Tuesday, 13 December 2011

ഒറ്റിന്റെ പുരാവൃത്തം :-

നിഷ്കളങ്കമായ നിന്റെ ഭാവങ്ങളില്‍
ഒരൊറ്റുകാരനൊളിഞ്ഞിരിപ്പുണ്ടെന്ന്
ഞാനറിഞ്ഞില്ല..
ആഴിയോളം അഗാധമായ കണ്ണൂകളിലോ
പരക്കുന്ന നിലാവു പോലുള്ള ചിരിയുടെ
ധവളിമയിലോ എനിക്കതറിയാനായില്ല...

വേട്ട മൃഗത്തിന്റെ ദംഷ്ട്രങ്ങളില്‍
നിന്നഭയം തേടി ഗുഹയിലൊളിച്ച
മാന്‍ പേടയെ ചിലപ്പിലൂടെ
കാട്ടി കൊടുക്കും ഗൌളിയെ പോലെ
നീ ഒറ്റുകയായിരുന്നു..

തിരമാലകളുടെ എണ്ണത്തേയും 
നക്ഷത്രങ്ങള്‍ തെളിയുന്ന വീഥികളെയും 
എണ്ണിതിട്ടപ്പെടുത്താനായാല്‍ 
അത്രത്തോളം വരുമെന്റെ സ്നേഹമെന്നു 
ഞാന്‍ നിന്നോട് ....

സ്പന്ദനങ്ങള്‍ക്ക് കൂട്ടാവാന്‍ 
കരാംഗുലികളെ കോര്‍ത്തിണക്കുമ്പോള്‍ 
കൈവെള്ളയിലനുഭവപെട്ട താപം 
ഊഷ്മളമായ സ്നേഹമെന്ന് ഞാനോര്‍ത്തു..

നിന്നോളമില്ലൊന്നുമെന്നിലെന്ന
നിന്റെ വാഗ്ദാനങ്ങള്‍ 
ഹൃദയ താളത്തിനൊപ്പം 
മിഴിയിലെ തുടിപ്പില്‍ പിടഞ്ഞു ..

മനസ്സിനുള്ളിലേക്ക് സുഷിരങ്ങളിട്ട് 
അടിത്തട്ടിലെ ലോലഭാവങ്ങളെ 
ഒളിഞ്ഞ് നോക്കുമ്പോഴും 
ആര്‍ദ്ര വികാരങ്ങളിലെ 
പ്രണയ രേണുക്കളെ കുത്തു വാക്കാല്‍ 
ചികഞ്ഞെടുക്കുമ്പോഴും 
അറിഞ്ഞില്ല ഞാന്‍ 
നിന്നിലെ ഒറ്റുകാരനാണിതിനു 
പിന്നിലെന്ന്..

മുഖയാടയഴിച്ച് ശുഭരാത്രിയോതി 
നീയെന്നെ ശാന്തമായുറക്കാന്‍ 
തിടുക്കപെട്ടപ്പോഴും അറിഞ്ഞില്ല ഞാന്‍ 
കരുത്തുറ്റ കരവല്ലിയിലെന്റെ 
ജീവിതം മയങ്ങുമ്പോള്‍ 
ശിരസ്സിനെ ഉടലില്‍ നിന്നറുത്ത 
വൈദഗ്ധ്യത്തിന്റെ ചടുലത..

8 comments:

 1. സ്പന്ദനങ്ങള്‍ക്ക് കൂട്ടാവാന്‍
  കരാംഗുലികളെ കോര്‍ത്തിണക്കുമ്പോള്‍
  കൈവെള്ളയിലനുഭവപെട്ട താപം
  ഊഷ്മളമായ സ്നേഹമെന്ന് ഞാനോര്‍ത്തു..

  നല്ല വരികള്‍

  ആ ഒറ്റുകാരന്‍ മനസ്സാണോ?

  ReplyDelete
 2. വളരെ സൂക്ഷമതയോടെ ജീവിക്കെണ്ടിയിരിക്കുന്നു.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 3. തിരമാലകളുടെ എണ്ണത്തേയും
  നക്ഷത്രങ്ങള്‍ തെളിയുന്ന വീഥികളെയും
  എണ്ണിതിട്ടപ്പെടുത്താനായാല്‍
  അത്രത്തോളം വരുമെന്റെ സ്നേഹമെന്നു
  ഞാന്‍ നിന്നോട് ....
  ആധുനിക യുഗത്തിലെ മേലാപ്പന്മാരായ വികാര വിചാരങ്ങളെ മനോഹരമായി വരഞ്ഞു വെച്ചിരിക്കുന്നു ....

  ReplyDelete
 4. നമ്മള്‍ ഒറ്റുകൊടുക്കുന്നത് നമ്മേ തന്നെയല്ലേ...

  ReplyDelete
 5. ഇഷ്ടായി ..ആശംസകള്‍ ..

  ReplyDelete
 6. വല്ലാത്ത ക്രൂരതയാണിത്. അഭയമെന്നു കരുതിയൊളിച്ചയിടത്തും ഒറ്റുകാരന്റെ കിരാതത്തം. ഭൂമിയുടെ ഗര്‍ഭപാത്രമാണ് ഗുഹ.. ഒരുപക്ഷെ, പുനര്‍ജ്ജനി കൊതിച്ചു ലോകവും അങ്ങോട്ടാണ് യാത്രയാകുന്നത്. ദിവ്യജ്ഞാനം വെളിവാകുന്നതും അറിയിക്കപ്പെടുന്നതും അതെ രഹസ്യ അറയില്‍ നിന്നുമാണ്.
  പേടിയാണെനിക്ക്: ചന്തമേഴും വായ്‌ വഴക്കങ്ങളെ.. ആത്മാവില്ലാ ഉടലുകളെ...

  ReplyDelete
 7. ഭാവനയുടെ അഗാഥ തലങ്ങളിലേക്കു ഊളിയിട്ടിറങ്ങുന്ന ചിന്തകൾ. അസുലഭമായൊരു മേഖലയിലേക്കു കടന്നു വന്നെന്ന പ്രതീതി ഉണർത്തുന്നു.. ഇതു വരെ കണ്ടെത്താൻ കഴിയാതെ പോയ ഒരു സ്വർണ്ണ ഖനി ഞാൻ കണ്ടെത്തിയിരിക്കുന്നു. നന്ദി. അസൂയാവഹമായ ഒരു കഴിവാണു ഇവിടെ കാണുന്നതു. ദയവുണ്ടായി ഒരു കോപ്പി എനിക്കു കൂടി ബ്ലൊഗിൽ സെറ്റിങ്സിൽ മാർക്ക് ചെയ്യുമൊ?

  ReplyDelete