Saturday, 13 July 2013

പ്രവചനങ്ങളുടെ ചിറകടികള്‍ :-

പ്രവചനങ്ങളുടെ ചിറകടികള്‍ :-

ചില പക്ഷികള്‍ക്കു  മരണത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.അവിചാരിതമായുണ്ടാകുന്ന വേര്‍പാടുകള്‍ .അതും  മരണത്തിലൂടെ .എന്റെ ജീവിതതില്‍ നേരിടേണ്ടി വന്ന ചില വേര്‍പാടുകള്‍ അങ്ങനെയായിരുന്നു.അപ്പോഴൊക്കെ അത് ഓരോ നിമിത്തം പോലെ ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ എനിക്കുള്ള മുന്നറിയിപ്പുമായി എത്തുന്നു. ആദ്യമായി ഒരു മരണമെനിക്ക് മുന്നില്‍ വന്നത് എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ ആയിരുന്നു. സുഖമില്ലാതെ കിടന്ന വല്യുപ്പാക്ക്  ഞങ്ങളെ കാണണമെന്നാവശ്യവുമായ് പറഞ്ഞയച്ച വല്യുപ്പയുടെ അനിയന്‍ ഇയാപ്പയുമായി ഉമ്മയുടെ തറവാട്ടിലേക്ക്   പുറപ്പെട്ട് പോകുന്ന സമയത്ത് . കുതിച്ച് പായുന്ന വാഹനത്തിലെ താഴ്ത്തി വെച്ച കണ്ണാടി ജനലിലൂടെ വിലങ്ങന്‍കുന്നിനു താഴെ പരന്നു കിടക്കുന്ന പാടങ്ങള്‍ക്ക്  നടുവില്‍ നിന്നുമെത്തിയ കാലന്‍കോഴിയുടെ ദുരൂഹത നിറഞ്ഞ "പൂവ്വാ പൂവ്വാ " എന്ന കരച്ചില്‍ പറയാതെ പറഞ്ഞത് ഒരു മരണത്തിന്റെ മഞ്ചല്‍ കുലുക്കമാണ്. അതെനിക്ക് മനസ്സിലാക്കി തന്നത് വീട്ടില്‍ ഉമ്മയെ സഹായിക്കുന്ന ലീലേച്ചി.കുറ്റിച്ചുടാന്‍ എന്ന് പ്രാദേശിക പേരുള്ള ആ പക്ഷി രാത്രിയില്‍ മരണദേവന്റെ പാത പദനത്തെ തിരിച്ചറിയുന്നു. മരണം നടക്കുന്ന വീടിനു കേള്‍ക്കത്തക്ക ദൂരത്തില്‍ ഏതെങ്കിലും വടവൃക്ഷത്തിന്റെ ഇരുട്ട് മയങ്ങുന്ന ചില്ലയിലിരുന്നു കരയും. അതൊരു സൂചനയാണ്..ദുഃസ്സൂചന.പക്ഷെ അന്ന് പുഴക്കല്‍ പാടത്തിനു നടുവില്‍ മുഴങ്ങിയ ആ കിളിയുടെ കരച്ചില്‍ ഒരു മരണമാണുദ്ദേശിച്ചതെന്നു എനിക്ക് ബോധ്യപ്പെടാന്‍ ഏതാനും നാഴികകളെ വേണ്ടി വന്നുള്ളൂ..വൈകുന്നേരം  അസുഖ കിടക്കയിലായ എന്റെ പ്രിയപ്പെട്ട വല്യുപ്പ വെളുപ്പിനെ  ഞങ്ങളെ വിട്ടു പോയി.

അന്ന്  സന്ധ്യാനേരത്തെ പ്രാര്‍ത്ഥനക്ക് ശേഷം പൂമുഖത്തെ തിണ്ണയിലിരുന്നു ഖുറാന്‍ ഉറക്കെയുറക്കെ പാരായണം ചെയ്യുന്നതിനിടയില്‍ പറമ്പിന്റെ പടിഞ്ഞാറേ അതിരിലെ  അത്തിമരത്തില്‍ വന്നിരുന്നു ഒരു കുറ്റിചുടാന്‍ പൂവ്വാ  പൂവ്വാ എന്നുറക്കെ കരഞ്ഞു .ഞങ്ങള്‍  കുട്ടികള്‍  അതിഭയാനകമായ ആ ശബ്ദത്തില്‍ ചകിതരായ് ..അപ്പോഴാണ് അകത്തു നിന്നും ഇച്ചമ്മയുടെ ശബ്ദം കേള്‍ക്കുന്നത് . ഇനിയും ആരെ കൊണ്ട് പോകാനാണ് നിന്റെ വരവെന്നു ചോദിച്ച് വടക്കിനി കോലായിലിരിക്കുന്ന വെട്ടുകത്തിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ തിരുകി വെച്ചു. .വെട്ടുകത്തി ചൂട് പിടിക്കുന്നതോടെ മരക്കൊമ്പിലിരിക്കുന്ന കാലന്‍ കോഴിയുടെ കാലുകളിലേക്ക് അസഹ്യമായ ചൂട് ചെന്നു അതവിടെ നിന്നും ഇപ്പൊ തന്നെ പറന്നു പോകുമെന്ന് ഇച്ചമ്മ ദേഷ്യത്തോടെ പറഞ്ഞു.അവര്‍  പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് വെട്ടു കത്തിയെ കനലിലേക്ക് പൂഴ്ത്തി വെച്ച് കൊണ്ടിരുന്നു..അല്‍പസമയം കൊണ്ട്  കാലു ചുട്ടു പൊള്ളിയിട്ടോ എന്തോ  ആ പക്ഷി നീണ്ട ചിറകടിയോടെ അകലെയേതോ മരണവീട് ലക്ഷ്യമാക്കി പറന്നു പോയി.അതോടെ ഞങ്ങള്‍ക്കും സമാധാനമായി..

എനിക്ക് ഒരു ഗുരുവും കളിക്കൂട്ടുകാരനുമൊക്കെയായിരുന്ന എന്റെ വല്യുപ്പയുടെ മരണത്തോടെ ഞാന്‍ അഗാധമായ എകാന്തത അനുഭവിക്കാന്‍ തുടങ്ങി.മുറ്റത്ത് വെയില്‍ കായാനെത്തുന്ന തൂവാനത്തുമ്പികളെ നോക്കി ഉമ്മറപ്പടിയില്‍ മൌനത്തിന്റെ ശംഖുമായി  ഞാനിരുന്നു.ജിവിതത്തിലെ ദിനചര്യകളിലെ പ്രധാനപ്പെട്ടതെന്തോ മറന്നു പോയ പോലെ ആയിരുന്നു എനിക്ക് ഓരോ ദിവസവും ..രണ്ടു മൂന്നു മാസങ്ങളെടുത്തു ആ മരവിപ്പില്‍ നിന്നും മോചനം കിട്ടാന്‍ . ഇടക്കൊക്കെ എവിടെ നിന്നോ വല്യുപ്പാടെ സജുമ്മാ എന്ന വിളി ഞാന്‍ കേട്ടിരുന്നു. പുല്ലാനിപൊന്തയില്‍ കൂടുള്ള കുളക്കോഴികള്‍ തോട്ടിലേക്ക് ഇറങ്ങുന്നതും  നോക്കി ഇടവഴിയിലേക്കുള്ള പടിക്കെട്ടില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ..അമ്പത്തെ പാടത്ത് വെള്ള കൊക്കുകള്‍ ചിക്കി പരത്തി നടക്കുന്നതും കണ്ടു പൂവരശിന്റെ കൊമ്പില്‍ കയറി ഇരിക്കുമ്പോള്‍ ..കുളപ്പടവില്‍ ചെന്നിരുന്നു സന്ധ്യാ നേരത്ത്  ആകാശത്തിനു കുറുകെ അലയുന്ന മേഘങ്ങളോട് താഴേക്കിറങ്ങി വരൂ എന്ന് പതുക്കെ അപേക്ഷിക്കുന്ന നേരങ്ങളിലുമൊക്കെ ഞാനാ വിളി കേട്ടിരുന്നു.

പിന്നീട്  കുറച്ച് നാളുകള്‍ കഴിഞ്ഞാണ് കളിക്കൂട്ടുകാരിയും ബന്ധുവുമായിരുന്ന സുബുവിന്റെ മരണം സംഭവിക്കുന്നത് .  രക്തത്തിലെ വിഷബാധ അതായിരുന്നു  അവളുടെ മരണകാരണമെന്നു ഉമ്മ പറഞ്ഞപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. ആ മരണ വാര്‍ത്തക്ക് മുന്പ് എന്നെ വേദനിപ്പിച്ച ഒരു കാര്യമുണ്ടായി. അന്ന്  വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കണ്ട കാഴ്ച്ച  മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലുള്ള കൂട് തകര്‍ന്നു വീണു അതിലെ കാക്ക കുഞ്ഞു പറക്കാനാവാതെ തത്രപ്പെടുന്നതും ചുറ്റും കുറെ കാക്കകള്‍ കാറുന്നതും ആണ്.അടുത്തെത്തിയാല്‍  കൊത്തിപ്പറിക്കാന്‍ വെറി പൂണ്ടു നില്‍ക്കുന്ന കാക്കകണ്ണുകളില്‍ നിന്നും ഞാന്‍ പതുക്കെ  അകത്തേക്ക് വലിഞ്ഞു. കിഴക്കേ മുറിയുടെ ജനലിലൂടെ ആ  കാക്കക്കുഞ്ഞു അവിടെ തന്നെയില്ലേ എന്ന് നോക്കി.കനത്ത ഇരുള്‍ പറന്നിറങ്ങിയ മുറ്റത്തു  ഒന്നും കാണുന്നില്ലായിരുന്നു.അത്താഴത്തിനിരിക്കുമ്പോള്‍ വീട്ടിലെ സഹായി ലീലേച്ചിയോട് പതുക്കെ ചോദിച്ചു .ആ കാക്കക്കുഞ്ഞിനെ അതിന്റെ അമ്മ കൊണ്ട് പോയിട്ടുണ്ടാകുമോ എന്ന്.ലീലേച്ചി പറഞ്ഞ മറുപടി  അത്ര പ്രതീക്ഷയ്ക്ക് വകയില്ലാത്തതായിരുന്നു .നേരം പുലരാന്‍ ഞാന്‍ കാത്തിരുന്നു..പക്ഷെ  അന്ന് രാത്രി ഒടുങ്ങുന്നതിനു മുന്പ് സുബുവിന്റെ മരണ വാര്‍ത്തയുമായി വീട്ടിലേക്ക് ആളെത്തി. അതിരാവിലെ തന്നെ ആദ്യത്തെ ബസ്സിനു ഞങ്ങള്‍ സുബുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.അപ്പോഴും സൂര്യന്‍ ഉദിച്ചുയരാത്തതിനാല്‍ വെളിച്ചം ഒട്ടുമില്ലാത്ത മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ആ കാക്കക്കുഞ്ഞു ഉണ്ടോ എന്ന് നോക്കാന്‍ എനിക്കായില്ല..അത് ചത്തു കാണുമെന്ന്  ലീലേച്ചി തലേന്നു രാത്രി പറഞ്ഞത്  മനസ്സില്‍ കിടന്നു നീറുന്നുണ്ടായിരുന്നു.പുഴക്കല്‍ പാടങ്ങള്‍ക്ക് നടുവിലൂടെ ഞങ്ങളെയും കൊണ്ട് പായുന്ന ബസ്സ്  കൂട്ടുങ്ങലിലെത്തുമ്പോള്‍ വഞ്ചിക്കടവത്തു ആളുകള്‍ നിറഞ്ഞിരുന്നു..സുബു അങ്ങനെ പള്ളിക്കാട്ടിലെ വെള്ളിലക്കാടുകള്‍ക്ക് നടുവില്‍ അന്ത്യവിശ്രമം കൊണ്ടു. തറവാട്ടില്‍ രണ്ടു ദിവസം കൂടി ഞങ്ങള്‍ ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം അറബിക്കടലിനു മേലെ വെയില്‍ ചാഞ്ഞ നേരം എനിക്കൊരു ഉള്‍വിളി ..സുബുവിന്റെ കബറിടത്തില്‍ പോകണം .ഞങ്ങള്‍ കുട്ടികള്‍ മൂന്നു നാല് പേര് കൂടി മുതിര്‍ന്നവര്‍ കാണാതെ മണത്തല പള്ളി ലക്ഷ്യമാക്കി കനോലി പുഴക്ക് കുറുകെയുള്ള ചെറിയ പാലത്തിലൂടെ മുഖത്തിന്‌ നേരെ വന്നു പതിക്കുന്ന അസ്തമയ നാളങ്ങളെ വകവെക്കാതെ നടന്നു.കബറിടത്തില്‍ ചെന്നിരുന്നു മണ്ണെല്ലാം മാടി വെച്ചു അതിനു മുകളില്‍ ഒരു മൈലാഞ്ചി ചെടി നട്ടു.പള്ളിക്കുളത്തില്‍ നിന്നും അവിടെ കിടന്ന കമുകിന്‍ പാളയില്‍ വെള്ളം നിറച്ചു നട്ട മൈലാഞ്ചിച്ചെടിയുടെ മേലെ ഒഴിച്ച് കൊടുത്തു..ഇരുട്ട് കനക്കുന്നതിനു  മുന്പ് ഞങ്ങള്‍ തറവാട്ടിലേക്ക്  തിരിച്ചു നടന്നു.അവളുടെയും വല്യുപ്പയുടെയും മരണം എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ആയതിനാല്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും മഴമുല്ലകളുടെ സൌരഭ്യമാണ് .പോക്കുവെയിലിന്റെ സ്വര്‍ണ്ണനാളങ്ങള്‍ തോട്ടിലെ വെള്ളത്തില്‍ ഉരുകി വീഴുമ്പോള്‍ പരല്‍ മീനിനെ പിടിക്കാന്‍ സുബുവുമായി ഈരിഴതോര്‍ത്തു തോട്ടിലെ വെള്ളത്തില്‍ മുക്കി പിടിച്ച് പരലുകള്‍ തോര്‍ത്തിനുള്ളില്‍ പുളയുന്നതും നോക്കി ആഹ്ലാദിക്കാറുള്ളതും പെരുന്നാളിന് പാടവരമ്പിലൂടെ പോകുന്ന വളക്കാരികളെ വിളിച്ചു ഇഷ്ടത്തിനുള്ള വളകള്‍ ഇടുന്നതും മൈലാഞ്ചി ഇല പൊട്ടിച്ച് അരച്ചെടുത്തു കൈവള്ളയില്‍ വലിയ പുള്ളികള്‍ ഇട്ടിരുന്നതും ..ഓത്തുപള്ളിയിലേക്ക് പോകും വഴി ശങ്കരന്‍ മാഷിന്റെ തൊടിയിലെ ചാമ്പ മരത്തില്‍ കയറി ചാമ്പക്ക പോട്ടിച്ച് തിന്നിരുന്നതും അരിനെല്ലിയും ഉപ്പ് മാങ്ങയും ആയി വന്നു ആരും കാണാതെ പങ്കു വെച്ചതുമൊക്കെ എന്തിനെന്നറിയാതെ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ ഓര്‍മ്മകളുടെ വിലാപയാത്ര പോലെ  വന്നു കൊണ്ടിരുന്നു.പക്ഷെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം സുബുവും കാലത്തിന്റെ വായിച്ചു കഴിഞ്ഞ ഏതോ അദ്ധ്യായം പോലെ പിന്നിലേക്ക് മറിച്ചിടപ്പെട്ടു..

മുറ്റത്തോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കാക്ക കുളിച്ചു ചിറകു കുടയുന്നതും കണ്ടിട്ടുണ്ടോ ? ആ കാഴ്ച്ചയെ ഏറെ കൌതുകത്തോടെ ഞാന്‍ നോക്കിയിരിക്കുമായിരുന്നു .ഒരിക്കല്‍ മുറ്റമടിക്കാന്‍ വരുന്ന നാണിത്തള്ളയാണ്  അത് ഒരു ദുശ്ശഃകുനമാണെന്ന് എന്നോട് പറഞ്ഞത്.അങ്ങനെ കാക്കകള്‍ കുളിക്കുന്നത് കണ്ടാല്‍ മരണവാര്‍ത്ത കേള്‍ക്കുമെന്നും  പുല കുളിക്കേണ്ടി വരുമെന്നും വിവക്ഷിക്കണമെന്നു എന്നോട് കുപ്പായമിടാത്ത മാറിടത്തിലെ തൂങ്ങി നില്‍ക്കുന്ന ചുളിഞ്ഞ മുലകളെ ആട്ടി കൊണ്ട് മുറ്റമടിക്കുകയായിരുന്നു നാണിത്തള്ള പറഞ്ഞു.ഒരു പെരുമഴക്കാലത്ത് ഉറക്കത്തില്‍ നിന്ന് ഞാന്‍  കണ്ണ്  തുറന്നത് കിഴക്കേ മുറ്റത്തെ തെങ്ങിന്‍ തടത്തില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ രണ്ടു കാക്കകള്‍ കുളിക്കുന്നതും കണ്ടുകൊണ്ടാണ്. ചന്നം പിന്നം പെയ്യുന്ന തോരാതെ നില്ക്കുന്ന മഴ തലേന്ന് മുതല്‍ പെയ്യുന്ന രാമഴയുടെ തനിയാവര്‍ത്തനമാണെന്ന് തോന്നി..ഉദിച്ചുയരാനാവാതെ സൂര്യന്‍ കാര്‍മേഘത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് തോന്നുന്നു.ഇരുണ്ടു മൂടിയ ആകാശം രാത്രി ഇനിയും  പടിയിറങ്ങിയിട്ടില്ല എന്ന് തോന്നിപ്പിച്ചു.പക്ഷെ രാവിലെ തന്നെ കണ്ട ഈ കാക്കക്കുളി എന്നില്‍ അജ്ഞാതമായ ഒരു ഭീതി പടര്‍ത്തിയിരുന്നു...നാണിത്തള്ള പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയിലേക്കെത്തി . കന്നാലിക്കുളത്തില്‍ നിന്ന്  കുളിച്ചു ഈറന്‍ മാറുമ്പോഴും , ഇടനാഴിയില്‍ ഇരുന്നു പ്രാതല്‍ കഴിക്കുമ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥന ..ആര്‍ക്കും ഒന്നും വരുത്തല്ലേ..

അല്ലെങ്കിലും നാണത്തള്ള കാക്കക്കുളിക്ക് ഇങ്ങനെയൊരു വിവക്ഷ മനസ്സിലാക്കി തരുന്നതിനു മുന്‍പും ഞാന്‍ ഈ കാഴ്ചകളൊക്കെ കണ്ടിട്ടില്ലേ ?ഞാന്‍ ചിന്തിച്ചു .അന്നാരെങ്കിലും മരിച്ച വിവരം ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടോ..പഴയ കുട്ടിയില്‍  നിന്നും കുറച്ചു കൂടെ വളര്‍ന്ന ഞാന്‍ തെല്ലു പക്വതയോടെ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.ഏയ്‌ അങ്ങനെയൊന്നും ഉണ്ടാവില്ല ..ഞാനെന്നെ സമാധാനിപ്പിച്ചു.

അന്ന് സ്കൂള്‍ അവധിയായതിനാല്‍ വീട്ടിലിരുന്നു ഗൃഹപാഠങ്ങള്‍ ചെയ്തും ഇടയ്ക്കിടെ പെയ്യുന്ന മഴയെ കണ്ടും ഉച്ച വരെ കഴിച്ച് കൂട്ടി .അപ്പോഴാണ്‌ അടുത്ത വീട്ടിലെ ആസിയത്ത വന്നു ഉമ്മയോട് പറയുന്നത്.നമ്മുടെ ഒസ്സാന്‍ ബീരാന്‍ക്കാടെ മൂത്ത മോന്‍ മോമ്മദ്  മണത്തല ചെറിയ പാലത്തിന്റെ അടിയില്‍ മുങ്ങി മരിച്ചു.കൂട്ടുകാരുമായി കുളിക്കാന്‍ പോയതാ. ചുഴി വന്നു കൊണ്ടോയീത്രേ ..ആ നിമിഷം ഓത്തുപ്പള്ളിയിലെ സഹപാഠിയായ മുഹമ്മദ്‌ എന്ന ആ ആണ്‍കുട്ടി എന്റെ മനോമുകരത്തില്‍ തെളിഞ്ഞു.വെളുത്ത മുഖത്ത് നിറയെ വസൂരിക്കലകളുള്ള ഇപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന കുട്ടി. കൂട്ടുങ്ങല്‍ അങ്ങാടിയിലൂടെ ഫയര്‍ ഫോഴ്സുകാര്‍ പോകുന്നതിന്റെ ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു..ഏറെ തിരച്ചിലിനോടുവില്‍ കിട്ടിയ ആ ചേതനയറ്റ ശരീരത്തെ കീറിമുറിക്കാന്‍ സര്‍ക്കാരാശുപത്രിയിലെക്ക് കൊണ്ട് പോയെന്നു പിന്നെ ആരോ വന്നു ഉമ്മയോട് പറയുന്നത് കേട്ടു.അന്ന് രാത്രി ഉറക്കത്തില്‍ എന്റെ കണ്ണുകള്‍ക്ക്  മുന്നില്‍  നാണിത്തള്ള നിന്ന് ചിരിക്കുന്നതായ്  എനിക്ക് തോന്നി.ചുക്കി ചുളിഞ്ഞ കുപ്പായമിടാത്ത അവരുടെ മാറില്‍ തൂങ്ങിയാടുന്ന മുലകള്‍ .അവരുടെ മുന്നോട്ടിത്തിരി വളഞ്ഞു കൂനിയുള്ള നടത്തത്തിന്റെ ആക്കത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്നുണ്ടായിരുന്നു..കാക്കക്കൂട്ടങ്ങള്‍ കുളിച്ച് ചിറക് കുടയുന്ന വെള്ളക്കെട്ടിലേക്ക് കൈചൂണ്ടി നാണിത്തള്ള എന്നോട് അങ്ങോട്ട്‌ നോക്കാന്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ..കണ്ണുകള്‍ ഇറുകെ അടച്ച്  കിടക്കുമ്പോള്‍  ജനാലയ്ക്കപ്പുറം പെയ്യുന്ന പേമാരിയില്‍ നാണിത്തള്ളയുടെ പൊട്ടിച്ചിരി നേര്‍ത്ത് വരുന്നത് പോലെ എനിക്ക് തോന്നുകയും അമ്പത്തെ പാടത്തിനു നടുവില്‍ വലിയൊരു ഇടിമിന്നല്‍  നിലം താണ് വെട്ടുകയും  ചെയ്തു.ഏതൊക്കെയോ മരങ്ങള്‍ കട പുഴകി വീഴുന്നതിന്റെ ഭയാനക ശബ്ദങ്ങളുമപ്പോള്‍  എന്റെ കാതുകളില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു.27 comments:

 1. ആരാരും വിളിക്കാതെ എങ്ങുനിന്നോ പറന്നു വന്നൊരു പക്ഷിയുടെ വിളിയ്ക്കായ്‌ ചെവികൊടുക്കാനാവാതെ തല തിരിച്ചിരുന്ന മണ്മറഞ്ഞുപോയ പല മുഖങ്ങളും തെളിയുന്നൂ കണ്മുന്നിൽ.
  സാവകാശം തുടങ്ങിയ വായന അതിന്റെ ഉച്ചസ്ഥായിലെത്തുമ്പോഴേയ്ക്കും ഞാനെന്റെ മണ്ണിന്റെ മണം നുകരുകയായി..
  നിത്യ സൗന്ദര്യമുള്ള എഴുത്തിനു ന്റെ സ്നേഹം അറിയിക്കുന്നൂ..ആശംസകൾ

  ReplyDelete
 2. പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പാടിനെക്കുറിച്ചുമാനെങ്കിലും എഴുത്തുഭാഷയുടെ സൌന്ദര്യം ശ്രദ്ധിക്കാതിരിക്കാനാവില്ല

  ReplyDelete
 3. സങ്കടം തോന്നുന്ന വിഷയമെങ്കിലും എഴുത്തിന്‍റെയും ഭാഷയുടേയും സൌകുമാര്യം അതിശയിപ്പിക്കുന്നു.....

  ReplyDelete
  Replies
  1. ഒക്കെ കുട്ടിക്കാലത്തെ ഓരോ തോന്നലുകള്‍ എച്മു..:) നന്ദി വന്നതിനും വായിച്ചു നല്ലൊരഭിപ്രായം പ്രകടിപ്പിച്ചതിനും ..

   Delete
 4. രണ്ടു കാര്യങ്ങള്‍. ഒന്ന് എഴുത്തിനെ കുറിച്ച്. നല്ല ഒഴുക്കുള്ള എഴുത്താണ്.
  വായിപ്പിക്കുന്ന തരത്തില്‍, മനോഹരമായി എഴുതി.
  മുമ്പെഴുതിയതിനേക്കാള്‍ മൂര്‍ച്ച വരുന്നുണ്ട് ഇപ്പോള്‍ ഗദ്യത്തിന്.

  രണ്ടാമത്തേത്, എഴുതിയ കാര്യത്തെക്കുറിച്ച്. അതിനോടുള്ള പ്രതികരണം ഇങ്ങനെ:

  നോക്കൂ, കാലന്‍കോഴി ഒരു പാവം പക്ഷിയാണ്. മരണവുമായല്ല അതിജീവനവുമായാണ് അതിന് ചാര്‍ച്ച:)

  കുട്ടിക്കാലം ഉള്ളില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന പലതും പല അളവില്‍ നമ്മുടെ ജീവിതങ്ങളിലേക്ക് നീണ്ടു നിവര്‍ന്നങ്ങനെ കിടക്കും.
  യാദൃശ്ചികതകളുടെ ചില വളവുതിരിവുകളില്‍ മാത്രം പെട്ടെന്ന് ഉണര്‍ന്നെണീക്കും.
  അടയാളങ്ങളുടെ സ്ഥിരം സ്വഭാവം അതാണ്. ചില നേരങ്ങളില്‍ ഒരു കാക്കക്കരച്ചില്‍ പോലും അടയാളമാണ്..
  മറ്റു ചിലപ്പോള്‍ കാക്കക്കരച്ചില്‍ മാത്രവും. ചില നേരം കുറുകെ കടക്കുന്ന കരിമ്പൂച്ച കരിമ്പൂച്ച മാത്രമാണ്.
  മറ്റു ചിലപ്പോഴത് ദുരന്ത സൂചനയും.
  ജീവിതത്തിന്റെ നീണ്ട ഒഴുക്കിനിടെ നാം പല വട്ടം കാക്കയെയും
  കരിമ്പൂച്ചകളെയുമെല്ലാം മുട്ടുന്നു. പലതും മറക്കുമ്പോഴും അവയില്‍, ചിലതു മാത്രം നാം ഓര്‍ത്തെടുക്കുന്നു.
  അതിന്റെ കഥ നമ്മളില്‍ ആഴമുള്ള ചില വിശ്വാസങ്ങള്‍ പെറ്റിടുന്നു. കുട്ടിക്കാലം പോറ്റിവളര്‍ത്തിയ
  ചില വിശ്വാസങ്ങളുടെ ചൂടു പറ്റി അതു മെല്ലെ വളരുന്നു.

  ReplyDelete
  Replies
  1. നല്ല പ്രതികരണത്തിന് നന്ദി ഒരില..

   എനിക്കും തോന്നിയിട്ടുള്ളതാണ് ..വിശ്വാസങ്ങള്‍ക്കും എത്രയോ കാതമാകലെയാണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്ന്..പിന്നെ എഴുതിയതൊക്കെ ഒരു കുഞ്ഞു മനസ്സിന്റെ തോന്നലുകള്‍ ആയിരുന്നു..

   Delete
 5. എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഇത്താടെ അനുഭവക്കുറിപ്പുകള്‍ എനിക്കേറെ പരിചിതമായി തോന്നാറുണ്ട് എപ്പോഴും. ചില യാദൃശ്ചികതകള്‍ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാറുണ്ട് എന്നത് സത്യം.

  ReplyDelete
  Replies
  1. നന്ദി ഷേയ,,.അതെ ചിലതൊക്കെ അറിയാതെ വന്നു ഭവിക്കും ..അപ്പോള്‍ അത് തന്നെ ശരി എന്ന് തോന്നും .ഒരു പക്ഷെ ബാല്യത്തിലെ അപക്വ മനസ്സിന്റെ ചഞ്ചലതകള്‍ :)

   Delete
 6. വളരെ മനോഹരമായി എഴുതി.നല്ല ഭാഷ.
  പക്ഷെ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് തീരെ യോജിപ്പില്ല.
  കാലന്‍ കോഴിയുടെ കൂവല്‍, കാക്ക കുളിക്കുന്നത് ഒക്കെ.പാവം പക്ഷികള്‍.അവര്‍ ഒരിക്കലും മരണ പ്രവാചകര്‍ അല്ല.

  ReplyDelete
  Replies
  1. നന്ദി റോസാപ്പൂക്കള്‍ ...അതെ ഇത് വെറും കാല്‍പ്പനികതയില്‍ പൂശിയ എഴുത്ത് മാത്രം ..വിശ്വാസം ഇതില്‍ നിന്നൊക്കെ വിഭിന്നവും ,,..:)

   Delete
 7. ഇഷ്ടം...സജിത്താ.

  (പുറത്ത് വരാന്തേല് രാത്രി പഠിക്കാനിരികുംബം അതിരിലെ മാവീന്നു കുത്തിച്ചൂടാന്റെ കൂവല്‍ കേട്ട് എത്ര തവണ ഞാന്‍ അടുക്കളേല്‍ അമ്മേടടുത്ത് പാഠത്തിലെ സംശയം ചോദിക്കാന്‍ എത്തിയിരിക്കുന്നു. അല്ലാതെ പേടിച്ചിട്ട്വോന്നല്ല ..ഹും..!പിന്നെ ഇപ്പഴിപ്പഴൊക്കെ അത് കേള്‍ക്കുംബം അടുക്കളേല്‍ എത്തുന്നത് കറി വെന്തോന്നറിയാനല്ലേ.അല്ലാതെ.......ഏയ്‌...,..!)
  .

  ReplyDelete
  Replies
  1. ആഹ ...:) നന്ദി ഷൈനാ .വന്നതിനും വായിചതിനും ..

   Delete
 8. നീലക്കുറിഞ്ഞി... മനോഹരമായ എഴുത്ത്..... ഒഴുക്കോടെ വായിച്ചുപോകുവാൻ പറ്റുന്ന രചനാശൈലി..... അഭിനന്ദനങ്ങൾ...

  നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും ഇത്തരത്തിലുള്ള വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്... പക്ഷികളും, ജീവജാലങ്ങളും പാവങ്ങൾ... അവർക്ക് മരണവുമായി എന്ത് ബന്ധം..... അവർക്ക് മരണത്തെ നിയന്ത്രിയ്ക്കുവാൻ കഴിവുണ്ടായിരുന്നെങ്കിൽ എല്ലാം തച്ചുടയ്ക്കുന്ന ഈ മനുഷ്യവംശത്തെ എന്നേ അവർ ഇല്ലാതാക്കുമായിരുന്നു....

  അന്ധവിശ്വാസങ്ങളാണെന്ന് അറിയാമെങ്കിലും ഗ്രാമീണതയുമായി ബന്ധപ്പെട്ടുള്ള ഈ വിശ്വാസങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ പ്രകൃതിയേക്കുറിച്ചുള്ള പല പുതിയ അറിവുകളും നമുക്ക് ലഭ്യമാകും എന്നത് എന്റെ അനുഭവമാണ്... ഏറ്റവും കുറഞ്ഞത് നമ്മുടെ ചുറ്റുവട്ടങ്ങളിലെ കുറച്ച് പക്ഷികളേക്കുറിച്ചുള്ള അറിവെങ്കിലും നമുക്കുണ്ടാകും എന്നുറപ്പ്.. :)

  ReplyDelete
  Replies
  1. നന്ദി ഷിബു.. അതെ നമുക്കറിയാത്ത ഒരു പാട് പറവകള്‍ നമ്മുടെ ചുറ്റിലും ..ഒരു പക്ഷെ ഇന്ന് നാമാവശേഷമായെന്നു നമ്മള്‍ പരിതപിക്കുന്ന പല പക്ഷികളും വരും തലമുറക്ക് സാങ്കല്‍പ്പികം മാത്രമാകുമോ എന്ന് ഭയപ്പെടുന്നു.

   Delete
 9. ഞാനും ചെറുപ്പത്തില്‍ കേട്ട് വിശ്വസിച്ച കാര്യങ്ങള്‍....,...അന്ധവിശ്വാസങ്ങള്‍ എന്ന് എഴുതി തള്ളാം എങ്കിലും ചെറുപ്പത്തില്‍ മനസ്സില്‍ പതിഞ്ഞതുകൊണ്ടോ ചില സമയങ്ങളില്‍ അത് സത്യമായി മാറുന്നത് കൊണ്ടോ വിശ്വാസം തോന്നും....കുറച്ചു നേരം ഞാനും പഴയ ആളുകളുടെയും അവരുടെ വര്തമാനങ്ങളുടെയും ലോകത്തേക്ക് പോയി...നല്ല എഴുത്ത് ..:)

  ReplyDelete
 10. അവസാന ഭാഗമാണു ഏറെ ഇഷ്ടമായത്‌.

  ReplyDelete
 11. അവസാന ഭാഗമാണു ഏറെ ഇഷ്ടമായത്‌.

  ReplyDelete
 12. സാജിത,
  എഴുതാൻ പലർക്കും കഴിയും. എന്നാൽ ആദ്യവരി വായിക്കുമ്പോൾ തന്നെ വായനക്കാരന്റെ ശ്രദ്ധ ആവാഹിച്ചെടുക്കുക അത്ര എളുപ്പമല്ല. പക്ഷേ, സാജിതയ്ക്കു ആ കഴിവുണ്ട്. ഈ ലേഖനത്തിൽ പ്രദിപാതിക്കുന്നത് ചില നാടാൻ ചൊല്ലുകൾ , വിശ്വാസങ്ങൾ , എപ്രകാരം ചില ദാരുണ സംഭവങ്ങളുടെ മുന്നോടിയാകുന്നു എന്നുള്ളതാണ്. ഇതിൽ തിളങ്ങുന്നത് ഒരു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സാണ്.
  ആ മനസ്സിൽ , ഇത്തരം കഥകൾ പോറിയിട്ട ചിത്രങ്ങളാണ് നാം കാനുന്നത്. ഇവിടെ ഈ നടോടിക്കഥകളുടെ ശാസ്ത്രീയ വിശകലനം അനാവശ്യം. അത് തികച്ചും മനസ്സിലാക്കുന്നു ഈ എഴുത്തുകാരി . ഈ ലേഖനത്തിന്റെ സോന്ദര്യം ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ, ഒരു കുട്ടികയുടെ നിഷ്കളങ്കതയോടെ , സംഭവങ്ങൾ വിവരിക്കുകയാണ് . മാജിക്ക് റിയളിസത്തിന്റെ ഒരു ചായക്കൂട്ടു അങ്ങനെ ഈ വിവരണത്തിന് അഴക്‌ കൂട്ടുന്നു.
  അനുമോദനങ്ങൾ കുഞ്ഞുപെങ്ങളെ എന്ന് പറയാൻ മനസ്സ് തുടിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി അലിക്കാക്ക ..ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും ..

   Delete
 13. Magic realism, I mean. Please ignore the spelling mistake.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. നല്ല എഴുത്ത്..ചില നല്ല വരികള്‍ ഒരു പെയിന്റിംഗ് പോലെ മുന്നില്‍ തെളീഞ്ഞുവന്നു..വായിച്ച് വന്നപ്പൊ ഇതെങ്ങനെ അവസാനിപ്പിക്കും എന്നറിയാന്‍ ആകാംഷതോന്നി..അവസാന ഖണ്ഡിക മികച്ചതായി...
  ഞങ്ങള്‍ ആ ദുശ്ശകുന പക്ഷി കരയുമ്പൊ സൂചി ചൂടാക്കും..

  ReplyDelete
 16. നല്ല ശകുനം ഈ എഴുത്ത്. അനുഭവങ്ങൾ ഇനിയും കുറിച്ചിടുക. ദുശ്ശകുനങ്ങളുടെ സൂചനകൾക്കൊപ്പം വന്ന മരണങ്ങൾ ഹൃദയത്തെ തൊട്ടു. നന്ന്.

  ReplyDelete