Thursday, 6 December 2012

മൂളിപ്പറക്കുന്ന ബൂമറാങുകള്‍ :-(Aussie memoir part 2)മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്....


വി ആര്‍ സോറി....വി സേ സോറി..രണ്ടായിരത്തി എട്ട് ഫെബ്രുവരി പതിമൂന്നിനു ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ അന്നത്തെ  പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റഡ്ഡിന്റെ മാപ്പിരക്കല്‍ ; ചരിത്രത്താളുകളില്‍ ഇടം നേടിയ ഒരസാധാരണ പ്രഖ്യാപനമായിരുന്നു ആയിരക്കണക്കിനു അബോര്‍ജിനലുകള്‍ക്ക് മുന്നില്‍  അന്നു നടത്തിയത് .ഒരു മനുഷ്യകുലത്തിന്റെ   അഥവാ ഒരു സംസ്ക്കൃതിയുടെ അവശേഷിച്ച തലമുറയെ ഇല്ലാതാക്കിയതിലുള്ള ഒരു രാഷ്ട്രത്തിന്റെ ക്ഷമാപണം നടത്തലായിരുന്നു അന്നു ദൃശ്യ ശ്രവ്യ പത്രമാധ്യമങ്ങളിലൂടെ ലോകം സാക്ഷ്യമായത്..നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് നടത്തിയ അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നിരിക്കെ ഇന്നു ലോകത്ത് വംശനാശം സംഭവിച്ച ഒരു ആദിമ വര്‍ഗ്ഗം ഭൂമുഖത്തു നിന്നും ഭാഗികമായെങ്കിലും  ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ കാരണമായ് വര്‍ത്തിച്ച തങ്ങളുടെ മുന്‍തലമുറക്കാരുടെ തലക്ക് പിടിച്ച സാമ്രാജ്യത്വ വെറിയുടെ ലഹരി ;ക്രൂരതയില്‍ പൊതിഞ്ഞ വെട്ടിപിടിക്കലിന്റെ ചരിത്രം ;വെറുമൊരു മാപ്പു പറച്ചിലിലൂടെ മായ്ക്കാന്‍ കഴിയുന്നതായിരുന്നില്ല ആ ഇരുണ്ട പുരാവൃത്തം ..                                         

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കരാളഹസ്തം പന്ത്രണ്ട് കപ്പല്‍ പടയോടെ മഞ്ഞുയുഗത്തോടെ ഇന്‍ഡോന്യേഷ്യയില്‍ നിന്നും വേര്‍പെട്ട് കഴിഞ്ഞിരുന്ന ഭൂഖണ്ഡമായ ഓസ്ട്രേലിയയില്‍ ക്യാപ്റ്റന്‍ കുക്കിന്റെ നേതൃത്വത്തില്‍ വന്നിറങ്ങുമ്പോള്‍ അന്നു വരെ ലോകത്തിന്റെ ശ്രദ്ധയില്‍ നിന്നകന്നു കഴിഞ്ഞിരുന്ന ഒരു ഭൂപ്രദേശം പരിഷ്കാരത്തിന്റെ കാല്പ്പാദങ്ങളെ മനസ്സറിഞ്ഞോ അറിയാതേയോ നെഞ്ചേറ്റുകയായിരുന്നു..ആ സ്വീകരണത്തിനു പിന്നീട് ലാഭവും നഷ്ടവും തൂങ്ങുന്ന ഒരു തുലാസിന്റെ ധാര്‍ഷ്ട്യം ഉണ്ടായിരുന്നു.തികച്ചും ഏകപക്ഷീയമായ ഒരു ലാഭത്തിന്റെ ഭാരത്തെ താങ്ങി നഷ്ടക്കണക്കിനെ കാറ്റില്‍ പറ ത്തിയ ധാര്‍ഷ്ട്യം .അന്നവിടെ കണ്ടവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ ക്ഷണിക്കപ്പെടാതെയെത്തിയ അതിഥികള്‍ സംശയിച്ചു പോലും .. ഒരു ആദിമവര്‍ഗ്ഗമായ അബോര്‍ജിനലുകള്‍ എന്ന ആദിവാസികള്‍ വല്ലത്തൊരങ്കലാപ്പോടേയായിരുന്നു തങ്ങളുടെ അതിഥികളെ അന്നു എതിരേറ്റത്..ആ ഭൂപ്രദേശത്തിന്റെ നാനാസാധ്യതകള്‍ മനസ്സിലാക്കിയ ഇംഗ്ലീഷുകാര്‍ അവിടെ തമ്പടിച്ചതിനെ സംശയിക്കേണ്ടതില്ല...യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനും പുതിയൊരു സാമ്രാജ്യം വികസിപ്പിക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പിന്തിരിപ്പന്‍ മൂരാച്ചികളായ് എത്തിയ കുറച്ച് തദ്ദേശിയരായ അബോര്‍ജിനലുകളെ ഇല്ലാതാക്കാനും ശേഷിച്ചവരുടെ കുഞ്ഞുങ്ങളെ സംസ്കാരമുള്ളവരാക്കാന്‍ എന്നും പറഞ്ഞ് അമ്മമാരില്‍ നിന്നും പിടിച്ചെടുത്തു കൊണ്ടു പോയതുമൊക്കെ ഒരു കറുത്ത അടയാളമായി ഓസ്ട്രേലിയന്‍ ചരിത്രത്തിന്റെ ഏടുകളില്‍  വിശ്രമിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം പുതു തലമുറകള്‍ ഇങ്ങനെയൊരു ക്ഷമാപണം നടത്തുന്നതില്‍ അതിശയിക്കാനില്ല.പെര്‍ത്ത് നഗരത്തിന്റെ പുലര്‍ക്കാഴ്ച്ചയില്‍ പ്രഭാത സവാരിക്കൊപ്പം ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ വൈവിധ്യങ്ങളും രുചിക്കാം എന്നുദ്ദേശിച്ചിറങ്ങിയ ഞങ്ങള്‍ കണ്ട ഒരു കാഴ്ച്ചയാണു ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഒരു പുനര്‍വായനക്കവസരം ആഗ്രഹിക്കാതെ മയങ്ങുന്ന ഒരു മഷിപ്പകര്‍ച്ചയായ് കാണുന്ന കയ്പ്പ് നിറഞ്ഞ സത്യത്തെ മുഖവുരയായി പറയേണ്ടി വന്നതിനു കാരണമായത്.നഗരത്തില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സ് ; സെന്ട്രല്‍ ഏരിയാ ട്രാന്‍സ്പ്പോര്‍ട്ട് (ക്യാറ്റ് എന്നു ഓമനപ്പേര്)തികച്ചും സൌജന്യമാണ്...സര്‍ക്കാറിനു ലഭിക്കുന്ന നികുതിവരുമാനത്തില്‍ നിന്നും  പൊതുജങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനുള്ള നിരവധി സൌജന്യ സേവനങ്ങളിലൊന്നാണു ഈ ബസ്സ് സര്‍വീസുകള്‍ .നഗരത്തിനുള്ളിലനുഭവപ്പെടുന്ന ഗതാഗത തിരക്കിനെ നിയന്ത്രിക്കാനും , വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മൂലമുള്ള വായു മലിനീകരണത്തെ കുറയ്ക്കാനും സര്‍ക്കാറിന്റെ ഈ സേവനത്തെ ഉപയോഗപ്പെടുത്താന്‍ വാഹനങ്ങളുള്ളവരും വാഹനമില്ലാത്തവരോടൊപ്പം ബസ് സ്റ്റോപ്പുകളില്‍ പത്തു മിനിട്ടിടവിട്ട് വരുന്ന ക്യാറ്റിനെ കാത്തു നില്ക്കുന്നത് ഒരു പതിവ് ദൃശ്യം .വീട്ടില്‍ നിന്നും കാറില്‍ പെര്‍ത്ത് സിറ്റിയിലെത്തി വാഹനത്തെ പാര്‍ക്ക് ചെയ്തതിനു ശേഷം പിന്നീടുള്ള സിറ്റി ടൂറിനു ഈ സൌജന്യ യാത്രയാണ്.ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്.പാതയോരങ്ങളില്‍ നില്ക്കുന്ന മേപ്പിള്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ പ്രഭാത സൂര്യന്റെ ഇളം നാളങ്ങള്‍ വീഥികളെ സ്വര്‍ണ്ണവര്‍ണ്ണമണിയിക്കുന്നുണ്ട്.വൃശ്ചികക്കാറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ആഞ്ഞുലഞ്ഞ് വീശുന്ന കാറ്റിന്റെ കുസൃതിയില്‍ ഞങ്ങള്‍ നാട്ടിലാണുള്ളതെന്നു തോന്നി.ഏകദേശം നമ്മുടെ നാടിന്റെ ഹരിതാഭയും ഇന്ഫ്രാ സ്ട്രക്ച്ചറും .വളരെ വൃത്തിയുള്ള (ഒരു വിദൂര സ്വപ്നമാണെങ്കിലും ) കേരളം പോലെ .


                                           view of Perth city

നഗരത്തിന്റെ മധ്യത്തില്‍ വൃക്ഷങ്ങളും പുല്ത്തകിടികളും പൂന്തോപ്പുകളുമൊക്കെയായ് ഒരു വിശ്രമസ്ഥലമുണ്ട്..നടക്കാനിറങ്ങുന്നവരും കൂട്ടം കൂടി സംസാരിക്കനെത്തുന്നവരുമൊക്കെയുണ്ടെങ്കിലും കൂടുതലും ഈ സ്ഥലത്തെ പ്രയോജനപ്പെടുത്തുന്നത് അവിടുത്തെ ആദിവാസികളായ അബോര്‍ജിനലുകളാണു..സര്‍ക്കാര്‍ നല്കിയ ഭവനങ്ങളുണ്ടെങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുകയെന്ന പൈതൃക ശീലത്തില്‍ നിന്നും മാറാനാഗ്രഹമില്ലാതെ തിന്നും കുടിച്ചും തൊഴിലെടുക്കാനാഗ്രഹമില്ലാത്ത ഇക്കൂട്ടര്‍ ഇതൊക്കെ തങ്ങളുടെ ജന്മവകാശം എന്നുള്ള ചിന്തയില്‍   അലസജീവിതം നയിക്കുന്നവരാണ്..മദ്യ ലഹരിയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ പുലഭ്യം പറഞ്ഞു കൊണ്ടൊരുത്തന്‍ ആകാശം നോക്കി കിടക്കുന്നുണ്ട്..വേറെ ചിലര്‍ കാര്യമായെന്തൊക്കെയോ അവരുടെ ഭാഷയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.രാത്രിയും പകലും ഇങ്ങനെ തെരുവുകളില്‍ മദ്യപിച്ചും വഴക്കിട്ടും കുത്തഴിഞ്ഞ സാമൂഹ്യ ജീവിതം നയിക്കുന്ന അബോര്‍ജിനലുകളില്‍ ചിലരെങ്കിലും ഉത്തമ കുടുംബ ജീവിതം നടത്തുന്നവരായുണ്ട്...വളരെ പുരാതനവും പ്രാചീനവുമായ ഒരു സംസ്ക്കൃതിയുടെ തലമുറകള്‍ എങ്ങനെ ഇത്തരം ജീവിതത്തിന്നടിമകളായെന്നു ചിന്തിച്ചാല്‍ പല കാരണങ്ങളും കിട്ടും .ആഴ്ച്ച തോറും സര്‍ക്കാരില്‍ നിന്നും തൊഴില്ലാലായ്മ വേതനം (ഡോല്‍ )കിട്ടുന്നതിനാല്‍ തൊഴില്‍ ചെയ്യാനവരെ അഥോറിറ്റീസ് പ്രേരിപ്പിച്ചാലും അവര്‍ക്കൊരു ജോലിയും ചെയ്യാനിഷ്ടമില്ല തന്നെ.ലഭിക്കുന്ന പെന്‍ഷന്‍ മദ്യത്തിനും മയക്ക മരുന്നിനും ചൂതാട്ടത്തിനും ചിലവാക്കി കയ്യിലുള്ളതൊക്കെ തീരുമ്പോള്‍ പിന്നെ ശാപവാക്കുകളെറിഞ്ഞ് സര്‍ക്കാരിനെ പഴിച്ച് തെരുവുകളില്‍ കഴിയുന്ന ഈ നായാടി വര്‍ഗ്ഗം (നോമാഡ്) ഗതകാലത്തിന്റെ ആത്മീയതയെ സ്മരിച്ച് ജീവിതത്തെ തുലയ്ക്കുന്നവരാണ്..

അബോര്‍ജിനലുകളുകളുടെ ചരിത്രമെടുത്താല്‍ ..മന്‍ഗോമന്‍ എന്ന ആദിമ മനുഷ്യകുലവും അബോര്‍ജിനലുകളും ആണു ലോകത്തെ ഏറ്റവും പുരാതന മനുഷ്യര്‍ എന്ന അവകാശത്തിന്നുടമകള്‍ ..നാല്പ്പതിനായിരം വര്‍ഷത്തോളം പഴക്കം അബോര്‍ജിനല്‍ വംശത്തിനും അവരുടെ സംസ്ക്കാരത്തിനുമുണ്ട്..ഇന്ന് വളരെ ന്യൂനപക്ഷമായ(ഒരു ലക്ഷം മാത്രമുള്ള ജനസംഖ്യ) ഇവരുടെ ആയുസ്സിന്റെ വലിപ്പവും പരിഷ്കൃത മനുഷ്യരെ അപേക്ഷിച്ചു തുലോം കുറവാണു ..40-45 വയസ്സിനുള്ളില്‍ ദുശ്ശീലങ്ങള്‍ക്കടിമപെട്ടും മാറാവ്യാധികളുടെ പിടിയിലകപ്പെട്ടും  ഇവരുടെ ആയുസ്സ് ഒടുങ്ങുന്നു.ഇവരുടെ വംശത്തെ നിലനിര്‍ത്താനും  ജനസംഖ്യ കൂട്ടി മരണസംഖ്യ കുറക്കാനുമായ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.അതിനു വേണ്ടി പ്രത്യേക മിഷനുകള്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്..ഇവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി  ഓസ്ട്രേലിയല്‍ ഗവണ്മെന്റ് നടത്തുന്ന അശ്രാന്ത പരിശ്രമം പക്ഷെ പാഴായി പോകുകയാണു പതിവു..ഒരു പാട് ആനുകൂല്യങ്ങളും വിദ്യഭ്യാസ നയങ്ങളും തൊഴിലുറപ്പ് പദ്ധതികളുമൊക്കെ ഉണ്ടെങ്കിലും അലസരായി ജീവിക്കാന്‍ ഒരുമ്പെട്ട് നടക്കുകയാണെങ്കില്‍ പിന്നെ ദൈവത്തിനു  പോലും അവരെ രക്ഷിക്കാനാവില്ലല്ലോ.. പിടിച്ച് പറീയും മോഷണവും സാമാന്യം നല്ല തോതില്‍ ഇവര്‍ ചെയ്തു വരുന്നു..കുറ്റം പിടിക്കപ്പെട്ടാല്‍ ജയിലിലെ ലോക്കപ്പില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ജനാലക്കിപ്പുറമിരുന്നു രാത്രി മുഴുവന്‍ കണ്ണീരൊഴുക്കി പാട്ടു പാടണമെന്നത് അബോര്‍ജിന്‍ കുടംബ നിയമം അഥവാ പാലിച്ചില്ലെങ്കില്‍ അവള്‍ക്ക് ശിക്ഷയും കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ പീഡനം ഉറപ്പ് ;വിരളമായെങ്കിലും ഇന്നും നിലനില്ക്കുന്ന ഒരു പ്രാകൃതാചാരം ആണിത് ..

വളരെ വിചിത്രവും അസാധാരണവുമായ അബോര്‍ജിന്‍ വിശ്വാസങ്ങള്‍ നമ്മളെ അദ്ഭുതപ്പെടുത്തും .. അവരുടെ കുലത്തിന്റെ ഉദ്ഭവം അവരുടെ ഭാഷ്യത്തില്‍  ഭൂമി പിളര്‍ന്നെത്തിയ അരൂപികളായ ദിവ്യാത്മാക്കള്‍ വൃക്ഷങ്ങളുടേയും പക്ഷി മൃഗാദികളുടേയും മനുഷ്യരുടേയും രൂപമെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാലപ്നിക യുഗം അഥവാ കിനാക്കാലം (ഡ്രീം ടൈം )ഈ പേരിലാണു അവരുടെ യുഗപ്പിറവിയെ വിശേഷിപ്പിക്കുന്നത്..ഏതു സ്ഥലരാശിയിലാണൊരു ഗോത്രം ജന്മമെടുക്കുന്നത് അവിടെ ഒരു പ്രത്യേക ദിവ്യാത്മാവിന്റെ സ്പര്‍ശവും സാമിപ്യവും അവര്‍ അനുഭവിക്കുന്നു..ഓരോ വ്യക്തിയും ഓരോ ബിംബങ്ങളുടെ വക്താക്കളായ് സ്വയം പ്രഖ്യാപിക്കുന്നു.ഈ പ്രതീകങ്ങള്‍ കാട്ട് നായയോ,കംഗാരുവോ.എമുവോ,നാഗമോ ഉറുമ്പോ ആകാം ..ഒരു വ്യക്തിയില്‍ തുടങ്ങുന്ന ആ പ്രതീകപരമ്പര പിന്നീട് തലമുറകളുടെ പിന്തുടര്‍ച്ചയില്‍ നിലനില്ക്കുന്നു.ഭ്രൂണാവസ്ഥ മുതല്‍ ശിശു ഈ ദിവ്യാത്മാവിന്റെ അദൃശ്യ സാമിപ്യം അനുഭവിക്കുന്നു എന്നാണവരുടെ വിശ്വാസം ..ലിപിയില്ലാത്ത പ്രാചീന സംസാരഭാഷയാണു ഇവരുടെ മുന്‍ തലമുറകള്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്നത്..എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒരു വരയിലൂടെ പോലും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത അബോര്‍ജിന്‍ ചരിത്രം വായ്മൊഴിയിലൂടെയാണു തലമുറകളിലേക്ക് പകരുന്നത്..ദിവ്യാത്മാക്കളെന്നു വിശ്വസിക്കുന്ന പ്രതീകങ്ങളെ ചുറ്റിപറ്റിയുള്ള കഥകള്‍ അവര്‍ സങ്കല്പ്പിച്ചുണ്ടാക്കുന്ന കാല്പ്പനികതകള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഊടും പാവുമായ് തുന്നിചേര്‍ക്കാന്‍ കഴിയാത്ത ആധുനിക യുഗത്തിന്റെ കാഴ്ച്ചപ്പാടില്‍ വെറും അന്ധവിശ്വാസങ്ങള്‍ ..ഓരോ മനുഷ്യ രാശിക്കും പറയാന്‍ കാണുമായിരിക്കും ഇത്തരം സങ്കല്പ്പത്തില്‍ പൊതിഞ്ഞ വിശ്വാസങ്ങള്‍ ..

എല്ലാം ഒരു വിശ്വാസമെന്നു പരിഷ്കൃതരായ നമുക്ക് സമാധാനിക്കാം ..കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ പുതു തലമുറയിലെ ചില അബോര്‍ജിനലുകള്‍ യൂറോപ്യന്‍ സമൂഹവുമായ് കുടുംബ ബന്ധം സ്ഥാപിക്കുകയും കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കുകയും ചെയ്യുന്നുണ്ട്.ഗാനങ്ങളിലൂടേയും നൃത്തരൂപങ്ങളിലൂടേയും ഈ കിനാക്കഥകള്‍ (ഡ്രീം സ്റ്റോറീസ്) ഇവര്‍ പ്രചരിപ്പിക്കുന്നു..ഇവരുടെ സംഗീതം മനോഹരമാണ്..ഈറക്കുഴല്‍ , ജിമ്പെ എന്ന ഡ്രം .മഴത്താളമുണ്ടാക്കുന്ന ഡിഡ് ഗരിഡൂ എന്ന  ഒരുപകരണം ,കോല്‍ .കാറ്റിന്റെ ചലനത്തില്‍  ശബ്ദമുണ്ടാക്കുന്ന വിന്‍ഡ് ഷൈം എന്ന ഉപകരണം പിന്നെ ബൂമറാങ് എന്നിവയൊക്കെയുപയോഗിച്ചാണു അബോര്‍ജിനലുകള്‍ സംഗീതനൃത്തവിരുന്നൊരുക്കാറ്..അതു പോലെ ഇവരുടെ ചിത്ര രചനയും വളരെ പ്രശസ്തമാണ്.വ്യക്തമായ രൂപങ്ങളില്ലാതെ കടുത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള പ്രാചീനമായ ചിത്ര രചനാ രീതിയാണു അനുവര്‍ത്തിച്ച് വരുന്നത്...പണ്ട് അബോര്‍ജിന്‍ അമ്മമാരില്‍ നിന്നും തട്ടിക്കൊണ്ടു പോയ ആ കുഞ്ഞുങ്ങളുടെ പരമ്പര ഇന്നു ഈ മിശ്രവംശമായ് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ നാനതുറകളിലും പ്രവര്‍ത്തിച്ചു വരുന്നത് കാണാം .അബോര്‍ജിനലുകളെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ സുപ്രധാന ജനവിഭാഗത്തെ അനാദരിച്ചും മറന്നുമുള്ള ഒരു വിവരണമാവും വായിക്കേണ്ടി വരിക.ശനിയാഴ്ച്ച രാവിലെയായതിനാലാവാം നഗരത്തിന്റെ തിരക്ക് കാര്യമായ് തുടങ്ങിയിട്ടില്ല എന്നു തന്നെ പറയാം ... ഫൂഡ്കോര്‍ട്ടുകള്‍ മാത്രമുള്ള ഒരു തെരുവിലേക്ക് ഞങ്ങള്‍ നീങ്ങി..മുറേ സ്ട്രീറ്റിലെ പുറത്ത് നിരത്തിയ കുടകള്‍ക്ക് കീഴിലെ കസേരകളിലേക്കിരുന്നു ഞങ്ങള്‍ പോച്ഡ് എഗ്ഗ്( തിളച്ച വെള്ളത്തില്‍ ഉണ്ടാക്കുന്ന എണ്ണയുപയോഗിക്കാത്ത ബുള്‍സ് ഐ)ബ്രെഡ് ടോസ്റ്റ്,ബേഗല്‍ (ഒരു തരം ബണ്ണ്) സ്റ്റഫ്ഡ് ഓംലെറ്റ്(ചീരയും കൊച്ച് കൂണുകളും വേവിച്ചത്)ചിക്കണ്‍ സോസേജ് ,സ്റ്റ്റോബെറി ഇട്ട പാന്‍ കേക് എന്നിവ വിഭവങ്ങളായുള്ള പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ സ്വാദ് ആസ്വദിക്കാന്‍ തുടങ്ങി..കടല്‍ കാക്കകള്‍ ഭക്ഷണവശിഷ്ടങ്ങള്‍ കൊത്തിയെടുക്കാന്‍ ചെറു സംഘങ്ങളായ് എത്തുന്നുണ്ട്..ഒപ്പം അവിടെ യഥേഷ്ടം കാണുന്ന മാഗ് പൈ എന്ന പക്ഷികളും ..പക്ഷെ എന്നെ ആകര്‍ഷിച്ചത് അവിടുത്തെ കാക്കകളുടെ പരിതാപകരമായ കരച്ചിലാണു..ഒരു മൂന്നു വയസ്സുകാരന്റെ വാശി പിടിച്ച കരച്ചില്‍ പോലെ തോന്നി ആ ഈണത്തിനു.അരിപ്രാവുകളും അമ്പലപ്രാവുകളും പാശ്ചാത്യ പാരാമ്പര്യ ശില്പചാതുരിയില്‍ നിര്‍മ്മിച്ച അധികം ഉയരമില്ലാത്ത കെട്ടിടങ്ങളുടെ ജാലകങ്ങളില്‍ കുറൂകിയിരിക്കുന്നുണ്ട്..ഇടയ്ക്ക്ക്കൊക്കെ അടക്കത്തോടെയുള്ള ചിറകടിയോടെ താഴെ പെറൂക്കി തിന്നാനും എത്തുന്നുണ്ട്..തെരുവിലെ ആള്‍ക്കൂട്ടങ്ങളില്‍ ഈ പറവകള്‍ ചിരപരിചിതരെ പോലെ തെല്ലു പോലും ഭയമില്ലാതെ കറങ്ങുന്നത് എന്നില്‍ കൌതുകമുണര്‍ത്തി..പ്രാതലിനു ശേഷം മോര്‍ളി ഗലേറിയ എന്ന ഷോപ്പിങ്ങ് മാളിലേക്കുള്ള യാത്രക്ക് മുന്‍പ് ഞങ്ങള്‍ ആ തെരുവിനെ ഒന്നു പ്രദക്ഷിണം വെക്കാന്‍ തീരുമാനിച്ചു.അല്പ്പാല്പ്പമായ് വര്‍ദ്ധിച്ച് വരുന്ന നഗരത്തിരക്കിനെ വകഞ്ഞ് മാറ്റി ഞങ്ങള്‍ തെരുവിലെ കാഴ്ച്ചകളെ സ്വന്തമാക്കാന്‍ തുടങ്ങി..വഴിയില്‍ കണ്ട പൂക്കടകള്‍ ഒന്നാകെ വാങ്ങാന്‍ എന്റെ മനസ്സു തുടിച്ചു..പലവര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പൂക്കളും ,ഓര്‍ക്കിഡുകളും കൂടാതെ ഡെയ്സി,ലില്ലി ,ജറബറ എന്നീ പൂക്കളും ചാരുതയോടെ ബൊക്കെകളായ് അലങ്കരിച്ചിരിക്കുന്നു.തെരുവിലെ ഓരോ മൂലയിലും ഒരു ടവലോ ചെറിയ പെട്ടിയോ വെച്ച് പ്രയമുള്ളവരും ചെറുപ്പക്കാരുമായ കലാകാരന്‍മാര്‍ ഗിറ്റാര്‍ വായിച്ചും ഓര്‍ഗന്‍ വായിച്ചും ഭിക്ഷയെടുക്കുന്നു.. തെരുവിന്റെ നടുവിലെ മേപ്പിള്‍ മരത്തിന്റെ ചുവട്ടിലായി ഒരു വൃദ്ധന്‍ ഇരുന്നു ചിത്ര രചന നടത്തുന്നുണ്ട്..അയാളുടെ ചായത്തൂലികയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ രൂപമെടുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ വശ്യസുന്ദരങ്ങളും ഹൃദയഹാരിയുമായിരുന്നു..അത്രയകലെയല്ലാതെ ദേഹം മുഴുവന്‍ വെള്ളി നിറം പൂശീയ മാലഖയുടെ വേഷമണിഞ്ഞ ഒരു സ്ത്രീയുമുണ്ട്.ആ തെരുവിലെ ഒരു കടയില്‍ നിന്നും അബോര്‍ജിനല്‍ സംഗീതമടങ്ങിയ ഒരു സിഡി വാങ്ങി മകളെനിക്ക് സമ്മാനിച്ചു..പക്ഷെ നേര്‍ക്ക് നേര്‍ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ അബോര്‍ജിനലുകളോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക് ഭയം തോന്നി.ഒരു പക്ഷെ കാമറയും തട്ടിപ്പറിച്ച് അവരോടിയാലോ... 

നഗരത്തിരക്കിപ്പോള്‍ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു...മിക്കവാറും എല്ലാ കുടുംബങ്ങളും അവധി ദിവസം ആഘോഷിക്കാനായ് സന്ധ്യയാകുവോളം സിറ്റിയുടെ പലഭാഗങ്ങളിലും ഉണ്ടാകും ..കൊട്ടിഘോഷിക്കപ്പെടുന്ന മോശമായ ഒരു പാശ്ചാത്യ സംസ്ക്കാരവും എനിക്കവിടെ കാണാനായില്ല..മറിച്ച് കുടുംബങ്ങളും,വൃദ്ധരും ,ചെറുപ്പക്കാരും ഒരു പോലെ ജീവിതത്തെ ആസ്വദിക്കുന്നവരാണെന്നു തോന്നി..ആ സമൂഹത്തിന്റെ പരസ്പ്പരമുള്ള ബഹുമാനവും പരിഗണനയും മനുഷ്യ സ്നേഹവും ഉള്‍ക്കൊണ്ട് ആ തിരക്കിനൊപ്പം ഞങ്ങളും അലിയുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നഗരത്തിന്റെ നിഴലുകളെ സ്വന്തമാക്കിയിരുന്നു.........

9 comments:

 1. യാത്രാക്കുറിപ്പ് അബോര്‍ജിനലുകളുടെ ചരിത്രം പറഞ്ഞു തന്നത് നല്ലോറിവായി. നമ്മള്‍ കാണാത്തത് കേള്‍ക്കുമ്പോള്‍ കഥകള്‍ പോലെ തോന്നുന്ന എത്രയോ കാണാക്കാഴ്ചകള്‍ . അവരുടെ ആചാരരീതികള്‍ കേട്ടപ്പോള്‍ ഇങ്ങിനേയുമോ എന്ന് തോന്നി.

  എന്നാലും തിളച്ച വെള്ളത്തില്‍ എണ്ണയുപയോഗിക്കാതെ ബുള്‍സ്ഐ ഉണ്ടാക്കുന്നത് എങ്ങിനെയെന്നുകൂടി പറയാമായിരുന്നു. എണ്ണ ഒഴിവാക്കാനാണ്.

  ReplyDelete
 2. >>കുറ്റം പിടിക്കപ്പെട്ടാല്‍ ജയിലിലെ ലോക്കപ്പില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ജനാലക്കിപ്പുറമിരുന്നു രാത്രി മുഴുവന്‍ കണ്ണീരൊഴുക്കി പാട്ടു പാടണമെന്നത് അബോര്‍ജിന്‍ കുടംബ നിയമം അഥവാ പാലിച്ചില്ലെങ്കില്‍ അവള്‍ക്ക് ശിക്ഷയും കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ പീഡനം ഉറപ്പ് <<
  അബോര്‍ജിന്‍ വിശ്വാസങ്ങള്‍ ശരിക്കും അദ്ഭുതപ്പെടുത്തി ..!!
  അബോര്‍ജിന്‍ വിശ്വാസങ്ങളെ കുറിച്ചു അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഈ യാത്രാവിവരണത്തിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു ..!!

  ReplyDelete
 3. അറിയാത്ത കാര്യങ്ങളും കാണാത്ത കാഴ്ചകളും.നന്ദി...ഫോണ്ട് അല്പം വലുതാക്കിയാല്‍ നന്നായിരുന്നു...

  ReplyDelete
 4. കാണാത്ത കാഴ്ചകള്‍ക്കും ഇത് വരെ കിട്ടാത്ത അറിവിനും നന്ദി ..

  ReplyDelete
 5. ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുന്ന ഈ യാത്രാവിവരണം ഏറെ അറിവുകളും കാഴ്ചകളും സമ്മാനിച്ചു. നല്ല ഭാഷയില്‍ വിവരിച്ചു തന്നപ്പോള്‍ അതേറേ ഹൃദ്യമായി.

  ReplyDelete
 6. നന്ദി ട്ടൊ..നല്ലൊരു അനുഭവം സമ്മാനിച്ചു..!

  ReplyDelete
 7. വൊവ്....ഞാൻ ആദ്യ്മായി കേൾക്കുന്നു....എനിക്കിഷ്ടായീ ....ആ നാട്ടിലൂടെ ഞാനും ഇങ്ങനെ നടന്നു........താങ്ക്സ് എലഞ്ഞ്യെ :))

  ReplyDelete
 8. നല്ല വിവരണം ആയിടുണ്ട് . കണ്ടറിഞ്ഞ പ്രതീതി വായന കഴിഞ്ഞപ്പോള്‍ . പരഗ്രാഫ് ഇടക്കിടെ തിരിച്ചാല്‍ വായിക്കാന്‍ സുഖം ഉണ്ടാവും കുറച്ചൂടെ :)

  ReplyDelete
 9. നീലക്കുറിഞ്ഞി.... അസ്ഥിത്വം നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന അബോറിജിനലുകളുടെ ജീവിതത്തിലൂടെയുള്ള ഈ വിവരണം ഏറെ ഇഷ്ടമായി.... അവരുടെ ജീവിതമെന്നത് ഒരു സംസ്കാരമാണെന്ന് മനസ്സിലാക്കിയെടുക്കുവാൻ ആധുനികമ്മൂഹം ഏറെ വൈകിപ്പോയില്ലേ..? ഇത് ഇന്ന് നമ്മുടെ നാട്ടിലും സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന എന്ന് വസ്തുത കൂടി നാം മനസ്സിലാക്കണം.. നമ്മുടെ ആദിവാസികളൂം അവരുടെ സംസ്കാരവും, അസ്ഥിത്വവും നഷ്ടപ്പെട്ട ഒരു വർഗ്ഗമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്.. കുറേക്കാലങ്ങൾക്കുശേഷം നമ്മുടെ ഭരണകർത്താക്കളും അവശേഷിയ്ക്കുന്ന ഈ വിഭാഗത്തോട് ഇതുപോലൊരു ക്ഷമായാചനം നടത്തേണ്ടതായി വരും.. ( അതിന് സാധ്യത്യില്ലെങ്കിൽ പോലും)

  ReplyDelete