Sunday, 4 November 2018

പൊരുള്‍ തേടി 


ദൂരെ നിന്ന് നിലാവിനൊപ്പം ഒഴുകിയെത്തിയ ഈറത്തണ്ടിന്റെ നാദം  കാതുകളിലേക്ക് ഒരു ചോദ്യം പോലെ തുളഞ്ഞു കയറിയപ്പോള്‍ താന്‍ തേടി കൊണ്ടിരിക്കുന്ന ഉത്തരം കിട്ടാന്‍ സമയമായെന്നവള്‍ക്ക്  ബോധ്യമായി . അര്‍ത്ഥം വെച്ചുള്ള മൂളലുകളോടെ ചക്കര കുന്നിലെ ചെമ്പകപ്പാലയില്‍ ഇരിക്കുന്ന കൂമന്റെ വട്ടക്കണ്ണുകള്‍  അന്നേരം ഗോമേദകം പോലെ തിളങ്ങുന്നുണ്ടായിരുന്നു.ചക്കര കുന്നിനപ്പുറം നിലാവ് കുടിച്ചു മദിച്ചു തേങ്ങുന്ന അലകളുമായുള്ള കടലിന്റെ ഓളപ്പരപ്പ് അവയ്ക്ക് മേലെ ആ കനത്ത പാദങ്ങള്‍  അമരുന്നത് കാത്തു കിടക്കുന്നുണ്ടായിരുന്നു ..രാവിന്റെ  കരിനിഴലില്‍ നനഞ്ഞു കുതിര്‍ന്നു വീണു കിടക്കുന്ന പാരിജാത പൂക്കളില്‍ ചവിട്ടി അവള്‍ ആ ഒറ്റയടിപ്പാതയിലൂടെ ചക്കരകുന്നിനപ്പുറത്തെ കടല്‍ തീരത്തേക്ക് നടന്നു..കയ്യിലെ റാന്തല്‍ വിളക്കിലെ തിരി കാറ്റിനൊപ്പം ലാസ്യ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.അവളുടെ നീളന്‍ മേല്‍ക്കുപ്പായത്തിന്റെ കനം കുറഞ്ഞ മടക്കുകളില്‍ മഞ്ഞിന്റെ സ്വേദ കണങ്ങള്‍  പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു.കാതടച്ചു വെച്ച ശിരോവസ്ത്രത്തിന്റെ തുമ്പ് അലകളെ മാടി വിളിച്ചു .അതോ അലകള്‍ക്ക് മേലെ നടന്നു വരുന്ന ആ വെള്ളി വെളിച്ചത്തെയോ...നേരിയ കിതപ്പോടെ കയ്യിലെ  റാന്തല്‍ വിളക്ക്  മണലില്‍ വെച്ച് മൈലാഞ്ചി ചോപ്പ് തുടുത്ത തന്റെ രണ്ടു കൈപ്പ്ത്തികളും തലക്ക് നേരെ പിടിച്ചു നെറ്റി കൊണ്ട് ഭൂമിയെ തൊട്ടു....കണ്ണും തുറന്നു ഭൂമിയുടെ ഉള്ളറകളിലേക്ക് ദൃഷ്ടികളെ പായിച്ചു.അവിടെ പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന തന്റെ മുതു മുത്തച്ചന്മാരെയും മുത്തച്ചികളെയും നോക്കി കിടക്കവേ  മെല്ലെ തന്റെ അടുത്തേക്ക് നടന്നടുക്കുന്ന പാദപതനത്തെ അവള്‍ വ്യക്തമായി കേട്ടു..സാഷ്ടാംഗത്തില്‍ നിന്നുയര്‍ന്ന അവള്‍ക്ക് മുന്നില്‍ വെള്ളിത്താടിയും നീളന്‍ വെളുത്ത കുപ്പായവുമണിഞ്ഞ് കണ്ണില്‍ പ്രകാശ ധൂളികളുമായി അവളുടെ പ്രിയപ്പെട്ട മസ്താനുപ്പാപ്പ ഇരിക്കുന്നുണ്ടായിരുന്നു.കയ്യിലെ നീളന്‍ വടിയിലെ അറ്റത്ത് വെട്ടിത്തിളങ്ങുന്ന വൈഡൂര്യ കല്ലുകളുടെ മിനുക്കം അവളുടെ മുഖത്തേക്ക് തെറിച്ചു  ..വലതു കയ്യിലെ വെളുത്തു നീണ്ട വിരലുകള്‍ക്കിടയില്‍ ഉരുണ്ടു മറിയുന്ന ജപമാലയില്‍ നിന്നും  ഇറ്റിറ്റ് പരക്കുന്ന ഹൂദിന്റെ സൌരഭ്യം അവളുടെ തണുത്തുറഞ്ഞ വിരലുകളിലെക്ക് പടര്‍ന്ന നേരം കണ്ണുകളില്‍ വിസ്മയം വിടര്‍ത്തി മസ്താനുപ്പാപ്പയോടു അവളുടെ മനസ്സിനെ മദിക്കുന്ന ചോദ്യം ചോദിച്ചു..ഉപ്പാപ്പാ  ഈ ദിവ്യ പ്രണയത്തിന്റെ പൊരുള്‍ എന്താണ് .?..ഉപാധികളില്ലാതെ ഉടലിനോടല്ലാതെ  പ്രണയിക്കുന്നവരെ ഉന്മാദികള്‍ എന്ന് പറയുന്നത് ശരിയാണോ..? 
ഉപ്പാപ്പ തന്റെ വെളുത്ത നീളന്‍ കുപ്പായക്കീശയില്‍ നിന്നും ഉണങ്ങിയ മൂന്നു കാരക്കപ്പഴം  നീട്ടി അവളുടെ തെറ്റും ശരിയും രേഖകളായ് പിണഞ്ഞു കിടക്കുന്ന കൈവെള്ളയിലേക്ക് വെച്ച് കൊടുത്തു കൊണ്ട് അത് കഴിക്കാന്‍  തന്റെ വെള്ളാരം കല്ലുകള്‍ പോലുള്ള കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു..അവള്‍ ഒരു കാരക്കയെടുത്തു  തന്റെ മുല്ലപ്പൂവിന്റെ നിറവും ഉറുമാമ്പഴക്കുരുവിന്റെ  ആകൃതിയുമുള്ള ദന്തനിരകള്‍ക്കിടയില്‍ വെച്ച് കൊണ്ട് നുണയാന്‍ തുടങ്ങി..ചോദ്യത്തെ ആവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഉപ്പാപ്പ ദൂരെ ചക്രവാളത്തില്‍ തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി കൊണ്ട് ചോദിച്ചു ..ആ നക്ഷത്രത്തിന്റെ ദൂരമോ പ്രകാശത്തിന്റെ ആഴമോ ഇവിടിരുന്നു തിട്ടപ്പെടുത്താന്‍ കഴിയുമോ...?
കാരക്കയുടെ സ്വാദിന്റെ അനുഭൂതിയില്‍ പാതി കണ്ണുകളടച്ചു അവള്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു..
ഉപ്പാപ്പ തന്റെ കയ്യുയര്‍ത്തി തലയ്ക്ക് മീതെ ഉറ്റു നോക്കുന്ന ചന്ദ്രബിംബത്തെ ചൂണ്ടി അവളോടെ ചോദിച്ചു ,.

"ഈ നിലാവിന്റെ പ്രകാശ വീഥികളിലൂടെ  പരന്നൊഴുകുന്ന രാവിന്റെ വിരഹത്തെ  നിനക്കനുഭവിക്കാനാകുന്നുണ്ടോ ...?

 പ്രഹേളികകള്‍ക്കുള്ളിലെ നിഗൂഢങ്ങളായ ഉത്തരങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന അവളുടെ നാവു  കാരക്കയുടെ മധുരത്തില്‍ വരണ്ടുണങ്ങാന്‍ തുടങ്ങി..തനിക്കൊന്നും അറിയില്ലല്ലോ .അടക്കി പിടിച്ച നിശ്വാസത്തോടെ അവള്‍ ചിന്തിച്ചു ...ഇരുളിനെ പായ തെറുക്കുന്ന പോലെ തെറുത്ത്  പതഞ്ഞു പരക്കുന്ന നീല നിലാവിനെ പ്രണയിക്കാന്‍ മാത്രമല്ലേ തനിക്കറിയൂ .. നിലാവിനെ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ മാത്രമല്ലേ തന്നെ കൊണ്ട് കഴിയൂ....അവളുടെ കണ്ണുകളില്‍ നിരാശയുടെ രാത്രി ഉദിക്കാന്‍ തുടങ്ങി..തനിക്കാരെയും പ്രണയിക്കാന്‍ കഴിയുന്നില്ല .എന്നാലോ എന്റെ ഉള്ളില്‍ നിറയെ കരകവിഞ്ഞൊഴുകുന്ന പുഴ പോലെ ഒരു പ്രണയം ആര്‍ത്തിരമ്പുന്നു.പക്ഷെ ആരോടെന്നറിയില്ല ..നിലാവില്ലാത്ത രാവുകളില്‍ ഇരുള്‍ ചില്ലകളെ ചുംബിച്ചുലയ്ക്കുന്ന രാക്കാറ്റിനോടാണെന്ന് തോന്നും ..ചിലപ്പോള്‍ തീക്ഷ്ണമായ വെയില്‍ചീളുകള്‍ ചാട്ടുളി പോലെ തറയ്ക്കുന്ന നേരത്ത് കത്തിജ്വലിക്കുന്ന സൂര്യനോടാണെന്ന് തോന്നും ..അല്ലെങ്കില്‍ ഇടവഴികളിലെക്ക് പതറി വീഴുന്ന പോക്കുവെയിലിനൊപ്പം ചാഞ്ഞിറങ്ങുന്ന അപരാഹ്നത്തോടാണെന്ന് .അതോ ഇടറിയ കാല്‍വെപ്പുകളോടെ പരിക്ഷീണനായി മറയുന്ന സൂര്യനെ നോക്കി വിതുമ്പുന്ന മൂവന്തിയോടോ ..അറിയില്ല ഞാന്‍ ഒരു പക്ഷെ എല്ലാവരെയും പ്രണയിക്കുന്നു ..അല്ലെങ്കില്‍ ആരെയും പ്രണയിക്കാനാവാതെ ചലനം മറന്ന നിശ്ചല തടാകം പോലെ നിര്‍വികാരതയോടെ കാലത്തിന്റെ അനന്തതയിലേക്ക് കൂപ്പു കുത്തുന്നു....പറയൂ ഉപ്പാപ്പ ..എന്താണ് പ്രണയത്തിന്റെ പൊരുള്‍ ..എനിക്ക് തോന്നുന്ന ഈ വികാരം തന്നെയല്ലേ പ്രണയം ...
അതോ പ്രപഞ്ചത്തിന്റെ  അതിവിശാലവും അതിഗൂഢവുമായ പരമസത്യം പോലെ ദൂരെ നിന്ന് മോഹിപ്പിക്കുന്ന മൃഗതൃഷ്ണയോ ... കടലില്‍ അലകളുടെ സംഗീതം ഒന്ന് നേര്തത്തിനു ശേഷം വീണ്ടും ഉച്ചസ്ഥായിയിലേക്ക് പൊടുന്നനെ ഉയര്‍ന്നു ..ഉശിരോടെ കടലുപ്പിന്റെ ഗന്ധവുമായി വീശിയ കാറ്റില്‍ അവളുടെ മേലുടുപ്പിന്റെ  അടുക്കുകള്‍ ഒച്ചയുണ്ടാക്കി കടലിന്റെ ദിശയിലേക്ക് ശബ്ദത്തോടെ പറക്കാന്‍ തുടങ്ങി.
വീതിയേറിയ ഞാന്നു തൂങ്ങുന്ന നീളന്‍ കുപ്പായത്തിന്റെ കയ്യ് രണ്ടു മേലോട്ടുയര്‍ത്തി മസ്താനുപ്പാപ്പ തന്റെ മിഴികളെ അടച്ചു മുഖമുയര്‍ത്തി ഇരുന്നു .നിലാവ് മൊത്തം പതഞ്ഞിറങ്ങിയ ആ വെള്ളത്താടിയിലെ രോമങ്ങള്‍ വിറയ്ക്കുന്നത് പോലെ അവള്‍ക്ക് തോന്നി..പതിയെ കണ്ണുകള്‍ തുറന്നു ഉപ്പാപ്പ മൊഴിയാന്‍ തുടങ്ങി .
"പെണ്ണെ നീ പ്രകൃതിയില്‍ കാണുന്ന സൌന്ദര്യം അത് പ്രണയത്തിന്റെ അടയാളങ്ങളാണ് ..മനുഷ്യാത്മാവില്‍ പ്രണയത്തിന്റെ പ്രകാശം  വഴിയുന്നിടത്തോളം ;അതിന്റെ പ്രതിഫലനം ഹൃദയത്തിലെ അന്ധകാരത്തെ മാറ്റി വെളിച്ചം വിതറിക്കുന്നിടത്തോളം പ്രണയത്തിന്റെ ആനന്ദത്തെ നിനക്കനുഭാവിക്കാനാകും.അത് തന്നെ യഥാര്‍ത്ഥ പ്രണയം ..പ്രണയത്തിന്റെ ഉന്മാദാവസ്ഥയില്‍ ആണ് പെണ്ണെ നിനക്ക് പ്രകൃതിയിലെ സൌന്ദര്യം മുഴുവന്‍ നുകരാന്‍ കഴിയുന്നത് .അത് തന്നെയാണ് പരമപ്രണയത്തിന്റെ പാതയും ..ആ പാതയ്ക്കിരുവശങ്ങളിലും തണല്‍ മരങ്ങള്‍ പോലെ ദേഹവും ദേഹിയും നിന്നെ വട്ട നൃത്തത്തിന്റെ ചുവടുകളുമായി ദിവ്യ പ്രണയത്തിലേക്ക്   ചുഴറ്റി വിടുന്നു .ഭൌതികവും ആത്മീയവുമായ ഹര്‍ഷത്തെ നീ അനുഭവിക്കുന്നു..."
ഉപ്പാപ്പ വീണ്ടും തന്റെ നീളന്‍ കുപ്പായത്തിന്റെ കീശയില്‍ നിന്ന് കാരക്കയെടുത്തു അവളുടെ തെറ്റുകള്‍ ശരികളിലെക്ക് ചാല് വെട്ടിയ  ഉള്ളം കയ്യിലേക്ക് വെച്ച് കൊടുത്തിട്ട് അവള്‍ വന്ന വഴി ചൂണ്ടി പോയ്ക്കോളാന്‍ ആംഗ്യം കാണിച്ചു ...ശിരോവസ്ത്രത്തിന്റെ തലപ്പിനെ മുഖത്തേക്കിട്ട് പൂഴിമണ്ണിലൂടെ ഓടി ചക്കരകുന്നു കയറി ചെമ്പകപാലയുടെ ചുവട്ടില്‍ നിന്ന് കിതപ്പാറ്റി..നിലാവില്‍ തെളിഞ്ഞ ഒറ്റയടി പാതയിലെ മഞ്ഞു പോലെയുള്ള പഞ്ചാര മണലിലൂടെ  വലതു കൈത്തലത്തെ ആകാശത്തിന്റെ അനന്തതയിലേക്കും ഇടത് കരത്തെ ഭൂമിയുടെ അഗാധമായ നിഗൂഢതയിലേക്കും പിടിച്ചു വട്ടത്തില്‍ കറങ്ങി കറങ്ങി പടിക്കെട്ടുകള്‍   കയറുമ്പോള്‍ ആകാശത്തിന്റെ തുഞ്ചത്ത് പവിഴമല്ലി പൂക്കള്‍ ഉതിര്‍ന്നു വീഴുന്നത് പോലെ പ്രകാശ നുറുങ്ങുകള്‍ വെണ്‍മേഘങ്ങളില്‍ തട്ടി ചിതറി അവളുടെ തലയ്ക്ക് മീതെ ദിവ്യാനുരാഗത്തിന്റെ വലയങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു..


Thursday, 10 September 2015

തീന്‍ മേശയിലെ വിഷ വൈവിധ്യങ്ങള്‍ :- (മലയാള നാട് ഓണ്‍ ലൈന്‍ മാസികയില്‍ വന്നത് )

"ദേ ഉമ്മാരെ ഈ ചക്ക വരട്ടി പാകായോന്നൊന്നു നോക്യേ "..മധ്യ വേനലവധിയിലെ ഒരുച്ചതിരിഞ്ഞ നേരം .വടക്കിനിയിലെ ചായ്പ്പില്‍ നിന്നും കോടഞ്ചേരി അമ്മുവെന്ന സഹായിയുടെ പരുപരുത്ത ശബ്ദം എന്റെ അയഞ്ഞ മയക്കത്തെ  അലോസരപ്പെടുത്തിക്കൊണ്ട് .തെക്കേ മുറ്റത്തെ ആഞ്ഞിലിയില്‍ ഉലഞ്ഞു വീശുന്ന മേടക്കാറ്റിനൊപ്പം ഇടനാഴിയിലെ മരയഴികള്‍ക്കുള്ളിലൂടെ എന്റെ ചെവിയില്‍ തട്ടി നിന്നു.അപ്പോഴേക്കും വല്യുമ്മയുടെ ശബ്ദം അകത്തളത്തില്‍ നിന്നെവിടെ നിന്നോ ഉയര്‍ന്നു ."ന്റെ അമ്മു ഞാ ഇപ്പ വരാം..ഈ നിസ്ക്കാരപ്പായൊന്നു മടക്കി വെക്കട്ടെ.".


ഉമ്മയുടെ തറവാട്ടില്‍ മധ്യ വേനലവധി ആഘോഷിക്കാന്‍ മക്കളും പേരമക്കളും എത്തിയിട്ടുണ്ട്.ഞങ്ങള്‍ കുട്ടികള്‍ വേനലവധിക്കാലം ആഘോഷിക്കുന്നത് ഞങ്ങളുടെ കുഞ്ഞു ഓര്‍മ്മകളില്‍ കുറെ ആഘോഷത്തിന്റെയും ആസ്വാദനത്തിന്റെയും നിറക്കൂട്ടുകള്‍ കോരിയൊഴിച്ച് കൊണ്ടാണ് .വയറു മുട്ടെ നാടന്‍ ഭക്ഷണങ്ങളുടെ രുചി നുകര്‍ന്നും  ശരീരം തളരും വരെ കളിച്ചും ഒന്നര മാസത്തോളം തറവാട്ടില്‍ കൂടുന്നു.കാലവര്‍ഷം അമ്പത്തെ പാടത്ത് വിണ്ടു കിടക്കുന്ന മണ്ണിലേക്ക് ആവേശത്തോടെ പെയ്തമരുമ്പോള്‍ വിരുന്നു വന്ന കുട്ടികളൊക്കെയും മടങ്ങി പോയിട്ടുണ്ടാകും ..പക്ഷെ ഈ അഞ്ചാറു ആഴ്ചകള്‍ എത്രയൊക്കെ കളിചിട്ടുണ്ടാകും എന്ത് മാത്രം പലഹാരങ്ങള്‍   കഴിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുമ്പോള്‍ വിസ്മയം തോന്നും..

കൊല്ലപ്പരീക്ഷ കഴിയുമ്പോഴേക്കും  വല്യുമ്മ കണ്ടങ്കോരന്‍ എന്ന  പണിക്കാരനോട് തെക്കഞ്ചേരി പറമ്പിലെ വാഴത്തോപ്പില്‍ നിന്ന് നേന്ത്രക്കായക്കുലകള്‍ വെട്ടി കൊണ്ട് വരാന്‍ പറയും .പിന്നെ കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും ഉണ്ടാക്കും.തറവാട്ടു തൊടിയിലെ തെക്കേ മൂലയിലെ വരിക്കപ്ലാവിന്റെ മൂത്ത ചക്ക നനുനനെ കീറി ചക്കവറവലും ഉണ്ടാക്കി വായു കയറാന്‍ അനുവദിക്കാതെ വലിയ ടിന്നുകളില്‍ ആക്കി വെക്കും.ചക്കപ്പഴം കൊണ്ടുള്ള വിഭവങ്ങളുടെ ഒരു നിര തന്നെയുണ്ട്‌..ഉച്ചയ്ക്ക് ഊണിനായാലും വൈകീട്ടത്തെ ചായ പലഹാരമായിട്ടായാലും .രുചികളിലെ വൈവിധ്യം ഓരോന്നിനും പുതുമ നല്‍കുന്നു.ഊണിനു ചക്കതോരനും ചക്ക മൊളൂഷ്യവും അവധിക്കാലത്തെ വിഭവപ്പട്ടികയില്‍ മാത്രം ഇടം പിടിക്കുന്നവയാണ്. .പറമ്പിലെ കിഴക്കേ ഇറമ്പില്‍ മുളംകൂട്ടങ്ങള്‍ക്ക് അടുത്തുള്ള ഇലവംഗ മരത്തിന്റെ ഇലയില്‍ ചക്ക വരട്ടിയതും ചിരകിയ നാളികേരവും ചുക്കുപൊടിയും വറുത്ത അരിപ്പൊടിയില്‍ കുഴച്ചത് ആവിയില്‍ വേവിച്ചുണ്ടാക്കുന്ന ഇലയട,വരിക്കച്ചുളയെ അരിമാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചതോ അല്ലെങ്കില്‍  ശര്‍ക്കരയില്‍  വിളയിച്ച അവിലില്‍ ചെറു പഴനുറുക്കകളും ചിരവിയ നാളികേരവും ഇട്ടതോ അല്ലെങ്കില്‍ പഴം അരിമാവില്‍ മുക്കി പൊരിച്ചതോ അതുമല്ലെങ്കില്‍ വാഴയിലയില്‍ ചുട്ടെടുക്കുന്ന ഓട്ടട തുടങ്ങിയവ പലഹാരങ്ങളായി നിരത്തി വെച്ച് കഴിഞ്ഞാല്‍ കളി പാതിയിലാക്കി എല്ലാവരും ഓടിവരും .അത് കഴിഞ്ഞാല്‍ വീണ്ടും അമ്പത്തെ പാടത്ത് ബാക്കി വെച്ച കളികളിലേക്ക് തിരിച്ചൊരോട്ടമാണ്.  .പറമ്പിന്റെ  പടിഞ്ഞാറെ അതിരിലെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങയും അടുക്കളമുറ്റത്തെ കാ‍ന്താരി മുളകും ഉപ്പിലിട്ടു വെച്ചിട്ടുള്ള ഭരണി ഊണ് മുറിയുടെ മൂലയില്‍ സ്ഥാപിച്ച ബെഞ്ചില്‍ ഉണ്ടാകും .ഒപ്പം നെല്ലിക്കയും അമ്പഴങ്ങയും ഉപ്പിലിട്ട് വെച്ച തുണികൊണ്ട് വായ്‌ മൂടിയ ഭരണികളും...ചക്കയും മാങ്ങയും തിന്നു മതിയായാല്‍ പിന്നെ ചക്ക വരട്ടിയും മാങ്ങയുടെ പള്‍പ്പ് എടുത്തു സര്‍ബത്ത് ഉണ്ടാക്കലുമൊക്കെ ആയി വേനലവധി തിന്നും കുടിച്ചും കളിച്ചും ആഘോഷിക്കുമ്പോള്‍ അടുത്ത കൊല്ലത്തെ മാമ്പഴ ചക്ക കാലത്തെ ആസ്വദിക്കാന്‍ ഇനിയും കുറെ കാത്തിരിക്കണമല്ലോ എന്ന ചിന്തയില്‍ ആയിരിക്കും വിരുന്നു വന്നവര്‍ തിരിച്ചു പോകുക.

ഈ കുട്ടിക്കാല തീറ്റ വിചാരത്തെ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണമായത് ഈയിടെയായി നമ്മുടെയൊക്കെ ഉറക്കം കെടുത്തിയ  വിഷം തീണ്ടിയ പഴങ്ങളും പച്ചക്കറികളും കേരളക്കരയുടെ അതിര്‍ത്തി കടന്നു മലയാളിയുടെ ഊണ് മേശയിലേക്ക്‌ എത്തുന്നതിനെ കുറിച്ചും അതു മൂലമുണ്ടാകുന്ന മാരക വ്യാധികളെ കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന മാധ്യമ വാര്‍ത്തകള്‍ ആണ്.നമ്മള്‍ എന്തോ അമൂല്യ അന്നം എന്നാ മട്ടില്‍ കുട്ടികളെ കൊണ്ട് മൂന്നു നേരവും തീടിചിരുന്ന മാഗി നൂഡില്‍സ് എന്ന പരിഷ്ക്കാര ഭക്ഷണം (ഇത് നമ്മുടെ നാടന്‍ നൂലപ്പം ആണെന്ന് പറഞ്ഞാല്‍ നിരാകരിക്കാന്‍ കഴിയില്ല ) അതിന്റെ ചേരുവകളില്‍ നിര്‍ലോഭം ഉള്‍ക്കൊള്ളിച്ച മാരക വിഷങ്ങള്‍ .ചൈനീസ് അരിയിലെ പ്ലാസ്റ്റിക് സാന്നിധ്യം ..ഇതെല്ലാം തെളിവോടെ പിടിക്കപ്പെടുമ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു..ഇത്രയും വിഷാംശങ്ങള്‍ വാങ്ങി കഴിക്കാന്‍ നമ്മുടെ കേരളം വിളകള്‍ വിളയാത്ത മരുഭൂമിയാണോ ?

കോരിച്ചൊരിയുന്ന പെരുമാഴക്കാലമായാലും രുചിക്ക് കോട്ടം വരാതെ കഴിക്കാനുള്ള പച്ചക്കറികള്‍  നമ്മുടെയൊക്കെ പറമ്പുകളില്‍ തന്നെ സുലഭമായിട്ടുണ്ടാകുമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു..തകരയും ചേമ്പും ചേനയും പലതരം ഇലവര്‍ഗ്ഗങ്ങളും ചോറിനുള്ള ഉപദംശങ്ങളാകുമ്പോള്‍ മലയാളിയുടെ ആയുസ്സും ആരോഗ്യവും ആശുപത്രികളിലെ മരുന്ന് കലവറയില്‍ അടിയറ വെക്കേണ്ട ആവശ്യമില്ലായിരുന്നു. ..നമ്മള്‍ മലയാളികള്‍ക്ക് ദൈവം അനുഗ്രഹിച്ചു തന്നിട്ടുള്ള ഈ ഉദര ഭാഗ്യത്തെ ഇപ്പോള്‍ വേണ്ട പോലെ ഉപയുക്തമാക്കുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മുന്നില്‍ മാറിയ മലയാളിയുടെ ഭക്ഷണ ശൈലിയാണ് മുന്നില്‍ തെളിയുന്നത്.

വിഷം കൊടുത്തു വളര്‍ത്തിയ തമിഴ് പച്ചക്കറികളാകട്ടെ നിറവും രാസവസ്തുക്കളും പൂശിയ പഴങ്ങളാകട്ടെ കേരളത്തിന്റെ ഭക്ഷണ ചന്തയില്‍ മാത്രം വിറ്റഴിക്കുന്നതിന്റെ മനഃശ്ശാസ്ത്രം അന്വേഷിച്ചു വേവലാതി പെടുന്ന ഒരു കൂട്ടം സാമൂഹ്യ സേവകര്‍ നവമാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ അവബോധവും ജാഗ്രത നിര്‍ദ്ദേശങ്ങളും നല്‍കി വരുന്നുണ്ട് .പക്ഷെ  കേരളത്തിലെ പൊതു സമൂഹം തങ്ങളുടെ ആരോഗ്യത്തെ വലിയ വില കൊടുത്ത് നശിപ്പിക്കുന്നല്ലോ എന്ന കുറ്റബോധത്താല്‍ പരസ്പ്പരം സര്‍ക്കാരിനെയും അന്യസംസ്ഥാന വിപണിയെയും പഴി ചാരി നിഷ്ക്രിയരായി മാറി നില്‍ക്കുന്നു എന്നല്ലാതെ ഈ അവസ്ഥ മാറാന്‍  വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് ചിന്തിക്കാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ കേരള സമൂഹം തയ്യാറായിട്ടുണ്ട് എന്ന് തോന്നുന്നില്ല..ചില ശുഭ പ്രതീക്ഷകളുടെ വിത്ത് വിതറിക്കൊണ്ട് ഹൌ ഓള്‍ഡ്‌ ആര്‍ യു പോലുള്ള സിനിമകള്‍ പ്രചോദനം നല്‍കിയെങ്കിലും  എല്ലാ സിനിമ കഥകളും പോലെ അതിലെ  സന്ദേശവും നമ്മള്‍ മറന്നു കഴിഞ്ഞിരിക്കുന്നു .അതല്ലെങ്കില്‍ അതെല്ലാം സിനിമയില്‍ മാത്രം സാധ്യമായത് എന്ന ധാരണയിലെത്തുന്നു.നമ്മള്‍ എല്ലാ മാറ്റങ്ങളെയും സമ്മിശ്ര വികാരങ്ങളോടെ സ്വീകരിക്കുമെങ്കിലും തീന്‍ മേശയിലെ മാറ്റങ്ങള്‍ സ്വന്തം ആരോഗ്യത്തെ കണക്കിലെടുത്ത്  നമ്മുടെ പൂര്‍വികര്‍ പിന്തുടര്‍ന്ന പാതയിലൂടെ ഞാറ്റുവേലയും കൊയ്ത്തു പാട്ടും വിഷുപ്പക്ഷിയുടെ ഈണവും ഒക്കെ ആസ്വദിച്ചു കൊണ്ട് തന്നെ തികഞ്ഞ മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഉള്ളവരായി ദീര്‍ഘായുസ്സോടെ ജീവിതം ആനന്ദകരമാക്കാന്‍ കഴിഞ്ഞെങ്കില്‍ ...

Thursday, 27 August 2015

വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..



വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..

എവിടെയോ ഒരു ചിത്രകാരന്‍ തന്റെ 
രക്തത്തില്‍ മുക്കി ഒരു വസന്തം വരയുന്നുണ്ട്  
കഥകള്‍ കേള്‍ക്കാന്‍  ചെറിമരങ്ങള്‍ 
വിസമ്മതിച്ച ഒരു വസന്ത കാലത്തെ ..
അവന്‍ തന്റെ  പ്രണയ സങ്കല്പങ്ങള്‍ 
ഏതോ  യുദ്ധ  കെടുതികള്‍ക്കിടയില്‍
കബറടക്കിയിരിക്കിരിക്കുന്നു .

സ്നേഹമില്ലാത്ത സ്പന്ദനങ്ങളില്‍ ഹൃദയം നഷ്ടപ്പെട്ട 
കരുണയില്ലാത്ത കണ്ണുകളിലെ കാഴ്ച മറഞ്ഞ 
സാന്ത്വനം മറന്ന കരങ്ങളുടെ സ്പര്‍ശനത്തില്‍ 
പൊള്ളി കരിഞ്ഞു പോയ പ്രണയത്തെ 
അതിജീവനത്തിന്റെ വിലപേശലുകള്‍ക്കിടയില്‍ 
അവനത് കബറടക്കിയിരിക്കുന്നു.

അടച്ചിട്ട കൂടുകളില്‍ മെയ്യോടുമെയ് ചേര്‍ത്ത് 
അന്ത്യശ്വാസം വലിക്കുന്നു വര്‍ണ്ണങ്ങള്‍ വാരി പൂശിയ 
പ്രണയക്കിളികള്‍ .
അകലെ പീരങ്കികള്‍ ഉതിര്‍ക്കുന്ന തീജ്വാലകളില്‍  
കരിയുന്ന ചിറകുകള്‍ക്കടിയിലെ  
മിടിക്കുന്ന ഹൃദയത്തെ കൊക്കില്‍ കുരുക്കാന്‍ 
വെമ്പുന്ന പ്രണയക്കിളികള്‍ .

യുദ്ധങ്ങളെ കുറിച്ച് മാത്രമിപ്പോള്‍  പാടുന്ന  
കാനറി പക്ഷികള്‍ പ്രണയ രാഗങ്ങള്‍ 
മറന്നിരിക്കുന്നു . 
ചുണ്ടില്‍ കൊരുക്കാന്‍ ഒലിവില തിരയുന്ന
അരിപ്രാവുകള്‍ക്ക് സമാധാനത്തിന്റെ 
ദിശ തെറ്റിയിരിക്കുന്നു.
ഈന്തപ്പനകളില്‍ ചേക്കേറിയ 
സിഡാര്‍ പക്ഷികള്‍ പുറന്തോട് പൊട്ടിച്ചു 
പുറത്തു വരാന്‍ വിസമ്മതിക്കുന്ന 
കുഞ്ഞുങ്ങള്‍ക്ക് മേലെ അടയിരിക്കുന്നു.

കളിമണ്ണ് പുതഞ്ഞ പാതയോരങ്ങളില്‍ 
പൂത്തുലഞ്ഞു നില്‍ക്കുന്നു 
പിളര്‍ന്ന ഹൃദയത്തിന്റെ ആകൃതിയുള്ള പൂക്കള്‍ ...
വസന്തത്തില്‍ തളിര്‍ക്കാന്‍ മറന്നുപോയ
കൊടും വേനലില്‍ പൂത്തുലഞ്ഞ പൂക്കളാണത്രെ അത് .

ചിത്രകാരന്‍ വരയ്ക്കുകയാണ് 
രക്തത്തില്‍ മുക്കിയ തൂലികകൊണ്ട് ..
കഥ പറയുന്ന വസന്തങ്ങളെ 
കിളികള്‍ പാടുന്ന വസന്തങ്ങളെ 
സമാധാനത്തിന്റെ ഒലിവിലകള്‍
തളിര്‍ക്കുന്ന വസന്തങ്ങളെ ...




Wednesday, 29 April 2015

കൈതപ്പൂക്കള്‍ കാറ്റിനോട് പറഞ്ഞത് .. (ഓര്‍മ്മക്കുറിപ്പ്‌ )



ഒരവധി ദിവസം. ഉച്ചവെയിലില്‍ തിളങ്ങുന്ന കൂട്ടുങ്ങലങ്ങാടിയിലൂടെ ഞാനും എന്റെ അനിയത്തിയും അമ്പത്തെ പാടം
ലക്ഷ്യമാക്കി നടക്കുകയാണ്. അങ്ങാടിയുടെ കിഴക്കേ അതിരില്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ വയലിന് നടുവിലൂടെ ഒരു പുഴയൊഴുകുന്നുണ്ട് . ചേറ്റുവ പുഴയില്‍ നിന്നും പിരിഞ്ഞൊഴുകുന്ന കന്നാലിപ്പുഴയെന്നു വിളിച്ചിരുന്ന കനോലി കനാല്‍.ആ പുഴയുടെ തീരത്ത് സുഗന്ധം പരത്തുന്ന കൈതപ്പൂക്കള്‍ തേടിയാണ് ഞങ്ങള്‍ പോകുന്നത്.
ഓടിയും നടന്നും ഞങ്ങളവിടെ എത്തുമ്പോള്‍ എന്റെ ഉമ്മൂമയുടെ ചങ്ങാതിയും സമപ്രായക്കാരിയുമായ ഇയ്യാത്തുമ്മ പുഴക്കടവില്‍ നിന്ന് തുണികള്‍ അലക്കുന്നുണ്ട്. .പുഴക്കടവിലിട്ടിരിക്കുന്ന വലിയ കരിങ്കല്ലില്‍ ആഞ്ഞുവീശി തുണിയെ വെളുപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മുഖം നിറയെയുള്ള അവരുടെ ചിരിയുമായി ഞങ്ങളോട് ചോദിച്ചു ."എന്താ ഉണ്ണ്യോളെ ഈ നട്ടുച്ചയ്ക്ക് ഇവടെ".
ഞങ്ങളാണെങ്കില്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് ഈ സാഹസത്തിനു വന്നിരിക്കുന്നത്.അത് കൊണ്ട് തന്നെ ആ ചോദ്യം കേട്ട ഞാനൊന്ന് നടുങ്ങി.ഒരു പ്രത്യേക താളത്തില്‍ ആഞ്ഞു കൊണ്ട് തുണികള്‍ അലക്കുന്ന അവരുടെ മൂക്കിലണിഞ്ഞ ചുവപ്പും വെളുപ്പും കല്ല്‌ വെച്ച ചന്ദ്രത്തുണ്ട് മൂക്കുത്തിയിലെ ഞാലികള്‍ വിറയ്ക്കുകയും പുഴയിലേക്ക് ചാഞ്ഞിറങ്ങുന്ന വെയില്‍ നാളങ്ങളില്‍ തിളങ്ങുകയും ചെയ്യുന്നുണ്ട്.

എന്റെ മുഖത്ത് പരന്ന പേടിയും ജാള്യതയും പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു കൈതപ്പൂവ് പൊട്ടിക്കാന്‍ വന്നതാണ് എന്ന് .ഇത് കേട്ട് പുഴക്കടവില്‍ കിടക്കുന്ന തെങ്ങോലയില്‍ വെള്ളം പിഴിഞ്ഞ് തുണികള്‍ ഉണക്കാനിടുന്ന അവരുടെ മകളും ഞങ്ങളുടെ ഉമ്മയുടെ സമപ്രായക്കാരിയുമായ ബീവുത്ത ഒരു ചെറുചിരിയോടെ എളിയില്‍ തിരുകിയ താക്കോല്‍ കൂട്ടത്തില്‍ തൂങ്ങിയ പേനാക്കത്തിയുമായി കൈതക്കൂട്ടത്തിനടുത്തേക്ക് നടന്നു.കൈതച്ചെടിയുടെ നെറുകയില്‍ നിന്നു ഇളം മഞ്ഞ നിറമുള്ള കൂര്‍ത്ത ഇതളുകള്‍ മൂടിയ താഴമ്പൂ മുറിച്ചു തന്നു.സന്തോഷത്തോടെ അതും വാങ്ങി അതിന്റെ വാസന നുകര്‍ന്ന് കൊണ്ട് ഞങ്ങള്‍ ആ പുഴയോരത്ത് ഇയ്യാത്തുമ്മടെ കൂടെ കുറച്ച നേരം കൂടി ചിലവഴിച്ചു.ബീവുത്താടെ മകന്‍ മമ്മദിന് എന്റെ പ്രായമാണ് .അവനവിടെ തോര്‍ത്ത്‌ മുണ്ടില്‍ പരല്‍ മീനുകളെ പിടിക്കുന്നതും നോക്കി കുറച്ചു നേരം കൂടി നിന്നതിനു ശേഷം ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങവെ ഇയ്യാത്തുമ്മ ഞങ്ങളെ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു ."ഉണ്ണ്യോളെ പോകാന്‍ വരട്ടെ ഒരാപ്പ് ചായ കുടിച്ചിട്ട് പോകാം . ഇയ്യാത്തുമ്മ ഇന്ന് നല്ല പയമ്പൊരി ഇണ്ടാക്കീട്ടുണ്ട് .അത് തിന്നട്ടു പോകാം" .ഞങ്ങള്‍ വേണ്ടെന്നെത്ര പറഞ്ഞിട്ടും ബീവുത്ത ഞങ്ങളുടെ ക്ഷണം നിരസിക്കലിനോട് സ്നേഹത്തോടെ ദേഷ്യപ്പെട്ടു കൊണ്ട് ഞങ്ങളുടെ കയ്യില്‍ വലിച്ചു കടവിന് തൊട്ടുള്ള തൊടിയിലൂടെ ആ ഓലമേഞ്ഞ വീട്ടിലേക്ക് നടന്നു. കളിമണ്ണ് മെഴുകിയ കോലായിലിരുന്നു ചൂടുള്ള ശര്‍ക്കരയിട്ട കട്ടന്‍ ചായയും മധുരമിറ്റുന്ന പഴമ്പൊരിയും തിന്നുമ്പോള്‍ എന്റെ സതീര്‍ത്ഥ്യന്‍ മമ്മദ് ആ തൊടിയിലെ അയിനി മരത്തിന്മേല്‍ പറ്റി കിടക്കുന്ന കാക്കപ്പൊന്ന് ഞങ്ങള്‍ക്ക് വേണ്ടി ശേഖരിക്കുകയായിരുന്നു. എപ്പോഴും ഒരു വള്ളിട്രൌസറില്‍ നടക്കുന്ന മമ്മദ് പൊതുവേ ഉയരം കുറഞ്ഞു പ്രായത്തെക്കാള്‍ ചെറുതെന്ന് തോന്നിപ്പിക്കുന്ന ശരീരത്തിന് ഉടമയായിരുന്നു.അവനൊരു പത്തു വയസ്സുകാരനാണെന്ന് തോന്നില്ലായിരുന്നു . ഇയ്യാത്തുമ്മ തന്റെ കാലുകള്‍ നീട്ടി മുറുക്കാന്‍ ചെല്ലത്തില്‍ നിന്നു ഒരു കഷ്ണം പുകയില എടുത്ത് പല്ലുകള്‍ക്കിടയിലേക്ക് വെച്ചു.പിന്നെ എന്റെ നെറുകയില്‍ തലോടി കൊണ്ട് പറഞ്ഞു "ഇന്റെ മമ്മദിന്റെ പ്രായാ ന്റെ മോള്‍ക്ക്.അവന്‍ പെണ്കുട്ട്യെര്‍ന്നെങ്കി ഇന്റെ മോള്‍ടെ അത്രയ്ക്കുണ്ടാര്‍ന്നെനെ .."അത് പറഞ്ഞു അവരുറക്കെ ചിരിച്ച് .തുടര്‍ന്ന്‍ എന്റെ നെറ്റിയില്‍ അമര്‍ത്തി ഒരുമ്മയും തന്നു ഞങ്ങളെ യാത്രയാക്കുമ്പോള്‍ അവരുടെ നെഞ്ചില്‍ നിന്നനുഭവപ്പെട്ട സ്നേഹത്തിനും വാത്സല്യത്തിനും ഞാനെപ്പോഴോ നുകര്‍ന്ന മുലപ്പാലിന്റെ ചൂടും ഗന്ധവും ഉണ്ടായിരുന്നു.

എന്റെ ഉമ്മയുടെ വിവരണത്തിലൂടെയാണ് ഞാന്‍ ഇയ്യാത്തുമ്മയുടെ ഭൂതകാലമറിയുന്നത്. ഇയ്യാത്തുമ്മ സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയുന്ന ഒരു സ്വഭാവത്തിനുടമയാണ്.കൂട്ടുങ്ങലങ്ങാടിയുടെ ഹൃദയ ഭാഗത്ത് ഒരു ചെറിയ ഓലക്കൂര ..കളിമണ്ണ് മെഴുകിയ വരാന്തയില്‍ പനയോലത്തട്ടിക വെച്ചു മറച്ചത് സ്ത്രീകള്‍ മാത്രം താമസിക്കുന്ന ആ കുടിലിലേക്ക് അങ്ങാടിയില്‍ എത്തുന്നവരുടെ നോട്ടത്തെ തടയിടാനായിട്ടാണ്..ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ടി വന്ന വൈധവ്യം അവരെ തന്റെടമുള്ള ഒരു സ്ത്രീ ആക്കി മാറ്റിയിരുന്നു.എങ്കിലും കുഞ്ഞായിരുന്ന മകളെയും വെച്ചു കൊണ്ട് ഒറ്റയ്ക്ക് എങ്ങനെ മുന്നേറും എന്ന ആശങ്കയില്‍ മുന്നോട്ടുള്ള ജീവിതത്തിനു മുന്നില്‍ പതറി നിന്നപ്പോള്‍ ധാര്‍മ്മിക സഹകരണവും സഹായവും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് അവര്‍ക്ക് ലഭിച്ചത് .ഒന്നാന്തരം പാചകക്കാരി ആയിരുന്നതിനാല്‍ കൂട്ടുങ്ങല്‍ അങ്ങാടിയില്‍ അന്നുണ്ടായിരുന്ന ചായപ്പീടികകളിലേക്കുള്ള പ്രാതല്‍ വിഭവങ്ങള്‍ ആയ പത്തിരി ,പുട്ട്,ഇടിയപ്പം എന്നീ പലഹാരങ്ങള്‍ ഇയ്യാത്തുമ്മയാണ് എത്തിച്ചിരുന്നത്.അങ്ങനെയൊരു സംരംഭം തുടങ്ങാനും ആ ചായക്കടകളുടെ ഓര്‍ഡറുകള്‍ അവര്‍ക്ക് കിട്ടാനും സഹായിച്ചത് എന്റെ ഉപ്പൂപ്പ ആയിരുന്നു..ഈ കച്ചവടമായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗവും.സുബുഹി ബാങ്കിന് മുന്‍പേ ഇയ്യാത്തുമ്മയുടെ അടുക്കളയില്‍ തീ പുകയാന്‍ തുടങ്ങും.അമ്പത്തെ പാടത്തേക്ക് സൂര്യന്‍ ഉദിച്ചുയരും മുന്‍പേ അവരും മകളും കൂടി തയ്യാറാക്കിയ എല്ലാ പലഹാരങ്ങളും ചെറിയ ഈറ കുട്ടകളില്‍ വിരിച്ച വാഴയിലയില്‍ നിരത്തി മറ്റൊരു വാഴയിലക്കീറു കൊണ്ട് മൂടി ചായപ്പീടികകളിലേക്ക് എത്തിച്ചിട്ടുണ്ടാകും.അവരുണ്ടാക്കുന്ന തൂവെള്ള നിറത്തില്‍ തീരെ കനം കുറഞ്ഞ അരിപ്പത്തിരിയുടെ സ്വാദ് കൂട്ടുങ്ങലങ്ങാടിയില്‍ മാത്രമല്ല സമീപ ദേശങ്ങളിലും പ്രസിദ്ധി നേടിയിരുന്നതിനാല്‍ സമീപ ദേശങ്ങളില്‍ നിന്നുമുള്ള കല്യാണ സദ്യക്ക് വേണ്ട പത്തിരിയും ഇയ്യാത്തുമ്മയുടെ അടുക്കളയില്‍ നിന്ന് വലിയ വട്ടികളില്‍ കൂട്ടുങ്ങല്‍ അതിര്‍ത്തി കടന്നു പോയിരുന്നു ..അവരുടെ മകളെ കല്യാണം കഴിച്ചത് മദ്രാസ്സില്‍ ജോലിയുള്ള ഒരാളായിരുന്നു.അയാള്‍ക്കും പറയത്തക്ക ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ ബീവുത്തയും മമ്മദും പിന്നെ വല്ലപ്പോഴും അവധിയില്‍ വന്നിരുന്ന മമ്മദിന്റെ ഉപ്പയും ഇയ്യാത്തുമ്മയോടൊപ്പം തന്നെ കഴിഞ്ഞു പോന്നു.അല്ലെങ്കില്‍ തന്നെ ഇവര്‍ മാത്രമായിരുന്നുവല്ലോ ഇയ്യത്തുമ്മയുടെ ലോകവും.

അക്കാലത്ത് കൂട്ടുങ്ങല്‍ പ്രദേശത്തെ വലിയ തറവാടുകളില്‍ നടക്കുന്ന കല്യാണങ്ങള്‍ ഇയ്യാത്തുമ്മയുടെ നിറസ്സാന്നിധ്യം കൊണ്ട് സജീവമായിരുന്നു.നെയ്ച്ചോര്‍ അരിയില്‍ ഒളിഞ്ഞിരിക്കുന്ന കടുക് മണികള്‍ പോലെയുള്ള ചെറിയ കല്ലുകള്‍ പെറുക്കി ചേറ്റിക്കൊഴിച്ച് വെക്കുന്നത് മുതല്‍ ചുക്കപ്പം.പൂരപ്പൊടി,വെട്ടു മിട്ടായി തുടങ്ങിയ എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കാനും മൈലാഞ്ചി കല്യാണത്തിന് ഒപ്പന പാടുന്നതിനും അവര്‍ മറ്റുള്ളവര്‍ക്കൊപ്പം നേതൃത്വം കൊടുത്തു കൊണ്ട് ഉണ്ടാകുമായിരുന്നു .കൂടാതെ ആ പ്രദേശത്ത് ഏതെങ്കിലും മുസ്ലിം സ്ത്രീ മരിച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം കുളിപ്പിക്കുന്നതും ആ ഭൌതിക ശരീരത്തെ അത്തറു പൂശി മൈലാഞ്ചി ഇലകള്‍ വിതറി അണിയിച്ചൊരുക്കിയിരുന്നതും ഇയ്യാത്തുമ്മയുടെ നേതൃത്വത്തിലായിരുന്നു. സന്തോഷമായാലും സന്താപമായാലും പണക്കാരായാലും ദരിദ്രരായാലും ഇയ്യാത്തുമ്മ തന്റെ സഹായ ഹസ്തവുമായി അവിടെ ഹാജരുണ്ടാകും.

എന്റെ ഉപ്പൂപ്പ മരിച്ചതിനു ശേഷം ഒറ്റപ്പെട്ടു പോയ ഉമ്മൂമയുടെ മുഖത്ത് എപ്പോഴെങ്കിലും ചിരിയും സന്തോഷവും കണ്ടിട്ടുണ്ടെങ്കില്‍ അത് ഇയ്യാത്തുമ്മ വന്നു നാല് വിശേഷങ്ങള്‍ പറയുമ്പോഴായിരുന്നു..അത്രയ്ക്ക് ദൃഢമായിരുന്നു അവരുടെ സ്നേഹബന്ധം.വൈകുന്നേരങ്ങളില്‍ തറവാടിന്റെ കിഴക്കേ കോലായില്‍ നടക്കാറുള്ള ആ സ്നേഹിതകളുടെ ദീര്‍ഘ സംഭാഷണങ്ങളില്‍ കഴിഞ്ഞു പോയ കാലങ്ങളുടെ നിലയ്ക്കാത്ത തേനരുവികള്‍ ഒഴുകുന്നത് കേള്‍ക്കാം .സരസമായി നര്‍മ്മ ബോധത്തോടെ കൂട്ടുങ്ങലിലെ ഓരോ വിശേഷങ്ങളും അവര്‍ പങ്കു വെക്കുമ്പോള്‍ എന്റെ തറവാട്ടിലെ മറ്റു സ്ത്രീകളും കൌതുകത്തോടെ ഇയ്യാത്തുമ്മയുടെ ചുറ്റിലും കൂടും..എനിക്ക് എന്റെ ഉമ്മൂമയോടെന്ന പോലെ സ്നേഹം തോന്നിയിട്ടുള്ള ഒരുമ്മയായിരുന്നു അവരും..അത് കൊണ്ടാകാം കുറച്ചു ദിവസത്തേക്ക് അവരെ കണ്ടില്ലെങ്കില്‍ മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥത മാറ്റാന്‍ ഞാന്‍ അവരുടെ വീട് വരെ പോകുന്നത് എന്റെ ശീലങ്ങളില്‍ ഒന്നാക്കി മാറ്റിയത്.

അന്നൊക്കെ കൂട്ടുങ്ങലിലെ സായാഹ്നങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു വശ്യതയുണ്ടെന്നു എനിക്ക് തോന്നിയിരുന്നു .വൈകുന്നേരമായാല്‍ നാലും കൂടിയ മുക്കിലെ ഇരു നില കെട്ടിടത്തിലെ ഏതോ പാര്‍ട്ടി ആപ്പീസ് മുറിയില്‍ നിന്നും കേള്‍ക്കുന്ന അക്കാലത്തെ സിനിമാഗാനങ്ങള്‍ ,ചില പീടികകളുടെ പരസ്യങ്ങള്‍ തുടങ്ങി ഇടക്കൊക്കെ വന്നു പോകുന്ന ബസ്സുകളുടെ നീണ്ട ഹോണുകള്‍ എല്ലാം ചേര്‍ന്നു കൂട്ടുങ്ങലിനു ഒരു ആഘോഷ പ്രതീതി കൈവരുത്തുമായിരുന്നു. .പടിഞ്ഞാറ് കടലില്‍ താഴാനൊരുമ്പെടുന്ന സൂര്യനില്‍ നിന്നും ഉതിരുന്ന പോക്കുവെയില്‍ വീണു തിളങ്ങുന്ന കൂട്ടുങ്ങലങ്ങാടിയിലൂടെ വെറുതെ നടക്കാനും ഒരു സുഖമാണ് .പക്ഷെ ഒരു പെണ്‍കുട്ടിയായ എനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.എന്റെ സ്വാതന്ത്ര്യത്തിന്റെ അതിര് ഇയ്യാത്തുമ്മയുടെവീട് വരെ മാത്രമായിരുന്നു.ഇയ്യാത്തുമ്മാടെ വീട്ടിലേക്ക് എന്ന് പറഞ്ഞു പോകാനും അവരുടെ വീടിനടുത്ത് കൂടെ ഒഴുകുന്ന പുഴയുടെ ഓളങ്ങളെ കണ്ടിരിക്കാനും ഞാന്‍ അവസരങ്ങള്‍ ഒരുക്കുമായിരുന്നു. കുളിക്കാനോ തുണി കഴുകാനോ ഒക്കെയായി പുഴക്കടവില്‍ നില്‍ക്കുന്ന ഇയ്യാത്തുമ്മയോടോ അവരുടെ മകളോടോ വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞു നില്‍ക്കുക എന്നത് എന്റെ ബാല്യ കാല വിനോദങ്ങളില്‍ ഒന്നായിരുന്നു.പഞ്ചായത്ത് കിണറിനു സമീപമാണ് ചുട്ട കൊള്ളിക്കിഴങ്ങും കപ്പി എന്ന് വിളിക്കുന്ന ശര്‍ക്കര കാപ്പിയും വില്‍ക്കുന്ന കപ്പിക്കാരന്‍ വേലുവിന്റെ ഓല മേഞ്ഞ തട്ട് പീടിക .അരക്കയ്യന്‍ വെള്ള കുപ്പായവും മുട്ട് വരെ മാത്രമുള്ള വെള്ളമുണ്ടും ഉടുത്ത വേലു വലുതായൊന്നും ആരുമായും ചങ്ങാത്തം കൂടാത്ത വ്യക്തിയാണ് .ചിലപ്പോഴൊക്കെ അത് വഴി ഞങ്ങള്‍ പോകുന്നത് കാണുമ്പോള്‍ സ്നേഹത്തോടെ മൂപ്പര് ചോദിക്കും, "ലേശം എടുക്കട്ടെ ഉണ്യെ" എന്ന്.."വേണ്ട വേലുചേട്ടാ" എന്ന് പറയുമ്പോളും അതൊന്നു രുചിച്ചു നോക്കാന്‍ മനസ്സ് പറയും..പക്ഷെ അതാരെങ്കിലും കാണുകയോ വീട്ടില്‍ ചെന്ന് പറയുകയോ ചെയ്‌താല്‍ കിട്ടുന്ന ശിക്ഷയെ പറ്റി ചിന്തിക്കുമ്പോള്‍ അള്ളോ വേണ്ട..അടുത്ത നിമിഷം തന്നെ അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു മോഹങ്ങള്‍ മനസ്സിനുള്ളിലെ നടക്കാത്ത സ്വപ്‌നങ്ങള്‍ വിശ്രമിക്കുന്ന അറയില്‍ താഴിട്ടു പൂട്ടി വെക്കും.അപ്പോഴൊക്കെ തോന്നാറുണ്ട് ഞാന്‍ ഒരു ആണ്‍കുട്ടി ആയി ജനിച്ചിരുന്നെങ്കില്‍ എത്ര മാത്രം സ്വാതന്ത്ര്യം അനുഭവിക്കമായിരുന്നു എന്ന്.

ഒരിക്കല്‍ പീടികയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ ആണ്‍കുട്ടികളാരും ഇല്ലാതിരുന്ന ഒരു ദിവസം .എന്തോ പലഹാരം ഉണ്ടാക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലേക്ക് വേണ്ട താറാവ് മുട്ട വാങ്ങേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ ഞാനും അനിയത്തിയും ആഹ്ലാദത്തോടെ പോകാന്‍ തയ്യാറായി. ..കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങിയോന്നും അത്ര പരിചയമില്ലാത്ത ഞങ്ങള്‍ താറാവ് മുട്ട അന്വേഷിച്ചു കുറെ നടന്നു..അവസാനം മുട്ടിപ്പാലത്തിനടുത്തുള്ള ഒരു ചെറിയ പലചരക്ക് പീടികയില്‍ നിന്നും താറാവ് മുട്ട വാങ്ങി .കൊറ്റനാടിന്റെ മുഖച്ഛായയുള്ള ഒരാള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത് .അയാള്‍ ഞങ്ങളോട് പേരുകള്‍ ചോദിച്ചെങ്കിലും ഞങ്ങള്‍ അപരിചിത ഭാവത്തില്‍ നിന്നു . പൊതി വാങ്ങി കാശ് കൊടുക്കുന്ന നേരം അയാള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു ഒരു ചിറികോട്ടി കൊണ്ട് ആ പീടികയുടെ ഇരുട്ട് നിറഞ്ഞ മൂലയിലേക്ക് നോക്കി ..അയാളുടെ മുഖവും ഭാവവും എന്നില്‍ ഭയവും ജുഗുപ്സയും ഉളവാക്കി .കൈ കുതറി കൊണ്ട് ബാക്കി വാങ്ങാന്‍ നില്‍ക്കാതെ കാശു അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാനും അനിയത്തിയും ഓടി .നെഞ്ചിനോട് അടക്കി പിടിച്ച താറാവ് മുട്ടയുടെ പൊതി നിലത്തു വീഴുമോ എന്ന പേടിയും പിന്നില്‍ അയാളുടെ നീണ്ട കൂര്‍ത്ത നഖങ്ങളോട് കൂടിയ കൈകള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഞങ്ങളുടെ പിന്നിലുണ്ടെന്ന ചിന്തയിലും ഓടിക്കൊണ്ട് എത്തിയത് ഇയ്യത്തുമ്മയുടെ കോലായിലേക്കാണ്. അവിടെ നിന്നു കിതപ്പണക്കുമ്പോള്‍ ആ വീടിന്റെ പിന്നാമ്പുറത്ത് നിന്നും ഉരലില്‍ അരി ഇടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു .
ഞങ്ങള്‍ പതുക്കെ അങ്ങോട്ട ചെന്നു.ഞങ്ങളെ കണ്ടതും "എന്താ ഉണ്യോളെ "എന്ന് ചോദിച്ചുകൊണ്ട് ഇയ്യാത്തുമ്മ ഉരലില്‍ നിന്നും ഉലക്ക മാറ്റി അവിടെയുള്ള ഇളം തിണ്ണയുടെ മുക്കില്‍ തല കീഴാക്കി ചാരി വെച്ചു.സങ്കടവും ഭയവും ഞങ്ങള്‍ക്ക് മറച്ചു വെക്കാന്‍ കഴിഞ്ഞില്ല.നടന്ന സംഭവങ്ങള്‍ അതേ പടി വിവരിച്ചു.ഇത് കേട്ട് ദേഷ്യം കൊണ്ട് അവരുടെ മൂക്ക് വിറക്കുകയും മുറുക്കി ചുവന്ന ചുണ്ട് കൂര്‍ത്തു പോകുകയും ചെയ്തു."ആ ഹമുക്കിനോട് ഞാന്‍ ചെന്ന് ചോയ്ക്കും അവനെന്തിന്റെ കേടാന്നു ".അവര്‍ ക്രോധത്തോടെ അലറി.പിന്നീട് എന്റെ നേരെ നോക്കി പറഞ്ഞു "ഉണ്യെ ഇയ് ഇഞ്ഞി മുതല്‍ സാമാനങ്ങള്‍ വാങ്ങാന്‍ അങ്ങാടില്‍ക്ക് പോകണ്ട.കാണാന്‍ ചൊവ്വും ചേലുംള്ള പെങ്കുട്ട്യോള് കുടീല് അടങ്ങി ഇരുന്നാ മതി .പൊറത്തെറങ്ങി നടക്കണ്ട..ഒറ്റൊന്നിനേം വിശ്വയിക്കാന്‍ പറ്റുല്ല .അതോണ്ടാ ഉണ്യെ ഇയ്യാത്തുമ്മ ഇങ്ങനെ പറേണത് ട്ടാ .."എന്നെ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞ കരുതലും സ്നേഹവും നിറഞ്ഞ ആ ഉപദേശത്തിനു മുന്നില്‍ ഞാന്‍ വിതുമ്പിപ്പോയി .പെണ്ണിന്റെ ജീവിതം ഒരു കണ്ണാടി പാത്രം പോലെയാണെന്നും ഒന്ന് ചിന്നിയാല്‍ മതി അതിന്റെ ഭംഗി നഷ്ടപ്പെടാന്‍. അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചു വേണം പെണ്‍കുട്ടികള്‍ നടക്കാനും ഇരിക്കാനും,ഇയ്യാത്തുമ്മ വളരെ പതിഞ്ഞ ശബ്ദത്തില്‍ ഞങ്ങളെ ഉപദേശിക്കുമ്പോള്‍ ഒരു പെണ്ണായാല്‍ അവള്‍ എന്തെല്ലാം സഹിക്കണം ആരെയൊക്കെ നേരിടണം എന്തിനോടൊക്കെ പൊരുതണം എങ്ങനെയൊക്കെ അതിജീവിക്കണം എന്നെല്ലാം ഒരു ഗുരുവിന്റെ ദീര്‍ഘ വീക്ഷണത്തോടെ വിശദീകരിക്കുമ്പോള്‍ എന്നിലെ സ്ത്രീ ഒരു പാട് വളയങ്ങള്‍ക്കുള്ളില്‍ കറങ്ങി കറങ്ങി വീഴുകയായിരുന്നു.ഞങ്ങള്‍ അവിടെ നിന്നു പോരുമ്പോള്‍ എന്റെ ചിന്തകളിലൂടെ ഞാനൊരു വെറും പെണ്‍കുട്ടി ആയതിന്റെ പാരതന്ത്ര്യം അനുഭവിക്കുകയായിരുന്നു.

പിന്നീടൊരിക്കലും കൂട്ടുങ്ങലങ്ങാടിയിലൂടെ അന്തിവെയില്‍ ഉതിരുന്ന സായന്തനങ്ങളില്‍ ഒരു ശലഭം പോലെ പറന്നലയണമെന്നോ പുഴക്കടവില്‍ പോയിരുന്നു ഓളങ്ങളില്‍ പരല്‍ മീനുകള്‍ പുളഞ്ഞു മറിയുന്നത് നോക്കിയിരിക്കണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.തറവാട്ടു തൊടിയിലെ അതിരുകളോളം മാത്രം നടന്നു നടന്നു ഞാനെനിക്ക് ചുറ്റുമൊരു സങ്കല്‍പ്പ ലോകം തീര്‍ത്തതിനാലാവാം ബാല്യവും കൌമാരവും പിന്നിടുമ്പോഴേക്കും ഞാന്‍ തികഞ്ഞ ഏകാകിയായ്‌ മാറിയിരുന്നു.വീട്ടില്‍ നിന്ന് സ്കൂളിലേക്കുംകോളേജിലേക്കും മാത്രമായി എന്റെ സഞ്ചാരങ്ങളുടെ പാതകള്‍ ഞാന്‍ വെട്ടി ഒതുക്കി .ഒരു പെണ്‍കുട്ടി എത്രമാത്രം അടക്കത്തോടെയും ഒതുക്കത്തോടെയും വളരണമെന്നത് സമൂഹവും സാമൂഹ്യ വ്യവസ്ഥിതികളുമാണ് നിശ്ചയിക്കുന്നതെന്ന് എനിക്ക് തോന്നി .ആ വ്യവസ്ഥിതിയുടെ ചട്ടക്കൂടില്‍ ഒരു മുയല്‍ കുഞ്ഞിനെ പോലെയോ അരിപ്രാവിനെ പോലെയോ ചുറ്റുമുള്ളതിനെ ഭീതിയോടെയും സംശയത്തോടെയും നോക്കാന്‍ ഒരു പെണ്‍കുട്ടി പഠിക്കണമെന്നും ഞാന്‍ മനസ്സിലാക്കി ...അവള്‍ക്ക് യഥേഷ്ടം പറന്നുയരാന്‍ ആഗ്രഹമുണ്ടെങ്കിലും ആരൊക്കെയോ അവളുടെ ചിറകുകള്‍ വെട്ടി ചെറുതാക്കി വെച്ചിരിക്കുകയാണ്.ഒരിക്കലും അവള്‍ക്കവളുടെ ചിറകുകള്‍ വിടര്‍ത്താനോ അടക്കത്തോടെയെങ്കിലും ആ ചിറകുകളടിച്ച് കുറുകാനോ കഴിയുമായിരുന്നില്ല .എന്റെ ചിന്തകള്‍ക്ക് വല്ലാതെ ഭാരം കൂടുകയായിരുന്നു..

വിവാഹ ശേഷമുള്ള എന്റെ ജീവിതത്തിനു പ്രവാസത്തിന്റെ രൂപം കൈവന്നതിനാല്‍ നീണ്ട നീണ്ട ഇടവേളകളില്‍ മാത്രമേ ഞാന്‍ തറവാട്ടിലേക്ക് പോയിരുന്നുള്ളൂ..അങ്ങനെ ഒരിക്കല്‍ അവധിയില്‍ ചെന്നപ്പോള്‍ അടിമുടി മാറിയ കൂട്ടുങ്ങലങ്ങാടിയില്‍ ഇയ്യാത്തുമ്മാടെ വീടിനു പകരം ഒരു കെട്ടിട സമുച്ചയം കാണാന്‍ കഴിഞ്ഞു.ഗ്രാമങ്ങളെ വിഴുങ്ങുന്ന നഗരത്തിന്റെ ജ്വാല ആദ്യം നക്കിയെടുത്തത് ഇയ്യാത്തുമ്മയുടെ കുടിലിനെ ആയിരുന്നു.അക്കരെ എന്ന് ഞങ്ങള്‍ പറഞ്ഞിരുന്ന പുഴയുടെ മറു തീരത്ത് അവര്‍ പുതിയ വീട് വെച്ച് താമസം തുടങ്ങി എന്നറിഞ്ഞു. അപ്പോഴേക്കും മമ്മദും ദുബായിക്കാരനായി മാറിയിരുന്നു.അത് കൊണ്ട് തന്നെ മെച്ചപ്പെട്ട ജീവിതമാണ് അവരിപ്പോള്‍ നയിക്കുന്നതെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.. അവധിക്ക് നാട്ടിലെത്തിയാല്‍ കൂട്ടുങ്ങല്‍ തറവാട്ടില്‍ ഉമ്മൂമയെ കാണാന്‍ പോകുമ്പോഴൊക്കെ ഞാനിവരെ കുറിച്ചന്വേഷിക്കുകയും സാധ്യമായാല്‍ പോയി കാണുകയും ചെയ്യുമായിരുന്നു.

ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കിടയിലെ നിഷ്കളങ്കതയും നൈര്‍മ്മല്യവും പഴങ്കഥകളിലോ നാടോടിക്കഥകളിലോ മാത്രം കേള്‍ക്കുന്ന അപൂര്‍വ്വങ്ങളായ മനുഷ്യ വികാരങ്ങള്‍ മാത്രമായി മാറുന്നുവന്നു പതുക്കെ ഞാന്‍ മനസ്സിലാക്കി തുടങ്ങി.. ഇയ്യാത്തുമ്മ എന്ന വ്യക്തിയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അവരുടെ നിഷ്കളങ്കമായ സംസാര ശൈലിയും വാത്സല്യം തുളുമ്പുന്ന നോട്ടവും പാലരുവി പതഞ്ഞൊഴുകുന്ന പോലുള്ള ചിരിയും ,കാതുകളില്‍ അണിഞ്ഞ ഞാലി ചിറ്റുകളുടെ ഇളക്കങ്ങളും മൂക്കുത്തിയിലെ ചുവപ്പ് കല്ലിന്റെ തിളക്കവും ആണ് തെളിയുക.വീടും നാടും വിട്ടു പോരുമ്പോള്‍ കെട്ടിമുറുക്കിയ ഓര്‍മ്മകളുടെ ഭാണ്ഡത്തിലെ പുറത്തു ചാടാന്‍ വെമ്പുന്ന കൌമാര സ്മരണകള്‍ പ്രവാസ ജീവിതത്തിലെ എകാന്തതയില്‍ എനിക്കൊരാശ്വാസം തന്നെയായിരുന്നു. ഞാന്‍ പിറന്ന നാടിനെയും നാട്ടുകാരെയും എപ്പോഴൊക്കെ ഓര്‍മ്മിക്കുന്നുവോ അപ്പോഴെല്ലാം മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുന്ന മുഖം ഇയ്യാത്തുമ്മയുടെതാണ്

എന്റെ ജീവിതത്തിലെ തീരാ നഷ്ടങ്ങളില്‍ ഒന്നായ ഉമ്മൂമയുടെ മരണം സംഭവിച്ചത് സ്ഥിരീകരിക്കാനെത്തിയ ഡോക്ടര്‍ പോകുമ്പോഴാണ്‌ ആ വിവരമറിഞ്ഞ് ഇയ്യാത്തുമ്മ ഓടിയെത്തുന്നത് . ഉറക്കത്തില്‍ ഉമ്മൂമ മാത്രം അറിഞ്ഞ ആ മരണ നേരത്തെ ഡോക്ടര്‍ വന്നതും വിധിയെഴുതി.പക്ഷെ ഇയ്യാത്തുമ്മ അത് അംഗീകരിക്കാന്‍ തയ്യാറാവാതെ ഉമ്മൂമയുടെ മുഖവും ദേഹവും തൊട്ടു ഇവളുടെ ശരീരത്തിനു ഇപ്പോഴും ചൂടുണ്ട്..ഇവള്‍ മരിച്ചിട്ടില്ല .നിങ്ങള്‍ക്ക് തെറ്റിയതാണ് എന്ന് പറഞ്ഞു കരഞ്ഞു . മരണത്തിനൊപ്പം ഉമ്മൂമയെ വിടാന്‍ സമ്മതിക്കാത്ത ഒരു ആത്മമിത്രത്തിന്റെ ശാഠ്യമായിരുന്നു അപ്പോളവരുടെ മുഖത്ത് കണ്ടതത്രെ ..പിന്നീട് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടത്തിനു ശേഷം ഇതെല്ലാം തന്റെ മാത്രം കടമയാണെന്ന ഭാവത്തില്‍ ഉമ്മൂമയുടെ മരണാനന്തര ശുശ്രൂകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇയ്യാത്തുമ്മയെന്ന സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യ സ്നേഹിയായിരുന്നു അവിടെ നിറഞ്ഞു നിന്നത് ..

എന്റെ മകളുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് അവരെ ഞാന്‍ അവസാനമായി കണ്ടത് .വാര്‍ദ്ധക്യം വലുതായൊന്നും അവരെ ബാധിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും കാല്‍മുട്ടിന്റെ വേദന അസഹ്യമാണെന്ന് എന്റെ കവിളില്‍ തലോടി കൊണ്ട് പറഞ്ഞു.വളരെ ആഹ്ലാദത്തിലായിരുന്നു ഇയ്യാത്തുമ്മ.ആ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍.എന്നെ പുണര്‍ന്നു കൊണ്ട് പറഞ്ഞു "ഉണ്ണ്യേ നിയ്ക്ക് പൊന്നിന്റെ കല്യാണത്തിന് കൂടാന്‍ കയ്യില്ല.ന്നാലും ഞാനിന്റെ ഉണ്യോള്‍ക്ക് വേണ്ടി ഖോജരാജാവായ റബ്ബിനോട് കഅബയില്‍ നിന്നു കൊണ്ട് ദുആ ഇരക്കും ട്ടാ.."അവരെന്നെ കെട്ടിപ്പിടിക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു കൊണ്ട് യാത്രയാക്കുമ്പോള്‍ ഞാന്‍ കരുതിയില്ല അത് അവസാനത്തെ കണ്ടുമുട്ടലാണെന്ന്.അധികമൊന്നും അസുഖമായി കിടക്കേണ്ട അവസ്ഥ അവര്‍ക്ക് ഉണ്ടായില്ല .എത്ര ചുറുചുറുക്കൂടെയാണ് അവര്‍ തന്റെ ജീവിതം ജീവിച്ചത് അത്രയും ലാഘവത്തോടെ അവര്‍ മരണത്തിനൊപ്പം പടിയിറങ്ങി പോയി.

ജീവിതം ഒറ്റക്ക് പൊരുതി ജയിക്കേണ്ട സമരമെന്ന് കരുതി ജീവിക്കുകയും ആ സമരത്തില്‍ തനിക്ക് ലഭിക്കേണ്ട നീതിയെ ആര്‍ക്ക് മുന്നിലും തളരാതെയും അടിയറവ് പറയാതെയും നേടിയെടുക്കുകയും ചെയ്ത ചില സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ഇയ്യത്തുമ്മയേയും കൂട്ടി വായിക്കാറുണ്ട്.അക്ഷര വിദ്യ ഇല്ലെങ്കിലും ജീവിതത്തില്‍ പാലിക്കേണ്ട കൃത്യവും വ്യക്തവുമായ പാഠങ്ങള്‍ അനുഭവങ്ങളിലൂടെ പഠിച്ചെടുക്കുകയും തന്റെ ജീവിതത്തില്‍ സ്വായത്തമാക്കുകയും ജീവിത ചര്യയിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത ഇങ്ങനെയുള്ള സ്ത്രീ വ്യക്തിത്വങ്ങള്‍ കാലഘട്ടത്തിന്റെ സുകൃതമാണ്.കൂട്ടുങ്ങല്‍ എന്ന ദേശപ്പേര് ഞങ്ങളുടെ നാടിന്റെ ഭൂപടത്തില്‍ നിന്ന് മാഞ്ഞെങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇന്നും മായാതെ തങ്ങി നില്‍ക്കുന്നുണ്ട് ഇത്തരം നിഷ്കളങ്ക ജന്മങ്ങള്‍ . കാലയവനികയ്ക്കുള്ളില്‍ മറയാന്‍ സാധിക്കാത്ത ഉത്തമ ജീവിതങ്ങളുടെ ചരിത്രങ്ങള്‍ ഇനിയുള്ള തലമുറകളിലൂടെ പറഞ്ഞു ജീവിക്കട്ടെ...

Saturday, 28 March 2015




അനന്തമായി നീളുന്ന രാവിന്റെ ഓരത്തിരുന്നാണ് ഞാനിത് കുറിക്കുന്നത് ...അനേകം ബിന്ദുക്കള്‍ ചേര്‍ന്ന് ഒരു രേഖയുണ്ടാകുമെന്നു നീ എപ്പോഴോ എന്നെ പഠിപ്പിച്ചിരുന്നു ..രേഖകള്‍ തമ്മില്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ആകൃതികള്‍ ഉണ്ടാകുമെന്നല്ലാതെ രേഖ മാത്രമായി നില നില്‍ക്കണമെങ്കില്‍ രേഖക്കൊപ്പം ഒരു സമാന്തര രേഖ ഉണ്ടായാല്‍ മാത്രമേ സാധ്യമാകൂ എന്ന് നീ പറയുമ്പോഴൊക്കെ അതിന്റെ പൊരുള്‍ എനിക്ക് അറിയുമായിരുന്നില്ല.ഇപ്പോഴൊന്നു ആ രേഖകളിലൂടെ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നു സമാന്തര രേഖകള്‍ ഒരിക്കലും കൂട്ടി മുട്ടാറില്ല എന്നും വ്യതിരിക്തമായി നിലകൊള്ളാനാണ് രേഖകളുടെ യോഗമെന്നും ...അല്ലെങ്കില്‍ തന്നെ കേവലം ജ്യാമിതീയ രൂപങ്ങളില്‍ കോരി വെക്കാനായിരുന്നോ നമ്മളുടെ സ്നേഹം കൂട്ടിവെച്ചത്...അറിയില്ല ..ബുദ്ധന്‍ പറഞ്ഞത് പോലെ ദൂരെ നിന്ന് നോക്കുമ്പോള്‍ കാണുന്ന വൃക്ഷം ധ്യാനത്തിലാണ് എന്ന അറിവാണ് തന്റെ ഉള്ളിലെ ജ്ഞാനം ഉണര്‍ന്നുവെന്നുള്ളതിന്റെ തെളിവ് എന്നതും ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...

നിഴലും വെളിച്ചവും മാറിമറയുന്ന ചെറി തോട്ടങ്ങളില്‍ ഒരു വസന്തം വിരുന്നെത്തുമെന്നും ആ വസന്തത്തോട് ചെറിമരങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്നും എന്റെ കവിളിലെ മറുകില്‍ തലോടി കൊണ്ട് നീ ചോദിക്കുമ്പോള്‍ ഞാന്‍ ഇലകൊഴിഞ്ഞു നഗ്നമായ ഒരു ശിശിരത്തില്‍ പ്രണയത്തിന്റെ സമവാക്യങ്ങള്‍ തേടുകയായിരുന്നു എന്ന് നീ മനസ്സിലാക്കാതെ പോയതെന്തേ ...മിഥ്യയും നശ്വരവുമായ ഉടലിനേക്കാള്‍ അനശ്വരവും സത്യവുമായ ആത്മാവിനെ നീ തിരിച്ചറിയാതിരുന്നതെന്തേ...നീ വസന്തത്തെ കുറിച്ച് ഉന്മാദിയായപ്പോള്‍ ഞാന്‍ ഗ്രീഷ്മത്തിലെ ഒരു തീജ്വാലയാകുകയായിരുന്നു ..നിന്റെ ചെവിയില്‍ പ്രണയാതുരയായ് എന്റെ വിരലുകളെ തഴുകാന്‍ അനുവദിച്ചപ്പോള്‍ നിന്റെ കണ്ണില്‍ വാന്‍ഗോഘിന്റെ സൂര്യകാന്തി പൂക്കള്‍ പൂത്തുലഞ്ഞത് ഞാന്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചത് എന്തിനാണെന്ന് നിനക്കറിയുമോ ..? ചോരവാര്‍ന്നൊഴുകുന്ന മുറിച്ചിട്ട ചെവികളെ എന്റെ പാദങ്ങള്‍ അനുഭവിക്കാനിട വരാതിരിക്കാനായിരുന്നു എന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി..നീ പക്ഷെ ഒരുന്മാദിയെ പോലെ വസന്തത്തെ കുറിച്ച് മാത്രം പാടി ..വസന്തം കഴിഞ്ഞാല്‍ എത്തുന്ന ഗ്രീഷ്മത്തെ നീ ഓര്‍ത്തതേയില്ല.. വരണ്ടുണങ്ങിയ മണ്ണിലേക്ക് വേനല്‍മഴയായ് ഉതിരാന്‍ വെമ്പുന്ന മേഘങ്ങളെപ്പോലെ തിടുക്കപ്പെട്ടു അലയുന്ന എന്റെ പ്രണയചിന്തകളെ ഒരിക്കല്‍ പോലും അധരസ്പര്‍ശത്താല്‍ അനശ്വരമാക്കാന്‍ തുനിഞ്ഞില്ല ...


ഇപ്പോള്‍ കറുത്തിരുണ്ട ആകാശത്തേക്ക് നോക്കൂ ..മിന്നാമിന്നു പോലെ മുനിഞ്ഞു കത്തുന്ന ഗോളങ്ങളെ പണ്ട് നീ പ്രണയത്തിന്റെ ഒറ്റയടിപ്പാതയിലെ നക്ഷത്ര വിളക്കുകള്‍ എന്ന് വിളിച്ചു ..എനിക്കറിയാമായിരുന്നു ഇരുള്‍ മൂടിയ എന്റെ പ്രണയ പാതയില്‍ വെളിച്ചം തൂവാന്‍ പരശ്ശതം പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഈ ഗോളങ്ങള്‍ക്കാവില്ല എന്ന്..എന്നിട്ടും നിന്റെ വിറയാര്‍ന്ന പതിഞ്ഞ ശബ്ദത്തിലെ ആത്മാര്‍ഥതയില്‍ ഞാന്‍ അനേകം നക്ഷത്ര കുഞ്ഞുങ്ങള്‍ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരയിലേക്ക് മിനുസമുള്ള ചിറകുകളുമായി പറന്നിറങ്ങുന്നത് സ്വപ്നം കണ്ടു.രാവിന്റെ ഏതോ യാമത്തില്‍ പെയ്തമര്‍ന്ന വേനല്‍ മഴയില്‍ പൊട്ടിമുളച്ച കൂണുകള്‍ക്കടിയില്‍ ഞാനാ സ്വപ്‌നങ്ങളെ അടക്കം ചെയ്തു. ഒരു സ്വപ്നവും സപ്നമല്ലാതിരിക്കരുത് എന്ന നിര്‍ബന്ധം എന്നേക്കാള്‍ ഏറെ നിനക്കായിരുന്നുവല്ലോ...

എന്റെ കൈവിരലുകള്‍ കുഴയുന്നു..എന്റെ മിഴികളില്‍ ഒരു രാവിന്റെ നിദ്ര അടയിരിക്കുന്നുണ്ട്..അനന്തമായി നീളുന്ന ഈ രാവൊന്നു ഒടുങ്ങിയെങ്കില്‍ എന്ന് ഞാനാശിക്കുന്നു..നിന്റെയും എന്റെയും വഴികള്‍ പരസ്പ്പരം കൂട്ടിമുട്ടാതെ സമാന്തരങ്ങളായി നീണ്ടു കിടക്കുന്നു.അവിടെ ചെറിമരത്തോടു നിഗൂഡമായ ചോദ്യങ്ങളുമായി വസന്തം വിരുന്നെത്തില്ല..ഒരില പോലും പൊഴിയാന്‍ ബാക്കിയില്ലാത്ത ശിശിരത്തിന് മേലെ താണ്ഡവമാടുന്ന കാറ്റ് വഴി തെറ്റി പോലും ആ വീഥിയില്‍ വീശുന്നില്ല. ഈ ഏകാന്ത രാവില്‍ മൌനം കടഞ്ഞ പ്രണയ ചിന്തകള്‍ ഒമര്‍ഖയാമിന്റെ സ്ഫടിക ചഷകത്തില്‍ നുരയുന്ന വീഞ്ഞ് പോലെ കവിതകളെഴുതാന്‍ കൊതിക്കുന്നു.പക്ഷെ വരണ്ട ശരത്ക്കാല വയലുകള്‍ പോലെ മൃത പ്രായമായ എന്റെ ഹൃദയത്തില്‍ ശേഷിച്ചിരിക്കുന്ന നിന്റെ നിനവുകള്‍ക്ക് മേലെ ഞാനെന്റെ ഏകാന്ത വാസത്തില്‍ നിന്നും അല്‍പ്പം തീപ്പൊരി ചിതറിക്കാന്‍ ഞാന്‍ കൊതിക്കുന്നു....സമാന്തരങ്ങളായ നമ്മുടെ പ്രണയ പാതകള്‍ ദിക്കറിയാതെ നീണ്ടു നീണ്ടു യുഗങ്ങളെ മറികടക്കട്ടെ ..ഈ രാവും എന്റെ ഏകാന്ത ചിന്തകളും യുഗങ്ങളോളം കാറ്റായ് അലയട്ടെ ....കുഴയുന്ന കൈവിരലുകളില്‍ മൃത്യവിന്റെ ശൈത്യം പടരുന്നു ..ഞാനെന്റെ കാലുകള്‍ നീട്ടി മൌനത്തിന്റെ കല്ലറയില്‍ ഇമകളടച്ച്‌ ഇത്തിരി നേരം കിടക്കട്ടെ ...എന്റെ തോട്ടത്തിലെ നിശാഗന്ധികള്‍ എനിക്കൊപ്പം പുലരി കാണാതെ വാടിയമരട്ടെ..എനിക്കറിയാം നിനക്കിതു വായിക്കാനാവില്ലെന്നു ..എങ്കിലും കാലങ്ങളോളം വീശുന്ന കാറ്റ് ഈ പ്രണയ ഗാഥയെ മുളങ്കാടുകള്‍ക്ക് മേലെ പൊഴിക്കുകയും ഈ പ്രപഞ്ചമാകെ അതൊരു അനശ്വര ഈണമായ് അലയടിക്കുകയും ചെയ്യും.. മുളങ്കാടുകളുടെ ആ നാദത്തില്‍ ഞാനെന്റെ പ്രണയം സാക്ഷാല്‍ക്കരിക്കും...


നൊമ്പരക്കനവുകള്‍
===================
പകല്‍ മാഞ്ഞതും അവസാനത്തെയാ
സാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.

കത്തിയമര്‍ന്ന ചില്ല തിരഞ്ഞമ്മക്കിളിയുടെ
തേങ്ങലൊരു നന്തുണി നാദമായലയവേ
പതിയെ മിടിക്കുന്നൊരാ നെഞ്ചിലേക്കാഴ്ന്നിറങ്ങി
മാതൃദുഃഖത്തിന്‍ മൂര്‍ച്ചയേറും വജ്രമുനകള്‍

രാവില്‍ നിന്നിറ്റ്‌ വീഴും പാല്‍നിലാവ്
പഞ്ചാരമണലിലൊഴുകി പരക്കുമ്പോള്‍
ചുരന്നു കുതിരുന്നുണ്ടവളുടെ പാല്‍പല്ലിന്‍
ക്ഷതമേറ്റ അമ്മിഞ്ഞക്കണ്ണുകള്‍.

പിടിതരാതെ പതിയിരുന്നക്കങ്ങളെണ്ണും
കാണാമറയത്തിരിക്കുമുണ്ണിയെ തിരയാനായ്
സ്മരണകളുറങ്ങും ഇടനാഴിയിരുളിലവള്‍
ദിശയറിയാതെ പകച്ചു നിന്നു മൂകം

ഒരു മാത്ര അമ്മേയെന്ന വിളിക്കായ് വെമ്പിയ നേരം
ഓര്‍മ്മകളടക്കം ചെയ്ത മച്ചകത്ത് നിന്നും
ചിതറി വീണു മനതാരിലുരുവിട്ട
മനഃപ്പാഠമാക്കിയ പാല്‍ കൊഞ്ചലിന്നീരടികള്‍

അമ്മക്കിനാവിന്‍ വര്‍ണ്ണത്താളുകളില്‍
പിഞ്ചു വിരലിനാല്‍ കോറി വെച്ചോരാദ്യാക്ഷരം
വാടി നീര്‍വറ്റിയ മഷിത്തണ്ടിനാലാരോ മായ്ക്കുന്നു
കാലമത് വീണ്ടുമെഴുതുമെന്ന നിനവില്‍ .

ആരുമിനി വിതയ്ക്കാനില്ലെന്നറിഞ്ഞും
പെയ്യാനില്ലൊരു പെരുമഴക്കാലമെന്നറിഞ്ഞും
മണ്ണിന്‍ ഗര്‍ഭത്തില്‍ മുളപൊട്ടും വിത്തിനെ
മുലയൂട്ടാന്‍ കൊതിക്കുന്നുണ്ടൊരു ഗ്രീഷ്മമത്രേ .

എന്നോ നിലച്ചൊരു താരാട്ടിന്നീണം
ശ്രുതിയിടറി അവരോഹണം മൂളവേ
വഴിതെറ്റി വന്നൊരാ ഇലകൊഴിയും കാലം
ഋതുഭേദ കല്പ്പനക്കായ് കാതോര്‍ത്തിരിക്കുന്നു.

Tuesday, 8 April 2014

പ്രണയനിര്‍വ്വചനങ്ങള്‍

പ്രണയനിര്‍വ്വചനങ്ങള്‍ :-



ഒരു പ്രണയം എത്ര വേഗമാണ്
പറയപ്പെടുന്നത്?
സങ്കോചം കൂടാതെ
മുഖവുരയില്ലാതെ ...
പരിസരമറിയാതെ...
അവര്‍ക്കിടയിലെ അപരിചിതത്വം
കോടമഞ്ഞു പോലെയെങ്കിലും
മൊഴിയാന്‍ ഭാഷകളില്ലെങ്കിലും
ദേശമോ കാലമോ രൂപമോ നോക്കാതെ...
ആലിപ്പഴങ്ങള്‍ പൊഴിയും പോലെയത് ...
അധരങ്ങളില്‍ നനവ് പടര്‍ത്തി ..
കണ്ണില്‍ നക്ഷത്രങ്ങളെ കത്തിച്ചു ..
കവിളുകളെ ശോണിമയുള്ളതാക്കുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
പരസ്പ്പരമൊന്നാകുന്നത്?
മേഘങ്ങള്‍ നിതാന്ത നീലിമയില്‍
അലിയുന്ന പോലെ
മഴനൂലിഴകള്‍ മണ്ണിന്‍ ഞൊറികളില്‍
നിറഞ്ഞു തുളുമ്പുന്ന പോലെ...
വെയില്‍ നാളങ്ങള്‍ ഇലകളില്‍
ചുംബിച്ചുലക്കുന്ന പോലെ...
കാറ്റിന്റെ തലോടലില്‍ ഓളങ്ങള്‍
പിടയ്ക്കുന്ന പോലെയത് ...
ചിന്തകളില്‍ അഗ്നി കുടഞ്ഞ് ..
ശ്വാസതാളത്തില്‍ മഞ്ഞുതിര്‍ത്ത് ..
മനസ്സിനെയെവിടെയോ മേയാന്‍ വിടുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
അംഗീകരിക്കപ്പെടുന്നത്?
പകലിനെ ഇരുളണയ്ക്കും പോലെ..
കൊക്കൂണുകള്‍ക്ക് ചിറക് മുളയ്ക്കും പോലെ..
കരിമ്പാറകളില്‍ മുള്‍ച്ചെടിയള്ളിപ്പിടിയ്ക്കും പോലെ...
ചിപ്പിക്കുള്ളിലെ  മുത്തു പോലെയത്
ഉടലിനെ വരിഞ്ഞ് ..
കരളിനെ പിളര്‍ന്നു ..
ആത്മാവിലെക്കാഴ്ന്നിറങ്ങുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
മറന്നു പോകുന്നത് ?
അടര്‍ന്നുവീണ ഇലകള്‍ പോലെ...
പറന്നകന്ന പക്ഷിയെ പോലെ ...
പെയ്തു തോര്‍ന്ന രാമഴ പോലെ ...
കത്തിയമര്‍ന്ന തിരികള്‍ പോലെയത് .
ഇമകളെയടച്ച് ..ചൊടികളെ തുറന്ന് ..
കൈകാലുകളെ ബന്ധിച്ച മരണമായ് മറയുന്നു.

Wednesday, 25 December 2013

മഞ്ഞുകാല മര്‍മ്മരങ്ങള്‍ .

മഞ്ഞുകാല മര്‍മ്മരങ്ങള്‍ :-




ചക്രവാളത്തിന്റെ അരികിലായ് ഉദിച്ച താരകത്തിനു വന്യമായ തിളക്കമുണ്ട് . ഉദയത്തിനു ഏതാനും നാഴികകള്‍ മാത്രമുള്ളപ്പോള്‍ ആ നക്ഷത്രത്തിന്റെ ഹൃദയത്തില്‍ നിന്നും ഒരു മഞ്ഞുനൂല്‍ ഊര്‍ന്നു വരും..അതിന്റെ തുഞ്ചത്ത് എണ്ണിയാലൊടുങ്ങാത്ത സമ്മാനപ്പൊതികള്‍ നിറച്ച സഞ്ചിയും തോളിലേറ്റി പഞ്ഞി പോലെ വെളുത്ത താടിയും തലയില്‍ ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്ന ചുവന്ന തൊപ്പിയും ധരിച്ച് ചുണ്ടില്‍ തെളിഞ്ഞ ചിരിയും കണ്ണുകളില്‍ ഒത്തിരി കുസൃതിയുമായി വലിയ കുടവയറും താങ്ങി ഒരു അപ്പൂപ്പന്‍ ഉണ്ടായിരിക്കും. മഞ്ഞു പുതഞ്ഞ പാതയില്‍ ഒരു ശരഭത്തേരു മണി മുഴക്കവുമായി കാത്തു നില്ക്കുന്നുണ്ട് . ആ അപ്പൂപ്പന്‍ സമ്മാന സഞ്ചിയുമായ്‌ ഭൂമിയില്‍ തന്റെ പാദത്തെ സ്പര്‍ശിക്കാതെ തന്നെ തേരിലേറി യാത്രയാകുന്നു. നിദ്രയിലാണ്ട കുടിലുകള്‍ക്ക് മുന്നിലെത്തി അടര്‍ന്നു വീഴുന്ന മഞ്ഞിനെ വകഞ്ഞ് പുകക്കുഴലിലൂടെ ഇറങ്ങി ഓരോ സമ്മാനപ്പൊതികളും ഉറങ്ങി കിടക്കുന്ന കുട്ടിയുടെ കിടക്കയില്‍ നിശ്ശബ്ദം നിക്ഷേപിച്ചു അടുത്ത വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. ഉറക്കത്തില്‍ നിന്നും ഉണരുന്ന കുട്ടി സമ്മാനപ്പൊതി കണ്ടു ആഹ്ലാദത്തോടെ തുള്ളിച്ചാടുന്നു...എന്റെ ബാല്യത്തില്‍ ഞാന്‍ ഏറെ കണ്ടിട്ടുള്ള ഒരു മധുര സ്വപ്നം ആയിരുന്നു അത്..മഞ്ഞുറഞ്ഞ വഴിത്താരകളും, നക്ഷത്രഖചിതമായ ആകാശവും, മിന്നിത്തിളങ്ങുന്ന താരങ്ങളും, നിറുത്താതെയുള്ള മണികിലുക്കവുമായി പായുന്ന കലമാനുകളും.വാതിലനരികില്‍ കൊണ്ട് വെച്ച പാദയുറകളില്‍ ഒളിഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ ..സ്വപ്നം തൂങ്ങുന്ന ഇമകളില്‍ മിന്നിത്തെളിയുന്ന ദൃശ്യങ്ങളായിരുന്നു ഇതൊക്കെ..

എനിക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും സമ്മാനവുമായി വരുമെന്ന് വെറുതെ മോഹിച്ചിരുന്ന ബാല്യം ..അരക്കൊല്ല പരീക്ഷ കഴിഞ്ഞു പിരിയുന്ന ദിവസം കൂട്ടുകാര്‍ക്ക് ക്രിസ്മസ്സ് കാര്‍ഡുകള്‍ കൊടുക്കുമ്പോള്‍ ,തിരിച്ചും ഒരെണ്ണം കിട്ടിയെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.വെറും കയ്യോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സങ്കല്‍പ്പത്തിലെ അപ്പൂപ്പന്‍ സമ്മാനപ്പൊതികളുമായ് രാവിന്റെ ഏതോ യാമത്തില്‍ വരുമെന്നുള്ള ചിന്ത ഉള്ളിലെ മോഹത്തിനു മേലെ നറും നിലാവ് പോലെ പരന്നോഴുകി കൊണ്ടിരിക്കും .. ഉറക്കം വരാതെ കിടക്കുമ്പോള്‍ ഇടനാഴിയിലെ മരയഴികളുള്ള കുഞ്ഞു ജാലകത്തിനപ്പുറം കലമാനുകളുടെ കുളമ്പടികള്‍ കേള്‍ക്കുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു. അല്ലെങ്കില്‍ ആ കുളമ്പടി ശബ്ദം ശരിക്കും കേട്ടിരുന്നു പതിഞ്ഞ സീല്‍ക്കാരത്തോടെ മുന്‍കാലുകള്‍ ഉയര്‍ത്തി എന്റെ കിളിവാതിലിനരികില്‍ വന്നു നിന്ന് ആ ശരഭങ്ങള്‍ കിതപ്പണച്ചിരുന്നത് .പിന്നെ കണ്ണുകള്‍ ഇറുകെ പൂട്ടി തലയിണക്ക് താഴെ കൊണ്ട് വന്നു വെക്കുന്ന മിന്നുന്ന വര്‍ണ്ണക്കടലാസ് പൊതിയുടെ കിരുകിരെന്ന ശബ്ദത്തിനു ചെവിയോര്‍ത്തു കിടക്കവെ നക്ഷത്ര ചക്രത്തില്‍ നിന്ന് മിന്നുന്ന നക്ഷത്ര ശല്‍ക്കങ്ങള്‍ മഞ്ഞു കണങ്ങള്‍ക്കൊപ്പം ഉതിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു .ആരോ എന്റെ കണ്ണും പൊത്തി മുറ്റത്ത് കൊണ്ട് വന്നു നിറുത്തുന്നുണ്ട് അന്നേരം . ..ഇറുകെ അടച്ച കണ്ണ് പതിയെ തുറക്കുമ്പോള്‍ എനിക്ക് മുന്നില്‍ സ്വര്‍ണ്ണത്തിളക്കമുള്ള കുഞ്ഞു ചിറകുകള്‍ പിടപ്പിച്ചു കൊണ്ട് ഒരായിരം മാലാഖക്കുഞ്ഞുങ്ങള്‍ കൈകോര്‍ത്തു നൃത്തം വെക്കുന്നു. അവര്‍ക്കിടയിലൂടെ ഒഴുകുന്ന മഞ്ഞിന്റെ മണമുള്ള അപ്പൂപ്പന്‍ എനിക്ക് നേരെ നീട്ടുന്ന സമ്മാനപ്പൊതി ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ എനിക്കും അപ്പൂപ്പനും ഇടയില്‍ സമരിയന്‍ ഗീതികളുടെ പദവിന്യാസങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.കിളിവാതിലിലൂടെ ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന ജമന്തിപ്പൂക്കളുടെ സുഗന്ധം മിഴികളെ തൊട്ടുണര്‍ത്തുമ്പോള്‍ എന്റെ ചിന്ത തലേന്ന് രാത്രിയില്‍ ഞാന്‍ എവിടെയോ രഹസ്യമായി സൂക്ഷിച്ച ആ സമ്മാനത്തെ കുറിച്ച് മാത്രമായിരിക്കും ..അതെവിടെ എന്നോ, അതൊന്നു തിരയണമെന്നോ അഥവാ കയ്യില്‍ കിട്ടിയാല്‍ ഒന്ന് തുറന്നു നോക്കണമെന്ന ത്വരയോ എന്നെ അലോസരപ്പെടുത്താറില്ല. കാരണം ആ രഹസ്യം അതീവ രഹസ്യമായി തന്നെ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഞാന്‍ അപ്പോഴേക്കും പഠിച്ചിരുന്നു...

മേഘങ്ങളേക്കാള്‍ വേഗത്തില്‍ മറയുന്ന ഋതുക്കള്‍ ഏറെ മഞ്ഞു കാലങ്ങളെ സമ്മാനിച്ചിട്ടും ഞാനെന്റെ പഴയ സ്വപ്നം കാണുന്നത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ബാല്യത്തിലെ ശീലങ്ങളോ ചിന്തകളോ ഒരിക്കലും എന്നെ വിട്ടു പോകുന്നതായിരുന്നില്ല.അതിനാലാകാം വര്‍ഷങ്ങള്‍ പോകുന്തോറും എന്നിലെ കുട്ടി എന്നോടൊപ്പം യാത്ര തുടര്‍ന്നത് .സമ്മാനങ്ങള്‍ വലുതോ ചെറുതോ ആകട്ടെ അത് കൊടുക്കുന്ന ആളിനും കിട്ടുന്ന ആളിനും ഉണ്ടാകുന്ന ആഹ്ലാദം ഒരു പക്ഷെ ആ പൊതിക്കുള്ളിലെ സമ്മാനത്തേക്കാള്‍ മൂല്യമുള്ളതായിരിക്കും എന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.അതിനു പ്രത്യേക ദിനങ്ങളുടെ ആവശ്യമില്ലെന്നും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ എന്നതിനപ്പുറം അപ്രതീക്ഷിതമായും നിറഞ്ഞ മനസ്സോടേയും സ്നേഹത്തോടെയും അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലാണ് എല്ലാ മൂല്യവും നിക്ഷിപ്തമായിരിക്കുന്നതെന്ന് പിന്നീടെപ്പോഴോക്കെയോ ഞാന്‍ മനസ്സിലാക്കി..

ചിത്രപ്പണികളാല്‍ അലങ്കരിച്ച കാര്‍ഡുകളിലും സമ്മാനപ്പൊതികളിലും ഓരോ ജന്മദിനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കടന്നു പോകുമ്പോള്‍ എന്റെ ഉള്ളിലെ കുട്ടി വാനോളം ഉയരത്തില്‍ തുള്ളിച്ചാടുകയായിരുന്നു.സമ്മാനിക്കാനുള്ള വസ്തുക്കള്‍ വാങ്ങാനും അത് എത്രയും മനോഹരമാക്കി പൊതിഞ്ഞ് നല്‍കാനും ആവേശം കൊണ്ടിരുന്നത് എന്റെ മനസ്സില്‍ കുടികൊള്ളുന്ന സാന്താ അപ്പൂപ്പന്‍ തന്ന പ്രചോദനം ആകാം ..കുറെ കാലങ്ങളായി മുടങ്ങാതെ ഡിസംബര്‍ മാസത്തിലെ ജന്മദിനങ്ങളില്‍ എന്നെ തേടിയെത്തുന്ന പാരിതോഷികങ്ങള്‍ തുറന്നു നോക്കാന്‍ മനസ്സ് വരാറില്ല.അവ തുറന്നാല്‍ എന്റെ ആകാംക്ഷ അണഞ്ഞാലോ..എങ്കിലുംസമ്മാനിക്കുന്നവര്‍ക്ക് ഞാനത് തുറന്നു നോക്കണമെന്ന ശാഠ്യം എന്നെ ആ പൊതിയിലൊളിഞ്ഞിരിക്കുന്ന നിഗൂഡത വെളിവാക്കുന്നതിനു നിര്‍ബന്ധിതയാക്കുന്നു. അത് തുറന്നാല്‍ എന്റെ മുഖത്ത് പ്രകടമാകുന്ന ഭാവഭേദങ്ങള്‍ എനിക്ക് ചുറ്റുമുള്ളവര്‍ ആസ്വദിക്കുന്നത് ഞാനറിയുന്നില്ല എന്ന് നടിക്കും...

ഞാനേറ്റവും അധികം സ്വീകരിച്ചിട്ടുള്ളതും കിട്ടിയപ്പോഴൊക്കെ അത്യധികം സന്തോഷിച്ചിട്ടുള്ളതും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എനിക്ക് സമ്മാനമായപ്പോഴാണ്..വായനയാണ് എന്റെ ഇഷ്ടവിനോദം എന്ന് തിരിച്ചറിഞ്ഞ എന്റെ ജ്യേഷ്ടന്‍ സാധ്യമാകുമ്പോഴോക്കെ സമ്മാനിച്ചിരുന്ന പുസ്തകങ്ങള്‍ എനിക്ക് അമൂല്യങ്ങള്‍ ആണ് .അവയൊക്കെ എന്റെ വീട്ടില്‍ ഞാനൊരുക്കിയ ഒരു പുസ്തപ്പുരയില്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു..എത്രയോ ആവര്‍ത്തി വായനകള്‍ അനുഭവിച്ച അതിലെ ഏടുകളില്‍ ഞാനെന്റെ ഓര്‍മ്മകളില്‍ മയങ്ങുന്ന മയില്‍‌പ്പീലിതുണ്ടുകളെ പെറ്റ് പെരുകാന്‍ വെച്ചിട്ടുണ്ട്.

പിന്നീട് മക്കള്‍ വലുതായപ്പോള്‍ എന്റെ ജീവിതത്തിലെ ഓരോരോ വിശിഷ്ട ദിനങ്ങളെയും സമ്മാനം തന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ ബാല്യത്തില്‍ സാന്താ അപ്പൂപ്പന്‍ എന്റെ തലയിണക്കടിയില്‍ ഒളിപ്പിച്ചു വെച്ച ആ സമ്മാനങ്ങളൊക്കെയാണ് ഇന്ന് പല കൈകളിലൂടെ എന്റെ മുന്നിലെത്തുന്നതെന്ന് തോന്നി. ഒരു പുസ്തകം അല്ലെങ്കില്‍ ഒരു ബുക്ക്‌ മാര്‍ക്ക് കുഞ്ഞു പൊതികളിലെ പാരിതോഷികങ്ങളായ് കൈകളില്‍ വന്നു ചേരുമ്പോള്‍ എന്റെ സന്തോഷങ്ങള്‍ ഡിസംബര്‍ മഞ്ഞു പോലെ സാന്ദ്രമാകും ..

മഞ്ഞുകാലം എനിക്ക് പ്രിയപ്പെട്ടതാകുന്നത് ആഘോഷങ്ങളെ സമ്മാനിക്കുന്ന ചില മാസങ്ങള്‍ ഈ ഋതുവില്‍ നിന്നും പിറക്കുന്നത്‌ കൊണ്ട് മാത്രമല്ല .പ്രകൃതി തന്നെ ഒരു നവോഢയായ് നിരവധി മനോഹരങ്ങളായ ദൃശ്യങ്ങളെ മിഴികള്‍ക്കും ഹൃദയത്തിനുമേകുന്നത് കൊണ്ട് കൂടിയാണ്.
മഞ്ഞണിഞ്ഞ തരുലതാദികളും പ്രണയ പരവശരായ് ഈണങ്ങള്‍ മൂളുന്ന പക്ഷികളും തെളിഞ്ഞ നീലാകാശവും അതിന്റെ മടിയില്‍ അലസഗമനം ചെയ്യുന്ന വെണ്‍മേഘങ്ങളും, മേഘങ്ങള്‍ക്ക് കുറുകെ വരി തെറ്റാതെ ശിശിരത്തിന്റെ കൂട്ടുകാരായെത്തുന്ന ദേശാടനക്കിളികളുമായി മഞ്ഞു കാലത്ത് ഭൂമി തരളിതയാകുന്നു.നിറഞ്ഞൊഴുകുന്ന കാട്ടാറുകളും തളിര്‍ത്തു നില്‍ക്കുന്ന മുളങ്കാടുകളും,വര്‍ണ്ണങ്ങള്‍ വാരിപ്പൂശിയ കാട്ടുപ്പൂക്കള്‍ പൂത്തുലയുന്ന ഒറ്റയടിപ്പതകളും,നിലാവ് പൂത്തിറങ്ങുന്ന താഴ്വാരങ്ങളും വെയിലുരുകി വീഴുന്ന മലമടക്കുകളും ,കാറ്റ് ചുംബിച്ചുലയ്ക്കുന്ന ഇലച്ചാര്‍ത്തുകളും ..പ്രകൃതി ശിശിരത്തിന്റെ മടിയിലേക്ക് തന്റെ അഴകിന്റെ അലകള്‍ ഒന്നൊന്നായ് വിടര്‍ത്തുകയാണ്..മഞ്ഞുകാലം മടങ്ങി പോകുന്നതും ഭൂമിക്ക് മനോഹരമായൊരു വസന്തം സമ്മാനിച്ചു കൊണ്ടാണ്..

ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യനു ജീവിതമെന്ന സമസ്യക്കിടയില്‍ ലക്ഷ്യം കാണാന്‍ സാഹയകമാകുന്ന സൂചനകള്‍ പോലെയാണ്.അല്ലെങ്കില്‍ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഇടവേളകള്‍ പോലെയോ .സ്നേഹവും സൌഹാര്‍ദ്ദവും ആര്‍ദ്രതയും പ്രണയവും എല്ലാം സമ്മാനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത്തില്‍ നിന്നും ഈ വര്‍ണ്ണക്കടലാസ് പൊതികള്‍ക്ക് മനുഷ്യജീവിതത്തിലുള്ള
പ്രാധാന്യം എത്രയെന്നു വെളിവാകുന്നു...ആദ്യമായി കാണുന്ന കുഞ്ഞിനായാലും സുഹൃത്തിനായാലും ,പ്രണയിനിക്കായാലും ഒരു കുഞ്ഞു പൊതി സമ്മാനിച്ചു കൊണ്ട് ഒരു നല്ല ബന്ധം തുടങ്ങുന്നത് മനുഷ്യമനസ്സിന്റെ ലോല വികാരമായ സന്തോഷത്തെയാണ്‌ വ്യാഖ്യാനിക്കുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്പ് പുല്‍ക്കുടിലില്‍ പിറന്ന ദിവ്യാത്മാവിനെ കാണാന്‍ കിഴക്ക് നിന്നുള്ള രാജാക്കന്മാര്‍ പാരിതോഷികങ്ങളുമായി നക്ഷത്രങ്ങള്‍ തെളിച്ച വഴിയിലൂടെ പോയതും ആ കുഞ്ഞുപാദങ്ങളില്‍ ഭയഭക്തിയോടെ അതെല്ലാം അര്‍പ്പിച്ചതുമെല്ലാം ചരിത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. പരസ്പ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് ഇന്നും തുടര്‍ന്ന്‍ പോരുന്നത് സമൂഹത്തില്‍ നിന്നും ഇനിയും അന്യം നില്‍ക്കാത്ത മാനവികതയുടെയും നന്മയുടേയും പ്രതിഫലനങ്ങളായിട്ടാണ്. .ആഘോഷങ്ങള്‍ സമ്മാനങ്ങളുടെ പെരുമഴയായും സമ്മാനങ്ങള്‍ മനുഷ്യമനസ്സിലേക്കൊഴുകുന്ന സ്നേഹധാരയായും മാറട്ടെ എന്നാശിക്കട്ടെ . ..മഞ്ഞിനൊപ്പം പരക്കുന്ന നിലാവുള്ള ഈ ഡിസംബര്‍ രാവില്‍ ഇരുന്നു ഈ കുറിപ്പെഴുതുമ്പോള്‍ മുഹമ്മദ് റഫി സാബിന്റെ ഒരു മധുര ഗാനം എവിടെയോ അലയടിക്കുന്നുണ്ടായിരുന്നു.. "ബഡി ദൂര്‍ സെ ആയെ ഹെ ..പ്യാര്‍ കാ തോഹ്ഫ ലായേ ഹെ " ......

Friday, 6 December 2013

മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍

മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍ :- (മാധ്യമം ആഴ്ചപ്പതിപ്പിലെ  കടല്‍പ്പച്ച എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് )


കടലും  അതിന്റെ ആരവവും എന്നും  ഒരു ഹരമായിരുന്നു എനിയ്ക്ക് .ഉറക്കം വരാത്ത രാവുകളില്‍ തിരമാലകളുടെ ഗര്‍ജ്ജനം ഒരുറക്കു പാട്ട്  പോലെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചിരുന്ന കൌമാര കാലം .തികഞ്ഞ ഏകാന്തത അനുഭവിച്ചിരുന്ന യൌവ്വനാരംഭത്തില്‍ തിരമാലകളെണ്ണി മതിവരാതെയും നക്ഷത്രങ്ങളെ തിരഞ്ഞു കൊതിതീരാതേയും ഭാവിയെ പറ്റി വലുതായൊന്നും വ്യാകുലപ്പെടാതെയും ഓരോ ദിവസങ്ങളും അടര്‍ത്തിയിടുമ്പോള്‍  എന്തിനെന്നറിയാതെ അസ്തമയങ്ങളുടെ ചാരുതയെ ഞാന്‍ പ്രണയിക്കുകയായിരുന്നു...വിളറി മഞ്ഞച്ച പോക്കുവെയില്‍ അത്തിമരച്ചില്ലകളിലൂടെ ഊര്‍ന്നു വീഴുന്നതും നോക്കി പടിഞ്ഞാറോട്ട് ഉമ്മറമുള്ള തറവാടിന്റെ ചവിട്ട് പടിയില്‍ ഇരിക്കുന്നതായിരുന്നു ഈ ലോകത്തെ ഏറ്റവും സുഖമുള്ള കാര്യമെന്ന് അരക്കിട്ടുറപ്പിച്ച കാലം .എങ്കിലും കടലിലേക്ക് താഴുന്ന സൂര്യനെ ഒരു നോക്ക് കാണാന്‍ എപ്പോഴെങ്കിലും കടപ്പുറം വരെ പോയിരുന്നത് കടലിലേക്ക് ഉരുകി വീഴുന്ന സൂര്യ തേജസ്സിന്റെ ഒരിറ്റെങ്കിലും കൈക്കുമ്പിളില്‍ കോരിയെടുത്തു ഹൃദയത്തില്‍ സൂക്ഷിക്കാമല്ലോ എന്ന  ഭ്രാന്തന്‍ ചിന്തയാല്‍ മാത്രമായിരുന്നു. എന്റെ ചിന്തകള്‍  ഒരു തത്ത്വജ്ഞാനിയുടെതെന്ന പോലെ അനന്ത വിഹായസ്സില്‍ വിഹരിച്ച്  ഓരോ നിഗമനങ്ങളില്‍ എത്താറുണ്ടായിരുന്നു. .അതിലൊന്നു അലയാഴിക്കും മനുഷ്യ മനസ്സിനും ഒരു പാട് സമാനതകള്‍ ഉണ്ടെന്നതായിരുന്നു.തീരത്തെ മണല്‍ത്തരികളില്‍  മനസ്സിന്റെ നീറ്റലുകള്‍ വരച്ചു തിരമാലയെ കൊണ്ട് മായ്പ്പിക്കുന്നതും ഒരു ആശ്വാസമായി തോന്നിയിരുന്നു അക്കാലത്ത്.

ഒരു പാട് നിഗൂഢതകള്‍ ഉള്ളില്‍ ഒളിപ്പിക്കുന്ന മനസ്സ് പോലെയാണ്  കടലാഴവും . ഉള്ളില്‍ അടക്കി വെച്ചതിനെ ഒരുനാള്‍ അലമാലകളായ്  പുറത്തേക്ക് പായിക്കുമ്പോള്‍ അനുഭവിക്കുന്ന ഉന്മാദം മനസ്സിന്റെ വിങ്ങലുകള്‍ അട്ടഹാസമായ് പുറത്ത് വരുന്നത് പോലെയല്ലേ എന്നു ഞാന്‍ വിസ്മയപ്പെട്ടിരുന്നു.അത് വരെ ശാന്തമായി കിടന്നിരുന്ന തിരകള്‍  എന്നെ കാണുമ്പോള്‍ ആഹ്ലാദത്തോടെ ഞൊറി നെയ്ത അലമാലകളുമായി എന്റെ പാദങ്ങളില്‍ വന്നു ചുംബിച്ചിരുന്നു. എന്റെ മുഖത്തു പരശ്ശതം തുള്ളികള്‍ തെറിപ്പിച്ചു ആവേശമടക്കി തിരിച്ചു പോയിരുന്ന തിരകള്‍ വീണ്ടും പൂര്‍വ്വാധികം ഉന്മേഷത്തോടെ എന്നിലേക്ക് പാഞ്ഞു വന്നിരുന്നത് എന്നോടുള്ള പ്രണയ പരവശത്താലായിരുന്നുവെന്നു എനിക്ക്  വെറുതെ തോന്നിയിരുന്നു..അറബിക്കടലിനെ ഒരു കാമുകനായി സങ്കല്‍പ്പിച്ചു തിരികെ പോരുമ്പോള്‍ കൈവെള്ളയില്‍ അമര്‍ത്തി പിടിച്ച ഉരുകിയ അസ്തമയ രേണുക്കള്‍ പതിയെ നെഞ്ചോടമര്‍ത്തി ഹൃദയത്തിന്റെ അഗാധതയിലേക്ക് കുടഞ്ഞു ഒരു പ്രണയിനിയുടെ വികാരത്തോടെ സംതൃപ്തിയടഞ്ഞിരുന്നത് ഏകാന്തതയിലെ സങ്കല്പ്പലോകം കാണിച്ചു തന്ന അദൃശ്യനായ അനുരാഗി ഉള്ളില്‍  നിറഞ്ഞാടിയത് കൊണ്ടാകാം.

അക്കാലമത്രയും ഞാന്‍  കരുതിയത് കടലുകള്‍ എന്നും അസ്തമയത്തിന്റെ കാമുകരാണെന്നാണ് .വിവാഹിതയായി ഖോര്‍ഫക്കാന്‍ എന്ന യു എ ഇ യുടെ കിഴക്കന്‍ തീരം അണയുന്നത് വരെ എന്റെ  ആ വിശ്വാസത്തിനു മാറ്റമില്ലായിരുന്നു.ഒരു വശത്ത് കൂര്‍ത്ത പാറകള്‍ ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ .മറുവശത്ത് ഒട്ടും ധൃതിയില്ലാതെ ശാന്തരായി ഓളം തുള്ളുന്ന അറേബ്യന്‍ കടലിടുക്ക് .കടലാഴത്തില്‍ നിന്നുയര്‍ന്ന മൈനാകം പോലെ ഒരു കരിമ്പാറ കരയില്‍ നിന്നും അത്രയ്ക്ക്  ദൂരെയല്ലാതെ കാണുന്നത് ആ കടല്‍ തീരത്തിന്റെ മാത്രം സവിശേഷതയാണ് .നീലാകാശത്തെ ആവാഹിച്ച  ആഴിപ്പരപ്പ് ശാന്തവുമായിരുന്നു.  ഒരുറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ്  ആ കാഴ്ച കാണുന്നത്. ഇളം ചുവപ്പ് രാശിയിലുള്ള ഉദയ കിരണങ്ങള്‍ കടലിനു നടുവിലെ ആ കരിമ്പാറയ്ക്കപ്പുറത്ത് നിന്നും ചിന്നിചിതറുന്നു.  ദൂരെ ദൃശ്യമായ ആ  അതിശയക്കാഴ്ച  എന്നെ എന്നും ആ കടല്‍ തീരത്തെ പ്രഭാതങ്ങളിലെക്കെത്തിക്കുന്നതിനുള്ള ഒരു ഹേതുവായി മാറി. .ഒരു പ്രഭാത സവാരി ..അതുവരെ അസ്തമയം മാത്രം കണ്ട എന്റെ കടല്‍ക്കാഴ്ച്ചകളിലേക്ക് പുതിയൊരനുഭവം ആയിരുന്നു അത്. ഞാന്‍ ഒരു പ്രവാസിയായി മരുഭൂമിയുടെ മണലില്‍ പാദമുദ്രകളെ കോറിയപ്പോള്‍ എനിക്കെല്ലാം വിചിത്രങ്ങളും വ്യത്യസ്തങ്ങളുമായ അനുഭവങ്ങളായിരുന്നു.ചെങ്കുത്തായ പാറക്കെട്ടുകളില്‍ മേഞ്ഞു നടക്കുന്ന കോലാടുകളും,പാറകളിലള്ളി വളര്‍ന്ന പച്ചപ്പും എന്നെ അദ്ഭുതത്തിന്റെ ഉത്തുംഗതയില്‍ നിറുത്തി.

എണ്ണപ്പണം മോഹിച്ചു സ്വപ്നങ്ങളുടെ മാറാപ്പുമായി  ഉരു കയറി പുറപ്പെട്ടവര്‍ കയ്യും കാലും കുടഞ്ഞു വീശി നീന്തിയണഞ്ഞതും അവര്‍ക്ക് അഭയം നല്‍കിയതും  ഖോര്‍ഫക്കാന്‍ തീരമാണ്.കാല്‍പ്പനികതയുടെ നിധി കുംഭങ്ങള്‍ ആഴത്തില്‍ ഒളിഞ്ഞു കിടക്കുന്ന പുരാതനങ്ങളായ ഒരു പാട് ഗ്രാമങ്ങള്‍ യു എ ഇ യില്‍ ഉണ്ട് . അതിലൊരു  ഗ്രാമമാണ് ഖോര്‍ഫക്കാന്‍ . പ്രാചീന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ മയങ്ങുന്ന മലമടക്കുകള്‍ .ദുബായിയെന്ന സ്വപ്നനഗരിയുടെ  വര്‍ണ്ണശബളിമ തൊട്ടു തീണ്ടാത്ത ആ മനോഹര തീരം പക്ഷെ സ്വപ്നം വാങ്ങാന്‍ വന്നവരുടെ ഈറ്റില്ലമായത് ഏതോ ഒരു മുജ്ജന്മ സുകൃതം പോലെ.കാരണം വലിയ ചിലവില്ലാതെ ജീവിക്കാനും ഒന്ന് കിതപ്പാറ്റും വരെ അന്തിയുറങ്ങാനും ഉറ്റവരും ഉടയവരുമില്ലെങ്കിലും ആ വിഷമമറിയാതെ കഴിയാന്‍ ഉതകുന്ന ചില സാഹചര്യങ്ങള്‍ ഖോര്‍ഫക്കാന്‍ എന്ന പ്രദേശത്തിന് അവകാശപ്പെടാനുണ്ടായിരുന്നു. സ്നേഹിക്കാന്‍  അറിയുന്ന ഒരു കൂട്ടം നല്ലവരായ തദ്ദേശിയര്‍ സഹായ ഹസ്തങ്ങളുമായി ആ തീരമണഞ്ഞവര്‍ക്ക് മുന്നില്‍ നിരന്നു നിന്നത് ദൈവഹിതമായിരിക്കാം ..വലിയ വിദ്യാഭ്യാസമില്ലാത്തവര്‍  തദ്ദേശിയര്‍ക്കൊപ്പം മീന്‍ പിടിക്കാനും ഈന്തപ്പനതോട്ടങ്ങളില്‍ വെള്ളം തേവാനും നീങ്ങിയപ്പോള്‍ .അത്യാവശ്യം അക്ഷരഭ്യാസമുള്ളവരും അറബി ഭാഷയുടെ പ്രാഥമികജ്ഞാനമുള്ളവരും ഹുക്കുമത്ത് എന്നറിയപ്പെടുന്ന സര്‍ക്കാര്‍ മേഖലകളില്‍ ജോലി നേടി.കഴുതപ്പുറത്ത് മാത്രം സഞ്ചരിക്കുന്ന ബദുക്കള്‍ അഥവാ ബദവികള്‍   എന്ന മരുഭൂമിയുടെ സ്വന്തം ആത്മാക്കള്‍ ചെറുതെങ്കിലും മനോഹരമായ ഖോര്‍ഫക്കാന്‍ നഗരത്തിലേക്ക് ഇറങ്ങി വരാന്‍ മടിച്ചു നിന്നത് അവരുടെ പാരമ്പര്യത്തെ മുറുകെ പിടിച്ചത്  കൊണ്ടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഖോര്‍ഫക്കാനില്‍  എത്തിയ എനിക്ക്  അന്നത്തെ മലനിരകള്‍ക്കപ്പുറത്തെ മരുപ്പച്ചകള്‍ക്കിരുവശങ്ങളിലും ജീവിക്കുന്ന ബദവികളുടെ ജീവിതം ഒരദ്ഭുതമായിരുന്നു.മലമടക്കുകളെ സഞ്ചാര പാതകളാക്കി കഴുത പുറത്ത് ഇരുന്നു മലയിറങ്ങി വന്നിരുന്ന ഇവര്‍  എന്റെ ജാലക കാഴച്ചയുടെ ആര്‍ഭാടമായി മാറിയത് സ്വാഭാവികം.

വലിയ അടയാളങ്ങളൊന്നും ബാക്കി വെക്കാതെ ഋതുപ്പകര്‍ച്ചകള്‍ ഒന്നൊന്നായ് വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു.  എന്റെ വീട്ടില്‍ കുഞ്ഞു പാദങ്ങള്‍ തലങ്ങും വിലങ്ങും ബഹളമുണ്ടാക്കി പായുകയും വര്‍ഷങ്ങളുടെ ദൈര്‍ഘ്യമറിയിക്കാതെ വളര്‍ച്ചയുടെ പടവുകളെ ഓടിക്കയറുകയും ചെയ്യവേ കണ്മുന്നില്‍ ഖോര്‍ഫക്കാന്റെ കടല്‍ത്തീരം ഒരു നവോഢയെ പോലെ അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു.പതിയെ പതിയെ ഗ്രാമത്തിന്റെ നിഷകളങ്കഭാവത്തിനു മേലെ  നഗരം തന്റെ  സ്ഥായീഭാവമായ  കപടതയുടെ മുഖപടം എടുത്തണിഞ്ഞു.പഴയ സ്നേഹവും കാരുണ്യവും നിറച്ച കണ്ണുകളില്‍ കച്ചവടത്തിന്റെയും കൌശലത്തിന്റെയും മഞ്ഞ നിറം കലരുന്നുണ്ടായിരുന്നു.രാജ്യത്തിന്റെ സുരക്ഷതയെ ഉറപ്പിക്കാനുള്ള നിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ ഒന്നൊന്നായ് പ്രവാസികളെ ചൂഴ്ന്നു തുടങ്ങി.വിസയില്ലാതെ അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ ഔദാര്യ വിസയില്‍ കഴിഞ്ഞിരുന്നവര്‍ പിടിക്കപ്പെടുന്ന നാളുകള്‍ വന്നു തുടങ്ങി ..ആയിടക്കാണ് ഒരു കുടുംബ സുഹൃത്ത് "റാസ്‌ അല്‍ ഖൈമ" എന്ന സ്ഥലത്ത് നിന്നും ഒരു വിവരം അറിയിക്കുന്നത് .അവരുടെ ഒരു ബന്ധുവായ  മൂന്നു കുട്ടികള്‍ അടങ്ങുന്ന കുടുംബം  വിസയും ജോലിയുമില്ലാതെ വലയുന്നു .എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് .
പറഞ്ഞ വിവരങ്ങളനുസരിച്ച് അവരെ ചെന്ന് കണ്ടു .വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന ഒരു കുടുംബം ..ഇതിലും ഭേദം അവനവന്റെ നാട്ടില്‍ കഴിയുന്നതല്ലേ എന്ന ചോദ്യത്തിന് അങ്ങനെ ഒരു തിരിച്ചു പോക്കിലും നല്ലത് ഇവിടെ കഴിയലാണ് നല്ലതെന്ന മറുപടി തെല്ലു അരോചകമായി തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഓരോ മനുഷ്യനും അവന്റെ അഭിമാനവും ദുരഭിമാനവും അവന്റെ മാത്രം സ്വന്തമല്ലേ എന്ന ആശ്വാസത്തില്‍ മൌനം പൂണ്ടു.പക്ഷെ ഏറെ നാള്‍ അവര്‍ക്ക് അങ്ങനെ ഒളിഞ്ഞും ഉള്‍വലിഞ്ഞും കഴിയാന്‍ ആകുമായിരുന്നില്ല. ചില്ലറ അസുഖങ്ങള്‍ അലട്ടുന്ന അയാള്‍ക്ക് കഠിനാധ്വാനം ചെയ്യാനും സാധിക്കുമായിരുന്നില്ല.വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരുടെ  വിദ്യാഭ്യാസം ,എന്തെങ്കിലും അസുഖം വന്നാല്‍ പോലും മതിയായ രേഖകളില്ലെങ്കില്‍ നിഷേധിക്കപ്പെടുന്ന ആതുര സേവനം .തുടങ്ങി എന്തിനും ഏതിനും ഒരന്യ രാജ്യത്തെ നിയമങ്ങളെ മാനിക്കാതെ നില്‍ക്കാന്‍ ആവില്ല എന്ന പരമാര്‍ത്ഥമുള്‍ക്കൊണ്ട് മനസ്സില്ലാ മനസ്സോടെ ആ കുടുംബം ഇവിടം വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പണയപ്പെടുത്തിയ പാസ്പ്പോര്‍ട്ടുകള്‍ തിരിച്ചു പിടിക്കാന്‍ തന്നെ പതിനായിരക്കണക്കിനു ദിര്‍ഹം മുടക്കണം ..എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിനിടയില്‍ ആരോ പറഞ്ഞു സമീപ പ്രദേശമായ ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .അവിടം  വരെ എത്തിപ്പെട്ടാല്‍ അവിടുത്തെ ഇന്ത്യന്‍ എംബസ്സിയില്‍ ചെന്നാല്‍ നാട്ടില്‍ പോകാനുള്ള ഔട്ട്‌ പാസ്സ് സംഘടിപ്പിച്ച് കൊടുക്കാം എന്ന്..ഈ വാര്‍ത്ത വലിയൊരാശ്വാസമായെങ്കിലും യു എ ഇ യുടെ അതിര്‍ത്തി കടക്കേണ്ടത് വലിയൊരു പ്രശ്നം തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം ഞങ്ങളെ അലട്ടി..ഇതിനിടയില്‍ ചില കൂട്ടായ്മകള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും പിരിച്ച കുറച്ചു പണം, പിന്നെ വഴിയാത്രക്കിടയില്‍ ആവശ്യം വരുന്ന  ഭക്ഷണം ,അത്യാവശ്യം പുതു വസ്ത്രങ്ങള്‍ ഇവയെല്ലാം ഒരുക്കി വെച്ച്  ആ കുടുംബത്തെ ഒരു നീണ്ട യാത്രയ്ക്ക് സജ്ജമാക്കിയിരുന്നു..തികച്ചും രഹസ്യമായി തന്നെയാണ് വിഷയത്തെ വേണ്ടപ്പെട്ടവര്‍ കൈകാര്യം ചെയ്യുന്നത്.നിയമങ്ങള്‍ ലംഘിച്ച് കൊണ്ടാണെങ്കിലും ധാര്‍മ്മികതയെക്കാള്‍ അവിടെ വിലപ്പെട്ടത് മനുഷ്യത്വം ആയിരുന്നു എന്നത് കുറ്റബോധത്തെ ഇല്ലാതാക്കി..കുടുംബ ആത്മഹത്യകള്‍ ചെറിയ തോതിലെങ്കിലും അങ്ങിങ്ങു നടക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു .അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍  സുമനസ്സുകളായ ചിലരുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട്  തന്നെ രാജ്യാതിര്‍ത്തി കടക്കാനുള്ള തന്ത്രവും ഇതിനിടയില്‍ ആരോ മെനഞ്ഞു..അതിര്‍ത്തിയിലെ കാവല്‍ ഭടന്മാര്‍ റോഡുകളിലാണ് പരിശോധന നടത്തുന്നത് .അത് കൊണ്ട് റോഡിനിരുവശങ്ങളിലുമുള്ള  പരന്ന മണല്‍ക്കാട്ടിലൂടെ മാത്രമേ കാല്‍നട സാധ്യമാകൂ.തന്നെയുമല്ല രാത്രിയില്‍  അതിര്‍ത്തി കടക്കുക എന്നത് ഏറെ ദുഷ്ക്കരമായ ഒരുദ്യമം കൂടിയാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു .ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ വേണം ആ കടമ്പയെ നേരിടാന്‍ എന്ന് ആരൊക്കെയോ ചേര്‍ന്നു ഗൃഹനായകനോട് ഉപദേശിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ അതിനുള്ളില്‍ അതിര്‍ത്തിയിലെത്താം .  ഒമാന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍  അവിടെ ഏല്‍പ്പിച്ച ആളുകള്‍ വാഹനവുമായി എത്തിക്കൊള്ളും .പിന്നെ ഔട്ട്‌ പാസ്സും ശരിയാക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നാടെത്താം.പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാവരുടെയും ഉത്സാഹത്തിനു ഊര്‍ജ്ജമായി..പക്ഷെ വൈതരണിയായ് അപ്പോഴും ഈ അതിര്‍ത്തി തന്നെ .കൂടാതെ ലക്ഷ്യത്തിലെത്താന്‍ മരുഭൂമിയിലൂടെയുള്ള കുറുക്കു വഴി കാണിച്ചു തരുന്ന ആള്‍ കൈചൂണ്ടുന്ന ദിക്കിലേക്ക് നടന്നു തുടങ്ങിയാല്‍ പിന്നെ ചുറ്റും കാണുന്നത് മണല്‍പ്പരപ്പിന്റെ മഹാസമുദ്രമായിരിക്കും .വഴി തെറ്റാനും തെറ്റിക്കാനും വൈദഗ്ദ്യമുള്ള മരുഭൂമിയുടെ മുഖം അതിനിരയവരില്‍ നിന്നു ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണ്. മണല്‍പ്പരപ്പിലൂടെ നടന്നു നീങ്ങുമ്പോള്‍ ചക്രവാളം താഴേക്ക് ഊര്‍ന്നിറങ്ങി വന്നതെന്ന് തോന്നും .ഓരോ മണല്‍ക്കുന്നുകളും താണ്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ട വഴി കണ്മുന്നില്‍ നിന്നും അപ്രത്യക്ഷരായിട്ടുണ്ടാകും.ഏതു നിമിഷവും വീശിയടിക്കാവുന്ന മരുക്കാറ്റ്  ദിശ തന്നെ മാറ്റിമറിക്കും..ഇതെല്ലാം മുഖത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ദുര്‍ഘടങ്ങള്‍ തന്നെ.ഞങ്ങളുടെ ഉള്ളിലാളുന്ന ആശങ്കയുടെയും ഭയത്തിന്റെയും സ്ഫുലിംഗങ്ങള്‍ പുറത്തേക്കു വരാതിരിക്കാന്‍  നന്നേ  പാടുപ്പെട്ടു കൊണ്ട് അവരുടെ മനസ്സിലേക്ക് ആത്മവിശ്വാസത്തിന്റെ കനല്‍ കോരിയിട്ടു..
മൂന്നു മക്കളും ഭാര്യയുമായി ആ സാഹസികത ഏറ്റെടുക്കാന്‍ അയാള്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന  അവരുടെ സുരക്ഷിതമായ യാത്രയെ കുറിച്ചും , ചിന്ത അതെങ്ങനെയൊക്കെ ചിട്ടപ്പെടുത്തണമെന്നതുമായിരുന്നു. . മസറകളിലേക്ക് ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമുള്ള തീറ്റയുമായി പോകുന്ന വാഹനത്തിലാണ് കുറച്ചു ദൂരമെങ്കിലും പോകുന്നത്.അത് കഴിഞ്ഞാല്‍ പിന്നെ കാല്‍നടയായും.അധികമൊന്നും നടക്കേണ്ടി വരില്ല എന്ന ഇടനിലക്കാരന്റെ ആശ്വസിപ്പിക്കല്‍ സത്യമാകണേ എന്ന്  പ്രാര്‍ത്ഥിച്ചു .ഈ യാത്രയുടെ വിഷമതകളും ഒപ്പം അനിവാര്യതയും മനസ്സിലാക്കി കൊടുത്തുകൊണ്ട്  തന്നെ അതിനു വേണ്ട മാനസികമായി തയ്യാറെടുപ്പ് നടത്താന്‍ അവരോടു  നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ എന്തും നേരിടാനുള്ള മനഃക്കരുത്തോടെ പതിമൂന്നും പതിനൊന്നും ഏഴും വയസ്സുള്ള മൂന്നു കുട്ടികളും ഭാര്യുമായി ആ കുടുംബനാഥന്‍ മണല്‍ക്കാടിനോട് വിട പറയാനൊരുങ്ങി. ഒരു രാത്രിയില്‍ യു എ ഇ യുടെയും ഒമാന്റെയും അതിര്‍ത്തിക്കിടയിലെ മണല്‍പ്പരപ്പില്‍ ആ കുടുംബത്തെ വിട്ടു പോരുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു മഹാസമുദ്രം ഭീമാകാരങ്ങളായ തിരമാലകള്‍ക്ക് രൂപം കൊടുക്കുന്നുണ്ടായിരുന്നു.മൊബൈലില്‍ വിളിച്ചു വിവരം അറിയാമെന്നു വെച്ചാല്‍ കാവല്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നടത്തുന്ന പ്രയാണത്തെ അത് ബാധിച്ചാലോ എന്ന് ഭയന്ന് അങ്ങനെ ഒരു സാഹസം വേണ്ട എന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു..ഇനി അവിടെയൊക്കെ മൊബൈലിന്റെ സിഗ്നലുകള്‍ കരുണ കാണിക്കുമോ എന്നും നല്ല നിശ്ചയമില്ലായിരുന്നു.പറഞ്ഞത് പ്രകാരം ആടുകള്‍ക്കുള്ള തീറ്റയുമായി വന്ന വാഹനത്തില്‍ അവരെല്ലാവരും പ്രാര്‍ഥനയുടെ ഉയര്‍ത്തി പിടിച്ച കരങ്ങളുമായി യാത്ര പുറപ്പെട്ടു.മിനിറ്റുകള്‍  ഒച്ചിന്റെ വേഗതയില്‍ ഇഴയുമ്പോള്‍ മനസ്സിനുള്ളില്‍  ജീവിതമേല്പ്പിച്ച കദനങ്ങളുടെ ഭാണ്ഡവുമായി ഒരു  കുടുംബം മണല്‍ക്കൂനകളുടെ നിഴല്‍ പറ്റി നിശ്ശബ്ദം നീങ്ങുന്ന കാഴ്ച്ചയായിരുന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഇറുകിയടച്ച മിഴികള്‍ക്കുള്ളില്‍ കടലാഴങ്ങളില്‍ കുഞ്ഞു വട്ടികളുമായ് മുത്തു വാരി നിവരുന്ന ബദവികളുടെ മുഖങ്ങള്‍ .എണ്ണപ്പണം തേടിയെത്തുന്ന സ്വപ്നസഞ്ചാരികള്‍ കടലിലെ അലമാലകള്‍ക്ക് കുറുകെ കൈവീശി നീന്തിയണഞ്ഞു  മണലാരണ്യത്തിലെ  തിളയ്ക്കുന്ന സൂര്യന് കീഴില്‍ വിങ്ങുന്ന മണലിലൂടെ സഞ്ചാരപഥങ്ങളെ തേടുന്നത്  മനോമുകുരത്തിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.അവര്‍ പ്രവാസികളെന്നു സ്വയം വിളിക്കുകയും  സ്വപ്നങ്ങള്‍ വില്‍ക്കുകയും യാഥാര്‍ത്ഥ്യങ്ങളെ പണയം വെയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തീണ്ടാപ്പാടകലത്തില്‍ നില്‍ക്കുന്ന എന്റെ നിദ്ര ആഴക്കടലിലെ മലര്‍ച്ചുഴിയെന്ന പോലെ എന്നെ വലച്ചു കൊണ്ടിരുന്നു.പാതിരാവിലെപ്പോഴോ  ആശ്വാസത്തിന്റെ ഈണവുമായി ആരുടെയോ ഫോണ്‍ വന്നു .ആ കുടുംബം അതിര്‍ത്തി കടന്നിരിക്കുന്നുവത്രെ..അല്‍ഹമ്ദുലില്ലാഹ് .പാതിമയങ്ങുന്ന എന്റെ മനസ്സിലപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും നീന്തുന്ന ഏതൊക്കെയോ സ്വപ്നസഞ്ചാരികളുടെ പിടയ്ക്കുന്ന കൈകള്‍ അന്തരീക്ഷത്തിലൂടെ ആരെയോ മാടി വിളിക്കുന്ന ദൃശ്യമായിരുന്നു.

Wednesday, 4 December 2013

അര്‍ദ്ധവിരാമം

അര്‍ദ്ധവിരാമം :-

തലേന്ന് പെയ്ത മഴയില്‍ ചേറും ചെളിയും പുതഞ്ഞ വഴിയിലൂടെ കാലുകള്‍ വലിച്ചു  നടക്കുമ്പോള്‍ അനാമിക ആരോടെന്നില്ലാതെ പിറുപിറുക്കുകയായിരുന്നു. കയ്യിലേന്തിയ പൂക്കളുടെ ചിത്രങ്ങളുള്ള ചണസഞ്ചിയില്‍ നിന്നും പുറത്തേക്ക് തുറിച്ച് നോക്കുന്ന മുരിങ്ങാക്കായും .അയല മീനിന്റെ പൊതിയും  പരമാവധി ശരീരത്തോട് ചേര്‍ത്ത് വെച്ചവള്‍ മുന്നോട്ടാഞ്ഞ് നടന്നു.തോട്ടിറമ്പിലൂടെ കുണുങ്ങി കുണുങ്ങി നീങ്ങുന്ന കുളക്കോഴികൂട്ടങ്ങള്‍ അവളെ കണ്ടതും ചകിതരായ് തോട്ടു വക്കത്തെ നീരോലിപ്പൊന്തയിലേക്ക് ഓടി മറഞ്ഞു.  കുളവാഴപ്പൂക്കള്‍ പൂത്തുലഞ്ഞ് കിടക്കുന്ന തോട്ടില്‍  ചൂണ്ടയിട്ട് നില്ക്കുന്ന ചെറുമ ചെക്കന്‍ അവന്റെ അരികത്തിരിക്കുന്ന കുട്ടയിലേക്ക് ഏതോക്കെയോ ചെറുമീനുകളെ പെറുക്കിയിടുന്നുണ്ട്..അന്തിച്ോപ്പ് വാരിപ്പൂശിയ മാനത്ത് അലയുന്ന മേഘത്തുണ്ടുകള്‍ തോട്ടിലെ അലകള്‍ക്ക് മേലെ ഇളകുന്നതും നോക്കി തോടിനു കുറുകെ ഇട്ട തെങ്ങ് തടിപ്പാലത്തിലൂടെ മറുകരയിലേക്കവള്‍ ഓടിക്കയറുമ്പോള്‍ പഞ്ചായത്ത് നാഴികമണിയില്‍  നിന്ന് ആറു മണിയുടെ സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.
                                                               (crtsy:Ishaq)

എന്നും അധ്യാപന വൃത്തിയും കഴിഞ്ഞിറങ്ങുന്ന അവളുടെ തലയില്‍ വൈകീട്ട് വീട്ടിലെത്തിയാല്‍ തയ്യാറാക്കേണ്ട അത്താഴത്തിന്റെ വിഭവങ്ങളെന്തൊക്കെ ആയിരിക്കണമെന്നതോ അതല്ലെങ്കില്‍ പലചരക്ക് കടയില്‍ നിന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയോ ഒക്കെ ആയിരിക്കും അലട്ടുന്ന വിഷയങ്ങളായി ഉണ്ടാവുക ..പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവളുടെ ചിന്ത രണ്ടു പ്രാവശ്യമായി ഒരേ ആവശ്യത്തിനു കത്തയച്ച് കൊണ്ടിരിക്കുന്ന പത്രാധിപരാണ്.പ്രമുഖ വാരികയുടെ വിശേഷാല്‍ പതിപ്പിലേക്ക് അനാമികയുടെ ഒരു കഥയോ നൊവെല്ലയോ വേണമെന്ന ആവശ്യം ആ പത്രാധിപരുടെ കത്തുകളില്‍ അഭ്യര്‍ത്ഥനയുടെ ഭാഷയിലായിരുന്നു.പക്ഷെ മണിക്കൂറുകള്‍ കൊണ്ട് കഥകള്‍ രചിച്ചിരുന്ന അനാമിക കുറച്ച് നാളായി അജ്ഞാതമായൊരു മാനസിക പിരിമുറുക്കത്തിലാണ്.അവളെത്ര ശ്രമിച്ചിട്ടും മനസ്സിനു തൃപ്തി തോന്നുന്ന രീതിയില്‍ എഴുതാനാവുന്നില്ല..ആരോടെന്നില്ലാതെ തോന്നിയ ദേഷ്യം അവളുടെ മുഖത്ത് പ്രതിഫലിച്ചു. എത്ര ആലോചിച്ചിട്ടും വഴുതി പോകുന്ന പദങ്ങളും കഥാബീജങ്ങളും  കൈവിരല്‍ തുമ്പില്‍ കുരുക്കിയിടാനുള്ള ശ്രമം  കഴിഞ്ഞ ഏതാനും രാത്രികളിലെ തന്റെ  വ്യര്‍ഥമായ വ്യായാമം ആയി മാറിയിരിക്കയാണല്ലോ എന്നവള്‍ ഓര്‍ക്കവെ പുതിയ കഥാതന്തുക്കള്‍ മിന്നലൊളിയെന്ന പോലെ ഒളിഞ്ഞും തെളിഞ്ഞും അവളെ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരുന്നു..

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവളുടെ നോവലിനു ലഭിച്ച പുരസ്ക്കാരത്തെ ചൊല്ലി സാഹിത്യ സദസ്സുകളില്‍ അല്ലറചില്ലറ മുറുമുറുപ്പുകളുണ്ടായിരുന്നു . സ്ത്രീ പക്ഷ എഴുത്തുകാരിയുടെ പുരുഷ മേധാവിത്വത്തിനെതിരായ പറഞ്ഞും ഉറഞ്ഞും ട്രാഷ് ആയ ഒരു ക്ലീഷെയിഡ് സബ്ജെക്റ്റ് ആണതെന്ന ചില സാംസ്ക്കാരിക നായകന്‍മാരുടെ വിമര്‍ശനങ്ങളും അതിനെ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും  ഒരു എഴുത്തുകാരിയെന്ന നിലയില്‍  അനാമികയെ   ഒന്നുലച്ചിരുന്നു എന്നത് അവള്‍ പരമ രഹസ്യമായി സൂക്ഷിച്ചിരിക്കയാണ് ..എങ്കിലും എഴുത്തിന്റെ ലോകത്തെ പുരുഷ മേധാവിത്വം എങ്ങനെയെങ്കിലും തകര്‍ത്തെറിയണമെന്ന വാദം  ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ക്കൊപ്പം അനാമികയും പ്രസംഗിച്ച് നടന്നതാണ്.പെണ്ണെഴുത്തെന്ന വേര്‍തിരിവിനോട് പോലും അനാമിക കടുത്ത വൈരാഗ്യം പുലര്‍ത്തി പോന്നു.എന്തോ ഏതോ അഹങ്കാരികളും ഗര്‍വ്വിഷ്ടരുമായ സമൂഹത്തിന്റെ ഉന്നത സ്ഥാനമാനങ്ങളിലിരുന്നു സ്ത്രീകളെ വെല്ലുവിളിച്ചിരുന്ന പുരുഷ കേസരികളെ ഒന്നടങ്കം ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും അനാമികയടങ്ങുന്ന പെണ്ണെഴുത്തുകാരുടെ സംഘടന പാഴാക്കിയിരുന്നില്ല..അതിന്റെ ചൊരുക്ക് ചിലര്‍  പരസ്യമായി തന്നെ പ്രകടിപ്പിച്ചതാണ്‌ അനാമികയുടെ പുരസ്ക്കാരത്തെ ചൊല്ലിയുള്ള വിവാദമായി മാറിയത്..ഈ വക കാരണങ്ങളാണോ അവളിലെ എഴുത്തുകാരിയെ ക്ഷീണം പിടിപ്പിച്ചത്.. കഴിഞ്ഞ കുറച്ച് കൊല്ലങ്ങള്‍ കൊണ്ട് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായി മാറിയ തന്നെ ഇത്രയും നിസ്സാര കാരണങ്ങള്‍ ചഞ്ചലപ്പെടുത്തുമോ .പക്ഷെ താന്‍ കുറച്ച് നാളായി അനുഭവിക്കുന്ന ഈ ശൂന്യതക്ക് പിന്നെ എന്താണു കാരണം ...മുടി ക്രോപ്പ് ചെയ്തു നെറ്റിയില്‍ വട്ടത്തിലൊരു പൊട്ടും തൊട്ട് കണ്ണു നിറയെ കണ്‍ മഷിയുമെഴുതി കാതില്‍ നീളത്തില്‍ തൂങ്ങുന്ന വലിയ കാതണികളുമായ് ഒരു നരച്ച കുര്‍ത്തയും അയഞ്ഞ പാന്റ്സുമിട്ട് തോളിലൊരു തുണിസ്സഞ്ചിയും അതില്‍ നിറയെ പ്രശ്നങ്ങളുമായി ദിനേന പുരുഷന്‍മാര്‍ മൂലം സമൂഹത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് വാക്ധോരണികളാല്‍ പരിഹാരം കണാന്‍ ശ്രമിക്കുന്ന നട്ടെല്ലുള്ള സ്ത്രീ സംഘടനയിലെ സജീവ പ്രവര്‍ത്തകയായ  തനിക്ക് തന്നെ ഇങ്ങനെയൊരു നിര്‍വികാരത അനുഭവപ്പെടുന്നതില്‍ അവള്‍ക്ക് തെല്ലു നിരാശ തോന്നി ..ഇടവഴിയിലെ തണല്‍ മരങ്ങള്‍ വിരിച്ച നിഴലുകളെ ചവിട്ടി വീടിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അവളിങ്ങനെ ഓരോന്നും ചിന്തിച്ച് അസ്വസ്ഥയായി കൊണ്ടിരുന്നു.

വീട്ടിലേക്കുള്ള വഴിയിലെ ഒതുക്കു കല്ലു ചവിട്ടി കയറിക്കൊണ്ട് മുറ്റത്തെത്തിയപ്പോള്‍  ഉമ്മറത്തെ ചാരുപടിയില്‍  അന്നു വന്ന തപാല്‍ ഉരുപ്പടികള്‍ ചിതറിക്കിടക്കുന്നത് കണ്ടു.അതെല്ലാം വാരിയെടുത്തു  മുന്‍ വാതില്‍ തുറന്ന് അകത്തളത്തിലേക്ക് കടന്നു..ഹാന്‍ഡ് ബാഗ്  എഴുത്ത് മേശക്ക് മേലേക്കിട്ട്  വേഗം തന്നെ അടുക്കളയിലേക്ക് നടന്നു. സിങ്കിനു മുകളില്‍ ചണസഞ്ചിയും വെച്ച് ചായയുണ്ടാക്കാനായ്  വാല്പ്പാത്രമെടുത്ത് വെള്ളവും പാലുമൊഴിച്ച് സ്റ്റൌവില്‍ വെച്ചു. മണ്‍പാത്രത്തിലെ വെള്ളമെടുത്ത് മുഖം കഴുകി അവള്‍ തന്റെ ആത്മസംഘര്‍ഷത്തിനു അയവ് വരുത്താന്‍ ശ്രമിച്ചു. ചപ്പാത്തി മാവ് കുഴച്ച് വെക്കുമ്പോള്‍ എന്നും ഓവര്‍ടൈമിന്റെ പേരും പറഞ്ഞു വൈകിയെത്തുന്ന ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധയില്ലയ്മയെ കുറിച്ച് ആകുലപ്പെട്ടു 
 കുക്കറില്‍ പരിപ്പ് വേവിക്കാനിട്ടു കൊണ്ടവള്‍  ചായയുമായി സോഫയില്‍ വന്നിരുന്നു ഓരോ കവറുകളും ശ്രദ്ധയോടെ ആര്‍ക്കൊക്കെ ആരുടെയൊക്കെ എന്നു
നോക്കാന്‍ തുടങ്ങി..ഇന്നുമുണ്ട് അവള്‍ക്ക് ആ പത്രാധിപരുടെ കത്ത്.ശ്രീമതി അനാമിക താങ്കളുടെ സൃഷ്ടി എത്രയും വേഗം തന്നെ അയച്ചു തരണം .ബാക്കി വരികളിലേക്ക് പോകാതെ അവള്‍ ആ കത്തിനെ മടക്കി വെച്ചു .

ഭര്‍ത്താവിന്റെ നീരസ പ്രകടനങ്ങളെ വകവെക്കാതെ രാത്രിയിലെ ജോലികളെല്ലാം ഒതുക്കി ഊണു മേശക്ക് മുകളില്‍ മെഴുകുതിരി കത്തിച്ചിരുന്നെഴുതുമ്പോള്‍ അവളുടെ മനസ്സില്‍ ഒറ്റ ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ..ഇന്നു എന്ത് തന്നെ വന്നാലും  തന്റെ സൃഷ്ടിയെ മുഴുമിപ്പിച്ചെ പേന താഴെ വെക്കൂ എന്ന് .ഇണചേരലിന്റെ ആലസ്യത്തില്‍ നിദ്രയുടെ തമസ്സാഴങ്ങളില്‍ ഊളിയിടുന്ന ഭര്‍ത്താവിനടുത്ത് നിന്നും ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വന്നു സാഹിത്യ രചന നടത്തുന്ന ഈ ഭൂമുഖത്തെ ഒരേയൊരു സ്ത്രീ താന്‍ മാത്രമായിരിക്കില്ല എന്നവള്‍ വെറുതെ ആശ്വസിച്ചു ..പക്ഷെ കുറച്ച് ദിവസങ്ങളായി  വിചാരിക്കുന്ന പോലെ ഒന്നും തനിക്ക് വഴങ്ങാത്തത് എന്തു കൊണ്ടെന്നറിയാതെ അനാമിക എന്ന കഥാകാരി അസ്വസ്ഥയായി..ചായ്പ്പിന്റെ തുറന്നിട്ട ജനലഴികളിലൂടെ അരിച്ചെത്തുന്ന ശീതക്കാറ്റിനു അവളുടെ വിയര്‍ത്തൊലിക്കുന്ന ശരീരത്തിന്റെ ഉള്‍താപത്തെ ശമിപ്പിക്കാനായില്ല.

എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിനിടയില്‍ വീണു കിട്ടിയ ഒരു കഥാതന്തു  പേജിലെ ചുവന്ന വരകളിലൂടെ പദങ്ങളെ പാകമാവാതെ വീര്‍പ്പുമുട്ടുന്നത്  കണ്ടപ്പോള്‍ ചങ്ക് പൊട്ടി കരയാനാണു കഥാകാരിക്ക് തോന്നിയത്..മേശപ്പുറത്തെ കൂജയില്‍ നിന്നും പതിമുഖത്തിന്റെ പൊടിയിട്ട് തിളപ്പിച്ച വെള്ളമെടുത്ത് കുടിച്ച് ഉള്ളത്തെ ഒന്നു തണുപ്പിക്കാന്‍ ശ്രമിച്ചു..ഇന്നെന്തായാലും ഈ കഥ എഴുതിയെ  അടങ്ങൂ എന്ന ദൃഢനിശ്ചയം  തലയിലൂടെ പ്രവഹിച്ച അക്ഷരയൊഴുക്കിനെ വിരല്‍ത്തുമ്പിലൂടെ പേനയിലേക്കും  കടലാസിലേക്കും പകര്‍ത്താന്‍ തുടങ്ങി.ആടിയുലയുന്ന നാളത്തില്‍ ഏതോ ചെറുപ്രാണി വട്ടമിടുന്നുണ്ട്..പൊടുന്നനെ വരികള്‍ക്കിടയിലേക്ക് ആ പ്രാണിയുടെ കരിഞ്ഞുരുണ്ട ഉടല്‍ പാറിവീണു.പേനയുടെ തുമ്പു കൊണ്ട് ആ കരിഞ്ഞ ഉടലിനെ തട്ടി മാറ്റി അനാമിക എഴുതിക്കൊണ്ടേയിരുന്നു...ക്ഷീണം മൂലം ഒരു വശത്തേക്ക് തലചെരിച്ച് വെച്ചാണ് പേനയെ ഉരുട്ടുന്നത്..ഇടത്തോട്ടേക്കിത്തിരി ചെരിഞ്ഞ കയ്യക്ഷരങ്ങളിലൂടെ അവളുടെ കഥാതന്തു വളരാന്‍ തുടങ്ങി.ചിലന്തി വലയ്ക്കുള്ളില്‍ കുരുങ്ങി കിടന്നിരുന്ന ഇര വല പൊട്ടി പുറത്ത് ചാടിയ പോലെ അനാമികയുടെ കഥാബീജം ഏടുകളില്‍ നിന്നും ഏടുകളിലേക്ക് പാഞ്ഞ് കൊണ്ടിരുന്നു. അടുത്ത മുറിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഉച്ചസ്ഥായിയിലായപ്പോള്‍ അനാമിക ഒന്നു ഞെട്ടിയെഴുന്നേറ്റു എങ്കിലും  വീണ്ടും തന്റെ രചനയില്‍ മുഴുകി.കടുത്ത വേനലില്‍ കിഴക്ക് ചക്രവാളത്തില്‍ ഭീമാകാരം പൂണ്ട് വരുന്ന കാര്‍മേഘം പോലെ ആ കഥ തിടം വെച്ച്  കൊണ്ടിരുന്നു..തുറന്നിട്ട ജനലിലൂടെ ഒരു നിശാശലഭം അവളുടെ മേശക്ക് മേല്‍  പറന്നിറങ്ങി  സ്ഥാനം ​പിടിച്ച് അള്ളി കിടന്നതിനെ അവള്‍ കണ്ടില്ലെന്ന് നടിച്ചു. തന്റെ നായികയുടെ നിസ്സഹായതയേയും സഹനശക്തിയേയും ചൂഷണം ചെയ്യുന്ന കഥാനായകന്റെ വികാസത്തില്‍ അനാമിക  അതിശയപ്പെടാതിരുന്നില്ല.ഇത്തിരി ഇടവേളയെടുത്ത്  തന്റെ കൈവിരലുകളെ ഞൊടിക്കുന്നതിനിടയില്‍ നീരോലിക്കാടുകള്‍ക്കപ്പുറം  ആരെയോ കണ്ടിട്ടെന്ന പോലെ  നായകള്‍ ഓലിയിടുന്ന ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു.

നെറ്റിയില്‍ നിന്നുരുണ്ട് വീഴുന്ന വിയര്‍പ്പിനെ കൈത്തലം കൊണ്ട് തുടച്ച് അവള്‍ എഴുത്ത് തുടര്‍ന്നു.ദുഷ്ടനായ കഥാനായകനെ ഒതുക്കാനുള്ള കരുക്കള്‍ മെനയാന്‍ അവളേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..കഥാനായകനോടുള്ള വിദ്വേഷത്താല്‍ അവളുടെ മുഖം വക്രിതമാകുകയും ശ്വാസം ദ്രുതഗതിയിലാവുകയും ചെയ്തു..സര്‍വ്വം സഹയായ നായികയെ ഇറച്ചിക്കോഴിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് പോലെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാമികയുടെ തൂലിക അയാള്‍ക്കെതിരെ ഒരു പടവാളായ് മാറുന്നത് വര്‍ദ്ധിച്ച ആവേശത്തോടെ കഥാകാരി അറിയാന്‍ തുടങ്ങി.ആ നേരത്താണ്.അവള്‍ ജനലിനടുത്ത് നിന്നാരൊ ചെറുതായി മുട്ടുന്നത് കേട്ടത്..കത്തി തീരാനായ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ ആ അവ്യക്ത രൂപത്തെ കണ്ട അനാമിക ചെറിയ നെഞ്ചിടിപ്പോടെ ജനലിനടുത്തേക്ക് നീങ്ങി.അവള്‍ക്ക് തന്റെ കണ്ണൂകളെ വിശ്വസിക്കാനായില്ല. പ്രകാശം ചിതറി വീഴുന്ന കണ്ണൂകളും പഞ്ഞി പോലെ വെളുത്ത ദീക്ഷയുമായൊരാള്‍ അവളെ അനുതാപ പൂര്‍വ്വം നോക്കി നില്ക്കുന്നു..കയ്യകലത്തില്‍ നില്ക്കുന്ന ആ മനുഷ്യനു ഈ രാത്രിയില്‍  എന്താണാവശ്യം എന്നാലോചിക്കവെ ഒരു വേള ഭര്‍ത്താവുണര്‍ന്നു വന്നു ഒരപരിചിതന്‍ താനുമായി സംസാരിക്കുന്നത് കണ്ടാലോ  എന്നവള്‍ ആശങ്ക പെട്ടു.അയാള്‍ക്ക് തന്നോടേന്തോ പറയാനുണ്ടെന്നു മനസ്സിലാക്കിയ അനാമിക അയാളോട് മൃദു സ്വരത്തില്‍ എന്താണു ആവശ്യം എന്നു തിരക്കി..

അയാള്‍ ഒന്നു മുരടനക്കി തൊണ്ടയിലെ കരകരപ്പിനെ ശരിയാക്കിയതിനു ശേഷം സംസാരിക്കാന്‍ തുടങ്ങി.പക്ഷെ തൊണ്ടയില്‍ നിന്നു വീഴുന്ന വാക്കുകള്‍ അയാളുടെ ചുണ്ടുകളിലുടക്കി നിന്നു..ഇതു കണ്ട അനാമിക വേഗം തന്നെ കൂജയില്‍ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് ആ അപരിചിതനു നേരെ നീട്ടി..ജനലഴികളിലൂടെ തന്റെ നീണ്ട കൈ കൊണ്ട് ആ വെള്ളം വാങ്ങി ഒറ്റയിറക്കിനു കുടിച്ചു.ദീക്ഷയില്‍ നിന്നുരുണ്ട് വീഴുന്ന വെള്ളത്തുള്ളികള്‍ മെഴുകുതിരിയുടെ നാളത്തില്‍ മുത്തു പോലെ തിളങ്ങുന്നത് കൌതുകത്തോടെ നോക്കികൊണ്ട് പതുക്കെ അയാളുടെ ആവശ്യം വീണ്ടുമാരാഞ്ഞു.തീക്ഷ്ണമായ ഒരു നോട്ടത്തോടെ അയാള്‍ തനിക്ക് പറയാനുള്ളത് വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളോടെ പറയാനാരംഭിച്ചു.."നിങ്ങള്‍ ഒരെഴുത്തുകാരിയാണല്ലെ".അതെ എന്നു അനാമിക മുഴുമിക്കും മുന്‍പെ അയാള്‍ തുടര്‍ന്നു.."നിങ്ങള്‍ക്കെപ്പോഴെങ്കിലും  തോന്നിയിട്ടുണ്ടോ നിങ്ങളുടെ  സൃഷ്ടികള്‍ മുഴുവന്‍ ഏകപക്ഷീയമായ വിഷയങ്ങളിലൂടെയാണ്. സഞ്ചരിക്കുന്നതെന്നു..അഥവാ അതിനപ്പുറത്തെ കാഴ്ച്ചപ്പാടിലേക്ക് നിങ്ങളുടെ സര്‍ഗ്ഗ ശക്തിയെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ...നിങ്ങള്‍ വെറുമൊരു പെണ്‍പക്ഷക്കാരിയും പെണ്ണെഴുത്തുകാരിയും മാത്രമാണെന്നും പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..പുരുഷന്‍മാരെ ദുഷ്ടകഥാ പാത്രങ്ങളാക്കാതെ അവരിലെ ഏതെങ്കിലുമൊരു ഗുണത്തെ സാമൂഹിക പ്രതിബദ്ധതയുടെ പേരിലെങ്കിലും തുറന്നെഴുതാന്‍ നിങ്ങള്‍ തയ്യാറയിട്ടുണ്ടോ...ഈ ലോകം മുഴുവന്‍ സ്ത്രീകളെ കഷ്ടപ്പെടുത്തുന്ന ദുഷ്ട ജന്മങ്ങളായി പുരുഷന്‍മാരെ താക്കോലിട്ടു കറക്കുന്ന  യന്ത്രങ്ങളെ പോലെ അടച്ചാക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും ലജ്ജയോ കുറ്റബോധമോ അനുഭവപ്പെട്ടിട്ടുണ്ടോ...സമൂഹത്തിന്റെ നിലനില്പ്പിനു പുരുഷനും സ്ത്രീക്കൊപ്പം ഉണ്ടാവണമെന്ന സാമാന്യ ബോധമില്ലാതെയല്ലെ നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ അല്ലെങ്കില്‍ ഫിമെയില്‍ ഷോവനിസ്റ്റുകള്‍ പുരുഷന്‍മാര്‍ക്കും അവരുടെ ദൌര്‍ബല്യങ്ങള്‍ക്കുമെതിരെ മുഷ്ടിയെറിയുന്നത്.ഇതൊരു സാമൂഹ്യ വിപത്താണെന്നു നിങ്ങള്‍ തിരിച്ചറിയാതിരിക്കുന്നതെന്തു കൊണ്ടാണ്."..ഇത്രയും പറഞ്ഞു അയാള്‍ തന്റെ കിതപ്പണക്കാന്‍ പാടുപെട്ടു കൊണ്ട് ജനലഴികളില്‍ ശക്തിയോടെ വിരലുകളെ അമര്‍ത്തി.

മേഘഗര്‍ജ്ജനം പോലുള്ള അയാളുടെ ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുന്ന അവളുടെ ഭര്‍ത്താവ് ഉണര്‍ന്ന് അങ്ങോട്ട് വന്നാലോ എന്നവള്‍ ഭയപ്പെട്ടു.എല്ലാം കേട്ട് തരിച്ച് നിന്ന അനാമികക്ക് തന്റെ നാവനക്കാന്‍ എത്ര ശ്രമിച്ചിട്ടും ആവുന്നില്ലായിരുന്നു..എല്ലാം കേട്ടിട്ടും ഒന്നും ഉച്ചരിക്കാനാവാത്തതില്‍ മനം നൊന്ത് നെഞ്ചിന്‍ കൂടില്‍ നിന്നും  ആളി വന്ന കോപാഗ്നിയില്‍ അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..ഒരു ദീര്‍ഘശ്വാസത്തിനെടുത്ത സമയത്തിനു ശേഷം വളരെ ശാന്തനായ് കാണപ്പെട്ട അയാള്‍ വീണ്ടും തന്റെ സംസാരത്തെ തുടര്‍ന്നു."അനാമികയടക്കമുള്ള ഫെമിനിസ്റ്റ് എഴുത്തുകാരികളുടെ പുരുഷവിദ്വേഷം ഒരു തരം മാനസിക വൈകല്യമാണ്..അതൊരു വിഷബീജമാണു..വരും തലമുറയിലെ പെണ്‍ കുഞ്ഞുങ്ങളെല്ലാം തന്നെ പുരുഷവര്‍ഗ്ഗത്തെ വേറൊരു ജീവിയായിട്ടായിരിക്കും പരിഗണിക്കുക.ശാസ്ത്രം പുരോഗമിച്ചതിനാല്‍ നിങ്ങള്‍ക്ക് വംശം നിലനിര്‍ത്താന്‍ പുരുഷന്റെ സഹായം വേണ്ട എന്നൊരു ചിന്ത കാണുമായിരിക്കും .എങ്കിലും ഒന്നു മനസ്സിലാക്കണം ശാരീരികമായ വ്യത്യാസങ്ങളില്ലെങ്കില്‍ സ്ത്രീയും പുരുഷനും മനുഷ്യര്‍ തന്നെയെന്നു.. നിഷ്പക്ഷമായൊരു  രചന നടത്താനായില്ലെങ്കില്‍ എഴുതാതിരിക്കലാണ്  ഉചിതം "..ഇത്രയും പറഞ്ഞ് ആ അപരിചിതന്‍ ഇടവഴിക്കപ്പുറത്തെ  മുളം  കാടുകള്‍ക്കിടയിലെ ഇരുളിലേക്ക് നടന്നു മറഞ്ഞു.

                                          (crtsy Ishaq)

ഒന്നു പൊട്ടിത്തെറിക്കാനോ ആ മനുഷ്യനെ രണ്ട് തെറി വിളിക്കാനോ ആയില്ലല്ലോ എന്ന കുണ്ഠിതത്തോടെ തന്റെ കൈകള്‍ രണ്ടും  കൂട്ടി പിടിച്ച് നെഞ്ചത്തടിച്ച് കരയാന്‍ അനാമിക ശ്രമിച്ചു..ശക്തിയോടെ മേശയില്‍ വന്നു പതിച്ച കൈകളെ ബലിഷ്ടമായ ഏതോ കരങ്ങള്‍ കോരിയെടുത്ത നേരത്ത് നിറഞ്ഞൊഴുകുന്ന കണ്ണൂകള്‍ തുറന്ന അനാമിക കണ്ടത് അവളെ മാറോടടക്കി ആശ്വസിപ്പിക്കുന്ന ഭര്‍ത്താവിനെയാണു. കിടപ്പു മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഭര്‍ത്താവ്  പിറുപിറുക്കുന്നുണ്ടായിരുന്നു..വിശ്രമിക്കാതെ ജോലിയും എഴുത്തുമായി ഇരുന്നാല്‍ ഇങ്ങനെ വിഭ്രാന്തികളൂണ്ടാകും ..ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല...പക്ഷെ അനാമിക അപ്പോഴും അയഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു .."ഇല്ല  എന്നെ ഭീഷണിപ്പെടുത്താന്‍   ആരോ ചില പുരുഷ എഴുത്തുകാര്‍ പറഞ്ഞയച്ച ഗുണ്ടയാണു അയാള്‍ ..അയാളെ ഞാന്‍ കൊല്ലും ..ഇനിയൊരിക്കല്‍ കൂടി അയാളെന്റെ മുന്നില്‍ വരട്ടെ ഞാന്‍ കാണിച്ച് കൊടുക്കും സ്ത്രീ എന്താണെന്നും സ്ത്രീ ശക്തി എന്തെന്നും..എന്തായാലും ഒരു ശത്രുസംഹാരപൂജ ചെയ്യിക്കണം ..ഞാനൊരുത്തനേയും വെറുതെ വിടില്ല..."  ..ആ മനുഷ്യന്‍ എന്തിനു തന്നെ ഭയപ്പെടുത്താന്‍ വന്നതെന്ന് ചിന്തിച്ച അനാമിക   മുഴുമിപ്പിക്കാത്ത തന്റെ രചനയെ ഓര്‍ത്ത് ആശങ്കപ്പെട്ടു..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും  ഉറങ്ങാനാവാതെ തിരികെ വന്നു വീണ്ടും മെഴുകുതിരി കത്തിച്ച്  എഴുത്ത് തുടരുമ്പോള്‍ കഥാനായകന്റെ സ്വഭാവത്തിനു ജനലിനടുത്ത് കണ്ട അപരിചിതന്റെ ഭാവം കൈവന്നത് കണ്ട് അനാമിക രോഷം കൊണ്ടു . ഇയാളെ ഇനി ചാരമാക്കിയാലെ തനിക്കെന്തെങ്കിലും എഴുതാന്‍ കഴിയൂ എന്ന ചിന്തയില്‍  എഴുതി തീരാറായ കഥയെ പിച്ചിച്ചീന്തി മെഴുകുതിരി നാളങ്ങള്‍ക്ക് നേരെ നീട്ടുമ്പോള്‍ ഏതൊ പുരാതന ജീവിയുടെ ഫോസില്‍ അവശിഷ്ടം പോലെ  ഉരുകിയൊലിച്ച മെഴുകിനടിയില്‍ വീണു കിടക്കുന്ന നിശാശലഭത്തിന്റെ ചിറകുകള്‍  ഇത്തിരി ജീവനു വേണ്ടി തുടിക്കുന്നുണ്ടോയെന്നവള്‍ സംശയിച്ചു.

Wednesday, 6 November 2013

കവിത (എരിയുന്ന വേനല്‍ ചിന്തുകള്‍ )

എരിയുന്ന വേനല്‍ ചിന്തുകള്‍ :-
----------------------------------
മഴക്കുഞ്ഞുങ്ങളെ മാറോറടുക്കി നീ വന്നു
വീണത് ഞാനെന്ന വേനല്‍ കുടീരത്തിലാണ്.
കുമിളകള്‍ വിതുമ്പുന്ന മണ്ണിലെവിടെയോ
പൊട്ടിമുളക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
ബീജങ്ങളെ ഗര്‍ഭത്തില്‍ ഞാനൊളിപ്പിച്ചിട്ടുണ്ട്..

മലമടക്കിലുരുണ്ട് വീണ കല്ലുകളേന്തി
ഇനിയും മതിവരാത്ത ഉന്മാദത്തിന്റെ
മഴ തരംഗങ്ങളെ കണ്ണില്‍ നിറച്ച്
നീ കൊടുമുടികള്‍ താണ്ടുമ്പോള്‍
ഒരു ഭ്രാന്തന്‍ ചിന്ത മലമുകളില്‍ നിന്നുരുണ്ട്
വീഴുന്നതും കണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ട്
നാറാണത്ത് ഭ്രാന്തന്മാരിവിടെ ..

ഇലമണം ശ്വസിക്കുന്ന മഴത്തുള്ളിയെ
വഴിതെറ്റിക്കാന്‍ തെക്ക് നിന്നുമെത്തുന്നുണ്ടൊരു കാറ്റ്
പതറി തെറിച്ച് വീണ നീര്‍ത്തുള്ളിയിലള്ളി
ഒരു മണല്‍ത്തിട്ടയടര്‍ന്നു വീഴുന്നുണ്ടിവിടെ..

പുഴയൊഴുകാന്‍ മറന്ന വഴിയിലെ കള്ളിച്ചെടികളില്‍
ഊഷരക്കിനാക്കള്‍ പൂത്തുലയുന്നുണ്ട്
വഴിമാറി സഞ്ചരിക്കും മേഘശകലങ്ങളില്‍
വേപഥുവായ് മൌനനൊമ്പരങ്ങള്‍ കൂടോരുക്കുന്നുണ്ട്,

പാഥേയവുമായെത്തുന്നയെന്നെ കാത്ത് നീ
വഴിയമ്പലത്തില്‍ രാവു മുഴുവന്‍ ഉണര്‍ന്നിരിക്കുക
പകലറുതികളില്‍ അടയിരിക്കുന്ന കൊടും വേനല്‍
പെരുമഴക്കാലത്തിനായ് മുറവിളികൂട്ടുന്നതും കേട്ട്
ഇമകളില്‍ ചേക്കേറിയ പാഴ്ക്കിനാക്കള്‍ മയങ്ങട്ടെ .

Wednesday, 30 October 2013

വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..ഓര്‍മ്മക്കുറിപ്പുകള്‍ .

വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..(ഗള്‍ഫ് മാധ്യമം  ദിനപത്രത്തിന്റെ റമദാന്‍ സ്പെഷ്യല്‍ എഡിഷനില്‍ "അഹലന്‍ റമദാന്‍ "എന്ന ഇഷ്യുവില്‍ പ്രസിദ്ധീകരിച്ചത് )





അന്നെനിക്ക് നാലര വയസ്സ് കാണും .ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പത്  കാലഘട്ടം .എന്റെ അനിയന്‍ ജനിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂ..ഉമ്മയുടെ കൂട്ടുങ്ങലിലെ തറവാട്ടു വീട്ടില്‍ അകത്തളത്തില്‍ വിരിച്ച സുപ്രയില്‍ ഇരുന്നു കുറെ വിരുന്നുകാര്‍ ചോറ് കഴിക്കുന്നുണ്ട് ..പതിവിനു വിപരീതമായി തൃശ്ശൂരില്‍ നിന്ന് വാപ്പയുടെ  ജ്യേഷ്ടന്മാരും ,പിന്നെ സ്ഥിരമായി കാണുന്നതല്ലാത്ത ചില അതിഥികളും.എങ്കിലും ഞാനത് കാര്യമാക്കാതെ  തൊടിയിലെ ഇലത്തണുപ്പില്‍ വെയില്‍ കായുന്ന തുമ്പികള്‍ക്ക് പിറകെ പാഞ്ഞും കുളത്തിനരികിലെ നീരോലിക്കാടിനുള്ളില്‍ സ്ഥിരതാമസമാക്കിയ  കുളക്കോഴികളോട് കൊഞ്ചിയും നില്‍ക്കുമ്പോള്‍ കുഞ്ഞുമ്മ വന്നെന്നെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി ..പൂമുഖത്തു മാമു മുസ്‌ല്യാര് കൈത്തലം കൂട്ടി ഉയര്‍ത്തി പിടിച്ച് ദുആ ചെയ്യന്നു.ചുറ്റും വല്യുപ്പയും വാപ്പയും മൂത്താപ്പയുമൊക്കെ നിശ്ശബ്ദരായി നിന്ന് ഇടക്കിടയ്ക്ക്  "ആമീന്‍ " എന്ന് മാത്രം പറയുന്നുണ്ട്...വീട്ടിലെ സ്ത്രീകള്‍ നടുത്തളത്തില്‍ നിന്ന് ഒച്ചതാഴ്ത്തി സംസാരിച്ചും  ഇടയ്ക്കിടെ പൂമുഖത്ത് നിന്നുയരുന്ന "ആമീന്‍ " എന്ന പദത്തെ ആവര്‍ത്തിച്ചും നില്‍ക്കുന്നുണ്ട്..കുറച്ച കഴിഞ്ഞു വാപ്പ അകത്തേക്ക് വന്നു എല്ലാവരോടും ഞാനിറങ്ങുന്നു എന്ന് പറഞ്ഞു .പിന്നെ കുഞ്ഞുമ്മാടെ കൈപ്പിടിച്ച് നില്‍ക്കുന്ന എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച്  മൂത്താപ്പാക്കും വല്യുപ്പാക്കും ഒപ്പം ഇടവഴിയിലേക്കിറങ്ങി.വല്യുപ്പാടെ പീടികയിലെ സഹായി മോമെക്ക ഒരു ബാഗും താങ്ങി മുന്നില്‍ നടക്കുന്നുണ്ട് .കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞുമ്മാടെ കൈവിടുവിച്ചു ഞാനും ഇടവഴിയിലെക്കോടി ..അപ്പോഴേക്കും റോഡരുകില്‍ നിറുത്തിയിട്ട മൂത്താപ്പാടെ അംബാസ്സഡര്‍ കാറില്‍ കയറി വാപ്പയും മൂത്താപ്പയും വാപ്പാടെ കൂട്ടുകാരായ ഖാന്‍ ഭായിയും അബ്ദീന്‍ അണ്ണനും കൂട്ടുങ്ങല്‍ അങ്ങാടി വിട്ടു പോയിരുന്നു.

എന്താണ്  വിശേഷിച്ചു അന്നവിടെ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ അടുക്കള കോലായില്‍ പാത്രങ്ങള്‍ കഴുകി കമഴ്ത്തി വെക്കുന്ന തറവാട്ടിലെ സഹായിയായ ബീവുത്താടെ അടുത്തേക്ക് ചെന്നു.ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നിറഞ്ഞ ചിരിയോടെ ബീവുത്ത പറയാന്‍ തുടങ്ങി ..

"ഉണ്ണിക്കിനി വാപ്പ പേര്‍ഷ്യേന്നു വരുമ്പോ എന്തൊക്കെ കൊണ്ടിരും ."

ഒന്നും മനസ്സിലാകാതെ മിഴിച്ച് നിന്ന ഞാന്‍  ചോദിച്ചു .
"എവിടുന്നു ".?
ബീവുത്ത വീണ്ടും പറഞ്ഞു "ഉണ്ണ്യേ അന്റെ വാപ്പ പേര്‍ഷ്യക്കു പോയി.അനക്കറീല്ലേ അത്..അവിടുന്ന് വരുമ്പ കൊണ്ടരണ കാര്യാ പറഞ്ഞത് .ബീവുത്താക്കും പേര്‍ഷ്യെല്‍ത്തെ തുണി കൊണ്ടരാന്‍ അന്റെ വാപ്പാട് പറെണംട്ടാ.."

ബീവുത്ത ഓടിന്റെ മൂളിയെ അമര്‍ത്തി തേച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഉമ്മയെ തിരഞ്ഞു അകത്തേക്ക് ചെന്നു.മണ്ടകമെന്ന ഇരുട്ട് മുറിയില്‍ അനിയനെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരയുന്നുണ്ട് ഉമ്മ.അടുത്ത് ചെന്നിരുന്നപ്പോള്‍ എന്നെയും കെട്ടി പിടിച്ചു ഉമ്മ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു. പിന്നെ വീട്ടിലന്ന് വിരുന്നെത്തിയ ബന്ധുക്കാരായ ഏതൊക്കെയോ സ്ത്രീകള്‍ വന്നു ഉമ്മയെ സമാധാനിപ്പിക്കുന്നത്‌  കേട്ട് ഞാന്‍ നീരോലിക്കാടിനടുത്തേക്ക് നടന്നു .



വാപ്പ ഒരു പേര്‍ഷ്യക്കാരനായ് ഖത്തര്‍ എന്ന സ്ഥലത്തേക്ക് പോയെന്നു പിന്നീട് വല്യുപ്പയാണെന്നോട് പറഞ്ഞത്..ഉമ്മറക്കൊലായിലെ ഒരു മൂലയിലിട്ട  വല്യുപ്പാടെ എഴുത്ത് മേശയിലിരുന്നു അന്നത്തെ ഇന്‍ലന്‍ഡില്‍ വാപ്പാക്കുള്ള കത്ത് എഴുതുമ്പോള്‍  ഏറ്റവും അടിയിലെ ഒരു വരി എനിക്ക് വേണ്ടി   വല്യുപ്പ തരും .വല്യുപ്പാടെ അരികില്‍ മേശക്കൊപ്പമെത്താത്ത എന്റെ കൈ പിടിച്ചു എഴുതി തന്ന ആ  ഒരു വരി ;അത് ഇന്നുമെന്റെ ഓര്‍മ്മയില്‍ ഇനിയും മാഞ്ഞു പോകാതെ ഉണ്ട്. ഞാനെഴുതിയ എന്റെ ആദ്യത്തെ അക്ഷരങ്ങള്‍ .." വാപ്പ ചായപ്പെന്‍സില്‍ കൊടുത്തയക്കണം .എന്റെ വാപ്പാക്ക് നൂറുമ്മ .വേഗം വരണം .വാപ്പാനെ കാണാന്‍ കാത്തിരിക്കുന്നു. .എന്ന് സാജി .".എന്റെ വിരലുകള്‍ പിടിച്ചു വല്യുപ്പ ഇതെഴുതിക്കുമ്പോള്‍ സ്കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്ത  ഞാന്‍ അങ്ങനെ കത്തില്‍ ഒന്നും രണ്ടും വരികള്‍  എഴുതി തുടങ്ങുകയും സ്കൂളില്‍ ചേരുന്നതിനു മുന്പ് തന്നെ മലയാളം എഴുതാനും വായിക്കാനും സ്വായത്തമാക്കുകയും ചെയ്തു.പിന്നീട് ഒരു മഴക്കാലത്തു ഞാന്‍ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച കൊല്ലമാണ് വാപ്പ അവധിയില്‍ എത്തുന്നത് .ഒരു കിനാവ് പോലെയായിരുന്നു വാപ്പ വന്നതും പോയതുമൊക്കെ .ശൈശവത്തിലെനിക്ക്  വാപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം കൊണ്ട് വന്ന നിറയെ ചുളുക്കുകളുള്ള വെള്ള നിറത്തില്‍ നീല ലില്ലിപ്പൂക്കളുള്ള പാവാടയും നീല ജമ്പറും ; ചായ പെന്‍സിലുകളും ,കൌവ് മില്‍ക്ക് മിഠായിയും  ആയിരുന്നു.കൂടാതെ വാപ്പ കൊണ്ട് വന്നിരുന്ന ഇരുമ്പ് പെട്ടി തുറക്കുമ്പോള്‍ അതില്‍ നിന്നും പരന്നിറങ്ങിയ വശ്യമധുരമായ സുഗന്ധം .ഇന്നും കണ്ണടച്ചാല്‍ എനിക്കനുഭവവേദ്യമാകുന്ന ആ സൌരഭ്യത്തിനൊപ്പം പകരമായി ഒരു സുഗന്ധവും ഈ ഭൂമിയില്‍ ഇല്ലെന്നു  എനിക്കിപ്പോഴും തോന്നാറുണ്ട്.അത് പോലെ വാപ്പ കൊണ്ട് വന്നിരുന്ന വസ്ത്രങ്ങളുടെ ചാരുതയും ..

രണ്ടു വര്ഷം കൂടുമ്പോള്‍ മാത്രം അവധിയില്‍ എത്തിയിരുന്ന വാപ്പ ഓരോ വട്ടവും എന്നെയും അനിയത്തിമാരെയും കാണുമ്പൊള്‍ ഞങ്ങള്‍ വല്ലാതെ വളര്‍ന്നുവല്ലോ എന്ന സന്തോഷവും ഉല്‍ക്കണ്ഠയും നിറഞ്ഞ ഒരു ആധി ഉമ്മയോട് പ്രകടിപ്പിക്കുമായിരുന്നു.കാലചക്രത്തിന്റെ നൈരന്തര്യത്തില്‍ ഋതുക്കള്‍ മാറി വരുന്നതനുസരിച്ച് ഒരു പാട് മാറ്റങ്ങള്‍ ഞങ്ങളുടെ വീട്ടിലും സംഭവിച്ചു കൊണ്ടിരുന്നു.ഉമ്മയുടെ തറവാട്ടില്‍ നിന്നും തൃശ്ശൂരിലെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതും ,അവിടുന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ് സംഭവിച്ച വല്യുപ്പാടെ മരണവും ,വല്യ മാമ ദുബായിലേക്ക് ജോലിയന്വേഷിച്ച്  പോയതുമൊക്കെ കാലത്തിന്റെ അനിവാര്യതകളായിരുന്നുവന്നു പിന്നീട് മനസ്സിലായി. മൂന്നു മക്കള്‍ മാത്രമുണ്ടായിരുന്ന എന്റെ വീട്ടില്‍ ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമായി അംഗബലവും കൂടി .എന്റെ വാപ്പ പേര്‍ഷ്യക്കാരനയതിനു ശേഷം ഞാനേറെ കൊതിച്ചിരുന്നത് ഏതെങ്കിലും ഒരു  ഈദിന് വാപ്പ  ഞങ്ങള്‍ക്കൊപ്പമുണ്ടായെങ്കിലെന്നായിരുന്നു.പെരുന്നാളിന്റെ തലേ ദിവസം ഞങ്ങളെ അതിശയിപ്പിച്ചു വാപ്പ പടിക്കെട്ട്  കയറി വരുന്നത് ഞാന്‍ പകല്‍ കിനാവ് കണ്ടിരുന്നു. എന്റെ ആ ആഗ്രഹം പക്ഷെ ഒരിക്കലും നടന്നില്ല..നോമ്പിനും പെരുന്നാളിനും ഹജ്ജ് പെരുന്നാളിനുമൊക്കെ വാപ്പ അയക്കുന്ന ഒരു പെട്ടി മിഠായിയിലോ അല്ലെങ്കില്‍  ഈദാശംസാകാര്‍ഡുകളിലോ  മാത്രമായി ഞങ്ങളുടെ  സന്തോഷം  ഒതുങ്ങി.പിന്നീട് ഞാന്‍ വിവാഹം കഴിഞ്ഞു ഒരു പ്രവാസിയാകുകയും ; വാപ്പ പ്രവാസം മതിയാക്കി നാട്ടിലാവുകയുമായപ്പോള്‍  മാത്രമാണ് മനഃപ്പൂര്‍വ്വം അതിനുള്ള സൌകര്യമൊരുക്കി ഞാന്‍ നാട്ടിലെത്തി  വാപ്പയുമായി ഈദു ആഘോഷിച്ചത്.അത്രയ്ക്ക്  കൊതിച്ചിരുന്നു വാപ്പയുമായുള്ള ഒരു പെരുന്നാളെങ്കിലും എന്റെ ജീവിതത്തില്‍ ..

വെറും എഴുത്തുകള്‍ കൊണ്ട്  മാത്രം ആശയവിനിമയം സാധ്യമായിരുന്ന  ഒരു കാലഘട്ടമായിരുന്നു അത്..വാപ്പാടെ  കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌മാനെയും കാത്തു വീട്ടുപടിക്കല്‍ കാത്തു നില്‍ക്കുന്നത് ഒരു സുഖമുള്ള കാര്യമായിരുന്നു.അവധിയും വരവും മുന്‍കൂട്ടി അറിയിക്കാതെ അവിചാരിതമായ് ഞങ്ങള്‍ക്ക് മുന്നിലെത്തി വാപ്പ ഞങ്ങളെ ആശ്ചര്യപ്പെടുത്തുമായിരുന്നു.പക്ഷെ വാപ്പ എത്തുമെന്നുള്ളതു  ഉമ്മാക്ക് അയക്കുന്ന കത്തില്‍ അറിയിച്ചിട്ടുണ്ടാകും .ആ കത്ത് പതിനഞ്ചോ പതിനെട്ടോ ദിവസങ്ങള്‍ക്ക് ശേഷം ഉമ്മയുടെ കയ്യില്‍ കിട്ടുമ്പോഴേക്കും വാപ്പ വീട്ടില്‍ എത്തിയിട്ടുണ്ടാകും..ഈ ഓര്‍മ്മയില്‍ എനിക്ക്  പ്രിയപ്പെട്ട ഒരനുഭവം ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തുണ്ടായതായിരുന്നു. ഒരു ഡിസംബര്‍ സായാഹ്നത്തില്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ ഇടവഴിയിലേക്ക് തിരിയുന്ന മുക്കില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞുമോന്ക്ക മുഖം നിറയെ ചിരി പടര്‍ത്തി എന്നോട് പറഞ്ഞു "മോളേ വെക്കം  ചെന്നോ വീട്ടില്‍ക്ക് .വാപ്പ എത്തീട്ടുണ്ട് പേര്‍ഷ്യേന്നു." ഇത് കേട്ടതും അടക്കാനാവാത്ത ആഹ്ലാദത്തോടെ പിന്നെ ഞാന്‍ ഓടുകയായിരുന്നു. കിതച് കിഴക്കേ മുറ്റത്തെത്തുമ്പോള്‍ എല്ലാവരുമായും ഇരുന്നു വിശേഷങ്ങള്‍ പങ്കു വെക്കുന്നു വാപ്പ.വലുതായിട്ടും വാപ്പയെ കണ്ടാല്‍ ഓടിച്ചെന്നു വാപ്പാടെ കവിളില്‍ ഉമ്മ വെക്കുന്നത് ഞാന്‍ മാത്രമായിരുന്നു.ആദ്യ സന്താനമായതിനാലോ എന്തോ എന്നോടും വാപ്പ ഒരു പ്രത്യേക വാത്സല്യം കാണിച്ചു പോന്നു.ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കാറില്ല എങ്കിലും ഒരിക്കലും എന്നെ വഴക്ക് പറയുകയോ ,ഒരു ഈര്‍ക്കില്‍ കൊണ്ട് പോലും തല്ലുകയോ ചെയ്തിട്ടില്ലാത്ത എന്റെ വാപ്പ ഈ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ ഒരേയൊരു പുരുഷന്‍ ആണ്. എന്റെ മനസ്സ് ഒന്ന്  വേദനിച്ചാല്‍ ഇപ്പോഴും നിറയുന്നത് ആ കണ്ണുകളാണ്.എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിപ്പിക്കുമ്പോഴും വാപ്പ ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരിഷ്ടങ്ങളും തുറന്നു പറഞ്ഞിരുന്നില്ല. അഞ്ച് പെണ്മക്കളുള്ള പിതാവിന്റെ ആകുലതകള്‍ മുഴുവനും ആ മുഖത്തും  കണ്ണുകളിലും  വ്യക്തമായിരുന്നു.എങ്കിലും അതൊന്നും ഞങ്ങളോട് കാണിക്കാതെ ഞങ്ങളുമായ് ഗള്‍ഫിലെ ഓരോ വിശേഷങ്ങളും തമാശകളും പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കുകയും വാപ്പ കാണുന്ന നല്ല സിനിമകളിലെ കഥകളും അതിലെ ഗുണപാഠങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞ് തരികയും ചെയ്യുമായിരുന്നു.മരുഭൂമിയിലെ ജീവിതങ്ങളുടെ ചൂടും ചൂരും കനവുകളും നിനവുകളുമൊക്കെ വാപ്പാടെ വിവരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.കൂടാതെ അദ്ദേഹം ഗള്‍ഫില്‍ രുചിച്ചിരുന്ന ഒരു വിധം ഭക്ഷണങ്ങളും കബാബും ടിക്കയുമടങ്ങിയ  അറബിക്ക് ഭക്ഷണങ്ങളുമൊക്കെ തയ്യാറാക്കി ഞങ്ങള്‍ക്ക്  രുചിഭേദങ്ങളുടെ വൈവിധ്യത്തെ  മനസ്സിലാക്കി തരികയും ചെയ്തിരുന്നു. എപ്പോഴൊക്കെ പുറത്തു പോയി വരുമ്പോഴും വാപ്പ ഞങ്ങള്‍ക്ക് വേണ്ടി കൊണ്ട് തന്നിരുന്ന ഒരു പലഹാരപ്പൊതി അതുമല്ലെങ്കില്‍ ചൂടുള്ള കപ്പലണ്ടി പൊതികള്‍ ,അതിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.. വെറും കയ്യോടെ  വീട്ടില്‍ വരാന്‍ അറിയില്ല എന്നും കുട്ടികളെ ഇങ്ങനെ ലാളിച്ചു കേടുവരുത്തരുതെന്നും വല്ലവരുടേയും വീട്ടില്‍ കഴിയേണ്ട പെണ്‍കുട്ടികളാണെന്നുമൊക്കെ ഉമ്മാ പരിതപിക്കുമ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ വാപ്പ ഞങ്ങളോടൊപ്പം ചിരിച്ച്  ആ പരാതികളെ നിര്‍വീര്യമാക്കും.അവധിയിലെത്തുന്ന വാപ്പ ഞങ്ങള്‍ കത്തിലൂടെ ആവശ്യപ്പെടുന്ന സാധങ്ങളൊക്കെ കൊണ്ട് വരികയും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിഷ്ടമുള്ള  സ്ഥലങ്ങളൊക്കെ കാണിക്കാന്‍ കൊണ്ട് പോകുകയും ചെയ്യുമായിരുന്നു..രണ്ടു കൊല്ലത്തെ എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വാപ്പയുമായുള്ള ആ രണ്ടു മാസത്തിന്റെ നിറവില്‍ എല്ലാ ധൂര്‍ത്തോടെയും ഞങ്ങളനുഭവിക്കുമായിരുന്നു..



ഞാന്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് എന്റെ വിവാഹനിശ്ചയം നടന്നത് .ലീവിന്റെ സമയമായിട്ടില്ലായിരുന്നു വാപ്പക്കപ്പോള്‍ എത്താന്‍ കഴിയുമോ എന്നത് വീട്ടിലെല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി ഉമ്മയും മാമമാരും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഇരിക്കുകയായിരുന്നു. കല്യാണം നീട്ടി വെക്കാനാകുമോ എന്ന ആവശ്യം  പക്ഷെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹം നടത്തണമെന്ന വരന്റെ വീട്ടുകാരുടെ  തിടുക്കത്തിനു മുന്നില്‍ അലിഞ്ഞു.എന്നാല്‍ വാപ്പ വരാതെ എങ്ങനെ ..? അവസാനം ആരുടെയോ നിര്‍ദ്ദേശപ്രകാരം എന്റെ ഉമ്മ സുഖമില്ലാതെ ഇരിക്കയാണെന്ന വ്യാജകമ്പി അടിച്ചു വാപ്പ എത്തിയപ്പോള്‍ എനിക്കെന്തോ വാപ്പയുടെ എല്ലാ അവധിയിലും ഞാനനുഭവിച്ചിരുന്ന സന്തോഷം ഈ വരവില്‍ തോന്നിയില്ല.വിങ്ങിയ മനസ്സോടെ ഉമ്മയോട് എന്തിനാണ് ഉമ്മാക്ക്  വയ്യ എന്നു പറഞ്ഞു കമ്പി അടിച്ചതെന്ന എന്റെ  ചോദ്യത്തിന് ഉമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന മറുപടി ഇങ്ങനെയായിരുന്നു." ഓരോ പ്രാവശ്യവും നിനക്ക് വേണ്ടി സ്വര്‍ണ്ണവുമായി  എത്തുന്ന വാപ്പാക്ക് നിന്റെ നിക്കാഹ് നടത്താന്‍ നമ്മുടെ സൌകര്യത്തിനു കമ്പനി അവധി കൊടുക്കില്ല.പിന്നെ ഏതൊരു ഹതഭാഗ്യനായ പ്രവാസി പിതാവിനെയും പോലെ നിന്റെ വാപ്പാക്കും ഗള്‍ഫില്‍ ഇരുന്നു നിന്റെ നിക്കാഹ് കാണേണ്ടി വരുമായിരുന്നു.വാപ്പാടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്റെ കല്യാണം .അതിലദ്ദേഹത്തിനു പങ്കെടുക്കാന്‍ ഞാന്‍ മരിച്ചെന്ന കമ്പി അടിച്ചിട്ടായാലും വേണ്ടില്ല ഞാന്‍ വരുത്തും മൂപ്പരെ "ഉമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു നിറുത്തുമ്പോള്‍ എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല.. പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക്  പരിമിതികളും നിബന്ധനകളുമുണ്ടെന്നും അതിനത്ര എളുപ്പം തളിരിടാന്‍ ആവില്ലെന്നുമുള്ള  യാഥാര്‍ത്ഥ്യത്തെ ഞാനപ്പോള്‍  മനസ്സിലാക്കുകയായിരുന്നു..

പെണ്മക്കള്‍ അഞ്ച് പേരും വാപ്പ തിരഞ്ഞെടുത്തു തന്ന പങ്കാളികളുടെ കയ്യും പിടിച്ചു  പടി ഇറങ്ങുമ്പോള്‍ ആരും കാണാതെ നിന്ന് വാപ്പ കണ്ണ് തുടക്കുന്നതു തന്റെ ഉള്ളിലാളുന്ന അതിരില്ലാത്ത സ്നേഹവാത്സല്യത്തിന്റെ  ബഹിര്‍സ്ഫുരണങ്ങളായിട്ടായിരുന്നു എനിക്ക്  തോന്നിയത് . പിന്നീട് ഞങ്ങളെ കാണുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു  കഴിയുന്നതാണ് ഉത്തമ ഭാര്യമാരുടെ ലക്ഷണം എന്നും, ഒന്നിനോടും പരാതികളോ പരിഭാവങ്ങളോ ഇല്ലാതെ ജീവിക്കാന്‍ പഠിക്കണമെന്നുമൊക്കെ ഉപദേശിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ നേരിടുന്ന എന്ത് വിഷമങ്ങളും വാപ്പയുമായി പങ്കു വെക്കണമെന്നും  നിര്‍ദ്ദേശിക്കുമായിരുന്നു.

എന്റെ വിവാഹ ശേഷം  ഞാന്‍ ദുബായിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്രയാകുമ്പോള്‍ വാപ്പയും അവധിയിലെത്തി നാട്ടിലുണ്ടായിരുന്നു.ആദ്യമായി നാട് വിടുന്ന ഒരാളായ എനിക്ക്  അദ്ദേഹം ചില ഉപദേശങ്ങള്‍ തന്നു.ഗള്‍ഫ് ഒരു മായാലോകമാണെന്നും, പളപളപ്പും മിനുമിനുപ്പും ഉണ്ടെന്നു തോന്നുന്ന പരവതാനിക്കടിയില്‍  പ്രലോഭനങ്ങളും ചതിക്കുഴികളും മൂടിവെക്കപ്പെട്ടിട്ടുണ്ടാകും.ഓരോ കാല്‍ വെപ്പുകളും സശ്രദ്ധം വെച്ചില്ലെങ്കില്‍ അറിയാതെ അപവാദങ്ങളും കഷ്ടപ്പാടുകളും ഒരു നീരാളിയെ പോലെ വരിഞ്ഞു മുറുക്കുമെന്നും,
എല്ലാം ഒരു പക്വതയോടെ കാണണമെന്നും ഉപദേശിച്ചത് എന്റെ ഈ ഇരുപത്തിയൊമ്പതാമത്തെ പ്രവാസ വര്‍ഷത്തിലും ഞാന്‍ ശിരസ്സാ വഹിക്കുന്നു.

പ്രവാസിയായ വാപ്പയുടെ അഭാവത്തില്‍ ഞങ്ങളുടെ ശൈശവബാല്യങ്ങളും  കൌമാരയൌവനങ്ങളും  കഴിഞ്ഞത് പോലെ എന്റെ മക്കള്‍ക്ക് അവരുടെ വാപ്പയുടെ സ്നേഹം അനുഭവിക്കാനാകാതെ പോകരുതെന്ന നിഷ്ക്കര്‍ഷതയില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതും ഒരുമിച്ചുള്ള ഒരു ജീവിതം മാത്രമാണ്..സുഖമായാലും ദുഃഖമായാലും മക്കളും നമ്മളും ഒരുമിച്ചനുഭവിക്കാം എന്ന് പ്രതിജ്ഞ ചെയ്യുമ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്റെ ഒഴുക്ക് എന്റെ മക്കളറിയാതെ പോകരുതെന്ന നിര്‍ബന്ധത്താലായിരുന്നു.
ഇന്ന് പ്രവാസിയായ  ഞാന്‍  ഇവിടെ നിന്ന്  നാട്ടില്‍ കഴിയുന്ന വാപ്പയെ കുറിച്ചു ചിന്തിക്കുമ്പോള്‍  അദ്ദേഹം മരുക്കാടിനു നടുവില്‍ സ്വന്തബന്ധങ്ങളും ആണ്ടറുതികളും ആഘോഷങ്ങളും ത്യജിച്ചു കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെട്ടിരുന്നതാലോചിച്ച് മനസ്സ് നീറുകയും ഒപ്പം അവധിക്ക് വന്നു ഞങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നുവെന്നു ചിന്തിച്ച് വാപ്പയെ പോലെ ഒരു പിതാവിനെ കിട്ടാന്‍ ഞങ്ങള്‍ പുണ്യം ചെയ്തിരിക്കണമെന്നും അഭിമാനത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു.ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസം കഴിഞ്ഞു വാപ്പ നാട്ടില്‍ സ്ഥിരമായപ്പോഴേക്കും ഞങ്ങള്‍ മക്കള്‍ ആറു പേരും യു എ ഇ  യിലെ പ്രവാസികളായ് മാറിയിരുന്നു.എങ്കിലും വാപ്പ പ്രവാസിയായ സമയത്ത് സാധിക്കാതിരുന്ന വാപ്പാടെ ഒരു സ്വപ്നം ഞങ്ങള്‍  എല്ലാവരും ചേര്‍ന്നു പൂര്‍ത്തീകരിച്ചു. വാപ്പയേയും ഉമ്മയേയും  മൂന്നു മാസത്തെ വിസിറ്റിങ്ങില്‍ കൊണ്ട് വരികയും ഇവിടെ മുഴുവന്‍ ചുറ്റിക്കറങ്ങി കാണിക്കുകയും ചെയ്തത് വലിയ സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും കാണുന്നു. സൂര്യനെ പോലെ തഴുകിയുണര്‍ത്താന്‍ എന്റെ വാപ്പ എന്നും ഞങ്ങള്‍ക്കൊപ്പമില്ലായിരുന്നെങ്കിലും എന്റെ വാപ്പയെ തന്നെയാണെനിക്കിഷ്ടം..കാരണം ഞാനൊന്നു കരയുമ്പോള്‍ കാതങ്ങള്‍ക്കപ്പുറമിരുന്നുരുകുന്ന ഒരു മനസ്സിനുടമയാണെന്റെ  വാപ്പ....