Friday 10 February 2012

കവിത പ്രണയമാപിനിയുടെ പരാജയം :-


പ്രണയമാപിനിയുടെ പരാജയം :-

ശൂന്യമായൊരു മനസ്സുമായ്
നിന്നെത്തേടിയെന്റെ യാത്ര തുടരുന്നു..
ഈറത്തണ്ടിലൂടൊഴുകുന്ന ഈണത്തില്‍
നന്തുണിയിലുതിരുന്ന നാദത്തില്‍
മണ്‍വീണയില്‍ മുഴങ്ങിയ രാഗത്തില്‍ ..
കേള്‍ക്കാനായില്ല്ല നിന്നെ 
നിശ്ശബ്ദതയുറങ്ങുന്ന അകത്തളത്തിലെ
മച്ചകത്തില്‍ പോലും ......

നിന്റെ കാല്പ്പാദ മുദ്രകളെത്തേടി
ഞാനലഞ്ഞു...
മണല്‍ക്കാടിന്റെ സാന്ദ്രതയില്‍
മരീചിക നല്കും ആര്‍ദ്രതയില്‍
മണല്‍ കാറ്റിന്റെ ആരവത്തില്‍
മരുപ്പച്ചയില്‍ ഒഴുകും തെളിനീരില്‍ ....
നിന്റെ ഹൃദയത്തില്‍ നിന്നുതിരുന്ന
മിടിപ്പിന്റെ താളം പോലുമെനിക്ക-
റിയാനായില്ല....

നിന്റെ മിഴികളിന്‍ പ്രകാശത്തെ തേടി
രാവിന്‍ നിഗൂഢതയിലേക്കിറങ്ങി ..
നിശാഗന്ധിയുടെ ഇതളുകളില്‍
രാപ്പക്ഷികളുടെ ചിറകടിയില്‍
കവരങ്ങളില്‍ മയങ്ങിയ ഇരുളില്‍
ഓളങ്ങളിലലിഞ്ഞ നിലാവില്‍
നിന്റെ ഉള്‍ക്കാഴ്ച്ചയുടെ പ്രതിഫലനം ​
പോലുമെനിക്ക് കാണാനായില്ല...

നിന്റെ അദൃശ്യ സാമിപ്യത്തിന്‍
സ്വേദഗന്ധമറിയാനായ് വന്നു ഞാന്‍
മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മാറില്‍
ഇലകളില്‍ തിളങ്ങുന്ന കിരണങ്ങളില്‍
പുല്‍നാമ്പിലമര്‍ന്ന ഹിമകണങ്ങളില്‍
മലരിന്‍ അധരത്തിലെ പരാഗരേണുവില്‍ 
അനുഭവിച്ചതില്ലെങ്ങുമേ
എന്റെ  പ്രാണനില്‍ നിന്നകന്ന
പ്രണയമേ നിന്നെ....

5 comments:

  1. നല്ല വരികള്‍ കുറുഞ്ഞി ആശംസകള്‍

    ReplyDelete
  2. കവിത തുളുമ്പുന്ന കവിത, നന്നായി .

    ReplyDelete
  3. ശൂന്യമായൊരു മനസ്സുമായ്
    നിന്നെത്തേടിയെന്റെ യാത്ര ഞാന്‍ തുടരുന്നു..

    ഇഷ്ടപ്പെട്ടു.

    ReplyDelete