Monday 5 September 2011

ആവണിയോര്‍മയില്‍


ആവണിയുടെ ആഗമനം വിളിച്ചോതി മുറ്റം നിറയെ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും ഓണപ്പൂവും വെളുക്കെ ചിരിച്ച് കൊണ്ട് വിടര്‍ന്നിരിക്കുന്നു.തൂക്കനാം കുരുവികള്‍ പൂവേ പൊലിയെന്നു പാടി കൊണ്ട് മുറ്റം മുഴുവന്‍ തത്തിക്കളിക്കുന്നു.ഓണതുമ്പികള്‍ അരളിപൂക്കളിലും ശംഖ്പുഷ്പത്തിന്റെ നെറുകയിലും ചെന്ന് കിന്നാരമോതുന്നു..ചിങ്ങപ്പുലരി കൂടുതല്‍ പ്രഭയോടെ കിഴക്കിന്‍ കരിമ്പടത്തിനുള്ളില്‍ നിന്നും നീല വാനത്തിലെ വെണ്‍ മേഘങ്ങള്‍ക്കൊപ്പം യാത്രയാരംഭിച്ചു.ഒരു പാട് വര്‍ഷങ്ങള്‍ക്കപ്പുറത്തെ പൊന്നോണത്തെ വെറുമൊരുല്‍സവമായിട്ടല്ല ഞങ്ങള്‍ കണ്ടിരുന്നത്..സന്തോഷത്തിന്റേയും ,സാഹോദര്യത്തിന്റേയും ,ഐശ്വര്യത്തിന്റേയും സത്യത്തിന്റേയും സന്ദേശമറിയിച്ചെത്തുന്ന ഒരവധൂതന്റെ സന്ദര്‍ശനത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്ന നിഷ്കളങ്ക ചിന്തയോടെയായിരുന്നു.
ഓണക്കാലത്തെ വരവേല്‍ക്കുന്നത് ഞങ്ങള്‍ കുട്ടികള്‍ ഓണപ്പരീക്ഷക്കൊപ്പവും മുതിര്‍ന്നവര്‍ ഓരോ വിളവെടുക്കുന്നതിലും കൂടെയായിരുന്നു..ഇന്നത്തെ പോലെ അന്നു മാവേലി സ്റ്റോറുകളോ ബിഗ്ബസാറുകളോ ഓണക്കാലക്കിഴിവുകളോ ഇല്ല..അതിന്റെ ആവശ്യകതയും  ഇല്ലായിരുന്നു.എല്ലാവരിലും ക്ഷേമം നല്‍കി കൊണ്ട് തന്നെയാണു ഓരോ ഓണവും പിറക്കുന്നത്.പിന്നെ ആര്‍ഭാഡങ്ങളിലോ അനാവശ്യചിലവുകളിലോ വരുമാനത്തെ ദുര്‍വ്യയം ചെയ്യാതെ തികച്ചും സന്തോഷവും ആമോദവും മാത്രം പ്രതീക്ഷിക്കുകയും  അനുഭവിക്കുകയും ചെയ്യുന്ന ഒരാഘോഷം ..ജാതി മത വംശ വര്‍ണ ഭേദമില്ലാതെ സമത്വത്തിന്റെ ഏഴു നിറങ്ങളും പൊലിപ്പിക്കുന്ന ഒരുല്‍സവം .
ഓണപ്പരീക്ഷക്ക് ശേഷം സ്കൂളുകള്‍ പത്ത് ദിവസത്തെ അവധിക്ക് അടച്ചിടും .അത്തം പിറക്കുന്നതോടെ പൂവട്ടികളുമായി ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാനായ് നേരം പുലരുന്നതും കാത്തിരിക്കുന്നു.കുഞ്ഞു വട്ടികള്‍ കൈത്തണ്ടയില്‍ കോര്‍ത്ത് കന്നാലി പറമ്പിലും കര്‍പ്പുട്ടിയുടെ തൊടിയിലും ഞങ്ങളൂടെ കുഞ്ഞു കണ്ണുകള്‍ കാക്കപ്പൂവും കാശിതുമ്പയും വെള്ള തുമ്പയും മുക്കുറ്റിയും തേടിയലയും .മഞ്ഞ നിറത്തിലുള്ള ഓണതുമ്പികള്‍ കൂട്ടത്തോടെ പാറി പറക്കുന്നത് മനോഹരമായ ഒരു ഓണക്കാഴ്ച്ച തന്നെയാണ്..അയല്‍പ്പക്കത്തെ ശങ്കരന്‍ മാസ്റ്ററുടെ വീട്ടിലെ രമ,ഷീജ.ബിന്ദു എന്നിവരും .മൂസക്കാടെ മകള്‍ ഖദീജയും സോപ്പുകാരുടെ വീട്ടിലെ ബല്‍ക്കീസും ഞാനും എന്റെ അനിയത്തി ഷഫിയും കാരയിലെ ഷീല,കര്‍പുട്ടിയുടെ മകള്‍ അജിത,ജോണേട്ടന്റെ മകള്‍  റോസ്മേരി അങ്ങനെ ഒരു പറ്റം  കൂട്ടുകാരായ ഞങ്ങളെല്ലാം ചേര്‍ന്ന് ശേഖരിച്ച പൂക്കള്‍ കൊണ്ടു വന്നു ഓരോരോ വീടുകളില്‍ അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ നടുവില്‍ കളിമണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരപ്പനെ വെച്ച് ചുറ്റിലും പൂക്കള്‍ കൊണ്ട്ട് മനോഹരങ്ങളായ പൂക്കളം ഒരുക്കുന്നു.
തെച്ചിയും അശോകപ്പൂക്കളും അടങ്ങിയ പൂക്കളത്തിനു നടുവില്‍ അമ്പത്തെ പാടത്തെ വെള്ളക്കെട്ടില്‍ വിരിഞ്ഞ് നില്‍ക്കുന്ന വെള്ളാമ്പലുകള്‍ പറിച്ചു കൊണ്ട് വന്നു വെക്കും. അതു ഞങ്ങളുടെ പൂക്കളത്തെ പരിശുദ്ധമാക്കുന്നു...തിരുവോണ ദിവസം എന്റെ വീട്ടിലും സദ്യയൊരുക്കും .സാമ്പാര്‍ , പുളിയൊഴിച്ച് വേവിച്ച കഷ്ണങ്ങളില്‍ തേങ്ങയും പച്ചമുളകും ചതച്ച് ചേര്‍ ത്ത് വെളിച്ചെണ്ണയും കറി വേപ്പിലയും ഇട്ടുണ്ടാക്കുന്ന അവിയല്‍ ,ലേശം മധുരത്തിന്റെ മേമ്പൊടിയോടെയുണ്ടാക്കുന്ന പുളിഞ്ചി,ഇളവനും ചേനയും നേന്ത്രക്കായും ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് കട്ടത്തൈരില്‍ തേങ്ങയും കുരുമുളകും ചേര്‍ത്തരച്ചുണ്ടാക്കുന്ന കുറുക്ക് കാളന്‍ ,വമ്പയറും ഇളവനും തേങ്ങാപ്പലില്‍ വേവിച്ചുണ്ടാക്കുന്ന ഓലന്‍ .മാമ്പഴം കിട്ടുന്നുവെങ്കില്‍ മാമ്പഴപുളിശ്ശേരി അല്ലെങ്കില്‍ കൈതച്ചക്ക പുളിശ്ശേരി,തേങ്ങ നല്ല പോലെ വെളിച്ചെണ്ണയില്‍ വറുത്ത് കടുകിട്ട് മൂപ്പിച്ച എരിശ്ശേരി,തൈരില്‍ പച്ചമുളകും കടുകും തേങ്ങയും ചേര്‍ത്തരച്ച് പൊടിയായി അരിഞ്ഞ വെള്ളരി പച്ചടി,എല്ലാ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടു കറി.ചെറിയ ഉള്ളികൊണ്ടുണ്ടാകുന്ന തീയല്‍,  തോരന്‍ ഉപ്പേരികള്‍ ഇങ്ങനെ പോകുന്നു സദ്യയുടെ രുചി ഭേദങ്ങള്‍ . .പാലടയും പരിപ്പ് പ്രഥമനും നാക്കിലയില്‍ ഒഴിച്ച് ചെറുപഴത്തിന്റേയും പപ്പടത്തിന്റേയും അകമ്പടിയോടെ കൂട്ടിക്കുഴച്ച് ഇടക്കൊക്കെ ലേശം പുളിഞ്ചി തൊട്ട് നാവില്‍ വെച്ച് സദ്യ മുഴുമിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ.
മുറ്റത്തെ ഗോമാവിലിട്ട ഊഞ്ഞാലില്‍ ആടാന്‍ ഞങ്ങളെല്ലാവരും മല്‍സരിക്കും .അവസാനം മുതിര്‍ന്നവര്‍ മേഡാസ് കളിയില്‍ ജയിക്കുന്നവര്‍ ക്ക് പരിഗണന നല്‍കും .പിന്നെ ഊഞ്ഞാലിലിരിക്കുന്ന ആളെ പിന്നില്‍ നിന്നൊരാള്‍  വെത്തിലക്കെട്ടെന്ന് പറഞ്ഞു ആഴത്തിലാട്ടും .വയറിനകത്ത് നിന്നും നെഞ്ച്ച് വഴി കണ്ണിലൂടെ ഭയം ഒരു മിന്നല്‍ പിണറിന്റെ വേഗത്തില്‍ മിന്നി മായും .ഇതിനിടയില്‍ തിരുവോണ ദിനത്തില്‍ അയല്‍ പ്പക്കത്തെ സ്ത്രീകള്‍ അവരുടെ രീതിയില്‍ കൈകൊട്ടിക്കളിയും കുമ്മിയടിച്ച് കളിയും നടത്തുമ്പോള്‍ പുരുഷന്‍മാരില്‍ ചുറുചുറുക്കുള്ളവര്‍ വടം വലിയും തലപ്പന്തു കളിയും കബഡിയും നാടന്‍ ശീലുകള്‍ക്കൊപ്പം കോലടിച്ച് കൊണ്ടുള്ള കോല്‍ക്കളിയും ആയി ആഘോഷത്തെ അവിസ്മരണീയമാക്കും .
ജാതിമതഭേദമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഈ ഒരുല്‍സവത്തെ അതിന്റെ പ്രൌഢിയോടേയും അന്തസ്സോടേയും കൊണ്ടാടാന്‍ ഞങ്ങളൂടെ നാട്ടില്‍ എല്ലാവരും ശ്രമിക്കാറുണ്ട്.മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യത്തേയും ,സമത്വത്തേയും ,സന്തോഷത്തേയും ഭരണത്തിന്റെ അടിത്തറയായി കണ്ടിരുന്ന ഒരു മഹാമനസ്കന്റെ ഓര്‍മക്കായ് ഒരു ദേശത്തെ ജനങ്ങളെല്ലാം ഒരു പോലെ കൊണ്ടാടുന്ന ഒരാഘോഷം ..ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും വിളവെടുപ്പുല്‍സവം കൂടിയാണു ഓണം .അന്നു ഞങ്ങളൂടെ ഗ്രാമത്തിലെ ഓലകൊണ്ടുണ്ടാക്കിയ സിനിമാ ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന ഓണച്ചിത്രങ്ങള്‍ കാണാന്‍ എല്ലാവരും ഉല്‍സാഹത്തോടെ സലീന ടാക്കീസിനു മുന്നില്‍ തടിച്ച് കൂടും .കടല്‍ കാണാന്‍ പോകുന്നവരും ഏറേ..വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസികളുടെ മാസങ്ങളോളം നീളുന്ന അവധിദിന ഓണാഘോഷങ്ങള്‍ എന്നെ പോലെ പലരേയും ആ പച്ച പുതച്ച പ്രദേശത്തെ ആഘോഷങ്ങളിലേക്ക് ഒന്നു കൂടെ എത്തി നോക്കാന്‍ പ്രേരിപ്പിക്കും .ഗൃഹാതുരത്വത്തിന്റെ വിങ്ങുന്ന കനലുകളില്‍ വീഴുന്ന ഉമിയെ പോലെ ഈ ഓര്‍മകള്‍ ;ഉള്ളില്‍ ആളാനാഗ്രഹിക്കുന്ന മധുര സ്മരണകളിലേക്ക് ഊര്‍ജമായ്. ഓരോ ആഘോഷങ്ങളും വര്‍ഷം തോറും വന്നു പോകുന്നു.വീണ്ടും വീണ്ടും കാത്തിരിപ്പിന്റെ നീളുന്ന വീഥികളില്‍ കണ്ണും നട്ട് അടുത്ത ആഘോഷത്തേയും ഉല്‍സവത്തേയും പ്രതീക്ഷിച്ച് .എന്റെ ഓണസ്മരണകള്‍ ഞാനയവിറക്കട്ടെ.....


1 comment: