Saturday, 30 March 2013

നീരാഴത്തിലൊളിച്ച നിലാത്തുണ്ട്


നീരാഴത്തിലൊളിച്ച നിലാത്തുണ്ട്:-(മഴവില്ല്,ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..Illustration curtsy :Jefu)

"ഉണ്ണ്യേ ഒന്നും പറേണ്ട ലീലേടെ യോഗാ ദൊക്കെ"..
നനുനനെ കീറിയ വാഴയില ചിരട്ടയിലിട്ട വെണ്ണീറിലും പുളിവെള്ളത്തിലും മുക്കി ഓട്ടുരുളി അമര്‍ത്തി തേക്കുകയായിരുന്ന ലീല ഇടക്കൊന്നു തലപൊക്കി ചുണ്ടിന്റെ കോണിലൂടെ ഒലിച്ച് വന്നിരുന്ന മുറുക്കാന്‍ നീരിനെ കൈത്തണ്ട കൊണ്ട് തുടച്ച് തന്റെ തോളറ്റം മാത്ര ചുരുണ്ട് കിടക്കുന്ന എണ്ണയൊഴുകുന്ന മുടിയെ തല വെട്ടിച്ച് പുറകിലോട്ട് തട്ടി കൊണ്ട് പതം പറഞ്ഞു.കയ്യാലയുടെ കോലായില്‍ കാലു രണ്ടുമാട്ടി കൊണ്ട് നീരജ അവളുടെ സംശയമാവര്‍ത്തിച്ചു

."അപ്പൊ ലീലക്ക് നിന്റെ അച്ച്വേട്ടനോട് ഒരിഷ്ടോം ഉണ്ടായിരുന്നില്ലെ"...?..
തേച്ചിരുന്ന ഓട്ടുരുളി പൈപ്പിന്റെ കടയില്‍ വെച്ച് കഴുകുകയായിരുന്ന ലീല പൊടുന്നനെ നിവര്‍ന്ന് നീരജയെ പരിതാപത്തോടെ നോക്കി കൊണ്ട് പറയാന്‍ തുടങ്ങി..
"നിയ്ക്ക് അച്വേട്ടനോടിരിഷ്ടൊം ഇല്ലേര്‍ന്ന്..അയാക്കേര്‍ന്നു ഇന്നെ തന്നെ വേണം ന്ന ഒറ്റ വാശി.ന്റെ ഉണ്ണ്യെ ഇയ്യ് കാണണില്ലെ ഇന്നെ. ഞാന്‍ വെളുത്തിട്ടല്ലെ അയാളാണെങ്കി ഒരു കരിമല്ലന്‍ .ഞങ്ങ രണ്ടാളും ഒരു ചേര്‍ച്ചേം ഇല്ലാന്നു ഈ കൂട്ടുങ്ങ എല്ലാര്‍ക്കും അറിയാം .ന്നാലും അയാളെന്നെന്നെ കെട്ടൊള്ളോന്നും പറഞ്ഞ് സത്യാഗ്രം നടത്തി .മ്മടെ പൊന്നേരന്‍ ഹമ്സക്കാടടുത്ത് പോയിട്ട്.ഒടുവിലെല്ലാരും കൂടി അയാളിന്റെ തലേലാ വെച്ചെട്ടി.അതന്നെ ഒക്കെ ഈ ലീലേടെ ഒരു യോഗാ.."
ലീല ആരോടൊക്കെയോ തീര്‍ക്കുന്ന വാശി പോലെ ഓട്ടുരുളിയെ അമര്‍ത്തിയമര്‍ത്തി കഴുകിക്കൊണ്ടിരുന്നു..വരിക്കപ്ലാവിന്റെ കൊമ്പിലിരുന്ന കാക്കകള്‍ തെങ്ങിന്റെ തടത്തിലിട്ട എച്ചിലിലകളിലേക്ക് പറന്നു വന്നു എന്തോ കൊത്തിയെടുത്ത് വീണ്ടും ആ കൊമ്പിലേക്ക് തന്നെ മടങ്ങി.ആ തറവാട്ടിലന്നു നടന്ന സദ്യയുടെ ബാക്കിയാണു നീരജക്ക് ലീല...അമ്മത്തറവാടായ ഇവിടെ കഴിച്ച് കൂട്ടിയ ബാല്യകൌമാര കാലത്തെ ഓര്‍മ്മകളില്‍ ലീലയെന്ന വേട്ടുവത്തിക്ക് വെളുത്ത് സുന്ദരിയായ ഒരു യുവതിയുടെ രൂപമാണ്.തറവാട്ടിലെ തൊടിക്ക് പിന്നിലെ പാടവരമ്പത്ത് കൂടെ കനോലിപ്പുഴയില്‍ നിന്നും വാരിയ കക്കകള്‍ നിറച്ച കുട്ടയും തലയിലേന്തി പോക്കുവെയിലിന്റെ ശോഭയില്‍ അയല്ക്കാരി വള്ളിയമ്മുവുമായി കൂട്ടുങ്ങല്‍ ചന്തയില്‍ കക്ക വില്ക്കാന്‍ പോയിരുന്ന ലീലക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കാണുമ്പോഴും പഴയ സൌന്ദര്യത്തിന് കാര്യമായ മങ്ങലേറ്റിട്ടൊന്നുമില്ല .ലീലക്കുള്ള ചായയുമായി ചെറിയമ്മ അടുക്കള കോലായിലേക്ക് വരുമ്പോള്‍ ലീല കയ്യും മുഖവും കഴുകി വന്നു കോലായിലിരുന്നു തന്റെ മുറുക്കാന്‍ പൊതി തുറക്കുകയായിരുന്നു.





"മുറുക്കണെയിനു മുന്‍പ് ഈ ചായ കുടിച്ചോളു ലീലേ"
ഒരു ചിരിയോടെ ചെറിയമ്മയുടെ കയ്യില്‍ നിന്നും ചായ വാങ്ങുന്ന ലീലയെ സാകൂതം വീക്ഷിക്കുന്ന നീരജയെ നോക്കി ചെറിയമ്മ പറയാന്‍ തുടങ്ങി..
"നീരു നിനക്കിവളെ ഓര്‍മ്മയില്ലെ ..നമ്മുടെ കോടഞ്ചേരി തങ്കൂന്റെ മോളാ ..പണ്ടിവിടുത്തെ അടിച്ച് തളിക്കാരിയായിര്‍ന്നില്ലെ.തങ്കു."
ആഹ് ചെറ്യമ്മെ എനിക്കൊര്‍മ്മയുണ്ട് "നീരജ തലയാട്ടി കൊണ്ട് പറഞ്ഞു
"ലീലെ നിനക്ക് നീരജയെ മനസ്സിലായില്ലെ..ഡല്‍ഹീലുള്ള വല്യേട്ടത്തീടെ മോളാ .. നീരു ഭര്‍ത്താവുമായി ലണ്ടനിലാ സ്ഥിരതാമസം ..കുറച്ചൂസം ഇവിടെ നിക്കാന്‍ വന്നതാ"
"അദേ..ഞാനീ ഉണ്ണ്യെ ചെര്‍പ്പത്തീ കണ്ടട്ടള്ളതാ..ഇദിവിടുര്‍ന്ന് ഇന്നോടു ഓരോന്നും ചോയ്ക്കാണേ.."ചെറിയമ്മയുടെ പരിചയപ്പെടുത്തലിനോട് ലീല തെല്ലാഹ്ലാദത്തോടെ പ്രതികരിച്ചു
"നീരു ലീലേടെ കാര്യം കഷ്ടാ ...ഇവള്‍ക്കിപ്പോ ആരുല്യാന്നേ..പാവം "ചെറിയമ്മ ദയയോടെ ലീലയെ നോക്കി പറഞ്ഞു.
"ലീലെടെ കത ഒരു വല്ലാത്ത കതയാ.ഉണ്ണ്യേ...അതൊന്നും ഒരാള്‍ക്കും അറീല്ല"..ലീല ചായ കുടിച്ച ഗ്ലാസ്‌ കഴുകി ഉമ്മറത്തിണ്ണയില്‍ കമഴ്ത്തികൊണ്ട് പറഞ്ഞു ..
"അതെയോ എന്നാ എനിക്ക് ലീലേടെ ആ കഥ കേള്‍ക്കണം "നീരജ ആകാംക്ഷയോടെ കെഞ്ചി..
"അയ്യോ ഈ കുട്ട്യെന്താ പറയണേ."ലീലയുടെ മുഖം നാണം കൊണ്ടിത്തിരി ചുവന്നു.അത് കേട്ടപ്പോള്‍ ചെറിയമ്മ പറയാന്‍ തുടങ്ങി.."
ലീലേ നീരജ എഴുത്തുകാരിയാ..അവള് നിന്റെ കഥ എഴുതും നാലാളത് വായിക്കും .."
നീരജ വീണ്ടും ലീലയെ നിര്‍ബന്ധിക്കാന്‍ തുടങ്ങി..
"ലീല ഇപ്പൊ ആരുല്ല്യാണ്ട് ഒറ്റക്കാന്നല്ലെ പറേണത്..അപ്പൊ നിനക്ക് മക്കളുമുണ്ടായില്ലെ.."
കുപ്പായത്തിന്റെ താഴത്തെ വരിയിലെ കുടുക്ക് മുറുക്കിയ ശേഷം മുഖത്ത് വന്ന സങ്കടഭാവത്തോടെ ലീല പറഞ്ഞു"ഇണ്ടുണ്ണ്യേ..മൂന്നു പെങ്കുട്ട്യോളുണ്ട്..".
ലീല നീരജയ്ക്കഭിമുഖമിരുന്നു."ഉണ്ണിക്കിന്റെ കത കേള്‍ക്കണാ..അതെ ...ട്ടിവിലൊന്നും ഇന്റെ മൊഖം വരരുത്ട്ടാ..ലീലക്കതിഷ്ടല്ല.ലീല ആരുല്ലായ്ണ്ടെ ഒറ്റക്കാ താമസിക്കണേന്നു എല്ലാരും പിന്നെ അറീല്ലെ..അതോണ്ട് മോളെന്റെ കത കേട്ടാ മതി.ആരോടൂം പറയണ്ട"..
നീരജ കൌതുകത്തോടെ ലീലയുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് അവളുടെ വായില്‍ നിന്നെന്താണു വീഴുന്നതെന്ന് ശ്രദ്ധിച്ചു.തിമിരത്തിന്റെ ലക്ഷണമൊന്നും തെളിയാത്ത നല്ല തിളക്കമുള്ള കണ്ണൂകളുടെ ആഴത്തില്‍ നിന്നും ഏതൊക്കെയോ വികാരങ്ങള്‍ പൊങ്ങിവന്നു.
"ഇന്നെ കണ്ടശ്ശാംകടവില്ക്ക് ഇന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിച്ചയച്ചു..അയാളൊരു സുന്ദരനായിരുന്നു.ദിവാകരന്‍ന്നയിര്‍ന്നു പേര്. കുന്നത്ത് വെച്ച വെളക്ക് പോലെ..തെളങ്ങണ മൊഖം .ഒറ്റ കൊഴപ്പേള്ളൂ..മഹാ കുടിയനാ..കെട്ടൊക്കെ കയിഞ്ഞ് അവടെ പൊറുതി തൊടങ്ങി.അവരടെ വീട്ടില് ഞാനയാള്‍ടെ പെങ്ങമാരടെ അടുത്ത് തന്നെ കെടക്കല്.കാരണം ഇയ്ക്കയാളെ പേട്യേര്‍ന്നു ..അയാള് പാതിരാക്ക് കള്ളും കുടിച്ച് വരുമ്പൊഴക്കും ഞാനീ പെങ്ങമ്മാരടെ നടുവില്‍ കെടന്നു ഒറക്കായീട്ടുണ്ടാവും ..അങ്ങനെ കൊറച്ചൂസം കയിഞ്ഞ് ഒരു രാത്രി അയാളെന്റടുത്ത് വന്നിട്ട്..അ ആ ഇയ്യിബടെ വന്നു ഒറങ്ങേണല്ലേന്നും പറഞ്ഞു എന്നെ കോരി എടുത്തിട്ടങ്ങട് പൊറത്തെ കോലായിലയാള്‍ടെ മുറീല്‍ക്ക കൊണ്ടോയി..പിന്നെ നടന്നതൊന്നും ഇക്കൊര്‍മ്മല്യ ഉണ്യേ.."
ലീലയുടെ ചുണ്ട്കള്‍ വിറക്കുന്നുണ്ട്.കണ്ണുകളില്‍ അന്നത്തെയനുഭവത്തിന്റെ തീക്ഷണത കൂരമ്പ് പോലെ . ആ മുഖത്ത് രൌദ്രഭാവം ഒരു നിമിഷത്തേക്ക് ഉറഞ്ഞാടുന്ന പോലെ നീരജക്ക് തോന്നി..
."അങ്ങനെ ഓളേ ആ ദിവാകരന്‍ വലാല്‍സങ്കം ചെയ്തുന്നാ ഇപ്പറേണേ.".. ഒരു പരുപരുത്ത ശബ്ദം കേട്ടിടത്തേക്ക് നീരജ തലയുയര്‍ത്തി നോക്കി.തൊഴുത്തിനടുത്തുള്ള വൈക്കോല്‍ കൂനക്ക് പിന്നില്‍ നിന്നു പശുവിനെ കറക്കാനെത്തിയ കറവക്കാരന്‍ കുഞ്ഞേനി വലിച്ചിരുന്ന ബീഡീ തറയിലിട്ട് കാലുകൊണ്ട് ഞെരിച്ച് ചുണ്ട് കോട്ടി പറയുകയാണ്.
ലീല കുഞ്ഞേനിയെ നോക്കി ക്ഷുഭിതയായി.."അശ്രീകരം.. പെണ്ണുങ്ങള്‍ മിണ്ടേം പറേണോടത്തും ഒളിഞ്ഞിന്നു കേക്കണതത്ര നല്ല സുബാവല്ലട്ടാ..ആണുങ്ങക്ക് ചേര്‍ന്നതല്ല.."പിന്നെ നീരജയുടെ നേര്‍ക്ക് തലയാട്ടി അങ്ങനെയല്ലെ എന്നാര്‍ത്ഥത്തില്‍ നോക്കി..ചുണ്ടില്‍ ഊറി വന്ന ചിരിയമര്‍ത്തി അവളും അതിനെ ശരിയാണെന്ന മട്ടില്‍ അംഗീകരിച്ചു..തോളില്‍ കിടന്നിരുന്ന തോര്‍ത്ത് മുണ്ടെടുത്ത് തലയില്‍ കെട്ടി അമ്പത്തെ പാടത്ത് മേയുന്ന പൈക്കിടാങ്ങളെ കൊണ്ടുവരാന്‍ കുഞ്ഞേനി പോയപ്പോള്‍ ലീല അടച്ച് വെച്ച അവളുടെ കഥയുടെ ഭാണ്ഡത്തെ വീണ്ടൂം അഴിച്ചു,"ഒമ്പതാളുള്ള വീട്ടില്. എടങ്ങഴി അരിയാണ്.ചോറ് വെക്കാന്‍ അയാടമ്മ തരാറ്..ഉണ്ണ്യേ ..എത്രാള്‍ക്കിതോണ്ട് വയറ് നെറയും ..എത്രൂസം ഞാന്‍ പട്ടിണി കെടന്നണ്ടന്ന് അറ്യോ.അന്നു മുതലെന്റെ കൊരല് മുട്ടീന്ന് പറഞ്ഞ മതീല്ലോ..ദെ ഇന്നും ഈ ലീലക്ക് കട്ടന്‍ ചായേം ഇച്ചിരി മുറുക്കാനും ഇണ്ടായാല്‍ സദ്യ പോലന്ന്യാ"...ഇതു കേട്ട് ലീലക്ക് കൊണ്ടു പോവാനുളള പകര്‍ച്ചയുമായെത്തിയ ചെറിയമ്മ നീരജയോട് പറയാന്‍ തുടങ്ങി.."
"ശര്യാ നീരു ഇവള്‍ക്ക് ഭക്ഷണൊന്നും വേണ്ട ..ദാ ഈ മുറുക്കാനും ഇടക്കിടക്ക് കട്ടന്‍ ചായേം ..അവള്‍ടെ കാര്യം കുശാലാ..ഇപ്പൊ ഈ കൊണ്ടോണ പകര്‍ച്ചന്നെ അവളവള്‍ടെ കോഴ്യോള്‍ക്കാവും തീറ്റിക്ക്യാ ല്ലെ ലീലെ" തല ചൊറിഞ്ഞു കൊണ്ട് ലീല നീരജയെ കുറ്റബോധത്തോടെ നോക്കി..പിന്നെ വീണ്ടും അവളുടെ അവസ്ഥയിലെ ഹ്രസ്വദീര്‍ഘ തരംഗങ്ങളില്‍ പരിതപിച്ചു കൊണ്ടിരുന്നു.."ഉണ്ണിക്കറിയോ ഒറ്റക്കിന്റെ കടിഞ്ഞൂല്‍ പേറെടുത്ത ആളാ ഈ ഞാന്‍ ".ഇതു പറയുമ്പോള്‍ ലീലയുടെ ഒട്ടിക്കിടക്കുന്ന വയര്‍ വീണ്ടും ഉള്ളിലേക്ക് വലിഞ്ഞ പോലെ..അപ്പോഴാണു നീരജയും അതു ശ്രദ്ധിക്കുന്നത്.മക്കളെ പേറിയതിന്റെ ഉലച്ചിലൊന്നുമില്ലാതെ ഒട്ടിക്കിടക്കുന്ന വയറ്..ലീലയുടെ മിഴികളില്‍ ഒരു വിഷാദഛവി പടരുന്നുണ്ടായിരുന്നു.
"അദെ ഇയ്ക്ക് ഗര്‍ബായി.ആ പഹയന്‍ നിയ്ക്കൊരു തൊയിരം തരില്ലായിരുന്നുട്ടാ ..അങ്ങനെ എട്ടാം മാസത്തില്‍ പാതിരാക്ക് നിക്ക് വല്ലണ്ടെ വയറു വേദനിച്ച് പൊറത്തിരിക്കാന്‍ മുട്ടണ പോലെ ഒരു തോന്നല്.എല്ലാരും നല്ല ഒറക്കം ..പതിമൂന്നു വയസ്സല്ലെ ഇയ്ക്കൊള്ളൂ..ഒരന്തോ കുന്തോ ഇല്ലെ താനും ..എന്റെ വേട്ടോനാണെങ്കി കള്ളും കുടിച്ച് വന്നു മലര്‍ന്നടിച്ച് ഉമ്മറക്കോലായീല് ഒരു ബോദോല്ലണ്ടെ ഒറങ്ങേണ്.ഒരു വിദത്തീ ഞാ മുറ്റത്തീക്കെറങ്ങി..തൂറാന്‍ തോന്നണൂണ്ട്..ഇന്നാലൊട്ട് പോണൂല്ല..ന്റെ ദൈവെ .ഞാനെന്റെ കൊടുങ്ങല്ലൂര് ബഗോതിയെ അങ്ങട് വിളിച്ച് കരയന്നെ..അവസാനം അവടെ കെടന്ന്.കയ്യില്‍ തടഞ്ഞത് പൂവാങ്കുറുന്തലേടേ കട.അതിലു പിടിച്ച് വലിച്ച് ഞാന്‍ മുക്കി ..ഒരു പൊതി പോലത്തെ ഒരു സാധനം പൊറത്ത് വന്നു..ന്നിട്ടോ ഞാനെണീട്ടിരുന്നു ഓളിയിട്ട് കരയന്നെ..തെക്കഞ്ചേരി കെടക്കണ എന്റമ്മ അപ്പത് കേട്ടട്ട് വന്നുന്ന് പറഞ്ഞാതിശയല്ലെ..ന്റെ ബഗോതിയാ അമ്മയെ ആ നേരത്ത് ഒണര്‍ത്തി ഇന്റടുത്തുക്ക് പറഞ്ഞയച്ചത്..അങ്ങനെ അമ്മ വന്നു നോക്കുമ്പേക്കും ആ കുട്ടി മരിച്ച് പോയിര്ന്നു"..
ലീല തന്റെ മുറുക്കാന്‍ പൊതിയഴിച്ച് ഒരു കഷ്ണം പുകയില എടുത്ത് അണപ്പല്ലിനിടയിലേക്ക് തിരുകി..സത്യമോ മിഥ്യയോ ഈ കേള്‍ക്കുന്നതെന്നു വേര്‍തിരിക്കാനാവാതെ നീരജ മൌനം ഭജിച്ചു..സത്യമാണ് ഇവര്‍ പറയുന്നതെങ്കില്‍ പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള നിരാലംബയായ ഒരു പെണ്‍കുട്ടിയെ പീഢനത്തിന്റെ വറച്ചട്ടിയിലിട്ട് അമ്മാനമാടിയ ദുഷ്ടരോട് കാലം കണക്ക് ചോദിച്ചിട്ടുണ്ടാവും..നീരജയുടെ ഉള്ളിലെവിടേയോ ഇളം മുള കീറുന്ന ശബ്ദം.
പടിഞ്ഞാട്ട് ചായുന്ന സൂര്യന്റെ കിരണങ്ങള്‍ മുറ്റത്തെ ആഞ്ഞിലിയുടെ ശിഖരങ്ങളില്‍ ഊഞ്ഞാലാടുന്ന കാറ്റുമായ് ഒളിച്ച് കളിക്കുന്നു.അമ്പത്തെ പാടത്ത് കൊറ്റികള്‍ ദൂരെയെവിടെയോ ദൃഷ്ടി പായിച്ച് നില്ക്കുന്നതും നോക്കി നീരജ എന്തൊക്കെയോ ചിന്തയില്‍ മുഴുകുമ്പോള്‍ മുറുക്കാന്‍ പൊതിയെടുത്ത് അടുത്ത മുറുക്കിനുള്ള വട്ടത്തിലായിരുന്നു ലീല..വെറ്റിലയില്‍ കുഞ്ഞ് ഡപ്പിയില്‍ നിന്നും തോണ്ടിയെടുത്ത ചുണ്ണാമ്പെടുത്ത് നടുവിരലു കൊണ്ട് തേക്കുമ്പോള്‍ ലീല അവളുടെ കഥയിലെ അടുത്ത അദ്ധ്യായത്തെ മറിക്കുകയായിരുന്നു.
"അന്നാ ദിവസങ്ങളൊക്കെ എങ്ങനെ കയ്ചൂട്ടിന്നിയ്ക്ക് നിശ്ശ്യല്ല ന്റെ ഉണ്ണ്യെ..പിന്നെ ഞാനയാള്ടെ ഒരു മോളെ കൂടി പെറ്റു..ഇന്നിട്ടെന്താ..അയാക്കിന്നെ നോക്കണന്നില്ല.ഞാന്‍ പൊഴേ പോയി കക്ക വാരി കൂട്ടുങ്ങ ചന്തേ കൊണ്ടോയി വിറ്റ് കിട്ടണതും വല്ലോന്റോടേം പോയി മിറ്റടിച്ചും പാത്രം മോറീം ഇണ്ടാക്കണ കാശോണ്ട് അയാക് കള്ളു കുടിക്കണം ..ഇയ്ക്ക് വല്ലാണ്ടെ ഈറ വന്നൊരീസം ഞാന്റെ കുട്ട്യേം എടുത്തോണ്ട് ഇന്റെ കുടീല്‍ക്ക് പോന്നുന്ന് പറഞ്ഞ മതീല്ലോ"..പിന്നെ ഇയ്ക്ക് ആരും വേണ്ടാന്നൊരു തോന്നലേര്ന്നു.ഈ ആണ്‍വര്‍ഗത്തിനേ കണ്ടൂടാണ്ടായി..ഞാ നയിച്ച് ഇന്റെ കുട്ട്യെ നോക്ക്യോണ്ട്..ഇയ്ക്ക് ഇന്റെ കൊടുങ്ങല്ലൂര്.ബഗോതിണ്ട്..ബഗോതി വെതയ്ക്കാന്‍ വെച്ച വിത്ത് പൊഴേലെറിഞ്ഞാ ഇണ്ടാവണ കക്കണ്ട്.. ഇനിക്കും ഇന്റെ കുഞ്ഞിക്കും രണ്ട് വറ്റ് തിന്നാന് അതീന്നു കിട്ടണത് മതി..കക്ക വാരാന്‍ പൂവാത്തപ്പൊ പൊന്നേരന്‍ ഹംസക്കാടവടെ വെള്ള കോരാനും പാത്രം മോറാനുമൊക്കെ പൂവേര്‍ന്നു..അങ്ങനെ പൂവുമ്പൊ ഇന്നെ കണ്ട ട്ടാ അച്ച്വേട്ടന്‍ മോഹിച്ചത്.നിയ്ക്കാണെങ്കി അയാളെ തീരെ ഇഷ്ടോല്ലായിര്‍ന്നു.."ഇതും പറഞ്ഞ് ലീല കാലു രണ്ടും നീട്ടി ഇരുന്നു.തുട മുതല്‍ കാല്പാദം വരെ തിണിര്‍ത്തും പെടഞ്ഞും കിടക്കുന്ന നീല ഞരമ്പില്‍ അമര്‍ത്തി തടവാന്‍ തുടങ്ങി..വേദനയുടെ പ്രതിഫലനം മുഖത്തെ പേശികളില്‍ മിന്നി മറയുന്നുണ്ട്.
"എന്നിട്ടെങ്ങനെയാ അച്ച്വേട്ടനെ നീ കെട്ടിയത്"
കണ്ണുകളില്‍ ചെറിയൊരു പരിഭ്രാന്തി വിരിയിച്ച് ലീല പറയാന്‍ തുടങ്ങി.."അതു പിന്നെ ഉണ്ണ്യേ ..ഹംസക്കാടെ വീടരും ഹംസക്കേം .ഇന്നോട് അയള്‍ടെ നന്മേള്. പറയന്നെ..പറയന്നെ..ലീലെ ഇയ്യാരുല്ലാണ്ട് ഒരു പെങ്കുട്ട്യേം ഒറ്റക്ക് പോറ്റണ്ടെ.ഇയ്യാണെങ്കി വൌസും മൊഞ്ചും ഒക്കെ ഉള്ള ഒരു വാല്യേക്കാരത്തിയാന്നു മറക്കണ്ട ..ഇയ്ക്കന്നു പത്തൊമ്പത് വയസ്സാണ്.ഇന്റുണ്ണ്യേ ചുരുക്കി പറഞ്ഞാല്.. ഇവരൊക്കേം പിന്നെ കൂട്ടുങ്ങള്ള ചെല പ്രമാണീളോടും അയാളു ചെന്നു ഇന്റെ മനസ്സു മാറ്റാന്‍ കൊറെ നോക്കീട്ടെണ്ട്.അപ്പൊ അവരും ഒക്കെ കൂടി അയാളെ ഇന്റെ തലേല്‍ക്ക് ഇട്ടൂന്നു പറഞ്ഞാ മതീല്ലൊ.അങ്ങനെ ഞങ്ങ രണ്ടാളും തെക്കഞ്ചേരീ തന്നെ താമയിക്കലും തൊടങ്ങി.അതിലും ഇയ്ക്ക് രണ്ട് പെങ്കുട്ട്യോളന്നെ ഇണ്ടായെ.."ലീല നെടുവീര്‍പ്പിട്ട് കൊണ്ട് താടിയില്‍ കയ്യും കൊടുത്ത് നീരജയെ നോക്കി..
അസ്തമയ സൂര്യന്‍ കനോലി പുഴക്കപ്പുറത്തേക്ക് താഴാന്‍ തുടങ്ങിയിരിക്കുന്നു..തെക്കെ മുറ്റത്തെ പുളിമരത്തിലേക്ക് കൂട്ടത്തോടെ കാക്കകള്‍ ചേക്കേറാനെത്തുന്നുണ്ട്.പാടത്തിനപ്പുറത്തേക്ക് മേല്ലെ നീങ്ങുന്ന സന്ധ്യാമേഘങ്ങള്‍ക്കിപ്പോള്‍ ചുവപ്പ് കലര്‍ന്ന ചാരനിറം..പണ്ടും നീരജക്കിഷ്ടമുള്ള ഒരു കാര്യമാണു മൂവന്തിക്ക് ആകാശത്ത് കൂടെ അലയുന്ന മേഘങ്ങളേയും പറവകളേയും കണ്ണിമ വെട്ടാതെ ഇരുളും വരെ നോക്കിയിരിക്കുന്നത്..അമ്മമ്മ വഴക്കു പറയും "കുട്ടീ വെളക്ക് വെച്ചത് കണ്ടില്ലെ നാമം ജപിക്കണില്ലെ.".അകത്തളത്തിലെവിടെ നിന്നോ അമ്മമ്മയുടെ വാല്സല്യം നിറഞ്ഞ ശാസന കേള്‍ക്കുന്നുണ്ടോ...
മനസ്സിനുള്ളിലെന്തൊക്കെയോ കൂട്ടിമുട്ടി വക്കുടയുന്ന ശബ്ദം അവളുടെ മൌനം ഭേദിച്ച നേരത്ത് നീരജ പതുക്കെ ലീലയോട് ചോദിച്ചു ."ലീലെ അച്ച്വേട്ടന്‍ നിന്നെ നോക്കാറില്ലായിരുന്നോ."...?
ലീല അവളുടെ ശബ്ദത്തില്‍ അല്പ്പം പ്രണയം പുരട്ടി പറയാന്‍ തുടങ്ങി.."അയ്യോ ഉണ്ണ്യെ ആ കള്ളുട്യേനെ പോലല്ല ഇയാള്.ഇന്നെ നോക്ക്യേര്‍ന്നു.ഇന്നോട് സ്നേഹോണ്ട്.പൊട്ട സുബാവൊന്നും ഇല്ലേര്ന്നു..പക്ഷെ ഇക്കൊരിക്കലും ചേര്‍ച്ചയില്ലാത്ത ആളേര്‍ന്നു"..അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കാലുകള്‍ കോലായില്‍ നിന്നും മുറ്റത്തേക്കിട്ടു കോണ്ട് എഴുന്നേറ്റു..
"നോക്കു ലീലെ ചേര്‍ച്ച വേണ്ടത് മനസ്സിനാണു..ശരീരങ്ങള്‍ തമ്മിലല്ല.നിന്നെ ഇത്രയും ആഗ്രഹിച്ച സ്നേഹിച്ച ഒരാളെ നിനക്ക് ഇഷ്ടല്ല എന്നു പറയരുത്.."ഒന്നും മിണ്ടാതെ നീരജയെ തന്നെ നോക്കികൊണ്ട് ലീല നിന്നു.."ഇപ്പൊ ലീലയെ ആരാ നോക്കുന്നത്.".അവളെ സങ്കടപ്പെടുത്തണ്ട എന്നു കരുതി.
"ആരുല്യ..മക്കളിണ്ടന്ന് പറഞ്ഞിട്ടെന്താ..ഒക്കേറ്റിനേം കെട്ടിച്ച് വിട്ടപ്പൊ തള്ളേ നോക്കണന്നില്ലാണ്ടായവര്‍ക്ക്..ഇന്നാളു ഇന്റെ മേല്.ഒരു ബൈക്ക് വന്നിടിച്ചിട്ട് ഞാന്‍ രണ്ട് മാസം ആശൊത്രീ കെടന്നു..ഇന്റെ മക്കളന്ന്യാ ആശൊത്രീടെ ബില്ലടച്ചത്.പക്ഷെ അവര്ക്കാ പൈസ മടക്കിവേണന്നു പറഞ്ഞപ്പൊ ഞാമ്പറഞ്ഞു ഞാനമ്മല്ലേ ഇങ്ങള്‍ടെ കടമേല്ലെ ഇന്നെ നോക്കലുന്ന് ..അയിനു ഇന്നോട് പെണങ്ങി നിക്കേണ്.പെണ്‍മക്കളൊക്കെ.ഇപ്പൊ ആ പൈസക്കെ ഞാനവര്‍ക്ക് കടക്കാരിയായി ..പണി ഇടുത്ത് കടം വീട്ടേണ്.ഇപ്പൊ."ഇതു പറഞ്ഞ ലീലയുടെ കണ്ണില്‍ നിന്നും അതുവരെ കാണാതിരുന്ന കണ്ണുനീര്‍ ധാരയായൊഴുകാന്‍ തുടങ്ങി..തേങ്ങലുകള്‍ക്കിടയില്‍ പറയുന്നുണ്ട്.."ഉണ്ണ്യേ ഇക്കാരൂല്ല..ഇഞെത്ര കാലന്നറീല്ല..അതു വരെ പണി ഇടുത്തന്നെ ലീല ജീവിക്കും .അവളൊമാരുടടുത്ത് നയാ പൈസക്ക് ചെല്ലില്ല.."അന്നേരം ലീലയുടെ കണ്ണില്‍ സഹനത്തിന്റെ ജ്വാല ഉയരുന്നതും അണയുന്നതും കണ്ടു കൊണ്ട് നീരജ സമാധാന വാക്കുകളെ പരതി.അകത്ത് പോയി കുറച്ച് കാശുമായ് വന്നു ലീലയുടെ കൈവള്ളയില്‍ വെച്ചു കൊടുത്തു..നീരജയെ നോക്കി ഉണ്ണിക്ക് നല്ലതു വരട്ടെ എന്നും പറഞ്ഞ് ലീല ഇടവഴിയിലേക്കുള്ള പടിപ്പുര ലക്ഷ്യമാക്കി നടന്നു.
ഇരുള്‍ പരക്കുന്ന പാടത്ത് നിന്നും പൈക്കളുമായി എത്തിയ കുഞ്ഞേനി പടികടന്നു പോകുന്ന ലീലയെ നോക്കി നീരജയോട് പറഞ്ഞു ."പാവം ഇത്തിരി നൊസ്സുണ്ടെന്നയുള്ളൂ..മക്കളൊന്നും തിരിഞ്ഞ് നോക്കണില്ലാന്നുള്ളത് ശര്യന്നാ."..എന്നിട്ട് ലീല കേള്‍ക്കാനായ് ഇത്തിരി ശബ്ദം ഉയര്‍ത്തി "പിന്നെ ഇവള് കൊറെ വെര്‍തെം ഓരോന്നു പറയുട്ടാ..ആണുങ്ങളെ പറ്റീട്ട്.അത് വിശ്വസിക്കണ്ട ഉണ്ണ്യേ.". .പടിപ്പുരയ്ക്കപ്പുറം എത്തിയ ലീല തിരിഞ്ഞ് നിന്നു കുഞ്ഞേനിയെ തറപ്പിച്ചു നോക്കി കൊണ്ട് ഇടവഴിയിലെ ഇരുട്ടിലേക്ക് പകര്‍ച്ച അടങ്ങിയ തൂക്കു പാത്രവുമായി മറഞ്ഞു..
തൊടിയിലെ അത്തിമരത്തിലേക്ക് വവ്വാലുകള്‍ പറന്നു വന്നു തൂങ്ങിക്കിടന്ന് അത്തിപ്പഴത്തെ ചവച്ച് തുപ്പുന്നുണ്ട്. വര്‍ഷങ്ങക്ക് ശേഷം കുറച്ച് ദിവസത്തെ അവധിക്ക് വന്നതാണെങ്കിലും നീരജ ഒരു പാട് ആശയക്കുഴപ്പങ്ങള്‍ക്ക് നടുവിലാണെന്നുള്ളത് തറവാട്ടിലാര്‍ക്കുമറിയാത്ത രഹസ്യം .ശൈശവവും ബാല്യവും കഴിച്ച് കൂട്ടിയ അമ്മത്തറവാട്ടില്‍ കുറച്ച് ദിവസം താമസിക്കണമെന്നത് മുന്‍കൂട്ടി തീരുമാനിച്ചത് തന്നെ അത്രയെങ്കിലും തനിക്കൊരു ആശ്വാസം കിട്ടിയെങ്കില്‍ എന്ന് കരുതിയല്ലേ .നീരജ രഹസ്യങ്ങളെ അടക്കം ചെയ്ത അവളുടെ നെഞ്ചിന്‍ കൂടിനുള്ളിലെ വേദനക്ക് മേല്‍ കൈവെച്ചു.അതിജീവനത്തിന്റെ പരക്കം പാച്ചിലില്‍ നഷ്ടപ്പെടുന്നത് ആത്മസത്തയാണെന്ന തിരിച്ചറിവു ഏറെ വൈകിയാണല്ലൊ മുഖം കാണിച്ചത്.ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നേട്ടങ്ങളാകുമ്പോള്‍ തനിക്കൊപ്പമുണ്ടെന്ന് കരുതിയതൊക്കേയും എത്രയോ കാതങ്ങള്‍ക്കപ്പുറത്തേക്ക് മറഞ്ഞിരുന്നുവെന്ന് എങ്ങനെയാണ് താനുള്‍ക്കൊണ്ടത്...ചങ്കൂറ്റമില്ലാതെ പോയതാണോ തനിക്ക് പറ്റിയ തെറ്റ്..ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ലീലയുടെ ആത്മധൈര്യം പോലും അറിവിന്റെ ഉത്തുംഗത കീഴടക്കിയ തനിക്കില്ലാതെ പോയത് എന്തു കൊണ്ടായിരുന്നു..
"കുട്ടീ ഈ ഇരുട്ടത്ത് ഒറ്റക്ക് നിക്കണ്ട അകത്തേക്ക് കയറിക്കോളു..മേല്കഴുകണെങ്കി ജാനൂനോട് വെള്ളം ചൂടാക്കാന്‍ പറയാം ..ആകെയുള്ള അവധിക്ക് വന്നു തിരിച്ച് പോകുമ്പൊ അസുഖം വരാണ്ടെ നോക്കിക്കൊളൂ.."ചെറിയമ്മ ആകുലതയോടെ പറയുന്നുണ്ട്..
"വേണ്ട ചെറിയമ്മെ..ഞാനിന്നു കുളത്തിലൊന്നു മുങ്ങിക്കുളിക്കട്ടെ..എനിക്കിത്തിരി എണ്ണ തരു.." നീരജ എഴുന്നേറ്റ് വടക്കിനിയിലെ ഇറയത്ത് നിന്നു റാന്തലെടുത്ത് കത്തിച്ചു."
കുട്ടി എന്തു ഭ്രാന്താ ഈ പറയണേ..ഈ തൃസ്സന്ധ്യക്ക് കുളത്തില്‍ക്കൊന്നും പൂവണ്ട.വല്ല എഴജന്തുക്കളും കാണും .തന്നെയുമല്ല കുറേക്കാലായിട്ടില്ലാത്ത ശീലല്ലെ..നീരെളക്കണ്ടാവാന്‍ വേറെങ്ങടും പോവണ്ട.."
ചെറിയമ്മ താക്കീതിന്റെ സ്വരത്തില്‍ വിലക്കുമ്പോള്‍ നീരജ സോപ്പും തോര്‍ത്തുമെടുത്ത് തൊടിയുടെ പടിഞ്ഞാറു മൂലയിലുള്ള കുളത്തിന്റെ കല്പ്പടവിലെത്തിയിരുന്നു..
"കുട്ടീ ഞാന്‍ ജാനൂനെ ഒപ്പം വിടാട്ടോ..കുളത്തിലെറങ്ങാന്‍ വരട്ടെ .."
വടക്കിനിയില്‍ നിന്നും ചെറിയമ്മയുടെ ശബ്ദം നേര്‍ത്ത് വരുന്നുണ്ടായിരുന്നു..നീരജ കുളത്തിലേക്കിറങ്ങി ..ഓളങ്ങള്‍ക്ക് മേലെ ഇളകിക്കൊണ്ട് അവളെ നോക്കി ചിരിക്കുന്ന ചന്ദ്രത്തുണ്ട്.നീരജ പതുക്കെ വെള്ളത്തെ ഇളക്കാതെ അവളതിനെ കൈക്കുടന്നയില്‍ കോരി മാറോടമര്‍ത്തി കണ്ണടച്ചു നിന്നു..കണ്ണു തുറന്നപ്പോള്‍ അവളെ പറ്റിച്ചെന്ന ചിരിയോടെ വീണ്ടും അലകള്‍ക്ക് മേലേ ഇളകുന്നുണ്ട് ആ നിലാത്തുണ്ട്.ശബ്ദമുണ്ടാക്കാതെ ചന്ദ്രബിംബത്തിനു മേലെ നീരജ പതിയെ അമര്‍ന്നു . പണ്ട് ഈ കല്പ്പടവിലിരുന്നു നിലാവിനോട് കിന്നരിക്കുമ്പോള്‍ അവളെപ്പോഴും പറയുന്നതായിരുന്നു. ഒരിക്കല്‍ ഞാന്‍ നിന്നെ എന്റെ ഹൃദയത്തിനുള്ളിലാക്കും .അവളതാവര്‍ത്തിച്ചു ..ഒക്കെ നഷ്ടപ്പെട്ട എനിക്കിനി നീയെ ഉള്ളൂ..നീയുമെന്നെ കൈവിടരുതേ.ഓളങ്ങള്‍ക്കൊപ്പം കുതറിയോടുന്ന അമ്പിളിക്കീറിനെ മാറോടമര്‍ത്തി ഉന്മാദത്തിന്റെ നീരാഴങ്ങളിലേക്ക് കൂപ്പ് കുത്തുമ്പോള്‍ നഷ്ടങ്ങളൊക്കെ നേട്ടങ്ങളാകുന്നത് കിനാവ് കാണുകയായിരുന്നു നീരജ..




==============================================

Monday, 11 March 2013


പ്രണയത്തിന്റെ നിറഭേദങ്ങള്‍ :-
കാന്‍വാസും ബ്രഷുമെടുത്ത്
തടാകക്കരയിലെത്തിയത്
നമ്മുടെ നഷ്ടപ്രണയത്തില്‍
ചായം ചാലിക്കാനായിരുന്നു
ഇളം വെയിലുരുക്കിയ പീതവര്‍ണ്ണം
ശകലമെടുത്ത് നമ്മള്‍
കണ്ടുമുട്ടിയ ഇടവഴിയില്‍
കോറിയിട്ടു...
ഇലച്ചാര്‍ത്തില്‍ നിന്നിറ്റുന്ന
ഹരിതാഭയെ
പ്രണയമാണെന്നോടെന്ന് മൊഴിഞ്ഞ
ഇടനാഴിയില്‍ ചിതറിച്ചു
വേലിപ്പടര്‍പ്പില്‍ മയങ്ങുന്ന
നീലശംഖ് പുഷ്പത്തിന്നിതളിലെ
ലാസ്യഭാവത്തിലാണാദ്യ
ചുംബനത്തിന്‍ അടയാളമിട്ടത്
മൂവന്തിയുടെ നിറഭേദങ്ങളില്‍
ഞാന്‍ കണ്ടത്
നിന്നോടെനിക്കുള്ള
അനുരാഗമായിരുന്നു..
കിനാവിന്റെ കെട്ടു വള്ളത്തില്‍
ജീവിതമൊഴുകുമ്പോള്‍
മങ്ങിപ്പോയ നിറക്കൂട്ടിലേക്ക്
നിലാവില്‍ നിന്നുമാണിത്തിരി
വെണ്മ ഞാന്‍ പകര്‍ന്നത് ..
ഇരുളില്‍ നീ മറഞ്ഞിടത്ത്
അവശേഷിപ്പിച്ച കാലടികളില്‍
അപ്പോള്‍ തെളിഞ്ഞത്
അഴലിന്റെ കറുപ്പായിരുന്നു..
ഇനിയും വരച്ച് തീരാത്തയെന്റെ
പ്രണയചിത്രത്തിന്റെ
ചായങ്ങള്‍ തീര്‍ന്ന പാലറ്റുമായ്
വര്‍ണ്ണങ്ങളെ തേടി ഞാനെത്തിയത്
വാന്‍ഘോഗിന്റെ സൂര്യകാന്തിപ്പാടങ്ങളില്‍ ..
പക്ഷെ പ്രണയിച്ച് മതിയാകാത്ത
ഒരു കാമുകന്റെ കണ്ണുനീരില്‍
കുതിര്‍ന്ന അവ്യക്ത ചിത്രത്തില്‍
എനിക്കായോന്നുമുണ്ടായിരുന്നില്ല;
എങ്കിലും എനിക്കെന്റെ ചിത്രം
മുഴുമിപ്പിക്കേണ്ടിയിരിക്കുന്നു..
പ്രണയിനിക്കായ് എന്നോ മുറിച്ചിട്ട
ചെവിയില്‍ നിന്നിറ്റ് വീഴുന്ന
ചുവപ്പു ചായത്തെ
ബ്രഷില്‍ മുക്കി ഞാനീ
പ്രണയത്തിന്റെ മരണത്തെയൊന്നു
വരച്ച് തീര്‍ത്തോട്ടെ..

Saturday, 5 January 2013


പച്ചില ഗന്ധത്തിന്റെ നാട്ടു വഴിയിലൂടെ...(നാട്ടുപച്ച എന്ന ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

സസ്യജാലങ്ങള്‍ മനുഷ്യഭാഷയെ മനസ്സിലാക്കുമോ…?അവര്‍ക്കും മനുഷ്യന്റെ സങ്കടങ്ങള്‍ മനസ്സിലാക്കാനും അതിനോട് പ്രതികരിക്കാനും ആകുമോ..?അവ മനുഷ്യസ്പര്‍ശങ്ങളില്‍ തരളിതരാകാറുണ്ടോ അഥവാ ദുഷ്ടശക്തികളുടെ സാമിപ്യത്തില്‍ തളരാറുണ്ടോ?ഉണ്ടെന്നാണ്. കുഞ്ഞുന്നാളിലെ എന്റെയൊരനുഭവം ..തറവാട്ടിലെ തെക്കെ തൊടിയിലെ ഒരു മൂവാണ്ടന്‍ മാവ് വളര്‍ന്നങ്ങാകാശം മുട്ടുമെന്ന് പറഞ്ഞ് കൊണ്ട് നില്ക്കുന്നു..ഒരു കരിമല്ലന്റെ കൈത്തണ്ട പോലെ തോന്നിക്കുന്ന ശിഖരങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ ഊഞ്ഞാലു കെട്ടും ..ആയത്തില്‍ ഊഞ്ഞാലിലാടുമ്പോള്‍ ആ വൃക്ഷത്തിന്റെ തലയെടുപ്പിനെ തെല്ലു ഭീതിയോടെ ദ്രുതതാളമേളം മുറുകുന്ന ഹൃദയത്തോടേ നോക്കും ..ഞങ്ങളുടെ ദൃഷ്ടിക്കെത്രയോ മേലെ അലയുന്ന മേഘങ്ങളോടും പറക്കുന്ന പക്ഷികളോടും മാത്രം സല്ലപിച്ചാല്‍ മതിയെന്ന ചിന്തയില്‍ ദയനീയത മുറ്റുന്ന ഞങ്ങളുടെ നോട്ടത്തെ തീര്‍ത്തും അവഗണിച്ച് വര്‍ഷങ്ങളായ് തലയെടുപ്പോടെ അങ്ങനെ വിരാജിക്കുകയാണ് ഈ മൂവാണ്ടന്‍ .ഇങ്ങനെയൊക്കെ പ്രൌഢിയോടെ നില്ക്കുന്ന മരമാണെങ്കിലും കാലം തെറ്റി പോലും ഒരു കുഞ്ഞ് ശിഖരത്തിലെങ്കിലും ഒരു പൂക്കുല .ഊ ഹും …തനിക്ക് പറഞ്ഞ പണിയല്ല ഇതെന്ന മട്ടില്‍ ചുറ്റുമുള്ളതിനെ നോക്കി പുഛിച്ച് നില്ക്കും ..എന്നും രാവിലെ മുറ്റമടിക്കാനെത്തുന്ന വള്ളിയമ്മുവിന് മാവിനെ നോക്കി പ്രാകാനേ നേരമുള്ളൂ..”മച്ചി മാവ്..പൂക്കൂല്ല കായ്കൂല്ല..മന്ശ്യനെ മെനക്കെട്ത്താന്‍ ഒള്ള ചില്ലേലെ എല മുഴോനും കാറ്റിനോട് മയങ്ങി കൊയ്ച്ചിടും വാക്ക്യുള്ളോരെ സുയിപ്പാക്കാന്‍ “..മിക്ക പ്രഭാതവും ഞാനുണരുന്നത് ഈ പതം പറച്ചില്‍ കേട്ടുകൊണ്ടായിരിക്കും ..ഇങ്ങനെ കാറ്റും ഊഞ്ഞാലും വള്ളിയമ്മുവിന്റെ പ്രാകലും ഒക്കെയായി മൂവാണ്ടന്‍ തന്റെ ചില്ലകളെ തളിര്‍പ്പിക്കുകയും അതു കണ്ട് ഞങ്ങളൊക്കെ പൂവിടുന്നതും പിന്നെയത് മാങ്ങയാകുന്നതും കാത്ത് കൊതിയോടെ കാത്തിരിക്കലും വല്യുമ്മ “തുലാ പത്ത് പൂപത്ത്” എന്ന ആപ്ത വാക്യം ഉരുവിട്ട് മൂവാണ്ടനെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്തു പോന്നു.



ചിലപ്പോഴൊക്കെ ചില നിഗൂഢ പ്രതിഭാസങ്ങള്‍ക്കും ഈ മൂവാണ്ടന്‍ ഇരയായി കൊണ്ടിരുന്നു..അവളുടെ തെക്കെ ഭാഗത്തെ ഒരു കൊമ്പിലെ ചില ചില്ലകള്‍ മാത്രം ഒറ്റ രാത്രി കൊണ്ട് ഉണങ്ങി നില്ക്കുന്നത് കാണാം .ദുരൂഹതയുടെ തുഞ്ചത്തെ പിടികിട്ടാ പ്രഹേളിക പോലെ..അതിന്റെ കാരണവും വള്ളിയമ്മു തന്നെ കണ്ടു പിടിച്ചു.നമ്മുടെ മൂവാണ്ടന്റെ തെക്കെ ഭാഗത്തെ കൊമ്പുകള്‍ക്കിടയിലൂടെയാണത്രെ അമവാസികളില്‍ ചില തേര്‍വാഴ്ച്ച കടന്നു പോകുന്നത്..ചിലങ്കയും കിലുക്കി യക്ഷികളുടെ തേര്‍വാഴ്ച്ച ഈ മച്ചി മാവിന്റെ കൊമ്പുകള്‍ക്കടിയിലൂടേയോ അല്ലെങ്കില്‍ ചില്ലകള്‍ക്ക് മേലേയോ നക്ഷത്രങ്ങള്‍ പോലും മിഴിയനക്കാന്‍ മടിക്കുന്ന കൂരാകൂരിരുട്ടുള്ള രാത്രികളില്‍ സംഭവിക്കുന്നു എന്നാണു വള്ളിയമ്മുവിന്റെ നിഗമനം .കിഴക്ക് വിലങ്ങന്‍ കുന്നിനു മുകളിലെ പാലമരത്തില്‍ നിന്നും പുറപ്പെടുന്ന യക്ഷി അമ്പത്തെ പാടത്ത് കൂടെ ചുഴലിയുടെ വേഷത്തിലെത്തി തറവാടിന്റെ തെക്കെ തൊടിയിലെ മച്ചി മൂവാണ്ടന്റെ ശിഖരങ്ങളെയുലച്ച് കനോലിപ്പുഴയില്‍ ചുഴിമലരായ് വട്ടം കറങ്ങി പടിഞ്ഞാറ് അറബിക്കടലിനെ ലക്ഷ്യമാക്കി നീങ്ങുമത്രെ..കടല്‍ തീരത്തുള്ള കാറ്റാടിമരക്കൂട്ടങ്ങളില്‍ വിരുന്നെത്താറുള്ള ഗന്ധര്‍വനുമായ് പുലരുവോളം പ്രണയിച്ച് കിഴക്കെ ചക്രവാളത്തില്‍ ധ്രുവനക്ഷത്രമുദിക്കുമ്പോള്‍ തിരിച്ച് അതെപോലെ വിലങ്ങന്‍ കുന്നിനു മുകളിലെ പാലമരത്തിലേക്കെത്തുന്നു..ഇത് എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് വള്ളിയമ്മുവിന്റെ ശൈലിയെ കടമെടുത്ത് ഞാനുമിവിടെ പറയുന്നു..”ഞാമ്പറേണെ വേണങ്കി വിശ്വയിച്ചാ മതി നടക്കണതിതാണ്”.



ഇങ്ങനെയൊക്കെ കാലം കഴിക്കുന്നതിനിടയില്‍ ഒരു ദിവസം രാവിലെ വല്യുമ്മ വടക്കിനിക്കോലായിലെ അമ്മിയിലിട്ട് ഒരു വെട്ടുകത്തി മൂര്‍ച്ച കൂട്ടുന്നത് കണ്ടു.ഇന്നെന്തെങ്കിലും വിശേഷമുണ്ടോ ഇവിടെ കോഴിയെ അറുത്ത് കറി വെക്കുന്നുണ്ടാവുമോ ..ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.പക്ഷെ വല്യുമ്മയും വള്ളിയമ്മുവും എന്തൊക്കെയോ അടക്കം പറഞ്ഞ് ഊക്കോടെ വെട്ടുകത്തി മൂര്‍ച്ച കൂട്ടുന്നതിനാല്‍ കുട്ടികള്‍ക്കാര്‍ക്കും അവിടെ എന്താണു നടക്കാന്‍ പോകുന്നതെന്നു ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.അവസാനം ഞങ്ങളെല്ലാവരും ദൂരെ മാറി നിന്നു ഇവരെന്താണു ചെയ്യുന്നതെന്ന് നിരീക്ഷിക്കാന്‍ തീരുമാനിച്ചു.വെട്ടുകത്തിയുമായി വല്യുമ്മ മുന്നിലും അരക്കെട്ട് വെട്ടിച്ച് എളിയില്‍ ഒരു കുടം വെള്ളവുമായി വള്ളിയമ്മു പിന്നിലുമായി തെക്കെ മുറ്റത്തേക്ക് നടന്നു.നമ്മുടെ കഥാനായിക മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലെത്തി..ഞങ്ങളെല്ലാവരും ശ്വാസമടക്കി ഞാവല്‍ മരത്തിന്റെ പിറകിലും ..വല്യുമ്മ വെട്ടുകത്തിയെടുത്ത് മൂവാണ്ടന്റെ തടിയില്‍ ആഞ്ഞ് വെട്ടുന്ന പോലെ ആംഗ്യം കാണിച്ചു..വള്ളിയമ്മു “വേണ്ടുമ്മാരെ വേണ്ടുമ്മാരെ എന്നു ചങ്കു പൊട്ടുന്ന പോലെ പറഞ്ഞ് വല്യുമ്മാടെ കയ്യ് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.വല്യുമ്മ അട്ടഹസിച്ച് കൊണ്ട് “ഇന്നെ വിട് വള്ളിയമ്മ്വേ..ഇവളിങ്ങനെ പൂക്കേം കായ്ക്കേം ചിയ്യാണ്ടെ ഇങ്ങനെ നിക്കണേലെന്തര്‍ത്താള്ളത്..ഇവളെ ഞാന്‍ വെട്ടി വെറകാക്കി അടുപ്പിലിടും ..ഇന്നെ വിട് വള്ളിയമ്മ്വേ..”യ്യൊ വേണ്ടമ്മാരേ അവളിക്കൊല്ലം കായ്ക്കും ..ഒറപ്പാ..”ഇയ്യ് നേരാ പറെണെ ? വല്യുമ്മ വീണ്ടും വെട്ടുകത്തിയെ ഓങ്ങിക്കൊണ്ട് മൂവാണ്ടനെ നോക്കി..”ഇന്റെ ബദരീങ്ങളാണെ…മൊഹിയുദ്ദീന്‍ ഷൈഖാണേ ഇപ്രാവശ്യം ഇയ്യ് പൂത്തില്ലെങ്കി അന്നെ ഞമ്മളു അടുത്ത കൊല്ലത്തെ തുലാം കാണിക്കൂല്ലട്ടാ..ഒറപ്പാത് ” “ഇല്ലമ്മാരേ ദേ ഞാനിവള്‍ക്ക് വെള്ളൊയ്ച്ച് കൊടുക്കണു ഇവളിക്കൊല്ലം പൂക്കും ..ഇല്ലെ മച്യേ..”ഇതു പറഞ്ഞ് കുടത്തിലെ വെള്ളം മുഴുവന്‍ മാവിന്റെ തടിയിലേക്കൊഴിച്ച് വല്യുമ്മയും വള്ളിയമ്മുവും വടക്കിനി കോലായിലേക്കെത്തി.തടിയിലൂടെ ആ നീര്‍ക്കണങ്ങള്‍ മാവിന്റെ കടയിലെ മണ്ണിലേക്കൊലിച്ചിറങ്ങി അപ്രത്യക്ഷമായി.രണ്ട് പേരുടേയും അഭ്യാസങ്ങള്‍ കണ്ട് ഞങ്ങളാകെ പേടിച്ച് വിറച്ചിരുന്നു..പിന്നീടിവര്‍ രണ്ടാളും കൂടി വടക്കിനിയുടെ കോലായില്‍ ചെന്നിരുന്നു എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു..
അന്നു വൈകുന്നേരത്തോടെ ഇടിവെട്ടി കോരിച്ചൊരിയുന്ന മഴയും കണ്ട് ഉമ്മറത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ രാവിലെ നടന്ന നാടകത്തിന്റെ രംഗങ്ങളായിരുന്നു..കാലും നീട്ടിയിരുന്നു ഇടവഴിയിലേക്കൊലിച്ച് പോകുന്ന മഴവെള്ളവും നോക്കി മൂന്നും കൂട്ടി മുറുക്കുന്ന വല്യുമ്മാടു ഞാന്‍ പതുക്കെ ചോദിച്ചു.എന്തിനാ മാവിനെ വെട്ടാന്‍ നോക്കിയത്.അതു വെട്ടിയാല്‍ അതിലെ കാക്കകളുടേയും കുരുവികളുടെയും കൂടുകള്‍ തകര്‍ന്നു പോവില്ലെ..എന്റെ സംശയം കേട്ടപ്പോള്‍ വല്യുമ്മ ഒരു പുഞ്ചിരിയോടെ എന്നോട് പറയാന്‍ തുടങ്ങി ..”അതു ഞാന്‍ വെറുതെ മൂവാണ്ടനെ പേടിപ്പിച്ചതല്ലെ..മരങ്ങള്‍ക്ക് നമ്മളു പറയുന്നത് മനസ്സിലാകും ..ഇത്ര നാളും നമ്മളവളോട് ആവശ്യപ്പെട്ടില്ല പൂക്കാന്‍ അപ്പൊ ഒന്നു പേടിപ്പിച്ചതാ.”.ഇതു കേട്ട് വല്യുമ്മാടെ മടിയിലേക്ക് തലവെച്ച് കിടന്ന എന്റെ മുടിയിഴകളില്‍ തഴുകി കൊണ്ട് വല്യുമ്മ പറയാന്‍ തുടങ്ങി..”നമ്മളു പറയുന്നതൊക്കെ മരങ്ങള്‍ക്കും ചെടികള്‍ക്കും മനസ്സിലാവും ..അവര്‍ക്കും ജീവനുണ്ട്.ഒരു ജീവിതമുണ്ട്..ഒരു മരം വെറും പൂക്കുകയും കായ്ക്കുകയും മാത്രമല്ല ചെയ്യുന്നത് ..അത് മണ്ണിനോടും പ്രകൃതിയോടും കാലാവസ്ഥയോടും നിരന്തരം ഇടപഴകി കൊണ്ടിരിക്കും .മരം തണലേകുന്നത് അതിനു കീഴില്‍ വരുന്ന ജീവികള്‍ക്ക് മാത്രമല്ല.അതിന്റെ ചില്ലകളില്‍ കൂടൊരുക്കാന്‍ വരുന്ന പക്ഷികള്‍ക്കും ,പിന്നെ ആര്ക്കും ഒരു പ്രയോജനോല്ലാണ്ടെ അതിനു മേലെ വളരുന്ന ഇത്തിള്‍ക്കണ്ണികള്‍ക്കും ,അതിന്റെ അടിയില്‍ പൊത്തുണ്ടാക്കുന്ന ഇഴജന്തുക്കള്‍ക്കും എന്തിനേറേ ഉറുമ്പുകള്‍ക്ക് വരെ ഒരു മരം ബന്ധുവാകുന്നുണ്ട്..അങ്ങനെയൊക്കെയുള്ള ഒരു മരത്തിനെ ഞാന്‍ വെട്ടി നശിപ്പിക്കുമെന്നു മോള്‍ക്ക് തോന്നുന്നുണ്ടോ..?ഇതു ഞാന്‍ വെറുതെ ഇന്റെ വല്യുപ്പാടെ ഒരു പ്രയോഗം പ്രയോഗിച്ചതല്ലെ”..നിഷ്കളങ്കമായ് വല്യുമ്മ പൊട്ടിച്ചിരിച്ചു..


ഒരു ദിവസം മുറ്റമടിക്കാനെത്തിയ വള്ളിയമ്മുവിന്റെ ആഹ്ലാദത്തോടെയുള്ള “ഉമ്മാരെ” എന്ന വിളി കേട്ടാണു.ഞങ്ങളുണര്‍ന്നത്.ഓടി മുറ്റത്തെത്തിയപ്പോള്‍ വള്ളിയമ്മു ചൂണ്ടിയ ദിക്കിലേക്ക് ഞങ്ങളും വല്യുമ്മയും നോക്കിയപ്പോഴാണു ആ മനോഹരമായ കാഴ്ച്ച കാണുന്നത്..മൂവാണ്ടന്റെ ഒട്ടു മിക്ക ചില്ലകളും പൂത്തുലഞ്ഞിരിക്കുന്നു..ഞങ്ങളില്‍ സന്തോഷവും അദ്ഭുതവും അലതല്ലി..വല്യുമ്മ മൂവാണ്ടന്റെ അടുത്ത് ചെന്നു കന്നി ഗര്‍ഭം ധരിച്ച യുവതിയുടെ വയറു തടവി സ്നേഹം പ്രകടിപ്പിക്കുന്ന പോലെ മൂവാണ്ടന്റെ തടിയില്‍ തലോടി “ഇയ്യിന്റെ മോളാന്നു” പറഞ്ഞ് അഭിനന്ദിക്കുന്നുണ്ടായിരുന്നു.അങ്ങനെ മനുഷ്യന്റെ ഭാഷ മനസ്സിലാക്കിയ മൂവാണ്ടന്‍ മാവു മുടക്കം കൂടാതെ എല്ലാ കൊല്ലവും പൂക്കുകയും വൃശ്ചികകാറ്റില്‍ കുറേ പൂക്കളെയൊക്കെ കൊഴിയിപ്പിക്കുമെങ്കിലും വീട്ടുകാര്‍ക്കും കിളികള്‍ക്കുമുള്ള മാങ്ങകളെ പേറാനും പെറാനും തുടങ്ങി.



ഋതുക്കള്‍ കുറെ കടന്നു പോയി.എന്റെ പ്രകൃതി സ്നേഹവും അതിനനുസരിച്ച് ഏറിവന്നു.മരുഭൂമിയിലേക്കുള്ള കൂട് മാറ്റം പച്ചപ്പിന്റെ ലോകത്തെ എനിക്കന്യമാക്കിയിരുന്നു..ഹരിതചാരുതയാര്‍ന്ന കാടിന്റെ സംഗീതവും വയലുകളുടെ ലാസ്യനൃത്തവുമൊക്കെ കാതങ്ങള്‍ക്ക് പിറകിലാക്കി മണല്‍ക്കൂനയില്‍ കാറ്റ് കോറുന്ന അപരിചതരൂപങ്ങളില്‍ പച്ചപ്പിന്റെ ഗന്ധം ശ്വസിക്കാമെന്നു തീരുമാനിക്കുമ്പോഴും എന്റെ മരങ്ങളോടും ചെടികളോടുമുള്ള പ്രണയം എനിക്കടക്കി വെക്കാനാവുന്നതായിരുന്നില്ല..തന്നെയുമല്ല ഈ ഊഷരഭൂമിയില്‍ കാലാവസ്ഥകളോടും മണ്ണിനോടും വെല്ലുവിളിച്ച് വളര്‍ത്തുന്ന പൂങ്കാവനങ്ങളുടെ മനോഹാരിത എന്റെ ഹരിതചിന്തകള്‍ക്ക് ഊര്‍ജ്ജമായി.മുരിങ്ങയും ,നാരകവും , കറിവേപ്പും ആര്യവേപ്പുമൊക്കെ മുറ്റത്തിന്റെ അതിരുകളെ അലങ്കരിക്കുമ്പോള്‍ മുല്ലയും പിച്ചകവും നീലശംഖ്പുഷ്പ്പവും എന്റെ ജാലകങ്ങളുടെ കൂട്ടുകാരായി.എവിടെയായാലും ചുറ്റും ഒരു കാനനം വേണമെന്നെനിക്കൊരു നിര്‍ബന്ധ ബുദ്ധിയുമായ് ഞാനിരുന്നു.നാട്ടിലെ എന്റെ വീട്ടുമുറ്റത്തും തൊടിയിലുമായ് ഒരു വിധം എല്ലാ സസ്യലതാദികളും ഞാന്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്..എന്റെ കിടപ്പ് മുറിയുടെ കിഴക്ക് ജനല്‍ തുറന്നാല്‍ സ്വര്‍ണ്ണ ചെമ്പകവും ,വെള്ളചെമ്പകവും കയ്യെത്തും ദൂരത്തില്‍ ..പടിഞ്ഞാറോട്ടുള്ള ജാലകത്തിനടുത്തായി ഇലഞ്ഞിമരം ..പൂമുഖവാതില്‍ തുറന്നാല്‍ കണികാണാന്‍ പാകത്തില്‍ എന്റെ കണിക്കൊന്നയും മുറ്റത്തെ കിഴക്ക് മൂലയിലായ് മലര്‍വാകയും തണലും മലരും തന്നു നില്ക്കുന്നുണ്ട്.ഇങ്ങനെ ചുറ്റിലും തരുലതാദികള്‍ ഉണ്ടെങ്കിലും കണിക്കൊന്നയോടെനിക്ക് വാല്‍സല്യം ഇത്തിരി കൂടുതലാണ്.എന്റെ ഇഷ്ടകഥാനായകനായ ശ്രീ കൃഷ്ണന്റെ അവതാരമായ ഗുരുവായൂരപ്പന്റെ ഐതിഹ്യവുമായ് കണിക്കൊന്നക്ക് സുദൃഢബന്ധമുള്ളത് കൊണ്ടാകാം ഈ പ്രത്യേക സ്നേഹം ..അതിനാല്‍ ഈ കണിക്കൊന്ന മരത്തിന്റെ കൈവളര്‍ന്നോ കാലു വളര്‍ന്നോ എന്നു ഈ ആരാമത്തിന്റെ സൂക്ഷിപ്പുകാരനോട് ഞാനിടക്ക് തിരക്കാറുണ്ട്..എട്ടൊമ്പത് കൊല്ലം കൊണ്ട് ഇവളൊരു ഒത്ത യുവതിയായി മാറിയിരുന്നു.


എല്ലാ വര്‍ഷവും ഡിസമ്പറില്‍ കിട്ടുന്ന എന്റെ അവധിക്കാലം വിഷുവിനു മുന്‍പ് പൂക്കുന്ന കണിക്കൊന്ന പൂക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നതിനെനിക്ക് തടസ്സമായെങ്കിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ തണല്‍ മരങ്ങള്‍ക്കിടയിലും വടക്കാഞ്ചേരി റെയില്‍വേ ഗേറ്റിനടുത്തും ഏതു കാലത്തും പൂത്തു നില്ക്കുന്ന കണിക്കൊന്നകള്‍ എനിക്കാശ്വാസം തന്നിരുന്നു.ഒരിക്കല്‍ നാട്ടില്‍ ചെന്ന സമയം തോട്ടമൊക്കെ വെട്ടി ശരിയാക്കാന്‍ വന്ന തോട്ടവിദഗ്ധനോട് എന്റെ കണിക്കൊന്ന പൂക്കാത്തതിന്റെ കാരണം ആരാഞ്ഞു.അയാള്‍ പറഞ്ഞത് കൊന്നക്കടിയിലൊരുക്കിയ ലോണിനു കൊടുക്കുന്ന വെള്ളം കാരണമാണു എന്നാണു..ഭൂമിയുടെ ഉള്ളം ചുട്ടു പഴുത്താലെ കൊന്ന പൂവിടുകയുള്ളൂ പോലും ..പക്ഷെ ലോണിനുള്ളില്‍ തന്നെ നില്ക്കുന്ന കൊന്നയുടെ വേരു എന്തായാലും സമീപത്തെ നനവിനെ വലിച്ചെടുക്കും അവളെപ്പോഴും തണുത്ത് പൂവിടാന്‍ മറക്കും എന്ന സത്യത്തെ ഉള്‍ക്കൊണ്ടെന്റെ മനസ്സ് വിഷമിച്ചു .അവധി തീരാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയായ്. നാട്ടിലുള്ളപ്പോഴൊക്കെ തന്നെ എന്നും പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം എന്റെ മുറ്റത്തേക്ക് ഇളം വെയില്‍ അകമല കാടിനപ്പുറത്ത് നിന്നും അരിച്ചെത്തുന്നത് വരെ ഞാനീ മരങ്ങളോടും ചെടികളോടും വള്ളികളോടുമൊക്കെ കുശലം പറഞ്ഞ് നടക്കും ..പതിവ് പോലെ ഞാന്‍ എന്റെ കണിക്കൊന്നയുടെ അടുത്തെത്തി..നമ്മുടെ സങ്കടമൊക്കെ മരങ്ങള്‍ക്ക് മനസ്സിലാകും എന്നു വല്യുമ്മ പറഞ്ഞതോര്‍മ്മിച്ചു ഞാന്‍ അതിന്റെ ചുവട്ടില്‍ ചെന്നു നിന്നു കൊണ്ട് കയ്യെത്തിപ്പിടിക്കാവുന്ന ശിഖരങ്ങളിലെ ചില്ലകളിലും ഇലകളിലും തഴുകി നിന്നു.അവളുടെ കാണ്ഡത്തില്‍ തലോടി കൊണ്ട് പറഞ്ഞു എന്നും കണികണ്ടുണരാന്‍ വേണ്ടിയാണു എന്റെ പൂമുഖവാതില്‍ തുറക്കുന്നിടത്ത് തന്നെ ഞാന്‍ നിന്നെ നട്ടുവളര്‍ത്തിയത്.നിനക്കൊന്നു പൂത്തു കൂടെ..ഒരു വിഷുവിനും നീ പൂക്കാറില്ല എന്നെനിക്കറിയാം ..നിന്നെ പോലെ തന്നെയല്ലെ റെയില്‍ ഗേറ്റിനടുത്തുള്ള കൊന്ന..അവളെന്നും പൂത്തു നില്ക്കുന്നത് കാണാമല്ലോ.ഒരു കുലയെങ്കിലും എനിക്ക് വേണ്ടി നീ പൂത്തുവോ…ഒന്നു നിന്റെ പൂക്കളെ എനിക്ക് കാണിച്ച് തന്നൂടെ.. ഞാന്‍ ശരിക്കും വിതുമ്പി കൊണ്ടു തന്നെ ഇത്രയും പറഞ്ഞു ആ മരത്തെ വട്ടം കെട്ടിപ്പിടിച്ചു.പിന്നെയാണ് പരിസരബോധമുണ്ടയത്.ആരുമിതൊന്നും കാണുന്നില്ലല്ലോ എന്നുറപ്പു വരുത്തി ഞാന്‍ അവിടെനിന്നും നീങ്ങി..തിരിച്ച് യാത്രയാകുന്ന നേരത്തും ഞാനഭ്യര്‍ത്ഥനയോടെ കണിക്കൊന്നയെ നോക്കി യാത്രമൊഴി ചൊല്ലി.
രണ്ട് മാസത്തിനു ശേഷം ഫെബ്രുവരിയില്‍ എനിക്കൊരു കല്യാണത്തില്‍ പങ്കെടുക്കാനായ് ഞാന്‍ നാട്ടിലെത്തി..രാവിലെ വീട്ടിലെത്തിയാല്‍ ആദ്യത്തെ ജോലി എന്റെ മരങ്ങളും ചെടികളും ഉഷാറല്ലേ എന്നു നോക്കലാണ്..ജാലകത്തിനടുത്തെ വള്ളിച്ചെടികളില്‍ പൂക്കള്‍ക്കൊപ്പം നിറയെ കുഞ്ഞു കുരുവിക്കൂടുകളും ..കൂടാതെ മുകളിലത്തെ നിലയിലെ ചാരുപടി ജനലിനു മുകളിലെ കൂരയില്‍ കൂടു കൂട്ടിയ വെള്ളരിപ്രാവ് കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുന്നു..എനിക്ക് വല്ലാതെ സന്തോഷം തോന്നി.മുറ്റത്തെ ആമ്പല്‍ക്കുളത്തില്‍ വിരിഞ്ഞ നീലത്തമരകളും വെയിലിനെ കണ്ട് കൂമ്പിയടയുന്ന ചെന്താമരകളും അതിനുള്ളില്‍ പരല്‍ മീനുകള്‍ തുള്ളിക്കളിക്കുന്നതും നോക്കി കണിക്കൊന്നയുടെ അടുത്തെത്തി..എനിക്കവിടെ കാണാനായ കാഴ്ച്ച അദ്ഭുതവും ആഹ്ലാദവും ഒരു പോലെ പ്രദാനം ചെയ്യുന്നതായിരുന്നു..രണ്ട് കുല മൊട്ടുകള്‍ .അതും എന്റെ കയ്യെത്തും അകലത്തില്‍ ..നിനക്ക് തൃപ്തിയായില്ലെ എന്ന മട്ടില്‍ ഇളം കാറ്റില്‍ ഇലകളെയനക്കി കണിക്കൊന്ന എന്നെ നോക്കി ചിരിക്കുന്ന പോലെ..വര്‍ദ്ധിച്ചാവേശത്തോടെ ഞാനാ കൊന്നയെ കെട്ടിപ്പിടിച്ചുമ്മ വെച്ചു..ഇപ്പോള്‍ എനിക്ക് ചുറ്റുമുള്ളവരിതൊക്കെ കാണുന്നുണ്ടെന്നും അവരെനിക്ക് മുഴുത്ത വട്ടാണെന്നു പറയുമെന്നുമുള്ള ചിന്തയെയൊന്നും ഞാന്‍ വകവെച്ചില്ല.അവധി കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും ആ പൂങ്കുലകള്‍ പൂര്‍ണ്ണമായി വിരിഞ്ഞിരുന്നു..തടിയിലള്ളി രണ്ട് കുഞ്ഞ് പൂങ്കുലകള്‍ ..എന്നും അവയെ തലോടി നില്ക്കുമ്പോഴൊക്കെ കൊന്നയോട് ഞാനെന്റെ നന്ദി വേണ്ടുവോളം പ്രകടിപ്പിച്ചിരുന്നു..പിന്നീട് എപ്പോഴൊക്കെ ഞാന്‍ നാട്ടില്‍ വരുന്നുണ്ടോ അപ്പോഴൊക്കെ എനിക്ക് വേണ്ടി ഈ കൊന്ന മൂന്നോ നാലോ കുല പൂക്കളെങ്കിലും കണിയായൊരുക്കുമായിരുന്നു..വിശ്വസിക്കുന്നതിനുമപ്പുറണിതെന്ന് ഒരു പക്ഷെ ചിന്തിച്ചേക്കാം ..ഇവിടെ ഞാന്‍ വീണ്ടും വള്ളിയമ്മുവിന്റെ വാക്കുകള്‍ കടമെടുക്കുന്നു..വിശ്വസിക്കണെമെങ്കില്‍ വിശ്വസിക്കാം …


മരങ്ങള്‍ മനുഷ്യന്റെ വികാരങ്ങളെ മനസ്സിലാക്കുമെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുള്ളതാണ്.പഴയകാലത്തെ കര്‍ഷകര്‍ പ്രകൃതിയുമായ് ഒരഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നതായി കാണാം .സൂര്യന്റെ നാളങ്ങളും, മേഘങ്ങളുടെ രൂപങ്ങളും ,കാറ്റിന്റെ ചലനങ്ങളും, നക്ഷത്രങ്ങളുടെ ദിശകളും നോക്കി അവര്‍ പ്രകൃതിയും കൃഷിയും തമ്മിലുള്ള രസതന്ത്രത്തെ കുറിച്ചുള്ള തങ്ങളുടെ നിഗമനങ്ങളിലെത്തിയിരുന്നു.സസ്യങ്ങളോട് സംവേദിക്കാനാകുമെന്ന് അടുത്ത കാലത്തെ ചില പാശ്ചാത്യ സര്‍വകലാശാലകളില്‍ നടന്ന പഠനങ്ങളും വ്യക്തമാക്കുന്നു.എന്തിനെ സ്നേഹിച്ചാലും പരിഗണിച്ചാലും തിരിച്ചിങ്ങോട്ടും അതെയളവില്‍ കിട്ടും എന്നുറപ്പാണ്.എല്ലാ ജീവജാലങ്ങളിലും ജീവന്റെ അംശം ഉണ്ടല്ലോ .ഒന്നും ഈ ഭൂമുഖത്ത് വെറുതെ സ്പന്ദിക്കുന്നില്ല..എല്ലാ വികാരങ്ങളേയും വിചാരങ്ങളേയും ഉള്‍ക്കൊണ്ടു മാത്രം സ്പന്ദിക്കുന്നു.മരങ്ങളെ സ്നേഹിക്കൂ ..പ്രകൃതിയെ ബഹുമാനിക്കൂ..മനുഷ്യന്‍ കാണുന്നതിലും ചിന്തിക്കുന്നതിലുമപ്പുറം പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ പ്രകൃതിയുടെ ആവശ്യകത ഉള്‍ക്കൊള്ളുന്നു എന്നു ഐതിഹ്യങ്ങളും പുരാണങ്ങളും വേദഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നു.അതിനനുസൃതമായി നിരവധി ദൃഷ്ടാന്തങ്ങള്‍ നിരത്തുകയും ചെയ്തിരിക്കുന്നു..


Sunday, 30 December 2012


മല്‍സ്യകന്യകയുടെ ഉദ്യാനവിരുന്ന്:- (Aussie memoir part 4.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)




അരയന്നങ്ങളുടെ താഴ്വരയില്‍  (സ്വാണ്‍ വാലി,സിറ്റി ഓഫ് സ്വാണ്‍ ജില്ല) നിന്നും മാര്‍ഗരെറ്റ് റിവറിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യകിരണങ്ങള്‍ പിച്ച വെക്കുന്നതേയുണ്ടായിരുന്നുള്ളൂ..മൂന്നു ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍  മുന്തിരിപ്പാടങ്ങള്‍ക്കും വീഞ്ഞിനും പ്രാചീന ഗുഹകള്‍ക്കും  പേര് കേട്ട അത് വരെ ചിത്രത്തില്‍ മാത്രം കണ്ടിട്ടുള്ള മാര്‍ഗരെറ്റ് റിവറിന്റെ പ്രകൃതി ഭംഗിയായിരുന്നു മനസ്സില്‍ ..അരയന്നങ്ങളുടെ താഴ്വരയില്‍ നിന്നും ഏകദേശം മുന്നൂറ് കിലോമീറ്ററോളം  സഞ്ചരിക്കണം ലക്ഷ്യത്തിലെത്താന്‍ .. മാര്‍ഗരെറ്റ് റിവര്‍ എത്തുന്നതിനു മുന്‍പ് ബസ്സള്‍ട്ടണ്‍ ജെട്ടിയിലും ഒരു സന്ദര്‍ശനം ..അവിടെ കടലാഴങ്ങളിലെ നിഗൂഢതകളെ അനുഭവിക്കണം .പിന്നെ അഗസ്തയിലെ ലൈറ്റ് ഹൌസിനു മുന്നില്‍ നിന്ന് കൊണ്ട്  ഇരട്ട സമുദ്രങ്ങളുടെ സംഗമം ആസ്വദിക്കണം ..മനസ്സ് ആഹ്ലാദത്തിന്റെ ജലതരംഗം മീട്ടുകയായിരുന്നു.പാതയോരങ്ങള്‍ക്കിരുവശങ്ങളിലും വിളഞ്ഞ് കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ ..ഗ്രീഷ്മത്തിന്റെ വിഹ്വലതകളൊന്നും തന്നെ പ്രകൃതിയില്‍ പ്രകടമല്ല..പുതുവര്‍ഷത്തെ സ്വാഗതം ചെയ്തതിന്റെ ആലസ്യത്തില്‍ നഗരം ഉറങ്ങുകയാണ്..നഗരാതിര്‍ത്തി വിടുമ്പോഴേക്കും സൂര്യന് യൌവനത്തിളക്കം കൈവന്നിരുന്നു.. ഇരുവശങ്ങളിലേയും  റിസര്‍വ്ഡ് വനങ്ങള്‍ താണ്ടി നാലുവരിപ്പാതയിലൂടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ നാലുവരിപ്പാത ചുരുങ്ങി രണ്ടുവരിപ്പാതയായി .ഇരട്ടവരയിട്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാഹനങ്ങളുടെ ക്രമം തെറ്റിയുള്ള സഞ്ചാരത്തെ നിയന്ത്രിച്ചിരിക്കുന്നു..ഇടയിലെവിടെയൊക്കെയോ വരയുടെ കട്ടിക്കുറച്ച് ഓവര്‍ റ്റേക്ക് ചെയ്യാനുള്ള സൌകര്യത്തിനു വേണ്ടിയുള്ള അടയാളങ്ങളുമുണ്ട്...ജനബാഹുല്യം കുറഞ്ഞ പ്രദേശങ്ങള്‍ ..തികച്ചും പുരാതന കാലത്തെ ഓര്‍മിപ്പിക്കുന്ന ഗ്രാമങ്ങളിലൂടെയാണ് യാത്ര തുടരുന്നത്..ഇരു വശങ്ങളിലും വിളഞ്ഞ് കിടക്കുന്ന ഗോതമ്പ് ;ചോളവയലുകള്‍ ..വിളവെടുപ്പ് കഴിഞ്ഞ ചില പാടങ്ങളില്‍ കറ്റ കെട്ടി വെച്ചിരിക്കുന്നത് കണ്ടു..ദീര്‍ഘചതുരാകാരത്തില്‍ യന്ത്രമുപയോഗിച്ച് അമര്‍ത്തി മനോഹരമായ് ഉരുട്ടി വെച്ചിരിക്കുന്ന വൈക്കോല്‍ കച്ചികള്‍ ..പുല്‍മേടുകളില്‍ കുതിരകളും കാലികളും ചെമ്മരിയാടുകളും (അറബ് രാജ്യങ്ങളില്‍ പ്രശസ്തമായ ഓസ്ട്രേലിയന്‍ ലാമ്പ്) മേയുന്നുണ്ട്...പഞ്ഞികെട്ട് പോലെ നീലാകാശത്തില്‍ ഒഴുകുന്ന മേഘങ്ങള്‍ തണല്‍ വിരിച്ചതിനടിയില്‍ കാലിക്കൂട്ടങ്ങള്‍ വിശ്രമിക്കുന്നുണ്ട്..ആധുനികതയുടെ കടന്നു കയറ്റത്തില്‍ ഒട്ടും മലിനപ്പെടാത്ത പ്രകൃതി ദൃശ്യങ്ങള്‍ നിറഞ്ഞ മനസ്സോടെ മിഴികളൊപ്പുമ്പോള്‍ ഈ നീലഗ്രഹം എത്ര മനോഹരമായാണ്.സ്രഷ്ടാവ് ഒരുക്കിയിരിക്കുന്നുവെന്ന് കൃതാര്‍ത്ഥതയോടെ ഓര്‍ത്തു പോയി ....



ആദ്യം ഞങ്ങള്‍ക്കെത്തേണ്ടത് ബസ്സള്‍ട്ടണ്‍ ജെട്ടി എന്ന സ്ഥലത്താണ് .അവിടെ എത്തുന്നതിനു മുന്‍പ് ആ പ്രദേശത്തിന്റെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം. ബസ്സള്‍ട്ടണ്‍ നഗരത്തില്‍ നിന്നും കടലിലേക്ക് ആയിരത്തി എണ്ണൂറ്റിയമ്പത് മീറ്ററോളം  അതായത് ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തില്‍   മരത്തടിയില്‍ പണിത കടല്‍പ്പാലം ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും നീളമേറിയതാണ്.."ജിയോഗ്രഫി ബേ" എന്ന പേരുള്ള ഉള്‍ക്കടലിന്റെ തീരത്തെ ആഴം കുറഞ്ഞ  ഓളപ്പരപ്പുകള്‍ കടല്‍ നൌകകള്‍ വന്നണയാന്‍ മാത്രം കെല്പ്പുള്ളതായിരുന്നില്ല..ഈ തീരപ്രദേശം പക്ഷെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതിക്കുതകുന്ന ഒരു പാട് ഉല്പ്പന്നങ്ങളാല്‍ സമൃദ്ധവുമായിരുന്നു.മറ്റു ഗതാഗത സൌകര്യങ്ങള്‍ നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ കപ്പല്‍ച്ചാലുകള്‍ വഴിയുള്ള വാണിജ്യസമ്പര്‍ക്കം ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കിയിരുന്നു എന്നു ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടല്ലോ.. ശാന്തമായ് കിടക്കുന്ന തീരക്കടലില്‍ നിന്നും  ഉള്‍ക്കടലിലേക്കൊരു കടല്‍പ്പാലം പണിത് തുറമുഖമാക്കിയാല്‍  ലഭിക്കാനിടയുള്ള സാമ്പത്തികലാഭം ആ പാലത്തിന്റെ നിര്‍മ്മാണചിലവിനേക്കാള്‍ എന്തു കൊണ്ടും അധികം തന്നെ എന്ന് ഭരണകര്‍ത്താക്കള്‍ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.കയറ്റുമതിയോടെ ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ മനസ്സിലാക്കിയ അന്നത്തെ ഗവര്‍ണ്ണര്‍ ആയിരുന്ന ജോണ്‍ ഹട്ട് , "ബസ്സള്‍ട്ടണ്‍" അഥവ"വസ്സെ" എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കയറ്റിറക്കുമതിക്കുള്ള അംഗീകാരം നല്കി നിയമം പുറപ്പെടുവിച്ചു..

മരത്തടി വ്യവസായം വിപുലീകരിക്കാനാഗ്രഹിച്ചിരുന്ന വസ്സെയിലെ കച്ചവടക്കാര്‍ ഈ തീരുമാനത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു..കൂടാതെ കൃഷി -ക്ഷീരോല്പ്പന്നങ്ങളും ആടുമാടുകളുടെ മാംസത്തിന്റെ കയറ്റുമതിയും   ഈ ജെട്ടി മുഖേന നടത്താനാവുമെന്നത് അവിടുത്തെ സമ്പദ് വ്യവസ്ഥിതിയില്‍ പ്രകടമായൊരു മാറ്റത്തിനു തന്നെ കാരണമാകുമെന്ന് തിരിച്ചറിയാന്‍ ഭരണത്തലവന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവേണ്ടി വന്നില്ല.ഇതിന്റെ ആദ്യപടിയായുള്ള നിര്‍മ്മാണം കഴിഞ്ഞ് (നൂറ്റിയെഴുപത്തഞ്ച് മീറ്റര്‍ )കപ്പലുകള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത് 1865 ല്‍ .പക്ഷെ പിന്നേയും കടല്‍പ്പാലത്തിന്റെ നീളം കൂട്ടുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ടോളം തുടര്‍ന്നു.അതിന്റെ അവസാനഘട്ടം പൂര്‍ത്തിയായത് 1960ല്‍ .തികച്ചും പൌരാണികനിര്‍മ്മാണസമ്പ്രദായത്തില്‍ പണിത കടല്‍പ്പാലത്തിന്റെ മരാമത്തു പല ഘട്ടങ്ങളിലൂടെയാണു ഫലപ്രാപ്തി കണ്ടത്.1911 ഓടെ അറുനൂറു മീറ്റര്‍ പൂര്‍ത്തിയായപ്പോളേക്കും അക്കാലത്തെ തിരക്ക് പിടിച്ച തടിവ്യവസായത്തിനായ് വലിയ കപ്പലുകള്‍ അഴിമുഖത്തണയുമെന്നായി.അതിനു വേണ്ടി അന്നത്തെ ഭരണാധികാരികളും തച്ച കരുവാന്‍ വിദഗ്ദ്ധരും അഹോരാത്രം തലപുകച്ചിട്ടുണ്ട്..ജെട്ടിയിലെ വിളക്ക് മാടത്തിലുപയോഗിച്ചിരുന്നത് മണ്ണെണ്ണ വിളക്കായിരുന്നു എന്നത് കൌതുകമുളവാക്കുന്ന ഒരറിവായിരുന്നു.ഇരുപത് മീറ്റര്‍ നീളമുള്ള വിളക്കു കാലില്‍ തൂക്കിയിട്ടിരുന്ന ഈ ശരറാന്തലിന്റെ വെളിച്ചം കടലില്‍ ഇരുപത് മൈല്‍ ദൂരത്തില്‍ ദര്‍ശിക്കാനാകുമായിരുന്നുവെന്നു ചരിത്രം അവകാശപ്പെടുന്നു..

1933 ല്‍ മാത്രമാണു ജെട്ടിയില്‍ ആധുനിക രീതിയിലുള്ള ബിക്കണ്‍ ഘടിപ്പിച്ച ലൈറ്റ് ഹൌസ് സ്ഥാപിച്ചത്..എന്നാല്‍ ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ആ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് മേലെ കാലക്രമേണ തിരശ്ശീല വീഴാന്‍ തുടങ്ങി..1971 ല്‍ ഒക്ടോബര്‍ 17 നാണു അവസാനമായ് ഒരു വാണിജ്യകപ്പല്‍ ബസ്സള്‍ട്ടണില്‍ നകൂരമിട്ടത്.ന്യൂസിലാന്‍ഡില്‍ നിന്നുള്ള എം .വി .കഫിറ്റൊയ എന്ന കപ്പലായിരുന്നു അത്..പിന്നീടുള്ള ചരക്ക് നീക്കങ്ങളൊക്കെ പെര്‍ത്ത് നഗരത്തില്‍ തന്നെയുള്ള ഫ്രിമാന്റല്‍ എന്ന തുറമുഖം വഴിയാണ് നടന്നത്.(പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ അവിടുത്തെ ബ്രിട്ടീഷ് കോളണിവല്ക്കരണത്തിനു സുപ്രധാന പങ്കു വഹിച്ച   ചാള്‍സ് ഹൊവ് ഫ്രിമാന്റല്‍ എന്ന നാവികത്തലവന്റെ പേരിലറിയപ്പെടുന്ന പെര്‍ത്തിന്റെ സ്വന്തം തുറമുഖമായ.ഫ്രിമാന്റല്‍ തുറമുഖമാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയുടെ പ്രധാനതുറമുഖം) ..

ഒരു നൂറ്റാണ്ടിനിടയില്‍ അയ്യായിരത്തോളം ചരക്ക് നീക്കങ്ങളുണ്ടായ  ഈ ജെട്ടിയില്‍ പിന്നീട് കയറ്റുമതി വ്യവസായം പാടെ നിലച്ചതിനെ തുടര്‍ന്ന്  1972 ജൂലൈ മാസത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ഗവര്‍ണ്ണര്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ബസ്സള്‍ട്ടണ്‍ തുറമുഖം അടച്ചു പൂട്ടുന്നതായി പ്രഖ്യാപിച്ചു...എന്നാല്‍ വിധി വൈപരീതമെന്നു പറയട്ടെ 1978 ഏപ്രില്‍ നാലിനു തുറമുഖത്തേക്കഞ്ഞടിച്ച ആല്‍ബി എന്ന കൊടുങ്കാറ്റില്‍ കടല്‍പ്പാലം ഭാഗികമായ് തകര്‍ന്നപ്പോള്‍  ഒരു നൂറ്റാണ്ടോളം ആശയങ്ങളുടേയും സംസ്കൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും വിനിമയത്തിനു സാക്ഷ്യം വഹിച്ച ഒരിടത്താവളമായിരുന്നു ചരിത്രത്താളുകളിലേക്ക് ഒളിച്ചത്..പിന്നീട് നടന്ന  അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ബോട്ട് സര്‍വീസുകള്‍ മാത്രമുണ്ടായിരുന്ന ജെട്ടിയുടെ 65 മീറ്റര്‍ കൂടി 1999 ഡിസമ്പറില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി..ഏകദേശം ഒരു മില്യണ്‍ നഷ്ടം കണക്കാക്കിയ ജെട്ടിയെ പുനരുഥാനം ചെയ്ത് അതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി . നാലു മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച  അണ്ടര്‍ വാട്ടര്‍ ഒബ്സെര്‍വേറ്ററിയെ  2003 ഡിസമ്പര്‍ 13നാണ് പൊതു ജനങ്ങള്‍ക്കായ് തുറന്നു കൊടുത്തത്.. . ഇന്നും ബസ്സള്‍ട്ടണ്‍ കടല്‍ പാലം പ്രശസ്തമാണ്..ഉള്‍ക്കടലിലേക്കെത്തി നില്ക്കുന്ന കടല്‍പ്പലത്തിന്റെയറ്റത്ത് കടലാഴങ്ങളിലേക്കു ഇറങ്ങി ചെന്നു ആഴിയിലെ നിഗൂഢതകള്‍ ആസ്വദിക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഒബ്സര്‍വേറ്ററി അനേകായിരം സന്ദര്‍ശകരുടെ മനം കവരുന്നു..എട്ട് മീറ്ററോളം സമുദ്ര നിരപ്പിനു താഴെ ഒരു ചേമ്പറും പതിനൊന്നു ചില്ലുജാലകങ്ങളും വിവിധ തട്ടുകളിലായ് ഒരുക്കിയ കടലാഴത്തിലെ ജലജീവിശാലയില്‍ നിന്നാല്‍ മുന്നൂറില്‍ പരം സമുദ്രജീവികളും  നിരവധി കടല്‍ വര്‍ണ്ണ വിസ്മയങ്ങളും ഇമകള്‍ക്ക് മുന്നില്‍ ഒഴുകുന്നത് കാണാനാകും ...  



(അണ്ടര്‍വാട്ടര്‍ ഒബ്സെര്‍വേറ്ററിയിലേക്ക് കടക്കുന്നതിനു വേണ്ടിയൊരുക്കിയ ചവിട്ടു പടികളുടെ ആരംഭം )


ബസ്സള്‍ട്ടണില്‍ എത്തുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നിറഞ്ഞാടുകയായിരുന്നു..ഗ്രീഷ്മത്തിന്റെ ചുട്ടു പൊള്ളുന്ന ചുംബനങ്ങള്‍ക്കൊപ്പം തഴുകുന്ന കടല്‍ക്കാറ്റും ഏറ്റ് വാങ്ങി ടിക്കറ്റ് കൌണ്ടറിനടുത്തേക്ക് ഞങ്ങള്‍ നീങ്ങി..നാലു സിലിണ്ടര്‍ പെട്രോള്‍ എഞിചിനോട് കൂടിയ ജെട്ടി ട്രെയിന്‍ സര്‍വീസുണ്ടെങ്കിലും ജിയൊഗ്രഫി ബേയുടെ ശാന്തമായൊഴുകുന്ന അലകളുടെ സൌന്ദര്യം നുകര്‍ന്ന് രണ്ട് കിലോമീറ്റര്‍ നടന്നു പോകാന്‍ തന്നെ ഞങ്ങള്‍ നിശ്ചയിച്ചു..ക്യാപ്പുകളും സണ്‍ഗ്ലാസ്സുകളുമൊക്കെയായ് തീക്ഷ്ണമായ സൂര്യകിരണങ്ങളെ പ്രതിരോധിച്ച് കൊണ്ട് ഞങ്ങള്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കടല്പ്പാലത്തിലൂടെ ഒബ്സെര്‍വേറ്ററി ലക്ഷ്യമാക്കി നടന്നു തുടങ്ങി..കടല്‍ തീരത്ത് നൂറുകണക്കിനാളുകള്‍ സൂര്യസ്നാനത്തിന്റെ അനുഭൂതിയില്‍ ധ്യാനനിമഗ്നരായ് കിടക്കുന്നുണ്ട്..കുട്ടികളടങ്ങിയ കുടുംബങ്ങള്‍ കളികളിലും നീന്തലിലും മുഴുകിയിട്ടുള്ളത് കാണാം ..ചെറുപ്പക്കാരുടെ സംഘങ്ങള്‍ തിരമാലക‍ള്‍ക്ക് മീതെ സ്കീയിങ്,ജെറ്റ് സ്കീയിങ് ,സര്‍ഫിങ് എന്നീ വിനോദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്..ഇന്ദ്രനീല വര്‍ണ്ണത്തില്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാരാവാരം കസവ്ചേലയുടുത്തൊരുങ്ങിയിരിക്കുന്ന കാഴ്ച്ചയില്‍ തിളക്കുന്ന സൂര്യന്റെ ചൂടിനെ തീര്‍ത്തും മറന്നിരുന്നു..തികഞ്ഞ ഉന്മേഷത്തോടെ ഇടക്കൊക്കെ അവിടവിടെ ദ്രവിച്ച മരത്തടിയിലൂടെ താഴെയുള്ള അലകള്‍ ചാഞ്ചാടുന്നതും നോക്കി നടന്നു നീങ്ങവെ പാലത്തിന്റെ അരിക് ചേര്‍ന്ന് ഒരു സായിപ്പിരുന്നു ചൂണ്ടയിടുന്നത് കണ്ടു.ഞങ്ങളടുത്തെത്തിയതും അഭിവാദ്യം പറഞ്ഞ് അയാള്‍ അഭിമാനത്തോടെ അരികില്‍ വെച്ചിട്ടുള്ള  ബക്കറ്റ് കണിച്ച് തന്നു.അതില്‍ മുക്കാല്‍ ഭാഗത്തോളം അയാള്‍ ചൂണ്ടയിട്ട് പിടിച്ചിട്ടുള്ള കണവ മീന്‍ (കൂന്തള്‍ )ആയിരുന്നു..കൂന്തള്‍ മീനിനെ ചൂണ്ടയിട്ട് പിടിക്കുന്നത് ഞാന്‍ ആദ്യമായാണ്  കാണുന്നത്.ഒരു ഗുഡ് ഡേ ആശീര്‍വദിച്ച് ഞങ്ങള്‍ നടത്തം തുടര്‍ന്നു....






ചേമ്പറിനു മുന്നില്‍  ചെറിയൊരു അകത്തളം ..അതിന്റെ ചുമരില്‍ പഴയ ജെട്ടിയുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോകളും ഛായാ ചിത്രങ്ങളും മനോഹരമായി തൂക്കിയിട്ടിരിക്കുന്നു..കൂടാതെ കടല്‍ ജീവികളായ സ്റ്റാര്‍  ഫിഷ്‌ .മുത്തു ചിപ്പി ,ശംഖ് ,കടല്‍ക്കുതിര എന്നിവയുടേയും ,പവിഴം ,ടര്‍ക്കോയിസ് ,മുത്ത് തുടങ്ങിയ അമൂല്യരത്നങ്ങളില്‍ പണിത ആഭരണങ്ങളും കൌതുകവസ്തുക്കളുടെയും ഒരു വില്പ്പനശാലയുമുണ്ട്..ജെട്ടിയുടെ പുരാവൃത്തങ്ങളും ബസ്സള്‍ട്ടണിന്റെ പ്രാചീന ജീവിതശൈലിയേയുമൊക്കെ പ്രതിപാദിക്കുന്ന ഒരു പാട് പുസ്തകങ്ങളും കൂടാതെ ഒബ്സെര്‍വെറ്ററിയിലെ അന്തേവാസികളുടെ ചിത്രങ്ങളടങ്ങിയ വിവിധരൂപത്തിലും ഭാവത്തിലുമുള്ള കലണ്ടറുകളും തൊപ്പി സണ്‍ ഗ്ലാസ് ഇത്യാദികളും  സുവനീറുകളായി വില്പ്പനക്ക് വെച്ചിരിക്കുന്നു....തനത് ശൈലിയില്‍ കൌതുകം തോന്നിയ കുറച്ച് വസ്തുക്കള്‍ ഓര്‍മ്മക്കായ് അവിടെനിന്നും ശേഖരിച്ചു..ഒരേ സമയം നാല്പ്പതാളുകളെ മാത്രം ഉള്‍ക്കൊള്ളുന്ന ചേമ്പറിലേക്ക്  ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു ഗൈഡും ഉണ്ടായിരുന്നു.ഗ്രൂപ്പുകളായാണു സന്ദര്‍ശകരെ അവര്‍ താഴേക്ക് കൊണ്ടു പോകുന്നത്..ജെട്ടിയുടെ ചരിത്രത്തിനും  ഭൂമിശാസ്ത്രത്തിനുമൊപ്പം  ഓരോ ചില്ലു ജാലകത്തിലൂടേയും കാണുന്ന ആഴിയദ്ഭുതങ്ങളെ കുറിച്ചും  സരസമായിത്തന്നെ അവര്‍ വിവരിക്കുന്നുണ്ട്..പവിഴപുറ്റുകളും കടല്‍ സസ്യജാലങ്ങളും കടല്പ്പലത്തിന്റെ തടിയുടെ കാലുകളിലള്ളി പിടിച്ചു വളര്‍ന്നിരിക്കുന്നു..ഓറഞ്ചു, ചുവപ്പു,ഇളം നീല ,മഞ്ഞ പച്ചനിറങ്ങളിലും പാടലവര്‍ണ്ണത്തിലും ഉള്ള പവിഴപുറ്റുകളും സ്പോഞ്ചുകളും അടങ്ങിയ സാഗരോദ്യാനം മുത്തശ്ശിക്കഥകളിലെ കടല്‍ കൊട്ടാരത്തിലെ മല്‍സ്യ കന്യകക്ക് വേണ്ടിയൊരുക്കിയതാണെന്നു തോന്നി.. .അതിനിടയില്‍ നിരവധി വര്‍ണ്ണ മല്‍സ്യങ്ങള്‍ നീന്തിത്തുടിക്കുന്നുണ്ട്..ഓരോ ജാലകവും സമ്മാനിക്കുന്നത് ഓരോ വിസ്മയങ്ങളായിരുന്നു..കൂട്ടത്തോടെ പായുന്ന മീനുകളെ നീര്‍പക്ഷികള്‍ ഊളിയിട്ട് കൊത്തിയെടുക്കുന്ന കാഴ്ച്ചയും അതിശയിപ്പിക്കുന്ന ഒന്നായി..ചിറകുകള്‍ പറ്റെ ഒതുക്കി ഊളിയിടുന്ന നീര്‍പക്ഷികള്‍ വാനത്തില്‍  ചിറകുകളടിച്ച് പറക്കുമ്പോള്‍ നമ്മളൊരിക്കലും കരുതുന്നില്ല വെള്ളത്തിനടിയിലും ഇവര്‍ മിടുക്കരാണെന്നു..നനയാതെ ഓക്സിജന്‍ സിലിണ്ടര്‍ ചുമക്കാതെ നീന്തലറിയാത്ത ഞാന്‍ കടലാഴങ്ങളിലെ വിസ്മയങ്ങള്‍ കണ്ടത് ഒരിക്കലും മറക്കാനവാത്തോരനുഭവമായി .കണ്ണഞ്ചിപ്പിക്കുന്ന ആ വര്‍ണ്ണലോകത്തെ കാഴ്ച്ചകളില്‍ നിന്നും മടങ്ങുമ്പോള്‍ നാലു കിലോമീറ്റര്‍ നടത്തവും വിശപ്പും മൂലം ശരിക്കും തളര്‍ന്നിരുന്നു...മല്‍സ്യ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന ഭക്ഷണശാലകള്‍ ജെട്ടിയുടെ അകത്തളങ്ങളിലൊരുക്കിയിട്ടുണ്ട്..ഏകദേശം മൂന്നുമണിയോടെ ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ അടുത്ത ലക്ഷ്യമായ അഗസ്തയിലേക്ക് അപരാഹ്നത്തിലെ വെയില്‍ നാളങ്ങളെ ഭേദിച്ച് നീലാകാശത്തിലൂടെ വട്ടമിട്ട് പറക്കുന്ന കടല്‍ പക്ഷികളുടെ കൂട്ടത്തേയും പിന്നിലാക്കി കടലോരപ്പാതയിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിക്കുമ്പോള്‍ അടഞ്ഞ എന്റെ ഇമകള്‍ക്ക് മുന്നില്‍ കടല്‍ കൊട്ടാരത്തില്‍ നിന്നും വഴിതെറ്റി തീരമണഞ്ഞ മല്‍സ്യകന്യകയുടെ വേവലാതി പൂണ്ട മുഖമായിരുന്നു..







Sunday, 23 December 2012

മേപ്പിള്‍ മരങ്ങളും മണിഗോപുരവും


മേപ്പിള്‍ മരങ്ങളും മണിഗോപുരവും :-(Aussie memoir Part 3.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)

റിവര്‍ സൈഡ് വോക്ക്..ഈ പ്രതീക്ഷയിലാണ്. ഞാന്‍ മോര്‍ളി ഗലേറിയയില്‍ നിന്നും ഇറങ്ങിയത്..സ്വാണ്‍ റിവറില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളോട് കുശലം പറഞ്ഞ് ഒരു സായാഹ്നസവാരി..പിറ്റേന്നു പുതുവര്‍ഷപ്പുലരിയാണ്. .നഗരവും ജനങ്ങളും ആഹ്ലാദത്തിന്റെ ഒഴുക്കിലാണ്. ... പൊന്നില്‍ പൊതിഞ്ഞ ഒരു നവോഢയെ പോലെ  പോക്കുവെയിലിന്റെ ശോഭയില്‍ പെര്‍ത്ത് നഗരം തിളങ്ങുന്നു ..  .മകള്‍ പറഞ്ഞു നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്ന ആഘോഷങ്ങള്‍ ഇന്നു രാത്രിയുണ്ടാകുമെന്ന്.ആള്‍ക്കൂട്ടങ്ങളും ബഹളവും നിറഞ്ഞ ആഘോഷങ്ങള്‍ ...എന്തോ എനിക്കിതത്ര താല്പ്പര്യമുള്ള ഒരു വിഷയമല്ല..പക്ഷെ മക്കളുടേയും ഭര്‍ത്താവിന്റേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അന്നു രാത്രി ആ കാഴ്ച്ചയും കാണാമെന്നു തീരുമാനിച്ചു..പക്ഷെ ആദ്യം എന്റെ ഇഷ്ട്പെട്ട ഒരിടമായി മാറിയ അരയന്നങ്ങളുടെ പുഴക്കരിക് ചേര്‍ന്ന് മേലെ നീലാനഭസ്സിന്റെ മടിയില്‍ ഒഴുകുന്ന സായന്തന മേഘങ്ങളേയും താഴെ ശാന്തമായൊഴുകുന്ന പുഴയിലെ  ഓളങ്ങളില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളേയും കണ്ടൊരു നടത്തം . വൈദ്യുത ദീപങ്ങളാലലംകൃതമായ ഭീമന്‍ ക്രിസ്മസ്സ് മരങ്ങളും രാജപാതകള്‍ക്ക് തണലായുള്ള മേപ്പിള്‍ മരങ്ങളും ജക്രാന്ത മരങ്ങളും പിന്നിട്ട് പുഴയരികിലെത്തിയപ്പോള്‍ അരയന്നകൂട്ടങ്ങള്‍ പരസ്പ്പരം ലാളിക്കുന്നതും ഇര പിടിക്കുന്നതും ഇടയിലെവിടേയോ ചില ഒറ്റകള്‍ ധ്യാനത്തിലിരിക്കുന്നതും കണ്‍കുളിര്‍ക്കെ കാണാനായ്..അതും കയ്യെത്തും അകലത്തില്‍ ..അപരിചിതത്വം ലവലേശമില്ലാതെ ആ വര്‍ണ്ണ മരാളങ്ങള്‍ തങ്ങളുടെ ലോകത്തെ ശാന്തത അനുഭവിക്കുകയാണ് . .പുഴയുടെ ഒരറ്റത്ത് കണ്ട കണ്ടല്‍ മരങ്ങളില്‍ നിന്നും വള്ളിപ്പടര്‍പ്പുകളില്‍ നിന്നും വാത്തുകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്..അരയന്നങ്ങളുടേയും വാത്തുകളുടേയും കൂടുകള്‍ ആ കണ്ടലുകള്‍ക്കുള്ളിലാണുള്ളത്.ഇടക്കിടെ വാത്തുകള്‍ ഇത്തിരി ഇരുട്ട് പിടിച്ച ആ വള്ളിക്കൂട്ടങ്ങളില്‍ നിന്നും ഭാരമുള്ള ശരീരത്തെ ശക്തമായ ചിറകടികളാല്‍ ഉയര്‍ത്തി അലകള്‍ക്ക് മീതെ വന്നു മീനുകളെ കൊത്തി തിരിച്ച് പറക്കുന്നത് കാണാമായിരുന്നു ..


                                                                            

സ്വാണ്‍ റിവറിന്റെ വടക്കും തെക്കും നഗരം പരന്നു കിടക്കുകയാണ്..പുഴയ്ക്ക് കുറുകെയുള്ള പാലമാണു ദിക്കുകള്‍ക്കിടയിലെ അകല്‍ച്ചയില്ലാതാക്കുന്നത്..പുഴയുടെ അരികില്‍ സൈക്കിളിങ്ങിനും ജോഗ്ഗിങ്ങിനുമുള്ള പ്രത്യേകം പ്രത്യേകം ഇഷ്ടികപാകിയ പാതകളും , വിശ്രമത്തിനുള്ള ചാരു ബെഞ്ചുകളും കാണാം ..മനോഹരമായ ഒരുദ്യാനവും ഇതിനോട് ചേര്‍ന്നുണ്ട്..കുട്ടികളെ രസിപ്പിക്കാനായുള്ള ഊഞ്ഞാലുകളും സീസോകളും ഉണ്ട്.ഇവിടുത്തെ മറ്റൊരാകര്‍ഷണമാണു അരയന്നങ്ങളുടെ പേരിലുള്ള മണിഗോപുരം .അരയന്നങ്ങളുടെ നദി തീരത്ത് ബാരക്ക് സ്ട്രീറ്റില്‍ ജെട്ടിക്കടുത്തായാണു എണ്‍പത്തിരണ്ടര മീറ്റര്‍ (271 അടി) ഉയരമുള്ള സ്വാണ്‍ ബെല്‍ ടവര്‍ സ്ഥിതിചെയ്യുന്നത്..പതിന്നാലാം നൂറ്റാണ്ടിനു മുന്‍പെ ഉപയോഗത്തിലുണ്ടായിരുന്ന പതിനാറാം നൂറ്റാണ്ടില്‍ പുനരഃപ്പരിഷ്ക്കാരം വരുത്തിയ ചരിത്രഖ്യാതി നേടിയ രാജകീയ പ്രൌഢിയുള്ള പന്ത്രണ്ട് മണികള്‍ ലണ്ടനിലെ ട്രഫല്‍ഗര്‍ സ്ക്വയെറിലെ സേയിന്റ് മാര്‍ട്ടിന്‍ ഇന്‍ ദി ഫീല്‍ഡ്സ് ചെര്‍ച്ചില്‍ നിന്നും പെര്‍ത്തിലെത്തിയത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ഓസ്ട്രേലിയന്‍ ബൈസെന്റിനറി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ..വൈറ്റ് ചാപ്പല്‍ ബെല്‍ ഫൌണ്ടറിയാണു ബാക്കി ആറ് മണികള്‍ നല്കിയത്..മൊത്തം പതിനാറു മണികളോടൊപ്പം രണ്ട് ക്രോമാറ്റിക് നോട്ടോടെയുള്ള മണികളുമായുള്ള ഈ ഭീമന്‍ ബെല്‍ ടവര്‍ മേല്ത്തരം ചെമ്പും ഇറ്റാലിയന്‍ ചില്ലുകളും ഉപയോഗിച്ചുണ്ടാക്കിയതാണ്.ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ പണി പൂര്‍ത്തിയായ ഏകദേശം തൊണ്ണൂറ്റിയൊമ്പത് ടണ്‍ ഭാരമുള്ള ഈ നാഴികമണി നാദം മാറി വരുന്ന മണിമുഴക്കമുള്ള ലോകത്തിലെ പ്രശസ്തമായ മറ്റു ബെല്‍ടവറുകള്‍ക്കൊപ്പം സ്ഥാനം നേടിയിട്ടുണ്ട്..സ്വാണ്‍ നദിക്കഭിമുഖമായ് നിലകൊള്ളുന്ന ഈ മണിഗോപുരത്തിന്റെ അടിഭാഗം ഒരരയന്നം തന്റെ ചിറകുകള്‍ ഒതുക്കി ഇരിക്കുന്ന പോലെ തോന്നും . കണ്ണാടികള്‍ പാകിയ നീണ്ട സ്തൂപവും ,വിവിധ വര്‍ണ്ണങ്ങളുള്ള ദീപങ്ങളും ഈ ഗോപുരത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.ആറു നിലകളിലായുള്ള ഈ ഗോപുരത്തിന്റെ ഏറ്റവും മുകള്‍ തട്ടില്‍ നിന്നാല്‍ സ്വാണ്‍ റിവറിന്റെ മൊത്തം മനോഹാരിത മിഴകള്‍ ക്ക് സ്വന്തമാക്കാനാകും .പുരാതനമായൊരു സംസ്കൃതിയുടെ ഓര്‍മകളുണര്‍ത്തുന്ന നാദത്തോടേയുമുള്ള മണിമുഴക്കം പക്ഷെ എപ്പോഴും കേള്‍ക്കാനാവില്ല..തിങ്കള്‍ ,ചൊവ്വ, വെള്ളി ദിനങ്ങളില്‍ മധ്യാഹ്നം പന്ത്രണ്ട് മുതല്‍ രണ്ട് വരേയും ,ബുധനും വ്യാഴവും ശനിയും ഞായറും ദിവസങ്ങളില്‍ പന്ത്രണ്ടര മുതല്‍ രണ്ട് മണിവരെയും  മാത്രമേ ഈ അപൂര്‍വ നാദം  ശ്രവ്യസാധ്യമാവുകയുള്ളൂ...





ടവറിനു താഴെ തറയില്‍ പാകിയ ഇഷ്ടികകളില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്കൂളുകളുടെ പേരുകള്‍ അക്ഷരമാലക്രമത്തില്‍ പതിച്ചിട്ടുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.തന്നെയുമല്ല ബെല്‍ ടവര്‍ രാജ്യത്തിനു സമര്‍പ്പിച്ച വര്‍ഷമായ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ ഈ സ്കൂളുകളില്‍ പഠിച്ചിരുന്ന ഓരോ വിദ്യാര്‍ത്ഥിയുടേയും പേരുകള്‍ ഈ പാതകളലങ്കരിച്ച ഇഷ്ടികയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.കൂടാതെ അബോര്‍ജിനല്‍ ചിത്രരചന മുദ്രണം ചെയ്ത മരപ്പലകകളും തറയില്‍ പതിപ്പിച്ചിട്ടുള്ളത് ആ ജനവിഭാഗത്തിന്റെ പ്രാതിനിധ്യം രാജ്യത്തെ ഓരോ സ്മാരകങ്ങളിലും ഉണ്ടായിരിക്കണമെന്ന ഓസ്ട്രേലിയന്‍ ഭരണസമൂഹത്തിന്റെ നിര്‍ബന്ധത്തെ വെളിവാക്കുന്നു..ഗോപുരമുറ്റത്ത് മനോഹരമായൊരു ജലധാരയും ഈന്തപ്പനകളടക്കം വിവിധ തരത്തിലുള്ള അലങ്കാര പനകളുടെ ഒരു സമുച്ചയവുമുണ്ട്.അരയന്നങ്ങളുടേയും കംഗാരു എമു തുടങ്ങിയ തദ്ദേശ മൃഗങ്ങളുടേയും പല മാതൃകയിലുമുള്ള ദാരു ശില്പങ്ങള്‍  ഉദ്യാനത്തിനൊരലങ്കാരമായിട്ടുണ്ട്...ചുവപ്പും പച്ചയും ഇടകലര്‍ന്ന നിറങ്ങളിലുള്ള തത്തകള്‍ ഈന്തപ്പനകളുടെ മണ്ടയില്‍ തന്നെ കൂടൊരുക്കിയിട്ടുള്ളത് കൌതുകമായി തോന്നി.വ്യത്യസ്ഥമായ കാഴ്ച്ചകള്‍ സമ്മാനിച്ച ആഹ്ലാദത്തില്‍ ഞങ്ങള്‍ ആ ഉദ്യാനത്തിലെ പുല്‍ത്തകിടിയില്‍ വിശ്രമിക്കവെ സൂര്യന്‍ ആ വര്‍ഷത്തെ അവസാനത്തെ അസ്തമനത്തിനായ് ഒരുങ്ങിക്കഴിഞ്ഞിരുന്നു .അസ്തമയത്തിനൊരുങ്ങിയ സൂര്യന്റെ പരശ്ശതം  രശ്മികള്‍ ഗോപുരത്തിന്റെ ചില്ലുജാലകങ്ങളില്‍ തട്ടി ഉടഞ്ഞ് ജലധാരകളില്‍ വന്നു വീഴുന്നത് നയനാനന്ദകരമായൊരു കാഴ്ച്ച തന്നെയായിരുന്നു..മെല്ലെ മെല്ലെ ശോണവര്‍ണ്ണം നീലാംബരത്തെ ആശ്ലേഷിക്കുന്നുണ്ട്.ഇരുള്‍ പരന്നതോടെ തെരുവ് വിളക്കുകളുടെ പ്രകാശധാര നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോഴേക്കും  ഞങ്ങള്‍ ജെട്ടിക്കടുത്തുള്ള "അന്നലക്ഷ്മി" എന്ന തെന്നിന്ത്യന്‍ സസ്യ ഭോജനശാലയിലേക്ക് നടന്നു..

ഞങ്ങളെ അവിടെ കൊണ്ടു പോയതിന്റെ പിന്നില്‍ വെറും അത്താഴം കഴിക്കുക എന്ന ഉദ്ദേശം മാത്രമല്ല മക്കള്‍ക്കുണ്ടായിരുന്നത്.. ലോകത്തിനു തന്നെ മാതൃകയായ ഒരു നല്ല സംസ്ക്കാരത്തെ പ്രത്യേകിച്ചും" അതിഥി ദേവോ ഭവ "എന്ന വേദ വാക്യത്തെ നെഞ്ചിലേറ്റുന്ന ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ മഹത്വം തെളിയിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടുത്തലും കൂടിയായിരുന്നു അതു . തികച്ചും ഭാരതീയ പൌരാണികതയുടെ കലാവൈഭവം വിളിച്ചോതുന്ന ശില്പചാതുര്യം അലങ്കാരങ്ങളാക്കിയ വലിയൊരു ഹാളിലേക്ക് ഞങ്ങള്‍ കയറുമ്പോള്‍ ഒരാരാധനാലയത്തിലേക്ക് എത്തിപ്പെട്ട പ്രതീതി.ചന്ദനത്തിരിയുടെ സുഗന്ധം ചുറ്റിലും പടരുന്നുണ്ട്. കളിമണ്ണിലും ഓടിലും തീര്‍ത്ത വിഘ്നേശ്വരന്റേയും അന്നലക്ഷ്മിയുടേയും ആടയലങ്കാരങ്ങളോടെയുള്ള ബിംബങ്ങള്‍ പ്രതിഷ്ടിച്ച പൂമുഖവുമുള്ള കാഷ് കൌണ്ടര്‍ ..കൌണ്ടറിലിരിക്കുന്ന ഇന്ത്യന്‍ വംശജ; അവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ പ്രസന്നമായ ചിരിയോടെ വരുന്നവരെ സ്വീകരിക്കുന്നുണ്ട്..അവിടെ കണ്ട ഒരു ചെറിയ പ്ലക്കാര്‍ഡ് ..അതിലെ വാചകം വളരെ അസാധാരണമായ് തോന്നി .."പേ വാട്ട് യു തിങ്ക് ഇറ്റ്സ് വെര്‍ത്ത് ".അതവരുടെ മുദ്രവാക്യം കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കദ്ഭുതം തോന്നി..എത്ര കഴിച്ചാലും നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം കൊടുക്കുക..അമ്പത് ഡോളറിനുള്ളത് കഴിച്ചാലും അഞ്ച് ഡോളര്‍ മാത്രം കൊടുത്താലും അവരൊന്നും പറയില്ല.ഭക്ഷണത്തിനു നിശ്ചിത മൂല്യം നിര്‍ണ്ണയിക്കാതെ തികച്ചും കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് നടത്തുന്ന ഈ സംഘടനയുടെ ഉദ്ദേശ ശുദ്ധിയെ പക്ഷെ ആരും വില കുറച്ച് കാണാറില്ല.അവിടെ വരുന്നവര്‍ പണമില്ലാതെ വിശന്നിരിക്കാന്‍ പാടില്ല.ഉദരം ആശിക്കുന്നത് കഴിക്കുക ..മനം ശാസിക്കുന്നത് നല്കുക.അതിഥി സല്ക്കാരത്തിന്റെ ഈ നൂതന രീതി എന്നെ ക്ഷേത്രങ്ങള്‍ക്കൊപ്പമുള്ള ഊട്ടു പുരയെ ഓര്‍മിപ്പിച്ചു .പ്രധാന കവാടം കടന്നു ഭക്ഷണ മേശകള്‍ വിതാനിച്ചിടത്തേക്ക് ഞങ്ങള്‍ കടന്നു.തെന്നിന്ത്യന്‍ മസാലക്കൂട്ടുകളുടേയും കാപ്പിയുടേയും മനം മയക്കുന്ന പരിമളം പരിലസിക്കുന്നുണ്ടവിടെ.നല്ല തിരക്കുണ്ടെങ്കിലും ഒരു മൂലയിലായ് ഞങ്ങള്‍ക്ക് ഇരിപ്പിടം കിട്ടി.പരിചാരകരെല്ലാം തന്നെ ഇന്ത്യക്കാര്‍ മാത്രം .പക്ഷെ കഴിക്കാനെത്തിയവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല യൂറോപ്യന്‍ വംശജരും ധാരാളമായുണ്ട്..അവിടെ കണ്ട ജോലിക്കാരെല്ലാം തന്നെ അന്തസ്സോടെ സമൂഹത്തിന്റെ നാനാതുറകളിലും ഉയര്‍ന്ന ഉദ്യോഗങ്ങളിലിരിക്കുന്നവരാണ്. നയതന്ത്രജ്ഞര്‍ തുടങ്ങി ഭിഷഗ്വരന്‍മാരും  അദ്ധ്യാപകര്‍ ,എഞ്ചിനീയര്‍മാര്‍ ;അക്കൌണ്ടന്റുമാര്‍ ,ഐ ടി വിദഗ്ദര്‍ തുടങ്ങി സമൂഹത്തിലെ മേലേക്കിടയിലുള്ളവരും സാധാരണ ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ ഒരു കൂട്ടം സുമനസ്സുകളുടെ മേല്‍ നോട്ടത്തില്‍ ലാഭേച്ഛ പ്രതീക്ഷിക്കാതെ നടത്തുന്ന ഒരിടം.അതാണു അന്നലക്ഷ്മി എന്ന ഭക്ഷണ ശാല..ഈ റെസ്റ്ററന്റിന്റെ വരുമാനത്തിന്റെ ലാഭം പോകുന്നത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുള്ളത് അറിയുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടുമുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിക്കുന്നു...ചോറിനും ചപ്പാത്തിക്കുമൊപ്പം   നാലുതരം സസ്യ വിഭവങ്ങളും ബഫെ രീതിയില്‍ നിരത്തിയിട്ടുണ്ട്..ഫില്‍ട്ടര്‍ കോഫിയും ഡിസ്സര്‍ട്ടും വേറെയും ..പാചകം ചെയ്യുന്നതും പരിചരിക്കുന്നതും പാത്രങ്ങള്‍ വൃത്തിയാക്കുന്നതും ഒക്കെ ഞാന്‍ മേല്പ്പറഞ്ഞ ഉദ്യോഗങ്ങള്‍ ചുമക്കുന്നവര്‍ തന്നെ..അവരവര്‍ സ്വന്തം താല്പ്പര്യത്തില്‍ ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് സന്തോഷത്തോടെ വന്നു ചെയ്യുന്നത്..ഉച്ച ഭക്ഷണവും അത്താഴവും മാത്രമേ ഇവിടെ ലഭ്യമുള്ളൂ..അതും വൈകീട്ട് ഏഴ് മണി വരെ മാത്രം ..ചില വിശേഷ ദിവസങ്ങളില്‍ ഇന്ത്യന്‍ നൃത്ത രൂപങ്ങളും സംഗീതവുമടങ്ങിയ കലാസാംസ്ക്കാരിക പരിപാടികള്‍ ഹാളിനറ്റത്തായ് ഒരുക്കിയ മണ്ഡപത്തില്‍ നടാക്കാറുണ്ടത്രെ..ഞങ്ങള്‍ ‍രുചിച്ചതെല്ലാം നല്ല സ്വാദുള്ള വിഭവങ്ങളായി തന്നെ തോന്നി..പ്രത്യേകിച്ച് തമിഴരുടെ തനത് ശൈലിയിലുള്ള ഫില്‍ട്ടര്‍ കാപ്പി..സന്തോഷത്തോടെ നല്ലൊരു തുക കഴിച്ചത്തിന്റെ പ്രതിഫലമായ് നല്‍കുമ്പോള്‍ ഇതിന്റെ ഒരു പങ്ക് നന്മയുടെ ഏടില്‍ എഴുതപ്പെടുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെആമാശയത്തോടൊപ്പം ഹൃദയവും നിറഞ്ഞു ...

പുറത്തേക്ക് കടക്കുമ്പോള്‍ തന്നെ നഗരത്തില്‍ ആഘോഷങ്ങളുടെ മത്താപ്പുകള്‍ പൊട്ടി വിടരുന്നത് കാണാമായിരുന്നു...ചെറുപ്പക്കാരും മധ്യവയസ്ക്കരും വൃദ്ധരും തുടങ്ങി പ്രായഭേദമില്ലാതെ എല്ലാവരും  പുതുവര്‍ഷത്തെ പുണരാന്‍ ഒത്തുകൂടുന്നുണ്ട്..പത്ത് മണിയോടെ തുടങ്ങുന്ന സംഗീത പരിപാടികള്‍ പാതിരാ വരെ നീളും ..ഇതിനിടയില്‍ പന്ത്രണ്ട് മണിക്ക് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന വെടിക്കെട്ടുണ്ടാകും ..നഗരത്തിലെ സ്ക്വയറുകളിലും തെരുവുകളിലും നിയമപാലകരുടെ സംഘങ്ങള്‍ വിന്യസിച്ചിട്ടുണ്ട്..മദ്യത്തിന്റെ ലഹരിയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളോടെ അവര്‍ പൊതു ജനങ്ങളുടെ ആഘോഷങ്ങള്‍ക്ക് തടസ്സമാവാതെ പരസ്പ്പരം ആശീര്‍വദിച്ചും അഭിവാദ്യമര്‍പ്പിച്ചും നഗരത്തിരക്കിന്റെ ഭാഗമാകുന്നുണ്ട്..ഞങ്ങളുടെ സഞ്ചാരപരിപാടിയനുസരിച്ച് പിറ്റേന്നു പുലര്‍ന്നാല്‍ മാര്‍ഗരെറ്റ് റിവര്‍ എന്ന സ്വപ്നഭൂവിലേക്കുള്ള യാത്ര തുടങ്ങാനുള്ളതാണ്..പാതിരാ വരെ ഈ ആഘോഷങ്ങള്‍ കണ്ട് നിന്നാല്‍ രാവിലെ പുറപ്പെടുന്നതിനെ എങ്ങനെ ബാധിക്കുമെന്ന വ്യഥയിലായിരുന്നു ഞാന്‍ ..പുഴയുടെ ഓരം ചേര്‍ന്ന നടപ്പാതയിലൂടെ ആഘോഷത്തിന്റെ കാതടപ്പിക്കുന്ന വാദ്യങ്ങളുടെ മേളക്കൊഴുപ്പിലേക്ക് നവവല്സരത്തെ വരവേല്‍ക്കാന്‍ നീങ്ങുമ്പോള്‍ കണ്ടല്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഋതുപകര്‍ച്ചകളുടെ ഭ്രമണപഥത്തില്‍ പുതിയൊരു വര്‍ഷം കൂടി ചേരുന്നുവെന്നറിയാതെ ഇണയരയന്നങ്ങളുടെ പ്രണയസല്ലാപം കേള്‍ക്കാനുണ്ടായിരുന്നു...........






Thursday, 6 December 2012

മൂളിപ്പറക്കുന്ന ബൂമറാങുകള്‍ :-(Aussie memoir part 2)മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്....


വി ആര്‍ സോറി....വി സേ സോറി..രണ്ടായിരത്തി എട്ട് ഫെബ്രുവരി പതിമൂന്നിനു ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ അന്നത്തെ  പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റഡ്ഡിന്റെ മാപ്പിരക്കല്‍ ; ചരിത്രത്താളുകളില്‍ ഇടം നേടിയ ഒരസാധാരണ പ്രഖ്യാപനമായിരുന്നു ആയിരക്കണക്കിനു അബോര്‍ജിനലുകള്‍ക്ക് മുന്നില്‍  അന്നു നടത്തിയത് .ഒരു മനുഷ്യകുലത്തിന്റെ   അഥവാ ഒരു സംസ്ക്കൃതിയുടെ അവശേഷിച്ച തലമുറയെ ഇല്ലാതാക്കിയതിലുള്ള ഒരു രാഷ്ട്രത്തിന്റെ ക്ഷമാപണം നടത്തലായിരുന്നു അന്നു ദൃശ്യ ശ്രവ്യ പത്രമാധ്യമങ്ങളിലൂടെ ലോകം സാക്ഷ്യമായത്..നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് നടത്തിയ അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നിരിക്കെ ഇന്നു ലോകത്ത് വംശനാശം സംഭവിച്ച ഒരു ആദിമ വര്‍ഗ്ഗം ഭൂമുഖത്തു നിന്നും ഭാഗികമായെങ്കിലും  ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ കാരണമായ് വര്‍ത്തിച്ച തങ്ങളുടെ മുന്‍തലമുറക്കാരുടെ തലക്ക് പിടിച്ച സാമ്രാജ്യത്വ വെറിയുടെ ലഹരി ;ക്രൂരതയില്‍ പൊതിഞ്ഞ വെട്ടിപിടിക്കലിന്റെ ചരിത്രം ;വെറുമൊരു മാപ്പു പറച്ചിലിലൂടെ മായ്ക്കാന്‍ കഴിയുന്നതായിരുന്നില്ല ആ ഇരുണ്ട പുരാവൃത്തം ..



                                         

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കരാളഹസ്തം പന്ത്രണ്ട് കപ്പല്‍ പടയോടെ മഞ്ഞുയുഗത്തോടെ ഇന്‍ഡോന്യേഷ്യയില്‍ നിന്നും വേര്‍പെട്ട് കഴിഞ്ഞിരുന്ന ഭൂഖണ്ഡമായ ഓസ്ട്രേലിയയില്‍ ക്യാപ്റ്റന്‍ കുക്കിന്റെ നേതൃത്വത്തില്‍ വന്നിറങ്ങുമ്പോള്‍ അന്നു വരെ ലോകത്തിന്റെ ശ്രദ്ധയില്‍ നിന്നകന്നു കഴിഞ്ഞിരുന്ന ഒരു ഭൂപ്രദേശം പരിഷ്കാരത്തിന്റെ കാല്പ്പാദങ്ങളെ മനസ്സറിഞ്ഞോ അറിയാതേയോ നെഞ്ചേറ്റുകയായിരുന്നു..ആ സ്വീകരണത്തിനു പിന്നീട് ലാഭവും നഷ്ടവും തൂങ്ങുന്ന ഒരു തുലാസിന്റെ ധാര്‍ഷ്ട്യം ഉണ്ടായിരുന്നു.തികച്ചും ഏകപക്ഷീയമായ ഒരു ലാഭത്തിന്റെ ഭാരത്തെ താങ്ങി നഷ്ടക്കണക്കിനെ കാറ്റില്‍ പറ ത്തിയ ധാര്‍ഷ്ട്യം .അന്നവിടെ കണ്ടവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ ക്ഷണിക്കപ്പെടാതെയെത്തിയ അതിഥികള്‍ സംശയിച്ചു പോലും .. ഒരു ആദിമവര്‍ഗ്ഗമായ അബോര്‍ജിനലുകള്‍ എന്ന ആദിവാസികള്‍ വല്ലത്തൊരങ്കലാപ്പോടേയായിരുന്നു തങ്ങളുടെ അതിഥികളെ അന്നു എതിരേറ്റത്..ആ ഭൂപ്രദേശത്തിന്റെ നാനാസാധ്യതകള്‍ മനസ്സിലാക്കിയ ഇംഗ്ലീഷുകാര്‍ അവിടെ തമ്പടിച്ചതിനെ സംശയിക്കേണ്ടതില്ല...യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനും പുതിയൊരു സാമ്രാജ്യം വികസിപ്പിക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പിന്തിരിപ്പന്‍ മൂരാച്ചികളായ് എത്തിയ കുറച്ച് തദ്ദേശിയരായ അബോര്‍ജിനലുകളെ ഇല്ലാതാക്കാനും ശേഷിച്ചവരുടെ കുഞ്ഞുങ്ങളെ സംസ്കാരമുള്ളവരാക്കാന്‍ എന്നും പറഞ്ഞ് അമ്മമാരില്‍ നിന്നും പിടിച്ചെടുത്തു കൊണ്ടു പോയതുമൊക്കെ ഒരു കറുത്ത അടയാളമായി ഓസ്ട്രേലിയന്‍ ചരിത്രത്തിന്റെ ഏടുകളില്‍  വിശ്രമിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം പുതു തലമുറകള്‍ ഇങ്ങനെയൊരു ക്ഷമാപണം നടത്തുന്നതില്‍ അതിശയിക്കാനില്ല.പെര്‍ത്ത് നഗരത്തിന്റെ പുലര്‍ക്കാഴ്ച്ചയില്‍ പ്രഭാത സവാരിക്കൊപ്പം ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ വൈവിധ്യങ്ങളും രുചിക്കാം എന്നുദ്ദേശിച്ചിറങ്ങിയ ഞങ്ങള്‍ കണ്ട ഒരു കാഴ്ച്ചയാണു ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഒരു പുനര്‍വായനക്കവസരം ആഗ്രഹിക്കാതെ മയങ്ങുന്ന ഒരു മഷിപ്പകര്‍ച്ചയായ് കാണുന്ന കയ്പ്പ് നിറഞ്ഞ സത്യത്തെ മുഖവുരയായി പറയേണ്ടി വന്നതിനു കാരണമായത്.



നഗരത്തില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സ് ; സെന്ട്രല്‍ ഏരിയാ ട്രാന്‍സ്പ്പോര്‍ട്ട് (ക്യാറ്റ് എന്നു ഓമനപ്പേര്)തികച്ചും സൌജന്യമാണ്...സര്‍ക്കാറിനു ലഭിക്കുന്ന നികുതിവരുമാനത്തില്‍ നിന്നും  പൊതുജങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനുള്ള നിരവധി സൌജന്യ സേവനങ്ങളിലൊന്നാണു ഈ ബസ്സ് സര്‍വീസുകള്‍ .നഗരത്തിനുള്ളിലനുഭവപ്പെടുന്ന ഗതാഗത തിരക്കിനെ നിയന്ത്രിക്കാനും , വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മൂലമുള്ള വായു മലിനീകരണത്തെ കുറയ്ക്കാനും സര്‍ക്കാറിന്റെ ഈ സേവനത്തെ ഉപയോഗപ്പെടുത്താന്‍ വാഹനങ്ങളുള്ളവരും വാഹനമില്ലാത്തവരോടൊപ്പം ബസ് സ്റ്റോപ്പുകളില്‍ പത്തു മിനിട്ടിടവിട്ട് വരുന്ന ക്യാറ്റിനെ കാത്തു നില്ക്കുന്നത് ഒരു പതിവ് ദൃശ്യം .വീട്ടില്‍ നിന്നും കാറില്‍ പെര്‍ത്ത് സിറ്റിയിലെത്തി വാഹനത്തെ പാര്‍ക്ക് ചെയ്തതിനു ശേഷം പിന്നീടുള്ള സിറ്റി ടൂറിനു ഈ സൌജന്യ യാത്രയാണ്.ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്.പാതയോരങ്ങളില്‍ നില്ക്കുന്ന മേപ്പിള്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ പ്രഭാത സൂര്യന്റെ ഇളം നാളങ്ങള്‍ വീഥികളെ സ്വര്‍ണ്ണവര്‍ണ്ണമണിയിക്കുന്നുണ്ട്.വൃശ്ചികക്കാറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ആഞ്ഞുലഞ്ഞ് വീശുന്ന കാറ്റിന്റെ കുസൃതിയില്‍ ഞങ്ങള്‍ നാട്ടിലാണുള്ളതെന്നു തോന്നി.ഏകദേശം നമ്മുടെ നാടിന്റെ ഹരിതാഭയും ഇന്ഫ്രാ സ്ട്രക്ച്ചറും .വളരെ വൃത്തിയുള്ള (ഒരു വിദൂര സ്വപ്നമാണെങ്കിലും ) കേരളം പോലെ .


                                           view of Perth city

നഗരത്തിന്റെ മധ്യത്തില്‍ വൃക്ഷങ്ങളും പുല്ത്തകിടികളും പൂന്തോപ്പുകളുമൊക്കെയായ് ഒരു വിശ്രമസ്ഥലമുണ്ട്..നടക്കാനിറങ്ങുന്നവരും കൂട്ടം കൂടി സംസാരിക്കനെത്തുന്നവരുമൊക്കെയുണ്ടെങ്കിലും കൂടുതലും ഈ സ്ഥലത്തെ പ്രയോജനപ്പെടുത്തുന്നത് അവിടുത്തെ ആദിവാസികളായ അബോര്‍ജിനലുകളാണു..സര്‍ക്കാര്‍ നല്കിയ ഭവനങ്ങളുണ്ടെങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുകയെന്ന പൈതൃക ശീലത്തില്‍ നിന്നും മാറാനാഗ്രഹമില്ലാതെ തിന്നും കുടിച്ചും തൊഴിലെടുക്കാനാഗ്രഹമില്ലാത്ത ഇക്കൂട്ടര്‍ ഇതൊക്കെ തങ്ങളുടെ ജന്മവകാശം എന്നുള്ള ചിന്തയില്‍   അലസജീവിതം നയിക്കുന്നവരാണ്..മദ്യ ലഹരിയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ പുലഭ്യം പറഞ്ഞു കൊണ്ടൊരുത്തന്‍ ആകാശം നോക്കി കിടക്കുന്നുണ്ട്..വേറെ ചിലര്‍ കാര്യമായെന്തൊക്കെയോ അവരുടെ ഭാഷയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.രാത്രിയും പകലും ഇങ്ങനെ തെരുവുകളില്‍ മദ്യപിച്ചും വഴക്കിട്ടും കുത്തഴിഞ്ഞ സാമൂഹ്യ ജീവിതം നയിക്കുന്ന അബോര്‍ജിനലുകളില്‍ ചിലരെങ്കിലും ഉത്തമ കുടുംബ ജീവിതം നടത്തുന്നവരായുണ്ട്...വളരെ പുരാതനവും പ്രാചീനവുമായ ഒരു സംസ്ക്കൃതിയുടെ തലമുറകള്‍ എങ്ങനെ ഇത്തരം ജീവിതത്തിന്നടിമകളായെന്നു ചിന്തിച്ചാല്‍ പല കാരണങ്ങളും കിട്ടും .ആഴ്ച്ച തോറും സര്‍ക്കാരില്‍ നിന്നും തൊഴില്ലാലായ്മ വേതനം (ഡോല്‍ )കിട്ടുന്നതിനാല്‍ തൊഴില്‍ ചെയ്യാനവരെ അഥോറിറ്റീസ് പ്രേരിപ്പിച്ചാലും അവര്‍ക്കൊരു ജോലിയും ചെയ്യാനിഷ്ടമില്ല തന്നെ.ലഭിക്കുന്ന പെന്‍ഷന്‍ മദ്യത്തിനും മയക്ക മരുന്നിനും ചൂതാട്ടത്തിനും ചിലവാക്കി കയ്യിലുള്ളതൊക്കെ തീരുമ്പോള്‍ പിന്നെ ശാപവാക്കുകളെറിഞ്ഞ് സര്‍ക്കാരിനെ പഴിച്ച് തെരുവുകളില്‍ കഴിയുന്ന ഈ നായാടി വര്‍ഗ്ഗം (നോമാഡ്) ഗതകാലത്തിന്റെ ആത്മീയതയെ സ്മരിച്ച് ജീവിതത്തെ തുലയ്ക്കുന്നവരാണ്..

അബോര്‍ജിനലുകളുകളുടെ ചരിത്രമെടുത്താല്‍ ..മന്‍ഗോമന്‍ എന്ന ആദിമ മനുഷ്യകുലവും അബോര്‍ജിനലുകളും ആണു ലോകത്തെ ഏറ്റവും പുരാതന മനുഷ്യര്‍ എന്ന അവകാശത്തിന്നുടമകള്‍ ..നാല്പ്പതിനായിരം വര്‍ഷത്തോളം പഴക്കം അബോര്‍ജിനല്‍ വംശത്തിനും അവരുടെ സംസ്ക്കാരത്തിനുമുണ്ട്..ഇന്ന് വളരെ ന്യൂനപക്ഷമായ(ഒരു ലക്ഷം മാത്രമുള്ള ജനസംഖ്യ) ഇവരുടെ ആയുസ്സിന്റെ വലിപ്പവും പരിഷ്കൃത മനുഷ്യരെ അപേക്ഷിച്ചു തുലോം കുറവാണു ..40-45 വയസ്സിനുള്ളില്‍ ദുശ്ശീലങ്ങള്‍ക്കടിമപെട്ടും മാറാവ്യാധികളുടെ പിടിയിലകപ്പെട്ടും  ഇവരുടെ ആയുസ്സ് ഒടുങ്ങുന്നു.ഇവരുടെ വംശത്തെ നിലനിര്‍ത്താനും  ജനസംഖ്യ കൂട്ടി മരണസംഖ്യ കുറക്കാനുമായ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.അതിനു വേണ്ടി പ്രത്യേക മിഷനുകള്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്..ഇവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി  ഓസ്ട്രേലിയല്‍ ഗവണ്മെന്റ് നടത്തുന്ന അശ്രാന്ത പരിശ്രമം പക്ഷെ പാഴായി പോകുകയാണു പതിവു..ഒരു പാട് ആനുകൂല്യങ്ങളും വിദ്യഭ്യാസ നയങ്ങളും തൊഴിലുറപ്പ് പദ്ധതികളുമൊക്കെ ഉണ്ടെങ്കിലും അലസരായി ജീവിക്കാന്‍ ഒരുമ്പെട്ട് നടക്കുകയാണെങ്കില്‍ പിന്നെ ദൈവത്തിനു  പോലും അവരെ രക്ഷിക്കാനാവില്ലല്ലോ.. പിടിച്ച് പറീയും മോഷണവും സാമാന്യം നല്ല തോതില്‍ ഇവര്‍ ചെയ്തു വരുന്നു..കുറ്റം പിടിക്കപ്പെട്ടാല്‍ ജയിലിലെ ലോക്കപ്പില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ജനാലക്കിപ്പുറമിരുന്നു രാത്രി മുഴുവന്‍ കണ്ണീരൊഴുക്കി പാട്ടു പാടണമെന്നത് അബോര്‍ജിന്‍ കുടംബ നിയമം അഥവാ പാലിച്ചില്ലെങ്കില്‍ അവള്‍ക്ക് ശിക്ഷയും കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ പീഡനം ഉറപ്പ് ;വിരളമായെങ്കിലും ഇന്നും നിലനില്ക്കുന്ന ഒരു പ്രാകൃതാചാരം ആണിത് ..

വളരെ വിചിത്രവും അസാധാരണവുമായ അബോര്‍ജിന്‍ വിശ്വാസങ്ങള്‍ നമ്മളെ അദ്ഭുതപ്പെടുത്തും .. അവരുടെ കുലത്തിന്റെ ഉദ്ഭവം അവരുടെ ഭാഷ്യത്തില്‍  ഭൂമി പിളര്‍ന്നെത്തിയ അരൂപികളായ ദിവ്യാത്മാക്കള്‍ വൃക്ഷങ്ങളുടേയും പക്ഷി മൃഗാദികളുടേയും മനുഷ്യരുടേയും രൂപമെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാലപ്നിക യുഗം അഥവാ കിനാക്കാലം (ഡ്രീം ടൈം )ഈ പേരിലാണു അവരുടെ യുഗപ്പിറവിയെ വിശേഷിപ്പിക്കുന്നത്..ഏതു സ്ഥലരാശിയിലാണൊരു ഗോത്രം ജന്മമെടുക്കുന്നത് അവിടെ ഒരു പ്രത്യേക ദിവ്യാത്മാവിന്റെ സ്പര്‍ശവും സാമിപ്യവും അവര്‍ അനുഭവിക്കുന്നു..ഓരോ വ്യക്തിയും ഓരോ ബിംബങ്ങളുടെ വക്താക്കളായ് സ്വയം പ്രഖ്യാപിക്കുന്നു.ഈ പ്രതീകങ്ങള്‍ കാട്ട് നായയോ,കംഗാരുവോ.എമുവോ,നാഗമോ ഉറുമ്പോ ആകാം ..ഒരു വ്യക്തിയില്‍ തുടങ്ങുന്ന ആ പ്രതീകപരമ്പര പിന്നീട് തലമുറകളുടെ പിന്തുടര്‍ച്ചയില്‍ നിലനില്ക്കുന്നു.ഭ്രൂണാവസ്ഥ മുതല്‍ ശിശു ഈ ദിവ്യാത്മാവിന്റെ അദൃശ്യ സാമിപ്യം അനുഭവിക്കുന്നു എന്നാണവരുടെ വിശ്വാസം ..ലിപിയില്ലാത്ത പ്രാചീന സംസാരഭാഷയാണു ഇവരുടെ മുന്‍ തലമുറകള്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്നത്..എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒരു വരയിലൂടെ പോലും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത അബോര്‍ജിന്‍ ചരിത്രം വായ്മൊഴിയിലൂടെയാണു തലമുറകളിലേക്ക് പകരുന്നത്..ദിവ്യാത്മാക്കളെന്നു വിശ്വസിക്കുന്ന പ്രതീകങ്ങളെ ചുറ്റിപറ്റിയുള്ള കഥകള്‍ അവര്‍ സങ്കല്പ്പിച്ചുണ്ടാക്കുന്ന കാല്പ്പനികതകള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഊടും പാവുമായ് തുന്നിചേര്‍ക്കാന്‍ കഴിയാത്ത ആധുനിക യുഗത്തിന്റെ കാഴ്ച്ചപ്പാടില്‍ വെറും അന്ധവിശ്വാസങ്ങള്‍ ..ഓരോ മനുഷ്യ രാശിക്കും പറയാന്‍ കാണുമായിരിക്കും ഇത്തരം സങ്കല്പ്പത്തില്‍ പൊതിഞ്ഞ വിശ്വാസങ്ങള്‍ ..

എല്ലാം ഒരു വിശ്വാസമെന്നു പരിഷ്കൃതരായ നമുക്ക് സമാധാനിക്കാം ..കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ പുതു തലമുറയിലെ ചില അബോര്‍ജിനലുകള്‍ യൂറോപ്യന്‍ സമൂഹവുമായ് കുടുംബ ബന്ധം സ്ഥാപിക്കുകയും കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കുകയും ചെയ്യുന്നുണ്ട്.ഗാനങ്ങളിലൂടേയും നൃത്തരൂപങ്ങളിലൂടേയും ഈ കിനാക്കഥകള്‍ (ഡ്രീം സ്റ്റോറീസ്) ഇവര്‍ പ്രചരിപ്പിക്കുന്നു..ഇവരുടെ സംഗീതം മനോഹരമാണ്..ഈറക്കുഴല്‍ , ജിമ്പെ എന്ന ഡ്രം .മഴത്താളമുണ്ടാക്കുന്ന ഡിഡ് ഗരിഡൂ എന്ന  ഒരുപകരണം ,കോല്‍ .കാറ്റിന്റെ ചലനത്തില്‍  ശബ്ദമുണ്ടാക്കുന്ന വിന്‍ഡ് ഷൈം എന്ന ഉപകരണം പിന്നെ ബൂമറാങ് എന്നിവയൊക്കെയുപയോഗിച്ചാണു അബോര്‍ജിനലുകള്‍ സംഗീതനൃത്തവിരുന്നൊരുക്കാറ്..അതു പോലെ ഇവരുടെ ചിത്ര രചനയും വളരെ പ്രശസ്തമാണ്.വ്യക്തമായ രൂപങ്ങളില്ലാതെ കടുത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള പ്രാചീനമായ ചിത്ര രചനാ രീതിയാണു അനുവര്‍ത്തിച്ച് വരുന്നത്...പണ്ട് അബോര്‍ജിന്‍ അമ്മമാരില്‍ നിന്നും തട്ടിക്കൊണ്ടു പോയ ആ കുഞ്ഞുങ്ങളുടെ പരമ്പര ഇന്നു ഈ മിശ്രവംശമായ് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ നാനതുറകളിലും പ്രവര്‍ത്തിച്ചു വരുന്നത് കാണാം .അബോര്‍ജിനലുകളെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ സുപ്രധാന ജനവിഭാഗത്തെ അനാദരിച്ചും മറന്നുമുള്ള ഒരു വിവരണമാവും വായിക്കേണ്ടി വരിക.



ശനിയാഴ്ച്ച രാവിലെയായതിനാലാവാം നഗരത്തിന്റെ തിരക്ക് കാര്യമായ് തുടങ്ങിയിട്ടില്ല എന്നു തന്നെ പറയാം ... ഫൂഡ്കോര്‍ട്ടുകള്‍ മാത്രമുള്ള ഒരു തെരുവിലേക്ക് ഞങ്ങള്‍ നീങ്ങി..മുറേ സ്ട്രീറ്റിലെ പുറത്ത് നിരത്തിയ കുടകള്‍ക്ക് കീഴിലെ കസേരകളിലേക്കിരുന്നു ഞങ്ങള്‍ പോച്ഡ് എഗ്ഗ്( തിളച്ച വെള്ളത്തില്‍ ഉണ്ടാക്കുന്ന എണ്ണയുപയോഗിക്കാത്ത ബുള്‍സ് ഐ)ബ്രെഡ് ടോസ്റ്റ്,ബേഗല്‍ (ഒരു തരം ബണ്ണ്) സ്റ്റഫ്ഡ് ഓംലെറ്റ്(ചീരയും കൊച്ച് കൂണുകളും വേവിച്ചത്)ചിക്കണ്‍ സോസേജ് ,സ്റ്റ്റോബെറി ഇട്ട പാന്‍ കേക് എന്നിവ വിഭവങ്ങളായുള്ള പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ സ്വാദ് ആസ്വദിക്കാന്‍ തുടങ്ങി..കടല്‍ കാക്കകള്‍ ഭക്ഷണവശിഷ്ടങ്ങള്‍ കൊത്തിയെടുക്കാന്‍ ചെറു സംഘങ്ങളായ് എത്തുന്നുണ്ട്..ഒപ്പം അവിടെ യഥേഷ്ടം കാണുന്ന മാഗ് പൈ എന്ന പക്ഷികളും ..പക്ഷെ എന്നെ ആകര്‍ഷിച്ചത് അവിടുത്തെ കാക്കകളുടെ പരിതാപകരമായ കരച്ചിലാണു..ഒരു മൂന്നു വയസ്സുകാരന്റെ വാശി പിടിച്ച കരച്ചില്‍ പോലെ തോന്നി ആ ഈണത്തിനു.അരിപ്രാവുകളും അമ്പലപ്രാവുകളും പാശ്ചാത്യ പാരാമ്പര്യ ശില്പചാതുരിയില്‍ നിര്‍മ്മിച്ച അധികം ഉയരമില്ലാത്ത കെട്ടിടങ്ങളുടെ ജാലകങ്ങളില്‍ കുറൂകിയിരിക്കുന്നുണ്ട്..ഇടയ്ക്ക്ക്കൊക്കെ അടക്കത്തോടെയുള്ള ചിറകടിയോടെ താഴെ പെറൂക്കി തിന്നാനും എത്തുന്നുണ്ട്..തെരുവിലെ ആള്‍ക്കൂട്ടങ്ങളില്‍ ഈ പറവകള്‍ ചിരപരിചിതരെ പോലെ തെല്ലു പോലും ഭയമില്ലാതെ കറങ്ങുന്നത് എന്നില്‍ കൌതുകമുണര്‍ത്തി..പ്രാതലിനു ശേഷം മോര്‍ളി ഗലേറിയ എന്ന ഷോപ്പിങ്ങ് മാളിലേക്കുള്ള യാത്രക്ക് മുന്‍പ് ഞങ്ങള്‍ ആ തെരുവിനെ ഒന്നു പ്രദക്ഷിണം വെക്കാന്‍ തീരുമാനിച്ചു.അല്പ്പാല്പ്പമായ് വര്‍ദ്ധിച്ച് വരുന്ന നഗരത്തിരക്കിനെ വകഞ്ഞ് മാറ്റി ഞങ്ങള്‍ തെരുവിലെ കാഴ്ച്ചകളെ സ്വന്തമാക്കാന്‍ തുടങ്ങി..വഴിയില്‍ കണ്ട പൂക്കടകള്‍ ഒന്നാകെ വാങ്ങാന്‍ എന്റെ മനസ്സു തുടിച്ചു..പലവര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പൂക്കളും ,ഓര്‍ക്കിഡുകളും കൂടാതെ ഡെയ്സി,ലില്ലി ,ജറബറ എന്നീ പൂക്കളും ചാരുതയോടെ ബൊക്കെകളായ് അലങ്കരിച്ചിരിക്കുന്നു.തെരുവിലെ ഓരോ മൂലയിലും ഒരു ടവലോ ചെറിയ പെട്ടിയോ വെച്ച് പ്രയമുള്ളവരും ചെറുപ്പക്കാരുമായ കലാകാരന്‍മാര്‍ ഗിറ്റാര്‍ വായിച്ചും ഓര്‍ഗന്‍ വായിച്ചും ഭിക്ഷയെടുക്കുന്നു.. തെരുവിന്റെ നടുവിലെ മേപ്പിള്‍ മരത്തിന്റെ ചുവട്ടിലായി ഒരു വൃദ്ധന്‍ ഇരുന്നു ചിത്ര രചന നടത്തുന്നുണ്ട്..അയാളുടെ ചായത്തൂലികയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ രൂപമെടുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ വശ്യസുന്ദരങ്ങളും ഹൃദയഹാരിയുമായിരുന്നു..അത്രയകലെയല്ലാതെ ദേഹം മുഴുവന്‍ വെള്ളി നിറം പൂശീയ മാലഖയുടെ വേഷമണിഞ്ഞ ഒരു സ്ത്രീയുമുണ്ട്.ആ തെരുവിലെ ഒരു കടയില്‍ നിന്നും അബോര്‍ജിനല്‍ സംഗീതമടങ്ങിയ ഒരു സിഡി വാങ്ങി മകളെനിക്ക് സമ്മാനിച്ചു..പക്ഷെ നേര്‍ക്ക് നേര്‍ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ അബോര്‍ജിനലുകളോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക് ഭയം തോന്നി.ഒരു പക്ഷെ കാമറയും തട്ടിപ്പറിച്ച് അവരോടിയാലോ... 

നഗരത്തിരക്കിപ്പോള്‍ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു...മിക്കവാറും എല്ലാ കുടുംബങ്ങളും അവധി ദിവസം ആഘോഷിക്കാനായ് സന്ധ്യയാകുവോളം സിറ്റിയുടെ പലഭാഗങ്ങളിലും ഉണ്ടാകും ..കൊട്ടിഘോഷിക്കപ്പെടുന്ന മോശമായ ഒരു പാശ്ചാത്യ സംസ്ക്കാരവും എനിക്കവിടെ കാണാനായില്ല..മറിച്ച് കുടുംബങ്ങളും,വൃദ്ധരും ,ചെറുപ്പക്കാരും ഒരു പോലെ ജീവിതത്തെ ആസ്വദിക്കുന്നവരാണെന്നു തോന്നി..ആ സമൂഹത്തിന്റെ പരസ്പ്പരമുള്ള ബഹുമാനവും പരിഗണനയും മനുഷ്യ സ്നേഹവും ഉള്‍ക്കൊണ്ട് ആ തിരക്കിനൊപ്പം ഞങ്ങളും അലിയുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നഗരത്തിന്റെ നിഴലുകളെ സ്വന്തമാക്കിയിരുന്നു.........