Wednesday, 25 December 2013

മഞ്ഞുകാല മര്‍മ്മരങ്ങള്‍ .

മഞ്ഞുകാല മര്‍മ്മരങ്ങള്‍ :-
ചക്രവാളത്തിന്റെ അരികിലായ് ഉദിച്ച താരകത്തിനു വന്യമായ തിളക്കമുണ്ട് . ഉദയത്തിനു ഏതാനും നാഴികകള്‍ മാത്രമുള്ളപ്പോള്‍ ആ നക്ഷത്രത്തിന്റെ ഹൃദയത്തില്‍ നിന്നും ഒരു മഞ്ഞുനൂല്‍ ഊര്‍ന്നു വരും..അതിന്റെ തുഞ്ചത്ത് എണ്ണിയാലൊടുങ്ങാത്ത സമ്മാനപ്പൊതികള്‍ നിറച്ച സഞ്ചിയും തോളിലേറ്റി പഞ്ഞി പോലെ വെളുത്ത താടിയും തലയില്‍ ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്ന ചുവന്ന തൊപ്പിയും ധരിച്ച് ചുണ്ടില്‍ തെളിഞ്ഞ ചിരിയും കണ്ണുകളില്‍ ഒത്തിരി കുസൃതിയുമായി വലിയ കുടവയറും താങ്ങി ഒരു അപ്പൂപ്പന്‍ ഉണ്ടായിരിക്കും. മഞ്ഞു പുതഞ്ഞ പാതയില്‍ ഒരു ശരഭത്തേരു മണി മുഴക്കവുമായി കാത്തു നില്ക്കുന്നുണ്ട് . ആ അപ്പൂപ്പന്‍ സമ്മാന സഞ്ചിയുമായ്‌ ഭൂമിയില്‍ തന്റെ പാദത്തെ സ്പര്‍ശിക്കാതെ തന്നെ തേരിലേറി യാത്രയാകുന്നു. നിദ്രയിലാണ്ട കുടിലുകള്‍ക്ക് മുന്നിലെത്തി അടര്‍ന്നു വീഴുന്ന മഞ്ഞിനെ വകഞ്ഞ് പുകക്കുഴലിലൂടെ ഇറങ്ങി ഓരോ സമ്മാനപ്പൊതികളും ഉറങ്ങി കിടക്കുന്ന കുട്ടിയുടെ കിടക്കയില്‍ നിശ്ശബ്ദം നിക്ഷേപിച്ചു അടുത്ത വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. ഉറക്കത്തില്‍ നിന്നും ഉണരുന്ന കുട്ടി സമ്മാനപ്പൊതി കണ്ടു ആഹ്ലാദത്തോടെ തുള്ളിച്ചാടുന്നു...എന്റെ ബാല്യത്തില്‍ ഞാന്‍ ഏറെ കണ്ടിട്ടുള്ള ഒരു മധുര സ്വപ്നം ആയിരുന്നു അത്..മഞ്ഞുറഞ്ഞ വഴിത്താരകളും, നക്ഷത്രഖചിതമായ ആകാശവും, മിന്നിത്തിളങ്ങുന്ന താരങ്ങളും, നിറുത്താതെയുള്ള മണികിലുക്കവുമായി പായുന്ന കലമാനുകളും.വാതിലനരികില്‍ കൊണ്ട് വെച്ച പാദയുറകളില്‍ ഒളിഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ ..സ്വപ്നം തൂങ്ങുന്ന ഇമകളില്‍ മിന്നിത്തെളിയുന്ന ദൃശ്യങ്ങളായിരുന്നു ഇതൊക്കെ..

എനിക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും സമ്മാനവുമായി വരുമെന്ന് വെറുതെ മോഹിച്ചിരുന്ന ബാല്യം ..അരക്കൊല്ല പരീക്ഷ കഴിഞ്ഞു പിരിയുന്ന ദിവസം കൂട്ടുകാര്‍ക്ക് ക്രിസ്മസ്സ് കാര്‍ഡുകള്‍ കൊടുക്കുമ്പോള്‍ ,തിരിച്ചും ഒരെണ്ണം കിട്ടിയെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.വെറും കയ്യോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സങ്കല്‍പ്പത്തിലെ അപ്പൂപ്പന്‍ സമ്മാനപ്പൊതികളുമായ് രാവിന്റെ ഏതോ യാമത്തില്‍ വരുമെന്നുള്ള ചിന്ത ഉള്ളിലെ മോഹത്തിനു മേലെ നറും നിലാവ് പോലെ പരന്നോഴുകി കൊണ്ടിരിക്കും .. ഉറക്കം വരാതെ കിടക്കുമ്പോള്‍ ഇടനാഴിയിലെ മരയഴികളുള്ള കുഞ്ഞു ജാലകത്തിനപ്പുറം കലമാനുകളുടെ കുളമ്പടികള്‍ കേള്‍ക്കുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു. അല്ലെങ്കില്‍ ആ കുളമ്പടി ശബ്ദം ശരിക്കും കേട്ടിരുന്നു പതിഞ്ഞ സീല്‍ക്കാരത്തോടെ മുന്‍കാലുകള്‍ ഉയര്‍ത്തി എന്റെ കിളിവാതിലിനരികില്‍ വന്നു നിന്ന് ആ ശരഭങ്ങള്‍ കിതപ്പണച്ചിരുന്നത് .പിന്നെ കണ്ണുകള്‍ ഇറുകെ പൂട്ടി തലയിണക്ക് താഴെ കൊണ്ട് വന്നു വെക്കുന്ന മിന്നുന്ന വര്‍ണ്ണക്കടലാസ് പൊതിയുടെ കിരുകിരെന്ന ശബ്ദത്തിനു ചെവിയോര്‍ത്തു കിടക്കവെ നക്ഷത്ര ചക്രത്തില്‍ നിന്ന് മിന്നുന്ന നക്ഷത്ര ശല്‍ക്കങ്ങള്‍ മഞ്ഞു കണങ്ങള്‍ക്കൊപ്പം ഉതിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു .ആരോ എന്റെ കണ്ണും പൊത്തി മുറ്റത്ത് കൊണ്ട് വന്നു നിറുത്തുന്നുണ്ട് അന്നേരം . ..ഇറുകെ അടച്ച കണ്ണ് പതിയെ തുറക്കുമ്പോള്‍ എനിക്ക് മുന്നില്‍ സ്വര്‍ണ്ണത്തിളക്കമുള്ള കുഞ്ഞു ചിറകുകള്‍ പിടപ്പിച്ചു കൊണ്ട് ഒരായിരം മാലാഖക്കുഞ്ഞുങ്ങള്‍ കൈകോര്‍ത്തു നൃത്തം വെക്കുന്നു. അവര്‍ക്കിടയിലൂടെ ഒഴുകുന്ന മഞ്ഞിന്റെ മണമുള്ള അപ്പൂപ്പന്‍ എനിക്ക് നേരെ നീട്ടുന്ന സമ്മാനപ്പൊതി ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ എനിക്കും അപ്പൂപ്പനും ഇടയില്‍ സമരിയന്‍ ഗീതികളുടെ പദവിന്യാസങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.കിളിവാതിലിലൂടെ ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന ജമന്തിപ്പൂക്കളുടെ സുഗന്ധം മിഴികളെ തൊട്ടുണര്‍ത്തുമ്പോള്‍ എന്റെ ചിന്ത തലേന്ന് രാത്രിയില്‍ ഞാന്‍ എവിടെയോ രഹസ്യമായി സൂക്ഷിച്ച ആ സമ്മാനത്തെ കുറിച്ച് മാത്രമായിരിക്കും ..അതെവിടെ എന്നോ, അതൊന്നു തിരയണമെന്നോ അഥവാ കയ്യില്‍ കിട്ടിയാല്‍ ഒന്ന് തുറന്നു നോക്കണമെന്ന ത്വരയോ എന്നെ അലോസരപ്പെടുത്താറില്ല. കാരണം ആ രഹസ്യം അതീവ രഹസ്യമായി തന്നെ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഞാന്‍ അപ്പോഴേക്കും പഠിച്ചിരുന്നു...

മേഘങ്ങളേക്കാള്‍ വേഗത്തില്‍ മറയുന്ന ഋതുക്കള്‍ ഏറെ മഞ്ഞു കാലങ്ങളെ സമ്മാനിച്ചിട്ടും ഞാനെന്റെ പഴയ സ്വപ്നം കാണുന്നത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ബാല്യത്തിലെ ശീലങ്ങളോ ചിന്തകളോ ഒരിക്കലും എന്നെ വിട്ടു പോകുന്നതായിരുന്നില്ല.അതിനാലാകാം വര്‍ഷങ്ങള്‍ പോകുന്തോറും എന്നിലെ കുട്ടി എന്നോടൊപ്പം യാത്ര തുടര്‍ന്നത് .സമ്മാനങ്ങള്‍ വലുതോ ചെറുതോ ആകട്ടെ അത് കൊടുക്കുന്ന ആളിനും കിട്ടുന്ന ആളിനും ഉണ്ടാകുന്ന ആഹ്ലാദം ഒരു പക്ഷെ ആ പൊതിക്കുള്ളിലെ സമ്മാനത്തേക്കാള്‍ മൂല്യമുള്ളതായിരിക്കും എന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.അതിനു പ്രത്യേക ദിനങ്ങളുടെ ആവശ്യമില്ലെന്നും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ എന്നതിനപ്പുറം അപ്രതീക്ഷിതമായും നിറഞ്ഞ മനസ്സോടേയും സ്നേഹത്തോടെയും അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലാണ് എല്ലാ മൂല്യവും നിക്ഷിപ്തമായിരിക്കുന്നതെന്ന് പിന്നീടെപ്പോഴോക്കെയോ ഞാന്‍ മനസ്സിലാക്കി..

ചിത്രപ്പണികളാല്‍ അലങ്കരിച്ച കാര്‍ഡുകളിലും സമ്മാനപ്പൊതികളിലും ഓരോ ജന്മദിനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കടന്നു പോകുമ്പോള്‍ എന്റെ ഉള്ളിലെ കുട്ടി വാനോളം ഉയരത്തില്‍ തുള്ളിച്ചാടുകയായിരുന്നു.സമ്മാനിക്കാനുള്ള വസ്തുക്കള്‍ വാങ്ങാനും അത് എത്രയും മനോഹരമാക്കി പൊതിഞ്ഞ് നല്‍കാനും ആവേശം കൊണ്ടിരുന്നത് എന്റെ മനസ്സില്‍ കുടികൊള്ളുന്ന സാന്താ അപ്പൂപ്പന്‍ തന്ന പ്രചോദനം ആകാം ..കുറെ കാലങ്ങളായി മുടങ്ങാതെ ഡിസംബര്‍ മാസത്തിലെ ജന്മദിനങ്ങളില്‍ എന്നെ തേടിയെത്തുന്ന പാരിതോഷികങ്ങള്‍ തുറന്നു നോക്കാന്‍ മനസ്സ് വരാറില്ല.അവ തുറന്നാല്‍ എന്റെ ആകാംക്ഷ അണഞ്ഞാലോ..എങ്കിലുംസമ്മാനിക്കുന്നവര്‍ക്ക് ഞാനത് തുറന്നു നോക്കണമെന്ന ശാഠ്യം എന്നെ ആ പൊതിയിലൊളിഞ്ഞിരിക്കുന്ന നിഗൂഡത വെളിവാക്കുന്നതിനു നിര്‍ബന്ധിതയാക്കുന്നു. അത് തുറന്നാല്‍ എന്റെ മുഖത്ത് പ്രകടമാകുന്ന ഭാവഭേദങ്ങള്‍ എനിക്ക് ചുറ്റുമുള്ളവര്‍ ആസ്വദിക്കുന്നത് ഞാനറിയുന്നില്ല എന്ന് നടിക്കും...

ഞാനേറ്റവും അധികം സ്വീകരിച്ചിട്ടുള്ളതും കിട്ടിയപ്പോഴൊക്കെ അത്യധികം സന്തോഷിച്ചിട്ടുള്ളതും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എനിക്ക് സമ്മാനമായപ്പോഴാണ്..വായനയാണ് എന്റെ ഇഷ്ടവിനോദം എന്ന് തിരിച്ചറിഞ്ഞ എന്റെ ജ്യേഷ്ടന്‍ സാധ്യമാകുമ്പോഴോക്കെ സമ്മാനിച്ചിരുന്ന പുസ്തകങ്ങള്‍ എനിക്ക് അമൂല്യങ്ങള്‍ ആണ് .അവയൊക്കെ എന്റെ വീട്ടില്‍ ഞാനൊരുക്കിയ ഒരു പുസ്തപ്പുരയില്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു..എത്രയോ ആവര്‍ത്തി വായനകള്‍ അനുഭവിച്ച അതിലെ ഏടുകളില്‍ ഞാനെന്റെ ഓര്‍മ്മകളില്‍ മയങ്ങുന്ന മയില്‍‌പ്പീലിതുണ്ടുകളെ പെറ്റ് പെരുകാന്‍ വെച്ചിട്ടുണ്ട്.

പിന്നീട് മക്കള്‍ വലുതായപ്പോള്‍ എന്റെ ജീവിതത്തിലെ ഓരോരോ വിശിഷ്ട ദിനങ്ങളെയും സമ്മാനം തന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ ബാല്യത്തില്‍ സാന്താ അപ്പൂപ്പന്‍ എന്റെ തലയിണക്കടിയില്‍ ഒളിപ്പിച്ചു വെച്ച ആ സമ്മാനങ്ങളൊക്കെയാണ് ഇന്ന് പല കൈകളിലൂടെ എന്റെ മുന്നിലെത്തുന്നതെന്ന് തോന്നി. ഒരു പുസ്തകം അല്ലെങ്കില്‍ ഒരു ബുക്ക്‌ മാര്‍ക്ക് കുഞ്ഞു പൊതികളിലെ പാരിതോഷികങ്ങളായ് കൈകളില്‍ വന്നു ചേരുമ്പോള്‍ എന്റെ സന്തോഷങ്ങള്‍ ഡിസംബര്‍ മഞ്ഞു പോലെ സാന്ദ്രമാകും ..

മഞ്ഞുകാലം എനിക്ക് പ്രിയപ്പെട്ടതാകുന്നത് ആഘോഷങ്ങളെ സമ്മാനിക്കുന്ന ചില മാസങ്ങള്‍ ഈ ഋതുവില്‍ നിന്നും പിറക്കുന്നത്‌ കൊണ്ട് മാത്രമല്ല .പ്രകൃതി തന്നെ ഒരു നവോഢയായ് നിരവധി മനോഹരങ്ങളായ ദൃശ്യങ്ങളെ മിഴികള്‍ക്കും ഹൃദയത്തിനുമേകുന്നത് കൊണ്ട് കൂടിയാണ്.
മഞ്ഞണിഞ്ഞ തരുലതാദികളും പ്രണയ പരവശരായ് ഈണങ്ങള്‍ മൂളുന്ന പക്ഷികളും തെളിഞ്ഞ നീലാകാശവും അതിന്റെ മടിയില്‍ അലസഗമനം ചെയ്യുന്ന വെണ്‍മേഘങ്ങളും, മേഘങ്ങള്‍ക്ക് കുറുകെ വരി തെറ്റാതെ ശിശിരത്തിന്റെ കൂട്ടുകാരായെത്തുന്ന ദേശാടനക്കിളികളുമായി മഞ്ഞു കാലത്ത് ഭൂമി തരളിതയാകുന്നു.നിറഞ്ഞൊഴുകുന്ന കാട്ടാറുകളും തളിര്‍ത്തു നില്‍ക്കുന്ന മുളങ്കാടുകളും,വര്‍ണ്ണങ്ങള്‍ വാരിപ്പൂശിയ കാട്ടുപ്പൂക്കള്‍ പൂത്തുലയുന്ന ഒറ്റയടിപ്പതകളും,നിലാവ് പൂത്തിറങ്ങുന്ന താഴ്വാരങ്ങളും വെയിലുരുകി വീഴുന്ന മലമടക്കുകളും ,കാറ്റ് ചുംബിച്ചുലയ്ക്കുന്ന ഇലച്ചാര്‍ത്തുകളും ..പ്രകൃതി ശിശിരത്തിന്റെ മടിയിലേക്ക് തന്റെ അഴകിന്റെ അലകള്‍ ഒന്നൊന്നായ് വിടര്‍ത്തുകയാണ്..മഞ്ഞുകാലം മടങ്ങി പോകുന്നതും ഭൂമിക്ക് മനോഹരമായൊരു വസന്തം സമ്മാനിച്ചു കൊണ്ടാണ്..

ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യനു ജീവിതമെന്ന സമസ്യക്കിടയില്‍ ലക്ഷ്യം കാണാന്‍ സാഹയകമാകുന്ന സൂചനകള്‍ പോലെയാണ്.അല്ലെങ്കില്‍ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഇടവേളകള്‍ പോലെയോ .സ്നേഹവും സൌഹാര്‍ദ്ദവും ആര്‍ദ്രതയും പ്രണയവും എല്ലാം സമ്മാനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത്തില്‍ നിന്നും ഈ വര്‍ണ്ണക്കടലാസ് പൊതികള്‍ക്ക് മനുഷ്യജീവിതത്തിലുള്ള
പ്രാധാന്യം എത്രയെന്നു വെളിവാകുന്നു...ആദ്യമായി കാണുന്ന കുഞ്ഞിനായാലും സുഹൃത്തിനായാലും ,പ്രണയിനിക്കായാലും ഒരു കുഞ്ഞു പൊതി സമ്മാനിച്ചു കൊണ്ട് ഒരു നല്ല ബന്ധം തുടങ്ങുന്നത് മനുഷ്യമനസ്സിന്റെ ലോല വികാരമായ സന്തോഷത്തെയാണ്‌ വ്യാഖ്യാനിക്കുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്പ് പുല്‍ക്കുടിലില്‍ പിറന്ന ദിവ്യാത്മാവിനെ കാണാന്‍ കിഴക്ക് നിന്നുള്ള രാജാക്കന്മാര്‍ പാരിതോഷികങ്ങളുമായി നക്ഷത്രങ്ങള്‍ തെളിച്ച വഴിയിലൂടെ പോയതും ആ കുഞ്ഞുപാദങ്ങളില്‍ ഭയഭക്തിയോടെ അതെല്ലാം അര്‍പ്പിച്ചതുമെല്ലാം ചരിത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. പരസ്പ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് ഇന്നും തുടര്‍ന്ന്‍ പോരുന്നത് സമൂഹത്തില്‍ നിന്നും ഇനിയും അന്യം നില്‍ക്കാത്ത മാനവികതയുടെയും നന്മയുടേയും പ്രതിഫലനങ്ങളായിട്ടാണ്. .ആഘോഷങ്ങള്‍ സമ്മാനങ്ങളുടെ പെരുമഴയായും സമ്മാനങ്ങള്‍ മനുഷ്യമനസ്സിലേക്കൊഴുകുന്ന സ്നേഹധാരയായും മാറട്ടെ എന്നാശിക്കട്ടെ . ..മഞ്ഞിനൊപ്പം പരക്കുന്ന നിലാവുള്ള ഈ ഡിസംബര്‍ രാവില്‍ ഇരുന്നു ഈ കുറിപ്പെഴുതുമ്പോള്‍ മുഹമ്മദ് റഫി സാബിന്റെ ഒരു മധുര ഗാനം എവിടെയോ അലയടിക്കുന്നുണ്ടായിരുന്നു.. "ബഡി ദൂര്‍ സെ ആയെ ഹെ ..പ്യാര്‍ കാ തോഹ്ഫ ലായേ ഹെ " ......

Friday, 6 December 2013

മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍

മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍ :- (മാധ്യമം ആഴ്ചപ്പതിപ്പിലെ  കടല്‍പ്പച്ച എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് )


കടലും  അതിന്റെ ആരവവും എന്നും  ഒരു ഹരമായിരുന്നു എനിയ്ക്ക് .ഉറക്കം വരാത്ത രാവുകളില്‍ തിരമാലകളുടെ ഗര്‍ജ്ജനം ഒരുറക്കു പാട്ട്  പോലെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചിരുന്ന കൌമാര കാലം .തികഞ്ഞ ഏകാന്തത അനുഭവിച്ചിരുന്ന യൌവ്വനാരംഭത്തില്‍ തിരമാലകളെണ്ണി മതിവരാതെയും നക്ഷത്രങ്ങളെ തിരഞ്ഞു കൊതിതീരാതേയും ഭാവിയെ പറ്റി വലുതായൊന്നും വ്യാകുലപ്പെടാതെയും ഓരോ ദിവസങ്ങളും അടര്‍ത്തിയിടുമ്പോള്‍  എന്തിനെന്നറിയാതെ അസ്തമയങ്ങളുടെ ചാരുതയെ ഞാന്‍ പ്രണയിക്കുകയായിരുന്നു...വിളറി മഞ്ഞച്ച പോക്കുവെയില്‍ അത്തിമരച്ചില്ലകളിലൂടെ ഊര്‍ന്നു വീഴുന്നതും നോക്കി പടിഞ്ഞാറോട്ട് ഉമ്മറമുള്ള തറവാടിന്റെ ചവിട്ട് പടിയില്‍ ഇരിക്കുന്നതായിരുന്നു ഈ ലോകത്തെ ഏറ്റവും സുഖമുള്ള കാര്യമെന്ന് അരക്കിട്ടുറപ്പിച്ച കാലം .എങ്കിലും കടലിലേക്ക് താഴുന്ന സൂര്യനെ ഒരു നോക്ക് കാണാന്‍ എപ്പോഴെങ്കിലും കടപ്പുറം വരെ പോയിരുന്നത് കടലിലേക്ക് ഉരുകി വീഴുന്ന സൂര്യ തേജസ്സിന്റെ ഒരിറ്റെങ്കിലും കൈക്കുമ്പിളില്‍ കോരിയെടുത്തു ഹൃദയത്തില്‍ സൂക്ഷിക്കാമല്ലോ എന്ന  ഭ്രാന്തന്‍ ചിന്തയാല്‍ മാത്രമായിരുന്നു. എന്റെ ചിന്തകള്‍  ഒരു തത്ത്വജ്ഞാനിയുടെതെന്ന പോലെ അനന്ത വിഹായസ്സില്‍ വിഹരിച്ച്  ഓരോ നിഗമനങ്ങളില്‍ എത്താറുണ്ടായിരുന്നു. .അതിലൊന്നു അലയാഴിക്കും മനുഷ്യ മനസ്സിനും ഒരു പാട് സമാനതകള്‍ ഉണ്ടെന്നതായിരുന്നു.തീരത്തെ മണല്‍ത്തരികളില്‍  മനസ്സിന്റെ നീറ്റലുകള്‍ വരച്ചു തിരമാലയെ കൊണ്ട് മായ്പ്പിക്കുന്നതും ഒരു ആശ്വാസമായി തോന്നിയിരുന്നു അക്കാലത്ത്.

ഒരു പാട് നിഗൂഢതകള്‍ ഉള്ളില്‍ ഒളിപ്പിക്കുന്ന മനസ്സ് പോലെയാണ്  കടലാഴവും . ഉള്ളില്‍ അടക്കി വെച്ചതിനെ ഒരുനാള്‍ അലമാലകളായ്  പുറത്തേക്ക് പായിക്കുമ്പോള്‍ അനുഭവിക്കുന്ന ഉന്മാദം മനസ്സിന്റെ വിങ്ങലുകള്‍ അട്ടഹാസമായ് പുറത്ത് വരുന്നത് പോലെയല്ലേ എന്നു ഞാന്‍ വിസ്മയപ്പെട്ടിരുന്നു.അത് വരെ ശാന്തമായി കിടന്നിരുന്ന തിരകള്‍  എന്നെ കാണുമ്പോള്‍ ആഹ്ലാദത്തോടെ ഞൊറി നെയ്ത അലമാലകളുമായി എന്റെ പാദങ്ങളില്‍ വന്നു ചുംബിച്ചിരുന്നു. എന്റെ മുഖത്തു പരശ്ശതം തുള്ളികള്‍ തെറിപ്പിച്ചു ആവേശമടക്കി തിരിച്ചു പോയിരുന്ന തിരകള്‍ വീണ്ടും പൂര്‍വ്വാധികം ഉന്മേഷത്തോടെ എന്നിലേക്ക് പാഞ്ഞു വന്നിരുന്നത് എന്നോടുള്ള പ്രണയ പരവശത്താലായിരുന്നുവെന്നു എനിക്ക്  വെറുതെ തോന്നിയിരുന്നു..അറബിക്കടലിനെ ഒരു കാമുകനായി സങ്കല്‍പ്പിച്ചു തിരികെ പോരുമ്പോള്‍ കൈവെള്ളയില്‍ അമര്‍ത്തി പിടിച്ച ഉരുകിയ അസ്തമയ രേണുക്കള്‍ പതിയെ നെഞ്ചോടമര്‍ത്തി ഹൃദയത്തിന്റെ അഗാധതയിലേക്ക് കുടഞ്ഞു ഒരു പ്രണയിനിയുടെ വികാരത്തോടെ സംതൃപ്തിയടഞ്ഞിരുന്നത് ഏകാന്തതയിലെ സങ്കല്പ്പലോകം കാണിച്ചു തന്ന അദൃശ്യനായ അനുരാഗി ഉള്ളില്‍  നിറഞ്ഞാടിയത് കൊണ്ടാകാം.

അക്കാലമത്രയും ഞാന്‍  കരുതിയത് കടലുകള്‍ എന്നും അസ്തമയത്തിന്റെ കാമുകരാണെന്നാണ് .വിവാഹിതയായി ഖോര്‍ഫക്കാന്‍ എന്ന യു എ ഇ യുടെ കിഴക്കന്‍ തീരം അണയുന്നത് വരെ എന്റെ  ആ വിശ്വാസത്തിനു മാറ്റമില്ലായിരുന്നു.ഒരു വശത്ത് കൂര്‍ത്ത പാറകള്‍ ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ .മറുവശത്ത് ഒട്ടും ധൃതിയില്ലാതെ ശാന്തരായി ഓളം തുള്ളുന്ന അറേബ്യന്‍ കടലിടുക്ക് .കടലാഴത്തില്‍ നിന്നുയര്‍ന്ന മൈനാകം പോലെ ഒരു കരിമ്പാറ കരയില്‍ നിന്നും അത്രയ്ക്ക്  ദൂരെയല്ലാതെ കാണുന്നത് ആ കടല്‍ തീരത്തിന്റെ മാത്രം സവിശേഷതയാണ് .നീലാകാശത്തെ ആവാഹിച്ച  ആഴിപ്പരപ്പ് ശാന്തവുമായിരുന്നു.  ഒരുറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ്  ആ കാഴ്ച കാണുന്നത്. ഇളം ചുവപ്പ് രാശിയിലുള്ള ഉദയ കിരണങ്ങള്‍ കടലിനു നടുവിലെ ആ കരിമ്പാറയ്ക്കപ്പുറത്ത് നിന്നും ചിന്നിചിതറുന്നു.  ദൂരെ ദൃശ്യമായ ആ  അതിശയക്കാഴ്ച  എന്നെ എന്നും ആ കടല്‍ തീരത്തെ പ്രഭാതങ്ങളിലെക്കെത്തിക്കുന്നതിനുള്ള ഒരു ഹേതുവായി മാറി. .ഒരു പ്രഭാത സവാരി ..അതുവരെ അസ്തമയം മാത്രം കണ്ട എന്റെ കടല്‍ക്കാഴ്ച്ചകളിലേക്ക് പുതിയൊരനുഭവം ആയിരുന്നു അത്. ഞാന്‍ ഒരു പ്രവാസിയായി മരുഭൂമിയുടെ മണലില്‍ പാദമുദ്രകളെ കോറിയപ്പോള്‍ എനിക്കെല്ലാം വിചിത്രങ്ങളും വ്യത്യസ്തങ്ങളുമായ അനുഭവങ്ങളായിരുന്നു.ചെങ്കുത്തായ പാറക്കെട്ടുകളില്‍ മേഞ്ഞു നടക്കുന്ന കോലാടുകളും,പാറകളിലള്ളി വളര്‍ന്ന പച്ചപ്പും എന്നെ അദ്ഭുതത്തിന്റെ ഉത്തുംഗതയില്‍ നിറുത്തി.

എണ്ണപ്പണം മോഹിച്ചു സ്വപ്നങ്ങളുടെ മാറാപ്പുമായി  ഉരു കയറി പുറപ്പെട്ടവര്‍ കയ്യും കാലും കുടഞ്ഞു വീശി നീന്തിയണഞ്ഞതും അവര്‍ക്ക് അഭയം നല്‍കിയതും  ഖോര്‍ഫക്കാന്‍ തീരമാണ്.കാല്‍പ്പനികതയുടെ നിധി കുംഭങ്ങള്‍ ആഴത്തില്‍ ഒളിഞ്ഞു കിടക്കുന്ന പുരാതനങ്ങളായ ഒരു പാട് ഗ്രാമങ്ങള്‍ യു എ ഇ യില്‍ ഉണ്ട് . അതിലൊരു  ഗ്രാമമാണ് ഖോര്‍ഫക്കാന്‍ . പ്രാചീന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ മയങ്ങുന്ന മലമടക്കുകള്‍ .ദുബായിയെന്ന സ്വപ്നനഗരിയുടെ  വര്‍ണ്ണശബളിമ തൊട്ടു തീണ്ടാത്ത ആ മനോഹര തീരം പക്ഷെ സ്വപ്നം വാങ്ങാന്‍ വന്നവരുടെ ഈറ്റില്ലമായത് ഏതോ ഒരു മുജ്ജന്മ സുകൃതം പോലെ.കാരണം വലിയ ചിലവില്ലാതെ ജീവിക്കാനും ഒന്ന് കിതപ്പാറ്റും വരെ അന്തിയുറങ്ങാനും ഉറ്റവരും ഉടയവരുമില്ലെങ്കിലും ആ വിഷമമറിയാതെ കഴിയാന്‍ ഉതകുന്ന ചില സാഹചര്യങ്ങള്‍ ഖോര്‍ഫക്കാന്‍ എന്ന പ്രദേശത്തിന് അവകാശപ്പെടാനുണ്ടായിരുന്നു. സ്നേഹിക്കാന്‍  അറിയുന്ന ഒരു കൂട്ടം നല്ലവരായ തദ്ദേശിയര്‍ സഹായ ഹസ്തങ്ങളുമായി ആ തീരമണഞ്ഞവര്‍ക്ക് മുന്നില്‍ നിരന്നു നിന്നത് ദൈവഹിതമായിരിക്കാം ..വലിയ വിദ്യാഭ്യാസമില്ലാത്തവര്‍  തദ്ദേശിയര്‍ക്കൊപ്പം മീന്‍ പിടിക്കാനും ഈന്തപ്പനതോട്ടങ്ങളില്‍ വെള്ളം തേവാനും നീങ്ങിയപ്പോള്‍ .അത്യാവശ്യം അക്ഷരഭ്യാസമുള്ളവരും അറബി ഭാഷയുടെ പ്രാഥമികജ്ഞാനമുള്ളവരും ഹുക്കുമത്ത് എന്നറിയപ്പെടുന്ന സര്‍ക്കാര്‍ മേഖലകളില്‍ ജോലി നേടി.കഴുതപ്പുറത്ത് മാത്രം സഞ്ചരിക്കുന്ന ബദുക്കള്‍ അഥവാ ബദവികള്‍   എന്ന മരുഭൂമിയുടെ സ്വന്തം ആത്മാക്കള്‍ ചെറുതെങ്കിലും മനോഹരമായ ഖോര്‍ഫക്കാന്‍ നഗരത്തിലേക്ക് ഇറങ്ങി വരാന്‍ മടിച്ചു നിന്നത് അവരുടെ പാരമ്പര്യത്തെ മുറുകെ പിടിച്ചത്  കൊണ്ടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഖോര്‍ഫക്കാനില്‍  എത്തിയ എനിക്ക്  അന്നത്തെ മലനിരകള്‍ക്കപ്പുറത്തെ മരുപ്പച്ചകള്‍ക്കിരുവശങ്ങളിലും ജീവിക്കുന്ന ബദവികളുടെ ജീവിതം ഒരദ്ഭുതമായിരുന്നു.മലമടക്കുകളെ സഞ്ചാര പാതകളാക്കി കഴുത പുറത്ത് ഇരുന്നു മലയിറങ്ങി വന്നിരുന്ന ഇവര്‍  എന്റെ ജാലക കാഴച്ചയുടെ ആര്‍ഭാടമായി മാറിയത് സ്വാഭാവികം.

വലിയ അടയാളങ്ങളൊന്നും ബാക്കി വെക്കാതെ ഋതുപ്പകര്‍ച്ചകള്‍ ഒന്നൊന്നായ് വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു.  എന്റെ വീട്ടില്‍ കുഞ്ഞു പാദങ്ങള്‍ തലങ്ങും വിലങ്ങും ബഹളമുണ്ടാക്കി പായുകയും വര്‍ഷങ്ങളുടെ ദൈര്‍ഘ്യമറിയിക്കാതെ വളര്‍ച്ചയുടെ പടവുകളെ ഓടിക്കയറുകയും ചെയ്യവേ കണ്മുന്നില്‍ ഖോര്‍ഫക്കാന്റെ കടല്‍ത്തീരം ഒരു നവോഢയെ പോലെ അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു.പതിയെ പതിയെ ഗ്രാമത്തിന്റെ നിഷകളങ്കഭാവത്തിനു മേലെ  നഗരം തന്റെ  സ്ഥായീഭാവമായ  കപടതയുടെ മുഖപടം എടുത്തണിഞ്ഞു.പഴയ സ്നേഹവും കാരുണ്യവും നിറച്ച കണ്ണുകളില്‍ കച്ചവടത്തിന്റെയും കൌശലത്തിന്റെയും മഞ്ഞ നിറം കലരുന്നുണ്ടായിരുന്നു.രാജ്യത്തിന്റെ സുരക്ഷതയെ ഉറപ്പിക്കാനുള്ള നിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ ഒന്നൊന്നായ് പ്രവാസികളെ ചൂഴ്ന്നു തുടങ്ങി.വിസയില്ലാതെ അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ ഔദാര്യ വിസയില്‍ കഴിഞ്ഞിരുന്നവര്‍ പിടിക്കപ്പെടുന്ന നാളുകള്‍ വന്നു തുടങ്ങി ..ആയിടക്കാണ് ഒരു കുടുംബ സുഹൃത്ത് "റാസ്‌ അല്‍ ഖൈമ" എന്ന സ്ഥലത്ത് നിന്നും ഒരു വിവരം അറിയിക്കുന്നത് .അവരുടെ ഒരു ബന്ധുവായ  മൂന്നു കുട്ടികള്‍ അടങ്ങുന്ന കുടുംബം  വിസയും ജോലിയുമില്ലാതെ വലയുന്നു .എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് .
പറഞ്ഞ വിവരങ്ങളനുസരിച്ച് അവരെ ചെന്ന് കണ്ടു .വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന ഒരു കുടുംബം ..ഇതിലും ഭേദം അവനവന്റെ നാട്ടില്‍ കഴിയുന്നതല്ലേ എന്ന ചോദ്യത്തിന് അങ്ങനെ ഒരു തിരിച്ചു പോക്കിലും നല്ലത് ഇവിടെ കഴിയലാണ് നല്ലതെന്ന മറുപടി തെല്ലു അരോചകമായി തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഓരോ മനുഷ്യനും അവന്റെ അഭിമാനവും ദുരഭിമാനവും അവന്റെ മാത്രം സ്വന്തമല്ലേ എന്ന ആശ്വാസത്തില്‍ മൌനം പൂണ്ടു.പക്ഷെ ഏറെ നാള്‍ അവര്‍ക്ക് അങ്ങനെ ഒളിഞ്ഞും ഉള്‍വലിഞ്ഞും കഴിയാന്‍ ആകുമായിരുന്നില്ല. ചില്ലറ അസുഖങ്ങള്‍ അലട്ടുന്ന അയാള്‍ക്ക് കഠിനാധ്വാനം ചെയ്യാനും സാധിക്കുമായിരുന്നില്ല.വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരുടെ  വിദ്യാഭ്യാസം ,എന്തെങ്കിലും അസുഖം വന്നാല്‍ പോലും മതിയായ രേഖകളില്ലെങ്കില്‍ നിഷേധിക്കപ്പെടുന്ന ആതുര സേവനം .തുടങ്ങി എന്തിനും ഏതിനും ഒരന്യ രാജ്യത്തെ നിയമങ്ങളെ മാനിക്കാതെ നില്‍ക്കാന്‍ ആവില്ല എന്ന പരമാര്‍ത്ഥമുള്‍ക്കൊണ്ട് മനസ്സില്ലാ മനസ്സോടെ ആ കുടുംബം ഇവിടം വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പണയപ്പെടുത്തിയ പാസ്പ്പോര്‍ട്ടുകള്‍ തിരിച്ചു പിടിക്കാന്‍ തന്നെ പതിനായിരക്കണക്കിനു ദിര്‍ഹം മുടക്കണം ..എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിനിടയില്‍ ആരോ പറഞ്ഞു സമീപ പ്രദേശമായ ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .അവിടം  വരെ എത്തിപ്പെട്ടാല്‍ അവിടുത്തെ ഇന്ത്യന്‍ എംബസ്സിയില്‍ ചെന്നാല്‍ നാട്ടില്‍ പോകാനുള്ള ഔട്ട്‌ പാസ്സ് സംഘടിപ്പിച്ച് കൊടുക്കാം എന്ന്..ഈ വാര്‍ത്ത വലിയൊരാശ്വാസമായെങ്കിലും യു എ ഇ യുടെ അതിര്‍ത്തി കടക്കേണ്ടത് വലിയൊരു പ്രശ്നം തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം ഞങ്ങളെ അലട്ടി..ഇതിനിടയില്‍ ചില കൂട്ടായ്മകള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും പിരിച്ച കുറച്ചു പണം, പിന്നെ വഴിയാത്രക്കിടയില്‍ ആവശ്യം വരുന്ന  ഭക്ഷണം ,അത്യാവശ്യം പുതു വസ്ത്രങ്ങള്‍ ഇവയെല്ലാം ഒരുക്കി വെച്ച്  ആ കുടുംബത്തെ ഒരു നീണ്ട യാത്രയ്ക്ക് സജ്ജമാക്കിയിരുന്നു..തികച്ചും രഹസ്യമായി തന്നെയാണ് വിഷയത്തെ വേണ്ടപ്പെട്ടവര്‍ കൈകാര്യം ചെയ്യുന്നത്.നിയമങ്ങള്‍ ലംഘിച്ച് കൊണ്ടാണെങ്കിലും ധാര്‍മ്മികതയെക്കാള്‍ അവിടെ വിലപ്പെട്ടത് മനുഷ്യത്വം ആയിരുന്നു എന്നത് കുറ്റബോധത്തെ ഇല്ലാതാക്കി..കുടുംബ ആത്മഹത്യകള്‍ ചെറിയ തോതിലെങ്കിലും അങ്ങിങ്ങു നടക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു .അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍  സുമനസ്സുകളായ ചിലരുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട്  തന്നെ രാജ്യാതിര്‍ത്തി കടക്കാനുള്ള തന്ത്രവും ഇതിനിടയില്‍ ആരോ മെനഞ്ഞു..അതിര്‍ത്തിയിലെ കാവല്‍ ഭടന്മാര്‍ റോഡുകളിലാണ് പരിശോധന നടത്തുന്നത് .അത് കൊണ്ട് റോഡിനിരുവശങ്ങളിലുമുള്ള  പരന്ന മണല്‍ക്കാട്ടിലൂടെ മാത്രമേ കാല്‍നട സാധ്യമാകൂ.തന്നെയുമല്ല രാത്രിയില്‍  അതിര്‍ത്തി കടക്കുക എന്നത് ഏറെ ദുഷ്ക്കരമായ ഒരുദ്യമം കൂടിയാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു .ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ വേണം ആ കടമ്പയെ നേരിടാന്‍ എന്ന് ആരൊക്കെയോ ചേര്‍ന്നു ഗൃഹനായകനോട് ഉപദേശിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ അതിനുള്ളില്‍ അതിര്‍ത്തിയിലെത്താം .  ഒമാന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍  അവിടെ ഏല്‍പ്പിച്ച ആളുകള്‍ വാഹനവുമായി എത്തിക്കൊള്ളും .പിന്നെ ഔട്ട്‌ പാസ്സും ശരിയാക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നാടെത്താം.പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാവരുടെയും ഉത്സാഹത്തിനു ഊര്‍ജ്ജമായി..പക്ഷെ വൈതരണിയായ് അപ്പോഴും ഈ അതിര്‍ത്തി തന്നെ .കൂടാതെ ലക്ഷ്യത്തിലെത്താന്‍ മരുഭൂമിയിലൂടെയുള്ള കുറുക്കു വഴി കാണിച്ചു തരുന്ന ആള്‍ കൈചൂണ്ടുന്ന ദിക്കിലേക്ക് നടന്നു തുടങ്ങിയാല്‍ പിന്നെ ചുറ്റും കാണുന്നത് മണല്‍പ്പരപ്പിന്റെ മഹാസമുദ്രമായിരിക്കും .വഴി തെറ്റാനും തെറ്റിക്കാനും വൈദഗ്ദ്യമുള്ള മരുഭൂമിയുടെ മുഖം അതിനിരയവരില്‍ നിന്നു ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണ്. മണല്‍പ്പരപ്പിലൂടെ നടന്നു നീങ്ങുമ്പോള്‍ ചക്രവാളം താഴേക്ക് ഊര്‍ന്നിറങ്ങി വന്നതെന്ന് തോന്നും .ഓരോ മണല്‍ക്കുന്നുകളും താണ്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ട വഴി കണ്മുന്നില്‍ നിന്നും അപ്രത്യക്ഷരായിട്ടുണ്ടാകും.ഏതു നിമിഷവും വീശിയടിക്കാവുന്ന മരുക്കാറ്റ്  ദിശ തന്നെ മാറ്റിമറിക്കും..ഇതെല്ലാം മുഖത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ദുര്‍ഘടങ്ങള്‍ തന്നെ.ഞങ്ങളുടെ ഉള്ളിലാളുന്ന ആശങ്കയുടെയും ഭയത്തിന്റെയും സ്ഫുലിംഗങ്ങള്‍ പുറത്തേക്കു വരാതിരിക്കാന്‍  നന്നേ  പാടുപ്പെട്ടു കൊണ്ട് അവരുടെ മനസ്സിലേക്ക് ആത്മവിശ്വാസത്തിന്റെ കനല്‍ കോരിയിട്ടു..
മൂന്നു മക്കളും ഭാര്യയുമായി ആ സാഹസികത ഏറ്റെടുക്കാന്‍ അയാള്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന  അവരുടെ സുരക്ഷിതമായ യാത്രയെ കുറിച്ചും , ചിന്ത അതെങ്ങനെയൊക്കെ ചിട്ടപ്പെടുത്തണമെന്നതുമായിരുന്നു. . മസറകളിലേക്ക് ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമുള്ള തീറ്റയുമായി പോകുന്ന വാഹനത്തിലാണ് കുറച്ചു ദൂരമെങ്കിലും പോകുന്നത്.അത് കഴിഞ്ഞാല്‍ പിന്നെ കാല്‍നടയായും.അധികമൊന്നും നടക്കേണ്ടി വരില്ല എന്ന ഇടനിലക്കാരന്റെ ആശ്വസിപ്പിക്കല്‍ സത്യമാകണേ എന്ന്  പ്രാര്‍ത്ഥിച്ചു .ഈ യാത്രയുടെ വിഷമതകളും ഒപ്പം അനിവാര്യതയും മനസ്സിലാക്കി കൊടുത്തുകൊണ്ട്  തന്നെ അതിനു വേണ്ട മാനസികമായി തയ്യാറെടുപ്പ് നടത്താന്‍ അവരോടു  നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ എന്തും നേരിടാനുള്ള മനഃക്കരുത്തോടെ പതിമൂന്നും പതിനൊന്നും ഏഴും വയസ്സുള്ള മൂന്നു കുട്ടികളും ഭാര്യുമായി ആ കുടുംബനാഥന്‍ മണല്‍ക്കാടിനോട് വിട പറയാനൊരുങ്ങി. ഒരു രാത്രിയില്‍ യു എ ഇ യുടെയും ഒമാന്റെയും അതിര്‍ത്തിക്കിടയിലെ മണല്‍പ്പരപ്പില്‍ ആ കുടുംബത്തെ വിട്ടു പോരുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു മഹാസമുദ്രം ഭീമാകാരങ്ങളായ തിരമാലകള്‍ക്ക് രൂപം കൊടുക്കുന്നുണ്ടായിരുന്നു.മൊബൈലില്‍ വിളിച്ചു വിവരം അറിയാമെന്നു വെച്ചാല്‍ കാവല്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നടത്തുന്ന പ്രയാണത്തെ അത് ബാധിച്ചാലോ എന്ന് ഭയന്ന് അങ്ങനെ ഒരു സാഹസം വേണ്ട എന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു..ഇനി അവിടെയൊക്കെ മൊബൈലിന്റെ സിഗ്നലുകള്‍ കരുണ കാണിക്കുമോ എന്നും നല്ല നിശ്ചയമില്ലായിരുന്നു.പറഞ്ഞത് പ്രകാരം ആടുകള്‍ക്കുള്ള തീറ്റയുമായി വന്ന വാഹനത്തില്‍ അവരെല്ലാവരും പ്രാര്‍ഥനയുടെ ഉയര്‍ത്തി പിടിച്ച കരങ്ങളുമായി യാത്ര പുറപ്പെട്ടു.മിനിറ്റുകള്‍  ഒച്ചിന്റെ വേഗതയില്‍ ഇഴയുമ്പോള്‍ മനസ്സിനുള്ളില്‍  ജീവിതമേല്പ്പിച്ച കദനങ്ങളുടെ ഭാണ്ഡവുമായി ഒരു  കുടുംബം മണല്‍ക്കൂനകളുടെ നിഴല്‍ പറ്റി നിശ്ശബ്ദം നീങ്ങുന്ന കാഴ്ച്ചയായിരുന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഇറുകിയടച്ച മിഴികള്‍ക്കുള്ളില്‍ കടലാഴങ്ങളില്‍ കുഞ്ഞു വട്ടികളുമായ് മുത്തു വാരി നിവരുന്ന ബദവികളുടെ മുഖങ്ങള്‍ .എണ്ണപ്പണം തേടിയെത്തുന്ന സ്വപ്നസഞ്ചാരികള്‍ കടലിലെ അലമാലകള്‍ക്ക് കുറുകെ കൈവീശി നീന്തിയണഞ്ഞു  മണലാരണ്യത്തിലെ  തിളയ്ക്കുന്ന സൂര്യന് കീഴില്‍ വിങ്ങുന്ന മണലിലൂടെ സഞ്ചാരപഥങ്ങളെ തേടുന്നത്  മനോമുകുരത്തിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.അവര്‍ പ്രവാസികളെന്നു സ്വയം വിളിക്കുകയും  സ്വപ്നങ്ങള്‍ വില്‍ക്കുകയും യാഥാര്‍ത്ഥ്യങ്ങളെ പണയം വെയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തീണ്ടാപ്പാടകലത്തില്‍ നില്‍ക്കുന്ന എന്റെ നിദ്ര ആഴക്കടലിലെ മലര്‍ച്ചുഴിയെന്ന പോലെ എന്നെ വലച്ചു കൊണ്ടിരുന്നു.പാതിരാവിലെപ്പോഴോ  ആശ്വാസത്തിന്റെ ഈണവുമായി ആരുടെയോ ഫോണ്‍ വന്നു .ആ കുടുംബം അതിര്‍ത്തി കടന്നിരിക്കുന്നുവത്രെ..അല്‍ഹമ്ദുലില്ലാഹ് .പാതിമയങ്ങുന്ന എന്റെ മനസ്സിലപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും നീന്തുന്ന ഏതൊക്കെയോ സ്വപ്നസഞ്ചാരികളുടെ പിടയ്ക്കുന്ന കൈകള്‍ അന്തരീക്ഷത്തിലൂടെ ആരെയോ മാടി വിളിക്കുന്ന ദൃശ്യമായിരുന്നു.

Wednesday, 4 December 2013

അര്‍ദ്ധവിരാമം

അര്‍ദ്ധവിരാമം :-

തലേന്ന് പെയ്ത മഴയില്‍ ചേറും ചെളിയും പുതഞ്ഞ വഴിയിലൂടെ കാലുകള്‍ വലിച്ചു  നടക്കുമ്പോള്‍ അനാമിക ആരോടെന്നില്ലാതെ പിറുപിറുക്കുകയായിരുന്നു. കയ്യിലേന്തിയ പൂക്കളുടെ ചിത്രങ്ങളുള്ള ചണസഞ്ചിയില്‍ നിന്നും പുറത്തേക്ക് തുറിച്ച് നോക്കുന്ന മുരിങ്ങാക്കായും .അയല മീനിന്റെ പൊതിയും  പരമാവധി ശരീരത്തോട് ചേര്‍ത്ത് വെച്ചവള്‍ മുന്നോട്ടാഞ്ഞ് നടന്നു.തോട്ടിറമ്പിലൂടെ കുണുങ്ങി കുണുങ്ങി നീങ്ങുന്ന കുളക്കോഴികൂട്ടങ്ങള്‍ അവളെ കണ്ടതും ചകിതരായ് തോട്ടു വക്കത്തെ നീരോലിപ്പൊന്തയിലേക്ക് ഓടി മറഞ്ഞു.  കുളവാഴപ്പൂക്കള്‍ പൂത്തുലഞ്ഞ് കിടക്കുന്ന തോട്ടില്‍  ചൂണ്ടയിട്ട് നില്ക്കുന്ന ചെറുമ ചെക്കന്‍ അവന്റെ അരികത്തിരിക്കുന്ന കുട്ടയിലേക്ക് ഏതോക്കെയോ ചെറുമീനുകളെ പെറുക്കിയിടുന്നുണ്ട്..അന്തിച്ോപ്പ് വാരിപ്പൂശിയ മാനത്ത് അലയുന്ന മേഘത്തുണ്ടുകള്‍ തോട്ടിലെ അലകള്‍ക്ക് മേലെ ഇളകുന്നതും നോക്കി തോടിനു കുറുകെ ഇട്ട തെങ്ങ് തടിപ്പാലത്തിലൂടെ മറുകരയിലേക്കവള്‍ ഓടിക്കയറുമ്പോള്‍ പഞ്ചായത്ത് നാഴികമണിയില്‍  നിന്ന് ആറു മണിയുടെ സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.
                                                               (crtsy:Ishaq)

എന്നും അധ്യാപന വൃത്തിയും കഴിഞ്ഞിറങ്ങുന്ന അവളുടെ തലയില്‍ വൈകീട്ട് വീട്ടിലെത്തിയാല്‍ തയ്യാറാക്കേണ്ട അത്താഴത്തിന്റെ വിഭവങ്ങളെന്തൊക്കെ ആയിരിക്കണമെന്നതോ അതല്ലെങ്കില്‍ പലചരക്ക് കടയില്‍ നിന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയോ ഒക്കെ ആയിരിക്കും അലട്ടുന്ന വിഷയങ്ങളായി ഉണ്ടാവുക ..പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവളുടെ ചിന്ത രണ്ടു പ്രാവശ്യമായി ഒരേ ആവശ്യത്തിനു കത്തയച്ച് കൊണ്ടിരിക്കുന്ന പത്രാധിപരാണ്.പ്രമുഖ വാരികയുടെ വിശേഷാല്‍ പതിപ്പിലേക്ക് അനാമികയുടെ ഒരു കഥയോ നൊവെല്ലയോ വേണമെന്ന ആവശ്യം ആ പത്രാധിപരുടെ കത്തുകളില്‍ അഭ്യര്‍ത്ഥനയുടെ ഭാഷയിലായിരുന്നു.പക്ഷെ മണിക്കൂറുകള്‍ കൊണ്ട് കഥകള്‍ രചിച്ചിരുന്ന അനാമിക കുറച്ച് നാളായി അജ്ഞാതമായൊരു മാനസിക പിരിമുറുക്കത്തിലാണ്.അവളെത്ര ശ്രമിച്ചിട്ടും മനസ്സിനു തൃപ്തി തോന്നുന്ന രീതിയില്‍ എഴുതാനാവുന്നില്ല..ആരോടെന്നില്ലാതെ തോന്നിയ ദേഷ്യം അവളുടെ മുഖത്ത് പ്രതിഫലിച്ചു. എത്ര ആലോചിച്ചിട്ടും വഴുതി പോകുന്ന പദങ്ങളും കഥാബീജങ്ങളും  കൈവിരല്‍ തുമ്പില്‍ കുരുക്കിയിടാനുള്ള ശ്രമം  കഴിഞ്ഞ ഏതാനും രാത്രികളിലെ തന്റെ  വ്യര്‍ഥമായ വ്യായാമം ആയി മാറിയിരിക്കയാണല്ലോ എന്നവള്‍ ഓര്‍ക്കവെ പുതിയ കഥാതന്തുക്കള്‍ മിന്നലൊളിയെന്ന പോലെ ഒളിഞ്ഞും തെളിഞ്ഞും അവളെ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരുന്നു..

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവളുടെ നോവലിനു ലഭിച്ച പുരസ്ക്കാരത്തെ ചൊല്ലി സാഹിത്യ സദസ്സുകളില്‍ അല്ലറചില്ലറ മുറുമുറുപ്പുകളുണ്ടായിരുന്നു . സ്ത്രീ പക്ഷ എഴുത്തുകാരിയുടെ പുരുഷ മേധാവിത്വത്തിനെതിരായ പറഞ്ഞും ഉറഞ്ഞും ട്രാഷ് ആയ ഒരു ക്ലീഷെയിഡ് സബ്ജെക്റ്റ് ആണതെന്ന ചില സാംസ്ക്കാരിക നായകന്‍മാരുടെ വിമര്‍ശനങ്ങളും അതിനെ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും  ഒരു എഴുത്തുകാരിയെന്ന നിലയില്‍  അനാമികയെ   ഒന്നുലച്ചിരുന്നു എന്നത് അവള്‍ പരമ രഹസ്യമായി സൂക്ഷിച്ചിരിക്കയാണ് ..എങ്കിലും എഴുത്തിന്റെ ലോകത്തെ പുരുഷ മേധാവിത്വം എങ്ങനെയെങ്കിലും തകര്‍ത്തെറിയണമെന്ന വാദം  ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ക്കൊപ്പം അനാമികയും പ്രസംഗിച്ച് നടന്നതാണ്.പെണ്ണെഴുത്തെന്ന വേര്‍തിരിവിനോട് പോലും അനാമിക കടുത്ത വൈരാഗ്യം പുലര്‍ത്തി പോന്നു.എന്തോ ഏതോ അഹങ്കാരികളും ഗര്‍വ്വിഷ്ടരുമായ സമൂഹത്തിന്റെ ഉന്നത സ്ഥാനമാനങ്ങളിലിരുന്നു സ്ത്രീകളെ വെല്ലുവിളിച്ചിരുന്ന പുരുഷ കേസരികളെ ഒന്നടങ്കം ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും അനാമികയടങ്ങുന്ന പെണ്ണെഴുത്തുകാരുടെ സംഘടന പാഴാക്കിയിരുന്നില്ല..അതിന്റെ ചൊരുക്ക് ചിലര്‍  പരസ്യമായി തന്നെ പ്രകടിപ്പിച്ചതാണ്‌ അനാമികയുടെ പുരസ്ക്കാരത്തെ ചൊല്ലിയുള്ള വിവാദമായി മാറിയത്..ഈ വക കാരണങ്ങളാണോ അവളിലെ എഴുത്തുകാരിയെ ക്ഷീണം പിടിപ്പിച്ചത്.. കഴിഞ്ഞ കുറച്ച് കൊല്ലങ്ങള്‍ കൊണ്ട് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായി മാറിയ തന്നെ ഇത്രയും നിസ്സാര കാരണങ്ങള്‍ ചഞ്ചലപ്പെടുത്തുമോ .പക്ഷെ താന്‍ കുറച്ച് നാളായി അനുഭവിക്കുന്ന ഈ ശൂന്യതക്ക് പിന്നെ എന്താണു കാരണം ...മുടി ക്രോപ്പ് ചെയ്തു നെറ്റിയില്‍ വട്ടത്തിലൊരു പൊട്ടും തൊട്ട് കണ്ണു നിറയെ കണ്‍ മഷിയുമെഴുതി കാതില്‍ നീളത്തില്‍ തൂങ്ങുന്ന വലിയ കാതണികളുമായ് ഒരു നരച്ച കുര്‍ത്തയും അയഞ്ഞ പാന്റ്സുമിട്ട് തോളിലൊരു തുണിസ്സഞ്ചിയും അതില്‍ നിറയെ പ്രശ്നങ്ങളുമായി ദിനേന പുരുഷന്‍മാര്‍ മൂലം സമൂഹത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് വാക്ധോരണികളാല്‍ പരിഹാരം കണാന്‍ ശ്രമിക്കുന്ന നട്ടെല്ലുള്ള സ്ത്രീ സംഘടനയിലെ സജീവ പ്രവര്‍ത്തകയായ  തനിക്ക് തന്നെ ഇങ്ങനെയൊരു നിര്‍വികാരത അനുഭവപ്പെടുന്നതില്‍ അവള്‍ക്ക് തെല്ലു നിരാശ തോന്നി ..ഇടവഴിയിലെ തണല്‍ മരങ്ങള്‍ വിരിച്ച നിഴലുകളെ ചവിട്ടി വീടിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അവളിങ്ങനെ ഓരോന്നും ചിന്തിച്ച് അസ്വസ്ഥയായി കൊണ്ടിരുന്നു.

വീട്ടിലേക്കുള്ള വഴിയിലെ ഒതുക്കു കല്ലു ചവിട്ടി കയറിക്കൊണ്ട് മുറ്റത്തെത്തിയപ്പോള്‍  ഉമ്മറത്തെ ചാരുപടിയില്‍  അന്നു വന്ന തപാല്‍ ഉരുപ്പടികള്‍ ചിതറിക്കിടക്കുന്നത് കണ്ടു.അതെല്ലാം വാരിയെടുത്തു  മുന്‍ വാതില്‍ തുറന്ന് അകത്തളത്തിലേക്ക് കടന്നു..ഹാന്‍ഡ് ബാഗ്  എഴുത്ത് മേശക്ക് മേലേക്കിട്ട്  വേഗം തന്നെ അടുക്കളയിലേക്ക് നടന്നു. സിങ്കിനു മുകളില്‍ ചണസഞ്ചിയും വെച്ച് ചായയുണ്ടാക്കാനായ്  വാല്പ്പാത്രമെടുത്ത് വെള്ളവും പാലുമൊഴിച്ച് സ്റ്റൌവില്‍ വെച്ചു. മണ്‍പാത്രത്തിലെ വെള്ളമെടുത്ത് മുഖം കഴുകി അവള്‍ തന്റെ ആത്മസംഘര്‍ഷത്തിനു അയവ് വരുത്താന്‍ ശ്രമിച്ചു. ചപ്പാത്തി മാവ് കുഴച്ച് വെക്കുമ്പോള്‍ എന്നും ഓവര്‍ടൈമിന്റെ പേരും പറഞ്ഞു വൈകിയെത്തുന്ന ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധയില്ലയ്മയെ കുറിച്ച് ആകുലപ്പെട്ടു 
 കുക്കറില്‍ പരിപ്പ് വേവിക്കാനിട്ടു കൊണ്ടവള്‍  ചായയുമായി സോഫയില്‍ വന്നിരുന്നു ഓരോ കവറുകളും ശ്രദ്ധയോടെ ആര്‍ക്കൊക്കെ ആരുടെയൊക്കെ എന്നു
നോക്കാന്‍ തുടങ്ങി..ഇന്നുമുണ്ട് അവള്‍ക്ക് ആ പത്രാധിപരുടെ കത്ത്.ശ്രീമതി അനാമിക താങ്കളുടെ സൃഷ്ടി എത്രയും വേഗം തന്നെ അയച്ചു തരണം .ബാക്കി വരികളിലേക്ക് പോകാതെ അവള്‍ ആ കത്തിനെ മടക്കി വെച്ചു .

ഭര്‍ത്താവിന്റെ നീരസ പ്രകടനങ്ങളെ വകവെക്കാതെ രാത്രിയിലെ ജോലികളെല്ലാം ഒതുക്കി ഊണു മേശക്ക് മുകളില്‍ മെഴുകുതിരി കത്തിച്ചിരുന്നെഴുതുമ്പോള്‍ അവളുടെ മനസ്സില്‍ ഒറ്റ ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ..ഇന്നു എന്ത് തന്നെ വന്നാലും  തന്റെ സൃഷ്ടിയെ മുഴുമിപ്പിച്ചെ പേന താഴെ വെക്കൂ എന്ന് .ഇണചേരലിന്റെ ആലസ്യത്തില്‍ നിദ്രയുടെ തമസ്സാഴങ്ങളില്‍ ഊളിയിടുന്ന ഭര്‍ത്താവിനടുത്ത് നിന്നും ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വന്നു സാഹിത്യ രചന നടത്തുന്ന ഈ ഭൂമുഖത്തെ ഒരേയൊരു സ്ത്രീ താന്‍ മാത്രമായിരിക്കില്ല എന്നവള്‍ വെറുതെ ആശ്വസിച്ചു ..പക്ഷെ കുറച്ച് ദിവസങ്ങളായി  വിചാരിക്കുന്ന പോലെ ഒന്നും തനിക്ക് വഴങ്ങാത്തത് എന്തു കൊണ്ടെന്നറിയാതെ അനാമിക എന്ന കഥാകാരി അസ്വസ്ഥയായി..ചായ്പ്പിന്റെ തുറന്നിട്ട ജനലഴികളിലൂടെ അരിച്ചെത്തുന്ന ശീതക്കാറ്റിനു അവളുടെ വിയര്‍ത്തൊലിക്കുന്ന ശരീരത്തിന്റെ ഉള്‍താപത്തെ ശമിപ്പിക്കാനായില്ല.

എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിനിടയില്‍ വീണു കിട്ടിയ ഒരു കഥാതന്തു  പേജിലെ ചുവന്ന വരകളിലൂടെ പദങ്ങളെ പാകമാവാതെ വീര്‍പ്പുമുട്ടുന്നത്  കണ്ടപ്പോള്‍ ചങ്ക് പൊട്ടി കരയാനാണു കഥാകാരിക്ക് തോന്നിയത്..മേശപ്പുറത്തെ കൂജയില്‍ നിന്നും പതിമുഖത്തിന്റെ പൊടിയിട്ട് തിളപ്പിച്ച വെള്ളമെടുത്ത് കുടിച്ച് ഉള്ളത്തെ ഒന്നു തണുപ്പിക്കാന്‍ ശ്രമിച്ചു..ഇന്നെന്തായാലും ഈ കഥ എഴുതിയെ  അടങ്ങൂ എന്ന ദൃഢനിശ്ചയം  തലയിലൂടെ പ്രവഹിച്ച അക്ഷരയൊഴുക്കിനെ വിരല്‍ത്തുമ്പിലൂടെ പേനയിലേക്കും  കടലാസിലേക്കും പകര്‍ത്താന്‍ തുടങ്ങി.ആടിയുലയുന്ന നാളത്തില്‍ ഏതോ ചെറുപ്രാണി വട്ടമിടുന്നുണ്ട്..പൊടുന്നനെ വരികള്‍ക്കിടയിലേക്ക് ആ പ്രാണിയുടെ കരിഞ്ഞുരുണ്ട ഉടല്‍ പാറിവീണു.പേനയുടെ തുമ്പു കൊണ്ട് ആ കരിഞ്ഞ ഉടലിനെ തട്ടി മാറ്റി അനാമിക എഴുതിക്കൊണ്ടേയിരുന്നു...ക്ഷീണം മൂലം ഒരു വശത്തേക്ക് തലചെരിച്ച് വെച്ചാണ് പേനയെ ഉരുട്ടുന്നത്..ഇടത്തോട്ടേക്കിത്തിരി ചെരിഞ്ഞ കയ്യക്ഷരങ്ങളിലൂടെ അവളുടെ കഥാതന്തു വളരാന്‍ തുടങ്ങി.ചിലന്തി വലയ്ക്കുള്ളില്‍ കുരുങ്ങി കിടന്നിരുന്ന ഇര വല പൊട്ടി പുറത്ത് ചാടിയ പോലെ അനാമികയുടെ കഥാബീജം ഏടുകളില്‍ നിന്നും ഏടുകളിലേക്ക് പാഞ്ഞ് കൊണ്ടിരുന്നു. അടുത്ത മുറിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഉച്ചസ്ഥായിയിലായപ്പോള്‍ അനാമിക ഒന്നു ഞെട്ടിയെഴുന്നേറ്റു എങ്കിലും  വീണ്ടും തന്റെ രചനയില്‍ മുഴുകി.കടുത്ത വേനലില്‍ കിഴക്ക് ചക്രവാളത്തില്‍ ഭീമാകാരം പൂണ്ട് വരുന്ന കാര്‍മേഘം പോലെ ആ കഥ തിടം വെച്ച്  കൊണ്ടിരുന്നു..തുറന്നിട്ട ജനലിലൂടെ ഒരു നിശാശലഭം അവളുടെ മേശക്ക് മേല്‍  പറന്നിറങ്ങി  സ്ഥാനം ​പിടിച്ച് അള്ളി കിടന്നതിനെ അവള്‍ കണ്ടില്ലെന്ന് നടിച്ചു. തന്റെ നായികയുടെ നിസ്സഹായതയേയും സഹനശക്തിയേയും ചൂഷണം ചെയ്യുന്ന കഥാനായകന്റെ വികാസത്തില്‍ അനാമിക  അതിശയപ്പെടാതിരുന്നില്ല.ഇത്തിരി ഇടവേളയെടുത്ത്  തന്റെ കൈവിരലുകളെ ഞൊടിക്കുന്നതിനിടയില്‍ നീരോലിക്കാടുകള്‍ക്കപ്പുറം  ആരെയോ കണ്ടിട്ടെന്ന പോലെ  നായകള്‍ ഓലിയിടുന്ന ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു.

നെറ്റിയില്‍ നിന്നുരുണ്ട് വീഴുന്ന വിയര്‍പ്പിനെ കൈത്തലം കൊണ്ട് തുടച്ച് അവള്‍ എഴുത്ത് തുടര്‍ന്നു.ദുഷ്ടനായ കഥാനായകനെ ഒതുക്കാനുള്ള കരുക്കള്‍ മെനയാന്‍ അവളേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..കഥാനായകനോടുള്ള വിദ്വേഷത്താല്‍ അവളുടെ മുഖം വക്രിതമാകുകയും ശ്വാസം ദ്രുതഗതിയിലാവുകയും ചെയ്തു..സര്‍വ്വം സഹയായ നായികയെ ഇറച്ചിക്കോഴിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് പോലെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാമികയുടെ തൂലിക അയാള്‍ക്കെതിരെ ഒരു പടവാളായ് മാറുന്നത് വര്‍ദ്ധിച്ച ആവേശത്തോടെ കഥാകാരി അറിയാന്‍ തുടങ്ങി.ആ നേരത്താണ്.അവള്‍ ജനലിനടുത്ത് നിന്നാരൊ ചെറുതായി മുട്ടുന്നത് കേട്ടത്..കത്തി തീരാനായ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ ആ അവ്യക്ത രൂപത്തെ കണ്ട അനാമിക ചെറിയ നെഞ്ചിടിപ്പോടെ ജനലിനടുത്തേക്ക് നീങ്ങി.അവള്‍ക്ക് തന്റെ കണ്ണൂകളെ വിശ്വസിക്കാനായില്ല. പ്രകാശം ചിതറി വീഴുന്ന കണ്ണൂകളും പഞ്ഞി പോലെ വെളുത്ത ദീക്ഷയുമായൊരാള്‍ അവളെ അനുതാപ പൂര്‍വ്വം നോക്കി നില്ക്കുന്നു..കയ്യകലത്തില്‍ നില്ക്കുന്ന ആ മനുഷ്യനു ഈ രാത്രിയില്‍  എന്താണാവശ്യം എന്നാലോചിക്കവെ ഒരു വേള ഭര്‍ത്താവുണര്‍ന്നു വന്നു ഒരപരിചിതന്‍ താനുമായി സംസാരിക്കുന്നത് കണ്ടാലോ  എന്നവള്‍ ആശങ്ക പെട്ടു.അയാള്‍ക്ക് തന്നോടേന്തോ പറയാനുണ്ടെന്നു മനസ്സിലാക്കിയ അനാമിക അയാളോട് മൃദു സ്വരത്തില്‍ എന്താണു ആവശ്യം എന്നു തിരക്കി..

അയാള്‍ ഒന്നു മുരടനക്കി തൊണ്ടയിലെ കരകരപ്പിനെ ശരിയാക്കിയതിനു ശേഷം സംസാരിക്കാന്‍ തുടങ്ങി.പക്ഷെ തൊണ്ടയില്‍ നിന്നു വീഴുന്ന വാക്കുകള്‍ അയാളുടെ ചുണ്ടുകളിലുടക്കി നിന്നു..ഇതു കണ്ട അനാമിക വേഗം തന്നെ കൂജയില്‍ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് ആ അപരിചിതനു നേരെ നീട്ടി..ജനലഴികളിലൂടെ തന്റെ നീണ്ട കൈ കൊണ്ട് ആ വെള്ളം വാങ്ങി ഒറ്റയിറക്കിനു കുടിച്ചു.ദീക്ഷയില്‍ നിന്നുരുണ്ട് വീഴുന്ന വെള്ളത്തുള്ളികള്‍ മെഴുകുതിരിയുടെ നാളത്തില്‍ മുത്തു പോലെ തിളങ്ങുന്നത് കൌതുകത്തോടെ നോക്കികൊണ്ട് പതുക്കെ അയാളുടെ ആവശ്യം വീണ്ടുമാരാഞ്ഞു.തീക്ഷ്ണമായ ഒരു നോട്ടത്തോടെ അയാള്‍ തനിക്ക് പറയാനുള്ളത് വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളോടെ പറയാനാരംഭിച്ചു.."നിങ്ങള്‍ ഒരെഴുത്തുകാരിയാണല്ലെ".അതെ എന്നു അനാമിക മുഴുമിക്കും മുന്‍പെ അയാള്‍ തുടര്‍ന്നു.."നിങ്ങള്‍ക്കെപ്പോഴെങ്കിലും  തോന്നിയിട്ടുണ്ടോ നിങ്ങളുടെ  സൃഷ്ടികള്‍ മുഴുവന്‍ ഏകപക്ഷീയമായ വിഷയങ്ങളിലൂടെയാണ്. സഞ്ചരിക്കുന്നതെന്നു..അഥവാ അതിനപ്പുറത്തെ കാഴ്ച്ചപ്പാടിലേക്ക് നിങ്ങളുടെ സര്‍ഗ്ഗ ശക്തിയെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ...നിങ്ങള്‍ വെറുമൊരു പെണ്‍പക്ഷക്കാരിയും പെണ്ണെഴുത്തുകാരിയും മാത്രമാണെന്നും പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..പുരുഷന്‍മാരെ ദുഷ്ടകഥാ പാത്രങ്ങളാക്കാതെ അവരിലെ ഏതെങ്കിലുമൊരു ഗുണത്തെ സാമൂഹിക പ്രതിബദ്ധതയുടെ പേരിലെങ്കിലും തുറന്നെഴുതാന്‍ നിങ്ങള്‍ തയ്യാറയിട്ടുണ്ടോ...ഈ ലോകം മുഴുവന്‍ സ്ത്രീകളെ കഷ്ടപ്പെടുത്തുന്ന ദുഷ്ട ജന്മങ്ങളായി പുരുഷന്‍മാരെ താക്കോലിട്ടു കറക്കുന്ന  യന്ത്രങ്ങളെ പോലെ അടച്ചാക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും ലജ്ജയോ കുറ്റബോധമോ അനുഭവപ്പെട്ടിട്ടുണ്ടോ...സമൂഹത്തിന്റെ നിലനില്പ്പിനു പുരുഷനും സ്ത്രീക്കൊപ്പം ഉണ്ടാവണമെന്ന സാമാന്യ ബോധമില്ലാതെയല്ലെ നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ അല്ലെങ്കില്‍ ഫിമെയില്‍ ഷോവനിസ്റ്റുകള്‍ പുരുഷന്‍മാര്‍ക്കും അവരുടെ ദൌര്‍ബല്യങ്ങള്‍ക്കുമെതിരെ മുഷ്ടിയെറിയുന്നത്.ഇതൊരു സാമൂഹ്യ വിപത്താണെന്നു നിങ്ങള്‍ തിരിച്ചറിയാതിരിക്കുന്നതെന്തു കൊണ്ടാണ്."..ഇത്രയും പറഞ്ഞു അയാള്‍ തന്റെ കിതപ്പണക്കാന്‍ പാടുപെട്ടു കൊണ്ട് ജനലഴികളില്‍ ശക്തിയോടെ വിരലുകളെ അമര്‍ത്തി.

മേഘഗര്‍ജ്ജനം പോലുള്ള അയാളുടെ ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുന്ന അവളുടെ ഭര്‍ത്താവ് ഉണര്‍ന്ന് അങ്ങോട്ട് വന്നാലോ എന്നവള്‍ ഭയപ്പെട്ടു.എല്ലാം കേട്ട് തരിച്ച് നിന്ന അനാമികക്ക് തന്റെ നാവനക്കാന്‍ എത്ര ശ്രമിച്ചിട്ടും ആവുന്നില്ലായിരുന്നു..എല്ലാം കേട്ടിട്ടും ഒന്നും ഉച്ചരിക്കാനാവാത്തതില്‍ മനം നൊന്ത് നെഞ്ചിന്‍ കൂടില്‍ നിന്നും  ആളി വന്ന കോപാഗ്നിയില്‍ അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..ഒരു ദീര്‍ഘശ്വാസത്തിനെടുത്ത സമയത്തിനു ശേഷം വളരെ ശാന്തനായ് കാണപ്പെട്ട അയാള്‍ വീണ്ടും തന്റെ സംസാരത്തെ തുടര്‍ന്നു."അനാമികയടക്കമുള്ള ഫെമിനിസ്റ്റ് എഴുത്തുകാരികളുടെ പുരുഷവിദ്വേഷം ഒരു തരം മാനസിക വൈകല്യമാണ്..അതൊരു വിഷബീജമാണു..വരും തലമുറയിലെ പെണ്‍ കുഞ്ഞുങ്ങളെല്ലാം തന്നെ പുരുഷവര്‍ഗ്ഗത്തെ വേറൊരു ജീവിയായിട്ടായിരിക്കും പരിഗണിക്കുക.ശാസ്ത്രം പുരോഗമിച്ചതിനാല്‍ നിങ്ങള്‍ക്ക് വംശം നിലനിര്‍ത്താന്‍ പുരുഷന്റെ സഹായം വേണ്ട എന്നൊരു ചിന്ത കാണുമായിരിക്കും .എങ്കിലും ഒന്നു മനസ്സിലാക്കണം ശാരീരികമായ വ്യത്യാസങ്ങളില്ലെങ്കില്‍ സ്ത്രീയും പുരുഷനും മനുഷ്യര്‍ തന്നെയെന്നു.. നിഷ്പക്ഷമായൊരു  രചന നടത്താനായില്ലെങ്കില്‍ എഴുതാതിരിക്കലാണ്  ഉചിതം "..ഇത്രയും പറഞ്ഞ് ആ അപരിചിതന്‍ ഇടവഴിക്കപ്പുറത്തെ  മുളം  കാടുകള്‍ക്കിടയിലെ ഇരുളിലേക്ക് നടന്നു മറഞ്ഞു.

                                          (crtsy Ishaq)

ഒന്നു പൊട്ടിത്തെറിക്കാനോ ആ മനുഷ്യനെ രണ്ട് തെറി വിളിക്കാനോ ആയില്ലല്ലോ എന്ന കുണ്ഠിതത്തോടെ തന്റെ കൈകള്‍ രണ്ടും  കൂട്ടി പിടിച്ച് നെഞ്ചത്തടിച്ച് കരയാന്‍ അനാമിക ശ്രമിച്ചു..ശക്തിയോടെ മേശയില്‍ വന്നു പതിച്ച കൈകളെ ബലിഷ്ടമായ ഏതോ കരങ്ങള്‍ കോരിയെടുത്ത നേരത്ത് നിറഞ്ഞൊഴുകുന്ന കണ്ണൂകള്‍ തുറന്ന അനാമിക കണ്ടത് അവളെ മാറോടടക്കി ആശ്വസിപ്പിക്കുന്ന ഭര്‍ത്താവിനെയാണു. കിടപ്പു മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഭര്‍ത്താവ്  പിറുപിറുക്കുന്നുണ്ടായിരുന്നു..വിശ്രമിക്കാതെ ജോലിയും എഴുത്തുമായി ഇരുന്നാല്‍ ഇങ്ങനെ വിഭ്രാന്തികളൂണ്ടാകും ..ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല...പക്ഷെ അനാമിക അപ്പോഴും അയഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു .."ഇല്ല  എന്നെ ഭീഷണിപ്പെടുത്താന്‍   ആരോ ചില പുരുഷ എഴുത്തുകാര്‍ പറഞ്ഞയച്ച ഗുണ്ടയാണു അയാള്‍ ..അയാളെ ഞാന്‍ കൊല്ലും ..ഇനിയൊരിക്കല്‍ കൂടി അയാളെന്റെ മുന്നില്‍ വരട്ടെ ഞാന്‍ കാണിച്ച് കൊടുക്കും സ്ത്രീ എന്താണെന്നും സ്ത്രീ ശക്തി എന്തെന്നും..എന്തായാലും ഒരു ശത്രുസംഹാരപൂജ ചെയ്യിക്കണം ..ഞാനൊരുത്തനേയും വെറുതെ വിടില്ല..."  ..ആ മനുഷ്യന്‍ എന്തിനു തന്നെ ഭയപ്പെടുത്താന്‍ വന്നതെന്ന് ചിന്തിച്ച അനാമിക   മുഴുമിപ്പിക്കാത്ത തന്റെ രചനയെ ഓര്‍ത്ത് ആശങ്കപ്പെട്ടു..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും  ഉറങ്ങാനാവാതെ തിരികെ വന്നു വീണ്ടും മെഴുകുതിരി കത്തിച്ച്  എഴുത്ത് തുടരുമ്പോള്‍ കഥാനായകന്റെ സ്വഭാവത്തിനു ജനലിനടുത്ത് കണ്ട അപരിചിതന്റെ ഭാവം കൈവന്നത് കണ്ട് അനാമിക രോഷം കൊണ്ടു . ഇയാളെ ഇനി ചാരമാക്കിയാലെ തനിക്കെന്തെങ്കിലും എഴുതാന്‍ കഴിയൂ എന്ന ചിന്തയില്‍  എഴുതി തീരാറായ കഥയെ പിച്ചിച്ചീന്തി മെഴുകുതിരി നാളങ്ങള്‍ക്ക് നേരെ നീട്ടുമ്പോള്‍ ഏതൊ പുരാതന ജീവിയുടെ ഫോസില്‍ അവശിഷ്ടം പോലെ  ഉരുകിയൊലിച്ച മെഴുകിനടിയില്‍ വീണു കിടക്കുന്ന നിശാശലഭത്തിന്റെ ചിറകുകള്‍  ഇത്തിരി ജീവനു വേണ്ടി തുടിക്കുന്നുണ്ടോയെന്നവള്‍ സംശയിച്ചു.

Wednesday, 6 November 2013

കവിത (എരിയുന്ന വേനല്‍ ചിന്തുകള്‍ )

എരിയുന്ന വേനല്‍ ചിന്തുകള്‍ :-
----------------------------------
മഴക്കുഞ്ഞുങ്ങളെ മാറോറടുക്കി നീ വന്നു
വീണത് ഞാനെന്ന വേനല്‍ കുടീരത്തിലാണ്.
കുമിളകള്‍ വിതുമ്പുന്ന മണ്ണിലെവിടെയോ
പൊട്ടിമുളക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
ബീജങ്ങളെ ഗര്‍ഭത്തില്‍ ഞാനൊളിപ്പിച്ചിട്ടുണ്ട്..

മലമടക്കിലുരുണ്ട് വീണ കല്ലുകളേന്തി
ഇനിയും മതിവരാത്ത ഉന്മാദത്തിന്റെ
മഴ തരംഗങ്ങളെ കണ്ണില്‍ നിറച്ച്
നീ കൊടുമുടികള്‍ താണ്ടുമ്പോള്‍
ഒരു ഭ്രാന്തന്‍ ചിന്ത മലമുകളില്‍ നിന്നുരുണ്ട്
വീഴുന്നതും കണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ട്
നാറാണത്ത് ഭ്രാന്തന്മാരിവിടെ ..

ഇലമണം ശ്വസിക്കുന്ന മഴത്തുള്ളിയെ
വഴിതെറ്റിക്കാന്‍ തെക്ക് നിന്നുമെത്തുന്നുണ്ടൊരു കാറ്റ്
പതറി തെറിച്ച് വീണ നീര്‍ത്തുള്ളിയിലള്ളി
ഒരു മണല്‍ത്തിട്ടയടര്‍ന്നു വീഴുന്നുണ്ടിവിടെ..

പുഴയൊഴുകാന്‍ മറന്ന വഴിയിലെ കള്ളിച്ചെടികളില്‍
ഊഷരക്കിനാക്കള്‍ പൂത്തുലയുന്നുണ്ട്
വഴിമാറി സഞ്ചരിക്കും മേഘശകലങ്ങളില്‍
വേപഥുവായ് മൌനനൊമ്പരങ്ങള്‍ കൂടോരുക്കുന്നുണ്ട്,

പാഥേയവുമായെത്തുന്നയെന്നെ കാത്ത് നീ
വഴിയമ്പലത്തില്‍ രാവു മുഴുവന്‍ ഉണര്‍ന്നിരിക്കുക
പകലറുതികളില്‍ അടയിരിക്കുന്ന കൊടും വേനല്‍
പെരുമഴക്കാലത്തിനായ് മുറവിളികൂട്ടുന്നതും കേട്ട്
ഇമകളില്‍ ചേക്കേറിയ പാഴ്ക്കിനാക്കള്‍ മയങ്ങട്ടെ .

Wednesday, 30 October 2013

വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..ഓര്‍മ്മക്കുറിപ്പുകള്‍ .

വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..(ഗള്‍ഫ് മാധ്യമം  ദിനപത്രത്തിന്റെ റമദാന്‍ സ്പെഷ്യല്‍ എഡിഷനില്‍ "അഹലന്‍ റമദാന്‍ "എന്ന ഇഷ്യുവില്‍ പ്രസിദ്ധീകരിച്ചത് )

അന്നെനിക്ക് നാലര വയസ്സ് കാണും .ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പത്  കാലഘട്ടം .എന്റെ അനിയന്‍ ജനിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂ..ഉമ്മയുടെ കൂട്ടുങ്ങലിലെ തറവാട്ടു വീട്ടില്‍ അകത്തളത്തില്‍ വിരിച്ച സുപ്രയില്‍ ഇരുന്നു കുറെ വിരുന്നുകാര്‍ ചോറ് കഴിക്കുന്നുണ്ട് ..പതിവിനു വിപരീതമായി തൃശ്ശൂരില്‍ നിന്ന് വാപ്പയുടെ  ജ്യേഷ്ടന്മാരും ,പിന്നെ സ്ഥിരമായി കാണുന്നതല്ലാത്ത ചില അതിഥികളും.എങ്കിലും ഞാനത് കാര്യമാക്കാതെ  തൊടിയിലെ ഇലത്തണുപ്പില്‍ വെയില്‍ കായുന്ന തുമ്പികള്‍ക്ക് പിറകെ പാഞ്ഞും കുളത്തിനരികിലെ നീരോലിക്കാടിനുള്ളില്‍ സ്ഥിരതാമസമാക്കിയ  കുളക്കോഴികളോട് കൊഞ്ചിയും നില്‍ക്കുമ്പോള്‍ കുഞ്ഞുമ്മ വന്നെന്നെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി ..പൂമുഖത്തു മാമു മുസ്‌ല്യാര് കൈത്തലം കൂട്ടി ഉയര്‍ത്തി പിടിച്ച് ദുആ ചെയ്യന്നു.ചുറ്റും വല്യുപ്പയും വാപ്പയും മൂത്താപ്പയുമൊക്കെ നിശ്ശബ്ദരായി നിന്ന് ഇടക്കിടയ്ക്ക്  "ആമീന്‍ " എന്ന് മാത്രം പറയുന്നുണ്ട്...വീട്ടിലെ സ്ത്രീകള്‍ നടുത്തളത്തില്‍ നിന്ന് ഒച്ചതാഴ്ത്തി സംസാരിച്ചും  ഇടയ്ക്കിടെ പൂമുഖത്ത് നിന്നുയരുന്ന "ആമീന്‍ " എന്ന പദത്തെ ആവര്‍ത്തിച്ചും നില്‍ക്കുന്നുണ്ട്..കുറച്ച കഴിഞ്ഞു വാപ്പ അകത്തേക്ക് വന്നു എല്ലാവരോടും ഞാനിറങ്ങുന്നു എന്ന് പറഞ്ഞു .പിന്നെ കുഞ്ഞുമ്മാടെ കൈപ്പിടിച്ച് നില്‍ക്കുന്ന എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച്  മൂത്താപ്പാക്കും വല്യുപ്പാക്കും ഒപ്പം ഇടവഴിയിലേക്കിറങ്ങി.വല്യുപ്പാടെ പീടികയിലെ സഹായി മോമെക്ക ഒരു ബാഗും താങ്ങി മുന്നില്‍ നടക്കുന്നുണ്ട് .കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞുമ്മാടെ കൈവിടുവിച്ചു ഞാനും ഇടവഴിയിലെക്കോടി ..അപ്പോഴേക്കും റോഡരുകില്‍ നിറുത്തിയിട്ട മൂത്താപ്പാടെ അംബാസ്സഡര്‍ കാറില്‍ കയറി വാപ്പയും മൂത്താപ്പയും വാപ്പാടെ കൂട്ടുകാരായ ഖാന്‍ ഭായിയും അബ്ദീന്‍ അണ്ണനും കൂട്ടുങ്ങല്‍ അങ്ങാടി വിട്ടു പോയിരുന്നു.

എന്താണ്  വിശേഷിച്ചു അന്നവിടെ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ അടുക്കള കോലായില്‍ പാത്രങ്ങള്‍ കഴുകി കമഴ്ത്തി വെക്കുന്ന തറവാട്ടിലെ സഹായിയായ ബീവുത്താടെ അടുത്തേക്ക് ചെന്നു.ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നിറഞ്ഞ ചിരിയോടെ ബീവുത്ത പറയാന്‍ തുടങ്ങി ..

"ഉണ്ണിക്കിനി വാപ്പ പേര്‍ഷ്യേന്നു വരുമ്പോ എന്തൊക്കെ കൊണ്ടിരും ."

ഒന്നും മനസ്സിലാകാതെ മിഴിച്ച് നിന്ന ഞാന്‍  ചോദിച്ചു .
"എവിടുന്നു ".?
ബീവുത്ത വീണ്ടും പറഞ്ഞു "ഉണ്ണ്യേ അന്റെ വാപ്പ പേര്‍ഷ്യക്കു പോയി.അനക്കറീല്ലേ അത്..അവിടുന്ന് വരുമ്പ കൊണ്ടരണ കാര്യാ പറഞ്ഞത് .ബീവുത്താക്കും പേര്‍ഷ്യെല്‍ത്തെ തുണി കൊണ്ടരാന്‍ അന്റെ വാപ്പാട് പറെണംട്ടാ.."

ബീവുത്ത ഓടിന്റെ മൂളിയെ അമര്‍ത്തി തേച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഉമ്മയെ തിരഞ്ഞു അകത്തേക്ക് ചെന്നു.മണ്ടകമെന്ന ഇരുട്ട് മുറിയില്‍ അനിയനെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരയുന്നുണ്ട് ഉമ്മ.അടുത്ത് ചെന്നിരുന്നപ്പോള്‍ എന്നെയും കെട്ടി പിടിച്ചു ഉമ്മ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു. പിന്നെ വീട്ടിലന്ന് വിരുന്നെത്തിയ ബന്ധുക്കാരായ ഏതൊക്കെയോ സ്ത്രീകള്‍ വന്നു ഉമ്മയെ സമാധാനിപ്പിക്കുന്നത്‌  കേട്ട് ഞാന്‍ നീരോലിക്കാടിനടുത്തേക്ക് നടന്നു .വാപ്പ ഒരു പേര്‍ഷ്യക്കാരനായ് ഖത്തര്‍ എന്ന സ്ഥലത്തേക്ക് പോയെന്നു പിന്നീട് വല്യുപ്പയാണെന്നോട് പറഞ്ഞത്..ഉമ്മറക്കൊലായിലെ ഒരു മൂലയിലിട്ട  വല്യുപ്പാടെ എഴുത്ത് മേശയിലിരുന്നു അന്നത്തെ ഇന്‍ലന്‍ഡില്‍ വാപ്പാക്കുള്ള കത്ത് എഴുതുമ്പോള്‍  ഏറ്റവും അടിയിലെ ഒരു വരി എനിക്ക് വേണ്ടി   വല്യുപ്പ തരും .വല്യുപ്പാടെ അരികില്‍ മേശക്കൊപ്പമെത്താത്ത എന്റെ കൈ പിടിച്ചു എഴുതി തന്ന ആ  ഒരു വരി ;അത് ഇന്നുമെന്റെ ഓര്‍മ്മയില്‍ ഇനിയും മാഞ്ഞു പോകാതെ ഉണ്ട്. ഞാനെഴുതിയ എന്റെ ആദ്യത്തെ അക്ഷരങ്ങള്‍ .." വാപ്പ ചായപ്പെന്‍സില്‍ കൊടുത്തയക്കണം .എന്റെ വാപ്പാക്ക് നൂറുമ്മ .വേഗം വരണം .വാപ്പാനെ കാണാന്‍ കാത്തിരിക്കുന്നു. .എന്ന് സാജി .".എന്റെ വിരലുകള്‍ പിടിച്ചു വല്യുപ്പ ഇതെഴുതിക്കുമ്പോള്‍ സ്കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്ത  ഞാന്‍ അങ്ങനെ കത്തില്‍ ഒന്നും രണ്ടും വരികള്‍  എഴുതി തുടങ്ങുകയും സ്കൂളില്‍ ചേരുന്നതിനു മുന്പ് തന്നെ മലയാളം എഴുതാനും വായിക്കാനും സ്വായത്തമാക്കുകയും ചെയ്തു.പിന്നീട് ഒരു മഴക്കാലത്തു ഞാന്‍ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച കൊല്ലമാണ് വാപ്പ അവധിയില്‍ എത്തുന്നത് .ഒരു കിനാവ് പോലെയായിരുന്നു വാപ്പ വന്നതും പോയതുമൊക്കെ .ശൈശവത്തിലെനിക്ക്  വാപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം കൊണ്ട് വന്ന നിറയെ ചുളുക്കുകളുള്ള വെള്ള നിറത്തില്‍ നീല ലില്ലിപ്പൂക്കളുള്ള പാവാടയും നീല ജമ്പറും ; ചായ പെന്‍സിലുകളും ,കൌവ് മില്‍ക്ക് മിഠായിയും  ആയിരുന്നു.കൂടാതെ വാപ്പ കൊണ്ട് വന്നിരുന്ന ഇരുമ്പ് പെട്ടി തുറക്കുമ്പോള്‍ അതില്‍ നിന്നും പരന്നിറങ്ങിയ വശ്യമധുരമായ സുഗന്ധം .ഇന്നും കണ്ണടച്ചാല്‍ എനിക്കനുഭവവേദ്യമാകുന്ന ആ സൌരഭ്യത്തിനൊപ്പം പകരമായി ഒരു സുഗന്ധവും ഈ ഭൂമിയില്‍ ഇല്ലെന്നു  എനിക്കിപ്പോഴും തോന്നാറുണ്ട്.അത് പോലെ വാപ്പ കൊണ്ട് വന്നിരുന്ന വസ്ത്രങ്ങളുടെ ചാരുതയും ..

രണ്ടു വര്ഷം കൂടുമ്പോള്‍ മാത്രം അവധിയില്‍ എത്തിയിരുന്ന വാപ്പ ഓരോ വട്ടവും എന്നെയും അനിയത്തിമാരെയും കാണുമ്പൊള്‍ ഞങ്ങള്‍ വല്ലാതെ വളര്‍ന്നുവല്ലോ എന്ന സന്തോഷവും ഉല്‍ക്കണ്ഠയും നിറഞ്ഞ ഒരു ആധി ഉമ്മയോട് പ്രകടിപ്പിക്കുമായിരുന്നു.കാലചക്രത്തിന്റെ നൈരന്തര്യത്തില്‍ ഋതുക്കള്‍ മാറി വരുന്നതനുസരിച്ച് ഒരു പാട് മാറ്റങ്ങള്‍ ഞങ്ങളുടെ വീട്ടിലും സംഭവിച്ചു കൊണ്ടിരുന്നു.ഉമ്മയുടെ തറവാട്ടില്‍ നിന്നും തൃശ്ശൂരിലെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതും ,അവിടുന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ് സംഭവിച്ച വല്യുപ്പാടെ മരണവും ,വല്യ മാമ ദുബായിലേക്ക് ജോലിയന്വേഷിച്ച്  പോയതുമൊക്കെ കാലത്തിന്റെ അനിവാര്യതകളായിരുന്നുവന്നു പിന്നീട് മനസ്സിലായി. മൂന്നു മക്കള്‍ മാത്രമുണ്ടായിരുന്ന എന്റെ വീട്ടില്‍ ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമായി അംഗബലവും കൂടി .എന്റെ വാപ്പ പേര്‍ഷ്യക്കാരനയതിനു ശേഷം ഞാനേറെ കൊതിച്ചിരുന്നത് ഏതെങ്കിലും ഒരു  ഈദിന് വാപ്പ  ഞങ്ങള്‍ക്കൊപ്പമുണ്ടായെങ്കിലെന്നായിരുന്നു.പെരുന്നാളിന്റെ തലേ ദിവസം ഞങ്ങളെ അതിശയിപ്പിച്ചു വാപ്പ പടിക്കെട്ട്  കയറി വരുന്നത് ഞാന്‍ പകല്‍ കിനാവ് കണ്ടിരുന്നു. എന്റെ ആ ആഗ്രഹം പക്ഷെ ഒരിക്കലും നടന്നില്ല..നോമ്പിനും പെരുന്നാളിനും ഹജ്ജ് പെരുന്നാളിനുമൊക്കെ വാപ്പ അയക്കുന്ന ഒരു പെട്ടി മിഠായിയിലോ അല്ലെങ്കില്‍  ഈദാശംസാകാര്‍ഡുകളിലോ  മാത്രമായി ഞങ്ങളുടെ  സന്തോഷം  ഒതുങ്ങി.പിന്നീട് ഞാന്‍ വിവാഹം കഴിഞ്ഞു ഒരു പ്രവാസിയാകുകയും ; വാപ്പ പ്രവാസം മതിയാക്കി നാട്ടിലാവുകയുമായപ്പോള്‍  മാത്രമാണ് മനഃപ്പൂര്‍വ്വം അതിനുള്ള സൌകര്യമൊരുക്കി ഞാന്‍ നാട്ടിലെത്തി  വാപ്പയുമായി ഈദു ആഘോഷിച്ചത്.അത്രയ്ക്ക്  കൊതിച്ചിരുന്നു വാപ്പയുമായുള്ള ഒരു പെരുന്നാളെങ്കിലും എന്റെ ജീവിതത്തില്‍ ..

വെറും എഴുത്തുകള്‍ കൊണ്ട്  മാത്രം ആശയവിനിമയം സാധ്യമായിരുന്ന  ഒരു കാലഘട്ടമായിരുന്നു അത്..വാപ്പാടെ  കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌മാനെയും കാത്തു വീട്ടുപടിക്കല്‍ കാത്തു നില്‍ക്കുന്നത് ഒരു സുഖമുള്ള കാര്യമായിരുന്നു.അവധിയും വരവും മുന്‍കൂട്ടി അറിയിക്കാതെ അവിചാരിതമായ് ഞങ്ങള്‍ക്ക് മുന്നിലെത്തി വാപ്പ ഞങ്ങളെ ആശ്ചര്യപ്പെടുത്തുമായിരുന്നു.പക്ഷെ വാപ്പ എത്തുമെന്നുള്ളതു  ഉമ്മാക്ക് അയക്കുന്ന കത്തില്‍ അറിയിച്ചിട്ടുണ്ടാകും .ആ കത്ത് പതിനഞ്ചോ പതിനെട്ടോ ദിവസങ്ങള്‍ക്ക് ശേഷം ഉമ്മയുടെ കയ്യില്‍ കിട്ടുമ്പോഴേക്കും വാപ്പ വീട്ടില്‍ എത്തിയിട്ടുണ്ടാകും..ഈ ഓര്‍മ്മയില്‍ എനിക്ക്  പ്രിയപ്പെട്ട ഒരനുഭവം ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തുണ്ടായതായിരുന്നു. ഒരു ഡിസംബര്‍ സായാഹ്നത്തില്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ ഇടവഴിയിലേക്ക് തിരിയുന്ന മുക്കില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞുമോന്ക്ക മുഖം നിറയെ ചിരി പടര്‍ത്തി എന്നോട് പറഞ്ഞു "മോളേ വെക്കം  ചെന്നോ വീട്ടില്‍ക്ക് .വാപ്പ എത്തീട്ടുണ്ട് പേര്‍ഷ്യേന്നു." ഇത് കേട്ടതും അടക്കാനാവാത്ത ആഹ്ലാദത്തോടെ പിന്നെ ഞാന്‍ ഓടുകയായിരുന്നു. കിതച് കിഴക്കേ മുറ്റത്തെത്തുമ്പോള്‍ എല്ലാവരുമായും ഇരുന്നു വിശേഷങ്ങള്‍ പങ്കു വെക്കുന്നു വാപ്പ.വലുതായിട്ടും വാപ്പയെ കണ്ടാല്‍ ഓടിച്ചെന്നു വാപ്പാടെ കവിളില്‍ ഉമ്മ വെക്കുന്നത് ഞാന്‍ മാത്രമായിരുന്നു.ആദ്യ സന്താനമായതിനാലോ എന്തോ എന്നോടും വാപ്പ ഒരു പ്രത്യേക വാത്സല്യം കാണിച്ചു പോന്നു.ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കാറില്ല എങ്കിലും ഒരിക്കലും എന്നെ വഴക്ക് പറയുകയോ ,ഒരു ഈര്‍ക്കില്‍ കൊണ്ട് പോലും തല്ലുകയോ ചെയ്തിട്ടില്ലാത്ത എന്റെ വാപ്പ ഈ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ ഒരേയൊരു പുരുഷന്‍ ആണ്. എന്റെ മനസ്സ് ഒന്ന്  വേദനിച്ചാല്‍ ഇപ്പോഴും നിറയുന്നത് ആ കണ്ണുകളാണ്.എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിപ്പിക്കുമ്പോഴും വാപ്പ ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരിഷ്ടങ്ങളും തുറന്നു പറഞ്ഞിരുന്നില്ല. അഞ്ച് പെണ്മക്കളുള്ള പിതാവിന്റെ ആകുലതകള്‍ മുഴുവനും ആ മുഖത്തും  കണ്ണുകളിലും  വ്യക്തമായിരുന്നു.എങ്കിലും അതൊന്നും ഞങ്ങളോട് കാണിക്കാതെ ഞങ്ങളുമായ് ഗള്‍ഫിലെ ഓരോ വിശേഷങ്ങളും തമാശകളും പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കുകയും വാപ്പ കാണുന്ന നല്ല സിനിമകളിലെ കഥകളും അതിലെ ഗുണപാഠങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞ് തരികയും ചെയ്യുമായിരുന്നു.മരുഭൂമിയിലെ ജീവിതങ്ങളുടെ ചൂടും ചൂരും കനവുകളും നിനവുകളുമൊക്കെ വാപ്പാടെ വിവരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.കൂടാതെ അദ്ദേഹം ഗള്‍ഫില്‍ രുചിച്ചിരുന്ന ഒരു വിധം ഭക്ഷണങ്ങളും കബാബും ടിക്കയുമടങ്ങിയ  അറബിക്ക് ഭക്ഷണങ്ങളുമൊക്കെ തയ്യാറാക്കി ഞങ്ങള്‍ക്ക്  രുചിഭേദങ്ങളുടെ വൈവിധ്യത്തെ  മനസ്സിലാക്കി തരികയും ചെയ്തിരുന്നു. എപ്പോഴൊക്കെ പുറത്തു പോയി വരുമ്പോഴും വാപ്പ ഞങ്ങള്‍ക്ക് വേണ്ടി കൊണ്ട് തന്നിരുന്ന ഒരു പലഹാരപ്പൊതി അതുമല്ലെങ്കില്‍ ചൂടുള്ള കപ്പലണ്ടി പൊതികള്‍ ,അതിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.. വെറും കയ്യോടെ  വീട്ടില്‍ വരാന്‍ അറിയില്ല എന്നും കുട്ടികളെ ഇങ്ങനെ ലാളിച്ചു കേടുവരുത്തരുതെന്നും വല്ലവരുടേയും വീട്ടില്‍ കഴിയേണ്ട പെണ്‍കുട്ടികളാണെന്നുമൊക്കെ ഉമ്മാ പരിതപിക്കുമ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ വാപ്പ ഞങ്ങളോടൊപ്പം ചിരിച്ച്  ആ പരാതികളെ നിര്‍വീര്യമാക്കും.അവധിയിലെത്തുന്ന വാപ്പ ഞങ്ങള്‍ കത്തിലൂടെ ആവശ്യപ്പെടുന്ന സാധങ്ങളൊക്കെ കൊണ്ട് വരികയും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിഷ്ടമുള്ള  സ്ഥലങ്ങളൊക്കെ കാണിക്കാന്‍ കൊണ്ട് പോകുകയും ചെയ്യുമായിരുന്നു..രണ്ടു കൊല്ലത്തെ എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വാപ്പയുമായുള്ള ആ രണ്ടു മാസത്തിന്റെ നിറവില്‍ എല്ലാ ധൂര്‍ത്തോടെയും ഞങ്ങളനുഭവിക്കുമായിരുന്നു..ഞാന്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് എന്റെ വിവാഹനിശ്ചയം നടന്നത് .ലീവിന്റെ സമയമായിട്ടില്ലായിരുന്നു വാപ്പക്കപ്പോള്‍ എത്താന്‍ കഴിയുമോ എന്നത് വീട്ടിലെല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി ഉമ്മയും മാമമാരും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഇരിക്കുകയായിരുന്നു. കല്യാണം നീട്ടി വെക്കാനാകുമോ എന്ന ആവശ്യം  പക്ഷെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹം നടത്തണമെന്ന വരന്റെ വീട്ടുകാരുടെ  തിടുക്കത്തിനു മുന്നില്‍ അലിഞ്ഞു.എന്നാല്‍ വാപ്പ വരാതെ എങ്ങനെ ..? അവസാനം ആരുടെയോ നിര്‍ദ്ദേശപ്രകാരം എന്റെ ഉമ്മ സുഖമില്ലാതെ ഇരിക്കയാണെന്ന വ്യാജകമ്പി അടിച്ചു വാപ്പ എത്തിയപ്പോള്‍ എനിക്കെന്തോ വാപ്പയുടെ എല്ലാ അവധിയിലും ഞാനനുഭവിച്ചിരുന്ന സന്തോഷം ഈ വരവില്‍ തോന്നിയില്ല.വിങ്ങിയ മനസ്സോടെ ഉമ്മയോട് എന്തിനാണ് ഉമ്മാക്ക്  വയ്യ എന്നു പറഞ്ഞു കമ്പി അടിച്ചതെന്ന എന്റെ  ചോദ്യത്തിന് ഉമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന മറുപടി ഇങ്ങനെയായിരുന്നു." ഓരോ പ്രാവശ്യവും നിനക്ക് വേണ്ടി സ്വര്‍ണ്ണവുമായി  എത്തുന്ന വാപ്പാക്ക് നിന്റെ നിക്കാഹ് നടത്താന്‍ നമ്മുടെ സൌകര്യത്തിനു കമ്പനി അവധി കൊടുക്കില്ല.പിന്നെ ഏതൊരു ഹതഭാഗ്യനായ പ്രവാസി പിതാവിനെയും പോലെ നിന്റെ വാപ്പാക്കും ഗള്‍ഫില്‍ ഇരുന്നു നിന്റെ നിക്കാഹ് കാണേണ്ടി വരുമായിരുന്നു.വാപ്പാടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്റെ കല്യാണം .അതിലദ്ദേഹത്തിനു പങ്കെടുക്കാന്‍ ഞാന്‍ മരിച്ചെന്ന കമ്പി അടിച്ചിട്ടായാലും വേണ്ടില്ല ഞാന്‍ വരുത്തും മൂപ്പരെ "ഉമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു നിറുത്തുമ്പോള്‍ എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല.. പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക്  പരിമിതികളും നിബന്ധനകളുമുണ്ടെന്നും അതിനത്ര എളുപ്പം തളിരിടാന്‍ ആവില്ലെന്നുമുള്ള  യാഥാര്‍ത്ഥ്യത്തെ ഞാനപ്പോള്‍  മനസ്സിലാക്കുകയായിരുന്നു..

പെണ്മക്കള്‍ അഞ്ച് പേരും വാപ്പ തിരഞ്ഞെടുത്തു തന്ന പങ്കാളികളുടെ കയ്യും പിടിച്ചു  പടി ഇറങ്ങുമ്പോള്‍ ആരും കാണാതെ നിന്ന് വാപ്പ കണ്ണ് തുടക്കുന്നതു തന്റെ ഉള്ളിലാളുന്ന അതിരില്ലാത്ത സ്നേഹവാത്സല്യത്തിന്റെ  ബഹിര്‍സ്ഫുരണങ്ങളായിട്ടായിരുന്നു എനിക്ക്  തോന്നിയത് . പിന്നീട് ഞങ്ങളെ കാണുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു  കഴിയുന്നതാണ് ഉത്തമ ഭാര്യമാരുടെ ലക്ഷണം എന്നും, ഒന്നിനോടും പരാതികളോ പരിഭാവങ്ങളോ ഇല്ലാതെ ജീവിക്കാന്‍ പഠിക്കണമെന്നുമൊക്കെ ഉപദേശിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ നേരിടുന്ന എന്ത് വിഷമങ്ങളും വാപ്പയുമായി പങ്കു വെക്കണമെന്നും  നിര്‍ദ്ദേശിക്കുമായിരുന്നു.

എന്റെ വിവാഹ ശേഷം  ഞാന്‍ ദുബായിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്രയാകുമ്പോള്‍ വാപ്പയും അവധിയിലെത്തി നാട്ടിലുണ്ടായിരുന്നു.ആദ്യമായി നാട് വിടുന്ന ഒരാളായ എനിക്ക്  അദ്ദേഹം ചില ഉപദേശങ്ങള്‍ തന്നു.ഗള്‍ഫ് ഒരു മായാലോകമാണെന്നും, പളപളപ്പും മിനുമിനുപ്പും ഉണ്ടെന്നു തോന്നുന്ന പരവതാനിക്കടിയില്‍  പ്രലോഭനങ്ങളും ചതിക്കുഴികളും മൂടിവെക്കപ്പെട്ടിട്ടുണ്ടാകും.ഓരോ കാല്‍ വെപ്പുകളും സശ്രദ്ധം വെച്ചില്ലെങ്കില്‍ അറിയാതെ അപവാദങ്ങളും കഷ്ടപ്പാടുകളും ഒരു നീരാളിയെ പോലെ വരിഞ്ഞു മുറുക്കുമെന്നും,
എല്ലാം ഒരു പക്വതയോടെ കാണണമെന്നും ഉപദേശിച്ചത് എന്റെ ഈ ഇരുപത്തിയൊമ്പതാമത്തെ പ്രവാസ വര്‍ഷത്തിലും ഞാന്‍ ശിരസ്സാ വഹിക്കുന്നു.

പ്രവാസിയായ വാപ്പയുടെ അഭാവത്തില്‍ ഞങ്ങളുടെ ശൈശവബാല്യങ്ങളും  കൌമാരയൌവനങ്ങളും  കഴിഞ്ഞത് പോലെ എന്റെ മക്കള്‍ക്ക് അവരുടെ വാപ്പയുടെ സ്നേഹം അനുഭവിക്കാനാകാതെ പോകരുതെന്ന നിഷ്ക്കര്‍ഷതയില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതും ഒരുമിച്ചുള്ള ഒരു ജീവിതം മാത്രമാണ്..സുഖമായാലും ദുഃഖമായാലും മക്കളും നമ്മളും ഒരുമിച്ചനുഭവിക്കാം എന്ന് പ്രതിജ്ഞ ചെയ്യുമ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്റെ ഒഴുക്ക് എന്റെ മക്കളറിയാതെ പോകരുതെന്ന നിര്‍ബന്ധത്താലായിരുന്നു.
ഇന്ന് പ്രവാസിയായ  ഞാന്‍  ഇവിടെ നിന്ന്  നാട്ടില്‍ കഴിയുന്ന വാപ്പയെ കുറിച്ചു ചിന്തിക്കുമ്പോള്‍  അദ്ദേഹം മരുക്കാടിനു നടുവില്‍ സ്വന്തബന്ധങ്ങളും ആണ്ടറുതികളും ആഘോഷങ്ങളും ത്യജിച്ചു കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെട്ടിരുന്നതാലോചിച്ച് മനസ്സ് നീറുകയും ഒപ്പം അവധിക്ക് വന്നു ഞങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നുവെന്നു ചിന്തിച്ച് വാപ്പയെ പോലെ ഒരു പിതാവിനെ കിട്ടാന്‍ ഞങ്ങള്‍ പുണ്യം ചെയ്തിരിക്കണമെന്നും അഭിമാനത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു.ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസം കഴിഞ്ഞു വാപ്പ നാട്ടില്‍ സ്ഥിരമായപ്പോഴേക്കും ഞങ്ങള്‍ മക്കള്‍ ആറു പേരും യു എ ഇ  യിലെ പ്രവാസികളായ് മാറിയിരുന്നു.എങ്കിലും വാപ്പ പ്രവാസിയായ സമയത്ത് സാധിക്കാതിരുന്ന വാപ്പാടെ ഒരു സ്വപ്നം ഞങ്ങള്‍  എല്ലാവരും ചേര്‍ന്നു പൂര്‍ത്തീകരിച്ചു. വാപ്പയേയും ഉമ്മയേയും  മൂന്നു മാസത്തെ വിസിറ്റിങ്ങില്‍ കൊണ്ട് വരികയും ഇവിടെ മുഴുവന്‍ ചുറ്റിക്കറങ്ങി കാണിക്കുകയും ചെയ്തത് വലിയ സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും കാണുന്നു. സൂര്യനെ പോലെ തഴുകിയുണര്‍ത്താന്‍ എന്റെ വാപ്പ എന്നും ഞങ്ങള്‍ക്കൊപ്പമില്ലായിരുന്നെങ്കിലും എന്റെ വാപ്പയെ തന്നെയാണെനിക്കിഷ്ടം..കാരണം ഞാനൊന്നു കരയുമ്പോള്‍ കാതങ്ങള്‍ക്കപ്പുറമിരുന്നുരുകുന്ന ഒരു മനസ്സിനുടമയാണെന്റെ  വാപ്പ....


Tuesday, 10 September 2013

വെയില്‍ തിന്നുന്ന മരുപ്പക്ഷികള്‍

വെയില്‍ തിന്നുന്ന  മരുപ്പക്ഷികള്‍ :-   (ഇല്ലസ്ട്രെഷന്‍ . ഇസ്ഹാക്ക്)
                                                                                       

ശിവന്റെ അമ്പലത്തിനു മുന്നിലെ ആല്‍ത്തറയില്‍ ശൂന്യമായ മനസ്സോടെ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ ഈ ലോകത്തിലെ സകലതില്‍ നിന്നും  ഒളിച്ചോടാന്‍  അയാള്‍ ആഗ്രഹിച്ചു. അമ്പലത്തിലേക്ക് ഇടയ്ക്കിടെ ചിലൊക്കെ വന്നു  പോകുന്നുണ്ടെങ്കിലും ഹൈദ്രോസ് എന്ന ആ മധ്യവയസ്ക്കനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . ഏറെ കാലത്തെ പ്രവാസം കഴിഞ്ഞെത്തിയ അയാളെ കടുത്ത വിഷാദരോഗം ഗ്രസിച്ചിരിക്കുകയാണ് . കഴിഞ്ഞ കാലങ്ങളിലെ ഓരോ അവധിക്കും  രാജകീയ സ്വീകരണമാണ് വേണ്ടപ്പെട്ടവരില്‍ നിന്നും ലഭിച്ചിരുന്നതെങ്കില്‍  ഏതാനും ആഴ്ച്ചകള്‍ക്ക്   മുന്‍പ് സകലതും നഷ്ടപ്പെട്ട് തോല്‍വി സമ്മതിച്ച യുദ്ധത്തടവുകാരന്റെ നിസ്സംഗതയോടെ നാടണഞ്ഞ  അയാള്‍ക്ക് നേരിടേണ്ടി വന്നത് പുഛവും അവഗണനയും മാത്രമായിരുന്നു. 


നാട്ടുകാര്‍ തനിക്ക് ചുറ്റും പരിഹാസ ശരങ്ങളുമായാണ് നില്‍ക്കുന്നതെന്നു തോന്നിയതിനാല്‍ പകല്‍ പുറത്തിറങ്ങാന്‍ അയാള്‍ മടിച്ചു . എങ്കിലും  രാത്രിയില്‍  വറ്റി വരണ്ട പുഴയുടെ  മണല്‍  തിട്ടയില്‍ ചെന്നിരുന്നു നക്ഷത്രങ്ങളുറങ്ങിയ ആകാശത്തേക്ക് നോക്കി വിങ്ങിപ്പൊട്ടുമായിരുന്നു. .അസ്വസ്ഥനായിരുന്ന അയാളുടെ ചിന്തകള്‍ കഴിഞ്ഞു പോയ കാലത്തിന്റെ ഒറ്റയടിപ്പാതയിലൂടെ തലങ്ങും വിലങ്ങും ശരപക്ഷികളുടെ വേഗതയോടെ സഞ്ചരിച്ചു .  

കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിളകിയ കല്‍പ്പടവുകളുള്ള  ആല്‍ത്തറയില്‍  ആരോടും സംസാരിക്കാനുള്ള കെല്‍പ്പില്ലാതെ അയാളിരിക്കുകയാണ്.  തൊട്ട് മുന്നില്‍ ഒരു കാളക്കൂറ്റന്‍ അയവെട്ടി കൊണ്ട് കിടക്കുന്നുണ്ട് .ആരോ നടതള്ളിയ ഒരു അമ്പലക്കാള.ആ അങ്ങാടിയുടെ മാലിന്യം മുഴുവന്‍ പേറുന്ന കാളയുടെ  ദേഹത്ത് ചെറു  പ്രാണികളും ഈച്ചയും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കാള തന്റെ വാല് പൊക്കി അവയെ ആട്ടിയോടിക്കാനുള്ള പാഴ്ശ്രമവും നടത്തുന്നുണ്ടായിരുന്നു. 

ആല്‍മരത്തിന്റെ ഇരുളുറങ്ങുന്ന ചില്ലകളില്‍  ഏതൊക്കെയോ ചെറുകിളികള്‍ കലപില കൂട്ടി ചേക്കേറാനെത്തിയ നേരത്ത്  ആകാശച്ചെരുവില്‍ മൂവന്തിക്ക്‌  മുന്‍പേ പടര്‍ന്ന ചുവപ്പ് കലര്‍ന്ന മഞ്ഞ നിറം കണ്ടപ്പോളാണ്  മുളകും മഞ്ഞളും പൊടിച്ച് കൊണ്ടുവരാന്‍ ഭാര്യ ഏല്‍പ്പിച്ചതിനെ കുറിച്ചയാള്‍ ആകുലപ്പെട്ടത് . 


ഈയിടെയായ്  അയാള്‍ക്ക്  ഭാര്യയോട് വല്ലാത്തൊരു പേടിയും അവരുടെ ദയാരാഹിത്യതോടെയുള്ള പെരുമാറ്റം തന്നെ  ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായും തോന്നി തുടങ്ങിയിരുന്നു. പണ്ടൊക്കെ സ്നേഹത്തോടെയും ആദരവോടെയും മാത്രം പെരുമാറിയിരുന്ന അവള്‍ ഒരു ശത്രുവിനോടെന്ന പോലെയല്ലേ  ഇപ്പോള്‍ പെരുമാറുന്നത് . അന്നുച്ചക്ക് നടന്ന സംഭവം അയാളുടെ മനസ്സിലേക്ക്  വയറ്റില്‍ കിടക്കുന്ന ദഹിക്കാത്ത വസ്തു പോലെ തികട്ടി വരികയും ചെയ്തു.  ഇന്നും അരച്ച് കലക്കി എന്ന ഉപ്പും പുളിയുമില്ലാത്ത കൂട്ടാന്‍ മാത്രമേയുള്ളൂ എന്ന തന്റെ ന്യായമായ ചോദ്യത്തിന് ഭാര്യയില്‍ നിന്നും കേട്ട മറുപടി അഭിമാനമുള്ള ഒരു പുരുഷനും സഹിക്കാനാവുന്നതായിരുന്നില്ല. ആയിരുന്നോ ?. 
അറിയാതെ  ഹൈദ്രോസിന്റെ ശബ്ദം അല്‍പ്പം ഉയര്‍ന്നു .തന്റെ  മുന്നിലിരുന്നു തടിച്ചു കറുത്ത ചുണ്ടിന്റെ കോണിലൂടെ വഴുവഴുത്ത തുപ്പലിറ്റിച്ച് കണ്ണുകളില്‍ നിസ്സഹായത നിറച്ച് അകലേക്കെങ്ങോ നോക്കി അയവെട്ടുന്ന കാളയെ  പരിതാപതോടെ നോക്കിയതിനു ശേഷം  പതുക്കെ എഴുന്നേറ്റ്  മുണ്ടൊന്നു കൂടി കുടഞ്ഞുടുത്ത്  എന്തൊക്കെയോ പൊതികള്‍ മുഴച്ചു നില്‍ക്കുന്ന സഞ്ചിയുമെടുത്ത് അയാള്‍ കവലയിലെ പൊടി മില്ലിനെ ലക്ഷ്യമാക്കി നടന്നു.

"അപ്പൊ ഐദ്രു എപ്പളാ  തിരിച്ച് പോണത് .അതാ ഇനി പോണില്ലേ.വന്നിട്ട് കൊറച്ചൂസം ആയിന്നു തോന്നുണു.അവടൊക്കെ വല്യ പ്രശ്നാല്ലേ..ആഹ് ഇപ്പൊ അവിട്ന്നു എല്ലാരേം പറഞ്ഞു വിടെന്നു കേട്ടു.."
പൊടി മില്ലിലെ അന്തോണി മാപ്ലയുടെ ചോദ്യത്തില്‍ സഹതാപം മാത്രമല്ല  പരിഹാസവും കലര്‍ന്നതായി ഹൈദ്രോസിനു തോന്നി.അവ്യക്തമായ ഒരു മൂളലില്‍ മറുപടിയെ ഒതുക്കി മഞ്ഞള്‍ പൊടിയും മുളക് പൊടിയും അടങ്ങിയ സഞ്ചിയുമായി അയാളവിടെ നിന്നുമിറങ്ങി.

ഇടവഴി തിരയുന്നിടത്തു വേട്ടോന്‍ കോയിന്ദന്‍ ആറ്റ് മീന്‍ വില്ക്കുന്നത് കണ്ടു അങ്ങോട്ടേക്ക് നടന്നു. "എന്താ മാപ്ലേ ഇപ്പൊ ആറ്റുമീനൊക്കെ കൂട്ടാന്‍ തൊടങ്ങ്യാ ". കളിയാക്കിയുള്ള  കോയിന്ദന്റെ ചിരിയെ കണ്ടില്ലെന്നു നടിച്ച് ഇരുപത് രൂപക്ക്  പരല്‍ മീനും വാങ്ങി അയാള്‍ നടക്കാന്‍ തുടങ്ങി.

ചരല്‍ പാതയിലേക്ക് അരിച്ചിറങ്ങുന്ന ഇരുളിനെ വകഞ്ഞു അവശതയോടെ അയാള്‍  തന്റെ വീടിനു മുന്നിലുള്ള ഒതുക്ക് കല്ല്‌ കയറുമ്പോള്‍ എയ്ശന്റെ കണ്ടത്തില്‍ നിന്നും പണി മാറ്റി  പോകുന്ന ചെറുമിപ്പെണ്ണുങ്ങള്‍ അത്താഴത്തിനുള്ള വകകള്‍ അടങ്ങിയ വട്ടി തലയിലുമേന്തി എന്തൊക്കെയോ സങ്കടങ്ങള്‍ പങ്കു വെച്ച്  അയാള്‍ക്ക് മുന്നിലൂടെ കടന്നു പോയി. വീട്ടിലെത്തിയ ഹൈദ്രോസ് അടുക്കള  കോലായിലിരുന്നു പരല്‍ മീന്‍ നന്നാക്കിയതിനു ശേഷം ഉള്ളിയും മുളകും അമ്മിക്കല്ലില്‍  അരച്ചെടുത്തു .പിന്നീട് കുടമ്പുളിയിട്ട്  കല്ച്ചട്ടിയില്‍ പരല്‍ മീനിനെ വറ്റിച്ചെടുത്ത് മേലെ വെളിച്ചെണ്ണ  തൂവുമ്പോള്‍  അയാളുടെ ഭാര്യ  ടിവിയില്‍  നടന്നു കൊണ്ടിരിക്കുന്ന സീരിയലിലെ നായികയുടെ പതം പറച്ചിലില്‍ മുഴുകിയിരിക്കുകയായിരുന്നു.ഏറിയ സന്തോഷത്തോടെ അത്താഴമുണ്ണാന്‍  മക്കളെയും ഭാര്യയേയും ക്ഷണിച്ചപ്പോഴാണ്  നൂഡില്‍സ് കഴിച്ച് കുട്ടികള്‍ ഉറങ്ങാന്‍ പോയത് അയാളറിയുന്നത് .തടി  കൂടുമെന്ന് പേടിച്ച്   രാത്രിയില്‍ ചപ്പാത്തിയും വെള്ളരിയും മാത്രം കഴിക്കുന്ന ഭാര്യക്കും അയാളൊരുക്കിയ  അത്താഴത്തില്‍ പങ്കു ചേരാനായില്ല.അല്ലെങ്കിലും ഇതൊക്കെ അയാള്‍ക്ക് പുതിയ അറിവുകളായിരുന്നുവല്ലോ.
ഇടവഴിക്കപ്പുറത്തെ മുളങ്കൂട്ടില്‍ കാറ്റിലാടുന്ന മുളന്തണ്ടിന്റെ നെഞ്ച് പൊട്ടുന്നത് കേട്ട് കൊണ്ട് അയാള്‍ ചിന്തകളുടെ ചതുരംഗപ്പലകയില്‍ തന്റെ  സുഖദുഃഖങ്ങളുടെ  കരുക്കള്‍ ക്രമം ചേര്‍ത്ത് വെച്ചു. ഇരുപത് കൊല്ലത്തോളം മരുഭൂമിയില്‍ അധ്വാനിച്ച് അവിടെ നിന്നും തിരിച്ച് പോരുമ്പോള്‍ താനെന്താണ്‌ നേടിയത് .അയാള്‍  നെഞ്ച് തടവി കഴുത്ത് മുട്ടി  വന്ന ചുമയെ പാറ പൊട്ടുന്ന ഒച്ചയില്‍ പുറത്തേക്ക് തള്ളി വിടുമ്പോള്‍ ആരോടെന്നില്ലാതെ ചോദിച്ചു.

ഏതൊരു വിദ്യാഭ്യാസമില്ലാത്ത പ്രവാസിയുടേയും പോലെ തുഛ ശമ്പളത്തില്‍ ജോലി ചെയ്യാനായിരുന്നല്ലോ തന്റെയും വിധി . വലിയ  ഗതിയൊന്നുമില്ലാത്ത ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്ത്  കിട്ടുന്ന ശമ്പളത്തില്‍ നിന്നും  തനിക്ക് വേണ്ടി ഒരു ചില്ലിപോലും ചിലവാക്കാതെ മുഴുവനും ഭാര്യക്ക് അയച്ച് കൊടുക്കുമ്പോഴും കടം വാങ്ങിയും ചിട്ടി പിടിച്ചും ഓവര്‍ ടൈം ചെയ്തും ഭാര്യയുടെ പേരില്‍ വീടും പുരയിടവും ആധാരമാക്കുമ്പോഴും എന്തെങ്കിലുമൊരു വരായ്കയുണ്ടാവാന്‍ നാട്ടില്‍ ഒരു ടാക്സി വാങ്ങിയിട്ടപ്പോഴും തന്റെ ജീവിതം ഒരു ഓട്ടത്തോണിയാകുമെന്ന് കരുതിയില്ല. അന്നേരം മരുഭൂമിയിലെ  നിലാവൂറ്റിക്കുടിച്ചു ഉന്മത്തയായ തണുത്ത  മണലില്‍ മലര്‍ന്നു കിടന്നു എല്ലാം മതിയാക്കി നാട്ടിലെത്തിയാല്‍   ഭാര്യയും മക്കളുമൊത്തുള്ള സന്തോഷ ജീവിതം സ്വപ്നം കാണുകയായിരുന്നു അയാള്‍ . മക്കളെ നാട്ടിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തിയറിഞ്ഞ് അഭിമാനിക്കുകയും കുട്ടികള്‍ മണി മണിയായ്‌  ഇംഗ്ലീഷ് സംസാരിക്കുന്നത് കേള്‍ക്കാനായി കൊതിക്കുകയും ചെയ്തു. രണ്ടു കൊല്ലത്തിലൊരിക്കല്‍ അവധിയില്‍ നാട്ടിലെത്തിയിരുന്ന അയാള്‍  കൈ നിറയെ പണവുമായ് വന്നു കുടുംബത്തെ സന്തോഷിപ്പിച്ച് ഒഴിഞ്ഞ പോക്കറ്റുമായാണ്  വിമാനം കയറിയിരുന്നുവെന്നത്  പക്ഷെ എന്തിനെന്നറിയില്ല തന്റെ ഭാര്യയില്‍ നിന്നും മറച്ചു പിടിച്ചു.. 

പോകെ പോകെ ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി ഭാര്യയുടെ ഫോണ്‍ വരുന്നതിനെ അയാള്‍ ഭയക്കാന്‍ തുടങ്ങി. ജോലി ചെയ്തു കാശുണ്ടാക്കുക എന്ന ആവേശത്തില്‍  വര്‍ഷങ്ങള്‍ പോകുന്നതറിയാതെ  അയാള്‍ നാടിന്റെ ചൂടും ചൂരും മറക്കാന്‍ തുടങ്ങി. മരുക്കാറ്റ്  ആഞ്ഞു വീശി ഋതുഭേദങ്ങളുടെ വരവിനെ അറിയിക്കുമ്പോഴും ,ഊഷരത്തില്‍ പാകിയ വിത്ത് പൊട്ടാന്‍ പാകത്തില്‍ മരുഭൂമിയില്‍ മഴ പെയ്തോഴിയുമ്പോഴും അയാള്‍  കാലവര്‍ഷത്തില്‍ തന്റെ പുരയിടത്തിനു പിറകിലെ പുഞ്ചപാടത്ത്  പുളച്ച് മറിയുന്ന വരാല്‍ മീനുകളും,  ഇടവപ്പാതിയില്‍  തോരാതെ പെയ്യുന്ന മഴയത്ത്  പുളിയിലയില്‍ സദ്യയുണ്ണുന്ന കോരന്റെ വറുതിയും, തുലാവര്‍ഷത്തിലെ നിലം താഴ്ന്നിറങ്ങി വെട്ടുന്ന ഇടിമിന്നലുമൊക്കെ മനോമുകരത്തില്‍ കണ്ടു സംതൃപ്തനാകുകയായിരുന്നു.ഒരു ഗദ്ഗദത്തിനൊപ്പം 
കണ്‍കോണില്‍ ഉരുണ്ടു കൂടിയ നനവ്‌  ചെറിയ നീര്‍ച്ചാലായി അയാളുടെ കവിളിലൂടെ ഒഴുകി വീഴാന്‍ തുടങ്ങുമ്പോള്‍ ചിന്തകളില്‍ മരുക്കാടിന്റെ ഗന്ധം പരക്കുന്നതയാളറിഞ്ഞു.

ജോലിയിടത്തിലെ  മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും അനിവാര്യമായിരുന്നു. മുതലാളിയുടെ പ്രായാധിക്യം മൂലമുള്ള മരണവും  തുടര്‍ന്ന് മക്കള്‍ തലമുറകളുടെ കുടുംബ പരിഷ്ക്കാരങ്ങളും തന്റെ  ജോലിയെ സാരമായി ബാധിക്കുമെന്ന് തോന്നിയെങ്കിലും  നാട്ടില്‍ ചെന്നാല്‍ എങ്ങനെയെങ്കിലും കുടുംബം പുലര്‍ത്താനാവുമെന്നുള്ള പ്രത്യാശ അയാളുടെ ആത്മവിശ്വാസത്തിനു ആക്കം കൂട്ടി. പക്ഷെ എല്ലാം മതിയാക്കി പോകാന്‍ തുനിഞ്ഞ നേരത്ത്  കടബാധ്യതകളും നാട്ടിലെ ഒടുങ്ങാത്ത ആവശ്യങ്ങളും അയാളുടെ കാലുകളില്‍ കിനാവള്ളി പോലെ ചുറ്റി പിണഞ്ഞത് . പിരിച്ചു  വിട്ട രാത്രിയില്‍ കയ്യില്‍ കിട്ടിയ ഭാണ്ഡവുമായി വിശാലമായ മണല്‍ പരപ്പിലൂടെ ജോലിയന്വേഷിച്ച്  നടക്കുമ്പോളാണ് പ്രവാസത്തിന്റെ ആഴക്കടലില്‍ കരകാണാതെ  ഉഴലുന്നവര്‍ക്ക്  സമൃദ്ധി വിളയുന്ന സ്വന്തം നാട് കണ്ണെത്തും അകലത്തില്‍ ഭ്രമിപ്പിക്കുന ഒരു മരീചികയാണെന്ന് ബോധ്യപ്പെട്ടത്. ചെയ്യാനേല്പിക്കുന്നതെന്തും  കൃത്യമായി ചെയ്തു പോരുമ്പോള്‍ കൂലിയായ് കിട്ടുന്ന റിയാലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതില്‍ മാത്രമായിരുന്നു അയാള്‍ക്ക് സന്തോഷം. 

അതി ശൈത്യം കൊടും ചൂടിനു വഴിമാറിയ നാളുകളിലാണ്‌ നിതാഖാത്ത് എന്ന നിയമം റൂഹ് പിടിക്കാന്‍ വരുന്ന മലക്കിനെ പോലെ കാഹളം മുഴക്കി അനേകായിരങ്ങളെ തേടിയെത്തിയത് . പിടി കൊടുക്കാതെ മുങ്ങിയും പൊങ്ങിയും അയാള്‍ കഴിഞ്ഞെങ്കിലും പിടിക്കപ്പെട്ടാല്‍ അനുഭവിക്കാനിടയുള്ള ശിക്ഷയുടെ കാഠിന്യം ആരൊക്കെയോ അയാളെ ബോധ്യപ്പെടുത്തിയപ്പോള്‍ നാട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയേയും മക്കളെയും ഒരു നിമിഷത്തേക്ക് കണ്ണീരോടെ ഓര്‍ത്തു പോയി. ഇത്രയും കാലം താന്‍ പൊരിവെയിലില്‍ കഷ്ടപ്പെട്ടുണ്ടാക്കിയതിനെ സ്നേഹമയിയും പക്വമതിയുമായ തന്റെ ഭാര്യ ഇരട്ടിപ്പിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ പകല്‍കിനാവ് കണ്ടു . ഒരൊഴിഞ്ഞു പോക്കിന്  ഇഷ്ടമില്ലാഞ്ഞിട്ടും ആരുടെയൊക്കെയോ നിര്‍ബന്ധത്തില്‍ വിമാനം കയറുമ്പോള്‍  കുടുംബം തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നു അയാള്‍ വെറുതെ മോഹിച്ചു. താടിയും കഷണ്ടിക്ക് പിറകില്‍ കാലങ്ങളായ് എണ്ണ പുരളാത്ത പാറിപറന്നു കിടക്കുന്ന മുടിയും നിരാശ നിഴലിക്കുന്ന മുഖഭാവവുമായ്   ആട്ടോയോടിക്കുമെന്ന ഭയം വേണ്ടാത്ത സ്വന്തം മണ്ണില്‍ വന്നിറങ്ങുമ്പോള്‍  ചുറ്റുമുള്ളവര്‍ പരമ പുഛത്തോടെ തന്നെ ശ്രദ്ധിക്കുന്നതായ് തോന്നി.

ജോലി നഷ്ടപ്പെട്ടാണ് താന്‍  വന്നതെന്നറിഞ്ഞപ്പോള്‍  തുടങ്ങിയ  ഭാര്യയുടെ ശാപവചനങ്ങളിലും  വിധിയെ പഴിക്കലിലും കിടന്നു അയാള്‍ വീര്‍പ്പുമുട്ടി.  താനൊന്നിനും കൊള്ളാത്ത ഒരു ഭര്‍ത്താവാണെന്നും അല്ലലില്ലാതെ കഴിയണമെങ്കില്‍  അടുത്ത മരുപ്പച്ച തേടി പോകണമെന്നും  അവസാന വാക്കായി ഭാര്യയില്‍ നിന്നും കേട്ടപ്പോള്‍  താനന്ന് വരെ കണ്ടതെല്ലാം പാഴ്ക്കിനാവുകളായിരുന്നുവെന്ന് അയാള്‍ക്ക് വേദനയോടെ  ഉള്‍ക്കൊള്ളേണ്ടി വന്നു.ദിവസങ്ങള്‍ കഴിയുന്തോറും മറ്റൊരു  സത്യം കൂടി മനസ്സിലായി ;ഭാര്യ മാത്രമല്ല മക്കളും അയാളില്‍ നിന്നും ഏറെ അകലെയാണെന്നു.പണമില്ലാത്തവന്‍ പിണത്തിനു തുല്യം എന്ന് അയാളുടെ ഉള്ളിലിരുന്നാരോ പറയുന്നത്  പോലെ .

ചിന്തകളെ വിളിപ്പാടകലെ നിറുത്തി നെടുവീര്‍പ്പോടെ അയാള്‍ ഉമ്മറത്തിണ്ണയില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ രാത്രി കനത്തിരുന്നു.ദൂരെ മരുപ്പക്ഷികളുടെ കരച്ചില്‍ കേള്‍ക്കുന്നതു പോലെ. വെയില്‍  തിന്നാന്‍ കാത്തിരിക്കുന്ന മരുപ്പക്ഷികളുടെ തേങ്ങി തേങ്ങിയുള്ള കരച്ചില്‍ .ആ പക്ഷി രോദനം തനിക്കുള്ള  പിന്‍ വിളിയാണെന്ന് തോന്നിയ നിമിഷത്തില്‍  അയാള്‍ മരുഭൂമിയുടെ സ്പന്ദനത്തിലലിയാന്‍ ആഗ്രഹിച്ചു.ഒരു നെടുവീര്‍പ്പോടെ കൈകള്‍ നെഞ്ചോടു പിണച്ച്  വെച്ച് മണല്‍ക്കാടിനെ കണ്ണുകളിലെക്കാവാഹിച്ച് കൊണ്ട് കിടന്നു..

പകലൊക്കെ  അവിടെ അലഞ്ഞു നടന്നിരുന്ന ഒരു തെരുവ് പട്ടി അപ്പോഴേക്കും അയാളുടെ കൂടെ കോലായില്‍ സ്ഥാനം പിടിച്ചു കൊണ്ട്  കാലുകള്‍ക്കിടയില്‍ അതിന്റെ  വാലും ചുരുട്ടി കിടക്കുന്നുണ്ടായിരുന്നു. അയാളുടെ ഭാര്യ അപ്പോഴും നിലയ്ക്കാത്ത ടി വി സീരിയലില്‍ കണ്ണും നട്ടിരിക്കയായിരുന്നു.ഇടയ്ക്കിടെ ഭര്‍ത്താവിനോട് കലഹിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും  ചെയ്യുന്ന നായികയെ ശപിക്കുന്നുമുണ്ട്." ഓ ഇവള് വല്യ കേമി തന്നെ ..ഇങ്ങനെണ്ടോ  പെണ്ണുങ്ങള്‍ .പാവം ഭര്‍ത്തക്കന്മാരോട്  ഒട്ടും സ്നേഹല്ലാത്ത വര്‍ഗങ്ങള്‍ . ഇങ്ങനത്തെ പെണ്ണുങ്ങളെ വെടിവെച്ച്  കൊല്ലേ ചെയ്യണ്ടെ".തന്റെ ഭാര്യയുടെ ആവേശത്തോടെയുള്ള അഭിപ്രായ പ്രകടനം . അത് കേട്ടിരിക്കെ അയാള്‍ക്ക് തമാശ തോന്നി.ഒരു തോക്ക്‌ തന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ താനും കൊല്ലുമായിരുന്നല്ലോ സ്നേഹമില്ലാത്ത നെറികെട്ട ഭാര്യമാരെ ..അയാള്‍ ആ രംഗം മനസ്സില്‍ കണ്ടു ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി .ഇത് കണ്ടു ചവിട്ട് പടിയില്‍ ,കിടന്നിരുന്ന പട്ടി എഴുന്നേറ്റ് അയാളെ ഭയത്തോടെ നോക്കി. പക്ഷെ പരിസര ബോധമില്ലാതെ  അയാള്‍  പൊട്ടി ചിരിക്കുകയായിരുന്നു.ചിരിക്കുന്തോറും പിടഞ്ഞു പിടഞ്ഞു ജീവന് വേണ്ടി യാചിക്കുന്ന ഭാര്യമാരുടെ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു .നിയന്ത്രിക്കാനാവാത്ത ചിരിയില്‍ ചുമച്ചു കൊണ്ട് ഇരുട്ടിലൂടെ ഹൈദ്രോസും പിറകെ തെരുവ് പട്ടിയും പായുമ്പോള്‍  അയാളുടെ ഭാര്യ സീരിയലിലെ  ആക്രോശങ്ങള്‍ക്ക് നടുവിലായിരുന്നു.

Saturday, 13 July 2013

പ്രവചനങ്ങളുടെ ചിറകടികള്‍ :-

പ്രവചനങ്ങളുടെ ചിറകടികള്‍ :-

ചില പക്ഷികള്‍ക്കു  മരണത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.അവിചാരിതമായുണ്ടാകുന്ന വേര്‍പാടുകള്‍ .അതും  മരണത്തിലൂടെ .എന്റെ ജീവിതതില്‍ നേരിടേണ്ടി വന്ന ചില വേര്‍പാടുകള്‍ അങ്ങനെയായിരുന്നു.അപ്പോഴൊക്കെ അത് ഓരോ നിമിത്തം പോലെ ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ എനിക്കുള്ള മുന്നറിയിപ്പുമായി എത്തുന്നു. ആദ്യമായി ഒരു മരണമെനിക്ക് മുന്നില്‍ വന്നത് എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ ആയിരുന്നു. സുഖമില്ലാതെ കിടന്ന വല്യുപ്പാക്ക്  ഞങ്ങളെ കാണണമെന്നാവശ്യവുമായ് പറഞ്ഞയച്ച വല്യുപ്പയുടെ അനിയന്‍ ഇയാപ്പയുമായി ഉമ്മയുടെ തറവാട്ടിലേക്ക്   പുറപ്പെട്ട് പോകുന്ന സമയത്ത് . കുതിച്ച് പായുന്ന വാഹനത്തിലെ താഴ്ത്തി വെച്ച കണ്ണാടി ജനലിലൂടെ വിലങ്ങന്‍കുന്നിനു താഴെ പരന്നു കിടക്കുന്ന പാടങ്ങള്‍ക്ക്  നടുവില്‍ നിന്നുമെത്തിയ കാലന്‍കോഴിയുടെ ദുരൂഹത നിറഞ്ഞ "പൂവ്വാ പൂവ്വാ " എന്ന കരച്ചില്‍ പറയാതെ പറഞ്ഞത് ഒരു മരണത്തിന്റെ മഞ്ചല്‍ കുലുക്കമാണ്. അതെനിക്ക് മനസ്സിലാക്കി തന്നത് വീട്ടില്‍ ഉമ്മയെ സഹായിക്കുന്ന ലീലേച്ചി.കുറ്റിച്ചുടാന്‍ എന്ന് പ്രാദേശിക പേരുള്ള ആ പക്ഷി രാത്രിയില്‍ മരണദേവന്റെ പാത പദനത്തെ തിരിച്ചറിയുന്നു. മരണം നടക്കുന്ന വീടിനു കേള്‍ക്കത്തക്ക ദൂരത്തില്‍ ഏതെങ്കിലും വടവൃക്ഷത്തിന്റെ ഇരുട്ട് മയങ്ങുന്ന ചില്ലയിലിരുന്നു കരയും. അതൊരു സൂചനയാണ്..ദുഃസ്സൂചന.പക്ഷെ അന്ന് പുഴക്കല്‍ പാടത്തിനു നടുവില്‍ മുഴങ്ങിയ ആ കിളിയുടെ കരച്ചില്‍ ഒരു മരണമാണുദ്ദേശിച്ചതെന്നു എനിക്ക് ബോധ്യപ്പെടാന്‍ ഏതാനും നാഴികകളെ വേണ്ടി വന്നുള്ളൂ..വൈകുന്നേരം  അസുഖ കിടക്കയിലായ എന്റെ പ്രിയപ്പെട്ട വല്യുപ്പ വെളുപ്പിനെ  ഞങ്ങളെ വിട്ടു പോയി.

അന്ന്  സന്ധ്യാനേരത്തെ പ്രാര്‍ത്ഥനക്ക് ശേഷം പൂമുഖത്തെ തിണ്ണയിലിരുന്നു ഖുറാന്‍ ഉറക്കെയുറക്കെ പാരായണം ചെയ്യുന്നതിനിടയില്‍ പറമ്പിന്റെ പടിഞ്ഞാറേ അതിരിലെ  അത്തിമരത്തില്‍ വന്നിരുന്നു ഒരു കുറ്റിചുടാന്‍ പൂവ്വാ  പൂവ്വാ എന്നുറക്കെ കരഞ്ഞു .ഞങ്ങള്‍  കുട്ടികള്‍  അതിഭയാനകമായ ആ ശബ്ദത്തില്‍ ചകിതരായ് ..അപ്പോഴാണ് അകത്തു നിന്നും ഇച്ചമ്മയുടെ ശബ്ദം കേള്‍ക്കുന്നത് . ഇനിയും ആരെ കൊണ്ട് പോകാനാണ് നിന്റെ വരവെന്നു ചോദിച്ച് വടക്കിനി കോലായിലിരിക്കുന്ന വെട്ടുകത്തിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ തിരുകി വെച്ചു. .വെട്ടുകത്തി ചൂട് പിടിക്കുന്നതോടെ മരക്കൊമ്പിലിരിക്കുന്ന കാലന്‍ കോഴിയുടെ കാലുകളിലേക്ക് അസഹ്യമായ ചൂട് ചെന്നു അതവിടെ നിന്നും ഇപ്പൊ തന്നെ പറന്നു പോകുമെന്ന് ഇച്ചമ്മ ദേഷ്യത്തോടെ പറഞ്ഞു.അവര്‍  പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് വെട്ടു കത്തിയെ കനലിലേക്ക് പൂഴ്ത്തി വെച്ച് കൊണ്ടിരുന്നു..അല്‍പസമയം കൊണ്ട്  കാലു ചുട്ടു പൊള്ളിയിട്ടോ എന്തോ  ആ പക്ഷി നീണ്ട ചിറകടിയോടെ അകലെയേതോ മരണവീട് ലക്ഷ്യമാക്കി പറന്നു പോയി.അതോടെ ഞങ്ങള്‍ക്കും സമാധാനമായി..

എനിക്ക് ഒരു ഗുരുവും കളിക്കൂട്ടുകാരനുമൊക്കെയായിരുന്ന എന്റെ വല്യുപ്പയുടെ മരണത്തോടെ ഞാന്‍ അഗാധമായ എകാന്തത അനുഭവിക്കാന്‍ തുടങ്ങി.മുറ്റത്ത് വെയില്‍ കായാനെത്തുന്ന തൂവാനത്തുമ്പികളെ നോക്കി ഉമ്മറപ്പടിയില്‍ മൌനത്തിന്റെ ശംഖുമായി  ഞാനിരുന്നു.ജിവിതത്തിലെ ദിനചര്യകളിലെ പ്രധാനപ്പെട്ടതെന്തോ മറന്നു പോയ പോലെ ആയിരുന്നു എനിക്ക് ഓരോ ദിവസവും ..രണ്ടു മൂന്നു മാസങ്ങളെടുത്തു ആ മരവിപ്പില്‍ നിന്നും മോചനം കിട്ടാന്‍ . ഇടക്കൊക്കെ എവിടെ നിന്നോ വല്യുപ്പാടെ സജുമ്മാ എന്ന വിളി ഞാന്‍ കേട്ടിരുന്നു. പുല്ലാനിപൊന്തയില്‍ കൂടുള്ള കുളക്കോഴികള്‍ തോട്ടിലേക്ക് ഇറങ്ങുന്നതും  നോക്കി ഇടവഴിയിലേക്കുള്ള പടിക്കെട്ടില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ..അമ്പത്തെ പാടത്ത് വെള്ള കൊക്കുകള്‍ ചിക്കി പരത്തി നടക്കുന്നതും കണ്ടു പൂവരശിന്റെ കൊമ്പില്‍ കയറി ഇരിക്കുമ്പോള്‍ ..കുളപ്പടവില്‍ ചെന്നിരുന്നു സന്ധ്യാ നേരത്ത്  ആകാശത്തിനു കുറുകെ അലയുന്ന മേഘങ്ങളോട് താഴേക്കിറങ്ങി വരൂ എന്ന് പതുക്കെ അപേക്ഷിക്കുന്ന നേരങ്ങളിലുമൊക്കെ ഞാനാ വിളി കേട്ടിരുന്നു.

പിന്നീട്  കുറച്ച് നാളുകള്‍ കഴിഞ്ഞാണ് കളിക്കൂട്ടുകാരിയും ബന്ധുവുമായിരുന്ന സുബുവിന്റെ മരണം സംഭവിക്കുന്നത് .  രക്തത്തിലെ വിഷബാധ അതായിരുന്നു  അവളുടെ മരണകാരണമെന്നു ഉമ്മ പറഞ്ഞപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. ആ മരണ വാര്‍ത്തക്ക് മുന്പ് എന്നെ വേദനിപ്പിച്ച ഒരു കാര്യമുണ്ടായി. അന്ന്  വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കണ്ട കാഴ്ച്ച  മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലുള്ള കൂട് തകര്‍ന്നു വീണു അതിലെ കാക്ക കുഞ്ഞു പറക്കാനാവാതെ തത്രപ്പെടുന്നതും ചുറ്റും കുറെ കാക്കകള്‍ കാറുന്നതും ആണ്.അടുത്തെത്തിയാല്‍  കൊത്തിപ്പറിക്കാന്‍ വെറി പൂണ്ടു നില്‍ക്കുന്ന കാക്കകണ്ണുകളില്‍ നിന്നും ഞാന്‍ പതുക്കെ  അകത്തേക്ക് വലിഞ്ഞു. കിഴക്കേ മുറിയുടെ ജനലിലൂടെ ആ  കാക്കക്കുഞ്ഞു അവിടെ തന്നെയില്ലേ എന്ന് നോക്കി.കനത്ത ഇരുള്‍ പറന്നിറങ്ങിയ മുറ്റത്തു  ഒന്നും കാണുന്നില്ലായിരുന്നു.അത്താഴത്തിനിരിക്കുമ്പോള്‍ വീട്ടിലെ സഹായി ലീലേച്ചിയോട് പതുക്കെ ചോദിച്ചു .ആ കാക്കക്കുഞ്ഞിനെ അതിന്റെ അമ്മ കൊണ്ട് പോയിട്ടുണ്ടാകുമോ എന്ന്.ലീലേച്ചി പറഞ്ഞ മറുപടി  അത്ര പ്രതീക്ഷയ്ക്ക് വകയില്ലാത്തതായിരുന്നു .നേരം പുലരാന്‍ ഞാന്‍ കാത്തിരുന്നു..പക്ഷെ  അന്ന് രാത്രി ഒടുങ്ങുന്നതിനു മുന്പ് സുബുവിന്റെ മരണ വാര്‍ത്തയുമായി വീട്ടിലേക്ക് ആളെത്തി. അതിരാവിലെ തന്നെ ആദ്യത്തെ ബസ്സിനു ഞങ്ങള്‍ സുബുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.അപ്പോഴും സൂര്യന്‍ ഉദിച്ചുയരാത്തതിനാല്‍ വെളിച്ചം ഒട്ടുമില്ലാത്ത മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ആ കാക്കക്കുഞ്ഞു ഉണ്ടോ എന്ന് നോക്കാന്‍ എനിക്കായില്ല..അത് ചത്തു കാണുമെന്ന്  ലീലേച്ചി തലേന്നു രാത്രി പറഞ്ഞത്  മനസ്സില്‍ കിടന്നു നീറുന്നുണ്ടായിരുന്നു.പുഴക്കല്‍ പാടങ്ങള്‍ക്ക് നടുവിലൂടെ ഞങ്ങളെയും കൊണ്ട് പായുന്ന ബസ്സ്  കൂട്ടുങ്ങലിലെത്തുമ്പോള്‍ വഞ്ചിക്കടവത്തു ആളുകള്‍ നിറഞ്ഞിരുന്നു..സുബു അങ്ങനെ പള്ളിക്കാട്ടിലെ വെള്ളിലക്കാടുകള്‍ക്ക് നടുവില്‍ അന്ത്യവിശ്രമം കൊണ്ടു. തറവാട്ടില്‍ രണ്ടു ദിവസം കൂടി ഞങ്ങള്‍ ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം അറബിക്കടലിനു മേലെ വെയില്‍ ചാഞ്ഞ നേരം എനിക്കൊരു ഉള്‍വിളി ..സുബുവിന്റെ കബറിടത്തില്‍ പോകണം .ഞങ്ങള്‍ കുട്ടികള്‍ മൂന്നു നാല് പേര് കൂടി മുതിര്‍ന്നവര്‍ കാണാതെ മണത്തല പള്ളി ലക്ഷ്യമാക്കി കനോലി പുഴക്ക് കുറുകെയുള്ള ചെറിയ പാലത്തിലൂടെ മുഖത്തിന്‌ നേരെ വന്നു പതിക്കുന്ന അസ്തമയ നാളങ്ങളെ വകവെക്കാതെ നടന്നു.കബറിടത്തില്‍ ചെന്നിരുന്നു മണ്ണെല്ലാം മാടി വെച്ചു അതിനു മുകളില്‍ ഒരു മൈലാഞ്ചി ചെടി നട്ടു.പള്ളിക്കുളത്തില്‍ നിന്നും അവിടെ കിടന്ന കമുകിന്‍ പാളയില്‍ വെള്ളം നിറച്ചു നട്ട മൈലാഞ്ചിച്ചെടിയുടെ മേലെ ഒഴിച്ച് കൊടുത്തു..ഇരുട്ട് കനക്കുന്നതിനു  മുന്പ് ഞങ്ങള്‍ തറവാട്ടിലേക്ക്  തിരിച്ചു നടന്നു.അവളുടെയും വല്യുപ്പയുടെയും മരണം എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ആയതിനാല്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും മഴമുല്ലകളുടെ സൌരഭ്യമാണ് .പോക്കുവെയിലിന്റെ സ്വര്‍ണ്ണനാളങ്ങള്‍ തോട്ടിലെ വെള്ളത്തില്‍ ഉരുകി വീഴുമ്പോള്‍ പരല്‍ മീനിനെ പിടിക്കാന്‍ സുബുവുമായി ഈരിഴതോര്‍ത്തു തോട്ടിലെ വെള്ളത്തില്‍ മുക്കി പിടിച്ച് പരലുകള്‍ തോര്‍ത്തിനുള്ളില്‍ പുളയുന്നതും നോക്കി ആഹ്ലാദിക്കാറുള്ളതും പെരുന്നാളിന് പാടവരമ്പിലൂടെ പോകുന്ന വളക്കാരികളെ വിളിച്ചു ഇഷ്ടത്തിനുള്ള വളകള്‍ ഇടുന്നതും മൈലാഞ്ചി ഇല പൊട്ടിച്ച് അരച്ചെടുത്തു കൈവള്ളയില്‍ വലിയ പുള്ളികള്‍ ഇട്ടിരുന്നതും ..ഓത്തുപള്ളിയിലേക്ക് പോകും വഴി ശങ്കരന്‍ മാഷിന്റെ തൊടിയിലെ ചാമ്പ മരത്തില്‍ കയറി ചാമ്പക്ക പോട്ടിച്ച് തിന്നിരുന്നതും അരിനെല്ലിയും ഉപ്പ് മാങ്ങയും ആയി വന്നു ആരും കാണാതെ പങ്കു വെച്ചതുമൊക്കെ എന്തിനെന്നറിയാതെ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ ഓര്‍മ്മകളുടെ വിലാപയാത്ര പോലെ  വന്നു കൊണ്ടിരുന്നു.പക്ഷെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം സുബുവും കാലത്തിന്റെ വായിച്ചു കഴിഞ്ഞ ഏതോ അദ്ധ്യായം പോലെ പിന്നിലേക്ക് മറിച്ചിടപ്പെട്ടു..

മുറ്റത്തോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കാക്ക കുളിച്ചു ചിറകു കുടയുന്നതും കണ്ടിട്ടുണ്ടോ ? ആ കാഴ്ച്ചയെ ഏറെ കൌതുകത്തോടെ ഞാന്‍ നോക്കിയിരിക്കുമായിരുന്നു .ഒരിക്കല്‍ മുറ്റമടിക്കാന്‍ വരുന്ന നാണിത്തള്ളയാണ്  അത് ഒരു ദുശ്ശഃകുനമാണെന്ന് എന്നോട് പറഞ്ഞത്.അങ്ങനെ കാക്കകള്‍ കുളിക്കുന്നത് കണ്ടാല്‍ മരണവാര്‍ത്ത കേള്‍ക്കുമെന്നും  പുല കുളിക്കേണ്ടി വരുമെന്നും വിവക്ഷിക്കണമെന്നു എന്നോട് കുപ്പായമിടാത്ത മാറിടത്തിലെ തൂങ്ങി നില്‍ക്കുന്ന ചുളിഞ്ഞ മുലകളെ ആട്ടി കൊണ്ട് മുറ്റമടിക്കുകയായിരുന്നു നാണിത്തള്ള പറഞ്ഞു.ഒരു പെരുമഴക്കാലത്ത് ഉറക്കത്തില്‍ നിന്ന് ഞാന്‍  കണ്ണ്  തുറന്നത് കിഴക്കേ മുറ്റത്തെ തെങ്ങിന്‍ തടത്തില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ രണ്ടു കാക്കകള്‍ കുളിക്കുന്നതും കണ്ടുകൊണ്ടാണ്. ചന്നം പിന്നം പെയ്യുന്ന തോരാതെ നില്ക്കുന്ന മഴ തലേന്ന് മുതല്‍ പെയ്യുന്ന രാമഴയുടെ തനിയാവര്‍ത്തനമാണെന്ന് തോന്നി..ഉദിച്ചുയരാനാവാതെ സൂര്യന്‍ കാര്‍മേഘത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് തോന്നുന്നു.ഇരുണ്ടു മൂടിയ ആകാശം രാത്രി ഇനിയും  പടിയിറങ്ങിയിട്ടില്ല എന്ന് തോന്നിപ്പിച്ചു.പക്ഷെ രാവിലെ തന്നെ കണ്ട ഈ കാക്കക്കുളി എന്നില്‍ അജ്ഞാതമായ ഒരു ഭീതി പടര്‍ത്തിയിരുന്നു...നാണിത്തള്ള പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയിലേക്കെത്തി . കന്നാലിക്കുളത്തില്‍ നിന്ന്  കുളിച്ചു ഈറന്‍ മാറുമ്പോഴും , ഇടനാഴിയില്‍ ഇരുന്നു പ്രാതല്‍ കഴിക്കുമ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥന ..ആര്‍ക്കും ഒന്നും വരുത്തല്ലേ..

അല്ലെങ്കിലും നാണത്തള്ള കാക്കക്കുളിക്ക് ഇങ്ങനെയൊരു വിവക്ഷ മനസ്സിലാക്കി തരുന്നതിനു മുന്‍പും ഞാന്‍ ഈ കാഴ്ചകളൊക്കെ കണ്ടിട്ടില്ലേ ?ഞാന്‍ ചിന്തിച്ചു .അന്നാരെങ്കിലും മരിച്ച വിവരം ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടോ..പഴയ കുട്ടിയില്‍  നിന്നും കുറച്ചു കൂടെ വളര്‍ന്ന ഞാന്‍ തെല്ലു പക്വതയോടെ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.ഏയ്‌ അങ്ങനെയൊന്നും ഉണ്ടാവില്ല ..ഞാനെന്നെ സമാധാനിപ്പിച്ചു.

അന്ന് സ്കൂള്‍ അവധിയായതിനാല്‍ വീട്ടിലിരുന്നു ഗൃഹപാഠങ്ങള്‍ ചെയ്തും ഇടയ്ക്കിടെ പെയ്യുന്ന മഴയെ കണ്ടും ഉച്ച വരെ കഴിച്ച് കൂട്ടി .അപ്പോഴാണ്‌ അടുത്ത വീട്ടിലെ ആസിയത്ത വന്നു ഉമ്മയോട് പറയുന്നത്.നമ്മുടെ ഒസ്സാന്‍ ബീരാന്‍ക്കാടെ മൂത്ത മോന്‍ മോമ്മദ്  മണത്തല ചെറിയ പാലത്തിന്റെ അടിയില്‍ മുങ്ങി മരിച്ചു.കൂട്ടുകാരുമായി കുളിക്കാന്‍ പോയതാ. ചുഴി വന്നു കൊണ്ടോയീത്രേ ..ആ നിമിഷം ഓത്തുപ്പള്ളിയിലെ സഹപാഠിയായ മുഹമ്മദ്‌ എന്ന ആ ആണ്‍കുട്ടി എന്റെ മനോമുകരത്തില്‍ തെളിഞ്ഞു.വെളുത്ത മുഖത്ത് നിറയെ വസൂരിക്കലകളുള്ള ഇപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന കുട്ടി. കൂട്ടുങ്ങല്‍ അങ്ങാടിയിലൂടെ ഫയര്‍ ഫോഴ്സുകാര്‍ പോകുന്നതിന്റെ ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു..ഏറെ തിരച്ചിലിനോടുവില്‍ കിട്ടിയ ആ ചേതനയറ്റ ശരീരത്തെ കീറിമുറിക്കാന്‍ സര്‍ക്കാരാശുപത്രിയിലെക്ക് കൊണ്ട് പോയെന്നു പിന്നെ ആരോ വന്നു ഉമ്മയോട് പറയുന്നത് കേട്ടു.അന്ന് രാത്രി ഉറക്കത്തില്‍ എന്റെ കണ്ണുകള്‍ക്ക്  മുന്നില്‍  നാണിത്തള്ള നിന്ന് ചിരിക്കുന്നതായ്  എനിക്ക് തോന്നി.ചുക്കി ചുളിഞ്ഞ കുപ്പായമിടാത്ത അവരുടെ മാറില്‍ തൂങ്ങിയാടുന്ന മുലകള്‍ .അവരുടെ മുന്നോട്ടിത്തിരി വളഞ്ഞു കൂനിയുള്ള നടത്തത്തിന്റെ ആക്കത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്നുണ്ടായിരുന്നു..കാക്കക്കൂട്ടങ്ങള്‍ കുളിച്ച് ചിറക് കുടയുന്ന വെള്ളക്കെട്ടിലേക്ക് കൈചൂണ്ടി നാണിത്തള്ള എന്നോട് അങ്ങോട്ട്‌ നോക്കാന്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ..കണ്ണുകള്‍ ഇറുകെ അടച്ച്  കിടക്കുമ്പോള്‍  ജനാലയ്ക്കപ്പുറം പെയ്യുന്ന പേമാരിയില്‍ നാണിത്തള്ളയുടെ പൊട്ടിച്ചിരി നേര്‍ത്ത് വരുന്നത് പോലെ എനിക്ക് തോന്നുകയും അമ്പത്തെ പാടത്തിനു നടുവില്‍ വലിയൊരു ഇടിമിന്നല്‍  നിലം താണ് വെട്ടുകയും  ചെയ്തു.ഏതൊക്കെയോ മരങ്ങള്‍ കട പുഴകി വീഴുന്നതിന്റെ ഭയാനക ശബ്ദങ്ങളുമപ്പോള്‍  എന്റെ കാതുകളില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു.Wednesday, 10 July 2013

ഇടവഴികളില്‍ പൂക്കുന്ന നഗരങ്ങള്‍ :-

രാവേറെയായി..ഇത് നാലാം ദിവസമാണു നിദ്ര  ഇങ്ങനെ പിണങ്ങി നില്ക്കുന്നത്.ഇക്കഴിഞ്ഞ പത്തു പന്ത്രണ്ട് ദിവസങ്ങളിലായി മസ്തിഷ്ക്കത്തിനു ആവശ്യത്തിലേറെ വിശ്രമം കിട്ടിയിരിക്കുന്നു..ഒരു പക്ഷെ അതായിരിക്കാം ഈ ഉണര്‍വ്വിന്റെ ഹേതു..ചിന്തകളെ വിഴുങ്ങാന്‍ വേണ്ടിയുള്ള ഉറക്കത്തെ ക്ഷണിക്കാന്‍ കഴിച്ച മരുന്നു വിഫലമായിരിക്കുന്നു. എനിക്കുറങ്ങാന്‍ കഴിയില്ല എന്ന ധാരണയില്‍  വീട്ടിലുറങ്ങുന്ന മറ്റ് അംഗങ്ങളെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റ് ഞാന്‍ തപ്പിയെടുത്ത കടലാസും പേനയുമായി ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍  വിഹ്വല ചിന്തകളെ കടിഞ്ഞാണിടാനുള്ള ഉറക്കം  ദൂരെ എവിടെയോ ഒരു മൂടല്‍ മഞ്ഞിന്റെ സാന്ദ്രതയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. കുറെ നാളായി എന്റെ എഴുത്തെല്ലാം സംഭവിക്കുന്നത് ടൈപ്പിങ് വഴിയാണ്.ഇതിപ്പോള്‍ അസുഖക്കിടക്കയിലേക്ക് ലാപ്ടോപ്പ് അനുവദിക്കാത്തതിനാല്‍ പഴയശീലത്തെ  ഒന്നു ശ്രമിച്ച് നോക്കാമെന്ന് കരുതി..വിരലുകള്‍ക്കിടയില്‍ പേന വെച്ച് കടലാസിലേക്ക് പദങ്ങളെ ഉന്തി വിടുമ്പോള്‍ അനുഭവപ്പെട്ട അങ്കലാപ്പ് വിരല്‍ത്തുമ്പിനെ ആയാസകരമാക്കി എങ്കിലും പതുക്കെ ഞാനെന്റെ അസ്വസ്ഥതകളെ കടലാസിലേക്ക് പകര്‍ത്താന്‍ തുടങ്ങി.


രണ്ട് വ്യാഴവട്ടത്തിലേറെയായിരിക്കുന്നു ഞാനെന്റെ തറവാട്ടിലെ നടുത്തളത്തിനു വടക്കുള്ള മുറിയുടെ അതിഥിയായിട്ട്.മരത്തിന്റെ മച്ചും വടക്കോട്ടേക്ക് തുറക്കുന്ന മരത്തിന്റെ ഇരട്ട പാളികളും അഴികളുമുള്ള ജനലും ഉള്ള ആ കിടപ്പ് മുറി അവസാനമായി ഞാനുപയോഗിച്ചത് എന്റെ മകനെ പ്രസവിച്ച് കിടന്നപ്പോഴാണ്.എപ്പോഴും തളം കെട്ടി നില്ക്കുന്ന ശൈത്യവും നേരിയ ഇരുട്ടുമുള്ള ആ മച്ചകത്ത് ഞാനിപ്പോള്‍ കിടക്കുന്നത് ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആലസ്യത്തോടെ..വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ശബ്ദമുഖരിതവുമായ അന്തരീക്ഷത്തില്‍ ആറു മക്കളുമായി എന്റെ മാതാപിതാക്കള്‍  കഴിഞ്ഞിരുന്ന തറവാട്ടില്‍ ഇന്നു കാലം ശരീരത്തിനേല്പ്പിച്ച ചില അവശതകളോടെ അവര്‍  തനിച്ച് ..ഇതുവരെ അനുഭവപ്പെടാത്ത ഒരു കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു...ആറു മക്കള്‍ സ്വന്തം കുടുംബങ്ങളുമായി നാനാദിക്കില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ മക്കളും പേരക്കിടാങ്ങളുമായി വന്നു അവധി ആഘോഷിച്ച്  പോകുന്ന ആ തറവാട്ടില്‍ കൊല്ലത്തിലൊരിക്കല്‍  മാത്രം കിട്ടുന്ന  സംഗമങ്ങളുടെ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കി അടുത്ത അവധിയിയാഘോഷത്തിലേക്ക് പടിപ്പുരയും തുറന്നു വെച്ച് കാത്തിരിക്കുന്ന എന്റെ മാതാപിതാക്കളുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല എന്നറിയാമെങ്കിലും അറിഞ്ഞോ അറിയാതേയോ ഞാനും അവരുടെ ഈ ഏകാന്തവാസത്തിനു കാരണക്കാരിയല്െ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചിലൊരു   വേദന.ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരാളാണ് ഞാനെന്ന യാഥാര്‍ത്ഥ്യത്തെ മനഃപ്പൂര്‍വ്വം സ്മൃതിയറയില്‍ അടച്ച് വെച്ചു പഴയ ആ കൌമാരക്കാരിയുടെ കുതൂഹലത്തോടെ അവരുടെ വാര്‍ദ്ധക്യത്തിന്റെ വേദനയിലേക്കും ഒറ്റപ്പെടലിലേക്കും ആണ് വീണ്ടും ഞാനെത്തിയിരിക്കുന്നത്..തള്ളക്ിളിയുടെ ചിറകിനുള്ളില്‍ ചൂടും പറ്റി കിടക്കുന്ന കിളിക്കുഞ്ഞിനെ പോലെ .ഉമ്മയുടെ സ്നേഹവായ്പ്പിലും വാപ്പയുടെ പരിലാളനയിലും കഴിച്ച് കൂട്ടിയ  ദിനങ്ങള്‍ ഒരു നിമിത്തം പോലെയാണെനിക്കെന്റെ ജീവിതത്തില്‍ വന്നു ഭവിച്ചത്..മരുഭൂമിയുടെ പ്രണയിനിയായ് അവിടുത്തെ ഓരോ ഋതുവിനേയും നെഞ്ചിലേറ്റുമ്പോഴും കാതങ്ങള്‍ക്കപ്പുറത്തെ കാലവര്‍ഷവും വൃശ്ചികകാറ്റും ,മകരമഞ്ഞും ,വേനല്‍ മഴയും ,ആതിര നിലാവുമൊക്കെ ആര്‍ദ്രതയോടെ എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു.ജീവിതത്തിലെ  സങ്കീര്‍ണ്ണങ്ങളായ കെട്ടുപാടുകളില്‍ നിന്നും  അവധിയെടുത്ത് ഒറ്റപ്പെടലിന്റെ തുരുത്തില്‍ സന്തോഷത്തിന്റെ വസന്തം പൂത്തിറങ്ങുന്നതും കാത്ത് ഇടവഴിയിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഉമ്മയുടേയും വാപ്പയുടേയും അടുത്ത് പോയി കുറച്ച് നാളെങ്കിലും അവരുടെ തൃപ്തിക്കനുസരിച്ച് പരിചരിക്കണമെന്നുമുള്ള വളരെ നാളത്തെ ആഗ്രഹവും  പ്രാര്‍ത്ഥനയും  നിറവേറ്റാന്‍ തുണയായത് എന്റെ ഒരു ചെറിയ രോഗാവസ്ഥ.രണ്ടാഴ്ച്ച പൂര്‍ണ്ണ വിശ്രമമെന്ന കല്പ്പനയില്‍ തെല്ലധികാരത്തോടെ എന്റെ ജീവിത പങ്കാളിയില്‍ നിന്നും എന്നെ തല്ക്കാലത്തേക്ക് ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ ഒരു കുഴപ്പവും കൂടാതെ നോക്കുമെന്ന വാഗ്ദാനം നല്കി കെഞ്ചുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ അലിയുന്ന വാശിയും ,നിസ്സഹായത നിറഞ്ഞ മൌനസമ്മതവും വീണ്ടും എന്നെ എന്റെ മാതാപിതാക്കളുമായി കുറച്ച് നാള്‍ ചിലവിടുന്നതിനുള്ള അവസരത്തിനു വഴിയൊരുക്കി.അമ്പാടി ലെയിനിലെ എന്റെ തറവാട്ടിലെ ഈ കിടപ്പു മുറിയില്‍   ശൂന്യത മുറ്റുന്ന മിഴികളോടെ നൂറു വര്‍ഷത്തെയെങ്കിലും നെടുവീര്‍പ്പുകളും പതം പറച്ചിലുകളും അടക്കത്തോടെയുള്ള പൊട്ടിച്ചിരികളും അടിഞ്ഞു കൂടിയ ഇരുണ്ട നിറമുള്ള മച്ചിലേക്ക് നോക്കി ഉറക്കം വരാതെ കിടക്കുമ്പോളും എനിക്കറിയില്ല ഇനി ഇങ്ങനെ ഒരവസരം എന്റെ ജീവിതത്തില്‍  ഉണ്ടാകുമോ എന്ന്.അതെ എനിക്ക് തോന്നുന്നില്ല ഇനിയൊരിക്കല്‍ കൂടി  എന്റെ ബാല്യ കൌമാര യൌവന സ്മരണകള്‍ തളം കെട്ടി നില്ക്കുന്ന ഈ വീട്ടില്‍ കഴിയാനാകും എന്നു.ആ ചിന്ത ശക്തി പെട്ടത് സന്ധ്യയോടെയാണ്.ഇടവഴികളെ ആര്‍ത്തിയോടെ വിഴുങ്ങാനെത്തുന്ന നഗരവല്ക്കരണമെന്ന ശൂലത്തിനു മുകളിലാണിന്നു അമ്പാടി ലെയിന്‍ .ഉമ്മ ഇടക്കിടക്ക് പരിതപിക്കുന്നു..ഇവിടെയൊന്നു മിണ്ടി പറയാന്‍ പോലും ആരുമില്ലാതെ ആയി എന്ന്..അത്രയകലെയല്ലാതെ മസ്ജിദിനു മുന്നില്‍ മഗ്രിബ് നമസ്ക്കാരവും കഴിഞ്ഞ് കൊച്ചു കൊച്ചു പരദൂഷണവുമായി നില്ക്കുന്ന വാപ്പയെ കുറിച്ചോര്‍ത്ത് ഉമ്മ അരിശപ്പെടാറുണ്ട്."ഇത്രേം നേരം ഇവടെ ഒരാള്‍ ഒറ്റക്കാന്നുള്ള ഒരു വിചാരോം ഇല്ലാണ്ടെ സൊറ പറഞ്ഞ് നിന്നു കൊള്ളും" ..പൊതുവെ സംസാര പ്രിയ ആയ ഉമ്മയുടെ പരിവേദനത്തില്‍ കഴമ്പില്ലാതില്ല.ഒരു പാടു നല്ല അയല്‍ക്കൂട്ടങ്ങളുടെ സമൃദ്ധിയുടെ കഥ പറയാനുണ്ട് ഞങ്ങളുടെ ഇടവഴിക്ക്..തൃശ്ശൂര്‍ നഗരത്തിനുള്ളിലെ  നല്ല ഒരു ഗ്രാമമായിരുന്നു അമ്പാടി ലെയിന്‍ .ഇടതിങ്ങിയ വീടുകളും അതിനു തണല്‍ വിരിക്കുന്ന മാവും പ്ലാവും കണിക്കൊന്നകളും ഉതിര്‍മുല്ല മരവും ഇലഞ്ഞിമരവും നിറഞ്ഞ ഒരു തെരുവ് ആയിരുന്നു അത്..ഇന്നു ഒഴിഞ്ഞ് പോയ വീടുകള്‍ നിന്നിടത്ത് റിങ്ങ് റോഡും ബഹുനില കെട്ടിടങ്ങളും പഴയ ഗ്രാമ ചാരുതയില്‍ ആധുനികതയുടെ വക്രിച്ച മുഖഛായയുമായി ആകെയുള്ള അഞ്ചാറു കുടുംബങ്ങളുടെ നേരെ വെല്ലുവിളിയുയര്‍ത്തി നില്ക്കുന്നത് കാണുമ്പോള്‍ തിമിര്‍ത്താടിയ കുറെ  ബാല്യങ്ങളും  കൌമാരങ്ങളും  ഇടവഴിയിലെ ഇനിയും മുറിച്ച് മാറ്റാന്‍ കഴിയാത്ത  തണല്‍ മരങ്ങള്‍ക്ക് കീഴില്‍ പകച്ച് നില്ക്കുന്നത് എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.

അന്നു വൈകുന്നേരം രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് വാപ്പ എത്തിയത് ഒരു പുതിയ വിശേഷവുമായിട്ടായിരുന്നു..അമ്പാടി ലെയിന്‍ എന്ന ആ ഇടവഴി തുടങ്ങുന്നിടത്ത് ഒരു പഞ്ച നക്ഷത്ര മദ്യശാല വരാനുള്ള സാധ്യതയുണ്ടെന്നു ഒരു അഭ്യൂഹം കേട്ടുവത്രെ..ഇതു കേട്ട മാത്രയില്‍ ഉമ്മയുടെ മുഖം കോപം കൊണ്ട് തുടുക്കുകയും സങ്കടം കൊണ്ട് ഇമകള്‍ താഴുകയും ചെയ്തു.പിന്നെ വാപ്പ ആശ്വസിപ്പിക്കാനെന്നോണം പറയുന്നുണ്ട്..തൊട്ടപ്പുറത്തെ വീട്ടിലെ മേനോനുമായും ഞങ്ങളുടെ വീടിനു മുന്നിലെ മൂത്താനുമായും വാപ്പ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തതിനെ കുറിച്ച്. അങ്ങനെ ഒന്ന് അവിടെ വരുന്നതിന്റെ വരും വരായ്കകളെ കുറിച്ച് എല്ലാവരും കൂലങ്കഷമായ് തന്നെ ചിന്തിച്ച് തങ്ങളുടെ നിഗമനങ്ങള്‍ പങ്കു വെച്ചു. അമ്പാടി ലെയിനിനു തെക്കു വശത്തും വടക്കു വശത്തുമുള്ള ക്ഷേത്രങ്ങള്‍   പിറകിലുള്ള  ജുമാ മസ്ജിദും ..അന്നേ വരെ കാണിച്ചു പോന്ന അതേ മതസൌഹാര്‍ദ്ദത്തിന്റെ ഭാഷയില്‍ അവിടെ ശേഷിച്ച കുടുംബങ്ങളെല്ലാം ഒറ്റ സ്വരത്തില്‍ പറഞ്ഞു .ഇല്ല അങ്ങനെ ഇവിടം മലിനപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല.അഥവാ വിപരീതമായെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ശക്തമായ് തന്നെ അതിനെ നേരിടും ..വാപ്പ ഇത്രയും പറഞ്ഞ് നിറുത്തിയപ്പോള്‍ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ പ്രകാശം കണ്ടു.അവര്‍ സമാധാനത്തോടെ അത്താഴവും കഴിച്ച് ഉറങ്ങാനായ് പോയി ..പക്ഷെ ഞാന്‍ അസ്വസ്ഥയാണ്. ഡ്രാഗണിനെ പോലെ വായില്‍ നിന്നും തീനാളങ്ങള്‍ തുപ്പി  ഗ്രാമങ്ങളെ ചാമ്പലാക്കുന്ന നഗരവല്ക്കരണം ആര്‍ക്കും തടുക്കാനാവുന്നതല്ല.ഓരോ മാഫിയകളുടേയും ലോബികളൂടേയും കൈകളില്‍ ഇത്തരം അപകടകാരികളായ വികസനത്തിന്റെ വിഷവിത്തുകള്‍ സുരക്ഷിതമാണ്.ഇവിടം ഉപേക്ഷിച്ച് പോകാനേ നിവൃത്തിയുള്ളൂ..പക്ഷെ അത് അത്ര പെട്ടെന്നു എന്റെ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ.എന്റെ ചിന്തകള്‍ ആവേഗപ്പെട്ട് ഉയരം താണ്ടുന്ന നേരത്ത്  രണ്ട് പേരും ഉറങ്ങാതെ നടുത്തളത്തില്‍ ഇരുന്നു കാര്യമായി തന്നെ ഭാവി പരിപാടികളെ കുറിച്ച് ആശങ്കപ്പെടുകയാണെന്നു മനസ്സിലായി.പതുക്കെ ഞാന്‍ കാതോര്‍ത്തു  .വാപ്പയും ഉമ്മയും നടത്തുന്ന സംഭാഷണ ശകലങ്ങള്‍ ഇപ്പോള്‍  എനിക്കും കേള്‍ക്കാനാകുന്നുണ്ട്.ഇനിയും ഇവിടെ കെട്ടിപിടിച്ച് നില്ക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.വാപ്പയുടെ ശബ്ദത്തിനു ഒരിടര്ച്ചയുണ്ടായിരുന്നുവോ..ഇടക്കെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും തികഞ്ഞ നിശ്ശബ്ദതയാണ് സംസാരത്തേക്കാള്‍ കൂടുതലായി അവര്‍ക്കിടയില്‍ ഉണ്ടായതെന്നു വ്യക്തം ...റെസിഡെന്‍ഷ്യല്‍ ഏരിയ ആയിരുന്ന അമ്പാടി ലെയിന്‍ കെട്ടിട സമുച്ചയങ്ങളടങ്ങിയ നഗരത്തിരക്കിന്റെ ഒരു ഭാഗമായത് കെ.എസ്.ആര്‍ .ടി.സിക്ക് അടുത്തുള്ള റിങ്റോഡ് വന്നതിനു പിറകെയാണ്.തീവണ്ടി ആപ്പീസിലേക്കും .ടൌണിലേക്കും ,മാര്‍ക്കറ്റിലേക്കും നടക്കാനുള്ള ദൂരം മാത്രമുള്ളൊരിടത്ത് നിന്ന് താമസം മാറ്റുക എന്നത് ഞങ്ങള്‍ മക്കള്‍ക്ക് വലിയ ദുഷ്ക്കരമായി തോന്നില്ലെങ്കിലും ജനിച്ച് വളര്‍ന്ന വീടും പരിസരവും വിട്ടു പോകാനുള്ള വാപ്പയുടെ വിഷമവും ,അര നൂറ്റാണ്ടോളമായ് വാപ്പയുമായുള്ള ജീവിതം തുടങ്ങി അവരുടെ സന്തോഷങ്ങളും സന്താപങ്ങളും അടിഞ്ഞ് കൂടിയ ഈ വീടിനോടുള്ള ഉമ്മയുടെ അടുപ്പം .ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുമ്പോളുണ്ടാകുന്ന ഉമ്മയുടെ വേദനയും കാണാതിരിക്കാനാവുന്നതല്ല..നിസ്സഹായതയുടെ വക്കിലിരുന്നു അവരിപ്പോള്‍ ഏകസ്വരത്തില്‍ പറയുന്നു  ഇവിടുന്നു എങ്ങോട്ടെങ്കിലും പോയാല്‍ മതി എന്ന്.ഇതു പറഞ്ഞതിനു ശേഷം പിന്നീടൊരു ശബ്ദവും എനിക്ക് കേള്‍ക്കാനായില്ല. .അവര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ച് കൊണ്ട് കിടക്കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ..അസ്തമയം കഴിഞ്ഞ് ഏകദേശം പത്തിരുപത് നാഴികയെങ്കിലും  കഴിഞ്ഞ് കാണും ...വീടിനു വടക്ക്  മൂലയിലെ മുത്തശ്ശിപ്ലാവില്‍ കൂടുള്ള കുയില്‍ ഉണര്‍ന്ന് കൂകാന്‍ തുടങ്ങിയിരിക്കുന്നു..ഉറക്കത്തെ പുണരാന്‍ മടിച്ച എന്റെ മിഴികള്‍  ഇപ്പോള്‍ കനം തൂങ്ങുന്നുണ്ട്.അടച്ച് വെച്ച കണ്ണുകളിലൂടെ നൃത്തം വെച്ച് നീങ്ങുന്ന എന്റെ ചിന്തകള്‍ ബോധമണ്ഡലം വിട്ടെങ്ങോ കുതറിയോടുന്നതിനിടയിലാണു ഈ കുയില്‍ കൂജനം കേള്‍ക്കുന്നത്.അതോടെ ഞാന്‍ വീണ്ടും ഉണര്‍വ്വിലേക്ക് തിരിച്ചെത്തി.കൊതുകുകളെ ഭയന്നു അടച്ചിടുന്ന ജനല്‍ തുറന്ന്  മുറ്റത്തേക്ക് നോക്കി ..പിന്‍ നിലാവിന്റെ അവ്യക്ത രശ്മികള്‍ മുറ്റത്ത് ചിതറി കിടക്കുന്നു.ശ്രുതി ശുദ്ധമായ് കൂകുന്ന ആ കോകിലം ഇണയുടെ മറുവാക്കിനു കതോര്‍ത്തു  കേള്‍ക്കാതെ ഇടക്കൊക്കെ പതറുന്നത് പോലെ .മരച്ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണ നിലാവില്‍ കൊഴിഞ്ഞ് കിടക്കുന്ന പാരിജാത പൂക്കള്‍ മണ്ണിനെ പുതഞ്ഞ മഞ്ഞു പോലെ തോന്നിച്ചു .നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വസ്ഥമായൊരിടമാണിതെന്ന ചിന്ത ഈ കുയിലിനു മാത്രമല്ല എന്റെ മുറ്റത്ത് പറന്നിറങ്ങാറുള്ള എല്ലാ പക്ഷികള്‍ക്കുമുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്.മുറ്റത്തെ മുല്ലവള്ളിപ്പടര്‍പ്പില്‍ ഞാനിന്നും കണ്ടു ചെമ്പോത്തിണകളെ.രാജകീയമായ പദചലനങ്ങളോടെ മന്ദം മന്ദം നടന്നു മതിലിനു മുകളിലൂടെ ചാഞ്ഞ് കിടക്കുന്ന മാവിന്റെ കൊമ്പിലേക്ക്..പിന്നേയും പേരറിയാത്ത ഒരു പാട് കിളികള്‍  ,തൂക്കണാം കുരുവികള്‍ ,സൂചിമുഖി കുരുവികള്‍ ,മൈനകള്‍ .കൂടാതെ വാപ്പ ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന കുറെ പൂച്ചകള്‍ .. സമയാസമയങ്ങളില്‍ കുഴച്ചുരുട്ടിയ ചോറുരുളകളുമായി വാപ്പ എത്തുന്നതും നോക്കി ഉമ്മറക്കോലായില്‍ കാത്തിരിക്കുന്ന പൂച്ചകളെ വാപ്പ സ്നേഹിക്കുന്നത് കണ്ടപ്പോള്‍ എവിടെയോ വീണു പോയ വാല്‍സല്യത്തിന്റെ തരികളെ ഞാനാ ഉമ്മറക്കോലായില്‍ പരതി.പഴക്കൂടയില്‍ നിന്നും പഴങ്ങളെടുത്ത് മുറിച്ച് മതിലിനു മുകളില്‍ കൊണ്ടു വെച്ച് വാപ്പ ഒരു പ്രത്യേക ഈണത്തില്‍ ചൂളമടിക്കും ..അതിശയമെന്നു പറയട്ടെ ഒരു പാടു കിളികള്‍ എവിടെനിന്നൊക്കെയൊ ആ പഴങ്ങള്‍ ഭക്ഷിക്കാനായി പറന്നെത്തുന്നു.കയ്യെത്തും അകലത്തില്‍ ആ പക്ഷികള്‍ ഭയം തെല്ലുമില്ലാതെ കൊത്തി പെറുക്കുന്നത്  കാണുമ്പോള്‍ സ്നേഹം കൊണ്ട് എന്തിനേയും വശത്താക്കാനാകും എന്ന പ്രകൃതി  തത്വം ഒന്നു കൂടെ വ്യക്തമാകുന്നു..അകലങ്ങളില്‍ സ്വന്തം കുടംബങ്ങളുമായി മക്കള്‍ സസുഖം കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുമ്പോഴും അവര്‍ക്കിവിടെ സ്നേഹം പ്രകടമാക്കാന്‍ പ്രകൃതിയുടെ ഈ മക്കള്‍ മാത്രം .എത്രയും വേഗം ഇവിടുന്നു പോകാനായെങ്കില്‍ എന്നു പറഞ്ഞ് സങ്കടപ്പെടുമ്പോഴും  അവരുടെ ഉല്‍ക്കണ്ഠ നിറഞ്ഞ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു ഞങ്ങള്‍ ഇവിടം വിട്ടാല്‍ ഈ കാഴ്ച്ചകള്‍ അന്യം നില്ക്കുമല്ലോ എന്ന ഭാവം .ഈ മിണ്ടാപ്രാണികളുമായുള്ള ചങ്ങാത്തത്തെ എങ്ങനെ ഉപേക്ഷിക്കാനാകും അവര്‍ക്ക് എന്ന ചിന്ത എന്നെ ഇപ്പോള്‍ വല്ലാതെ അലട്ടുന്നുണ്ട്..ഒരു പക്ഷെ കിളികള്‍ക്ക് സുപരിചിതമായ ആ ചൂളം വിളി കാറ്റിലലയുമ്പോള്‍ എവിടെയാണെങ്കിലും അവര്‍ പറന്നെത്തുമായിരിക്കും .ഞാന്‍ എന്നെ ആശ്വസിപ്പിച്ചു.


വികസനത്തിന്റെ പേരില്‍ ശിഥിലമാകുന്നത് നൂറ്റാണ്ടുകളായ് നെഞ്ചോട് ചേര്‍ത്ത് വെച്ചു പോന്ന ഒരു സംസ്ക്കാരം  മാത്രമല്ല.പ്രകൃതി വിഭങ്ങളുടെ ചൂഷണവും ശോഷണവും കൂടിയാണു എന്നു ആധുനികതയുടെ വക്താക്കളെന്നു അഹങ്കരിക്കുന്ന വന്‍ കിട വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ യന്ത്രങ്ങളും ചിന്തിക്കാത്തതെന്തു കൊണ്ടാണ്.?.മണ്ണിനു മേലെ വളരുന്ന വികസനങ്ങള്‍ മണ്ണിന്റെ ഉള്ളം കാണാതെ പോകുന്നതെന്തു കൊണ്ടാണു..കേവലം സ്വാര്‍ത്ഥലാഭം മാത്രം കൊയ്യുന്നതിനു തിരക്കിട്ട് തെരുവുകളുടെ നിത്യസ്പന്ദനത്തെ കുടിയിറക്കുമ്പോള്‍ മതിയായ അടിസ്ഥാന സൌകര്യങ്ങളിലേക്കാണോ നാട് നീങ്ങുന്നതെന്നു ഒരു മാത്ര ചിന്തിച്ചിരുന്നെങ്കില്‍ .മണലൂറ്റി നഗ്നമാക്കപ്പെടുന്ന പുഴകളും ,മരം വെട്ടിത്തെളിച്ച് കൊഴുപ്പിക്കുന്ന ഗ്രാമങ്ങളും അംബരചുംബികള്‍ വിളയിക്കാന്‍ നികത്തുന്ന വയലുകളും ,പറവകളെ നിശ്ശബ്ദരാക്കാന്‍ പിഴുതെറിയുന്ന കണ്ടല്‍ക്കാടുകളും മൃഗങ്ങളില്‍ നിന്നും പിടിച്ച് പറിച്ച് ലഹരി വിതക്കുന്ന വനസ്ഥലികളും ആര്‍ക്കാണു സ്വന്തമെന്ന് ചിന്തിക്കാനുള്ള കഴിവു പോലും നഷ്ടമായ ഒരു സമൂഹത്തിലാണല്ലോ എന്റെ തലമുറക്ക് ജീവിക്കേണ്ടി വരുന്നത് എന്നോര്‍ത്ത്   ആകുലപ്പെടുമ്പോള്‍ തന്നെ വരും തലമുറക്ക് നഷ്ടമാകുന്ന പ്രകൃതി വിഭവങ്ങളെ കുറിച്ചും സംസ്ക്കാരപൈതൃകത്തെ കുറിച്ചും ആശങ്കപ്പെടാന്‍  മാത്രമേ എന്റെ തലമുറക്ക് കഴിയൂ എന്നുണ്ടോ..?പ്രകൃതിയെ നോവിക്കാതേയും നമ്മുടെ ആവാസവ്യവസ്ഥതിക്ക്  കോട്ടം പറ്റാതേയുമുള്ള വികസനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ നിഷ്ക്കര്‍ഷത പാലിച്ചെങ്കില്‍ എന്നു ഞാനപ്പോള്‍ വെറുതെ മോഹിച്ചു..

കിഴക്കിന്റെ മേലാപ്പില്‍ വെള്ളിവെളിച്ചം പരന്നൊലിക്കുന്നു.എന്റെ ഇമകള്‍ക്ക് മേലെ  ആകാശം   ചിറക് വിടര്‍ത്തിയിരിക്കുന്നത് പോലെ തോന്നി.അശോകത്തെച്ചി പൂങ്കുലകള്‍ക്ക് മേലെ  സൂചിമുഖിക്കുരുവികള്‍ പറന്നു തേന്‍ കുടിക്കുന്നുണ്ട്.കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ച് പോകും ..ഇനിയൊരവധിക്കാലം ചിലവിടാന്‍ പോലും ഇവിടമെന്നെ കാത്തിരിക്കുമെന്നു തോന്നുന്നില്ല.ഉമ്മറത്തെ കോലായില്‍ വന്നിരുന്നു ഞാന്‍ ആ പ്രഭാത കാഴ്ച്ചകളെ എന്നിലേക്കാവാഹിക്കാന്‍ തുടങ്ങി..കണ്ണുമടച്ച് എന്റെ ഉടലിനെ മറന്ന് ആത്മാവിന്റെ ജാലകങ്ങളെ തുറന്നു വെച്ച് അപ്പോളവിടെ നിറഞ്ഞ് നിന്ന ഇലമണവും കിളിമണവും നാസാരന്ധ്രങ്ങളിലേക്ക് ആവോളം ഞാന്‍ വലിച്ച് കയറ്റി.എന്റെ സിരകളിലേക്ക് പടര്‍ന്നു കയറിയ അവാച്യമായ ലഹരിയില്‍ ഞാനെന്നെ മറന്നു.എന്റെ ബാല്യ കൌമാരങ്ങള്‍ ഇടവഴിയില്‍ കലപില കൂട്ടുന്നതും കണ്ട് ഞാന്‍ എന്റെ യാത്ര തുടര്‍ന്നു. മരക്കരുത്തും  പച്ചില ഗന്ധങ്ങളും കിളിപ്പാട്ടുകളും മാത്രമുള്ള ഒരു ലോകത്തിലൂടെ ...