Thursday, 29 November 2012

ആത്മാക്കളുടെ താഴ്വരയില്‍



ആത്മാക്കളുടെ താഴ്വരയില്‍ :- (Aussie memoir .part 1)
=======================================
 (മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)                                                                              


കിങ്സ് പാര്‍ക്കിന്റെ താഴ്വരയില്‍ നിന്നും സ്വാണ്‍ റിവറിന്റെ കാഴ്ച്ച...




ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പത് കാലഘട്ടത്തില്‍ പത്രമാധ്യമങ്ങളില്‍ ആശങ്കയോടെ വന്ന ഒരു വാര്‍ത്തയായിരുന്നു സ്കൈലാബ് എന്ന ബഹിരാകാശ പരീക്ഷണശാലയുടെ കാലവധി കഴിഞ്ഞതിനു ശേഷമുള്ള തിരിച്ച് വരവു..മനുഷ്യരില്ലാത്താ ആ പേടകം എവിടെ പതിക്കുന്നുവെന്നതിനെ കുറിച്ച് ഒരു പാടു ഊഹാപോഹങ്ങളായിരുന്നു..  ഇന്ത്യന്‍ മഹാസമുദ്രത്തിലാക്കാന്‍ നടത്തിയ  പരിശ്രമങ്ങള്‍  ശാസ്ത്രജ്ഞരുടെ പ്രതീക്ഷക്ക് വിരുദ്ധമായി എന്നാല്‍ വലിയ മാറ്റമില്ലാതെ തന്നെ അതിനടുത്ത ഒരു പ്രദേശത്ത് സ്കൈലാബ് എന്ന പേടകം പതിക്കുന്നതിനു ഹേതുവായി ..പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ     പെര്‍ത്തിന്റെ പ്രാന്ത പ്രദേശത്താണു അതിന്റെ അവശിഷ്ടങ്ങള്‍ തിരുശേഷിപ്പുകളായി വീണടിഞ്ഞത് .സാന്‍ ഫ്രാന്സിസ്കൊയിലെ ശാസ്ത്രജ്ഞര്‍ ഒരു സമ്മാന വാഗ്ദാനവും അന്നു നല്കിയിരുന്നു അതിന്റെ ഒരു കുഞ്ഞു കഷ്ണമെങ്കിലും മനുഷ്യരുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ അതാദ്യം കിട്ടുന്നയാള്‍ക്ക് പതിനായിരം അമേരിക്കന്‍ ഡോളര്‍  പാരിതോഷികം എന്നു പറഞ്ഞ്..എസ്പരന്‍സ് എന്ന ഗ്രാമത്തിലെ ഒരാട്ടിടയനാണു കയ്യില്‍ കിട്ടിയ അവശിഷ്ടങ്ങളുമായ് ഈ തുക കൈപറ്റാന്‍ ഫ്രാന്സിസ്കോയിലേക്ക് പറന്നത്.. എന്റെ മകളും കുടുംബവും പെര്‍ത്തിലെ  താമസക്കാരയതു കൊണ്ട്  അന്നു പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഈ പ്രദേശം പിന്നീടെനിക്ക് സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചു . 


ഡിസംബര്‍ മാസം മുതല്‍ മേയ് ആദ്യപാദം വരെ ദക്ഷിണാര്‍ദ്ധ രാജ്യങ്ങളിലെ കാലാവസ്ഥ ഗ്രീഷ്മമാണെങ്കിലും പെര്‍ത്തിലെ ചൂട് ആസ്വദിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. മധ്യേഷ്യയിലെ മരുഭൂമിയിലനുഭവിക്കുന്ന താപത്തിന്റെ തോതനുസരിച്ച് അതു ഒന്നുമല്ലായിരുന്നു..കൂടിയ താപം 35 മുതല്‍ 38 ഡിഗ്രി സെല്ഷ്യസ് മാത്രം ..പോരാത്തതിനു ലോകത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കാറ്റു വീശുന്ന നഗരമെന്ന ഖ്യാതിയും പെര്‍ത്തിനു സ്വന്തം .മകള്‍ പലപ്പോഴായി അയച്ച് തന്നിട്ടുള്ള ചിത്രങ്ങളില്‍ നിന്നും അവിടുത്തെ പ്രകൃതി സൌന്ദര്യത്തെ ആസ്വദിക്കണമെന്ന ചിന്ത പിന്നെയൊന്നും നോക്കാതെ  യാത്രക്ക് വേണ്ട ഒരുക്കങ്ങളിലെത്തിച്ചു.ദുബായില്‍ നിന്നും ഡിസംബര്‍ ഇരുപത്തഞ്ചിനു സിംഗപ്പൂര്‍ വഴി ഞങ്ങള്‍ പെര്‍ത്തിലെത്തുമ്പോഴേക്കും ഞങ്ങളുടെ ഏതാനും മണിക്കൂറൂകള്‍ നഷ്ടമായിരുന്നു..ജി.എം ടി അനുസരിച്ച് ദുബായ് ടൈം സോണുമായ്  നാലു മണിക്കൂര്‍ മുന്നിലാണു പെര്‍ത്ത്.. ഇരുപത്തിയാറാം തിയതി ഉച്ചക്കാണു ഞങ്ങളവിടെയെത്തുന്നത്....വലിയ ആര്‍ഭാടങ്ങളില്ലാത്ത ഒരു എയര്‍പോര്‍ട്ട്..ഒറ്റനോട്ടത്തില്‍ മുഷ്കുള്ളവരെന്നു തോന്നുമെങ്കിലും പെരുമാറ്റത്തില്‍ മാന്യരും സൌമ്യരും ആയ ജീവനക്കാര്‍ ..എന്നെ ആകര്‍ഷിച്ചതവിടെ നേരെ കണ്ട ഒരു പരസ്യ ബോര്‍ഡാണ്..ശിശുപീഢനങ്ങള്‍ (ചൈല്‍ഡ് മോളെസ്റ്റെഷന്‍ )അത്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും അവിടുത്തെ കുഞ്ഞുങ്ങള്‍ ആ രാഷ്ട്രത്തിന്റെ സ്വത്താണെന്നും ഉദ്ബോധിപ്പിക്കുന്ന വാചകങ്ങള്‍ ...ഒരു വേള ഞാന്‍ ചില എയര്‍പോര്‍ട്ടില്‍ നമ്മളെ എതിരേല്ക്കുന്ന സ്വര്‍ണ്ണക്കടകളുടെ വര്‍ണ്ണാഭമായ പരസ്യപ്പലകകള്‍ ഓര്‍ത്തു പോയി..

ഓസ്ട്രേലിയയിലേക്ക്  കൊണ്ടു വരുന്ന സാധങ്ങള്‍ എന്തൊക്കെയാവണമെന്ന് അവിടുത്തെ കുടിയേറ്റവകുപ്പ് നിഷ്കര്‍ഷിക്കുന്നുണ്ട്..അതനുസരിച്ച് ചില ധാന്യങ്ങള്‍ ,ക്ഷീരോല്‍പ്പന്നങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ,മരങ്ങള്‍ കൊണ്ടുണ്ടാക്കിയ കൌതുകവസ്തുക്കള്‍ ,സസ്യലതാദികള്‍ തുടങ്ങിയവയൊന്നും അങ്ങോട്ടടുപ്പിക്കാനാവില്ല.ദുബായില്‍ നിന്നുള്ള യാത്രയായതിനാല്‍ ഞങ്ങള്‍ അത്തരത്തിലൊന്നും കരുതിയതുമില്ല ..അതിനാല്‍ തന്നെ ഡിക്ലയര്‍ ചെയ്യാന്‍ ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു.എന്നിരുന്നാലും ഡിക്ലയര്‍ ചെയ്യാനൊന്നുമില്ലെന്ന് യാത്രക്കാര്‍ ബോധ്യപ്പെടുത്തുന്ന ബാഗുകള്‍ അവരുടെ പ്രത്യേക പരിശീലനം കിട്ടിയ ശ്വാനനു മുന്നിലെത്തിക്കുമെന്നത് ലിഖിതനിയമം  ..അവന്‍ തന്റെ നാസരന്ധ്രങ്ങളുടെ വൈഭവം കാണിച്ച് ബാഗുകള്‍ക്കുള്ള വിധി കല്പ്പിക്കും ..ഞങ്ങള്‍ ധൈര്യത്തോടെ ബാഗുകള്‍ ശ്വാനനു മുന്നിലെത്തിച്ചു..എന്റെ മകന്റെ ബാക് പാക്കാണു അവന്‍ വിട്ട് തരാന്‍ വിസമ്മതിച്ചത്.ഓഫീസര്‍ തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മകന്‍ തുറന്നു..ഓഫീസര്‍ ഞങ്ങളെ നോക്കി ചിരിച്ചു എന്നിട്ട് ഒരു ചെറിയ പൊതി ഞങ്ങളെ കാണിച്ചു പറഞ്ഞു അവരുടെ വിശ്വസ്തനെ അലോസരപ്പെടുത്തിയത് ആ പൊതിയുടെ ഗന്ധമാണെന്നു ..മകന്‍ വിശന്നപ്പോള്‍ സിംഗപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ ബര്‍ഗറായിരുന്നു ആ പൊതി..പിന്നീട് ഞങ്ങളെ പോകാനനുവദിക്കുന്ന നേരത്ത് ആ മിടുക്കന്‍ നായയുടെ വായിലേക്ക് ഏതാനും ബിസ്ക്കറ്റുകള്‍ ബ്രാവൊ !! ഗുഡ്ബോയ് എന്നും പറഞ്ഞു അവന്റെ പരിശീലക ഇട്ടു കൊടുക്കുന്നുണ്ടായിരുന്നു..

പുറത്തേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ചൂടൊന്നും മധ്യാഹ്നമായിരുന്നിട്ടും അനുഭവപ്പെട്ടില്ല..ഞാന്‍ മോളോട് അദ്ഭുതത്തോടെ ചോദിച്ചു ഇതാണോ നീ പറഞ്ഞ് പേടിപ്പിച്ച ചൂട്..ഒരു പൊട്ടിച്ചിരിയോടെ അവള്‍ പ്രതികരിച്ച് തുടങ്ങി..ഇല്ല ഉമ്മ എനിക്കറിയാം ദുബായിയെ അപേക്ഷിച്ച് ഇതൊന്നുമല്ലെന്നു..എന്നാലും ഇതാണു ഇവിടുത്തെ കഠിനചൂട്..അന്തരീക്ഷത്തിന്റെ ഊഷ്മാവനുസരിച്ച് പുഴുക്കത്തിന്റെ തോത് വളരെ കുറഞ്ഞതാണു..പക്ഷെ സൂര്യ കിരണത്തിന്റെ കുത്തുന്ന പൊള്ളലാണു കരുതിയിരിക്കേണ്ടത്..നല്ല സുഖമുള്ള കാറ്റും പുഴുക്കമില്ലായ്മയും ആളുകളെ കൂടുതല്‍ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുമെങ്കിലും അപകടകാരികളായ സൂര്യ രശ്മികളാണു ശരീരത്തില്‍ തുളച്ച് കയറുന്നത്..തൊലിപ്പുറത്തെ അര്‍ബുദത്തിനു കാരണമാകുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിലൂടെ വികിരണം ചെയ്യപ്പെടുന്നു....എന്തായാലും പുറത്തിറങ്ങാതെ ഇരിക്കാനാവില്ല...നേരിട്ട് സൂര്യരശ്മികളേല്‍ക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്നു മാത്രം ....സണ്‍ ബാത്ത് ചെയ്യുക ,ഏറെ നേരം വെയിലത്ത് ജോലിയെടുക്കുക ഇതൊക്കെ കുറക്കാന്‍ കടുത്ത വേനലില്‍ സര്‍ക്കാരും മുന്നറിയിപ്പ് നല്കാറുണ്ട്..

ഞങ്ങളുടെ വരവു പ്രമാണിച്ച് മക്കള്‍ ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കയായിരുന്നു..മരുമകന്‍ വളരെ സമയ ബന്ധിതമായ ട്രാവല്‍ ഐറ്റിനറി തന്നെ  തയ്യാറാക്കി വെച്ചിരുന്നു..ആ ഷെഡ്യൂള്‍ പ്രകാരം സമയം നഷ്ടപ്പെടുത്താതെ ഓരോ ദിവസങ്ങളിലും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞങ്ങളോട് നിര്‍ദ്ദേശിച്ചു..ചെന്ന അന്നു വൈകുന്നേരം തന്നെ പെര്‍ത്തിലെ പിതൃക്കളുറങ്ങുന്ന കിംഗ്സ് പാര്‍ക്ക് കാണാന്‍ പോയി..സ്വാണ്‍ റിവറിനു മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പുഴയില്‍ നീന്തി തുടിക്കുന്ന അരയന്നങ്ങളെ മകള്‍ കാണിച്ചു തന്നു..വെളുത്ത നിറത്തിലുള്ളതും കറുത്തത നിറത്തിലുള്ളതുമായ സാമാന്യം നല്ല വലിപ്പമുള്ള അരയന്നങ്ങള്‍ ...കൊക്കുരുമ്മിയും ഓളപ്പരപ്പില്‍ നിന്നും തെല്ലു പൊങ്ങിപ്പറന്നും നീരാടുന്നു...സായന്തന മേഘങ്ങള്‍ പുഴക്ക് മേലെ മേയുന്നുണ്ട്...ശോണവര്‍ണ്ണത്തിലുള്ള സന്ധ്യാംബരത്തില്‍ പഞ്ഞിത്തൂളുകളെന്നു തോന്നുന്ന മേഘക്കുഞ്ഞുങ്ങള്‍ ദൂരെ കാണുന്ന മാമലകളെ ലക്ഷ്യമാക്കി നീങ്ങുന്നുമുണ്ട്..

കിംഗ്സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നഗരാതിര്‍ത്തിയില്‍ ഇത്തിരി ഉയര്‍ന്ന ഒരു ഭൂപ്രദേശമായ എലിസ മലനിരകളുടെ താഴ്വാരത്തിലാണ് .ആയിരത്തിമുന്നൂറ് ഏക്കറോളം പരന്നു കിടക്കുന്ന അതു വെറുമൊരു പൂങ്കാവനമല്ല..അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം മയങ്ങുന്ന അഥവാ ചരിത്രം സംസാരിക്കുന്ന ഒരു ആരണ്യകം തന്നെയാണ്..എണ്‍പതില്‍ പരം പക്ഷികളും മുന്നൂറ്റിപത്തൊമ്പതില്‍ കൂടുതല്‍ തദ്ദേശ വൃക്ഷങ്ങളും പേരറിയാത്ത വള്ളിപ്പടര്‍പ്പുകളും യഥേഷ്ടം കാണാനാവുന്ന ഈ ഉദ്യാനം വലുപ്പത്തില്‍ ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കിനേക്കാളും വിശാലമാണ്..1872 ല്‍ പെര്‍ത്ത് പാര്‍ക്ക് എന്ന പേരില്‍ രാജ്യത്തിനു സമര്‍പ്പിച്ച ഉദ്യാനം പിന്നീട് എഡ്വേര്‍ഡ് ഏഴാമന്റെ കാലത്ത് 1901 ല്‍ കിംഗ്സ് പാര്‍ക്കായ് നാമകരണം ചെയ്യപ്പെട്ടു..സ്റ്റേറ്റ് വാര്‍ മെമ്മൊറിയലായി ഇന്നു ബഹുമാനിക്കുന്ന ഈ ഉദ്യാനത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 25 നു ആന്‍സാക് ഡേ എന്ന പേരില്‍ ആചരിക്കുന്നു..രാജ്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികളുടെ ഓര്‍മ ദിവസമായി പുലര്‍ച്ചെ അഞ്ചര മണിക്ക് ഏകദേശം നാല്പ്പതിനായിരത്തോളം ആളുകള്‍ ഡോണ്‍ സെര്‍വീസ് (പ്രഭാത കൂദാശ) നടത്തുവാന്‍ ഒത്തു ചേരുന്നു....ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ഈദു ഗാഹായും പെര്‍ത്തിലെ ഇസ്ലാം മത വിശ്വാസികള്‍   കിംഗ്സ്  പാര്‍ക്കിന്റെ ഒരു ഭാഗത്തെ ഉപയോഗിക്കാറുണ്ട്..

കാടിനു മുകളില്‍ നിന്നും ഇരുള്‍ പതുക്കെ താഴ്വാരത്തിലേക്കരിച്ചിറങ്ങുന്നുണ്ട്..നടപ്പാതകള്‍ക്കിരു വശങ്ങളിലും തലയുയര്‍ത്തി നില്കുന്ന ഓക്ക് മരങ്ങളില്‍ പലവര്‍ണ്ണങ്ങള്‍ ദേഹത്ത് പൂശിയ തത്തകള്‍ ചേക്കേറാനായ് കലപില കൂട്ടി എത്തുന്നുണ്ട്..ഞങ്ങള്‍ അതിശയത്തോടെ ഈ കാഴ്ചകളില്‍ മതി മറന്നു നീങ്ങി.ഓരോ മരങ്ങള്‍ ക്ക് മുന്നിലും നാട്ടിയിരിക്കുന്ന പേരുകള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ..ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും വിയറ്റ്നാം കൊറിയന്‍ യുദ്ധങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ച് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച സൈനികരുടെ പേരാണു അതില്‍ എഴുതിയിരിക്കുന്നത്.ഓരോ രക്തസാക്ഷികളുടേയും ഓര്‍മ്മക്കായ് ഓരോ മരങ്ങള്‍ ..മാത്രമല്ല നടപ്പാതകളില്ലെ ചുണ്ണാമ്പു കല്ലിലും അവരുടെ പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.കൂടാതെ പാര്‍ക്കിനു ഏകദേശം നടുവിലായ് ഒരു സ്മൃതിമണ്ഡപസ്തൂപം ..അതിനു ചുറ്റുമുണ്ട് രക്തസാക്ഷികളുടെ പേരുകള്‍ ..ഗതകാലത്തിന്റെ കൊടും പീഠകള്‍ അയവിറക്കി ഓരോ പേരുകളും തുറിച്ച് നോക്കുന്നത് പോലെ.. ജീവിച്ച് കൊതി തീരാതെ മരണത്തെ വരിച്ചവര്‍ ..അവരുടെ പ്രണയം പിതൃത്വം വാത്സല്യം എല്ലാം കാലത്തെ സാക്ഷിയാക്കി ഒടുങ്ങിയിരിക്കുന്നു...അടുക്കിയടുക്കി വെട്ടിയ പാതയോരങ്ങളില്‍ നിന്നും നദിയുടെ മനോഹര ദൃശ്യം അനുഭവിക്കാനായ് ഞങ്ങള്‍ കുറച്ച് നേരം അവിടെ കണ്ട ബെഞ്ചുകളില്‍ നദിക്കഭിമുഖമായിരുന്നു..നദിക്കപ്പുറം നഗരത്തിന്റെ പ്രകാശധവളിമ കാണാനുണ്ടായിരുന്നു....സാന്ധ്യരാഗങ്ങളില്‍ തുടുത്ത് നില്കുന്ന അരയന്നങ്ങളുടെ നദി..നദിക്കിരുവശവും സഞ്ചാരയോഗ്യമായ നടപ്പാതയും സൈക്കിള്‍ പാതയും ..ക്രിസ്മസ്സ് കാലമായതിനാല്‍ കൂറ്റന്‍ ക്രിസ്മസ്സ് മരങ്ങള്‍ ദീപാലംകൃതമായിരിക്കുന്നു.ഞാനാദ്യം സംശയിച്ചു ക്രിസ്സ്മസ്സ് മരങ്ങള്‍ കൃത്രിമമാണൊ എന്നു .അടുത്തു ചെന്നപ്പോഴാണു വിസ്തൃതമായ കാണ്ഡത്തോടേയുള്ള ജീവനുള്ള മരമാണതെന്നു മനസ്സിലായത് ..ദേവദാരുക്കളും ക്രിസ്സ്മസ്സ് മരങ്ങളും ഓക്കും ജക്കറാന്തയും പാതയോരങ്ങളെ വശ്യസുന്ദരമാക്കിയിരിക്കുന്നു..നിറയെ ഇളം വയലറ്റ് പൂക്കുലകള്‍ പേറിയ ജക്കറാന്ത മൂവന്തി നേരത്ത് വീഥികളില്‍ വര്‍ണ്ണാഭമായ ശിരോവസ്ത്രമണിഞ്ഞവളെ പോലെ തോന്നിച്ചു..


ഇരുള്‍ പരന്നിട്ടും സന്ദര്‍ശകരുടെ വരവ് നിലച്ചിട്ടില്ല..ഓരോ വര്‍ഷവും അമ്പത് ലക്ഷത്തോളം ആളുകള്‍ ഈ പാര്‍ക്കില്‍ സന്ദര്‍ശകരായെത്താറുണ്ട് പോലും ..കുട്ടികളും മാതാപിതാക്കളും ,കമിതാക്കളും ,സുഹൃത്തുക്കളും വൃദ്ധരും അടങ്ങുന്ന ഒരു പാട് മനുഷ്യര്‍ പാര്‍ക്കിന്റെ പലയിടങ്ങളിലായ് ചിതറി നടക്കുന്നുണ്ട്..ചുരുക്കം ചിലര്‍ ഒറ്റക്ക് നദിയിലേക്ക് ദൃഷ്ടി പായിച്ച് ഏകാന്തത ആസ്വദിക്കുന്നുണ്ട്..
ഒരു പറ്റം പെണ്‍കുട്ടികള്‍ ഉറക്കെ ചിരിച്ചും ആഹ്ലാദിച്ചും ഞങ്ങളുടെ അടുത്ത് കാറില്‍ നിന്നും ഇറങ്ങി..അതിലൊരുവള്‍ മരുമകന്റെ അടുത്ത് വന്നു അവളുടെ കാമറ നീട്ടി ഒരു ഫോട്ടൊ എടുത്തു കൊടുക്കാനാവശ്യപ്പെട്ടു..കാറിനു മുകളിലും ബോണറ്റിലും ഒക്കെ ഇരുന്നു പോസ് ചെയ്തു..അവരിലൊരു പെണ്‍കുട്ടിയുടെ ബ്രൈഡല്‍ ഷവര്‍ ആണു പോലും അന്നു..(നമ്മുടെ മൈലാഞ്ചിക്കല്യാണം  പോലെ)അതാഘോഷിക്കാന്‍ അവര്‍ തിരഞ്ഞെടുത്തത് ഇരുട്ടില്‍ ആത്മാക്കളുടെ ദുരൂഹതകള്‍ നിറഞ്ഞ കഥ പറയാന്‍ വെമ്പുന്ന ഈ ഉദ്യാനത്തേയും ..മണിക്കൂറുകളോളം മേഘങ്ങള്‍ക്കൊപ്പം ചിലവഴിച്ചതിന്റെ ജെറ്റ്ലാഗ് എന്ന പ്രതിഭാസം എന്നെ തളര്‍ത്താന്‍ തുടങ്ങി..ഇപ്പോള്‍ രാവ് തന്റെ കറുത്ത കമ്പളം  താഴ്വാരത്തെ പുതപ്പിച്ചിരിക്കുന്നു.സുഷുപ്തിയിലേക്ക് ആ കാനനം അലിയും മുന്‍പേ വീടെത്താമെന്ന് ഓര്‍ത്ത്.പറഞ്ഞ് തീര്‍ക്കാന്‍ ഇനിയും ഒരു പാടുണ്ടെന്നു ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വൃക്ഷങ്ങളെ തലോടി ഞങ്ങള്‍ പതുക്കെ ഞങ്ങളുടെ വാഹനത്തിനടുത്തേക്ക് നീങ്ങി..അകലെ ഏതോ ഒരു കാട്ട് താറാവ് അതിന്റെ ഇണയോടപ്പോള്‍  പരിഭവിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു..



                                                                                                       വാര്‍ മെമോറിയല്‍ സ്തൂപം :-
കിങ്സ് പാര്‍ക്കില്‍ വിരിഞ്ഞ് നില്ക്കുന്ന കാട്ടു പൂക്കള്‍ 

                                          

Monday, 1 October 2012

വേദവതിയുടെ വി.കെ.എന്‍ ..

വി.കെ.എന്റെ പത്നിയോടൊപ്പം ..മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്..:-



ഗായത്രി പുഴയും കടന്നു വില്വാദ്രിനാഥന്റെ ഗേഹവും ചുറ്റി  തിരുവില്വാമല ചുങ്കത്ത് നിന്നും പടിഞ്ഞാറോട്ട് നീളുന്ന ഇരുവശങ്ങളിലും വൃക്ഷനിബിഡമായ നാട്ടുപാത ..പാതയുടെ വലത് വശത്ത് നിന്നും ഉള്ളിലോട്ട് നയിക്കുന്ന ചെങ്കല്‍പ്പാത അവസാനിക്കുന്നത് നിളയുടെ പുളിനത്തെ തഴുകുന്ന കാറ്റിന്റെ സാന്ത്വനമേറ്റ് പഴയ പ്രതാപത്തിന്റേയും പ്രൌഢിയുടെയും നൂറ്റമ്പത് വര്‍ഷത്തെ പാരമ്പര്യത്തിന്റെയും ഗാഥകളോതി കൊണ്ട്  ഒരേക്കറോളം പരന്നു കിടക്കുന്ന തൊടിക്കുള്ളില്‍  തലയെടുപ്പോടെ നില്‍ക്കുന്ന വടക്കേ കൂട്ടാല തറവാട് മുറ്റത്താണ്..അവിടവിടെയായി മയിലുകള്‍ മേയുന്ന മുറ്റത്ത് ഞാനെത്തുന്നത് ചിങ്ങത്തിലെ വിശാഖം നാളില്‍ .മുറ്റത്തൊരുക്കിയ കുഞ്ഞുപൂക്കളത്തിലെ ചെമ്പരത്തിയും ശംഖുപുഷ്പ്പവും മന്ദാരവുമൊക്കെ ഇടയിലെപ്പോഴൊ പെയ്ത ചാറ്റല്‍ മഴയില്‍ സ്ഥാനം തെറ്റിക്കിടക്കുന്നു...മധ്യാഹ്ത്തിന്റെ ആലസ്യത്തില്‍ മുറ്റത്തെ മൂവാണ്ടന്‍ കൊമ്പില്‍ മയങ്ങാന്‍ തിടുക്കം കാട്ടുന്ന കാറ്റ്.നിശ്ശബ്ദതതയെ ഭേദിച്ച് ആഹ്ലാദത്തോടെ ചിലച്ച് കൊണ്ട് തൊടിയിലെ വാഴക്കയ്യിലിരുന്ന ഒരണ്ണാറക്കണ്ണന്‍ ഞങ്ങളെ നോക്കി മുന്നിലൂടെ ചാടിയോടി..ആരുമുണ്ടാവില്ലെ എന്ന ശങ്കയോടെ പടി കയറുമ്പോഴേക്കും അകത്ത് നിന്നും സ്നേഹത്തോടെയുള്ള ക്ഷണവുമായ് ആ വീടിന്റെ മരുമകളും മകളുമൊക്കെയായ രമ മുറ്റത്തേക്കിറങ്ങി വന്നു..ആശ്വാസത്തോടെ ഞാന്‍ കറുത്ത ചാന്തിട്ട് മിനുക്കിയ നീളന്‍ കോലായിലേക്ക് കയറി..എന്റെ ഭര്‍തൃ സഹോദരി ലൈലയും    ഭര്‍ത്താവ് ഡോക്ടര്‍ സാലിം ആയും സുദൃഢബന്ധമുള്ള ആ കുടുംബത്തെ ഞാനാദ്യം കാണുന്നത് മാസങ്ങള്‍ ക്ക് മുന്‍പ് ലൈലയുടെ വീട്ടില്‍ വെച്ചായിരുന്നു..അന്നു കണ്ട മുഖപരിചയത്തില്‍ ലൈലച്ചേച്ചിയുടെ ബന്ധുവല്ലെ എന്നു പറഞ്ഞെന്നെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ ആ തറവാടിന്റെ ആതിഥ്യമര്യാദ  എനിക്ക് മുന്നില്‍ സ്പഷ്ടമായി..അമ്മയെ കാണാന്‍ കഴിയില്ലെ എന്ന എന്റെ ചോദ്യം അവസാനിക്കുന്നതിനു മുന്‍പെ  ചിരി നിറഞ്ഞ മുഖവുമായ് ചിരിയുടെ മഹാരാജാവിന്റെ അമ്പത് വര്‍ഷത്തെ സഹയാത്രികയും  മേതില്‍ കുടുംബാംഗവുമായ വേദവതി അമ്മ അകത്തളത്തില്‍ നിന്നും ഇറങ്ങി വന്നു..കൈപ്പിടിച്ച് ഊണുകഴിച്ചിട്ടില്ലെങ്കില്‍ ഊണു കഴിക്കാം എന്നു നിര്‍ബന്ധിച്ച നേരത്ത് റമദാനു ശേഷമുള്ള അധികപുണ്യവ്രതത്തിലാണു ഞാനെന്നറിയിച്ചപ്പോള്‍  ആ മുഖത്ത് കണ്ട വാല്‍സല്യം ഒരു പക്ഷെ ഇതിനു മുന്‍പൊരിക്കലും ഞാനനുഭവിച്ചിട്ടില്ലാത്തതായിരു്നു .ഒരുച്ചയുറക്കത്തെ അലോസരപ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് ഞാനവരുടെ വിശേഷങ്ങള്‍ ആരായാന്‍ തുടങ്ങി..."സാരല്യ കുട്ട്യേ ..ഉറക്കം ഇനിയുമാവാം ..കുട്ട്യോടിത്തിരി മിണ്ടിയിരിക്ക്യാലോ" എന്നവര്‍ പറയുമ്പോള്‍ എന്റെയുള്ളില്‍ ഒരു നൊമ്പരം ..അവരനുഭവിക്കുന്ന ഏകാന്തത ഞാനറിഞ്ഞ നിമിഷമായിരുന്നു അത്.. തൊടിയില്‍ ഭയം ലവലേശമില്ലാതെ കൊത്തിപ്പെറുക്കുന്ന മയിലുകളെ നോക്കി ഞാനമ്മയോട് സംസാരിക്കാന്‍ തുടങ്ങി..വിശേഷങ്ങളില്‍ നിറഞ്ഞ് നിന്നത് വീകെയെന്‍ എന്ന അമ്മയുടെ ജീവിത പങ്കാളിയും അദ്ദേഹത്തിന്റെ ഇഷാനിഷ്ടങ്ങളും മാത്രം ...സംഭാഷണ മധ്യേ ഓര്‍മ്മ വന്ന പോലെ ആ പരിഭവം .."എന്തെ വീകെയെന്‍ ജീവിച്ചിരിക്കുമ്പൊ കുട്ടി വന്നില്യാ"...മൂന്നു മണിക്കൂറിനുള്ളില്‍ പലവുരു ഇതാവര്‍ത്തിക്കപ്പെട്ടു..കുറ്റബോധത്തൊടെ അപ്പോഴൊക്കെ ഞാന്‍ ഖേദവും പ്രകടിപ്പിച്ചു..ഓരോ പ്രാവശ്യവും ആ അമ്മയുടെ വാല്‍സല്യമായിരുന്നു ഞാനാ പരിഭവത്തിലൂടെ അനുഭവിച്ചത്.. 


തിരുവില്വാമലയിലെ വടക്കെ കൂട്ടാല തറവാട്ടിലെ ഏകസന്തതി നാരായണന്‍ കുട്ടി നായരുടെ ആഗ്രഹം ഒരു സൈനികനായി ദേശത്തെ സേവിക്കുക എന്നതായിരുന്നു.ആവശ്യത്തിലേറെ കായികക്ഷമതയും ചങ്കുറപ്പുമുള്ള ആ യുവാവിനു പട്ടാളത്തില്‍ തന്റെ യോഗ്യതക്കനുസരിച്ച ഒരു പദവിയുണ്ടെന്നറിഞ്ഞിട്ടും തന്റെ ആഗ്രഹം സാധിപ്പിക്കാനായില്ല .തറവാടിന്റെ ഒരേയൊരാണ്‍തരിയെ കണ്ണെത്താ ദൂരത്ത് തോക്കുകള്‍ക്ക് മുന്നിലേക്ക് പറഞ്ഞു വിടാന്‍ വിധവയായ അമ്മയും ജന്മികളയിരുന്ന അമ്മാവന്‍മാരും തയ്യാറായില്ല എന്നതാണ് സത്യം ..അതോടെ വി കെ എന്നിന്റെ സൈനികമോഹം മുളയിലെ വാടിവീണു.ഏഴെട്ട് വയസ്സു മുതല്‍ വായനാ തല്പ്പരനായിരുന്ന അദ്ദേഹം മെട്രിക്കിനു ശേഷം പതിനേഴാമത്തെ വയസ്സില്‍ ദേവസ്വത്തില്‍ ഉദ്യോഗസ്ഥനായി..പത്തു വര്‍ഷം അവിടെ ഉദ്യോഗത്തിലിരുന്നു..1954  ഫെബ്രുവരി പതിനൊന്നാം തിയതി  25 മത്തെ വയസ്സില്‍ ആലത്തൂര്‍ പുതിയങ്കത്തെ മേതില്‍ കല്യാണിയമ്മയുടേയും കോടോത്ത് ചന്ദ്രശേഖരന്‍ നമ്പ്യാരുടേയും മകളായ 20 വയസ്സുകാരി വേദവതിയെ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നിറ സന്ധ്യയെ സാക്ഷിയാക്കി താലിചാര്‍ത്തി ജീവിതസഖിയാക്കി.."അന്നത്തെ രാത്രി ഗുരുവയൂര്‍ തന്നെ ആയിരുന്നു.".ഇതും പറഞ്ഞ അമ്മയുടെ കണ്ണില്‍ യൌവനത്തിളക്കം ..ചെറുതായൊന്നു മന്ദഹസിച്ചവര്‍ തുടര്‍ന്നു."അന്നൊക്കെ രാത്രിക്കല്യാണങ്ങള്‍ പതിവായിരുന്നുട്ടോ..പിറ്റെ ദിവസമാണ്. ഞാന്‍ വടക്കെ കൂട്ടാല തറവാട്ടിലേക്ക് വന്നത്..വീക്കെയെന്‍ ജനിച്ച തറവാട്..അതിന്റെ ഏക അവകാശിയും അദ്ദേഹം തന്നെ"..അമ്മ തന്റെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടിരിക്കെ ഇടക്കെപ്പോഴൊ കണ്ഠമിടറി കൊണ്ട് പറഞ്ഞു "അദ്ദേഹം ജനിച്ച വീട്ടില്‍ വെച്ചന്നെ മരണപ്പെടുകയും ചെയ്തു"..ഞാന്‍ പതുക്കെ ആശ്വാസ വാക്കുകളെ പരതി..പിന്നെ വികാരഭരിതമായ ആ നിമിഷത്തെ തീര്‍ത്തും മറച്ചു കൊണ്ടൊരു ചോദ്യം അമ്മക്ക് മുന്നില്‍ ഇട്ടു കൊടുത്തു.."അമ്മയെ പ്രണയപൂര്‍വം എന്താണു അദ്ദേഹം സംബോധന ചെയ്തിരുന്നത്?"...തലയാട്ടി തികച്ചും നിഷ്കളങ്കതയോടെ "എന്നെ  വേദാ ..വേദേ..വേദവതി എന്നൊക്കെ തന്ന്യാ വിളിച്ചിരുന്നത്"..എന്റെ അടുത്ത ചോദ്യത്തിനൊപ്പം വീണ്ടും അമ്മ വിവാഹത്തിന്റെ മധുവിധു നാളുകളിലേക്ക് തിരിച്ചു വന്നു."അദ്ദേഹം കവിതകളും പാട്ടുകളും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നല്ലോ അമ്മക്ക് വേണ്ടി ഏതെങ്കിലും ഒരു പ്രത്യേക ഗാനമോ കവിതയോ മൂളാറുണ്ടായിരുന്നോ? " ...."അതെ കല്യാണനാളുകളില്‍ എപ്പഴും പാടുന്ന പാട്ടായിരുന്നു ചങ്ങമ്പുഴയുടെ രമണന്റെ വരികള്‍ .."കാനനഛായയിലാടു  മേയ്ക്കാന്‍ ഞാനും വരട്ടേയോ നിന്റെ കൂടെ എന്നിങ്ങനെ പാടിക്കൊണ്ടിരിക്കുമായിരുന്നു  .."ഇതു പറയുമ്പോള്‍ ആ മുഖം ഒന്നു കൂടെ പ്രകാശിച്ചു..മിഴികളെ മൂടിയ തിമിരത്തിന്റെ നേര്‍ത്ത പാളികളില്‍ അപ്പോഴും മിന്നിമറയുന്നുണ്ട് ഒരായിരം വര്‍ണ്ണങ്ങളില്‍ നെയ്ത പ്രണയസ്വപ്നങ്ങള്‍ ..


എപ്പോഴും റേഡിയോ ശ്രവിക്കുന്ന സ്വഭാവമുള്ളയാളാണ് വീകെയെന്‍ .റേഡിയോ സ്റ്റേഷന്‍ തുറന്നു പാതിരാവില്‍ അടക്കുന്നത് വരെ..എല്ലാ പരിപാടികളും കേള്‍ക്കുമത്രെ  ..ഇതിനിടയില്‍ രമ പറയുന്നുണ്ട് "അച്ചന്‍ വയലും വീടും എന്ന പരിപാടി കേട്ടിട്ടതില്‍ നിന്നുമുണ്ടായ നാട്ടറിവുകളില്‍ നിന്നാണു നെല്‍ വിത്തിനെ കുറിച്ചുള്ള കഥകളെഴുതിയത്."അതു പോലെ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളില്‍ ഒന്നായിരുന്നു ജാനകിയമ്മ പാടിയ പ്രിയ സുഹൃത്തും കവിയും സിനിമാഗാന രചയിതാവുമായ വയലാറിന്റെ പ്രശസ്ത വരികള്‍ "മഞ്ഞണി പൂനിലാവില്‍ പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ച് വെച്ച് നീരാടുമ്പോള്‍ " പ്രായമായപ്പോള്‍ ചിരി തത്തിക്കളിക്കുന്ന ചുണ്ടിലെപ്പോഴുമുണ്ടായിരുന്ന ഒരു ഗാനശകലം ​."അതു പോലെ തന്നെ പരിണയം സിനിമയിലെ "പാര്‍വണേന്ദു മുഖി പാര്‍വതി "എന്ന ഗാനവും അച്ചനു വലിയ ഇഷ്ടമായിരുന്നു..എന്നാല്‍ ഇപ്പോഴത്തെ കവിതയില്ലാത്ത ഗാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു.അച്ചന്റെ ഓര്‍മകളിലൂടെ ഒഴുകുമ്പോള്‍ രമയുടെ മുഖത്തും സന്തോഷത്തിന്റെ വേലിയേറ്റം .

ഇതിനിടയില്‍ അമ്മയോട് ഡല്‍ഹിയിലെ ജീവിതത്തെ കുറിച്ച് ഒന്നു പറയാമോ എന്നു ഞാന്‍ ചോദിച്ചു..പത്തു വര്‍ഷത്തിനു ശേഷമാണ്   ദേവസ്വം ബോര്‍ഡിലെ തന്റെ  ആദ്യ ഉദ്യോഗമുപേക്ഷിച്ച്‌ ഡല്‍ഹിയില്‍ ഇംഗ്ലീഷ് പത്രത്തിലെ ജോലിയില്‍ അദ്ദേഹം പ്രവേശിച്ചത്..പിന്നെ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ റേഡിയോവിലും ജോലി നോക്കിയിട്ടുണ്ട്.അവിടെ വെച്ച് ഒ.വി .വിജയന്‍ ,എം മുകുന്ദന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ സമകാലീനനായ് ഒരു ദശവല്‍സരം  കൂടി.കഴിഞ്ഞു..അന്നത്തെ ഒഴിവു ദിന വൈകുന്നേരങ്ങള്‍ വീകെയെന്നിന്റെ വീട് സാഹിത്യ സഭകളുടെ നിറസ്സാന്നിധ്യമായി മാറിയിരുന്നു.അതിഥിസല്കാരപ്രിയനായിരുന്ന അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചെത്തുന്നവര്‍  വേദയുടെ കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകള്‍ മനസ്സിലാക്കി നിത്യ സന്ദര്‍ശകരായി എത്തിയിരുന്നു പോലും ..മക്കള്‍ അന്നവിടെ പ്രൈമറി വിദ്യഭ്യാസം ചെയ്യുകയായിരുന്നു.മകള്‍ രഞ്ജനയും മകന്‍ ബാലചന്ദ്രനും ..പിന്നീട് തറവാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ തട്ടകം ഇതൊന്നുമല്ല എന്നു മനസ്സിലാക്കി സമ്പൂര്‍ണ്ണ എഴുത്തുകാരനായ് മാറുകയായിരുന്നു വടക്കേ കൂട്ടാല നാരായണന്‍ നായര്‍ എന്ന വി.കെ .എന്‍ ...തറവാട്ടില്‍ സ്ഥിരമാക്കിയതിനു ശേഷം സന്ദര്‍ശകരുടെ എണ്ണം കൂടിയതേയുള്ളൂ .ചുമരില്‍ കണ്ട ഒരു പഴയ ഫോട്ടൊ..വൈക്കം മുഹമ്മദ് ബഷീറും വി.കെ.എന്നും .അപ്പോഴാണു ഹാസ്യ സാമ്രാട്ടിന്റെ ബേപ്പൂര്‍ സുല്‍ത്താനുമായുള്ള ചങ്ങാത്തത്തെ കുറിച്ച്  അമ്മ വാചാലയായത്. "ഒരിക്കല്‍ ബഷീര്‍ വന്നിട്ട് മേശപ്പുറത്തൊന്നും വേണ്ട ഞങ്ങള്‍ക്കീ കോലായില്‍ മതി എന്നു പറഞ്ഞ്   ഇവിടെ തഴപ്പായ വിരിച്ചതില്‍ ഇരുന്നു ഞാനുണ്ടാക്കിയ സദ്യ ഉണ്ടിട്ടുണ്ട്."അഴികളിലൂടെ മഴത്തുള്ളികള്‍ വന്നു പതിക്കുന്ന ഇറയത്തെ നോക്കി ഒരു മന്ദസ്മിതത്തോടെ അമ്മ ഇരുന്നു..നര്‍മ്മവും തത്വവും വരികളിലൂടെ അനുവാചകനു വിളമ്പിയ രണ്ട് അക്ഷരസ്നേഹികള്‍ ..അവരുടെ സൌഹൃദം പക്ഷെ തങ്ങളുടെ രചനകളില്‍ പരസ്പ്പരം സ്വാധീനമുണ്ടാക്കിയിട്ടില്ല.ബഷീറിയന്‍ നര്‍മ്മ ശൈലിയില്‍ നിന്നും വേറിട്ടതാണ്. വീക്കെയെന്നിന്റെ ശൈലി..രണ്ടും വായനക്കാരന്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചത് തന്നെ..രമ ചിരിച്ച് കൊണ്ട് പറയുന്നുണ്ട് വില്വാദ്രിനാഥനെ കാണാന്‍ വരുന്നവര്‍ വി.കെ എന്നിനെ കാണതെ പോകാറില്ല എന്നു ഇവിടങ്ങളില്‍ ഒരു പ്രയോഗം തന്നെയുണ്ട്..ഒരു കാലത്ത് ഈ മുറ്റം നിറയെ അച്ചനെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു. കരിയിലകള്‍ മഴ വെള്ളത്തില്‍ കുതിര്‍ന്നു കിടക്കുന്ന നടുമുറ്റത്തപ്പോള്‍ ഓണത്തുമ്പികള്‍ വട്ടമിടുന്നുണ്ടായിരുന്നു....



ഞാന്‍ അദ്ദേഹത്തിന്റെ രചനയുടെ രീതിയെ കുറിച്ചറിയാനാഗ്രഹിച്ചു. ആ നീണ്ട വരാന്തയുടെ അറ്റത്തെ ഒരെഴുത്ത് മേശയും കസേരയും നോക്കി അങ്ങോട്ട് വിരല്‍ ചൂണ്ടി അമ്മ പറഞ്ഞു തുടങ്ങി.." ചിലപ്പോള്‍ ഇവിടെ ഇരുന്നെഴുതും ..മിക്കവാറും എഴുത്തിനു തിരഞ്ഞെടുക്കുന്നത് മുകളിലത്തെ നിലയിലുള്ള മുറിയിലെ ഇടവഴിയിലേക്ക് തുറക്കുന്ന ജനലിനടുത്തിരുന്നാണ്.ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുന്നവരുണ്ടെങ്കില്‍ അവരെ കാണാന്‍ പാകത്തില്‍ ..കടലാസുകളില്‍ അവിടവിടെയായി മനസ്സിലുദിച്ച ആശയങ്ങളെ വിന്യസിക്കുന്നു..പിന്നീടെല്ലാം കൂടി അടുക്കി ചിട്ടപ്പെടുത്തുന്നു..ചില ദിവസങ്ങളില്‍ വല്ലാത്തൊരുല്‍ക്കണ്ഠയും നീരസവുമൊക്കെ പ്രകടിപ്പിക്കും ..വിചാരിച്ച രീതിയില്‍ പിടി തരാതെ വിരല്‍ തുമ്പിലെ അക്ഷരങ്ങള്‍ വഴുതി കളിക്കുമ്പോഴാണു അദ്ദേഹം അസ്വസ്ഥനാകുന്നത്.. എല്ലാം വരുതിയിലെത്തിയാല്‍ ആ മുഖം സന്തോഷം കൊണ്ട് പൂര്‍ണ്ണ ചന്ദ്രനെ വെല്ലും ..പിന്നെ സ്വത സിദ്ധ്മായ ശൈലിയില്‍ തന്റെ വേദയോട് പറയും ഹാവൂ  ഒന്നു ശര്‍ദ്ദിച്ച സുഖം ..ഇതു പറഞ്ഞ് അമ്മ പൊട്ടിച്ചിരിച്ചു..അമ്മക്കൊപ്പം എനിക്കും ചിരിയടക്കാനായില്ല. കാരണം അമ്മ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുമ്പോഴൊക്കെ ആ അദൃശ്യ സാന്നിധ്യം എനിക്ക് മുന്നില്‍ ഒരു ചിരിയോടെ  ഇരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..

നര്‍മ്മത്തിന്റെ താന്ത്രികന്‍ എപ്പോഴും അങ്ങനെയായിരുന്നുവോ..ഫലിതങ്ങള്‍ പറഞ്ഞ്..?"ഏയ് അല്ല..അങ്ങനെ എപ്പഴും തമാശകള്‍ പറയാറില്ല"...എഴുതുന്നത് അമ്മയെ കാണിക്കുകയോ വായിച്ചഭിപ്രായം പറയാന്‍ ആവശ്യപ്പെടുകയോ ചെയ്യാറുണ്ടായിരുന്നോ?"ഒരിക്കലും ഞാന്‍ അഭിപ്രായം പറയുകയോ എഴുത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.അതിനു മാത്രമുള്ള അറിവൊന്നും എനിക്കില്ല..ഇഷടമാണു അദ്ദേഹത്തിന്റെ രചനകളെ..എന്റെ തറവാട്ടിലും സാഹിത്യാഭിരുചിയുള്ളവരുണ്ട്.അനിയത്തിമാരായ മേതില്‍ നന്ദിനി ,മേതില്‍ രാജേശ്വരി അവരുടെ മകള്‍ മേതില്‍ ദേവിക ഇവരൊക്കേയും സാഹിത്യരംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചവരാണ്..പ്രശസ്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മുത്തശ്ശിയും എന്റെ മുത്തശ്ശിയും സഹോദരിമാരായിരുന്നു"..മക്കളില്‍  ആര്‍ക്കെങ്കിലും സാഹിത്യ വാസനയുണ്ടോ?:ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അമ്മ തുടര്‍ന്നു..മക്കള്‍ എഴുതിയിട്ടൊന്നുമില്ല..പക്ഷെ മകന്‍ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആളായിരുന്നു ..വന്നാല്‍ ആ വിശേഷങ്ങളൊക്കെ അച്ചനെ ഒരു കഥ പറയുന്നത് പോലെ കേള്‍പ്പിക്കും ..പിന്നീട് അതൊക്കെ കഥകളാക്കിയിട്ടുമുണ്ട് അച്ചന്‍.. നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു അവന്‍ .അച്ചനെപ്പോഴും മകനോട് എഴുതാന്‍ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുമായിരുന്നു..പക്ഷെ എന്തോ അവനെഴുതാന്‍ താല്പ്പര്യം കാണിച്ചിരുന്നില്ല"."നമത് വാഴ്വും കാലമും "അതിലെ തമിഴ് സംഭാഷണങ്ങളെല്ലാം തന്നെ അന്തരിച്ച മകന്‍ ബാലചന്ദ്രന്റെ സംഭാവനകളായിരുന്നു..ഒരു ഗദ്ഗദത്തോടെ അമ്മ ആ ഓര്‍മ്മകളെയൊക്കെ പെറുക്കി വെക്കുന്നുണ്ടായിരുന്നു.ഇതൊക്കെ കേട്ട് മകന്റെ ഭാര്യ രമ നിശ്ശബ്ദയായി അമ്മയെ നോക്കി നിര്‍വികാരതയോടെ ഇരുന്നു..ഒരു മഴക്കോളിന്റെ ലക്ഷന്ണങ്ങളോടെ പുറത്ത് ആകാശം മെല്ലെ ഇരുളാന്‍ തുടങ്ങിയിരിക്കുന്നു....തണുത്ത കാറ്റ് തൊടിയില്‍ നിന്നും ഞങ്ങള്‍ക്കിടയിലേക്ക് ആശ്വസിപ്പിക്കാനെന്ന പോലെ വീശിയെത്തി.

ഏതൊക്കെയോ ചിന്തകളില്‍ എല്ലാവരും മുങ്ങിത്താണ നിമിഷങ്ങള്‍ ..ഞങ്ങള്‍ക്കിടയില്‍ മൌനം ഘനീഭവിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഞാന്‍  വീണ്ടും ഹാസ്യചക്രവര്‍ത്തിയുടെ വിശേഷങ്ങളിലേക്ക് വന്നു.പരന്നു കിടക്കുന്ന തൊടിയിലേക്ക് നോക്കി ഞാന്‍ ചോദിച്ചു..അദ്ദേഹം കൃഷിയില്‍ തല്പ്പരനായിരുന്നുവോ?"അതെ അതൊക്കെ വല്യ ഇഷ്ടവും താല്പ്പര്യവുമുള്ളതുമായിരുന്നു.തന്നെയുമല്ല വീക്കെയെന്‍ ഒരു പ്രകൃതി സ്നേഹിയായിരുന്നു..പച്ചപ്പിനോടും ഫല വൃക്ഷങ്ങളോടും വല്ലാത്തൊരടുപ്പം ..അത്രയകലത്തല്ലാതെയുള്ള കുറ്റിക്കാട്ടിലെ അന്തേവാസികളായ മയിലുകള്‍ ചിലപ്പോഴൊക്കെ തൊടിയിലെ തെങ്ങിലേക്ക് പറന്നിറങ്ങുന്നതും കാത്ത് മുറ്റത്ത് നില്ക്കും ..നേരവും കാലവും നോക്കാതെ ചിലപ്പോള്‍ പ്രകൃതിയാസ്വാദനത്തിനിറങ്ങുമത്രെ..അമ്മ ഉല്‍സാഹത്തോടെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ വിവരിച്ച് കൊണ്ടിരുന്നു.അമ്മയോട് വല്ലാത്തൊരിഷ്ടമായിരുന്നു അദ്ദേഹത്തിന്..അതു പോലെ തന്നെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോടും .ഭക്ഷണപ്രിയനായിരുന്ന ഭര്‍ത്താവിന്റെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊത്ത് ഊട്ടിയിരുന്ന ഭര്‍തൃഭക്തയായിരുന്ന മേതില്‍ വേദവതി ഭര്‍ത്താവിന്റെ മറ്റൊരു സിദ്ധിയെ കുറിച്ച്  വാചാലയായി..വീക്കെയെന്നിനു ജ്യോതിഷത്തിലുള്ള പാണ്ഡിത്യം ..തന്റെ മരണദിവസം മുന്‍കൂട്ടി കണ്ട് മരിക്കുന്നതിന്റെ തലേ ദിവസം ഭാര്യയോട് ഒരു വിടവാങ്ങല്‍ നടത്തി.കലണ്ടറില്‍ 2004 ജനുവരി 25 എന്ന തിയതിക്ക് മേലെ ഒരു വട്ടമിട്ടു വെച്ചിരുന്നുവെന്ന് രമ അപ്പോള്‍ പറയുന്നുണ്ടായിരുന്നു ..2003 ഒക്ടോബറില്‍ അസുഖബാധിതനായ് പ്രശസ്ത ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയില്‍ കഴിയുന്ന കാലം ..ഇടക്ക് പറയുമായിരുന്നുവത്രെ 2004 ജനുവരി 29 കഴിയണം എനിക്ക് .ആ ദശ കടന്നു കഴിഞ്ഞാല്‍ എനിക്ക് വളരെ നല്ല സമയമായിരിക്കും ,എന്നെ തേടി ഒരു പാട് പുരസ്കാരങ്ങളെത്തും എന്നു..2003 നവംബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി അദ്ദേഹത്തോട് മെല്ലെ പിണക്കം കാണിക്കാന്‍ തുടങ്ങി..താനൊരെഴുത്തുകാരനായിരുന്നു എന്നു പോലും ഈ കാലയളവില്‍ മറന്നു..പക്ഷെ മരിക്കുന്നതിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിപ്പിക്കയും ചെയ്തു അദ്ദേഹത്തിന്റെ പെരുമാറ്റങ്ങള്‍ .അപ്പോഴൊക്കെ കട്ടിലിനടുത്തുള്ള അലമാരയില്‍ വെച്ച തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ നോക്കി എന്റെ പുസ്തകങ്ങള്‍ എന്നു പറയുമായിരുന്നു എന്നു അമ്മ പറയുമ്പോള്‍ വായന ശാലക്ക് സംഭാവന നല്കി ഒഴിഞ്ഞ ഒന്നു രണ്ട് തട്ടുകളില്‍ സ്ഥാനം പിടിച്ച കുറേ പഴയ ഫോട്ടോകളിലേക്ക് എന്റെ കണ്ണുകള്‍ തിരിഞ്ഞു..കൂട്ടത്തില്‍ ചുമരില്‍ തൂക്കിയ വി.കെ എന്‍ വേദവതി ദമ്പതികളുടെ ആദ്യകാലചിത്രം ...ശൈത്യം ഉറഞ്ഞു കിടക്കുന്ന അകത്തളത്തില്‍ ഇരുട്ട് അവിടവിടെയായ് ഉറക്കത്തിലാണെന്നു തോന്നി..വന്യമായൊരു നിശ്ശബ്ദത അവിടമാകെ തളം കെട്ടി നിന്നിരുന്നു..പുറത്തപ്പോഴേക്കും ഒരു ചെറിയ മഴ പെയ്ത് തോര്‍ന്നിരിക്കുന്നു..അകലത്തെവിടെ നിന്നോ മയിലിന്റെ ശബ്ദം നല്ല ഈണത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു..എന്റെ മുഖത്തെ കൌതുകം കണ്ട് രമ പറഞ്ഞു ഇടവഴിക്കപ്പുറത്തെ പാടത്ത് മയിലുകള്‍ പീലി വിടര്‍ത്തി ആടാനെത്താറുണ്ടെന്നു..മഴമുകിലുകളെ കണ്ടാല്‍ ഉന്മാത്തരാകുന്ന മയിലുകളെ കുറിച്ച് ഞാനുമപ്പോള്‍ ഓര്‍ത്തു .കുറച്ച് ദിവസങ്ങളായി മഴ കുറവായിരുന്നു.പക്ഷെ ഇന്നങ്ങനെയല്ല ഇടക്കിടെ പെയ്യുന്ന മഴ വിടവാങ്ങിയിട്ടില്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു .

വി.കെ.എന്‍ സ്മാരകത്തെ കുറിച്ചായിരുന്നു പിന്നെ ഞങ്ങളുടെ സംഭാഷണം .അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ കണ്ടിരുന്നു മുന്‍വശത്ത് പടിപ്പുരക്കരികിലായ് ഏകദേശം അവസാന മിനുക്കുകളില്‍ എത്തിയ വി.കെ എന്‍ സ്മാരകം ..അമ്മ അതിനെ കുറിച്ച് വിശദീകരിച്ച് തന്നു..ഏഴ് സെന്റ് സ്ഥലം ഞങ്ങളുടെ ഭാഗത്തു നിന്നും കൊടുത്തു..ബാക്കി കെട്ടിട നിര്‍മ്മാണമൊക്കെ സര്‍ക്കാരിന്റെ ചിലവില്‍ ആണ്.നടക്കുന്നത്.സാഹിത്യ ഗവേഷണത്തിനും പഠനത്തിനുമായിട്ടായിരിക്കും ആ സ്മാരകം പ്രവര്‍ത്തിക്കുക.മേയ് എട്ട് രണ്ടായിരത്തിപത്തില്‍ അന്നത്തെ നിയമസഭാസ്പീക്കര്‍ കെ.രാധാകൃഷ്ണന്‍  വിദ്യഭ്യാസ മന്ത്രി എം .എ .ബേബിയുടെ അധ്യക്ഷതയില്‍ ശിലാസ്ഥപനം നിര്‍വഹിച്ച സ്മാരകം 2013 ജനുവരി 25 വി.കെ എന്‍ ന്റെ ചരമവാര്‍ഷികത്തിനു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാനാണുദ്ദേശിച്ചിരിക്കുന്നത്..വീക്കെയെന്നിന്റെ പുസ്തകങ്ങളെ കുറിച്ചും അതിന്റെ പ്രസിദ്ധീകരണവകാശത്തെ കുറിച്ചുമുള്ള  എന്റെ ചോദ്യങ്ങളോട് അമ്മ പ്രതികരിച്ചു..ഇരുപത്തിരണ്ട് നോവലുകളും പത്തോളം ചെറുകഥാ സമാഹാരങ്ങളും പിന്നെ ചില ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡുകളടക്കം പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്..പ്രശസ്തരായ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള വി.കെ എന്‍ കൃതികളുടെ റോയല്‍റ്റി കുറേക്കാലങ്ങളായി കിട്ടാറില്ലെന്നു അവര്‍ പറഞ്ഞു..പലരേയും സമീപിച്ചെങ്കിലും ഒന്നുകില്‍ കണക്ക് നോക്കിയിട്ടില്ല അതല്ലെങ്കില്‍ അദ്ദേഹമുള്ളപ്പോള്‍ തന്നെ മുന്‍കൂര്‍ കൊടുത്ത് തീര്‍ത്തു എന്നൊക്കെയുള്ള ന്യായവാദങ്ങളില്‍ മടുത്തിരിക്കയാണു ആ അമ്മയും മകളും .അവര്‍ പറയുന്നതനുസരിച്ച് നാലു പുസ്തകത്തിന്റെ കൂടെ പ്രസിദ്ധീകരണം ബാക്കിയുണ്ടായിരുന്നു അദ്ദേഹം വിട പറയുന്ന കാലത്ത്..പക്ഷെ ഇന്നും ഈ കുടുംബം അവര്‍ക്ക് കിട്ടേണ്ട അവകാശത്തിനു വേണ്ടി പരിതപിക്കുകയാണ്..ഇതെന്നോട് പറയുമ്പോള്‍ അമ്മയുടെ ആത്മഗതം "ആരും ചോദിക്കാനില്ലെങ്കില്‍ ഒന്നും കിട്ടില്ല.ഇപ്പൊ ഞങ്ങള്‍ക്കും ചോദിക്കാന്‍ വയ്യാതായി"...സത്യത്തില്‍ അവരുടെ ഈ അവസ്ഥയില്‍ വിഷമം തോന്നി..വേണ്ടപ്പെട്ടവര്‍ എന്തു കൊണ്ട് ഈ സാധുക്കളെ പരിഗണിക്കുന്നില്ല.അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിന്നും ഇന്നും വരുമാനമുണ്ടാക്കുന്നവര്‍ ഈ വയോധികയേയും അവരുടെ വിധവയായ മരുമകളേയും മനഃപ്പൂര്‍വ്വം മറക്കുന്നതെന്തിനാണ്..പ്രതികരിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും അറിയാത്ത നാട്ടിന്‍ പുറത്തെ നിഷ്കളങ്ക ജന്മങ്ങള്‍ ..സാമൂഹ്യ ഉല്പ്പത്തിഷ്ണുക്കളെന്നു അഭിമാനിച്ച് നടക്കുന്നവര്‍ ഇവരോട് ചെയ്യുന്ന ഈ ദയാരാഹിത്യത്തിനു ആ ഹാസ്യ രാജന്റെ ആത്മാവു ഒരിക്കലും പൊറുക്കില്ല..75 മത്തെ വയസ്സില്‍ അമ്പത് വര്‍ഷത്തെ തന്റെ ജീവിത പങ്കാളിയുടെ ഓര്‍മകളില്‍ കഴിയുന്ന ആ അമ്മക്ക് മുന്നില്‍ ഒരായിരം പ്രണമമര്‍പ്പിച്ച് ഞാനവിടെ നിന്നിറങ്ങുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലെ ഒറ്റപ്പെടലിന്റെ തുരുത്തില്‍ കഴിയുന്ന ആ രണ്ട് വിധവകളെ ഓര്‍ത്ത് എന്റെ മനസ്സു നീറി ...

Monday, 18 June 2012

അനുഭവങ്ങള്‍ .. കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-



കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-
================================

"അതേയ്..ഞാനൊരു കാര്യം പറയേണ്..ഇഞ്ഞിക്കിവടെ നിക്കാന്‍ പറ്റില്ലട്ടാ"....പകല്‍ മുഴുവന്‍ ഓഫീസിലെ കണക്കുകളോട് മല്ലടിച്ച് മാസാന്ത്യത്തിലെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയപ്പോഴേക്കും വരാതിരിക്കട്ടെ എന്നു മനസ്സാ ആഗ്രഹിച്ച എന്റെ സന്തത ശത്രു മൈഗ്രേന്‍ ഇടത്തെ ചെന്നിയില്‍ തന്റെ ശൂലം കുത്തിയിറക്കി രസിക്കുന്നതും ആസ്വദിച്ച് ഞാനെന്റെ സ്വീകരണ മുറിയിലെ സോഫയില്‍ കുഷനില്‍ മുഖമമര്‍ത്തി ഇരിക്കുമ്പോഴാണ്. ഈ അപ്രതീക്ഷിത പ്രഖ്യാപനവുമായ് എന്റെ സഹായി കുഞ്ഞീവി അങ്ങോട്ട് വന്നത്..ഇതു കേട്ട് പെട്ടെന്നു തലയുയര്‍ത്തിയതും ചെന്നിയിലെ കുത്തിന്റെ ശക്തി കൂടിയതിനെ കൈകൊണ്ടമര്‍ത്തി ചോദ്യരൂപത്തില്‍ ഞാനവളെ ഒന്നു നോക്കി...തന്റെ പരുപരുത്ത ശബ്ദം ഉച്ചസ്ഥായിയിലാക്കി  കുഞ്ഞീവി  പറയാന്‍ തുടങ്ങി."ഇന്നോടാര്‍ക്ക ഇത്ര വിരോധം ..ഇപ്പൊ വന്നു വന്നു ഇന്റെ നിസ്കാരകുപ്പയവും മുസായബുമൊക്കെയാണ്..കേട് വരുത്തുന്നത്"..ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.."ആരു കുഞ്ഞീവി..നിന്റെ സാധനങ്ങള്‍ ഇവിടെ ആരു നശിപ്പിക്കുന്നുവെന്നാണു പറയുന്നത്".ഞങ്ങളാരും അവളുടെ സാധനങ്ങളിരിക്കുന്ന മുറിയിലേക്ക് കയറാറില്ലല്ലോ എന്നു ചിന്തിച്ച് ഞാന്‍ ചോദിച്ചു. "ആരെയാ നീ സംശയിക്കുന്നത്."...ഇതു പറഞ്ഞ് തീരുമ്പോഴേക്കും കുഞ്ഞീവി തന്റെ നിസ്കാര കുപ്പായവും മുസായഫുമായി എന്റെയടുത്തേക്ക് വീണ്ടും വന്നു.നാലര അടി മാത്രം ഉയരമുള്ള അവളുടെ നീളമുള്ള നിസ്ക്കരകുപ്പായത്തിന്റെ അടിഭാഗം ഇത്തിരി കീറിയിട്ടുണ്ട്..നീളന്‍ കയ്യിന്റെ അറ്റവും പിഞ്ഞിയിട്ടുണ്ട്...അത്ര പഴക്കമില്ലാത്തൊരു കുപ്പയമാണിത്....മുസായഫ് സാധരണ പത്രക്കടലാസു കൊണ്ടാണു പൊതിഞ്ഞിരിക്കുന്നത്..കയ്യിലെ ജലാംശം പേജുകള്‍ മറിക്കുമ്പോള്‍ ഉണ്ടാകുന്ന പടരുന്ന മഷിയുടെ കരി പേജിന്റെ ധവളിമ കെടുത്തിയിരിക്കുന്നു...ഞാന്‍ സാവധാനത്തില്‍ കുഞ്ഞീവിക്ക് വിവരിച്ച് കൊടുത്തു.."ഇതാരും മനഃപൂര്‍വം കേട് വരുത്തിയിട്ടുള്ളതല്ല..നിന്റെ കാലിലും കയ്യിലും വുളു എടുക്കുമ്പോള്‍ പറ്റുന്ന നനവു മൂലമാണു കുപ്പായം പിഞ്ഞിയതും ഓതുന്ന നേരത്ത് കയ്യിലെ വിയര്‍പ്പ് മൂലം മുസായഫ് കേടാവുന്നതും ..ഇതു സര്‍വസാധാരണമാണു..ആര്‍ക്കും സംഭവിക്കാവുന്നത്"....ഞാനിതു പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീരോടെ തുടങ്ങി വീണ്ടും ...

"അല്ല ഇവിടെ ജിന്നുണ്ട്..ഞാന്‍ ഉറങ്ങുമ്പൊ കാണലുണ്ട്.ഞാം പറയുമ്പൊ ഇങ്ങ വിശ്വസിക്കുല്ല..ഞാന്‍ മുമ്പും പറഞ്ഞണ്ട്..അന്നൊന്നും ഇങ്ങനെ മനുശ്യനെ എടങ്ങറാക്കേര്‍ന്നില്ല..ഇതിപ്പൊ..ഇങ്ങക്കറിയോ ഞാന്‍ രാത്രി  കഴുകി വെച്ച മിക്സിടെ സ്ക്രൂവൊക്കണ്ട് കാലത്തു നോക്കുമ്പൊ അഴിച്ചിട്ടിരിക്കണു..പിന്നെ അള്ളാന്തന്നെ ഞാന്‍ മുറുക്കി വെച്ച പ്രെശ്ശര്‍ കുക്കറ്ന്റെ പിടീണ്ട് അയ്യും കോലും വേര്‍തിരിച്ചിക്കണ്..ദോശചട്ടീടെ മൂട് അടിച്ച് പരത്തീട്ട്ണ്ട്.തന്നെല്ല എന്നും രാത്രി അടുക്കളയില്‍ ഞാനതു നടക്കുന്നതും ഓടൂന്നതും കാണാറുണ്ട്"..

ഒട്ടൊരു വിസ്മയവും അതിലേറെ തമാശയും എനിക്കത് കേട്ടപ്പോള്‍ തോന്നി..അടങ്ങി നില്ക്കാന്‍ വിസമ്മതിച്ച ചിരിയോടെ ഞാനത് പ്രകടമാക്കുകയും ചെയ്തു..രൂക്ഷമായെന്നെ ഒന്നു നോക്കിയിട്ട് കുഞ്ഞീവി വീണ്ടും കണ്ണടച്ചാല്‍ അടുക്കളയില്‍ നടമാടുന്ന ജിന്നിന്റെ ദുരുദ്ദേശങ്ങളില്‍ ആകുലയാവാന്‍ തുടങ്ങി..എല്ലാം  വെറും തോന്നലുകളാണെന്നെത്ര മനസ്സിലാക്കി കൊടുത്തിട്ടും  ഇതൊക്കെ ജിന്നിന്റെ വിളയാട്ടങ്ങളാണെന്ന തന്റെ നിഗമനത്തില്‍ ഉറച്ച് തന്നെ നില്ക്കുകയാണ്.അരമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ എന്റെ മൈഗ്രേന്‍ കൂട്ടിയതും പോര എന്റെ സഹായി എന്നോട് മിണ്ടാതിരിക്കാനും തുടങ്ങി...

അത്താഴത്തിനു ശേഷം ഞാന്‍ വീടിനു ചുറ്റും പൊയൊന്നു നോക്കി..മുന്‍വശത്തേയും പിന്‍വശത്തേയും വാതിലുകള്‍ ഭദ്രമല്ലെ എന്നു ശ്രദ്ധിച്ചു....എന്റെ ഈ അമിതവും അസാധാരണവുമായ മുന്‍ കരുതലുകള്‍ കണ്ട് ഭര്‍ത്താവു  ചോദ്യചിഹ്നത്തോടെ വന്ന നേരത്ത് ഞാനദ്ദേഹത്തോടൊരു സംശയം ചോദിച്ചു.."അല്ല ജിന്നുകള്‍ ശരിക്കും മനുഷ്യനെ ഉപദ്രവിക്കുമോ."..ഇല്ലാത്ത ഗൌരവം നടിച്ച് അദ്ദേഹം പറഞ്ഞു നിന്റെ സ്വഭാവത്തിനു ഒരു പക്ഷെ അങ്ങനേയും പ്രതീക്ഷിക്കാം .ഈ തമാശയെ അതിന്റെ വഴിക്ക് വിട്ടു ഞാന്‍ പറയാന്‍ തുടങ്ങി.."ഞാനെന്റെ കാര്യമല്ല നമ്മുടെ കുഞ്ഞീവിയുടെ കാര്യമാണു പറയുന്നത്."....ഉയര്‍ന്ന ഗേറ്റും അതിലും പൊക്കമുള്ള മതിലും    ചൂണ്ടിക്കൊണ്ട് ഞാന്‍ വീണ്ടും എന്റെ ഭര്‍ത്താവിന്റെ ക്ഷമയെ പരീക്ഷിച്ചു..ഈ മതിലോ ഗേറ്റൊ ചാടി മനുഷ്യരോ അല്ലെങ്കില്‍ ജിന്നുകളൊ നമ്മുടെ വീട്ടിലേക്ക് കയറുമോ..ഇവളെന്താ ബുദ്ധിശൂന്യമായ് സംസാരിക്കുന്നതെന്ന സംശയം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ മറുപടി."ആരെങ്കിലും നമ്മള്‍ പൂട്ടിയിരിക്കുന്ന മുന്‍ വാതില്‍ തുറന്നു കൊടുത്താല്‍ ചാടുന്നവര്‍ ആരായാലും വീട്ടിനുള്ളില്‍ കയറും "....ഉള്ളില്‍ തോന്നിയ ദേഷ്യത്തെ ഭരിച്ച വേവലാതിയോടെ ഞാന്‍ കുഞ്ഞീവിയുടെ അനുഭവങ്ങള്‍ അദ്ദേഹത്തിനു വിവരിച്ചു കൊടുത്തപ്പോള്‍ എന്നെ നോക്കി ഒരു പരിഹാസത്തോടെ ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചു."നീയിതൊക്കെ വിശ്വസിക്കുന്നുണ്ടോ"..."എന്റെ അവിശ്വാസത്തേക്കാള്‍ കുഞ്ഞീവിയുടെ വിശ്വാസമാണിവിടെ പ്രധാനം" ..ഞാന്‍ പറഞ്ഞു.."എന്നാലും നിനക്ക് ജിന്നിവിടെ നില്ക്കുന്നു എന്നു തോന്നുണുണ്ടോ?"..ഈ സന്ദേഹത്തിന്റെ മുനമ്പില്‍ ആ സംഭാഷണത്തിനു തല്ക്കാലം ഞാനൊരു വിരാമമിട്ടു....ദേഹവും മനസ്സും ഒരു പോലെ അസ്വസ്ഥമായതു കൊണ്ടോ എന്തോ എനിക്കാ രാത്രിയില്‍ മുറ്റത്ത് നിന്നു കൊണ്ട് ജിന്നിനെ കുറിച്ച് സംസാരിക്കാന്‍ ഒരു സങ്കോചം തോന്നിയത് കൊണ്ട്പതുക്കെ ഞാന്‍ അകത്തെക്ക് വലിഞ്ഞു..

ഉറങ്ങാന്‍ കിടക്കുമ്പോഴും കുഞ്ഞീവിയുടെ മനോനിലയെ കുറിച്ചാണു ഞാന്‍ ആകുലതൊടെ ചിന്തിച്ചത്..പന്ത്രണ്ട് വര്‍ഷമായി അവര്‍ ഞങ്ങളോടൊപ്പം ..ഇതിനു മുന്‍പ് പത്തു കൊല്ലത്തോളം വേറൊരു വീട്ടില്‍ ഞങ്ങള്‍ താമസിക്കുമ്പോഴും ഈ ജിന്നിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്..രാത്രിയില്‍ അവളുടെ ദേഹത്തിനു മുകളിലൂടെ പാദങ്ങള്‍ തൊടുവിക്കാതെ നീങ്ങുന്ന വെളുത്ത നീളന്‍ വസ്ത്രം ..നിസ്കാരിച്ചിരിക്കുന്ന അവളുടെ അടുത്ത് വെള്ള ളോഹയണിഞ്ഞ് നിന്ന ജിന്ന്...വീട്ടിലാരുമില്ലാത്തപ്പോള്‍ അപസ്വരങ്ങളുണ്ടാക്കി പേടിപ്പിക്കുന്ന ജിന്ന്....അടുക്കളയിലെ മസാലപ്പൊടികളിലും അരിപ്പൊടിയിലും എന്തിനു ചോറു വെക്കുന്ന അരിയില്‍ വരെ  ഈര്‍ പ്പമുള്ള സ്പൂണിടുന്ന ജിന്ന്...രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഈ ജിന്ന് വിശേഷം കുഞ്ഞീവിയെന്നോട് പറയാറുണ്ട്...അതൊക്കെ വെറും തോന്നലുകളാണെന്നു ഞാനെത്ര പറഞ്ഞാലും തന്റെ കണ്ണിനെയോ ചിന്തയേയോ അവിശ്വസിക്കാന്‍ അവള്‍ക്കാവില്ല ..ഇതിനിടയില്‍ നാട്ടില്‍ പോയ കുഞ്ഞീവിയേതോ മുസ്ലിയാരുടെ അടുത്ത് പോയപ്പോള്‍ ഇവളുടെ ജിന്നിനെ കുറിച്ചയാള്‍ പറഞ്ഞുവത്രെ.ജിന്നുകള്‍ അലയുന്ന സ്ഥലമാണതെന്നും  ആ വീട്ടില്‍ മുന്‍പ് ഒരു കടും മരണം നടന്നിട്ടുണ്ട് എന്നും അറിയിച്ചുവത്രെ....മരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാനവളെ തിരുത്തി..അറബികള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നു പറഞ്ഞ്..പക്ഷെ പിന്നീട് വീടിന്റെ മുതലാളി അറബിയുടെ സഹായിയും വാടകപിരിക്കാന്‍ നടക്കുന്നവനുമായ ആളോട് ആത്മഹത്യയെ കുറിച്ച് എന്റെ ഭര്‍ത്താവു ചോദിച്ചപ്പോള്‍ അയാളും അതു സമ്മതിച്ചു..വര്‍ഷങ്ങള്‍ക്ക് മുന്പ് ആ വീട്ടിലെ മനോരോഗിയായിരുന്ന അറബി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നു..ഒരമ്മയും മകനും മാത്രമായിരുന്നു അവിടുത്തെ താമസക്കാര്‍ ..പിന്നീട് ഈ വീട് ഇപ്പോഴത്തെ ഉടമസ്ഥനു വില്ക്കുകയായിരുന്നു..അവിടെ താമസമാക്കി ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണു ഞാനീ വിവരം അറിയുന്നത്.ഇതിനിടയില്‍ ഒരിക്കല്‍ പോലും അസാധാരണമായ് എനിക്കൊന്നും അവിടെ അനുഭവപെട്ടിട്ടില്ല..പക്ഷെ കുഞ്ഞീവിയുടെ മുസ്ലിയാര്‍ ഇതറിഞ്ഞത് എന്നില്‍ ഇപ്പോഴും ദുര്‍ഗ്രഹമായ് നില്ക്കുന്നു..
ആ വീടിനു തൊട്ടപ്പുറത്ത് ഈന്തപ്പനകള്‍ തിങ്ങി നില്ക്കുന്ന ഒരു തോട്ടമാണ്..ഉച്ച നേരത്തും അവിടെ ഇരുട്ടായിരിക്കും ..ഞങ്ങളുടെ വില്ലയുടെ മതിലിനപ്പുറമാണീ സ്ഥലം ..കുഞ്ഞീവിക്ക് ജിന്നുകളുടെ സംഗമ സ്ഥലം അതാണെന്ന് സംശയം തോന്നിയതില്‍ കുറ്റം പറയാനാവില്ല..അങ്ങോട്ട് നോക്കുന്ന ആര്‍ക്കും എന്തോ ഒരു ദുരൂഹത മയങ്ങുകയാണവിടെ എന്നു തോന്നും ..ആ കാലത്ത് മകന്‍ ഒരു നായയെ വീട്ടില്‍ വളര്‍ത്തിയിരുന്നു.കാസ്പെര്‍ എന്നു പേരുള്ള ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്...അതിന്റെ കൂട് ഈ മതിലിന്നരികിലായാണുള്ളത് ..രാത്രി നേരത്ത് ഇവനെ കൂട്ടില്‍ നിന്നും പുറത്തേക്ക് വിടും ..ചില പാതിരാത്രികളില്‍ ഇവന്‍ വീടിനു ചുറ്റും വല്ലാത്തൊരു മോങ്ങലോടെ ഓടുന്നത് കേള്‍ക്കാറുണ്ട്..കുഞ്ഞീവിയുടെ നിരീക്ഷണത്തില്‍ അതു ജിന്നിനെ കണ്ടോടുന്നതാണ്. ഞാന്‍ പറയാറുണ്ട് മതിലിനു മുകളില്‍ ഇരുന്നു ഇവനെ വെറി പിടിപ്പിക്കുന്ന ഏതെങ്കിലും പൂച്ചയെ കണ്ടിട്ടാവും അതെന്നു..ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞീവിയുടെ മുഖം വീര്‍ക്കും ..അവള്‍ പറയുന്നതൊന്നും എനിക്ക് വിശ്വാസമില്ലെന്നു പറഞ്ഞ് സങ്കടപ്പെടും ..ഇങ്ങനെയൊക്കെ ജിന്നു പലതരത്തില്‍ കുഞ്ഞീവിയുടെ ജീവിതത്തില്‍ വന്നിരുന്നെങ്കിലും ഒരു വര്‍ഷമായ് ഞങ്ങള്‍ താമസിക്കുന്ന ഈ വീട്ടിലെ ജിന്നു കുറച്ച് കൂടി സജീവവും ശല്യവുമായാണല്ലോ സൌഹാര്‍ദ്ദം കാണിക്കുന്നത് എന്നു കൌതുകത്തോടെ ഊറി വന്ന ചിരിയെ അടക്കി ഞാന്‍ ചിന്തിച്ചു..അടുക്കളയിലേക്ക് ജനലില്‍ കൂടെ മതിലിന്നപ്പുറത്തെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മുറ്റത്തെ ആര്യവേപ്പിന്റെ ചില്ലകളും യൂക്കാലി മരത്തിന്റെ ഇലകളും കാറ്റിലുലയുന്നതിന്റെ നിഴല്‍ കുഞ്ഞീവിയുടെ മുറിയുടെ വാതില്‍ പാളിയിലൂടെത്തി നോക്കുന്നതിനെ ജിന്നിന്റെ നൃത്തമായ് കാണുന്നതാവും അവള്‍ എന്ന സമാധാനത്തില്‍ ഞാനീ ജിന്നിനെ തളച്ചു .പക്ഷെ ഇതൊക്കെ എങ്ങനെ വിശദീകരിച്ചാലും കുഞ്ഞീവിക്ക് ആശ്വാസമേകുന്ന ഒന്നാവില്ല..ഒരിക്കലെന്നോട് ജിന്നിന്റെ വിളയാട്ടത്തെ അവള്‍ ഉപമിച്ചത് ജിംബൂബയോടായിരുന്നു..അന്നു സത്യത്തില്‍ അതാരാണെന്നെനിക്ക് മനസ്സിലായില്ല..പിന്നെ നയത്തിലവളോട് ചോദിച്ചപ്പോഴാണ്.അതു അലവുദ്ദീന്റെ അദ്ഭുത വിളക്കില്‍ നിന്നും വരുന്ന ഭൂതമാണെന്ന് പറഞ്ഞത്..കുഞ്ഞീവി അവളുടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കുന്നത് അടുക്കളയില്‍  സ്ഥാപിച്ചിട്ടുള്ള റ്റിവിയില്‍ ഏഷ്യാനെറ്റ് എന്ന ചാനല്‍ മാത്രം കണ്ടുകൊണ്ടാണ്..അതിലെ എല്ലാ സീരിയലുകളും കഥാപാത്രങ്ങളും അവള്‍ക്ക് മനഃപ്പാഠമാണ്..

അലസമായ മനസ്സിന്റെ വികലമായ ഭാവനകളാണിതെന്നും നിനക്കിവിടെ നില്ക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിന്നാല്‍ മതിയെന്നുമൊക്കെ എനിക്ക് പറയാം.. പക്ഷെ ഞാനിതൊക്കെ കണ്ടില്ലെന്നു വെച്ച് എനിക്കുള്‍ക്കൊള്ളാനാവാത്ത അവളുടെ അന്ധവിശ്വാസങ്ങളെ ഇടക്കൊക്കെ ശരിയാകാം എന്നു സമ്മതിക്കുന്നതിനു കാരണം ചില മാനുഷിക പരിഗണന കൊണ്ടു മാത്രമാണ്..കുഞ്ഞീവി ഞങ്ങളുടെ വീട്ടിലേക്ക് ഒരംഗമായ് വരുന്നതിനു മുന്‍പ് അവളനുഭവിച്ച മാനസികവ്യഥകള്‍ ഇത്തരം സ്പര്‍ദ്ധകളെ മാറ്റി വെപ്പിച്ച് അവളോടുള്ള എന്റെ ദീനാനുകമ്പ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമായ്....ബുദ്ധി ഇത്തിരി പിന്നോക്കമാണെങ്കിലും ആള്‍ മിടുക്കിയാണ്.കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷം സ്വന്തം അനിയത്തിയുമായ് ഓടിപ്പോയ ഭര്‍ത്താവില്‍ നിന്നും തന്റേടത്തോടെ വിവാഹമോചനം നേടി സ്വയം അധ്വാനിച്ച് വീട് പുലര്‍ത്തുകയും  മകനെ വളര്‍ത്തി വലുതാക്കുകയും ഞങ്ങളുടെ സഹായത്തോടെ ജോലിയോട് കൂടിയ വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടു വരികയും അവനു ഇരുപത്തിമൂന്നു വയാസാവുമ്പോഴേക്ക്കും വിവാഹം കഴിപ്പിക്കുകയും ചെയ്തു ജീവിത സമരങ്ങളെ ഒറ്റക്ക് തന്നെ നേരിട്ട കുഞ്ഞീവി  ;ഇനിയൊരു പുരുഷനേയും തന്റെ കൂടെ വാഴിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ച് ലോകത്തെ മൊത്തം പുരുഷന്മാര്‍ക്കും ഊരു വിലക്ക് ഏര്‍പ്പെടുത്തിയ പഠിപ്പോ പത്രാസോ ഇല്ലാത്ത കുഞ്ഞീവിയുടെ മനഃസ്ഥൈര്യത്തെ ഞാനദ്ഭുതത്തോടെ കണ്ടു.പുരുഷന്മാരെ തീണ്ടപ്പാടകലത്തില്‍ നിര്‍ത്തി തലങ്ങും വിലങ്ങും കത്തിയെറിയുന്ന ഫെമിനിസ്റ്റാണവളെന്നെനിക്ക് തോന്നാറുണ്ട്..യൌവനത്തില്‍ ഭര്‍ത്താവിന്റെ സുരക്ഷിതത്വവും പരിലാളനയും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ അഗാധതയില്‍ മയങ്ങുന്ന അവളുടെ കാമനകള്‍ .. കണ്ണീര്‍ പുഴകളുടെ ഉറവയായ റ്റെലിവിഷന്‍ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളോട് തന്റെയുള്ളിലെ സ്ത്രീയെ താദാത്മ്യം ചെയ്യാന്‍ തുനിയുന്നതിന്റെ മങ്ങിയ പ്രതിഫലനമാകാം ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്ന മിഥ്യാധാരണയെന്ന മനസ്സിന്റെ പ്രതിഭാസത്തില്‍ കിടന്ന് മധ്യവയസ്സ് കഴിഞ്ഞ കുഞ്ഞീവി ഉഴലുന്നത്...നാട്ടിലേക്ക് പോകാനിഷ്ടമില്ലാത്ത കുഞ്ഞീവി ഇടക്കൊക്കെ ഞങ്ങളുടെ സഹതാപം പിടിച്ച് പറ്റാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഞാന്‍ മനഃപ്പൂര്‍വ്വം വകവെച്ച് കൊടുക്കുന്നു..തന്റെ കയ്യില്‍ നിന്നും പറ്റുന്ന എല്ലാ അബദ്ധങ്ങളും അറിഞ്ഞോ അറിയാതെയോ അവള്‍ ജിന്നിന്റെ തലയില്‍ കെട്ടി വെച്ച് ആ ജിന്നു അവളെ ഇവിടെ നിന്നും നാടു കടത്താന്‍ നടത്തുന്ന ശ്രമങ്ങളാണിതൊക്കെയെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുകയാണു ഇതിലൂടെ. മനുഷ്യന്റെ ഇത്തരം മാനസികവ്യാപാരങ്ങള്‍ അവരുടെ മനോനിലയില്‍ മാത്രമല്ല ചിലപ്പോഴൊക്കെ സ്ഥിരം ഇതു തന്നെ കേള്‍ക്കുന്നവരുടെ മാനസിക സന്തുലിതാവസ്ഥയെ നിര്‍വീര്യമാക്കി അവരുടെ ക്ഷമയേയും കെടുത്തുന്നു..ഒരു വേള അവരും ചിന്തിച്ച് പോകും ദൃഷ്ടികള്‍ക്ക് മുന്നില്‍ വരാത്ത ജിന്നുകള്‍ നമുക്ക് മുന്നില്‍ സ്വൈര്യ വിഹാരം നടത്തുന്നു എന്നു പ്രത്യേകിച്ചും ജിന്നുകള്‍ക്ക് പേരുകേട്ട ഈ മരുഭൂമിയില്‍ .......

Tuesday, 12 June 2012

തണലേകിയ വന്മരത്തിന്റെ ഓര്‍മ്മയില്‍

തണലേകിയ വന്മരത്തിന്റെ ഓര്‍മ്മയില്‍ :-(ജൂണ്‍ 4 മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കണ്‍മഷി എന്ന പരമ്പരയില്‍ പ്രസിദ്ധീകരിച്ചത്)


സ്ത്രീയൊരു ദുര്‍ബല ജന്മം അഥവാ അവളൊരു രണ്ടാം കിട വ്യക്തിത്വം എന്ന അലിഖിത സാമൂഹ്യ വ്യവസ്ഥിതി സ്ത്രീകള്‍ക്ക് വെല്ലുവിളിയായുണ്ടെങ്കിലും ചുറുചുറുക്കോടെ ആണുങ്ങള്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ഒരു പാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുള്ളതിനെ കാണുന്നില്ലെന്ന് നടിക്കാനാവില്ല.ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണാധികാരിയായും,കേരളത്തിന്റെ ഗവര്‍ണ്ണറായും, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായും  സ്ത്രീസാന്നിധ്യം അവരവരുടെ കഴിവുകള്‍ തെളിയിച്ച കാലത്താണു  ശാരീരികമായും മാനസികമായും  ഞാനെന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറിയിരുന്നത്.ഇങ്ങനെയൊക്കെ സ്ത്രീശക്തികള്‍ വിരാജിച്ചിരുന്ന ആ കാലത്ത് ഇന്നത്തെയത്ര അവഹേളനം സ്ത്രീകള്‍ നേരിട്ടിരുന്നില്ലെങ്കിലും അത്ര ലാളനയും അവളനുഭവിച്ചിരുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം .

ഞാന്‍ ജനിച്ച നാട്ടില്‍ ഗള്‍ഫിലേക്കൊഴുകുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം ഉയര്‍ന്നു കൊണ്ടിരുന്ന ഒരു സമയം  ..ഒട്ടു മിക്ക വീടുകളിലേയും പുരുഷന്മാര്‍ എണ്ണപ്പാടങ്ങളെ തേടി കപ്പലും വിമാനവുമൊക്കെ കയറി ഉറ്റവരേയും ഉടയവരേയും തനിച്ചാക്കി പോകുകയും ; ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ അതിഥികളെ പോലെ അവധി ചിലവഴിക്കാന്‍ വന്നിരുന്നതുമായ കാഴ്ച്ച അന്ന് സര്‍വ സാധാരണം  ..അതിനാല്‍ തന്നെ ഈ വീടുകളില്‍ സ്ത്രീകളായിരുന്നു കുടുംബനാഥന്റെ റോള്‍ ഏറ്റെടുത്തിരുന്നത്..എന്റെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല.പ്രാഥമിക വിദ്യഭ്യാസം പോലും ഇല്ലാത്ത എന്റെ ഉമ്മൂമയും അപ്പര്‍ പ്രൈമറി വിദ്യഭ്യാസം മാത്രം ചെയ്തിട്ടുള്ള എന്റെ ഉമ്മയും ബാങ്കിടപാടുകളടക്കം  സര്‍ക്കാര്‍  സ്ഥപനങ്ങളിലും മറ്റും വീട്ടിലെ പുരുഷന്മാര്‍ ചെയ്യേണ്ടിയിരുന്ന ഓരോരോ ആവശ്യങ്ങള്‍ക്ക് ഒരു കുടയുമായി സധൈര്യം ഇറങ്ങിയത് അകത്തളങ്ങളില്‍ ഒതുങ്ങി പാചകവും പ്രസവവും കുട്ടികളെ നോക്കലും മാത്രമല്ല സ്ത്രീത്വം ,ഒരു കുടുംബത്തിന്റെ ഭദ്രതക്കും ഉന്നമനത്തിനും പുരുഷനൊപ്പം സ്ത്രീയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ചിന്തയുമായിട്ടായിരുന്നു.

ഇങ്ങനെയൊക്കെ സ്ത്രീക്കരുത്ത് മാന്യമായ രീതിയില്‍ എല്ലാ സമുദായങ്ങളിലേയും വനിതകള്‍ പ്രകടമാക്കിയിരുന്ന ഒരു കാലഘട്ടട്ടത്തില്‍  ആരാധനയോട് കൂടി മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ വ്യക്തിത്വമായിരുന്നു ഞങ്ങളുടെ കൊച്ചു നഗരത്തിലെ തിരക്കേറിയ തെരുവിന്റെ ഒരിടവഴിയില്‍ റ്റൈപ്പ് റൈറ്റിങ് ലേണിങ്ങ് സെന്റര്‍ നടത്തുന്ന രാധ റ്റീച്ചര്‍ .അമ്മയും നാലനിയത്തിമാരും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി .ആ പഞ്ചായത്തിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അതു നിവര്‍ത്തിക്കാനും തയ്യാറായിരുന്ന കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതയായൊരു പൊതു പ്രവര്‍ത്തക;ഞങ്ങളുടെ നാട്ടിലുള്ളവരോട് ചോദിച്ചാല്‍ റ്റീച്ചറെ കുറിച്ച് ചുരുങ്ങിയ വാക്കുകളിലുള്ള വിവരണം ഇതാണ്..

തുറന്ന അതിരുകളുള്ള എന്റെ  വീട്ടുമുറ്റത്തു കൂടെ എന്നും രാവിലെ ചുറുചുറുക്കോടെ നടന്നു പോയിരുന്ന റ്റീച്ചര്‍ ,തോളിലൊരു ചെറിയ ബാഗും കയ്യില്‍ ചോറ്റുപാത്രവുമായി വെള്ളമിറ്റ് വീഴുന്ന നീളന്‍ മുടിത്തുമ്പില്‍ തുളസിക്കതിര്‍ അല്ലെങ്കില്‍ ഒരു പനിനീര്‍ പൂവ്...നെറ്റിയിലെ ചന്ദനക്കുറിക്ക് താഴെ വട്ടത്തിലൊരു പൊട്ട്..കൊലുന്നനെയുള്ള ശരീരത്തില്‍ ആഭരണമായുണ്ടായിരുന്നത് നേരിയ ഒരു മാലയില്‍ ആലിലയിലിരുന്നു വിരലുണ്ണുന്ന ഉണ്ണിക്കണ്ണന്റെ രൂപം കൊത്തിയ താലി. ..എപ്പോഴും ഉന്മേഷവതിയായ റ്റീച്ചര്‍ ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവളായിരുന്നു..പൊതുവിജ്ഞാനപരമായ എന്റെ എന്ത് സംശയങ്ങളും ദുരീകരിച്ചിരുന്നത് അവരായിരുന്നു.. ദൃശ്യ മാധ്യമം കേരളത്തില്‍ പ്രചാരത്തിലില്ലാതിരുന്ന അക്കാലത്തെ ലോക വൃത്താന്തങ്ങള്‍ എന്റെ വീട്ടിലറിഞ്ഞിരുന്നത് റ്റീച്ചറിലൂടെയായിരുന്നു..ആ കുടുംബവുമായ് ഞങ്ങള്‍ക്ക് അഭേദ്യമായൊരു സ്നേഹസൌഹൃദ ബന്ധം ഉണ്ട്..വീട്ടിലെ എല്ലാക്കാര്യങ്ങള്‍ക്കും റ്റീച്ചര്‍ മുന്‍പന്തിയില്‍ കാണും .അതു കൊണ്ട് തന്നെ അവധികളിലെ റ്റീച്ചറൂടെ അഭാവം ഞങ്ങളെ ഉന്മേഷരഹിതരാക്കിയിരുന്നു. ഒരു ബുധനാഴ്ച്ച ഞാന്‍ കോളേജ് വിട്ടു വന്ന വൈകുന്നേരത്ത് ഉമ്മ ചെറിയൊരു ആകുലതയോടെ പറയുന്നുണ്ട് .."ഇന്നെന്ത് പറ്റിയാവോ രാധ റ്റീച്ചര്‍ക്ക്..കണ്ടില്ല..പാവം അയിനു സൂക്കേടൊന്നും ഇല്ലാണ്ടിരിക്കട്ടെ" .ഉമ്മൂമയും  പ്രാര്‍ത്ഥനയോടെ അതേറ്റ് പറയുന്നുണ്ടായിരുന്നു.ഒരു ശീലം പോലെ അവരെ രാവിലേയും വൈകുന്നേരവും വീടിനു പിന്നിലെ മുറ്റത്ത് കാണുകയെന്നത് ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൊന്നായിരുന്നു.അതിനാല്‍ തന്നെ ആ അസാന്നിധ്യം എന്നിലും മ്ലാനതയുണ്ടാക്കി.പിന്നേയുള്ള കുറച്ച് ദിവസങ്ങളിലും മുറ്റത്ത് കൂടെ എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ആരാഞ്ഞ് കൊണ്ട് പോകുന്ന റ്റീച്ചറെ കാണാന്‍ ഞങ്ങള്‍ക്കായില്ല.ഏക്കറോളം പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ക്കപ്പുറത്തെ റ്റീച്ചറുടെ വീട്ടില്‍ പോയി എന്തു പറ്റിയാവോ എന്നു തിരക്കാന്‍ എന്റെ ഉള്ളം തുടിച്ചു.പക്ഷെ കോളേജിലേക്കുള്ള യാത്ര മാത്രം അനുവദിച്ചിട്ടുള്ള പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത ഒരു യാഥാസ്ഥിതിക വീട്ടിലെ അംഗമായ എനിക്കെന്റെ പരിധികള്‍ക്കപ്പുറം ചിന്തിക്കാനല്ലാതെ പ്രവര്‍ത്തിക്കാനാകുമായിരുന്നില്ല..

മുളം കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങള്‍ മുറ്റത്ത് കോലം കോറിയിടുന്നുണ്ട്..കോളേജില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ധൃതിയിലോരോന്ന് ചെയ്യുന്നതിനിടയിലാണ് അടുക്കളത്തിണ്ണയില്‍ നിന്നും പൊട്ടിച്ചിരികളും ആഹ്ലാദത്തോടെയുള്ള സംസാരങ്ങളും കേള്‍ക്കുന്നത്.. റ്റീച്ചറുടെ ശബ്ദമാണെന്നു തോന്നിയപ്പോള്‍ വേഗം തന്നെ അങ്ങോട്ട് ചെന്നു..അതു വരെ കാണാത്ത തിളക്കം കണ്ണില്‍ പ്രകാശിപ്പിച്ചു കൊണ്ട് റ്റീച്ചറും ചുറ്റിലും എന്റെ ഉമ്മയും കുഞ്ഞുമ്മമാരും ..എന്തെ ഇന്നലെ കണ്ടില്ല എന്ന എന്റെ ചോദ്യത്തിനു കുഞ്ഞുമ്മയാണു മറൂപടി പറഞ്ഞത്.."റ്റീച്ചറുടെ ഭര്‍ത്താവ് എട്ട് കൊല്ലം കഴിഞ്ഞ് ബോംബേന്നു‍ എത്തിട്ടുണ്ട്.അതോണ്ടാ വരാതിരുന്നത്"..അപ്പോഴാണു ഞാനും ഓര്‍ക്കുന്നത്..ഭര്‍ത്താവിനെ കുറിച്ച് പരാതിയോ പരിഭവങ്ങളോ പറയാതെ നീണ്ട എട്ട് വര്‍ഷം അയാളെ കാത്തിരുന്ന ഒരു ഭാര്യ...എന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് റ്റീച്ചര്‍ പൊട്ടിച്ചിരിയോടെ പറയാന്‍ തുടങ്ങി രാവിലെ മുറ്റമടിച്ച് കൊണ്ടിരുന്ന അവരുടെ അനിയത്തി പടി തുറന്ന് പെട്ടിയും ബാഗുമൊക്കെയായ് വരുന്ന ദീക്ഷയുള്ള ഒരപരിചതനെ കണ്ട് നിലവിളിച്ചുവത്രെ.പിന്നേയുള്ള ദിവസങ്ങളില്‍ റ്റീച്ചറുടെ അനിയത്തിമാര്‍ ഒരു ഗൃഹനാഥന്റെ സംരക്ഷണമെന്തെന്നും മകന്‍ പിതാവിന്റെ വാല്സല്യത്തണലെന്തെന്നും അറിയാന്‍ തുടങ്ങി...വീട്ടുകാരെ അതിശയിപ്പിച്ച് കൊണ്ട് വന്നു കയറിയ അദ്ദേഹം രണ്ട് മാസം കൂടി അവിടെ ഉണ്ടായിരുന്നു...പരീക്ഷച്ചൂടില്‍  തലയും മേടച്ചൂടില്‍ ശരീരവും തപിച്ചിരുന്ന ഒരപരാഹ്നത്തില്‍ അടുക്കളത്തിണ്ണയില്‍ നിന്ന് തേങ്ങലോടു കൂടിയ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു..വെള്ളം കുടിക്കാനെന്ന വ്യാജേന അവിടെ ചെന്നപ്പോള്‍ കണ്ടു ഉമ്മ റ്റീച്ചറെ ആശ്വസിപ്പിക്കുന്നത്..എന്നെ കണ്ട ഉമ്മ അവിടെ നിന്നും പോകാന്‍ കണ്ണ് കൊണ്ടംഗ്യം കാണിച്ചു..

ഒരില പോലുമനങ്ങാന്‍ വിസമ്മതിക്കുന്ന രാത്രി..വിഷുവിനു ശേഷമുള്ള മഴയെ കാത്തു കിടക്കുന്ന ഭൂമി ഉള്‍താപത്താല്‍ ഉരുകുകയായിരുന്നു..ഉറക്കം കിട്ടാതെ ഞാന്‍   ഉമ്മയുടെ കട്ടിലില്‍ ചെന്നിരുന്നു.  ദീര്‍ഘനിശ്വാസം കേട്ടപ്പോള്‍ ഉമ്മ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ ആ ശരീരത്തോട് ഒട്ടിക്കിടക്കാന്‍ ശ്രമിച്ചു..പെട്ടെന്നെന്റെ കൈത്തണ്ടയില്‍ ഉരുണ്ട് വീണ വെള്ളത്തുള്ളി വിയര്‍പ്പല്ല ;കണ്ണുനീരാണെന്നു‍  തോന്നിയപ്പോള്‍ ,ഉമ്മയെ പുണര്‍ന്ന് ഞാന്‍ പതുക്കെ ചോദിച്ചു "എന്തെ ഉമ്മ കരയുന്നത്..വയറു വേദനയെന്തെങ്കിലും ഉണ്ടോ"..."ഊഹും .".സങ്കടം അടക്കിയ ഒരു മൂളല്‍ മാത്രം ..പിന്നെന്താ പറ...കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം അവര്‍ പറയാന്‍ തുടങ്ങി..റ്റീച്ചറുടെ ഭര്‍ത്താവു ബോംബേക്ക് തിരിച്ചു പോയി...റ്റീച്ചര്‍ പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെയൊരു മടക്കം ..ഉള്ളതു കൊണ്ട് നമുക്കൊരുമിച്ച് കഴിയാം എന്നു പറഞ്ഞിട്ടും ഏതോ ഒരുള്‍പ്രേരണ അയാളെ മടക്കയാത്രക്ക് നിര്‍ബന്ധിച്ചു പോലും ...പാവം റ്റീച്ചര്‍ ഗര്‍ഭിണിയുമാണ്.. എത്രകാലം കഴിഞ്ഞാണാവോ അയാളിനി വരിക..ഇങ്ങനെ ആ പാവത്തിനെ ബുദ്ധിമുട്ടിപ്പാക്കാനായിരുന്നെങ്കില്‍ അയാള്‍ക്ക് വരാതിരിക്കായിരുന്നു..ഇതിപ്പൊ ഇത്രകാലം കിട്ടാത്തതൊക്കെ അവറ്റകള്‍ക്ക് ആശയായി കൊടുത്തിട്ട് ..ഉമ്മ എന്നെ ഒന്നു കൂടെ കെട്ടിപ്പിടിച്ചു.ഒരു തണുത്ത നിശ്വാസം എന്റെ നെറ്റിയില്‍ പടരാന്‍ തുടങ്ങി.ഉറക്കം എന്റെ കണ്ണൂകളെ തഴുകുമ്പോള്‍ ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു "മൂപ്പര്ടെ കത്തു വന്നിട്ട് മൂന്നാഴ്ച്ചയായല്ലൊന്റെ റബ്ബേ."..

ഇടവപ്പാതിയും കര്‍ക്കിടകവാവുമൊക്കെ മുടക്കം വരുത്താതെ കടന്നു പോയി.. വെയില്‍ നാളങ്ങള്‍ കതിര്‍മണികളില്‍ അള്ളിയിരിക്കുന്ന മഞ്ഞു കണങ്ങളെ ഉമ്മ വെക്കുന്ന പ്രഭാതങ്ങളില്‍ പാടവരമ്പത്ത് കൂടെ ഉയര്‍ന്ന ഉദരവുമായ് റ്റീച്ചര്‍ നടന്നു വരുന്ന കാഴ്ച്ച എന്നെ തെല്ലലോസരപ്പെടുത്തിയിരുന്നു..ഇതിനിടയില്‍ അവരുടെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരം ജയിച്ചു സ്കൂളിന്റെ അഭിമാനമായി.. ഗര്‍ഭക്ഷീണം ആ മുഖത്തിന്റെ പ്രസരിപ്പിനെ ബാധിച്ചുവെങ്കിലും റ്റീച്ചര്‍ പഴയ ഉല്‍സാഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു പോന്നു.ഒരു രാത്രിയില്‍ മകരക്കൊയ്ത്തും കാത്ത്  വിളഞ്ഞ് കിടക്കുന്ന വയലിന്നപ്പുറത്ത് കെട്ടു നിറയുടെ ഭക്തിയില്‍ ഉയര്‍ന്ന ശരണം വിളികള്‍ക്കൊപ്പം മുഴങ്ങിയ തുടികൊട്ടിനൊപ്പം ഒരു പൈതലിന്റെ കരച്ചില്‍ ഞാന്‍ കേട്ടു..റ്റീച്ചര്‍ക്ക് വീണ്ടുമൊരാണ്‍കുട്ടി ജനിച്ചിരിക്കുന്നു..ഞങ്ങളും ആ കുടുംബത്തോടൊപ്പം ആഹ്ലാദിച്ചു..കുഞ്ഞു മോന്റെ കയ്യും കാലും വളരുന്നത് നോക്കി നാളുകള്‍ കൊഴിയുന്നതാരും അറിഞ്ഞില്ല.വീണ്ടും പഴയത് പോലെ കുടുംബ പ്രാരാബ്ധങ്ങളെ ഉന്മേഷത്തോടെ നിവര്‍ത്തിച്ച് പോന്ന റ്റീച്ചര്‍ അവരുടെ വിരുന്നുകാരനായി എത്തുന്ന ഭര്‍ത്താവിന്റെ അഭാവം തികച്ചും മറന്നതു പോലെ തോന്നി.ഇതിനിടയില്‍  അവരുടെ മകന്‍ തുശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യ പഠനം ആരംഭിച്ചിരുന്നു‍..

എന്റെ ദാമ്പത്യവും പ്രവാസജീവിതവും പിന്നീട് അവരില്‍  നിന്നൊക്കെ എന്നെ  ഒരുപാട് അകലത്താക്കിയെങ്കിലും ഉമ്മക്കെഴുതുന്ന എഴുത്തുകളിലൂടെ ആ കുടുംബത്തെ കുറിച്ചന്വേഷിക്കന്‍ ഞാന്‍ മറന്നില്ല. പിന്നീടെപ്പോഴൊ ഞാനും എന്റെ കുടുംബവുമെന്ന സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിയപ്പോള്‍ പഴയതെല്ലാം എനിക്കെന്റെ ഓര്‍മ്മകളുടെ ഭാണ്ഡത്തില്‍ കെട്ടി വെക്കേണ്ടി വന്നു.ജീവിതത്തിന്റെ കുരുക്കുകളില്‍ ഉഴലുമ്പോള്‍ ;പ്രതീക്ഷകള്‍ പിടി തരാത്ത മരീചികയായ് തോന്നുമ്പോള്‍ ,ചില ഗൃഹാതുരസ്മരണകള്‍ ഊര്‍ജ്ജമായ് മനസ്സിലേക്ക് പെയ്തിറങ്ങാറുണ്ട്.അങ്ങനെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്നതിനിടയില്‍ ഒരു സ്വപ്നം പോലെ രാധ റ്റീച്ചറുടെ ഓര്‍മകളെന്റെ മനസ്സിലേക്കെത്തി .അവരിപ്പോളെവിടെയെന്നും എങ്ങനെയെന്നുമൊക്കെ അറിയാനുള്ള അദമ്യമായ മോഹം എന്നെ എന്റെ പഴയ തറവാട്ടിലെത്തിച്ചു.പുതിയ തലമുറകള്‍ അവരുടെ പുത്തന്‍ ചിന്താഗതികള്‍ കൊണ്ട് മാറ്റിയെടുത്ത നഗരത്തിന്റെ പുതിയ മുഖം എനിക്കപരിചിതമായി തോന്നി.യാത്ര പോയ നേരം സായന്തനം .അന്തിവെയിലില്‍ നിഴലിനൊപ്പം ചാഞ്ചാടുന്ന ഉമ്മറത്തിണ്ണയിലിരുന്നു ജരവീണ നെറ്റിയില്‍ കൈവെച്ചെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി, തിളക്കം കുറയാത്ത ആ കണ്ണുകളില്‍ സ്ഫുരിച്ച വിസ്മയഭാവങ്ങളോടെ ഓര്‍മ്മയും മുഖവും ചികഞ്ഞെടുക്കുമ്പോള്‍ ..വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ അറിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട റ്റീച്ചര്‍ അനിയത്തിമാര്‍ക്കെല്ലാം നല്ല വിദ്യഭ്യാസം കൊടുത്ത് ഉദ്യോഗത്തിലാക്കിയതിനു ശേഷം അവരെയെല്ലാം ഓരോ സുരക്ഷിത കരങ്ങളിലെത്തിക്കുകയും ചെയ്തുവെന്നാണു..തന്നെയുമല്ല മൂത്ത മകന്‍ വിദഗ്ധനായൊരു ഡോക്ടറായ് കോഴിക്കോട് പ്രവര്‍ത്തിക്കുന്നു.ഇളയ മകന്‍ നാട്ടില്‍ തന്നെയുള്ള  ബാങ്കില്‍ ജോലി ചെയ്യുന്നു..ഇതിനിടയിലെപ്പോഴോ അവരുടെ ഭര്‍ത്താവു പ്രായാധിക്യം ഏല്പ്പിച്ച അവശതകളോടെ രാധ റ്റീച്ചറെ തേടി വീണ്ടുമെത്തി.സന്തോഷത്തോടെ അവര്‍ അദ്ദേഹത്തെ സ്വീകരിച്ച്   പരിചരിച്ചു.അടുത്തകാലത്ത് ഇനിയൊരിക്കലും റ്റീച്ചര്‍ക്ക് അപ്രതീക്ഷിതമായൊരു വരവു സമ്മാനിക്കാന്‍ സാധിക്കാത്തിടത്തേക്ക് യാത്രയായി.മുന്‍ നിരയിലെ പല്ലുകളില്‍ ചിലതില്ലെങ്കിലും ഇപ്പോഴും തെളിഞ്ഞ ചിരിയോടെ ആരോടും നിഷ്കളങ്ക സൗഹൃദം  കാണിക്കുന്ന റ്റീച്ചര്‍ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ലാതെ പാടങ്ങള്‍ കെട്ടിടങ്ങളായ പ്രദേശത്തിനപ്പുറത്തെ തന്റെ ചെറിയ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു...പുരുഷന്റെ തണലില്ലാതെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായ് തന്റെ നാലനിയത്തിമാരേയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ഉത്തമ ജീവിതം നയിക്കുന്നവാരാക്കി തീര്‍ത്തതില്‍ റ്റീച്ചറുടെ സഹനത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തോടൊപ്പം  അവരുടെ പ്രാര്‍ത്ഥനയും അടുക്കും ചിട്ടയുമുള്ള ജീവിതവും തന്നെയാണു ഹേതുവായത്..ജീവിതത്തില്‍ ഭര്‍ത്താവുണ്ടായിട്ടും ഭര്‍തൃസുഖം എന്തെന്നറിയാതെ ഒരു കുടുംബത്തിന്റെ നെടുംതൂണായ് ആര്‍ക്കും ഒരു അധികപറ്റാവാതെ ജീവിച്ച റ്റീച്ചറെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തിലെ എന്തിനും ഏതിനും ആത്മഹത്യക്കൊരുങ്ങുന്ന സ്ത്രീകള്‍ അവശ്യം മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണവര്‍ എന്നെനിക്കു തോന്നി.യാത്രാമൊഴിയുടെ പിടച്ചിലില്‍ ആശ്ലേഷത്തിന്റെ ചൂടില്‍ നിന്നും പതുക്കെ വേര്‍പെടുമ്പോള്‍  തലയില്‍ കൈവെച്ചനുഗ്രഹിച്ച സുകൃതം ചെയ്ത ആ ജന്മം ഇനിയും തലമുറകള്‍ക്ക് കരുത്ത് പകരാന്‍ നൂറു ജന്മമെടുക്കട്ടേയെന്ന് ഉള്ളില്‍ നിന്നുയര്‍ന്ന തേങ്ങലിനെയടക്കി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഇരുള്‍ പരന്ന നാട്ടുവഴിയിലേക്കിറങ്ങി.. ...

Thursday, 31 May 2012

മലയാളത്തിന്റെ നീലാംബരി....

                                                                                                                                                      (photo crtsy LQM)



അമ്മമ്മയുടെ ആമി,അമ്മയുടെ കമല,മലയാളത്തിന്റെ മാധവികുട്ടി,ആംഗലേയ കവിതാലോകത്തെ കമലദാസ്....ഒടുവില്‍ കമല സുരയ്യയാകുമ്പോള്‍ മനുഷ്യമതം സ്നേഹം എന്നും സ്ത്രീയുടെ പൂര്‍ണ്ണത പ്രണയം എന്ന വികാരത്തില്‍ നിക്ഷിപ്തമാണെന്നും നിഷ്കളങ്കവും സൌമ്യവുമായ ചിരിയോടെ ശത്രുവിനോട് പോലും പറയാന്‍ കാണിച്ചിരുന്ന ലാഘവത്വം ..അതു തന്നെയാണവരെ ഇന്ത്യയ്ക്കത്തും പുറത്തും സ്വീകാര്യയാക്കിയത്.. സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അവര്‍ക്കുള്ള പ്രതിഭ ലോകത്ത് മറ്റൊരു സ്ത്രീ എഴുത്തുകാരും പ്രകടമാക്കിയിട്ടില്ല എന്നുള്ളത് നമുക്കഭിമാനിക്കാവുന്ന ഒന്നാണ്..നാലപ്പാട്ട് എന്ന സര്‍ഗ്ഗശക്തികളുടെ കേദാരമായിരുന്ന തറവാട്ടില്‍ ജനിച്ച് ജ്ഞാനത്തിന്റെ ഉറവയില്‍ നീരാടി നീര്‍മാതളത്തിന്റെ ശീതളഛായയില്‍ പിച്ചവെച്ച് ഉത്തരേന്ത്യന്‍ സംസ്കൃതിക്കൊപ്പം വളര്‍ന്ന് മലയാളത്തിനിമയുള്ള കഥകളും നോവലുകളും അനുഭവങ്ങളും മലയാളികള്‍ക്കും ഇംഗ്ലീഷ് കവിതകളിലൂടെ പാശ്ചാത്യ സാഹിത്യ സ്നേഹികള്‍ക്കും പ്രിയങ്കരിയായി മാറിയ കമല ഒരു പൂവാകയുടെ തണലില്‍ വിശ്രമം കൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം ...

കമലസുരയ്യയുടെ എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നത് സ്നേഹം ,പ്രണയം ,ആര്‍ദ്രത,ദയ ,വിരഹം എന്നീ വികാരങ്ങളാണ്.സ്നേഹത്തിന്റെ പര്യായങ്ങളാണു അവരുടെ ഭാഷ.കമലയുടെ തന്നെ വാക്കുകളില്‍ .."വികാരങ്ങളെ അനശ്വരമാക്കുകയാണു സാഹിത്യം ..രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്..മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും .പക്ഷെ ,വികാരത്തിന്റെ നാമ്പുകള്‍ തുടരും .അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തു കൊണ്ടാണു.അവസാനത്തെ ഓര്‍മ സ്നെഹത്തിന്റേതായിരിക്കും ..സ്നേഹമില്ലാതെ എനിക്ക് കവിതയില്ല .സ്നേഹം നഷ്ടപെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്."ആ പ്രണയാക്ഷരങ്ങള്‍ വാല്‍സല്യത്തിന്റെ നീലാംബരി രാഗം മൂളി ആസ്വാദക മനസ്സുകളില്‍ മാതൃത്വമായ് പെയ്തിറങ്ങിയിട്ടുണ്ട്...

കമല സുരയ്യയെ പോലെ തന്റെ സാഹിത്യ ജീവിതത്തില്‍ സ്നേഹാദരങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ മറ്റൊരെഴുത്തുകാരിയും മലയാളത്തിലില്ല..ജീര്‍ണ്ണിച്ച സങ്കുചിത വീക്ഷണകോണുകളിലൂടെ മാത്രം സ്ത്രീ എഴുത്തുകാരെ കാണുന്ന ഒരു ആസ്വാദക സമൂഹമാണു നമുക്കിടയില്‍ ഉള്ളതെന്നു വേദനയോടെ ഓര്‍ത്തു പോകുന്നു..മാധവികുട്ടി എന്ന എഴുത്തുകാരി ഒരിക്കലും ഒരു ഫെമിനിസ്റ്റ് ആയിരുന്നില്ല.സ്ത്രൈണതയുടെ തരള ഭാവങ്ങളെ തന്റെ വശ്യവും ലളിത സുന്ദരവുമായ പദപ്രയോഗങ്ങളിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ കപടതയുടെ മുഖം മൂടിയില്ലാതെ എത്തിച്ചു എന്നതാണു അവരുടെ മേന്മ..മലയാളത്തിലെ ഒട്ടു മിക്ക എഴുത്തുകാരികളും കാണിക്കാതിരുന്ന ആ ധൈര്യം ;സദാചാരത്തിന്റെ മൂടുപടത്തിനുള്ളില്‍ വിങ്ങിപൊട്ടാന്‍ അനുവദിക്കാതെ സഭ്യതയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അവര്‍ മനുഷ്യ മനസ്സിന്റെ ആകുലതകളേയും ,വ്യാകുലതകളെയും അടിച്ചമര്‍ത്തപെടുന്ന വികാരങ്ങളേയും നൊമ്പരങ്ങളേയും തുറന്നു കാണിക്കുമ്പോഴും അവരിലെ സ്ത്രീയവിടെ സമൂഹത്തിന്റെ മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു...ഞാന്‍ അഥവാ എന്റെ എന്നൊക്കെയുള്ള ഉത്തമപുരുഷ ഏകവചനങ്ങളുടെ ബാഹുല്യം ​അവരുടെ രചനകളില്‍ സമൃദ്ധമായതിനെ തന്റെ കഥകളിലെ  പ്രധാന സാന്നിധ്യം താന്‍  തന്നെയെന്ന ധ്വനി ജനിപ്പിക്കുകയും ഒരു സ്ത്രീ ഒരിക്കലും പുറത്തു പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണവര്‍ എഴുതുന്നതെന്നും വിമര്‍ശിച്ച് അവരുടെ സര്‍ഗശക്തി ദുര്‍വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട കോണുകളില്‍ ബൌദ്ധികരും മൌലികവാദികളുമെന്നു സ്വയം മുദ്രയടിച്ച ഒരു കൂട്ടര്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഉപരിപ്ലവമായ കപടസദാചാരം നിസ്സഹായ സ്ത്രീത്വത്തിനു നേരെ വെല്ലുവിളിയുയര്‍ത്തുന്നത് കണ്ടില്ലെന്നു നടിക്കയായിരുന്നു.അല്ലെങ്കില്‍ ഉത്തമ വര്‍ഗത്തിന്റെ തനിനിറം കാണിച്ച് കേവല പെണ്ണെഴുത്തെന്നു തരംതിരിച്ച് തീണ്ടായ്മയുടെ കാരഗൃഹത്തിലെക്ക് വലിച്ചെറിയുകയായിരുന്നു ..മനുഷ്യ ബന്ധങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഒരു ആഖ്യാന രീതിയിലൂടെയാണു കമലസുരയ്യ തന്റെ കഥകള്‍ പറയാറ്..സ്ത്രീ പുരുഷ ബന്ധങ്ങളും  ഭാര്യാ ഭര്‍തൃ ബന്ധങ്ങളും  മക്കള്‍ കുടുംബ സദാചാര വിഷയങ്ങളും അനായാസേന കൈകാര്യം ചെയ്യുമ്പോള്‍ ശൈഥില്യമാവുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച്ചകളെ ചൂണ്ടിക്കാണിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്..ഇതു ചിലപ്പോഴൊക്കെ കഥാഗതികളുടെ സ്ഥൂലവികാരങ്ങളിലേക്കും വികാരങ്ങളുടെ വൈചിത്ര്യങ്ങളിലേക്കും കഥാകാരിയുടെ സഞ്ചാരം അനിവാര്യമാക്കിയിട്ടുമുണ്ട്..അലസമായ വായനയിലൂടെ കണ്ടെത്താനാവാത്ത നിരവധി ഘടനകള്‍ ചേര്‍ന്നതാണു കമലയുടെ രചനകള്‍ .പ്രമേയവും ഭാഷയും പ്രതീകാത്മകങ്ങളായ രൂപങ്ങളും പ്രതിപാദ്യ രീതിയും ദാര്‍ശനികതയുമെല്ലാം കഥകളിലൂടെ നമ്മളെ പുതിയ കണ്ടെത്തലുകളുടെ മേച്ചില്‍ പുറത്തേക്കെത്തിക്കുന്നു..അവരുടെ കഥകളിലെ മരണവും പ്രണയവും അദ്ഭുതാവഹമായ വശ്യഭാവങ്ങളോടെ വായനക്കാരുടെ മനസ്സിലേക്കിറങ്ങുന്നത് ഭാവത്മകതയും കാല്പ്പനികതയും യാഥാര്‍ത്ഥ്യത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടാണ്..സ്വപ്നങ്ങളും മനസ്സിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളും വിഭ്രാന്തികളുമൊക്കെ രചനകളില്‍ വൈകാരികതയുടെ സ്ഫടികസ്പഷ്ടത നമുക്കു വ്യക്തമാക്കി തരികയും ചെയ്യുന്നുണ്ട്.


ഒരു തത്ത്വ നിരീക്ഷകയുടെ പാടവത്തോടെ ജീവിതത്തെ കാണുകയും തദ്വാര തന്റെ രചനകളിലൂടെ വിഷയത്തെ  അപഗ്രഥിക്കുകയും ചെയ്യുന്നവൈകാരികവും തീക്ഷ്ണവുമായ ഒരു ആഖ്യാനരീതിയെ അവലംബിച്ചിരിക്കുന്നത് കാണാം .പ്രത്യേകിച്ചും കുടുംബ പശ്ചാത്തല പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ അവസ്ഥന്തരങ്ങളിലൂടെ വായനക്കാരെ വികാരപ്രക്ഷുബ്ദമായ ഒരു മാനാസികാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു.മനുഷ്യാവസ്ഥകളെ കടയുമ്പോള്‍ കിട്ടുന്ന അമൃതാണു സ്നേഹമെന്ന് കമലയുടെ ഭാഷ്യം ..നിരവധി കഥകളിലൂടെ അവരത് പറഞ്ഞ് തന്നിട്ടുണ്ട്..അവരുടെ കഥകളില്‍ തകര്‍ക്കപെട്ട മൂല്യങ്ങളെ ഉയര്‍ത്തെഴുന്നേല്പ്പിക്കുന്ന ഭാവമാണു സ്നേഹമെന്ന വികാരം .അപമാനിക്കപെട്ട സ്ത്രീത്വം സ്നേഹത്തെ സ്വാതന്ത്ര്യത്വരകമായ് സ്വീകരിക്കാന്‍ വെമ്പുന്നതും സ്നേഹത്തിനും പ്രണയത്തിനും സ്ത്രീയുടെ നിസ്സഹായതയുടേയും ദൌര്‍ബല്യത്തിന്റേയും ചട്ടക്കൂട്ടില്‍ എത്രമാത്രം വ്യതിരിക്തത അനുഭവിക്കേണ്ടി വരുമെന്നും ചില കഥാസന്ദര്‍ഭങ്ങളില്‍ നമുക്ക് തോന്നും ..കവിതകളിലാവട്ടെ സ്നേഹം സാമൂഹ്യ പ്രതീകങ്ങളോട് വിധേയത്വം പുലര്‍ത്തുന്നത് കാണാം ..തികച്ചും ഒരു സ്നേഹഗായിക തന്നെയായിരുന്നു കമല സുരയ്യ എന്ന മഹദ് വ്യക്തിത്വം ...യവനിക വീഴുമ്പോഴും സ്നേഹമന്ത്രണം മാത്രമായിരുന്നു ആ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്നതും ..

അക്ഷരങ്ങളിലൂടെ സ്ത്രീലാവണ്യത്തിന്റെ നിമ്നോന്നതികളുടെ കാമനകളും  വികാരവിചാരങ്ങളും പറയുമ്പോള്‍ എപ്പോഴൊക്കെയോ ഛായത്തില്‍ മുക്കിയ തൂലികയിലൂടെ സ്ത്രീസൌന്ദര്യമെന്ന അവരുടെ ഭാവന കാന്‍വാസില്‍ പ്രതിഫലിച്ചു.പ്രണയത്തിന്റെ ഭാഷയില്‍ സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അവരുടെ ഉള്ളിലെ സ്നേഹമെന്ന വികാരം പ്രപഞ്ചത്തിലെ കോടാനുകോടി ചരാചരങ്ങളും നെഞ്ചോട് ചേര്‍ക്കുകയായിരുന്നു..ഇനിയും ഇങ്ങനെയോരു ജന്മം നമുക്കു കാണാനോ അനുഭവിക്കാനോ കഴിഞ്ഞെന്നു വരില്ല...അവര്‍ തെളിയിച്ച സ്നേഹദീപങ്ങളുടെ ഇത്തിരി വെട്ടം ഇരുളിലാണ്ട അപരിഷ്കൃത വിഭാഗങ്ങളുടെ ഇടുങ്ങിയ മനസ്സിനെ വിശാലമാക്കി കണ്ണിനു കാഴ്ച്ചയായെങ്കില്‍ .....

Tuesday, 17 April 2012

ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ :-കവിത



(photo crtsy google)
ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ :-      

അപരിചിതങ്ങളായ 
വഴികളിലൂടെയാണെന്റെ യാത്ര
അറിയാമെനിക്കീ 
വേനല്‍ ചൂടിന്റെ കാഠിന്യം 
എങ്കിലും മഴനിഴലുണ്ടായിരിക്കും 
എനിക്കൊപ്പം ....

നിനക്കതോര്‍മ്മയുണ്ടോ 
ശൈത്യം ഉറഞ്ഞ 
ഇടനാഴിയിലെവിടെയോ 
നമുക്ക് നമ്മെ നഷ്ടമായത്..
തിരികെ വിളിക്കാനാവില്ലെന്നറിഞ്ഞും 
മൌനത്തിന്റെ നീരാളിക്കരങ്ങളില-
മരുമ്പോള്‍ നിന്റെ കത്തുന്ന കണ്ണൂകളില്‍ 
ഞാന്‍ തേടിയതെന്താണ്.....

താണ്ടുന്ന പാതയുടെ 
നീളമോ ദിശയോ 
അറിയാതെയാണെന്റെ യാത്ര.
ഋതുക്കള്‍ മായ്ക്കാത്ത 
നിന്റെ കാല്പ്പാടുകളെ 
പിന്തുടരുമ്പോളെനിക്ക് 
വഴികാട്ടിയായ് 
മനസ്സിലെരിയുന്ന ചിതയിലെ
വിവശ നാളങ്ങള്‍ .

ഏകാന്തത തിന്നു തീര്‍ത്ത
മനസ്സുമായാണെന്റെ 
പ്രയാണം ..
ഓര്‍മകളില്‍ ചിതലരിക്കും  
മുന്‍പ് 
നിന്നിലലിയാനാവുമെന്ന് 
വലിഞ്ഞ് മുറുകുന്ന 
കാല്‍പ്പാദത്തിന്നടിയിലെ
ഓരോ മണല്‍ത്തരിയുമെന്നോട്
മൊഴിയുന്നു....

വെയില്‍ മരങ്ങള്‍ക്കിടയില്‍ 
വാടിയ നിഴലുകള്‍ തളര്‍ന്നു
വീഴുന്നു..എന്നാലും, 
രുയിര്‍ത്തെഴുന്നേല്പ്പിന്റെ 
പിടച്ചിലില്‍ ഞാനാശിക്കുന്നു;

ഇരുളിന്റെ മടിയിലെ
നിശ്ശബ്ദതയില്‍ 
നിശ്വാസത്തിന്‍ ആന്ദോളനം 
കേള്‍ക്കും വരെ;
ആത്മാവിലാളുന്ന അഗ്നിയില്‍ 
കാണും വരെ ;
മറവിയെന്നെ 
വിഴുങ്ങാതിരുന്നെങ്കിലെന്ന്...

Saturday, 10 March 2012

സമാവര്‍ത്തനം:-

സമാവര്‍ത്തനം:- 
===========

"ഡാ ഹമുക്കെ എണീക്കടാ"പുറത്ത് വന്നു പതിഞ്ഞ ചവിട്ടിനൊപ്പം കാതില്‍ അവ്യക്തമായ് വന്നലച്ച ശകാരം.നജീബ് പുതപ്പിനുള്ളില്‍ നിന്നും ഞെട്ടലോടെ ചാടിയെണീറ്റു.അവന്റെ ഉപ്പ;പാതിരാവിലെപ്പോഴോ വന്നു കയറിയതായിരിക്കണം. പെരുമ്പിലാവ് ചന്തയില്‍ പോത്തിനെ വാങ്ങാന്‍ പോകുവാനായി തയ്യാറായി നില്‍ക്കുന്നു.
അള്ളോ.ഇന്ന് ഞാനല്ലെ ബാങ്ക്*കൊടുക്കേണ്ടത്. നജീബ് ഒരാന്തലോടെ ചാടിയെണീറ്റു. പായ തെറുത്ത് കഴുക്കോലില്‍ ഒരേ വരിയില്‍ തൂങ്ങിയാടുന്ന രണ്ട് കയറിന്റെ ഉറിയില്‍ കയറ്റി വെച്ച കിടക്കക്ക് മുകളിലേക്ക് തിരുകി കയറ്റി.. അയയില്‍ കിടന്നിരുന്ന ഷര്‍ട്ട് തോളിലിട്ട് അടുക്കള കോലായിലെ തകരപാത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഉമിക്കരി എടുത്ത് പുറത്തേക്കിറങ്ങി.
ഓവുങ്ങല്‍ പള്ളിയില്‍ നിന്നുമുള്ള ബാങ്ക് അവസാനിക്കുന്നു.അസ്സലാത്തു ഹൈറും മിനന്നൌം (നമസ്കരിക്കല്‍ ഉറക്കത്തേക്കാള്‍ ശ്രേഷ്ടമാകുന്നു ).നജീബ് കന്നി മുക്ക് പള്ളിയെ ലക്ഷ്യമാക്കി ഓടുമ്പോള്‍ മുക്രിയുടെ* ആജ്ഞാപിക്കുന്നത് പോലുള്ള ശബ്ദത്തില്‍ ബാങ്കിന്റെ അവസാന വാചകങ്ങള്‍ അവന്റെ നെഞ്ചിടിപ്പ് കൂട്ടി.കിഴക്ക് ചക്രവാളത്തില്‍ അപ്പോഴും മിന്നുന്ന ധ്രുവനക്ഷത്രം .അവനത് കുറച്ചു നേരം നോക്കി നിന്നു.കയ്യില്‍ കരുതിയിരുന്ന ഉമിക്കരി തുറക്കാന്‍ മടി കാണിച്ച വായ് തുറന്ന് കട്ട പല്ലില്‍ തേച്ച് പിടിപ്പിച്ചു കൊണ്ടവന്‍ പള്ളിക്കുളത്തിലേക്കിറങ്ങി.
മകരമഞ്ഞില്‍ കോച്ചി വിറങ്ങലിച്ച് കിടക്കുന്നു കുളത്തിലെ വെള്ളം.കയ്യും മുഖവും കഴുകി പള്ളി മുറ്റത്തെ ഹൌളില്‍ *തലേ ദിവസം കോരി നിറച്ചിട്ടിട്ടുള്ള വെള്ളത്തില്‍ നിന്നും വുളു*എടുത്തു. അകത്തു കയറി ഖിബലയ്ക്ക്*തിരിഞ്ഞ് രണ്ട് കയ്യിലേയും ചൂണ്ടാണി വിരല്‍ ചെവിയില്‍ തിരുകി നജീബ് ബാങ്ക് വിളിക്കാന്‍ തുടങ്ങി..ബാങ്കിന്റെ അവസാനത്തില്‍ മടി പിടിച്ചുറങ്ങുന്നവരെ ആരാധനയിലേക്കെത്തിക്കാന്‍ വേണ്ടി പറയേണ്ട ശ്രേഷ്ടമായ വാചകങ്ങള്‍ മറക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു..ചിലപ്പോഴൊക്കെ അവനത് പറയാന്‍ മറക്കാറുളതും അതിനവനു ഉസ്താദിന്റെ കയ്യിലുള്ള കാര വടി കൊണ്ട് തൊലി പൊട്ടുന്നത് വരെ കിട്ടാറുള്ളതു മനസ്സിലേക്ക് വന്നതും നജീബിന്റെ സ്വരം ഒന്നിടറി...

സുബുഹി* നമസ്കാരത്തിനു ശേഷം അവനിരുന്നു ഖുറാന്‍ പാരായണം ചെയ്തു. കൈകള്‍ രണ്ടും മേലോട്ടുയര്‍ത്തി തന്റെ കഷ്ടപ്പാടൂകളില്‍ നിന്നും മോചനം കിട്ടാനായി കരളുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട് ഉസ്താദിനുള്ള ചായ വാങ്ങാനായി അലുമിനിയത്തിന്റെ തൂക്കു പാത്രവുമായി സെയ്ദാലിക്കാടെ ചായ പീടികയിലേക്ക് നടന്നു.സൂര്യന്റെ ആദ്യ കിരണങ്ങള്‍ കന്നി മുക്കിലേക്കെത്തി നോക്കുന്നതേയുണ്ടായിരുന്നുള്ളൂ.കാക്കകള്‍ കൂട്ടത്തോടെ ബഹളമുണ്ടാക്കി തീറ്റയന്വേഷിച്ച് പറന്നു പോകുന്നു.സെയ്ദാലിക്കാടെ പീടിക കടവിനടുത്താണ്.ആദ്യ തോണിക്കുള്ള യാത്രക്കാരേയും കാത്ത് അന്ത്രുമാന്‍ക്ക ബീഡിയും കത്തിച്ച് നെഞ്ച്ച് തടവി കൊണ്ട് ഓളപരപ്പിലേക്ക് നോക്കിയിരിക്കുന്നുണ്ട്.നജീബവിടെയെത്തുമ്പോള്‍ സെയ്ദാലിക്ക സമോവറിലേക്ക് വെള്ളം ഒഴിച്ച് തുടങ്ങുകയായിരുന്നു.അവനവിടെ കണ്ട കീറാനിട്ടിരുന്ന മരത്തടിയിലിരുന്നു..”എന്താഡ നജീബെ അന്റെ ഉസ്താദിനുള്ള ചായടെ ബെള്ളത്തിനാവും ല്ലെ ഇയ്യ് ബന്നത്”.കൊക്കി കൊക്കി ചുമച്ച് കൊണ്ട് അന്ത്രുമാന്‍ക്ക അവനോട് തിരക്കി.അതേയെന്നവന്‍ തലയാട്ടി സമോവറിനെ പുണരുന്ന അഗ്നി നാളങ്ങളെ നോക്കിയിരുന്നു.. .”അല്ലഡ ചെക്ക അന്റെ ഉപ്പ എങ്ങനെ അന്നോട്.അന്നെ തല്ലലുണ്ടാ.”.അവനത് കേട്ട് ഒന്നും മിണ്ടാതിരിക്കുമ്പോള്‍ സെയദാലിക്ക പറയുന്നുണ്ട്."ഇങ്ങളോനോട് ചൊയിച്ചിറ്റെന്താ.ഓന്റെ കാര്യം കസ്റ്റാ .അതിലും കസ്റ്റാ ഒന്റെ ഉമ്മാന്റെ കാര്യം.എത്രായാലും രണ്ടാം കെട്ടല്ലെ.ഓന്റെ ഉപ്പാക്കൊക്കില്ലല്ലോ ഉമ്മാന്റെ രണ്ടാം കെട്ട്യോന്‍ .പടച്ച തമ്പുരാന്‍ ഓര്ക്കെന്തെങ്കിലും ബയി കാണിച്ച് കൊടുക്കേരിക്കും .ആ ഹമുക്കെന്നും കുടിച്ചോണ്ടാ പൊരേ ചെല്ലണത്..എന്നിറ്റ് ഇബറ്റനെ തല്ലി ചതക്കലന്നെ .ഇന്റെ ബീടര്. എപ്പളും ഇബന്റെ ഉമ്മാന്റെ കാര്യം പറഞ്ഞ് ബെശമിക്കണത് കാണാം.കള്ള ഹിമാര്‍ .. പോത്തോളെ അറുത്തറുത്ത് ഓന്റെ സൊഭാവം ബെടക്കെട്ടതായി.കണ്ണീ ചോരല്ലാത്തോന്‍ ." ..
"സെയ്ദാലിക്കാ ചായ തെളച്ചാ"..അവന്‍ ആ സംഭാഷണങ്ങളുണ്ടാക്കിയ നീരസത്തോടെ തിരക്കി."ദാ ഇപ്പാവും "അതും പറഞ്ഞ് സെയ്ദാലിക്ക തിളച്ച എരുമപ്പാലെടുത്ത് ചായ കൂട്ടനുള്ള വലിയ കോപ്പയിലേക്കൊഴിക്കാന്‍ തുടങ്ങി."ഇയ്യബടിരിക്കട ചെക്കാ അനക്കെന്താ ഇത്തര ദിര്‍ദി". അന്ത്രുമാന്‍ക്കാടെ ചോദ്യത്തിന് അവന്‍ പറഞ്ഞു "എനിക്കവിടേയൊക്കെ അടിച്ചോരണം നേരം വൈകിയാല്‍ ഉസ്താദിന്റെന്ന് ചീത്ത കേക്കും".അതും കേട്ടുകൊണ്ടവിടെ എത്തിയ മമ്മദുക്ക അതേറ്റ് പിടിച്ച്  പറയാന്‍ തുടങ്ങി."ഇങ്ങള്.ഓനെ ബെക്കം വിട്ടോളീ.ഉസ്താദിന്. ഇബന്‍ എണ്ണയിട്ട് കുളിപ്പിച്ച് കൊടക്കണ്ടതാ അയാള്‍ക്ക് ബീടരും കുട്ട്യോളൊന്നും ഇല്ലങ്കിലെന്താ ഒക്കെ ഇപ്പ ഇബനല്ലെ".അതും പറഞ്ഞയാള്‍ ഒരു കൊലച്ചിരി ചിരിച്ചു.അതിന്റെ അര്‍ത്ഥം മനസ്സിലാക്കി മറ്റുള്ളവരും.എല്ലാം കേട്ട് നജീബ് തല താഴ്ത്തി ഇരുന്നതേയുള്ളൂ. അവന്റെ മൌനത്തില്‍ രസം പിടിച്ച മമ്മദ് വീണ്ടും അവനെ ചൊടിപ്പിക്കാന്‍ തുടങ്ങി "അല്ല സെയ്ദാലേ ഇബനിപ്പൊരു കുണ്ടനായിട്ടിണ്ട് ല്ലെ.പോത്തെറച്ചി തിന്ന് തിന്നു ഓനൊന്ന് കൊയുത്തറ്റ്ണ്ട് ല്ലെ".ഇതു കേട്ട് അന്ത്രുമാന്‍ക്ക അയാളുടെ കൊക്കി കൊക്കിയുള്ള ചുമയ്ക്കൊപ്പം ശ്വാസം കിട്ടാതെ ചിരിക്കുന്നുണ്ട്.നജീബിരുന്ന് പല്ലിറുമ്മി."അല്ല നജീബെ ഇയ്യ് ഉസ്താദിന്റൊപ്പരല്ലെ ഒറങ്ങണത്".മമ്മദുക്ക അവനെ വിടാനുള്ള ഭാവമില്ലായിരുന്നു. അവന്‍ അയാളെ രൂക്ഷമായൊന്ന് നോക്കി."ഇന്റെ നജീബെ ഇതിബടെ എല്ലര്ക്കും അറിയാം ഇയ്യ് ബെശമിച്ചിറ്റ് കാര്യൊന്നുല്ല.ഇയ്യ് അയാളേക്കന്നു രണ്ട് കായുണ്ടാക്കാന്‍ നോക്ക്".നജീബിന്റെ രോഷം പുകഞ്ഞാളി .അവന്‍ ചായയെടുക്കാതെ ഇറങ്ങി നടന്നു."ഡാ ചെക്ക ഇതു കൊണ്ടോഡാ"സെയ്ദാലിക്ക ചായ പാത്രവുമായി അവന്റെ പിന്നാലെ വന്നു..അവന്റെ കയ്യില്‍ തൂക്കു പാത്രം കൊടുക്കുമ്പോള്‍ സെയ്ദാലിക്ക അവനെ നോക്കി കരുണയോടെ പറഞ്ഞു."മോന്‍ ബെശമിക്കണ്ട ആരെങ്കിലും എന്തെങ്കിലൊക്കെ പറഞ്ഞോട്ടെ..ഇയ്യത് കാര്യാക്കണ്ട".നജീബ് പാത്രവും വാങ്ങി ഒന്നും മിണ്ടാതെ ചരല്‍ നിറഞ്ഞ ഇടവഴിയിലേക്ക് കയറി.

നേരം നന്നായി പുലര്‍ന്നിരുന്നു. പള്ളിയുടെ പുറകിലൂടൊഴുകുന്ന പുഴയ്ക്കിരുവശവും വളര്‍ന്നു നില്‍ക്കുന്ന കൈതകളില്‍ വെയില്‍ നാളങ്ങള്‍ വെട്ടിത്തിളങ്ങുന്നു.നജീബ് ഉസ്താദിന് ചായ കൊടുത്ത ശേഷം മദ്രസ്സ* അടിച്ച് വൃത്തിയാക്കി കൂജയില്‍ വെള്ളം നിറച്ച് മേശപ്പുറത്ത് വെച്ചു.
" ഡാ കെലിവേ ഇബടെ ബന്നെ".ഉസ്താദവനെ വിളിച്ചു തന്റെ മൊട്ടത്തല തടവി കൊണ്ട്പറഞ്ഞു "ഞാന്‍ ഒരായ്ച്ച ഇബടുണ്ടാവില്ല ,ഇജ്ജ് നേരത്തിനും കാലത്തിനും ബന്ന് ഇബട്ത്തെ കാര്യങ്ങള്‍ നോക്കണം ".
അവന്‍ തന്റെ സന്തോഷം പുറത്ത് കാണിക്കാതെ തലയാട്ടി.ചൂലുമെടുത്ത് പള്ളിമുറ്റമടിച്ച് വൃത്തിയാക്കാന്‍ തുടങ്ങി..

ഉസ്താദ് കുറച്ച് ദിവസത്തേക്കവിടെയുണ്ടാവില്ല എന്ന വാര്‍ത്ത നല്കിയ സന്തോഷത്തിലാണ് നജീബ് വീട്ടിലെത്തിയത്.തലേ ദിവസം വെള്ളത്തിലിട്ട് വെച്ചിരുന്ന ചോറ്.കാന്താരി മുളകും ഉപ്പും കൂട്ടി വാരിതിന്നുന്നതിനിടയില്‍ ഉമ്മ അവനെ വിളിച്ചു, "നജീബേ മോനെ തലയിലീ എണ്ണ പൊരട്ടടാ"..ഉമ്മയുടെ സ്നേഹസ്വരത്തിനു മുന്നില്‍ അവനിന്നും ശൈശവം വിടാത്ത ബാലനാണു..എണ്ണ കുപ്പിയെടുത്ത് ഉമ്മ അവന്റെ തലയിലേക്ക് എണ്ണ ഒഴിച്ചു..പിന്നെ പോത്തുകളെ പരിചരിച്ച് തഴമ്പ് വീണ കൈവിരല്‍ കൊണ്ടവര്‍ അവന്റെ മുടിയിഴകളിലൂടെ തലോടി..ഉമ്മായുടെ ചെറു ചൂടുള്ള ശ്വാസം അവന്റെ കഴുത്തിലേറ്റപ്പോള്‍ നജീബിന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി..
തോര്‍ത്തും സോപ്പുമെടുത്തു കൊണ്ട് പുഴയിലേക്ക് നടക്കുമ്പോള്‍ കണ്ടു പുഴയുടെ കുറുകെയുള്ള പാലത്തിലൂടെ വടക്കോട്ടേക്കുള്ള പാസ്സഞ്ചര്‍ ട്രയിന്‍ പോകുന്നത്..മണല്‍ തിട്ടകളിലെ അലക്കു കല്ലില്‍ മണ്ണാത്തികള്‍ തങ്ങളുടെ നിത്യ വൃത്തിയില്‍ മുഴുകിയിരുന്നു.അവരുടെ കുഞ്ഞുങ്ങള്‍ പുഴയുടെ തീരത്ത് മണ്ണപ്പം ചുട്ടു കളിക്കുന്നുണ്ട്.അവന്‍ മെല്ലെ പുഴയിലേക്കിറങ്ങി.കൈകള്‍ കൊണ്ട് ഓളങ്ങളെ വകഞ്ഞ് മുങ്ങാം കുഴിയിട്ട് നിവര്‍ന്നു.

ശരീരത്തില്‍ സോപ്പ് തേച്ച് പിടിപ്പിക്കുമ്പോഴാണതവന്‍ ശ്രദ്ധിച്ചത്.അവന്റെ ശരീരം പുരുഷത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരിക്കുന്നു.ഉള്ളില്‍ തോന്നിയ ആനന്ദം അവന്റെ ഇത്തിരി തടിച്ച ചുണ്ടുകളില്‍ ഒരു മന്ദസ്മിതമായ് വിരിഞ്ഞു.അവന്‍ ചുറ്റും നോക്കി .ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല.എല്ലവരും തങ്ങളൂടെ ജോലികളില്‍ വ്യാപ്രുതരാണ്.അവനത് വരെ ശ്രദ്ധിക്കാതിരുന്ന അവന്റെ പൌരുഷത്തെ നിറഞ്ഞ ആനന്ദത്തോടെ വീണ്ടും വീണ്ടും നോക്കി.അവന്‍ തന്റെ ചെറുതായി വിരിഞ്ഞു തുടങ്ങിയ നെഞ്ചിലേക്ക് കയ്യോടിച്ചു നോക്കി ;ഇളം കറുപ്പ് നിറത്തില്‍  മുളച്ചിരിക്കുന്ന രോമങ്ങളില്‍ പൈതങ്ങളോടെന്ന പോലെ തലോടി ഏറെ നേരം നിന്നവന്‍ ഉസ്താദിനു പ്രാതല്‍ കൊണ്ട് കൊടുക്കുന്നതിനെ കുറിച്ച് മനഃപൂര്‍വം മറന്നു.പക്ഷെ അയാളുടെ വട്ടത്താടിയും പരുപരുത്ത വിരലുകളുടെ ബലവും ഓര്‍ത്തപ്പോള്‍ നജീബിന്റെ സന്തോഷം പുഴയിലെ ഓളങ്ങളെ  പോലെ പാതി വഴിയില്‍ നിലച്ചു.

സത്യത്തില്‍ ഉസ്താദിനു വേണ്ടിയുള്ള പരിചരണങ്ങളില്‍ നജീബ് ഒട്ടും തൃപ്തനായിരുന്നില്ല.നാട്ടുകാര്‍ പലതും പറയുന്നതില്‍ കഴമ്പില്ലാതില്ല എന്നത് നജീബ് നടുക്കത്തോടെ മാത്രം ചിന്തിക്കുന്ന ഒരു സത്യം അഥവാ അവനിന്നോളം ആരുമായും പങ്ക് വെയ്ക്കാത്ത ഒരു സ്വകാര്യ ദുഃഖം മാത്രം.അവനീ കാര്യത്തില്‍ സങ്കടം മാത്രമല്ല സ്വയം പുഛവുമാണു. ഒന്നര കൊല്ലമായി അവന്‍ അയാളുടെ വൈകൃതങ്ങള്‍ക്കിരയാവാന്‍ തുടങ്ങിയിട്ട് എന്നിട്ടും തിരിച്ച് എന്തെങ്കിലും പറയാനോ;ഒരു ചെറുത്തു നില്‍പ്പ് നടത്താനോ തന്നെ കൊണ്ടാവുന്നില്ലല്ലൊ എന്നത് അവനെ ഒരു അന്തര്‍മുഖനാക്കി മാറ്റി.പള്ളിപറമ്പിനോട് ചേര്‍ന്ന് തന്നെയാണു ഉസ്താദിന്റെ ഒറ്റമുറി താമസവും . അവനവിടുത്തെ രാത്രി താമസക്കാരനായത് സ്വന്തം വീട്ടിലവനനുഭവിക്കുന്ന ദുരിതത്തില്‍ നിന്നാശ്വാസം തേടിയായിരുന്നു.രണ്ടാം ഭര്‍ത്താവുമായിട്ടുള്ള പൊറുതി ഉമ്മ തുടങ്ങിയത് കഷ്ടപാടുകള്‍ക്കിടയിലും മാറി പോകാനിഷ്ടപെടാത്ത യൌവനത്തെ കഴുക കണ്ണുകളില്‍ നിന്നും രക്ഷിക്കാനായിരുന്നു.എന്നാല്‍ രണ്ടാം ഭര്‍ത്താവിന്റെ കൊടും പീഠനങ്ങള്‍ക്ക് ഉമ്മയും മകനും ഒരു പോലെ ഇരയായപ്പോള്‍ ഉമ്മ തന്നെയാണ് ഉസ്താദിനോട് സങ്കടം പറഞ്ഞതും അവനവിടെ അയാളൂടെ പരിചരണങ്ങള്‍ക്കാക്കിയതും.പക്ഷെ ആ സാധു ഉമ്മ അറിയുന്നില്ലല്ലൊ മകന്റെ നിഷ്കളങ്ക ബാല്യത്തെ കാമത്തിന്റെ തീ നാളങ്ങള്‍ വിഴുങ്ങുന്നത്.
ഉസ്താദിനുള്ള പ്രാതലും കൊടുത്ത് ഒതുക്കു കല്ലുകള്‍ ഇറങ്ങുമ്പോള്‍ നജീബ് മനസ്സില്‍ ചില തീരുമാനങ്ങള്‍ കണ്ട് തുടങ്ങി. അവന്റെ ഉള്ളിലിരുന്നാരോ പറയുന്നു."നജീബെ നീ ഇപ്പോള്‍ ഒത്ത ഒരു പുരുഷനാണ്.നിന്റെ പൌരുഷത്തിനെ വൈകൃതങ്ങള്‍ക്കിരയാക്കാന്‍ നീയാരെയും സമ്മതിക്കരുത്.ചെറുത്ത് നില്ക്കുക അല്ലെങ്കില്‍ പ്രതികരിക്കുക".വഴിയില്‍ കിടന്ന കല്ലു തട്ടി മുന്നോട്ടാഞ്ഞ് വീഴാന്‍ പോയപ്പോഴാണു നജീബ് ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടത്.

വീട്ടില്‍ എത്തിയ നജീബവന്റെ വെളുത്ത് തുടുത്ത മുഖത്തും നെഞ്ചത്തും കാണപെട്ട രോമരാജികളില്‍ നോക്കി നിര്‍വൃതി കൊണ്ടു.പിന്നെ ഉമ്മ കാണാതെ അടുക്കളയില്‍ ചെന്ന് അടുപ്പിന്റെ തിണ്ണയില്‍ കമഴ്ത്തി വെച്ചിരുന്ന കലത്തിന്റെ മൂട്ടില്‍ ചൂണ്ട് വിരലും നടു വിരലും അമര്‍ത്തി തോണ്ടി യെടുത്ത കരി കൊണ്ട് ഉമ്മറക്കോലായില്‍ തൂക്കിയിട്ടിരുന്ന ചിന്നിയ മുഖ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് സൂക്ഷ്മതയോടെ ചുണ്ടുകള്‍ക്ക് മേലെയുള്ള നീലിച്ച രോമങ്ങളെ കറുപ്പിച്ചു..ഷര്‍ട്ടിടുമ്പോള്‍ അവനറിയാതെ തന്നെ അവന്റെ വിരിഞ്ഞു തുടങ്ങുന്ന മാറിടം വിജ്രുംഭിച്ച് പിടിക്കാന്‍ തുടങ്ങി.അന്നു വരെ മടക്കി കുത്താതെ മുണ്ടുടുത്തിരുന്ന നജീബ് പുസ്തക കെട്ട് തോളില്‍ വെച്ച് മുണ്ടും മടക്കി കുത്തി മുഖത്തൊരാത്മ വിശ്വാസം വരുത്തി തലയുയര്‍ത്തി നടന്നു.ഇടവഴിയിലൂടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടം കൂടി സ്കൂളിലേക്ക് പോകുന്നുണ്ടായിരുന്നു.നജീബ് ഒളികണ്ണിട്ട് പെണ്‍കുട്ടികളെ നോക്കി.അവര്‍ എന്തൊക്കെയോ കലപില കൂട്ടി പറയുകയല്ലാതെ തന്നെ ഒന്നു നോക്കുന്നില്ലല്ലോ എന്നവന്‍ കുണ്ഠിതപെട്ടു.

കന്നിമുക്കില്‍ മകരകൊയ്ത്ത് പാട്ടിന്റെ ഈരടികള്‍ അലയടിച്ചു. അവന്റെ ജീവിതത്തിലെ അലോസരങ്ങളായ രണ്ടാളൂകള്‍ ;വീട്ടില്‍ നിന്ന് പോത്ത് കച്ചവടത്തിനു പോയ ഉപ്പയും എവിടെയോ മന്ത്രവദത്തിന് പോയ ഉസ്താദും ഇല്ലാതെയുള്ള ദിനങ്ങള്‍ . നജീബ് ന്റെ ജീവിതത്തില്‍  സന്തോഷമെന്തെന്നറിയാന്‍ തുടങ്ങി..ക്രിസ്മസ്സ് പരീക്ഷയുടെ അവസാന ദിവസം ക്ലാസ്സില്‍ വെച്ച് അവനോട് ഹിന്ദി നോട്ട് ബുക്ക് ചോദിച്ച് ചെന്ന ആ പെണ്‍കുട്ടിയുടെ നാണം ഒളിപ്പിച്ചു വെച്ച കണ്ണുകളിലെ സുറുമ പരന്നത് കണ്ട് അവനു കൌതുകം തോന്നി.അവള്‍ മെല്ലെ അവനോട് പറഞ്ഞു നജീബിന്റെ മീശയ്ക്ക് നല്ല കറുപ്പ് എന്ന് .  അവന്‍ ആണായെന്നാദ്യം അംഗീകരിച്ച ആ പെണ്‍കുട്ടിയോട് നജീബിനെന്തെന്നില്ലാത്ത ഒരു സ്നേഹാദരവ് തോന്നി.അന്നു മുഴുവന്‍ ക്ലാസ്സിലിരുന്നവന്‍ നിറമുള്ള സ്വപ്നങ്ങള്‍ കാണുകയായിരുന്നു.ആ പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ പെയ്ത മഴയില്‍ അനുരാഗത്തിന്റെ ബീജങ്ങള്‍ അവന്റെയുള്ളില്‍ പൊട്ടി മുളച്ചിരുന്നു .അന്നു അവര്‍ രണ്ടു പേരും ക്ലാസ്സില്‍ കണ്ണുകളിലൂടെ അന്യോന്യം അവരുടെ മനസ്സ് കൈമാറി കളിച്ചു.

പതിവിലധികം സന്തോഷത്തോടെയാണ്.നജീബന്ന് സ്കൂള്‍ വിട്ട് വന്നത്..മുറ്റത്തിരുന്നു ഓല മെടഞ്ഞിരുന്ന ഉമ്മയെ അവന്‍ പിറകിലൂടെ ചെന്ന് വട്ടം പിടിച്ച് അവരുടെ കരുവാളിച്ചതും ഭര്‍ത്തവിന്റെ തല്ലു കൊണ്ട് നിറം മങ്ങിയതുമായ കവിളുകളില്‍ തെരു തെരെ ഉമ്മ വെച്ചു.."എന്താഡ ചെക്ക അനക്കൊരെളക്കം'.ഉമ്മ ആഹ്ലാദത്തോടെ ചോദിച്ചു..ഒന്നൂല്ലുമ്മാ..അവന്‍ അകത്ത് ചെന്ന് ഷര്‍ട്ടൂരി വന്നു വീണ്ടും കണ്ണാടിക്ക് മുന്നില്‍ നിന്നു.അപ്പോളവന്റെ ഉമ്മ പരിതപിക്കുന്നുണ്ടായിരുന്നു..മോനെ അധികം സന്തോശിക്കണ്ട ഇന്നാ പഹയന്‍ കച്ചോടം കയിഞ്ഞ് കള്ളും കുടിച്ചോണ്ടാവും വരണത്.ഇന്റെ മോനിന്നു ഉസ്താദിന്റടുത്ത് കെടന്നാല്‍ മതീറ്റാ. ഉസ്താദ് എത്തീട്ടുണ്ടന്ന് പറയണത് കേട്ട്"..ങെ..ആ ചിന്ത അവനിലൊരു വെറുപ്പുളവാക്കി.വേണ്ടുമ്മ ഞാനിവിടെ കെടന്നോളാം…
"ന്റെ മൊനെ അന്നെ ആ പഹയന്‍ തല്ലി ചതക്കണത് കാണന്ള്ള കരുത്ത് ന്റെ മുത്തിന്റുമ്മാക്കില്ല..അതോണ്ടാ". അവനത്.വരെ അനുഭവിച്ചിരുന്ന ആനന്ദമെല്ലാം നിമിഷങ്ങള്‍ കൊണ്ടപ്രത്യക്ഷമായി.വാടിയ മുഖവുമായി നജീബ് മഗ് രിബ് * ബാങ്ക് കൊടുക്കാന്‍ വേണ്ടി പള്ളിയിലേക്ക് നടന്നു.

നമസ്കാരം കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞു.അന്തി ചുവപ്പില്‍ മാനം തുടുത്തിരിക്കുന്നു..അവന്‍ പള്ളിയുടെ ചവിട്ടു പടിയില്‍ വന്നിരുന്നു.ആകാശത്തേക്ക് നോക്കി.മിന്നി തിളങ്ങുന്ന ശുക്ര നക്ഷത്രം,അതിനടിയിലായി ചിരിച്ച മുഖവുമായി അമ്പിളിക്കീറ് പടിഞ്ഞാറോട്ട് കുതിക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ എത്തി നോക്കുന്നത് പോലെ തോന്നി അവന്.. കന്നി മുക്കിലേക്ക്  പതുക്കെ ഇരുട്ടു തന്റെ പുതപ്പുമായെത്തി. പള്ളി മുറ്റത്തെ താണി മരത്തിന്റെ ചില്ലകളില്‍ കൂടുള്ള കിളികളൊക്കെയും ചേക്കേറാനെത്തിയിരിക്കുന്നു.. അത്രയ്ക്കകലെയല്ലാതെ കാണുന്ന മീസാന്‍ * കല്ലുകള്‍ക്കിടയിലൂടെ പാറി പറക്കുന്ന മിന്നമിനുങ്ങുകള്‍ .നജീബ് തന്റെ ദുര്‍വിധിയില്‍ നെടുവീര്‍പ്പിട്ടു.ഉപ്പാടെ സ്നേഹത്തിന്റെ കണങ്ങള്‍ ഇപ്പോഴും അവന്റെ കൈകളില്‍ അത്തറിന്റെ മണമായിട്ടുണ്ട്.അവന്‍ ഇരുട്ടിലൂടെ തന്റെ ഉപ്പാടെ കബറിടത്തിലേക്ക് നടന്നു.പള്ളിത്തൊടിയുടെ പടിഞ്ഞാറ്.മൂലയിലുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണാ കബര്‍ .അവനവിടെ ചെന്ന് നിന്ന് യാസീനോതാന്‍ * തുടങ്ങി. ഓതുന്നതിനിടയില്‍ അണപൊട്ടി ഒഴുകിയ കണ്ണുനീരിനെ തടഞ്ഞു നിര്‍ത്താന്‍ അവന്‍ നന്നെ പാടു പെട്ടു.ഉപ്പാന്റെ മുന്നില്‍ നജീബിന്റെ വ്യസനങ്ങള്‍ പെരുമഴയായ് പെയ്തിറങ്ങി. എത്ര നേരം അവനാ മീസാന്‍ കല്ലിനു ചുവട്ടില്‍ ഇരുന്നെന്നറിഞ്ഞില്ല.ഈഷാ*ബാങ്കിന്റെ വിളിയില്‍ അവനു പരിസരബോധമുണ്ടായി. പതുക്കെ എണീറ്റ് ഹൌളില്‍ പോയി അംഗ ശുദ്ധി വരുത്തി.പള്ളിക്കുള്ളിലേക്ക് കയറി.

"ഡാ ഹിമാറെ ഇയ്യെബടെ പോയി മജ്ജത്തായി കെടന്നിര്ന്നത്".ഉസ്താദ് ദേഷ്യത്തോടെ ഉറഞ്ഞ് തുള്ളുന്നു.നജീബൊന്നും മിണ്ടാതെ മുസല്ലകള്‍ * നേരെയാക്കി നിന്നു.

അന്നവന്‍ നമസ്കാരത്തിനു ശേഷം വേഗം തന്നെ വീട്ടിലേക്ക് പോയി.മുറ്റത്തേക്ക് കയറുമ്പോഴെ കേട്ടു ആ ക്രൂരന്റെ അട്ടഹാസം .ഇടക്കിടെ കിട്ടുന്ന തല്ലില്‍ ഉമ്മയുടെ അള്ളോ അള്ളോ എന്ന ദയനീയ നിലവിളിയും ..നജീബ് മുറ്റത്ത് കുറച്ച് നേരം നിന്നു .അയാളുടെ അസഭ്യ വര്‍ഷങ്ങളുടെ ഇന്നത്തെ കാരണം തന്റെ ഉമ്മായ്ക്കൊരിക്കലും ഇല്ലാത്ത ഒരു അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് മനസ്സിലായപ്പോള്‍ നജീബ് തന്റെ പല്ലുകളിറുമ്മി കൈകള്‍ കൂട്ടി തിരുമ്മി..പിന്നെ തഴെ കിടന്ന ഒരു കല്ലെടുത്ത് മുറ്റത്തെ മൂലയില്‍ കിടന്നിരുന്ന അവനിടക്ക് ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ തീറ്റിക്കാറുള്ള പട്ടിയുടെ നേര്‍ക്കെറിഞ്ഞ് അരിശം തീര്‍ത്തു. മോങ്ങി കൊണ്ട് പട്ടി ഇരുളിലേക്കെങ്ങോ മറഞ്ഞു. ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്ക് കയറിയ നജീബ് അവിടെ ഇറയത്ത് പട്ടികക്കുള്ളില്‍ തിരുകി വെച്ചിട്ടുള്ള പേനക്കത്തിയെടുത്ത് എളിയില്‍ തിരുകി അവിടെ നിന്നും ഇറങ്ങി നടന്നു..

ഇടവഴിയില്‍ മുനിഞ്ഞ് കത്തുന്ന വഴി വിളക്കിന്റെ അടിയില്‍ കുറച്ച് നേരം നിന്നു.പിന്നെ നേരെ സെയ്ദാലിക്കാടെ ചായ പീടികയിലേക്ക് ചെന്നു.കച്ചവടമെല്ലാം കഴിഞ്ഞ് എല്ലാം ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു സെയ്ദാലിക്ക."എന്താ മോനെ പൈക്കണ്ടാ".ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ സെയ്ദാലിക്ക ഒരു പാത്രത്തില്‍ ചോറും ഉണക്ക മീന്‍ കറിയും ആയി അവന്റെ മുന്നില്‍ വെച്ചു കൊടുത്തു."തിന്നൊ മോനെ, ഇന്ന് പച്ച മീനൊന്നും കിട്ടിയില്ല..ഊം..ആ പഹയന്‍ തോണിയെറങ്ങി പോണത് കണ്ടിരിക്കണ്.ഞമ്മള്,,അബടെ നല്ല അങ്കാവും ല്ലെ..ഇജ്ജ് അന്തി പഷ്ണി കെടക്കണ്ട .ആ ചോറു ബെയ്ചാളെ"..നജീബൊന്നും മിണ്ടാതെ ചോറ്.വേഗത്തില്‍ വാരി തിന്നു.സെയ്ദാലിക്ക പാത്രങ്ങളൊക്കെ എടുത്ത് വെച്ച് ഓലവാതില്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍ നജീബവിടെ നിന്നും പുഴയുടെ തീരത്തേക്ക് നടന്നു."മഞ്ഞു കൊള്ളണ്ട നജീബെ പള്ളിയിലെങ്കിലും പോയി കെടന്നാള"..സെയ്ദാലിക്ക അയാളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ അവനെ ഓര്‍മപെടുത്തി.

തന്റെ ഭാവി പോലെ ഇരുളടഞ്ഞ വീഥിയിലൂടെ കുറേ നടന്നു ഒടുക്കം അവനെത്തി ചേര്‍ന്നത്  അവന്റെ വീട്ടു മുറ്റത്ത്. പനയോല തട്ടിക കൊണ്ടുണ്ടാക്കിയ വാതില്‍ മെല്ലെ തള്ളിതുറന്ന് അകത്ത് കടന്നവന്‍ കരിന്തിരിയാളുന്ന വിളക്കിന്റെ വെളിച്ചത്തില്‍ അവന്റെ ഉമ്മയെ നോക്കി .കമഴ്ന്ന് കിടക്കുന്ന ഉമ്മയുടെ ചെരിഞ്ഞ തലയ്ക്കടിയില്‍ തളം കെട്ടിക്കിടക്കുന്ന രക്തം കണ്ടവന്‍ നെഞ്ചിടിപ്പോടെ ചെന്നു ആ ചേതനയറ്റ ശരീരത്തെ കുലുക്കി.റൂഹ്* പോയ പാതി തുറന്ന കണ്ണിലെ ദയനീയത മുറ്റുന്ന ഭാവം കണ്ട് നജീബിന്റെ ഉള്ളം കലങ്ങി.തന്റെ ഉമ്മയെ രക്ഷിക്കാനായില്ലല്ലോ എന്ന കുറ്റബോധം അവനെ ഉന്മാദത്തിന്റെ പാരമ്യത്തിലെത്തിച്ചു.തന്റെ കുഞ്ഞു സ്വപ്നങ്ങളെ നിര്‍ദാക്ഷിണ്യം കശക്കിയെറിഞ്ഞ കട്ടിലില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ആ കശാപ്പുകാരനെ കണ്ടപ്പോള്‍ അവന്റെ കണ്ണിലെ പ്രതികാരം ആളിക്കത്തി.കട്ടിലിനടുത്തേക്ക് നീങ്ങി അവനയാളെ സൂക്ഷിച്ചു നോക്കി.അപ്പോളയാളില്‍ നിന്നും വമിക്കുന്ന മദ്യത്തിന്റേയും പോത്ത് നെയ്യിന്റേയും സമ്മിശ്ര ഗന്ധം അവനില്‍ വെറുപ്പും അറപ്പുമുളവാക്കി.അയാള്‍ക്ക് സമീപം കിടന്നിരുന്ന പോത്തിനെ കൊല്ലാനുപയോഗിക്കുന്ന കത്തിയെടുത്ത് ശാസ്വോഛ്വാസത്തിനൊപ്പം ഉയര്‍ന്നു താഴുന്ന അയാളുടെ തൊണ്ടക്കുഴിയില്‍ കുത്തിയിറക്കുമ്പോളുണ്ടായ ശബ്ദം അറുക്കുന്ന നേരം വെപ്രാളപ്പെടുന്ന പോത്തുകളുടെ പിടച്ചിലോടെയുള്ള നിലവിളിപോലെ അവനു തോന്നി.അയാളുടെ ആ വികൃത ശബ്ദത്തില്‍ ജീവനു വേണ്ടിയുള്ള ആര്‍ത്തി കണ്ട് പുഛവും ദേഷ്യവും ആനന്ദവുമൊക്കെ അവനനുഭവിച്ചു .ഒരു ചെറു ചിരിയോടെ അവസാനത്തെ പിടയ്ക്കലും നിലച്ചെന്നുറപ്പു വരുത്തി അവിടെ നിന്നുമിറങ്ങി നടന്നു.

ഏതോ ശക്തിയുടെ പ്രേരണയാലെന്ന പോലെയുള്ള നജീബിന്റെ പ്രയാണം.അവന്റെ ഉള്ളിലെ ആ ശക്തി ലോകത്തെ സകലമാന അനീതികളോടും പകപോക്കാന്‍ മാത്രം വളര്‍ന്നിരുന്നു.ഒരു പുരുഷനായ് സര്‍വോപരി ഒരു മനുഷ്യനായ് ജീവിക്കാന്‍ അവന്‍ കൊതിച്ചു.ചിന്തളിലൂടെ തീരുമാനങ്ങള്‍ കൈകൊണ്ടവന്‍ ഉസ്താദിന്റെ വീട്ടു മുറ്റത്തേക്ക് കയറി.വരാന്തയില്‍ ഉലാത്തുകയായിരുന്ന അയാള്‍ അവനെ കണ്ടതും ഉറക്കെ ചോദിച്ചു.." ഇജ്ജെബടെ പോയി കെടക്കര്ന്നെഡാ ഇബിലീസെ..കേറി വാഡ കെലിവെ"..അവനൊന്നും മിണ്ടാതെ അയാളോടൊപ്പം മുറിയിലേക്ക കയറി.അയാള്‍  തന്റെ ബനിയനും പച്ച ബെല്‍റ്റും  ഊരി വാതിലിന്റെ പിറകിലെ ആണിയില്‍ തൂക്കി,നജീബയാളുടെ കിടക്ക കുടഞ്ഞ് വിരിച്ചിട്ട് കൊടുത്തു.പിന്നെ കട്ടിലിനടിയില്‍ നിന്നും അവന്റെ പായയെടുത്ത് താഴെ വിരിച്ചു.ഉസ്താദ് ബദറുല്‍ മുനീറിന്റെ വര്‍ണനകള്‍ പാടി തകര്‍ക്കുന്നുണ്ട്."ഹമുക്കെ ആ വെളക്ക് കെടുത്തെഡാ"അയാളുടെ ആജ്ഞ.നജീബ് 40 വാട്ടില്‍ കത്തിയിരുന്ന ബള്‍ബ് കെടുത്തി.തുറന്നിട്ട ജനലിലൂടെ അരിച്ച് വന്നിരുന്ന ഇളം കാറ്റുണ്ടായിട്ടും നിസ്സംഗതയുടെ മേലാപ്പില്‍ അവന്‍ വല്ലാതെ  വിയര്‍ക്കുന്നുണ്ടായിരുന്നു.

"ഡാ ഇജ്ജെബടെ ന്റെ കാലൊന്നുയിഞ്ഞെഡാ ഹമുക്കെ".ഉസ്താദിന്റെ കല്‍പ്പിക്കല്‍ കേട്ടവന്‍ പല്ലിറുമ്മി ഒന്നും മിണ്ടാതെ കാലുഴിയാന്‍ തുടങ്ങി.അയഞ്ഞ് തൂങ്ങിയിട്ടുള്ള പേശികള്‍ അവന്റെ കുഞ്ഞു കൈപ്പത്തികളുടെ അമര്‍ത്തലില്‍ ചൂട്പിടിക്കാന്‍ തുടങ്ങിയിരുന്നു..അയാളുടെ ശ്വാസോച്ഛാസത്തിന്റെ വേഗതയേറുന്നത് ഒരു നടുക്കത്തോടെ നജീബറിഞ്ഞു.അയാള്‍ ചെറിയൊരു വിറയലോടെ പറയാന്‍ തുടങ്ങി "ഹിമാറെ കുറച്ചും കൂടി കേറ്റി ഉയ്യടാ",,നജീബരിശം കൊണ്ടു.. അവന്‍ തന്റെ കൈകള്‍ ശക്തിയോടെ അയാളുടെ ജര ബാധിച്ച തുടയില്‍ അമര്‍ത്തി.അയാളിലെ ഇബിലീസപ്പോഴെക്കും ഉണര്‍ന്നിരുന്നു,അവനെ പിടിച്ച് തന്റെ പരുപരുത്ത കൈകള്‍ കൊണ്ട്  വരിഞ്ഞു മുറുക്കുമ്പോഴെക്കും എളിയില്‍ തിരുകിയിരുന്ന പേനക്കത്തിയെടുത്ത് പൈശാചിക താണ്ഡവമാരംഭിച്ച അയാളുടെ പൌരുഷത്തില്‍ നജീബ് ശക്തിയോടെ തലോടി.വരിയുടക്കുമ്പോഴുള്ള കാളകളുടെ അമറല്‍ പോലെയുള്ള അയാളുടെ നിലവിളിക്ക് ചെവി കൊടുക്കാതെ കട്ടിലില്‍ നിന്നും ഇറങ്ങി പള്ളിക്കുളത്തെ ലക്ഷ്യമാക്കി ഓടി. പിടയുന്ന കാലുകളോടെയവന്‍ കുളത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ട് പാപക്കറ പുരണ്ട ആ ത്തിയെ കബറടക്കം നടത്തി മുങ്ങി നിവര്‍ന്നു.
അന്ത്യ വിധിയും കാത്തു കിടക്കുന്ന പരേതാത്മക്കളോട് തന്റെ വിജയം പങ്കിട്ട നജീബ് ദൂരെ തിളങ്ങുന്ന നക്ഷത്രത്തെ വഴി കാട്ടിയാക്കി തലയും നെഞ്ചുമുയര്‍ത്തി പിടിച്ച് എങ്ങോട്ടെന്നില്ലതെ നടന്നു. മകര മഞ്ഞിനൊപ്പം വീശുന്ന തണുത്ത കാറ്റ് അപ്പോള്‍ കന്നിമുക്കിനെ  കുളിരണിയിക്കുന്നുണ്ടായിരുന്നു...


========================================================================
------------------------------------------------------------------------------------------------------------
[കഥയില്‍ ഉപയോഗിച്ച അറബ് പദങ്ങളുടെ ഏകദേശ മലയാള അര്‍ത്ഥങ്ങള്‍ ]:-
======================================================
*ബാങ്ക്=ആരാധനയ്ക്കുള്ള സമയമായെന്നറിയിക്കാന്‍ വേണ്ടി പറയുന്ന ദൈവ സ്ത്രോത്രങ്ങള്‍ .
*മുക്രി=ദേവാലയങ്ങളിലെ ആരാധനാവിധികള്‍ നിര്‍വഹിക്കാന്‍ ചുമതലപെടുത്തുന്നയാള്‍ .
*ഹൌള്=അംഗ ശുദ്ധി വരുത്തുന്നതിനുള്ള ജലം ശേഖരിച്ച് വെക്കുന്നിടം .
*വുളു=അംഗ ശുദ്ധി വരുത്തുക.
*ഖിബല=വിശുദ്ധ കാഅബ ദേവാലയത്തിനു നേരെ.
*സുബുഹി=പ്രഭാത നമസ്കാരം .
*മദ്രസ്സ=മതപഠനം നടക്കുന്ന സ്ഥലം .
*മഗ് രിബ്= സന്ധ്യാ സമയത്തെ പ്രാര്‍ത്ഥന.
*മീസാന്‍ = സ്മാരകശില.
*യാസീന്‍ =വിശുദ്ധഖുറാനിലെ ശ്രേഷ്ടമായ ഒരു സൂക്തം .
*ഈഷാ= രാത്രിയിലെ നമസ്കാരം .
*മുസല്ല=പ്രാര്‍ത്ഥനക്കായ് ഉപയോഗിക്കുന്ന വിരിപ്പ്
*റൂഹ്    = ജീവന്‍ അഥവാ ആത്മാവ്