Thursday, 29 November 2012

ആത്മാക്കളുടെ താഴ്വരയില്‍ആത്മാക്കളുടെ താഴ്വരയില്‍ :- (Aussie memoir .part 1)
=======================================
 (മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)                                                                              


കിങ്സ് പാര്‍ക്കിന്റെ താഴ്വരയില്‍ നിന്നും സ്വാണ്‍ റിവറിന്റെ കാഴ്ച്ച...
ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പത് കാലഘട്ടത്തില്‍ പത്രമാധ്യമങ്ങളില്‍ ആശങ്കയോടെ വന്ന ഒരു വാര്‍ത്തയായിരുന്നു സ്കൈലാബ് എന്ന ബഹിരാകാശ പരീക്ഷണശാലയുടെ കാലവധി കഴിഞ്ഞതിനു ശേഷമുള്ള തിരിച്ച് വരവു..മനുഷ്യരില്ലാത്താ ആ പേടകം എവിടെ പതിക്കുന്നുവെന്നതിനെ കുറിച്ച് ഒരു പാടു ഊഹാപോഹങ്ങളായിരുന്നു..  ഇന്ത്യന്‍ മഹാസമുദ്രത്തിലാക്കാന്‍ നടത്തിയ  പരിശ്രമങ്ങള്‍  ശാസ്ത്രജ്ഞരുടെ പ്രതീക്ഷക്ക് വിരുദ്ധമായി എന്നാല്‍ വലിയ മാറ്റമില്ലാതെ തന്നെ അതിനടുത്ത ഒരു പ്രദേശത്ത് സ്കൈലാബ് എന്ന പേടകം പതിക്കുന്നതിനു ഹേതുവായി ..പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ     പെര്‍ത്തിന്റെ പ്രാന്ത പ്രദേശത്താണു അതിന്റെ അവശിഷ്ടങ്ങള്‍ തിരുശേഷിപ്പുകളായി വീണടിഞ്ഞത് .സാന്‍ ഫ്രാന്സിസ്കൊയിലെ ശാസ്ത്രജ്ഞര്‍ ഒരു സമ്മാന വാഗ്ദാനവും അന്നു നല്കിയിരുന്നു അതിന്റെ ഒരു കുഞ്ഞു കഷ്ണമെങ്കിലും മനുഷ്യരുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ അതാദ്യം കിട്ടുന്നയാള്‍ക്ക് പതിനായിരം അമേരിക്കന്‍ ഡോളര്‍  പാരിതോഷികം എന്നു പറഞ്ഞ്..എസ്പരന്‍സ് എന്ന ഗ്രാമത്തിലെ ഒരാട്ടിടയനാണു കയ്യില്‍ കിട്ടിയ അവശിഷ്ടങ്ങളുമായ് ഈ തുക കൈപറ്റാന്‍ ഫ്രാന്സിസ്കോയിലേക്ക് പറന്നത്.. എന്റെ മകളും കുടുംബവും പെര്‍ത്തിലെ  താമസക്കാരയതു കൊണ്ട്  അന്നു പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഈ പ്രദേശം പിന്നീടെനിക്ക് സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചു . 


ഡിസംബര്‍ മാസം മുതല്‍ മേയ് ആദ്യപാദം വരെ ദക്ഷിണാര്‍ദ്ധ രാജ്യങ്ങളിലെ കാലാവസ്ഥ ഗ്രീഷ്മമാണെങ്കിലും പെര്‍ത്തിലെ ചൂട് ആസ്വദിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. മധ്യേഷ്യയിലെ മരുഭൂമിയിലനുഭവിക്കുന്ന താപത്തിന്റെ തോതനുസരിച്ച് അതു ഒന്നുമല്ലായിരുന്നു..കൂടിയ താപം 35 മുതല്‍ 38 ഡിഗ്രി സെല്ഷ്യസ് മാത്രം ..പോരാത്തതിനു ലോകത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കാറ്റു വീശുന്ന നഗരമെന്ന ഖ്യാതിയും പെര്‍ത്തിനു സ്വന്തം .മകള്‍ പലപ്പോഴായി അയച്ച് തന്നിട്ടുള്ള ചിത്രങ്ങളില്‍ നിന്നും അവിടുത്തെ പ്രകൃതി സൌന്ദര്യത്തെ ആസ്വദിക്കണമെന്ന ചിന്ത പിന്നെയൊന്നും നോക്കാതെ  യാത്രക്ക് വേണ്ട ഒരുക്കങ്ങളിലെത്തിച്ചു.ദുബായില്‍ നിന്നും ഡിസംബര്‍ ഇരുപത്തഞ്ചിനു സിംഗപ്പൂര്‍ വഴി ഞങ്ങള്‍ പെര്‍ത്തിലെത്തുമ്പോഴേക്കും ഞങ്ങളുടെ ഏതാനും മണിക്കൂറൂകള്‍ നഷ്ടമായിരുന്നു..ജി.എം ടി അനുസരിച്ച് ദുബായ് ടൈം സോണുമായ്  നാലു മണിക്കൂര്‍ മുന്നിലാണു പെര്‍ത്ത്.. ഇരുപത്തിയാറാം തിയതി ഉച്ചക്കാണു ഞങ്ങളവിടെയെത്തുന്നത്....വലിയ ആര്‍ഭാടങ്ങളില്ലാത്ത ഒരു എയര്‍പോര്‍ട്ട്..ഒറ്റനോട്ടത്തില്‍ മുഷ്കുള്ളവരെന്നു തോന്നുമെങ്കിലും പെരുമാറ്റത്തില്‍ മാന്യരും സൌമ്യരും ആയ ജീവനക്കാര്‍ ..എന്നെ ആകര്‍ഷിച്ചതവിടെ നേരെ കണ്ട ഒരു പരസ്യ ബോര്‍ഡാണ്..ശിശുപീഢനങ്ങള്‍ (ചൈല്‍ഡ് മോളെസ്റ്റെഷന്‍ )അത്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും അവിടുത്തെ കുഞ്ഞുങ്ങള്‍ ആ രാഷ്ട്രത്തിന്റെ സ്വത്താണെന്നും ഉദ്ബോധിപ്പിക്കുന്ന വാചകങ്ങള്‍ ...ഒരു വേള ഞാന്‍ ചില എയര്‍പോര്‍ട്ടില്‍ നമ്മളെ എതിരേല്ക്കുന്ന സ്വര്‍ണ്ണക്കടകളുടെ വര്‍ണ്ണാഭമായ പരസ്യപ്പലകകള്‍ ഓര്‍ത്തു പോയി..

ഓസ്ട്രേലിയയിലേക്ക്  കൊണ്ടു വരുന്ന സാധങ്ങള്‍ എന്തൊക്കെയാവണമെന്ന് അവിടുത്തെ കുടിയേറ്റവകുപ്പ് നിഷ്കര്‍ഷിക്കുന്നുണ്ട്..അതനുസരിച്ച് ചില ധാന്യങ്ങള്‍ ,ക്ഷീരോല്‍പ്പന്നങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ,മരങ്ങള്‍ കൊണ്ടുണ്ടാക്കിയ കൌതുകവസ്തുക്കള്‍ ,സസ്യലതാദികള്‍ തുടങ്ങിയവയൊന്നും അങ്ങോട്ടടുപ്പിക്കാനാവില്ല.ദുബായില്‍ നിന്നുള്ള യാത്രയായതിനാല്‍ ഞങ്ങള്‍ അത്തരത്തിലൊന്നും കരുതിയതുമില്ല ..അതിനാല്‍ തന്നെ ഡിക്ലയര്‍ ചെയ്യാന്‍ ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു.എന്നിരുന്നാലും ഡിക്ലയര്‍ ചെയ്യാനൊന്നുമില്ലെന്ന് യാത്രക്കാര്‍ ബോധ്യപ്പെടുത്തുന്ന ബാഗുകള്‍ അവരുടെ പ്രത്യേക പരിശീലനം കിട്ടിയ ശ്വാനനു മുന്നിലെത്തിക്കുമെന്നത് ലിഖിതനിയമം  ..അവന്‍ തന്റെ നാസരന്ധ്രങ്ങളുടെ വൈഭവം കാണിച്ച് ബാഗുകള്‍ക്കുള്ള വിധി കല്പ്പിക്കും ..ഞങ്ങള്‍ ധൈര്യത്തോടെ ബാഗുകള്‍ ശ്വാനനു മുന്നിലെത്തിച്ചു..എന്റെ മകന്റെ ബാക് പാക്കാണു അവന്‍ വിട്ട് തരാന്‍ വിസമ്മതിച്ചത്.ഓഫീസര്‍ തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മകന്‍ തുറന്നു..ഓഫീസര്‍ ഞങ്ങളെ നോക്കി ചിരിച്ചു എന്നിട്ട് ഒരു ചെറിയ പൊതി ഞങ്ങളെ കാണിച്ചു പറഞ്ഞു അവരുടെ വിശ്വസ്തനെ അലോസരപ്പെടുത്തിയത് ആ പൊതിയുടെ ഗന്ധമാണെന്നു ..മകന്‍ വിശന്നപ്പോള്‍ സിംഗപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ ബര്‍ഗറായിരുന്നു ആ പൊതി..പിന്നീട് ഞങ്ങളെ പോകാനനുവദിക്കുന്ന നേരത്ത് ആ മിടുക്കന്‍ നായയുടെ വായിലേക്ക് ഏതാനും ബിസ്ക്കറ്റുകള്‍ ബ്രാവൊ !! ഗുഡ്ബോയ് എന്നും പറഞ്ഞു അവന്റെ പരിശീലക ഇട്ടു കൊടുക്കുന്നുണ്ടായിരുന്നു..

പുറത്തേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ചൂടൊന്നും മധ്യാഹ്നമായിരുന്നിട്ടും അനുഭവപ്പെട്ടില്ല..ഞാന്‍ മോളോട് അദ്ഭുതത്തോടെ ചോദിച്ചു ഇതാണോ നീ പറഞ്ഞ് പേടിപ്പിച്ച ചൂട്..ഒരു പൊട്ടിച്ചിരിയോടെ അവള്‍ പ്രതികരിച്ച് തുടങ്ങി..ഇല്ല ഉമ്മ എനിക്കറിയാം ദുബായിയെ അപേക്ഷിച്ച് ഇതൊന്നുമല്ലെന്നു..എന്നാലും ഇതാണു ഇവിടുത്തെ കഠിനചൂട്..അന്തരീക്ഷത്തിന്റെ ഊഷ്മാവനുസരിച്ച് പുഴുക്കത്തിന്റെ തോത് വളരെ കുറഞ്ഞതാണു..പക്ഷെ സൂര്യ കിരണത്തിന്റെ കുത്തുന്ന പൊള്ളലാണു കരുതിയിരിക്കേണ്ടത്..നല്ല സുഖമുള്ള കാറ്റും പുഴുക്കമില്ലായ്മയും ആളുകളെ കൂടുതല്‍ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുമെങ്കിലും അപകടകാരികളായ സൂര്യ രശ്മികളാണു ശരീരത്തില്‍ തുളച്ച് കയറുന്നത്..തൊലിപ്പുറത്തെ അര്‍ബുദത്തിനു കാരണമാകുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിലൂടെ വികിരണം ചെയ്യപ്പെടുന്നു....എന്തായാലും പുറത്തിറങ്ങാതെ ഇരിക്കാനാവില്ല...നേരിട്ട് സൂര്യരശ്മികളേല്‍ക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്നു മാത്രം ....സണ്‍ ബാത്ത് ചെയ്യുക ,ഏറെ നേരം വെയിലത്ത് ജോലിയെടുക്കുക ഇതൊക്കെ കുറക്കാന്‍ കടുത്ത വേനലില്‍ സര്‍ക്കാരും മുന്നറിയിപ്പ് നല്കാറുണ്ട്..

ഞങ്ങളുടെ വരവു പ്രമാണിച്ച് മക്കള്‍ ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കയായിരുന്നു..മരുമകന്‍ വളരെ സമയ ബന്ധിതമായ ട്രാവല്‍ ഐറ്റിനറി തന്നെ  തയ്യാറാക്കി വെച്ചിരുന്നു..ആ ഷെഡ്യൂള്‍ പ്രകാരം സമയം നഷ്ടപ്പെടുത്താതെ ഓരോ ദിവസങ്ങളിലും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞങ്ങളോട് നിര്‍ദ്ദേശിച്ചു..ചെന്ന അന്നു വൈകുന്നേരം തന്നെ പെര്‍ത്തിലെ പിതൃക്കളുറങ്ങുന്ന കിംഗ്സ് പാര്‍ക്ക് കാണാന്‍ പോയി..സ്വാണ്‍ റിവറിനു മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പുഴയില്‍ നീന്തി തുടിക്കുന്ന അരയന്നങ്ങളെ മകള്‍ കാണിച്ചു തന്നു..വെളുത്ത നിറത്തിലുള്ളതും കറുത്തത നിറത്തിലുള്ളതുമായ സാമാന്യം നല്ല വലിപ്പമുള്ള അരയന്നങ്ങള്‍ ...കൊക്കുരുമ്മിയും ഓളപ്പരപ്പില്‍ നിന്നും തെല്ലു പൊങ്ങിപ്പറന്നും നീരാടുന്നു...സായന്തന മേഘങ്ങള്‍ പുഴക്ക് മേലെ മേയുന്നുണ്ട്...ശോണവര്‍ണ്ണത്തിലുള്ള സന്ധ്യാംബരത്തില്‍ പഞ്ഞിത്തൂളുകളെന്നു തോന്നുന്ന മേഘക്കുഞ്ഞുങ്ങള്‍ ദൂരെ കാണുന്ന മാമലകളെ ലക്ഷ്യമാക്കി നീങ്ങുന്നുമുണ്ട്..

കിംഗ്സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നഗരാതിര്‍ത്തിയില്‍ ഇത്തിരി ഉയര്‍ന്ന ഒരു ഭൂപ്രദേശമായ എലിസ മലനിരകളുടെ താഴ്വാരത്തിലാണ് .ആയിരത്തിമുന്നൂറ് ഏക്കറോളം പരന്നു കിടക്കുന്ന അതു വെറുമൊരു പൂങ്കാവനമല്ല..അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം മയങ്ങുന്ന അഥവാ ചരിത്രം സംസാരിക്കുന്ന ഒരു ആരണ്യകം തന്നെയാണ്..എണ്‍പതില്‍ പരം പക്ഷികളും മുന്നൂറ്റിപത്തൊമ്പതില്‍ കൂടുതല്‍ തദ്ദേശ വൃക്ഷങ്ങളും പേരറിയാത്ത വള്ളിപ്പടര്‍പ്പുകളും യഥേഷ്ടം കാണാനാവുന്ന ഈ ഉദ്യാനം വലുപ്പത്തില്‍ ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കിനേക്കാളും വിശാലമാണ്..1872 ല്‍ പെര്‍ത്ത് പാര്‍ക്ക് എന്ന പേരില്‍ രാജ്യത്തിനു സമര്‍പ്പിച്ച ഉദ്യാനം പിന്നീട് എഡ്വേര്‍ഡ് ഏഴാമന്റെ കാലത്ത് 1901 ല്‍ കിംഗ്സ് പാര്‍ക്കായ് നാമകരണം ചെയ്യപ്പെട്ടു..സ്റ്റേറ്റ് വാര്‍ മെമ്മൊറിയലായി ഇന്നു ബഹുമാനിക്കുന്ന ഈ ഉദ്യാനത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 25 നു ആന്‍സാക് ഡേ എന്ന പേരില്‍ ആചരിക്കുന്നു..രാജ്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികളുടെ ഓര്‍മ ദിവസമായി പുലര്‍ച്ചെ അഞ്ചര മണിക്ക് ഏകദേശം നാല്പ്പതിനായിരത്തോളം ആളുകള്‍ ഡോണ്‍ സെര്‍വീസ് (പ്രഭാത കൂദാശ) നടത്തുവാന്‍ ഒത്തു ചേരുന്നു....ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ഈദു ഗാഹായും പെര്‍ത്തിലെ ഇസ്ലാം മത വിശ്വാസികള്‍   കിംഗ്സ്  പാര്‍ക്കിന്റെ ഒരു ഭാഗത്തെ ഉപയോഗിക്കാറുണ്ട്..

കാടിനു മുകളില്‍ നിന്നും ഇരുള്‍ പതുക്കെ താഴ്വാരത്തിലേക്കരിച്ചിറങ്ങുന്നുണ്ട്..നടപ്പാതകള്‍ക്കിരു വശങ്ങളിലും തലയുയര്‍ത്തി നില്കുന്ന ഓക്ക് മരങ്ങളില്‍ പലവര്‍ണ്ണങ്ങള്‍ ദേഹത്ത് പൂശിയ തത്തകള്‍ ചേക്കേറാനായ് കലപില കൂട്ടി എത്തുന്നുണ്ട്..ഞങ്ങള്‍ അതിശയത്തോടെ ഈ കാഴ്ചകളില്‍ മതി മറന്നു നീങ്ങി.ഓരോ മരങ്ങള്‍ ക്ക് മുന്നിലും നാട്ടിയിരിക്കുന്ന പേരുകള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ..ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും വിയറ്റ്നാം കൊറിയന്‍ യുദ്ധങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ച് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച സൈനികരുടെ പേരാണു അതില്‍ എഴുതിയിരിക്കുന്നത്.ഓരോ രക്തസാക്ഷികളുടേയും ഓര്‍മ്മക്കായ് ഓരോ മരങ്ങള്‍ ..മാത്രമല്ല നടപ്പാതകളില്ലെ ചുണ്ണാമ്പു കല്ലിലും അവരുടെ പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.കൂടാതെ പാര്‍ക്കിനു ഏകദേശം നടുവിലായ് ഒരു സ്മൃതിമണ്ഡപസ്തൂപം ..അതിനു ചുറ്റുമുണ്ട് രക്തസാക്ഷികളുടെ പേരുകള്‍ ..ഗതകാലത്തിന്റെ കൊടും പീഠകള്‍ അയവിറക്കി ഓരോ പേരുകളും തുറിച്ച് നോക്കുന്നത് പോലെ.. ജീവിച്ച് കൊതി തീരാതെ മരണത്തെ വരിച്ചവര്‍ ..അവരുടെ പ്രണയം പിതൃത്വം വാത്സല്യം എല്ലാം കാലത്തെ സാക്ഷിയാക്കി ഒടുങ്ങിയിരിക്കുന്നു...അടുക്കിയടുക്കി വെട്ടിയ പാതയോരങ്ങളില്‍ നിന്നും നദിയുടെ മനോഹര ദൃശ്യം അനുഭവിക്കാനായ് ഞങ്ങള്‍ കുറച്ച് നേരം അവിടെ കണ്ട ബെഞ്ചുകളില്‍ നദിക്കഭിമുഖമായിരുന്നു..നദിക്കപ്പുറം നഗരത്തിന്റെ പ്രകാശധവളിമ കാണാനുണ്ടായിരുന്നു....സാന്ധ്യരാഗങ്ങളില്‍ തുടുത്ത് നില്കുന്ന അരയന്നങ്ങളുടെ നദി..നദിക്കിരുവശവും സഞ്ചാരയോഗ്യമായ നടപ്പാതയും സൈക്കിള്‍ പാതയും ..ക്രിസ്മസ്സ് കാലമായതിനാല്‍ കൂറ്റന്‍ ക്രിസ്മസ്സ് മരങ്ങള്‍ ദീപാലംകൃതമായിരിക്കുന്നു.ഞാനാദ്യം സംശയിച്ചു ക്രിസ്സ്മസ്സ് മരങ്ങള്‍ കൃത്രിമമാണൊ എന്നു .അടുത്തു ചെന്നപ്പോഴാണു വിസ്തൃതമായ കാണ്ഡത്തോടേയുള്ള ജീവനുള്ള മരമാണതെന്നു മനസ്സിലായത് ..ദേവദാരുക്കളും ക്രിസ്സ്മസ്സ് മരങ്ങളും ഓക്കും ജക്കറാന്തയും പാതയോരങ്ങളെ വശ്യസുന്ദരമാക്കിയിരിക്കുന്നു..നിറയെ ഇളം വയലറ്റ് പൂക്കുലകള്‍ പേറിയ ജക്കറാന്ത മൂവന്തി നേരത്ത് വീഥികളില്‍ വര്‍ണ്ണാഭമായ ശിരോവസ്ത്രമണിഞ്ഞവളെ പോലെ തോന്നിച്ചു..


ഇരുള്‍ പരന്നിട്ടും സന്ദര്‍ശകരുടെ വരവ് നിലച്ചിട്ടില്ല..ഓരോ വര്‍ഷവും അമ്പത് ലക്ഷത്തോളം ആളുകള്‍ ഈ പാര്‍ക്കില്‍ സന്ദര്‍ശകരായെത്താറുണ്ട് പോലും ..കുട്ടികളും മാതാപിതാക്കളും ,കമിതാക്കളും ,സുഹൃത്തുക്കളും വൃദ്ധരും അടങ്ങുന്ന ഒരു പാട് മനുഷ്യര്‍ പാര്‍ക്കിന്റെ പലയിടങ്ങളിലായ് ചിതറി നടക്കുന്നുണ്ട്..ചുരുക്കം ചിലര്‍ ഒറ്റക്ക് നദിയിലേക്ക് ദൃഷ്ടി പായിച്ച് ഏകാന്തത ആസ്വദിക്കുന്നുണ്ട്..
ഒരു പറ്റം പെണ്‍കുട്ടികള്‍ ഉറക്കെ ചിരിച്ചും ആഹ്ലാദിച്ചും ഞങ്ങളുടെ അടുത്ത് കാറില്‍ നിന്നും ഇറങ്ങി..അതിലൊരുവള്‍ മരുമകന്റെ അടുത്ത് വന്നു അവളുടെ കാമറ നീട്ടി ഒരു ഫോട്ടൊ എടുത്തു കൊടുക്കാനാവശ്യപ്പെട്ടു..കാറിനു മുകളിലും ബോണറ്റിലും ഒക്കെ ഇരുന്നു പോസ് ചെയ്തു..അവരിലൊരു പെണ്‍കുട്ടിയുടെ ബ്രൈഡല്‍ ഷവര്‍ ആണു പോലും അന്നു..(നമ്മുടെ മൈലാഞ്ചിക്കല്യാണം  പോലെ)അതാഘോഷിക്കാന്‍ അവര്‍ തിരഞ്ഞെടുത്തത് ഇരുട്ടില്‍ ആത്മാക്കളുടെ ദുരൂഹതകള്‍ നിറഞ്ഞ കഥ പറയാന്‍ വെമ്പുന്ന ഈ ഉദ്യാനത്തേയും ..മണിക്കൂറുകളോളം മേഘങ്ങള്‍ക്കൊപ്പം ചിലവഴിച്ചതിന്റെ ജെറ്റ്ലാഗ് എന്ന പ്രതിഭാസം എന്നെ തളര്‍ത്താന്‍ തുടങ്ങി..ഇപ്പോള്‍ രാവ് തന്റെ കറുത്ത കമ്പളം  താഴ്വാരത്തെ പുതപ്പിച്ചിരിക്കുന്നു.സുഷുപ്തിയിലേക്ക് ആ കാനനം അലിയും മുന്‍പേ വീടെത്താമെന്ന് ഓര്‍ത്ത്.പറഞ്ഞ് തീര്‍ക്കാന്‍ ഇനിയും ഒരു പാടുണ്ടെന്നു ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വൃക്ഷങ്ങളെ തലോടി ഞങ്ങള്‍ പതുക്കെ ഞങ്ങളുടെ വാഹനത്തിനടുത്തേക്ക് നീങ്ങി..അകലെ ഏതോ ഒരു കാട്ട് താറാവ് അതിന്റെ ഇണയോടപ്പോള്‍  പരിഭവിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു..                                                                                                       വാര്‍ മെമോറിയല്‍ സ്തൂപം :-
കിങ്സ് പാര്‍ക്കില്‍ വിരിഞ്ഞ് നില്ക്കുന്ന കാട്ടു പൂക്കള്‍ 

                                          

8 comments:

 1. പെര്‍ത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ സ്കൈലാബ് വീഴുന്ന ദിവസം പഠിക്കുന്ന സമയത്ത് മോര്‍ണിംഗ് ഷോവിനു കയറിയ കാര്യം ഓര്‍മ്മ വന്നു. വൃക്ഷങ്ങള്‍ക്കു നല്‍കിയ പേരുകള്‍ നന്നായി. അപ്പോള്‍ ഇനിയും വിശേഷങ്ങള്‍ ഉണ്ടോ അതോ ഇനി അടുത്ത പാര്‍ക്കോ?

  ReplyDelete
  Replies
  1. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വിശേഷങ്ങള്‍ ഇനിയുമുണ്ട്..ഓരോന്നായ് അടുത്ത് തന്നെ പോസ്റ്റൂന്നുണ്ട് :)

   Delete
 2. സ്കൈലാബ് അന്നത്തെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവിഷയമായിരുന്നല്ലോ.
  ആസ്ത്രേലിയയില്‍ പോയിട്ട് കംഗരൂനെ കണ്ടോ?
  ഓപ്പറ ഹൌസില്‍ പോയൊ?

  ReplyDelete
 3. എത്തിപ്പെടാത്ത സ്ഥലങ്ങളെ ഇത്തരം വിവരണങ്ങളിലൂടെ അറിയുവാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ...

  ഒരു സകൈലാബ് ചരിത്രം ഇവിടെയുമുണ്ട് കേട്ടോ...

  ReplyDelete
 4. ഈ വിവരണങ്ങള്‍ യാത്രകള്‍ കൊതിക്കുന്ന മനസ്സിന് താല്‍ക്കാലിക ആശ്വാസമെങ്കിലുമാകുന്നുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള കഥയാണെങ്കിലും സ്കൈലാബിനെ കുറിച്ച് കേട്ടിരുന്നു. ഈ സ്ഥലപുരാണം പക്ഷെ ആദ്യമായാ കേള്‍ക്കുന്നത്. ഒരുപാട് നന്ദി

  ReplyDelete
 5. നല്ല യാത്രാ വിവരണം ...ഫോട്ടോസ് വലുതായി കണ്ടപ്പോള്‍ നല്ല ഭംഗിയുണ്ട്... .. മനോഹരമായ ചിത്രങ്ങള്‍ ഇഷ്ടായി ഒരുപാട് !

  ReplyDelete
 6. നല്ല വിവരണം...
  പെര്‍ത്തിലൂടെ ഒരു സ്വപ്ന യാത്ര നടത്തി മടങ്ങി വന്ന പോലെ.
  കുറച്ചു കൂടി ചിത്രങ്ങള്‍ കാനാനായെങ്കില്‍, എന്ന് തുടിക്കുന്നു മനസ്സ്.

  നീലക്കുറിഞ്ഞിയുടെ താഴ്വരയില്‍ ഇനിയും ഇതുപോലെ പൂക്കള്‍ വിടരട്ടെ.
  ആ താഴ്വര എന്നും വര്‍ണ്ണാഭമായി പൂത്തുലയട്ടെ, ആശംസകള്‍...

  ReplyDelete
 7. മനോഹരമായ ഒരു യാത്രാവിവരണം... ചിത്രങ്ങളുൾ കുറവാണെങ്കിലും സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന അക്ഷരങ്ങളിലൂടെ സഞ്ചരിയ്ക്കുമ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകൾ മനസ്സിലേയ്ക്ക് നിറയുന്നുണ്ട്...... ഫോട്ടോസ് അല്പംകൂടി വലിപ്പത്തിൽ ആയിരുന്നെങ്കിൽ നന്നായിരുന്നു...

  ReplyDelete