Monday, 18 June 2012

അനുഭവങ്ങള്‍ .. കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-
================================

"അതേയ്..ഞാനൊരു കാര്യം പറയേണ്..ഇഞ്ഞിക്കിവടെ നിക്കാന്‍ പറ്റില്ലട്ടാ"....പകല്‍ മുഴുവന്‍ ഓഫീസിലെ കണക്കുകളോട് മല്ലടിച്ച് മാസാന്ത്യത്തിലെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയപ്പോഴേക്കും വരാതിരിക്കട്ടെ എന്നു മനസ്സാ ആഗ്രഹിച്ച എന്റെ സന്തത ശത്രു മൈഗ്രേന്‍ ഇടത്തെ ചെന്നിയില്‍ തന്റെ ശൂലം കുത്തിയിറക്കി രസിക്കുന്നതും ആസ്വദിച്ച് ഞാനെന്റെ സ്വീകരണ മുറിയിലെ സോഫയില്‍ കുഷനില്‍ മുഖമമര്‍ത്തി ഇരിക്കുമ്പോഴാണ്. ഈ അപ്രതീക്ഷിത പ്രഖ്യാപനവുമായ് എന്റെ സഹായി കുഞ്ഞീവി അങ്ങോട്ട് വന്നത്..ഇതു കേട്ട് പെട്ടെന്നു തലയുയര്‍ത്തിയതും ചെന്നിയിലെ കുത്തിന്റെ ശക്തി കൂടിയതിനെ കൈകൊണ്ടമര്‍ത്തി ചോദ്യരൂപത്തില്‍ ഞാനവളെ ഒന്നു നോക്കി...തന്റെ പരുപരുത്ത ശബ്ദം ഉച്ചസ്ഥായിയിലാക്കി  കുഞ്ഞീവി  പറയാന്‍ തുടങ്ങി."ഇന്നോടാര്‍ക്ക ഇത്ര വിരോധം ..ഇപ്പൊ വന്നു വന്നു ഇന്റെ നിസ്കാരകുപ്പയവും മുസായബുമൊക്കെയാണ്..കേട് വരുത്തുന്നത്"..ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.."ആരു കുഞ്ഞീവി..നിന്റെ സാധനങ്ങള്‍ ഇവിടെ ആരു നശിപ്പിക്കുന്നുവെന്നാണു പറയുന്നത്".ഞങ്ങളാരും അവളുടെ സാധനങ്ങളിരിക്കുന്ന മുറിയിലേക്ക് കയറാറില്ലല്ലോ എന്നു ചിന്തിച്ച് ഞാന്‍ ചോദിച്ചു. "ആരെയാ നീ സംശയിക്കുന്നത്."...ഇതു പറഞ്ഞ് തീരുമ്പോഴേക്കും കുഞ്ഞീവി തന്റെ നിസ്കാര കുപ്പായവും മുസായഫുമായി എന്റെയടുത്തേക്ക് വീണ്ടും വന്നു.നാലര അടി മാത്രം ഉയരമുള്ള അവളുടെ നീളമുള്ള നിസ്ക്കരകുപ്പായത്തിന്റെ അടിഭാഗം ഇത്തിരി കീറിയിട്ടുണ്ട്..നീളന്‍ കയ്യിന്റെ അറ്റവും പിഞ്ഞിയിട്ടുണ്ട്...അത്ര പഴക്കമില്ലാത്തൊരു കുപ്പയമാണിത്....മുസായഫ് സാധരണ പത്രക്കടലാസു കൊണ്ടാണു പൊതിഞ്ഞിരിക്കുന്നത്..കയ്യിലെ ജലാംശം പേജുകള്‍ മറിക്കുമ്പോള്‍ ഉണ്ടാകുന്ന പടരുന്ന മഷിയുടെ കരി പേജിന്റെ ധവളിമ കെടുത്തിയിരിക്കുന്നു...ഞാന്‍ സാവധാനത്തില്‍ കുഞ്ഞീവിക്ക് വിവരിച്ച് കൊടുത്തു.."ഇതാരും മനഃപൂര്‍വം കേട് വരുത്തിയിട്ടുള്ളതല്ല..നിന്റെ കാലിലും കയ്യിലും വുളു എടുക്കുമ്പോള്‍ പറ്റുന്ന നനവു മൂലമാണു കുപ്പായം പിഞ്ഞിയതും ഓതുന്ന നേരത്ത് കയ്യിലെ വിയര്‍പ്പ് മൂലം മുസായഫ് കേടാവുന്നതും ..ഇതു സര്‍വസാധാരണമാണു..ആര്‍ക്കും സംഭവിക്കാവുന്നത്"....ഞാനിതു പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീരോടെ തുടങ്ങി വീണ്ടും ...

"അല്ല ഇവിടെ ജിന്നുണ്ട്..ഞാന്‍ ഉറങ്ങുമ്പൊ കാണലുണ്ട്.ഞാം പറയുമ്പൊ ഇങ്ങ വിശ്വസിക്കുല്ല..ഞാന്‍ മുമ്പും പറഞ്ഞണ്ട്..അന്നൊന്നും ഇങ്ങനെ മനുശ്യനെ എടങ്ങറാക്കേര്‍ന്നില്ല..ഇതിപ്പൊ..ഇങ്ങക്കറിയോ ഞാന്‍ രാത്രി  കഴുകി വെച്ച മിക്സിടെ സ്ക്രൂവൊക്കണ്ട് കാലത്തു നോക്കുമ്പൊ അഴിച്ചിട്ടിരിക്കണു..പിന്നെ അള്ളാന്തന്നെ ഞാന്‍ മുറുക്കി വെച്ച പ്രെശ്ശര്‍ കുക്കറ്ന്റെ പിടീണ്ട് അയ്യും കോലും വേര്‍തിരിച്ചിക്കണ്..ദോശചട്ടീടെ മൂട് അടിച്ച് പരത്തീട്ട്ണ്ട്.തന്നെല്ല എന്നും രാത്രി അടുക്കളയില്‍ ഞാനതു നടക്കുന്നതും ഓടൂന്നതും കാണാറുണ്ട്"..

ഒട്ടൊരു വിസ്മയവും അതിലേറെ തമാശയും എനിക്കത് കേട്ടപ്പോള്‍ തോന്നി..അടങ്ങി നില്ക്കാന്‍ വിസമ്മതിച്ച ചിരിയോടെ ഞാനത് പ്രകടമാക്കുകയും ചെയ്തു..രൂക്ഷമായെന്നെ ഒന്നു നോക്കിയിട്ട് കുഞ്ഞീവി വീണ്ടും കണ്ണടച്ചാല്‍ അടുക്കളയില്‍ നടമാടുന്ന ജിന്നിന്റെ ദുരുദ്ദേശങ്ങളില്‍ ആകുലയാവാന്‍ തുടങ്ങി..എല്ലാം  വെറും തോന്നലുകളാണെന്നെത്ര മനസ്സിലാക്കി കൊടുത്തിട്ടും  ഇതൊക്കെ ജിന്നിന്റെ വിളയാട്ടങ്ങളാണെന്ന തന്റെ നിഗമനത്തില്‍ ഉറച്ച് തന്നെ നില്ക്കുകയാണ്.അരമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ എന്റെ മൈഗ്രേന്‍ കൂട്ടിയതും പോര എന്റെ സഹായി എന്നോട് മിണ്ടാതിരിക്കാനും തുടങ്ങി...

അത്താഴത്തിനു ശേഷം ഞാന്‍ വീടിനു ചുറ്റും പൊയൊന്നു നോക്കി..മുന്‍വശത്തേയും പിന്‍വശത്തേയും വാതിലുകള്‍ ഭദ്രമല്ലെ എന്നു ശ്രദ്ധിച്ചു....എന്റെ ഈ അമിതവും അസാധാരണവുമായ മുന്‍ കരുതലുകള്‍ കണ്ട് ഭര്‍ത്താവു  ചോദ്യചിഹ്നത്തോടെ വന്ന നേരത്ത് ഞാനദ്ദേഹത്തോടൊരു സംശയം ചോദിച്ചു.."അല്ല ജിന്നുകള്‍ ശരിക്കും മനുഷ്യനെ ഉപദ്രവിക്കുമോ."..ഇല്ലാത്ത ഗൌരവം നടിച്ച് അദ്ദേഹം പറഞ്ഞു നിന്റെ സ്വഭാവത്തിനു ഒരു പക്ഷെ അങ്ങനേയും പ്രതീക്ഷിക്കാം .ഈ തമാശയെ അതിന്റെ വഴിക്ക് വിട്ടു ഞാന്‍ പറയാന്‍ തുടങ്ങി.."ഞാനെന്റെ കാര്യമല്ല നമ്മുടെ കുഞ്ഞീവിയുടെ കാര്യമാണു പറയുന്നത്."....ഉയര്‍ന്ന ഗേറ്റും അതിലും പൊക്കമുള്ള മതിലും    ചൂണ്ടിക്കൊണ്ട് ഞാന്‍ വീണ്ടും എന്റെ ഭര്‍ത്താവിന്റെ ക്ഷമയെ പരീക്ഷിച്ചു..ഈ മതിലോ ഗേറ്റൊ ചാടി മനുഷ്യരോ അല്ലെങ്കില്‍ ജിന്നുകളൊ നമ്മുടെ വീട്ടിലേക്ക് കയറുമോ..ഇവളെന്താ ബുദ്ധിശൂന്യമായ് സംസാരിക്കുന്നതെന്ന സംശയം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ മറുപടി."ആരെങ്കിലും നമ്മള്‍ പൂട്ടിയിരിക്കുന്ന മുന്‍ വാതില്‍ തുറന്നു കൊടുത്താല്‍ ചാടുന്നവര്‍ ആരായാലും വീട്ടിനുള്ളില്‍ കയറും "....ഉള്ളില്‍ തോന്നിയ ദേഷ്യത്തെ ഭരിച്ച വേവലാതിയോടെ ഞാന്‍ കുഞ്ഞീവിയുടെ അനുഭവങ്ങള്‍ അദ്ദേഹത്തിനു വിവരിച്ചു കൊടുത്തപ്പോള്‍ എന്നെ നോക്കി ഒരു പരിഹാസത്തോടെ ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചു."നീയിതൊക്കെ വിശ്വസിക്കുന്നുണ്ടോ"..."എന്റെ അവിശ്വാസത്തേക്കാള്‍ കുഞ്ഞീവിയുടെ വിശ്വാസമാണിവിടെ പ്രധാനം" ..ഞാന്‍ പറഞ്ഞു.."എന്നാലും നിനക്ക് ജിന്നിവിടെ നില്ക്കുന്നു എന്നു തോന്നുണുണ്ടോ?"..ഈ സന്ദേഹത്തിന്റെ മുനമ്പില്‍ ആ സംഭാഷണത്തിനു തല്ക്കാലം ഞാനൊരു വിരാമമിട്ടു....ദേഹവും മനസ്സും ഒരു പോലെ അസ്വസ്ഥമായതു കൊണ്ടോ എന്തോ എനിക്കാ രാത്രിയില്‍ മുറ്റത്ത് നിന്നു കൊണ്ട് ജിന്നിനെ കുറിച്ച് സംസാരിക്കാന്‍ ഒരു സങ്കോചം തോന്നിയത് കൊണ്ട്പതുക്കെ ഞാന്‍ അകത്തെക്ക് വലിഞ്ഞു..

ഉറങ്ങാന്‍ കിടക്കുമ്പോഴും കുഞ്ഞീവിയുടെ മനോനിലയെ കുറിച്ചാണു ഞാന്‍ ആകുലതൊടെ ചിന്തിച്ചത്..പന്ത്രണ്ട് വര്‍ഷമായി അവര്‍ ഞങ്ങളോടൊപ്പം ..ഇതിനു മുന്‍പ് പത്തു കൊല്ലത്തോളം വേറൊരു വീട്ടില്‍ ഞങ്ങള്‍ താമസിക്കുമ്പോഴും ഈ ജിന്നിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്..രാത്രിയില്‍ അവളുടെ ദേഹത്തിനു മുകളിലൂടെ പാദങ്ങള്‍ തൊടുവിക്കാതെ നീങ്ങുന്ന വെളുത്ത നീളന്‍ വസ്ത്രം ..നിസ്കാരിച്ചിരിക്കുന്ന അവളുടെ അടുത്ത് വെള്ള ളോഹയണിഞ്ഞ് നിന്ന ജിന്ന്...വീട്ടിലാരുമില്ലാത്തപ്പോള്‍ അപസ്വരങ്ങളുണ്ടാക്കി പേടിപ്പിക്കുന്ന ജിന്ന്....അടുക്കളയിലെ മസാലപ്പൊടികളിലും അരിപ്പൊടിയിലും എന്തിനു ചോറു വെക്കുന്ന അരിയില്‍ വരെ  ഈര്‍ പ്പമുള്ള സ്പൂണിടുന്ന ജിന്ന്...രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഈ ജിന്ന് വിശേഷം കുഞ്ഞീവിയെന്നോട് പറയാറുണ്ട്...അതൊക്കെ വെറും തോന്നലുകളാണെന്നു ഞാനെത്ര പറഞ്ഞാലും തന്റെ കണ്ണിനെയോ ചിന്തയേയോ അവിശ്വസിക്കാന്‍ അവള്‍ക്കാവില്ല ..ഇതിനിടയില്‍ നാട്ടില്‍ പോയ കുഞ്ഞീവിയേതോ മുസ്ലിയാരുടെ അടുത്ത് പോയപ്പോള്‍ ഇവളുടെ ജിന്നിനെ കുറിച്ചയാള്‍ പറഞ്ഞുവത്രെ.ജിന്നുകള്‍ അലയുന്ന സ്ഥലമാണതെന്നും  ആ വീട്ടില്‍ മുന്‍പ് ഒരു കടും മരണം നടന്നിട്ടുണ്ട് എന്നും അറിയിച്ചുവത്രെ....മരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാനവളെ തിരുത്തി..അറബികള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നു പറഞ്ഞ്..പക്ഷെ പിന്നീട് വീടിന്റെ മുതലാളി അറബിയുടെ സഹായിയും വാടകപിരിക്കാന്‍ നടക്കുന്നവനുമായ ആളോട് ആത്മഹത്യയെ കുറിച്ച് എന്റെ ഭര്‍ത്താവു ചോദിച്ചപ്പോള്‍ അയാളും അതു സമ്മതിച്ചു..വര്‍ഷങ്ങള്‍ക്ക് മുന്പ് ആ വീട്ടിലെ മനോരോഗിയായിരുന്ന അറബി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നു..ഒരമ്മയും മകനും മാത്രമായിരുന്നു അവിടുത്തെ താമസക്കാര്‍ ..പിന്നീട് ഈ വീട് ഇപ്പോഴത്തെ ഉടമസ്ഥനു വില്ക്കുകയായിരുന്നു..അവിടെ താമസമാക്കി ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണു ഞാനീ വിവരം അറിയുന്നത്.ഇതിനിടയില്‍ ഒരിക്കല്‍ പോലും അസാധാരണമായ് എനിക്കൊന്നും അവിടെ അനുഭവപെട്ടിട്ടില്ല..പക്ഷെ കുഞ്ഞീവിയുടെ മുസ്ലിയാര്‍ ഇതറിഞ്ഞത് എന്നില്‍ ഇപ്പോഴും ദുര്‍ഗ്രഹമായ് നില്ക്കുന്നു..
ആ വീടിനു തൊട്ടപ്പുറത്ത് ഈന്തപ്പനകള്‍ തിങ്ങി നില്ക്കുന്ന ഒരു തോട്ടമാണ്..ഉച്ച നേരത്തും അവിടെ ഇരുട്ടായിരിക്കും ..ഞങ്ങളുടെ വില്ലയുടെ മതിലിനപ്പുറമാണീ സ്ഥലം ..കുഞ്ഞീവിക്ക് ജിന്നുകളുടെ സംഗമ സ്ഥലം അതാണെന്ന് സംശയം തോന്നിയതില്‍ കുറ്റം പറയാനാവില്ല..അങ്ങോട്ട് നോക്കുന്ന ആര്‍ക്കും എന്തോ ഒരു ദുരൂഹത മയങ്ങുകയാണവിടെ എന്നു തോന്നും ..ആ കാലത്ത് മകന്‍ ഒരു നായയെ വീട്ടില്‍ വളര്‍ത്തിയിരുന്നു.കാസ്പെര്‍ എന്നു പേരുള്ള ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്...അതിന്റെ കൂട് ഈ മതിലിന്നരികിലായാണുള്ളത് ..രാത്രി നേരത്ത് ഇവനെ കൂട്ടില്‍ നിന്നും പുറത്തേക്ക് വിടും ..ചില പാതിരാത്രികളില്‍ ഇവന്‍ വീടിനു ചുറ്റും വല്ലാത്തൊരു മോങ്ങലോടെ ഓടുന്നത് കേള്‍ക്കാറുണ്ട്..കുഞ്ഞീവിയുടെ നിരീക്ഷണത്തില്‍ അതു ജിന്നിനെ കണ്ടോടുന്നതാണ്. ഞാന്‍ പറയാറുണ്ട് മതിലിനു മുകളില്‍ ഇരുന്നു ഇവനെ വെറി പിടിപ്പിക്കുന്ന ഏതെങ്കിലും പൂച്ചയെ കണ്ടിട്ടാവും അതെന്നു..ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞീവിയുടെ മുഖം വീര്‍ക്കും ..അവള്‍ പറയുന്നതൊന്നും എനിക്ക് വിശ്വാസമില്ലെന്നു പറഞ്ഞ് സങ്കടപ്പെടും ..ഇങ്ങനെയൊക്കെ ജിന്നു പലതരത്തില്‍ കുഞ്ഞീവിയുടെ ജീവിതത്തില്‍ വന്നിരുന്നെങ്കിലും ഒരു വര്‍ഷമായ് ഞങ്ങള്‍ താമസിക്കുന്ന ഈ വീട്ടിലെ ജിന്നു കുറച്ച് കൂടി സജീവവും ശല്യവുമായാണല്ലോ സൌഹാര്‍ദ്ദം കാണിക്കുന്നത് എന്നു കൌതുകത്തോടെ ഊറി വന്ന ചിരിയെ അടക്കി ഞാന്‍ ചിന്തിച്ചു..അടുക്കളയിലേക്ക് ജനലില്‍ കൂടെ മതിലിന്നപ്പുറത്തെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മുറ്റത്തെ ആര്യവേപ്പിന്റെ ചില്ലകളും യൂക്കാലി മരത്തിന്റെ ഇലകളും കാറ്റിലുലയുന്നതിന്റെ നിഴല്‍ കുഞ്ഞീവിയുടെ മുറിയുടെ വാതില്‍ പാളിയിലൂടെത്തി നോക്കുന്നതിനെ ജിന്നിന്റെ നൃത്തമായ് കാണുന്നതാവും അവള്‍ എന്ന സമാധാനത്തില്‍ ഞാനീ ജിന്നിനെ തളച്ചു .പക്ഷെ ഇതൊക്കെ എങ്ങനെ വിശദീകരിച്ചാലും കുഞ്ഞീവിക്ക് ആശ്വാസമേകുന്ന ഒന്നാവില്ല..ഒരിക്കലെന്നോട് ജിന്നിന്റെ വിളയാട്ടത്തെ അവള്‍ ഉപമിച്ചത് ജിംബൂബയോടായിരുന്നു..അന്നു സത്യത്തില്‍ അതാരാണെന്നെനിക്ക് മനസ്സിലായില്ല..പിന്നെ നയത്തിലവളോട് ചോദിച്ചപ്പോഴാണ്.അതു അലവുദ്ദീന്റെ അദ്ഭുത വിളക്കില്‍ നിന്നും വരുന്ന ഭൂതമാണെന്ന് പറഞ്ഞത്..കുഞ്ഞീവി അവളുടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കുന്നത് അടുക്കളയില്‍  സ്ഥാപിച്ചിട്ടുള്ള റ്റിവിയില്‍ ഏഷ്യാനെറ്റ് എന്ന ചാനല്‍ മാത്രം കണ്ടുകൊണ്ടാണ്..അതിലെ എല്ലാ സീരിയലുകളും കഥാപാത്രങ്ങളും അവള്‍ക്ക് മനഃപ്പാഠമാണ്..

അലസമായ മനസ്സിന്റെ വികലമായ ഭാവനകളാണിതെന്നും നിനക്കിവിടെ നില്ക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിന്നാല്‍ മതിയെന്നുമൊക്കെ എനിക്ക് പറയാം.. പക്ഷെ ഞാനിതൊക്കെ കണ്ടില്ലെന്നു വെച്ച് എനിക്കുള്‍ക്കൊള്ളാനാവാത്ത അവളുടെ അന്ധവിശ്വാസങ്ങളെ ഇടക്കൊക്കെ ശരിയാകാം എന്നു സമ്മതിക്കുന്നതിനു കാരണം ചില മാനുഷിക പരിഗണന കൊണ്ടു മാത്രമാണ്..കുഞ്ഞീവി ഞങ്ങളുടെ വീട്ടിലേക്ക് ഒരംഗമായ് വരുന്നതിനു മുന്‍പ് അവളനുഭവിച്ച മാനസികവ്യഥകള്‍ ഇത്തരം സ്പര്‍ദ്ധകളെ മാറ്റി വെപ്പിച്ച് അവളോടുള്ള എന്റെ ദീനാനുകമ്പ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമായ്....ബുദ്ധി ഇത്തിരി പിന്നോക്കമാണെങ്കിലും ആള്‍ മിടുക്കിയാണ്.കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷം സ്വന്തം അനിയത്തിയുമായ് ഓടിപ്പോയ ഭര്‍ത്താവില്‍ നിന്നും തന്റേടത്തോടെ വിവാഹമോചനം നേടി സ്വയം അധ്വാനിച്ച് വീട് പുലര്‍ത്തുകയും  മകനെ വളര്‍ത്തി വലുതാക്കുകയും ഞങ്ങളുടെ സഹായത്തോടെ ജോലിയോട് കൂടിയ വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടു വരികയും അവനു ഇരുപത്തിമൂന്നു വയാസാവുമ്പോഴേക്ക്കും വിവാഹം കഴിപ്പിക്കുകയും ചെയ്തു ജീവിത സമരങ്ങളെ ഒറ്റക്ക് തന്നെ നേരിട്ട കുഞ്ഞീവി  ;ഇനിയൊരു പുരുഷനേയും തന്റെ കൂടെ വാഴിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ച് ലോകത്തെ മൊത്തം പുരുഷന്മാര്‍ക്കും ഊരു വിലക്ക് ഏര്‍പ്പെടുത്തിയ പഠിപ്പോ പത്രാസോ ഇല്ലാത്ത കുഞ്ഞീവിയുടെ മനഃസ്ഥൈര്യത്തെ ഞാനദ്ഭുതത്തോടെ കണ്ടു.പുരുഷന്മാരെ തീണ്ടപ്പാടകലത്തില്‍ നിര്‍ത്തി തലങ്ങും വിലങ്ങും കത്തിയെറിയുന്ന ഫെമിനിസ്റ്റാണവളെന്നെനിക്ക് തോന്നാറുണ്ട്..യൌവനത്തില്‍ ഭര്‍ത്താവിന്റെ സുരക്ഷിതത്വവും പരിലാളനയും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ അഗാധതയില്‍ മയങ്ങുന്ന അവളുടെ കാമനകള്‍ .. കണ്ണീര്‍ പുഴകളുടെ ഉറവയായ റ്റെലിവിഷന്‍ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളോട് തന്റെയുള്ളിലെ സ്ത്രീയെ താദാത്മ്യം ചെയ്യാന്‍ തുനിയുന്നതിന്റെ മങ്ങിയ പ്രതിഫലനമാകാം ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്ന മിഥ്യാധാരണയെന്ന മനസ്സിന്റെ പ്രതിഭാസത്തില്‍ കിടന്ന് മധ്യവയസ്സ് കഴിഞ്ഞ കുഞ്ഞീവി ഉഴലുന്നത്...നാട്ടിലേക്ക് പോകാനിഷ്ടമില്ലാത്ത കുഞ്ഞീവി ഇടക്കൊക്കെ ഞങ്ങളുടെ സഹതാപം പിടിച്ച് പറ്റാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഞാന്‍ മനഃപ്പൂര്‍വ്വം വകവെച്ച് കൊടുക്കുന്നു..തന്റെ കയ്യില്‍ നിന്നും പറ്റുന്ന എല്ലാ അബദ്ധങ്ങളും അറിഞ്ഞോ അറിയാതെയോ അവള്‍ ജിന്നിന്റെ തലയില്‍ കെട്ടി വെച്ച് ആ ജിന്നു അവളെ ഇവിടെ നിന്നും നാടു കടത്താന്‍ നടത്തുന്ന ശ്രമങ്ങളാണിതൊക്കെയെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുകയാണു ഇതിലൂടെ. മനുഷ്യന്റെ ഇത്തരം മാനസികവ്യാപാരങ്ങള്‍ അവരുടെ മനോനിലയില്‍ മാത്രമല്ല ചിലപ്പോഴൊക്കെ സ്ഥിരം ഇതു തന്നെ കേള്‍ക്കുന്നവരുടെ മാനസിക സന്തുലിതാവസ്ഥയെ നിര്‍വീര്യമാക്കി അവരുടെ ക്ഷമയേയും കെടുത്തുന്നു..ഒരു വേള അവരും ചിന്തിച്ച് പോകും ദൃഷ്ടികള്‍ക്ക് മുന്നില്‍ വരാത്ത ജിന്നുകള്‍ നമുക്ക് മുന്നില്‍ സ്വൈര്യ വിഹാരം നടത്തുന്നു എന്നു പ്രത്യേകിച്ചും ജിന്നുകള്‍ക്ക് പേരുകേട്ട ഈ മരുഭൂമിയില്‍ .......

Tuesday, 12 June 2012

തണലേകിയ വന്മരത്തിന്റെ ഓര്‍മ്മയില്‍

തണലേകിയ വന്മരത്തിന്റെ ഓര്‍മ്മയില്‍ :-(ജൂണ്‍ 4 മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കണ്‍മഷി എന്ന പരമ്പരയില്‍ പ്രസിദ്ധീകരിച്ചത്)


സ്ത്രീയൊരു ദുര്‍ബല ജന്മം അഥവാ അവളൊരു രണ്ടാം കിട വ്യക്തിത്വം എന്ന അലിഖിത സാമൂഹ്യ വ്യവസ്ഥിതി സ്ത്രീകള്‍ക്ക് വെല്ലുവിളിയായുണ്ടെങ്കിലും ചുറുചുറുക്കോടെ ആണുങ്ങള്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ഒരു പാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുള്ളതിനെ കാണുന്നില്ലെന്ന് നടിക്കാനാവില്ല.ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണാധികാരിയായും,കേരളത്തിന്റെ ഗവര്‍ണ്ണറായും, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായും  സ്ത്രീസാന്നിധ്യം അവരവരുടെ കഴിവുകള്‍ തെളിയിച്ച കാലത്താണു  ശാരീരികമായും മാനസികമായും  ഞാനെന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറിയിരുന്നത്.ഇങ്ങനെയൊക്കെ സ്ത്രീശക്തികള്‍ വിരാജിച്ചിരുന്ന ആ കാലത്ത് ഇന്നത്തെയത്ര അവഹേളനം സ്ത്രീകള്‍ നേരിട്ടിരുന്നില്ലെങ്കിലും അത്ര ലാളനയും അവളനുഭവിച്ചിരുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം .

ഞാന്‍ ജനിച്ച നാട്ടില്‍ ഗള്‍ഫിലേക്കൊഴുകുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം ഉയര്‍ന്നു കൊണ്ടിരുന്ന ഒരു സമയം  ..ഒട്ടു മിക്ക വീടുകളിലേയും പുരുഷന്മാര്‍ എണ്ണപ്പാടങ്ങളെ തേടി കപ്പലും വിമാനവുമൊക്കെ കയറി ഉറ്റവരേയും ഉടയവരേയും തനിച്ചാക്കി പോകുകയും ; ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ അതിഥികളെ പോലെ അവധി ചിലവഴിക്കാന്‍ വന്നിരുന്നതുമായ കാഴ്ച്ച അന്ന് സര്‍വ സാധാരണം  ..അതിനാല്‍ തന്നെ ഈ വീടുകളില്‍ സ്ത്രീകളായിരുന്നു കുടുംബനാഥന്റെ റോള്‍ ഏറ്റെടുത്തിരുന്നത്..എന്റെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല.പ്രാഥമിക വിദ്യഭ്യാസം പോലും ഇല്ലാത്ത എന്റെ ഉമ്മൂമയും അപ്പര്‍ പ്രൈമറി വിദ്യഭ്യാസം മാത്രം ചെയ്തിട്ടുള്ള എന്റെ ഉമ്മയും ബാങ്കിടപാടുകളടക്കം  സര്‍ക്കാര്‍  സ്ഥപനങ്ങളിലും മറ്റും വീട്ടിലെ പുരുഷന്മാര്‍ ചെയ്യേണ്ടിയിരുന്ന ഓരോരോ ആവശ്യങ്ങള്‍ക്ക് ഒരു കുടയുമായി സധൈര്യം ഇറങ്ങിയത് അകത്തളങ്ങളില്‍ ഒതുങ്ങി പാചകവും പ്രസവവും കുട്ടികളെ നോക്കലും മാത്രമല്ല സ്ത്രീത്വം ,ഒരു കുടുംബത്തിന്റെ ഭദ്രതക്കും ഉന്നമനത്തിനും പുരുഷനൊപ്പം സ്ത്രീയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ചിന്തയുമായിട്ടായിരുന്നു.

ഇങ്ങനെയൊക്കെ സ്ത്രീക്കരുത്ത് മാന്യമായ രീതിയില്‍ എല്ലാ സമുദായങ്ങളിലേയും വനിതകള്‍ പ്രകടമാക്കിയിരുന്ന ഒരു കാലഘട്ടട്ടത്തില്‍  ആരാധനയോട് കൂടി മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ വ്യക്തിത്വമായിരുന്നു ഞങ്ങളുടെ കൊച്ചു നഗരത്തിലെ തിരക്കേറിയ തെരുവിന്റെ ഒരിടവഴിയില്‍ റ്റൈപ്പ് റൈറ്റിങ് ലേണിങ്ങ് സെന്റര്‍ നടത്തുന്ന രാധ റ്റീച്ചര്‍ .അമ്മയും നാലനിയത്തിമാരും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി .ആ പഞ്ചായത്തിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അതു നിവര്‍ത്തിക്കാനും തയ്യാറായിരുന്ന കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതയായൊരു പൊതു പ്രവര്‍ത്തക;ഞങ്ങളുടെ നാട്ടിലുള്ളവരോട് ചോദിച്ചാല്‍ റ്റീച്ചറെ കുറിച്ച് ചുരുങ്ങിയ വാക്കുകളിലുള്ള വിവരണം ഇതാണ്..

തുറന്ന അതിരുകളുള്ള എന്റെ  വീട്ടുമുറ്റത്തു കൂടെ എന്നും രാവിലെ ചുറുചുറുക്കോടെ നടന്നു പോയിരുന്ന റ്റീച്ചര്‍ ,തോളിലൊരു ചെറിയ ബാഗും കയ്യില്‍ ചോറ്റുപാത്രവുമായി വെള്ളമിറ്റ് വീഴുന്ന നീളന്‍ മുടിത്തുമ്പില്‍ തുളസിക്കതിര്‍ അല്ലെങ്കില്‍ ഒരു പനിനീര്‍ പൂവ്...നെറ്റിയിലെ ചന്ദനക്കുറിക്ക് താഴെ വട്ടത്തിലൊരു പൊട്ട്..കൊലുന്നനെയുള്ള ശരീരത്തില്‍ ആഭരണമായുണ്ടായിരുന്നത് നേരിയ ഒരു മാലയില്‍ ആലിലയിലിരുന്നു വിരലുണ്ണുന്ന ഉണ്ണിക്കണ്ണന്റെ രൂപം കൊത്തിയ താലി. ..എപ്പോഴും ഉന്മേഷവതിയായ റ്റീച്ചര്‍ ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവളായിരുന്നു..പൊതുവിജ്ഞാനപരമായ എന്റെ എന്ത് സംശയങ്ങളും ദുരീകരിച്ചിരുന്നത് അവരായിരുന്നു.. ദൃശ്യ മാധ്യമം കേരളത്തില്‍ പ്രചാരത്തിലില്ലാതിരുന്ന അക്കാലത്തെ ലോക വൃത്താന്തങ്ങള്‍ എന്റെ വീട്ടിലറിഞ്ഞിരുന്നത് റ്റീച്ചറിലൂടെയായിരുന്നു..ആ കുടുംബവുമായ് ഞങ്ങള്‍ക്ക് അഭേദ്യമായൊരു സ്നേഹസൌഹൃദ ബന്ധം ഉണ്ട്..വീട്ടിലെ എല്ലാക്കാര്യങ്ങള്‍ക്കും റ്റീച്ചര്‍ മുന്‍പന്തിയില്‍ കാണും .അതു കൊണ്ട് തന്നെ അവധികളിലെ റ്റീച്ചറൂടെ അഭാവം ഞങ്ങളെ ഉന്മേഷരഹിതരാക്കിയിരുന്നു. ഒരു ബുധനാഴ്ച്ച ഞാന്‍ കോളേജ് വിട്ടു വന്ന വൈകുന്നേരത്ത് ഉമ്മ ചെറിയൊരു ആകുലതയോടെ പറയുന്നുണ്ട് .."ഇന്നെന്ത് പറ്റിയാവോ രാധ റ്റീച്ചര്‍ക്ക്..കണ്ടില്ല..പാവം അയിനു സൂക്കേടൊന്നും ഇല്ലാണ്ടിരിക്കട്ടെ" .ഉമ്മൂമയും  പ്രാര്‍ത്ഥനയോടെ അതേറ്റ് പറയുന്നുണ്ടായിരുന്നു.ഒരു ശീലം പോലെ അവരെ രാവിലേയും വൈകുന്നേരവും വീടിനു പിന്നിലെ മുറ്റത്ത് കാണുകയെന്നത് ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൊന്നായിരുന്നു.അതിനാല്‍ തന്നെ ആ അസാന്നിധ്യം എന്നിലും മ്ലാനതയുണ്ടാക്കി.പിന്നേയുള്ള കുറച്ച് ദിവസങ്ങളിലും മുറ്റത്ത് കൂടെ എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ആരാഞ്ഞ് കൊണ്ട് പോകുന്ന റ്റീച്ചറെ കാണാന്‍ ഞങ്ങള്‍ക്കായില്ല.ഏക്കറോളം പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ക്കപ്പുറത്തെ റ്റീച്ചറുടെ വീട്ടില്‍ പോയി എന്തു പറ്റിയാവോ എന്നു തിരക്കാന്‍ എന്റെ ഉള്ളം തുടിച്ചു.പക്ഷെ കോളേജിലേക്കുള്ള യാത്ര മാത്രം അനുവദിച്ചിട്ടുള്ള പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത ഒരു യാഥാസ്ഥിതിക വീട്ടിലെ അംഗമായ എനിക്കെന്റെ പരിധികള്‍ക്കപ്പുറം ചിന്തിക്കാനല്ലാതെ പ്രവര്‍ത്തിക്കാനാകുമായിരുന്നില്ല..

മുളം കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങള്‍ മുറ്റത്ത് കോലം കോറിയിടുന്നുണ്ട്..കോളേജില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ധൃതിയിലോരോന്ന് ചെയ്യുന്നതിനിടയിലാണ് അടുക്കളത്തിണ്ണയില്‍ നിന്നും പൊട്ടിച്ചിരികളും ആഹ്ലാദത്തോടെയുള്ള സംസാരങ്ങളും കേള്‍ക്കുന്നത്.. റ്റീച്ചറുടെ ശബ്ദമാണെന്നു തോന്നിയപ്പോള്‍ വേഗം തന്നെ അങ്ങോട്ട് ചെന്നു..അതു വരെ കാണാത്ത തിളക്കം കണ്ണില്‍ പ്രകാശിപ്പിച്ചു കൊണ്ട് റ്റീച്ചറും ചുറ്റിലും എന്റെ ഉമ്മയും കുഞ്ഞുമ്മമാരും ..എന്തെ ഇന്നലെ കണ്ടില്ല എന്ന എന്റെ ചോദ്യത്തിനു കുഞ്ഞുമ്മയാണു മറൂപടി പറഞ്ഞത്.."റ്റീച്ചറുടെ ഭര്‍ത്താവ് എട്ട് കൊല്ലം കഴിഞ്ഞ് ബോംബേന്നു‍ എത്തിട്ടുണ്ട്.അതോണ്ടാ വരാതിരുന്നത്"..അപ്പോഴാണു ഞാനും ഓര്‍ക്കുന്നത്..ഭര്‍ത്താവിനെ കുറിച്ച് പരാതിയോ പരിഭവങ്ങളോ പറയാതെ നീണ്ട എട്ട് വര്‍ഷം അയാളെ കാത്തിരുന്ന ഒരു ഭാര്യ...എന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് റ്റീച്ചര്‍ പൊട്ടിച്ചിരിയോടെ പറയാന്‍ തുടങ്ങി രാവിലെ മുറ്റമടിച്ച് കൊണ്ടിരുന്ന അവരുടെ അനിയത്തി പടി തുറന്ന് പെട്ടിയും ബാഗുമൊക്കെയായ് വരുന്ന ദീക്ഷയുള്ള ഒരപരിചതനെ കണ്ട് നിലവിളിച്ചുവത്രെ.പിന്നേയുള്ള ദിവസങ്ങളില്‍ റ്റീച്ചറുടെ അനിയത്തിമാര്‍ ഒരു ഗൃഹനാഥന്റെ സംരക്ഷണമെന്തെന്നും മകന്‍ പിതാവിന്റെ വാല്സല്യത്തണലെന്തെന്നും അറിയാന്‍ തുടങ്ങി...വീട്ടുകാരെ അതിശയിപ്പിച്ച് കൊണ്ട് വന്നു കയറിയ അദ്ദേഹം രണ്ട് മാസം കൂടി അവിടെ ഉണ്ടായിരുന്നു...പരീക്ഷച്ചൂടില്‍  തലയും മേടച്ചൂടില്‍ ശരീരവും തപിച്ചിരുന്ന ഒരപരാഹ്നത്തില്‍ അടുക്കളത്തിണ്ണയില്‍ നിന്ന് തേങ്ങലോടു കൂടിയ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു..വെള്ളം കുടിക്കാനെന്ന വ്യാജേന അവിടെ ചെന്നപ്പോള്‍ കണ്ടു ഉമ്മ റ്റീച്ചറെ ആശ്വസിപ്പിക്കുന്നത്..എന്നെ കണ്ട ഉമ്മ അവിടെ നിന്നും പോകാന്‍ കണ്ണ് കൊണ്ടംഗ്യം കാണിച്ചു..

ഒരില പോലുമനങ്ങാന്‍ വിസമ്മതിക്കുന്ന രാത്രി..വിഷുവിനു ശേഷമുള്ള മഴയെ കാത്തു കിടക്കുന്ന ഭൂമി ഉള്‍താപത്താല്‍ ഉരുകുകയായിരുന്നു..ഉറക്കം കിട്ടാതെ ഞാന്‍   ഉമ്മയുടെ കട്ടിലില്‍ ചെന്നിരുന്നു.  ദീര്‍ഘനിശ്വാസം കേട്ടപ്പോള്‍ ഉമ്മ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ ആ ശരീരത്തോട് ഒട്ടിക്കിടക്കാന്‍ ശ്രമിച്ചു..പെട്ടെന്നെന്റെ കൈത്തണ്ടയില്‍ ഉരുണ്ട് വീണ വെള്ളത്തുള്ളി വിയര്‍പ്പല്ല ;കണ്ണുനീരാണെന്നു‍  തോന്നിയപ്പോള്‍ ,ഉമ്മയെ പുണര്‍ന്ന് ഞാന്‍ പതുക്കെ ചോദിച്ചു "എന്തെ ഉമ്മ കരയുന്നത്..വയറു വേദനയെന്തെങ്കിലും ഉണ്ടോ"..."ഊഹും .".സങ്കടം അടക്കിയ ഒരു മൂളല്‍ മാത്രം ..പിന്നെന്താ പറ...കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം അവര്‍ പറയാന്‍ തുടങ്ങി..റ്റീച്ചറുടെ ഭര്‍ത്താവു ബോംബേക്ക് തിരിച്ചു പോയി...റ്റീച്ചര്‍ പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെയൊരു മടക്കം ..ഉള്ളതു കൊണ്ട് നമുക്കൊരുമിച്ച് കഴിയാം എന്നു പറഞ്ഞിട്ടും ഏതോ ഒരുള്‍പ്രേരണ അയാളെ മടക്കയാത്രക്ക് നിര്‍ബന്ധിച്ചു പോലും ...പാവം റ്റീച്ചര്‍ ഗര്‍ഭിണിയുമാണ്.. എത്രകാലം കഴിഞ്ഞാണാവോ അയാളിനി വരിക..ഇങ്ങനെ ആ പാവത്തിനെ ബുദ്ധിമുട്ടിപ്പാക്കാനായിരുന്നെങ്കില്‍ അയാള്‍ക്ക് വരാതിരിക്കായിരുന്നു..ഇതിപ്പൊ ഇത്രകാലം കിട്ടാത്തതൊക്കെ അവറ്റകള്‍ക്ക് ആശയായി കൊടുത്തിട്ട് ..ഉമ്മ എന്നെ ഒന്നു കൂടെ കെട്ടിപ്പിടിച്ചു.ഒരു തണുത്ത നിശ്വാസം എന്റെ നെറ്റിയില്‍ പടരാന്‍ തുടങ്ങി.ഉറക്കം എന്റെ കണ്ണൂകളെ തഴുകുമ്പോള്‍ ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു "മൂപ്പര്ടെ കത്തു വന്നിട്ട് മൂന്നാഴ്ച്ചയായല്ലൊന്റെ റബ്ബേ."..

ഇടവപ്പാതിയും കര്‍ക്കിടകവാവുമൊക്കെ മുടക്കം വരുത്താതെ കടന്നു പോയി.. വെയില്‍ നാളങ്ങള്‍ കതിര്‍മണികളില്‍ അള്ളിയിരിക്കുന്ന മഞ്ഞു കണങ്ങളെ ഉമ്മ വെക്കുന്ന പ്രഭാതങ്ങളില്‍ പാടവരമ്പത്ത് കൂടെ ഉയര്‍ന്ന ഉദരവുമായ് റ്റീച്ചര്‍ നടന്നു വരുന്ന കാഴ്ച്ച എന്നെ തെല്ലലോസരപ്പെടുത്തിയിരുന്നു..ഇതിനിടയില്‍ അവരുടെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരം ജയിച്ചു സ്കൂളിന്റെ അഭിമാനമായി.. ഗര്‍ഭക്ഷീണം ആ മുഖത്തിന്റെ പ്രസരിപ്പിനെ ബാധിച്ചുവെങ്കിലും റ്റീച്ചര്‍ പഴയ ഉല്‍സാഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു പോന്നു.ഒരു രാത്രിയില്‍ മകരക്കൊയ്ത്തും കാത്ത്  വിളഞ്ഞ് കിടക്കുന്ന വയലിന്നപ്പുറത്ത് കെട്ടു നിറയുടെ ഭക്തിയില്‍ ഉയര്‍ന്ന ശരണം വിളികള്‍ക്കൊപ്പം മുഴങ്ങിയ തുടികൊട്ടിനൊപ്പം ഒരു പൈതലിന്റെ കരച്ചില്‍ ഞാന്‍ കേട്ടു..റ്റീച്ചര്‍ക്ക് വീണ്ടുമൊരാണ്‍കുട്ടി ജനിച്ചിരിക്കുന്നു..ഞങ്ങളും ആ കുടുംബത്തോടൊപ്പം ആഹ്ലാദിച്ചു..കുഞ്ഞു മോന്റെ കയ്യും കാലും വളരുന്നത് നോക്കി നാളുകള്‍ കൊഴിയുന്നതാരും അറിഞ്ഞില്ല.വീണ്ടും പഴയത് പോലെ കുടുംബ പ്രാരാബ്ധങ്ങളെ ഉന്മേഷത്തോടെ നിവര്‍ത്തിച്ച് പോന്ന റ്റീച്ചര്‍ അവരുടെ വിരുന്നുകാരനായി എത്തുന്ന ഭര്‍ത്താവിന്റെ അഭാവം തികച്ചും മറന്നതു പോലെ തോന്നി.ഇതിനിടയില്‍  അവരുടെ മകന്‍ തുശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യ പഠനം ആരംഭിച്ചിരുന്നു‍..

എന്റെ ദാമ്പത്യവും പ്രവാസജീവിതവും പിന്നീട് അവരില്‍  നിന്നൊക്കെ എന്നെ  ഒരുപാട് അകലത്താക്കിയെങ്കിലും ഉമ്മക്കെഴുതുന്ന എഴുത്തുകളിലൂടെ ആ കുടുംബത്തെ കുറിച്ചന്വേഷിക്കന്‍ ഞാന്‍ മറന്നില്ല. പിന്നീടെപ്പോഴൊ ഞാനും എന്റെ കുടുംബവുമെന്ന സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിയപ്പോള്‍ പഴയതെല്ലാം എനിക്കെന്റെ ഓര്‍മ്മകളുടെ ഭാണ്ഡത്തില്‍ കെട്ടി വെക്കേണ്ടി വന്നു.ജീവിതത്തിന്റെ കുരുക്കുകളില്‍ ഉഴലുമ്പോള്‍ ;പ്രതീക്ഷകള്‍ പിടി തരാത്ത മരീചികയായ് തോന്നുമ്പോള്‍ ,ചില ഗൃഹാതുരസ്മരണകള്‍ ഊര്‍ജ്ജമായ് മനസ്സിലേക്ക് പെയ്തിറങ്ങാറുണ്ട്.അങ്ങനെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്നതിനിടയില്‍ ഒരു സ്വപ്നം പോലെ രാധ റ്റീച്ചറുടെ ഓര്‍മകളെന്റെ മനസ്സിലേക്കെത്തി .അവരിപ്പോളെവിടെയെന്നും എങ്ങനെയെന്നുമൊക്കെ അറിയാനുള്ള അദമ്യമായ മോഹം എന്നെ എന്റെ പഴയ തറവാട്ടിലെത്തിച്ചു.പുതിയ തലമുറകള്‍ അവരുടെ പുത്തന്‍ ചിന്താഗതികള്‍ കൊണ്ട് മാറ്റിയെടുത്ത നഗരത്തിന്റെ പുതിയ മുഖം എനിക്കപരിചിതമായി തോന്നി.യാത്ര പോയ നേരം സായന്തനം .അന്തിവെയിലില്‍ നിഴലിനൊപ്പം ചാഞ്ചാടുന്ന ഉമ്മറത്തിണ്ണയിലിരുന്നു ജരവീണ നെറ്റിയില്‍ കൈവെച്ചെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി, തിളക്കം കുറയാത്ത ആ കണ്ണുകളില്‍ സ്ഫുരിച്ച വിസ്മയഭാവങ്ങളോടെ ഓര്‍മ്മയും മുഖവും ചികഞ്ഞെടുക്കുമ്പോള്‍ ..വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ അറിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട റ്റീച്ചര്‍ അനിയത്തിമാര്‍ക്കെല്ലാം നല്ല വിദ്യഭ്യാസം കൊടുത്ത് ഉദ്യോഗത്തിലാക്കിയതിനു ശേഷം അവരെയെല്ലാം ഓരോ സുരക്ഷിത കരങ്ങളിലെത്തിക്കുകയും ചെയ്തുവെന്നാണു..തന്നെയുമല്ല മൂത്ത മകന്‍ വിദഗ്ധനായൊരു ഡോക്ടറായ് കോഴിക്കോട് പ്രവര്‍ത്തിക്കുന്നു.ഇളയ മകന്‍ നാട്ടില്‍ തന്നെയുള്ള  ബാങ്കില്‍ ജോലി ചെയ്യുന്നു..ഇതിനിടയിലെപ്പോഴോ അവരുടെ ഭര്‍ത്താവു പ്രായാധിക്യം ഏല്പ്പിച്ച അവശതകളോടെ രാധ റ്റീച്ചറെ തേടി വീണ്ടുമെത്തി.സന്തോഷത്തോടെ അവര്‍ അദ്ദേഹത്തെ സ്വീകരിച്ച്   പരിചരിച്ചു.അടുത്തകാലത്ത് ഇനിയൊരിക്കലും റ്റീച്ചര്‍ക്ക് അപ്രതീക്ഷിതമായൊരു വരവു സമ്മാനിക്കാന്‍ സാധിക്കാത്തിടത്തേക്ക് യാത്രയായി.മുന്‍ നിരയിലെ പല്ലുകളില്‍ ചിലതില്ലെങ്കിലും ഇപ്പോഴും തെളിഞ്ഞ ചിരിയോടെ ആരോടും നിഷ്കളങ്ക സൗഹൃദം  കാണിക്കുന്ന റ്റീച്ചര്‍ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ലാതെ പാടങ്ങള്‍ കെട്ടിടങ്ങളായ പ്രദേശത്തിനപ്പുറത്തെ തന്റെ ചെറിയ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു...പുരുഷന്റെ തണലില്ലാതെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായ് തന്റെ നാലനിയത്തിമാരേയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ഉത്തമ ജീവിതം നയിക്കുന്നവാരാക്കി തീര്‍ത്തതില്‍ റ്റീച്ചറുടെ സഹനത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തോടൊപ്പം  അവരുടെ പ്രാര്‍ത്ഥനയും അടുക്കും ചിട്ടയുമുള്ള ജീവിതവും തന്നെയാണു ഹേതുവായത്..ജീവിതത്തില്‍ ഭര്‍ത്താവുണ്ടായിട്ടും ഭര്‍തൃസുഖം എന്തെന്നറിയാതെ ഒരു കുടുംബത്തിന്റെ നെടുംതൂണായ് ആര്‍ക്കും ഒരു അധികപറ്റാവാതെ ജീവിച്ച റ്റീച്ചറെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തിലെ എന്തിനും ഏതിനും ആത്മഹത്യക്കൊരുങ്ങുന്ന സ്ത്രീകള്‍ അവശ്യം മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണവര്‍ എന്നെനിക്കു തോന്നി.യാത്രാമൊഴിയുടെ പിടച്ചിലില്‍ ആശ്ലേഷത്തിന്റെ ചൂടില്‍ നിന്നും പതുക്കെ വേര്‍പെടുമ്പോള്‍  തലയില്‍ കൈവെച്ചനുഗ്രഹിച്ച സുകൃതം ചെയ്ത ആ ജന്മം ഇനിയും തലമുറകള്‍ക്ക് കരുത്ത് പകരാന്‍ നൂറു ജന്മമെടുക്കട്ടേയെന്ന് ഉള്ളില്‍ നിന്നുയര്‍ന്ന തേങ്ങലിനെയടക്കി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഇരുള്‍ പരന്ന നാട്ടുവഴിയിലേക്കിറങ്ങി.. ...