Tuesday, 10 September 2013

വെയില്‍ തിന്നുന്ന മരുപ്പക്ഷികള്‍

വെയില്‍ തിന്നുന്ന  മരുപ്പക്ഷികള്‍ :-   (ഇല്ലസ്ട്രെഷന്‍ . ഇസ്ഹാക്ക്)
                                                                                       

ശിവന്റെ അമ്പലത്തിനു മുന്നിലെ ആല്‍ത്തറയില്‍ ശൂന്യമായ മനസ്സോടെ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ ഈ ലോകത്തിലെ സകലതില്‍ നിന്നും  ഒളിച്ചോടാന്‍  അയാള്‍ ആഗ്രഹിച്ചു. അമ്പലത്തിലേക്ക് ഇടയ്ക്കിടെ ചിലൊക്കെ വന്നു  പോകുന്നുണ്ടെങ്കിലും ഹൈദ്രോസ് എന്ന ആ മധ്യവയസ്ക്കനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . ഏറെ കാലത്തെ പ്രവാസം കഴിഞ്ഞെത്തിയ അയാളെ കടുത്ത വിഷാദരോഗം ഗ്രസിച്ചിരിക്കുകയാണ് . കഴിഞ്ഞ കാലങ്ങളിലെ ഓരോ അവധിക്കും  രാജകീയ സ്വീകരണമാണ് വേണ്ടപ്പെട്ടവരില്‍ നിന്നും ലഭിച്ചിരുന്നതെങ്കില്‍  ഏതാനും ആഴ്ച്ചകള്‍ക്ക്   മുന്‍പ് സകലതും നഷ്ടപ്പെട്ട് തോല്‍വി സമ്മതിച്ച യുദ്ധത്തടവുകാരന്റെ നിസ്സംഗതയോടെ നാടണഞ്ഞ  അയാള്‍ക്ക് നേരിടേണ്ടി വന്നത് പുഛവും അവഗണനയും മാത്രമായിരുന്നു. 


നാട്ടുകാര്‍ തനിക്ക് ചുറ്റും പരിഹാസ ശരങ്ങളുമായാണ് നില്‍ക്കുന്നതെന്നു തോന്നിയതിനാല്‍ പകല്‍ പുറത്തിറങ്ങാന്‍ അയാള്‍ മടിച്ചു . എങ്കിലും  രാത്രിയില്‍  വറ്റി വരണ്ട പുഴയുടെ  മണല്‍  തിട്ടയില്‍ ചെന്നിരുന്നു നക്ഷത്രങ്ങളുറങ്ങിയ ആകാശത്തേക്ക് നോക്കി വിങ്ങിപ്പൊട്ടുമായിരുന്നു. .അസ്വസ്ഥനായിരുന്ന അയാളുടെ ചിന്തകള്‍ കഴിഞ്ഞു പോയ കാലത്തിന്റെ ഒറ്റയടിപ്പാതയിലൂടെ തലങ്ങും വിലങ്ങും ശരപക്ഷികളുടെ വേഗതയോടെ സഞ്ചരിച്ചു .  

കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിളകിയ കല്‍പ്പടവുകളുള്ള  ആല്‍ത്തറയില്‍  ആരോടും സംസാരിക്കാനുള്ള കെല്‍പ്പില്ലാതെ അയാളിരിക്കുകയാണ്.  തൊട്ട് മുന്നില്‍ ഒരു കാളക്കൂറ്റന്‍ അയവെട്ടി കൊണ്ട് കിടക്കുന്നുണ്ട് .ആരോ നടതള്ളിയ ഒരു അമ്പലക്കാള.ആ അങ്ങാടിയുടെ മാലിന്യം മുഴുവന്‍ പേറുന്ന കാളയുടെ  ദേഹത്ത് ചെറു  പ്രാണികളും ഈച്ചയും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കാള തന്റെ വാല് പൊക്കി അവയെ ആട്ടിയോടിക്കാനുള്ള പാഴ്ശ്രമവും നടത്തുന്നുണ്ടായിരുന്നു. 

ആല്‍മരത്തിന്റെ ഇരുളുറങ്ങുന്ന ചില്ലകളില്‍  ഏതൊക്കെയോ ചെറുകിളികള്‍ കലപില കൂട്ടി ചേക്കേറാനെത്തിയ നേരത്ത്  ആകാശച്ചെരുവില്‍ മൂവന്തിക്ക്‌  മുന്‍പേ പടര്‍ന്ന ചുവപ്പ് കലര്‍ന്ന മഞ്ഞ നിറം കണ്ടപ്പോളാണ്  മുളകും മഞ്ഞളും പൊടിച്ച് കൊണ്ടുവരാന്‍ ഭാര്യ ഏല്‍പ്പിച്ചതിനെ കുറിച്ചയാള്‍ ആകുലപ്പെട്ടത് . 


ഈയിടെയായ്  അയാള്‍ക്ക്  ഭാര്യയോട് വല്ലാത്തൊരു പേടിയും അവരുടെ ദയാരാഹിത്യതോടെയുള്ള പെരുമാറ്റം തന്നെ  ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായും തോന്നി തുടങ്ങിയിരുന്നു. പണ്ടൊക്കെ സ്നേഹത്തോടെയും ആദരവോടെയും മാത്രം പെരുമാറിയിരുന്ന അവള്‍ ഒരു ശത്രുവിനോടെന്ന പോലെയല്ലേ  ഇപ്പോള്‍ പെരുമാറുന്നത് . അന്നുച്ചക്ക് നടന്ന സംഭവം അയാളുടെ മനസ്സിലേക്ക്  വയറ്റില്‍ കിടക്കുന്ന ദഹിക്കാത്ത വസ്തു പോലെ തികട്ടി വരികയും ചെയ്തു.  ഇന്നും അരച്ച് കലക്കി എന്ന ഉപ്പും പുളിയുമില്ലാത്ത കൂട്ടാന്‍ മാത്രമേയുള്ളൂ എന്ന തന്റെ ന്യായമായ ചോദ്യത്തിന് ഭാര്യയില്‍ നിന്നും കേട്ട മറുപടി അഭിമാനമുള്ള ഒരു പുരുഷനും സഹിക്കാനാവുന്നതായിരുന്നില്ല. ആയിരുന്നോ ?. 
അറിയാതെ  ഹൈദ്രോസിന്റെ ശബ്ദം അല്‍പ്പം ഉയര്‍ന്നു .തന്റെ  മുന്നിലിരുന്നു തടിച്ചു കറുത്ത ചുണ്ടിന്റെ കോണിലൂടെ വഴുവഴുത്ത തുപ്പലിറ്റിച്ച് കണ്ണുകളില്‍ നിസ്സഹായത നിറച്ച് അകലേക്കെങ്ങോ നോക്കി അയവെട്ടുന്ന കാളയെ  പരിതാപതോടെ നോക്കിയതിനു ശേഷം  പതുക്കെ എഴുന്നേറ്റ്  മുണ്ടൊന്നു കൂടി കുടഞ്ഞുടുത്ത്  എന്തൊക്കെയോ പൊതികള്‍ മുഴച്ചു നില്‍ക്കുന്ന സഞ്ചിയുമെടുത്ത് അയാള്‍ കവലയിലെ പൊടി മില്ലിനെ ലക്ഷ്യമാക്കി നടന്നു.

"അപ്പൊ ഐദ്രു എപ്പളാ  തിരിച്ച് പോണത് .അതാ ഇനി പോണില്ലേ.വന്നിട്ട് കൊറച്ചൂസം ആയിന്നു തോന്നുണു.അവടൊക്കെ വല്യ പ്രശ്നാല്ലേ..ആഹ് ഇപ്പൊ അവിട്ന്നു എല്ലാരേം പറഞ്ഞു വിടെന്നു കേട്ടു.."
പൊടി മില്ലിലെ അന്തോണി മാപ്ലയുടെ ചോദ്യത്തില്‍ സഹതാപം മാത്രമല്ല  പരിഹാസവും കലര്‍ന്നതായി ഹൈദ്രോസിനു തോന്നി.അവ്യക്തമായ ഒരു മൂളലില്‍ മറുപടിയെ ഒതുക്കി മഞ്ഞള്‍ പൊടിയും മുളക് പൊടിയും അടങ്ങിയ സഞ്ചിയുമായി അയാളവിടെ നിന്നുമിറങ്ങി.

ഇടവഴി തിരയുന്നിടത്തു വേട്ടോന്‍ കോയിന്ദന്‍ ആറ്റ് മീന്‍ വില്ക്കുന്നത് കണ്ടു അങ്ങോട്ടേക്ക് നടന്നു. "എന്താ മാപ്ലേ ഇപ്പൊ ആറ്റുമീനൊക്കെ കൂട്ടാന്‍ തൊടങ്ങ്യാ ". കളിയാക്കിയുള്ള  കോയിന്ദന്റെ ചിരിയെ കണ്ടില്ലെന്നു നടിച്ച് ഇരുപത് രൂപക്ക്  പരല്‍ മീനും വാങ്ങി അയാള്‍ നടക്കാന്‍ തുടങ്ങി.

ചരല്‍ പാതയിലേക്ക് അരിച്ചിറങ്ങുന്ന ഇരുളിനെ വകഞ്ഞു അവശതയോടെ അയാള്‍  തന്റെ വീടിനു മുന്നിലുള്ള ഒതുക്ക് കല്ല്‌ കയറുമ്പോള്‍ എയ്ശന്റെ കണ്ടത്തില്‍ നിന്നും പണി മാറ്റി  പോകുന്ന ചെറുമിപ്പെണ്ണുങ്ങള്‍ അത്താഴത്തിനുള്ള വകകള്‍ അടങ്ങിയ വട്ടി തലയിലുമേന്തി എന്തൊക്കെയോ സങ്കടങ്ങള്‍ പങ്കു വെച്ച്  അയാള്‍ക്ക് മുന്നിലൂടെ കടന്നു പോയി. വീട്ടിലെത്തിയ ഹൈദ്രോസ് അടുക്കള  കോലായിലിരുന്നു പരല്‍ മീന്‍ നന്നാക്കിയതിനു ശേഷം ഉള്ളിയും മുളകും അമ്മിക്കല്ലില്‍  അരച്ചെടുത്തു .പിന്നീട് കുടമ്പുളിയിട്ട്  കല്ച്ചട്ടിയില്‍ പരല്‍ മീനിനെ വറ്റിച്ചെടുത്ത് മേലെ വെളിച്ചെണ്ണ  തൂവുമ്പോള്‍  അയാളുടെ ഭാര്യ  ടിവിയില്‍  നടന്നു കൊണ്ടിരിക്കുന്ന സീരിയലിലെ നായികയുടെ പതം പറച്ചിലില്‍ മുഴുകിയിരിക്കുകയായിരുന്നു.ഏറിയ സന്തോഷത്തോടെ അത്താഴമുണ്ണാന്‍  മക്കളെയും ഭാര്യയേയും ക്ഷണിച്ചപ്പോഴാണ്  നൂഡില്‍സ് കഴിച്ച് കുട്ടികള്‍ ഉറങ്ങാന്‍ പോയത് അയാളറിയുന്നത് .തടി  കൂടുമെന്ന് പേടിച്ച്   രാത്രിയില്‍ ചപ്പാത്തിയും വെള്ളരിയും മാത്രം കഴിക്കുന്ന ഭാര്യക്കും അയാളൊരുക്കിയ  അത്താഴത്തില്‍ പങ്കു ചേരാനായില്ല.അല്ലെങ്കിലും ഇതൊക്കെ അയാള്‍ക്ക് പുതിയ അറിവുകളായിരുന്നുവല്ലോ.
ഇടവഴിക്കപ്പുറത്തെ മുളങ്കൂട്ടില്‍ കാറ്റിലാടുന്ന മുളന്തണ്ടിന്റെ നെഞ്ച് പൊട്ടുന്നത് കേട്ട് കൊണ്ട് അയാള്‍ ചിന്തകളുടെ ചതുരംഗപ്പലകയില്‍ തന്റെ  സുഖദുഃഖങ്ങളുടെ  കരുക്കള്‍ ക്രമം ചേര്‍ത്ത് വെച്ചു. ഇരുപത് കൊല്ലത്തോളം മരുഭൂമിയില്‍ അധ്വാനിച്ച് അവിടെ നിന്നും തിരിച്ച് പോരുമ്പോള്‍ താനെന്താണ്‌ നേടിയത് .അയാള്‍  നെഞ്ച് തടവി കഴുത്ത് മുട്ടി  വന്ന ചുമയെ പാറ പൊട്ടുന്ന ഒച്ചയില്‍ പുറത്തേക്ക് തള്ളി വിടുമ്പോള്‍ ആരോടെന്നില്ലാതെ ചോദിച്ചു.

ഏതൊരു വിദ്യാഭ്യാസമില്ലാത്ത പ്രവാസിയുടേയും പോലെ തുഛ ശമ്പളത്തില്‍ ജോലി ചെയ്യാനായിരുന്നല്ലോ തന്റെയും വിധി . വലിയ  ഗതിയൊന്നുമില്ലാത്ത ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്ത്  കിട്ടുന്ന ശമ്പളത്തില്‍ നിന്നും  തനിക്ക് വേണ്ടി ഒരു ചില്ലിപോലും ചിലവാക്കാതെ മുഴുവനും ഭാര്യക്ക് അയച്ച് കൊടുക്കുമ്പോഴും കടം വാങ്ങിയും ചിട്ടി പിടിച്ചും ഓവര്‍ ടൈം ചെയ്തും ഭാര്യയുടെ പേരില്‍ വീടും പുരയിടവും ആധാരമാക്കുമ്പോഴും എന്തെങ്കിലുമൊരു വരായ്കയുണ്ടാവാന്‍ നാട്ടില്‍ ഒരു ടാക്സി വാങ്ങിയിട്ടപ്പോഴും തന്റെ ജീവിതം ഒരു ഓട്ടത്തോണിയാകുമെന്ന് കരുതിയില്ല. അന്നേരം മരുഭൂമിയിലെ  നിലാവൂറ്റിക്കുടിച്ചു ഉന്മത്തയായ തണുത്ത  മണലില്‍ മലര്‍ന്നു കിടന്നു എല്ലാം മതിയാക്കി നാട്ടിലെത്തിയാല്‍   ഭാര്യയും മക്കളുമൊത്തുള്ള സന്തോഷ ജീവിതം സ്വപ്നം കാണുകയായിരുന്നു അയാള്‍ . മക്കളെ നാട്ടിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തിയറിഞ്ഞ് അഭിമാനിക്കുകയും കുട്ടികള്‍ മണി മണിയായ്‌  ഇംഗ്ലീഷ് സംസാരിക്കുന്നത് കേള്‍ക്കാനായി കൊതിക്കുകയും ചെയ്തു. രണ്ടു കൊല്ലത്തിലൊരിക്കല്‍ അവധിയില്‍ നാട്ടിലെത്തിയിരുന്ന അയാള്‍  കൈ നിറയെ പണവുമായ് വന്നു കുടുംബത്തെ സന്തോഷിപ്പിച്ച് ഒഴിഞ്ഞ പോക്കറ്റുമായാണ്  വിമാനം കയറിയിരുന്നുവെന്നത്  പക്ഷെ എന്തിനെന്നറിയില്ല തന്റെ ഭാര്യയില്‍ നിന്നും മറച്ചു പിടിച്ചു.. 

പോകെ പോകെ ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി ഭാര്യയുടെ ഫോണ്‍ വരുന്നതിനെ അയാള്‍ ഭയക്കാന്‍ തുടങ്ങി. ജോലി ചെയ്തു കാശുണ്ടാക്കുക എന്ന ആവേശത്തില്‍  വര്‍ഷങ്ങള്‍ പോകുന്നതറിയാതെ  അയാള്‍ നാടിന്റെ ചൂടും ചൂരും മറക്കാന്‍ തുടങ്ങി. മരുക്കാറ്റ്  ആഞ്ഞു വീശി ഋതുഭേദങ്ങളുടെ വരവിനെ അറിയിക്കുമ്പോഴും ,ഊഷരത്തില്‍ പാകിയ വിത്ത് പൊട്ടാന്‍ പാകത്തില്‍ മരുഭൂമിയില്‍ മഴ പെയ്തോഴിയുമ്പോഴും അയാള്‍  കാലവര്‍ഷത്തില്‍ തന്റെ പുരയിടത്തിനു പിറകിലെ പുഞ്ചപാടത്ത്  പുളച്ച് മറിയുന്ന വരാല്‍ മീനുകളും,  ഇടവപ്പാതിയില്‍  തോരാതെ പെയ്യുന്ന മഴയത്ത്  പുളിയിലയില്‍ സദ്യയുണ്ണുന്ന കോരന്റെ വറുതിയും, തുലാവര്‍ഷത്തിലെ നിലം താഴ്ന്നിറങ്ങി വെട്ടുന്ന ഇടിമിന്നലുമൊക്കെ മനോമുകരത്തില്‍ കണ്ടു സംതൃപ്തനാകുകയായിരുന്നു.ഒരു ഗദ്ഗദത്തിനൊപ്പം 
കണ്‍കോണില്‍ ഉരുണ്ടു കൂടിയ നനവ്‌  ചെറിയ നീര്‍ച്ചാലായി അയാളുടെ കവിളിലൂടെ ഒഴുകി വീഴാന്‍ തുടങ്ങുമ്പോള്‍ ചിന്തകളില്‍ മരുക്കാടിന്റെ ഗന്ധം പരക്കുന്നതയാളറിഞ്ഞു.

ജോലിയിടത്തിലെ  മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും അനിവാര്യമായിരുന്നു. മുതലാളിയുടെ പ്രായാധിക്യം മൂലമുള്ള മരണവും  തുടര്‍ന്ന് മക്കള്‍ തലമുറകളുടെ കുടുംബ പരിഷ്ക്കാരങ്ങളും തന്റെ  ജോലിയെ സാരമായി ബാധിക്കുമെന്ന് തോന്നിയെങ്കിലും  നാട്ടില്‍ ചെന്നാല്‍ എങ്ങനെയെങ്കിലും കുടുംബം പുലര്‍ത്താനാവുമെന്നുള്ള പ്രത്യാശ അയാളുടെ ആത്മവിശ്വാസത്തിനു ആക്കം കൂട്ടി. പക്ഷെ എല്ലാം മതിയാക്കി പോകാന്‍ തുനിഞ്ഞ നേരത്ത്  കടബാധ്യതകളും നാട്ടിലെ ഒടുങ്ങാത്ത ആവശ്യങ്ങളും അയാളുടെ കാലുകളില്‍ കിനാവള്ളി പോലെ ചുറ്റി പിണഞ്ഞത് . പിരിച്ചു  വിട്ട രാത്രിയില്‍ കയ്യില്‍ കിട്ടിയ ഭാണ്ഡവുമായി വിശാലമായ മണല്‍ പരപ്പിലൂടെ ജോലിയന്വേഷിച്ച്  നടക്കുമ്പോളാണ് പ്രവാസത്തിന്റെ ആഴക്കടലില്‍ കരകാണാതെ  ഉഴലുന്നവര്‍ക്ക്  സമൃദ്ധി വിളയുന്ന സ്വന്തം നാട് കണ്ണെത്തും അകലത്തില്‍ ഭ്രമിപ്പിക്കുന ഒരു മരീചികയാണെന്ന് ബോധ്യപ്പെട്ടത്. ചെയ്യാനേല്പിക്കുന്നതെന്തും  കൃത്യമായി ചെയ്തു പോരുമ്പോള്‍ കൂലിയായ് കിട്ടുന്ന റിയാലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതില്‍ മാത്രമായിരുന്നു അയാള്‍ക്ക് സന്തോഷം. 

അതി ശൈത്യം കൊടും ചൂടിനു വഴിമാറിയ നാളുകളിലാണ്‌ നിതാഖാത്ത് എന്ന നിയമം റൂഹ് പിടിക്കാന്‍ വരുന്ന മലക്കിനെ പോലെ കാഹളം മുഴക്കി അനേകായിരങ്ങളെ തേടിയെത്തിയത് . പിടി കൊടുക്കാതെ മുങ്ങിയും പൊങ്ങിയും അയാള്‍ കഴിഞ്ഞെങ്കിലും പിടിക്കപ്പെട്ടാല്‍ അനുഭവിക്കാനിടയുള്ള ശിക്ഷയുടെ കാഠിന്യം ആരൊക്കെയോ അയാളെ ബോധ്യപ്പെടുത്തിയപ്പോള്‍ നാട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയേയും മക്കളെയും ഒരു നിമിഷത്തേക്ക് കണ്ണീരോടെ ഓര്‍ത്തു പോയി. ഇത്രയും കാലം താന്‍ പൊരിവെയിലില്‍ കഷ്ടപ്പെട്ടുണ്ടാക്കിയതിനെ സ്നേഹമയിയും പക്വമതിയുമായ തന്റെ ഭാര്യ ഇരട്ടിപ്പിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ പകല്‍കിനാവ് കണ്ടു . ഒരൊഴിഞ്ഞു പോക്കിന്  ഇഷ്ടമില്ലാഞ്ഞിട്ടും ആരുടെയൊക്കെയോ നിര്‍ബന്ധത്തില്‍ വിമാനം കയറുമ്പോള്‍  കുടുംബം തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നു അയാള്‍ വെറുതെ മോഹിച്ചു. താടിയും കഷണ്ടിക്ക് പിറകില്‍ കാലങ്ങളായ് എണ്ണ പുരളാത്ത പാറിപറന്നു കിടക്കുന്ന മുടിയും നിരാശ നിഴലിക്കുന്ന മുഖഭാവവുമായ്   ആട്ടോയോടിക്കുമെന്ന ഭയം വേണ്ടാത്ത സ്വന്തം മണ്ണില്‍ വന്നിറങ്ങുമ്പോള്‍  ചുറ്റുമുള്ളവര്‍ പരമ പുഛത്തോടെ തന്നെ ശ്രദ്ധിക്കുന്നതായ് തോന്നി.

ജോലി നഷ്ടപ്പെട്ടാണ് താന്‍  വന്നതെന്നറിഞ്ഞപ്പോള്‍  തുടങ്ങിയ  ഭാര്യയുടെ ശാപവചനങ്ങളിലും  വിധിയെ പഴിക്കലിലും കിടന്നു അയാള്‍ വീര്‍പ്പുമുട്ടി.  താനൊന്നിനും കൊള്ളാത്ത ഒരു ഭര്‍ത്താവാണെന്നും അല്ലലില്ലാതെ കഴിയണമെങ്കില്‍  അടുത്ത മരുപ്പച്ച തേടി പോകണമെന്നും  അവസാന വാക്കായി ഭാര്യയില്‍ നിന്നും കേട്ടപ്പോള്‍  താനന്ന് വരെ കണ്ടതെല്ലാം പാഴ്ക്കിനാവുകളായിരുന്നുവെന്ന് അയാള്‍ക്ക് വേദനയോടെ  ഉള്‍ക്കൊള്ളേണ്ടി വന്നു.ദിവസങ്ങള്‍ കഴിയുന്തോറും മറ്റൊരു  സത്യം കൂടി മനസ്സിലായി ;ഭാര്യ മാത്രമല്ല മക്കളും അയാളില്‍ നിന്നും ഏറെ അകലെയാണെന്നു.പണമില്ലാത്തവന്‍ പിണത്തിനു തുല്യം എന്ന് അയാളുടെ ഉള്ളിലിരുന്നാരോ പറയുന്നത്  പോലെ .

ചിന്തകളെ വിളിപ്പാടകലെ നിറുത്തി നെടുവീര്‍പ്പോടെ അയാള്‍ ഉമ്മറത്തിണ്ണയില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ രാത്രി കനത്തിരുന്നു.ദൂരെ മരുപ്പക്ഷികളുടെ കരച്ചില്‍ കേള്‍ക്കുന്നതു പോലെ. വെയില്‍  തിന്നാന്‍ കാത്തിരിക്കുന്ന മരുപ്പക്ഷികളുടെ തേങ്ങി തേങ്ങിയുള്ള കരച്ചില്‍ .ആ പക്ഷി രോദനം തനിക്കുള്ള  പിന്‍ വിളിയാണെന്ന് തോന്നിയ നിമിഷത്തില്‍  അയാള്‍ മരുഭൂമിയുടെ സ്പന്ദനത്തിലലിയാന്‍ ആഗ്രഹിച്ചു.ഒരു നെടുവീര്‍പ്പോടെ കൈകള്‍ നെഞ്ചോടു പിണച്ച്  വെച്ച് മണല്‍ക്കാടിനെ കണ്ണുകളിലെക്കാവാഹിച്ച് കൊണ്ട് കിടന്നു..

പകലൊക്കെ  അവിടെ അലഞ്ഞു നടന്നിരുന്ന ഒരു തെരുവ് പട്ടി അപ്പോഴേക്കും അയാളുടെ കൂടെ കോലായില്‍ സ്ഥാനം പിടിച്ചു കൊണ്ട്  കാലുകള്‍ക്കിടയില്‍ അതിന്റെ  വാലും ചുരുട്ടി കിടക്കുന്നുണ്ടായിരുന്നു. അയാളുടെ ഭാര്യ അപ്പോഴും നിലയ്ക്കാത്ത ടി വി സീരിയലില്‍ കണ്ണും നട്ടിരിക്കയായിരുന്നു.ഇടയ്ക്കിടെ ഭര്‍ത്താവിനോട് കലഹിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും  ചെയ്യുന്ന നായികയെ ശപിക്കുന്നുമുണ്ട്." ഓ ഇവള് വല്യ കേമി തന്നെ ..ഇങ്ങനെണ്ടോ  പെണ്ണുങ്ങള്‍ .പാവം ഭര്‍ത്തക്കന്മാരോട്  ഒട്ടും സ്നേഹല്ലാത്ത വര്‍ഗങ്ങള്‍ . ഇങ്ങനത്തെ പെണ്ണുങ്ങളെ വെടിവെച്ച്  കൊല്ലേ ചെയ്യണ്ടെ".തന്റെ ഭാര്യയുടെ ആവേശത്തോടെയുള്ള അഭിപ്രായ പ്രകടനം . അത് കേട്ടിരിക്കെ അയാള്‍ക്ക് തമാശ തോന്നി.ഒരു തോക്ക്‌ തന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ താനും കൊല്ലുമായിരുന്നല്ലോ സ്നേഹമില്ലാത്ത നെറികെട്ട ഭാര്യമാരെ ..അയാള്‍ ആ രംഗം മനസ്സില്‍ കണ്ടു ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി .ഇത് കണ്ടു ചവിട്ട് പടിയില്‍ ,കിടന്നിരുന്ന പട്ടി എഴുന്നേറ്റ് അയാളെ ഭയത്തോടെ നോക്കി. പക്ഷെ പരിസര ബോധമില്ലാതെ  അയാള്‍  പൊട്ടി ചിരിക്കുകയായിരുന്നു.ചിരിക്കുന്തോറും പിടഞ്ഞു പിടഞ്ഞു ജീവന് വേണ്ടി യാചിക്കുന്ന ഭാര്യമാരുടെ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു .നിയന്ത്രിക്കാനാവാത്ത ചിരിയില്‍ ചുമച്ചു കൊണ്ട് ഇരുട്ടിലൂടെ ഹൈദ്രോസും പിറകെ തെരുവ് പട്ടിയും പായുമ്പോള്‍  അയാളുടെ ഭാര്യ സീരിയലിലെ  ആക്രോശങ്ങള്‍ക്ക് നടുവിലായിരുന്നു.

17 comments:

 1. നോക്കീം കണ്ടുമൊക്കെ ജീവിച്ചാല്‍ കൊള്ളാം. അല്ലേ?

  ReplyDelete
 2. വായിച്ചുപോകാന്‍ നല്ല രസം തോന്നി.പലതും പലരുടെയും ജീവിതാനുഭവങ്ങള്‍ തന്നെയാണെന്നും തോന്നി.എന്നാലും ഹൈദ്രോസിന്റെ ജീവിതസങ്കടങ്ങള്‍ നിറഞ്ഞ വര്‍ത്തമാനകാലകാഴ്ച്ചകള്‍ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
  "എയ്ശന്റെ കണ്ടത്തില്‍ നിന്നും പണി മാറ്റി പോകുന്ന ചെറുമിപ്പെണ്ണുങ്ങള്‍ അത്താഴത്തിനുള്ള വകകള്‍ അടങ്ങിയ വട്ടി തലയിലുമേന്തി എന്തൊക്കെയോ സങ്കടങ്ങള്‍ പങ്കു വെച്ച് അയാള്‍ക്ക് മുന്നിലൂടെ കടന്നു" പോകുന്നതൊക്കെ അവിശ്വസനീയമായി.പകരം സിമന്റുചട്ടികളുമായി കുറെ അന്യസംസ്ഥാനതൊഴിലാളികളാകാമായിരുന്നു.
  എങ്കിലും നിസ്സഹായനായ ഒരു പ്രവാസിയുടെ ദീനത മനസ്സില്‍ തട്ടുകയും ചെയ്തു.ആശംസകള്‍

  ReplyDelete
 3. കഥ ഇങ്ങനെ തുടരും ....ഒരു ഓർമ്മപ്പെടുത്തൽ....

  ReplyDelete
 4. നല്ല ഒഴുക്കോടെ വായിച്ചു. എന്നാലും ഇത്താടെ പതിവ് എഴുത്തുകളുടെ, പ്രത്യേകിച്ച് കഥകളുടെ, ഉന്നതനിലവാരത്തിലേക്ക് ഇതെത്തിയില്ല എന്നെന്‍റെ വായ്ന പരിഭവിക്കുന്നു.

  ReplyDelete
 5. വായിച്ചുകഴിഞ്ഞപ്പോള്‍ സങ്കടം തോന്നി.എത്രയോ വീട്ടില്‍ നടക്കുന്നുണ്ടാവാം ഇതൊക്കെ...ആശ,സകള്‍ സാജി

  ReplyDelete
 6. 'ഇല്ലസ്ട്രെഷന്‍ കടപ്പാട്' എന്നതിനു പകരം 'ഇല്ലസ്ട്രെഷന്‍' എന്നുമാത്രം വെക്കുന്നതാണ് ഭംഗി.

  ReplyDelete
 7. പോസ്റ്റിൽ പറഞ്ഞത് പോലെ അല്ലെങ്കിലും സമാനമായ കാര്യങ്ങൾ കണ്ടിരിക്കുന്നു പറഞ്ഞു കേട്ടിരിക്കുന്നു.

  ReplyDelete
 8. നല്ല ഭാഷ. ഒഴുക്കോടെ വായിക്കാനാവുന്നു. കഥയെക്കാള്‍ ഒരു ജീവിതത്തിന്റെ പകര്‍ത്തെഴുത്തയാണ് അനുഭവപ്പെട്ടത്.

  ReplyDelete
 9. ആവശ്യം കഴിഞ്ഞപ്പോൾ എല്ലാവരും തഴഞ്ഞ ഹൈദ്രോസിന്റെ അവസ്ഥ പ്രതീകാത്മകമായി, "ആരോ നടതള്ളിയ ഒരു അമ്പലക്കാള.ആ അങ്ങാടിയുടെ മാലിന്യം മുഴുവന്‍ പേറുന്ന കാളയുടെ ദേഹത്ത് ചെറു പ്രാണികളും ഈച്ചയും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കാള തന്റെ വാല് പൊക്കി അവയെ ആട്ടിയോടിക്കാനുള്ള പാഴ്ശ്രമവും നടത്തുന്നുണ്ടായിരുന്നു" എന്നെഴുതിയത് അസ്സലായി. ഹൃദയസ്പ്രിക്കായ കഥ, കഥാകാരിക്ക് അഭിനന്ദനം.

  ReplyDelete
 10. പ്രവാസികളും അവരുടെ ജീവിതവും കഥ കളില്‍ കൂടിയും ലേഖനങ്ങളില്‍ കൂടിയും പറഞ്ഞു പറഞ്ഞു തീരാതെ പോകുന്ന ഒന്നാണ് , പ്രവാസം അനുഭവിച്ചവര്‍ക്കേ അത്തരം കഥകള്‍ വായിക്കുമ്പോള്‍ ആ തീവ്രത അനുഭവപ്പെടൂ എന്ന് തോന്നുന്നു, ഇവിടെ ഹൈദ്രോസ് മാര്‍ കൂടി കൊണ്ടേയിരിക്കുന്നു , സുഖലോലതയില്‍ കഴിഞ്ഞിരുന്ന ഒരു പ്രവാസി കുടുമ്പം കുടുമ്പ നാഥന്‍റെ നാട്ടിലേക്കുള്ള തിരിച്ചു വരവിനെ തുടര്‍ന്ന്‍ ,ഭാവി ജീവിതം ആലോചിച്ചു അവസാനം മനോരോഗിയായത് ഒരു അനുഭവ സാക്ഷ്യമാണ് . കഥ എന്നതിനേക്കാള്‍ ഇതൊരു സാമൂഹിക പ്രശനം എന്ന നിലയില്‍ വായിക്കാനാണ് എനിക്കിഷ്ട്ടം.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. കഥ വായിച്ചു ഒന്നും പറയാനില്ല ...ഒരു പ്രവാസിയുടെ തിരിച്ചു പോക്ക് മനസ്സിനെ നൊമ്പരങ്ങള്‍തന്ന ലേഖനം ....

  ReplyDelete
 13. ഓ ഇവള് വല്യ കേമി തന്നെ ..ഇങ്ങനെണ്ടോ പെണ്ണുങ്ങള്‍ .പാവം ഭര്‍ത്തക്കന്മാരോട് ഒട്ടും സ്നേഹല്ലാത്ത വര്‍ഗങ്ങള്‍ . ഇങ്ങനത്തെ പെണ്ണുങ്ങളെ വെടിവെച്ച് കൊല്ലേ ചെയ്യണ്ടെ.

  ReplyDelete
 14. ഹൈദ്രോസുമാര്‍ നമുക്കിടയില്‍ ഒരുപാടുണ്ടല്ലോ... നല്ല ഒഴുക്കുള്ള എഴുത്ത്.. ആശംസകള്‍,..

  ReplyDelete
 15. കണ്മുന്നിലൂടെ ചലിക്കുന്ന കഥാപാത്രങ്ങളെ കണ്ടുകൊണ്ട്‌ വായന ആസ്വദിച്ചു..
  പരൽമീൻ നന്നാകി കൂട്ടാൻ വെക്കുന്നതും ചെറുമിപെണ്ണുങ്ങളുടെ പോക്കുമെല്ലാം മണ്ണിന്റെ മണം നൽകി..
  നല്ല വായന നൽകി ഇത്താ...നന്ദി ട്ടൊ

  ReplyDelete
 16. ജീവിതഗന്ധമുള്ള നല്ലൊരു കഥ.
  ഒഴുക്കുള്ള ശൈലി.
  അവസാന പാരഗ്രാഫ് ചേര്‍ത്തില്ലെങ്കിലും ഹൈദ്രോസ് എന്ന കഥാപാത്രം
  വായനക്കാരന്‍റെ ഉള്ളില്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരു നൊമ്പരമായി
  മാറുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്‌.
  ആശംസകള്‍

  ReplyDelete
 17. ഏതൊരു പ്രവാസിയേയും ചിന്തിപ്പിക്കുന്ന ഒരു ആശയം..വളരെ നന്നായി എഴുതി..

  ReplyDelete