Saturday, 30 March 2013

നീരാഴത്തിലൊളിച്ച നിലാത്തുണ്ട്


നീരാഴത്തിലൊളിച്ച നിലാത്തുണ്ട്:-(മഴവില്ല്,ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..Illustration curtsy :Jefu)

"ഉണ്ണ്യേ ഒന്നും പറേണ്ട ലീലേടെ യോഗാ ദൊക്കെ"..
നനുനനെ കീറിയ വാഴയില ചിരട്ടയിലിട്ട വെണ്ണീറിലും പുളിവെള്ളത്തിലും മുക്കി ഓട്ടുരുളി അമര്‍ത്തി തേക്കുകയായിരുന്ന ലീല ഇടക്കൊന്നു തലപൊക്കി ചുണ്ടിന്റെ കോണിലൂടെ ഒലിച്ച് വന്നിരുന്ന മുറുക്കാന്‍ നീരിനെ കൈത്തണ്ട കൊണ്ട് തുടച്ച് തന്റെ തോളറ്റം മാത്ര ചുരുണ്ട് കിടക്കുന്ന എണ്ണയൊഴുകുന്ന മുടിയെ തല വെട്ടിച്ച് പുറകിലോട്ട് തട്ടി കൊണ്ട് പതം പറഞ്ഞു.കയ്യാലയുടെ കോലായില്‍ കാലു രണ്ടുമാട്ടി കൊണ്ട് നീരജ അവളുടെ സംശയമാവര്‍ത്തിച്ചു

."അപ്പൊ ലീലക്ക് നിന്റെ അച്ച്വേട്ടനോട് ഒരിഷ്ടോം ഉണ്ടായിരുന്നില്ലെ"...?..
തേച്ചിരുന്ന ഓട്ടുരുളി പൈപ്പിന്റെ കടയില്‍ വെച്ച് കഴുകുകയായിരുന്ന ലീല പൊടുന്നനെ നിവര്‍ന്ന് നീരജയെ പരിതാപത്തോടെ നോക്കി കൊണ്ട് പറയാന്‍ തുടങ്ങി..
"നിയ്ക്ക് അച്വേട്ടനോടിരിഷ്ടൊം ഇല്ലേര്‍ന്ന്..അയാക്കേര്‍ന്നു ഇന്നെ തന്നെ വേണം ന്ന ഒറ്റ വാശി.ന്റെ ഉണ്ണ്യെ ഇയ്യ് കാണണില്ലെ ഇന്നെ. ഞാന്‍ വെളുത്തിട്ടല്ലെ അയാളാണെങ്കി ഒരു കരിമല്ലന്‍ .ഞങ്ങ രണ്ടാളും ഒരു ചേര്‍ച്ചേം ഇല്ലാന്നു ഈ കൂട്ടുങ്ങ എല്ലാര്‍ക്കും അറിയാം .ന്നാലും അയാളെന്നെന്നെ കെട്ടൊള്ളോന്നും പറഞ്ഞ് സത്യാഗ്രം നടത്തി .മ്മടെ പൊന്നേരന്‍ ഹമ്സക്കാടടുത്ത് പോയിട്ട്.ഒടുവിലെല്ലാരും കൂടി അയാളിന്റെ തലേലാ വെച്ചെട്ടി.അതന്നെ ഒക്കെ ഈ ലീലേടെ ഒരു യോഗാ.."
ലീല ആരോടൊക്കെയോ തീര്‍ക്കുന്ന വാശി പോലെ ഓട്ടുരുളിയെ അമര്‍ത്തിയമര്‍ത്തി കഴുകിക്കൊണ്ടിരുന്നു..വരിക്കപ്ലാവിന്റെ കൊമ്പിലിരുന്ന കാക്കകള്‍ തെങ്ങിന്റെ തടത്തിലിട്ട എച്ചിലിലകളിലേക്ക് പറന്നു വന്നു എന്തോ കൊത്തിയെടുത്ത് വീണ്ടും ആ കൊമ്പിലേക്ക് തന്നെ മടങ്ങി.ആ തറവാട്ടിലന്നു നടന്ന സദ്യയുടെ ബാക്കിയാണു നീരജക്ക് ലീല...അമ്മത്തറവാടായ ഇവിടെ കഴിച്ച് കൂട്ടിയ ബാല്യകൌമാര കാലത്തെ ഓര്‍മ്മകളില്‍ ലീലയെന്ന വേട്ടുവത്തിക്ക് വെളുത്ത് സുന്ദരിയായ ഒരു യുവതിയുടെ രൂപമാണ്.തറവാട്ടിലെ തൊടിക്ക് പിന്നിലെ പാടവരമ്പത്ത് കൂടെ കനോലിപ്പുഴയില്‍ നിന്നും വാരിയ കക്കകള്‍ നിറച്ച കുട്ടയും തലയിലേന്തി പോക്കുവെയിലിന്റെ ശോഭയില്‍ അയല്ക്കാരി വള്ളിയമ്മുവുമായി കൂട്ടുങ്ങല്‍ ചന്തയില്‍ കക്ക വില്ക്കാന്‍ പോയിരുന്ന ലീലക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കാണുമ്പോഴും പഴയ സൌന്ദര്യത്തിന് കാര്യമായ മങ്ങലേറ്റിട്ടൊന്നുമില്ല .ലീലക്കുള്ള ചായയുമായി ചെറിയമ്മ അടുക്കള കോലായിലേക്ക് വരുമ്പോള്‍ ലീല കയ്യും മുഖവും കഴുകി വന്നു കോലായിലിരുന്നു തന്റെ മുറുക്കാന്‍ പൊതി തുറക്കുകയായിരുന്നു.

"മുറുക്കണെയിനു മുന്‍പ് ഈ ചായ കുടിച്ചോളു ലീലേ"
ഒരു ചിരിയോടെ ചെറിയമ്മയുടെ കയ്യില്‍ നിന്നും ചായ വാങ്ങുന്ന ലീലയെ സാകൂതം വീക്ഷിക്കുന്ന നീരജയെ നോക്കി ചെറിയമ്മ പറയാന്‍ തുടങ്ങി..
"നീരു നിനക്കിവളെ ഓര്‍മ്മയില്ലെ ..നമ്മുടെ കോടഞ്ചേരി തങ്കൂന്റെ മോളാ ..പണ്ടിവിടുത്തെ അടിച്ച് തളിക്കാരിയായിര്‍ന്നില്ലെ.തങ്കു."
ആഹ് ചെറ്യമ്മെ എനിക്കൊര്‍മ്മയുണ്ട് "നീരജ തലയാട്ടി കൊണ്ട് പറഞ്ഞു
"ലീലെ നിനക്ക് നീരജയെ മനസ്സിലായില്ലെ..ഡല്‍ഹീലുള്ള വല്യേട്ടത്തീടെ മോളാ .. നീരു ഭര്‍ത്താവുമായി ലണ്ടനിലാ സ്ഥിരതാമസം ..കുറച്ചൂസം ഇവിടെ നിക്കാന്‍ വന്നതാ"
"അദേ..ഞാനീ ഉണ്ണ്യെ ചെര്‍പ്പത്തീ കണ്ടട്ടള്ളതാ..ഇദിവിടുര്‍ന്ന് ഇന്നോടു ഓരോന്നും ചോയ്ക്കാണേ.."ചെറിയമ്മയുടെ പരിചയപ്പെടുത്തലിനോട് ലീല തെല്ലാഹ്ലാദത്തോടെ പ്രതികരിച്ചു
"നീരു ലീലേടെ കാര്യം കഷ്ടാ ...ഇവള്‍ക്കിപ്പോ ആരുല്യാന്നേ..പാവം "ചെറിയമ്മ ദയയോടെ ലീലയെ നോക്കി പറഞ്ഞു.
"ലീലെടെ കത ഒരു വല്ലാത്ത കതയാ.ഉണ്ണ്യേ...അതൊന്നും ഒരാള്‍ക്കും അറീല്ല"..ലീല ചായ കുടിച്ച ഗ്ലാസ്‌ കഴുകി ഉമ്മറത്തിണ്ണയില്‍ കമഴ്ത്തികൊണ്ട് പറഞ്ഞു ..
"അതെയോ എന്നാ എനിക്ക് ലീലേടെ ആ കഥ കേള്‍ക്കണം "നീരജ ആകാംക്ഷയോടെ കെഞ്ചി..
"അയ്യോ ഈ കുട്ട്യെന്താ പറയണേ."ലീലയുടെ മുഖം നാണം കൊണ്ടിത്തിരി ചുവന്നു.അത് കേട്ടപ്പോള്‍ ചെറിയമ്മ പറയാന്‍ തുടങ്ങി.."
ലീലേ നീരജ എഴുത്തുകാരിയാ..അവള് നിന്റെ കഥ എഴുതും നാലാളത് വായിക്കും .."
നീരജ വീണ്ടും ലീലയെ നിര്‍ബന്ധിക്കാന്‍ തുടങ്ങി..
"ലീല ഇപ്പൊ ആരുല്ല്യാണ്ട് ഒറ്റക്കാന്നല്ലെ പറേണത്..അപ്പൊ നിനക്ക് മക്കളുമുണ്ടായില്ലെ.."
കുപ്പായത്തിന്റെ താഴത്തെ വരിയിലെ കുടുക്ക് മുറുക്കിയ ശേഷം മുഖത്ത് വന്ന സങ്കടഭാവത്തോടെ ലീല പറഞ്ഞു"ഇണ്ടുണ്ണ്യേ..മൂന്നു പെങ്കുട്ട്യോളുണ്ട്..".
ലീല നീരജയ്ക്കഭിമുഖമിരുന്നു."ഉണ്ണിക്കിന്റെ കത കേള്‍ക്കണാ..അതെ ...ട്ടിവിലൊന്നും ഇന്റെ മൊഖം വരരുത്ട്ടാ..ലീലക്കതിഷ്ടല്ല.ലീല ആരുല്ലായ്ണ്ടെ ഒറ്റക്കാ താമസിക്കണേന്നു എല്ലാരും പിന്നെ അറീല്ലെ..അതോണ്ട് മോളെന്റെ കത കേട്ടാ മതി.ആരോടൂം പറയണ്ട"..
നീരജ കൌതുകത്തോടെ ലീലയുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് അവളുടെ വായില്‍ നിന്നെന്താണു വീഴുന്നതെന്ന് ശ്രദ്ധിച്ചു.തിമിരത്തിന്റെ ലക്ഷണമൊന്നും തെളിയാത്ത നല്ല തിളക്കമുള്ള കണ്ണൂകളുടെ ആഴത്തില്‍ നിന്നും ഏതൊക്കെയോ വികാരങ്ങള്‍ പൊങ്ങിവന്നു.
"ഇന്നെ കണ്ടശ്ശാംകടവില്ക്ക് ഇന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിച്ചയച്ചു..അയാളൊരു സുന്ദരനായിരുന്നു.ദിവാകരന്‍ന്നയിര്‍ന്നു പേര്. കുന്നത്ത് വെച്ച വെളക്ക് പോലെ..തെളങ്ങണ മൊഖം .ഒറ്റ കൊഴപ്പേള്ളൂ..മഹാ കുടിയനാ..കെട്ടൊക്കെ കയിഞ്ഞ് അവടെ പൊറുതി തൊടങ്ങി.അവരടെ വീട്ടില് ഞാനയാള്‍ടെ പെങ്ങമാരടെ അടുത്ത് തന്നെ കെടക്കല്.കാരണം ഇയ്ക്കയാളെ പേട്യേര്‍ന്നു ..അയാള് പാതിരാക്ക് കള്ളും കുടിച്ച് വരുമ്പൊഴക്കും ഞാനീ പെങ്ങമ്മാരടെ നടുവില്‍ കെടന്നു ഒറക്കായീട്ടുണ്ടാവും ..അങ്ങനെ കൊറച്ചൂസം കയിഞ്ഞ് ഒരു രാത്രി അയാളെന്റടുത്ത് വന്നിട്ട്..അ ആ ഇയ്യിബടെ വന്നു ഒറങ്ങേണല്ലേന്നും പറഞ്ഞു എന്നെ കോരി എടുത്തിട്ടങ്ങട് പൊറത്തെ കോലായിലയാള്‍ടെ മുറീല്‍ക്ക കൊണ്ടോയി..പിന്നെ നടന്നതൊന്നും ഇക്കൊര്‍മ്മല്യ ഉണ്യേ.."
ലീലയുടെ ചുണ്ട്കള്‍ വിറക്കുന്നുണ്ട്.കണ്ണുകളില്‍ അന്നത്തെയനുഭവത്തിന്റെ തീക്ഷണത കൂരമ്പ് പോലെ . ആ മുഖത്ത് രൌദ്രഭാവം ഒരു നിമിഷത്തേക്ക് ഉറഞ്ഞാടുന്ന പോലെ നീരജക്ക് തോന്നി..
."അങ്ങനെ ഓളേ ആ ദിവാകരന്‍ വലാല്‍സങ്കം ചെയ്തുന്നാ ഇപ്പറേണേ.".. ഒരു പരുപരുത്ത ശബ്ദം കേട്ടിടത്തേക്ക് നീരജ തലയുയര്‍ത്തി നോക്കി.തൊഴുത്തിനടുത്തുള്ള വൈക്കോല്‍ കൂനക്ക് പിന്നില്‍ നിന്നു പശുവിനെ കറക്കാനെത്തിയ കറവക്കാരന്‍ കുഞ്ഞേനി വലിച്ചിരുന്ന ബീഡീ തറയിലിട്ട് കാലുകൊണ്ട് ഞെരിച്ച് ചുണ്ട് കോട്ടി പറയുകയാണ്.
ലീല കുഞ്ഞേനിയെ നോക്കി ക്ഷുഭിതയായി.."അശ്രീകരം.. പെണ്ണുങ്ങള്‍ മിണ്ടേം പറേണോടത്തും ഒളിഞ്ഞിന്നു കേക്കണതത്ര നല്ല സുബാവല്ലട്ടാ..ആണുങ്ങക്ക് ചേര്‍ന്നതല്ല.."പിന്നെ നീരജയുടെ നേര്‍ക്ക് തലയാട്ടി അങ്ങനെയല്ലെ എന്നാര്‍ത്ഥത്തില്‍ നോക്കി..ചുണ്ടില്‍ ഊറി വന്ന ചിരിയമര്‍ത്തി അവളും അതിനെ ശരിയാണെന്ന മട്ടില്‍ അംഗീകരിച്ചു..തോളില്‍ കിടന്നിരുന്ന തോര്‍ത്ത് മുണ്ടെടുത്ത് തലയില്‍ കെട്ടി അമ്പത്തെ പാടത്ത് മേയുന്ന പൈക്കിടാങ്ങളെ കൊണ്ടുവരാന്‍ കുഞ്ഞേനി പോയപ്പോള്‍ ലീല അടച്ച് വെച്ച അവളുടെ കഥയുടെ ഭാണ്ഡത്തെ വീണ്ടൂം അഴിച്ചു,"ഒമ്പതാളുള്ള വീട്ടില്. എടങ്ങഴി അരിയാണ്.ചോറ് വെക്കാന്‍ അയാടമ്മ തരാറ്..ഉണ്ണ്യേ ..എത്രാള്‍ക്കിതോണ്ട് വയറ് നെറയും ..എത്രൂസം ഞാന്‍ പട്ടിണി കെടന്നണ്ടന്ന് അറ്യോ.അന്നു മുതലെന്റെ കൊരല് മുട്ടീന്ന് പറഞ്ഞ മതീല്ലോ..ദെ ഇന്നും ഈ ലീലക്ക് കട്ടന്‍ ചായേം ഇച്ചിരി മുറുക്കാനും ഇണ്ടായാല്‍ സദ്യ പോലന്ന്യാ"...ഇതു കേട്ട് ലീലക്ക് കൊണ്ടു പോവാനുളള പകര്‍ച്ചയുമായെത്തിയ ചെറിയമ്മ നീരജയോട് പറയാന്‍ തുടങ്ങി.."
"ശര്യാ നീരു ഇവള്‍ക്ക് ഭക്ഷണൊന്നും വേണ്ട ..ദാ ഈ മുറുക്കാനും ഇടക്കിടക്ക് കട്ടന്‍ ചായേം ..അവള്‍ടെ കാര്യം കുശാലാ..ഇപ്പൊ ഈ കൊണ്ടോണ പകര്‍ച്ചന്നെ അവളവള്‍ടെ കോഴ്യോള്‍ക്കാവും തീറ്റിക്ക്യാ ല്ലെ ലീലെ" തല ചൊറിഞ്ഞു കൊണ്ട് ലീല നീരജയെ കുറ്റബോധത്തോടെ നോക്കി..പിന്നെ വീണ്ടും അവളുടെ അവസ്ഥയിലെ ഹ്രസ്വദീര്‍ഘ തരംഗങ്ങളില്‍ പരിതപിച്ചു കൊണ്ടിരുന്നു.."ഉണ്ണിക്കറിയോ ഒറ്റക്കിന്റെ കടിഞ്ഞൂല്‍ പേറെടുത്ത ആളാ ഈ ഞാന്‍ ".ഇതു പറയുമ്പോള്‍ ലീലയുടെ ഒട്ടിക്കിടക്കുന്ന വയര്‍ വീണ്ടും ഉള്ളിലേക്ക് വലിഞ്ഞ പോലെ..അപ്പോഴാണു നീരജയും അതു ശ്രദ്ധിക്കുന്നത്.മക്കളെ പേറിയതിന്റെ ഉലച്ചിലൊന്നുമില്ലാതെ ഒട്ടിക്കിടക്കുന്ന വയറ്..ലീലയുടെ മിഴികളില്‍ ഒരു വിഷാദഛവി പടരുന്നുണ്ടായിരുന്നു.
"അദെ ഇയ്ക്ക് ഗര്‍ബായി.ആ പഹയന്‍ നിയ്ക്കൊരു തൊയിരം തരില്ലായിരുന്നുട്ടാ ..അങ്ങനെ എട്ടാം മാസത്തില്‍ പാതിരാക്ക് നിക്ക് വല്ലണ്ടെ വയറു വേദനിച്ച് പൊറത്തിരിക്കാന്‍ മുട്ടണ പോലെ ഒരു തോന്നല്.എല്ലാരും നല്ല ഒറക്കം ..പതിമൂന്നു വയസ്സല്ലെ ഇയ്ക്കൊള്ളൂ..ഒരന്തോ കുന്തോ ഇല്ലെ താനും ..എന്റെ വേട്ടോനാണെങ്കി കള്ളും കുടിച്ച് വന്നു മലര്‍ന്നടിച്ച് ഉമ്മറക്കോലായീല് ഒരു ബോദോല്ലണ്ടെ ഒറങ്ങേണ്.ഒരു വിദത്തീ ഞാ മുറ്റത്തീക്കെറങ്ങി..തൂറാന്‍ തോന്നണൂണ്ട്..ഇന്നാലൊട്ട് പോണൂല്ല..ന്റെ ദൈവെ .ഞാനെന്റെ കൊടുങ്ങല്ലൂര് ബഗോതിയെ അങ്ങട് വിളിച്ച് കരയന്നെ..അവസാനം അവടെ കെടന്ന്.കയ്യില്‍ തടഞ്ഞത് പൂവാങ്കുറുന്തലേടേ കട.അതിലു പിടിച്ച് വലിച്ച് ഞാന്‍ മുക്കി ..ഒരു പൊതി പോലത്തെ ഒരു സാധനം പൊറത്ത് വന്നു..ന്നിട്ടോ ഞാനെണീട്ടിരുന്നു ഓളിയിട്ട് കരയന്നെ..തെക്കഞ്ചേരി കെടക്കണ എന്റമ്മ അപ്പത് കേട്ടട്ട് വന്നുന്ന് പറഞ്ഞാതിശയല്ലെ..ന്റെ ബഗോതിയാ അമ്മയെ ആ നേരത്ത് ഒണര്‍ത്തി ഇന്റടുത്തുക്ക് പറഞ്ഞയച്ചത്..അങ്ങനെ അമ്മ വന്നു നോക്കുമ്പേക്കും ആ കുട്ടി മരിച്ച് പോയിര്ന്നു"..
ലീല തന്റെ മുറുക്കാന്‍ പൊതിയഴിച്ച് ഒരു കഷ്ണം പുകയില എടുത്ത് അണപ്പല്ലിനിടയിലേക്ക് തിരുകി..സത്യമോ മിഥ്യയോ ഈ കേള്‍ക്കുന്നതെന്നു വേര്‍തിരിക്കാനാവാതെ നീരജ മൌനം ഭജിച്ചു..സത്യമാണ് ഇവര്‍ പറയുന്നതെങ്കില്‍ പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള നിരാലംബയായ ഒരു പെണ്‍കുട്ടിയെ പീഢനത്തിന്റെ വറച്ചട്ടിയിലിട്ട് അമ്മാനമാടിയ ദുഷ്ടരോട് കാലം കണക്ക് ചോദിച്ചിട്ടുണ്ടാവും..നീരജയുടെ ഉള്ളിലെവിടേയോ ഇളം മുള കീറുന്ന ശബ്ദം.
പടിഞ്ഞാട്ട് ചായുന്ന സൂര്യന്റെ കിരണങ്ങള്‍ മുറ്റത്തെ ആഞ്ഞിലിയുടെ ശിഖരങ്ങളില്‍ ഊഞ്ഞാലാടുന്ന കാറ്റുമായ് ഒളിച്ച് കളിക്കുന്നു.അമ്പത്തെ പാടത്ത് കൊറ്റികള്‍ ദൂരെയെവിടെയോ ദൃഷ്ടി പായിച്ച് നില്ക്കുന്നതും നോക്കി നീരജ എന്തൊക്കെയോ ചിന്തയില്‍ മുഴുകുമ്പോള്‍ മുറുക്കാന്‍ പൊതിയെടുത്ത് അടുത്ത മുറുക്കിനുള്ള വട്ടത്തിലായിരുന്നു ലീല..വെറ്റിലയില്‍ കുഞ്ഞ് ഡപ്പിയില്‍ നിന്നും തോണ്ടിയെടുത്ത ചുണ്ണാമ്പെടുത്ത് നടുവിരലു കൊണ്ട് തേക്കുമ്പോള്‍ ലീല അവളുടെ കഥയിലെ അടുത്ത അദ്ധ്യായത്തെ മറിക്കുകയായിരുന്നു.
"അന്നാ ദിവസങ്ങളൊക്കെ എങ്ങനെ കയ്ചൂട്ടിന്നിയ്ക്ക് നിശ്ശ്യല്ല ന്റെ ഉണ്ണ്യെ..പിന്നെ ഞാനയാള്ടെ ഒരു മോളെ കൂടി പെറ്റു..ഇന്നിട്ടെന്താ..അയാക്കിന്നെ നോക്കണന്നില്ല.ഞാന്‍ പൊഴേ പോയി കക്ക വാരി കൂട്ടുങ്ങ ചന്തേ കൊണ്ടോയി വിറ്റ് കിട്ടണതും വല്ലോന്റോടേം പോയി മിറ്റടിച്ചും പാത്രം മോറീം ഇണ്ടാക്കണ കാശോണ്ട് അയാക് കള്ളു കുടിക്കണം ..ഇയ്ക്ക് വല്ലാണ്ടെ ഈറ വന്നൊരീസം ഞാന്റെ കുട്ട്യേം എടുത്തോണ്ട് ഇന്റെ കുടീല്‍ക്ക് പോന്നുന്ന് പറഞ്ഞ മതീല്ലോ"..പിന്നെ ഇയ്ക്ക് ആരും വേണ്ടാന്നൊരു തോന്നലേര്ന്നു.ഈ ആണ്‍വര്‍ഗത്തിനേ കണ്ടൂടാണ്ടായി..ഞാ നയിച്ച് ഇന്റെ കുട്ട്യെ നോക്ക്യോണ്ട്..ഇയ്ക്ക് ഇന്റെ കൊടുങ്ങല്ലൂര്.ബഗോതിണ്ട്..ബഗോതി വെതയ്ക്കാന്‍ വെച്ച വിത്ത് പൊഴേലെറിഞ്ഞാ ഇണ്ടാവണ കക്കണ്ട്.. ഇനിക്കും ഇന്റെ കുഞ്ഞിക്കും രണ്ട് വറ്റ് തിന്നാന് അതീന്നു കിട്ടണത് മതി..കക്ക വാരാന്‍ പൂവാത്തപ്പൊ പൊന്നേരന്‍ ഹംസക്കാടവടെ വെള്ള കോരാനും പാത്രം മോറാനുമൊക്കെ പൂവേര്‍ന്നു..അങ്ങനെ പൂവുമ്പൊ ഇന്നെ കണ്ട ട്ടാ അച്ച്വേട്ടന്‍ മോഹിച്ചത്.നിയ്ക്കാണെങ്കി അയാളെ തീരെ ഇഷ്ടോല്ലായിര്‍ന്നു.."ഇതും പറഞ്ഞ് ലീല കാലു രണ്ടും നീട്ടി ഇരുന്നു.തുട മുതല്‍ കാല്പാദം വരെ തിണിര്‍ത്തും പെടഞ്ഞും കിടക്കുന്ന നീല ഞരമ്പില്‍ അമര്‍ത്തി തടവാന്‍ തുടങ്ങി..വേദനയുടെ പ്രതിഫലനം മുഖത്തെ പേശികളില്‍ മിന്നി മറയുന്നുണ്ട്.
"എന്നിട്ടെങ്ങനെയാ അച്ച്വേട്ടനെ നീ കെട്ടിയത്"
കണ്ണുകളില്‍ ചെറിയൊരു പരിഭ്രാന്തി വിരിയിച്ച് ലീല പറയാന്‍ തുടങ്ങി.."അതു പിന്നെ ഉണ്ണ്യേ ..ഹംസക്കാടെ വീടരും ഹംസക്കേം .ഇന്നോട് അയള്‍ടെ നന്മേള്. പറയന്നെ..പറയന്നെ..ലീലെ ഇയ്യാരുല്ലാണ്ട് ഒരു പെങ്കുട്ട്യേം ഒറ്റക്ക് പോറ്റണ്ടെ.ഇയ്യാണെങ്കി വൌസും മൊഞ്ചും ഒക്കെ ഉള്ള ഒരു വാല്യേക്കാരത്തിയാന്നു മറക്കണ്ട ..ഇയ്ക്കന്നു പത്തൊമ്പത് വയസ്സാണ്.ഇന്റുണ്ണ്യേ ചുരുക്കി പറഞ്ഞാല്.. ഇവരൊക്കേം പിന്നെ കൂട്ടുങ്ങള്ള ചെല പ്രമാണീളോടും അയാളു ചെന്നു ഇന്റെ മനസ്സു മാറ്റാന്‍ കൊറെ നോക്കീട്ടെണ്ട്.അപ്പൊ അവരും ഒക്കെ കൂടി അയാളെ ഇന്റെ തലേല്‍ക്ക് ഇട്ടൂന്നു പറഞ്ഞാ മതീല്ലൊ.അങ്ങനെ ഞങ്ങ രണ്ടാളും തെക്കഞ്ചേരീ തന്നെ താമയിക്കലും തൊടങ്ങി.അതിലും ഇയ്ക്ക് രണ്ട് പെങ്കുട്ട്യോളന്നെ ഇണ്ടായെ.."ലീല നെടുവീര്‍പ്പിട്ട് കൊണ്ട് താടിയില്‍ കയ്യും കൊടുത്ത് നീരജയെ നോക്കി..
അസ്തമയ സൂര്യന്‍ കനോലി പുഴക്കപ്പുറത്തേക്ക് താഴാന്‍ തുടങ്ങിയിരിക്കുന്നു..തെക്കെ മുറ്റത്തെ പുളിമരത്തിലേക്ക് കൂട്ടത്തോടെ കാക്കകള്‍ ചേക്കേറാനെത്തുന്നുണ്ട്.പാടത്തിനപ്പുറത്തേക്ക് മേല്ലെ നീങ്ങുന്ന സന്ധ്യാമേഘങ്ങള്‍ക്കിപ്പോള്‍ ചുവപ്പ് കലര്‍ന്ന ചാരനിറം..പണ്ടും നീരജക്കിഷ്ടമുള്ള ഒരു കാര്യമാണു മൂവന്തിക്ക് ആകാശത്ത് കൂടെ അലയുന്ന മേഘങ്ങളേയും പറവകളേയും കണ്ണിമ വെട്ടാതെ ഇരുളും വരെ നോക്കിയിരിക്കുന്നത്..അമ്മമ്മ വഴക്കു പറയും "കുട്ടീ വെളക്ക് വെച്ചത് കണ്ടില്ലെ നാമം ജപിക്കണില്ലെ.".അകത്തളത്തിലെവിടെ നിന്നോ അമ്മമ്മയുടെ വാല്സല്യം നിറഞ്ഞ ശാസന കേള്‍ക്കുന്നുണ്ടോ...
മനസ്സിനുള്ളിലെന്തൊക്കെയോ കൂട്ടിമുട്ടി വക്കുടയുന്ന ശബ്ദം അവളുടെ മൌനം ഭേദിച്ച നേരത്ത് നീരജ പതുക്കെ ലീലയോട് ചോദിച്ചു ."ലീലെ അച്ച്വേട്ടന്‍ നിന്നെ നോക്കാറില്ലായിരുന്നോ."...?
ലീല അവളുടെ ശബ്ദത്തില്‍ അല്പ്പം പ്രണയം പുരട്ടി പറയാന്‍ തുടങ്ങി.."അയ്യോ ഉണ്ണ്യെ ആ കള്ളുട്യേനെ പോലല്ല ഇയാള്.ഇന്നെ നോക്ക്യേര്‍ന്നു.ഇന്നോട് സ്നേഹോണ്ട്.പൊട്ട സുബാവൊന്നും ഇല്ലേര്ന്നു..പക്ഷെ ഇക്കൊരിക്കലും ചേര്‍ച്ചയില്ലാത്ത ആളേര്‍ന്നു"..അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കാലുകള്‍ കോലായില്‍ നിന്നും മുറ്റത്തേക്കിട്ടു കോണ്ട് എഴുന്നേറ്റു..
"നോക്കു ലീലെ ചേര്‍ച്ച വേണ്ടത് മനസ്സിനാണു..ശരീരങ്ങള്‍ തമ്മിലല്ല.നിന്നെ ഇത്രയും ആഗ്രഹിച്ച സ്നേഹിച്ച ഒരാളെ നിനക്ക് ഇഷ്ടല്ല എന്നു പറയരുത്.."ഒന്നും മിണ്ടാതെ നീരജയെ തന്നെ നോക്കികൊണ്ട് ലീല നിന്നു.."ഇപ്പൊ ലീലയെ ആരാ നോക്കുന്നത്.".അവളെ സങ്കടപ്പെടുത്തണ്ട എന്നു കരുതി.
"ആരുല്യ..മക്കളിണ്ടന്ന് പറഞ്ഞിട്ടെന്താ..ഒക്കേറ്റിനേം കെട്ടിച്ച് വിട്ടപ്പൊ തള്ളേ നോക്കണന്നില്ലാണ്ടായവര്‍ക്ക്..ഇന്നാളു ഇന്റെ മേല്.ഒരു ബൈക്ക് വന്നിടിച്ചിട്ട് ഞാന്‍ രണ്ട് മാസം ആശൊത്രീ കെടന്നു..ഇന്റെ മക്കളന്ന്യാ ആശൊത്രീടെ ബില്ലടച്ചത്.പക്ഷെ അവര്ക്കാ പൈസ മടക്കിവേണന്നു പറഞ്ഞപ്പൊ ഞാമ്പറഞ്ഞു ഞാനമ്മല്ലേ ഇങ്ങള്‍ടെ കടമേല്ലെ ഇന്നെ നോക്കലുന്ന് ..അയിനു ഇന്നോട് പെണങ്ങി നിക്കേണ്.പെണ്‍മക്കളൊക്കെ.ഇപ്പൊ ആ പൈസക്കെ ഞാനവര്‍ക്ക് കടക്കാരിയായി ..പണി ഇടുത്ത് കടം വീട്ടേണ്.ഇപ്പൊ."ഇതു പറഞ്ഞ ലീലയുടെ കണ്ണില്‍ നിന്നും അതുവരെ കാണാതിരുന്ന കണ്ണുനീര്‍ ധാരയായൊഴുകാന്‍ തുടങ്ങി..തേങ്ങലുകള്‍ക്കിടയില്‍ പറയുന്നുണ്ട്.."ഉണ്ണ്യേ ഇക്കാരൂല്ല..ഇഞെത്ര കാലന്നറീല്ല..അതു വരെ പണി ഇടുത്തന്നെ ലീല ജീവിക്കും .അവളൊമാരുടടുത്ത് നയാ പൈസക്ക് ചെല്ലില്ല.."അന്നേരം ലീലയുടെ കണ്ണില്‍ സഹനത്തിന്റെ ജ്വാല ഉയരുന്നതും അണയുന്നതും കണ്ടു കൊണ്ട് നീരജ സമാധാന വാക്കുകളെ പരതി.അകത്ത് പോയി കുറച്ച് കാശുമായ് വന്നു ലീലയുടെ കൈവള്ളയില്‍ വെച്ചു കൊടുത്തു..നീരജയെ നോക്കി ഉണ്ണിക്ക് നല്ലതു വരട്ടെ എന്നും പറഞ്ഞ് ലീല ഇടവഴിയിലേക്കുള്ള പടിപ്പുര ലക്ഷ്യമാക്കി നടന്നു.
ഇരുള്‍ പരക്കുന്ന പാടത്ത് നിന്നും പൈക്കളുമായി എത്തിയ കുഞ്ഞേനി പടികടന്നു പോകുന്ന ലീലയെ നോക്കി നീരജയോട് പറഞ്ഞു ."പാവം ഇത്തിരി നൊസ്സുണ്ടെന്നയുള്ളൂ..മക്കളൊന്നും തിരിഞ്ഞ് നോക്കണില്ലാന്നുള്ളത് ശര്യന്നാ."..എന്നിട്ട് ലീല കേള്‍ക്കാനായ് ഇത്തിരി ശബ്ദം ഉയര്‍ത്തി "പിന്നെ ഇവള് കൊറെ വെര്‍തെം ഓരോന്നു പറയുട്ടാ..ആണുങ്ങളെ പറ്റീട്ട്.അത് വിശ്വസിക്കണ്ട ഉണ്ണ്യേ.". .പടിപ്പുരയ്ക്കപ്പുറം എത്തിയ ലീല തിരിഞ്ഞ് നിന്നു കുഞ്ഞേനിയെ തറപ്പിച്ചു നോക്കി കൊണ്ട് ഇടവഴിയിലെ ഇരുട്ടിലേക്ക് പകര്‍ച്ച അടങ്ങിയ തൂക്കു പാത്രവുമായി മറഞ്ഞു..
തൊടിയിലെ അത്തിമരത്തിലേക്ക് വവ്വാലുകള്‍ പറന്നു വന്നു തൂങ്ങിക്കിടന്ന് അത്തിപ്പഴത്തെ ചവച്ച് തുപ്പുന്നുണ്ട്. വര്‍ഷങ്ങക്ക് ശേഷം കുറച്ച് ദിവസത്തെ അവധിക്ക് വന്നതാണെങ്കിലും നീരജ ഒരു പാട് ആശയക്കുഴപ്പങ്ങള്‍ക്ക് നടുവിലാണെന്നുള്ളത് തറവാട്ടിലാര്‍ക്കുമറിയാത്ത രഹസ്യം .ശൈശവവും ബാല്യവും കഴിച്ച് കൂട്ടിയ അമ്മത്തറവാട്ടില്‍ കുറച്ച് ദിവസം താമസിക്കണമെന്നത് മുന്‍കൂട്ടി തീരുമാനിച്ചത് തന്നെ അത്രയെങ്കിലും തനിക്കൊരു ആശ്വാസം കിട്ടിയെങ്കില്‍ എന്ന് കരുതിയല്ലേ .നീരജ രഹസ്യങ്ങളെ അടക്കം ചെയ്ത അവളുടെ നെഞ്ചിന്‍ കൂടിനുള്ളിലെ വേദനക്ക് മേല്‍ കൈവെച്ചു.അതിജീവനത്തിന്റെ പരക്കം പാച്ചിലില്‍ നഷ്ടപ്പെടുന്നത് ആത്മസത്തയാണെന്ന തിരിച്ചറിവു ഏറെ വൈകിയാണല്ലൊ മുഖം കാണിച്ചത്.ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നേട്ടങ്ങളാകുമ്പോള്‍ തനിക്കൊപ്പമുണ്ടെന്ന് കരുതിയതൊക്കേയും എത്രയോ കാതങ്ങള്‍ക്കപ്പുറത്തേക്ക് മറഞ്ഞിരുന്നുവെന്ന് എങ്ങനെയാണ് താനുള്‍ക്കൊണ്ടത്...ചങ്കൂറ്റമില്ലാതെ പോയതാണോ തനിക്ക് പറ്റിയ തെറ്റ്..ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ലീലയുടെ ആത്മധൈര്യം പോലും അറിവിന്റെ ഉത്തുംഗത കീഴടക്കിയ തനിക്കില്ലാതെ പോയത് എന്തു കൊണ്ടായിരുന്നു..
"കുട്ടീ ഈ ഇരുട്ടത്ത് ഒറ്റക്ക് നിക്കണ്ട അകത്തേക്ക് കയറിക്കോളു..മേല്കഴുകണെങ്കി ജാനൂനോട് വെള്ളം ചൂടാക്കാന്‍ പറയാം ..ആകെയുള്ള അവധിക്ക് വന്നു തിരിച്ച് പോകുമ്പൊ അസുഖം വരാണ്ടെ നോക്കിക്കൊളൂ.."ചെറിയമ്മ ആകുലതയോടെ പറയുന്നുണ്ട്..
"വേണ്ട ചെറിയമ്മെ..ഞാനിന്നു കുളത്തിലൊന്നു മുങ്ങിക്കുളിക്കട്ടെ..എനിക്കിത്തിരി എണ്ണ തരു.." നീരജ എഴുന്നേറ്റ് വടക്കിനിയിലെ ഇറയത്ത് നിന്നു റാന്തലെടുത്ത് കത്തിച്ചു."
കുട്ടി എന്തു ഭ്രാന്താ ഈ പറയണേ..ഈ തൃസ്സന്ധ്യക്ക് കുളത്തില്‍ക്കൊന്നും പൂവണ്ട.വല്ല എഴജന്തുക്കളും കാണും .തന്നെയുമല്ല കുറേക്കാലായിട്ടില്ലാത്ത ശീലല്ലെ..നീരെളക്കണ്ടാവാന്‍ വേറെങ്ങടും പോവണ്ട.."
ചെറിയമ്മ താക്കീതിന്റെ സ്വരത്തില്‍ വിലക്കുമ്പോള്‍ നീരജ സോപ്പും തോര്‍ത്തുമെടുത്ത് തൊടിയുടെ പടിഞ്ഞാറു മൂലയിലുള്ള കുളത്തിന്റെ കല്പ്പടവിലെത്തിയിരുന്നു..
"കുട്ടീ ഞാന്‍ ജാനൂനെ ഒപ്പം വിടാട്ടോ..കുളത്തിലെറങ്ങാന്‍ വരട്ടെ .."
വടക്കിനിയില്‍ നിന്നും ചെറിയമ്മയുടെ ശബ്ദം നേര്‍ത്ത് വരുന്നുണ്ടായിരുന്നു..നീരജ കുളത്തിലേക്കിറങ്ങി ..ഓളങ്ങള്‍ക്ക് മേലെ ഇളകിക്കൊണ്ട് അവളെ നോക്കി ചിരിക്കുന്ന ചന്ദ്രത്തുണ്ട്.നീരജ പതുക്കെ വെള്ളത്തെ ഇളക്കാതെ അവളതിനെ കൈക്കുടന്നയില്‍ കോരി മാറോടമര്‍ത്തി കണ്ണടച്ചു നിന്നു..കണ്ണു തുറന്നപ്പോള്‍ അവളെ പറ്റിച്ചെന്ന ചിരിയോടെ വീണ്ടും അലകള്‍ക്ക് മേലേ ഇളകുന്നുണ്ട് ആ നിലാത്തുണ്ട്.ശബ്ദമുണ്ടാക്കാതെ ചന്ദ്രബിംബത്തിനു മേലെ നീരജ പതിയെ അമര്‍ന്നു . പണ്ട് ഈ കല്പ്പടവിലിരുന്നു നിലാവിനോട് കിന്നരിക്കുമ്പോള്‍ അവളെപ്പോഴും പറയുന്നതായിരുന്നു. ഒരിക്കല്‍ ഞാന്‍ നിന്നെ എന്റെ ഹൃദയത്തിനുള്ളിലാക്കും .അവളതാവര്‍ത്തിച്ചു ..ഒക്കെ നഷ്ടപ്പെട്ട എനിക്കിനി നീയെ ഉള്ളൂ..നീയുമെന്നെ കൈവിടരുതേ.ഓളങ്ങള്‍ക്കൊപ്പം കുതറിയോടുന്ന അമ്പിളിക്കീറിനെ മാറോടമര്‍ത്തി ഉന്മാദത്തിന്റെ നീരാഴങ്ങളിലേക്ക് കൂപ്പ് കുത്തുമ്പോള്‍ നഷ്ടങ്ങളൊക്കെ നേട്ടങ്ങളാകുന്നത് കിനാവ് കാണുകയായിരുന്നു നീരജ..
==============================================

9 comments:

 1. ജീവിതയാത്രക്കിടയില്‍ അവിചാരിതമായ് കണ്ടു മുട്ടുന്ന ചിലര്‍ മനസ്സില്‍ തങ്ങി നില്ക്കും .ലീല കരുത്തുറ്റ സ്ത്രീയുടെ പ്രതീകമാണ്.വിധിയില്‍ പഴിചാരാതെ ജീവിതമെന്ന സമരത്തെ വെല്ലുവിളിയോടെ നേരിടുന്നവള്‍ ...

  ReplyDelete
 2. മുമ്പ് വായിച്ചിരുന്നു
  നല്ല കഥ

  ReplyDelete
 3. ഞാനും വായിച്ചിരുന്നു ..... നല്ല കഥ

  ReplyDelete
 4. വളരെ നല്ല കഥ. ലീല എന്ന കരുത്തറ്റ കഥാപാത്രം ഇന്നിന്‍റെ അനിവാര്യതകൂടിയാണ്. ഹൃദ്യമായ ആഖ്യാനവും.

  ReplyDelete
 5. വളരെ മനോഹരമായ കഥ.... അവതരണ രീതി വളരെ നന്നായിരിയ്ക്കുന്നു....

  കൂലിപ്പണിയെടുത്ത്, കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്ന നാട്ടിൻപുറങ്ങളിലെ സാധാരണക്കാരായ സ്ത്രീകളുടെ മനക്കരുത്ത്, ഇന്നത്തെ സ്ത്രീസമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിയ്ക്കുകയാണെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്...

  ReplyDelete
 6. ഈ കഥ ഉഷാറായിട്ടുണ്ടല്ലോ. അഭിനന്ദനങ്ങള്‍.

  ReplyDelete
 7. പറഞ്ഞതത്രെയും നന്നായി.

  ലീലയുടെ ജീവിതകഥ വഴി നീരജയുടെ മാനസിക സംഘര്‍ഷങ്ങലിലേക്ക് കടന്നു തുടങ്ങിയപ്പോള്‍ കഥ തീര്‍ന്നുപോയി.
  എന്തോ കൂടുതല്‍ പ്രതീക്ഷിച്ചു. നീരജയില്‍ മറഞ്ഞിരിക്കുന്ന ഒരു സസ്പന്‍സ് പോലെ എന്തോ...ഒന്ന്.

  ReplyDelete