Tuesday 8 April 2014

പ്രണയനിര്‍വ്വചനങ്ങള്‍

പ്രണയനിര്‍വ്വചനങ്ങള്‍ :-



ഒരു പ്രണയം എത്ര വേഗമാണ്
പറയപ്പെടുന്നത്?
സങ്കോചം കൂടാതെ
മുഖവുരയില്ലാതെ ...
പരിസരമറിയാതെ...
അവര്‍ക്കിടയിലെ അപരിചിതത്വം
കോടമഞ്ഞു പോലെയെങ്കിലും
മൊഴിയാന്‍ ഭാഷകളില്ലെങ്കിലും
ദേശമോ കാലമോ രൂപമോ നോക്കാതെ...
ആലിപ്പഴങ്ങള്‍ പൊഴിയും പോലെയത് ...
അധരങ്ങളില്‍ നനവ് പടര്‍ത്തി ..
കണ്ണില്‍ നക്ഷത്രങ്ങളെ കത്തിച്ചു ..
കവിളുകളെ ശോണിമയുള്ളതാക്കുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
പരസ്പ്പരമൊന്നാകുന്നത്?
മേഘങ്ങള്‍ നിതാന്ത നീലിമയില്‍
അലിയുന്ന പോലെ
മഴനൂലിഴകള്‍ മണ്ണിന്‍ ഞൊറികളില്‍
നിറഞ്ഞു തുളുമ്പുന്ന പോലെ...
വെയില്‍ നാളങ്ങള്‍ ഇലകളില്‍
ചുംബിച്ചുലക്കുന്ന പോലെ...
കാറ്റിന്റെ തലോടലില്‍ ഓളങ്ങള്‍
പിടയ്ക്കുന്ന പോലെയത് ...
ചിന്തകളില്‍ അഗ്നി കുടഞ്ഞ് ..
ശ്വാസതാളത്തില്‍ മഞ്ഞുതിര്‍ത്ത് ..
മനസ്സിനെയെവിടെയോ മേയാന്‍ വിടുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
അംഗീകരിക്കപ്പെടുന്നത്?
പകലിനെ ഇരുളണയ്ക്കും പോലെ..
കൊക്കൂണുകള്‍ക്ക് ചിറക് മുളയ്ക്കും പോലെ..
കരിമ്പാറകളില്‍ മുള്‍ച്ചെടിയള്ളിപ്പിടിയ്ക്കും പോലെ...
ചിപ്പിക്കുള്ളിലെ  മുത്തു പോലെയത്
ഉടലിനെ വരിഞ്ഞ് ..
കരളിനെ പിളര്‍ന്നു ..
ആത്മാവിലെക്കാഴ്ന്നിറങ്ങുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
മറന്നു പോകുന്നത് ?
അടര്‍ന്നുവീണ ഇലകള്‍ പോലെ...
പറന്നകന്ന പക്ഷിയെ പോലെ ...
പെയ്തു തോര്‍ന്ന രാമഴ പോലെ ...
കത്തിയമര്‍ന്ന തിരികള്‍ പോലെയത് .
ഇമകളെയടച്ച് ..ചൊടികളെ തുറന്ന് ..
കൈകാലുകളെ ബന്ധിച്ച മരണമായ് മറയുന്നു.

8 comments:

  1. പ്രണയം പെട്ടെന്നായിരുന്നു

    ReplyDelete
  2. മാറ്റങ്ങള്‍ എല്ലായിടത്തും..

    ReplyDelete
  3. ഇന്നു ദാ വന്നു ദെ പോയി....

    ഇത്രത്തോളം മനോഹരമായ മറ്റൊന്ന് ? ഇല്ല്യ തന്നെ.

    ReplyDelete
  4. നന്നായിരിക്കുന്നു പ്രണയനിര്‍വ്വചനങ്ങള്‍.....
    ആശംസകള്‍

    ReplyDelete
  5. നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete
  6. നാടോടുമ്പോള്‍ നടുവേ ഓടുന്ന പ്രണയം ...നന്നായി ..!

    ReplyDelete
  7. പുതിയ പ്രണയം എത്ര വേഗമാണ്

    ഉടലെടുക്കുന്നത്?

    ReplyDelete