Sunday 23 December 2012

മേപ്പിള്‍ മരങ്ങളും മണിഗോപുരവും


മേപ്പിള്‍ മരങ്ങളും മണിഗോപുരവും :-(Aussie memoir Part 3.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)

റിവര്‍ സൈഡ് വോക്ക്..ഈ പ്രതീക്ഷയിലാണ്. ഞാന്‍ മോര്‍ളി ഗലേറിയയില്‍ നിന്നും ഇറങ്ങിയത്..സ്വാണ്‍ റിവറില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളോട് കുശലം പറഞ്ഞ് ഒരു സായാഹ്നസവാരി..പിറ്റേന്നു പുതുവര്‍ഷപ്പുലരിയാണ്. .നഗരവും ജനങ്ങളും ആഹ്ലാദത്തിന്റെ ഒഴുക്കിലാണ്. ... പൊന്നില്‍ പൊതിഞ്ഞ ഒരു നവോഢയെ പോലെ  പോക്കുവെയിലിന്റെ ശോഭയില്‍ പെര്‍ത്ത് നഗരം തിളങ്ങുന്നു ..  .മകള്‍ പറഞ്ഞു നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്ന ആഘോഷങ്ങള്‍ ഇന്നു രാത്രിയുണ്ടാകുമെന്ന്.ആള്‍ക്കൂട്ടങ്ങളും ബഹളവും നിറഞ്ഞ ആഘോഷങ്ങള്‍ ...എന്തോ എനിക്കിതത്ര താല്പ്പര്യമുള്ള ഒരു വിഷയമല്ല..പക്ഷെ മക്കളുടേയും ഭര്‍ത്താവിന്റേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അന്നു രാത്രി ആ കാഴ്ച്ചയും കാണാമെന്നു തീരുമാനിച്ചു..പക്ഷെ ആദ്യം എന്റെ ഇഷ്ട്പെട്ട ഒരിടമായി മാറിയ അരയന്നങ്ങളുടെ പുഴക്കരിക് ചേര്‍ന്ന് മേലെ നീലാനഭസ്സിന്റെ മടിയില്‍ ഒഴുകുന്ന സായന്തന മേഘങ്ങളേയും താഴെ ശാന്തമായൊഴുകുന്ന പുഴയിലെ  ഓളങ്ങളില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളേയും കണ്ടൊരു നടത്തം . വൈദ്യുത ദീപങ്ങളാലലംകൃതമായ ഭീമന്‍ ക്രിസ്മസ്സ് മരങ്ങളും രാജപാതകള്‍ക്ക് തണലായുള്ള മേപ്പിള്‍ മരങ്ങളും ജക്രാന്ത മരങ്ങളും പിന്നിട്ട് പുഴയരികിലെത്തിയപ്പോള്‍ അരയന്നകൂട്ടങ്ങള്‍ പരസ്പ്പരം ലാളിക്കുന്നതും ഇര പിടിക്കുന്നതും ഇടയിലെവിടേയോ ചില ഒറ്റകള്‍ ധ്യാനത്തിലിരിക്കുന്നതും കണ്‍കുളിര്‍ക്കെ കാണാനായ്..അതും കയ്യെത്തും അകലത്തില്‍ ..അപരിചിതത്വം ലവലേശമില്ലാതെ ആ വര്‍ണ്ണ മരാളങ്ങള്‍ തങ്ങളുടെ ലോകത്തെ ശാന്തത അനുഭവിക്കുകയാണ് . .പുഴയുടെ ഒരറ്റത്ത് കണ്ട കണ്ടല്‍ മരങ്ങളില്‍ നിന്നും വള്ളിപ്പടര്‍പ്പുകളില്‍ നിന്നും വാത്തുകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്..അരയന്നങ്ങളുടേയും വാത്തുകളുടേയും കൂടുകള്‍ ആ കണ്ടലുകള്‍ക്കുള്ളിലാണുള്ളത്.ഇടക്കിടെ വാത്തുകള്‍ ഇത്തിരി ഇരുട്ട് പിടിച്ച ആ വള്ളിക്കൂട്ടങ്ങളില്‍ നിന്നും ഭാരമുള്ള ശരീരത്തെ ശക്തമായ ചിറകടികളാല്‍ ഉയര്‍ത്തി അലകള്‍ക്ക് മീതെ വന്നു മീനുകളെ കൊത്തി തിരിച്ച് പറക്കുന്നത് കാണാമായിരുന്നു ..


                                                                            

സ്വാണ്‍ റിവറിന്റെ വടക്കും തെക്കും നഗരം പരന്നു കിടക്കുകയാണ്..പുഴയ്ക്ക് കുറുകെയുള്ള പാലമാണു ദിക്കുകള്‍ക്കിടയിലെ അകല്‍ച്ചയില്ലാതാക്കുന്നത്..പുഴയുടെ അരികില്‍ സൈക്കിളിങ്ങിനും ജോഗ്ഗിങ്ങിനുമുള്ള പ്രത്യേകം പ്രത്യേകം ഇഷ്ടികപാകിയ പാതകളും , വിശ്രമത്തിനുള്ള ചാരു ബെഞ്ചുകളും കാണാം ..മനോഹരമായ ഒരുദ്യാനവും ഇതിനോട് ചേര്‍ന്നുണ്ട്..കുട്ടികളെ രസിപ്പിക്കാനായുള്ള ഊഞ്ഞാലുകളും സീസോകളും ഉണ്ട്.ഇവിടുത്തെ മറ്റൊരാകര്‍ഷണമാണു അരയന്നങ്ങളുടെ പേരിലുള്ള മണിഗോപുരം .അരയന്നങ്ങളുടെ നദി തീരത്ത് ബാരക്ക് സ്ട്രീറ്റില്‍ ജെട്ടിക്കടുത്തായാണു എണ്‍പത്തിരണ്ടര മീറ്റര്‍ (271 അടി) ഉയരമുള്ള സ്വാണ്‍ ബെല്‍ ടവര്‍ സ്ഥിതിചെയ്യുന്നത്..പതിന്നാലാം നൂറ്റാണ്ടിനു മുന്‍പെ ഉപയോഗത്തിലുണ്ടായിരുന്ന പതിനാറാം നൂറ്റാണ്ടില്‍ പുനരഃപ്പരിഷ്ക്കാരം വരുത്തിയ ചരിത്രഖ്യാതി നേടിയ രാജകീയ പ്രൌഢിയുള്ള പന്ത്രണ്ട് മണികള്‍ ലണ്ടനിലെ ട്രഫല്‍ഗര്‍ സ്ക്വയെറിലെ സേയിന്റ് മാര്‍ട്ടിന്‍ ഇന്‍ ദി ഫീല്‍ഡ്സ് ചെര്‍ച്ചില്‍ നിന്നും പെര്‍ത്തിലെത്തിയത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ഓസ്ട്രേലിയന്‍ ബൈസെന്റിനറി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ..വൈറ്റ് ചാപ്പല്‍ ബെല്‍ ഫൌണ്ടറിയാണു ബാക്കി ആറ് മണികള്‍ നല്കിയത്..മൊത്തം പതിനാറു മണികളോടൊപ്പം രണ്ട് ക്രോമാറ്റിക് നോട്ടോടെയുള്ള മണികളുമായുള്ള ഈ ഭീമന്‍ ബെല്‍ ടവര്‍ മേല്ത്തരം ചെമ്പും ഇറ്റാലിയന്‍ ചില്ലുകളും ഉപയോഗിച്ചുണ്ടാക്കിയതാണ്.ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ പണി പൂര്‍ത്തിയായ ഏകദേശം തൊണ്ണൂറ്റിയൊമ്പത് ടണ്‍ ഭാരമുള്ള ഈ നാഴികമണി നാദം മാറി വരുന്ന മണിമുഴക്കമുള്ള ലോകത്തിലെ പ്രശസ്തമായ മറ്റു ബെല്‍ടവറുകള്‍ക്കൊപ്പം സ്ഥാനം നേടിയിട്ടുണ്ട്..സ്വാണ്‍ നദിക്കഭിമുഖമായ് നിലകൊള്ളുന്ന ഈ മണിഗോപുരത്തിന്റെ അടിഭാഗം ഒരരയന്നം തന്റെ ചിറകുകള്‍ ഒതുക്കി ഇരിക്കുന്ന പോലെ തോന്നും . കണ്ണാടികള്‍ പാകിയ നീണ്ട സ്തൂപവും ,വിവിധ വര്‍ണ്ണങ്ങളുള്ള ദീപങ്ങളും ഈ ഗോപുരത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.ആറു നിലകളിലായുള്ള ഈ ഗോപുരത്തിന്റെ ഏറ്റവും മുകള്‍ തട്ടില്‍ നിന്നാല്‍ സ്വാണ്‍ റിവറിന്റെ മൊത്തം മനോഹാരിത മിഴകള്‍ ക്ക് സ്വന്തമാക്കാനാകും .പുരാതനമായൊരു സംസ്കൃതിയുടെ ഓര്‍മകളുണര്‍ത്തുന്ന നാദത്തോടേയുമുള്ള മണിമുഴക്കം പക്ഷെ എപ്പോഴും കേള്‍ക്കാനാവില്ല..തിങ്കള്‍ ,ചൊവ്വ, വെള്ളി ദിനങ്ങളില്‍ മധ്യാഹ്നം പന്ത്രണ്ട് മുതല്‍ രണ്ട് വരേയും ,ബുധനും വ്യാഴവും ശനിയും ഞായറും ദിവസങ്ങളില്‍ പന്ത്രണ്ടര മുതല്‍ രണ്ട് മണിവരെയും  മാത്രമേ ഈ അപൂര്‍വ നാദം  ശ്രവ്യസാധ്യമാവുകയുള്ളൂ...





ടവറിനു താഴെ തറയില്‍ പാകിയ ഇഷ്ടികകളില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്കൂളുകളുടെ പേരുകള്‍ അക്ഷരമാലക്രമത്തില്‍ പതിച്ചിട്ടുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.തന്നെയുമല്ല ബെല്‍ ടവര്‍ രാജ്യത്തിനു സമര്‍പ്പിച്ച വര്‍ഷമായ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ ഈ സ്കൂളുകളില്‍ പഠിച്ചിരുന്ന ഓരോ വിദ്യാര്‍ത്ഥിയുടേയും പേരുകള്‍ ഈ പാതകളലങ്കരിച്ച ഇഷ്ടികയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.കൂടാതെ അബോര്‍ജിനല്‍ ചിത്രരചന മുദ്രണം ചെയ്ത മരപ്പലകകളും തറയില്‍ പതിപ്പിച്ചിട്ടുള്ളത് ആ ജനവിഭാഗത്തിന്റെ പ്രാതിനിധ്യം രാജ്യത്തെ ഓരോ സ്മാരകങ്ങളിലും ഉണ്ടായിരിക്കണമെന്ന ഓസ്ട്രേലിയന്‍ ഭരണസമൂഹത്തിന്റെ നിര്‍ബന്ധത്തെ വെളിവാക്കുന്നു..ഗോപുരമുറ്റത്ത് മനോഹരമായൊരു ജലധാരയും ഈന്തപ്പനകളടക്കം വിവിധ തരത്തിലുള്ള അലങ്കാര പനകളുടെ ഒരു സമുച്ചയവുമുണ്ട്.അരയന്നങ്ങളുടേയും കംഗാരു എമു തുടങ്ങിയ തദ്ദേശ മൃഗങ്ങളുടേയും പല മാതൃകയിലുമുള്ള ദാരു ശില്പങ്ങള്‍  ഉദ്യാനത്തിനൊരലങ്കാരമായിട്ടുണ്ട്...ചുവപ്പും പച്ചയും ഇടകലര്‍ന്ന നിറങ്ങളിലുള്ള തത്തകള്‍ ഈന്തപ്പനകളുടെ മണ്ടയില്‍ തന്നെ കൂടൊരുക്കിയിട്ടുള്ളത് കൌതുകമായി തോന്നി.വ്യത്യസ്ഥമായ കാഴ്ച്ചകള്‍ സമ്മാനിച്ച ആഹ്ലാദത്തില്‍ ഞങ്ങള്‍ ആ ഉദ്യാനത്തിലെ പുല്‍ത്തകിടിയില്‍ വിശ്രമിക്കവെ സൂര്യന്‍ ആ വര്‍ഷത്തെ അവസാനത്തെ അസ്തമനത്തിനായ് ഒരുങ്ങിക്കഴിഞ്ഞിരുന്നു .അസ്തമയത്തിനൊരുങ്ങിയ സൂര്യന്റെ പരശ്ശതം  രശ്മികള്‍ ഗോപുരത്തിന്റെ ചില്ലുജാലകങ്ങളില്‍ തട്ടി ഉടഞ്ഞ് ജലധാരകളില്‍ വന്നു വീഴുന്നത് നയനാനന്ദകരമായൊരു കാഴ്ച്ച തന്നെയായിരുന്നു..മെല്ലെ മെല്ലെ ശോണവര്‍ണ്ണം നീലാംബരത്തെ ആശ്ലേഷിക്കുന്നുണ്ട്.ഇരുള്‍ പരന്നതോടെ തെരുവ് വിളക്കുകളുടെ പ്രകാശധാര നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോഴേക്കും  ഞങ്ങള്‍ ജെട്ടിക്കടുത്തുള്ള "അന്നലക്ഷ്മി" എന്ന തെന്നിന്ത്യന്‍ സസ്യ ഭോജനശാലയിലേക്ക് നടന്നു..

ഞങ്ങളെ അവിടെ കൊണ്ടു പോയതിന്റെ പിന്നില്‍ വെറും അത്താഴം കഴിക്കുക എന്ന ഉദ്ദേശം മാത്രമല്ല മക്കള്‍ക്കുണ്ടായിരുന്നത്.. ലോകത്തിനു തന്നെ മാതൃകയായ ഒരു നല്ല സംസ്ക്കാരത്തെ പ്രത്യേകിച്ചും" അതിഥി ദേവോ ഭവ "എന്ന വേദ വാക്യത്തെ നെഞ്ചിലേറ്റുന്ന ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ മഹത്വം തെളിയിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടുത്തലും കൂടിയായിരുന്നു അതു . തികച്ചും ഭാരതീയ പൌരാണികതയുടെ കലാവൈഭവം വിളിച്ചോതുന്ന ശില്പചാതുര്യം അലങ്കാരങ്ങളാക്കിയ വലിയൊരു ഹാളിലേക്ക് ഞങ്ങള്‍ കയറുമ്പോള്‍ ഒരാരാധനാലയത്തിലേക്ക് എത്തിപ്പെട്ട പ്രതീതി.ചന്ദനത്തിരിയുടെ സുഗന്ധം ചുറ്റിലും പടരുന്നുണ്ട്. കളിമണ്ണിലും ഓടിലും തീര്‍ത്ത വിഘ്നേശ്വരന്റേയും അന്നലക്ഷ്മിയുടേയും ആടയലങ്കാരങ്ങളോടെയുള്ള ബിംബങ്ങള്‍ പ്രതിഷ്ടിച്ച പൂമുഖവുമുള്ള കാഷ് കൌണ്ടര്‍ ..കൌണ്ടറിലിരിക്കുന്ന ഇന്ത്യന്‍ വംശജ; അവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ പ്രസന്നമായ ചിരിയോടെ വരുന്നവരെ സ്വീകരിക്കുന്നുണ്ട്..അവിടെ കണ്ട ഒരു ചെറിയ പ്ലക്കാര്‍ഡ് ..അതിലെ വാചകം വളരെ അസാധാരണമായ് തോന്നി .."പേ വാട്ട് യു തിങ്ക് ഇറ്റ്സ് വെര്‍ത്ത് ".അതവരുടെ മുദ്രവാക്യം കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കദ്ഭുതം തോന്നി..എത്ര കഴിച്ചാലും നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം കൊടുക്കുക..അമ്പത് ഡോളറിനുള്ളത് കഴിച്ചാലും അഞ്ച് ഡോളര്‍ മാത്രം കൊടുത്താലും അവരൊന്നും പറയില്ല.ഭക്ഷണത്തിനു നിശ്ചിത മൂല്യം നിര്‍ണ്ണയിക്കാതെ തികച്ചും കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് നടത്തുന്ന ഈ സംഘടനയുടെ ഉദ്ദേശ ശുദ്ധിയെ പക്ഷെ ആരും വില കുറച്ച് കാണാറില്ല.അവിടെ വരുന്നവര്‍ പണമില്ലാതെ വിശന്നിരിക്കാന്‍ പാടില്ല.ഉദരം ആശിക്കുന്നത് കഴിക്കുക ..മനം ശാസിക്കുന്നത് നല്കുക.അതിഥി സല്ക്കാരത്തിന്റെ ഈ നൂതന രീതി എന്നെ ക്ഷേത്രങ്ങള്‍ക്കൊപ്പമുള്ള ഊട്ടു പുരയെ ഓര്‍മിപ്പിച്ചു .പ്രധാന കവാടം കടന്നു ഭക്ഷണ മേശകള്‍ വിതാനിച്ചിടത്തേക്ക് ഞങ്ങള്‍ കടന്നു.തെന്നിന്ത്യന്‍ മസാലക്കൂട്ടുകളുടേയും കാപ്പിയുടേയും മനം മയക്കുന്ന പരിമളം പരിലസിക്കുന്നുണ്ടവിടെ.നല്ല തിരക്കുണ്ടെങ്കിലും ഒരു മൂലയിലായ് ഞങ്ങള്‍ക്ക് ഇരിപ്പിടം കിട്ടി.പരിചാരകരെല്ലാം തന്നെ ഇന്ത്യക്കാര്‍ മാത്രം .പക്ഷെ കഴിക്കാനെത്തിയവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല യൂറോപ്യന്‍ വംശജരും ധാരാളമായുണ്ട്..അവിടെ കണ്ട ജോലിക്കാരെല്ലാം തന്നെ അന്തസ്സോടെ സമൂഹത്തിന്റെ നാനാതുറകളിലും ഉയര്‍ന്ന ഉദ്യോഗങ്ങളിലിരിക്കുന്നവരാണ്. നയതന്ത്രജ്ഞര്‍ തുടങ്ങി ഭിഷഗ്വരന്‍മാരും  അദ്ധ്യാപകര്‍ ,എഞ്ചിനീയര്‍മാര്‍ ;അക്കൌണ്ടന്റുമാര്‍ ,ഐ ടി വിദഗ്ദര്‍ തുടങ്ങി സമൂഹത്തിലെ മേലേക്കിടയിലുള്ളവരും സാധാരണ ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ ഒരു കൂട്ടം സുമനസ്സുകളുടെ മേല്‍ നോട്ടത്തില്‍ ലാഭേച്ഛ പ്രതീക്ഷിക്കാതെ നടത്തുന്ന ഒരിടം.അതാണു അന്നലക്ഷ്മി എന്ന ഭക്ഷണ ശാല..ഈ റെസ്റ്ററന്റിന്റെ വരുമാനത്തിന്റെ ലാഭം പോകുന്നത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുള്ളത് അറിയുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടുമുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിക്കുന്നു...ചോറിനും ചപ്പാത്തിക്കുമൊപ്പം   നാലുതരം സസ്യ വിഭവങ്ങളും ബഫെ രീതിയില്‍ നിരത്തിയിട്ടുണ്ട്..ഫില്‍ട്ടര്‍ കോഫിയും ഡിസ്സര്‍ട്ടും വേറെയും ..പാചകം ചെയ്യുന്നതും പരിചരിക്കുന്നതും പാത്രങ്ങള്‍ വൃത്തിയാക്കുന്നതും ഒക്കെ ഞാന്‍ മേല്പ്പറഞ്ഞ ഉദ്യോഗങ്ങള്‍ ചുമക്കുന്നവര്‍ തന്നെ..അവരവര്‍ സ്വന്തം താല്പ്പര്യത്തില്‍ ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് സന്തോഷത്തോടെ വന്നു ചെയ്യുന്നത്..ഉച്ച ഭക്ഷണവും അത്താഴവും മാത്രമേ ഇവിടെ ലഭ്യമുള്ളൂ..അതും വൈകീട്ട് ഏഴ് മണി വരെ മാത്രം ..ചില വിശേഷ ദിവസങ്ങളില്‍ ഇന്ത്യന്‍ നൃത്ത രൂപങ്ങളും സംഗീതവുമടങ്ങിയ കലാസാംസ്ക്കാരിക പരിപാടികള്‍ ഹാളിനറ്റത്തായ് ഒരുക്കിയ മണ്ഡപത്തില്‍ നടാക്കാറുണ്ടത്രെ..ഞങ്ങള്‍ ‍രുചിച്ചതെല്ലാം നല്ല സ്വാദുള്ള വിഭവങ്ങളായി തന്നെ തോന്നി..പ്രത്യേകിച്ച് തമിഴരുടെ തനത് ശൈലിയിലുള്ള ഫില്‍ട്ടര്‍ കാപ്പി..സന്തോഷത്തോടെ നല്ലൊരു തുക കഴിച്ചത്തിന്റെ പ്രതിഫലമായ് നല്‍കുമ്പോള്‍ ഇതിന്റെ ഒരു പങ്ക് നന്മയുടെ ഏടില്‍ എഴുതപ്പെടുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെആമാശയത്തോടൊപ്പം ഹൃദയവും നിറഞ്ഞു ...

പുറത്തേക്ക് കടക്കുമ്പോള്‍ തന്നെ നഗരത്തില്‍ ആഘോഷങ്ങളുടെ മത്താപ്പുകള്‍ പൊട്ടി വിടരുന്നത് കാണാമായിരുന്നു...ചെറുപ്പക്കാരും മധ്യവയസ്ക്കരും വൃദ്ധരും തുടങ്ങി പ്രായഭേദമില്ലാതെ എല്ലാവരും  പുതുവര്‍ഷത്തെ പുണരാന്‍ ഒത്തുകൂടുന്നുണ്ട്..പത്ത് മണിയോടെ തുടങ്ങുന്ന സംഗീത പരിപാടികള്‍ പാതിരാ വരെ നീളും ..ഇതിനിടയില്‍ പന്ത്രണ്ട് മണിക്ക് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന വെടിക്കെട്ടുണ്ടാകും ..നഗരത്തിലെ സ്ക്വയറുകളിലും തെരുവുകളിലും നിയമപാലകരുടെ സംഘങ്ങള്‍ വിന്യസിച്ചിട്ടുണ്ട്..മദ്യത്തിന്റെ ലഹരിയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളോടെ അവര്‍ പൊതു ജനങ്ങളുടെ ആഘോഷങ്ങള്‍ക്ക് തടസ്സമാവാതെ പരസ്പ്പരം ആശീര്‍വദിച്ചും അഭിവാദ്യമര്‍പ്പിച്ചും നഗരത്തിരക്കിന്റെ ഭാഗമാകുന്നുണ്ട്..ഞങ്ങളുടെ സഞ്ചാരപരിപാടിയനുസരിച്ച് പിറ്റേന്നു പുലര്‍ന്നാല്‍ മാര്‍ഗരെറ്റ് റിവര്‍ എന്ന സ്വപ്നഭൂവിലേക്കുള്ള യാത്ര തുടങ്ങാനുള്ളതാണ്..പാതിരാ വരെ ഈ ആഘോഷങ്ങള്‍ കണ്ട് നിന്നാല്‍ രാവിലെ പുറപ്പെടുന്നതിനെ എങ്ങനെ ബാധിക്കുമെന്ന വ്യഥയിലായിരുന്നു ഞാന്‍ ..പുഴയുടെ ഓരം ചേര്‍ന്ന നടപ്പാതയിലൂടെ ആഘോഷത്തിന്റെ കാതടപ്പിക്കുന്ന വാദ്യങ്ങളുടെ മേളക്കൊഴുപ്പിലേക്ക് നവവല്സരത്തെ വരവേല്‍ക്കാന്‍ നീങ്ങുമ്പോള്‍ കണ്ടല്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഋതുപകര്‍ച്ചകളുടെ ഭ്രമണപഥത്തില്‍ പുതിയൊരു വര്‍ഷം കൂടി ചേരുന്നുവെന്നറിയാതെ ഇണയരയന്നങ്ങളുടെ പ്രണയസല്ലാപം കേള്‍ക്കാനുണ്ടായിരുന്നു...........






10 comments:

  1. കണ്ടു മതിയാകാത്ത അരയങ്ങളുടെ നദിക്കരയിലെ ചില കാഴ്ച്ചകളിലേക്ക്....!!!

    ReplyDelete
  2. അരയന്നത്തിന്റെ സൌന്ദര്യം ആസ്വദിച്ച് സ്തൂപങ്ങള്‍ കണ്ടു പതിയെ വന്നപ്പോള്‍ ദാ കിടക്കുന്നു അത്ഭുതപ്പെടുത്തിയ ഭക്ഷണശാല. എത്ര കഴിച്ചാലും നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം കൊടുക്കുക എന്ന് കണ്ടതിനേക്കാള്‍ കൂടുതല്‍ അത്ഭുതം തോന്നിയത് അവിടത്തെ ജോലിക്കാരും വരുമാനം വിനിയോഗിക്കുന്ന രീതിയും കേട്ടപ്പോഴാണ്. പ്രവൃത്തി കാണുമ്പോള്‍ പറയല്‍ ഒന്നുമല്ലാതായിത്തീരുന്നു.

    ReplyDelete
  3. അരയന്നങ്ങളുടെ വീട്
    നല്ല വിവരണവും പുത്തന്‍ അറിവുകളും

    ReplyDelete
  4. ഇഷ്ടപ്പെട്ടു ഈ എഴുത്ത് ..
    സജീത്താ ബ്ലോഗ്‌ തുടങ്ങി ല്ലേ ...
    ഇനിയും വരാം ഭാവുകങ്ങള്‍

    ReplyDelete
  5. Great !! would love to read more ....

    ReplyDelete
  6. വളരെ മനോഹരമായി ഒരു ക്യാമേറയിൽ ഒപ്പി എടുത്ത പോലെ ഉള്ള ഒരു ദൃശ്യവിരുന്നായി അനുഭവപ്പെടുന്നു. നന്ദി. സവിസ്തരം ഉള്ള ഈ പ്രതിപാദ്യം..

    ReplyDelete
  7. സാജിദാത്തയുടെ മനോഹരമായ ഭാഷയിലൂടെ കാണാത്ത സ്ഥലം കാണാന്‍ ഒരു യാത്ര നടത്തിയ പോലെ..അതിമനോഹരം..:)

    ReplyDelete
  8. നേരില്‍ കണ്ടതുപോലെ മനോഹരം ഈ വിവരണങ്ങള്‍., ‘അന്നലക്ഷ്മി’ ഒരത്ഭുതമായി..

    ReplyDelete
  9. അനുഭവക്കുറിപ്പുകള്‍ പൊതുവെ അരോചകങ്ങള്‍ ആകാറാണു ഓണ്‍ ലൈന്‍ വഴികളില്‍ മിക്കയിടത്തും..
    'ഞാന്‍' എന്നതാകും മിക്കയിടത്തും ഹൈലൈറ്റ് ചെയ്യപ്പെടുന്നത്.
    എന്നാല്‍ ഈ വിവരണം കാഴ്ചയിലേക്ക് കൈപിടിച്ചു നടത്തുന്നുണ്ട്...
    അറിയാത്ത വഴികളില്‍ നമ്മുടെ മുന്നില്‍ ഒരു കൈചൂണ്ടി പോലെ വാക്കുകള്‍ മുന്നില്‍ നടക്കുന്നു..
    അഭിനന്ദനങ്ങള്‍..

    ReplyDelete