Wednesday, 10 July 2013

ഇടവഴികളില്‍ പൂക്കുന്ന നഗരങ്ങള്‍ :-

രാവേറെയായി..ഇത് നാലാം ദിവസമാണു നിദ്ര  ഇങ്ങനെ പിണങ്ങി നില്ക്കുന്നത്.ഇക്കഴിഞ്ഞ പത്തു പന്ത്രണ്ട് ദിവസങ്ങളിലായി മസ്തിഷ്ക്കത്തിനു ആവശ്യത്തിലേറെ വിശ്രമം കിട്ടിയിരിക്കുന്നു..ഒരു പക്ഷെ അതായിരിക്കാം ഈ ഉണര്‍വ്വിന്റെ ഹേതു..ചിന്തകളെ വിഴുങ്ങാന്‍ വേണ്ടിയുള്ള ഉറക്കത്തെ ക്ഷണിക്കാന്‍ കഴിച്ച മരുന്നു വിഫലമായിരിക്കുന്നു. എനിക്കുറങ്ങാന്‍ കഴിയില്ല എന്ന ധാരണയില്‍  വീട്ടിലുറങ്ങുന്ന മറ്റ് അംഗങ്ങളെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റ് ഞാന്‍ തപ്പിയെടുത്ത കടലാസും പേനയുമായി ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍  വിഹ്വല ചിന്തകളെ കടിഞ്ഞാണിടാനുള്ള ഉറക്കം  ദൂരെ എവിടെയോ ഒരു മൂടല്‍ മഞ്ഞിന്റെ സാന്ദ്രതയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. കുറെ നാളായി എന്റെ എഴുത്തെല്ലാം സംഭവിക്കുന്നത് ടൈപ്പിങ് വഴിയാണ്.ഇതിപ്പോള്‍ അസുഖക്കിടക്കയിലേക്ക് ലാപ്ടോപ്പ് അനുവദിക്കാത്തതിനാല്‍ പഴയശീലത്തെ  ഒന്നു ശ്രമിച്ച് നോക്കാമെന്ന് കരുതി..വിരലുകള്‍ക്കിടയില്‍ പേന വെച്ച് കടലാസിലേക്ക് പദങ്ങളെ ഉന്തി വിടുമ്പോള്‍ അനുഭവപ്പെട്ട അങ്കലാപ്പ് വിരല്‍ത്തുമ്പിനെ ആയാസകരമാക്കി എങ്കിലും പതുക്കെ ഞാനെന്റെ അസ്വസ്ഥതകളെ കടലാസിലേക്ക് പകര്‍ത്താന്‍ തുടങ്ങി.


രണ്ട് വ്യാഴവട്ടത്തിലേറെയായിരിക്കുന്നു ഞാനെന്റെ തറവാട്ടിലെ നടുത്തളത്തിനു വടക്കുള്ള മുറിയുടെ അതിഥിയായിട്ട്.മരത്തിന്റെ മച്ചും വടക്കോട്ടേക്ക് തുറക്കുന്ന മരത്തിന്റെ ഇരട്ട പാളികളും അഴികളുമുള്ള ജനലും ഉള്ള ആ കിടപ്പ് മുറി അവസാനമായി ഞാനുപയോഗിച്ചത് എന്റെ മകനെ പ്രസവിച്ച് കിടന്നപ്പോഴാണ്.എപ്പോഴും തളം കെട്ടി നില്ക്കുന്ന ശൈത്യവും നേരിയ ഇരുട്ടുമുള്ള ആ മച്ചകത്ത് ഞാനിപ്പോള്‍ കിടക്കുന്നത് ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആലസ്യത്തോടെ..വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ശബ്ദമുഖരിതവുമായ അന്തരീക്ഷത്തില്‍ ആറു മക്കളുമായി എന്റെ മാതാപിതാക്കള്‍  കഴിഞ്ഞിരുന്ന തറവാട്ടില്‍ ഇന്നു കാലം ശരീരത്തിനേല്പ്പിച്ച ചില അവശതകളോടെ അവര്‍  തനിച്ച് ..ഇതുവരെ അനുഭവപ്പെടാത്ത ഒരു കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു...ആറു മക്കള്‍ സ്വന്തം കുടുംബങ്ങളുമായി നാനാദിക്കില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ മക്കളും പേരക്കിടാങ്ങളുമായി വന്നു അവധി ആഘോഷിച്ച്  പോകുന്ന ആ തറവാട്ടില്‍ കൊല്ലത്തിലൊരിക്കല്‍  മാത്രം കിട്ടുന്ന  സംഗമങ്ങളുടെ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കി അടുത്ത അവധിയിയാഘോഷത്തിലേക്ക് പടിപ്പുരയും തുറന്നു വെച്ച് കാത്തിരിക്കുന്ന എന്റെ മാതാപിതാക്കളുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല എന്നറിയാമെങ്കിലും അറിഞ്ഞോ അറിയാതേയോ ഞാനും അവരുടെ ഈ ഏകാന്തവാസത്തിനു കാരണക്കാരിയല്െ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചിലൊരു   വേദന.ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരാളാണ് ഞാനെന്ന യാഥാര്‍ത്ഥ്യത്തെ മനഃപ്പൂര്‍വ്വം സ്മൃതിയറയില്‍ അടച്ച് വെച്ചു പഴയ ആ കൌമാരക്കാരിയുടെ കുതൂഹലത്തോടെ അവരുടെ വാര്‍ദ്ധക്യത്തിന്റെ വേദനയിലേക്കും ഒറ്റപ്പെടലിലേക്കും ആണ് വീണ്ടും ഞാനെത്തിയിരിക്കുന്നത്..തള്ളക്ിളിയുടെ ചിറകിനുള്ളില്‍ ചൂടും പറ്റി കിടക്കുന്ന കിളിക്കുഞ്ഞിനെ പോലെ .ഉമ്മയുടെ സ്നേഹവായ്പ്പിലും വാപ്പയുടെ പരിലാളനയിലും കഴിച്ച് കൂട്ടിയ  ദിനങ്ങള്‍ ഒരു നിമിത്തം പോലെയാണെനിക്കെന്റെ ജീവിതത്തില്‍ വന്നു ഭവിച്ചത്..മരുഭൂമിയുടെ പ്രണയിനിയായ് അവിടുത്തെ ഓരോ ഋതുവിനേയും നെഞ്ചിലേറ്റുമ്പോഴും കാതങ്ങള്‍ക്കപ്പുറത്തെ കാലവര്‍ഷവും വൃശ്ചികകാറ്റും ,മകരമഞ്ഞും ,വേനല്‍ മഴയും ,ആതിര നിലാവുമൊക്കെ ആര്‍ദ്രതയോടെ എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു.ജീവിതത്തിലെ  സങ്കീര്‍ണ്ണങ്ങളായ കെട്ടുപാടുകളില്‍ നിന്നും  അവധിയെടുത്ത് ഒറ്റപ്പെടലിന്റെ തുരുത്തില്‍ സന്തോഷത്തിന്റെ വസന്തം പൂത്തിറങ്ങുന്നതും കാത്ത് ഇടവഴിയിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഉമ്മയുടേയും വാപ്പയുടേയും അടുത്ത് പോയി കുറച്ച് നാളെങ്കിലും അവരുടെ തൃപ്തിക്കനുസരിച്ച് പരിചരിക്കണമെന്നുമുള്ള വളരെ നാളത്തെ ആഗ്രഹവും  പ്രാര്‍ത്ഥനയും  നിറവേറ്റാന്‍ തുണയായത് എന്റെ ഒരു ചെറിയ രോഗാവസ്ഥ.രണ്ടാഴ്ച്ച പൂര്‍ണ്ണ വിശ്രമമെന്ന കല്പ്പനയില്‍ തെല്ലധികാരത്തോടെ എന്റെ ജീവിത പങ്കാളിയില്‍ നിന്നും എന്നെ തല്ക്കാലത്തേക്ക് ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ ഒരു കുഴപ്പവും കൂടാതെ നോക്കുമെന്ന വാഗ്ദാനം നല്കി കെഞ്ചുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ അലിയുന്ന വാശിയും ,നിസ്സഹായത നിറഞ്ഞ മൌനസമ്മതവും വീണ്ടും എന്നെ എന്റെ മാതാപിതാക്കളുമായി കുറച്ച് നാള്‍ ചിലവിടുന്നതിനുള്ള അവസരത്തിനു വഴിയൊരുക്കി.അമ്പാടി ലെയിനിലെ എന്റെ തറവാട്ടിലെ ഈ കിടപ്പു മുറിയില്‍   ശൂന്യത മുറ്റുന്ന മിഴികളോടെ നൂറു വര്‍ഷത്തെയെങ്കിലും നെടുവീര്‍പ്പുകളും പതം പറച്ചിലുകളും അടക്കത്തോടെയുള്ള പൊട്ടിച്ചിരികളും അടിഞ്ഞു കൂടിയ ഇരുണ്ട നിറമുള്ള മച്ചിലേക്ക് നോക്കി ഉറക്കം വരാതെ കിടക്കുമ്പോളും എനിക്കറിയില്ല ഇനി ഇങ്ങനെ ഒരവസരം എന്റെ ജീവിതത്തില്‍  ഉണ്ടാകുമോ എന്ന്.അതെ എനിക്ക് തോന്നുന്നില്ല ഇനിയൊരിക്കല്‍ കൂടി  എന്റെ ബാല്യ കൌമാര യൌവന സ്മരണകള്‍ തളം കെട്ടി നില്ക്കുന്ന ഈ വീട്ടില്‍ കഴിയാനാകും എന്നു.ആ ചിന്ത ശക്തി പെട്ടത് സന്ധ്യയോടെയാണ്.ഇടവഴികളെ ആര്‍ത്തിയോടെ വിഴുങ്ങാനെത്തുന്ന നഗരവല്ക്കരണമെന്ന ശൂലത്തിനു മുകളിലാണിന്നു അമ്പാടി ലെയിന്‍ .ഉമ്മ ഇടക്കിടക്ക് പരിതപിക്കുന്നു..ഇവിടെയൊന്നു മിണ്ടി പറയാന്‍ പോലും ആരുമില്ലാതെ ആയി എന്ന്..അത്രയകലെയല്ലാതെ മസ്ജിദിനു മുന്നില്‍ മഗ്രിബ് നമസ്ക്കാരവും കഴിഞ്ഞ് കൊച്ചു കൊച്ചു പരദൂഷണവുമായി നില്ക്കുന്ന വാപ്പയെ കുറിച്ചോര്‍ത്ത് ഉമ്മ അരിശപ്പെടാറുണ്ട്."ഇത്രേം നേരം ഇവടെ ഒരാള്‍ ഒറ്റക്കാന്നുള്ള ഒരു വിചാരോം ഇല്ലാണ്ടെ സൊറ പറഞ്ഞ് നിന്നു കൊള്ളും" ..പൊതുവെ സംസാര പ്രിയ ആയ ഉമ്മയുടെ പരിവേദനത്തില്‍ കഴമ്പില്ലാതില്ല.ഒരു പാടു നല്ല അയല്‍ക്കൂട്ടങ്ങളുടെ സമൃദ്ധിയുടെ കഥ പറയാനുണ്ട് ഞങ്ങളുടെ ഇടവഴിക്ക്..തൃശ്ശൂര്‍ നഗരത്തിനുള്ളിലെ  നല്ല ഒരു ഗ്രാമമായിരുന്നു അമ്പാടി ലെയിന്‍ .ഇടതിങ്ങിയ വീടുകളും അതിനു തണല്‍ വിരിക്കുന്ന മാവും പ്ലാവും കണിക്കൊന്നകളും ഉതിര്‍മുല്ല മരവും ഇലഞ്ഞിമരവും നിറഞ്ഞ ഒരു തെരുവ് ആയിരുന്നു അത്..ഇന്നു ഒഴിഞ്ഞ് പോയ വീടുകള്‍ നിന്നിടത്ത് റിങ്ങ് റോഡും ബഹുനില കെട്ടിടങ്ങളും പഴയ ഗ്രാമ ചാരുതയില്‍ ആധുനികതയുടെ വക്രിച്ച മുഖഛായയുമായി ആകെയുള്ള അഞ്ചാറു കുടുംബങ്ങളുടെ നേരെ വെല്ലുവിളിയുയര്‍ത്തി നില്ക്കുന്നത് കാണുമ്പോള്‍ തിമിര്‍ത്താടിയ കുറെ  ബാല്യങ്ങളും  കൌമാരങ്ങളും  ഇടവഴിയിലെ ഇനിയും മുറിച്ച് മാറ്റാന്‍ കഴിയാത്ത  തണല്‍ മരങ്ങള്‍ക്ക് കീഴില്‍ പകച്ച് നില്ക്കുന്നത് എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.

അന്നു വൈകുന്നേരം രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് വാപ്പ എത്തിയത് ഒരു പുതിയ വിശേഷവുമായിട്ടായിരുന്നു..അമ്പാടി ലെയിന്‍ എന്ന ആ ഇടവഴി തുടങ്ങുന്നിടത്ത് ഒരു പഞ്ച നക്ഷത്ര മദ്യശാല വരാനുള്ള സാധ്യതയുണ്ടെന്നു ഒരു അഭ്യൂഹം കേട്ടുവത്രെ..ഇതു കേട്ട മാത്രയില്‍ ഉമ്മയുടെ മുഖം കോപം കൊണ്ട് തുടുക്കുകയും സങ്കടം കൊണ്ട് ഇമകള്‍ താഴുകയും ചെയ്തു.പിന്നെ വാപ്പ ആശ്വസിപ്പിക്കാനെന്നോണം പറയുന്നുണ്ട്..തൊട്ടപ്പുറത്തെ വീട്ടിലെ മേനോനുമായും ഞങ്ങളുടെ വീടിനു മുന്നിലെ മൂത്താനുമായും വാപ്പ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തതിനെ കുറിച്ച്. അങ്ങനെ ഒന്ന് അവിടെ വരുന്നതിന്റെ വരും വരായ്കകളെ കുറിച്ച് എല്ലാവരും കൂലങ്കഷമായ് തന്നെ ചിന്തിച്ച് തങ്ങളുടെ നിഗമനങ്ങള്‍ പങ്കു വെച്ചു. അമ്പാടി ലെയിനിനു തെക്കു വശത്തും വടക്കു വശത്തുമുള്ള ക്ഷേത്രങ്ങള്‍   പിറകിലുള്ള  ജുമാ മസ്ജിദും ..അന്നേ വരെ കാണിച്ചു പോന്ന അതേ മതസൌഹാര്‍ദ്ദത്തിന്റെ ഭാഷയില്‍ അവിടെ ശേഷിച്ച കുടുംബങ്ങളെല്ലാം ഒറ്റ സ്വരത്തില്‍ പറഞ്ഞു .ഇല്ല അങ്ങനെ ഇവിടം മലിനപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല.അഥവാ വിപരീതമായെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ശക്തമായ് തന്നെ അതിനെ നേരിടും ..വാപ്പ ഇത്രയും പറഞ്ഞ് നിറുത്തിയപ്പോള്‍ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ പ്രകാശം കണ്ടു.അവര്‍ സമാധാനത്തോടെ അത്താഴവും കഴിച്ച് ഉറങ്ങാനായ് പോയി ..പക്ഷെ ഞാന്‍ അസ്വസ്ഥയാണ്. ഡ്രാഗണിനെ പോലെ വായില്‍ നിന്നും തീനാളങ്ങള്‍ തുപ്പി  ഗ്രാമങ്ങളെ ചാമ്പലാക്കുന്ന നഗരവല്ക്കരണം ആര്‍ക്കും തടുക്കാനാവുന്നതല്ല.ഓരോ മാഫിയകളുടേയും ലോബികളൂടേയും കൈകളില്‍ ഇത്തരം അപകടകാരികളായ വികസനത്തിന്റെ വിഷവിത്തുകള്‍ സുരക്ഷിതമാണ്.ഇവിടം ഉപേക്ഷിച്ച് പോകാനേ നിവൃത്തിയുള്ളൂ..പക്ഷെ അത് അത്ര പെട്ടെന്നു എന്റെ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ.എന്റെ ചിന്തകള്‍ ആവേഗപ്പെട്ട് ഉയരം താണ്ടുന്ന നേരത്ത്  രണ്ട് പേരും ഉറങ്ങാതെ നടുത്തളത്തില്‍ ഇരുന്നു കാര്യമായി തന്നെ ഭാവി പരിപാടികളെ കുറിച്ച് ആശങ്കപ്പെടുകയാണെന്നു മനസ്സിലായി.പതുക്കെ ഞാന്‍ കാതോര്‍ത്തു  .വാപ്പയും ഉമ്മയും നടത്തുന്ന സംഭാഷണ ശകലങ്ങള്‍ ഇപ്പോള്‍  എനിക്കും കേള്‍ക്കാനാകുന്നുണ്ട്.ഇനിയും ഇവിടെ കെട്ടിപിടിച്ച് നില്ക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.വാപ്പയുടെ ശബ്ദത്തിനു ഒരിടര്ച്ചയുണ്ടായിരുന്നുവോ..ഇടക്കെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും തികഞ്ഞ നിശ്ശബ്ദതയാണ് സംസാരത്തേക്കാള്‍ കൂടുതലായി അവര്‍ക്കിടയില്‍ ഉണ്ടായതെന്നു വ്യക്തം ...റെസിഡെന്‍ഷ്യല്‍ ഏരിയ ആയിരുന്ന അമ്പാടി ലെയിന്‍ കെട്ടിട സമുച്ചയങ്ങളടങ്ങിയ നഗരത്തിരക്കിന്റെ ഒരു ഭാഗമായത് കെ.എസ്.ആര്‍ .ടി.സിക്ക് അടുത്തുള്ള റിങ്റോഡ് വന്നതിനു പിറകെയാണ്.തീവണ്ടി ആപ്പീസിലേക്കും .ടൌണിലേക്കും ,മാര്‍ക്കറ്റിലേക്കും നടക്കാനുള്ള ദൂരം മാത്രമുള്ളൊരിടത്ത് നിന്ന് താമസം മാറ്റുക എന്നത് ഞങ്ങള്‍ മക്കള്‍ക്ക് വലിയ ദുഷ്ക്കരമായി തോന്നില്ലെങ്കിലും ജനിച്ച് വളര്‍ന്ന വീടും പരിസരവും വിട്ടു പോകാനുള്ള വാപ്പയുടെ വിഷമവും ,അര നൂറ്റാണ്ടോളമായ് വാപ്പയുമായുള്ള ജീവിതം തുടങ്ങി അവരുടെ സന്തോഷങ്ങളും സന്താപങ്ങളും അടിഞ്ഞ് കൂടിയ ഈ വീടിനോടുള്ള ഉമ്മയുടെ അടുപ്പം .ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുമ്പോളുണ്ടാകുന്ന ഉമ്മയുടെ വേദനയും കാണാതിരിക്കാനാവുന്നതല്ല..നിസ്സഹായതയുടെ വക്കിലിരുന്നു അവരിപ്പോള്‍ ഏകസ്വരത്തില്‍ പറയുന്നു  ഇവിടുന്നു എങ്ങോട്ടെങ്കിലും പോയാല്‍ മതി എന്ന്.ഇതു പറഞ്ഞതിനു ശേഷം പിന്നീടൊരു ശബ്ദവും എനിക്ക് കേള്‍ക്കാനായില്ല. .അവര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ച് കൊണ്ട് കിടക്കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ..അസ്തമയം കഴിഞ്ഞ് ഏകദേശം പത്തിരുപത് നാഴികയെങ്കിലും  കഴിഞ്ഞ് കാണും ...വീടിനു വടക്ക്  മൂലയിലെ മുത്തശ്ശിപ്ലാവില്‍ കൂടുള്ള കുയില്‍ ഉണര്‍ന്ന് കൂകാന്‍ തുടങ്ങിയിരിക്കുന്നു..ഉറക്കത്തെ പുണരാന്‍ മടിച്ച എന്റെ മിഴികള്‍  ഇപ്പോള്‍ കനം തൂങ്ങുന്നുണ്ട്.അടച്ച് വെച്ച കണ്ണുകളിലൂടെ നൃത്തം വെച്ച് നീങ്ങുന്ന എന്റെ ചിന്തകള്‍ ബോധമണ്ഡലം വിട്ടെങ്ങോ കുതറിയോടുന്നതിനിടയിലാണു ഈ കുയില്‍ കൂജനം കേള്‍ക്കുന്നത്.അതോടെ ഞാന്‍ വീണ്ടും ഉണര്‍വ്വിലേക്ക് തിരിച്ചെത്തി.കൊതുകുകളെ ഭയന്നു അടച്ചിടുന്ന ജനല്‍ തുറന്ന്  മുറ്റത്തേക്ക് നോക്കി ..പിന്‍ നിലാവിന്റെ അവ്യക്ത രശ്മികള്‍ മുറ്റത്ത് ചിതറി കിടക്കുന്നു.ശ്രുതി ശുദ്ധമായ് കൂകുന്ന ആ കോകിലം ഇണയുടെ മറുവാക്കിനു കതോര്‍ത്തു  കേള്‍ക്കാതെ ഇടക്കൊക്കെ പതറുന്നത് പോലെ .മരച്ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണ നിലാവില്‍ കൊഴിഞ്ഞ് കിടക്കുന്ന പാരിജാത പൂക്കള്‍ മണ്ണിനെ പുതഞ്ഞ മഞ്ഞു പോലെ തോന്നിച്ചു .നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വസ്ഥമായൊരിടമാണിതെന്ന ചിന്ത ഈ കുയിലിനു മാത്രമല്ല എന്റെ മുറ്റത്ത് പറന്നിറങ്ങാറുള്ള എല്ലാ പക്ഷികള്‍ക്കുമുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്.മുറ്റത്തെ മുല്ലവള്ളിപ്പടര്‍പ്പില്‍ ഞാനിന്നും കണ്ടു ചെമ്പോത്തിണകളെ.രാജകീയമായ പദചലനങ്ങളോടെ മന്ദം മന്ദം നടന്നു മതിലിനു മുകളിലൂടെ ചാഞ്ഞ് കിടക്കുന്ന മാവിന്റെ കൊമ്പിലേക്ക്..പിന്നേയും പേരറിയാത്ത ഒരു പാട് കിളികള്‍  ,തൂക്കണാം കുരുവികള്‍ ,സൂചിമുഖി കുരുവികള്‍ ,മൈനകള്‍ .കൂടാതെ വാപ്പ ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന കുറെ പൂച്ചകള്‍ .. സമയാസമയങ്ങളില്‍ കുഴച്ചുരുട്ടിയ ചോറുരുളകളുമായി വാപ്പ എത്തുന്നതും നോക്കി ഉമ്മറക്കോലായില്‍ കാത്തിരിക്കുന്ന പൂച്ചകളെ വാപ്പ സ്നേഹിക്കുന്നത് കണ്ടപ്പോള്‍ എവിടെയോ വീണു പോയ വാല്‍സല്യത്തിന്റെ തരികളെ ഞാനാ ഉമ്മറക്കോലായില്‍ പരതി.പഴക്കൂടയില്‍ നിന്നും പഴങ്ങളെടുത്ത് മുറിച്ച് മതിലിനു മുകളില്‍ കൊണ്ടു വെച്ച് വാപ്പ ഒരു പ്രത്യേക ഈണത്തില്‍ ചൂളമടിക്കും ..അതിശയമെന്നു പറയട്ടെ ഒരു പാടു കിളികള്‍ എവിടെനിന്നൊക്കെയൊ ആ പഴങ്ങള്‍ ഭക്ഷിക്കാനായി പറന്നെത്തുന്നു.കയ്യെത്തും അകലത്തില്‍ ആ പക്ഷികള്‍ ഭയം തെല്ലുമില്ലാതെ കൊത്തി പെറുക്കുന്നത്  കാണുമ്പോള്‍ സ്നേഹം കൊണ്ട് എന്തിനേയും വശത്താക്കാനാകും എന്ന പ്രകൃതി  തത്വം ഒന്നു കൂടെ വ്യക്തമാകുന്നു..അകലങ്ങളില്‍ സ്വന്തം കുടംബങ്ങളുമായി മക്കള്‍ സസുഖം കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുമ്പോഴും അവര്‍ക്കിവിടെ സ്നേഹം പ്രകടമാക്കാന്‍ പ്രകൃതിയുടെ ഈ മക്കള്‍ മാത്രം .എത്രയും വേഗം ഇവിടുന്നു പോകാനായെങ്കില്‍ എന്നു പറഞ്ഞ് സങ്കടപ്പെടുമ്പോഴും  അവരുടെ ഉല്‍ക്കണ്ഠ നിറഞ്ഞ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു ഞങ്ങള്‍ ഇവിടം വിട്ടാല്‍ ഈ കാഴ്ച്ചകള്‍ അന്യം നില്ക്കുമല്ലോ എന്ന ഭാവം .ഈ മിണ്ടാപ്രാണികളുമായുള്ള ചങ്ങാത്തത്തെ എങ്ങനെ ഉപേക്ഷിക്കാനാകും അവര്‍ക്ക് എന്ന ചിന്ത എന്നെ ഇപ്പോള്‍ വല്ലാതെ അലട്ടുന്നുണ്ട്..ഒരു പക്ഷെ കിളികള്‍ക്ക് സുപരിചിതമായ ആ ചൂളം വിളി കാറ്റിലലയുമ്പോള്‍ എവിടെയാണെങ്കിലും അവര്‍ പറന്നെത്തുമായിരിക്കും .ഞാന്‍ എന്നെ ആശ്വസിപ്പിച്ചു.


വികസനത്തിന്റെ പേരില്‍ ശിഥിലമാകുന്നത് നൂറ്റാണ്ടുകളായ് നെഞ്ചോട് ചേര്‍ത്ത് വെച്ചു പോന്ന ഒരു സംസ്ക്കാരം  മാത്രമല്ല.പ്രകൃതി വിഭങ്ങളുടെ ചൂഷണവും ശോഷണവും കൂടിയാണു എന്നു ആധുനികതയുടെ വക്താക്കളെന്നു അഹങ്കരിക്കുന്ന വന്‍ കിട വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ യന്ത്രങ്ങളും ചിന്തിക്കാത്തതെന്തു കൊണ്ടാണ്.?.മണ്ണിനു മേലെ വളരുന്ന വികസനങ്ങള്‍ മണ്ണിന്റെ ഉള്ളം കാണാതെ പോകുന്നതെന്തു കൊണ്ടാണു..കേവലം സ്വാര്‍ത്ഥലാഭം മാത്രം കൊയ്യുന്നതിനു തിരക്കിട്ട് തെരുവുകളുടെ നിത്യസ്പന്ദനത്തെ കുടിയിറക്കുമ്പോള്‍ മതിയായ അടിസ്ഥാന സൌകര്യങ്ങളിലേക്കാണോ നാട് നീങ്ങുന്നതെന്നു ഒരു മാത്ര ചിന്തിച്ചിരുന്നെങ്കില്‍ .മണലൂറ്റി നഗ്നമാക്കപ്പെടുന്ന പുഴകളും ,മരം വെട്ടിത്തെളിച്ച് കൊഴുപ്പിക്കുന്ന ഗ്രാമങ്ങളും അംബരചുംബികള്‍ വിളയിക്കാന്‍ നികത്തുന്ന വയലുകളും ,പറവകളെ നിശ്ശബ്ദരാക്കാന്‍ പിഴുതെറിയുന്ന കണ്ടല്‍ക്കാടുകളും മൃഗങ്ങളില്‍ നിന്നും പിടിച്ച് പറിച്ച് ലഹരി വിതക്കുന്ന വനസ്ഥലികളും ആര്‍ക്കാണു സ്വന്തമെന്ന് ചിന്തിക്കാനുള്ള കഴിവു പോലും നഷ്ടമായ ഒരു സമൂഹത്തിലാണല്ലോ എന്റെ തലമുറക്ക് ജീവിക്കേണ്ടി വരുന്നത് എന്നോര്‍ത്ത്   ആകുലപ്പെടുമ്പോള്‍ തന്നെ വരും തലമുറക്ക് നഷ്ടമാകുന്ന പ്രകൃതി വിഭവങ്ങളെ കുറിച്ചും സംസ്ക്കാരപൈതൃകത്തെ കുറിച്ചും ആശങ്കപ്പെടാന്‍  മാത്രമേ എന്റെ തലമുറക്ക് കഴിയൂ എന്നുണ്ടോ..?പ്രകൃതിയെ നോവിക്കാതേയും നമ്മുടെ ആവാസവ്യവസ്ഥതിക്ക്  കോട്ടം പറ്റാതേയുമുള്ള വികസനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ നിഷ്ക്കര്‍ഷത പാലിച്ചെങ്കില്‍ എന്നു ഞാനപ്പോള്‍ വെറുതെ മോഹിച്ചു..

കിഴക്കിന്റെ മേലാപ്പില്‍ വെള്ളിവെളിച്ചം പരന്നൊലിക്കുന്നു.എന്റെ ഇമകള്‍ക്ക് മേലെ  ആകാശം   ചിറക് വിടര്‍ത്തിയിരിക്കുന്നത് പോലെ തോന്നി.അശോകത്തെച്ചി പൂങ്കുലകള്‍ക്ക് മേലെ  സൂചിമുഖിക്കുരുവികള്‍ പറന്നു തേന്‍ കുടിക്കുന്നുണ്ട്.കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ച് പോകും ..ഇനിയൊരവധിക്കാലം ചിലവിടാന്‍ പോലും ഇവിടമെന്നെ കാത്തിരിക്കുമെന്നു തോന്നുന്നില്ല.ഉമ്മറത്തെ കോലായില്‍ വന്നിരുന്നു ഞാന്‍ ആ പ്രഭാത കാഴ്ച്ചകളെ എന്നിലേക്കാവാഹിക്കാന്‍ തുടങ്ങി..കണ്ണുമടച്ച് എന്റെ ഉടലിനെ മറന്ന് ആത്മാവിന്റെ ജാലകങ്ങളെ തുറന്നു വെച്ച് അപ്പോളവിടെ നിറഞ്ഞ് നിന്ന ഇലമണവും കിളിമണവും നാസാരന്ധ്രങ്ങളിലേക്ക് ആവോളം ഞാന്‍ വലിച്ച് കയറ്റി.എന്റെ സിരകളിലേക്ക് പടര്‍ന്നു കയറിയ അവാച്യമായ ലഹരിയില്‍ ഞാനെന്നെ മറന്നു.എന്റെ ബാല്യ കൌമാരങ്ങള്‍ ഇടവഴിയില്‍ കലപില കൂട്ടുന്നതും കണ്ട് ഞാന്‍ എന്റെ യാത്ര തുടര്‍ന്നു. മരക്കരുത്തും  പച്ചില ഗന്ധങ്ങളും കിളിപ്പാട്ടുകളും മാത്രമുള്ള ഒരു ലോകത്തിലൂടെ ...


4 comments:

 1. സത്യം പറഞ്ഞാല്‍ നാം വികസനവിരോധിയാകും.

  ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയ ഭാഷാശൈലി അതിമനോഹരം.
  ഓര്‍മ്മകളും!!

  ReplyDelete
  Replies
  1. നന്ദി അജിത്ത് .നല്ല അഭിപ്രായങ്ങള്‍ ഇനിയും എഴുതാനുള്ള ഊര്‍ജ്ജം പകരുന്നു..അതെ ഞാനും വികസന വിരോധിയല്ല. ..പക്ഷെ പ്രകൃതിയോടു സമന്വയിച്ച് കൊണ്ടുള്ള ബുദ്ധിപ്പൂര്‍വ്വമുള്ള ഒരു വികസനം ..അതെന്തു കൊണ്ടാണ് സാധ്യമാകത്തത്,..അടിസ്ഥാന സൌകര്യങ്ങള്‍ക്കൊ പരിസരശുചീകരണത്തിനോ മുന്‍‌തൂക്കം നല്‍കാതെ ഇങ്ങനെ പായുന്നത് ..അത് പ്രകൃതിയുടെ തന്നെ വെറുപ്പിനെ ക്ഷണിക്കുന്നു.

   Delete
 2. നന്നായിട്ടുണ്ട്.... നല്ല ശൈലി

  ReplyDelete