Monday, 18 June 2012

അനുഭവങ്ങള്‍ .. കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-
================================

"അതേയ്..ഞാനൊരു കാര്യം പറയേണ്..ഇഞ്ഞിക്കിവടെ നിക്കാന്‍ പറ്റില്ലട്ടാ"....പകല്‍ മുഴുവന്‍ ഓഫീസിലെ കണക്കുകളോട് മല്ലടിച്ച് മാസാന്ത്യത്തിലെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയപ്പോഴേക്കും വരാതിരിക്കട്ടെ എന്നു മനസ്സാ ആഗ്രഹിച്ച എന്റെ സന്തത ശത്രു മൈഗ്രേന്‍ ഇടത്തെ ചെന്നിയില്‍ തന്റെ ശൂലം കുത്തിയിറക്കി രസിക്കുന്നതും ആസ്വദിച്ച് ഞാനെന്റെ സ്വീകരണ മുറിയിലെ സോഫയില്‍ കുഷനില്‍ മുഖമമര്‍ത്തി ഇരിക്കുമ്പോഴാണ്. ഈ അപ്രതീക്ഷിത പ്രഖ്യാപനവുമായ് എന്റെ സഹായി കുഞ്ഞീവി അങ്ങോട്ട് വന്നത്..ഇതു കേട്ട് പെട്ടെന്നു തലയുയര്‍ത്തിയതും ചെന്നിയിലെ കുത്തിന്റെ ശക്തി കൂടിയതിനെ കൈകൊണ്ടമര്‍ത്തി ചോദ്യരൂപത്തില്‍ ഞാനവളെ ഒന്നു നോക്കി...തന്റെ പരുപരുത്ത ശബ്ദം ഉച്ചസ്ഥായിയിലാക്കി  കുഞ്ഞീവി  പറയാന്‍ തുടങ്ങി."ഇന്നോടാര്‍ക്ക ഇത്ര വിരോധം ..ഇപ്പൊ വന്നു വന്നു ഇന്റെ നിസ്കാരകുപ്പയവും മുസായബുമൊക്കെയാണ്..കേട് വരുത്തുന്നത്"..ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.."ആരു കുഞ്ഞീവി..നിന്റെ സാധനങ്ങള്‍ ഇവിടെ ആരു നശിപ്പിക്കുന്നുവെന്നാണു പറയുന്നത്".ഞങ്ങളാരും അവളുടെ സാധനങ്ങളിരിക്കുന്ന മുറിയിലേക്ക് കയറാറില്ലല്ലോ എന്നു ചിന്തിച്ച് ഞാന്‍ ചോദിച്ചു. "ആരെയാ നീ സംശയിക്കുന്നത്."...ഇതു പറഞ്ഞ് തീരുമ്പോഴേക്കും കുഞ്ഞീവി തന്റെ നിസ്കാര കുപ്പായവും മുസായഫുമായി എന്റെയടുത്തേക്ക് വീണ്ടും വന്നു.നാലര അടി മാത്രം ഉയരമുള്ള അവളുടെ നീളമുള്ള നിസ്ക്കരകുപ്പായത്തിന്റെ അടിഭാഗം ഇത്തിരി കീറിയിട്ടുണ്ട്..നീളന്‍ കയ്യിന്റെ അറ്റവും പിഞ്ഞിയിട്ടുണ്ട്...അത്ര പഴക്കമില്ലാത്തൊരു കുപ്പയമാണിത്....മുസായഫ് സാധരണ പത്രക്കടലാസു കൊണ്ടാണു പൊതിഞ്ഞിരിക്കുന്നത്..കയ്യിലെ ജലാംശം പേജുകള്‍ മറിക്കുമ്പോള്‍ ഉണ്ടാകുന്ന പടരുന്ന മഷിയുടെ കരി പേജിന്റെ ധവളിമ കെടുത്തിയിരിക്കുന്നു...ഞാന്‍ സാവധാനത്തില്‍ കുഞ്ഞീവിക്ക് വിവരിച്ച് കൊടുത്തു.."ഇതാരും മനഃപൂര്‍വം കേട് വരുത്തിയിട്ടുള്ളതല്ല..നിന്റെ കാലിലും കയ്യിലും വുളു എടുക്കുമ്പോള്‍ പറ്റുന്ന നനവു മൂലമാണു കുപ്പായം പിഞ്ഞിയതും ഓതുന്ന നേരത്ത് കയ്യിലെ വിയര്‍പ്പ് മൂലം മുസായഫ് കേടാവുന്നതും ..ഇതു സര്‍വസാധാരണമാണു..ആര്‍ക്കും സംഭവിക്കാവുന്നത്"....ഞാനിതു പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീരോടെ തുടങ്ങി വീണ്ടും ...

"അല്ല ഇവിടെ ജിന്നുണ്ട്..ഞാന്‍ ഉറങ്ങുമ്പൊ കാണലുണ്ട്.ഞാം പറയുമ്പൊ ഇങ്ങ വിശ്വസിക്കുല്ല..ഞാന്‍ മുമ്പും പറഞ്ഞണ്ട്..അന്നൊന്നും ഇങ്ങനെ മനുശ്യനെ എടങ്ങറാക്കേര്‍ന്നില്ല..ഇതിപ്പൊ..ഇങ്ങക്കറിയോ ഞാന്‍ രാത്രി  കഴുകി വെച്ച മിക്സിടെ സ്ക്രൂവൊക്കണ്ട് കാലത്തു നോക്കുമ്പൊ അഴിച്ചിട്ടിരിക്കണു..പിന്നെ അള്ളാന്തന്നെ ഞാന്‍ മുറുക്കി വെച്ച പ്രെശ്ശര്‍ കുക്കറ്ന്റെ പിടീണ്ട് അയ്യും കോലും വേര്‍തിരിച്ചിക്കണ്..ദോശചട്ടീടെ മൂട് അടിച്ച് പരത്തീട്ട്ണ്ട്.തന്നെല്ല എന്നും രാത്രി അടുക്കളയില്‍ ഞാനതു നടക്കുന്നതും ഓടൂന്നതും കാണാറുണ്ട്"..

ഒട്ടൊരു വിസ്മയവും അതിലേറെ തമാശയും എനിക്കത് കേട്ടപ്പോള്‍ തോന്നി..അടങ്ങി നില്ക്കാന്‍ വിസമ്മതിച്ച ചിരിയോടെ ഞാനത് പ്രകടമാക്കുകയും ചെയ്തു..രൂക്ഷമായെന്നെ ഒന്നു നോക്കിയിട്ട് കുഞ്ഞീവി വീണ്ടും കണ്ണടച്ചാല്‍ അടുക്കളയില്‍ നടമാടുന്ന ജിന്നിന്റെ ദുരുദ്ദേശങ്ങളില്‍ ആകുലയാവാന്‍ തുടങ്ങി..എല്ലാം  വെറും തോന്നലുകളാണെന്നെത്ര മനസ്സിലാക്കി കൊടുത്തിട്ടും  ഇതൊക്കെ ജിന്നിന്റെ വിളയാട്ടങ്ങളാണെന്ന തന്റെ നിഗമനത്തില്‍ ഉറച്ച് തന്നെ നില്ക്കുകയാണ്.അരമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ എന്റെ മൈഗ്രേന്‍ കൂട്ടിയതും പോര എന്റെ സഹായി എന്നോട് മിണ്ടാതിരിക്കാനും തുടങ്ങി...

അത്താഴത്തിനു ശേഷം ഞാന്‍ വീടിനു ചുറ്റും പൊയൊന്നു നോക്കി..മുന്‍വശത്തേയും പിന്‍വശത്തേയും വാതിലുകള്‍ ഭദ്രമല്ലെ എന്നു ശ്രദ്ധിച്ചു....എന്റെ ഈ അമിതവും അസാധാരണവുമായ മുന്‍ കരുതലുകള്‍ കണ്ട് ഭര്‍ത്താവു  ചോദ്യചിഹ്നത്തോടെ വന്ന നേരത്ത് ഞാനദ്ദേഹത്തോടൊരു സംശയം ചോദിച്ചു.."അല്ല ജിന്നുകള്‍ ശരിക്കും മനുഷ്യനെ ഉപദ്രവിക്കുമോ."..ഇല്ലാത്ത ഗൌരവം നടിച്ച് അദ്ദേഹം പറഞ്ഞു നിന്റെ സ്വഭാവത്തിനു ഒരു പക്ഷെ അങ്ങനേയും പ്രതീക്ഷിക്കാം .ഈ തമാശയെ അതിന്റെ വഴിക്ക് വിട്ടു ഞാന്‍ പറയാന്‍ തുടങ്ങി.."ഞാനെന്റെ കാര്യമല്ല നമ്മുടെ കുഞ്ഞീവിയുടെ കാര്യമാണു പറയുന്നത്."....ഉയര്‍ന്ന ഗേറ്റും അതിലും പൊക്കമുള്ള മതിലും    ചൂണ്ടിക്കൊണ്ട് ഞാന്‍ വീണ്ടും എന്റെ ഭര്‍ത്താവിന്റെ ക്ഷമയെ പരീക്ഷിച്ചു..ഈ മതിലോ ഗേറ്റൊ ചാടി മനുഷ്യരോ അല്ലെങ്കില്‍ ജിന്നുകളൊ നമ്മുടെ വീട്ടിലേക്ക് കയറുമോ..ഇവളെന്താ ബുദ്ധിശൂന്യമായ് സംസാരിക്കുന്നതെന്ന സംശയം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ മറുപടി."ആരെങ്കിലും നമ്മള്‍ പൂട്ടിയിരിക്കുന്ന മുന്‍ വാതില്‍ തുറന്നു കൊടുത്താല്‍ ചാടുന്നവര്‍ ആരായാലും വീട്ടിനുള്ളില്‍ കയറും "....ഉള്ളില്‍ തോന്നിയ ദേഷ്യത്തെ ഭരിച്ച വേവലാതിയോടെ ഞാന്‍ കുഞ്ഞീവിയുടെ അനുഭവങ്ങള്‍ അദ്ദേഹത്തിനു വിവരിച്ചു കൊടുത്തപ്പോള്‍ എന്നെ നോക്കി ഒരു പരിഹാസത്തോടെ ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചു."നീയിതൊക്കെ വിശ്വസിക്കുന്നുണ്ടോ"..."എന്റെ അവിശ്വാസത്തേക്കാള്‍ കുഞ്ഞീവിയുടെ വിശ്വാസമാണിവിടെ പ്രധാനം" ..ഞാന്‍ പറഞ്ഞു.."എന്നാലും നിനക്ക് ജിന്നിവിടെ നില്ക്കുന്നു എന്നു തോന്നുണുണ്ടോ?"..ഈ സന്ദേഹത്തിന്റെ മുനമ്പില്‍ ആ സംഭാഷണത്തിനു തല്ക്കാലം ഞാനൊരു വിരാമമിട്ടു....ദേഹവും മനസ്സും ഒരു പോലെ അസ്വസ്ഥമായതു കൊണ്ടോ എന്തോ എനിക്കാ രാത്രിയില്‍ മുറ്റത്ത് നിന്നു കൊണ്ട് ജിന്നിനെ കുറിച്ച് സംസാരിക്കാന്‍ ഒരു സങ്കോചം തോന്നിയത് കൊണ്ട്പതുക്കെ ഞാന്‍ അകത്തെക്ക് വലിഞ്ഞു..

ഉറങ്ങാന്‍ കിടക്കുമ്പോഴും കുഞ്ഞീവിയുടെ മനോനിലയെ കുറിച്ചാണു ഞാന്‍ ആകുലതൊടെ ചിന്തിച്ചത്..പന്ത്രണ്ട് വര്‍ഷമായി അവര്‍ ഞങ്ങളോടൊപ്പം ..ഇതിനു മുന്‍പ് പത്തു കൊല്ലത്തോളം വേറൊരു വീട്ടില്‍ ഞങ്ങള്‍ താമസിക്കുമ്പോഴും ഈ ജിന്നിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്..രാത്രിയില്‍ അവളുടെ ദേഹത്തിനു മുകളിലൂടെ പാദങ്ങള്‍ തൊടുവിക്കാതെ നീങ്ങുന്ന വെളുത്ത നീളന്‍ വസ്ത്രം ..നിസ്കാരിച്ചിരിക്കുന്ന അവളുടെ അടുത്ത് വെള്ള ളോഹയണിഞ്ഞ് നിന്ന ജിന്ന്...വീട്ടിലാരുമില്ലാത്തപ്പോള്‍ അപസ്വരങ്ങളുണ്ടാക്കി പേടിപ്പിക്കുന്ന ജിന്ന്....അടുക്കളയിലെ മസാലപ്പൊടികളിലും അരിപ്പൊടിയിലും എന്തിനു ചോറു വെക്കുന്ന അരിയില്‍ വരെ  ഈര്‍ പ്പമുള്ള സ്പൂണിടുന്ന ജിന്ന്...രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഈ ജിന്ന് വിശേഷം കുഞ്ഞീവിയെന്നോട് പറയാറുണ്ട്...അതൊക്കെ വെറും തോന്നലുകളാണെന്നു ഞാനെത്ര പറഞ്ഞാലും തന്റെ കണ്ണിനെയോ ചിന്തയേയോ അവിശ്വസിക്കാന്‍ അവള്‍ക്കാവില്ല ..ഇതിനിടയില്‍ നാട്ടില്‍ പോയ കുഞ്ഞീവിയേതോ മുസ്ലിയാരുടെ അടുത്ത് പോയപ്പോള്‍ ഇവളുടെ ജിന്നിനെ കുറിച്ചയാള്‍ പറഞ്ഞുവത്രെ.ജിന്നുകള്‍ അലയുന്ന സ്ഥലമാണതെന്നും  ആ വീട്ടില്‍ മുന്‍പ് ഒരു കടും മരണം നടന്നിട്ടുണ്ട് എന്നും അറിയിച്ചുവത്രെ....മരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാനവളെ തിരുത്തി..അറബികള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നു പറഞ്ഞ്..പക്ഷെ പിന്നീട് വീടിന്റെ മുതലാളി അറബിയുടെ സഹായിയും വാടകപിരിക്കാന്‍ നടക്കുന്നവനുമായ ആളോട് ആത്മഹത്യയെ കുറിച്ച് എന്റെ ഭര്‍ത്താവു ചോദിച്ചപ്പോള്‍ അയാളും അതു സമ്മതിച്ചു..വര്‍ഷങ്ങള്‍ക്ക് മുന്പ് ആ വീട്ടിലെ മനോരോഗിയായിരുന്ന അറബി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നു..ഒരമ്മയും മകനും മാത്രമായിരുന്നു അവിടുത്തെ താമസക്കാര്‍ ..പിന്നീട് ഈ വീട് ഇപ്പോഴത്തെ ഉടമസ്ഥനു വില്ക്കുകയായിരുന്നു..അവിടെ താമസമാക്കി ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണു ഞാനീ വിവരം അറിയുന്നത്.ഇതിനിടയില്‍ ഒരിക്കല്‍ പോലും അസാധാരണമായ് എനിക്കൊന്നും അവിടെ അനുഭവപെട്ടിട്ടില്ല..പക്ഷെ കുഞ്ഞീവിയുടെ മുസ്ലിയാര്‍ ഇതറിഞ്ഞത് എന്നില്‍ ഇപ്പോഴും ദുര്‍ഗ്രഹമായ് നില്ക്കുന്നു..
ആ വീടിനു തൊട്ടപ്പുറത്ത് ഈന്തപ്പനകള്‍ തിങ്ങി നില്ക്കുന്ന ഒരു തോട്ടമാണ്..ഉച്ച നേരത്തും അവിടെ ഇരുട്ടായിരിക്കും ..ഞങ്ങളുടെ വില്ലയുടെ മതിലിനപ്പുറമാണീ സ്ഥലം ..കുഞ്ഞീവിക്ക് ജിന്നുകളുടെ സംഗമ സ്ഥലം അതാണെന്ന് സംശയം തോന്നിയതില്‍ കുറ്റം പറയാനാവില്ല..അങ്ങോട്ട് നോക്കുന്ന ആര്‍ക്കും എന്തോ ഒരു ദുരൂഹത മയങ്ങുകയാണവിടെ എന്നു തോന്നും ..ആ കാലത്ത് മകന്‍ ഒരു നായയെ വീട്ടില്‍ വളര്‍ത്തിയിരുന്നു.കാസ്പെര്‍ എന്നു പേരുള്ള ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്...അതിന്റെ കൂട് ഈ മതിലിന്നരികിലായാണുള്ളത് ..രാത്രി നേരത്ത് ഇവനെ കൂട്ടില്‍ നിന്നും പുറത്തേക്ക് വിടും ..ചില പാതിരാത്രികളില്‍ ഇവന്‍ വീടിനു ചുറ്റും വല്ലാത്തൊരു മോങ്ങലോടെ ഓടുന്നത് കേള്‍ക്കാറുണ്ട്..കുഞ്ഞീവിയുടെ നിരീക്ഷണത്തില്‍ അതു ജിന്നിനെ കണ്ടോടുന്നതാണ്. ഞാന്‍ പറയാറുണ്ട് മതിലിനു മുകളില്‍ ഇരുന്നു ഇവനെ വെറി പിടിപ്പിക്കുന്ന ഏതെങ്കിലും പൂച്ചയെ കണ്ടിട്ടാവും അതെന്നു..ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞീവിയുടെ മുഖം വീര്‍ക്കും ..അവള്‍ പറയുന്നതൊന്നും എനിക്ക് വിശ്വാസമില്ലെന്നു പറഞ്ഞ് സങ്കടപ്പെടും ..ഇങ്ങനെയൊക്കെ ജിന്നു പലതരത്തില്‍ കുഞ്ഞീവിയുടെ ജീവിതത്തില്‍ വന്നിരുന്നെങ്കിലും ഒരു വര്‍ഷമായ് ഞങ്ങള്‍ താമസിക്കുന്ന ഈ വീട്ടിലെ ജിന്നു കുറച്ച് കൂടി സജീവവും ശല്യവുമായാണല്ലോ സൌഹാര്‍ദ്ദം കാണിക്കുന്നത് എന്നു കൌതുകത്തോടെ ഊറി വന്ന ചിരിയെ അടക്കി ഞാന്‍ ചിന്തിച്ചു..അടുക്കളയിലേക്ക് ജനലില്‍ കൂടെ മതിലിന്നപ്പുറത്തെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മുറ്റത്തെ ആര്യവേപ്പിന്റെ ചില്ലകളും യൂക്കാലി മരത്തിന്റെ ഇലകളും കാറ്റിലുലയുന്നതിന്റെ നിഴല്‍ കുഞ്ഞീവിയുടെ മുറിയുടെ വാതില്‍ പാളിയിലൂടെത്തി നോക്കുന്നതിനെ ജിന്നിന്റെ നൃത്തമായ് കാണുന്നതാവും അവള്‍ എന്ന സമാധാനത്തില്‍ ഞാനീ ജിന്നിനെ തളച്ചു .പക്ഷെ ഇതൊക്കെ എങ്ങനെ വിശദീകരിച്ചാലും കുഞ്ഞീവിക്ക് ആശ്വാസമേകുന്ന ഒന്നാവില്ല..ഒരിക്കലെന്നോട് ജിന്നിന്റെ വിളയാട്ടത്തെ അവള്‍ ഉപമിച്ചത് ജിംബൂബയോടായിരുന്നു..അന്നു സത്യത്തില്‍ അതാരാണെന്നെനിക്ക് മനസ്സിലായില്ല..പിന്നെ നയത്തിലവളോട് ചോദിച്ചപ്പോഴാണ്.അതു അലവുദ്ദീന്റെ അദ്ഭുത വിളക്കില്‍ നിന്നും വരുന്ന ഭൂതമാണെന്ന് പറഞ്ഞത്..കുഞ്ഞീവി അവളുടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കുന്നത് അടുക്കളയില്‍  സ്ഥാപിച്ചിട്ടുള്ള റ്റിവിയില്‍ ഏഷ്യാനെറ്റ് എന്ന ചാനല്‍ മാത്രം കണ്ടുകൊണ്ടാണ്..അതിലെ എല്ലാ സീരിയലുകളും കഥാപാത്രങ്ങളും അവള്‍ക്ക് മനഃപ്പാഠമാണ്..

അലസമായ മനസ്സിന്റെ വികലമായ ഭാവനകളാണിതെന്നും നിനക്കിവിടെ നില്ക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിന്നാല്‍ മതിയെന്നുമൊക്കെ എനിക്ക് പറയാം.. പക്ഷെ ഞാനിതൊക്കെ കണ്ടില്ലെന്നു വെച്ച് എനിക്കുള്‍ക്കൊള്ളാനാവാത്ത അവളുടെ അന്ധവിശ്വാസങ്ങളെ ഇടക്കൊക്കെ ശരിയാകാം എന്നു സമ്മതിക്കുന്നതിനു കാരണം ചില മാനുഷിക പരിഗണന കൊണ്ടു മാത്രമാണ്..കുഞ്ഞീവി ഞങ്ങളുടെ വീട്ടിലേക്ക് ഒരംഗമായ് വരുന്നതിനു മുന്‍പ് അവളനുഭവിച്ച മാനസികവ്യഥകള്‍ ഇത്തരം സ്പര്‍ദ്ധകളെ മാറ്റി വെപ്പിച്ച് അവളോടുള്ള എന്റെ ദീനാനുകമ്പ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമായ്....ബുദ്ധി ഇത്തിരി പിന്നോക്കമാണെങ്കിലും ആള്‍ മിടുക്കിയാണ്.കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷം സ്വന്തം അനിയത്തിയുമായ് ഓടിപ്പോയ ഭര്‍ത്താവില്‍ നിന്നും തന്റേടത്തോടെ വിവാഹമോചനം നേടി സ്വയം അധ്വാനിച്ച് വീട് പുലര്‍ത്തുകയും  മകനെ വളര്‍ത്തി വലുതാക്കുകയും ഞങ്ങളുടെ സഹായത്തോടെ ജോലിയോട് കൂടിയ വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടു വരികയും അവനു ഇരുപത്തിമൂന്നു വയാസാവുമ്പോഴേക്ക്കും വിവാഹം കഴിപ്പിക്കുകയും ചെയ്തു ജീവിത സമരങ്ങളെ ഒറ്റക്ക് തന്നെ നേരിട്ട കുഞ്ഞീവി  ;ഇനിയൊരു പുരുഷനേയും തന്റെ കൂടെ വാഴിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ച് ലോകത്തെ മൊത്തം പുരുഷന്മാര്‍ക്കും ഊരു വിലക്ക് ഏര്‍പ്പെടുത്തിയ പഠിപ്പോ പത്രാസോ ഇല്ലാത്ത കുഞ്ഞീവിയുടെ മനഃസ്ഥൈര്യത്തെ ഞാനദ്ഭുതത്തോടെ കണ്ടു.പുരുഷന്മാരെ തീണ്ടപ്പാടകലത്തില്‍ നിര്‍ത്തി തലങ്ങും വിലങ്ങും കത്തിയെറിയുന്ന ഫെമിനിസ്റ്റാണവളെന്നെനിക്ക് തോന്നാറുണ്ട്..യൌവനത്തില്‍ ഭര്‍ത്താവിന്റെ സുരക്ഷിതത്വവും പരിലാളനയും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ അഗാധതയില്‍ മയങ്ങുന്ന അവളുടെ കാമനകള്‍ .. കണ്ണീര്‍ പുഴകളുടെ ഉറവയായ റ്റെലിവിഷന്‍ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളോട് തന്റെയുള്ളിലെ സ്ത്രീയെ താദാത്മ്യം ചെയ്യാന്‍ തുനിയുന്നതിന്റെ മങ്ങിയ പ്രതിഫലനമാകാം ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്ന മിഥ്യാധാരണയെന്ന മനസ്സിന്റെ പ്രതിഭാസത്തില്‍ കിടന്ന് മധ്യവയസ്സ് കഴിഞ്ഞ കുഞ്ഞീവി ഉഴലുന്നത്...നാട്ടിലേക്ക് പോകാനിഷ്ടമില്ലാത്ത കുഞ്ഞീവി ഇടക്കൊക്കെ ഞങ്ങളുടെ സഹതാപം പിടിച്ച് പറ്റാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഞാന്‍ മനഃപ്പൂര്‍വ്വം വകവെച്ച് കൊടുക്കുന്നു..തന്റെ കയ്യില്‍ നിന്നും പറ്റുന്ന എല്ലാ അബദ്ധങ്ങളും അറിഞ്ഞോ അറിയാതെയോ അവള്‍ ജിന്നിന്റെ തലയില്‍ കെട്ടി വെച്ച് ആ ജിന്നു അവളെ ഇവിടെ നിന്നും നാടു കടത്താന്‍ നടത്തുന്ന ശ്രമങ്ങളാണിതൊക്കെയെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുകയാണു ഇതിലൂടെ. മനുഷ്യന്റെ ഇത്തരം മാനസികവ്യാപാരങ്ങള്‍ അവരുടെ മനോനിലയില്‍ മാത്രമല്ല ചിലപ്പോഴൊക്കെ സ്ഥിരം ഇതു തന്നെ കേള്‍ക്കുന്നവരുടെ മാനസിക സന്തുലിതാവസ്ഥയെ നിര്‍വീര്യമാക്കി അവരുടെ ക്ഷമയേയും കെടുത്തുന്നു..ഒരു വേള അവരും ചിന്തിച്ച് പോകും ദൃഷ്ടികള്‍ക്ക് മുന്നില്‍ വരാത്ത ജിന്നുകള്‍ നമുക്ക് മുന്നില്‍ സ്വൈര്യ വിഹാരം നടത്തുന്നു എന്നു പ്രത്യേകിച്ചും ജിന്നുകള്‍ക്ക് പേരുകേട്ട ഈ മരുഭൂമിയില്‍ .......

6 comments:

 1. പകുതി വരെ ഇന്റ്രസ്റ്റിംങ്ങ് ആയ കഥയായി തോന്നിയെങ്കിൽ ബാക്കി ഒരു ലേഖനം ആയിപ്പോയി... എന്നാലും നന്നായിരുന്നു

  ReplyDelete
 2. ജിന്നുചരിതം പറഞ്ഞ് രസമാക്കി കുഞ്ഞീവിയുടെ മനോബലത്തില്‍ കൊണ്ട് വന്ന് നിര്‍ത്തിയത് നന്നായിട്ടുണ്ട് കേട്ടോ. മാത്രമല്ല, കുഞ്ഞീവിയ്ക്ക് കൊടുക്കുന്ന ഇടത്തിലൂടെ താങ്കളുടെയും സന്മനസ്സ് കാണുന്നു. ആശംസകള്‍

  ReplyDelete
 3. തന്റെ കയ്യില്‍ നിന്നും പറ്റുന്ന എല്ലാ അബദ്ധങ്ങളും അറിഞ്ഞോ അറിയാതെയോ അവള്‍ ജിന്നിന്റെ തലയില്‍ കെട്ടി വെച്ച് ആ ജിന്നു അവളെ ഇവിടെ നിന്നും നാടു കടത്താന്‍ നടത്തുന്ന ശ്രമങ്ങളാണിതൊക്കെയെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുകയാണു ഇതിലൂടെ.

  അപ്പോള്‍ കുഞ്ഞീവി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന് കരുതാം അല്ലെ? കുഞ്ഞിവിയുടെ മനസ്സ്‌ ഇവിടെ നില്‍ക്കണം എന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും കരുതാം.

  ReplyDelete
 4. ആരു പറഞ്ഞ് ജിന്നൊന്നും ഇല്ലാന്ന്, കേട്ടില്ലെ മുജാഹിദുകാര്‍ തമ്മിലുള്ള അടി...ഇവരിങ്ങനെ തുടങ്ങിയാല്‍ പാവം ജിന്നുകള്‍ എന്തു ചെയ്യും..
  നമ്മള്‍ പറയുന്നതൊക്കെ അനുസരിക്കണ ഒരു ജിന്ന് ഉണ്ടായിരുന്നെല്‍ എന്ത് രസായേനെം.

  ReplyDelete
 5. കുഞ്ഞീവിയുടെ വിഹ്വലതകള്‍ നന്നായിരിക്കുന്നു.
  സ്വയം സൃഷ്ടിച്ച ഏകാന്തതയില്‍ തന്‍റെ ഏകചങ്ങാതിയായി കല്‍പ്പിച്ച ജിന്നിനെ പഴിപറയുന്നത് വിവരിക്കുമ്പോള്‍ കുഞ്ഞീവിയുടെ മനസ്സിലെ നിരാലംബതയെക്കുറിച്ചുള്ള ഭയവും അത് വഴി ഉണ്ടായ നിസ്സഹായതയും വരച്ചു കാട്ടുന്നു.

  ReplyDelete
 6. വിശ്വസ്തയും, നിപുണയുമായ മറ്റൊരു കുഞ്ഞുബീവിയെ കണ്ടെത്താനുള്ള പ്രയാസം, അവരുടെ മനോവ്യാപാരങ്ങള്മായി അബോധമായെന്കിലും താദാത്മ്യം പ്രാപിക്കാന്‍ ലേഖികയെ നിര്‍ബന്ധിതയാക്കുന്നു എന്ന് വേണം കരുതാന്‍..:)

  ReplyDelete