Tuesday, 13 December 2011

ഒറ്റിന്റെ പുരാവൃത്തം :-

നിഷ്കളങ്കമായ നിന്റെ ഭാവങ്ങളില്‍
ഒരൊറ്റുകാരനൊളിഞ്ഞിരിപ്പുണ്ടെന്ന്
ഞാനറിഞ്ഞില്ല..
ആഴിയോളം അഗാധമായ കണ്ണൂകളിലോ
പരക്കുന്ന നിലാവു പോലുള്ള ചിരിയുടെ
ധവളിമയിലോ എനിക്കതറിയാനായില്ല...

വേട്ട മൃഗത്തിന്റെ ദംഷ്ട്രങ്ങളില്‍
നിന്നഭയം തേടി ഗുഹയിലൊളിച്ച
മാന്‍ പേടയെ ചിലപ്പിലൂടെ
കാട്ടി കൊടുക്കും ഗൌളിയെ പോലെ
നീ ഒറ്റുകയായിരുന്നു..

തിരമാലകളുടെ എണ്ണത്തേയും 
നക്ഷത്രങ്ങള്‍ തെളിയുന്ന വീഥികളെയും 
എണ്ണിതിട്ടപ്പെടുത്താനായാല്‍ 
അത്രത്തോളം വരുമെന്റെ സ്നേഹമെന്നു 
ഞാന്‍ നിന്നോട് ....

സ്പന്ദനങ്ങള്‍ക്ക് കൂട്ടാവാന്‍ 
കരാംഗുലികളെ കോര്‍ത്തിണക്കുമ്പോള്‍ 
കൈവെള്ളയിലനുഭവപെട്ട താപം 
ഊഷ്മളമായ സ്നേഹമെന്ന് ഞാനോര്‍ത്തു..

നിന്നോളമില്ലൊന്നുമെന്നിലെന്ന
നിന്റെ വാഗ്ദാനങ്ങള്‍ 
ഹൃദയ താളത്തിനൊപ്പം 
മിഴിയിലെ തുടിപ്പില്‍ പിടഞ്ഞു ..

മനസ്സിനുള്ളിലേക്ക് സുഷിരങ്ങളിട്ട് 
അടിത്തട്ടിലെ ലോലഭാവങ്ങളെ 
ഒളിഞ്ഞ് നോക്കുമ്പോഴും 
ആര്‍ദ്ര വികാരങ്ങളിലെ 
പ്രണയ രേണുക്കളെ കുത്തു വാക്കാല്‍ 
ചികഞ്ഞെടുക്കുമ്പോഴും 
അറിഞ്ഞില്ല ഞാന്‍ 
നിന്നിലെ ഒറ്റുകാരനാണിതിനു 
പിന്നിലെന്ന്..

മുഖയാടയഴിച്ച് ശുഭരാത്രിയോതി 
നീയെന്നെ ശാന്തമായുറക്കാന്‍ 
തിടുക്കപെട്ടപ്പോഴും അറിഞ്ഞില്ല ഞാന്‍ 
കരുത്തുറ്റ കരവല്ലിയിലെന്റെ 
ജീവിതം മയങ്ങുമ്പോള്‍ 
ശിരസ്സിനെ ഉടലില്‍ നിന്നറുത്ത 
വൈദഗ്ധ്യത്തിന്റെ ചടുലത..

Sunday, 11 December 2011

രാപ്പാട്ട്

ഇരുളിനെ ചൂഴ്ന്നൊരു ഭീതി
മരപ്പൊത്തുകളിലഭയം തേടുന്നു..
രാവിനോട് രമിച്ച് തളര്‍ന്ന ഇലകള്‍
നിലാവില്‍ കുതിര്‍ന്നിരിക്കുന്നു...

ആല്‍മരത്തിലപ്പോഴുംനിശയുടെ
കാവലാളായ് തൂങ്ങിയാടും
കടവാതിലുകള്‍ ചിറകടിക്കവെ
മയങ്ങുന്ന പ്രകൃതിയുടെ നിഗൂഢതകളില്‍ 
അര്‍ത്ഥം വെച്ച മൂളലുമായ് മൂങ്ങകള്‍ 
പ്രഹേളികക്കുത്തരം തേടുന്നു..

മരണദൂതന്റെ പാദ പതനങ്ങളുടെ
താളത്തില്‍ ഉന്മത്തനായൊരു 
കാര്‍ക്കോടന്‍ ചാതി 
അത്തിമരച്ചില്ലയിലിരുന്ന്
ചിറകുകള്‍ കോതിയൊതുക്കുന്നു...

കവരങ്ങളില്‍ മയങ്ങുന്ന കാറ്റിനെ
തേടി മിന്നാമിനുങ്ങുകള്‍ അലയുമ്പോള്‍
ജീവിതത്തിന്റെ ഓതപ്രോതങ്ങള്‍
നെയ്യുന്ന ചിലന്തികള്‍
യാമക്കിളികള്‍ പാടും അപശ്രുതിയില്‍
രോഷാകുലരാകുന്നു..

നിഴലിനോട് പിണങ്ങിയ
നിലാവിന്റെ ധാര്‍ഷ്ട്യത്തിലുള്ള 
ചീവീടുകളിന്‍ അമര്‍ഷം 
പച്ചില ഗന്ധമായ് പടരവെ
രാത്രിഞ്ചരന്മാരുടെ സഞ്ചാര പഥങ്ങളില്‍ 
പ്രഭചൊരിഞ്ഞ ഉല്‍ക്കകള്‍ 
ആത്മാഹുതിക്കായ് ദിക്കറിയാതെ 
പായുന്നു. ..

സാന്ദ്രമായ മൌനങ്ങളിലേക്ക്
ആര്‍ദ്രമാം മോഹങ്ങളെ
വിളക്കിക്കൊണ്ടപ്പോഴും 
ഉണര്‍ന്നിരിക്കുന്നു
നിശ്ചലതടാകത്തണുപ്പിലേ-
ക്കുദിക്കും പുലരിയെ കാത്ത്
പുനര്‍ജ്ജനി കൊതിച്ച
പകലിന്‍ ആത്മാക്കള്‍ ...

Monday, 5 December 2011നീയെനിക്ക് പ്രിയപെട്ടവളായതെപ്പോഴാണ്..നിലാവ് പെയ്യുന്ന രാവുകളില്‍ കുളക്കോഴികള്‍ ചേക്കേറിയിരുന്ന നീരോലിക്കാടുകളില്‍ എന്നെയും കാത്ത് ..രാവിന്റെ ഏതേതോ യാമങ്ങളില്‍ തനിയെ...വാനമ്പാടികള്‍ ചിറകടിച്ച് ഏതോ വിരഹഗാനം മൂളി പോകുമ്പോഴും നിന്റെ കണ്ണില്‍ പടര്‍ന്നത് കണ്ണു നീരല്ല നിനക്ക് കൂട്ടായെത്തിയ ഹിമകണമായിരുന്നല്ലൊ...മഞ്ഞ് പെയ്യുന്ന നിലാരാവുകളോടു നിനക്കുണ്ടായിരുന്നത് ഒരുന്മാദമാണെന്നെനിക്കറിയാമായിരുന്നു.അതു കൊണ്ടാണല്ലൊ ഗോതമ്പ് വിളഞ്ഞ് കിടക്കുന്ന വയല്‍ വരമ്പിലൂടെ കൊലുസ്സിന്റെ മുഴക്കവുമായ് നീയെന്നെ തേടി വന്നിരുന്നത്..കുന്നിന്‍ പുറത്തെ മരച്ചില്ലകളിലൂടെ നിലാവിനെ കാണാന്‍ എന്ത് ചന്തമെന്ന് നീ മൊഴിയുമ്പോഴും ഒരു ചന്ദ്രകാന്തമായെങ്കിലും നിന്റെയടുത്തെത്താനായെങ്കിലെന്ന് മോഹിച്ചിരുന്നു..രാവിന്റെ ഗന്ധവും പേറിയൊരു ചെറു കാറ്റായ് നിന്റെ മിഴികളെ തഴുകാന്‍ എനിക്കായെങ്കില്‍ ....മിഥ്യയായ എനിക്ക് വേണ്ടി നിലാവുദിക്കുമ്പോള്‍ കാത്തു നില്കുന്നവളേ നീയെനിക്ക് പ്രിയപെട്ടവളായിരിക്കുന്നു.....................