
നൊമ്പരക്കനവുകള്‍
===================
പകല്‍ മാഞ്ഞതും അവസാനത്തെയാ
സാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.
കത്തിയമര്‍ന്ന ചില്ല തിരഞ്ഞമ്മക്കിളിയുടെ
തേങ്ങലൊരു നന്തുണി നാദമായലയവേ
പതിയെ മിടിക്കുന്നൊരാ നെഞ്ചിലേക്കാഴ്ന്നിറങ്ങി
മാതൃദുഃഖത്തിന്‍ മൂര്‍ച്ചയേറും വജ്രമുനകള്‍
രാവില്‍ നിന്നിറ്റ് വീഴും പാല്‍നിലാവ്
പഞ്ചാരമണലിലൊഴുകി പരക്കുമ്പോള്‍
ചുരന്നു കുതിരുന്നുണ്ടവളുടെ പാല്‍പല്ലിന്‍
ക്ഷതമേറ്റ അമ്മിഞ്ഞക്കണ്ണുകള്‍.
പിടിതരാതെ പതിയിരുന്നക്കങ്ങളെണ്ണും
കാണാമറയത്തിരിക്കുമുണ്ണിയെ തിരയാനായ്
സ്മരണകളുറങ്ങും ഇടനാഴിയിരുളിലവള്‍
ദിശയറിയാതെ പകച്ചു നിന്നു മൂകം
ഒരു മാത്ര അമ്മേയെന്ന വിളിക്കായ് വെമ്പിയ നേരം
ഓര്‍മ്മകളടക്കം ചെയ്ത മച്ചകത്ത് നിന്നും
ചിതറി വീണു മനതാരിലുരുവിട്ട
മനഃപ്പാഠമാക്കിയ പാല്‍ കൊഞ്ചലിന്നീരടികള്‍
അമ്മക്കിനാവിന്‍ വര്‍ണ്ണത്താളുകളില്‍
പിഞ്ചു വിരലിനാല്‍ കോറി വെച്ചോരാദ്യാക്ഷരം
വാടി നീര്‍വറ്റിയ മഷിത്തണ്ടിനാലാരോ മായ്ക്കുന്നു
കാലമത് വീണ്ടുമെഴുതുമെന്ന നിനവില്‍ .
ആരുമിനി വിതയ്ക്കാനില്ലെന്നറിഞ്ഞും
പെയ്യാനില്ലൊരു പെരുമഴക്കാലമെന്നറിഞ്ഞും
മണ്ണിന്‍ ഗര്‍ഭത്തില്‍ മുളപൊട്ടും വിത്തിനെ
മുലയൂട്ടാന്‍ കൊതിക്കുന്നുണ്ടൊരു ഗ്രീഷ്മമത്രേ .
എന്നോ നിലച്ചൊരു താരാട്ടിന്നീണം
ശ്രുതിയിടറി അവരോഹണം മൂളവേ
വഴിതെറ്റി വന്നൊരാ ഇലകൊഴിയും കാലം
ഋതുഭേദ കല്പ്പനക്കായ് കാതോര്‍ത്തിരിക്കുന്നു.









