Tuesday 31 January 2012

കഥകള്‍ നിലാവിലുണരുന്ന മഞ്ഞുരുട്ടിക്കിളി:-

നിലാവിലുണരുന്ന മഞ്ഞുരുട്ടിക്കിളി:-


പുറത്തപ്പോള്‍ ഇളം നിലാവിനൊപ്പം മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു .മരുഭൂമിയിലെ ശൈത്യം വിചിത്രമാണ്.തണുപ്പ് കാലത്തും പകലൊക്കെ സൂര്യന്‍ കത്തിജ്ജ്വലിക്കും ..അഞ്ച് മണിയാകുമ്പോഴേക്കും  അസ്തമിക്കുന്ന സൂര്യനോടൊപ്പം അരിച്ചെത്തുന്ന തണുപ്പ് പാതിരാവില്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു..സ്വെറ്ററിന്റെ ബട്ടണ്‍ മുഴുവനും ഇട്ടു തണുപ്പിനെ പ്രതിരോധിച്ചു. നാളെ പുതിയ മാനേജുമെന്റിന്റെ മുന്നില്‍ അവതരിപ്പിക്കേണ്ട പ്രെസെന്റേഷന്‍ ഫയലുകള്‍ അടുക്കി വെക്കുമ്പോഴാണെന്റെ ഫോണ്‍ ശബ്ദിച്ചത്..ചുമരിലെ ക്ലോക്കിലേക്ക് നോക്കി. ഒരു മണിയായല്ലോ ആരാണീ നേരത്തെന്നോര്‍ത്ത് മൊബൈലെടുത്തു "ചാന്ദ്നി കാളിങ്ങ് "എന്നു കണ്ടപ്പോളെനിക്ക് മനസ്സിലായി..ഇന്നും കാണും എന്തെങ്കിലും ഇമോഷണല്‍ മാറ്റര്‍ ..പതുക്കെ ഹലൊ പറഞ്ഞു..പിന്നെയെനിക്കൊന്നും പറയേണ്ടി വന്നില്ല..മറുതലക്കല്‍ നിറുത്താതെ അവള്‍ തുടങ്ങി..
"ഡാ നീയെന്റെ ആരാ...എന്റെ വിഷമം പങ്കു വെക്കാന്‍ നീയല്ലെ ഉള്ളൂ.. ഞങ്ങളിന്നു പിരിഞ്ഞെഡാ.അവനെന്റെ മോനെ കൊണ്ടു പോയി ..അവന്‍ വാദിക്കുകയാ എന്റെ കൂടെ നിന്നാല്‍ എന്റെ മോന്‍ എന്നെ പോലെ നശിച്ച് പോകുമെന്ന് ..പറയെഡാ ഞാന്‍ അത്രക്ക് പോക്കാണോ."..

ഇടക്ക് ശ്വാസമെടുക്കാന്‍ എടുത്ത ഇടവേളയില്‍ ഞാനവളോട് പറഞ്ഞ് തുടങ്ങി.."നോക്കു ചാന്ദ്നി നീ ആകെ ഫിറ്റാണു..എനിക്ക് നാളെ അര്‍ജന്റ് ജോലിയുള്ളതാണു.. നമുക്ക് പിന്നെ സംസാരിക്കാം .നീ ഫോണ് വെക്കു."

അവളുടെ മറുപടിക്ക് കാത്ത് നില്കാതെ ഫോണ്‍ വെച്ചു.സൈലന്റ് മോഡാക്കിയിട്ടു..ചെറുതായി തുറന്നു വെച്ച ജന്നലിലൂടെ അരിച്ചെത്തുന്ന തണുപ്പ്..പുതപ്പ് കാലിലേക്ക് വലിച്ചിട്ട് നെറ്റിയുടെ മേലെ വലത് കൈ വെച്ച് കണ്ണടച്ച് കിടന്നു..രണ്ട് വര്‍ഷമായിരിക്കുന്നു ഞാനിവളെ പരിചയപെട്ടിട്ട്.ഞാന്‍ ജോലി ചെയ്യുന്ന അതേ കമ്പനിയിലെ മറ്റൊരു ശാഖയിലാണു അവള്‍ ജോലി ചെയ്യുന്നതെങ്കിലും മാസത്തിലൊരിക്കല്‍ നടക്കാറുള്ള മീറ്റിങ്ങുകളിലെ ഇടപഴകല്‍  അവളെന്റെ അടുത്ത സുഹൃത്തായി .മാറുന്നതിനു വഴിയൊരുക്കി..മലയാളിപെണ്‍കുട്ടിയാണെങ്കിലും പാശ്ചാത്യസംസ്കാരത്തിന്റെ ആകെത്തുകയായ് അവളെയെനിക്ക് തോന്നി.പിന്നീടെപ്പോഴൊ ഒരു തുറന്ന സംസാരത്തിന്റെ മൂര്‍ദ്ധന്യത്തിലാണ്.മനസ്സിനുള്ളില്‍  നന്മയും നിഷ്കളങ്കതയും ഉള്ള ഒരു സ്ത്രീയാണ് ചാന്ദ്നിയെന്ന്  ഞാന്‍ മനസ്സിലാക്കിയത്.സ്വപ്നനഗരിയിലെ ഏതാനും ക്ലബ്ബുകളുടെ ഉടമയായ പിതാവിന്റെ ഏകമകള്‍ ..പഠനകാലത്തെ അന്യമതസ്ഥനുമായുള്ള പ്രണയത്തിന്റെ തുടര്‍ച്ചയെന്നോണം  പക്വത വരാത്ത ജീവിതത്തിലെ ഏറ്റവും വികലമായൊരു തീരുമാനമായ് തന്റെ വിവാഹത്തെ അവള്‍ വിശേഷിപ്പിക്കുമ്പോള്‍ എനിക്കവളോട് തെല്ലൊരു സഹതാപം തോന്നി..
ഒരു മകന്‍ പിറന്നതിനു ശേഷവും ചാന്ദ്നിയിലെ സ്ത്രീ പക്വതയില്ലാത്തവളായി തന്നെ ജീവിച്ചു.പ്രണയത്തിന്റെ ആവേശമൊക്കെ യഥാര്‍ത്ഥ ജീവിതത്തിന്റെ ഒഴുക്കില്‍ പാഴ്ത്തടികളെ പേറുന്ന ഓളങ്ങളില്‍ എന്ന പോലെ ഉഴറി..
സ്വപ്നം  കണ്ടതല്ല സത്യമെന്ന തിരിച്ചറിവിന്റെ ഇടവഴിയില്‍ ചാന്ദ്നിയും അവളുടെ ഭര്‍ത്താവ് വിവേകും രണ്ട് വഴികളിലൂടെ സഞ്ചരിക്കാം എന്ന തീരുമാനം കൈക്കൊണ്ടതായ് കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ പാര്‍ട്ടിക്കിടയില്‍ കോന്യാക്കിലേക്ക് ക്വാട്രൊ ഒഴിച്ച് നാരാങ്ങാനീരു ചേര്‍ത്ത ഗ്ലാസ്സ് ചുണ്ടോടപ്പിക്കുന്നതിനിടയില്‍ എന്നെ നോക്കി കണ്ണിറുക്കി കൊണ്ടവള്‍ ആ മദ്യം ഇറക്കുന്ന ലാഘവത്തോടെ പറഞ്ഞത് കേട്ടപ്പോള്‍ നടുക്കം തോന്നി..ഇവള്‍ക്കെങ്ങനെ കഴിയുന്നു ഇതൊക്കെ.പിന്നീടെന്റെ കസേരക്കടുത്ത് വന്നിരുന്നു അവള്‍ക്കും വിവേകിനും സഞ്ചരിക്കേണ്ടി വരുന്ന വ്യത്യസ്ഥ ദിശയിലെ വീഥികളുടെ മാര്‍ദ്ദവത്തേയും പരുക്കന്‍ പ്രതലത്തേയും സമന്വയിപ്പിക്കാനാവില്ലെന്ന വസ്തുത മനസ്സിലാക്കിയതിനു ശേഷം രണ്ട് പേരും കൈകൊണ്ട തീരുമാനമാണിതെന്നു പറഞ്ഞെണീറ്റ് കമ്പനിയുടെ സി ഇ ഒ മുബഷ്റിന്റെ കൈകളില്‍ കൈകോര്‍ത്ത് അവിടെ മുഴങ്ങി കേട്ട പാശ്ചാത്യ സംഗീതത്തിനൊപ്പം ചുവടുകള്‍ വെച്ചു തുടങ്ങി.മുന്നിലിരിക്കുന്ന പ്ലേറ്റിലെ നിലക്കടലയില്‍ നിന്നൊരെണ്ണമെടുത്ത് വായിലിട്ട് കയ്യിലെ ബീര്‍ പതുക്കെ മൊത്തുമ്പോഴും എന്റെ കണ്ണുകള്‍ ചാന്ദ്നിയുടെ ചലനങ്ങളിലായിരുന്നു.ഒന്നു പ്രസവിച്ചിട്ടും ഉലയാത്ത അവളുടെ ശരീരത്തിന്റെ വടിവുകള്‍ക്കിടയില്‍ മുബഷറിന്റെ കൈകള്‍ താളത്തോടെ ഇഴയുന്നത് എന്നില്‍ അസഹ്യതയുളവാക്കിയെങ്കിലും മദ്യത്തിന്റെ ലഹരിയില്‍ സ്വയം മറന്ന ചാന്ദ്നി അതാസ്വദിക്കുന്നുവോ അതോ അറിയാതിരിക്കുന്നുവോ എന്നെനിക്ക് മനസ്സിലാക്കാനായില്ല.ഞാനൊരു വേള നാട്ടില്‍ എന്നെ കാത്തിരിക്കുന്ന എന്റെ കാമുകിയെ കുറിച്ചോര്‍ത്തു..മൊബൈല്‍ എടുത്ത് പുതുവല്‍സരാശംസകള്‍ എന്നെഴുതി അയക്കുമ്പോള്‍ തുമ്പപ്പൂവിന്റെ നൈര്‍മ്മല്യമുള്ള എന്റെ ദീപ്തിയുടെ തെല്ലു നാണമൊളിപ്പിച്ച മുഖം ഓര്‍മ്മ വന്നിരുന്നു.

പിന്നീടുള്ള ചാന്ദ്നിയുടെ രാവുകള്‍ നഗരത്തിലെ പ്രശസ്തമായ ക്ലബ്ബുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കൊപ്പമയിരുന്നുവെന്ന് എന്നെ ഫോണില്‍ വിളിച്ച് പറയുമായിരുന്നു.പതിവ് മാസാന്ത മീറ്റിങ്ങിനിടെ കണ്ടു മുട്ടിയപ്പോള്‍ അവളുടെ ഈ പോക്ക് ശരിയല്ലെന്ന് ഓര്‍മ്മപ്പെടുത്തിയതും  തെല്ലൊരു നിരാശയും പ്രതികാരവും അടങ്ങിയ സ്വരത്തില്‍ എന്നോട് പറഞ്ഞു,"ഞാന്‍ ഇപ്പൊ ഇങ്ങനെയൊക്കെ ആയിപ്പോയി എന്താ ചെയ്യുക.ഏതായാലും എനിക്കിനി ഒരുത്തന്റേയും അടിമയാവാന്‍ വയ്യ"."അപ്പൊ നിന്റെ മോന്‍ ?" ..എന്റെ വേവലതിയോടേയുള്ള അന്വേഷണത്തിനു ഒരു ദീര്‍ഘശ്വാസത്തിന്റകമ്പടിയോടെ അവള്‍ പറഞ്ഞു..അവനെ മമ്മിയുടെ കയ്യിലേല്പിച്ചിരിക്കയാണെന്നു.ഒരിക്കല്‍ ഞാനവളോട് ഓര്‍മിപ്പിച്ചു "ചാന്ദ്നി ഈ യൌവനം ഒരിക്കല്‍ നശിക്കും .നിന്റെ ഈ ശീലങ്ങളൊക്കെ വിട്ട് നീ മോനേയും നോക്കി നിന്റെ ഡാഡി സമ്പാദിച്ചതും അനുഭവിച്ച് അടങ്ങിയൊതുങ്ങി കഴിയൂ "എന്നു.പുഛത്തോടെ എന്റെ ഉപദേശത്തെ നിരസിച്ച് കൊണ്ടവള്‍ പറയാന്‍ തുടങ്ങി.."നോക്കു അരുണ്‍ എന്റെ ജീവിതം എങ്ങനെയൊക്കെയോ തലതിരിഞ്ഞ് പോയി..ഒരു പക്ഷെ അതിനു കാരണക്കാര്‍ അമിത സ്വാതന്ത്ര്യം തന്ന എന്റെ ബാല്യത്തിലെ എന്റെ ആവശ്യങ്ങളെന്തെന്നറിയാന്‍ ശ്രമിക്കാതെ വാരിക്കൂട്ടുക എന്ന ആര്‍ത്തിയോടെ പണം സമ്പാദിക്കാന്‍ ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പറന്നിരുന്ന  മാതാപിതാക്കളാകാം ..അല്ലെങ്കില്‍ തന്നേക്കാള്‍ വിശ്വസിച്ച എന്നെ ദുശ്ശീലങ്ങളൂടെ ലഹരിയില്‍ മുക്കിയ സുഹൃത്തുക്കളാകാം ..അതുമല്ലെങ്കില്‍ ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ പ്രണയിച്ച കാമുകനായിരിക്കാം ..അതോ ജീവിതം ഒരു അപ്പൂപ്പന്‍ താടി പോലെയെന്ന് കരുതി അതിന്റെ പിറകെ മുന്നിലെ ദുര്‍ഘടങ്ങളെ അറിയാതെ പായുന്ന ഈ ഞാനെന്ന ചാന്ദ്നി തന്നെയാവാം .എന്തായാലും എനിക്കീ ജീവിതം കുറച്ചാസ്വദിച്ചേ പറ്റൂ"...ഇതു കേട്ട് എന്റെ ദേഷ്യം പതഞ്ഞ് പൊന്തിയെങ്കിലും ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുള്ള ഒരു കാര്യം അവള്‍ വെറും ഒരു പൊട്ടിയും പാവവും ആണെന്ന ചിന്തയില്‍  അതവളോടുള്ള സഹതാപം മാത്രമായി താഴ്ന്നു..

ദൈവമേ ഈ കുട്ടി ഒരിക്കലും രക്ഷപ്പെടില്ലല്ലോ .എന്റെ മനസ്സു എന്തിനെന്നില്ലാതെ പുകഞ്ഞു.എങ്കിലും അവളോട് ഞാന്‍ പറഞ്ഞു "ചാന്ദ്നി നീ ഒറ്റക്കുള്ള നിന്റെ ജീവിതം മതിയാക്കണം മാതാപിതാക്കളുടെ അടുത്ത് പോയി താമസിക്കണം .പിന്നെ ഈ മദ്യപാനവും മയക്കമരുന്നുപയോഗവും തീര്‍ത്തും ഉപേക്ഷിക്കണം ..ബാക്കി ദുശ്ശീലങ്ങളൊക്കെ ഒക്കെ അതിന്റെ പിറകെ നിന്നെ വിട്ടു പൊയ്ക്കോളൂം "...അന്നു പിരിഞ്ഞതിനു ശേഷം കുറേ ദിവസത്തേക്കവള്‍ എന്നെ ഫോണ്‍ ചെയ്തില്ല..പിന്നീടുള്ള ഓഫീസിലെ തിരക്ക് പിടിച്ച ദിനങ്ങളും പുതിയ മാനേജ്മെന്റ് റ്റേക് ഓവര്‍ ചെയ്യുന്നതിന്റെ തിരക്കുമായി ദിവസങ്ങള്‍ മാസങ്ങളായതറിഞ്ഞില്ല..കൊടും ചൂട് വിടവാങ്ങിയതും പതുക്കെ ശൈത്യം മരുഭൂമിയുടെ മാറിലേക്ക് പടര്‍ന്നതും ഒരു ദീര്‍ഘ നിശ്വാസത്തിനെടുക്കുന്ന ഇടവേളകളിലെന്ന പോലെ അറിയാന്‍ കഴിഞ്ഞു.ഇതിനിടയില്‍ ചാന്ദ്നി ഇടക്കൊക്കെ വിളിച്ച് പരിഭവങ്ങളും പരാതികളും പങ്കു വെച്ചിരുന്നുവെങ്കിലും അവളുടെ വാരാന്ത്യങ്ങളുടെ ആര്‍ഭാഡങ്ങളില്‍ ഒരു കുറവും വരുത്തുന്നില്ലായെന്ന് അവളില്‍ നിന്നു തന്നെ അറിയാന്‍ കഴിയുമായിരുന്നു..ഞാനോര്‍ത്തിട്ടുണ്ട് ഒരു സ്ത്രീജന്മം എന്തിനാണിങ്ങനെ സ്വയം പകപോക്കുന്നതെന്ന്..അതോ സുഖലോലുപതയില്‍ ആറാടുമ്പോള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മനഃപൂര്‍വം തടയിണയിട്ട് ഒതുക്കുന്നതോ..

എന്തായാലും ചാന്ദ്നി എന്ന പെണ്‍കുട്ടി എനിക്ക് പിടികിട്ടാത്ത ഒരു സമസ്യ തന്നെ..
നാളെ അവളോട് കര്‍ശനമായി തന്നെ പറയണം എന്നെ അവളിത്ര വലിയ ആത്മമിത്രമായി കാണുന്നുണ്ടെങ്കില്‍ എന്റെ ഉപദേശത്തിനും ഇത്തിരിയെങ്കിലും വില കല്പിക്കണമെന്ന്.പറ്റുമെങ്കില്‍  അവളെ ഒരു നല്ല സൈക്കോളജിസ്റ്റിന്റെ അടൂത്ത് കൊണ്ടു പോകണം ..അവളുടെ മാതാപിതാക്കളോട് മകള്‍ കടന്നു പോകുന്ന മാനസികപ്രതിസന്ധികളെ കുറിച്ച് ബോധ്യപ്പെടുത്തണം ..
പെട്ടെന്നാണെന്റെ ചിന്തയില്‍ നാളെ അവതരിപ്പിക്കേണ്ട പ്രസന്റേഷനെ കുറിച്ചുള്ള ബോധം വന്നത്..സമയം ഒരുപാടായിരിക്കുന്നു .. മൂന്നു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ പിന്നെ ഒന്നിനും ഒരു ഉല്‍സാഹം കാണില്ല.പുതപ്പ് തലക്ക് മുകളിലൂടെ വലിച്ചിട്ട് കണ്ണിറുകെയടച്ച് നിദ്രയുടെ ആഴങ്ങളെ തേടി ഞാനൂളിയിട്ടു....

തലക്ക് മുകളിലൂടെ ഇരമ്പികൊണ്ട് പോയ വിമാനത്തിന്റെ ശബ്ദം കേട്ടാണു ഉറക്കത്തില്‍ നിന്നുണര്‍ന്നത്..എയര്‍പോര്‍ട്ടിനടുത്തുള്ളൊരു കെട്ടിടത്തില്‍ താമസമായതു കൊണ്ട് തലങ്ങും വിലങ്ങും ഇടതടവില്ലാതെ പായുന്ന വിമാനങ്ങളുടെ ഇരമ്പല്‍ ഒരു ശല്യമായി തന്നെ തോന്നാറൂണ്ട്..ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഇരുട്ട് വിട്ടു മാറാന്‍ മടിക്കുന്നതായ് കണ്ടു .ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ക്ലോക്കിലേക്ക് നോക്കി സമയമുറപ്പ് വരുത്തി..ആറര മണിയായിരിക്കുന്നു.വേഗമെഴുന്നേറ്റ് ചായയുണ്ടാക്കി അതുമായ് ബാല്‍ക്കണിയിലേക്ക് കടന്നു.ഇരുട്ടിനെ ഭേദിച്ച് വെളിച്ചം വിതറുന്ന വീഥികള്‍ ..സ്വപ്നനഗരിയാകെ ദീപാലംകൃതമാണ്..ദേശീയദിനമാചരിക്കുന്നതോടൊപ്പം ശീതകാല ഉല്‍സവങ്ങളും നടത്തുന്നതിന്റെ ഭാഗമായ് തെരുവുകള്‍ മനോഹരങ്ങളാക്കിയിട്ടിരിക്കുകയാണ്..ഉയരത്തില്‍ നിന്നുള്ള ഈ കാഴ്ച്ച നയനാനന്ദകരമെങ്കിലും പാഴായി പോകുന്ന ഊര്‍ജ്ജത്തെ കുറിച്ചോര്‍ത്തപ്പോള്‍ എന്റെ ഗ്രാമത്തിലെ മുനിഞ്ഞ് കത്തുന്ന വഴി വിളക്കുകള്‍ കണ്മുന്നില്‍ തെളിഞ്ഞു..വൈദ്യുതിയില്ലാതെ ഈ നഗരത്തിലെ ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല...എല്ലാത്തിലും വിധേയത്വത്തോടെയുള്ള ഒരടുപ്പം കാണാനാകുന്നു. ..മനുഷ്യരുടെ സ്വഭാവങ്ങള്‍ പോലും വിചിത്രമായി തോന്നും ..എല്ലാവരും എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്..പറ്റിച്ചും വഞ്ചിതരായും ജീവിതത്തെ തുലക്കുന്നവര്‍ ...മാനുഷിക മൂല്യത്തിനു മാത്രം ഒരു വിലയുമില്ല...ചായ കുടിച്ച് തീര്‍ന്നപ്പോഴേക്കും കിഴക്ക് ചക്രവാളത്തില്‍ ഉദയാര്‍ക്കന്റെ ആദ്യ വീചികള്‍ ശോണ വര്‍ണ്ണം വിതറാന്‍ തുടങ്ങിയിരുന്നു...

മെട്രോയിലിരിക്കുമ്പോഴും താഴെ നഗരം ഉണര്‍ന്നതിന്റെ തിരക്ക് കാണുന്നുണ്ടായിരുന്നു..ആയിരക്കണക്കിനു വാഹനങ്ങള്‍ തലങ്ങും വിലങ്ങും അരിച്ചരിച്ച് നീങ്ങുന്നുണ്ട്.ബിസിനെസ്സ് സെന്ററില്‍ ആയിരുന്നു മീറ്റിങ്ങ്..ലിഫ്റ്റില്‍ കയറി ചുറ്റുമുള്ള കണ്ണാടിയില്‍ നോക്കി കോട്ടിന്റെ പുറത്തേക്ക് വരാന്‍ തിടുക്കപെട്ട റ്റൈ ശരിയാക്കി.ലാപ് ടോപ്പ് കേസും പ്രെസന്റേഷന്‍ ഫയലും ഒരു കയ്യില്‍ പിടിച്ച് കൊണ്ട് മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കി..ഇനി രണ്ട്മൂന്നു മണിക്കൂര്‍ ഗൌരവമായ മീറ്റിങ്ങാണ്..റിസഷന്‍ ബാധിച്ച മേഖലക്ക് താല്ക്കാലിക വിരാമമിട്ട് ലാഭമുള്ള ബിസിനെസ്സ് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന ഒരു തീരുമാനം കൂടിയാണു പുതിയ മാനേജ്മെന്റ് കൈക്കൊള്ളാന്‍ പോകുന്നുവെന്നത് നേരത്തെ അറിഞ്ഞിരുന്നു.ആര്‍ക്കൊക്കെ ജോലി നഷ്ടപ്പെടുമെന്ന് അടുത്ത് തന്നെ അറിയാനാകും ..എനിക്കെത്തേണ്ട നിലയില്‍ ഒരനക്കം പോലുമില്ലാതെ ലിഫ്റ്റ് നിന്നു.എട്ട് മണിയാകുന്നു.നേരെ മീറ്റിങ്ങ് ഹാളിലേക്ക് കയറി..ഓഫീസ് ബോയ് ലോബോയോട് കൈകാണിച്ചു സീറ്റിലേക്കമര്‍ന്നു ഞാനെന്റെ ലാപ് ടോപ്പ് ഓണ്‍ ചെയ്തു..ഒപ്പം ഫയലുകളും നിരത്തി മേലാധികാരികളുടെ ആജ്ഞക്കായ് കാത്തിരുന്നു...
സംഘര്‍ഷം നിറഞ്ഞ മൂന്നു മണിക്കൂര്‍ എങ്ങനെ അവസാനിച്ചെന്നറിഞ്ഞില്ല..എന്തായാലും എന്റെ റോള്‍ അവര്‍ക്ക് നന്നേ ബോധിച്ചിരിക്കുന്നു.പുതിയ സി ഇ ഒ സ്കോട്ട്ബാരി എന്ന സായിപ്പ് എന്റെ പുറത്ത് തട്ടി ജോലിയിലെ വൈദഗ്ധ്യത്തെ പ്രശംസിച്ചത് എന്നേയും സന്തോഷിപ്പിച്ചു..കുറച്ച് നാളത്തെ രാപ്പകലില്ലാത്ത അധ്വാനം ഫലവത്തായല്ലോ..ഇനിയെന്തെങ്കിലും കഴിക്കണം അതിനു ശേഷം എന്റെ ഓഫീസിലേക്ക് പോകണം ..അപ്പോഴേക്കും എന്തായാലും ഉച്ച കഴിയും ..പുറത്ത് കടന്നു മാളിലെ ജാപ്പനീസ് റെസ്റ്ററന്റിനെ ലക്ഷ്യമാക്കി നടന്നു..ഇന്നൊരു നല്ല ദിവസം ..ഞാനതിനെ ആഘോഷിക്കാനുറച്ചു എന്റെ പ്രിയപെട്ട സുഷി ഓര്‍ഡര്‍ ചെയ്തു ..പോക്കറ്റില്‍ കിടന്ന മൊബൈല്‍ എടുത്ത് ഓണാക്കിയപ്പോഴേക്കും ഒരു മെസ്സേജ് കയറി വന്നു..ഓഫീസിലെ സിസ്റ്റെം അനാലിസ്റ്റ് ദാമോദര്‍ ആണ്.."കാള്‍ മി അര്‍ജന്റ്ലി"..എന്ന സന്ദേശം രണ്ട് മണിക്കൂര്‍ മുന്പയച്ചതാണ്. എന്തായിരിക്കും ഇത്ര അര്‍ജന്റ് എന്നോര്‍ത്ത് ഞാനവന്റെ മൊബൈലിലേക്ക് ഡയല്‍ ചെയ്തു.എന്റെ ഹലൊക്ക് മുന്‍പെ മറുതലക്കല്‍ അവന്റെ വേവലാതി നിറഞ്ഞ ശബ്ദം ..നീയെവിടെ അരുണ്‍ ..മീറ്റിങ്ങ് കഴിഞ്ഞെങ്കില്‍ ഒന്നു വേഗം വരൂ അപ്പോളൊ ഹോസ്പിറ്റലിലേക്ക്..ഞാനിവിടെയുണ്ട്.ഒക്കെ നീ ഇവിടെ വന്നിട്ട് പറയാം ..ഓര്‍ഡര്‍ കൊടുത്ത സുഷി അവിടെത്തന്നെ ഉപേക്ഷിച്ച് ഞാന്‍ വേഗം അപ്പോളൊയിലെത്തി.ലോബിയില്‍ നിന്നു തന്നെ ദാമുവിനെ വിളിച്ചു.ലിഫ്റ്റിനടുത്തെത്തുമ്പോഴേക്കും  അവനും എന്നെ കണ്ടു വിറക്കുന്ന ശബ്ദത്തോടെ പറയാന്‍ തുടങ്ങി."അരുണ്‍ നമ്മുടെ ചാന്ദ്നി ..അവള്‍ പൊയെഡാ..പ്രജ്ഞയറ്റ എന്റെ മുഖത്തേക്ക് നോക്കി.ദാമു വീണ്ടും പറയാന്‍ തുടങ്ങി സൂയിസൈഡ് ആയിരുന്നു.മദ്യത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് കഴിച്ചിട്ടുണ്ടാകുമെന്നാണു ഡോകടര്‍മാരുടെ പ്രാഥമിക നിഗമനം ...
"ഇന്നലെ അവരുടെ വിവാഹമോചനം നടന്ന ദിവസമായിരുന്നല്ലൊ..മകനെ ചാന്ദ്നിയുടെ ഭര്‍ത്താവിനൊപ്പം അയക്കാനാണ്.കോടതി വിധിച്ചത്..ചാന്ദ്നിയുടെ സ്വഭാവ വൈകല്യത്തെ കുറിച്ച് ശക്തമായ തെളിവുകള്‍ അയാള്‍ കോടതിയില്‍ ഹാജരാക്കിയത്രെ..അതിനു ശേഷം അവള്‍ വല്ലാത്ത പാനിക്കായിരുന്നു പോലും  .. ഫ്ലാറ്റില്‍ ഒറ്റക്കിരുന്നു മദ്യപാനമായിരുന്നുവെന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹൌസ് മെയിഡു പറഞ്ഞതാണ്" .ദാമു പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ എന്റെ മനസ്സിലപ്പോഴും ചാന്ദ്നിയുടെ ശബ്ദമായിരുന്നു.തേങ്ങലടക്കാന്‍ പാടു പെടുന്ന അവളുടെ ദയനീയമായ കരച്ചില്‍ ..എന്തൊ എനിക്കാ നിമിഷം വല്ലാത്തൊരു കുറ്റബോധം തോന്നി..ഞാനൊന്നവളെ ആ സമയത് ആശ്വസിപ്പിച്ചിരുന്നുവെങ്കില്‍ അവളിങ്ങനെയൊരു കൃത്യം ചെയ്യില്ലായിരുന്നേനെ എന്ന് വെറുതെ തോന്നി ..ഇങ്ങനെ നശിക്കാനായിരുന്നോ അവള്‍ ജന്മമെടുത്തത്..ചുറ്റിലും ആരൊക്കെയോ അവളുടെ മാതാപിതക്കളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു...ഞാന്‍ പതുക്കെ പുറത്തിറങ്ങുമ്പോഴേക്കും ദാമു വന്നു ചോദിച്ചു "നിനക്ക് അവളുടെ ബോഡി കാണണ്ടേ"..വേണ്ടെന്നു തലയാട്ടി കൊണ്ട് ഞാന്‍ ബസ് സ്റ്റേഷനിലേക്ക് നടന്നു..മധ്യാഹ്ന സൂര്യന്‍ കത്തിജ്വലിക്കുന്നുണ്ടെങ്കിലും എന്റെ കൈകാലുകളില്‍ വല്ലാത്തൊരു ശൈത്യമനുഭവപ്പെട്ടു.ബസ്സില്‍  കയറിയിരുന്നു പുറത്തേക്ക് നോക്കി. എതിര്‍ വശത്തെ തെരുവിലെ ഭക്ഷണശാലക്ക് മുന്നില്‍ ഒരാള്‍ നിന്നു വയലിന്‍ വായിക്കുന്നുണ്ടായിരുന്നു.ഏതോ പുരാതന പ്രണയഗാനം ....ആ വയലിന്‍ നാദത്തിലൂടപ്പോഴൊഴുകുന്നത് ഇന്നലെ കേട്ട തേങ്ങലാണോ..ഒരു നിമിഷത്തേക്ക് എനിക്കെന്റെ ദീപ്തിയോട് സംസാരിക്കാന്‍ തോന്നി..മൊബൈലില്‍ ഞാനവളുടെ നമ്പര്‍ പരതുമ്പോള്‍ ബസ്സ് വേഗത്തെ തേടുകയായിരുന്നു........

Monday 23 January 2012





കാലചക്രമുരുളുകയാണ്...ഇടര്‍ച്ചകളില്ലാതെ..പതര്‍ച്ചകളില്ലാതെ..യുഗങ്ങളുടെ ഒരു തുടര്‍ച്ചയെന്നോണം .....ചരിത്രമെന്ന ഛത്രത്തിന്റെ ഛായയില്‍ തത്വങ്ങളും സിദ്ധാന്തങ്ങളും മയങ്ങുന്നു.കടലിനും കരക്കുമിടയിലെ ദുര്‍ബലമായ കടല്‍പ്പാലം സഞ്ചാരികളുടെ പാദപതനവും കാത്ത് കാലത്തിനു നേരെ ഒരു നോക്കു കുത്തിയെ പോലെ...ഇരുളിലേക്കലിയാന്‍ കൊതിക്കുന്ന പ്രകൃതി.വെളിച്ചത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന രാത്രി..ദുഃഖത്തിനു പിറകെ സുഖവും സന്തോഷത്തിനൊപ്പം സന്താപവും ..ജീവിതം ഒരു നാണയമാണെങ്കില്‍ അതിനിരുവശങ്ങള്‍ ഈ സുഖദുഃഖങ്ങളാല്‍ ആലേഖനം ചെയ്തിരിക്കുന്നു..ജനി മൃതിക്കുള്ളിലെ അനുഭവങ്ങളായ് മനുഷ്യനതിനെ തിരിച്ചറിയും .ബൌദ്ധികവും മൌലികവുമായ ജീവിത ദര്‍ശനങ്ങളെ ധ്യാനമെന്ന നെരിപ്പോടിലിട്ട് ഊതിക്കാച്ചിയെടുക്കുമ്പോള്‍ തെളിഞ്ഞതും സംശുദ്ധവുമായ കര്‍മ്മ പാതകളിലൂടെ മനുഷ്യന്‍ പരാശക്തിയെന്ന പരമാര്‍ത്ഥത്തില്‍ എത്തിച്ചേരുന്നു ..

ചിത്രങ്ങള്‍ക്ക് കടപ്പാട്





ശാന്തമായ മനസ്സിനെ പ്രണയത്തെ ഉള്‍കൊള്ളാനാവൂ..അഥവാ പ്രണയിക്കാനാവൂ..പ്രക്ഷുബ്ധമായി കിടക്കുന്ന അലമാലകളിലോ ,ആര്‍ത്തലച്ച് പെയ്യാനോരുങ്ങുന്ന മഴമേഘങ്ങളിലോ, മരച്ചില്ലകളെ മുട്ടുകുത്തിക്കുന്ന കൊടുങ്കാറ്റിന്റെ ആരവത്തിലോ ,,മരുഭൂമിയുടെ രൂപവും ഭാവവും മാറ്റുന്ന മണല്‍ കാറ്റിന്റെ കാഠിന്യത്തിലോ നിനക്കതിനെ ദര്‍ശിക്കാനാവില്ല.നറും നിലാവില്‍ പൊഴിയുന്ന മഞ്ഞുകണം പോലെ നിഷ്കളങ്കവും,,..ഭൂമിയില്‍ പതിക്കാന്‍ വെമ്പുന്ന ഉദയാര്‍ക്ക കിരണങ്ങളെ പോലെ തെളിഞ്ഞതുമാണത്,,..ഇലച്ചാര്‍ത്തില്‍ നിന്നിറ്റ് വീഴുന്ന മഴത്തുള്ളി പോലെ ശുദ്ധവും;പുതിയ മണല്‍ത്തരികളെ തേടുന്ന സഞ്ചാരിയുടെ പാദങ്ങളെ പോലെ കരുത്തുറ്റതുമാണത്,...കടപ്പാടുകളുടെ ചക്രവ്യൂഹത്തില്‍ തളച്ചിടാനാവില്ല നിനക്കതിനെ....നിഴലിനെ പുണരുന്ന നിലാവ് പോലെ,
ഇരുട്ടിനെ ഭേദിക്കുന്ന വെട്ടം പോലെ ശാന്തമായ ചിന്തകള്‍ക്കൊപ്പം പ്രണയം ആത്മാവിനോട് ബന്ധിതമായിരിക്കുന്നു......

Thursday 5 January 2012

ഷീബ അമീര്‍ ..നടന്നു പോയവള്‍ ..നമുക്കൊരുപാട് മുന്നില്‍ :-


ഷീബ അമീര്‍ ..നടന്നു പോയവള്‍ ..നമുക്കൊരുപാട് മുന്നില്‍ :-   

ഒന്നരവര്‍ഷം  മുന്‍പൊരവധിയില്‍ നാട്ടിലെത്തിയ എനിക്ക് ജ്യേഷ്ടന്റെ(യാഹ്യ സൂര്യകാന്തി) സുഹൃത്തായ ജോര്‍ജ്ജ് മാഷില്‍ നിന്നും തികച്ചും ആകസ്മികമായാണു ഷീബ അമീറിന്റെ ഫോണ്‍ നമ്പര്‍ കിട്ടുന്നത്.. ജ്യേഷ്ടനു ഷീബയെ നേരത്തെ പരിചയമുണ്ടെങ്കിലും തിരക്ക് പിടിച്ച അവധികളോട് മല്ലിട്ടിരുന്ന എനിക്കവരെ പരിചയപ്പെടാനൊരവസരമുണ്ടായില്ല.ഞങ്ങളെ കാണാനായ് കെ. വിനയനോടൊപ്പമെത്തിയ ജോര്‍ജ്ജ് മാഷ് സംസാരത്തിനിടയില്‍ എനിക്ക് ഷീബയുടെ നമ്പര്‍ കൈമാറി.അന്നു തന്നെ ഞാനവരെ വിളിച്ച് സംസാരിക്കുകയും ചിരകാല മിത്രങ്ങളെ പോലെ പരസ്പരം ഉള്ളു തുറക്കുകയും ചെയ്തു...ആ പരിചയത്തോടെ എനിക്ക് ഷീബയെന്ന വ്യക്തി എന്റെ സുഹൃദ് വലയത്തിലെ ഒരു കണ്ണിയായ് മാറിയെങ്കിലും നേരിട്ട് കാണണമെന്ന മോഹം വെറും ഇരുപത് കിലോമീറ്ററിനകത്തെ വൈതരണിയില്‍ കിടന്നുഴറി..

 ഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാധ്യമം പത്രത്തിന്റെ വാരാന്ത്യപതിപ്പായ ചെപ്പില്‍ ഷീബ അമീര്‍ എഴുതിയ ഒരു ഫീച്ചര്‍ വായിക്കാനിടയായി.അവര്‍ക്ക് ലഭിച്ച ആ അസുലഭ സൌഭാഗ്യത്തെ കുറിച്ച് വശ്യമനോഹരമായ ഭാഷയിലുള്ള വിവരണം .ജ്ഞാനപീഠം ,പദ്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പ്രശസ്ത ബംഗാളി എഴുത്തുകാരി ശ്രീമതി മഹാശ്വേതാ ദേവിയുടെ കേരള യാത്രയില്‍ അവര്‍ക്കും പ്രശസ്ത എഴുത്തുകാരനും ഷീബയുടെ അടുത്ത കുടുംബ സുഹൃത്തുമായ ശ്രീ ആനന്ദിനോടൊപ്പവും ചിലവഴിച്ച അസുലഭ മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള ആ റൈറ്റ് അപ്പ് അല്പം വിസ്മയത്തോടേയും തെല്ലസൂയയോടേയും ഞാന്‍ വായിച്ച് തീര്‍ത്തു.അതിനടിയില്‍ ഷീബയുടെ ഒരു കൊച്ചു പ്രണയകവിത ..അഞ്ചിതള്‍ പൂവ്..ആ കവിത എന്തു കൊണ്ടോ മനസ്സിലുടക്കി നിന്നു.പ്രണയത്തെ ഇഷ്ടപ്പെടാനാവാത്തൊരാള്‍ക്ക് ആ വികാരത്തിന്റെ കാണാക്കയത്തില്‍ മുങ്ങിത്താഴേണ്ടി വരുന്ന ഒരവസ്ഥ ചുരുങ്ങിയ വരികളിലൂടെ ഒരു കാവ്യം പോലെ പറഞ്ഞ് തീര്‍ത്ത ഷീബയിലെ കവിയെ നേരിട്ട് അപ്പോള്‍ തന്നെ പ്രശംസിക്കണമെന്ന് തോന്നി.

ഇക്കഴിഞ്ഞ ഡിസംബറില്‍ വീണ്ടും അവധിയില്‍ എത്തിയ ഞങ്ങളുടെ തിരക്കുകളൊഴിഞ്ഞപ്പോഴേക്കും തിരിച്ച് പോകേണ്ട ദിവസവും അടുത്തു.എന്റെ ജന്മദിനമായ ഡിസംബര്‍ 29 നു വൈകുന്നേരം ജ്യേഷ്ടന്‍ എനിക്കൊരു സമ്മാനവുമായ് വന്നു.എപ്പോഴും സമ്മാനമായ് എനിക്ക് പുസ്തകങ്ങള്‍ തന്നു എന്റെ അക്ഷരസ്നേഹത്തെ ആദരിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം .കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയായിരുന്നു ആ സമ്മാനം .അതും ജ്യേഷ്ടന്റെ പുസ്തകശേഖരത്തില്‍ നിന്നു.ഇത്തിരി പഴക്കം വന്ന ആ പുസ്തകം തന്നെന്റെ നെറുകയില്‍ ഉമ്മ വെച്ചനുഗ്രഹിച്ച നേരത്താണു ഒരുള്‍ വിളി പോലെ ഞാനെന്റെ ആഗ്രഹം പറഞ്ഞത്.എനിക്ക് ഷീബയെ കാണണം .എന്റെ അടുത്ത് നില്ക്കുന്ന ഭര്‍ത്താവും അതിനെ ഏറ്റ് പിടിച്ചു.ശരിയാണു കുറേ നാളായുള്ള ഇവളുടെ ആഗ്രഹമാണിത്.നമുക്കൊന്നവിടം വരെ പോയാലോ.ഇതു കേട്ട ജ്യേഷ്ടന്‍ അവരെ ഫോണില്‍ വിളിച്ച് എനിക്ക് തന്നു.ജ്യേഷ്ടന്റെ ഫോണില്‍ നിന്നായത് കൊണ്ട് ഹലോ പറഞ്ഞ് യാഹ്യ എന്നു വിളിച്ചപ്പോള്‍ ഞാന്‍ എന്റെ പേരു പറഞ്ഞതും അവര്‍ക്കെന്നെ മനസ്സിലായി.പിന്നെ നിഷ്കളങ്കമായ ആ ചിരിയിലൂടെ സുഖാന്വേഷണങ്ങള്‍ .തുടര്‍ന്നുള്ള സംസാരത്തിനിടയില്‍ മാധ്യമത്തില്‍ വന്ന ഫീച്ചറിനെകുറിച്ചും എന്റെ ഹൃദയത്തില്‍ കുടിയേറിയ അഞ്ചിതള്‍ പൂവിന്റെ പ്രണയത്തെ കുറിച്ചും പറഞ്ഞു.ഇന്ത്യയൊട്ടുക്കും ആദരിക്കുന്ന ആ മഹദ് വ്യക്തിത്വത്തിനൊപ്പം ഒരു ദിവസം ചിലവിടാനയത് മഹാഭാഗ്യമെന്ന് പറഞ്ഞ് ഞാന്‍ അഭിനന്ദനമറിയിച്ചപ്പോള്‍ ഷീബയെന്നോട് പറഞ്ഞു ,സാജിദാക്ക് ഞാനൊരവസരം കൂടി തരാം അഭിനന്ദനം പറയാന്‍ .ഇപ്പൊ കിട്ടിയ വാര്‍ത്തയാണു,എന്നെ വനിത വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നു.ഇതു കേട്ട എന്റെ സന്തോഷത്തിനതിരില്ലാതായ്.അവരപ്പോള്‍ മാത്രം ശ്രവിച്ച ഒരു വാര്‍ത്തയ്ക്കൊപ്പം എനിക്കും പങ്കാളിയാവേണ്ടി വന്നതില്‍ .ഞാനെന്റെ അഭിനന്ദനം അറിയിച്ചതിനു ശേഷം നാളെ തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഷീബയുടെ ഓഫീസില്‍ വന്നു കാണാമെന്ന് പറഞ്ഞു ശുഭരാത്രി ആശംസിച്ച് ഫോണ്‍ വെച്ചു .

അന്നേ ദിവസം തൃശ്ശൂര്‍ കൌസ്തുഭത്തില്‍ ഞങ്ങള്‍ക്കൊരു വിവാഹവിരുന്നുള്ളത് കൊണ്ട് അതില്‍ പങ്കെടുത്ത ശേഷം ഷീബയെ വിളിച്ചു.അപ്പോഴാണു അവര്‍ പറയുന്നത് ഇന്നത്തെ ദിവസം ഒരു വല്ലാത്ത തിരക്കും വിഷമവും പിടിച്ച ഒന്നായിരുന്നു.മോള്‍ നിലൂഫക്ക് ചെറിയൊരു ചെസ്റ്റ് ഇന്ഫെക്ഷന്‍  അത് കൊണ്ട് ഞാനിന്നു ഓഫീസിലും പോയില്ല   എന്നും സാജിദ എന്റെ വീട്ടിലേക്ക് വരൂ എന്നും .ഇതു കേട്ടപ്പോള്‍ നേരിയൊരു നിരാശയെന്നിക്ക് തോന്നി .എനിക്കാണെങ്കില്‍ ഷീബയെ കാണണമെന്നുമുണ്ട്..എന്റെ ഉമ്മയുടെ തറവാടായ കൂട്ടുങ്ങല്‍ പോകാനുമുണ്ട്..ഒളരിയിലുള്ള ഷീബയുടെ വീട്ടില്‍ കയറി അവരെ കണ്ടതിനു ശേഷം ചാവക്കാട് പോവാന്‍ എളുപ്പമായിരിക്കുമെന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ഷീബയെ കാണാനുള്ള പ്രതീക്ഷക്ക് ജീവന്‍ വീണു.
വീട്ടിലേക്കുള്ള വഴി ചോദിച്ച് വിളിച്ചപ്പോള്‍ മുതല്‍ ഞാനൊരു തരം ഉന്മാദത്തിലായിരുന്നു..ഉച്ചക്ക് രണ്ടര മണിയോടെ "ചിപ്പി"യിലേക്ക് കയറിചെല്ലുമ്പോള്‍ അതിനുള്ളിലെ മുത്തിനു പത്തരമാറ്റ് തിളക്കമാണെന്നത് അവിടെ ചിലവഴിച്ച നിമിഷങ്ങളിലാണു എനിക്ക് മനസ്സിലാക്കാനായത്.സ്വതസിദ്ധമായ ആ നിഷ്കളങ്ക ചിരിയോടെ ഞങ്ങളെ അകത്തെക്കാനയിക്കുമ്പോള്‍ എനിക്കവരുടെ ലാളിത്യത്തിനു മുന്നില്‍ ശിരസ്സ് നമിക്കേണ്ടി വന്നു.അവര്‍ക്കന്നു എ ഐ ആറില്‍ (ആള്‍ ഇന്ത്യ റേഡിയോ)ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ അതിനുള്ള തയ്യറെടുപ്പ് ചെയ്തു കൊണ്ടിരിക്കയായിരുന്നു.എന്റെ കയ്യില്‍ പിടിച്ച് മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു ഞാന്‍ സാജിദയെ ഇതിനു മുന്പ് കണ്ടിട്ടുണ്ട് എന്നു.എനിക്കും അങ്ങനെ തോന്നിയിരുന്നു.ഒരു പക്ഷെ ഒരു മുജ്ജന്മ സൌഭാഗ്യം പോലെയായിരിക്കാം ആ തോന്നല്‍ ..

ഷീബയെന്ന വ്യക്തി  ജീവിതം തുടങ്ങുന്നത് സാഹിത്യ മേഖല സ്വന്തം ഭൂമികയാക്കിയ നല്ലൊരു മനുഷ്യനായ് ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ആദ്യത്തെ കടമയെന്ന് മക്കളെ പഠിപ്പിച്ച പിതാവ് ശ്രീ റഹീമിന്റെ വാല്‍സല്യത്തണലില്‍ . പ്രമുഖ സാഹിത്യ സാംസ്കാരിക വക്താക്കളുടെ ഇടയില്‍ ചിലവിട്ട ബാല്യവും കൌമാരവും യൌവനവും വിവാഹ ശേഷം ഷീബക്ക് തികഞ്ഞ ഒരു കുടുംബിനിയെന്ന നിലയിലേക്ക് മാത്രമായൊതുക്കേണ്ടി വന്നു .ഖത്തറിലെ മൈക്രൊ ബയോളജിസ്റ്റായ ഭര്‍ത്താവ് അമീറും മക്കളായ നിഖിലും നിലൂഫയുമായുള്ള സ്വഛന്ദ ജീവിതത്തിലേക്ക് വിധി തന്റെ ക്രൂര മുഖവുമായ് കടന്നെത്തിയത് ഷീബയുടെ ജീവിതത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും കടിഞ്ഞാണിട്ട് കൊണ്ടാണു.തന്റെ കുരുന്ന് മകള്‍ക്കു അക്ക്യൂട്ട് ലുക്കീമിയയാണെന്നറിഞ്ഞ നിമിഷത്തില്‍ ഷീബ കൈവരിച്ച ധൈര്യവും സഹനശക്തിയും ഓരോ മനുഷ്യനും സ്വായത്തമാക്കേണ്ടതാണു.മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര്‍ പര്‍വീഷ് പാരിഖിന്റെ മേല്‍ നോട്ടത്തില്‍  ഷീബയുടെ മകന്റെ തന്നെ മജ്ജ മകള്‍ക്ക് മാറ്റിവെക്കേണ്ട ശസ്ത്രക്രിയ നടന്നു.പിന്നീട് നടത്തേണ്ടി വന്ന നാലു കീമോ തെറാപ്പി.ശസ്ത്രക്രിയക്ക് ശേഷം മകന്‍ ആശുപത്രിയിലെ മറ്റൊരു നിലയിലെ വാര്‍ഡിലും മകള്‍ മറ്റൊരു നിലയിലെ വാര്‍ഡിലും ..ഇതിനിടയില്‍ ആ മാതാവ് വേദനയുടെ മുള്ളുകള്‍ നെഞ്ചിലമര്‍ത്തി വിധിയുടെ മുന്നില്‍ മകളുടെ പ്രാണന്റെ ഭിക്ഷ തേടി.ആശുപത്രിയിലെ മറ്റു അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനമേകിയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്കിയും സ്വയം ആശ്വസിച്ചിരുന്ന ഒരമ്മ.അര്‍ബുദം കാര്‍ന്നു തിന്നു വേദനയോടെ ജീവിക്കുന്ന മനുഷ്യായുസ്സുകളെ നിസ്സഹായതയോടെ നോക്കി കൈകെട്ടി ഇരിക്കാതെ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തെ മതിയാകൂ എന്ന ആശയവുമായാണന്നവര്‍ പുതു ജീവിതം തിരിച്ച് കിട്ടിയ മകളുമായ് ആശുപത്രി വിട്ടത് .ഒരു ജീവനും വേണ്ടത്ര ചികില്സയും മരുന്നും കിട്ടാതെ പൊലിയാനിടയാവരുതെന്ന നന്മ നിറഞ്ഞ ചിന്ത ഷീബയുടെ ഉള്ളില്‍ ഉദയം കൊള്ളുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായ് അവരുടെ അമീര്‍ മാത്രം ..നാട്ടില്‍ തിരിച്ചെത്തിയ ശേഷം യാഥാസ്ഥിതികരായ ബന്ധുക്കളുടെയും സമൂഹത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഷീബ നിഷ്ക്രിയയാങ്കിലും തന്റെ തീരുമാനം നടപ്പിലാക്കാന്‍ സുമനസുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പിന്നീടവര്‍ക്ക് സാധിച്ചു..

ആദ്യപടിയായ് അവര്‍ തൃശ്ശൂര്‍  പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ തന്റെ ആതുര സേവനം ആരംഭിച്ചു .ആറു വര്‍ഷത്തെ ആ അനുഭവ സമ്പത്ത് പതിനെട്ട് വയസ്സിനു താഴേയുള്ള നിരാലംബരായ അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് മരുന്നു വാങ്ങാനുള്ള പണം നല്കുന്ന സൊലേസ് എന്ന ട്രസ്റ്റ് രൂപപ്പെടുന്നതിനു ഹേതുവായി.മക്കള്‍ക്കസുഖം വരുമ്പോള്‍  ചേതനയറ്റ് നിസ്സഹായരായി നില്കുന്ന അമ്മമാരുടെ ദയനീയ മുഖം ഷീബയുടെ ഉറക്കത്തെ അപഹരിച്ച നാളുകളിലാണിങ്ങനെയൊരാശയം പിറന്നത്.സാന്ത്വനം എന്നര്‍ത്ഥം വരുന്ന ആ പദം തന്നെ സ്ഥാപനത്തിനായ് തിരഞ്ഞെടുത്തു.തൃശ്ശൂരിലെ മെഡിക്കല്‍ കോളേജിലേയും ഷീബയുടെ സുഹൃത്തുക്കളായ മറ്റു പ്രമുഖ ഡോക്ടര്‍മാരുടേയും ഉപദേശത്താല്‍ സൊലേസ് തൃശ്ശൂര്‍ കേന്ദ്രമായ് പ്രവര്‍ത്തനമാരംഭിച്ചു.ഇന്നീ ട്രസ്റ്റിന്റെ കീഴില്‍ രോഗം ഭേദമായ് പോയവരനവധി..എണ്‍പത് മുതല്‍ നൂറു വരെ കുട്ടികള്‍ ഇപ്പോഴും ഈ സേവനം ഉപയോഗപ്പെടുത്തുന്നു.അര്‍ബുദ രോഗികള്‍ മാത്രമല്ല കിഡ്നിയുടെ പ്രവര്‍ത്തനം തകരാരിലായവര്‍ ,പിറ്റ്യുട്ടറി ഗ്രന്ഥിയുടെ തകരാര്‍ മൂലം വളര്‍ച്ച മുരടിച്ചവര്‍ തുടങ്ങി അവിടുത്തെ സേവനോപയോക്താക്കളുടെ എണ്ണം ഏറെ .മാസം തോറും ചുരുങ്ങിയത് ഒരു ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ ഷീബ അവരുടെ വീട്ടില്‍ തുടങ്ങിയ ഒരു സ്ഥാപനമാണു."ബ്ലൂമിങ് പേള്‍സ് "എന്ന കൈവേല തയ്യല്‍ യൂണിറ്റ്.മുസ്ലീം മണവട്ടികള്‍ക്കും കൃസ്ത്യന്‍ മണവാട്ടികള്‍ക്കും കല്യാണാവശ്യത്തിനുള്ള വെയിലുകളില്‍ (തട്ടങ്ങള്‍ )  മനോഹരങ്ങളായ ഡിസൈനില്‍ കൈതുന്നല്‍ ചെയ്തു കൊടുക്കുന്ന സ്വയം തൊഴില്‍ശാല.ഇവിടെ ഒരുങ്ങുന്ന മനോഹരങ്ങളായ തട്ടങ്ങള്‍ പ്രമുഖ ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വിറ്റഴിയുന്നുണ്ട്. ഷീബയും മകളും ഡിസൈന്‍ ചെയ്യുന്ന തട്ടങ്ങളില്‍ മുത്തും പട്ടു നൂലുകളും കൊരുക്കുന്നത് രോഗികളുടെ ബന്ധുക്കളും കൂടിയാണു.ഈ ട്രസ്റ്റിനു പണം സ്വരൂപിക്കാന്‍ ഷീബ ആരുടെ മുന്നിലും കൈനീട്ടുന്നില്ല.അസുഖം ഭേദമായി പോയ കുട്ടികളുടെ ഫോട്ടൊ വെച്ച് ധനസമാഹരണം നടത്തുന്നത് അവരുടെ രീതിയല്ല. .ഈ സ്ഥാപനത്തിന്റെ നന്മയും പ്രവര്‍ ത്തന ശൈലിയും കണ്ട്  സുമനസ്സുകള്‍ നല്കുന്ന സംഭാവനകള്‍ മാത്രമാണിതിലേക്കുള്ള മറ്റൊരു ധനശേഖരണ മാര്‍ഗം . ഇ എം എസ്സിന്റെ ഇളയ മകന്‍ ശശിയുടെ ഭാര്യയും കേരളവര്‍മ കോളേജില്‍ ഷീബയുടെ ക്ലാസ്മേറ്റുമായിരുന്ന ഗിരിജയാണു ട്രസ്റ്റിന്റെ ട്രഷറര്‍ .വരവ് ചിലവ് കണക്കുകള്‍ കൃത്യമായ് ഓഡിറ്റ് ചെയ്യുന്നുണ്ട്.ലഭിക്കുന്ന പണം നന്നായി തന്നെ വിനിയോഗിക്കുന്നത് കൊണ്ട് സംഭാവന നല്കുന്നവര്‍ക്കു അവരുദ്ദേശിക്കുന്ന രീതിയില്‍ പണം ചിലവാകുന്നതിന്റെ സംതൃപ്തിയും സൊലേസ് നല്കുന്നു.

അന്നു ഞാനവിടെ ചിലവഴിച്ച ഒരു മണിക്കൂര്‍ എനിക്കൊരുപാട് അനുഭങ്ങളെ സമ്മാനിച്ചു..ഞങ്ങളവിടെയുള്ളപ്പോള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടുകാരനും യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ ഇ.എം സതീശന്‍ ,പിന്നെ ഞങ്ങളുടെ കൂടിക്കാഴ്ച്ചക്കിടയിലേക്ക് കയറി വന്ന യുവസാഹിത്യകാരനായ ഷൌക്കത്തിനെ  ഗുരു നിത്യ ചൈതന്യ യതിയുടെ അരുമശിഷ്യനും ഗുരുവിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ച് ഗുരുവിന്റെ അനുഗ്രഹം വാങ്ങിയ ആളാണെന്ന് സന്തോഷത്തോടെ എന്നോട് പറഞ്ഞാണു ഷീബ പരിചപ്പെടുത്തുന്നത്.ഷൌക്കത്തിന്റെ രചനയായ "ഹിമാലയ യാത്രകള്‍ "ഏറ്റവും അധികം വിറ്റഴിക്കപെട്ട സഞ്ചാരസാഹിത്യമാണെന്നും പറഞ്ഞ് പുതിയ പുസ്തകമായ "മൊഴിയാഴം "എപ്പോള്‍ പുറത്തിറങ്ങും എന്നും അന്വേഷിക്കുന്നുണ്ടായിരുന്നു.ഷൌക്കത്തിനൊപ്പം വന്ന നജീബ് കുറ്റിപ്പുറം "മിന്നാമിനുങ്ങ്" എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ അനിമേഷന്‍ കൈകാര്യം ചെയ്യുന്ന ആളാണെന്നു പറഞ്ഞു പരിചയപ്പെടുത്തി..

ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടയിലേക്ക് തുള്ളിച്ചാടികൊണ്ടൊരാള്‍ കൂടി വന്നു..ഓമനത്വം തുളുമ്പുന്ന മുഖഭാവത്തോടെ,വിടര്‍ന്ന കണ്ണുകളുമായൊരു സുന്ദരിവാവ..അവള്‍ നേരെ ഷൌക്കത്തിന്റെയടുത്തേക്ക് ചെന്നു കസേരക്ക് പിന്നില്‍ നിന്നു കൊണ്ട് എന്നെ നോക്കി ചിരിച്ചു.ഞാന്‍ കൈകൊണ്ട് മാടി വിളിച്ചപ്പോഴേക്കും നാണം കൊണ്ട് തുടുത്ത മുഖവുമായ് അകത്തേക്കോടി..ആരാണീ കുട്ടിയെന്ന എന്റെ ചോദ്യത്തിനു ഷീബ അല്പനേരം മൌനമായിരുന്നു പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ പറയാന്‍ തുടങ്ങി..ഇവള്‍ ആയിന ..എന്റെയടുക്കല്‍ രോഗം ബാധിച്ച് നോക്കാനാരുമില്ലാത്ത കുട്ടികള്‍ ഒരു പാടുണ്ടായിട്ടുണ്ട്..രോഗം പൂര്‍ണ്ണമായും ഭേദമായാല്‍ അവരെയൊക്കെ ബന്ധുക്കള്‍ ആരെങ്കിലും വന്നു കൊണ്ട് പോകാറാണ് പതിവ്.എന്നാലിവളിപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായ് മാറിയിരിക്കയാണ്..അസുഖം ആയിനയുടെ ഉമ്മ റാഹിലക്കായിരുന്നു.നിങ്ങള്‍ക്ക് വാതില്‍ തുറന്നു തന്നില്ലേ ആ കുട്ടിയാണിവളുടെ  ഉമ്മ.അപ്പോഴാണു ഞാനോര്‍ക്കുന്നത് ഞങ്ങള്‍ വന്നപ്പോള്‍ ഗേറ്റ് തുറന്നു തന്ന ഇരുപത്താറു വയസ്സു തോന്നിക്കുന്ന കാണാന്‍ സുന്ദരിയായ മെലിഞ്ഞ ഒരു യുവതിയെ കണ്ടത്.ഷീബയുടെ ബന്ധുവാരെങ്കിലും ആയിരിക്കുമെന്നാണപ്പോള്‍ കരുതിയത്.ഷീബ തുടര്‍ന്നു പറഞ്ഞത് കേട്ടപ്പോഴേക്കും എന്റെ കണ്ണുകള്‍ മാത്രമല്ല എന്റെ ഭര്‍ത്താവിന്റെ കണ്ണുകളും  നിറഞ്ഞു.തിരുവനന്തപുരത്തെവിടെയോ ആണിവരുടെ കുടുംബം ..അസുഖം അര്‍ബുദമാണെന്നും ചികില്‍സക്കൊരുപാട് പണം വേണ്ടി വരുമെന്നും കണ്ടപ്പോള്‍ ബാധ്യതയായി തോന്നിയ റാഹിലയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് റാഹിലയുടെ ഭര്‍ത്താവ് കടന്നു കളഞ്ഞത്രെ.അസുഖം പൂര്‍ണ്ണമായും ഭേദമായ റാഹില മിടുക്കിയായിരിക്കുന്നു. ഏറ്റെടുത്ത് കൊണ്ടൂ പോകാനാരുമില്ലാത്തതിനാല്‍ ഷീബയുടെ കൂടെ കഴിയുന്നു അവരുടെ വീട്ടിലെ ഒരംഗമായ്..ഷീബക്ക് ആയിനയിപ്പോള്‍ പറിച്ച് മാറ്റാനാവാത്ത ഒരു പനിനീര്‍ച്ചെടിയാണ്.അവളുടെ കൊഞ്ചലുകളാല്‍ ആ വീടിന്റെ അകത്തളം ശബ്ദമുഖരിതമാണ്. 

നിലൂഫ കൊണ്ടു തന്ന നാരങ്ങവെള്ളം കുടിക്കുമ്പോഴേക്കും ഷീബ അകത്ത് പോയി രണ്ട് പുസ്തകങ്ങളുമായ് വന്നു..ഒരെണ്ണം നജീബിനും ഒരെണ്ണം എനിക്കും തന്നു.എന്റെ പുസ്തകത്തില്‍ "സ്നേഹത്തോടെ സാജിദക്ക് ഷീബ അമീര്‍ "എന്നെഴുതി ഒപ്പിട്ട് തരുമ്പോള്‍ എന്റെ ഹൃദയം ആ വലിയ മനസ്സിനു മുന്നില്‍ ഞാന്‍ അടിയറ വെക്കുകയായിരുന്നു.പതിമൂന്നു വര്‍ഷം മുന്പ് മുംബൈയിലെ ആശുപത്രിയില്‍ കഴിഞ്ഞ കാലത്തെ ഡയറിക്കുറിപ്പുകള്‍ "നടന്നു പോയവള്‍ "എന്ന പേരില്‍ പുസ്തകമാക്കിയതിന്റെ ഒരു കോപ്പിയായിരുന്നു അതു.ജീവിതം പ്രതീക്ഷക്ക് വക നല്കാതെ വഴിയറ്റ് നില്ക്കുന്ന ഒരമ്മയുടെ വിചാരങ്ങളും വികാരങ്ങളും കണ്ണുനീരില്‍ ചാലിച്ച് നൊമ്പരത്തിന്റെ കടലാസില്‍ വിങ്ങലും വേദനയും പദങ്ങളാക്കി വരയുമ്പോള്‍ ഞാന്‍ വായിച്ചേതൊരു കൃതിയേക്കാളും മേന്മയുള്ള ഒന്നായ് എനിക്കതിനെ തോന്നി..അതിലെ ഓരോ ഏടും എനിക്ക് ഓരോ അനുഭവമായിരുന്നു.വേദനിക്കുന്ന മനുഷ്യര്‍ ക്ക് ആശ്വത്തോടേയുള്ള ഒരു തലോടല്‍ ..അല്ലെങ്കില്‍ സാന്ത്വനം നിറഞ്ഞ നല്ല വാക്കുകള്‍  ഇതിലുമപ്പുറം ഒരു മനുഷ്യസ്നേഹിക്ക് എന്തൊക്കെ ചെയ്യാനാകും എന്നത് ഷീബയുടെ പ്രവര്‍ത്തനത്തിലൂടെ ഞാന്‍ മനസ്സിലാക്കി.
വീണ്ടും കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനവരെ ആശ്ലേഷിച്ച നേരത്ത് എന്നെ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു "a hug is worth a thousand words ".


കാറില്‍ കയറി കുറേ നേരത്തേക്ക് ഞാനും ഭര്‍ത്താവും പരസ്പരം ഒന്നും പറയാനാവാതെ ഇരുന്നു..ആയിനയും റാഹിലയും നിലൂഫയും ഒപ്പം വേദന മാത്രം അനുഭവിക്കുന്ന  ചിരിക്കാന്‍ പോലും മറന്ന കുറേ കുരുന്നുകളും എന്റെ അടച്ച കണ്ണുകള്‍ക്ക് മുന്നില്‍ മിന്നി മറയുന്നു.ആ നിമിഷം ഞാനൊരു ദൃഢനിശ്ചയം എടുത്തു  എന്നാലാവുന്ന ഒരു സംഖ്യ എനിക്കാവും കാലത്തോളം സൊലേസിനു വേണ്ടി നീക്കി വെക്കും ..പുരസ്ക്കാരങ്ങളും ,പ്രോല്‍സാഹനങ്ങളും , അഭിനന്ദനങ്ങളും വേണ്ടുവോളം ആ മനുഷ്യ സ്നേഹിക്ക് ലഭിക്കുന്നുണ്ട്.എങ്കിലും മനസ്സില്‍ നിന്നും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നമ്മളില്‍ ചിലരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സാന്ത്വനത്തണലായ സൊലേസിനു തന്നാലാവുന്ന സംഭാവനകള്‍ നല്കാനായാല്‍ ഷീബ അമീര്‍ എന്ന വ്യക്തിയെ ആദരിക്കുന്നതിലുപരി വേദനയുടെ നീര്‍ച്ചുഴിയില്‍ പിടയുന്ന കുരുന്നുകള്‍ക്കൊരാശ്വാസമേകാനെങ്കിലും ആയാല്‍ അതിലും വലിയൊരു പുണ്യം ഇല്ല തന്നെ.വൃശ്ചികകാറ്റിന്റെ തലോടലില്‍ ശരീരം തണുക്കുമ്പോഴും ഉള്ളിലെ താപത്താല്‍  മനസ്സിന്റെ വിങ്ങല്‍ ഘനീഭവിക്കുകയായിരുന്നു.ജീവിതത്തിലെ സുഖങ്ങള്‍ മാത്രം അന്വേഷിച്ച് പോകുകയും അതിനു വേണ്ടി പടവെട്ടുകയും ചെയ്യുമ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മള്‍ ക്ഷണികജീവിതത്തിലെ വിലപെട്ട നിമിഷങ്ങള്‍ അവിസ്മരണീയവും മൂല്യവത്തവുമാക്കാന്‍ ശ്രമിക്കാത്തതെന്തു കൊണ്ടെന്നു ചിന്തിക്കുകയായിരുന്നു ഞാന്‍ ..ജീവിതം സുഖദുഃഖ സമ്മിശ്രമാണെങ്കിലും മാരക രോഗങ്ങളുടെ പിടിയലകപെട്ടവരുടെ ജീവിതം പക്ഷെ ദുരിതം നിറഞ്ഞത് മാത്രമാണ്.ആ ദുരിതത്തില്‍ അവര്‍ക്കല്പ്പം ആശ്വാസമേകാനായാല്‍ നമ്മുടെ ജീവിതം ധന്യമായ്.മനുഷ്യ മനസ്സുകളിലെ കാരുണ്യവും സ്നേഹവും നന്മയും ഒരിക്കലും നശിക്കാതിരിക്കട്ടെ...