Tuesday 13 December 2011

ഒറ്റിന്റെ പുരാവൃത്തം :-

നിഷ്കളങ്കമായ നിന്റെ ഭാവങ്ങളില്‍
ഒരൊറ്റുകാരനൊളിഞ്ഞിരിപ്പുണ്ടെന്ന്
ഞാനറിഞ്ഞില്ല..
ആഴിയോളം അഗാധമായ കണ്ണൂകളിലോ
പരക്കുന്ന നിലാവു പോലുള്ള ചിരിയുടെ
ധവളിമയിലോ എനിക്കതറിയാനായില്ല...

വേട്ട മൃഗത്തിന്റെ ദംഷ്ട്രങ്ങളില്‍
നിന്നഭയം തേടി ഗുഹയിലൊളിച്ച
മാന്‍ പേടയെ ചിലപ്പിലൂടെ
കാട്ടി കൊടുക്കും ഗൌളിയെ പോലെ
നീ ഒറ്റുകയായിരുന്നു..

തിരമാലകളുടെ എണ്ണത്തേയും 
നക്ഷത്രങ്ങള്‍ തെളിയുന്ന വീഥികളെയും 
എണ്ണിതിട്ടപ്പെടുത്താനായാല്‍ 
അത്രത്തോളം വരുമെന്റെ സ്നേഹമെന്നു 
ഞാന്‍ നിന്നോട് ....

സ്പന്ദനങ്ങള്‍ക്ക് കൂട്ടാവാന്‍ 
കരാംഗുലികളെ കോര്‍ത്തിണക്കുമ്പോള്‍ 
കൈവെള്ളയിലനുഭവപെട്ട താപം 
ഊഷ്മളമായ സ്നേഹമെന്ന് ഞാനോര്‍ത്തു..

നിന്നോളമില്ലൊന്നുമെന്നിലെന്ന
നിന്റെ വാഗ്ദാനങ്ങള്‍ 
ഹൃദയ താളത്തിനൊപ്പം 
മിഴിയിലെ തുടിപ്പില്‍ പിടഞ്ഞു ..

മനസ്സിനുള്ളിലേക്ക് സുഷിരങ്ങളിട്ട് 
അടിത്തട്ടിലെ ലോലഭാവങ്ങളെ 
ഒളിഞ്ഞ് നോക്കുമ്പോഴും 
ആര്‍ദ്ര വികാരങ്ങളിലെ 
പ്രണയ രേണുക്കളെ കുത്തു വാക്കാല്‍ 
ചികഞ്ഞെടുക്കുമ്പോഴും 
അറിഞ്ഞില്ല ഞാന്‍ 
നിന്നിലെ ഒറ്റുകാരനാണിതിനു 
പിന്നിലെന്ന്..

മുഖയാടയഴിച്ച് ശുഭരാത്രിയോതി 
നീയെന്നെ ശാന്തമായുറക്കാന്‍ 
തിടുക്കപെട്ടപ്പോഴും അറിഞ്ഞില്ല ഞാന്‍ 
കരുത്തുറ്റ കരവല്ലിയിലെന്റെ 
ജീവിതം മയങ്ങുമ്പോള്‍ 
ശിരസ്സിനെ ഉടലില്‍ നിന്നറുത്ത 
വൈദഗ്ധ്യത്തിന്റെ ചടുലത..

Sunday 11 December 2011

രാപ്പാട്ട്

ഇരുളിനെ ചൂഴ്ന്നൊരു ഭീതി
മരപ്പൊത്തുകളിലഭയം തേടുന്നു..
രാവിനോട് രമിച്ച് തളര്‍ന്ന ഇലകള്‍
നിലാവില്‍ കുതിര്‍ന്നിരിക്കുന്നു...

ആല്‍മരത്തിലപ്പോഴുംനിശയുടെ
കാവലാളായ് തൂങ്ങിയാടും
കടവാതിലുകള്‍ ചിറകടിക്കവെ
മയങ്ങുന്ന പ്രകൃതിയുടെ നിഗൂഢതകളില്‍ 
അര്‍ത്ഥം വെച്ച മൂളലുമായ് മൂങ്ങകള്‍ 
പ്രഹേളികക്കുത്തരം തേടുന്നു..

മരണദൂതന്റെ പാദ പതനങ്ങളുടെ
താളത്തില്‍ ഉന്മത്തനായൊരു 
കാര്‍ക്കോടന്‍ ചാതി 
അത്തിമരച്ചില്ലയിലിരുന്ന്
ചിറകുകള്‍ കോതിയൊതുക്കുന്നു...

കവരങ്ങളില്‍ മയങ്ങുന്ന കാറ്റിനെ
തേടി മിന്നാമിനുങ്ങുകള്‍ അലയുമ്പോള്‍
ജീവിതത്തിന്റെ ഓതപ്രോതങ്ങള്‍
നെയ്യുന്ന ചിലന്തികള്‍
യാമക്കിളികള്‍ പാടും അപശ്രുതിയില്‍
രോഷാകുലരാകുന്നു..

നിഴലിനോട് പിണങ്ങിയ
നിലാവിന്റെ ധാര്‍ഷ്ട്യത്തിലുള്ള 
ചീവീടുകളിന്‍ അമര്‍ഷം 
പച്ചില ഗന്ധമായ് പടരവെ
രാത്രിഞ്ചരന്മാരുടെ സഞ്ചാര പഥങ്ങളില്‍ 
പ്രഭചൊരിഞ്ഞ ഉല്‍ക്കകള്‍ 
ആത്മാഹുതിക്കായ് ദിക്കറിയാതെ 
പായുന്നു. ..

സാന്ദ്രമായ മൌനങ്ങളിലേക്ക്
ആര്‍ദ്രമാം മോഹങ്ങളെ
വിളക്കിക്കൊണ്ടപ്പോഴും 
ഉണര്‍ന്നിരിക്കുന്നു
നിശ്ചലതടാകത്തണുപ്പിലേ-
ക്കുദിക്കും പുലരിയെ കാത്ത്
പുനര്‍ജ്ജനി കൊതിച്ച
പകലിന്‍ ആത്മാക്കള്‍ ...

Monday 5 December 2011



നീയെനിക്ക് പ്രിയപെട്ടവളായതെപ്പോഴാണ്..നിലാവ് പെയ്യുന്ന രാവുകളില്‍ കുളക്കോഴികള്‍ ചേക്കേറിയിരുന്ന നീരോലിക്കാടുകളില്‍ എന്നെയും കാത്ത് ..രാവിന്റെ ഏതേതോ യാമങ്ങളില്‍ തനിയെ...വാനമ്പാടികള്‍ ചിറകടിച്ച് ഏതോ വിരഹഗാനം മൂളി പോകുമ്പോഴും നിന്റെ കണ്ണില്‍ പടര്‍ന്നത് കണ്ണു നീരല്ല നിനക്ക് കൂട്ടായെത്തിയ ഹിമകണമായിരുന്നല്ലൊ...മഞ്ഞ് പെയ്യുന്ന നിലാരാവുകളോടു നിനക്കുണ്ടായിരുന്നത് ഒരുന്മാദമാണെന്നെനിക്കറിയാമായിരുന്നു.അതു കൊണ്ടാണല്ലൊ ഗോതമ്പ് വിളഞ്ഞ് കിടക്കുന്ന വയല്‍ വരമ്പിലൂടെ കൊലുസ്സിന്റെ മുഴക്കവുമായ് നീയെന്നെ തേടി വന്നിരുന്നത്..കുന്നിന്‍ പുറത്തെ മരച്ചില്ലകളിലൂടെ നിലാവിനെ കാണാന്‍ എന്ത് ചന്തമെന്ന് നീ മൊഴിയുമ്പോഴും ഒരു ചന്ദ്രകാന്തമായെങ്കിലും നിന്റെയടുത്തെത്താനായെങ്കിലെന്ന് മോഹിച്ചിരുന്നു..രാവിന്റെ ഗന്ധവും പേറിയൊരു ചെറു കാറ്റായ് നിന്റെ മിഴികളെ തഴുകാന്‍ എനിക്കായെങ്കില്‍ ....മിഥ്യയായ എനിക്ക് വേണ്ടി നിലാവുദിക്കുമ്പോള്‍ കാത്തു നില്കുന്നവളേ നീയെനിക്ക് പ്രിയപെട്ടവളായിരിക്കുന്നു.....................

Tuesday 29 November 2011

(ചിത്രങ്ങള്‍ക്ക് കടപ്പാട് എന്റെ മിത്രത്തിനു)

ഇനി നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴിയെന്നു പറഞ്ഞ് പിരിയണമെന്ന മോഹം നിനക്കായിരുന്നു..മരച്ചില്ലകളെ ഇരുള്‍ മൂടുമ്പോള്‍ എന്നെ മടുപ്പിച്ചിരുന്ന ഏകാന്തതക്കറുതി വരുത്താന്‍ നിന്റെ കുറുകല്‍ മാത്രമല്ലേയുള്ളൂ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന സാമാന്യ ബോധം നീ മറന്നതെന്തേ ..കാട്ടിലും മേട്ടിലും നാട്ടിലും പരതിയലഞ്ഞ് ഞാന്‍ കൊണ്ട് വന്നിരുന്ന ചുള്ളിക്കമ്പുകളെ മനോഹരമായൊരു അത്താണിയാക്കിയത് നീയല്ലെ..എന്റെ മോഹങ്ങള്‍ക്കടയിരിക്കാന്‍ എനിക്കൊപ്പം നീയുണ്ടെന്ന വ്യര്‍ത്ഥ ചിന്ത കനം വെക്കുമ്പോഴാണു നീയെന്നില്‍ നിന്നകലാന്‍ ശ്രമിക്കുന്നുവെന്നറിയുന്നത്..ശ്യാമംബരത്തിലെ ശോണവര്‍ണ്ണം ഇരുളിലേക്കലിയാന്‍ തുടിച്ച നേരത്ത് നിന്റെ കണ്ണില്‍ ഞാനറിയാത്തൊരു പ്രതികാര ജ്വാലയാളുന്നത് കണ്ടു..പറന്നകലാന്‍ തയ്യാറായ നിന്നെ തടുക്കാനെനിക്കാവില്ല..എനിക്കെന്റെ മോഹക്കുഞ്ഞുങ്ങളെ വിരിയിക്കണം . ഇലകളില്ലാത്ത ഈ പാഴ്മരം മാത്രമെനിക്കൊപ്പം ....





ജീവിതത്തിന്റെ കാണാക്കാഴ്ച്ചകളെ വിധിവൈപരീതങ്ങളുടെ ദര്‍പ്പണത്തിലൂടെ ദര്‍ശിക്കാമെന്നത് നീയാണെനിക്ക് മനസ്സിലാക്കി തന്നത്..കാവ്യകാല്പനികതകളിലെ സാന്ദ്രമായ ഭാവനകളെ ആര്‍ദ്രമായ പ്രണയ വികാരത്തോട് ചേര്‍ത്ത് വെച്ച് ഓരോ ബിംബങ്ങളേയും വ്യത്യസ്ഥ വീക്ഷണകോണീലൂടെ എങ്ങനെ നിരീക്ഷിക്കാനാവുമെന്ന് നീയെന്നെ പഠിപ്പിച്ചു.മേലെക്കാണുന്ന കാഴച്ചകള്‍ക്കടിയിലെ നിഗൂഢതകളെ അറിയാന്‍ പക്ഷെ എനിക്കായില്ല..പ്രതിഫലിക്കുന്നത് വെറും നിഴലുകളാണെന്ന് ഞാനറിഞ്ഞതുമില്ല..കണ്ടത് വിശ്വസിച്ചും കാണാമറയത്തെ കാഴ്ച്ചകളെ കാണാന്‍ ശ്രമിക്കാതേയും ഞാന്‍ കുതിക്കുമ്പോള്‍ നിന്റെ ദയനീയത മുറ്റുന്ന കണ്ണുകളിലെ ഓര്‍മപ്പെടുത്തലുകള്‍ പോലും എനിക്ക് മനസ്സിലാക്കാനായില്ല.

Wednesday 9 November 2011

പുനര്‍ ചിന്തകള്‍


ഛന്ദസ്സില്ലാത്തതും
ഗേയസുഖമില്ലാത്തതുമായ 
കവിത പോലെയാണത്രെ
എന്റെ പ്രണയം ..
പ്രാസവും സമാസങ്ങളുമില്ലാതെ,
ചമയവും ചമല്ക്കാരവുമില്ലാതെ,
വൃത്തവും വൃത്താന്തങ്ങളുമില്ലാതെ ..
ചര്‍വിത ചര്‍വണമായൊരു 
വിലക്ഷണ കാവ്യമെന്നെന്നെ
പ്രണയിക്കുന്നവര്‍ ......
ജര കയറിയ ഹൃദയത്തില്‍ 
അനുരാഗമെന്നൊന്നില്ലെന്നും ..
സ്നേഹഗ്രന്ഥികള്‍ നിര്‍ജീവങ്ങളായ്
കാലങ്ങളായെന്നും ഞാന്‍ ..
എന്നിട്ടുമെന്‍ പ്രണയ ഹോത്രത്തിലെ
ഹോമദ്രവ്യം പോലെ 
ചില വീണ്ടു വിചാരങ്ങള്‍
പിന്തുടരുന്നു....

Thursday 20 October 2011

നിലച്ച ഘടികാരം

നിലച്ച ഘടികാരം
===========
എന്റെ ചിന്തകളെ ഉണര്‍ത്തിയിരുന്ന
ഘടികാരം നിലച്ചിരിക്കുന്നു.
മാറാലയില്‍ കുരുങ്ങിയ സൂചികള്‍
മനസ്സില്‍ മയങ്ങും ഓര്‍മകള്‍ ..

കാലങ്ങള്‍ക്കൊപ്പം
ദിനരാത്രങ്ങളുടെ
ആയവും ഗതിയുമായെന്‍
ആത്മാവിനെ മുട്ടി വിളിക്കും
നാഴികമണിയൊച്ചക്കായ്
ഞാന്‍ കാതോര്‍ക്കുന്നു

കൈവെള്ളയിലെ മുറിഞ്ഞ് പോയ
ഹൃദയ രേഖകള്‍ പോലെ-
യെന്‍ നിയോഗങ്ങള്‍
മാറ്റിയെഴുതപ്പെടാനാവാതെ
വിധിയെ പഴിക്കുന്നു...


കരുവാളിച്ച വദനത്തിനെന്നും
വിഷാദഭാവമെന്നെന്റെ
മുഖകണ്ണാടി മന്ത്രിക്കുമ്പോഴും
പ്രണയാതുരമാം അരുണിമ-
യിന്നുമെന്റെ കപോലങ്ങളിലെന്ന
വൃഥാ നിനവെന്നില്‍ ...

അങ്ങകലെ ഇല്ലാത്തൊരു
നാളത്തിന്‍ വെട്ടം തേടി
അന്ധകാരം വിഴുങ്ങിയ
മിഴികള്‍ തുറന്നു ഞാനിരിക്കെ
മങ്ങിയ ഇമകളില്‍ നിരാശയുടെ
കറുപ്പെന്ന് ഇരുളിനെ പുണര്‍ന്ന
സന്ധ്യയെന്നെ പരിഹസിച്ചിട്ടും
ഒന്നു തേങ്ങാന്‍ പോലും
ഞാന്‍ മറന്നതെന്തേ....

ശൂന്യതയില്‍ വര്‍ണങ്ങള്‍
വിരിയിക്കാനാവില്ലെന്ന-
പകലിന്‍ യാഥാര്‍ത്ഥ്യം
ഇരുട്ടിന്‍ മടിയിലെ ആര്‍ദ്രമാം
കരിമ്പടത്തില്‍ മയങ്ങുന്നു.

എന്നിട്ടും കതോര്‍ക്കുന്നു
എന്നെ തേടി വരും
മണിമുഴക്കത്തിനായ്
നിശ്ചലതയില്‍ നിന്നൊരു
മണിമുഴക്കത്തിനായ്....

Monday 17 October 2011

പുനരാവര്‍ത്തം


പുനരാവര്‍ത്തം:-
===========
വരണ്ടമണ്ണിലെങ്ങു നിന്നോ
പൊട്ടി വീണ ബീജത്തിനെ
കിളിര്‍പ്പിക്കും മഴതുള്ളികള്‍ക്കായ്
കാത്തിരിക്കും ഭൂമി

സംഗമത്തിന്‍ ഭൂമികക്കായ്
ചക്രവാളം തേടും
ചക്രവാക പക്ഷികള്‍
ദിശയറിയാതുഴലുന്നു..

മൂശയിലേക്കുരുകിയൊഴുകും
ലോഹക്കൂട്ടെന്ന പോലെ
ആത്മാവിലേക്കൊഴുകുന്നു
വേദനയുടെ കുമിളകള്‍ ...

അപരാഹ്നത്തിന്‍ ഉന്‍മത്ത നാളങ്ങള്‍
മരച്ചില്ലകളില്‍ നൃത്തം വെക്കുമ്പോഴും
കാറ്റിന്റെ സീല്‍ക്കാരത്തില്‍
സഞ്ചാര സരണികളില്‍
വ്യതിചലിച്ചും നിഴലുകള്‍ ..

ഉദാസീനങ്ങളാം രാവുകളെ
ചിന്തനീയങ്ങളാക്കും
ചീവീടുകളിന്‍ മര്‍മരം പോലെ
പുനരാവര്‍ത്തത്തിനായ്
വ്രതമെടുക്കും ദേഹികള്‍
വിസ്മൃതിയില്‍ മറഞ്ഞയെന്‍
ഗതകാല സ്മരണകള്‍ ..

Thursday 13 October 2011

സത്യവും മിഥ്യയും

കാറ്റിന്റെ മര്‍മരത്തില്‍ മണലുകള്‍
സഞ്ചരിക്കും പോലെ മിഥ്യയില്‍ നിന്നും 
സത്യത്തിലേക്കൊരു കുതിച്ചു ചാട്ടം ;

ശൂന്യതയില്‍ വര്‍ണങ്ങള്‍ 
നീര്‍മുത്തുകളായ് പെയ്യുമ്പോഴും  
നാളം വിഴുങ്ങിയ പട്ടടയില്‍  പ്രണയം
ദര്‍ശിക്കാമെന്നത് നിന്‍ വ്യാമോഹം.. 

കനത്ത രാത്രികള്‍ക്കും
വിളറിയ പകലുകള്‍ക്കു-
മിടയില്‍ കല്പാന്തത്തിന്‍ ദൂരം..
കൂടിച്ചേരല്‍ അസാദ്ധ്യമായ്
സമാന്തരങ്ങളായ് നീളും പാളങ്ങളെ പോലെ
നിന്റേയും എന്റേയും ചിന്തകള്‍
കാറ്റിനോടലിഞ്ഞ പരാഗമായ് അലയുന്നു..


ഉണര്‍വിന്റെ പുലരിയേക്കാള്‍ 
വിരഹത്തിന്‍ സായന്തനമെനിക്ക് പ്രിയം 
പ്രണയത്തിന്‍ ഹോമാഗ്നിയില്‍ 
ഹവിസ്സ് എന്ന പോലെ 
നീയെന്ന മിഥ്യയില്‍ 
ഞാനെന്ന സത്യമില്ലാതാവുന്നു.


Monday 3 October 2011

പാണ്ടികശാലയുടെ സന്തതി :-

പാണ്ടികശാലയുടെ സന്തതി :-
-----------------------------------
മകരമഞ്ഞിന്റെ കോച്ചി വലിക്കുന്ന തണുപ്പില്‍ ആ ഗ്രാമം വിറങ്ങലിച്ചിരിക്കയാണ്.കടവത്തെ പാണ്ടികശാലകളുടെ ഒരു തിണ്ണയില്‍ ഞരക്കത്തോടെ സൈനബ തന്റെ വീര്‍ത്ത വയറും താങ്ങിക്കിടക്കുകയാണ്.സ്വബോധമില്ലാത്ത  ഭ്രാന്തിയായ അവളെ ഗര്‍ഭിണിയാക്കിയതാരെന്ന് ആ ഗ്രാമത്തിലാര്‍ക്കുമറിയില്ല.നിറം മങ്ങിയ കാച്ചിത്തുണിയും ,എണ്ണമയമില്ലാത്ത പാറിപ്പറന്ന തോളോടൊപ്പം നില്‍ക്കുന്ന ചുരുണ്ട തലമുടിയും ,കണ്ണുകളിലെ നിര്‍വികാരതയും രണ്ട് കൈകള്‍  നിറയെ കറുത്ത റബ്ബര്‍ വളകളും .പിന്നെ വല്ലപ്പോഴുമൊക്കെ ചിരിക്കുമ്പോള്‍ കാണുന്ന മുറുക്കാന്‍ കറ നിറഞ്ഞ ആ പല്ലുകളും .ഇതാണു ആ ഗ്രാമത്തിലെ ആരോരുമില്ലാത്ത സൈനബ എന്നാരോ വിളിച്ച അതോ അവരുടെ പേരതാണെന്നവര്‍ ആരോടെങ്കിലും പറഞ്ഞുവോ..വ്യക്തമായറിയില്ല.എപ്പോഴുമെന്തെങ്കിലുമൊക്കെ പിറുപിറുത്തു കൊണ്ട് താഴെ നോക്കി മാത്രം നടക്കുന്ന സൈനബയുടെ വ്യക്തിത്വം  അഥവാ അടയാളങ്ങള്‍ ..ഗ്രാമത്തിലെ സുമനസ്സുകളുടെ ഔദാര്യത്തിലെന്തെങ്കിലും ഭക്ഷിച്ചിരുന്ന ആ ഭ്രാന്തി. അവളുടെ ദിനം പ്രതി  വലുതായി കൊണ്ടിരിക്കുന്ന വയറിലേക്ക് നോക്കി എല്ലവരും അതിശയത്തോടെ പറയാന്‍ തുടങ്ങി."ന്റെ റബ്ബേ ആരാ ഈ പണി പറ്റിച്ചത്.അതും ബോധല്ലാത്ത ഈ പാവത്തിനെ"ചോമാരും വേട്ടോമാരും ജോനൊന്‍മാരും മാപ്ലാരും ഒരു പോലെ മൂക്കത്ത് വിരല്‍ വെച്ചു.".ന്റെ ഒടയന്‍ തമ്പുരാനെ ഇനി ഈ പെണ്ണങ്ങനെ പെറും ".കാണെക്കാണെ വീര്‍ത്തു വന്ന ആ വയറിനെ നോക്കി സകലരും പരിതപിച്ചു.എല്ലാവര്‍ക്കും അവളുടെ അവശതകാണുമ്പോള്‍  പരിചരിച്ചെവിടേയെങ്കിലും സുരക്ഷിതമായിരുത്തണമെന്നുണ്ട്.എന്നാല്‍ സൈനബ എവിടേയും സ്വസ്ഥമായിരിക്കാനിഷ്ടപ്പെടാറില്ല.

എന്തോ തിരഞ്ഞ് അഥവാ എന്തോ മറന്നു വെച്ചതെടുക്കാനായി അവളാ ഗ്രാമം മുഴുവന്‍ നടക്കും ..പാടവരമ്പുകളിലൂടെ ഇടുങ്ങിയ ഇടവഴികളിലൂടെ കനാലിനു കുറുകേയുള്ള മുട്ടിപ്പാലത്തിലൂടെ ,തോടുകളിലെ മുട്ടെത്തും വരേയുള്ള വെള്ളത്തിലൂടെ തണല്‍ മരങ്ങളുറങ്ങുന്ന ഗ്രാമപാതയിലൂടെ ഒക്കെ എന്തോ പിറുപിറുത്തു കൊണ്ട് താഴെ എന്തോ തിരഞ്ഞു കൊണ്ട് ഗ്രാമം മുഴുവന്‍ പകലന്തിയോളം നടക്കും ..വിശക്കുന്നുവെന്ന് തോന്നുമ്പോള്‍ വാളുവാസുവിന്റെ ചായക്കടക്ക് പിന്നില്‍ ചെന്ന് കുന്തിച്ചിരിക്കും .ആരെങ്കിലുമൊക്കെ തിന്നതിന്റെ അവശിഷ്ടങ്ങള്‍ ഒരിലക്കീറിലാക്കി അവളുടെ മുന്നിലേക്കാരെങ്കിലുമിട്ടു കൊടുക്കും .അതവിടെയിരുന്നു വാരിത്തിന്നു പിന്നേയും തന്റെ തിരച്ചില്‍ തുടരും .ഉറക്കം വരുമ്പോള്‍ കടവത്തെ പാണ്ടികശാലയിലെ തിണ്ണയില്‍ .അവള്‍ക്കൊപ്പം ഭിക്ഷക്കാരും തെരുവ് വേശ്യകളും ദൂരെ ദേശത്ത് നിന്നു കടവ് കടക്കാനായെത്തുന്ന സഞ്ചാരികളും ..അങ്ങനെ ആ ഗ്രാമത്തിലെ രാത്രിയുടെ കൂട്ടുകാരേറെ.എങ്കിലും ദുരൂഹത ജനിപ്പിച്ച് സൈനബയെ ഗര്‍ഭിണിയാക്കിയതാരെന്നു എല്ലാവരും കൂലങ്കഷമായി തന്നെ ചിന്തിച്ചു പോന്നു.എന്തായാലും നന്‍മകളുടെ കേദാരമായ ആ ഗ്രാമത്തിലാരുമത് ചെയ്യില്ല.അതെല്ലാവരും ഉറപ്പിച്ച് പറയുന്ന ഒരു കാര്യം .അല്ലെങ്കില്‍ അത് തന്നെ സത്യവും .അവളുടെ രൂപത്തേക്കാള്‍ അസാമാന്യ വലിപ്പമുള്ള ആ വയറു എല്ലാവര്‍ക്കും  തെല്ലൊരസ്വസ്ഥതയോടെ മാത്രമേ കാണാനായുള്ളൂ..

ഇരുട്ടിന്റെ സന്തതികള്‍ പിറക്കുന്നത് കേവല നൈമിഷാകാനന്ദത്തിന്റെ പരിണിത ഫലങ്ങളായാണു.ഭോഗാസക്തരായവര്‍  തങ്ങളുടെ വന്യമായ ഇത്തരം തൃഷ്ണകളെ സഫലീകരിക്കുന്നതിനും  പ്രാപിക്കുന്നതിനും സമീപിക്കുന്നത് വേശ്യകളെ മാത്രമല്ല;അതു ഭ്രാന്തികളോ കുഷ്ഠരോഗികളോ മൃഗങ്ങളോ എന്തോ ആവട്ടെ നീചത്തരങ്ങളില്‍ ആത്മ നിര്‍വൃതിയടയുന്നവര്‍ എവിടെയായാലും എങ്ങനെയായാലും  നീചകൃത്യങ്ങള്‍ ചെയ്തു പോരുന്നു.
മനുഷ്യരുടെ വേവലാതികളോ ആവലാതികളോ കേള്‍ക്കാനോ അറിയാനോ ശ്രമിക്കാതെ ഒരോ ഋതു ഭേദങ്ങളും ഗ്രാമത്തില്‍ മാറി മാറി വന്നു.ചന്ദനക്കുടം നേര്‍ച്ചകളും വേലകളും പൂരങ്ങളും പള്ളിപെരുന്നാളുകളും ഗ്രാമത്തിനു ഉല്‍സവത്തിന്റെ പകിട്ടു നല്‍കി .കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വേലകളുടേയും പൂരത്തിന്റേയും മാറ്റുകൂട്ടാനായ് ഗാനമേളകളും നാടകങ്ങളും അരങ്ങേറിക്കൊണ്ടിരുന്നു.എല്ലായിടത്തും സൈനബ തന്റെ വീര്‍ത്ത വയറും താങ്ങി നടന്നു. അവളാരില്‍ നിന്നും ഭിക്ഷ വാങ്ങാറില്ല.അതിനവളൊരു ഭിക്ഷക്കാരിയായിരുന്നില്ല.എവിടെ നിന്നു വന്നെന്നോ എവിടുത്തെയാണെന്നോ ആര്‍ക്കുമറിയില്ല.രണ്ടു വര്‍ഷത്തോളമായി അവളീ ഗ്രാമത്തിന്റെ അതിഥിയായും പിന്നെ നാട്ടുകാരിയായും അറിയാന്‍ തുടങ്ങിയിട്ട്.ആരെങ്കിലുമൊക്കെ അവളുടെ മാസക്കുളി വന്നു കറ പുരണ്ട ഉടുതുണിയെ മാറ്റിയുടുക്കാന്‍ കൊടുക്കാറുള്ളതും ഉടുത്ത് പിന്നേയും അടുത്ത ഋതുമതിയാകും വരെ .പക്ഷെ പിന്നെയങ്ങനൊരു കാഴ്ച്ചയില്‍ സൈനബയെന്ന ചെറുപ്പക്കാരിയായ ഭ്രാന്തിയെ കാണാതായപ്പോള്‍ ആരും കരുതിയില്ല ഇങ്ങനെയൊരു പരിണാമമാണവളില്‍ നടക്കുന്നതെന്നു.

അന്നും പതിവു പോലെയാരൊക്കെയോ കൊടുത്ത ഭക്ഷണവും കഴിച്ചവള്‍ പാണ്ടികശാലയുടെ തിണ്ണയില്‍ കിടന്നു..അവളുടെയുള്ളിലെ ആ കുരുന്നുജീവന്‍ പുറത്ത് വരാനായി നടത്തുന്ന ശ്രമങ്ങളില്‍ അവളനുഭവിച്ച നോവിനെ പേറ്റു നോവായി തിരിച്ചറിയാനവള്‍ക്കായില്ല.ഒരു ഞരക്കത്തോടെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടന്നു മതിയായപ്പോള്‍ ഉദിച്ചുയര്‍ന്ന ധ്രുവനക്ഷത്രവും പിന്‍ നിലാവും  നോക്കി  എന്തോ പറഞ്ഞു കൊണ്ട് അവള്‍ അമ്പത്തെ പാടം ലക്ഷ്യമാക്കി നടന്നു.
അമ്പത്തെ പാടത്തിന്നരികിലെ തോട്ടു വക്കത്ത് പൊക്കിള്‍ കൊടി മുറിച്ചു മാറ്റാനാരുമില്ലാതെ പിടഞ്ഞ ആ കുഞ്ഞിന്റെ ചുണ്ടുകള്‍ പെറ്റു നോവിന്റെ സുഖത്തില്‍ മയങ്ങുന്ന സൈനബയുടെ തൂങ്ങി നില്‍ക്കുന്ന മുലക്കണ്ണുകളെ തേടി വിതുമ്പി..പുലര്‍ച്ചെ പശുവിനു പുല്ലരിയാനായി അമ്പത്തെ പാടത്തെത്തിയ വേട്ടുവത്തികളാണാ കാഴ്ച്ചയാദ്യമായി കാണുന്നത്.."ന്റെ പരദേവതേ"യെന്നു വിളിച്ചു കൊണ്ട് കരഞ്ഞ് കരഞ്ഞ് തളര്‍ന്ന ആ ചോര പൈതലിന്റെ പൊക്കിള്‍ കൊടി കയ്യിലെ കൊയ്ത്തരിവാളു കൊണ്ടവര്‍ മുറിച്ചു മാറ്റി..തോട്ടിലേക്ക് പകുതി കാലിട്ട് കിടക്കുന്ന സൈനബയുടെ തളര്‍ന്ന മുഖത്തേക്ക് തോട്ടില്‍ നിന്നും കൈക്കുമ്പിളില്‍ കോരിക്കൊണ്ട് വന്ന വെള്ളം കുടഞ്ഞ് നോക്കി..ചേതനയറ്റ ആ ശരീരം തന്റെ ആത്മാവിനെ വേറെയേതോ ലോകത്തേക്ക് ഇവിടെ ബാക്കി വെച്ച തിരച്ചില്‍ തുടരാനായ് അപ്പോഴേക്കും അയച്ചിരുന്നുവെന്നത് ആ സ്ത്രീകള്‍ ഒരു പൊട്ടിക്കരച്ചിലോടെ മനസ്സിലാക്കി.
ഉദിച്ചു വരുന്ന പൊന്‍ വെയിലിന്‍ വെട്ടത്തിലവരാ കുഞ്ഞിന്റെ ലിംഗം നോക്കി.സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന  മുത്തു പോലെയൊരാണ്‍ കുഞ്ഞ്.അന്ന് ഗ്രാമത്തിലെല്ലാവരും ചേര്‍ന്ന് സൈനബയുടെ കബറടക്കം അവള്‍ ജീവിച്ചിരുന്നപ്പോള്‍ കിട്ടാതിരുന്ന എല്ലാ ബഹുമാനാദരവുകളോടേയും നടത്തി.അവളുടെ കുഞ്ഞിനെ കുട്ടികളില്ലാത്ത വേട്ടുവത്തി പാറു നോക്കമെന്നേറ്റു. ഗ്രാമത്തിലെ മുലകൊടുക്കുന്ന കുഞ്ഞുങ്ങളുള്ള എല്ലാ ജാതിമതസ്ഥരായ അമ്മമാര്‍ ഐക്യകണ്ഠേന ആ കുഞ്ഞിനെ മുലയൂട്ടുമെന്നാണയിട്ടു.ഈ ഗ്രാമത്തില്‍ സ്നേഹപൂര്‍വം മുതിര്‍ന്നവര്‍ ഇളയവരെ ഉണ്ണിയെന്നാണു വിളിക്കുന്നത്."ന്റെ ഉണ്ണ്യേ..അല്ലെങ്കില്‍ ഉണ്ണ്യോളെ" ഇതാ ഗ്രാമത്തിന്റെ സ്നേഹത്തിന്റേയും നിഷ്കളങ്കതയുടേയും മാറ്റ് കൂട്ടുന്ന മുഖമുദ്രയായിരുന്നു.അങ്ങനെ അവനെല്ലാവരും ചേര്‍ന്ന് ഉണ്ണിയെന്നു പേരു വിളിച്ചു.മുഹമ്മദുണ്ണിയായും , കൃഷ്ണനുണ്ണിയായും ഉണ്ണീശോയായും അവന്‍  ഗ്രാമത്തില്‍ എല്ലവരുടേയും കണ്ണിലുണ്ണിയായ് വളരാന്‍ തുടങ്ങി..

പിന്നീടൊരിക്കലും ആ ഗ്രാമത്തില്‍ അലഞ്ഞ് തിരിയുന്ന  ഗര്‍ഭിണികളായ ഭ്രാന്തികളെ കണ്ടിട്ടില്ല.കടവത്തെപ്പോഴും വരത്തരായ സഞ്ചാരികള്‍ പാണ്ടികശാലകളില്‍ അന്തിയുറങ്ങാനെത്താറുണ്ട്.പക്ഷെ ഗ്രാമത്തിലെ തെരുവിന്റെ സന്തതികളും രാത്രിയുടെ കൂട്ടുകാരുമായവര്‍ ആ ഗ്രാമത്തിലെത്തുന്ന  അപരിചതരായ സന്ദര്‍ശകരുടെ മേലെ ഒരു കണ്ണു വെച്ചു പോന്നു.ആ ഗ്രാമത്തിലെ പുഴയെന്നും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും കൊണ്ട് ആഴിയുടെ മാറിലലിയാനായ് പടിഞ്ഞാറിനെ ലക്ഷ്യം വെച്ചൊഴുകി കൊണ്ടേയിരിക്കുന്നു..പാതയോരങ്ങളെയലങ്കരിക്കുന്ന പൂമരങ്ങള്‍ കാലത്തിനും മാറ്റത്തിനും നിന്നു കൊടുക്കാതെ  പാരിജാതങ്ങളും ഇലഞ്ഞിപൂക്കളും വിരിയിച്ച് അതിന്റെ പരിമളം ആ ഗ്രാമമാകെ പരിലസിപ്പിച്ചു കൊണ്ടും പൂത്തുലഞ്ഞ് നില്‍ക്കുന്നു.

യാഥാര്‍ത്ഥ്യം


Thursday 29 September 2011

Tuesday 20 September 2011

മഴത്താളം



മഴത്താളം
========
തുറന്നു വെച്ച പുസ്തകത്താളിലേക്ക് റ്റിപ് എന്ന കുഞ്ഞു ശബ്ദത്തോടെ വന്നു വീണ മഴത്തുള്ളിയില്‍ ഒരു തുള്ളി എന്റെ മൂക്കിന്റെ തുമ്പത്തേക്കും തെറിച്ചു ..മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു ..
ഉമ്മൂമയുടെ വെപ്രാളത്തോടെയുള്ള വിളി കേട്ടു..മക്കളെ വടക്കു മൂലയ്ക്കാട്ടൊ കാറു വെച്ചിട്ടുള്ളത്..അള്ളാഹ് ന്റെ വിറൊകൊക്കെ ഇപ്പൊ നനഞ്ഞു പോകൂല്ലൊ.. വിളിയിലെ പരിഭവം മനസ്സിലായി. തൊഴുത്ത് ഒറ്റയ്ക്ക് വൃത്തിയാക്കുകയായിരുന്നു ഉമ്മൂമ, ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ട..വായിച്ചിരുന്ന നോട്ട് ബുക്ക് മടക്കി വെച്ചെണീറ്റ് അടുക്കള മുറ്റത്തേക്ക് നടന്നു..

തലയിലിട്ട തട്ടം ശക്തിയായി വീശുന്ന കാറ്റില്‍ പറക്കുന്നുണ്ടയിരുന്നു..തട്ടം ഒതുക്കി മുടിക്കുള്ളിലേക്ക് തിരുകി വെച്ച് പാവടയുടെ തുമ്പെടുത്ത് എളിയില്‍ തിരുകി. വിറകുകള്‍ ഇടത്തെ കയ്ത്തണ്ടയില്‍ അടുക്കി വെക്കാന്‍ തുടങ്ങി.."ഈ മഴക്കു മുന്നെയെങ്കിലും ഈ പെരയൊന്നു മേയാന്‍ പറ്റിയില്ലല്ല ന്റെ റബ്ബെ"...ഉമ്മൂമാടെ സങ്കടം മുറ്റുന്ന പിറുപിറുക്കല്‍ കാറ്റിന്റെ മൂളലില്‍ നേര്‍ത്ത് പോയി.. തുലാവര്‍ഷം ദാക്ഷിണ്യമില്ലാതെ പെയ്തൊഴിയുകയാണ്. മഴയുടെ ശക്തി കൂടി വരുന്നതിനു മുന്പെ തന്നെ വിറകെല്ലാം അടുക്കളയിലെ വീശനാമ്പുറത്ത് അടുക്കിയിട്ടു..കണ്ണിലൂടെ മിന്നിയ വെളിച്ചം മുഴക്കത്തോടെ പാടവരമ്പുകള്‍ക്കപ്പുറം പതിക്കുമ്പൊള്‍ ഉമ്മൂമ ഖുറാനിലെ സൂക്തങ്ങള്‍ ഉറക്കെ ഓതുന്നത് കേട്ടു..

“മോളെ മെയ്തുണ്ണി എത്തിയതിന്റെ വിവരമൊന്നും ഇതു വരെ വന്നില്ലല്ലാ ".തെല്ലു ഉദ്വേഗത്തോടെ ഉമ്മൂമ ആരാഞ്ഞു.എന്റെ ഇക്കാക്ക ലാഞ്ചി കയറി പേര്‍ഷ്യയിലേക്ക് പുറപെട്ടിട്ട് മാസം രണ്ട് കഴിഞ്ഞിരുന്നു.ഞാന്‍ ഉല്‍ക്കണ്ഠ പുറത്തു കാണിക്കാതെ പറയാന്‍ തുടങ്ങി..”ഇല്ല ഉമ്മൂമ ഇക്കാക്കാന്റെ വിവരമൊന്നും എത്തീട്ടില്ല..ഞാനിന്നും സുല്‍ത്താന്‍ ഭായിയോടു കത്തോ കമ്പിയോ ഉണ്ടോന്നു ചോദിച്ചു”.
സുല്‍ത്താന്‍ ഭായി ഞങ്ങളുടെ പ്രദേശത്തെ അഞ്ചല്‍ ശിപായിയായിരുന്നു.
"അള്ളാഹ് ന്റെ കുട്ടിരെ ഒരു വിവരോം ഇല്ലല്ലാ.ന്തെ ന്റെ കുട്ടിക്കു പറ്റിയാവോ..ന്റെ മക്കളെ കാക്കണേ റബ്ബെ"..ഉമ്മൂമാടെ കരളുരുകിയ ദുആ കേട്ടപ്പൊള്‍ എന്റെ ഉള്ളും ഒന്നു പിടച്ചു.എന്റെ ഇക്കാക്കാക്കൊന്നും വരുത്തല്ലെ പടച്ചോനെ.

പുറത്ത് പെയ്യുന്ന മഴയുടെ താളം ഇടയ്ക്കൊന്നു നിലച്ച പോലെ തോന്നി.ഇറയത്തെ കെട്ടി നില്‍ ക്കുന്ന മഴ വെള്ളത്തില്‍ കാറ്റില്‍ വീണ കരിയിലകള്‍ കൊച്ചു കളിവള്ളങ്ങളെന്ന പോലെ തത്തിയാടുന്നുണ്ടായിരുന്നു  .മുറ്റത്തെ മൂവണ്ടന്‍ മാവിലെ കാക്കകൂട്ടിലേക്ക് ചേക്കേറാനായെത്തിയ കാക്കകള്‍ വല്ലാതെ ശബ്ദമുണ്ടാക്കി കരയുന്നു.ഒരു പക്ഷെ ഈ മഴയത്ത് അതിന്റെ കുഞ്ഞിനെന്തെങ്കിലും പറ്റിക്കാണും .ഒരു വല്ലാത്ത മൂളക്കത്തോടെ അപ്പോഴും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

ഇറയ കോലായിലിരുന്നു ഉമ്മൂമ വിളക്കിന്റെ തിരികള്‍ തെറുക്കുകയാണ്.തന്റെ ഞരമ്പ് പിണഞ്ഞ ശോഷിച്ച കാലില്‍ വെച്ചു തെറുത്ത തിരികള്‍ വിളക്കിന്റെ തിരിക്കുഴലിലേക്ക് തിരുകി കയറ്റാന്‍ തിമിരം ബാധിച്ച കണ്ണുകളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.വീട്ടിലാകെയുള്ള മൂന്നു വിളക്കുകളും തുടച്ച് മിനുക്കി ഞാന്‍ മണ്ണെണ്ണയെടുത്ത് സൂക്ഷ്മതയോടെ കുപ്പിത്തട്ടിലൂടെ ഓരോ വിളക്കിലേക്കും ഒഴിക്കാന്‍ തുടങ്ങി.മിന്നല്‍ പിണറും ഇടിമുഴക്കങ്ങളും മാറി മാറി വരുന്നതോടൊപ്പം വീശുന്ന കാറ്റില്‍ കാര്‍മേഘങ്ങളെല്ലാം തന്നെ ദിശ മാറി ദൂരേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നു. ഞാനിത്തിരി ആശ്വാസത്തോടെ പറഞ്ഞു "ഉമ്മൂമാ മഴ നിന്നൂന്നാ തോന്നണെ”.അതു കേട്ട അവര്‍ എന്നെ ഓര്‍മിപ്പിച്ചു.. "മോളെ നാളെ തന്നെ ആ വേട്ടോന്‍ ബാലനോട് വരാന്‍ പറയണം .പെരകെട്ടാന്‍ തുടങ്ങണം .കുറിക്കാരത്തി അയ്സൂനോട്  ഇന്റെ കുറി പിടിച്ചു തരാന്‍ പറഞ്ഞിട്ടുണ്ട്."

ചന്നം പിന്നം പെയ്യുന്ന മഴതുള്ളികളെ വകവെക്കാതെ കിണറ്റിന്‍ കരയിലേക്ക് കുടവുമെടുത്ത് നടന്നു..അത്താഴത്തിനുള്ള ചോറു വെക്കണം.ആടുകള്‍ക്കു കാടി കൊടുത്ത് കൂട്ടിനുള്ളില്‍ പ്ളാവില ചില്ലയും ഇട്ടു കൊടുത്തു."കോഴിക്കൂടടച്ചോ മോളെ.."ഉമ്മൂമാടെ ഓര്‍മപെടുത്തല്‍ ..കയ്യും മുഖവും കഴുകി കോലായിലേക്ക് കയറി..

അടുപ്പിന്റെ വിള്ളല്‍ വീണ ചുമരിനു മുകളിലുള്ള ജനലിന്റെ അഴികള്‍ക്കിടയിലൂടെ ഇടക്കിടെ മിന്നല്‍ പിണര്‍ അകത്തേക്കെത്തി നോക്കുന്നുണ്ടായിരുന്നു.ചോറും കൂട്ടാനുമെടുത്ത് വെച്ച് ഞാന്‍ നിസ്കാരപ്പായിലിരിക്കുന്ന ഉമ്മൂമാനെ അത്താഴം കഴിക്കാനായ് വിളിച്ചു.
"ഈ മഴ ഇങ്ങനെ നിക്കണ കാരണം ഒരു പച്ച മീന്‍ കൂട്ടീട്ട് കൊറേ നാളായീ ല്ലെ മോളേ..ന്റെ മെയ്തുണ്ണിണ്ടങ്കി എവടന്നെങ്കിലും; ചേറ്റുവായി പോയിട്ടാണെങ്കിലും ന്തെങ്കിലും കൊണ്ടരേരുന്നു"..വക്കില്‍ നിന്നും വെള്ള നിറം ഇളകിപ്പോയ കവിടി പിഞ്ഞാണത്തിലെ ചോറിലേക്കൊഴിച്ച അരച്ചു കലക്കി കൂട്ടി കുഴച്ച ഉരുളകള്‍ വായില്‍ വെച്ചു കൊണ്ട് ഉമ്മൂമ പരിതപിച്ചു.ഞാനൊന്നും മിണ്ടാതെ മണ്ണെണ്ണ കഴിഞ്ഞതിന്റെ അടയാളമായി കരിന്തിരിക്ക് മുന്‍പായുള്ള വിളക്കിന്റെ തിരിയില്‍ വിടരുന്ന മഞ്ഞ കലര്‍ന്ന ചുവപ്പും നീലയും നാളങ്ങളെ നോക്കിയിരുന്നു

അടുക്കള മുറ്റത്തെ വാഴയുടെ കടയ്ക്കലേക്ക് അത്താഴം കഴിച്ച പാത്രങ്ങള്‍ മോറിയ വെള്ളം എടുത്ത് ഒഴിക്കുമ്പോള്‍ മഴ വീണ്ടും ശക്തി പ്രാപിച്ചിരുന്നു.
ഉമ്മറത്തിരുന്ന വിളക്കെടുക്കാന്‍ വന്നപ്പോള്‍ ദൂരെ പാടങ്ങള്‍ക്കിപ്പുറം മിന്നമിനുങ്ങുകള്‍ മിന്നി മിന്നി പോകുന്നത് കൌതുകത്തോടെ കുറച്ചു നേരം നോക്കി നിന്നു.."മോളെ ശീതലടിക്കണ്ട പുറത്ത് നിന്നിട്ട്" ഉമ്മൂമാടെ താക്കീത്..തിരിഞ്ഞു വിളക്കെടുക്കുമ്പോള്‍ കണ്ടു വിളക്കിന്റെ നാളത്തില്‍ വട്ടമിട്ടിരുന്ന ഈയാം പാറ്റകള്‍ ചിറകെല്ലാം കരിഞ്ഞ് താഴെ പൊലിഞ്ഞു കിടക്കുന്നത്..

പായ വിരിച്ചിട്ട് മുറിയുടെ മൂലയിലിരിക്കുന്ന ഇരുമ്പ് പെട്ടി തുറന്ന് മടക്കി വെച്ചിരുന്ന കമ്പിളി എടുത്ത് ഉമ്മൂമാനെ പുതപ്പിച്ചു..കീറി പോയ ഓലചീന്തിനിടയിലൂടെ മഴത്തുള്ളികള്‍ വീഴുന്നതിനടിയില്‍ ഒരു കുടുക്ക പാത്രം വെച്ച് എന്റെ തഴപ്പായ വിരിച്ചപ്പോഴാണോര്‍ത്തത് നാളെയല്ലെ സമൂഹ്യ പാഠം പരീക്ഷ ..
എനിക്കീയിടെയായി പത്താം തരക്കാരിയാണെന്ന ചിന്ത തീരെ ഇല്ലാതായിരിക്കുന്നു..ഇക്കാക്ക ലാഞ്ചി കയറിയതിനു ശേഷം എന്തോ ഒരു വല്ലായ്മ മനസ്സിന്.ഓര്‍മ വെക്കുന്നതിനു മുന്പെ പോയ വാപ്പച്ചി..പിന്നെ ഒക്കെ ഇക്കാക്കയായിരുന്നു.ഒന്പതാം ക്ലാസ്സില്‍ ഇക്കാക്കാടെ പഠനം മുടങ്ങിയത് മൂപ്പര്‍ക്ക് ഈ ലോകത്താകെയുള്ള എനിക്കും ഉമ്മൂമാക്കും ഉമ്മാക്കും വേണ്ടിയായിരുന്നു.ഉമ്മ ദീനം പിടിച്ച് കിടപ്പിലായപ്പോള്‍ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു.കുഞ്ഞുണ്ണി വൈദ്യരുടെ ചികില്‍സയിലായിരുന്ന ഉമ്മ ഒരിക്കലും ഭേദമാകാത്ത ഒരു മാറാ രോഗത്തിനടിമയാണെന്ന് വൈദ്യര്‍ക്കും ഇക്കാക്കക്കും മാത്രമെ അറിയുന്നുണ്ടായിരുന്നുള്ളൂ..

മൂന്നു കൊല്ലങ്ങള്‍ ഉമ്മാടെ ദീനത്തില്‍ കൊഴിഞ്ഞതറിഞ്ഞില്ല.കബറടക്കം കഴിഞ്ഞ് വന്ന ഇക്കാക്ക എന്നെ കെട്ടി പിടിച്ചു കുറെ നേരം കരഞ്ഞു..ഞാനാകട്ടെ ഒരു മരവിപ്പിലൂടെ വളര്‍ന്നവളായത് കൊണ്ട് ഒരു ദു:ഖവും പുറത്ത് കാണിക്കാതിരിക്കുവാനുള്ള പ്രാപ്തി നേടിയിരുന്നു.
കോയില്‍ വളപ്പിലെ മമ്മാലിക്കയാണ് ഇക്കാക്കാനെ പേര്‍ഷ്യക്ക് പോകുന്നതിനു ഉപദേശിച്ചത്.കൂട്ടുങ്ങലില്‍ നിന്നു അഞ്ചാറാളുകളുമായി പത്തേമാരിയിലാണ് ഇക്കാക്ക പുറപെട്ടത്..രണ്ട് മാസത്തിലേറെയായി ഇതുവരെയും ഒരു വിവരവും വന്നില്ല..ഉള്ളു വിങ്ങുന്നു..എന്തോ ഒരസ്വസ്ഥത ..

മഴയുടെ ആരവത്തിനിടയിലെങ്ങു നിന്നോ റൂഹാനി പക്ഷിയുടെ ആജ്ഞ പോലുള്ള ഭയപ്പെടുത്തുന്ന ഒരു ശബ്ദം.പോവ്വാ പോവ്വാ എന്നു പറയുന്നത് പോലെ തോന്നിച്ചു ആ കരച്ചിലിനു..ഉമ്മൂമ ഭയത്തോടെ പറയുന്നത് കേട്ടു "ന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ ആരെ കൊണ്ട് പോവാനാണീ റൂഹാനിക്കിളി കരേണത്..കാക്കണേ ന്റെ റബ്ബേ".ശക്തമായ കാറ്റില്‍ പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന തെങ്ങില്‍ തൂങ്ങിയാടിയിരുന്ന പട്ടകള്‍ വീഴുന്ന ശബ്ദം കേട്ട് ഉമ്മൂമ പ്രാകുന്നുണ്ടായിരുന്നു .ഞാന്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കണ്ണുമടച്ച് മഴയെ ആസ്വദിക്കാന്‍ തുടങ്ങി .മഴയെ എനിക്കിഷ്ടമാണു..എന്നാല്‍ ഉമ്മൂമ മഴയെ പ്രാകും. പാടത്ത് വെള്ളം കയറിയാല്‍ മുറ്റത്തേക്ക് വരാന്‍ ബുദ്ധിമുട്ടാണെന്നുള്ളത് കൊണ്ട്. പിന്നെയുള്ളത് മെലെപ്പെരക്കാരുടെ പറമ്പിലൂടെയുള്ള വളഞ്ഞു തിരിഞ്ഞുള്ള വഴികളാണ്..പോരാത്തതിനു ആ മാസങ്ങളില്‍ കല്യാണങ്ങളൊക്കെ കുറവായതിനാല്‍ പലഹാര പണിക്ക് ഉമ്മൂമാനെ ആരും വിളിക്കാറുമില്ല.പിന്നെ വല്ല ഗര്‍ഭിണികളെ കാണാന്‍ പോകുന്ന ചടങ്ങിലേക്കായ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ആരെങ്കിലും വന്നു വിളിക്കണം.ഒരു പശുവും അഞ്ച് ആടുകളും കുറച്ച് കോഴികളും ഉള്ളത് കൊണ്ട് വലിയ അല്ലലില്ലാതെ ഇക്കാക്ക പോയതിനു ശേഷവും വീട്ടു കാര്യങ്ങള്‍ നടക്കുന്നു.ചിന്തകള്‍ കാടു കയറുന്നതോടൊപ്പം ഉറക്കവും കണ്ണിമകളെ തഴുകി.

നല്ല രീതിയില്‍ തന്നെ പെയ്ത രാത്രി മഴയില്‍ ഇറയമൊക്കെ ചോര്‍ന്നു പോയിരുന്നു.ഉമ്മൂമാക്കുള്ള കഞ്ഞി പിഞ്ഞാണത്തിലേക്ക് വിളമ്പി വെച്ച് കനോലി പുഴയിലേക്ക് എണ്ണയും സോപ്പുമെടുത്തോടി..
കിഴക്ക് സൂര്യന്‍ മഴമേഘങ്ങള്‍ക്കിടയിലൂടെ തലപൊക്കാന്‍ നടത്തുന്ന ശ്രമങ്ങളൊക്കെയും വടക്ക് പടിഞ്ഞാറ് നിന്ന് പാഞ്ഞ് വരുന്ന കാര്‍മേഘങ്ങളില്‍ മുങ്ങി പോയിരുന്നു.
പൌഡര്‍ റ്റിന്നില്‍ നിന്നും കൊട്ടി കൊട്ടി വീഴ്ത്തിയ പൌഡര്‍ മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കി.പുസ്തകകെട്ടും മാറോടടുക്കി ചോറ്റുപാത്രവും കയ്യിലെടുത്ത് ഇടവഴിയിലേക്കിറങ്ങുമ്പോള്‍ ഉമ്മൂമ ഓടി വന്നു. കമ്പി വിട്ട് പോന്ന കുടയുമായി..ഇതായിട്ട് പോ മോളെ..മഴ പെയ്യും നല്ല കാറു വെച്ചിട്ടുള്ളതാ തുലാവര്‍ഷാണു..

അവരുടെ കയ്യില്‍ നിന്നും കുട വാങ്ങി തട്ടം ശരിയാക്കി തലയും കുമ്പിട്ട് നടക്കുമ്പോള്‍ ഇക്കാക്ക പേര്‍ഷ്യക്കു പുറപ്പെടുന്നതിനു മുന്പു എന്റെ കയ്യില്‍ പിടിച്ച് പറഞ്ഞ കാര്യങ്ങല്‍ ഓര്‍മ വന്നു.സുബു മോളെ നീയൊരു പേരു ദോഷവും നമുക്കുണ്ടാക്കരുത്. നമ്മുടെ പെര ഓടിടാനും.ന്റെ മോളെ കെട്ടിക്കാനുള്ളതും ആയിട്ടെ ഇക്കാക്ക വരൂ..നീയെ ഉള്ളൂ നമ്മുടെ ഉമ്മൂമാക്ക്..

സുബു ഒന്നു നിന്നെഡീ...പിന്നില്‍ നിന്നും നീട്ടിയ വിളി കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു.കരിക്കച്ചവടക്കാരന്‍ മൂസക്കാടെ മോളും തന്റെ സഹപാഠിയുമായ ജമീല. അവള്‍ പുലമ്പുന്നു .ഒഹ് ഈ പെണ്ണിന്റെ ഒരു പോക്കു ..ഞാനെത്ര നേരായി വിളിച്ചു കൂവൂന്നു..അതെ നീയാ പാനിപത്ത് യുദ്ധം പഠിച്ചൊ..?ഊം ഞാനൊന്നു മൂളി..തുലാവര്‍ഷം പുറത്തും അകത്തും പെയ്യുമ്പോള്‍ യുദ്ധങ്ങളും നവോത്ഥാനവുമൊക്കെ പഠിച്ചില്ലെങ്കില്‍ പിന്നെന്ത്... ഒരു പുച്ഛത്തോടെ ഞാന്‍ ചിരിച്ചു.

പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ ആശ്വസമായി..കുഴപ്പമില്ലാതെ തന്നെ എല്ലാം എഴുതാന്‍ പറ്റി..സ്കൂളിന്റെ മുറ്റം മുഴുവന്‍ മഴ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ മനസ്സു വീണ്ടും ഉമ്മൂമാടെ അടുത്തെത്തി.ബാലന്‍ പുരകെട്ടാന്‍ എത്തിയൊ ആവോ..സധാരണ മേട മാസമാവുമ്പോഴെക്കും പുരമേയാറുള്ളതാണ്.ഇക്കാക്കാടെ പേര്‍ഷ്യ പോക്കിനു കാശ് കുറേ ചിലവായത് കൊണ്ടതങ്ങനെ നീണ്ടു പോയി..എനിക്കു പൊന്നു വാങ്ങാന്‍ വേണ്ടി ഒരുകൂട്ടി വെക്കുന്നതാണു ഈ കുറിക്കാശ്..അതെടുത്താണു ഇപ്പോള്‍ പുര മേയാമെന്നു വെച്ചത്..ഇക്കാക്ക പേര്‍ഷ്യക്കാരനായാല്‍ പിന്നെ എല്ലാത്തിനും ഒരു സമാധാനമായല്ലൊ..പിന്നെ ഉമ്മൂമാനെ പലഹാര പണിക്ക് വിടില്ല..വീട്ടിലെ കാര്യങ്ങള്‍ മാത്രം നോക്കി ഇരിക്കട്ടെ ആ സാധു..

ചിന്തയില്‍ നിന്നുണര്‍ന്നത് തലയ്ക്കു മീതെ കേട്ട ഇടി മുഴക്കത്തോടെയായിരുന്നു. തുലാവര്‍ഷം ഉച്ചസ്ഥായിയിലായിരിക്കുന്നു..ശക്തിയില്‍ വീശുന്ന കാറ്റില്‍ കുട വീണ്ടും വളഞ്ഞ് തുടങ്ങി..ഇടവഴിയിലേക്കു കയറൂമ്പോള്‍ തന്നെ കണ്ട് ഒരാള്‍ കൂട്ടം ..പുര മേയുന്നത് കാണാന്‍ ഇത്രയും ആളുകളോ..പടിക്കലെത്തും തോറും അയല്പക്കത്തുള്ളവരെല്ലാം വെപ്രാളപെട്ട് വീടിന്റെ മുറ്റത്തേക്ക് കയറുന്നത് കണ്ടു.പടച്ചോനെ ന്റെ ഉമ്മൂമാക്കെന്തെങ്കിലും പറ്റിയോ..മിടിക്കുന്ന മനസ്സോടെ വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ കണ്ടു ഉമ്മൂമ ബോധമില്ലതെ കിടക്കുന്നു..ഖദീജത്തയും ദേവകിചേച്ചിയും വീശി കൊടുക്കുന്നുണ്ട്..
എന്നെ കണ്ടതും അവരുടെയൊക്കെ കണ്ണുകളില്‍ വിഷമമോ സഹതാപമോ ഒക്കെ കലര്‍ന്ന നോട്ടങ്ങള്‍ ..ഞാനോടി ചെന്നു ഉമ്മൂമാനെ വിളിച്ചു..ഉമ്മൂമ കണ്ണു തുറന്നു എന്നെ നോക്കി വാവിട്ട് കരയാന്‍ തുടങ്ങി. എന്താ ഉമ്മൂമ എനിക്കൊന്നും മനസ്സിലാവണില്ലല്ലോ.. എന്റെ ചോദ്യം ആവര്‍ത്തിക്കുന്നതിനിടയില്‍ ഉമ്മൂമ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു "മോളെ നമ്മളെ ഒറ്റക്കാക്കി മെയ്തുണ്ണി പോയല്ലോടി".പ്രതികരണ ശേഷിയില്ലാതായ എന്റെ കണ്ണിലപ്പോള്‍ ഇരുണ്ട രാത്രി കനത്ത് തൂങ്ങിയിരുന്നു.ഇതു കേട്ട് നിന്ന ചുറ്റിലുമുള്ള പെണ്ണുങ്ങളുടെ നിലവിളി കാതങ്ങള്‍ക്കപ്പുറത്തെന്ന പോലെ തോന്നി എനിക്ക്..

വടക്കിനി കോലായില്‍ കാല്‍ മുട്ടുകളില്‍ മുഖമമര്‍ത്തി നിര്‍വികാരതയോടെ  ഇരുന്നു.പുറത്തപ്പോള്‍ പെയ്യുന്ന മഴയ്ക്കു രൌദ്രഭാവം വന്നിരിക്കുന്നു..കാറ്റില്‍ കട പുഴകി വീണു കിടന്നിരുന്നു അടുക്കള മുറ്റത്ത് നിന്നിരുന്ന കുലയോടെയുള്ള വാഴ. ആര്‍ത്തലക്കുന്ന മഴയ്ക്കൊപ്പം മുഴങ്ങുന്ന ഇടിയുടെ ശബ്ദം കേട്ട് പേടിച്ചരണ്ട ആടുകള്‍ കൂട്ടത്തോടെ കൂട്ടിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും കരഞ്ഞു കൊണ്ട് ചാടാന്‍ തുടങ്ങി.കുത്തിയൊലിച്ച് കൊണ്ടൊഴുകുന്ന മഴ വെള്ളം തോട്ടിലേക്കു ഭ്രാന്തമായൊരാവേശത്തോടെ ചെന്നു പതിച്ചു.

അപ്പോളാരോ പറയുന്നത് കേട്ടു "പത്തേമാരിയിലെ യാത്രയല്ലെ ഒന്നും പറയാന്‍ പറ്റില്ല എത്തിപെട്ടാല്‍ പെട്ടു അത്ര തന്നെ.കാറ്റിലും കോളിലുമൊക്കെ പെടാതെ അങ്ങട്ടെത്തിയാല്‍ തന്നെ നീന്തി കരയ്ക്കെത്തുമ്പൊഴെക്കും ഒരു പക്ഷെ പകുതി ജീവന്‍ പോയിട്ടുണ്ടാകും ..ഇതിപ്പൊ എന്താണാവൊ പറ്റീത്..കമ്പി വന്നതാ മമ്മാലിക്കാക്ക് "..

കറുത്തിരുണ്ട മാനത്തിനും വിങ്ങി പൊട്ടുന്ന ഭൂമിക്കുമിടയിലെ മഴനൂലുകള്‍ എവിടേയെങ്കിലും ഒരു അത്താണി കിട്ടിയെങ്കിലെന്ന് ആശിച്ച് കാറ്റിലുലയുന്നു.അപ്പോഴും ആ റൂഹാനിക്കിളിയുടെ നേര്‍ത്ത  രോദനം അവിടെയൊക്കെ അലയടിക്കുന്നതായി തോന്നി.പാഞ്ഞു പോകുന്ന മഴവെള്ളത്തെ നോക്കി നിര്‍വികാരതയോടെ ഇരിക്കുമ്പോഴും മനസ്സില്‍ ഇക്കാക്കാടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളുടെ തിളക്കവും വാഗ്ദാനങ്ങളുമായിരുന്നു..

Monday 5 September 2011

ആവണിയോര്‍മയില്‍


ആവണിയുടെ ആഗമനം വിളിച്ചോതി മുറ്റം നിറയെ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും ഓണപ്പൂവും വെളുക്കെ ചിരിച്ച് കൊണ്ട് വിടര്‍ന്നിരിക്കുന്നു.തൂക്കനാം കുരുവികള്‍ പൂവേ പൊലിയെന്നു പാടി കൊണ്ട് മുറ്റം മുഴുവന്‍ തത്തിക്കളിക്കുന്നു.ഓണതുമ്പികള്‍ അരളിപൂക്കളിലും ശംഖ്പുഷ്പത്തിന്റെ നെറുകയിലും ചെന്ന് കിന്നാരമോതുന്നു..ചിങ്ങപ്പുലരി കൂടുതല്‍ പ്രഭയോടെ കിഴക്കിന്‍ കരിമ്പടത്തിനുള്ളില്‍ നിന്നും നീല വാനത്തിലെ വെണ്‍ മേഘങ്ങള്‍ക്കൊപ്പം യാത്രയാരംഭിച്ചു.ഒരു പാട് വര്‍ഷങ്ങള്‍ക്കപ്പുറത്തെ പൊന്നോണത്തെ വെറുമൊരുല്‍സവമായിട്ടല്ല ഞങ്ങള്‍ കണ്ടിരുന്നത്..സന്തോഷത്തിന്റേയും ,സാഹോദര്യത്തിന്റേയും ,ഐശ്വര്യത്തിന്റേയും സത്യത്തിന്റേയും സന്ദേശമറിയിച്ചെത്തുന്ന ഒരവധൂതന്റെ സന്ദര്‍ശനത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്ന നിഷ്കളങ്ക ചിന്തയോടെയായിരുന്നു.
ഓണക്കാലത്തെ വരവേല്‍ക്കുന്നത് ഞങ്ങള്‍ കുട്ടികള്‍ ഓണപ്പരീക്ഷക്കൊപ്പവും മുതിര്‍ന്നവര്‍ ഓരോ വിളവെടുക്കുന്നതിലും കൂടെയായിരുന്നു..ഇന്നത്തെ പോലെ അന്നു മാവേലി സ്റ്റോറുകളോ ബിഗ്ബസാറുകളോ ഓണക്കാലക്കിഴിവുകളോ ഇല്ല..അതിന്റെ ആവശ്യകതയും  ഇല്ലായിരുന്നു.എല്ലാവരിലും ക്ഷേമം നല്‍കി കൊണ്ട് തന്നെയാണു ഓരോ ഓണവും പിറക്കുന്നത്.പിന്നെ ആര്‍ഭാഡങ്ങളിലോ അനാവശ്യചിലവുകളിലോ വരുമാനത്തെ ദുര്‍വ്യയം ചെയ്യാതെ തികച്ചും സന്തോഷവും ആമോദവും മാത്രം പ്രതീക്ഷിക്കുകയും  അനുഭവിക്കുകയും ചെയ്യുന്ന ഒരാഘോഷം ..ജാതി മത വംശ വര്‍ണ ഭേദമില്ലാതെ സമത്വത്തിന്റെ ഏഴു നിറങ്ങളും പൊലിപ്പിക്കുന്ന ഒരുല്‍സവം .
ഓണപ്പരീക്ഷക്ക് ശേഷം സ്കൂളുകള്‍ പത്ത് ദിവസത്തെ അവധിക്ക് അടച്ചിടും .അത്തം പിറക്കുന്നതോടെ പൂവട്ടികളുമായി ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാനായ് നേരം പുലരുന്നതും കാത്തിരിക്കുന്നു.കുഞ്ഞു വട്ടികള്‍ കൈത്തണ്ടയില്‍ കോര്‍ത്ത് കന്നാലി പറമ്പിലും കര്‍പ്പുട്ടിയുടെ തൊടിയിലും ഞങ്ങളൂടെ കുഞ്ഞു കണ്ണുകള്‍ കാക്കപ്പൂവും കാശിതുമ്പയും വെള്ള തുമ്പയും മുക്കുറ്റിയും തേടിയലയും .മഞ്ഞ നിറത്തിലുള്ള ഓണതുമ്പികള്‍ കൂട്ടത്തോടെ പാറി പറക്കുന്നത് മനോഹരമായ ഒരു ഓണക്കാഴ്ച്ച തന്നെയാണ്..അയല്‍പ്പക്കത്തെ ശങ്കരന്‍ മാസ്റ്ററുടെ വീട്ടിലെ രമ,ഷീജ.ബിന്ദു എന്നിവരും .മൂസക്കാടെ മകള്‍ ഖദീജയും സോപ്പുകാരുടെ വീട്ടിലെ ബല്‍ക്കീസും ഞാനും എന്റെ അനിയത്തി ഷഫിയും കാരയിലെ ഷീല,കര്‍പുട്ടിയുടെ മകള്‍ അജിത,ജോണേട്ടന്റെ മകള്‍  റോസ്മേരി അങ്ങനെ ഒരു പറ്റം  കൂട്ടുകാരായ ഞങ്ങളെല്ലാം ചേര്‍ന്ന് ശേഖരിച്ച പൂക്കള്‍ കൊണ്ടു വന്നു ഓരോരോ വീടുകളില്‍ അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ നടുവില്‍ കളിമണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരപ്പനെ വെച്ച് ചുറ്റിലും പൂക്കള്‍ കൊണ്ട്ട് മനോഹരങ്ങളായ പൂക്കളം ഒരുക്കുന്നു.
തെച്ചിയും അശോകപ്പൂക്കളും അടങ്ങിയ പൂക്കളത്തിനു നടുവില്‍ അമ്പത്തെ പാടത്തെ വെള്ളക്കെട്ടില്‍ വിരിഞ്ഞ് നില്‍ക്കുന്ന വെള്ളാമ്പലുകള്‍ പറിച്ചു കൊണ്ട് വന്നു വെക്കും. അതു ഞങ്ങളുടെ പൂക്കളത്തെ പരിശുദ്ധമാക്കുന്നു...തിരുവോണ ദിവസം എന്റെ വീട്ടിലും സദ്യയൊരുക്കും .സാമ്പാര്‍ , പുളിയൊഴിച്ച് വേവിച്ച കഷ്ണങ്ങളില്‍ തേങ്ങയും പച്ചമുളകും ചതച്ച് ചേര്‍ ത്ത് വെളിച്ചെണ്ണയും കറി വേപ്പിലയും ഇട്ടുണ്ടാക്കുന്ന അവിയല്‍ ,ലേശം മധുരത്തിന്റെ മേമ്പൊടിയോടെയുണ്ടാക്കുന്ന പുളിഞ്ചി,ഇളവനും ചേനയും നേന്ത്രക്കായും ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് കട്ടത്തൈരില്‍ തേങ്ങയും കുരുമുളകും ചേര്‍ത്തരച്ചുണ്ടാക്കുന്ന കുറുക്ക് കാളന്‍ ,വമ്പയറും ഇളവനും തേങ്ങാപ്പലില്‍ വേവിച്ചുണ്ടാക്കുന്ന ഓലന്‍ .മാമ്പഴം കിട്ടുന്നുവെങ്കില്‍ മാമ്പഴപുളിശ്ശേരി അല്ലെങ്കില്‍ കൈതച്ചക്ക പുളിശ്ശേരി,തേങ്ങ നല്ല പോലെ വെളിച്ചെണ്ണയില്‍ വറുത്ത് കടുകിട്ട് മൂപ്പിച്ച എരിശ്ശേരി,തൈരില്‍ പച്ചമുളകും കടുകും തേങ്ങയും ചേര്‍ത്തരച്ച് പൊടിയായി അരിഞ്ഞ വെള്ളരി പച്ചടി,എല്ലാ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടു കറി.ചെറിയ ഉള്ളികൊണ്ടുണ്ടാകുന്ന തീയല്‍,  തോരന്‍ ഉപ്പേരികള്‍ ഇങ്ങനെ പോകുന്നു സദ്യയുടെ രുചി ഭേദങ്ങള്‍ . .പാലടയും പരിപ്പ് പ്രഥമനും നാക്കിലയില്‍ ഒഴിച്ച് ചെറുപഴത്തിന്റേയും പപ്പടത്തിന്റേയും അകമ്പടിയോടെ കൂട്ടിക്കുഴച്ച് ഇടക്കൊക്കെ ലേശം പുളിഞ്ചി തൊട്ട് നാവില്‍ വെച്ച് സദ്യ മുഴുമിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ.
മുറ്റത്തെ ഗോമാവിലിട്ട ഊഞ്ഞാലില്‍ ആടാന്‍ ഞങ്ങളെല്ലാവരും മല്‍സരിക്കും .അവസാനം മുതിര്‍ന്നവര്‍ മേഡാസ് കളിയില്‍ ജയിക്കുന്നവര്‍ ക്ക് പരിഗണന നല്‍കും .പിന്നെ ഊഞ്ഞാലിലിരിക്കുന്ന ആളെ പിന്നില്‍ നിന്നൊരാള്‍  വെത്തിലക്കെട്ടെന്ന് പറഞ്ഞു ആഴത്തിലാട്ടും .വയറിനകത്ത് നിന്നും നെഞ്ച്ച് വഴി കണ്ണിലൂടെ ഭയം ഒരു മിന്നല്‍ പിണറിന്റെ വേഗത്തില്‍ മിന്നി മായും .ഇതിനിടയില്‍ തിരുവോണ ദിനത്തില്‍ അയല്‍ പ്പക്കത്തെ സ്ത്രീകള്‍ അവരുടെ രീതിയില്‍ കൈകൊട്ടിക്കളിയും കുമ്മിയടിച്ച് കളിയും നടത്തുമ്പോള്‍ പുരുഷന്‍മാരില്‍ ചുറുചുറുക്കുള്ളവര്‍ വടം വലിയും തലപ്പന്തു കളിയും കബഡിയും നാടന്‍ ശീലുകള്‍ക്കൊപ്പം കോലടിച്ച് കൊണ്ടുള്ള കോല്‍ക്കളിയും ആയി ആഘോഷത്തെ അവിസ്മരണീയമാക്കും .
ജാതിമതഭേദമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഈ ഒരുല്‍സവത്തെ അതിന്റെ പ്രൌഢിയോടേയും അന്തസ്സോടേയും കൊണ്ടാടാന്‍ ഞങ്ങളൂടെ നാട്ടില്‍ എല്ലാവരും ശ്രമിക്കാറുണ്ട്.മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യത്തേയും ,സമത്വത്തേയും ,സന്തോഷത്തേയും ഭരണത്തിന്റെ അടിത്തറയായി കണ്ടിരുന്ന ഒരു മഹാമനസ്കന്റെ ഓര്‍മക്കായ് ഒരു ദേശത്തെ ജനങ്ങളെല്ലാം ഒരു പോലെ കൊണ്ടാടുന്ന ഒരാഘോഷം ..ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും വിളവെടുപ്പുല്‍സവം കൂടിയാണു ഓണം .അന്നു ഞങ്ങളൂടെ ഗ്രാമത്തിലെ ഓലകൊണ്ടുണ്ടാക്കിയ സിനിമാ ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന ഓണച്ചിത്രങ്ങള്‍ കാണാന്‍ എല്ലാവരും ഉല്‍സാഹത്തോടെ സലീന ടാക്കീസിനു മുന്നില്‍ തടിച്ച് കൂടും .കടല്‍ കാണാന്‍ പോകുന്നവരും ഏറേ..വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസികളുടെ മാസങ്ങളോളം നീളുന്ന അവധിദിന ഓണാഘോഷങ്ങള്‍ എന്നെ പോലെ പലരേയും ആ പച്ച പുതച്ച പ്രദേശത്തെ ആഘോഷങ്ങളിലേക്ക് ഒന്നു കൂടെ എത്തി നോക്കാന്‍ പ്രേരിപ്പിക്കും .ഗൃഹാതുരത്വത്തിന്റെ വിങ്ങുന്ന കനലുകളില്‍ വീഴുന്ന ഉമിയെ പോലെ ഈ ഓര്‍മകള്‍ ;ഉള്ളില്‍ ആളാനാഗ്രഹിക്കുന്ന മധുര സ്മരണകളിലേക്ക് ഊര്‍ജമായ്. ഓരോ ആഘോഷങ്ങളും വര്‍ഷം തോറും വന്നു പോകുന്നു.വീണ്ടും വീണ്ടും കാത്തിരിപ്പിന്റെ നീളുന്ന വീഥികളില്‍ കണ്ണും നട്ട് അടുത്ത ആഘോഷത്തേയും ഉല്‍സവത്തേയും പ്രതീക്ഷിച്ച് .എന്റെ ഓണസ്മരണകള്‍ ഞാനയവിറക്കട്ടെ.....


Wednesday 17 August 2011

ഓര്‍മകുറിപ്പുകള്‍


മനസ്സില്‍ തിളങ്ങുന്ന റമദാന്‍ നിലാവ്:-
============================
ഓരോ റമദാന്‍ മാസങ്ങളും സഹനത്തിന്റേയും ത്യാഗത്തിന്റേയും ആത്മ സംശുദ്ധീകരണത്തിന്റേയും ഇളം തെന്നലായെന്നെ തലോടി മറയുമ്പോഴും ബാല്യത്തില്‍ എനിക്കനുഭവിക്കേണ്ടി വന്നിട്ടുള്ള ആ പുണ്യ മാസത്തിലെ ചില നനുത്ത ഓര്‍മകള്‍ ഉള്ളില്‍ വിങ്ങുന്ന ഒരു കുഞ്ഞു നെരിപ്പോടിന്‍ കനലുകളായ് ഇപ്പോഴും എരിയുന്നു.
ഏഴാം വയസ്സില്‍ നവംബര്‍ മാസത്തിന്റെ പകുതിയില്‍ വന്ന ഒരു റമദാന്‍ മുതലാണു ഞാന്‍ നോമ്പനുഷ്ഠിക്കാന്‍ ആരംഭിച്ചത്.കൂട്ടുങ്ങലിലുള്ള എന്റെ ഉമ്മയുടെ തറവാട്ടില്‍ എന്റെ വല്യുപ്പയും വല്യുമ്മയും അമ്മാവന്‍മാരും കുഞ്ഞുമ്മമാരും രണ്ട് പണിക്കാരുമടങ്ങിയ ആ വീട്ടില്‍ നോമ്പിനെ വലിയ ആഘോഷത്തോടേയാണു കൊണ്ടാടിയിരുന്നത്.നോമ്പു തുറക്കാന്‍ കടവത്തെ പള്ളിയിലെ ഇബ്രാഹിം മുസ്ലിയാരും കൂട്ടുങ്ങല്‍ പള്ളിയിലെ ഉണ്ണി മുസ്ലിയാരും ഉണ്ടാവാറുണ്ട്.കൂടാതെ വല്യുപ്പാടെ പരിചയക്കാരും ദൂര ദേശത്ത് നിന്നുമെത്തുന്ന കച്ചവട പങ്കാളികളുമൊക്കെയായി എന്നും കുറേ പേ ര്ക്കുള്ള നോമ്പു തുറ ഉണ്ടാകും .റമദാന്‍ മാസത്തിനു മുന്‍പായുള്ള ഷഹബാന്‍ മാസത്തിന്റെ പതിനഞ്ച് ബാറാത്ത് രാവിനു മുന്പേ തന്നെ റമദാനെ വരവേല്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും ... അരിപ്പൊടിയും ഇറച്ചിമസാലക്കൂട്ടുകളും ജീരക കഞ്ഞിക്കുള്ള പ്രത്യേകമസാലയും അങ്ങനെ നീളുന്നു പാചകത്തിനുള്ള ഒരുക്കങ്ങളുടെ പട്ടിക.

ആ വര്‍ഷം ഞാനും അങ്ങനെ നോമ്പെടുക്കാന്‍ വേണ്ടി നിയ്യത്ത് വെച്ചു. വല്യുമ്മാ ചൊല്ലി തന്ന നോമ്പിന്റെ നിയ്യത്ത് അവരുടെ മടിയില്‍ കിടന്ന് ഏറ്റു പറയുമ്പോള്‍ എന്റ് കുഞ്ഞു മനസ്സ് വ്രതമനുഷ്ഠിക്കാനുള്ള വെമ്പലില്‍ അസ്വസ്ഥമായി.ഉറക്കത്തിന്റെ ഏഴാം ബഹറില്‍ മുങ്ങിത്താണിരുന്ന എന്നെ കുഞ്ഞുമ്മയാണു തട്ടിയുണര്‍ത്തിയത്."എണീക്ക് കുട്ടി അത്താഴം കഴിക്കാന്‍ എല്ലാരും ഇരുന്നു.പോയി പല്ലു തേച്ച് മുഖം കഴുകി വാ"..അത് കേട്ടപ്പോള്‍ ഞാനാദ്യമായി നോമ്പെടുക്കാന്‍ പോകുന്നതിന്റെ ഉല്‍സാഹത്തില്‍ ചാടിയെണീറ്റു..കുഞ്ഞുമ്മാടെ കൂടെ അടുക്കള മുറ്റത്തെ കിണറ്റിന്‍ കരയില്‍ ചെന്നു.വൃശ്ചിക കാറ്റില്‍ പ്രകൃതി ആടിയുലയുന്നുണ്ടായിരുന്നു.ഇരുട്ടില്‍ ചാഞ്ചാടുന്ന തേങ്ങോലകളേയൂം വാഴയിലകളേയും തെല്ലൊരു ഭയത്തോടെ നോക്കി കൊണ്ട് ഞാനെന്റെ പല്ലു തേച്ചു.തിരിച്ച് അടുക്കളയിലേക്ക് കയറുമ്പോഴാണു ഞാനാ ഭയങ്കര ശബ്ദം കേള്‍ക്കുന്നത്.ഞെട്ടലോടെ കുഞ്ഞുമ്മാടെ ധാവണിയുടെ മുന്താണിയില്‍ ഇറുക്കി പിടിച്ച് കരയാന്‍ തുടങ്ങുമ്പോഴേക്കും കുഞ്ഞുമ്മ ഒരു പൊട്ടിച്ചിരിയോടെ എന്നോട് പറഞ്ഞു അത് അത്താഴം വെയ്ച്ചോളാന്‍ പറയുന്നതാണെന്നു. അതെന്താ..അതാരാ . ഇതൊക്കെ ചോദിക്കുമ്പോഴേക്കും അതു കേട്ട് വന്ന എന്റെ മാമ പറയാന്‍ തുടങ്ങി "അതാ പകലൊക്കെ കുട്ട്യോളെ പിടിക്കാന്‍ നടക്കണ തേവങ്കാണ്..അയാളുടെ കയ്യില്‍ വലിയൊരു ചാക്കുണ്ട്.അത്താഴത്തിനെണീക്കത്ത കുട്ട്യേളെ പിടിക്കാന്‍ വേണ്ടി സൈക്കിളില്‍ ഒരു റാന്തലും .തോളില്‍ ഒരു ചാക്കും ആയിട്ട് മൂപ്പരെറങ്ങും .എല്ലാ എടവഴീല്‍ കൂടേം പാടത്തിന്റെ വരമ്പത്തൂടേം ഒക്കെ നടന്ന് ഉറങ്ങികിടക്കണ കുട്ട്യോളെ പിടിച്ചോണ്ടോകും" .ങേ..ആ അറിവെന്നില്‍ എനിക്ക് ആ ശബ്ദം കേട്ടപ്പോളുണ്ടായിരുന്ന ഭയത്തിന്റെ അളവ് കൂട്ടി.വേഗം ചെന്ന് വടക്കിനിയിലെ ഇടനാഴിയില്‍ ഇട്ട പലകയില്‍ ചോറുണ്ണാനായി ഇരുന്നു.
ഇതും പറഞ്ഞ മാമ ഇടക്കിടെ എന്നെ നോക്കി ചിരിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അവിടെയുള്ള മേശയ്ക്കിരുവശങ്ങളിലായ് വല്യുപ്പയും മാമയും അത്താഴം കഴിക്കുന്നുണ്ട്.എന്റെ സ്ഥായിഭാവമായ മുഖം വീര്‍പ്പിക്കലോടെ ഞാന്‍ എനിക്കു മുന്നില്‍ വെച്ച ചോറില്‍ വട്ടം വരച്ചിരുന്നു.ഇതു കണ്ട് ഉമ്മ മാമാനോട് പറയാന്‍ തുടങ്ങി "ഡാ ബഷീറെ ആ അത്താഴം വെയ്ച്ചോളെ ഒന്നിങ്ങോട്ട് വിളിക്ക്.സാജി ചോറു തിന്നാണ്ടിരിക്കേന്ന് പറ"..ഇതു കേട്ട വല്യുപ്പ പറയുന്നുണ്ടായിരുന്നു."എന്തിന്നാഡ കുട്ട്യേളെ വെറുതെ പേടിപ്പിക്കണത്.സജുമ്മാ വേഗം അത്താഴം തിന്നു.എന്നിട്ട് ചക്കരപ്പാലു കുടിക്കേണ്ടതല്ലേ".വല്യുപ്പാടെ സ്നേഹത്തോടെയുള്ള സാന്ത്വനപ്പെടുത്തലില്‍ ഞാന്‍ കഴിക്കാന്‍ തുടങ്ങി .തേങ്ങാപ്പാലില്‍ കുടം പുളിയിട്ട് വെച്ച ആവോലിക്കറിയും തക്കാളിചട്ണിയും മീന്‍ വറുത്തതും കൂര്‍ക്ക ഉപ്പേരിയുമൊക്കെയടങ്ങിയ അത്താഴ വിഭവങ്ങളുമായി ഉമ്മയും കുഞ്ഞുമ്മയും എല്ലാവര്‍ക്കും വിളമ്പി കൊടുക്കുന്നുണ്ട്.
വല്യുമ്മ എന്നെ സ്നേഹത്തോടെ നോക്കി കൊണ്ട് പറയുന്നുണ്ടായിരുന്നു."ന്റെ മോളു വെക്കം ചോറു തിന്ന്.ഉമ്മ ഇപ്പം ചക്കരപ്പാലു തരാം" ..ഒരു വിധം കഴിച്ചെണീറ്റ് കൈകഴുകാന്‍ കൊട്ടത്തളത്തിനടുത്ത് വെച്ച ചെമ്പിലെ വെള്ളമെടുക്കുമ്പോഴും കേട്ടു അമ്പത്തെ പാടത്തിനതിരില്‍ നിന്നും "അത്താഴം വെയ്ച്ചോളെ" എന്ന ശബ്ദം . ഇതും കേട്ട ഞാന്‍ ഓടി വന്നു വല്യുമ്മാടെ കയ്യില്‍ നിന്നും കോപ്പയില്‍ കൊഴുത്ത ചക്കരപ്പാലു വാങ്ങി കുടിക്കാന്‍ തുടങ്ങി.ഓര്‍ക്കുമ്പോള്‍ ഇന്നും നാവിലൂറുന്ന ചക്കരപ്പാലിന്റെ രുചി.വല്യുമ്മ തേങ്ങാപ്പാലും ചെറുപഴവും കല്‍ക്കണ്ടവും ഒപ്പം തന്റെ സ്നേഹവും ചേര്‍ത്തുണ്ടാക്കിയിരുന്ന ചക്കരപ്പാലെന്ന മധുര വിഭവം ..എല്ലാ റമദാനിലും ആരും കഴിക്കാനില്ലെന്നറിയാമെങ്കിലും ഞാനിടക്കൊക്കെ അതുണ്ടാക്കാറുണ്ട്.പക്ഷെ ഒരിക്കലും ആ രുചി എനിക്ക് കിട്ടാറില്ല.
പിന്നീട് വല്യുമ്മാടെ ചൂടും പറ്റി ആ പെങ്കുപ്പായത്തിന്റെ ഏറ്റവും മുകളിലെ സ്വര്‍ണ കുടുക്കില്‍ പിടിച്ച് കിടക്കുമ്പോഴും ദൂരെ നിന്നും വീണ്ടും കേട്ടു ആ പേടിപ്പെടുത്തുന്ന ശബ്ദം .ഇപ്പോഴെനിക്കയാള്‍ പറയുന്നത് വളരെ വ്യക്തമായി തന്നെ കേള്‍ക്കാമായിരുന്നു."അത്താഴം വെയ്ച്ചോളേ നേരായി പോയല്ലോ ഹൊഹോയ്യ്.".ഇതു കേട്ടപ്പോള്‍ വല്യുമ്മാനെ ഒന്നുകൂടെ ഇറുക്കെ കെട്ടിപ്പിടിച്ച് കണ്ണുമടച്ച് ഞാന്‍ കിടന്നു.
ഞാന്‍ വിജയകരമായി തന്നെ പത്ത് നോമ്പുകളെടുത്തു.സ്കൂളിലെ കല്‍ക്കിണറില്‍ ഉച്ചവെയിലില്‍ തിളങ്ങിക്കിടക്കുന്ന ജലമെന്നെ ഷൈത്താന്റെ രൂപത്തില്‍ മാടി  വിളിക്കാറുണ്ടായിരുന്നു.അപ്പോഴൊക്കെ ഉണ്ണി മുസ്ലിയാര്‍ പറഞ്ഞ് തന്നിരുന്ന സുബര്‍ക്കത്തിലെ സുപ്രയിലെ കൊതിയൂറും വിഭവങ്ങള്‍ നോമ്പനുഷ്ടിക്കുന്നവര്‍ക്ക് വേണ്ടി ഹൂറികള്‍ ഒരുക്കുന്നതോര്‍മ വരും .സ്കൂള്‍ വിട്ടു വന്നാല്‍ തറവാട്ടിലെ അടുക്കളയില്‍ പാകപെട്ടു വന്നിരുന്ന നോമ്പു തുറക്കുള്ള ഭക്ഷണ സാധനങ്ങളും മനസ്സിനെ ചഞ്ചലപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും കരുത്തോടെ ആ ചിന്തകളെ കടിഞ്ഞാണിടാന്‍ പഠിക്കാന്‍ തുടങ്ങി.അന്നു മുതല്‍ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ഞാന്‍ അരുതാത്തതെന്തെങ്കിലും മനസ്സിലേക്ക് കടന്നു വരുമ്പോഴേക്കും വല്യുമ്മ പറഞ്ഞ് തന്നിട്ടുള്ള ഒരു കാര്യമോതും ..അഹൂദ് ബില്ലാഹി മിനഷൈത്ത്വാനി റജീം (ശപിക്കപെട്ട പിശാചില്‍ നിന്നും ഞാനള്ളാഹുവിലഭയം തേടുന്നു)
പടിഞ്ഞറോട്ട് ഉമ്മറമുള്ള തറവാട്ടിന്റെ പൂമുഖത്തെ കറുത്ത ചാന്തിട്ട് മിനുക്കിയ തിണ്ണയില്‍ തൂണിനെ കെട്ടി പിടിച്ചിരുന്നു അത്തി മര ചില്ലകളിലൂടെ അരിച്ച് വരുന്ന ചുവപ്പു രാശിയില്‍ സൂര്യനസ്തമിച്ചെന്നും മനസ്സിലാക്കി മഗ്രിബ് ബാങ്കു വിളിക്കായ് ഞാനും എന്റെ അനിയത്തിയും കാത്തിരിക്കും .
നാരങ്ങവെള്ളവും കാരക്കയും കൊണ്ട് തുറക്കുന്ന നോമ്പ്.അതിനു ശേഷം തേങ്ങപ്പാലില്‍ റവയിട്ട് കാച്ചി ചെറിയ ഉള്ളിയും ഉണക്ക മുന്തിരിയും കശുവണ്ടിയും പശുവിന്‍ നെയ്യിലിട്ട് മൂപ്പിച്ച് ഉണ്ടാക്കുന്ന തരിക്കഞ്ഞി. മഗ്രിബ് നമസ്ക്കാരത്തിനു ശേഷം പത്തിരിയും കറിയും . അതു കഴിഞ്ഞ് ഒന്നു വിശ്രമിക്കുമ്പോഴേക്കും ഈഷാ നമസ്കാരം തുടര്‍ന്നു തറാവീഹ് ..അതിനു ശേഷം കൂട്ടുങ്ങല്‍ പള്ളിയില്‍ മത പ്രഭാഷണം ഉണ്ടാകും .. ആ മസ്ജിദിന്. തൊട്ടു തന്നെയാണു വല്യുപ്പാടെ അനിയന്‍മാരുടെ കൂട്ടു കുടുംബം .വല്യുപ്പാടെ രണ്ടനിയന്‍മാരും വല്യുമ്മാടെ രണ്ടനിയത്തിമാരെയാണു കല്യാണം കഴിച്ചിട്ടുള്ളത്.അതിനാല്‍ തന്നെ ആ കുടുംബങ്ങളുമായി ഞങ്ങള്‍ക്ക് അഭേദ്യമായൊരു ബന്ധം തന്നെയാണുള്ളത്.ഈഷാ നമസ്കാരത്തിനു ശേഷം ജീരകക്കഞ്ഞിയും മീന്‍ മുളകിട്ടതും കഴിച്ചതിനു പിറകെ തറവാട്ടിലെ സ്ത്രീകള്‍ മത പ്രഭാഷണം ശ്രവിക്കാനായ് ഞങ്ങള്‍ സ്നേഹത്തോടെ ഇഞ്ഞയെന്നും ഇയാപ്പയെന്നും വിളിക്കുന്ന ഈ സഹോദര ദമ്പതികളുടെ വീട്ടില്‍ പോകും .ആ ചുറ്റുവട്ടത്ത് നിന്നുള്ള ചില സ്ത്രീ ജനങ്ങളും ഈ പ്രഭാഷണം കേള്‍ക്കാനായ് അവിടെയുണ്ടാകും .
അവിടെ ഇളയ സഹോദരിയായ സുഹറ ഇഞ്ഞയുണ്ടാക്കുന്ന ഖാവ എന്ന പാനീയം പ്രഭാഷണം കേള്‍ക്കാന്‍ വരുന്നവര്‍ക്കു വേണ്ടിയുള്ളതാണ്.പ്രത്യേക ഖാവ മസലയിട്ട് കാപ്പിപൊടിയും ചക്കരയും ഇട്ട് തിളപ്പിക്കുന്ന ഈ പാനീയത്തില്‍ നെയ്യില്‍ ചെറിയ ഉള്ളിയിട്ട് മൂപ്പിച്ചെടുക്കുന്നതിന്റെ നറുഗന്ധം ഇന്നുമെന്നെ ആ ഖാവയുടെ രുചി രഹസ്യത്തെ നിഗൂഢമായി തന്നെ തുടരട്ടെ എന്നു ചിന്തിപ്പിക്കുന്നു.അടുത്ത കാലത്ത് ആ സഹോദരകണ്ണിയില്‍ ആകെ ശേഷിച്ച സുഹറ ഇഞ്ഞാനെ കണ്ടപ്പോള്‍ ഞാനാ ഖാവക്കൂട്ട് ചോദിച്ച് മനസ്സിലാക്കിയെങ്കിലും കൂട്ടുങ്ങലങ്ങാടിയിലെ പനക്കലെ പീടികയില്‍ മാത്രം അന്നു കിട്ടിയിരുന്ന ആ ഖാവക്കൂട്ട് എനിക്കിന്നും അപരിചിതമായി തന്നെ നില്‍ക്കുന്നു.

ഇങ്ങനെ വല്യുപ്പാടേയും വല്യുമ്മാടേയും സംരക്ഷണത്തില്‍ എന്റെ രണ്ട് റമദാന്‍ മാസങ്ങള്‍ കൂടി കടന്നു പോയി.ഏഴു വയസ്സുകാരിയില്‍ നിന്നും കുറച്ച് കൂടെ പക്വതയുള്ള ഒമ്പത് വയസ്സുകാരി പഴയ തൊട്ടാവാടിയായിരുന്നില്ല. ഞാന്‍ നാലാം ക്ലാസുകാരിയായ അതേ കൊല്ലമാണു എന്റെ വാപ്പ ഖത്തറില്‍ നിന്നും ഒരു ജൂലായ് മാസത്തില്‍ വരുന്നതും വാപ്പ തൃശ്ശൂരില്‍ അമ്പാടി ലൈനില്‍ വാങ്ങിയ വീട്ടിലേക്ക് ഞങ്ങളൊരുമിച്ച് താമസം മാറ്റാന്‍ തീരുമാനിച്ചതും .എന്റെ ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെയാണു എം ആര്‍ സ്കൂളിനേയും എന്റെ പ്രിയപെട്ട കൂട്ടുകാരേയും അതിലുപരി സ്നേഹനിധികളായ എന്റെ വല്യുപ്പാനേയും വല്യുമ്മാനേയും പിരിഞ്ഞ് ഒരു പാട് ദൂരെ കഴിയണമല്ലോ എന്നത് ഉള്‍കൊള്ളേണ്ടി വന്നത്.

ഓഗസ്റ്റില്‍ വാപ്പ ഖത്തറിലേക്ക് തിരിച്ച് പോയതോടെ ഞങ്ങള്‍ അമ്പാടി ലൈനിലെ സാജിദ മന്‍സിലില്‍ വാപ്പാടെ അമ്മായിയും ലീല എന്ന ജോലിക്കാരിയും അടങ്ങുന്ന ഒരു കുടുംബമായൊതുങ്ങി.എന്റെ ഒരേയൊരനിയനെ കൂട്ടുങ്ങലില്‍ ഉമ്മാടെ തറവാട്ടില്‍ തന്നെ നിറുത്തി.നാലു വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കിടയിലെ ഒരേയൊരാണ്‍ തരിയായ ആ വികൃതിയെ നഗരത്തിന്റെ തിരക്കിലേക്ക് വിടാന്‍ എന്റെ വല്യുപ്പയും വല്യുമ്മയും സമ്മതിച്ചില്ല ..പോരാത്തതിനു എന്റെ ഒരു കുഞ്ഞനിയത്തി ഉമ്മയുടെ വയറ്റില്‍ താമസവുമാരംഭിച്ചിരുന്നു..വൈകിയ അഡ്മിഷന്‍ ആയതിനാല്‍ എനിക്കും അനിയത്തിക്കും വീടിനടുത്തുള്ള പ്രൈമറി സ്കൂളില്‍ പഠിക്കേണ്ടി വന്നു.അങ്ങനെ ആ വര്‍ഷം ഒക്ടോബറിന്റെ ആദ്യ പകുതിയോടെ തുടങ്ങിയ റമദാനില്‍ എനിക്കെന്തോ പഴയ ഉല്‍സാഹമെല്ലാം എന്നെ കൈവിട്ടു എന്ന തോന്നല്‍ .അപരിചിത നഗരജീവിതം , പുതിയ കൂട്ടുകാര്‍ ഒന്നും എനിക്കാശ്വാസമായി തോന്നിരുന്നില്ല. എന്റെ വല്യുപ്പ.വല്യുമ്മ.കുഞ്ഞുമ്മമാര്‍ എന്നെ എപ്പോഴും കളിയാക്കുന്ന മാമമാര്‍ ,റമദാനില്‍ ഞാന്‍ കാതോര്‍ത്ത് കിടക്കാറുള്ള അത്താഴം വെയ്ച്ചോളെ എന്ന ശബ്ദം എല്ലാം എനിക്കന്യമാവുന്നത് പോലെ തോന്നി.നോമ്പു തുടങ്ങുന്നതിനു മുന്പ് ഉമ്മാടെ തറവാട്ടില്‍ നിന്നും നോമ്പു തുറ വിഭവങ്ങള്‍ക്കുള്ള സാമഗ്രികളുമായി വല്യ മാമ വന്നു.എനിക്ക് മാമാടെ കൂടെ പോകണമെന്ന അദമ്യമായ ആഗ്രഹം.. മാമയും അതിനെ പിന്താങ്ങി. .പക്ഷെ സ്കൂള്‍ മുടങ്ങുന്നതിനെ കുറിച്ച് ഉമ്മ പറഞ്ഞപ്പോള്‍ മാമ അതും ശരിവെച്ചു എന്നെ കൂടാതെ തിരിച്ചു പോയി..
നിരാശയോടെ തൃശ്ശൂരിലെ എന്റെ ആദ്യത്തെ നോമ്പിനു തുടക്കമായി.ഇവിടെ അത്താഴത്തിനെണീപ്പിക്കാന്‍ മുട്ടും വിളിക്കാരെന്ന് പറയുന്ന ഒരു സംഘം ആളുകള്‍ പാതിരാവോടെ ഓരോ വീടിനു മുന്നിലും വന്നു ബദരീങ്ങളുടെ വീരഗാഥകള്‍ അറബനയെന്ന ഉപകരണത്തില്‍ ഉറക്കെ തട്ടി പാടുമായിരുന്നു.എന്നാലെനിക്കിതിലൊന്നും ഒരു പുതുമയും തോന്നിയില്ല.എന്റെ മനസ്സിലപ്പോഴും കൂട്ടുങ്ങലിലെ അമ്പത്തെ പാടത്തിന്റതിരിലൂടെ സൈക്കിളില്‍ റാന്തല്‍ വിളക്കും തോളില്‍ ചാക്കുമായ് അത്താഴം വെയ്ച്ചോളെ എന്ന ഭീതിയുണര്‍ത്തുന്ന ശബ്ദമായിരുന്നു..

റമദാന്‍ പകുതി കഴിഞ്ഞപ്പോഴേക്കും എന്നിലും അനിയത്തിയിലും ഉന്‍മേഷമുണര്‍ത്തുന്ന ഒരു വാര്‍ത്ത ഉമ്മ പറഞ്ഞു.ഇരുപത്തേഴാം രാവിനു നമ്മള്‍ കൂട്ടുങ്ങല്‍ തറവാട്ടിലേക്ക് പോകും ,പിന്നെ പെരുന്നാളൊക്കെ കഴിഞ്ഞിട്ടേ വരൂ..വല്യുപ്പ കൂട്ടുങ്ങലിലെ ഭാനു ടെക്സ്റ്റൈലില്‍ നിന്നും ഞങ്ങള്‍ക്കു വേണ്ടി പുത്തനുടുപ്പുകള്‍ക്കുള്ള തുണിയെടുത്ത് ശേഖരേട്ടന്റെ കയ്യില്‍ തയ്ക്കാന്‍ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു.വല്യുപ്പ ഉമ്മാക്കയച്ചിരുന്ന കത്തിലാണതു സൂചിപ്പിച്ചിട്ടുള്ളത് ഈ സന്തോഷ വാര്‍ത്തയില്‍ ഞാനും എന്റെ അനിയത്തി ഷഫിയും തുള്ളിച്ചാടി.ഞങ്ങളോടി ചെന്നു ഞങ്ങളുടെ അയല്‍വാസികളായ നഗര സഭയില്‍ ജോലി നോക്കുന്ന രാധചേച്ചിയോടും ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിക്കുന്ന ആമിനത്താടും തൃശ്ശൂരില്‍ പഴങ്ങളുടെ കച്ചവടം നടത്തുന്ന മോമുട്ടിക്കാടെ ഭാര്യയും ഞങ്ങളുടെ ചങ്ങാതികളായ സൌദയുടേയും ഷൈമോളുടേയും ഉമ്മയുമായ റുക്കിയാബിത്താടും ഈ സന്തോഷ വാര്‍ത്ത അറിയിച്ചു.അവരൊക്കെ ഞങ്ങളുടെ ഉല്‍സാഹത്തില്‍ സന്തോഷത്തോടെ പങ്കു ചേര്‍ന്നെങ്കിലും പെരുന്നാളിനു അവരുടെ കൂടെയുണ്ടാവില്ലല്ലോ എന്ന് കുണ്ഠിതപെട്ടു. അന്നു വൈകുന്നേരം നോമ്പു തുറക്കുന്നതിനു മുന്‍പായി വീടിനടുത്തുള്ള സ്റ്റാര്‍ ഹൌസിലെ തൃശ്ശൂര്‍ മഹരാജാസ് ഇന്സ്റ്റിറ്റുട്ട് ഓഫ് പോളി ടെക്നിക്കിലെ പ്രിന്‍സിപ്പള്‍ പരീദ് മാസ്റ്ററുടെ മക്കളും ഞങ്ങളുടെ കളികൂട്ടുകാരുമായ റസിയയോടും ആരിഫയോടും ഈ വിവരം പങ്കിടാനായ് ഞാനും ഷഫിയും ചെന്നു.അവരുമായി കളിച്ചു നില്‍ക്കുന്നതിനിടയില്‍ നോമ്പു തുറക്കാനായ് ഇടവഴിയിലുണ്ടായിരുന്നവര്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് കയറി .ഞങ്ങളും വീട്ടിലേക്ക് പോയി.നോമ്പു തുറന്ന് തിരിച്ച് ഇടവഴിയിലേക്ക് നോക്കിയപ്പോഴും ആരിഫയും റസിയയും അവരുടെ വീടിനു മുറ്റത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു.നോമ്പു തുറന്നില്ലേ എന്ന ചോദ്യത്തിനവര്‍ പറഞ്ഞത് അന്തിമാനം ശരിക്കും ചുവന്നിട്ടില്ല.മഗ്രിബ് ആയിട്ടില്ല എന്നു.അന്നു കാലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം കുറവായിരുന്നു.കൊക്കാല ജുമാ മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളി ശരിക്കും ശ്രദ്ധിച്ചാലെ ശ്രവിക്കാന്‍ കഴിയുമായിരുന്നുള്ളൂ.അമ്പാടി ലൈനിന്റെ തുടക്കത്തില്‍ തന്നെയുള്ള അവരുടെ വീട് കൊക്കാല പള്ളിയുമായി കുറച്ച് ദൂരമുള്ളതിനാല്‍ അവര്‍ ബാങ്ക് കേള്‍ക്കാതെ പോയതാണു അന്തിമാനത്തിന്റെ അരുണിമയെ കാത്തു നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

അങ്ങനെ ഞാനും അനിയത്തിയും കൂട്ടുങ്ങല്‍ തറവാട്ടിലെ മുറ്റത്തെ ഗോമാവില്‍ ഊഞ്ഞാലിടുന്നതിനെ കുറിച്ചും അമ്പത്തെ പാട വരമ്പിലൂടെ വളകൊട്ടകളേന്തി വരുന്ന വളക്കാരികളെ പറ്റിയും ,കന്നാലി പറമ്പിലെ ചെഞ്ചോപ്പ് മൈലാഞ്ചിയിടുന്നതിനെ കുറിച്ചും പെരുന്നാളിന്റെ സദ്യക്ക് ശേഷം അയല്‍പ്പക്കത്തേയും ഇയാപ്പാടെ തറവാട്ടിലേയും കുട്ടികളെ കൂട്ടി കടല്‍ കാണാന്‍ പൊകുന്നതിനെ കുറിച്ചും ഉല്‍സാഹത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.റമദാന്‍ ഇരുപതാം ദിവസം ഞങ്ങള്‍ സ്കൂളിലായിരിക്കെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങളുടെ ജോലിക്കാരി ലീലേച്ചി റ്റീച്ചറോട് ഞങ്ങളെ വീട്ടിലേക്ക് കൂട്ടി ചെല്ലാനുള്ള അനുവാദം ചോദിച്ചു വന്നു.റ്റീച്ചര്‍ സമ്മതം തന്നതും ബാഗുമെടുത്ത് ഞങ്ങള്‍ ലീലേച്ചിയോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോളാണു അവര്‍ പറയുന്നത് വല്യുപ്പ വീട്ടില്‍ വന്നിട്ടുണ്ട് അദ്ദേഹത്തിനു ഞങ്ങളെ കാണണമെന്ന് പറയുന്നുണ്ടെന്നും .ഞാന്‍ ഉപ്പ എന്നു വിളിക്കുന്ന എന്നെ സജുമ്മായെന്നു വിളിക്കുന്ന എനിക്കീ ലോകത്തേറ്റവും പ്രിയപെട്ട എന്റെ വല്യുപ്പ..ഞാന്‍ സന്തോഷത്തോടെ ഓടി ചെന്നു ഉപ്പാടെ അടുത്തേക്ക്. വല്യുപ്പ കസേരയിലിരിക്കുന്നു.ഉമ്മ അടുത്ത് നില്‍ക്കുന്നുമുണ്ട്.ഞങ്ങളെ കണ്ടതും ആ സ്നേഹനിധിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു.എന്നേയും അനിയത്തിയേയും രണ്ട് കൈകള്‍ക്കുള്ളില്‍ അടക്കി പിടിച്ച് കൊണ്ട് പറയാന്‍ തുടങ്ങി.മക്കള്‍ നന്നായി പഠിക്കണം .ഉമ്മാനെ വിഷമിപ്പിക്കരുത്..നല്ല കുട്ടികളാവണം എന്നൊക്കെ ..ഞങ്ങള്‍ അദ്ദേഹത്തിന്റെ ആ നല്ല ഉപദേശങ്ങള്‍ക്ക് തലയാട്ടി കൊണ്ട് നിന്നു.നോമ്പ് തുറന്ന് പോകാമെന്ന ഉമ്മാടെ സ്നേഹക്ഷണം നിര്‍ബന്ധമായപ്പോഴും വല്യുപ്പ തന്റെ ചില പരിമിതികളും ഏതൊക്കെയോ കച്ചവട പങ്കാളികള്‍ വൈകുന്നേരത്തിനെത്തുന്നുണ്ടെന്നും പറഞ്ഞു.ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു പിന്നെയെന്തിനാ ഉപ്പ ഇന്നു വന്നതെന്ന്..സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ പറഞ്ഞു എനിക്കിന്നു സുബുഹിക്ക് ശേഷം നിന്നേയും മക്കളേയും കാണണമെന്നു തോന്നി.പീടികയില്‍ പോയി കുറച്ചു കാര്യങ്ങളൊതുക്കി നേരെ ഇങ്ങോട്ട് പോന്നു സത്യം പറഞ്ഞാല്‍ ഞാന്‍ മോളുടെ അടുത്തേക്കാണു വരുന്നതെന്ന് നിന്റെ ഉമ്മാട് പോലും പറഞ്ഞിട്ടില്ല. ഉമ്മ പിന്നെ വല്യുപ്പാനെ നിര്‍ബന്ധിച്ചില്ല.ഉച്ചയ്ക്ക് തന്നെ വല്യുപ്പ തിരിച്ചു പോയി.പോകുമ്പോള്‍ ഞങ്ങളെ കെട്ടിപിടിച്ചുമ്മ വെച്ചു കൊണ്ട് പറഞ്ഞു വേഗം തന്നെ കാണാമെന്ന്.അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വല്യുപ്പാനെ കുറിച്ച് ഞാന്‍ കുറേ ചിന്തിച്ചു.വല്യുപ്പയാണ് എനിക്ക് എന്റെ വിരലുകള്‍ പിടിച്ച് ആദ്യാക്ഷരങ്ങള്‍ എഴുതിപ്പിച്ചിട്ടുള്ളത്.വാപ്പാക്ക് ഖത്തറിലേക്ക് കത്തെഴുതുമ്പോള്‍ അടിയില്‍ രണ്ട് വരി എന്നെ കൊണ്ട് അദ്ദേഹം എഴുതിപ്പിക്കും .ഒരെഴുത്തെങ്ങനെ എഴുതണമെന്ന് എന്നെ പഠിപ്പിച്ചത് വല്യുപ്പയാണ്.വല്യുപ്പാടെ കൂടെ പോയി ഡി രത്ന ഹോട്ടലില്‍ നിന്ന് പഞ്ചസാരയിട്ട ഉപ്പുമാവു തിന്നിട്ടുള്ളതും ,മുഴുവന്‍ പാവാട ഇടാത്തതിനു ഹംസ മുസ്ലിയാരില്‍ നിന്നും വഴക്കു കേട്ട ഞാന്‍ കരഞ്ഞു കൊണ്ട് ഫുള്‍ സ്കേര്‍ട്ട് വേണമെന്ന് വാശി പിടിച്ചപ്പോള്‍ ഏനുക്കാടെ കടയില്‍ നിന്നും ഒറ്റയിരുപ്പില്‍ ഇരുന്ന് പാവാട തയ്പിച്ചു തന്നതും ,വല്യുപ്പാടെ കൂടെ കൂട്ടുങ്ങലങ്ങാടിയില്‍ കൂടി നടക്കുമ്പോള്‍ കൊമ്പന്റെ പീടികയില്‍ നിന്നും കൊമ്പനും ,മണപ്പുറം ഹോട്ടലിലെ സ്വാമിയും എന്നെ ചൊടിപ്പിക്കാനായ് വല്യുപ്പാട് ചോദിക്കും മൂപ്പാ ഈ കുട്ട്യെ ഇങ്ങക്ക് നിലമ്പൂര്‍ കാട്ടീന്ന് കിട്ടീതാ. ല്ലെ.എന്റെ മുഖം ദേഷ്യം കൊണ്ട് ചുമക്കുമ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങും. കൂട്ടുങ്ങലില്‍ വല്യുപ്പാടെ കൂടെ കഴിഞ്ഞ ഓരോ നിമിഷവും എല്ലാവരാലും ഞാന്‍ ഒരു രാജകുമാരിയെ പോലെയാണു അംഗീകരിക്കപെട്ടിരുന്നത്.തറവാട്ടിലെ ആദ്യ ചെറുമകള്‍ .എല്ലാവരുടേയും കണ്ണിലുണ്ണിയായ്..ഇപ്പോഴൊ ഇവിടെ എന്നെ ആര്‍ക്കും ഒരു വിലയുമില്ല. നിരാശയോടെ .തലയിണയില്‍ മുഖമമര്‍ത്തി നെടുവീര്‍പ്പിട്ടു കൊണ്ട് ഞാന്‍ ഉറക്കത്തെ ആശ്ലേഷിച്ചു.

അങ്ങനെ ഉമ്മാടെ തറവാട്ടില്‍ പോയി പെരുന്നാളോഘോഷിക്കുന്ന ആനന്ദ ചിന്തയില്‍ രണ്ട് ദിവസം കൂടി കഴിഞ്ഞു.നോമ്പ് ഇരുപത്തി രണ്ടാം ദിവസം നോമ്പു തുറക്ക് ശേഷം സ്കൂളിലേക്കുള്ള ഗൃഹപാഠങ്ങള്‍ ചെയ്യലും ബാഗൊതുക്കലുമൊക്കെ കഴിഞ്ഞു ഞാനും അനിയത്തിയും ജീരക കഞ്ഞി കുടിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നു.ഉറക്കത്തിലേക്ക് വഴുതിയ ഞാന്‍ ഉച്ചത്തിലുള്ള ഉമ്മാടെ കരച്ചില്‍ കേട്ടു കൊണ്ടാണ്‍ കണ്ണു തുറന്നത്.വേഗമെഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ അവിടെ വല്യുപ്പാടെ സഹോദരനായ വല്യ ഇയാപ്പ ഇരുന്നു കൊണ്ട് ഉമ്മാനെ സമാധാനിപ്പിക്കുന്നുണ്ട്."ഒന്നൂല്ല മോളെ ചെറിയ ഒരു പനി.അനക്കറിയണതല്ലെ ഇക്കാക്ക് എടക്കെടക്ക് കയലപ്പനി വരണത്.അതന്നെ ഈ പനി.പിന്നെ മൂപ്പര്‍ക്ക് എല്ലാരും അടുത്ത് വേണന്ന് പറേണെണ്ട്.അന്നെ കുട്ട്യോളേം കാണണന്ന് പറയുന്നുണ്ട്..അതാ ഞാം വന്നെ".ഇയാപ്പാടെ ആശ്വാസങ്ങള്‍ക്കിടയിലും ഉമ്മ വിതുമ്പി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഞാനോടി ചെന്ന് അനിയത്തിയെ ഉണര്‍ത്തി ,"വാ നമ്മള്‍ കൂട്ടുങ്ങല്‍ക്ക് പൊവേണ്."ലീലേച്ചി വീടിന്റെ വാതിലുകളൊക്കെ പൂട്ടുന്നുണ്ട്.വാപ്പാടെ അമ്മായിയും ഉമ്മയും ഞങ്ങളും ലീലേച്ചിയും കൂടെ ഇയാപ്പ വാടകക്കെടുത്ത് വന്ന അംബാസ്സഡറില്‍ കയറി ഇരുന്നു .കണ്ണീരൊഴുക്കിയിരിക്കുന്ന ഉമ്മയ്ക്കിരുവശങ്ങളിലായ് ഞാനും അനിയത്തിയും ഇരുന്നു.രാത്രി പതിനൊന്നു മണീയായിക്കാണും.വിജനമായിരുന്നു വീഥികള്‍ .പാതയോരങ്ങളിലെ അരണ്ട നിയോണ്‍ ബള്‍ബുകള്‍ നല്‍കുന്ന മങ്ങിയ പ്രകാശത്തില്‍ തിരക്കൊഴിഞ്ഞ റോഡുകള്‍ ദുരൂഹങ്ങളായി തോന്നി.പുഴയ്ക്കല്‍ പാടങ്ങള്‍ക്ക് നടുവിലൂടേയുള്ള യാത്ര.ഇരുവശങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍ ഭീകര സത്വങ്ങളെ പോലെ ..മനസ്സിനെ ഏതോ ഒരജ്ഞാത ഭയം കീഴ്പ്പെടുത്തിയിരിക്കുന്നു.കനത്ത ഇരുട്ടിലിലൂടെ നോക്കുമ്പോള്‍ പാടത്തിനപ്പുറത്തെവിടേയൊ മുനിഞ്ഞ് കത്തുന്ന റാന്തല്‍ വെളിച്ചം .മുകള്‍ ഭാഗം ഇത്തിരി താഴ്ത്തി വെച്ച കാറിന്റെ ചില്ലു ജാല്കത്തിനെ ചൂഴ്ന്നു മുഖത്തെ തലോടുന്ന തണുത്ത കാറ്റ്.ഇയാപ്പ പറയുന്നുണ്ട് അപ്പോഴും ,ഡോക്ടര്‍ സെയ്തലവിയുണ്ടവിടെ.വല്യുപ്പാടെ കൂട്ടുകാരനും കെമിസ്റ്റുമായ ജോണേട്ടനുണ്ടവിടെ .ഒന്നും പേടിക്കാനില്ല എന്നു.ഇതു കേട്ട ഉമ്മ പറയുന്നുണ്ടായിരുന്നു."അല്ല ഇയാപ്പ ഉപ്പ മിനിഞ്ഞാന്നല്ലെ എന്നേം കുട്ട്യോളേം കാണാന്‍ വന്നത്.അപ്പോഴൊന്നും ഒരു കുഴപ്പവുമില്ലേര്ന്നല്ലാ.ഇതിപ്പൊ ന്താന്റെഉപ്പാക് പറ്റീത്.".ഇയ്യ് വെഷമിക്കാണ്ടിരിക്ക് മോളേ ഉപ്പാനെ കാണുമ്പൊ അനക്ക് സമാധാനാവും .ഇതിപ്പൊ പെരുന്നാളും വരണതല്ലെ അപ്പൊ ഇയ്യും കുട്ട്യോളും കൊറച്ച് നേരത്തവിടെണ്ടായാലും ഒരു കൊഴപ്പോം ഇല്ലല്ല.ഇതു കേട്ടു ഉമ്മ പിന്നെയൊന്നും പറഞ്ഞില്ല.

ഇരുട്ടിനെ ചൂഴ്ന്നു കൊണ്ട് മുന്നോട്ട് പായുന്ന വാഹനം ,ദൂരെ കാണുന്ന വിലങ്ങന്‍ കുന്നു പിന്‍ നിലാവിന്‍ വെട്ടത്തില്‍ ഒരു രാക്ഷസനെ പോലെ വഴിമുടക്കി നില്‍ക്കുന്നതായ് തോന്നി.അനിയത്തി വീണ്ടും ഉറക്കത്തിലേക്ക് വീണിരുന്നു.ലീലേച്ചിയുടെ മടിയില്‍ സുഖ നിദ്രയിലാണവള്‍ .ഉമ്മാടെ സാരിയുടെ തലപ്പിനെ പുതപ്പാക്കി ഞാനിരുന്നു.അങ്ങകലെ നിന്നും അപ്പോള്‍ കെട്ടു റൂഹാനിക്കിളിയുടെ കരച്ചില്‍ .അള്ളാ..ഉമ്മ ഉറക്കെ വിളിച്ചു.ലീലേച്ചി പറയുന്നുണ്ടായിരുന്നു "അയ്യോ കാര്‍ക്കോടന്‍ ചാതീടെ കരച്ചിലല്ലെ കേള്‍ക്കണത്."ഞാനും തെല്ലു ഭയത്തോടെ ഞങ്ങളെ പിന്തുടരുന്ന ആ ശബ്ദം കേട്ടു.പൂവ്വാ..പൂവ്വാ എന്നുറക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന പോലെ.കാറിലിരിക്കുന്ന അമ്മായി പ്രാകാന്‍ തുടങ്ങി,നശിപ്പ് ഈ ശവിയെന്തിനാ ഇപ്പൊങ്ങനെ കരേണത്.ഉമ്മ വീണ്ടും വിതുമ്പി കൊണ്ട് ഖുറാനിലെ സൂക്തങ്ങള്‍ ഉരുവിടാന്‍ തുടങ്ങി.
പാതിരാവോടെ കൂട്ടുങ്ങലിലെത്തിയ ഞങ്ങള്‍ പ്രധാന വീഥിയില്‍ നിന്നും ഇയാപ്പ തെളിച്ച ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇടവഴിയിലൂടെ തറവാട് മുറ്റത്തെത്തി.വീട്ടില്‍ ഒരുപാടാളുകളെ കണ്ടു.
ഉമ്മറത്തേക്ക് ഞങ്ങള്‍ കയറി. അവിടെ തന്നെ നിന്നിരുന്ന വല്യ മാമാനെ ഉമ്മ കണ്ടതും ഉറക്കെ കരഞ്ഞു കൊണ്ട് ചോദിക്കാന്‍ തുടങ്ങി.. "ഉണ്ണ്യേ എന്താ നമ്മട ഉപ്പാക്ക് പറ്റീത്". ഉമ്മാനെ കരവലയത്തിലൊതുക്കി മാമ പറയാന്‍ തുടങ്ങി "നമ്മള്ടെ ഉപ്പാക് ഒന്നൂല്ല താത്ത ഒന്നും പറ്റീട്ടില്ല.ദേ ഉപ്പാനെ നോക്ക്യേ"..ഞാനും ഉമ്മാടെ കൂടെ ഉപ്പ കിടക്കുന്ന കട്ടിലിനടുത്തേക്ക് ചെന്നു.ചുറ്റും ആരൊക്കെയോ ഉണ്ട്.വല്യുപ്പ ഞങ്ങളെ കണ്ടതും അടുത്തേക്ക് വിളിച്ച് അവശത നിറഞ്ഞ മുഖത്തോടെ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു."ഒന്നൂല്ല എനിക്ക് മക്കളെ ചെറിയൊരു നെഞ്ച് വേദന.അത്രേയുള്ളൂ.നാളെ നേരം വെളുക്കുമ്പോഴെക്കും മാറും .മക്കളു അത്താഴം കഴിച്ചിട്ട് കെടന്നോ.ഉപ്പ സുബുഹിക്ക് വിളിക്കാം" .ഉമ്മ വല്യുപ്പാടെ നെറ്റിയില്‍ ഉമ്മ വെച്ചതിനു ശേഷം വല്യുമ്മയും കുഞ്ഞുമ്മമാരും വല്യുപ്പാടെ ഒരേയൊരു സഹോദരിയും ഞങ്ങള്‍ പെറ്റയെന്നു വിളിക്കുന്ന ഉമ്മാടെ അമ്മായിയും തറവാട്ടിലെ മറ്റു സ്ത്രീകളും ഇരിക്കുന്ന നടുമുറിയിലേക്ക് പോയി.ഞാന്‍ ഉപ്പാടെ കട്ടിലിന്റെ തലക്കല്‍ നില്‍ക്കുകയാണ്.ഉപ്പ എന്നെ കയ്യുയര്‍ത്തി അടുത്തേക്ക് വിളിച്ചു.ഒന്നും മനസ്സിലാകാതെ നിന്നിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.ഇത്തിരി തണുത്ത ആ കൈത്തലം കൊണ്ട് എന്റെ മുഖം തലോടി.ഞാനുപ്പാക്ക് ആ കവിളിലൊരുമ്മ കൊടുത്തു,പിന്നെ എന്നോട് പറഞ്ഞു "സജുമ്മ പോയി ഒറങ്ങിക്കോട്ടാ വല്യുമ്മാടെ അടുത്ത് പോയി കെടന്നോ".ആരൊ പിടിച്ചെന്നെ വല്യുമ്മാടെ അടുത്തേക്ക് കൊണ്ടു പോയി.തറവാട്ടിലെ ജോലിക്കാരിയായ ബീവുത്ത തളത്തില്‍ പായ വിരിച്ചു തന്നു കുട്ടികളെല്ലാവരും കൂടി അവിടെ കിടന്നു.

കൂട്ടത്തോടെയുള്ള നിലവിളികള്‍ ക്കിടയിലാണു ഞാനെണീക്കുന്നത്..കടവത്തെ പള്ളിയില്‍ നിന്നും സുബുഹി ബാങ്കിന്റെ ഒലി കേള്‍ക്കാനുണ്ടായിരുന്നു .ഓടി ചെന്നു ഉപ്പാടെ മുറിയിലേക്ക് വെളുത്ത തുണി കൊണ്ട്ട് മുഖം മൂടി ഉറങ്ങുന്ന വല്യുപ്പ . തിരിച്ച് ഞാന്‍ നടു മുറിയിലെത്തി അവിടെ കുന്തിരിക്കവും ചന്ദനത്തിരികളും പുകയുന്നുണ്ട്.വല്യുപ്പാനെ കുറേ പേര്‍ താങ്ങി കൊണ്ടു വന്നു നടുമുറിയില്‍ വെറും മെത്തപ്പായയില്‍ കിടത്തി.ഇതു കണ്ട ഞാന്‍ എന്തോ പന്തി കേട് തോന്നി ഉമ്മാടെ അടുത്തേക്കോടി.ഉമ്മ തളത്തില്‍ ബോധമില്ലാതെ കിടക്കുന്നു.കുഞ്ഞുമ്മമാരും പെറ്റയും ഇഞ്ഞാമാരും പരസ്പരം കെട്ടിപിടിച്ച് കരയുന്നു.വല്യുമ്മാനെ നോക്കിയപ്പോള്‍ ഒന്നുമുരിയാടാതെ അസ്ത പ്രജ്ഞയായിരിക്കുന്നു.പെട്ടെന്നു വല്യുമ്മയെണീറ്റ് അംഗ ശുദ്ധി വരുത്തി.നമസ്കരിക്കാന്‍ തുടങ്ങി.ഞാന്‍ വല്യുമ്മാനെ മാത്രം ശ്രദ്ധിച്ചു.നമസ്കാരത്തിനു ശേഷം അവര്‍ കരയുന്നവരോടൊക്കെ നമസ്കരിച്ചിരുന്ന് ഓതാന്‍ നിര്‍ദ്ദേശം നല്‍ കി.കുഞ്ഞുമ്മാട് ഞാന്‍ ചോദിച്ച് എന്താണുപ്പാക്ക് പറ്റിയതെന്നു.കുഞ്ഞുമ്മയെന്നെ പുണര്‍ന്നു കൊണ്ട് പറഞ്ഞു നമ്മളുടെ ഉപ്പ സ്വര്‍ഗത്തിലേക്ക് പോയി .ഇനി നമ്മള്‍ക്കൊരിക്കലും ഉപ്പാനെ കാണാന്‍ കഴിയില്ല.ഇതും പറഞ്ഞ് അവര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു .റമദാന്‍ ഇരുപത്തി മൂന്നു പ്രഭാതം കൂട്ടുങ്ങലില്‍ പുലര്‍ന്നത് അവിടുത്തെ പ്രശസ്ത വ്യാപാരിയും പൌര പ്രമുഖനും സര്‍വോപരി നല്ലൊരു മനുഷ്യനുമായിരുന്ന അബു മൂപ്പന്റെ നിര്യാണ വാര്‍ത്തയുമായിട്ടായിരുന്നു.ഇനിയെന്റെ ഉപ്പയെന്നോട് ഒരിക്കലും സംസാരിക്കില്ലല്ലോ.കാണാന്‍ കഴിയില്ലല്ലോ.എന്നെ സജുമ്മാന്ന് വിളിക്കാനിരിയാരുമില്ലല്ലോ ഈ വക ചിന്തകളില്‍ സങ്കടം സഹിക്കാനാവാതെ ഞാന്‍ കുറേ നേരം കിഴക്കേ കോലായില്‍ പോയിരുന്നു വാവിട്ട് കരഞ്ഞു.പിന്നീട് മയ്യത്തിനടുത്തിരുന്നു മറ്റെല്ലാവര്‍ക്കുമൊപ്പം യാസീനോതാന്‍ തുടങ്ങി.

പല പ്രമുഖ വ്യക്തികളും വന്നു വല്യുപ്പാടെ നിര്യാണത്തില്‍ നേരിട്ട് വന്നു അനുശോചിക്കുന്നുണ്ടായിരുന്നു.ചാവക്കാട്ടെ പ്രശസ്ത ബിസിനെസ്സ് കാരനായ(കാജ ബീഡി)രാജ മുതലാളി വല്യുപ്പാടെ വളരെ അടുത്ത കൂട്ടുകാരനായിരുന്നു.അദ്ദേഹം വന്നു ഉപ്പാടെ മയ്യത്ത് കണ്ട് പൊട്ടിക്കരഞ്ഞത് ഇന്നുമെനിക്ക് അവരുടെ സൌഹൃദത്തിന്റെ ആഴത്തെ വിസ്മയത്തോടെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു."മൂപ്പാ"എന്നു മാത്രമെ അദ്ദേഹം വല്യുപ്പാനെ സംബോധന ചെയ്യുമായിരുന്നുള്ളൂ.വല്യുപ്പാടെ വിയോഗത്തിനു ശേഷവും ആ നല്ല മനുഷ്യന്‍ കൂട്ടുങ്ങല്‍ തറവാടിനെ പ്രത്യേക ശ്രദ്ധയോടെ കണ്ടിരുന്നു. വല്യുപ്പാടെ ജനാസ പൌര പ്രമാണിമാരുടേയും പ്രമുഖരുടേയും അകമ്പടിയോടേയുള്ള വന്‍ ജനാവലിയുമായി അസര്‍ നമസ്ക്കാര ശേഷം മണത്തല ജുമാ മസ്ജിദിനെ ലക്ഷ്യമാക്കി നീങ്ങി. പള്ളിയുടെ മുന്‍വശത്തായിട്ട് നില്‍ക്കുന്ന പൂവരശെന്ന വലിയ മരത്തിന്റെ തണലില്‍ വല്യുപ്പാക്ക് അന്ത്യ വിശ്രമത്തിനുള്ള കബര്‍ ഒരുക്കിയിരുന്നു.അസ്തമയ സൂര്യന്‍ ദുഃഖം ഘനീഭവിക്കുന്ന ഭാവത്തോടെ അറബിക്കടലിലേക്ക് താഴുന്നുണ്ട്.ഒരു കാലഘട്ടത്തിന്റെ പ്രതാപമായിരുന്ന ഞങ്ങളുടെ വല്യുപ്പ ആ അസ്തമയ സൂര്യനൊപ്പം തന്റെ ഉജ്ജ്വല പ്രകാശവുമായി കാലയവനികക്കുള്ളില്‍ ഓര്‍ക്കാനൊത്തിരി സുവര്‍ണ്ണ നിമിഷങ്ങള്‍ ഞങ്ങളിലവശേഷിപ്പിച്ച് മറഞ്ഞു.

കബറടക്കം കഴിഞ്ഞെല്ലാവരും തിരിച്ചെത്തുമ്പോഴേക്കും നോമ്പു തുറക്കാറായിരുന്നു.അതു വരെ ആ തറവാട്ടിലെ ഓരോ നോമ്പു തുറയും ഒരുല്‍സവ പ്രതീതി ജനിപ്പിച്ചിരുന്നെവെങ്കില്‍ അന്നത്തേത് തികച്ചും വ്യത്യസ്ഥമായതായിരുന്നു.ഞാന്‍ ആരോടും മിണ്ടാനില്ലാതെ വല്യുമ്മാടെ അരികില്‍ ചെന്നു.നിശ്ശബ്ദം വിങ്ങി കരഞ്ഞിരിക്കുന്ന ശുഭ്ര വസ്ത്രധാരിയായി വല്യുമ്മ.. അവരുടെ വേഷ പകര്‍ച്ചയില്‍ എനിക്കും സങ്കടവും അത്ഭുതവും തോന്നി.അതിനു ശേഷം ഞാനൊരിക്കലും എന്റെ വല്യുമ്മാനെ നിറപകിട്ടോടെ കണ്ടിട്ടില്ല. എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ എന്റെ ഉമ്മയും ഉപ്പയുമായി ഞാന്‍ കണ്ടിരുന്നതും വിശ്വസിച്ചിരുന്നതും ഇവരെയാണു.ചെറുപ്പത്തില്‍ തന്നെ വിവാഹിതയാവുകയും ഒരു വയസ്സിന്റെ വ്യത്യാസത്തില്‍ ഞാനും അനിയത്തിയും ജനിക്കുകയും ചെയ്തപ്പോള്‍ എന്റെ ഉമ്മ എന്നെ എനിക്ക് അഞ്ച് മാസം പ്രായമുള്ളപ്പോള്‍ തന്നെ ഈ മുത്തശ്ശനേയും മുത്തശ്ശിയേയും ഏല്‍പ്പിച്ചു തൃശ്ശൂരിലുള്ള ഭര്‍തൃ ഗൃഹത്തിലേക്ക് പോയി. പിന്നീട് ഞാനും എന്റെ ഉപ്പയും ഉമ്മയുമായി പറഞ്ഞറിയിക്കാനാവാത്ത ഒരു അടുപ്പം രൂപപെട്ടു.ആ അടുപ്പം എന്റെ വിവാഹം വരെ ആ തറവാട്ടില്‍ ഞാനുണ്ടാകുന്നതിനു കാരണമായി. തൃശ്ശൂരിലെ വീട്ടില്‍ നിന്നും ഞാന്‍ പിന്നീട് അഞ്ചാം ക്ലാസിലേക്ക് ജയിച്ചതിനു ശേഷം മമ്മിയൂരിലെ എല്‍ .എഫ് കോണ്‍ വെന്റ് സ്കൂളില്‍ വന്നു ചേരുകയും എന്റെ സ്ഥിര താമസം കൂട്ടുങ്ങല്‍ തറവാടിലാവുകയും ചെയ്തു.വല്യുപ്പാടേയും വല്യുമ്മാടേയും സ്നേഹം ഒരുമിച്ച് ഞാനനുഭവിച്ചു എന്റെ ഉമ്മ അഥവാ വല്യുമ്മയില്‍ നിന്നുമാണു.വളരെ പക്വമതിയും തന്റേടവുമുള്ള ഒരു സ്ത്രീയായിരുന്നു എന്റെ വല്യുമ്മ.പിന്നെ ആ തറവാടിനെ ഭരിച്ച് എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് അവരുടെ മിടുക്ക് കൊണ്ടായിരുന്നു.എന്റെ റോള്‍ മോഡലായി ഞാന്‍ കാണുന്നതും ആ സാധ്വിയെ തന്നെ.

അന്നു മഗ്രിബിനു ശേഷം ഞങ്ങളെല്ലാവരും ഉമ്മറത്തെ തിണ്ണയിലിരുന്ന് ഖുറാന്‍ ഓതുകയാണു.തുലാവര്‍ഷത്തിന്റെ ഇടിമുഴക്കങ്ങള്‍ അമ്പത്തെ പാടത്തിനപ്പൂറത്ത് പതിക്കുന്ന പോലെ ..മിന്നല്‍പ്പിണറുകള്‍ ഗോമാവിന്റെ ചില്ലയിലൂടെ മുറ്റത്തെ പഞ്ചാരമണലിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി.ഇടവഴിയിലൂടെ അരിച്ചെത്തുന്ന ഇരുട്ട്.പടിഞ്ഞാറു മുറ്റത്തെ അത്തിമരത്തില്‍ നിന്നും അപ്പോള്‍ കേട്ടു വലിയൊരു ചിറകടി.ഒപ്പം പേടിപ്പെടുത്തുന്ന ഒരു ശബ്ദവും .അതെ ആ കുറ്റിച്ചൂലാന്‍ അഥവാ കാര്‍ക്കോടന്‍ ചാതി ഇരുന്നു കരയുകയാണു.ഞങ്ങള്‍ കുട്ടികള്‍ ഭയത്തോടെ പരസ്പരം നോക്കി.പിന്നെ ഉറക്കെ ഉറക്കെ ഖുറാന്‍ ഓതി .വീണ്ടും കേട്ടു ചിറകടി ആ റൂഹാനിക്കിളി അടുത്ത മരച്ചില്ല തേടി ദൂരേക്ക് പറന്നു പോകുകയായിരുന്നു.

പിന്നെ ഒരു മാസക്കാലത്തോളം ഞങ്ങള്‍ കൂട്ടുങ്ങല്‍ തറവാട്ടില്‍ തന്നെയുണ്ടായിരുന്നു.പെരുന്നാള്‍ ദിനം വന്നതും പോയതുമൊന്നും ഞങ്ങള്‍ അറിഞ്ഞില്ല.മുറ്റത്തെ ഗോമാവിലെ കൊമ്പില്‍ മാന്തളിരുണ്ണാനായ് കുയിലും ചെമ്പോത്തുമൊക്കെ വന്നിരിക്കുന്നത് കണ്ടെങ്കിലും ആ കൊമ്പില്‍ ഞങ്ങളിടാനുദ്ദേശിച്ച ഊഞ്ഞാലിനെ കുറിച്ച് ഓര്‍ത്തതു പോലുമില്ല.വളക്കാരികള്‍ കുട്ടകളേന്തി പാടവരമ്പിലൂടെ വരുന്നത് ഞാനും അനിയത്തിയും കണ്ടില്ലെന്നു നടിച്ചു.ശേഖരേട്ടന്‍ പെരുന്നാളിന്റെ തലേ ദിവസം ഉടുപ്പുകളുമായെത്തിയെങ്കിലും ഉമ്മ ഞങ്ങളോട് പറഞ്ഞു ഇതു വല്യ പെരുന്നാളിനിടാം .നമുക്ക് ഈ പെരുന്നാളാഘോഷമില്ല എന്നു.അയല്‍പ്പക്കത്തെ കുട്ടികള്‍ പുതിയ രൂപങ്ങളില്‍ മൈലാഞ്ചി ഇട്ടത് സന്തോഷത്തോടെ ഞങ്ങളെ കാണിച്ചെങ്കിലും അതു പോലെ മൈലാഞ്ചി അണിയണമെന്ന് എനിക്ക് തോന്നിയില്ല.ഇടക്കൊക്കെ ഞാനും അനിയത്തിയും വീട്ടിലെ മുതിര്‍ന്നവരുടെ കണ്ണു വെട്ടിച്ച് ചെറിയ പാലം കയറി മണത്തല പള്ളിയില്‍ പോയി വല്യുപ്പാടെ കബറിടം സന്ദര്‍ശിക്കുകയും .വല്യുപ്പാട് അന്നന്നു നടക്കുന്ന വിശേഷങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു.

ഒരു മാസത്തിനു ശേഷം ഞങ്ങള്‍ തിരിച്ച് അമ്പാടി ലെയ്നിലെ വീട്ടിലേക്ക് പോയി.
പക്ഷെ വല്യുപ്പയും കൂട്ടുങ്ങല്‍ തറവാടും സമ്മാനിച്ചിട്ടുള്ള കുറേ നല്ല ഓര്‍മകള്‍ ഞങ്ങള്‍ വിഷമത്തോടെ അയവിറക്കി കൊണ്ടിരുന്നു.ഓരോ റമദാന്‍ മാസങ്ങളും കടന്നു പോകുമ്പോഴും പഴയ ആ പ്രതാപ കാലവും സ്മരണകളും ഒന്നു കൂടെ മനസ്സിലേക്കോടിയെത്തും . റമദാന്‍ ഇരുപത്തി മൂന്നിനു വല്യുപ്പ ഞങ്ങളെ പിരിഞ്ഞ ആ ഓര്‍മയില്‍ ഞങ്ങളെല്ലാവരും ഒത്തുകൂടാറുണ്ട്.വല്യുപ്പാക്ക് വേണ്ടി യാസീനോതാറുണ്ട്.എന്റെ ഓര്‍മകളുടെ നടുമുറ്റത്ത് സ്വര്‍ണ്ണ സിംഹാസങ്ങളിലിരിക്കുന്ന രണ്ട് വ്യക്തിത്വങ്ങള്‍ എന്റെ പ്രിയപെട്ട വല്യുപ്പയും വല്യുമ്മയും അഥവാ ഞാന്‍ ഉമ്മയെന്നും ഉപ്പയെന്നും മാത്രം വിളിക്കാനാഗ്രഹിക്കുന്ന സ്നേഹനിധികള്‍ ..ഒരിക്കലും മറവിയുടെ അകത്തളത്തില്‍ ക്ലാവു പിടിക്കാന്‍ വിടാതെ ഇന്നും തേച്ചു മിനുക്കുന്നു ഞാനീ ഓര്‍മകള്‍ ..

==================================================================