Tuesday 14 February 2012

പറയാതെ പോയ പ്രണയത്തിന്റെ ഓര്‍മക്ക്...

                                                                                                                               (Image Courtesy:Google) 


പിന്‍ നിലാവിനെ സാക്ഷിയാക്കി ഞാനിതെഴുതുന്നത് ഇനിയൊരിക്കലും എനിക്കതിനായില്ലെങ്കിലോ എന്നു കരുതിയാണ്..പരിധിയും പരിമിതികളുമില്ലാത്ത ഒരു ലോകത്തായിരുന്നു ഞാന്‍ നിന്നെ പ്രണയിച്ചിരുന്നത്..ആ പ്രണയത്തെ ഉപമിക്കാനോ നിര്‍വചിക്കാനോ എനിക്കാവില്ല.. നിന്നോടത് പറയുന്നില്ലെങ്കില്ലും ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു..എനിക്ക് പൊലും അറിയാത്ത ഭാഷയില്‍ ..ഉരുകുന്ന ഹൃദയത്തിന്റെ വേദനയുടെ സാഗരത്തില്‍ ഞാനാറാടുമ്പോഴും നിന്റെ കണ്ണില്‍ നോക്കിയത് പറയാന്‍ എനിക്കാവുന്നില്ലല്ലോ പ്രിയേ...


ചിതറിയ ആള്‍കൂട്ടത്തില്‍ ഒരു പ്രണയതുരുത്ത് ഞാന്‍ കണ്ടെത്തുകയായിരുന്നു..നിന്റെ മൌനം എന്നിലേക്കൊരു തീയായ് ആളിപ്പടരുമ്പോള്‍ എന്റെ ഉള്ളിലെ പ്രണയത്തിനു അക്ഷരങ്ങളിലൂടെ ജീവനുണ്ടാകുന്നു..ഒരു പ്രാര്‍ത്ഥന പോലെയത്..പരമാര്‍ത്ഥത്തിന്റെ കണികയില്‍ ആ ചൈതന്യം എനിക്കനുഭവിക്കാനാകുന്നു..നിലാവിനേയും നിഴലിനേയും കാഴ്ച്ചക്കാരാക്കി ഞാനിതെഴുതുമ്പോഴും ഇനിയൊരിക്കലും നീ തിരിച്ചറിയാതെ പോകുന്ന എന്റെ പ്രണയം അതു മണ്ണടിയാതിരിക്കട്ടെ എന്നു കരുതിയാണ്...പ്രണയത്തെ കാലങ്ങളുടെ ദൂരത്തായാലും ,ആഴിയുടെ അഗാധതയിലായാലും ഒരു നിശ്വാസത്തിന്റെ സാമിപ്യം പോലെ അറിയാനാകുമെന്ന് നീയെന്നെ പഠിപ്പിച്ചു..പ്രണയത്തെ തേടി ഞാനലഞ്ഞപ്പോള്‍ വരണ്ട ഭൂമിയുടെ മാറിലേക്കിറ്റു വീണ മഴത്തുള്ളിയുടെ കിലുക്കം അതായിരുന്നു നിന്റെ സാമിപ്യത്തില്‍ ഞാനനുഭവിച്ചത്..തികച്ചും അപരിചിതങ്ങളായ പാതയിലൂടെയായിരുന്നു ഞാന്‍ സഞ്ചരിച്ചിരുന്നത്..


ഒമര്‍ ഖയ്യാം തന്റെ പ്രണയചഷകം ചുണ്ടോടുപ്പിക്കാന്‍ കാണിക്കുന്ന ത്വരയോടെ ഞാന്‍ നിന്റെ വഴികളില്‍ നിന്നേയും കാത്ത് ...വേനല്‍ച്ചൂടിന്റെ കാഠിന്യമോ ശൈത്യത്തിന്റെ മഞ്ഞു പാളികളോ എന്നെ പിന്തിരിപ്പിച്ചില്ല..നീയെന്റെ പ്രണയം തിരിച്ചറിഞ്ഞെങ്കിലെന്ന് മോഹിച്ച് ഞാനെങ്ങൊ ഇരുന്നെഴുതുന്നു.ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു പ്രകൃതിയിലെ പ്രണയങ്ങള്‍ ..കാറ്റിന്റെ പ്രണയം മേഘങ്ങളോടും ,മഴയുടെ പ്രണയം ഭൂമിയോടും ..ഇലയുടെ പ്രണയം വെയില്‍ നാളങ്ങളോടുമെന്ന്..എന്നിട്ടും നീയെന്റെ പ്രണയം തിരിച്ചറിയാതെ ..അതോ അറിയുന്നില്ലെന്നു നീ നടിക്കുകയോ...ഇന്നു ലോകം പ്രണയത്തിനായ് ആണ്ടിലെ ഒരു ദിനം മാറ്റി വെക്കുമ്പോള്‍ പ്രിയേ നിനക്ക് നഷ്ടമാകരുതെന്ന് ഞാനാഗ്രഹിക്കുന്നത് നമ്മുടെ ഗതകാല പ്രണയ കാഴ്ച്ചപ്പാടുകളാണ്..ഒരു ദിവസമല്ലായിരുന്നു ഞാന്‍ നിന്നെ ഓര്‍ത്തിരുന്നത്..ഓരോ നിമിഷത്തിലും ജീവന്റെ തന്മാത്രയിലും ഞാനതനുഭവിച്ചിരുന്നു.


എള്ളു വിളഞ്ഞ് കിടന്നിരുന്ന വയല്‍ വരമ്പിലും ,കുളക്കോഴികള്‍ കൂടു കൂട്ടിയിരുന്ന നീരോലി പൊന്തയിലും കൈതപൂത്തിരുന്ന പുഴയുടെ തീരത്തും കവിയുടെ മനസ്സില്‍ കിടന്നു വീര്‍പ്പു മുട്ടുന്ന പദങ്ങളെ പോലെ എന്റെ പ്രണയം നിന്നെ കാത്ത് നിന്നിരുന്നു....ഇനിയും ഞാനിത് നിന്നോട് പറഞ്ഞില്ലെങ്കില്‍ ...കാലം നമ്മോട് ചെയ്ത അനീതിയായ് ഞാനീ തിരിച്ചറിയാത്ത പ്രണയത്തെ കാണുന്നു..ഇരുട്ടും ശൈത്യവും ഇണചേര്‍ന്നു കിടന്നിരുന്ന ജീവിതത്തിന്റെ ഇടനാഴിയിലെവിടെയോ ആയിരുന്നു എനിക്ക് നിന്നെ നഷ്ടമായത്..മജ്നുവെന്ന് വിളിക്കപെട്ട് മാലോകര്‍ക്ക് മുന്നിലെ പരിഹാസപാത്രമാവാന്‍ ഞാന്‍ തുനിയാതിരുന്നത് നിന്നോടുള്ള തീവ്രാനുരാഗം കൊണ്ടായിരുന്നു.. ഒരു മങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്നെഴുതിയിരുന്ന പ്രണയകുറിപ്പുകളില്‍ പാലപ്പൂക്കള്‍ പെറുക്കി വെച്ച് എന്റെ പ്രണയത്തെ ഞാന്‍ അനശ്വരമാക്കി..മേഘശകലങ്ങളില്‍ ദൂത് തന്നു നീയിരിക്കുന്ന അജ്ഞാതമായിടത്തേക്കയക്കാന്‍ ഞാനൊരു യക്ഷനായെങ്കിലെന്ന് ആഗ്രഹിച്ചു.പ്രണയസ്മാരകങ്ങള്‍ പണിത് ഇല്ലാതിരുന്ന പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്ന് വാഴ്ത്തപ്പെടുന്നതൊന്നും അങ്ങനെയായിരുന്നില്ലല്ലോ പ്രിയേ..നിനക്ക് വേണ്ടി സ്മാരകങ്ങള്‍ പണിയാന്‍ പലര്‍ക്കും പങ്കു വെച്ച മനസ്സുള്ള ഒരു ചക്രവര്‍ത്തിയല്ലല്ലോ ഞാന്‍ ..എന്റെ മരണശേഷം എന്റെ ശിരസ്സിനടുത്ത് വെക്കുന്ന സ്മാരകശിലായായിരിക്കും എന്റെ പ്രണയത്തിന്റെ തിരുശേഷിപ്പ്..


ജീവിത സായഹ്നത്തിന്റെ ശോണരേണുക്കള്‍ എന്നെ പൊതിഞ്ഞിരിക്കുന്നു..പ്രിയേ ഇനിയും ഞാനിത് പറയാതിരുന്നാല്‍ എനിക്കെന്നോട് പൊറുക്കാനാവില്ല..പൌര്‍ണ്ണമിയില്‍ ഞാനാഗ്രഹിച്ചിരുന്നു ഒരു നിലാവായ് നിന്റെയരികിലെത്തിയെങ്കില്‍ ..ഇളം കാറ്റായ് വന്നു നിന്റെ ചെവിയില്‍ എന്റെ പ്രണയമന്ത്രം ഓതിയെങ്കില്‍ ...ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം ആഴിയും ആകാശവും പോലെ.അനന്തമായ വിഹായസ്സിലെ കോടാനുകോടി ഗോളങ്ങള്‍ എല്ലാം ദൃഷ്ടി ഗോചരമാവില്ലെങ്കിലും ചിലതെല്ലാം ഭൂമിയിലെ മണല്‍ത്തരികള്‍ക്കു പോലും ദൃശ്യസാദ്ധ്യമായത്..ആഴിയിലെ വിസ്മയങ്ങളൊ നിഗൂഢവും .എന്റെ പ്രണയം ഗോചരമായിരുന്നു..നിഗൂഢമായതെന്തോ നിന്നിലുണ്ടെന്നതെന്റെ തോന്നലോ...ഞാനിന്നൊരു സഞ്ചാരിയാണ് .ചരിക്കേണ്ട പാതയുടെ നീളമോ ദിശയോ അറിയാതെ സഞ്ചരിക്കുന്നു..മറവിയെന്നെ വിഴുങ്ങുന്നതിനു മുന്പെങ്കിലും ഞാനിത് നിന്നോട് പറഞ്ഞില്ലെങ്കില്‍ ....

8 comments:

  1. മനോഹരമായ വാക്കുകളാല്‍ മനോഹരമായൊരു പ്രണയക്കുറിപ്പ്‌ ...തീവ്രാനുരാഗം ഓരോ വരികളിലും സ്പഷ്ടം. പറഞ്ഞതോ മധുരതരം..പറയാനുള്ളതോ അതിമധുരം ...പറയാതെ പോയ അനുരാഗം അതിന്റെ മുഴുവന്‍ തീവ്രതയോടെ പറഞ്ഞിരിക്കുന്നു..പദങ്ങളെ ഇങ്ങനെ മനോഹരമായി ഉപയോഗിക്കല്‍ സാജിദാത്തയുടെ കഴിവ് തന്നെ ..ഇഷ്ടായി...ഒരുപാട്..:)

    ReplyDelete
  2. ജീവിത സായഹ്നത്തിന്റെ ശോണരേണുക്കള്‍ എന്നെ പൊതിഞ്ഞിരിക്കുന്നു..പ്രിയേ ഇനിയും ഞാനിത് പറയാതിരുന്നാല്‍ എനിക്കെന്നോട് പൊറുക്കാനാവില്ല.
    സൌന്ദര്യമുള്ള എഴുത്ത്‌.

    ReplyDelete
  3. ഞാനിന്നൊരു സഞ്ചാരിയാണ് .ചരിക്കേണ്ട പാതയുടെ നീളമോ ദിശയോ അറിയാതെ സഞ്ചരിക്കുന്നു..മറവിയെന്നെ വിഴുങ്ങുന്നതിനു മുന്പെങ്കിലും ഞാനിത് നിന്നോട് പറഞ്ഞില്ലെങ്കില്‍ ....

    ReplyDelete
  4. ഇന്നു ലോകം പ്രണയത്തിനായ് ആണ്ടിലെ ഒരു ദിനം മാറ്റി വെക്കുമ്പോള്‍ പ്രിയേ നിനക്ക് നഷ്ടമാകരുതെന്ന് ഞാനാഗ്രഹിക്കുന്നത് നമ്മുടെ ഗതകാല പ്രണയ കാഴ്ച്ചപ്പാടുകളാണ്.

    ReplyDelete
  5. പ്രണയത്തിന്‍റെ മാസ്മരിക സൌന്ദര്യം വഴിഞ്ഞൊഴുകുന്ന എഴുത്ത്.. മനോഹരം.

    ReplyDelete
  6. എന്നുമെപ്പോഴും പ്രണയത്തിലാവാന്‍.. സ്വയം നഷ്ടപ്പെട്ടും പ്രണയത്തിലായിരിക്കാന്‍ സാധിച്ചെങ്കിലെന്നാശ. ഈ പ്രണയാക്ഷരങ്ങള്ക്കെന്റെ സ്നേഹം.

    ReplyDelete
  7. വീണ്ടും സഫലീകരിക്കാത്ത ഒരു പ്രണയം കൂടി ആശംസകള്‍

    ReplyDelete
  8. ഈ പിന്‍നിലാവ്‌ എന്താണെന്ന് പറഞ്ഞു തരാമോ.. അജ്ഞത ക്ഷമിക്കുമല്ലോ..

    ReplyDelete