Saturday 5 January 2013


പച്ചില ഗന്ധത്തിന്റെ നാട്ടു വഴിയിലൂടെ...(നാട്ടുപച്ച എന്ന ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

സസ്യജാലങ്ങള്‍ മനുഷ്യഭാഷയെ മനസ്സിലാക്കുമോ…?അവര്‍ക്കും മനുഷ്യന്റെ സങ്കടങ്ങള്‍ മനസ്സിലാക്കാനും അതിനോട് പ്രതികരിക്കാനും ആകുമോ..?അവ മനുഷ്യസ്പര്‍ശങ്ങളില്‍ തരളിതരാകാറുണ്ടോ അഥവാ ദുഷ്ടശക്തികളുടെ സാമിപ്യത്തില്‍ തളരാറുണ്ടോ?ഉണ്ടെന്നാണ്. കുഞ്ഞുന്നാളിലെ എന്റെയൊരനുഭവം ..തറവാട്ടിലെ തെക്കെ തൊടിയിലെ ഒരു മൂവാണ്ടന്‍ മാവ് വളര്‍ന്നങ്ങാകാശം മുട്ടുമെന്ന് പറഞ്ഞ് കൊണ്ട് നില്ക്കുന്നു..ഒരു കരിമല്ലന്റെ കൈത്തണ്ട പോലെ തോന്നിക്കുന്ന ശിഖരങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ ഊഞ്ഞാലു കെട്ടും ..ആയത്തില്‍ ഊഞ്ഞാലിലാടുമ്പോള്‍ ആ വൃക്ഷത്തിന്റെ തലയെടുപ്പിനെ തെല്ലു ഭീതിയോടെ ദ്രുതതാളമേളം മുറുകുന്ന ഹൃദയത്തോടേ നോക്കും ..ഞങ്ങളുടെ ദൃഷ്ടിക്കെത്രയോ മേലെ അലയുന്ന മേഘങ്ങളോടും പറക്കുന്ന പക്ഷികളോടും മാത്രം സല്ലപിച്ചാല്‍ മതിയെന്ന ചിന്തയില്‍ ദയനീയത മുറ്റുന്ന ഞങ്ങളുടെ നോട്ടത്തെ തീര്‍ത്തും അവഗണിച്ച് വര്‍ഷങ്ങളായ് തലയെടുപ്പോടെ അങ്ങനെ വിരാജിക്കുകയാണ് ഈ മൂവാണ്ടന്‍ .ഇങ്ങനെയൊക്കെ പ്രൌഢിയോടെ നില്ക്കുന്ന മരമാണെങ്കിലും കാലം തെറ്റി പോലും ഒരു കുഞ്ഞ് ശിഖരത്തിലെങ്കിലും ഒരു പൂക്കുല .ഊ ഹും …തനിക്ക് പറഞ്ഞ പണിയല്ല ഇതെന്ന മട്ടില്‍ ചുറ്റുമുള്ളതിനെ നോക്കി പുഛിച്ച് നില്ക്കും ..എന്നും രാവിലെ മുറ്റമടിക്കാനെത്തുന്ന വള്ളിയമ്മുവിന് മാവിനെ നോക്കി പ്രാകാനേ നേരമുള്ളൂ..”മച്ചി മാവ്..പൂക്കൂല്ല കായ്കൂല്ല..മന്ശ്യനെ മെനക്കെട്ത്താന്‍ ഒള്ള ചില്ലേലെ എല മുഴോനും കാറ്റിനോട് മയങ്ങി കൊയ്ച്ചിടും വാക്ക്യുള്ളോരെ സുയിപ്പാക്കാന്‍ “..മിക്ക പ്രഭാതവും ഞാനുണരുന്നത് ഈ പതം പറച്ചില്‍ കേട്ടുകൊണ്ടായിരിക്കും ..ഇങ്ങനെ കാറ്റും ഊഞ്ഞാലും വള്ളിയമ്മുവിന്റെ പ്രാകലും ഒക്കെയായി മൂവാണ്ടന്‍ തന്റെ ചില്ലകളെ തളിര്‍പ്പിക്കുകയും അതു കണ്ട് ഞങ്ങളൊക്കെ പൂവിടുന്നതും പിന്നെയത് മാങ്ങയാകുന്നതും കാത്ത് കൊതിയോടെ കാത്തിരിക്കലും വല്യുമ്മ “തുലാ പത്ത് പൂപത്ത്” എന്ന ആപ്ത വാക്യം ഉരുവിട്ട് മൂവാണ്ടനെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്തു പോന്നു.



ചിലപ്പോഴൊക്കെ ചില നിഗൂഢ പ്രതിഭാസങ്ങള്‍ക്കും ഈ മൂവാണ്ടന്‍ ഇരയായി കൊണ്ടിരുന്നു..അവളുടെ തെക്കെ ഭാഗത്തെ ഒരു കൊമ്പിലെ ചില ചില്ലകള്‍ മാത്രം ഒറ്റ രാത്രി കൊണ്ട് ഉണങ്ങി നില്ക്കുന്നത് കാണാം .ദുരൂഹതയുടെ തുഞ്ചത്തെ പിടികിട്ടാ പ്രഹേളിക പോലെ..അതിന്റെ കാരണവും വള്ളിയമ്മു തന്നെ കണ്ടു പിടിച്ചു.നമ്മുടെ മൂവാണ്ടന്റെ തെക്കെ ഭാഗത്തെ കൊമ്പുകള്‍ക്കിടയിലൂടെയാണത്രെ അമവാസികളില്‍ ചില തേര്‍വാഴ്ച്ച കടന്നു പോകുന്നത്..ചിലങ്കയും കിലുക്കി യക്ഷികളുടെ തേര്‍വാഴ്ച്ച ഈ മച്ചി മാവിന്റെ കൊമ്പുകള്‍ക്കടിയിലൂടേയോ അല്ലെങ്കില്‍ ചില്ലകള്‍ക്ക് മേലേയോ നക്ഷത്രങ്ങള്‍ പോലും മിഴിയനക്കാന്‍ മടിക്കുന്ന കൂരാകൂരിരുട്ടുള്ള രാത്രികളില്‍ സംഭവിക്കുന്നു എന്നാണു വള്ളിയമ്മുവിന്റെ നിഗമനം .കിഴക്ക് വിലങ്ങന്‍ കുന്നിനു മുകളിലെ പാലമരത്തില്‍ നിന്നും പുറപ്പെടുന്ന യക്ഷി അമ്പത്തെ പാടത്ത് കൂടെ ചുഴലിയുടെ വേഷത്തിലെത്തി തറവാടിന്റെ തെക്കെ തൊടിയിലെ മച്ചി മൂവാണ്ടന്റെ ശിഖരങ്ങളെയുലച്ച് കനോലിപ്പുഴയില്‍ ചുഴിമലരായ് വട്ടം കറങ്ങി പടിഞ്ഞാറ് അറബിക്കടലിനെ ലക്ഷ്യമാക്കി നീങ്ങുമത്രെ..കടല്‍ തീരത്തുള്ള കാറ്റാടിമരക്കൂട്ടങ്ങളില്‍ വിരുന്നെത്താറുള്ള ഗന്ധര്‍വനുമായ് പുലരുവോളം പ്രണയിച്ച് കിഴക്കെ ചക്രവാളത്തില്‍ ധ്രുവനക്ഷത്രമുദിക്കുമ്പോള്‍ തിരിച്ച് അതെപോലെ വിലങ്ങന്‍ കുന്നിനു മുകളിലെ പാലമരത്തിലേക്കെത്തുന്നു..ഇത് എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് വള്ളിയമ്മുവിന്റെ ശൈലിയെ കടമെടുത്ത് ഞാനുമിവിടെ പറയുന്നു..”ഞാമ്പറേണെ വേണങ്കി വിശ്വയിച്ചാ മതി നടക്കണതിതാണ്”.



ഇങ്ങനെയൊക്കെ കാലം കഴിക്കുന്നതിനിടയില്‍ ഒരു ദിവസം രാവിലെ വല്യുമ്മ വടക്കിനിക്കോലായിലെ അമ്മിയിലിട്ട് ഒരു വെട്ടുകത്തി മൂര്‍ച്ച കൂട്ടുന്നത് കണ്ടു.ഇന്നെന്തെങ്കിലും വിശേഷമുണ്ടോ ഇവിടെ കോഴിയെ അറുത്ത് കറി വെക്കുന്നുണ്ടാവുമോ ..ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.പക്ഷെ വല്യുമ്മയും വള്ളിയമ്മുവും എന്തൊക്കെയോ അടക്കം പറഞ്ഞ് ഊക്കോടെ വെട്ടുകത്തി മൂര്‍ച്ച കൂട്ടുന്നതിനാല്‍ കുട്ടികള്‍ക്കാര്‍ക്കും അവിടെ എന്താണു നടക്കാന്‍ പോകുന്നതെന്നു ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.അവസാനം ഞങ്ങളെല്ലാവരും ദൂരെ മാറി നിന്നു ഇവരെന്താണു ചെയ്യുന്നതെന്ന് നിരീക്ഷിക്കാന്‍ തീരുമാനിച്ചു.വെട്ടുകത്തിയുമായി വല്യുമ്മ മുന്നിലും അരക്കെട്ട് വെട്ടിച്ച് എളിയില്‍ ഒരു കുടം വെള്ളവുമായി വള്ളിയമ്മു പിന്നിലുമായി തെക്കെ മുറ്റത്തേക്ക് നടന്നു.നമ്മുടെ കഥാനായിക മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലെത്തി..ഞങ്ങളെല്ലാവരും ശ്വാസമടക്കി ഞാവല്‍ മരത്തിന്റെ പിറകിലും ..വല്യുമ്മ വെട്ടുകത്തിയെടുത്ത് മൂവാണ്ടന്റെ തടിയില്‍ ആഞ്ഞ് വെട്ടുന്ന പോലെ ആംഗ്യം കാണിച്ചു..വള്ളിയമ്മു “വേണ്ടുമ്മാരെ വേണ്ടുമ്മാരെ എന്നു ചങ്കു പൊട്ടുന്ന പോലെ പറഞ്ഞ് വല്യുമ്മാടെ കയ്യ് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.വല്യുമ്മ അട്ടഹസിച്ച് കൊണ്ട് “ഇന്നെ വിട് വള്ളിയമ്മ്വേ..ഇവളിങ്ങനെ പൂക്കേം കായ്ക്കേം ചിയ്യാണ്ടെ ഇങ്ങനെ നിക്കണേലെന്തര്‍ത്താള്ളത്..ഇവളെ ഞാന്‍ വെട്ടി വെറകാക്കി അടുപ്പിലിടും ..ഇന്നെ വിട് വള്ളിയമ്മ്വേ..”യ്യൊ വേണ്ടമ്മാരേ അവളിക്കൊല്ലം കായ്ക്കും ..ഒറപ്പാ..”ഇയ്യ് നേരാ പറെണെ ? വല്യുമ്മ വീണ്ടും വെട്ടുകത്തിയെ ഓങ്ങിക്കൊണ്ട് മൂവാണ്ടനെ നോക്കി..”ഇന്റെ ബദരീങ്ങളാണെ…മൊഹിയുദ്ദീന്‍ ഷൈഖാണേ ഇപ്രാവശ്യം ഇയ്യ് പൂത്തില്ലെങ്കി അന്നെ ഞമ്മളു അടുത്ത കൊല്ലത്തെ തുലാം കാണിക്കൂല്ലട്ടാ..ഒറപ്പാത് ” “ഇല്ലമ്മാരേ ദേ ഞാനിവള്‍ക്ക് വെള്ളൊയ്ച്ച് കൊടുക്കണു ഇവളിക്കൊല്ലം പൂക്കും ..ഇല്ലെ മച്യേ..”ഇതു പറഞ്ഞ് കുടത്തിലെ വെള്ളം മുഴുവന്‍ മാവിന്റെ തടിയിലേക്കൊഴിച്ച് വല്യുമ്മയും വള്ളിയമ്മുവും വടക്കിനി കോലായിലേക്കെത്തി.തടിയിലൂടെ ആ നീര്‍ക്കണങ്ങള്‍ മാവിന്റെ കടയിലെ മണ്ണിലേക്കൊലിച്ചിറങ്ങി അപ്രത്യക്ഷമായി.രണ്ട് പേരുടേയും അഭ്യാസങ്ങള്‍ കണ്ട് ഞങ്ങളാകെ പേടിച്ച് വിറച്ചിരുന്നു..പിന്നീടിവര്‍ രണ്ടാളും കൂടി വടക്കിനിയുടെ കോലായില്‍ ചെന്നിരുന്നു എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു..
അന്നു വൈകുന്നേരത്തോടെ ഇടിവെട്ടി കോരിച്ചൊരിയുന്ന മഴയും കണ്ട് ഉമ്മറത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ രാവിലെ നടന്ന നാടകത്തിന്റെ രംഗങ്ങളായിരുന്നു..കാലും നീട്ടിയിരുന്നു ഇടവഴിയിലേക്കൊലിച്ച് പോകുന്ന മഴവെള്ളവും നോക്കി മൂന്നും കൂട്ടി മുറുക്കുന്ന വല്യുമ്മാടു ഞാന്‍ പതുക്കെ ചോദിച്ചു.എന്തിനാ മാവിനെ വെട്ടാന്‍ നോക്കിയത്.അതു വെട്ടിയാല്‍ അതിലെ കാക്കകളുടേയും കുരുവികളുടെയും കൂടുകള്‍ തകര്‍ന്നു പോവില്ലെ..എന്റെ സംശയം കേട്ടപ്പോള്‍ വല്യുമ്മ ഒരു പുഞ്ചിരിയോടെ എന്നോട് പറയാന്‍ തുടങ്ങി ..”അതു ഞാന്‍ വെറുതെ മൂവാണ്ടനെ പേടിപ്പിച്ചതല്ലെ..മരങ്ങള്‍ക്ക് നമ്മളു പറയുന്നത് മനസ്സിലാകും ..ഇത്ര നാളും നമ്മളവളോട് ആവശ്യപ്പെട്ടില്ല പൂക്കാന്‍ അപ്പൊ ഒന്നു പേടിപ്പിച്ചതാ.”.ഇതു കേട്ട് വല്യുമ്മാടെ മടിയിലേക്ക് തലവെച്ച് കിടന്ന എന്റെ മുടിയിഴകളില്‍ തഴുകി കൊണ്ട് വല്യുമ്മ പറയാന്‍ തുടങ്ങി..”നമ്മളു പറയുന്നതൊക്കെ മരങ്ങള്‍ക്കും ചെടികള്‍ക്കും മനസ്സിലാവും ..അവര്‍ക്കും ജീവനുണ്ട്.ഒരു ജീവിതമുണ്ട്..ഒരു മരം വെറും പൂക്കുകയും കായ്ക്കുകയും മാത്രമല്ല ചെയ്യുന്നത് ..അത് മണ്ണിനോടും പ്രകൃതിയോടും കാലാവസ്ഥയോടും നിരന്തരം ഇടപഴകി കൊണ്ടിരിക്കും .മരം തണലേകുന്നത് അതിനു കീഴില്‍ വരുന്ന ജീവികള്‍ക്ക് മാത്രമല്ല.അതിന്റെ ചില്ലകളില്‍ കൂടൊരുക്കാന്‍ വരുന്ന പക്ഷികള്‍ക്കും ,പിന്നെ ആര്ക്കും ഒരു പ്രയോജനോല്ലാണ്ടെ അതിനു മേലെ വളരുന്ന ഇത്തിള്‍ക്കണ്ണികള്‍ക്കും ,അതിന്റെ അടിയില്‍ പൊത്തുണ്ടാക്കുന്ന ഇഴജന്തുക്കള്‍ക്കും എന്തിനേറേ ഉറുമ്പുകള്‍ക്ക് വരെ ഒരു മരം ബന്ധുവാകുന്നുണ്ട്..അങ്ങനെയൊക്കെയുള്ള ഒരു മരത്തിനെ ഞാന്‍ വെട്ടി നശിപ്പിക്കുമെന്നു മോള്‍ക്ക് തോന്നുന്നുണ്ടോ..?ഇതു ഞാന്‍ വെറുതെ ഇന്റെ വല്യുപ്പാടെ ഒരു പ്രയോഗം പ്രയോഗിച്ചതല്ലെ”..നിഷ്കളങ്കമായ് വല്യുമ്മ പൊട്ടിച്ചിരിച്ചു..


ഒരു ദിവസം മുറ്റമടിക്കാനെത്തിയ വള്ളിയമ്മുവിന്റെ ആഹ്ലാദത്തോടെയുള്ള “ഉമ്മാരെ” എന്ന വിളി കേട്ടാണു.ഞങ്ങളുണര്‍ന്നത്.ഓടി മുറ്റത്തെത്തിയപ്പോള്‍ വള്ളിയമ്മു ചൂണ്ടിയ ദിക്കിലേക്ക് ഞങ്ങളും വല്യുമ്മയും നോക്കിയപ്പോഴാണു ആ മനോഹരമായ കാഴ്ച്ച കാണുന്നത്..മൂവാണ്ടന്റെ ഒട്ടു മിക്ക ചില്ലകളും പൂത്തുലഞ്ഞിരിക്കുന്നു..ഞങ്ങളില്‍ സന്തോഷവും അദ്ഭുതവും അലതല്ലി..വല്യുമ്മ മൂവാണ്ടന്റെ അടുത്ത് ചെന്നു കന്നി ഗര്‍ഭം ധരിച്ച യുവതിയുടെ വയറു തടവി സ്നേഹം പ്രകടിപ്പിക്കുന്ന പോലെ മൂവാണ്ടന്റെ തടിയില്‍ തലോടി “ഇയ്യിന്റെ മോളാന്നു” പറഞ്ഞ് അഭിനന്ദിക്കുന്നുണ്ടായിരുന്നു.അങ്ങനെ മനുഷ്യന്റെ ഭാഷ മനസ്സിലാക്കിയ മൂവാണ്ടന്‍ മാവു മുടക്കം കൂടാതെ എല്ലാ കൊല്ലവും പൂക്കുകയും വൃശ്ചികകാറ്റില്‍ കുറേ പൂക്കളെയൊക്കെ കൊഴിയിപ്പിക്കുമെങ്കിലും വീട്ടുകാര്‍ക്കും കിളികള്‍ക്കുമുള്ള മാങ്ങകളെ പേറാനും പെറാനും തുടങ്ങി.



ഋതുക്കള്‍ കുറെ കടന്നു പോയി.എന്റെ പ്രകൃതി സ്നേഹവും അതിനനുസരിച്ച് ഏറിവന്നു.മരുഭൂമിയിലേക്കുള്ള കൂട് മാറ്റം പച്ചപ്പിന്റെ ലോകത്തെ എനിക്കന്യമാക്കിയിരുന്നു..ഹരിതചാരുതയാര്‍ന്ന കാടിന്റെ സംഗീതവും വയലുകളുടെ ലാസ്യനൃത്തവുമൊക്കെ കാതങ്ങള്‍ക്ക് പിറകിലാക്കി മണല്‍ക്കൂനയില്‍ കാറ്റ് കോറുന്ന അപരിചതരൂപങ്ങളില്‍ പച്ചപ്പിന്റെ ഗന്ധം ശ്വസിക്കാമെന്നു തീരുമാനിക്കുമ്പോഴും എന്റെ മരങ്ങളോടും ചെടികളോടുമുള്ള പ്രണയം എനിക്കടക്കി വെക്കാനാവുന്നതായിരുന്നില്ല..തന്നെയുമല്ല ഈ ഊഷരഭൂമിയില്‍ കാലാവസ്ഥകളോടും മണ്ണിനോടും വെല്ലുവിളിച്ച് വളര്‍ത്തുന്ന പൂങ്കാവനങ്ങളുടെ മനോഹാരിത എന്റെ ഹരിതചിന്തകള്‍ക്ക് ഊര്‍ജ്ജമായി.മുരിങ്ങയും ,നാരകവും , കറിവേപ്പും ആര്യവേപ്പുമൊക്കെ മുറ്റത്തിന്റെ അതിരുകളെ അലങ്കരിക്കുമ്പോള്‍ മുല്ലയും പിച്ചകവും നീലശംഖ്പുഷ്പ്പവും എന്റെ ജാലകങ്ങളുടെ കൂട്ടുകാരായി.എവിടെയായാലും ചുറ്റും ഒരു കാനനം വേണമെന്നെനിക്കൊരു നിര്‍ബന്ധ ബുദ്ധിയുമായ് ഞാനിരുന്നു.നാട്ടിലെ എന്റെ വീട്ടുമുറ്റത്തും തൊടിയിലുമായ് ഒരു വിധം എല്ലാ സസ്യലതാദികളും ഞാന്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്..എന്റെ കിടപ്പ് മുറിയുടെ കിഴക്ക് ജനല്‍ തുറന്നാല്‍ സ്വര്‍ണ്ണ ചെമ്പകവും ,വെള്ളചെമ്പകവും കയ്യെത്തും ദൂരത്തില്‍ ..പടിഞ്ഞാറോട്ടുള്ള ജാലകത്തിനടുത്തായി ഇലഞ്ഞിമരം ..പൂമുഖവാതില്‍ തുറന്നാല്‍ കണികാണാന്‍ പാകത്തില്‍ എന്റെ കണിക്കൊന്നയും മുറ്റത്തെ കിഴക്ക് മൂലയിലായ് മലര്‍വാകയും തണലും മലരും തന്നു നില്ക്കുന്നുണ്ട്.ഇങ്ങനെ ചുറ്റിലും തരുലതാദികള്‍ ഉണ്ടെങ്കിലും കണിക്കൊന്നയോടെനിക്ക് വാല്‍സല്യം ഇത്തിരി കൂടുതലാണ്.എന്റെ ഇഷ്ടകഥാനായകനായ ശ്രീ കൃഷ്ണന്റെ അവതാരമായ ഗുരുവായൂരപ്പന്റെ ഐതിഹ്യവുമായ് കണിക്കൊന്നക്ക് സുദൃഢബന്ധമുള്ളത് കൊണ്ടാകാം ഈ പ്രത്യേക സ്നേഹം ..അതിനാല്‍ ഈ കണിക്കൊന്ന മരത്തിന്റെ കൈവളര്‍ന്നോ കാലു വളര്‍ന്നോ എന്നു ഈ ആരാമത്തിന്റെ സൂക്ഷിപ്പുകാരനോട് ഞാനിടക്ക് തിരക്കാറുണ്ട്..എട്ടൊമ്പത് കൊല്ലം കൊണ്ട് ഇവളൊരു ഒത്ത യുവതിയായി മാറിയിരുന്നു.


എല്ലാ വര്‍ഷവും ഡിസമ്പറില്‍ കിട്ടുന്ന എന്റെ അവധിക്കാലം വിഷുവിനു മുന്‍പ് പൂക്കുന്ന കണിക്കൊന്ന പൂക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നതിനെനിക്ക് തടസ്സമായെങ്കിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ തണല്‍ മരങ്ങള്‍ക്കിടയിലും വടക്കാഞ്ചേരി റെയില്‍വേ ഗേറ്റിനടുത്തും ഏതു കാലത്തും പൂത്തു നില്ക്കുന്ന കണിക്കൊന്നകള്‍ എനിക്കാശ്വാസം തന്നിരുന്നു.ഒരിക്കല്‍ നാട്ടില്‍ ചെന്ന സമയം തോട്ടമൊക്കെ വെട്ടി ശരിയാക്കാന്‍ വന്ന തോട്ടവിദഗ്ധനോട് എന്റെ കണിക്കൊന്ന പൂക്കാത്തതിന്റെ കാരണം ആരാഞ്ഞു.അയാള്‍ പറഞ്ഞത് കൊന്നക്കടിയിലൊരുക്കിയ ലോണിനു കൊടുക്കുന്ന വെള്ളം കാരണമാണു എന്നാണു..ഭൂമിയുടെ ഉള്ളം ചുട്ടു പഴുത്താലെ കൊന്ന പൂവിടുകയുള്ളൂ പോലും ..പക്ഷെ ലോണിനുള്ളില്‍ തന്നെ നില്ക്കുന്ന കൊന്നയുടെ വേരു എന്തായാലും സമീപത്തെ നനവിനെ വലിച്ചെടുക്കും അവളെപ്പോഴും തണുത്ത് പൂവിടാന്‍ മറക്കും എന്ന സത്യത്തെ ഉള്‍ക്കൊണ്ടെന്റെ മനസ്സ് വിഷമിച്ചു .അവധി തീരാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയായ്. നാട്ടിലുള്ളപ്പോഴൊക്കെ തന്നെ എന്നും പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം എന്റെ മുറ്റത്തേക്ക് ഇളം വെയില്‍ അകമല കാടിനപ്പുറത്ത് നിന്നും അരിച്ചെത്തുന്നത് വരെ ഞാനീ മരങ്ങളോടും ചെടികളോടും വള്ളികളോടുമൊക്കെ കുശലം പറഞ്ഞ് നടക്കും ..പതിവ് പോലെ ഞാന്‍ എന്റെ കണിക്കൊന്നയുടെ അടുത്തെത്തി..നമ്മുടെ സങ്കടമൊക്കെ മരങ്ങള്‍ക്ക് മനസ്സിലാകും എന്നു വല്യുമ്മ പറഞ്ഞതോര്‍മ്മിച്ചു ഞാന്‍ അതിന്റെ ചുവട്ടില്‍ ചെന്നു നിന്നു കൊണ്ട് കയ്യെത്തിപ്പിടിക്കാവുന്ന ശിഖരങ്ങളിലെ ചില്ലകളിലും ഇലകളിലും തഴുകി നിന്നു.അവളുടെ കാണ്ഡത്തില്‍ തലോടി കൊണ്ട് പറഞ്ഞു എന്നും കണികണ്ടുണരാന്‍ വേണ്ടിയാണു എന്റെ പൂമുഖവാതില്‍ തുറക്കുന്നിടത്ത് തന്നെ ഞാന്‍ നിന്നെ നട്ടുവളര്‍ത്തിയത്.നിനക്കൊന്നു പൂത്തു കൂടെ..ഒരു വിഷുവിനും നീ പൂക്കാറില്ല എന്നെനിക്കറിയാം ..നിന്നെ പോലെ തന്നെയല്ലെ റെയില്‍ ഗേറ്റിനടുത്തുള്ള കൊന്ന..അവളെന്നും പൂത്തു നില്ക്കുന്നത് കാണാമല്ലോ.ഒരു കുലയെങ്കിലും എനിക്ക് വേണ്ടി നീ പൂത്തുവോ…ഒന്നു നിന്റെ പൂക്കളെ എനിക്ക് കാണിച്ച് തന്നൂടെ.. ഞാന്‍ ശരിക്കും വിതുമ്പി കൊണ്ടു തന്നെ ഇത്രയും പറഞ്ഞു ആ മരത്തെ വട്ടം കെട്ടിപ്പിടിച്ചു.പിന്നെയാണ് പരിസരബോധമുണ്ടയത്.ആരുമിതൊന്നും കാണുന്നില്ലല്ലോ എന്നുറപ്പു വരുത്തി ഞാന്‍ അവിടെനിന്നും നീങ്ങി..തിരിച്ച് യാത്രയാകുന്ന നേരത്തും ഞാനഭ്യര്‍ത്ഥനയോടെ കണിക്കൊന്നയെ നോക്കി യാത്രമൊഴി ചൊല്ലി.
രണ്ട് മാസത്തിനു ശേഷം ഫെബ്രുവരിയില്‍ എനിക്കൊരു കല്യാണത്തില്‍ പങ്കെടുക്കാനായ് ഞാന്‍ നാട്ടിലെത്തി..രാവിലെ വീട്ടിലെത്തിയാല്‍ ആദ്യത്തെ ജോലി എന്റെ മരങ്ങളും ചെടികളും ഉഷാറല്ലേ എന്നു നോക്കലാണ്..ജാലകത്തിനടുത്തെ വള്ളിച്ചെടികളില്‍ പൂക്കള്‍ക്കൊപ്പം നിറയെ കുഞ്ഞു കുരുവിക്കൂടുകളും ..കൂടാതെ മുകളിലത്തെ നിലയിലെ ചാരുപടി ജനലിനു മുകളിലെ കൂരയില്‍ കൂടു കൂട്ടിയ വെള്ളരിപ്രാവ് കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുന്നു..എനിക്ക് വല്ലാതെ സന്തോഷം തോന്നി.മുറ്റത്തെ ആമ്പല്‍ക്കുളത്തില്‍ വിരിഞ്ഞ നീലത്തമരകളും വെയിലിനെ കണ്ട് കൂമ്പിയടയുന്ന ചെന്താമരകളും അതിനുള്ളില്‍ പരല്‍ മീനുകള്‍ തുള്ളിക്കളിക്കുന്നതും നോക്കി കണിക്കൊന്നയുടെ അടുത്തെത്തി..എനിക്കവിടെ കാണാനായ കാഴ്ച്ച അദ്ഭുതവും ആഹ്ലാദവും ഒരു പോലെ പ്രദാനം ചെയ്യുന്നതായിരുന്നു..രണ്ട് കുല മൊട്ടുകള്‍ .അതും എന്റെ കയ്യെത്തും അകലത്തില്‍ ..നിനക്ക് തൃപ്തിയായില്ലെ എന്ന മട്ടില്‍ ഇളം കാറ്റില്‍ ഇലകളെയനക്കി കണിക്കൊന്ന എന്നെ നോക്കി ചിരിക്കുന്ന പോലെ..വര്‍ദ്ധിച്ചാവേശത്തോടെ ഞാനാ കൊന്നയെ കെട്ടിപ്പിടിച്ചുമ്മ വെച്ചു..ഇപ്പോള്‍ എനിക്ക് ചുറ്റുമുള്ളവരിതൊക്കെ കാണുന്നുണ്ടെന്നും അവരെനിക്ക് മുഴുത്ത വട്ടാണെന്നു പറയുമെന്നുമുള്ള ചിന്തയെയൊന്നും ഞാന്‍ വകവെച്ചില്ല.അവധി കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും ആ പൂങ്കുലകള്‍ പൂര്‍ണ്ണമായി വിരിഞ്ഞിരുന്നു..തടിയിലള്ളി രണ്ട് കുഞ്ഞ് പൂങ്കുലകള്‍ ..എന്നും അവയെ തലോടി നില്ക്കുമ്പോഴൊക്കെ കൊന്നയോട് ഞാനെന്റെ നന്ദി വേണ്ടുവോളം പ്രകടിപ്പിച്ചിരുന്നു..പിന്നീട് എപ്പോഴൊക്കെ ഞാന്‍ നാട്ടില്‍ വരുന്നുണ്ടോ അപ്പോഴൊക്കെ എനിക്ക് വേണ്ടി ഈ കൊന്ന മൂന്നോ നാലോ കുല പൂക്കളെങ്കിലും കണിയായൊരുക്കുമായിരുന്നു..വിശ്വസിക്കുന്നതിനുമപ്പുറണിതെന്ന് ഒരു പക്ഷെ ചിന്തിച്ചേക്കാം ..ഇവിടെ ഞാന്‍ വീണ്ടും വള്ളിയമ്മുവിന്റെ വാക്കുകള്‍ കടമെടുക്കുന്നു..വിശ്വസിക്കണെമെങ്കില്‍ വിശ്വസിക്കാം …


മരങ്ങള്‍ മനുഷ്യന്റെ വികാരങ്ങളെ മനസ്സിലാക്കുമെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുള്ളതാണ്.പഴയകാലത്തെ കര്‍ഷകര്‍ പ്രകൃതിയുമായ് ഒരഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നതായി കാണാം .സൂര്യന്റെ നാളങ്ങളും, മേഘങ്ങളുടെ രൂപങ്ങളും ,കാറ്റിന്റെ ചലനങ്ങളും, നക്ഷത്രങ്ങളുടെ ദിശകളും നോക്കി അവര്‍ പ്രകൃതിയും കൃഷിയും തമ്മിലുള്ള രസതന്ത്രത്തെ കുറിച്ചുള്ള തങ്ങളുടെ നിഗമനങ്ങളിലെത്തിയിരുന്നു.സസ്യങ്ങളോട് സംവേദിക്കാനാകുമെന്ന് അടുത്ത കാലത്തെ ചില പാശ്ചാത്യ സര്‍വകലാശാലകളില്‍ നടന്ന പഠനങ്ങളും വ്യക്തമാക്കുന്നു.എന്തിനെ സ്നേഹിച്ചാലും പരിഗണിച്ചാലും തിരിച്ചിങ്ങോട്ടും അതെയളവില്‍ കിട്ടും എന്നുറപ്പാണ്.എല്ലാ ജീവജാലങ്ങളിലും ജീവന്റെ അംശം ഉണ്ടല്ലോ .ഒന്നും ഈ ഭൂമുഖത്ത് വെറുതെ സ്പന്ദിക്കുന്നില്ല..എല്ലാ വികാരങ്ങളേയും വിചാരങ്ങളേയും ഉള്‍ക്കൊണ്ടു മാത്രം സ്പന്ദിക്കുന്നു.മരങ്ങളെ സ്നേഹിക്കൂ ..പ്രകൃതിയെ ബഹുമാനിക്കൂ..മനുഷ്യന്‍ കാണുന്നതിലും ചിന്തിക്കുന്നതിലുമപ്പുറം പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ പ്രകൃതിയുടെ ആവശ്യകത ഉള്‍ക്കൊള്ളുന്നു എന്നു ഐതിഹ്യങ്ങളും പുരാണങ്ങളും വേദഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നു.അതിനനുസൃതമായി നിരവധി ദൃഷ്ടാന്തങ്ങള്‍ നിരത്തുകയും ചെയ്തിരിക്കുന്നു..


9 comments:

  1. പ്രകൃതിയും മനുഷ്യനും സസ്യജീവജാലങ്ങളും പരസ്പ്പരം ഇഴചേര്‍ന്ന് കിടക്കുന്നു..ഒന്നു പോയാല്‍ ഒന്നിനെന്ന തത്വത്തില്‍ ...മനുഷ്യനു മാത്രമല്ല ആത്മാവും സ്പന്ദവും ..സസ്യജാലങ്ങള്‍ക്കും ഒരാത്മാവും കേട്ട് പ്രതികരിക്കുന്ന ഒരു ഹൃദയവുമുണ്ട്.. ഹരിത മനസ്സുമായ് ചില ഓര്‍മ്മകളിലൂടെ.........

    ReplyDelete
  2. നന്നായി എഴുതി.ഇപ്പോള്‍ എവിടെ പച്ചപ്പും പൂക്കളും കാടുമൊക്കെ? ഇപ്പോള്‍ അതൊന്നും ആര്‍ക്കും വേണ്ടല്ലോ?...

    ReplyDelete
  3. പ്രകൃതിജീവനം

    ReplyDelete
  4. മരുഭൂമിയുടെ ആത്മകഥയില്‍ ബദുക്കളും പ്രകൃതിയും തമ്മിലുല്ലേ ഭാന്ധം ഇത് പോലെ സൂചിപ്പിക്കുന്നുണ്ട്. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  5. നന്നായെഴുതി. ആശംസകള്‍!

    ReplyDelete
  6. ഈ ബ്ലോഗിന്റെ പശ്ചാത്തല ചിത്രങ്ങളും ഈ പോസ്റ്റിന്റെ വിഷയവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു . വളരെ പ്രസക്തവും ഗഹനവുമായ വിഷയത്തെ ലളിതമായിത്തന്നെ വിശദീകരിച്ചത് വായന സുഖകര്മാക്കി .
    പോസ്റ്റിലെ നന്മക്ക് നൂറുമാര്‍ക്ക്

    ReplyDelete
  7. ന്റെ മണ്ണിന്റെ മണം നിയ്ക്ക്‌ വേറിട്ട്‌ ശ്വസിക്കാനാവുന്നു..
    പരിചയമുള്ള കഥാപാത്രങ്ങൾ നൽകുന്ന ദൃശ്യങ്ങൾ ഓരോ വരികളിലൂടേയും കാണുകയാണു ഞാൻ..
    വരികൾ പ്രകൃതി പോലെ മനോഹരം..
    ചിത്രങ്ങൾക്ക്‌ വല്ലാത്ത വശ്യത..!

    ReplyDelete