Monday 11 March 2013


പ്രണയത്തിന്റെ നിറഭേദങ്ങള്‍ :-
കാന്‍വാസും ബ്രഷുമെടുത്ത്
തടാകക്കരയിലെത്തിയത്
നമ്മുടെ നഷ്ടപ്രണയത്തില്‍
ചായം ചാലിക്കാനായിരുന്നു
ഇളം വെയിലുരുക്കിയ പീതവര്‍ണ്ണം
ശകലമെടുത്ത് നമ്മള്‍
കണ്ടുമുട്ടിയ ഇടവഴിയില്‍
കോറിയിട്ടു...
ഇലച്ചാര്‍ത്തില്‍ നിന്നിറ്റുന്ന
ഹരിതാഭയെ
പ്രണയമാണെന്നോടെന്ന് മൊഴിഞ്ഞ
ഇടനാഴിയില്‍ ചിതറിച്ചു
വേലിപ്പടര്‍പ്പില്‍ മയങ്ങുന്ന
നീലശംഖ് പുഷ്പത്തിന്നിതളിലെ
ലാസ്യഭാവത്തിലാണാദ്യ
ചുംബനത്തിന്‍ അടയാളമിട്ടത്
മൂവന്തിയുടെ നിറഭേദങ്ങളില്‍
ഞാന്‍ കണ്ടത്
നിന്നോടെനിക്കുള്ള
അനുരാഗമായിരുന്നു..
കിനാവിന്റെ കെട്ടു വള്ളത്തില്‍
ജീവിതമൊഴുകുമ്പോള്‍
മങ്ങിപ്പോയ നിറക്കൂട്ടിലേക്ക്
നിലാവില്‍ നിന്നുമാണിത്തിരി
വെണ്മ ഞാന്‍ പകര്‍ന്നത് ..
ഇരുളില്‍ നീ മറഞ്ഞിടത്ത്
അവശേഷിപ്പിച്ച കാലടികളില്‍
അപ്പോള്‍ തെളിഞ്ഞത്
അഴലിന്റെ കറുപ്പായിരുന്നു..
ഇനിയും വരച്ച് തീരാത്തയെന്റെ
പ്രണയചിത്രത്തിന്റെ
ചായങ്ങള്‍ തീര്‍ന്ന പാലറ്റുമായ്
വര്‍ണ്ണങ്ങളെ തേടി ഞാനെത്തിയത്
വാന്‍ഘോഗിന്റെ സൂര്യകാന്തിപ്പാടങ്ങളില്‍ ..
പക്ഷെ പ്രണയിച്ച് മതിയാകാത്ത
ഒരു കാമുകന്റെ കണ്ണുനീരില്‍
കുതിര്‍ന്ന അവ്യക്ത ചിത്രത്തില്‍
എനിക്കായോന്നുമുണ്ടായിരുന്നില്ല;
എങ്കിലും എനിക്കെന്റെ ചിത്രം
മുഴുമിപ്പിക്കേണ്ടിയിരിക്കുന്നു..
പ്രണയിനിക്കായ് എന്നോ മുറിച്ചിട്ട
ചെവിയില്‍ നിന്നിറ്റ് വീഴുന്ന
ചുവപ്പു ചായത്തെ
ബ്രഷില്‍ മുക്കി ഞാനീ
പ്രണയത്തിന്റെ മരണത്തെയൊന്നു
വരച്ച് തീര്‍ത്തോട്ടെ..

12 comments:

  1. നിറഭേദങ്ങള്‍ കോറിയിട്ട പ്രണയം :)

    ReplyDelete
  2. നല്ല വരികൾ. ആശംസകൾ..

    ReplyDelete
  3. നിറങ്ങളാല്‍ തീര്‍ത്ത പ്രണയവരികള്‍ ....
    വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  4. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  5. പ്രണയത്തിന് സ്മാരകങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങിനെയൊക്കെയായാണ്.

    ReplyDelete
  6. ഇനിയും വരച്ചു തീരാത്ത ഒരു മനോഹര പ്രണയചിത്രം

    ReplyDelete
  7. തൂലിക കൊണ്ട് പ്രണയം എഴുതി തീര്‍ക്കാനാവില്ല,
    ചായകൂട്ടുകൊണ്ട് പ്രണയം വരച്ചു തീര്‍ക്കാനുമാവില്ല.....,
    ...........പ്രണയിനിയുടെ കണ്ണിലെ നീലിമയും,
    പ്രതീക്ഷയുടെ പച്ചയും,
    ഹൃദയരക്തത്തിന്‍റെ ചുവപ്പും,
    ഒടുവില്‍ പ്രണയനഷ്ടത്തിന്റെ കറുപ്പും.....
    എത്ര എഴുതിയാലും, എത്ര വരച്ചാലും ഇങ്ങനെ ബാക്കിയാകും

    ആശംസകള്‍.....!!!

    ReplyDelete
  8. നിറങ്ങള്‍ അവസാനിക്കുന്നതുമില്ല

    ReplyDelete
  9. പ്രണയത്തിനു ചുവപ്പ്‌ നിറം ചാലിച്ച തൂലിക..ആഹ്‌..

    ReplyDelete
  10. നിറങ്ങള്‍ ചാലിച്ച് പ്രണയം ചാര്‍ത്തിയ കാനവാസ്സില്‍ വരച്ച ചിത്രം പോല്‍ ഒരു കവിത

    ReplyDelete