Sunday, 30 December 2012


മല്‍സ്യകന്യകയുടെ ഉദ്യാനവിരുന്ന്:- (Aussie memoir part 4.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)
അരയന്നങ്ങളുടെ താഴ്വരയില്‍  (സ്വാണ്‍ വാലി,സിറ്റി ഓഫ് സ്വാണ്‍ ജില്ല) നിന്നും മാര്‍ഗരെറ്റ് റിവറിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യകിരണങ്ങള്‍ പിച്ച വെക്കുന്നതേയുണ്ടായിരുന്നുള്ളൂ..മൂന്നു ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍  മുന്തിരിപ്പാടങ്ങള്‍ക്കും വീഞ്ഞിനും പ്രാചീന ഗുഹകള്‍ക്കും  പേര് കേട്ട അത് വരെ ചിത്രത്തില്‍ മാത്രം കണ്ടിട്ടുള്ള മാര്‍ഗരെറ്റ് റിവറിന്റെ പ്രകൃതി ഭംഗിയായിരുന്നു മനസ്സില്‍ ..അരയന്നങ്ങളുടെ താഴ്വരയില്‍ നിന്നും ഏകദേശം മുന്നൂറ് കിലോമീറ്ററോളം  സഞ്ചരിക്കണം ലക്ഷ്യത്തിലെത്താന്‍ .. മാര്‍ഗരെറ്റ് റിവര്‍ എത്തുന്നതിനു മുന്‍പ് ബസ്സള്‍ട്ടണ്‍ ജെട്ടിയിലും ഒരു സന്ദര്‍ശനം ..അവിടെ കടലാഴങ്ങളിലെ നിഗൂഢതകളെ അനുഭവിക്കണം .പിന്നെ അഗസ്തയിലെ ലൈറ്റ് ഹൌസിനു മുന്നില്‍ നിന്ന് കൊണ്ട്  ഇരട്ട സമുദ്രങ്ങളുടെ സംഗമം ആസ്വദിക്കണം ..മനസ്സ് ആഹ്ലാദത്തിന്റെ ജലതരംഗം മീട്ടുകയായിരുന്നു.പാതയോരങ്ങള്‍ക്കിരുവശങ്ങളിലും വിളഞ്ഞ് കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ ..ഗ്രീഷ്മത്തിന്റെ വിഹ്വലതകളൊന്നും തന്നെ പ്രകൃതിയില്‍ പ്രകടമല്ല..പുതുവര്‍ഷത്തെ സ്വാഗതം ചെയ്തതിന്റെ ആലസ്യത്തില്‍ നഗരം ഉറങ്ങുകയാണ്..നഗരാതിര്‍ത്തി വിടുമ്പോഴേക്കും സൂര്യന് യൌവനത്തിളക്കം കൈവന്നിരുന്നു.. ഇരുവശങ്ങളിലേയും  റിസര്‍വ്ഡ് വനങ്ങള്‍ താണ്ടി നാലുവരിപ്പാതയിലൂടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ നാലുവരിപ്പാത ചുരുങ്ങി രണ്ടുവരിപ്പാതയായി .ഇരട്ടവരയിട്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാഹനങ്ങളുടെ ക്രമം തെറ്റിയുള്ള സഞ്ചാരത്തെ നിയന്ത്രിച്ചിരിക്കുന്നു..ഇടയിലെവിടെയൊക്കെയോ വരയുടെ കട്ടിക്കുറച്ച് ഓവര്‍ റ്റേക്ക് ചെയ്യാനുള്ള സൌകര്യത്തിനു വേണ്ടിയുള്ള അടയാളങ്ങളുമുണ്ട്...ജനബാഹുല്യം കുറഞ്ഞ പ്രദേശങ്ങള്‍ ..തികച്ചും പുരാതന കാലത്തെ ഓര്‍മിപ്പിക്കുന്ന ഗ്രാമങ്ങളിലൂടെയാണ് യാത്ര തുടരുന്നത്..ഇരു വശങ്ങളിലും വിളഞ്ഞ് കിടക്കുന്ന ഗോതമ്പ് ;ചോളവയലുകള്‍ ..വിളവെടുപ്പ് കഴിഞ്ഞ ചില പാടങ്ങളില്‍ കറ്റ കെട്ടി വെച്ചിരിക്കുന്നത് കണ്ടു..ദീര്‍ഘചതുരാകാരത്തില്‍ യന്ത്രമുപയോഗിച്ച് അമര്‍ത്തി മനോഹരമായ് ഉരുട്ടി വെച്ചിരിക്കുന്ന വൈക്കോല്‍ കച്ചികള്‍ ..പുല്‍മേടുകളില്‍ കുതിരകളും കാലികളും ചെമ്മരിയാടുകളും (അറബ് രാജ്യങ്ങളില്‍ പ്രശസ്തമായ ഓസ്ട്രേലിയന്‍ ലാമ്പ്) മേയുന്നുണ്ട്...പഞ്ഞികെട്ട് പോലെ നീലാകാശത്തില്‍ ഒഴുകുന്ന മേഘങ്ങള്‍ തണല്‍ വിരിച്ചതിനടിയില്‍ കാലിക്കൂട്ടങ്ങള്‍ വിശ്രമിക്കുന്നുണ്ട്..ആധുനികതയുടെ കടന്നു കയറ്റത്തില്‍ ഒട്ടും മലിനപ്പെടാത്ത പ്രകൃതി ദൃശ്യങ്ങള്‍ നിറഞ്ഞ മനസ്സോടെ മിഴികളൊപ്പുമ്പോള്‍ ഈ നീലഗ്രഹം എത്ര മനോഹരമായാണ്.സ്രഷ്ടാവ് ഒരുക്കിയിരിക്കുന്നുവെന്ന് കൃതാര്‍ത്ഥതയോടെ ഓര്‍ത്തു പോയി ....ആദ്യം ഞങ്ങള്‍ക്കെത്തേണ്ടത് ബസ്സള്‍ട്ടണ്‍ ജെട്ടി എന്ന സ്ഥലത്താണ് .അവിടെ എത്തുന്നതിനു മുന്‍പ് ആ പ്രദേശത്തിന്റെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം. ബസ്സള്‍ട്ടണ്‍ നഗരത്തില്‍ നിന്നും കടലിലേക്ക് ആയിരത്തി എണ്ണൂറ്റിയമ്പത് മീറ്ററോളം  അതായത് ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തില്‍   മരത്തടിയില്‍ പണിത കടല്‍പ്പാലം ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും നീളമേറിയതാണ്.."ജിയോഗ്രഫി ബേ" എന്ന പേരുള്ള ഉള്‍ക്കടലിന്റെ തീരത്തെ ആഴം കുറഞ്ഞ  ഓളപ്പരപ്പുകള്‍ കടല്‍ നൌകകള്‍ വന്നണയാന്‍ മാത്രം കെല്പ്പുള്ളതായിരുന്നില്ല..ഈ തീരപ്രദേശം പക്ഷെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതിക്കുതകുന്ന ഒരു പാട് ഉല്പ്പന്നങ്ങളാല്‍ സമൃദ്ധവുമായിരുന്നു.മറ്റു ഗതാഗത സൌകര്യങ്ങള്‍ നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ കപ്പല്‍ച്ചാലുകള്‍ വഴിയുള്ള വാണിജ്യസമ്പര്‍ക്കം ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കിയിരുന്നു എന്നു ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടല്ലോ.. ശാന്തമായ് കിടക്കുന്ന തീരക്കടലില്‍ നിന്നും  ഉള്‍ക്കടലിലേക്കൊരു കടല്‍പ്പാലം പണിത് തുറമുഖമാക്കിയാല്‍  ലഭിക്കാനിടയുള്ള സാമ്പത്തികലാഭം ആ പാലത്തിന്റെ നിര്‍മ്മാണചിലവിനേക്കാള്‍ എന്തു കൊണ്ടും അധികം തന്നെ എന്ന് ഭരണകര്‍ത്താക്കള്‍ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.കയറ്റുമതിയോടെ ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ മനസ്സിലാക്കിയ അന്നത്തെ ഗവര്‍ണ്ണര്‍ ആയിരുന്ന ജോണ്‍ ഹട്ട് , "ബസ്സള്‍ട്ടണ്‍" അഥവ"വസ്സെ" എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കയറ്റിറക്കുമതിക്കുള്ള അംഗീകാരം നല്കി നിയമം പുറപ്പെടുവിച്ചു..

മരത്തടി വ്യവസായം വിപുലീകരിക്കാനാഗ്രഹിച്ചിരുന്ന വസ്സെയിലെ കച്ചവടക്കാര്‍ ഈ തീരുമാനത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു..കൂടാതെ കൃഷി -ക്ഷീരോല്പ്പന്നങ്ങളും ആടുമാടുകളുടെ മാംസത്തിന്റെ കയറ്റുമതിയും   ഈ ജെട്ടി മുഖേന നടത്താനാവുമെന്നത് അവിടുത്തെ സമ്പദ് വ്യവസ്ഥിതിയില്‍ പ്രകടമായൊരു മാറ്റത്തിനു തന്നെ കാരണമാകുമെന്ന് തിരിച്ചറിയാന്‍ ഭരണത്തലവന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവേണ്ടി വന്നില്ല.ഇതിന്റെ ആദ്യപടിയായുള്ള നിര്‍മ്മാണം കഴിഞ്ഞ് (നൂറ്റിയെഴുപത്തഞ്ച് മീറ്റര്‍ )കപ്പലുകള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത് 1865 ല്‍ .പക്ഷെ പിന്നേയും കടല്‍പ്പാലത്തിന്റെ നീളം കൂട്ടുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ടോളം തുടര്‍ന്നു.അതിന്റെ അവസാനഘട്ടം പൂര്‍ത്തിയായത് 1960ല്‍ .തികച്ചും പൌരാണികനിര്‍മ്മാണസമ്പ്രദായത്തില്‍ പണിത കടല്‍പ്പാലത്തിന്റെ മരാമത്തു പല ഘട്ടങ്ങളിലൂടെയാണു ഫലപ്രാപ്തി കണ്ടത്.1911 ഓടെ അറുനൂറു മീറ്റര്‍ പൂര്‍ത്തിയായപ്പോളേക്കും അക്കാലത്തെ തിരക്ക് പിടിച്ച തടിവ്യവസായത്തിനായ് വലിയ കപ്പലുകള്‍ അഴിമുഖത്തണയുമെന്നായി.അതിനു വേണ്ടി അന്നത്തെ ഭരണാധികാരികളും തച്ച കരുവാന്‍ വിദഗ്ദ്ധരും അഹോരാത്രം തലപുകച്ചിട്ടുണ്ട്..ജെട്ടിയിലെ വിളക്ക് മാടത്തിലുപയോഗിച്ചിരുന്നത് മണ്ണെണ്ണ വിളക്കായിരുന്നു എന്നത് കൌതുകമുളവാക്കുന്ന ഒരറിവായിരുന്നു.ഇരുപത് മീറ്റര്‍ നീളമുള്ള വിളക്കു കാലില്‍ തൂക്കിയിട്ടിരുന്ന ഈ ശരറാന്തലിന്റെ വെളിച്ചം കടലില്‍ ഇരുപത് മൈല്‍ ദൂരത്തില്‍ ദര്‍ശിക്കാനാകുമായിരുന്നുവെന്നു ചരിത്രം അവകാശപ്പെടുന്നു..

1933 ല്‍ മാത്രമാണു ജെട്ടിയില്‍ ആധുനിക രീതിയിലുള്ള ബിക്കണ്‍ ഘടിപ്പിച്ച ലൈറ്റ് ഹൌസ് സ്ഥാപിച്ചത്..എന്നാല്‍ ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ആ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് മേലെ കാലക്രമേണ തിരശ്ശീല വീഴാന്‍ തുടങ്ങി..1971 ല്‍ ഒക്ടോബര്‍ 17 നാണു അവസാനമായ് ഒരു വാണിജ്യകപ്പല്‍ ബസ്സള്‍ട്ടണില്‍ നകൂരമിട്ടത്.ന്യൂസിലാന്‍ഡില്‍ നിന്നുള്ള എം .വി .കഫിറ്റൊയ എന്ന കപ്പലായിരുന്നു അത്..പിന്നീടുള്ള ചരക്ക് നീക്കങ്ങളൊക്കെ പെര്‍ത്ത് നഗരത്തില്‍ തന്നെയുള്ള ഫ്രിമാന്റല്‍ എന്ന തുറമുഖം വഴിയാണ് നടന്നത്.(പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ അവിടുത്തെ ബ്രിട്ടീഷ് കോളണിവല്ക്കരണത്തിനു സുപ്രധാന പങ്കു വഹിച്ച   ചാള്‍സ് ഹൊവ് ഫ്രിമാന്റല്‍ എന്ന നാവികത്തലവന്റെ പേരിലറിയപ്പെടുന്ന പെര്‍ത്തിന്റെ സ്വന്തം തുറമുഖമായ.ഫ്രിമാന്റല്‍ തുറമുഖമാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയുടെ പ്രധാനതുറമുഖം) ..

ഒരു നൂറ്റാണ്ടിനിടയില്‍ അയ്യായിരത്തോളം ചരക്ക് നീക്കങ്ങളുണ്ടായ  ഈ ജെട്ടിയില്‍ പിന്നീട് കയറ്റുമതി വ്യവസായം പാടെ നിലച്ചതിനെ തുടര്‍ന്ന്  1972 ജൂലൈ മാസത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ഗവര്‍ണ്ണര്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ബസ്സള്‍ട്ടണ്‍ തുറമുഖം അടച്ചു പൂട്ടുന്നതായി പ്രഖ്യാപിച്ചു...എന്നാല്‍ വിധി വൈപരീതമെന്നു പറയട്ടെ 1978 ഏപ്രില്‍ നാലിനു തുറമുഖത്തേക്കഞ്ഞടിച്ച ആല്‍ബി എന്ന കൊടുങ്കാറ്റില്‍ കടല്‍പ്പാലം ഭാഗികമായ് തകര്‍ന്നപ്പോള്‍  ഒരു നൂറ്റാണ്ടോളം ആശയങ്ങളുടേയും സംസ്കൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും വിനിമയത്തിനു സാക്ഷ്യം വഹിച്ച ഒരിടത്താവളമായിരുന്നു ചരിത്രത്താളുകളിലേക്ക് ഒളിച്ചത്..പിന്നീട് നടന്ന  അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ബോട്ട് സര്‍വീസുകള്‍ മാത്രമുണ്ടായിരുന്ന ജെട്ടിയുടെ 65 മീറ്റര്‍ കൂടി 1999 ഡിസമ്പറില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി..ഏകദേശം ഒരു മില്യണ്‍ നഷ്ടം കണക്കാക്കിയ ജെട്ടിയെ പുനരുഥാനം ചെയ്ത് അതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി . നാലു മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച  അണ്ടര്‍ വാട്ടര്‍ ഒബ്സെര്‍വേറ്ററിയെ  2003 ഡിസമ്പര്‍ 13നാണ് പൊതു ജനങ്ങള്‍ക്കായ് തുറന്നു കൊടുത്തത്.. . ഇന്നും ബസ്സള്‍ട്ടണ്‍ കടല്‍ പാലം പ്രശസ്തമാണ്..ഉള്‍ക്കടലിലേക്കെത്തി നില്ക്കുന്ന കടല്‍പ്പലത്തിന്റെയറ്റത്ത് കടലാഴങ്ങളിലേക്കു ഇറങ്ങി ചെന്നു ആഴിയിലെ നിഗൂഢതകള്‍ ആസ്വദിക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഒബ്സര്‍വേറ്ററി അനേകായിരം സന്ദര്‍ശകരുടെ മനം കവരുന്നു..എട്ട് മീറ്ററോളം സമുദ്ര നിരപ്പിനു താഴെ ഒരു ചേമ്പറും പതിനൊന്നു ചില്ലുജാലകങ്ങളും വിവിധ തട്ടുകളിലായ് ഒരുക്കിയ കടലാഴത്തിലെ ജലജീവിശാലയില്‍ നിന്നാല്‍ മുന്നൂറില്‍ പരം സമുദ്രജീവികളും  നിരവധി കടല്‍ വര്‍ണ്ണ വിസ്മയങ്ങളും ഇമകള്‍ക്ക് മുന്നില്‍ ഒഴുകുന്നത് കാണാനാകും ...  (അണ്ടര്‍വാട്ടര്‍ ഒബ്സെര്‍വേറ്ററിയിലേക്ക് കടക്കുന്നതിനു വേണ്ടിയൊരുക്കിയ ചവിട്ടു പടികളുടെ ആരംഭം )


ബസ്സള്‍ട്ടണില്‍ എത്തുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നിറഞ്ഞാടുകയായിരുന്നു..ഗ്രീഷ്മത്തിന്റെ ചുട്ടു പൊള്ളുന്ന ചുംബനങ്ങള്‍ക്കൊപ്പം തഴുകുന്ന കടല്‍ക്കാറ്റും ഏറ്റ് വാങ്ങി ടിക്കറ്റ് കൌണ്ടറിനടുത്തേക്ക് ഞങ്ങള്‍ നീങ്ങി..നാലു സിലിണ്ടര്‍ പെട്രോള്‍ എഞിചിനോട് കൂടിയ ജെട്ടി ട്രെയിന്‍ സര്‍വീസുണ്ടെങ്കിലും ജിയൊഗ്രഫി ബേയുടെ ശാന്തമായൊഴുകുന്ന അലകളുടെ സൌന്ദര്യം നുകര്‍ന്ന് രണ്ട് കിലോമീറ്റര്‍ നടന്നു പോകാന്‍ തന്നെ ഞങ്ങള്‍ നിശ്ചയിച്ചു..ക്യാപ്പുകളും സണ്‍ഗ്ലാസ്സുകളുമൊക്കെയായ് തീക്ഷ്ണമായ സൂര്യകിരണങ്ങളെ പ്രതിരോധിച്ച് കൊണ്ട് ഞങ്ങള്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കടല്പ്പാലത്തിലൂടെ ഒബ്സെര്‍വേറ്ററി ലക്ഷ്യമാക്കി നടന്നു തുടങ്ങി..കടല്‍ തീരത്ത് നൂറുകണക്കിനാളുകള്‍ സൂര്യസ്നാനത്തിന്റെ അനുഭൂതിയില്‍ ധ്യാനനിമഗ്നരായ് കിടക്കുന്നുണ്ട്..കുട്ടികളടങ്ങിയ കുടുംബങ്ങള്‍ കളികളിലും നീന്തലിലും മുഴുകിയിട്ടുള്ളത് കാണാം ..ചെറുപ്പക്കാരുടെ സംഘങ്ങള്‍ തിരമാലക‍ള്‍ക്ക് മീതെ സ്കീയിങ്,ജെറ്റ് സ്കീയിങ് ,സര്‍ഫിങ് എന്നീ വിനോദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്..ഇന്ദ്രനീല വര്‍ണ്ണത്തില്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാരാവാരം കസവ്ചേലയുടുത്തൊരുങ്ങിയിരിക്കുന്ന കാഴ്ച്ചയില്‍ തിളക്കുന്ന സൂര്യന്റെ ചൂടിനെ തീര്‍ത്തും മറന്നിരുന്നു..തികഞ്ഞ ഉന്മേഷത്തോടെ ഇടക്കൊക്കെ അവിടവിടെ ദ്രവിച്ച മരത്തടിയിലൂടെ താഴെയുള്ള അലകള്‍ ചാഞ്ചാടുന്നതും നോക്കി നടന്നു നീങ്ങവെ പാലത്തിന്റെ അരിക് ചേര്‍ന്ന് ഒരു സായിപ്പിരുന്നു ചൂണ്ടയിടുന്നത് കണ്ടു.ഞങ്ങളടുത്തെത്തിയതും അഭിവാദ്യം പറഞ്ഞ് അയാള്‍ അഭിമാനത്തോടെ അരികില്‍ വെച്ചിട്ടുള്ള  ബക്കറ്റ് കണിച്ച് തന്നു.അതില്‍ മുക്കാല്‍ ഭാഗത്തോളം അയാള്‍ ചൂണ്ടയിട്ട് പിടിച്ചിട്ടുള്ള കണവ മീന്‍ (കൂന്തള്‍ )ആയിരുന്നു..കൂന്തള്‍ മീനിനെ ചൂണ്ടയിട്ട് പിടിക്കുന്നത് ഞാന്‍ ആദ്യമായാണ്  കാണുന്നത്.ഒരു ഗുഡ് ഡേ ആശീര്‍വദിച്ച് ഞങ്ങള്‍ നടത്തം തുടര്‍ന്നു....


ചേമ്പറിനു മുന്നില്‍  ചെറിയൊരു അകത്തളം ..അതിന്റെ ചുമരില്‍ പഴയ ജെട്ടിയുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോകളും ഛായാ ചിത്രങ്ങളും മനോഹരമായി തൂക്കിയിട്ടിരിക്കുന്നു..കൂടാതെ കടല്‍ ജീവികളായ സ്റ്റാര്‍  ഫിഷ്‌ .മുത്തു ചിപ്പി ,ശംഖ് ,കടല്‍ക്കുതിര എന്നിവയുടേയും ,പവിഴം ,ടര്‍ക്കോയിസ് ,മുത്ത് തുടങ്ങിയ അമൂല്യരത്നങ്ങളില്‍ പണിത ആഭരണങ്ങളും കൌതുകവസ്തുക്കളുടെയും ഒരു വില്പ്പനശാലയുമുണ്ട്..ജെട്ടിയുടെ പുരാവൃത്തങ്ങളും ബസ്സള്‍ട്ടണിന്റെ പ്രാചീന ജീവിതശൈലിയേയുമൊക്കെ പ്രതിപാദിക്കുന്ന ഒരു പാട് പുസ്തകങ്ങളും കൂടാതെ ഒബ്സെര്‍വെറ്ററിയിലെ അന്തേവാസികളുടെ ചിത്രങ്ങളടങ്ങിയ വിവിധരൂപത്തിലും ഭാവത്തിലുമുള്ള കലണ്ടറുകളും തൊപ്പി സണ്‍ ഗ്ലാസ് ഇത്യാദികളും  സുവനീറുകളായി വില്പ്പനക്ക് വെച്ചിരിക്കുന്നു....തനത് ശൈലിയില്‍ കൌതുകം തോന്നിയ കുറച്ച് വസ്തുക്കള്‍ ഓര്‍മ്മക്കായ് അവിടെനിന്നും ശേഖരിച്ചു..ഒരേ സമയം നാല്പ്പതാളുകളെ മാത്രം ഉള്‍ക്കൊള്ളുന്ന ചേമ്പറിലേക്ക്  ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു ഗൈഡും ഉണ്ടായിരുന്നു.ഗ്രൂപ്പുകളായാണു സന്ദര്‍ശകരെ അവര്‍ താഴേക്ക് കൊണ്ടു പോകുന്നത്..ജെട്ടിയുടെ ചരിത്രത്തിനും  ഭൂമിശാസ്ത്രത്തിനുമൊപ്പം  ഓരോ ചില്ലു ജാലകത്തിലൂടേയും കാണുന്ന ആഴിയദ്ഭുതങ്ങളെ കുറിച്ചും  സരസമായിത്തന്നെ അവര്‍ വിവരിക്കുന്നുണ്ട്..പവിഴപുറ്റുകളും കടല്‍ സസ്യജാലങ്ങളും കടല്പ്പലത്തിന്റെ തടിയുടെ കാലുകളിലള്ളി പിടിച്ചു വളര്‍ന്നിരിക്കുന്നു..ഓറഞ്ചു, ചുവപ്പു,ഇളം നീല ,മഞ്ഞ പച്ചനിറങ്ങളിലും പാടലവര്‍ണ്ണത്തിലും ഉള്ള പവിഴപുറ്റുകളും സ്പോഞ്ചുകളും അടങ്ങിയ സാഗരോദ്യാനം മുത്തശ്ശിക്കഥകളിലെ കടല്‍ കൊട്ടാരത്തിലെ മല്‍സ്യ കന്യകക്ക് വേണ്ടിയൊരുക്കിയതാണെന്നു തോന്നി.. .അതിനിടയില്‍ നിരവധി വര്‍ണ്ണ മല്‍സ്യങ്ങള്‍ നീന്തിത്തുടിക്കുന്നുണ്ട്..ഓരോ ജാലകവും സമ്മാനിക്കുന്നത് ഓരോ വിസ്മയങ്ങളായിരുന്നു..കൂട്ടത്തോടെ പായുന്ന മീനുകളെ നീര്‍പക്ഷികള്‍ ഊളിയിട്ട് കൊത്തിയെടുക്കുന്ന കാഴ്ച്ചയും അതിശയിപ്പിക്കുന്ന ഒന്നായി..ചിറകുകള്‍ പറ്റെ ഒതുക്കി ഊളിയിടുന്ന നീര്‍പക്ഷികള്‍ വാനത്തില്‍  ചിറകുകളടിച്ച് പറക്കുമ്പോള്‍ നമ്മളൊരിക്കലും കരുതുന്നില്ല വെള്ളത്തിനടിയിലും ഇവര്‍ മിടുക്കരാണെന്നു..നനയാതെ ഓക്സിജന്‍ സിലിണ്ടര്‍ ചുമക്കാതെ നീന്തലറിയാത്ത ഞാന്‍ കടലാഴങ്ങളിലെ വിസ്മയങ്ങള്‍ കണ്ടത് ഒരിക്കലും മറക്കാനവാത്തോരനുഭവമായി .കണ്ണഞ്ചിപ്പിക്കുന്ന ആ വര്‍ണ്ണലോകത്തെ കാഴ്ച്ചകളില്‍ നിന്നും മടങ്ങുമ്പോള്‍ നാലു കിലോമീറ്റര്‍ നടത്തവും വിശപ്പും മൂലം ശരിക്കും തളര്‍ന്നിരുന്നു...മല്‍സ്യ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന ഭക്ഷണശാലകള്‍ ജെട്ടിയുടെ അകത്തളങ്ങളിലൊരുക്കിയിട്ടുണ്ട്..ഏകദേശം മൂന്നുമണിയോടെ ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ അടുത്ത ലക്ഷ്യമായ അഗസ്തയിലേക്ക് അപരാഹ്നത്തിലെ വെയില്‍ നാളങ്ങളെ ഭേദിച്ച് നീലാകാശത്തിലൂടെ വട്ടമിട്ട് പറക്കുന്ന കടല്‍ പക്ഷികളുടെ കൂട്ടത്തേയും പിന്നിലാക്കി കടലോരപ്പാതയിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിക്കുമ്പോള്‍ അടഞ്ഞ എന്റെ ഇമകള്‍ക്ക് മുന്നില്‍ കടല്‍ കൊട്ടാരത്തില്‍ നിന്നും വഴിതെറ്റി തീരമണഞ്ഞ മല്‍സ്യകന്യകയുടെ വേവലാതി പൂണ്ട മുഖമായിരുന്നു..Sunday, 23 December 2012

മേപ്പിള്‍ മരങ്ങളും മണിഗോപുരവും


മേപ്പിള്‍ മരങ്ങളും മണിഗോപുരവും :-(Aussie memoir Part 3.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)

റിവര്‍ സൈഡ് വോക്ക്..ഈ പ്രതീക്ഷയിലാണ്. ഞാന്‍ മോര്‍ളി ഗലേറിയയില്‍ നിന്നും ഇറങ്ങിയത്..സ്വാണ്‍ റിവറില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളോട് കുശലം പറഞ്ഞ് ഒരു സായാഹ്നസവാരി..പിറ്റേന്നു പുതുവര്‍ഷപ്പുലരിയാണ്. .നഗരവും ജനങ്ങളും ആഹ്ലാദത്തിന്റെ ഒഴുക്കിലാണ്. ... പൊന്നില്‍ പൊതിഞ്ഞ ഒരു നവോഢയെ പോലെ  പോക്കുവെയിലിന്റെ ശോഭയില്‍ പെര്‍ത്ത് നഗരം തിളങ്ങുന്നു ..  .മകള്‍ പറഞ്ഞു നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്ന ആഘോഷങ്ങള്‍ ഇന്നു രാത്രിയുണ്ടാകുമെന്ന്.ആള്‍ക്കൂട്ടങ്ങളും ബഹളവും നിറഞ്ഞ ആഘോഷങ്ങള്‍ ...എന്തോ എനിക്കിതത്ര താല്പ്പര്യമുള്ള ഒരു വിഷയമല്ല..പക്ഷെ മക്കളുടേയും ഭര്‍ത്താവിന്റേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അന്നു രാത്രി ആ കാഴ്ച്ചയും കാണാമെന്നു തീരുമാനിച്ചു..പക്ഷെ ആദ്യം എന്റെ ഇഷ്ട്പെട്ട ഒരിടമായി മാറിയ അരയന്നങ്ങളുടെ പുഴക്കരിക് ചേര്‍ന്ന് മേലെ നീലാനഭസ്സിന്റെ മടിയില്‍ ഒഴുകുന്ന സായന്തന മേഘങ്ങളേയും താഴെ ശാന്തമായൊഴുകുന്ന പുഴയിലെ  ഓളങ്ങളില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളേയും കണ്ടൊരു നടത്തം . വൈദ്യുത ദീപങ്ങളാലലംകൃതമായ ഭീമന്‍ ക്രിസ്മസ്സ് മരങ്ങളും രാജപാതകള്‍ക്ക് തണലായുള്ള മേപ്പിള്‍ മരങ്ങളും ജക്രാന്ത മരങ്ങളും പിന്നിട്ട് പുഴയരികിലെത്തിയപ്പോള്‍ അരയന്നകൂട്ടങ്ങള്‍ പരസ്പ്പരം ലാളിക്കുന്നതും ഇര പിടിക്കുന്നതും ഇടയിലെവിടേയോ ചില ഒറ്റകള്‍ ധ്യാനത്തിലിരിക്കുന്നതും കണ്‍കുളിര്‍ക്കെ കാണാനായ്..അതും കയ്യെത്തും അകലത്തില്‍ ..അപരിചിതത്വം ലവലേശമില്ലാതെ ആ വര്‍ണ്ണ മരാളങ്ങള്‍ തങ്ങളുടെ ലോകത്തെ ശാന്തത അനുഭവിക്കുകയാണ് . .പുഴയുടെ ഒരറ്റത്ത് കണ്ട കണ്ടല്‍ മരങ്ങളില്‍ നിന്നും വള്ളിപ്പടര്‍പ്പുകളില്‍ നിന്നും വാത്തുകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്..അരയന്നങ്ങളുടേയും വാത്തുകളുടേയും കൂടുകള്‍ ആ കണ്ടലുകള്‍ക്കുള്ളിലാണുള്ളത്.ഇടക്കിടെ വാത്തുകള്‍ ഇത്തിരി ഇരുട്ട് പിടിച്ച ആ വള്ളിക്കൂട്ടങ്ങളില്‍ നിന്നും ഭാരമുള്ള ശരീരത്തെ ശക്തമായ ചിറകടികളാല്‍ ഉയര്‍ത്തി അലകള്‍ക്ക് മീതെ വന്നു മീനുകളെ കൊത്തി തിരിച്ച് പറക്കുന്നത് കാണാമായിരുന്നു ..


                                                                            

സ്വാണ്‍ റിവറിന്റെ വടക്കും തെക്കും നഗരം പരന്നു കിടക്കുകയാണ്..പുഴയ്ക്ക് കുറുകെയുള്ള പാലമാണു ദിക്കുകള്‍ക്കിടയിലെ അകല്‍ച്ചയില്ലാതാക്കുന്നത്..പുഴയുടെ അരികില്‍ സൈക്കിളിങ്ങിനും ജോഗ്ഗിങ്ങിനുമുള്ള പ്രത്യേകം പ്രത്യേകം ഇഷ്ടികപാകിയ പാതകളും , വിശ്രമത്തിനുള്ള ചാരു ബെഞ്ചുകളും കാണാം ..മനോഹരമായ ഒരുദ്യാനവും ഇതിനോട് ചേര്‍ന്നുണ്ട്..കുട്ടികളെ രസിപ്പിക്കാനായുള്ള ഊഞ്ഞാലുകളും സീസോകളും ഉണ്ട്.ഇവിടുത്തെ മറ്റൊരാകര്‍ഷണമാണു അരയന്നങ്ങളുടെ പേരിലുള്ള മണിഗോപുരം .അരയന്നങ്ങളുടെ നദി തീരത്ത് ബാരക്ക് സ്ട്രീറ്റില്‍ ജെട്ടിക്കടുത്തായാണു എണ്‍പത്തിരണ്ടര മീറ്റര്‍ (271 അടി) ഉയരമുള്ള സ്വാണ്‍ ബെല്‍ ടവര്‍ സ്ഥിതിചെയ്യുന്നത്..പതിന്നാലാം നൂറ്റാണ്ടിനു മുന്‍പെ ഉപയോഗത്തിലുണ്ടായിരുന്ന പതിനാറാം നൂറ്റാണ്ടില്‍ പുനരഃപ്പരിഷ്ക്കാരം വരുത്തിയ ചരിത്രഖ്യാതി നേടിയ രാജകീയ പ്രൌഢിയുള്ള പന്ത്രണ്ട് മണികള്‍ ലണ്ടനിലെ ട്രഫല്‍ഗര്‍ സ്ക്വയെറിലെ സേയിന്റ് മാര്‍ട്ടിന്‍ ഇന്‍ ദി ഫീല്‍ഡ്സ് ചെര്‍ച്ചില്‍ നിന്നും പെര്‍ത്തിലെത്തിയത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ഓസ്ട്രേലിയന്‍ ബൈസെന്റിനറി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ..വൈറ്റ് ചാപ്പല്‍ ബെല്‍ ഫൌണ്ടറിയാണു ബാക്കി ആറ് മണികള്‍ നല്കിയത്..മൊത്തം പതിനാറു മണികളോടൊപ്പം രണ്ട് ക്രോമാറ്റിക് നോട്ടോടെയുള്ള മണികളുമായുള്ള ഈ ഭീമന്‍ ബെല്‍ ടവര്‍ മേല്ത്തരം ചെമ്പും ഇറ്റാലിയന്‍ ചില്ലുകളും ഉപയോഗിച്ചുണ്ടാക്കിയതാണ്.ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ പണി പൂര്‍ത്തിയായ ഏകദേശം തൊണ്ണൂറ്റിയൊമ്പത് ടണ്‍ ഭാരമുള്ള ഈ നാഴികമണി നാദം മാറി വരുന്ന മണിമുഴക്കമുള്ള ലോകത്തിലെ പ്രശസ്തമായ മറ്റു ബെല്‍ടവറുകള്‍ക്കൊപ്പം സ്ഥാനം നേടിയിട്ടുണ്ട്..സ്വാണ്‍ നദിക്കഭിമുഖമായ് നിലകൊള്ളുന്ന ഈ മണിഗോപുരത്തിന്റെ അടിഭാഗം ഒരരയന്നം തന്റെ ചിറകുകള്‍ ഒതുക്കി ഇരിക്കുന്ന പോലെ തോന്നും . കണ്ണാടികള്‍ പാകിയ നീണ്ട സ്തൂപവും ,വിവിധ വര്‍ണ്ണങ്ങളുള്ള ദീപങ്ങളും ഈ ഗോപുരത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.ആറു നിലകളിലായുള്ള ഈ ഗോപുരത്തിന്റെ ഏറ്റവും മുകള്‍ തട്ടില്‍ നിന്നാല്‍ സ്വാണ്‍ റിവറിന്റെ മൊത്തം മനോഹാരിത മിഴകള്‍ ക്ക് സ്വന്തമാക്കാനാകും .പുരാതനമായൊരു സംസ്കൃതിയുടെ ഓര്‍മകളുണര്‍ത്തുന്ന നാദത്തോടേയുമുള്ള മണിമുഴക്കം പക്ഷെ എപ്പോഴും കേള്‍ക്കാനാവില്ല..തിങ്കള്‍ ,ചൊവ്വ, വെള്ളി ദിനങ്ങളില്‍ മധ്യാഹ്നം പന്ത്രണ്ട് മുതല്‍ രണ്ട് വരേയും ,ബുധനും വ്യാഴവും ശനിയും ഞായറും ദിവസങ്ങളില്‍ പന്ത്രണ്ടര മുതല്‍ രണ്ട് മണിവരെയും  മാത്രമേ ഈ അപൂര്‍വ നാദം  ശ്രവ്യസാധ്യമാവുകയുള്ളൂ...

ടവറിനു താഴെ തറയില്‍ പാകിയ ഇഷ്ടികകളില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്കൂളുകളുടെ പേരുകള്‍ അക്ഷരമാലക്രമത്തില്‍ പതിച്ചിട്ടുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.തന്നെയുമല്ല ബെല്‍ ടവര്‍ രാജ്യത്തിനു സമര്‍പ്പിച്ച വര്‍ഷമായ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ ഈ സ്കൂളുകളില്‍ പഠിച്ചിരുന്ന ഓരോ വിദ്യാര്‍ത്ഥിയുടേയും പേരുകള്‍ ഈ പാതകളലങ്കരിച്ച ഇഷ്ടികയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.കൂടാതെ അബോര്‍ജിനല്‍ ചിത്രരചന മുദ്രണം ചെയ്ത മരപ്പലകകളും തറയില്‍ പതിപ്പിച്ചിട്ടുള്ളത് ആ ജനവിഭാഗത്തിന്റെ പ്രാതിനിധ്യം രാജ്യത്തെ ഓരോ സ്മാരകങ്ങളിലും ഉണ്ടായിരിക്കണമെന്ന ഓസ്ട്രേലിയന്‍ ഭരണസമൂഹത്തിന്റെ നിര്‍ബന്ധത്തെ വെളിവാക്കുന്നു..ഗോപുരമുറ്റത്ത് മനോഹരമായൊരു ജലധാരയും ഈന്തപ്പനകളടക്കം വിവിധ തരത്തിലുള്ള അലങ്കാര പനകളുടെ ഒരു സമുച്ചയവുമുണ്ട്.അരയന്നങ്ങളുടേയും കംഗാരു എമു തുടങ്ങിയ തദ്ദേശ മൃഗങ്ങളുടേയും പല മാതൃകയിലുമുള്ള ദാരു ശില്പങ്ങള്‍  ഉദ്യാനത്തിനൊരലങ്കാരമായിട്ടുണ്ട്...ചുവപ്പും പച്ചയും ഇടകലര്‍ന്ന നിറങ്ങളിലുള്ള തത്തകള്‍ ഈന്തപ്പനകളുടെ മണ്ടയില്‍ തന്നെ കൂടൊരുക്കിയിട്ടുള്ളത് കൌതുകമായി തോന്നി.വ്യത്യസ്ഥമായ കാഴ്ച്ചകള്‍ സമ്മാനിച്ച ആഹ്ലാദത്തില്‍ ഞങ്ങള്‍ ആ ഉദ്യാനത്തിലെ പുല്‍ത്തകിടിയില്‍ വിശ്രമിക്കവെ സൂര്യന്‍ ആ വര്‍ഷത്തെ അവസാനത്തെ അസ്തമനത്തിനായ് ഒരുങ്ങിക്കഴിഞ്ഞിരുന്നു .അസ്തമയത്തിനൊരുങ്ങിയ സൂര്യന്റെ പരശ്ശതം  രശ്മികള്‍ ഗോപുരത്തിന്റെ ചില്ലുജാലകങ്ങളില്‍ തട്ടി ഉടഞ്ഞ് ജലധാരകളില്‍ വന്നു വീഴുന്നത് നയനാനന്ദകരമായൊരു കാഴ്ച്ച തന്നെയായിരുന്നു..മെല്ലെ മെല്ലെ ശോണവര്‍ണ്ണം നീലാംബരത്തെ ആശ്ലേഷിക്കുന്നുണ്ട്.ഇരുള്‍ പരന്നതോടെ തെരുവ് വിളക്കുകളുടെ പ്രകാശധാര നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോഴേക്കും  ഞങ്ങള്‍ ജെട്ടിക്കടുത്തുള്ള "അന്നലക്ഷ്മി" എന്ന തെന്നിന്ത്യന്‍ സസ്യ ഭോജനശാലയിലേക്ക് നടന്നു..

ഞങ്ങളെ അവിടെ കൊണ്ടു പോയതിന്റെ പിന്നില്‍ വെറും അത്താഴം കഴിക്കുക എന്ന ഉദ്ദേശം മാത്രമല്ല മക്കള്‍ക്കുണ്ടായിരുന്നത്.. ലോകത്തിനു തന്നെ മാതൃകയായ ഒരു നല്ല സംസ്ക്കാരത്തെ പ്രത്യേകിച്ചും" അതിഥി ദേവോ ഭവ "എന്ന വേദ വാക്യത്തെ നെഞ്ചിലേറ്റുന്ന ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ മഹത്വം തെളിയിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടുത്തലും കൂടിയായിരുന്നു അതു . തികച്ചും ഭാരതീയ പൌരാണികതയുടെ കലാവൈഭവം വിളിച്ചോതുന്ന ശില്പചാതുര്യം അലങ്കാരങ്ങളാക്കിയ വലിയൊരു ഹാളിലേക്ക് ഞങ്ങള്‍ കയറുമ്പോള്‍ ഒരാരാധനാലയത്തിലേക്ക് എത്തിപ്പെട്ട പ്രതീതി.ചന്ദനത്തിരിയുടെ സുഗന്ധം ചുറ്റിലും പടരുന്നുണ്ട്. കളിമണ്ണിലും ഓടിലും തീര്‍ത്ത വിഘ്നേശ്വരന്റേയും അന്നലക്ഷ്മിയുടേയും ആടയലങ്കാരങ്ങളോടെയുള്ള ബിംബങ്ങള്‍ പ്രതിഷ്ടിച്ച പൂമുഖവുമുള്ള കാഷ് കൌണ്ടര്‍ ..കൌണ്ടറിലിരിക്കുന്ന ഇന്ത്യന്‍ വംശജ; അവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ പ്രസന്നമായ ചിരിയോടെ വരുന്നവരെ സ്വീകരിക്കുന്നുണ്ട്..അവിടെ കണ്ട ഒരു ചെറിയ പ്ലക്കാര്‍ഡ് ..അതിലെ വാചകം വളരെ അസാധാരണമായ് തോന്നി .."പേ വാട്ട് യു തിങ്ക് ഇറ്റ്സ് വെര്‍ത്ത് ".അതവരുടെ മുദ്രവാക്യം കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കദ്ഭുതം തോന്നി..എത്ര കഴിച്ചാലും നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം കൊടുക്കുക..അമ്പത് ഡോളറിനുള്ളത് കഴിച്ചാലും അഞ്ച് ഡോളര്‍ മാത്രം കൊടുത്താലും അവരൊന്നും പറയില്ല.ഭക്ഷണത്തിനു നിശ്ചിത മൂല്യം നിര്‍ണ്ണയിക്കാതെ തികച്ചും കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് നടത്തുന്ന ഈ സംഘടനയുടെ ഉദ്ദേശ ശുദ്ധിയെ പക്ഷെ ആരും വില കുറച്ച് കാണാറില്ല.അവിടെ വരുന്നവര്‍ പണമില്ലാതെ വിശന്നിരിക്കാന്‍ പാടില്ല.ഉദരം ആശിക്കുന്നത് കഴിക്കുക ..മനം ശാസിക്കുന്നത് നല്കുക.അതിഥി സല്ക്കാരത്തിന്റെ ഈ നൂതന രീതി എന്നെ ക്ഷേത്രങ്ങള്‍ക്കൊപ്പമുള്ള ഊട്ടു പുരയെ ഓര്‍മിപ്പിച്ചു .പ്രധാന കവാടം കടന്നു ഭക്ഷണ മേശകള്‍ വിതാനിച്ചിടത്തേക്ക് ഞങ്ങള്‍ കടന്നു.തെന്നിന്ത്യന്‍ മസാലക്കൂട്ടുകളുടേയും കാപ്പിയുടേയും മനം മയക്കുന്ന പരിമളം പരിലസിക്കുന്നുണ്ടവിടെ.നല്ല തിരക്കുണ്ടെങ്കിലും ഒരു മൂലയിലായ് ഞങ്ങള്‍ക്ക് ഇരിപ്പിടം കിട്ടി.പരിചാരകരെല്ലാം തന്നെ ഇന്ത്യക്കാര്‍ മാത്രം .പക്ഷെ കഴിക്കാനെത്തിയവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല യൂറോപ്യന്‍ വംശജരും ധാരാളമായുണ്ട്..അവിടെ കണ്ട ജോലിക്കാരെല്ലാം തന്നെ അന്തസ്സോടെ സമൂഹത്തിന്റെ നാനാതുറകളിലും ഉയര്‍ന്ന ഉദ്യോഗങ്ങളിലിരിക്കുന്നവരാണ്. നയതന്ത്രജ്ഞര്‍ തുടങ്ങി ഭിഷഗ്വരന്‍മാരും  അദ്ധ്യാപകര്‍ ,എഞ്ചിനീയര്‍മാര്‍ ;അക്കൌണ്ടന്റുമാര്‍ ,ഐ ടി വിദഗ്ദര്‍ തുടങ്ങി സമൂഹത്തിലെ മേലേക്കിടയിലുള്ളവരും സാധാരണ ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ ഒരു കൂട്ടം സുമനസ്സുകളുടെ മേല്‍ നോട്ടത്തില്‍ ലാഭേച്ഛ പ്രതീക്ഷിക്കാതെ നടത്തുന്ന ഒരിടം.അതാണു അന്നലക്ഷ്മി എന്ന ഭക്ഷണ ശാല..ഈ റെസ്റ്ററന്റിന്റെ വരുമാനത്തിന്റെ ലാഭം പോകുന്നത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുള്ളത് അറിയുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടുമുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിക്കുന്നു...ചോറിനും ചപ്പാത്തിക്കുമൊപ്പം   നാലുതരം സസ്യ വിഭവങ്ങളും ബഫെ രീതിയില്‍ നിരത്തിയിട്ടുണ്ട്..ഫില്‍ട്ടര്‍ കോഫിയും ഡിസ്സര്‍ട്ടും വേറെയും ..പാചകം ചെയ്യുന്നതും പരിചരിക്കുന്നതും പാത്രങ്ങള്‍ വൃത്തിയാക്കുന്നതും ഒക്കെ ഞാന്‍ മേല്പ്പറഞ്ഞ ഉദ്യോഗങ്ങള്‍ ചുമക്കുന്നവര്‍ തന്നെ..അവരവര്‍ സ്വന്തം താല്പ്പര്യത്തില്‍ ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് സന്തോഷത്തോടെ വന്നു ചെയ്യുന്നത്..ഉച്ച ഭക്ഷണവും അത്താഴവും മാത്രമേ ഇവിടെ ലഭ്യമുള്ളൂ..അതും വൈകീട്ട് ഏഴ് മണി വരെ മാത്രം ..ചില വിശേഷ ദിവസങ്ങളില്‍ ഇന്ത്യന്‍ നൃത്ത രൂപങ്ങളും സംഗീതവുമടങ്ങിയ കലാസാംസ്ക്കാരിക പരിപാടികള്‍ ഹാളിനറ്റത്തായ് ഒരുക്കിയ മണ്ഡപത്തില്‍ നടാക്കാറുണ്ടത്രെ..ഞങ്ങള്‍ ‍രുചിച്ചതെല്ലാം നല്ല സ്വാദുള്ള വിഭവങ്ങളായി തന്നെ തോന്നി..പ്രത്യേകിച്ച് തമിഴരുടെ തനത് ശൈലിയിലുള്ള ഫില്‍ട്ടര്‍ കാപ്പി..സന്തോഷത്തോടെ നല്ലൊരു തുക കഴിച്ചത്തിന്റെ പ്രതിഫലമായ് നല്‍കുമ്പോള്‍ ഇതിന്റെ ഒരു പങ്ക് നന്മയുടെ ഏടില്‍ എഴുതപ്പെടുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെആമാശയത്തോടൊപ്പം ഹൃദയവും നിറഞ്ഞു ...

പുറത്തേക്ക് കടക്കുമ്പോള്‍ തന്നെ നഗരത്തില്‍ ആഘോഷങ്ങളുടെ മത്താപ്പുകള്‍ പൊട്ടി വിടരുന്നത് കാണാമായിരുന്നു...ചെറുപ്പക്കാരും മധ്യവയസ്ക്കരും വൃദ്ധരും തുടങ്ങി പ്രായഭേദമില്ലാതെ എല്ലാവരും  പുതുവര്‍ഷത്തെ പുണരാന്‍ ഒത്തുകൂടുന്നുണ്ട്..പത്ത് മണിയോടെ തുടങ്ങുന്ന സംഗീത പരിപാടികള്‍ പാതിരാ വരെ നീളും ..ഇതിനിടയില്‍ പന്ത്രണ്ട് മണിക്ക് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന വെടിക്കെട്ടുണ്ടാകും ..നഗരത്തിലെ സ്ക്വയറുകളിലും തെരുവുകളിലും നിയമപാലകരുടെ സംഘങ്ങള്‍ വിന്യസിച്ചിട്ടുണ്ട്..മദ്യത്തിന്റെ ലഹരിയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളോടെ അവര്‍ പൊതു ജനങ്ങളുടെ ആഘോഷങ്ങള്‍ക്ക് തടസ്സമാവാതെ പരസ്പ്പരം ആശീര്‍വദിച്ചും അഭിവാദ്യമര്‍പ്പിച്ചും നഗരത്തിരക്കിന്റെ ഭാഗമാകുന്നുണ്ട്..ഞങ്ങളുടെ സഞ്ചാരപരിപാടിയനുസരിച്ച് പിറ്റേന്നു പുലര്‍ന്നാല്‍ മാര്‍ഗരെറ്റ് റിവര്‍ എന്ന സ്വപ്നഭൂവിലേക്കുള്ള യാത്ര തുടങ്ങാനുള്ളതാണ്..പാതിരാ വരെ ഈ ആഘോഷങ്ങള്‍ കണ്ട് നിന്നാല്‍ രാവിലെ പുറപ്പെടുന്നതിനെ എങ്ങനെ ബാധിക്കുമെന്ന വ്യഥയിലായിരുന്നു ഞാന്‍ ..പുഴയുടെ ഓരം ചേര്‍ന്ന നടപ്പാതയിലൂടെ ആഘോഷത്തിന്റെ കാതടപ്പിക്കുന്ന വാദ്യങ്ങളുടെ മേളക്കൊഴുപ്പിലേക്ക് നവവല്സരത്തെ വരവേല്‍ക്കാന്‍ നീങ്ങുമ്പോള്‍ കണ്ടല്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഋതുപകര്‍ച്ചകളുടെ ഭ്രമണപഥത്തില്‍ പുതിയൊരു വര്‍ഷം കൂടി ചേരുന്നുവെന്നറിയാതെ ഇണയരയന്നങ്ങളുടെ പ്രണയസല്ലാപം കേള്‍ക്കാനുണ്ടായിരുന്നു...........


Thursday, 6 December 2012

മൂളിപ്പറക്കുന്ന ബൂമറാങുകള്‍ :-(Aussie memoir part 2)മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്....


വി ആര്‍ സോറി....വി സേ സോറി..രണ്ടായിരത്തി എട്ട് ഫെബ്രുവരി പതിമൂന്നിനു ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ അന്നത്തെ  പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റഡ്ഡിന്റെ മാപ്പിരക്കല്‍ ; ചരിത്രത്താളുകളില്‍ ഇടം നേടിയ ഒരസാധാരണ പ്രഖ്യാപനമായിരുന്നു ആയിരക്കണക്കിനു അബോര്‍ജിനലുകള്‍ക്ക് മുന്നില്‍  അന്നു നടത്തിയത് .ഒരു മനുഷ്യകുലത്തിന്റെ   അഥവാ ഒരു സംസ്ക്കൃതിയുടെ അവശേഷിച്ച തലമുറയെ ഇല്ലാതാക്കിയതിലുള്ള ഒരു രാഷ്ട്രത്തിന്റെ ക്ഷമാപണം നടത്തലായിരുന്നു അന്നു ദൃശ്യ ശ്രവ്യ പത്രമാധ്യമങ്ങളിലൂടെ ലോകം സാക്ഷ്യമായത്..നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് നടത്തിയ അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നിരിക്കെ ഇന്നു ലോകത്ത് വംശനാശം സംഭവിച്ച ഒരു ആദിമ വര്‍ഗ്ഗം ഭൂമുഖത്തു നിന്നും ഭാഗികമായെങ്കിലും  ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ കാരണമായ് വര്‍ത്തിച്ച തങ്ങളുടെ മുന്‍തലമുറക്കാരുടെ തലക്ക് പിടിച്ച സാമ്രാജ്യത്വ വെറിയുടെ ലഹരി ;ക്രൂരതയില്‍ പൊതിഞ്ഞ വെട്ടിപിടിക്കലിന്റെ ചരിത്രം ;വെറുമൊരു മാപ്പു പറച്ചിലിലൂടെ മായ്ക്കാന്‍ കഴിയുന്നതായിരുന്നില്ല ആ ഇരുണ്ട പുരാവൃത്തം ..                                         

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കരാളഹസ്തം പന്ത്രണ്ട് കപ്പല്‍ പടയോടെ മഞ്ഞുയുഗത്തോടെ ഇന്‍ഡോന്യേഷ്യയില്‍ നിന്നും വേര്‍പെട്ട് കഴിഞ്ഞിരുന്ന ഭൂഖണ്ഡമായ ഓസ്ട്രേലിയയില്‍ ക്യാപ്റ്റന്‍ കുക്കിന്റെ നേതൃത്വത്തില്‍ വന്നിറങ്ങുമ്പോള്‍ അന്നു വരെ ലോകത്തിന്റെ ശ്രദ്ധയില്‍ നിന്നകന്നു കഴിഞ്ഞിരുന്ന ഒരു ഭൂപ്രദേശം പരിഷ്കാരത്തിന്റെ കാല്പ്പാദങ്ങളെ മനസ്സറിഞ്ഞോ അറിയാതേയോ നെഞ്ചേറ്റുകയായിരുന്നു..ആ സ്വീകരണത്തിനു പിന്നീട് ലാഭവും നഷ്ടവും തൂങ്ങുന്ന ഒരു തുലാസിന്റെ ധാര്‍ഷ്ട്യം ഉണ്ടായിരുന്നു.തികച്ചും ഏകപക്ഷീയമായ ഒരു ലാഭത്തിന്റെ ഭാരത്തെ താങ്ങി നഷ്ടക്കണക്കിനെ കാറ്റില്‍ പറ ത്തിയ ധാര്‍ഷ്ട്യം .അന്നവിടെ കണ്ടവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ ക്ഷണിക്കപ്പെടാതെയെത്തിയ അതിഥികള്‍ സംശയിച്ചു പോലും .. ഒരു ആദിമവര്‍ഗ്ഗമായ അബോര്‍ജിനലുകള്‍ എന്ന ആദിവാസികള്‍ വല്ലത്തൊരങ്കലാപ്പോടേയായിരുന്നു തങ്ങളുടെ അതിഥികളെ അന്നു എതിരേറ്റത്..ആ ഭൂപ്രദേശത്തിന്റെ നാനാസാധ്യതകള്‍ മനസ്സിലാക്കിയ ഇംഗ്ലീഷുകാര്‍ അവിടെ തമ്പടിച്ചതിനെ സംശയിക്കേണ്ടതില്ല...യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനും പുതിയൊരു സാമ്രാജ്യം വികസിപ്പിക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പിന്തിരിപ്പന്‍ മൂരാച്ചികളായ് എത്തിയ കുറച്ച് തദ്ദേശിയരായ അബോര്‍ജിനലുകളെ ഇല്ലാതാക്കാനും ശേഷിച്ചവരുടെ കുഞ്ഞുങ്ങളെ സംസ്കാരമുള്ളവരാക്കാന്‍ എന്നും പറഞ്ഞ് അമ്മമാരില്‍ നിന്നും പിടിച്ചെടുത്തു കൊണ്ടു പോയതുമൊക്കെ ഒരു കറുത്ത അടയാളമായി ഓസ്ട്രേലിയന്‍ ചരിത്രത്തിന്റെ ഏടുകളില്‍  വിശ്രമിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം പുതു തലമുറകള്‍ ഇങ്ങനെയൊരു ക്ഷമാപണം നടത്തുന്നതില്‍ അതിശയിക്കാനില്ല.പെര്‍ത്ത് നഗരത്തിന്റെ പുലര്‍ക്കാഴ്ച്ചയില്‍ പ്രഭാത സവാരിക്കൊപ്പം ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ വൈവിധ്യങ്ങളും രുചിക്കാം എന്നുദ്ദേശിച്ചിറങ്ങിയ ഞങ്ങള്‍ കണ്ട ഒരു കാഴ്ച്ചയാണു ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഒരു പുനര്‍വായനക്കവസരം ആഗ്രഹിക്കാതെ മയങ്ങുന്ന ഒരു മഷിപ്പകര്‍ച്ചയായ് കാണുന്ന കയ്പ്പ് നിറഞ്ഞ സത്യത്തെ മുഖവുരയായി പറയേണ്ടി വന്നതിനു കാരണമായത്.നഗരത്തില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സ് ; സെന്ട്രല്‍ ഏരിയാ ട്രാന്‍സ്പ്പോര്‍ട്ട് (ക്യാറ്റ് എന്നു ഓമനപ്പേര്)തികച്ചും സൌജന്യമാണ്...സര്‍ക്കാറിനു ലഭിക്കുന്ന നികുതിവരുമാനത്തില്‍ നിന്നും  പൊതുജങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനുള്ള നിരവധി സൌജന്യ സേവനങ്ങളിലൊന്നാണു ഈ ബസ്സ് സര്‍വീസുകള്‍ .നഗരത്തിനുള്ളിലനുഭവപ്പെടുന്ന ഗതാഗത തിരക്കിനെ നിയന്ത്രിക്കാനും , വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മൂലമുള്ള വായു മലിനീകരണത്തെ കുറയ്ക്കാനും സര്‍ക്കാറിന്റെ ഈ സേവനത്തെ ഉപയോഗപ്പെടുത്താന്‍ വാഹനങ്ങളുള്ളവരും വാഹനമില്ലാത്തവരോടൊപ്പം ബസ് സ്റ്റോപ്പുകളില്‍ പത്തു മിനിട്ടിടവിട്ട് വരുന്ന ക്യാറ്റിനെ കാത്തു നില്ക്കുന്നത് ഒരു പതിവ് ദൃശ്യം .വീട്ടില്‍ നിന്നും കാറില്‍ പെര്‍ത്ത് സിറ്റിയിലെത്തി വാഹനത്തെ പാര്‍ക്ക് ചെയ്തതിനു ശേഷം പിന്നീടുള്ള സിറ്റി ടൂറിനു ഈ സൌജന്യ യാത്രയാണ്.ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്.പാതയോരങ്ങളില്‍ നില്ക്കുന്ന മേപ്പിള്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ പ്രഭാത സൂര്യന്റെ ഇളം നാളങ്ങള്‍ വീഥികളെ സ്വര്‍ണ്ണവര്‍ണ്ണമണിയിക്കുന്നുണ്ട്.വൃശ്ചികക്കാറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ആഞ്ഞുലഞ്ഞ് വീശുന്ന കാറ്റിന്റെ കുസൃതിയില്‍ ഞങ്ങള്‍ നാട്ടിലാണുള്ളതെന്നു തോന്നി.ഏകദേശം നമ്മുടെ നാടിന്റെ ഹരിതാഭയും ഇന്ഫ്രാ സ്ട്രക്ച്ചറും .വളരെ വൃത്തിയുള്ള (ഒരു വിദൂര സ്വപ്നമാണെങ്കിലും ) കേരളം പോലെ .


                                           view of Perth city

നഗരത്തിന്റെ മധ്യത്തില്‍ വൃക്ഷങ്ങളും പുല്ത്തകിടികളും പൂന്തോപ്പുകളുമൊക്കെയായ് ഒരു വിശ്രമസ്ഥലമുണ്ട്..നടക്കാനിറങ്ങുന്നവരും കൂട്ടം കൂടി സംസാരിക്കനെത്തുന്നവരുമൊക്കെയുണ്ടെങ്കിലും കൂടുതലും ഈ സ്ഥലത്തെ പ്രയോജനപ്പെടുത്തുന്നത് അവിടുത്തെ ആദിവാസികളായ അബോര്‍ജിനലുകളാണു..സര്‍ക്കാര്‍ നല്കിയ ഭവനങ്ങളുണ്ടെങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുകയെന്ന പൈതൃക ശീലത്തില്‍ നിന്നും മാറാനാഗ്രഹമില്ലാതെ തിന്നും കുടിച്ചും തൊഴിലെടുക്കാനാഗ്രഹമില്ലാത്ത ഇക്കൂട്ടര്‍ ഇതൊക്കെ തങ്ങളുടെ ജന്മവകാശം എന്നുള്ള ചിന്തയില്‍   അലസജീവിതം നയിക്കുന്നവരാണ്..മദ്യ ലഹരിയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ പുലഭ്യം പറഞ്ഞു കൊണ്ടൊരുത്തന്‍ ആകാശം നോക്കി കിടക്കുന്നുണ്ട്..വേറെ ചിലര്‍ കാര്യമായെന്തൊക്കെയോ അവരുടെ ഭാഷയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.രാത്രിയും പകലും ഇങ്ങനെ തെരുവുകളില്‍ മദ്യപിച്ചും വഴക്കിട്ടും കുത്തഴിഞ്ഞ സാമൂഹ്യ ജീവിതം നയിക്കുന്ന അബോര്‍ജിനലുകളില്‍ ചിലരെങ്കിലും ഉത്തമ കുടുംബ ജീവിതം നടത്തുന്നവരായുണ്ട്...വളരെ പുരാതനവും പ്രാചീനവുമായ ഒരു സംസ്ക്കൃതിയുടെ തലമുറകള്‍ എങ്ങനെ ഇത്തരം ജീവിതത്തിന്നടിമകളായെന്നു ചിന്തിച്ചാല്‍ പല കാരണങ്ങളും കിട്ടും .ആഴ്ച്ച തോറും സര്‍ക്കാരില്‍ നിന്നും തൊഴില്ലാലായ്മ വേതനം (ഡോല്‍ )കിട്ടുന്നതിനാല്‍ തൊഴില്‍ ചെയ്യാനവരെ അഥോറിറ്റീസ് പ്രേരിപ്പിച്ചാലും അവര്‍ക്കൊരു ജോലിയും ചെയ്യാനിഷ്ടമില്ല തന്നെ.ലഭിക്കുന്ന പെന്‍ഷന്‍ മദ്യത്തിനും മയക്ക മരുന്നിനും ചൂതാട്ടത്തിനും ചിലവാക്കി കയ്യിലുള്ളതൊക്കെ തീരുമ്പോള്‍ പിന്നെ ശാപവാക്കുകളെറിഞ്ഞ് സര്‍ക്കാരിനെ പഴിച്ച് തെരുവുകളില്‍ കഴിയുന്ന ഈ നായാടി വര്‍ഗ്ഗം (നോമാഡ്) ഗതകാലത്തിന്റെ ആത്മീയതയെ സ്മരിച്ച് ജീവിതത്തെ തുലയ്ക്കുന്നവരാണ്..

അബോര്‍ജിനലുകളുകളുടെ ചരിത്രമെടുത്താല്‍ ..മന്‍ഗോമന്‍ എന്ന ആദിമ മനുഷ്യകുലവും അബോര്‍ജിനലുകളും ആണു ലോകത്തെ ഏറ്റവും പുരാതന മനുഷ്യര്‍ എന്ന അവകാശത്തിന്നുടമകള്‍ ..നാല്പ്പതിനായിരം വര്‍ഷത്തോളം പഴക്കം അബോര്‍ജിനല്‍ വംശത്തിനും അവരുടെ സംസ്ക്കാരത്തിനുമുണ്ട്..ഇന്ന് വളരെ ന്യൂനപക്ഷമായ(ഒരു ലക്ഷം മാത്രമുള്ള ജനസംഖ്യ) ഇവരുടെ ആയുസ്സിന്റെ വലിപ്പവും പരിഷ്കൃത മനുഷ്യരെ അപേക്ഷിച്ചു തുലോം കുറവാണു ..40-45 വയസ്സിനുള്ളില്‍ ദുശ്ശീലങ്ങള്‍ക്കടിമപെട്ടും മാറാവ്യാധികളുടെ പിടിയിലകപ്പെട്ടും  ഇവരുടെ ആയുസ്സ് ഒടുങ്ങുന്നു.ഇവരുടെ വംശത്തെ നിലനിര്‍ത്താനും  ജനസംഖ്യ കൂട്ടി മരണസംഖ്യ കുറക്കാനുമായ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.അതിനു വേണ്ടി പ്രത്യേക മിഷനുകള്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്..ഇവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി  ഓസ്ട്രേലിയല്‍ ഗവണ്മെന്റ് നടത്തുന്ന അശ്രാന്ത പരിശ്രമം പക്ഷെ പാഴായി പോകുകയാണു പതിവു..ഒരു പാട് ആനുകൂല്യങ്ങളും വിദ്യഭ്യാസ നയങ്ങളും തൊഴിലുറപ്പ് പദ്ധതികളുമൊക്കെ ഉണ്ടെങ്കിലും അലസരായി ജീവിക്കാന്‍ ഒരുമ്പെട്ട് നടക്കുകയാണെങ്കില്‍ പിന്നെ ദൈവത്തിനു  പോലും അവരെ രക്ഷിക്കാനാവില്ലല്ലോ.. പിടിച്ച് പറീയും മോഷണവും സാമാന്യം നല്ല തോതില്‍ ഇവര്‍ ചെയ്തു വരുന്നു..കുറ്റം പിടിക്കപ്പെട്ടാല്‍ ജയിലിലെ ലോക്കപ്പില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ജനാലക്കിപ്പുറമിരുന്നു രാത്രി മുഴുവന്‍ കണ്ണീരൊഴുക്കി പാട്ടു പാടണമെന്നത് അബോര്‍ജിന്‍ കുടംബ നിയമം അഥവാ പാലിച്ചില്ലെങ്കില്‍ അവള്‍ക്ക് ശിക്ഷയും കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ പീഡനം ഉറപ്പ് ;വിരളമായെങ്കിലും ഇന്നും നിലനില്ക്കുന്ന ഒരു പ്രാകൃതാചാരം ആണിത് ..

വളരെ വിചിത്രവും അസാധാരണവുമായ അബോര്‍ജിന്‍ വിശ്വാസങ്ങള്‍ നമ്മളെ അദ്ഭുതപ്പെടുത്തും .. അവരുടെ കുലത്തിന്റെ ഉദ്ഭവം അവരുടെ ഭാഷ്യത്തില്‍  ഭൂമി പിളര്‍ന്നെത്തിയ അരൂപികളായ ദിവ്യാത്മാക്കള്‍ വൃക്ഷങ്ങളുടേയും പക്ഷി മൃഗാദികളുടേയും മനുഷ്യരുടേയും രൂപമെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാലപ്നിക യുഗം അഥവാ കിനാക്കാലം (ഡ്രീം ടൈം )ഈ പേരിലാണു അവരുടെ യുഗപ്പിറവിയെ വിശേഷിപ്പിക്കുന്നത്..ഏതു സ്ഥലരാശിയിലാണൊരു ഗോത്രം ജന്മമെടുക്കുന്നത് അവിടെ ഒരു പ്രത്യേക ദിവ്യാത്മാവിന്റെ സ്പര്‍ശവും സാമിപ്യവും അവര്‍ അനുഭവിക്കുന്നു..ഓരോ വ്യക്തിയും ഓരോ ബിംബങ്ങളുടെ വക്താക്കളായ് സ്വയം പ്രഖ്യാപിക്കുന്നു.ഈ പ്രതീകങ്ങള്‍ കാട്ട് നായയോ,കംഗാരുവോ.എമുവോ,നാഗമോ ഉറുമ്പോ ആകാം ..ഒരു വ്യക്തിയില്‍ തുടങ്ങുന്ന ആ പ്രതീകപരമ്പര പിന്നീട് തലമുറകളുടെ പിന്തുടര്‍ച്ചയില്‍ നിലനില്ക്കുന്നു.ഭ്രൂണാവസ്ഥ മുതല്‍ ശിശു ഈ ദിവ്യാത്മാവിന്റെ അദൃശ്യ സാമിപ്യം അനുഭവിക്കുന്നു എന്നാണവരുടെ വിശ്വാസം ..ലിപിയില്ലാത്ത പ്രാചീന സംസാരഭാഷയാണു ഇവരുടെ മുന്‍ തലമുറകള്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്നത്..എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒരു വരയിലൂടെ പോലും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത അബോര്‍ജിന്‍ ചരിത്രം വായ്മൊഴിയിലൂടെയാണു തലമുറകളിലേക്ക് പകരുന്നത്..ദിവ്യാത്മാക്കളെന്നു വിശ്വസിക്കുന്ന പ്രതീകങ്ങളെ ചുറ്റിപറ്റിയുള്ള കഥകള്‍ അവര്‍ സങ്കല്പ്പിച്ചുണ്ടാക്കുന്ന കാല്പ്പനികതകള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഊടും പാവുമായ് തുന്നിചേര്‍ക്കാന്‍ കഴിയാത്ത ആധുനിക യുഗത്തിന്റെ കാഴ്ച്ചപ്പാടില്‍ വെറും അന്ധവിശ്വാസങ്ങള്‍ ..ഓരോ മനുഷ്യ രാശിക്കും പറയാന്‍ കാണുമായിരിക്കും ഇത്തരം സങ്കല്പ്പത്തില്‍ പൊതിഞ്ഞ വിശ്വാസങ്ങള്‍ ..

എല്ലാം ഒരു വിശ്വാസമെന്നു പരിഷ്കൃതരായ നമുക്ക് സമാധാനിക്കാം ..കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ പുതു തലമുറയിലെ ചില അബോര്‍ജിനലുകള്‍ യൂറോപ്യന്‍ സമൂഹവുമായ് കുടുംബ ബന്ധം സ്ഥാപിക്കുകയും കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കുകയും ചെയ്യുന്നുണ്ട്.ഗാനങ്ങളിലൂടേയും നൃത്തരൂപങ്ങളിലൂടേയും ഈ കിനാക്കഥകള്‍ (ഡ്രീം സ്റ്റോറീസ്) ഇവര്‍ പ്രചരിപ്പിക്കുന്നു..ഇവരുടെ സംഗീതം മനോഹരമാണ്..ഈറക്കുഴല്‍ , ജിമ്പെ എന്ന ഡ്രം .മഴത്താളമുണ്ടാക്കുന്ന ഡിഡ് ഗരിഡൂ എന്ന  ഒരുപകരണം ,കോല്‍ .കാറ്റിന്റെ ചലനത്തില്‍  ശബ്ദമുണ്ടാക്കുന്ന വിന്‍ഡ് ഷൈം എന്ന ഉപകരണം പിന്നെ ബൂമറാങ് എന്നിവയൊക്കെയുപയോഗിച്ചാണു അബോര്‍ജിനലുകള്‍ സംഗീതനൃത്തവിരുന്നൊരുക്കാറ്..അതു പോലെ ഇവരുടെ ചിത്ര രചനയും വളരെ പ്രശസ്തമാണ്.വ്യക്തമായ രൂപങ്ങളില്ലാതെ കടുത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള പ്രാചീനമായ ചിത്ര രചനാ രീതിയാണു അനുവര്‍ത്തിച്ച് വരുന്നത്...പണ്ട് അബോര്‍ജിന്‍ അമ്മമാരില്‍ നിന്നും തട്ടിക്കൊണ്ടു പോയ ആ കുഞ്ഞുങ്ങളുടെ പരമ്പര ഇന്നു ഈ മിശ്രവംശമായ് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ നാനതുറകളിലും പ്രവര്‍ത്തിച്ചു വരുന്നത് കാണാം .അബോര്‍ജിനലുകളെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ സുപ്രധാന ജനവിഭാഗത്തെ അനാദരിച്ചും മറന്നുമുള്ള ഒരു വിവരണമാവും വായിക്കേണ്ടി വരിക.ശനിയാഴ്ച്ച രാവിലെയായതിനാലാവാം നഗരത്തിന്റെ തിരക്ക് കാര്യമായ് തുടങ്ങിയിട്ടില്ല എന്നു തന്നെ പറയാം ... ഫൂഡ്കോര്‍ട്ടുകള്‍ മാത്രമുള്ള ഒരു തെരുവിലേക്ക് ഞങ്ങള്‍ നീങ്ങി..മുറേ സ്ട്രീറ്റിലെ പുറത്ത് നിരത്തിയ കുടകള്‍ക്ക് കീഴിലെ കസേരകളിലേക്കിരുന്നു ഞങ്ങള്‍ പോച്ഡ് എഗ്ഗ്( തിളച്ച വെള്ളത്തില്‍ ഉണ്ടാക്കുന്ന എണ്ണയുപയോഗിക്കാത്ത ബുള്‍സ് ഐ)ബ്രെഡ് ടോസ്റ്റ്,ബേഗല്‍ (ഒരു തരം ബണ്ണ്) സ്റ്റഫ്ഡ് ഓംലെറ്റ്(ചീരയും കൊച്ച് കൂണുകളും വേവിച്ചത്)ചിക്കണ്‍ സോസേജ് ,സ്റ്റ്റോബെറി ഇട്ട പാന്‍ കേക് എന്നിവ വിഭവങ്ങളായുള്ള പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ സ്വാദ് ആസ്വദിക്കാന്‍ തുടങ്ങി..കടല്‍ കാക്കകള്‍ ഭക്ഷണവശിഷ്ടങ്ങള്‍ കൊത്തിയെടുക്കാന്‍ ചെറു സംഘങ്ങളായ് എത്തുന്നുണ്ട്..ഒപ്പം അവിടെ യഥേഷ്ടം കാണുന്ന മാഗ് പൈ എന്ന പക്ഷികളും ..പക്ഷെ എന്നെ ആകര്‍ഷിച്ചത് അവിടുത്തെ കാക്കകളുടെ പരിതാപകരമായ കരച്ചിലാണു..ഒരു മൂന്നു വയസ്സുകാരന്റെ വാശി പിടിച്ച കരച്ചില്‍ പോലെ തോന്നി ആ ഈണത്തിനു.അരിപ്രാവുകളും അമ്പലപ്രാവുകളും പാശ്ചാത്യ പാരാമ്പര്യ ശില്പചാതുരിയില്‍ നിര്‍മ്മിച്ച അധികം ഉയരമില്ലാത്ത കെട്ടിടങ്ങളുടെ ജാലകങ്ങളില്‍ കുറൂകിയിരിക്കുന്നുണ്ട്..ഇടയ്ക്ക്ക്കൊക്കെ അടക്കത്തോടെയുള്ള ചിറകടിയോടെ താഴെ പെറൂക്കി തിന്നാനും എത്തുന്നുണ്ട്..തെരുവിലെ ആള്‍ക്കൂട്ടങ്ങളില്‍ ഈ പറവകള്‍ ചിരപരിചിതരെ പോലെ തെല്ലു പോലും ഭയമില്ലാതെ കറങ്ങുന്നത് എന്നില്‍ കൌതുകമുണര്‍ത്തി..പ്രാതലിനു ശേഷം മോര്‍ളി ഗലേറിയ എന്ന ഷോപ്പിങ്ങ് മാളിലേക്കുള്ള യാത്രക്ക് മുന്‍പ് ഞങ്ങള്‍ ആ തെരുവിനെ ഒന്നു പ്രദക്ഷിണം വെക്കാന്‍ തീരുമാനിച്ചു.അല്പ്പാല്പ്പമായ് വര്‍ദ്ധിച്ച് വരുന്ന നഗരത്തിരക്കിനെ വകഞ്ഞ് മാറ്റി ഞങ്ങള്‍ തെരുവിലെ കാഴ്ച്ചകളെ സ്വന്തമാക്കാന്‍ തുടങ്ങി..വഴിയില്‍ കണ്ട പൂക്കടകള്‍ ഒന്നാകെ വാങ്ങാന്‍ എന്റെ മനസ്സു തുടിച്ചു..പലവര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പൂക്കളും ,ഓര്‍ക്കിഡുകളും കൂടാതെ ഡെയ്സി,ലില്ലി ,ജറബറ എന്നീ പൂക്കളും ചാരുതയോടെ ബൊക്കെകളായ് അലങ്കരിച്ചിരിക്കുന്നു.തെരുവിലെ ഓരോ മൂലയിലും ഒരു ടവലോ ചെറിയ പെട്ടിയോ വെച്ച് പ്രയമുള്ളവരും ചെറുപ്പക്കാരുമായ കലാകാരന്‍മാര്‍ ഗിറ്റാര്‍ വായിച്ചും ഓര്‍ഗന്‍ വായിച്ചും ഭിക്ഷയെടുക്കുന്നു.. തെരുവിന്റെ നടുവിലെ മേപ്പിള്‍ മരത്തിന്റെ ചുവട്ടിലായി ഒരു വൃദ്ധന്‍ ഇരുന്നു ചിത്ര രചന നടത്തുന്നുണ്ട്..അയാളുടെ ചായത്തൂലികയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ രൂപമെടുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ വശ്യസുന്ദരങ്ങളും ഹൃദയഹാരിയുമായിരുന്നു..അത്രയകലെയല്ലാതെ ദേഹം മുഴുവന്‍ വെള്ളി നിറം പൂശീയ മാലഖയുടെ വേഷമണിഞ്ഞ ഒരു സ്ത്രീയുമുണ്ട്.ആ തെരുവിലെ ഒരു കടയില്‍ നിന്നും അബോര്‍ജിനല്‍ സംഗീതമടങ്ങിയ ഒരു സിഡി വാങ്ങി മകളെനിക്ക് സമ്മാനിച്ചു..പക്ഷെ നേര്‍ക്ക് നേര്‍ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ അബോര്‍ജിനലുകളോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക് ഭയം തോന്നി.ഒരു പക്ഷെ കാമറയും തട്ടിപ്പറിച്ച് അവരോടിയാലോ... 

നഗരത്തിരക്കിപ്പോള്‍ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു...മിക്കവാറും എല്ലാ കുടുംബങ്ങളും അവധി ദിവസം ആഘോഷിക്കാനായ് സന്ധ്യയാകുവോളം സിറ്റിയുടെ പലഭാഗങ്ങളിലും ഉണ്ടാകും ..കൊട്ടിഘോഷിക്കപ്പെടുന്ന മോശമായ ഒരു പാശ്ചാത്യ സംസ്ക്കാരവും എനിക്കവിടെ കാണാനായില്ല..മറിച്ച് കുടുംബങ്ങളും,വൃദ്ധരും ,ചെറുപ്പക്കാരും ഒരു പോലെ ജീവിതത്തെ ആസ്വദിക്കുന്നവരാണെന്നു തോന്നി..ആ സമൂഹത്തിന്റെ പരസ്പ്പരമുള്ള ബഹുമാനവും പരിഗണനയും മനുഷ്യ സ്നേഹവും ഉള്‍ക്കൊണ്ട് ആ തിരക്കിനൊപ്പം ഞങ്ങളും അലിയുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നഗരത്തിന്റെ നിഴലുകളെ സ്വന്തമാക്കിയിരുന്നു.........