്ങി.അവര്‍ ഷട്ടില്‍ റാക്കറ്റും ക്രിക്കറ്റ് ബാറ്റുമായി ടീമായി തിരിഞ്ഞ് മല്‍സരങ്ങള്‍ തുടങ്ങി.ഉച്ച വരെ കുട്ടികള്‍ കായിക വിനോദങ്ങളിലും മുതിര്‍ന്നവര്‍ പരദൂഷണത്തിലുമായ് സമയം കളഞ്ഞിരുന്നു
.
ഉച്ച ഭക്ഷണവും ഒരു ചെറിയ മയക്കവും കഴിഞ്ഞപ്പോഴേക്കും നാലു മണിയാവാറായിരുന്നു. അപ്പോള്‍ അനുവും ഖലീലും  പറഞ്ഞു നമുക്ക് ഒന്നു പതുക്കെ പോയി നോക്കാം .ബൈക്കുകളും ചെറിയ വാഹനങ്ങളുമൊക്കെ പോകുന്നുണ്ടെന്ന് മെസ്സിലെ പയ്യന്‍മാര്‍ പറഞ്ഞുവത്രെ. അവര്‍ അത്താഴത്തിന്റെ സാമഗ്രികളുമായി വന്നതായിരുന്നു.ആ വാര്‍ത്തയില്‍ ഞങ്ങള്‍ വീണ്ടും ഉഷാറായി.

ബസ്സ് പതുക്കെ പ്രധാന വീഥിയിലേക്ക് കയറി ഉള്ളില്‍ ഒരു പ്രാര്‍ത്ഥന .ഒന്നും സംഭവിക്കരുതേ..അപ്പോഴാണു. ഞങ്ങളും ചിന്തിച്ചത് ഈ യാത്ര കുറച്ചു നേരത്തെ ആക്കാമായിരുന്നു എന്നു.കാരണം ഒരു പാട് വലുതും ചെറുതുമായ വാഹനങ്ങള്‍ നിരത്തിലൂടെ പോകുന്നുണ്ടായിരുന്നു.റോഡിനിരുവശവും വാഴത്തോട്ടങ്ങളാല്‍ സമൃദ്ധമാണ് .പടവലവും, പാവലുക്കെ വിളഞ്ഞ് കിടക്കുന്ന കൃഷി ഭൂമികള്‍ക്കിടയിലൂടെയായിരുന്നു ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്.ഒരു വയലിന്റെ അരികിലായി വലിയൊരു വടവൃക്ഷം .അതില്‍ നിറയെ വവ്വാലുകള്‍ തൂങ്ങി കിടന്നത് ഞങ്ങളെ അതിശയിപ്പിച്ചു.ആ മരത്തിന്റെ ശാഖകളെ വേര്‍തിരിച്ചറിയാനാവാത്ത വിധത്തില്‍ ചെറിയ ബാഗുകള്‍ തൂക്കിയിട്ടത് പോലെ ..ഹൊറര്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ ദൃശ്യം പക്ഷെ ഭയാനകത തുളുമ്പുന്നതായിരുന്നു.

ഞങ്ങള്‍ നേരെ ബാണാസുര ഡാം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.വയനാടിന്റെ പശ്ചിമാതിര്‍ത്തിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗിരി ശൃംഗങ്ങളുടെ താഴ്വരയില്‍ പരന്നു കിടക്കുന്ന നീല ജലാശയം .അവിടെ ബോട്ടു യാത്രകള്‍ നടത്തനുള്ള സമയം അതിക്രമിച്ചതിനാല്‍ അണകെട്ടിന്റേയും മലനിരകളുടെ പച്ചപ്പിനേയും ദൂരെ നിന്നു മാത്രം ദര്‍ശിച്ച് തൃപ്തി പെടേണ്ടി  വന്നു ഞങ്ങള്‍ക്കു.നാലു ചുറ്റും പ്രകൃതിയുണ്ടാക്കിയ കോട്ട പോലെ അംബരചുംബികളായ മലനിരകളുടെ നിമ്ന്നോന്നതങ്ങളുടെ വശ്യ ഭംഗി കണ്ണിനെ കുളിരണിയിക്കുന്നതായിരുന്നു.സ്പില്‍ വേ ഒഴികെ ബാക്കി ഭാഗം മുഴുവന്‍ മണ്ണു കൊണ്ട് നിര്‍മ്മിച്ച ഈ അണകെട്ട് ഇന്ത്യയിലെ തന്നെ വലിയ അണകെട്ടാണെന്നു പറയപ്പെടുന്നു. അവിടെ പാതയോരങ്ങളിലായി ജക്രാന്ത മരങ്ങള്‍ ഇളം വയലറ്റ് നിറമുള്ള പൂക്കുലകളോടെ നില്‍ക്കുന്ന കാഴ്ച്ചയില്‍ ഞാനന്ധാളിച്ച് നിന്നു.ഒരു കൊച്ചു കുഞ്ഞിന്റെ കൌതുകത്തോടെ ഞാനാ മരത്തിന്റെ താഴെ വീണു കിടന്ന പൂക്കള്‍ പെറുക്കി എടുത്തു ബാഗിലിട്ടു.എന്റെ മകനെന്നെ കളിയാക്കാന്‍ തുടങ്ങി.തലക്ക് വട്ടായോ എന്നു ചോദിച്ചു .പക്ഷെ കിളികളും മരങ്ങളും പൂക്കളും എന്നെ വട്ടു പിടിപ്പിക്കുന്നവയാണെന്നു ഞാനവനെ മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചില്ല.കുറേ നേരം ആ മലനിരകളുടെ ഭംഗി ആസദിച്ചതിനു ശേഷം ഇരുട്ടു പരക്കാന്‍ തുടങ്ങുമ്പോഴേക്കും ഞങ്ങള്‍ ബസ്സില്‍ കയറി.അനുവിന്റെ ഒരു ബന്ധുവിന്റെ വീട് അവിടെയുണ്ട്. അവരെ ഒന്നു പോയി കാണുകയാണെങ്കില്‍ അതവരില്‍ വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും കൂടെ അവിടെ പോകാമെന്ന് വെച്ചു.

കല്‍പറ്റയ്ക്കുള്ള പ്രധാന വീഥിയില്‍ നിന്നും  തെക്കുംത്തറയില്‍  കുറച്ചുള്ളിലായ് പിനങ്ങോട് എന്ന സ്ഥലത്താണു അനുവിന്റെ വല്യമ്മയും കുടുംബവും താമസിക്കുന്നത്.സന്ധ്യയുടെ ചുവപ്പു മാഞ്ഞിരിക്കുന്നു ഞങ്ങളവിടെ കയറി ചെല്ലുമ്പോള്‍ .തികച്ചും കര്‍ഷക കുടുംബമായ അവര്‍ ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തി.വലിയൊരു നടുമുറ്റവും വലതു ഭാഗത്തായി വൈക്കോല്‍ കൂനകളും ചാണകം മെഴുകിയ ആ മുറ്റത്തിനു നടുവിലായ് തുളസിത്തറയുമൊക്കെയായി ഐശ്വര്യത്തിന്റെ സാന്നിധ്യം വിളിച്ചോതുന്ന ഒരു തറവാട്.ഈ തറവാട് കണ്ടപ്പോള്‍ എനിക്ക് നെല്ല്.സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ വീടോര്‍മ വന്നു.ഞാനെന്തോ നെല്ല് സിനിമയുമായി അത്രക്ക് ആത്മ ബന്ധം പുലര്‍ത്തിയിരുന്നു.ഈ സിനിമ പിന്നീട് പലപ്പോഴും കാണാനിടയായതിനാല്‍ അതിലെ ഓരോ രംഗങ്ങളും രാമു കാര്യാട്ടിന്റെ വിസ്മയിപ്പിക്കുന്ന ആങ്കിളുകളും എനിക്ക് കാണാപ്പാഠമായിരുന്നു. വയനാട്ടില്‍  കാണുന്നതിലെന്തിലും ആ സിനിമയില്‍ കണ്ട ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്താന്‍ മാത്രം സുദൃഢമായ ഒരു ഘടകം  എന്റെയുള്ളിലെവിടേയോ കിടപ്പുണ്ടായിരുന്നു..
അവിടുത്തെ അമ്മയും മക്കളെല്ലാവരും വളരെ വിനയവും സ്നേഹവുമുള്ളവരും നിഷ്കളങ്കരുമായിരുന്നു. മധ്യവേനലവധിയായതിനാല്‍ മക്കളും പേരകുട്ടികളുമൊക്കെയായി ഒരു പാടംഗങ്ങള്‍ ആ അമ്മയ്ക്ക് ചുറ്റും .അവിടെയുള്ള മുതിര്‍ന്ന ആണുങ്ങള്‍  ആദ്യകാല വയനാടിന്റെ ചിത്രം ഞങ്ങളുടെ കൂടെയുള്ള പുരുഷന്‍മാര്‍ക്കു നല്‍കുന്നുണ്ടായിരുന്നു .ആ വീടിനു ചുറ്റും കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമാണു.നെല്ല്,കമുക് തെങ്ങ് ,ഇഞ്ചി തുടങ്ങിയ മറ്റു വിളകളിലും അവര്‍ ശ്രദ്ധാലുക്കളാണു. ഏകദേശം അര മണിക്കൂറോളം ചിലവിട്ട് അവിടെ നിന്നും ഞങ്ങള്‍ ഇറങ്ങി.മുറ്റത്ത് നിന്നും ചെറിയ ഒരിടവഴിയിലൂടെ വേണം പ്രധാന നിരത്തിലേക്ക് കയറാന്‍ .അവിടെ ഒതുക്കി നിറുത്തിട്ടിരിക്കയാണു ഞങ്ങളുടെ ബസ്സ്. ഇടവഴിയിലേക്ക് കയറുന്നതിനു മുന്പായി ആ തറവാടിന്റെ മുറ്റം അവസാനിക്കുന്നിടത്ത് ഇരുട്ടിന്റെ മറവില്‍ കണ്ട മിന്നാമിനുങ്ങുകളുടെ ഘോഷയാത്ര അത്യപൂര്‍വമായ ഒന്നായി എനിക്ക് തോന്നി.നൂറുകണക്കിനു മിന്നാമിനുങ്ങുകള്‍ തലങ്ങും വിലങ്ങും പാറി ക്കളിക്കുന്നു.ആ അത്ഭുത കാഴ്ച്ച മനസ്സിലേക്കൊപ്പിയെടുത്ത് ഞങ്ങള്‍ അവിടെ നിന്നും താമസസ്ഥലത്തേക്ക് യാത്ര തിരിച്ചു.

ഒന്‍പത് മണിയോടെ ഞങ്ങള്‍ കോട്ടേജിലെത്തി.രാവിലെ എട്ട് മണിക്കെങ്കിലും ഞങ്ങളുടെ സ്വപ്ന ലക്ഷ്യമായ "കുറുവ"ദീപില്‍ എത്തിപ്പെടേണ്ടതാണ്.കുട്ടികളോടൊക്കെ വേഗം അത്താഴം കഴിച്ച് കിടന്നുറങ്ങാന്‍ നിര്‍ദ്ദേശിച്ച് രാവിലെ തന്നെ കോട്ടേജില്‍ നിന്നും ചെക്കൌട്ട് ചെയ്യേണ്ടതിനാല്‍ ബാഗൊക്കെ ഒതുക്കാമെന്ന് വെച്ചു  .അത്താഴം കഴിക്കാനായ് മെസ്സ് ഹാളില്‍ ചെന്നപ്പോള്‍ അവിടുത്തെ കുട്ടികള്‍ സ്നേഹത്തോടെ പറഞ്ഞു ഞങ്ങള്‍ക്കു കൊണ്ടു പോകാനായ് ആ തൊടിയില്‍ നിന്നും പറിച്ചെടുത്ത പപ്പായയും മാങ്ങയും ചക്കയുമൊക്കെ എടുത്ത് വെച്ചിട്ടുണ്ടെന്ന്.പിന്നെ തെല്ലു ദുഃഖത്തോടെ മൂന്നു ദിവസം ഞങ്ങളവിടെ ചിലവഴിച്ചതില്‍ ഉരുത്തിരിഞ്ഞ ഒരു വൈകാരിക ബന്ധത്തിന്റെ ഊഷ്മളതയില്‍ ഞങ്ങളോട് ഇടയ്ക്കിടെ വയനാട് സന്ദര്‍ശിക്കണമെന്നും താമസിക്കാന്‍ ഇവിടെ തന്നെ വരണമെന്നും അഭ്യര്‍ത്ഥിച്ചു.ആ സ്നേഹ ക്ഷണം നിരസിക്കാനാവാതെ ഞങ്ങളവരെ സമാധാനിപ്പിച്ചു .ചില സാങ്കേതിക കാരണങ്ങളാല്‍ ഞങ്ങള്‍ വേഗം തിരിച്ചു പോകുന്നതാണെന്നും വയനാടിന്റെ സൌന്ദര്യം മുഴുവന്‍ ഞങ്ങളാസ്വദിച്ചിട്ടില്ലെന്നും അതു കൊണ്ട് തീര്‍ച്ചയായും വീണ്ടുമൊരു സന്ദര്‍ശനം ഉണ്ടാകുമെന്നും താമസത്തിനു ഈ കോട്ടേജില്‍ തന്നെ വരുമെന്നും പറഞ്ഞ്...
വെളുപ്പിനു തന്നെ എഴുന്നേല്‍ക്കേണ്ടതിനാലും ഉറക്കം വന്നാല്‍ പിന്നെ യാതൊരു വിട്ടുവീഴ്ച്ചയും എന്റെ കണ്‍ പോളകള്‍ എന്നോട് കാണിക്കാത്തതിനാലും ഞാന്‍ വേഗം തന്നെ ഉറങ്ങാന്‍ കിടന്നു.
എല്ലാവരേക്കാളും മുന്പേ ഉണര്‍ന്ന ഞാന്‍ എന്റെ പ്രഭാത കൃത്യങ്ങള്‍ ക്ക് ശേഷം ആറര മണിയോടെ കാപ്പി കൊണ്ടു വരാന്‍ പറയാം എന്നുദ്ദേശിച്ച് ഫ്ലാസ്കുമെടുത്ത് പുറത്തേക്കുള്ള പ്രധാന വാതില്‍ താക്കോലിട്ട് തുറന്നു.പുറത്തേക്ക് കടന്ന ഞാന്‍ അവിടെയുള്ള ചാരുകസേരയില്‍ ഉറങ്ങാതെ ഇരിക്കുന്ന എന്റെ ഭര്‍ത്താവിനെ കണ്ട് ഞെട്ടിപ്പോയി.പരിഭ്രമത്തോടെ ഇതെന്ത് പറ്റിയെന്നയെന്റെയന്വേഷണത്തിന്.തെല്ലു ജാള്യത നിറഞ്ഞ ചിരിയോടെ അദ്ദേഹം വിവരിക്കാന്‍ തുടങ്ങി.ഞാന്‍ പോയി കിടന്നതിനു ശേഷം ജ്യേഷ്ടനുമായി സംസാരിച്ചിരുന്ന പുള്ളിക്കൊരാഗ്രഹം നല്ല സുഖമുള്ള കാലാവസ്ഥ .രാത്രി താനീ വരാന്തയില്‍ കിടക്കുകയാണെന്നും പറഞ്ഞുവത്രെ.ജ്യേഷ്ടന്‍ വാതില്‍ പൂട്ടട്ടെ എന്നു ചോദിച്ചപ്പോള്‍ അകത്ത് നിന്നും പൂട്ടി കിടന്നോളാനും പറഞ്ഞു.തന്റെ യൌവന കാലത്ത് കാട്ടിലൂടെ നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള ആളാണദ്ദേഹം .അതയവിറക്കി കൊണ്ട് ഉറങ്ങാന്‍ കിടന്നു.കുറച്ച് കഴിഞ്ഞപ്പോഴേക്കും സാമാന്യം നല്ല രീതിയില്‍ കൊതുകുകള്‍ പുള്ളിയോട് കിന്നാരം പറയാനെത്തി .അവറ്റയുടെ ശല്യം സഹിക്കാതെ  എണീറ്റ് മുറ്റത്തെ മരത്തില്‍ കെട്ടിയ ഹാമക്കില്‍ (വള്ളിത്തൊട്ടില്‍ )കയറി കിടന്നു.പല തരം ജീവികളുടെ വിചിത്ര ശബ്ദങ്ങളും ദൂരെ നിന്നും ഏതൊക്കെയോ കാട്ടു മൃഗങ്ങളുടെ കരച്ചിലിന്റെ അലയൊലികളും .അതിനൊക്കെ പുറമെ പകല്‍ അവിടെയുള്ളവര്‍ പറഞ്ഞ ഒരു കാര്യം രാത്രികാലങ്ങളില്‍ കാട്ടു പന്നികളും കാട്ടാനകളും ചോല കടന്ന് ഈ തൊടിയിലേക്കെത്തി നോക്കാറുണ്ടെന്നും ,ചക്ക പഴുത്ത മണം തേടി കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുമെന്നൊക്കെ പറഞ്ഞത് അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കടിയില്‍ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍ ചെയ്തു വരുന്ന പോലെ വരാന്‍ തുടങ്ങി പോലും.. പിന്നെയദ്ദേഹം നേരം വെളുപ്പിച്ചത് കണ്ണും തുറന്നുകൊണ്ടാണത്രെ.എനിക്കത് കേട്ടപ്പോള്‍ സങ്കടവും ചിരിയുമൊക്കെ ഒരുമിച്ച് തോന്നി.ആ പാവം രാത്രി മുഴുവന്‍ അകത്ത് കടക്കാന്‍ നിവൃത്തിയില്ലാതെ കസേരയിലിരുന്നത് ജ്യേഷ്ടനോട് പുള്ളി കാര്യമായി തന്നെ ഉറപ്പ് കൊടുത്തതിനു വിപരീതമാവാതിരിക്കാനായിരുന്നുവത്രെ .
പ്രാതലിനു ശേഷം എല്ലാവരും വളരെ ഉല്‍സാഹത്തോടെ തന്നെ ബസ്സിലേക്ക് കയറി.ഞാനെന്റെ ട്രെക്കിങ് ഷൂ എടുത്തണിഞ്ഞു.കാട്ടിലൂടെ നടക്കേണ്ടതല്ലെ.ബസ്സ് മാനന്ത വാടിയില്‍ നിന്നും കുറുവ ദ്വീപിനെ ലക്ഷ്യമാക്കി കുതിക്കുകയാണ്.ഇരു വശങ്ങളിലും കാപ്പിച്ചെടികള്‍ പൂത്ത് നില്‍ക്കുന്നു.കാപ്പിയുടെ നറുമണം അവിടമാകെ കാറ്റില്‍ പരന്നിരുന്ന പോലെ തോന്നി.ലൈലയുടെ മകന്‍ ഖലീല്‍ ഉച്ച ഭക്ഷണത്തിനു വേണ്ട സൌകര്യം ഫോണിലൂടെ ആരെയോ വിളിച്ച് ഏര്‍പ്പാടാക്കുന്നുണ്ടായിരുന്നു.ഞങ്ങളവിടെയെത്തുമ്പോഴേക്കും പത്തു മണി കഴിഞ്ഞു.അപ്പോഴാണാരോ പറയുന്നത് ഷൂവൊന്നും ഉപയോഗിക്കാനവില്ല .ഒന്നുകില്‍ നഗ്ന പാദരാവുക അല്ലെങ്കില്‍ സ്വന്തം റിസ്കില്‍ ഹവായ് ചെരുപ്പുപയോഗിക്കുക.ഞാന്‍ വിഷണ്ണയായ് എന്റെ ഷൂ അഴിച്ചു.ചെരുപ്പില്ലാതെ നടക്കുന്ന കാര്യം കാലു വേദനയുള്ള എനിക്ക് ഓര്‍ക്കാന്‍ പോലും പേടിയായിരുന്നു.എന്റെ ഭര്‍ത്താവ് എനിക്കും അദ്ദേഹത്തിനും ഹവായ് അവിടെ കണ്ട കൌതുക വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വാങ്ങി വന്നു.ഒപ്പം ഏപ്രിലിലെ സൂര്യ കിരണങ്ങള്‍ നേരെ മുഖത്ത് തട്ടുന്നതിനെ തടയാം എന്നു കരുതി തലയില്‍ വെക്കാനായി വീതിയുള്ള ഹാറ്റും വാങ്ങി കൊണ്ടു വന്നു..അനുവും ഖലീലും കൂടി ചങ്ങാടത്തിന്റെ ടിക്കറ്റ് എടുക്കാന്‍ പോയി.

950 ഏക്കറോളം വരുന്ന ഈ നിത്യ ഹരിത വനത്തിലാണു കബനി നദിയുടെ ഉദ്ഭവം .169 കൈവഴികളായി ഈ വനത്തിലൂടെ അതൊഴുകുന്നു.
പുഴയുടെ കൈവഴികളിലൂടെ രൂപപെട്ട ചെറുദ്വീപുകളും തടാകങ്ങളും അടങ്ങിയതാണു കുറുവ ദ്വീപ്.ഭൂമിയിലെ സ്വര്‍ഗമെന്ന് തോന്നിപ്പിക്കും വിധം അതി മനോഹരമായി പ്രകൃതി ഭംഗി വഴിഞ്ഞൊഴുകുന്ന ഈ വനഭൂവില്‍ കാടിന്റേയും കാട്ടാറിന്റേയും സംഗീതവും കുളിര്‍മയും ഗാഢമായി ആസ്വദിക്കാന്‍ പ്രകൃതി സ്നേഹികള്‍ക്ക് കഴിയും .അപൂര്‍വയിനം പക്ഷികള്‍ ,ചിത്ര ശലഭങ്ങള്‍ , ഔഷധ സസ്യങ്ങള്‍ എന്നിവയടങ്ങുന്ന ഒരു മായാ പ്രപഞ്ചം തന്നെയാണീ പച്ച തുരുത്തുകള്‍ .കബനിയുടെ തുടക്കത്തില്‍ നിന്നാണു ഞങ്ങളുടെ ചങ്ങാടം പുറപ്പെടുന്നത്.രണ്ട് ചങ്ങാടത്തിലായി ഞങ്ങള്‍ കുടുംബാംഗങ്ങള്‍ കാട്ടിനുള്ളിലേക്ക് യാത്ര തിരിച്ചു.അനുവിന്റെ പരിചയക്കാരനൊരാള്‍ അവിടെയുണ്ടെന്ന് പറഞ്ഞു.സെക്യൂരിറ്റിയിലെ ഒരുദ്യോഗസ്ഥന്‍ .അദ്ദേഹം ഞങ്ങള്‍ക്ക് നല്ലൊരു ഗൈഡിനെ (ഡി.റ്റി.പി.സി)തരപ്പെടുത്തി തന്നു.കുറുവ ഇക്കൊ ടൂറിസത്തിന്റെ പരിധിയിലുള്ളതായതിനാല്‍ ദ്വീപിന്റെ സംരക്ഷകര്‍ വനാന്തര്‍ഭാഗത്തേക്ക് ഭക്ഷണമോ പ്ലാസ്റ്റിക് കുപ്പികളൊ കൊണ്ടു പോകുന്നതിനു വിലക്കിയിരുന്നു.അഥവാ കൊണ്ടു പോകുന്ന കുപ്പികള്‍ക്ക് ഒരു നിശ്ചിത തുക ഡിപ്പോസിറ്റ് വെച്ച് തിരികെ വരുമ്പോള്‍ കുപ്പികള്‍ കാണിച്ച് പൈസ തിരികെ വാങ്ങാം .ഞങ്ങള്‍ പുഴയുടെ കുറുകെ യാത്ര ആരംഭിച്ചു.സത്യത്തില്‍ ആ ജലയാത്രയില്‍ ഞാനനുഭവിച്ച മാനസികവും
ശാരീരികവുമായ ആനന്ദം വാക്കുകള്‍ക്കതീതമായിരുന്നു ..ഞാനേതോ സ്വര്‍ഗ രാജ്യത്താണെത്തപെട്ടിട്ടുള്ളതെന്നു തോന്നി.ശരിക്കും നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് തന്നെ...

ഞങ്ങളുടെ ചങ്ങാടം പുഴയോരത്തായി വനത്തിന്റെ അരികു പറ്റി നിന്നു.ആ പ്രദേശം മുഴുവന്‍ മുളം കാടുകളാണ്..ഒരു വിധം മുളക്കൂട്ടങ്ങളെല്ലാം തന്നെ പൂത്തിരിക്കുന്നു.12-20 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്.മുള പൂക്കുന്നതോടെ ആ ഒറ്റാം തടി അവിടെ മരിച്ച് വീഴുന്നു.മുളയരി ശേഖരിച്ച് ആളുകള്‍ അതു കൊണ്ട് പോയി വില്‍ക്കുന്നു.അതു ശേഖരിക്കലും ഒരു കഠിനധ്വാനമാണു.താഴെ തുണി വിരിച്ചിട്ടും, തുണി മേലങ്കി പോലെ മുളയില്‍ കെട്ടിയിട്ടും അരി ശേഖരിക്കുന്നു.എലികള്‍ക്കും അണ്ണാറക്കണ്ണന്‍മാര്‍ക്കും ഉല്‍സവമാണു മുള പൂത്താല്‍ .അവയുടെ പ്രജനനം തകൃതിയായി ഈ കാലയളവില്‍ കൂടുന്നു.ഞങ്ങള്‍ ചെന്നു ഗൈഡിനെ തപ്പിയെടുത്തു.നല്ലൊരു ഗൈഡായിരുന്നു.എല്ലാം വളരെ വിശദമായി വിവരിച്ച് തരുന്നുണ്ട്.ശബ്ദമുണ്ടാക്കാതെ വേണം കാട്ടിലൂടെ നടക്കാന്‍ .നമ്മള്‍ നാട്ടുകാര്‍ ശബ്ദമുണ്ടാക്കി കാട്ടില്‍ സ്വൈര്യ വിഹാരം നടത്തുന്ന കാടിന്റെ  ഉടമസ്ഥരെ ശല്യം ചെയ്യാന്‍ പാടില്ല.പ്രധാനമായും കാട്ടു മൃഗങ്ങളില്‍ തന്നെ മാനുകള്‍ ,കുരങ്ങന്‍മാര്‍ ,ആനകള്‍ ,പക്ഷികള്‍ എന്നിവ സമാധാനത്തോടെ കാട്ടിലൂടെ നടക്കുന്നുണ്ടാവും .നമ്മള്‍ ഉണ്ടാകുന്ന ശബ്ദത്തില്‍ അവയുടെ സ്വൈര്യ ജീവിതം അലോസരപ്പെടും ..അതിനാല്‍ ഈ പക്ഷി മൃഗാദികളെ ശല്യപെടുത്തണ്ട എന്നു കരുതി ഞങ്ങള്‍ വളരെ പതുക്കെയാണു സംസാരിച്ചിരുന്നത്.134 ഇനം പക്ഷികളുടെ സ്വൈര്യ വിഹാര കേന്ദ്രമായ ഇവിടെ .തീതുപ്പി പക്ഷി എന്ന പേരിലറിയപ്പെടുന്ന ഒരു അപൂര്‍വ പക്ഷി , നാലു തരം ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷി പലതരം ദേശാടനക്കിളികള്‍ തുടങ്ങി നിരവധി അപൂര്‍വ ജീവ ജാലങ്ങളുടെ കലവറയാണു കുറുവ വനാന്തരം ..
ഓരൊ തുരുത്തിനും ശേഷം ഓരോ പുഴ .യഥേഷ്ടം കണ്ടല്‍ വൃക്ഷങ്ങളും ,ഇല്ലികളും , മുളം കൂട്ടങ്ങളും , കരിവീട്ടി,മാവ് ,പ്ളാവ് , വീട്ടി, കുഞ്ഞി വാക,ദേവദാരു ,അത്തി .ഞാവല്‍ ,തുടങ്ങി പേരറിയാത്ത ഒട്ടനവധി മറ്റു മരങ്ങളും വള്ളിച്ചെടികളും സമൃദ്ധിയോടെ തഴച്ച് നില്‍ക്കുന്നു.പുഴയുടെ തീരത്ത് കാട്ട് കൈതകള്‍ യഥേഷ്ടം വളര്‍ന്നു നിന്നിരുന്നു.കാട്ട് ചെടിയായ ഓര്‍ക്കിഡുകളുടെ വര്‍ണവൈവിധ്യങ്ങള്‍ ദര്‍ശിക്കാനായ് ഞങ്ങള്‍ക്കവിടെ.പുഴയോരങ്ങളില്‍  കാണുന്ന ചെത്തിമിനുക്കിയ പോലുള്ള ഭംഗിയേറിയ ഉരുളന്‍ കല്ലുകള്‍ കൌതുകത്തിനു പോലും കൂടെ കൂട്ടാന്‍ പാടില്ല..മനോഹരങ്ങളായ കാട്ടുച്ചെടികള്‍ കാണുമ്പോള്‍ ഒരെണ്ണം കിട്ടിയെങ്കില്‍ എന്നൊക്കെ തോന്നും .പക്ഷെ  അത്തരം ആഗ്രഹങ്ങളൊക്കെ  മറന്ന്  കാടിന്റെ സൌന്ദര്യം കണ്ടാസ്വദിക്കുക എന്നല്ലാതെ കൂടെ കൊണ്ട് പോയി നിര്‍വൃതിയടയാന്‍ നിയമനുവദിക്കില്ല.ഇങ്ങനെയൊക്കെ ഭരണകൂടങ്ങള്‍  കരുതി ഇരുന്നിട്ട് പോലും ചില സമൂഹ്യ ദ്രോഹികള്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കള്ളത്തടി വെട്ടും മൃഗങ്ങളെ വേട്ടയാടലുമൊക്കെ തകൃതിയായി മറ്റു വനങ്ങളില്‍ നടക്കുമ്പോഴും കുറുവദ്വീപ് അതിനൊരപവാദമാണെന്നു പറയാമെന്ന് തോന്നുന്നു..

ആ ഗൈഡിന്റെ സഹായമില്ലാതിരുന്നെങ്കില്‍ ഞങ്ങളൊക്കെ ഒരു പക്ഷെ മതി മറന്നൊഴുകുന്ന പുഴയുടെ ഒഴുക്കില്‍ പെട്ടുപോയേനേ..പുഴയെ മറി കടന്നത് ഗൈഡ് കാണിച്ച് തന്ന വഴികളിലൂടെ കൈകോര്‍ത്ത് മനുഷ്യ ചങ്ങല തീര്‍ത്ത് കൊണ്ടാണു ഏകദേശം അരക്കൊപ്പം വെള്ളത്തില്‍ കുട്ടികളും മുതിര്‍ന്നവരുമായി ഇരുപത്തഞ്ചോളം അംഗങ്ങള്‍ ..കുട്ടികള്‍ പുഴയുടെ ഭംഗിയില്‍ മയങ്ങി കുളിക്കാനൊരുമ്പെട്ടു.ഏകദേശം അര മണിക്കൂറോളം ആ തെളിഞ്ഞ വെള്ളത്തില്‍ പാറക്കൂട്ടത്തെ മെത്തയാക്കി ഒഴുക്കിനെതിരെ കിടന്ന് വൃക്ഷ തലപ്പുകളിലൂടെ ഒളിഞ്ഞു നോക്കുന്ന വെയില്‍ നാളത്തില്‍ വനാന്തര്‍ഭാഗത്തെ നീരാട്ട് കുട്ടികളും വലിയവരും ഒരു പോലെ ആസ്വദിച്ചു.നാലു മണിക്കൂര്‍ കടന്നു പോയതറിഞ്ഞില്ല.പ്രധാനപെട്ട ഒന്‍പത് കൈവഴികളേയും കടന്ന് ഞങ്ങള്‍ യാത്ര തുടങ്ങിയിടത്ത് തന്നെ എത്തിച്ചേര്‍ന്നു.അവിടെ പുഴയില്‍  അപ്പോഴും ഒരു പാടാളുകള്‍  നീന്തി തുടിക്കുന്നുണ്ടായിരുന്നു.സമയം മൂന്ന് മണിയായിരിക്കുന്നു.തിരിച്ച് പോകുന്നതിനായുള്ള ചങ്ങാടം കാത്തു നില്ക്കുകയാണു ഞങ്ങള്‍ .എല്ലവരും അതു വരെ ഉന്‍മേഷത്തോടെ നടന്നത് കാടിന്റെ മാസ്മരികതയില്‍ അലിഞ്ഞായിരുന്നു.തിരിച്ച് പോകുന്നല്ലോ എന്നോര്‍ത്തപ്പോഴാണു എല്ലാവരും വിശപ്പും ദാഹവും അനുഭവിച്ചത്.ചങ്ങാടത്തില്‍ കയറിയിരുന്ന് ആ വന്യ സൌന്ദര്യത്തെ പിന്നിലാക്കുമ്പോള്‍ എന്തിനെന്നറിയാതെ എന്റെ മുഖത്ത് പ്രകടമായ വിഷാദം മൌനമായി മാറിയപ്പൊള്‍ അനു എന്നോട് ചോദിച്ചു ;അമ്മായി എന്തു പറ്റി ഒരു വിഷമം മുഖത്ത്..പോകുമ്പോള്‍ കണ്ട ഉല്‍സാഹം കാണാനില്ലല്ലോ ..ചെറിയൊരു  ചിരി ചുണ്ടില്‍ വരുത്തി ഞാന്‍ പറഞ്ഞു ;കാടിന്റെ ഭംഗിയും പുഴകളുടെ വശ്യതയും ഓര്‍ത്തെടുത്ത് മനസ്സില്‍ കുറിച്ചിടുകയാണെന്ന്..

ബസ്സില്‍ ഒരു വിധം എത്തിയപ്പോഴേക്കും എല്ലവരും തളര്‍ന്നു പോയിരുന്നു.എത്ര കിലോമീറ്ററോളം നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ല.എങ്കിലും ഏകദേശം ഇരുപത് കിലോമീറ്ററ്റോളം നടന്നിട്ടുണ്ടെന്ന് ഗൈഡ് പറഞ്ഞതില്‍ നിന്നും ഞങ്ങള്‍ അനുമാനിച്ചു..ചിലര്‍ സംശയം പ്രകടിപ്പിച്ചു ഇത്ര നേരായില്ലേ..ഇനി ഭക്ഷണം കിട്ടുമോ..പക്ഷെ പാല്‍ വെളിച്ചം എന്ന സ്ഥലത്തെ ഒരു വീട്ടില്‍ ഞങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറായിരിക്കയാണെന്നറിഞ്ഞതില്‍ എല്ലവരും സന്തോഷിച്ചു.ഒരു ചെറിയ വീട്ടില്‍ ഹോം ഫുഡ് എന്ന ബോര്‍ഡും വെച്ച് ഉമ്മറക്കോലായില്‍ നാലു ബെഞ്ചും ഡസ്കും ഇട്ട് വാഴയിലയും വെച്ച് ഞങ്ങളെ രണ്ട് പെണ്‍ കുട്ടികള്‍ കാത്ത് നില്‍ക്കുന്നു.ഓംലറ്റും വേണമെന്ന് പറഞ്ഞപ്പോള്‍ ധൃതിയില്‍ അതുണ്ടാക്കാനായ് അവര്‍ അടുക്കള ഭാഗത്തേക്ക് മറഞ്ഞു."കുഞ്ഞി" എന്നു വിളിക്കുന്ന എട്ട് വയസ്സു പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ചടുലതയോടെ ഞങ്ങളുടെ ഇലക്കീറുകളില്‍  തോരനും ചോറും സമ്പാറുമൊക്കെ അതി വിദഗ്ദമായ്  വിളമ്പി തരുന്നുണ്ടായിരുന്നു.വിശപ്പിന്റെ ആധിക്യത്താല്‍ എല്ലവരും അന്നു വരെ ഭക്ഷണം കാണാത്ത മട്ടില്‍ ആ നാടന്‍ വിഭവങ്ങള്‍ രുചിയോടെ കഴിച്ചു.അത്ഭുതം തോന്നിയത് അതുവരെ സ്വന്തം വീടുകളില്‍ ചോറു വേണ്ട എന്നു പറയുന്ന കുട്ടികള്‍ വിശിഷ്ട വിഭവം പോലെ ചോറു കഴിക്കുന്നത് കണ്ടപ്പോഴാണു..

ഊണും കഴിഞ്ഞ് ബസ്സില്‍ കയറി എല്ലാവരും ഉണ്ടെന്ന് കരുതി ബസ്സ് മുന്നോട്ടെടുത്തു .കുറച്ച് കഴിഞ്ഞപ്പോഴാണു അയിഷ പരിഭ്രമത്തോടെ  പറയാന്‍ തുടങ്ങിയത് ; അയ്യോ അനു ഊണിന്റെ പൈസ സെറ്റില്‍ ചെയ്യുകയായിരുന്നു ,ബസ്സില്‍ കയറിയിട്ടില്ലാ എന്നു.അപ്പോഴേക്കും ബസ്സ് ഒരു കിലോമീറ്ററോളം പോന്നു.അനുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ അവന്‍ ഓട്ടോ പിടിച്ച് ബസ്സിനടുത്തെത്തിക്കോളാം എന്നു പറഞ്ഞു.ഈ അബദ്ധം എങ്ങിനെ പറ്റിയെന്നറിയില്ല.ഒരു പക്ഷെ ഭക്ഷണവും കഴിഞ്ഞ് പലരും പലപ്പോഴായി കയറി വന്നു സീറ്റില്‍ ഇരുന്നു ഉറക്കം തുടങ്ങിയതിനിടക്ക് സാധാരണ എപ്പോള്‍ കയറുമ്പോഴും തലവരിയെണ്ണാറുള്ള പതിവ് അപ്പോള്‍ നടത്താന്‍ വിട്ടു പോയതായിരിക്കാം .എന്തായാലും ഒരു ചിരിയോടെ അനു വന്നു ബസ്സില്‍ കയറി.പിന്നീടെല്ലവരും സാമാന്യം നല്ല രീതിയില്‍  തന്നെ കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി.

അഞ്ചര മണിയോടെ കല്‍പറ്റയിലെത്തി.പുറത്ത് വേനല്‍ മഴ ശക്തിയായ കാറ്റോട് കൂടി പെയ്യുന്നുണ്ടായിരുന്നു.ഒരു ഹോട്ടെലിനു മുന്നില്‍ ബസ്സ് നിറുത്തി ,കാപ്പി കുടിച്ച് ഒന്നുന്‍മേഷം വീണ്ടെടുക്കാമെന്ന് വെച്ചു.അവിടേയും കണ്ടു കുറെ കൌതുക വസ്തുക്കളുടെ സ്റ്റാളുകള്‍ ..ഞങ്ങള്‍ സ്ത്രീ ജനങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച പെറുക്കി വാങ്ങല്‍ വീണ്ടും തുടങ്ങി.

അവിടെ നിന്നും പോരുന്ന വഴിക്കാണു ദേശീയ പാതയോരത്തായി ചുരം ഇറങ്ങുന്നതിനു മുന്പ് ലക്കിടി എന്ന സ്ഥലത്ത് "ചങ്ങല മരം "എന്ന അത്ഭുതം കണ്ടത്.ഒരു മരത്തിന്റെ കൊമ്പില്‍ കുരുക്കിയ ചങ്ങലയുടെ രണ്ടറ്റവും ഭൂമിയുടെ അടിയില്‍ മൂടപെട്ടു കിടക്കുന്നു.നിരവധി വര്‍ഷങ്ങള്‍ക്കു മുന്പ് കോര്‍ത്തിട്ട ഈ ചങ്ങല മരത്തിനൊപ്പം വളരുന്നു എന്നാണു വിശ്വാസം .ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഒരു സംഭവമാണിതെന്ന് പറയപ്പെടുന്നു.ഒരു സായിപ്പിനു വയനാട്ടിലേക്ക് വഴി കാണിച്ച് കൊടുത്ത "കരിന്തണ്ടന്‍ " എന്ന ആദിവാസിയെ സായിപ്പ് എന്തോ കാരണത്താല്‍ അവിടെ വെച്ച് വധിച്ചുവത്രെ.പിന്നീട് ഈ ആദിവാസി യുവാവിന്റെ പ്രേതാത്മാവ് അതിലൂടെയുള്ള വഴിയാത്രക്കാര്‍ക്കൊക്കെ ശല്യമായി തീരുകയും ആ പ്രേതത്തെ ഒരു സിദ്ധന്‍ ആവാഹിച്ച് ഈ മരത്തില്‍ ചങ്ങല കൊണ്ട് തളച്ചിടുകയും ചെയ്തുവെന്നാണു ഐതിഹ്യം .


സത്യവും മിഥ്യയും വേര്‍തിരിച്ചറിയാനാവാത്ത വിധത്തില്‍ ചില പ്രതിഭാസങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഓരോ മരത്തിനും പ്രദേശത്തിനും മലകള്‍ക്കും കുളങ്ങള്‍ക്കുമൊക്കെ ഓരോരോ നിഗൂഢകഥകള്‍ പറയാനുണ്ടാകും .കൊള്ളേണ്ടവര്‍ക്കു കൊള്ളാം ;തള്ളേണ്ടവര്‍ക്ക് തള്ളാം ..വയനാട് അഥവ വാഴകളുടെ നാട് .വന്യ സൌന്ദര്യവും ജൈവസമ്പത്തും ഔഷധ സസ്യങ്ങളുടേയും ആദിവാസി പാരമ്പര്യ വൈദ്യത്തിന്റേയും ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പാട് നിഗൂഢതകളും രഹസ്യങ്ങളും മയങ്ങുന്ന ഒരു വന പ്രദേശം .അവിശ്വസനീയങ്ങളായ ഐതിഹ്യങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും കൂടിക്കലര്‍ന്നു കിടക്കുന്ന വയനാടിന്റെ പ്രാചീന ചരിത്രം പൂര്‍ണമല്ല.പ്രഗല്‍ഭ പണ്ഡിതരുടെ അഭിപ്രായത്തില്‍ എണ്ണായിരവും പതിനായിരവും വര്‍ഷങ്ങള്‍ പഴക്കമുള്ള എടക്കല്‍ ശിലാലിഖിതങ്ങള്‍ ചരിത്രകാരന്‍മാരില്‍ കൌതുകമുണര്‍ത്തുന്ന ഒരു  സാംസ്കാരിക ചിഹ്നം എന്നു പറയാം ,.കേരള വര്‍മ്മ പഴശ്ശിരാജയുടേയും ,ടിപ്പു സുല്‍ത്താന്റേയും , ഒടുവില്‍ ബ്രിട്ടീഷുകാരുടേയും അധിനി വേശത്തിനും ഒഴിഞ്ഞു പോക്കിനും സാക്ഷ്യം വഹിക്കേണ്ടി വന്ന വയനാടിനു പടയോട്ടത്തിന്റേയും .അധിനിവേശത്തിന്റേയും ഒളിപ്പോരിന്റേയും മനുഷ്യക്കുരുതികളുടേയും കഥകള്‍ ഏറെ പറയാനുണ്ടാകും . സ്വതന്ത്ര്യത്തിനു ശേഷവും കബനിയുടെ മാറിടം ചുവന്നത് പില്‍ക്കാലത്തെ നാട്ടു പ്രമാണിമാരുടെ ക്രൂരതയ്ക്ക് പകരം വീട്ടാനായ് പ്രത്യയ ശാസ്ത്രത്തിലും സാമൂഹിക നീതിയിലും  സിദ്ധാന്തങ്ങളിലും അധിഷ്ടിതമായ നക്സല്‍ പ്രസ്ഥാനം ; ഫ്യൂഡലിസത്തിന്റെ വക്താക്കളുടെ ശക്തിക്ക് മുന്നില്‍  ദുര്‍ബലരായ ആദിവാസി ജനത അനുഭവിക്കേണ്ടി വന്ന  അടിമത്വത്തില്‍ നിന്നും അവരെ രക്ഷിക്കാനായ് നടത്തിയ തേരോട്ടങ്ങളില്‍ വീണ നിണമൊഴുകിയാണു.

ആദിവാസികളെയും അവരുടെ തനിമയേയും തേടി എന്റെ കണ്ണുകള്‍ വയനാട്ടിലെ ഞാന്‍ സന്ദര്‍ശിച്ച ഓരോ തെരുവോരങ്ങളിലും അലഞ്ഞെങ്കിലും ആരാണാദിവാസിയെന്ന് വേര്‍തിരിച്ചറിയാനായില്ല എനിക്ക്..നെല്ലു സിനിമയില്‍ ജയഭാരതിയുടേയും കനക ദുര്‍ഗയുടേയും വസ്ത്രങ്ങള്‍ 35 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഗോത്രങ്ങളുടെ തനത് വ്യക്തിത്വത്തോടെ ദര്‍ശിക്കാം എന്നു ഞാന്‍ ചിന്തിച്ചത് എന്റെ വിവരക്കേടായിട്ടാണെനിക്ക് തോന്നിയത്.വനാന്തര്‍ ഭാഗങ്ങളില്‍ നാടിന്റെ മാറ്റങ്ങളറിയാനോ മനസ്സിലാക്കാനോ കഴിയാത്ത ഗോത്രങ്ങള്‍ ഒരു പക്ഷെ കാണുമായിരിക്കാം .എന്നാല്‍ ഇന്നത്തെ വയനാടിന്റെ നഗരങ്ങളിലോ ഗ്രാമങ്ങളിലോ മാക്സിയും സല്‍വാറുമല്ലാതെ വേറൊരു വേഷവുമണിഞ്ഞ ആരേയും കാണാനായില്ല.എല്ലാവരും പുതു തലമുറയിലെ വസ്ത്ര പരിഷ്കാരം ഉള്‍കൊണ്ടിരിക്കുന്നു. സത്യത്തില്‍ കണ്ട കാഴ്ച്ചകളേക്കാള്‍ കാണാനുള്ള കാഴ്ച്ചകളേറെയെന്ന കുണ്ഠിതത്താല്‍ മനസ്സു തൃപ്തിയായിട്ടായിരുന്നില്ല ചുരമിറങ്ങിയത്.ഇനിയും ആ മാസ്മരിക സൌന്ദര്യത്തെ പുണരാന്‍  കൊതിക്കുന്ന മനസ്സോടെയാണു ഞങ്ങള്‍ തിരിച്ച് പോയത്.ഈ ഭൂമിയെ ഇത്രയും സൌന്ദര്യത്തോടെ സൃഷ്ടിച്ച സര്‍വേശന്‍ എത്ര വലിയ കലാകാരനും കാരുണ്യവാനുമാണു.ഈ നീല ഗ്രഹത്തില്‍ വനഭൂമിയുടെ പച്ചപ്പും ,നീലാംബരത്തെ ചുംബിക്കാന്‍ വെമ്പുന്ന മാമലകളും ,നിഗൂഢതകള്‍ ഒളിപ്പിച്ച സമുദ്രങ്ങളും കാലത്തെ വെല്ലുന്ന ശില്‍പ ചാതുരിയില്‍ പ്രകൃതിയെ വാര്‍ത്തെടുത്തിരിക്കുന്ന ഒരു പാടൊരുപാട് അമൂല്യവും അമൂര്‍ത്തവുമായ ദൃശ്യങ്ങള്‍ .മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു വേണ്ടി ഈ മനോഹാരിതയെ നശിപ്പിക്കുന്നു.യുദ്ധങ്ങളും ,വെട്ടി പിടിക്കലും ,പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്യലുമൊക്കെയായി നടത്തി വരുന്ന ആക്രമണങ്ങള്‍ വരും തലമുറകള്‍ക്കീ ഭൂമിയുടെ സൌന്ദര്യവും സമ്പത്തും നിഷേധിക്കലും കൂടിയാണിന്നത്തെ മനുഷ്യ സമൂഹം അഭിമാനത്തോടെ ആധുനിക വല്‍ക്കരണം എന്ന മഠയത്തരത്തിലൂടെ നടത്തി വരുന്നത്.പുറത്തപ്പോള്‍ പെയ്തിരുന്ന മഴയുടെ താളത്തെ  ശ്രവിച്ച് ബസ്സിലിരുന്നു കണ്ണുമടച്ച് ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുകയായിരുന്നു..ഇനിയെങ്കിലും വരും തലമുറകള്‍ക്കഭിമാനിക്കാനുതകുന്ന ഒരു  തത്ത്വസംഹിതയ്ക്ക് തുടക്കമിട്ട്   ഈ തലമുറയിലെ എല്ലാവരും പ്രകൃതി സംരക്ഷണത്തിനായ് ഒത്തൊരുമിച്ച് നിന്നെങ്കില്‍ .......





========================================================================

ഉത്രാളിക്കാവ് അഥവാ ശ്രീ രുദ്ര മഹാകാളിക്കാവ്.തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍
ഷൊര്‍ണൂരിലേക്കുള്ള ദേശീയ പാതയില്‍ പരുത്തിപ്ര എന്ന പ്രകൃതി രമണീയമായ പ്രദേശത്തിന്റെ സ്വന്തം ക്ഷേത്രം..തേക്കിന്‍ മരങ്ങളും മുളകളും കശുമാവും അരളിയുമൊക്കെ സമൃദ്ധമായുള്ള കാടിനും നെല്‍ വയലുകള്‍ക്കും അരികിലായ് ഐശ്വര്യത്തിന്റെ തിലക കുറിയായ് നില കൊള്ളുന്ന പ്രസിദ്ധ ക്ഷേത്രം. കുംഭ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച കൊടി കയറുന്ന പൂരം അതിനടുത്ത ചൊവ്വാഴ്ചയിലെ നിറപകിട്ടാര്‍ന്ന ആഘോഷങ്ങളോടെ കൊടിയിറങ്ങുന്നു..
8 ദിവസത്തോളം നീണ്ടു നിന്ന പറയെടുപ്പിനും പൂജകള്‍ക്കും വിരാമമായി പഞ്ചവാദ്യങ്ങളുടെയും
പാണ്ടിമേളത്തിന്റെയു നിറവില്‍ 11 ആനകള്‍ നെറ്റിപട്ടം,ആലവട്ടം,വെഞ്ചാമരം എന്നീ ഭൂഷാദികളോടെ
തിടമ്പേന്തി എഴുന്നെള്ളുന്നതോടെ പരിസരമാകെ ഭക്തിയുടെ നിറവില്‍ ആറാടുന്നു..മധ്യ കേരളത്തിന്റെ പഞ്ചവാദ്യ മേളക്കാരിലെ
പ്രമുഖര്‍ അണിനിരക്കുന്ന മേളങ്ങളില്‍ പ്രധാനപെട്ടതു നടപ്പുര പഞ്ചവാദ്യമാണ് .
പൂരത്തിന്റെ കലാശമെന്നു പറയുന്നത് പുലര്‍ച്ചെ 4 മണിക്ക് തിരി കൊളുത്തുന്ന വെടികെട്ടോടെയാണ്.ദേശത്തെ മൂന്നു വിഭാഗങ്ങള്‍ .
എങ്കകാട്,കുമരനെല്ലൂര്‍ ,വടക്കാഞ്ചേരി വീറും വാശിയും മാത്സര്യ ബുദ്ധിയോടെ പ്രകടമാക്കുന്ന അഷ്ടദിക്കും മുഴങ്ങുന്ന വെടികെട്ടു
കാതിനു മാത്രമല്ല കണ്ണിനും വിരുന്നു തന്നെ ..

3 comments:

  1. മാം എന്ത് നല്ല വിവരണം .ഇതൊരു തിരകഥ ആക്കുമോ ..?

    ReplyDelete
  2. അതിമനോഹരമായ വിവരണത്തിനു അകമ്പടിയായി കുറച്ച് ചിത്രങ്ങള്‍ എന്തേ ചേര്‍ത്തില്ല?

    ReplyDelete
  3. മുൻ കാമുകനെ തിരികെ കൊണ്ടുവരാനും വിവാഹം സംരക്ഷിക്കാനും സഹായിക്കുന്നതിന് യഥാർത്ഥ അടിയന്തിര ഫലപ്രദമായ സ്പെൽ കാസ്റ്റർ
    എല്ലാവർക്കും ഹലോ, എന്റെ പേര് റോസൽബ, Dr.GURU-ന് നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ ഭർത്താവ് എന്നെ മറ്റൊരു സ്ത്രീക്ക് വിട്ടുകൊടുത്തു, ഞാൻ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ വളരെ തകർന്നു, എന്റെ രണ്ട് കുട്ടികളും കുറച്ച് ശമ്പളമുള്ള ജോലിയും എനിക്ക് ബാക്കിയായി. Dr.GURU ഒരു പാട് ആളുകളെ എങ്ങനെ സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു സാക്ഷ്യം ഓൺലൈനിൽ കാണുന്നത് വരെ ഞാൻ ഏതാണ്ട് ഉപേക്ഷിക്കുകയായിരുന്നു, അതിനാൽ ഡോക്ടർ എന്നോട് ആവശ്യപ്പെട്ടത് ചെയ്ത് 24 മണിക്കൂറിന് ശേഷം ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു, മന്ത്രവാദത്തിന്റെ പിറ്റേന്ന് എന്റെ ഭർത്താവ് മടങ്ങിവന്നു. ഞാൻ അവനോട് ക്ഷമിക്കുകയും ഒരിക്കലും പോകില്ലെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ ഭർത്താവ് തിരിച്ചെത്തി ഇപ്പോൾ 6 മാസമായി, ഞങ്ങൾക്ക് ഒരിക്കലും പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല, എനിക്ക് Dr.GURU വിനെ സംശയിച്ചില്ല എന്നതിൽ സന്തോഷമുണ്ട്. വേഗത്തിലുള്ള ആശ്വാസം കൊണ്ട് ഏത് പ്രശ്‌നങ്ങളും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഇപ്പോൾ എനിക്ക് ഉറപ്പുണ്ട്. സഹായത്തിനായി നിങ്ങൾക്ക് ഇപ്പോൾ അദ്ദേഹവുമായി ബന്ധപ്പെടാം..
    ഇമെയിൽ: saguruu087@gmail.com

    ReplyDelete