Wednesday, 6 November 2013

കവിത (എരിയുന്ന വേനല്‍ ചിന്തുകള്‍ )

എരിയുന്ന വേനല്‍ ചിന്തുകള്‍ :-
----------------------------------
മഴക്കുഞ്ഞുങ്ങളെ മാറോറടുക്കി നീ വന്നു
വീണത് ഞാനെന്ന വേനല്‍ കുടീരത്തിലാണ്.
കുമിളകള്‍ വിതുമ്പുന്ന മണ്ണിലെവിടെയോ
പൊട്ടിമുളക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
ബീജങ്ങളെ ഗര്‍ഭത്തില്‍ ഞാനൊളിപ്പിച്ചിട്ടുണ്ട്..

മലമടക്കിലുരുണ്ട് വീണ കല്ലുകളേന്തി
ഇനിയും മതിവരാത്ത ഉന്മാദത്തിന്റെ
മഴ തരംഗങ്ങളെ കണ്ണില്‍ നിറച്ച്
നീ കൊടുമുടികള്‍ താണ്ടുമ്പോള്‍
ഒരു ഭ്രാന്തന്‍ ചിന്ത മലമുകളില്‍ നിന്നുരുണ്ട്
വീഴുന്നതും കണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ട്
നാറാണത്ത് ഭ്രാന്തന്മാരിവിടെ ..

ഇലമണം ശ്വസിക്കുന്ന മഴത്തുള്ളിയെ
വഴിതെറ്റിക്കാന്‍ തെക്ക് നിന്നുമെത്തുന്നുണ്ടൊരു കാറ്റ്
പതറി തെറിച്ച് വീണ നീര്‍ത്തുള്ളിയിലള്ളി
ഒരു മണല്‍ത്തിട്ടയടര്‍ന്നു വീഴുന്നുണ്ടിവിടെ..

പുഴയൊഴുകാന്‍ മറന്ന വഴിയിലെ കള്ളിച്ചെടികളില്‍
ഊഷരക്കിനാക്കള്‍ പൂത്തുലയുന്നുണ്ട്
വഴിമാറി സഞ്ചരിക്കും മേഘശകലങ്ങളില്‍
വേപഥുവായ് മൌനനൊമ്പരങ്ങള്‍ കൂടോരുക്കുന്നുണ്ട്,

പാഥേയവുമായെത്തുന്നയെന്നെ കാത്ത് നീ
വഴിയമ്പലത്തില്‍ രാവു മുഴുവന്‍ ഉണര്‍ന്നിരിക്കുക
പകലറുതികളില്‍ അടയിരിക്കുന്ന കൊടും വേനല്‍
പെരുമഴക്കാലത്തിനായ് മുറവിളികൂട്ടുന്നതും കേട്ട്
ഇമകളില്‍ ചേക്കേറിയ പാഴ്ക്കിനാക്കള്‍ മയങ്ങട്ടെ .

Wednesday, 30 October 2013

വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..ഓര്‍മ്മക്കുറിപ്പുകള്‍ .

വാപ്പ എനിക്ക് ചായപ്പെന്‍സില്‍ കൊടുത്തയക്കണം ..(ഗള്‍ഫ് മാധ്യമം  ദിനപത്രത്തിന്റെ റമദാന്‍ സ്പെഷ്യല്‍ എഡിഷനില്‍ "അഹലന്‍ റമദാന്‍ "എന്ന ഇഷ്യുവില്‍ പ്രസിദ്ധീകരിച്ചത് )





അന്നെനിക്ക് നാലര വയസ്സ് കാണും .ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പത്  കാലഘട്ടം .എന്റെ അനിയന്‍ ജനിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂ..ഉമ്മയുടെ കൂട്ടുങ്ങലിലെ തറവാട്ടു വീട്ടില്‍ അകത്തളത്തില്‍ വിരിച്ച സുപ്രയില്‍ ഇരുന്നു കുറെ വിരുന്നുകാര്‍ ചോറ് കഴിക്കുന്നുണ്ട് ..പതിവിനു വിപരീതമായി തൃശ്ശൂരില്‍ നിന്ന് വാപ്പയുടെ  ജ്യേഷ്ടന്മാരും ,പിന്നെ സ്ഥിരമായി കാണുന്നതല്ലാത്ത ചില അതിഥികളും.എങ്കിലും ഞാനത് കാര്യമാക്കാതെ  തൊടിയിലെ ഇലത്തണുപ്പില്‍ വെയില്‍ കായുന്ന തുമ്പികള്‍ക്ക് പിറകെ പാഞ്ഞും കുളത്തിനരികിലെ നീരോലിക്കാടിനുള്ളില്‍ സ്ഥിരതാമസമാക്കിയ  കുളക്കോഴികളോട് കൊഞ്ചിയും നില്‍ക്കുമ്പോള്‍ കുഞ്ഞുമ്മ വന്നെന്നെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി ..പൂമുഖത്തു മാമു മുസ്‌ല്യാര് കൈത്തലം കൂട്ടി ഉയര്‍ത്തി പിടിച്ച് ദുആ ചെയ്യന്നു.ചുറ്റും വല്യുപ്പയും വാപ്പയും മൂത്താപ്പയുമൊക്കെ നിശ്ശബ്ദരായി നിന്ന് ഇടക്കിടയ്ക്ക്  "ആമീന്‍ " എന്ന് മാത്രം പറയുന്നുണ്ട്...വീട്ടിലെ സ്ത്രീകള്‍ നടുത്തളത്തില്‍ നിന്ന് ഒച്ചതാഴ്ത്തി സംസാരിച്ചും  ഇടയ്ക്കിടെ പൂമുഖത്ത് നിന്നുയരുന്ന "ആമീന്‍ " എന്ന പദത്തെ ആവര്‍ത്തിച്ചും നില്‍ക്കുന്നുണ്ട്..കുറച്ച കഴിഞ്ഞു വാപ്പ അകത്തേക്ക് വന്നു എല്ലാവരോടും ഞാനിറങ്ങുന്നു എന്ന് പറഞ്ഞു .പിന്നെ കുഞ്ഞുമ്മാടെ കൈപ്പിടിച്ച് നില്‍ക്കുന്ന എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച്  മൂത്താപ്പാക്കും വല്യുപ്പാക്കും ഒപ്പം ഇടവഴിയിലേക്കിറങ്ങി.വല്യുപ്പാടെ പീടികയിലെ സഹായി മോമെക്ക ഒരു ബാഗും താങ്ങി മുന്നില്‍ നടക്കുന്നുണ്ട് .കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞുമ്മാടെ കൈവിടുവിച്ചു ഞാനും ഇടവഴിയിലെക്കോടി ..അപ്പോഴേക്കും റോഡരുകില്‍ നിറുത്തിയിട്ട മൂത്താപ്പാടെ അംബാസ്സഡര്‍ കാറില്‍ കയറി വാപ്പയും മൂത്താപ്പയും വാപ്പാടെ കൂട്ടുകാരായ ഖാന്‍ ഭായിയും അബ്ദീന്‍ അണ്ണനും കൂട്ടുങ്ങല്‍ അങ്ങാടി വിട്ടു പോയിരുന്നു.

എന്താണ്  വിശേഷിച്ചു അന്നവിടെ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ അടുക്കള കോലായില്‍ പാത്രങ്ങള്‍ കഴുകി കമഴ്ത്തി വെക്കുന്ന തറവാട്ടിലെ സഹായിയായ ബീവുത്താടെ അടുത്തേക്ക് ചെന്നു.ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നിറഞ്ഞ ചിരിയോടെ ബീവുത്ത പറയാന്‍ തുടങ്ങി ..

"ഉണ്ണിക്കിനി വാപ്പ പേര്‍ഷ്യേന്നു വരുമ്പോ എന്തൊക്കെ കൊണ്ടിരും ."

ഒന്നും മനസ്സിലാകാതെ മിഴിച്ച് നിന്ന ഞാന്‍  ചോദിച്ചു .
"എവിടുന്നു ".?
ബീവുത്ത വീണ്ടും പറഞ്ഞു "ഉണ്ണ്യേ അന്റെ വാപ്പ പേര്‍ഷ്യക്കു പോയി.അനക്കറീല്ലേ അത്..അവിടുന്ന് വരുമ്പ കൊണ്ടരണ കാര്യാ പറഞ്ഞത് .ബീവുത്താക്കും പേര്‍ഷ്യെല്‍ത്തെ തുണി കൊണ്ടരാന്‍ അന്റെ വാപ്പാട് പറെണംട്ടാ.."

ബീവുത്ത ഓടിന്റെ മൂളിയെ അമര്‍ത്തി തേച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഉമ്മയെ തിരഞ്ഞു അകത്തേക്ക് ചെന്നു.മണ്ടകമെന്ന ഇരുട്ട് മുറിയില്‍ അനിയനെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരയുന്നുണ്ട് ഉമ്മ.അടുത്ത് ചെന്നിരുന്നപ്പോള്‍ എന്നെയും കെട്ടി പിടിച്ചു ഉമ്മ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു. പിന്നെ വീട്ടിലന്ന് വിരുന്നെത്തിയ ബന്ധുക്കാരായ ഏതൊക്കെയോ സ്ത്രീകള്‍ വന്നു ഉമ്മയെ സമാധാനിപ്പിക്കുന്നത്‌  കേട്ട് ഞാന്‍ നീരോലിക്കാടിനടുത്തേക്ക് നടന്നു .



വാപ്പ ഒരു പേര്‍ഷ്യക്കാരനായ് ഖത്തര്‍ എന്ന സ്ഥലത്തേക്ക് പോയെന്നു പിന്നീട് വല്യുപ്പയാണെന്നോട് പറഞ്ഞത്..ഉമ്മറക്കൊലായിലെ ഒരു മൂലയിലിട്ട  വല്യുപ്പാടെ എഴുത്ത് മേശയിലിരുന്നു അന്നത്തെ ഇന്‍ലന്‍ഡില്‍ വാപ്പാക്കുള്ള കത്ത് എഴുതുമ്പോള്‍  ഏറ്റവും അടിയിലെ ഒരു വരി എനിക്ക് വേണ്ടി   വല്യുപ്പ തരും .വല്യുപ്പാടെ അരികില്‍ മേശക്കൊപ്പമെത്താത്ത എന്റെ കൈ പിടിച്ചു എഴുതി തന്ന ആ  ഒരു വരി ;അത് ഇന്നുമെന്റെ ഓര്‍മ്മയില്‍ ഇനിയും മാഞ്ഞു പോകാതെ ഉണ്ട്. ഞാനെഴുതിയ എന്റെ ആദ്യത്തെ അക്ഷരങ്ങള്‍ .." വാപ്പ ചായപ്പെന്‍സില്‍ കൊടുത്തയക്കണം .എന്റെ വാപ്പാക്ക് നൂറുമ്മ .വേഗം വരണം .വാപ്പാനെ കാണാന്‍ കാത്തിരിക്കുന്നു. .എന്ന് സാജി .".എന്റെ വിരലുകള്‍ പിടിച്ചു വല്യുപ്പ ഇതെഴുതിക്കുമ്പോള്‍ സ്കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്ത  ഞാന്‍ അങ്ങനെ കത്തില്‍ ഒന്നും രണ്ടും വരികള്‍  എഴുതി തുടങ്ങുകയും സ്കൂളില്‍ ചേരുന്നതിനു മുന്പ് തന്നെ മലയാളം എഴുതാനും വായിക്കാനും സ്വായത്തമാക്കുകയും ചെയ്തു.പിന്നീട് ഒരു മഴക്കാലത്തു ഞാന്‍ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച കൊല്ലമാണ് വാപ്പ അവധിയില്‍ എത്തുന്നത് .ഒരു കിനാവ് പോലെയായിരുന്നു വാപ്പ വന്നതും പോയതുമൊക്കെ .ശൈശവത്തിലെനിക്ക്  വാപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം കൊണ്ട് വന്ന നിറയെ ചുളുക്കുകളുള്ള വെള്ള നിറത്തില്‍ നീല ലില്ലിപ്പൂക്കളുള്ള പാവാടയും നീല ജമ്പറും ; ചായ പെന്‍സിലുകളും ,കൌവ് മില്‍ക്ക് മിഠായിയും  ആയിരുന്നു.കൂടാതെ വാപ്പ കൊണ്ട് വന്നിരുന്ന ഇരുമ്പ് പെട്ടി തുറക്കുമ്പോള്‍ അതില്‍ നിന്നും പരന്നിറങ്ങിയ വശ്യമധുരമായ സുഗന്ധം .ഇന്നും കണ്ണടച്ചാല്‍ എനിക്കനുഭവവേദ്യമാകുന്ന ആ സൌരഭ്യത്തിനൊപ്പം പകരമായി ഒരു സുഗന്ധവും ഈ ഭൂമിയില്‍ ഇല്ലെന്നു  എനിക്കിപ്പോഴും തോന്നാറുണ്ട്.അത് പോലെ വാപ്പ കൊണ്ട് വന്നിരുന്ന വസ്ത്രങ്ങളുടെ ചാരുതയും ..

രണ്ടു വര്ഷം കൂടുമ്പോള്‍ മാത്രം അവധിയില്‍ എത്തിയിരുന്ന വാപ്പ ഓരോ വട്ടവും എന്നെയും അനിയത്തിമാരെയും കാണുമ്പൊള്‍ ഞങ്ങള്‍ വല്ലാതെ വളര്‍ന്നുവല്ലോ എന്ന സന്തോഷവും ഉല്‍ക്കണ്ഠയും നിറഞ്ഞ ഒരു ആധി ഉമ്മയോട് പ്രകടിപ്പിക്കുമായിരുന്നു.കാലചക്രത്തിന്റെ നൈരന്തര്യത്തില്‍ ഋതുക്കള്‍ മാറി വരുന്നതനുസരിച്ച് ഒരു പാട് മാറ്റങ്ങള്‍ ഞങ്ങളുടെ വീട്ടിലും സംഭവിച്ചു കൊണ്ടിരുന്നു.ഉമ്മയുടെ തറവാട്ടില്‍ നിന്നും തൃശ്ശൂരിലെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതും ,അവിടുന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ് സംഭവിച്ച വല്യുപ്പാടെ മരണവും ,വല്യ മാമ ദുബായിലേക്ക് ജോലിയന്വേഷിച്ച്  പോയതുമൊക്കെ കാലത്തിന്റെ അനിവാര്യതകളായിരുന്നുവന്നു പിന്നീട് മനസ്സിലായി. മൂന്നു മക്കള്‍ മാത്രമുണ്ടായിരുന്ന എന്റെ വീട്ടില്‍ ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമായി അംഗബലവും കൂടി .എന്റെ വാപ്പ പേര്‍ഷ്യക്കാരനയതിനു ശേഷം ഞാനേറെ കൊതിച്ചിരുന്നത് ഏതെങ്കിലും ഒരു  ഈദിന് വാപ്പ  ഞങ്ങള്‍ക്കൊപ്പമുണ്ടായെങ്കിലെന്നായിരുന്നു.പെരുന്നാളിന്റെ തലേ ദിവസം ഞങ്ങളെ അതിശയിപ്പിച്ചു വാപ്പ പടിക്കെട്ട്  കയറി വരുന്നത് ഞാന്‍ പകല്‍ കിനാവ് കണ്ടിരുന്നു. എന്റെ ആ ആഗ്രഹം പക്ഷെ ഒരിക്കലും നടന്നില്ല..നോമ്പിനും പെരുന്നാളിനും ഹജ്ജ് പെരുന്നാളിനുമൊക്കെ വാപ്പ അയക്കുന്ന ഒരു പെട്ടി മിഠായിയിലോ അല്ലെങ്കില്‍  ഈദാശംസാകാര്‍ഡുകളിലോ  മാത്രമായി ഞങ്ങളുടെ  സന്തോഷം  ഒതുങ്ങി.പിന്നീട് ഞാന്‍ വിവാഹം കഴിഞ്ഞു ഒരു പ്രവാസിയാകുകയും ; വാപ്പ പ്രവാസം മതിയാക്കി നാട്ടിലാവുകയുമായപ്പോള്‍  മാത്രമാണ് മനഃപ്പൂര്‍വ്വം അതിനുള്ള സൌകര്യമൊരുക്കി ഞാന്‍ നാട്ടിലെത്തി  വാപ്പയുമായി ഈദു ആഘോഷിച്ചത്.അത്രയ്ക്ക്  കൊതിച്ചിരുന്നു വാപ്പയുമായുള്ള ഒരു പെരുന്നാളെങ്കിലും എന്റെ ജീവിതത്തില്‍ ..

വെറും എഴുത്തുകള്‍ കൊണ്ട്  മാത്രം ആശയവിനിമയം സാധ്യമായിരുന്ന  ഒരു കാലഘട്ടമായിരുന്നു അത്..വാപ്പാടെ  കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌മാനെയും കാത്തു വീട്ടുപടിക്കല്‍ കാത്തു നില്‍ക്കുന്നത് ഒരു സുഖമുള്ള കാര്യമായിരുന്നു.അവധിയും വരവും മുന്‍കൂട്ടി അറിയിക്കാതെ അവിചാരിതമായ് ഞങ്ങള്‍ക്ക് മുന്നിലെത്തി വാപ്പ ഞങ്ങളെ ആശ്ചര്യപ്പെടുത്തുമായിരുന്നു.പക്ഷെ വാപ്പ എത്തുമെന്നുള്ളതു  ഉമ്മാക്ക് അയക്കുന്ന കത്തില്‍ അറിയിച്ചിട്ടുണ്ടാകും .ആ കത്ത് പതിനഞ്ചോ പതിനെട്ടോ ദിവസങ്ങള്‍ക്ക് ശേഷം ഉമ്മയുടെ കയ്യില്‍ കിട്ടുമ്പോഴേക്കും വാപ്പ വീട്ടില്‍ എത്തിയിട്ടുണ്ടാകും..ഈ ഓര്‍മ്മയില്‍ എനിക്ക്  പ്രിയപ്പെട്ട ഒരനുഭവം ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തുണ്ടായതായിരുന്നു. ഒരു ഡിസംബര്‍ സായാഹ്നത്തില്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ ഇടവഴിയിലേക്ക് തിരിയുന്ന മുക്കില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞുമോന്ക്ക മുഖം നിറയെ ചിരി പടര്‍ത്തി എന്നോട് പറഞ്ഞു "മോളേ വെക്കം  ചെന്നോ വീട്ടില്‍ക്ക് .വാപ്പ എത്തീട്ടുണ്ട് പേര്‍ഷ്യേന്നു." ഇത് കേട്ടതും അടക്കാനാവാത്ത ആഹ്ലാദത്തോടെ പിന്നെ ഞാന്‍ ഓടുകയായിരുന്നു. കിതച് കിഴക്കേ മുറ്റത്തെത്തുമ്പോള്‍ എല്ലാവരുമായും ഇരുന്നു വിശേഷങ്ങള്‍ പങ്കു വെക്കുന്നു വാപ്പ.വലുതായിട്ടും വാപ്പയെ കണ്ടാല്‍ ഓടിച്ചെന്നു വാപ്പാടെ കവിളില്‍ ഉമ്മ വെക്കുന്നത് ഞാന്‍ മാത്രമായിരുന്നു.ആദ്യ സന്താനമായതിനാലോ എന്തോ എന്നോടും വാപ്പ ഒരു പ്രത്യേക വാത്സല്യം കാണിച്ചു പോന്നു.ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കാറില്ല എങ്കിലും ഒരിക്കലും എന്നെ വഴക്ക് പറയുകയോ ,ഒരു ഈര്‍ക്കില്‍ കൊണ്ട് പോലും തല്ലുകയോ ചെയ്തിട്ടില്ലാത്ത എന്റെ വാപ്പ ഈ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ ഒരേയൊരു പുരുഷന്‍ ആണ്. എന്റെ മനസ്സ് ഒന്ന്  വേദനിച്ചാല്‍ ഇപ്പോഴും നിറയുന്നത് ആ കണ്ണുകളാണ്.എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിപ്പിക്കുമ്പോഴും വാപ്പ ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരിഷ്ടങ്ങളും തുറന്നു പറഞ്ഞിരുന്നില്ല. അഞ്ച് പെണ്മക്കളുള്ള പിതാവിന്റെ ആകുലതകള്‍ മുഴുവനും ആ മുഖത്തും  കണ്ണുകളിലും  വ്യക്തമായിരുന്നു.എങ്കിലും അതൊന്നും ഞങ്ങളോട് കാണിക്കാതെ ഞങ്ങളുമായ് ഗള്‍ഫിലെ ഓരോ വിശേഷങ്ങളും തമാശകളും പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കുകയും വാപ്പ കാണുന്ന നല്ല സിനിമകളിലെ കഥകളും അതിലെ ഗുണപാഠങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞ് തരികയും ചെയ്യുമായിരുന്നു.മരുഭൂമിയിലെ ജീവിതങ്ങളുടെ ചൂടും ചൂരും കനവുകളും നിനവുകളുമൊക്കെ വാപ്പാടെ വിവരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.കൂടാതെ അദ്ദേഹം ഗള്‍ഫില്‍ രുചിച്ചിരുന്ന ഒരു വിധം ഭക്ഷണങ്ങളും കബാബും ടിക്കയുമടങ്ങിയ  അറബിക്ക് ഭക്ഷണങ്ങളുമൊക്കെ തയ്യാറാക്കി ഞങ്ങള്‍ക്ക്  രുചിഭേദങ്ങളുടെ വൈവിധ്യത്തെ  മനസ്സിലാക്കി തരികയും ചെയ്തിരുന്നു. എപ്പോഴൊക്കെ പുറത്തു പോയി വരുമ്പോഴും വാപ്പ ഞങ്ങള്‍ക്ക് വേണ്ടി കൊണ്ട് തന്നിരുന്ന ഒരു പലഹാരപ്പൊതി അതുമല്ലെങ്കില്‍ ചൂടുള്ള കപ്പലണ്ടി പൊതികള്‍ ,അതിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.. വെറും കയ്യോടെ  വീട്ടില്‍ വരാന്‍ അറിയില്ല എന്നും കുട്ടികളെ ഇങ്ങനെ ലാളിച്ചു കേടുവരുത്തരുതെന്നും വല്ലവരുടേയും വീട്ടില്‍ കഴിയേണ്ട പെണ്‍കുട്ടികളാണെന്നുമൊക്കെ ഉമ്മാ പരിതപിക്കുമ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ വാപ്പ ഞങ്ങളോടൊപ്പം ചിരിച്ച്  ആ പരാതികളെ നിര്‍വീര്യമാക്കും.അവധിയിലെത്തുന്ന വാപ്പ ഞങ്ങള്‍ കത്തിലൂടെ ആവശ്യപ്പെടുന്ന സാധങ്ങളൊക്കെ കൊണ്ട് വരികയും വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിഷ്ടമുള്ള  സ്ഥലങ്ങളൊക്കെ കാണിക്കാന്‍ കൊണ്ട് പോകുകയും ചെയ്യുമായിരുന്നു..രണ്ടു കൊല്ലത്തെ എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വാപ്പയുമായുള്ള ആ രണ്ടു മാസത്തിന്റെ നിറവില്‍ എല്ലാ ധൂര്‍ത്തോടെയും ഞങ്ങളനുഭവിക്കുമായിരുന്നു..



ഞാന്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് എന്റെ വിവാഹനിശ്ചയം നടന്നത് .ലീവിന്റെ സമയമായിട്ടില്ലായിരുന്നു വാപ്പക്കപ്പോള്‍ എത്താന്‍ കഴിയുമോ എന്നത് വീട്ടിലെല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി ഉമ്മയും മാമമാരും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഇരിക്കുകയായിരുന്നു. കല്യാണം നീട്ടി വെക്കാനാകുമോ എന്ന ആവശ്യം  പക്ഷെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹം നടത്തണമെന്ന വരന്റെ വീട്ടുകാരുടെ  തിടുക്കത്തിനു മുന്നില്‍ അലിഞ്ഞു.എന്നാല്‍ വാപ്പ വരാതെ എങ്ങനെ ..? അവസാനം ആരുടെയോ നിര്‍ദ്ദേശപ്രകാരം എന്റെ ഉമ്മ സുഖമില്ലാതെ ഇരിക്കയാണെന്ന വ്യാജകമ്പി അടിച്ചു വാപ്പ എത്തിയപ്പോള്‍ എനിക്കെന്തോ വാപ്പയുടെ എല്ലാ അവധിയിലും ഞാനനുഭവിച്ചിരുന്ന സന്തോഷം ഈ വരവില്‍ തോന്നിയില്ല.വിങ്ങിയ മനസ്സോടെ ഉമ്മയോട് എന്തിനാണ് ഉമ്മാക്ക്  വയ്യ എന്നു പറഞ്ഞു കമ്പി അടിച്ചതെന്ന എന്റെ  ചോദ്യത്തിന് ഉമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന മറുപടി ഇങ്ങനെയായിരുന്നു." ഓരോ പ്രാവശ്യവും നിനക്ക് വേണ്ടി സ്വര്‍ണ്ണവുമായി  എത്തുന്ന വാപ്പാക്ക് നിന്റെ നിക്കാഹ് നടത്താന്‍ നമ്മുടെ സൌകര്യത്തിനു കമ്പനി അവധി കൊടുക്കില്ല.പിന്നെ ഏതൊരു ഹതഭാഗ്യനായ പ്രവാസി പിതാവിനെയും പോലെ നിന്റെ വാപ്പാക്കും ഗള്‍ഫില്‍ ഇരുന്നു നിന്റെ നിക്കാഹ് കാണേണ്ടി വരുമായിരുന്നു.വാപ്പാടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്റെ കല്യാണം .അതിലദ്ദേഹത്തിനു പങ്കെടുക്കാന്‍ ഞാന്‍ മരിച്ചെന്ന കമ്പി അടിച്ചിട്ടായാലും വേണ്ടില്ല ഞാന്‍ വരുത്തും മൂപ്പരെ "ഉമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു നിറുത്തുമ്പോള്‍ എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല.. പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക്  പരിമിതികളും നിബന്ധനകളുമുണ്ടെന്നും അതിനത്ര എളുപ്പം തളിരിടാന്‍ ആവില്ലെന്നുമുള്ള  യാഥാര്‍ത്ഥ്യത്തെ ഞാനപ്പോള്‍  മനസ്സിലാക്കുകയായിരുന്നു..

പെണ്മക്കള്‍ അഞ്ച് പേരും വാപ്പ തിരഞ്ഞെടുത്തു തന്ന പങ്കാളികളുടെ കയ്യും പിടിച്ചു  പടി ഇറങ്ങുമ്പോള്‍ ആരും കാണാതെ നിന്ന് വാപ്പ കണ്ണ് തുടക്കുന്നതു തന്റെ ഉള്ളിലാളുന്ന അതിരില്ലാത്ത സ്നേഹവാത്സല്യത്തിന്റെ  ബഹിര്‍സ്ഫുരണങ്ങളായിട്ടായിരുന്നു എനിക്ക്  തോന്നിയത് . പിന്നീട് ഞങ്ങളെ കാണുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു  കഴിയുന്നതാണ് ഉത്തമ ഭാര്യമാരുടെ ലക്ഷണം എന്നും, ഒന്നിനോടും പരാതികളോ പരിഭാവങ്ങളോ ഇല്ലാതെ ജീവിക്കാന്‍ പഠിക്കണമെന്നുമൊക്കെ ഉപദേശിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ നേരിടുന്ന എന്ത് വിഷമങ്ങളും വാപ്പയുമായി പങ്കു വെക്കണമെന്നും  നിര്‍ദ്ദേശിക്കുമായിരുന്നു.

എന്റെ വിവാഹ ശേഷം  ഞാന്‍ ദുബായിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്രയാകുമ്പോള്‍ വാപ്പയും അവധിയിലെത്തി നാട്ടിലുണ്ടായിരുന്നു.ആദ്യമായി നാട് വിടുന്ന ഒരാളായ എനിക്ക്  അദ്ദേഹം ചില ഉപദേശങ്ങള്‍ തന്നു.ഗള്‍ഫ് ഒരു മായാലോകമാണെന്നും, പളപളപ്പും മിനുമിനുപ്പും ഉണ്ടെന്നു തോന്നുന്ന പരവതാനിക്കടിയില്‍  പ്രലോഭനങ്ങളും ചതിക്കുഴികളും മൂടിവെക്കപ്പെട്ടിട്ടുണ്ടാകും.ഓരോ കാല്‍ വെപ്പുകളും സശ്രദ്ധം വെച്ചില്ലെങ്കില്‍ അറിയാതെ അപവാദങ്ങളും കഷ്ടപ്പാടുകളും ഒരു നീരാളിയെ പോലെ വരിഞ്ഞു മുറുക്കുമെന്നും,
എല്ലാം ഒരു പക്വതയോടെ കാണണമെന്നും ഉപദേശിച്ചത് എന്റെ ഈ ഇരുപത്തിയൊമ്പതാമത്തെ പ്രവാസ വര്‍ഷത്തിലും ഞാന്‍ ശിരസ്സാ വഹിക്കുന്നു.

പ്രവാസിയായ വാപ്പയുടെ അഭാവത്തില്‍ ഞങ്ങളുടെ ശൈശവബാല്യങ്ങളും  കൌമാരയൌവനങ്ങളും  കഴിഞ്ഞത് പോലെ എന്റെ മക്കള്‍ക്ക് അവരുടെ വാപ്പയുടെ സ്നേഹം അനുഭവിക്കാനാകാതെ പോകരുതെന്ന നിഷ്ക്കര്‍ഷതയില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതും ഒരുമിച്ചുള്ള ഒരു ജീവിതം മാത്രമാണ്..സുഖമായാലും ദുഃഖമായാലും മക്കളും നമ്മളും ഒരുമിച്ചനുഭവിക്കാം എന്ന് പ്രതിജ്ഞ ചെയ്യുമ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്റെ ഒഴുക്ക് എന്റെ മക്കളറിയാതെ പോകരുതെന്ന നിര്‍ബന്ധത്താലായിരുന്നു.
ഇന്ന് പ്രവാസിയായ  ഞാന്‍  ഇവിടെ നിന്ന്  നാട്ടില്‍ കഴിയുന്ന വാപ്പയെ കുറിച്ചു ചിന്തിക്കുമ്പോള്‍  അദ്ദേഹം മരുക്കാടിനു നടുവില്‍ സ്വന്തബന്ധങ്ങളും ആണ്ടറുതികളും ആഘോഷങ്ങളും ത്യജിച്ചു കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെട്ടിരുന്നതാലോചിച്ച് മനസ്സ് നീറുകയും ഒപ്പം അവധിക്ക് വന്നു ഞങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നുവെന്നു ചിന്തിച്ച് വാപ്പയെ പോലെ ഒരു പിതാവിനെ കിട്ടാന്‍ ഞങ്ങള്‍ പുണ്യം ചെയ്തിരിക്കണമെന്നും അഭിമാനത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു.ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസം കഴിഞ്ഞു വാപ്പ നാട്ടില്‍ സ്ഥിരമായപ്പോഴേക്കും ഞങ്ങള്‍ മക്കള്‍ ആറു പേരും യു എ ഇ  യിലെ പ്രവാസികളായ് മാറിയിരുന്നു.എങ്കിലും വാപ്പ പ്രവാസിയായ സമയത്ത് സാധിക്കാതിരുന്ന വാപ്പാടെ ഒരു സ്വപ്നം ഞങ്ങള്‍  എല്ലാവരും ചേര്‍ന്നു പൂര്‍ത്തീകരിച്ചു. വാപ്പയേയും ഉമ്മയേയും  മൂന്നു മാസത്തെ വിസിറ്റിങ്ങില്‍ കൊണ്ട് വരികയും ഇവിടെ മുഴുവന്‍ ചുറ്റിക്കറങ്ങി കാണിക്കുകയും ചെയ്തത് വലിയ സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും കാണുന്നു. സൂര്യനെ പോലെ തഴുകിയുണര്‍ത്താന്‍ എന്റെ വാപ്പ എന്നും ഞങ്ങള്‍ക്കൊപ്പമില്ലായിരുന്നെങ്കിലും എന്റെ വാപ്പയെ തന്നെയാണെനിക്കിഷ്ടം..കാരണം ഞാനൊന്നു കരയുമ്പോള്‍ കാതങ്ങള്‍ക്കപ്പുറമിരുന്നുരുകുന്ന ഒരു മനസ്സിനുടമയാണെന്റെ  വാപ്പ....


Tuesday, 10 September 2013

വെയില്‍ തിന്നുന്ന മരുപ്പക്ഷികള്‍

വെയില്‍ തിന്നുന്ന  മരുപ്പക്ഷികള്‍ :-   (ഇല്ലസ്ട്രെഷന്‍ . ഇസ്ഹാക്ക്)
                                                                                       

ശിവന്റെ അമ്പലത്തിനു മുന്നിലെ ആല്‍ത്തറയില്‍ ശൂന്യമായ മനസ്സോടെ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ ഈ ലോകത്തിലെ സകലതില്‍ നിന്നും  ഒളിച്ചോടാന്‍  അയാള്‍ ആഗ്രഹിച്ചു. അമ്പലത്തിലേക്ക് ഇടയ്ക്കിടെ ചിലൊക്കെ വന്നു  പോകുന്നുണ്ടെങ്കിലും ഹൈദ്രോസ് എന്ന ആ മധ്യവയസ്ക്കനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . ഏറെ കാലത്തെ പ്രവാസം കഴിഞ്ഞെത്തിയ അയാളെ കടുത്ത വിഷാദരോഗം ഗ്രസിച്ചിരിക്കുകയാണ് . കഴിഞ്ഞ കാലങ്ങളിലെ ഓരോ അവധിക്കും  രാജകീയ സ്വീകരണമാണ് വേണ്ടപ്പെട്ടവരില്‍ നിന്നും ലഭിച്ചിരുന്നതെങ്കില്‍  ഏതാനും ആഴ്ച്ചകള്‍ക്ക്   മുന്‍പ് സകലതും നഷ്ടപ്പെട്ട് തോല്‍വി സമ്മതിച്ച യുദ്ധത്തടവുകാരന്റെ നിസ്സംഗതയോടെ നാടണഞ്ഞ  അയാള്‍ക്ക് നേരിടേണ്ടി വന്നത് പുഛവും അവഗണനയും മാത്രമായിരുന്നു. 


നാട്ടുകാര്‍ തനിക്ക് ചുറ്റും പരിഹാസ ശരങ്ങളുമായാണ് നില്‍ക്കുന്നതെന്നു തോന്നിയതിനാല്‍ പകല്‍ പുറത്തിറങ്ങാന്‍ അയാള്‍ മടിച്ചു . എങ്കിലും  രാത്രിയില്‍  വറ്റി വരണ്ട പുഴയുടെ  മണല്‍  തിട്ടയില്‍ ചെന്നിരുന്നു നക്ഷത്രങ്ങളുറങ്ങിയ ആകാശത്തേക്ക് നോക്കി വിങ്ങിപ്പൊട്ടുമായിരുന്നു. .അസ്വസ്ഥനായിരുന്ന അയാളുടെ ചിന്തകള്‍ കഴിഞ്ഞു പോയ കാലത്തിന്റെ ഒറ്റയടിപ്പാതയിലൂടെ തലങ്ങും വിലങ്ങും ശരപക്ഷികളുടെ വേഗതയോടെ സഞ്ചരിച്ചു .  

കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിളകിയ കല്‍പ്പടവുകളുള്ള  ആല്‍ത്തറയില്‍  ആരോടും സംസാരിക്കാനുള്ള കെല്‍പ്പില്ലാതെ അയാളിരിക്കുകയാണ്.  തൊട്ട് മുന്നില്‍ ഒരു കാളക്കൂറ്റന്‍ അയവെട്ടി കൊണ്ട് കിടക്കുന്നുണ്ട് .ആരോ നടതള്ളിയ ഒരു അമ്പലക്കാള.ആ അങ്ങാടിയുടെ മാലിന്യം മുഴുവന്‍ പേറുന്ന കാളയുടെ  ദേഹത്ത് ചെറു  പ്രാണികളും ഈച്ചയും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കാള തന്റെ വാല് പൊക്കി അവയെ ആട്ടിയോടിക്കാനുള്ള പാഴ്ശ്രമവും നടത്തുന്നുണ്ടായിരുന്നു. 

ആല്‍മരത്തിന്റെ ഇരുളുറങ്ങുന്ന ചില്ലകളില്‍  ഏതൊക്കെയോ ചെറുകിളികള്‍ കലപില കൂട്ടി ചേക്കേറാനെത്തിയ നേരത്ത്  ആകാശച്ചെരുവില്‍ മൂവന്തിക്ക്‌  മുന്‍പേ പടര്‍ന്ന ചുവപ്പ് കലര്‍ന്ന മഞ്ഞ നിറം കണ്ടപ്പോളാണ്  മുളകും മഞ്ഞളും പൊടിച്ച് കൊണ്ടുവരാന്‍ ഭാര്യ ഏല്‍പ്പിച്ചതിനെ കുറിച്ചയാള്‍ ആകുലപ്പെട്ടത് . 


ഈയിടെയായ്  അയാള്‍ക്ക്  ഭാര്യയോട് വല്ലാത്തൊരു പേടിയും അവരുടെ ദയാരാഹിത്യതോടെയുള്ള പെരുമാറ്റം തന്നെ  ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായും തോന്നി തുടങ്ങിയിരുന്നു. പണ്ടൊക്കെ സ്നേഹത്തോടെയും ആദരവോടെയും മാത്രം പെരുമാറിയിരുന്ന അവള്‍ ഒരു ശത്രുവിനോടെന്ന പോലെയല്ലേ  ഇപ്പോള്‍ പെരുമാറുന്നത് . അന്നുച്ചക്ക് നടന്ന സംഭവം അയാളുടെ മനസ്സിലേക്ക്  വയറ്റില്‍ കിടക്കുന്ന ദഹിക്കാത്ത വസ്തു പോലെ തികട്ടി വരികയും ചെയ്തു.  ഇന്നും അരച്ച് കലക്കി എന്ന ഉപ്പും പുളിയുമില്ലാത്ത കൂട്ടാന്‍ മാത്രമേയുള്ളൂ എന്ന തന്റെ ന്യായമായ ചോദ്യത്തിന് ഭാര്യയില്‍ നിന്നും കേട്ട മറുപടി അഭിമാനമുള്ള ഒരു പുരുഷനും സഹിക്കാനാവുന്നതായിരുന്നില്ല. ആയിരുന്നോ ?. 
അറിയാതെ  ഹൈദ്രോസിന്റെ ശബ്ദം അല്‍പ്പം ഉയര്‍ന്നു .തന്റെ  മുന്നിലിരുന്നു തടിച്ചു കറുത്ത ചുണ്ടിന്റെ കോണിലൂടെ വഴുവഴുത്ത തുപ്പലിറ്റിച്ച് കണ്ണുകളില്‍ നിസ്സഹായത നിറച്ച് അകലേക്കെങ്ങോ നോക്കി അയവെട്ടുന്ന കാളയെ  പരിതാപതോടെ നോക്കിയതിനു ശേഷം  പതുക്കെ എഴുന്നേറ്റ്  മുണ്ടൊന്നു കൂടി കുടഞ്ഞുടുത്ത്  എന്തൊക്കെയോ പൊതികള്‍ മുഴച്ചു നില്‍ക്കുന്ന സഞ്ചിയുമെടുത്ത് അയാള്‍ കവലയിലെ പൊടി മില്ലിനെ ലക്ഷ്യമാക്കി നടന്നു.

"അപ്പൊ ഐദ്രു എപ്പളാ  തിരിച്ച് പോണത് .അതാ ഇനി പോണില്ലേ.വന്നിട്ട് കൊറച്ചൂസം ആയിന്നു തോന്നുണു.അവടൊക്കെ വല്യ പ്രശ്നാല്ലേ..ആഹ് ഇപ്പൊ അവിട്ന്നു എല്ലാരേം പറഞ്ഞു വിടെന്നു കേട്ടു.."
പൊടി മില്ലിലെ അന്തോണി മാപ്ലയുടെ ചോദ്യത്തില്‍ സഹതാപം മാത്രമല്ല  പരിഹാസവും കലര്‍ന്നതായി ഹൈദ്രോസിനു തോന്നി.അവ്യക്തമായ ഒരു മൂളലില്‍ മറുപടിയെ ഒതുക്കി മഞ്ഞള്‍ പൊടിയും മുളക് പൊടിയും അടങ്ങിയ സഞ്ചിയുമായി അയാളവിടെ നിന്നുമിറങ്ങി.

ഇടവഴി തിരയുന്നിടത്തു വേട്ടോന്‍ കോയിന്ദന്‍ ആറ്റ് മീന്‍ വില്ക്കുന്നത് കണ്ടു അങ്ങോട്ടേക്ക് നടന്നു. "എന്താ മാപ്ലേ ഇപ്പൊ ആറ്റുമീനൊക്കെ കൂട്ടാന്‍ തൊടങ്ങ്യാ ". കളിയാക്കിയുള്ള  കോയിന്ദന്റെ ചിരിയെ കണ്ടില്ലെന്നു നടിച്ച് ഇരുപത് രൂപക്ക്  പരല്‍ മീനും വാങ്ങി അയാള്‍ നടക്കാന്‍ തുടങ്ങി.

ചരല്‍ പാതയിലേക്ക് അരിച്ചിറങ്ങുന്ന ഇരുളിനെ വകഞ്ഞു അവശതയോടെ അയാള്‍  തന്റെ വീടിനു മുന്നിലുള്ള ഒതുക്ക് കല്ല്‌ കയറുമ്പോള്‍ എയ്ശന്റെ കണ്ടത്തില്‍ നിന്നും പണി മാറ്റി  പോകുന്ന ചെറുമിപ്പെണ്ണുങ്ങള്‍ അത്താഴത്തിനുള്ള വകകള്‍ അടങ്ങിയ വട്ടി തലയിലുമേന്തി എന്തൊക്കെയോ സങ്കടങ്ങള്‍ പങ്കു വെച്ച്  അയാള്‍ക്ക് മുന്നിലൂടെ കടന്നു പോയി. 



വീട്ടിലെത്തിയ ഹൈദ്രോസ് അടുക്കള  കോലായിലിരുന്നു പരല്‍ മീന്‍ നന്നാക്കിയതിനു ശേഷം ഉള്ളിയും മുളകും അമ്മിക്കല്ലില്‍  അരച്ചെടുത്തു .പിന്നീട് കുടമ്പുളിയിട്ട്  കല്ച്ചട്ടിയില്‍ പരല്‍ മീനിനെ വറ്റിച്ചെടുത്ത് മേലെ വെളിച്ചെണ്ണ  തൂവുമ്പോള്‍  അയാളുടെ ഭാര്യ  ടിവിയില്‍  നടന്നു കൊണ്ടിരിക്കുന്ന സീരിയലിലെ നായികയുടെ പതം പറച്ചിലില്‍ മുഴുകിയിരിക്കുകയായിരുന്നു.ഏറിയ സന്തോഷത്തോടെ അത്താഴമുണ്ണാന്‍  മക്കളെയും ഭാര്യയേയും ക്ഷണിച്ചപ്പോഴാണ്  നൂഡില്‍സ് കഴിച്ച് കുട്ടികള്‍ ഉറങ്ങാന്‍ പോയത് അയാളറിയുന്നത് .തടി  കൂടുമെന്ന് പേടിച്ച്   രാത്രിയില്‍ ചപ്പാത്തിയും വെള്ളരിയും മാത്രം കഴിക്കുന്ന ഭാര്യക്കും അയാളൊരുക്കിയ  അത്താഴത്തില്‍ പങ്കു ചേരാനായില്ല.അല്ലെങ്കിലും ഇതൊക്കെ അയാള്‍ക്ക് പുതിയ അറിവുകളായിരുന്നുവല്ലോ.
ഇടവഴിക്കപ്പുറത്തെ മുളങ്കൂട്ടില്‍ കാറ്റിലാടുന്ന മുളന്തണ്ടിന്റെ നെഞ്ച് പൊട്ടുന്നത് കേട്ട് കൊണ്ട് അയാള്‍ ചിന്തകളുടെ ചതുരംഗപ്പലകയില്‍ തന്റെ  സുഖദുഃഖങ്ങളുടെ  കരുക്കള്‍ ക്രമം ചേര്‍ത്ത് വെച്ചു. ഇരുപത് കൊല്ലത്തോളം മരുഭൂമിയില്‍ അധ്വാനിച്ച് അവിടെ നിന്നും തിരിച്ച് പോരുമ്പോള്‍ താനെന്താണ്‌ നേടിയത് .അയാള്‍  നെഞ്ച് തടവി കഴുത്ത് മുട്ടി  വന്ന ചുമയെ പാറ പൊട്ടുന്ന ഒച്ചയില്‍ പുറത്തേക്ക് തള്ളി വിടുമ്പോള്‍ ആരോടെന്നില്ലാതെ ചോദിച്ചു.

ഏതൊരു വിദ്യാഭ്യാസമില്ലാത്ത പ്രവാസിയുടേയും പോലെ തുഛ ശമ്പളത്തില്‍ ജോലി ചെയ്യാനായിരുന്നല്ലോ തന്റെയും വിധി . വലിയ  ഗതിയൊന്നുമില്ലാത്ത ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്ത്  കിട്ടുന്ന ശമ്പളത്തില്‍ നിന്നും  തനിക്ക് വേണ്ടി ഒരു ചില്ലിപോലും ചിലവാക്കാതെ മുഴുവനും ഭാര്യക്ക് അയച്ച് കൊടുക്കുമ്പോഴും കടം വാങ്ങിയും ചിട്ടി പിടിച്ചും ഓവര്‍ ടൈം ചെയ്തും ഭാര്യയുടെ പേരില്‍ വീടും പുരയിടവും ആധാരമാക്കുമ്പോഴും എന്തെങ്കിലുമൊരു വരായ്കയുണ്ടാവാന്‍ നാട്ടില്‍ ഒരു ടാക്സി വാങ്ങിയിട്ടപ്പോഴും തന്റെ ജീവിതം ഒരു ഓട്ടത്തോണിയാകുമെന്ന് കരുതിയില്ല. അന്നേരം മരുഭൂമിയിലെ  നിലാവൂറ്റിക്കുടിച്ചു ഉന്മത്തയായ തണുത്ത  മണലില്‍ മലര്‍ന്നു കിടന്നു എല്ലാം മതിയാക്കി നാട്ടിലെത്തിയാല്‍   ഭാര്യയും മക്കളുമൊത്തുള്ള സന്തോഷ ജീവിതം സ്വപ്നം കാണുകയായിരുന്നു അയാള്‍ . മക്കളെ നാട്ടിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തിയറിഞ്ഞ് അഭിമാനിക്കുകയും കുട്ടികള്‍ മണി മണിയായ്‌  ഇംഗ്ലീഷ് സംസാരിക്കുന്നത് കേള്‍ക്കാനായി കൊതിക്കുകയും ചെയ്തു. രണ്ടു കൊല്ലത്തിലൊരിക്കല്‍ അവധിയില്‍ നാട്ടിലെത്തിയിരുന്ന അയാള്‍  കൈ നിറയെ പണവുമായ് വന്നു കുടുംബത്തെ സന്തോഷിപ്പിച്ച് ഒഴിഞ്ഞ പോക്കറ്റുമായാണ്  വിമാനം കയറിയിരുന്നുവെന്നത്  പക്ഷെ എന്തിനെന്നറിയില്ല തന്റെ ഭാര്യയില്‍ നിന്നും മറച്ചു പിടിച്ചു.. 

പോകെ പോകെ ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി ഭാര്യയുടെ ഫോണ്‍ വരുന്നതിനെ അയാള്‍ ഭയക്കാന്‍ തുടങ്ങി. ജോലി ചെയ്തു കാശുണ്ടാക്കുക എന്ന ആവേശത്തില്‍  വര്‍ഷങ്ങള്‍ പോകുന്നതറിയാതെ  അയാള്‍ നാടിന്റെ ചൂടും ചൂരും മറക്കാന്‍ തുടങ്ങി. മരുക്കാറ്റ്  ആഞ്ഞു വീശി ഋതുഭേദങ്ങളുടെ വരവിനെ അറിയിക്കുമ്പോഴും ,ഊഷരത്തില്‍ പാകിയ വിത്ത് പൊട്ടാന്‍ പാകത്തില്‍ മരുഭൂമിയില്‍ മഴ പെയ്തോഴിയുമ്പോഴും അയാള്‍  കാലവര്‍ഷത്തില്‍ തന്റെ പുരയിടത്തിനു പിറകിലെ പുഞ്ചപാടത്ത്  പുളച്ച് മറിയുന്ന വരാല്‍ മീനുകളും,  ഇടവപ്പാതിയില്‍  തോരാതെ പെയ്യുന്ന മഴയത്ത്  പുളിയിലയില്‍ സദ്യയുണ്ണുന്ന കോരന്റെ വറുതിയും, തുലാവര്‍ഷത്തിലെ നിലം താഴ്ന്നിറങ്ങി വെട്ടുന്ന ഇടിമിന്നലുമൊക്കെ മനോമുകരത്തില്‍ കണ്ടു സംതൃപ്തനാകുകയായിരുന്നു.ഒരു ഗദ്ഗദത്തിനൊപ്പം 
കണ്‍കോണില്‍ ഉരുണ്ടു കൂടിയ നനവ്‌  ചെറിയ നീര്‍ച്ചാലായി അയാളുടെ കവിളിലൂടെ ഒഴുകി വീഴാന്‍ തുടങ്ങുമ്പോള്‍ ചിന്തകളില്‍ മരുക്കാടിന്റെ ഗന്ധം പരക്കുന്നതയാളറിഞ്ഞു.

ജോലിയിടത്തിലെ  മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും അനിവാര്യമായിരുന്നു. മുതലാളിയുടെ പ്രായാധിക്യം മൂലമുള്ള മരണവും  തുടര്‍ന്ന് മക്കള്‍ തലമുറകളുടെ കുടുംബ പരിഷ്ക്കാരങ്ങളും തന്റെ  ജോലിയെ സാരമായി ബാധിക്കുമെന്ന് തോന്നിയെങ്കിലും  നാട്ടില്‍ ചെന്നാല്‍ എങ്ങനെയെങ്കിലും കുടുംബം പുലര്‍ത്താനാവുമെന്നുള്ള പ്രത്യാശ അയാളുടെ ആത്മവിശ്വാസത്തിനു ആക്കം കൂട്ടി. പക്ഷെ എല്ലാം മതിയാക്കി പോകാന്‍ തുനിഞ്ഞ നേരത്ത്  കടബാധ്യതകളും നാട്ടിലെ ഒടുങ്ങാത്ത ആവശ്യങ്ങളും അയാളുടെ കാലുകളില്‍ കിനാവള്ളി പോലെ ചുറ്റി പിണഞ്ഞത് . പിരിച്ചു  വിട്ട രാത്രിയില്‍ കയ്യില്‍ കിട്ടിയ ഭാണ്ഡവുമായി വിശാലമായ മണല്‍ പരപ്പിലൂടെ ജോലിയന്വേഷിച്ച്  നടക്കുമ്പോളാണ് പ്രവാസത്തിന്റെ ആഴക്കടലില്‍ കരകാണാതെ  ഉഴലുന്നവര്‍ക്ക്  സമൃദ്ധി വിളയുന്ന സ്വന്തം നാട് കണ്ണെത്തും അകലത്തില്‍ ഭ്രമിപ്പിക്കുന ഒരു മരീചികയാണെന്ന് ബോധ്യപ്പെട്ടത്. ചെയ്യാനേല്പിക്കുന്നതെന്തും  കൃത്യമായി ചെയ്തു പോരുമ്പോള്‍ കൂലിയായ് കിട്ടുന്ന റിയാലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതില്‍ മാത്രമായിരുന്നു അയാള്‍ക്ക് സന്തോഷം. 

അതി ശൈത്യം കൊടും ചൂടിനു വഴിമാറിയ നാളുകളിലാണ്‌ നിതാഖാത്ത് എന്ന നിയമം റൂഹ് പിടിക്കാന്‍ വരുന്ന മലക്കിനെ പോലെ കാഹളം മുഴക്കി അനേകായിരങ്ങളെ തേടിയെത്തിയത് . പിടി കൊടുക്കാതെ മുങ്ങിയും പൊങ്ങിയും അയാള്‍ കഴിഞ്ഞെങ്കിലും പിടിക്കപ്പെട്ടാല്‍ അനുഭവിക്കാനിടയുള്ള ശിക്ഷയുടെ കാഠിന്യം ആരൊക്കെയോ അയാളെ ബോധ്യപ്പെടുത്തിയപ്പോള്‍ നാട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയേയും മക്കളെയും ഒരു നിമിഷത്തേക്ക് കണ്ണീരോടെ ഓര്‍ത്തു പോയി. ഇത്രയും കാലം താന്‍ പൊരിവെയിലില്‍ കഷ്ടപ്പെട്ടുണ്ടാക്കിയതിനെ സ്നേഹമയിയും പക്വമതിയുമായ തന്റെ ഭാര്യ ഇരട്ടിപ്പിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ പകല്‍കിനാവ് കണ്ടു . ഒരൊഴിഞ്ഞു പോക്കിന്  ഇഷ്ടമില്ലാഞ്ഞിട്ടും ആരുടെയൊക്കെയോ നിര്‍ബന്ധത്തില്‍ വിമാനം കയറുമ്പോള്‍  കുടുംബം തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നു അയാള്‍ വെറുതെ മോഹിച്ചു. താടിയും കഷണ്ടിക്ക് പിറകില്‍ കാലങ്ങളായ് എണ്ണ പുരളാത്ത പാറിപറന്നു കിടക്കുന്ന മുടിയും നിരാശ നിഴലിക്കുന്ന മുഖഭാവവുമായ്   ആട്ടോയോടിക്കുമെന്ന ഭയം വേണ്ടാത്ത സ്വന്തം മണ്ണില്‍ വന്നിറങ്ങുമ്പോള്‍  ചുറ്റുമുള്ളവര്‍ പരമ പുഛത്തോടെ തന്നെ ശ്രദ്ധിക്കുന്നതായ് തോന്നി.

ജോലി നഷ്ടപ്പെട്ടാണ് താന്‍  വന്നതെന്നറിഞ്ഞപ്പോള്‍  തുടങ്ങിയ  ഭാര്യയുടെ ശാപവചനങ്ങളിലും  വിധിയെ പഴിക്കലിലും കിടന്നു അയാള്‍ വീര്‍പ്പുമുട്ടി.  താനൊന്നിനും കൊള്ളാത്ത ഒരു ഭര്‍ത്താവാണെന്നും അല്ലലില്ലാതെ കഴിയണമെങ്കില്‍  അടുത്ത മരുപ്പച്ച തേടി പോകണമെന്നും  അവസാന വാക്കായി ഭാര്യയില്‍ നിന്നും കേട്ടപ്പോള്‍  താനന്ന് വരെ കണ്ടതെല്ലാം പാഴ്ക്കിനാവുകളായിരുന്നുവെന്ന് അയാള്‍ക്ക് വേദനയോടെ  ഉള്‍ക്കൊള്ളേണ്ടി വന്നു.ദിവസങ്ങള്‍ കഴിയുന്തോറും മറ്റൊരു  സത്യം കൂടി മനസ്സിലായി ;ഭാര്യ മാത്രമല്ല മക്കളും അയാളില്‍ നിന്നും ഏറെ അകലെയാണെന്നു.പണമില്ലാത്തവന്‍ പിണത്തിനു തുല്യം എന്ന് അയാളുടെ ഉള്ളിലിരുന്നാരോ പറയുന്നത്  പോലെ .

ചിന്തകളെ വിളിപ്പാടകലെ നിറുത്തി നെടുവീര്‍പ്പോടെ അയാള്‍ ഉമ്മറത്തിണ്ണയില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ രാത്രി കനത്തിരുന്നു.ദൂരെ മരുപ്പക്ഷികളുടെ കരച്ചില്‍ കേള്‍ക്കുന്നതു പോലെ. വെയില്‍  തിന്നാന്‍ കാത്തിരിക്കുന്ന മരുപ്പക്ഷികളുടെ തേങ്ങി തേങ്ങിയുള്ള കരച്ചില്‍ .ആ പക്ഷി രോദനം തനിക്കുള്ള  പിന്‍ വിളിയാണെന്ന് തോന്നിയ നിമിഷത്തില്‍  അയാള്‍ മരുഭൂമിയുടെ സ്പന്ദനത്തിലലിയാന്‍ ആഗ്രഹിച്ചു.ഒരു നെടുവീര്‍പ്പോടെ കൈകള്‍ നെഞ്ചോടു പിണച്ച്  വെച്ച് മണല്‍ക്കാടിനെ കണ്ണുകളിലെക്കാവാഹിച്ച് കൊണ്ട് കിടന്നു..

പകലൊക്കെ  അവിടെ അലഞ്ഞു നടന്നിരുന്ന ഒരു തെരുവ് പട്ടി അപ്പോഴേക്കും അയാളുടെ കൂടെ കോലായില്‍ സ്ഥാനം പിടിച്ചു കൊണ്ട്  കാലുകള്‍ക്കിടയില്‍ അതിന്റെ  വാലും ചുരുട്ടി കിടക്കുന്നുണ്ടായിരുന്നു. അയാളുടെ ഭാര്യ അപ്പോഴും നിലയ്ക്കാത്ത ടി വി സീരിയലില്‍ കണ്ണും നട്ടിരിക്കയായിരുന്നു.ഇടയ്ക്കിടെ ഭര്‍ത്താവിനോട് കലഹിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും  ചെയ്യുന്ന നായികയെ ശപിക്കുന്നുമുണ്ട്." ഓ ഇവള് വല്യ കേമി തന്നെ ..ഇങ്ങനെണ്ടോ  പെണ്ണുങ്ങള്‍ .പാവം ഭര്‍ത്തക്കന്മാരോട്  ഒട്ടും സ്നേഹല്ലാത്ത വര്‍ഗങ്ങള്‍ . ഇങ്ങനത്തെ പെണ്ണുങ്ങളെ വെടിവെച്ച്  കൊല്ലേ ചെയ്യണ്ടെ".തന്റെ ഭാര്യയുടെ ആവേശത്തോടെയുള്ള അഭിപ്രായ പ്രകടനം . അത് കേട്ടിരിക്കെ അയാള്‍ക്ക് തമാശ തോന്നി.ഒരു തോക്ക്‌ തന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ താനും കൊല്ലുമായിരുന്നല്ലോ സ്നേഹമില്ലാത്ത നെറികെട്ട ഭാര്യമാരെ ..അയാള്‍ ആ രംഗം മനസ്സില്‍ കണ്ടു ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി .ഇത് കണ്ടു ചവിട്ട് പടിയില്‍ ,കിടന്നിരുന്ന പട്ടി എഴുന്നേറ്റ് അയാളെ ഭയത്തോടെ നോക്കി. പക്ഷെ പരിസര ബോധമില്ലാതെ  അയാള്‍  പൊട്ടി ചിരിക്കുകയായിരുന്നു.ചിരിക്കുന്തോറും പിടഞ്ഞു പിടഞ്ഞു ജീവന് വേണ്ടി യാചിക്കുന്ന ഭാര്യമാരുടെ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു .നിയന്ത്രിക്കാനാവാത്ത ചിരിയില്‍ ചുമച്ചു കൊണ്ട് ഇരുട്ടിലൂടെ ഹൈദ്രോസും പിറകെ തെരുവ് പട്ടിയും പായുമ്പോള്‍  അയാളുടെ ഭാര്യ സീരിയലിലെ  ആക്രോശങ്ങള്‍ക്ക് നടുവിലായിരുന്നു.

Saturday, 13 July 2013

പ്രവചനങ്ങളുടെ ചിറകടികള്‍ :-

പ്രവചനങ്ങളുടെ ചിറകടികള്‍ :-

ചില പക്ഷികള്‍ക്കു  മരണത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.അവിചാരിതമായുണ്ടാകുന്ന വേര്‍പാടുകള്‍ .അതും  മരണത്തിലൂടെ .എന്റെ ജീവിതതില്‍ നേരിടേണ്ടി വന്ന ചില വേര്‍പാടുകള്‍ അങ്ങനെയായിരുന്നു.അപ്പോഴൊക്കെ അത് ഓരോ നിമിത്തം പോലെ ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ എനിക്കുള്ള മുന്നറിയിപ്പുമായി എത്തുന്നു. ആദ്യമായി ഒരു മരണമെനിക്ക് മുന്നില്‍ വന്നത് എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ ആയിരുന്നു. സുഖമില്ലാതെ കിടന്ന വല്യുപ്പാക്ക്  ഞങ്ങളെ കാണണമെന്നാവശ്യവുമായ് പറഞ്ഞയച്ച വല്യുപ്പയുടെ അനിയന്‍ ഇയാപ്പയുമായി ഉമ്മയുടെ തറവാട്ടിലേക്ക്   പുറപ്പെട്ട് പോകുന്ന സമയത്ത് . കുതിച്ച് പായുന്ന വാഹനത്തിലെ താഴ്ത്തി വെച്ച കണ്ണാടി ജനലിലൂടെ വിലങ്ങന്‍കുന്നിനു താഴെ പരന്നു കിടക്കുന്ന പാടങ്ങള്‍ക്ക്  നടുവില്‍ നിന്നുമെത്തിയ കാലന്‍കോഴിയുടെ ദുരൂഹത നിറഞ്ഞ "പൂവ്വാ പൂവ്വാ " എന്ന കരച്ചില്‍ പറയാതെ പറഞ്ഞത് ഒരു മരണത്തിന്റെ മഞ്ചല്‍ കുലുക്കമാണ്. അതെനിക്ക് മനസ്സിലാക്കി തന്നത് വീട്ടില്‍ ഉമ്മയെ സഹായിക്കുന്ന ലീലേച്ചി.കുറ്റിച്ചുടാന്‍ എന്ന് പ്രാദേശിക പേരുള്ള ആ പക്ഷി രാത്രിയില്‍ മരണദേവന്റെ പാത പദനത്തെ തിരിച്ചറിയുന്നു. മരണം നടക്കുന്ന വീടിനു കേള്‍ക്കത്തക്ക ദൂരത്തില്‍ ഏതെങ്കിലും വടവൃക്ഷത്തിന്റെ ഇരുട്ട് മയങ്ങുന്ന ചില്ലയിലിരുന്നു കരയും. അതൊരു സൂചനയാണ്..ദുഃസ്സൂചന.പക്ഷെ അന്ന് പുഴക്കല്‍ പാടത്തിനു നടുവില്‍ മുഴങ്ങിയ ആ കിളിയുടെ കരച്ചില്‍ ഒരു മരണമാണുദ്ദേശിച്ചതെന്നു എനിക്ക് ബോധ്യപ്പെടാന്‍ ഏതാനും നാഴികകളെ വേണ്ടി വന്നുള്ളൂ..വൈകുന്നേരം  അസുഖ കിടക്കയിലായ എന്റെ പ്രിയപ്പെട്ട വല്യുപ്പ വെളുപ്പിനെ  ഞങ്ങളെ വിട്ടു പോയി.





അന്ന്  സന്ധ്യാനേരത്തെ പ്രാര്‍ത്ഥനക്ക് ശേഷം പൂമുഖത്തെ തിണ്ണയിലിരുന്നു ഖുറാന്‍ ഉറക്കെയുറക്കെ പാരായണം ചെയ്യുന്നതിനിടയില്‍ പറമ്പിന്റെ പടിഞ്ഞാറേ അതിരിലെ  അത്തിമരത്തില്‍ വന്നിരുന്നു ഒരു കുറ്റിചുടാന്‍ പൂവ്വാ  പൂവ്വാ എന്നുറക്കെ കരഞ്ഞു .ഞങ്ങള്‍  കുട്ടികള്‍  അതിഭയാനകമായ ആ ശബ്ദത്തില്‍ ചകിതരായ് ..അപ്പോഴാണ് അകത്തു നിന്നും ഇച്ചമ്മയുടെ ശബ്ദം കേള്‍ക്കുന്നത് . ഇനിയും ആരെ കൊണ്ട് പോകാനാണ് നിന്റെ വരവെന്നു ചോദിച്ച് വടക്കിനി കോലായിലിരിക്കുന്ന വെട്ടുകത്തിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ തിരുകി വെച്ചു. .വെട്ടുകത്തി ചൂട് പിടിക്കുന്നതോടെ മരക്കൊമ്പിലിരിക്കുന്ന കാലന്‍ കോഴിയുടെ കാലുകളിലേക്ക് അസഹ്യമായ ചൂട് ചെന്നു അതവിടെ നിന്നും ഇപ്പൊ തന്നെ പറന്നു പോകുമെന്ന് ഇച്ചമ്മ ദേഷ്യത്തോടെ പറഞ്ഞു.അവര്‍  പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് വെട്ടു കത്തിയെ കനലിലേക്ക് പൂഴ്ത്തി വെച്ച് കൊണ്ടിരുന്നു..അല്‍പസമയം കൊണ്ട്  കാലു ചുട്ടു പൊള്ളിയിട്ടോ എന്തോ  ആ പക്ഷി നീണ്ട ചിറകടിയോടെ അകലെയേതോ മരണവീട് ലക്ഷ്യമാക്കി പറന്നു പോയി.അതോടെ ഞങ്ങള്‍ക്കും സമാധാനമായി..

എനിക്ക് ഒരു ഗുരുവും കളിക്കൂട്ടുകാരനുമൊക്കെയായിരുന്ന എന്റെ വല്യുപ്പയുടെ മരണത്തോടെ ഞാന്‍ അഗാധമായ എകാന്തത അനുഭവിക്കാന്‍ തുടങ്ങി.മുറ്റത്ത് വെയില്‍ കായാനെത്തുന്ന തൂവാനത്തുമ്പികളെ നോക്കി ഉമ്മറപ്പടിയില്‍ മൌനത്തിന്റെ ശംഖുമായി  ഞാനിരുന്നു.ജിവിതത്തിലെ ദിനചര്യകളിലെ പ്രധാനപ്പെട്ടതെന്തോ മറന്നു പോയ പോലെ ആയിരുന്നു എനിക്ക് ഓരോ ദിവസവും ..രണ്ടു മൂന്നു മാസങ്ങളെടുത്തു ആ മരവിപ്പില്‍ നിന്നും മോചനം കിട്ടാന്‍ . ഇടക്കൊക്കെ എവിടെ നിന്നോ വല്യുപ്പാടെ സജുമ്മാ എന്ന വിളി ഞാന്‍ കേട്ടിരുന്നു. പുല്ലാനിപൊന്തയില്‍ കൂടുള്ള കുളക്കോഴികള്‍ തോട്ടിലേക്ക് ഇറങ്ങുന്നതും  നോക്കി ഇടവഴിയിലേക്കുള്ള പടിക്കെട്ടില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ..അമ്പത്തെ പാടത്ത് വെള്ള കൊക്കുകള്‍ ചിക്കി പരത്തി നടക്കുന്നതും കണ്ടു പൂവരശിന്റെ കൊമ്പില്‍ കയറി ഇരിക്കുമ്പോള്‍ ..കുളപ്പടവില്‍ ചെന്നിരുന്നു സന്ധ്യാ നേരത്ത്  ആകാശത്തിനു കുറുകെ അലയുന്ന മേഘങ്ങളോട് താഴേക്കിറങ്ങി വരൂ എന്ന് പതുക്കെ അപേക്ഷിക്കുന്ന നേരങ്ങളിലുമൊക്കെ ഞാനാ വിളി കേട്ടിരുന്നു.





പിന്നീട്  കുറച്ച് നാളുകള്‍ കഴിഞ്ഞാണ് കളിക്കൂട്ടുകാരിയും ബന്ധുവുമായിരുന്ന സുബുവിന്റെ മരണം സംഭവിക്കുന്നത് .  രക്തത്തിലെ വിഷബാധ അതായിരുന്നു  അവളുടെ മരണകാരണമെന്നു ഉമ്മ പറഞ്ഞപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. ആ മരണ വാര്‍ത്തക്ക് മുന്പ് എന്നെ വേദനിപ്പിച്ച ഒരു കാര്യമുണ്ടായി. അന്ന്  വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കണ്ട കാഴ്ച്ച  മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലുള്ള കൂട് തകര്‍ന്നു വീണു അതിലെ കാക്ക കുഞ്ഞു പറക്കാനാവാതെ തത്രപ്പെടുന്നതും ചുറ്റും കുറെ കാക്കകള്‍ കാറുന്നതും ആണ്.അടുത്തെത്തിയാല്‍  കൊത്തിപ്പറിക്കാന്‍ വെറി പൂണ്ടു നില്‍ക്കുന്ന കാക്കകണ്ണുകളില്‍ നിന്നും ഞാന്‍ പതുക്കെ  അകത്തേക്ക് വലിഞ്ഞു. കിഴക്കേ മുറിയുടെ ജനലിലൂടെ ആ  കാക്കക്കുഞ്ഞു അവിടെ തന്നെയില്ലേ എന്ന് നോക്കി.കനത്ത ഇരുള്‍ പറന്നിറങ്ങിയ മുറ്റത്തു  ഒന്നും കാണുന്നില്ലായിരുന്നു.അത്താഴത്തിനിരിക്കുമ്പോള്‍ വീട്ടിലെ സഹായി ലീലേച്ചിയോട് പതുക്കെ ചോദിച്ചു .ആ കാക്കക്കുഞ്ഞിനെ അതിന്റെ അമ്മ കൊണ്ട് പോയിട്ടുണ്ടാകുമോ എന്ന്.ലീലേച്ചി പറഞ്ഞ മറുപടി  അത്ര പ്രതീക്ഷയ്ക്ക് വകയില്ലാത്തതായിരുന്നു .നേരം പുലരാന്‍ ഞാന്‍ കാത്തിരുന്നു..പക്ഷെ  അന്ന് രാത്രി ഒടുങ്ങുന്നതിനു മുന്പ് സുബുവിന്റെ മരണ വാര്‍ത്തയുമായി വീട്ടിലേക്ക് ആളെത്തി. അതിരാവിലെ തന്നെ ആദ്യത്തെ ബസ്സിനു ഞങ്ങള്‍ സുബുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.അപ്പോഴും സൂര്യന്‍ ഉദിച്ചുയരാത്തതിനാല്‍ വെളിച്ചം ഒട്ടുമില്ലാത്ത മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ആ കാക്കക്കുഞ്ഞു ഉണ്ടോ എന്ന് നോക്കാന്‍ എനിക്കായില്ല..അത് ചത്തു കാണുമെന്ന്  ലീലേച്ചി തലേന്നു രാത്രി പറഞ്ഞത്  മനസ്സില്‍ കിടന്നു നീറുന്നുണ്ടായിരുന്നു.പുഴക്കല്‍ പാടങ്ങള്‍ക്ക് നടുവിലൂടെ ഞങ്ങളെയും കൊണ്ട് പായുന്ന ബസ്സ്  കൂട്ടുങ്ങലിലെത്തുമ്പോള്‍ വഞ്ചിക്കടവത്തു ആളുകള്‍ നിറഞ്ഞിരുന്നു..സുബു അങ്ങനെ പള്ളിക്കാട്ടിലെ വെള്ളിലക്കാടുകള്‍ക്ക് നടുവില്‍ അന്ത്യവിശ്രമം കൊണ്ടു. തറവാട്ടില്‍ രണ്ടു ദിവസം കൂടി ഞങ്ങള്‍ ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം അറബിക്കടലിനു മേലെ വെയില്‍ ചാഞ്ഞ നേരം എനിക്കൊരു ഉള്‍വിളി ..സുബുവിന്റെ കബറിടത്തില്‍ പോകണം .ഞങ്ങള്‍ കുട്ടികള്‍ മൂന്നു നാല് പേര് കൂടി മുതിര്‍ന്നവര്‍ കാണാതെ മണത്തല പള്ളി ലക്ഷ്യമാക്കി കനോലി പുഴക്ക് കുറുകെയുള്ള ചെറിയ പാലത്തിലൂടെ മുഖത്തിന്‌ നേരെ വന്നു പതിക്കുന്ന അസ്തമയ നാളങ്ങളെ വകവെക്കാതെ നടന്നു.കബറിടത്തില്‍ ചെന്നിരുന്നു മണ്ണെല്ലാം മാടി വെച്ചു അതിനു മുകളില്‍ ഒരു മൈലാഞ്ചി ചെടി നട്ടു.പള്ളിക്കുളത്തില്‍ നിന്നും അവിടെ കിടന്ന കമുകിന്‍ പാളയില്‍ വെള്ളം നിറച്ചു നട്ട മൈലാഞ്ചിച്ചെടിയുടെ മേലെ ഒഴിച്ച് കൊടുത്തു..ഇരുട്ട് കനക്കുന്നതിനു  മുന്പ് ഞങ്ങള്‍ തറവാട്ടിലേക്ക്  തിരിച്ചു നടന്നു.







അവളുടെയും വല്യുപ്പയുടെയും മരണം എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ആയതിനാല്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും മഴമുല്ലകളുടെ സൌരഭ്യമാണ് .പോക്കുവെയിലിന്റെ സ്വര്‍ണ്ണനാളങ്ങള്‍ തോട്ടിലെ വെള്ളത്തില്‍ ഉരുകി വീഴുമ്പോള്‍ പരല്‍ മീനിനെ പിടിക്കാന്‍ സുബുവുമായി ഈരിഴതോര്‍ത്തു തോട്ടിലെ വെള്ളത്തില്‍ മുക്കി പിടിച്ച് പരലുകള്‍ തോര്‍ത്തിനുള്ളില്‍ പുളയുന്നതും നോക്കി ആഹ്ലാദിക്കാറുള്ളതും പെരുന്നാളിന് പാടവരമ്പിലൂടെ പോകുന്ന വളക്കാരികളെ വിളിച്ചു ഇഷ്ടത്തിനുള്ള വളകള്‍ ഇടുന്നതും മൈലാഞ്ചി ഇല പൊട്ടിച്ച് അരച്ചെടുത്തു കൈവള്ളയില്‍ വലിയ പുള്ളികള്‍ ഇട്ടിരുന്നതും ..ഓത്തുപള്ളിയിലേക്ക് പോകും വഴി ശങ്കരന്‍ മാഷിന്റെ തൊടിയിലെ ചാമ്പ മരത്തില്‍ കയറി ചാമ്പക്ക പോട്ടിച്ച് തിന്നിരുന്നതും അരിനെല്ലിയും ഉപ്പ് മാങ്ങയും ആയി വന്നു ആരും കാണാതെ പങ്കു വെച്ചതുമൊക്കെ എന്തിനെന്നറിയാതെ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ ഓര്‍മ്മകളുടെ വിലാപയാത്ര പോലെ  വന്നു കൊണ്ടിരുന്നു.പക്ഷെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം സുബുവും കാലത്തിന്റെ വായിച്ചു കഴിഞ്ഞ ഏതോ അദ്ധ്യായം പോലെ പിന്നിലേക്ക് മറിച്ചിടപ്പെട്ടു..





മുറ്റത്തോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കാക്ക കുളിച്ചു ചിറകു കുടയുന്നതും കണ്ടിട്ടുണ്ടോ ? ആ കാഴ്ച്ചയെ ഏറെ കൌതുകത്തോടെ ഞാന്‍ നോക്കിയിരിക്കുമായിരുന്നു .ഒരിക്കല്‍ മുറ്റമടിക്കാന്‍ വരുന്ന നാണിത്തള്ളയാണ്  അത് ഒരു ദുശ്ശഃകുനമാണെന്ന് എന്നോട് പറഞ്ഞത്.അങ്ങനെ കാക്കകള്‍ കുളിക്കുന്നത് കണ്ടാല്‍ മരണവാര്‍ത്ത കേള്‍ക്കുമെന്നും  പുല കുളിക്കേണ്ടി വരുമെന്നും വിവക്ഷിക്കണമെന്നു എന്നോട് കുപ്പായമിടാത്ത മാറിടത്തിലെ തൂങ്ങി നില്‍ക്കുന്ന ചുളിഞ്ഞ മുലകളെ ആട്ടി കൊണ്ട് മുറ്റമടിക്കുകയായിരുന്നു നാണിത്തള്ള പറഞ്ഞു.ഒരു പെരുമഴക്കാലത്ത് ഉറക്കത്തില്‍ നിന്ന് ഞാന്‍  കണ്ണ്  തുറന്നത് കിഴക്കേ മുറ്റത്തെ തെങ്ങിന്‍ തടത്തില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ രണ്ടു കാക്കകള്‍ കുളിക്കുന്നതും കണ്ടുകൊണ്ടാണ്. ചന്നം പിന്നം പെയ്യുന്ന തോരാതെ നില്ക്കുന്ന മഴ തലേന്ന് മുതല്‍ പെയ്യുന്ന രാമഴയുടെ തനിയാവര്‍ത്തനമാണെന്ന് തോന്നി..ഉദിച്ചുയരാനാവാതെ സൂര്യന്‍ കാര്‍മേഘത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് തോന്നുന്നു.ഇരുണ്ടു മൂടിയ ആകാശം രാത്രി ഇനിയും  പടിയിറങ്ങിയിട്ടില്ല എന്ന് തോന്നിപ്പിച്ചു.പക്ഷെ രാവിലെ തന്നെ കണ്ട ഈ കാക്കക്കുളി എന്നില്‍ അജ്ഞാതമായ ഒരു ഭീതി പടര്‍ത്തിയിരുന്നു...നാണിത്തള്ള പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയിലേക്കെത്തി . കന്നാലിക്കുളത്തില്‍ നിന്ന്  കുളിച്ചു ഈറന്‍ മാറുമ്പോഴും , ഇടനാഴിയില്‍ ഇരുന്നു പ്രാതല്‍ കഴിക്കുമ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥന ..ആര്‍ക്കും ഒന്നും വരുത്തല്ലേ..

അല്ലെങ്കിലും നാണത്തള്ള കാക്കക്കുളിക്ക് ഇങ്ങനെയൊരു വിവക്ഷ മനസ്സിലാക്കി തരുന്നതിനു മുന്‍പും ഞാന്‍ ഈ കാഴ്ചകളൊക്കെ കണ്ടിട്ടില്ലേ ?ഞാന്‍ ചിന്തിച്ചു .അന്നാരെങ്കിലും മരിച്ച വിവരം ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടോ..പഴയ കുട്ടിയില്‍  നിന്നും കുറച്ചു കൂടെ വളര്‍ന്ന ഞാന്‍ തെല്ലു പക്വതയോടെ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.ഏയ്‌ അങ്ങനെയൊന്നും ഉണ്ടാവില്ല ..ഞാനെന്നെ സമാധാനിപ്പിച്ചു.

അന്ന് സ്കൂള്‍ അവധിയായതിനാല്‍ വീട്ടിലിരുന്നു ഗൃഹപാഠങ്ങള്‍ ചെയ്തും ഇടയ്ക്കിടെ പെയ്യുന്ന മഴയെ കണ്ടും ഉച്ച വരെ കഴിച്ച് കൂട്ടി .അപ്പോഴാണ്‌ അടുത്ത വീട്ടിലെ ആസിയത്ത വന്നു ഉമ്മയോട് പറയുന്നത്.നമ്മുടെ ഒസ്സാന്‍ ബീരാന്‍ക്കാടെ മൂത്ത മോന്‍ മോമ്മദ്  മണത്തല ചെറിയ പാലത്തിന്റെ അടിയില്‍ മുങ്ങി മരിച്ചു.കൂട്ടുകാരുമായി കുളിക്കാന്‍ പോയതാ. ചുഴി വന്നു കൊണ്ടോയീത്രേ ..ആ നിമിഷം ഓത്തുപ്പള്ളിയിലെ സഹപാഠിയായ മുഹമ്മദ്‌ എന്ന ആ ആണ്‍കുട്ടി എന്റെ മനോമുകരത്തില്‍ തെളിഞ്ഞു.വെളുത്ത മുഖത്ത് നിറയെ വസൂരിക്കലകളുള്ള ഇപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന കുട്ടി. കൂട്ടുങ്ങല്‍ അങ്ങാടിയിലൂടെ ഫയര്‍ ഫോഴ്സുകാര്‍ പോകുന്നതിന്റെ ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു..ഏറെ തിരച്ചിലിനോടുവില്‍ കിട്ടിയ ആ ചേതനയറ്റ ശരീരത്തെ കീറിമുറിക്കാന്‍ സര്‍ക്കാരാശുപത്രിയിലെക്ക് കൊണ്ട് പോയെന്നു പിന്നെ ആരോ വന്നു ഉമ്മയോട് പറയുന്നത് കേട്ടു.അന്ന് രാത്രി ഉറക്കത്തില്‍ എന്റെ കണ്ണുകള്‍ക്ക്  മുന്നില്‍  നാണിത്തള്ള നിന്ന് ചിരിക്കുന്നതായ്  എനിക്ക് തോന്നി.ചുക്കി ചുളിഞ്ഞ കുപ്പായമിടാത്ത അവരുടെ മാറില്‍ തൂങ്ങിയാടുന്ന മുലകള്‍ .അവരുടെ മുന്നോട്ടിത്തിരി വളഞ്ഞു കൂനിയുള്ള നടത്തത്തിന്റെ ആക്കത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്നുണ്ടായിരുന്നു..കാക്കക്കൂട്ടങ്ങള്‍ കുളിച്ച് ചിറക് കുടയുന്ന വെള്ളക്കെട്ടിലേക്ക് കൈചൂണ്ടി നാണിത്തള്ള എന്നോട് അങ്ങോട്ട്‌ നോക്കാന്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ..കണ്ണുകള്‍ ഇറുകെ അടച്ച്  കിടക്കുമ്പോള്‍  ജനാലയ്ക്കപ്പുറം പെയ്യുന്ന പേമാരിയില്‍ നാണിത്തള്ളയുടെ പൊട്ടിച്ചിരി നേര്‍ത്ത് വരുന്നത് പോലെ എനിക്ക് തോന്നുകയും അമ്പത്തെ പാടത്തിനു നടുവില്‍ വലിയൊരു ഇടിമിന്നല്‍  നിലം താണ് വെട്ടുകയും  ചെയ്തു.ഏതൊക്കെയോ മരങ്ങള്‍ കട പുഴകി വീഴുന്നതിന്റെ ഭയാനക ശബ്ദങ്ങളുമപ്പോള്‍  എന്റെ കാതുകളില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു.



Wednesday, 10 July 2013

ഇടവഴികളില്‍ പൂക്കുന്ന നഗരങ്ങള്‍ :-

രാവേറെയായി..ഇത് നാലാം ദിവസമാണു നിദ്ര  ഇങ്ങനെ പിണങ്ങി നില്ക്കുന്നത്.ഇക്കഴിഞ്ഞ പത്തു പന്ത്രണ്ട് ദിവസങ്ങളിലായി മസ്തിഷ്ക്കത്തിനു ആവശ്യത്തിലേറെ വിശ്രമം കിട്ടിയിരിക്കുന്നു..ഒരു പക്ഷെ അതായിരിക്കാം ഈ ഉണര്‍വ്വിന്റെ ഹേതു..ചിന്തകളെ വിഴുങ്ങാന്‍ വേണ്ടിയുള്ള ഉറക്കത്തെ ക്ഷണിക്കാന്‍ കഴിച്ച മരുന്നു വിഫലമായിരിക്കുന്നു. എനിക്കുറങ്ങാന്‍ കഴിയില്ല എന്ന ധാരണയില്‍  വീട്ടിലുറങ്ങുന്ന മറ്റ് അംഗങ്ങളെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റ് ഞാന്‍ തപ്പിയെടുത്ത കടലാസും പേനയുമായി ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍  വിഹ്വല ചിന്തകളെ കടിഞ്ഞാണിടാനുള്ള ഉറക്കം  ദൂരെ എവിടെയോ ഒരു മൂടല്‍ മഞ്ഞിന്റെ സാന്ദ്രതയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. കുറെ നാളായി എന്റെ എഴുത്തെല്ലാം സംഭവിക്കുന്നത് ടൈപ്പിങ് വഴിയാണ്.ഇതിപ്പോള്‍ അസുഖക്കിടക്കയിലേക്ക് ലാപ്ടോപ്പ് അനുവദിക്കാത്തതിനാല്‍ പഴയശീലത്തെ  ഒന്നു ശ്രമിച്ച് നോക്കാമെന്ന് കരുതി..വിരലുകള്‍ക്കിടയില്‍ പേന വെച്ച് കടലാസിലേക്ക് പദങ്ങളെ ഉന്തി വിടുമ്പോള്‍ അനുഭവപ്പെട്ട അങ്കലാപ്പ് വിരല്‍ത്തുമ്പിനെ ആയാസകരമാക്കി എങ്കിലും പതുക്കെ ഞാനെന്റെ അസ്വസ്ഥതകളെ കടലാസിലേക്ക് പകര്‍ത്താന്‍ തുടങ്ങി.






രണ്ട് വ്യാഴവട്ടത്തിലേറെയായിരിക്കുന്നു ഞാനെന്റെ തറവാട്ടിലെ നടുത്തളത്തിനു വടക്കുള്ള മുറിയുടെ അതിഥിയായിട്ട്.മരത്തിന്റെ മച്ചും വടക്കോട്ടേക്ക് തുറക്കുന്ന മരത്തിന്റെ ഇരട്ട പാളികളും അഴികളുമുള്ള ജനലും ഉള്ള ആ കിടപ്പ് മുറി അവസാനമായി ഞാനുപയോഗിച്ചത് എന്റെ മകനെ പ്രസവിച്ച് കിടന്നപ്പോഴാണ്.എപ്പോഴും തളം കെട്ടി നില്ക്കുന്ന ശൈത്യവും നേരിയ ഇരുട്ടുമുള്ള ആ മച്ചകത്ത് ഞാനിപ്പോള്‍ കിടക്കുന്നത് ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആലസ്യത്തോടെ..വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ശബ്ദമുഖരിതവുമായ അന്തരീക്ഷത്തില്‍ ആറു മക്കളുമായി എന്റെ മാതാപിതാക്കള്‍  കഴിഞ്ഞിരുന്ന തറവാട്ടില്‍ ഇന്നു കാലം ശരീരത്തിനേല്പ്പിച്ച ചില അവശതകളോടെ അവര്‍  തനിച്ച് ..ഇതുവരെ അനുഭവപ്പെടാത്ത ഒരു കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു...ആറു മക്കള്‍ സ്വന്തം കുടുംബങ്ങളുമായി നാനാദിക്കില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ മക്കളും പേരക്കിടാങ്ങളുമായി വന്നു അവധി ആഘോഷിച്ച്  പോകുന്ന ആ തറവാട്ടില്‍ കൊല്ലത്തിലൊരിക്കല്‍  മാത്രം കിട്ടുന്ന  സംഗമങ്ങളുടെ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കി അടുത്ത അവധിയിയാഘോഷത്തിലേക്ക് പടിപ്പുരയും തുറന്നു വെച്ച് കാത്തിരിക്കുന്ന എന്റെ മാതാപിതാക്കളുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല എന്നറിയാമെങ്കിലും അറിഞ്ഞോ അറിയാതേയോ ഞാനും അവരുടെ ഈ ഏകാന്തവാസത്തിനു കാരണക്കാരിയല്െ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചിലൊരു   വേദന.ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരാളാണ് ഞാനെന്ന യാഥാര്‍ത്ഥ്യത്തെ മനഃപ്പൂര്‍വ്വം സ്മൃതിയറയില്‍ അടച്ച് വെച്ചു പഴയ ആ കൌമാരക്കാരിയുടെ കുതൂഹലത്തോടെ അവരുടെ വാര്‍ദ്ധക്യത്തിന്റെ വേദനയിലേക്കും ഒറ്റപ്പെടലിലേക്കും ആണ് വീണ്ടും ഞാനെത്തിയിരിക്കുന്നത്..തള്ളക്ിളിയുടെ ചിറകിനുള്ളില്‍ ചൂടും പറ്റി കിടക്കുന്ന കിളിക്കുഞ്ഞിനെ പോലെ .ഉമ്മയുടെ സ്നേഹവായ്പ്പിലും വാപ്പയുടെ പരിലാളനയിലും കഴിച്ച് കൂട്ടിയ  ദിനങ്ങള്‍ ഒരു നിമിത്തം പോലെയാണെനിക്കെന്റെ ജീവിതത്തില്‍ വന്നു ഭവിച്ചത്..മരുഭൂമിയുടെ പ്രണയിനിയായ് അവിടുത്തെ ഓരോ ഋതുവിനേയും നെഞ്ചിലേറ്റുമ്പോഴും കാതങ്ങള്‍ക്കപ്പുറത്തെ കാലവര്‍ഷവും വൃശ്ചികകാറ്റും ,മകരമഞ്ഞും ,വേനല്‍ മഴയും ,ആതിര നിലാവുമൊക്കെ ആര്‍ദ്രതയോടെ എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു.ജീവിതത്തിലെ  സങ്കീര്‍ണ്ണങ്ങളായ കെട്ടുപാടുകളില്‍ നിന്നും  അവധിയെടുത്ത് ഒറ്റപ്പെടലിന്റെ തുരുത്തില്‍ സന്തോഷത്തിന്റെ വസന്തം പൂത്തിറങ്ങുന്നതും കാത്ത് ഇടവഴിയിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഉമ്മയുടേയും വാപ്പയുടേയും അടുത്ത് പോയി കുറച്ച് നാളെങ്കിലും അവരുടെ തൃപ്തിക്കനുസരിച്ച് പരിചരിക്കണമെന്നുമുള്ള വളരെ നാളത്തെ ആഗ്രഹവും  പ്രാര്‍ത്ഥനയും  നിറവേറ്റാന്‍ തുണയായത് എന്റെ ഒരു ചെറിയ രോഗാവസ്ഥ.രണ്ടാഴ്ച്ച പൂര്‍ണ്ണ വിശ്രമമെന്ന കല്പ്പനയില്‍ തെല്ലധികാരത്തോടെ എന്റെ ജീവിത പങ്കാളിയില്‍ നിന്നും എന്നെ തല്ക്കാലത്തേക്ക് ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ ഒരു കുഴപ്പവും കൂടാതെ നോക്കുമെന്ന വാഗ്ദാനം നല്കി കെഞ്ചുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ അലിയുന്ന വാശിയും ,നിസ്സഹായത നിറഞ്ഞ മൌനസമ്മതവും വീണ്ടും എന്നെ എന്റെ മാതാപിതാക്കളുമായി കുറച്ച് നാള്‍ ചിലവിടുന്നതിനുള്ള അവസരത്തിനു വഴിയൊരുക്കി.



അമ്പാടി ലെയിനിലെ എന്റെ തറവാട്ടിലെ ഈ കിടപ്പു മുറിയില്‍   ശൂന്യത മുറ്റുന്ന മിഴികളോടെ നൂറു വര്‍ഷത്തെയെങ്കിലും നെടുവീര്‍പ്പുകളും പതം പറച്ചിലുകളും അടക്കത്തോടെയുള്ള പൊട്ടിച്ചിരികളും അടിഞ്ഞു കൂടിയ ഇരുണ്ട നിറമുള്ള മച്ചിലേക്ക് നോക്കി ഉറക്കം വരാതെ കിടക്കുമ്പോളും എനിക്കറിയില്ല ഇനി ഇങ്ങനെ ഒരവസരം എന്റെ ജീവിതത്തില്‍  ഉണ്ടാകുമോ എന്ന്.അതെ എനിക്ക് തോന്നുന്നില്ല ഇനിയൊരിക്കല്‍ കൂടി  എന്റെ ബാല്യ കൌമാര യൌവന സ്മരണകള്‍ തളം കെട്ടി നില്ക്കുന്ന ഈ വീട്ടില്‍ കഴിയാനാകും എന്നു.ആ ചിന്ത ശക്തി പെട്ടത് സന്ധ്യയോടെയാണ്.ഇടവഴികളെ ആര്‍ത്തിയോടെ വിഴുങ്ങാനെത്തുന്ന നഗരവല്ക്കരണമെന്ന ശൂലത്തിനു മുകളിലാണിന്നു അമ്പാടി ലെയിന്‍ .ഉമ്മ ഇടക്കിടക്ക് പരിതപിക്കുന്നു..ഇവിടെയൊന്നു മിണ്ടി പറയാന്‍ പോലും ആരുമില്ലാതെ ആയി എന്ന്..അത്രയകലെയല്ലാതെ മസ്ജിദിനു മുന്നില്‍ മഗ്രിബ് നമസ്ക്കാരവും കഴിഞ്ഞ് കൊച്ചു കൊച്ചു പരദൂഷണവുമായി നില്ക്കുന്ന വാപ്പയെ കുറിച്ചോര്‍ത്ത് ഉമ്മ അരിശപ്പെടാറുണ്ട്."ഇത്രേം നേരം ഇവടെ ഒരാള്‍ ഒറ്റക്കാന്നുള്ള ഒരു വിചാരോം ഇല്ലാണ്ടെ സൊറ പറഞ്ഞ് നിന്നു കൊള്ളും" ..പൊതുവെ സംസാര പ്രിയ ആയ ഉമ്മയുടെ പരിവേദനത്തില്‍ കഴമ്പില്ലാതില്ല.ഒരു പാടു നല്ല അയല്‍ക്കൂട്ടങ്ങളുടെ സമൃദ്ധിയുടെ കഥ പറയാനുണ്ട് ഞങ്ങളുടെ ഇടവഴിക്ക്..തൃശ്ശൂര്‍ നഗരത്തിനുള്ളിലെ  നല്ല ഒരു ഗ്രാമമായിരുന്നു അമ്പാടി ലെയിന്‍ .ഇടതിങ്ങിയ വീടുകളും അതിനു തണല്‍ വിരിക്കുന്ന മാവും പ്ലാവും കണിക്കൊന്നകളും ഉതിര്‍മുല്ല മരവും ഇലഞ്ഞിമരവും നിറഞ്ഞ ഒരു തെരുവ് ആയിരുന്നു അത്..ഇന്നു ഒഴിഞ്ഞ് പോയ വീടുകള്‍ നിന്നിടത്ത് റിങ്ങ് റോഡും ബഹുനില കെട്ടിടങ്ങളും പഴയ ഗ്രാമ ചാരുതയില്‍ ആധുനികതയുടെ വക്രിച്ച മുഖഛായയുമായി ആകെയുള്ള അഞ്ചാറു കുടുംബങ്ങളുടെ നേരെ വെല്ലുവിളിയുയര്‍ത്തി നില്ക്കുന്നത് കാണുമ്പോള്‍ തിമിര്‍ത്താടിയ കുറെ  ബാല്യങ്ങളും  കൌമാരങ്ങളും  ഇടവഴിയിലെ ഇനിയും മുറിച്ച് മാറ്റാന്‍ കഴിയാത്ത  തണല്‍ മരങ്ങള്‍ക്ക് കീഴില്‍ പകച്ച് നില്ക്കുന്നത് എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.

അന്നു വൈകുന്നേരം രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് വാപ്പ എത്തിയത് ഒരു പുതിയ വിശേഷവുമായിട്ടായിരുന്നു..അമ്പാടി ലെയിന്‍ എന്ന ആ ഇടവഴി തുടങ്ങുന്നിടത്ത് ഒരു പഞ്ച നക്ഷത്ര മദ്യശാല വരാനുള്ള സാധ്യതയുണ്ടെന്നു ഒരു അഭ്യൂഹം കേട്ടുവത്രെ..ഇതു കേട്ട മാത്രയില്‍ ഉമ്മയുടെ മുഖം കോപം കൊണ്ട് തുടുക്കുകയും സങ്കടം കൊണ്ട് ഇമകള്‍ താഴുകയും ചെയ്തു.പിന്നെ വാപ്പ ആശ്വസിപ്പിക്കാനെന്നോണം പറയുന്നുണ്ട്..തൊട്ടപ്പുറത്തെ വീട്ടിലെ മേനോനുമായും ഞങ്ങളുടെ വീടിനു മുന്നിലെ മൂത്താനുമായും വാപ്പ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തതിനെ കുറിച്ച്. അങ്ങനെ ഒന്ന് അവിടെ വരുന്നതിന്റെ വരും വരായ്കകളെ കുറിച്ച് എല്ലാവരും കൂലങ്കഷമായ് തന്നെ ചിന്തിച്ച് തങ്ങളുടെ നിഗമനങ്ങള്‍ പങ്കു വെച്ചു. അമ്പാടി ലെയിനിനു തെക്കു വശത്തും വടക്കു വശത്തുമുള്ള ക്ഷേത്രങ്ങള്‍   പിറകിലുള്ള  ജുമാ മസ്ജിദും ..അന്നേ വരെ കാണിച്ചു പോന്ന അതേ മതസൌഹാര്‍ദ്ദത്തിന്റെ ഭാഷയില്‍ അവിടെ ശേഷിച്ച കുടുംബങ്ങളെല്ലാം ഒറ്റ സ്വരത്തില്‍ പറഞ്ഞു .ഇല്ല അങ്ങനെ ഇവിടം മലിനപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല.അഥവാ വിപരീതമായെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ശക്തമായ് തന്നെ അതിനെ നേരിടും ..വാപ്പ ഇത്രയും പറഞ്ഞ് നിറുത്തിയപ്പോള്‍ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ പ്രകാശം കണ്ടു.അവര്‍ സമാധാനത്തോടെ അത്താഴവും കഴിച്ച് ഉറങ്ങാനായ് പോയി ..പക്ഷെ ഞാന്‍ അസ്വസ്ഥയാണ്. ഡ്രാഗണിനെ പോലെ വായില്‍ നിന്നും തീനാളങ്ങള്‍ തുപ്പി  ഗ്രാമങ്ങളെ ചാമ്പലാക്കുന്ന നഗരവല്ക്കരണം ആര്‍ക്കും തടുക്കാനാവുന്നതല്ല.ഓരോ മാഫിയകളുടേയും ലോബികളൂടേയും കൈകളില്‍ ഇത്തരം അപകടകാരികളായ വികസനത്തിന്റെ വിഷവിത്തുകള്‍ സുരക്ഷിതമാണ്.ഇവിടം ഉപേക്ഷിച്ച് പോകാനേ നിവൃത്തിയുള്ളൂ..പക്ഷെ അത് അത്ര പെട്ടെന്നു എന്റെ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ.എന്റെ ചിന്തകള്‍ ആവേഗപ്പെട്ട് ഉയരം താണ്ടുന്ന നേരത്ത്  രണ്ട് പേരും ഉറങ്ങാതെ നടുത്തളത്തില്‍ ഇരുന്നു കാര്യമായി തന്നെ ഭാവി പരിപാടികളെ കുറിച്ച് ആശങ്കപ്പെടുകയാണെന്നു മനസ്സിലായി.പതുക്കെ ഞാന്‍ കാതോര്‍ത്തു  .വാപ്പയും ഉമ്മയും നടത്തുന്ന സംഭാഷണ ശകലങ്ങള്‍ ഇപ്പോള്‍  എനിക്കും കേള്‍ക്കാനാകുന്നുണ്ട്.ഇനിയും ഇവിടെ കെട്ടിപിടിച്ച് നില്ക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.വാപ്പയുടെ ശബ്ദത്തിനു ഒരിടര്ച്ചയുണ്ടായിരുന്നുവോ..ഇടക്കെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും തികഞ്ഞ നിശ്ശബ്ദതയാണ് സംസാരത്തേക്കാള്‍ കൂടുതലായി അവര്‍ക്കിടയില്‍ ഉണ്ടായതെന്നു വ്യക്തം ...റെസിഡെന്‍ഷ്യല്‍ ഏരിയ ആയിരുന്ന അമ്പാടി ലെയിന്‍ കെട്ടിട സമുച്ചയങ്ങളടങ്ങിയ നഗരത്തിരക്കിന്റെ ഒരു ഭാഗമായത് കെ.എസ്.ആര്‍ .ടി.സിക്ക് അടുത്തുള്ള റിങ്റോഡ് വന്നതിനു പിറകെയാണ്.തീവണ്ടി ആപ്പീസിലേക്കും .ടൌണിലേക്കും ,മാര്‍ക്കറ്റിലേക്കും നടക്കാനുള്ള ദൂരം മാത്രമുള്ളൊരിടത്ത് നിന്ന് താമസം മാറ്റുക എന്നത് ഞങ്ങള്‍ മക്കള്‍ക്ക് വലിയ ദുഷ്ക്കരമായി തോന്നില്ലെങ്കിലും ജനിച്ച് വളര്‍ന്ന വീടും പരിസരവും വിട്ടു പോകാനുള്ള വാപ്പയുടെ വിഷമവും ,അര നൂറ്റാണ്ടോളമായ് വാപ്പയുമായുള്ള ജീവിതം തുടങ്ങി അവരുടെ സന്തോഷങ്ങളും സന്താപങ്ങളും അടിഞ്ഞ് കൂടിയ ഈ വീടിനോടുള്ള ഉമ്മയുടെ അടുപ്പം .ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുമ്പോളുണ്ടാകുന്ന ഉമ്മയുടെ വേദനയും കാണാതിരിക്കാനാവുന്നതല്ല..നിസ്സഹായതയുടെ വക്കിലിരുന്നു അവരിപ്പോള്‍ ഏകസ്വരത്തില്‍ പറയുന്നു  ഇവിടുന്നു എങ്ങോട്ടെങ്കിലും പോയാല്‍ മതി എന്ന്.ഇതു പറഞ്ഞതിനു ശേഷം പിന്നീടൊരു ശബ്ദവും എനിക്ക് കേള്‍ക്കാനായില്ല. .അവര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ച് കൊണ്ട് കിടക്കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ..



അസ്തമയം കഴിഞ്ഞ് ഏകദേശം പത്തിരുപത് നാഴികയെങ്കിലും  കഴിഞ്ഞ് കാണും ...വീടിനു വടക്ക്  മൂലയിലെ മുത്തശ്ശിപ്ലാവില്‍ കൂടുള്ള കുയില്‍ ഉണര്‍ന്ന് കൂകാന്‍ തുടങ്ങിയിരിക്കുന്നു..ഉറക്കത്തെ പുണരാന്‍ മടിച്ച എന്റെ മിഴികള്‍  ഇപ്പോള്‍ കനം തൂങ്ങുന്നുണ്ട്.അടച്ച് വെച്ച കണ്ണുകളിലൂടെ നൃത്തം വെച്ച് നീങ്ങുന്ന എന്റെ ചിന്തകള്‍ ബോധമണ്ഡലം വിട്ടെങ്ങോ കുതറിയോടുന്നതിനിടയിലാണു ഈ കുയില്‍ കൂജനം കേള്‍ക്കുന്നത്.അതോടെ ഞാന്‍ വീണ്ടും ഉണര്‍വ്വിലേക്ക് തിരിച്ചെത്തി.കൊതുകുകളെ ഭയന്നു അടച്ചിടുന്ന ജനല്‍ തുറന്ന്  മുറ്റത്തേക്ക് നോക്കി ..പിന്‍ നിലാവിന്റെ അവ്യക്ത രശ്മികള്‍ മുറ്റത്ത് ചിതറി കിടക്കുന്നു.ശ്രുതി ശുദ്ധമായ് കൂകുന്ന ആ കോകിലം ഇണയുടെ മറുവാക്കിനു കതോര്‍ത്തു  കേള്‍ക്കാതെ ഇടക്കൊക്കെ പതറുന്നത് പോലെ .മരച്ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണ നിലാവില്‍ കൊഴിഞ്ഞ് കിടക്കുന്ന പാരിജാത പൂക്കള്‍ മണ്ണിനെ പുതഞ്ഞ മഞ്ഞു പോലെ തോന്നിച്ചു .നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വസ്ഥമായൊരിടമാണിതെന്ന ചിന്ത ഈ കുയിലിനു മാത്രമല്ല എന്റെ മുറ്റത്ത് പറന്നിറങ്ങാറുള്ള എല്ലാ പക്ഷികള്‍ക്കുമുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്.മുറ്റത്തെ മുല്ലവള്ളിപ്പടര്‍പ്പില്‍ ഞാനിന്നും കണ്ടു ചെമ്പോത്തിണകളെ.രാജകീയമായ പദചലനങ്ങളോടെ മന്ദം മന്ദം നടന്നു മതിലിനു മുകളിലൂടെ ചാഞ്ഞ് കിടക്കുന്ന മാവിന്റെ കൊമ്പിലേക്ക്..പിന്നേയും പേരറിയാത്ത ഒരു പാട് കിളികള്‍  ,തൂക്കണാം കുരുവികള്‍ ,സൂചിമുഖി കുരുവികള്‍ ,മൈനകള്‍ .കൂടാതെ വാപ്പ ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന കുറെ പൂച്ചകള്‍ .. സമയാസമയങ്ങളില്‍ കുഴച്ചുരുട്ടിയ ചോറുരുളകളുമായി വാപ്പ എത്തുന്നതും നോക്കി ഉമ്മറക്കോലായില്‍ കാത്തിരിക്കുന്ന പൂച്ചകളെ വാപ്പ സ്നേഹിക്കുന്നത് കണ്ടപ്പോള്‍ എവിടെയോ വീണു പോയ വാല്‍സല്യത്തിന്റെ തരികളെ ഞാനാ ഉമ്മറക്കോലായില്‍ പരതി.പഴക്കൂടയില്‍ നിന്നും പഴങ്ങളെടുത്ത് മുറിച്ച് മതിലിനു മുകളില്‍ കൊണ്ടു വെച്ച് വാപ്പ ഒരു പ്രത്യേക ഈണത്തില്‍ ചൂളമടിക്കും ..അതിശയമെന്നു പറയട്ടെ ഒരു പാടു കിളികള്‍ എവിടെനിന്നൊക്കെയൊ ആ പഴങ്ങള്‍ ഭക്ഷിക്കാനായി പറന്നെത്തുന്നു.കയ്യെത്തും അകലത്തില്‍ ആ പക്ഷികള്‍ ഭയം തെല്ലുമില്ലാതെ കൊത്തി പെറുക്കുന്നത്  കാണുമ്പോള്‍ സ്നേഹം കൊണ്ട് എന്തിനേയും വശത്താക്കാനാകും എന്ന പ്രകൃതി  തത്വം ഒന്നു കൂടെ വ്യക്തമാകുന്നു..അകലങ്ങളില്‍ സ്വന്തം കുടംബങ്ങളുമായി മക്കള്‍ സസുഖം കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുമ്പോഴും അവര്‍ക്കിവിടെ സ്നേഹം പ്രകടമാക്കാന്‍ പ്രകൃതിയുടെ ഈ മക്കള്‍ മാത്രം .എത്രയും വേഗം ഇവിടുന്നു പോകാനായെങ്കില്‍ എന്നു പറഞ്ഞ് സങ്കടപ്പെടുമ്പോഴും  അവരുടെ ഉല്‍ക്കണ്ഠ നിറഞ്ഞ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു ഞങ്ങള്‍ ഇവിടം വിട്ടാല്‍ ഈ കാഴ്ച്ചകള്‍ അന്യം നില്ക്കുമല്ലോ എന്ന ഭാവം .ഈ മിണ്ടാപ്രാണികളുമായുള്ള ചങ്ങാത്തത്തെ എങ്ങനെ ഉപേക്ഷിക്കാനാകും അവര്‍ക്ക് എന്ന ചിന്ത എന്നെ ഇപ്പോള്‍ വല്ലാതെ അലട്ടുന്നുണ്ട്..ഒരു പക്ഷെ കിളികള്‍ക്ക് സുപരിചിതമായ ആ ചൂളം വിളി കാറ്റിലലയുമ്പോള്‍ എവിടെയാണെങ്കിലും അവര്‍ പറന്നെത്തുമായിരിക്കും .ഞാന്‍ എന്നെ ആശ്വസിപ്പിച്ചു.


വികസനത്തിന്റെ പേരില്‍ ശിഥിലമാകുന്നത് നൂറ്റാണ്ടുകളായ് നെഞ്ചോട് ചേര്‍ത്ത് വെച്ചു പോന്ന ഒരു സംസ്ക്കാരം  മാത്രമല്ല.പ്രകൃതി വിഭങ്ങളുടെ ചൂഷണവും ശോഷണവും കൂടിയാണു എന്നു ആധുനികതയുടെ വക്താക്കളെന്നു അഹങ്കരിക്കുന്ന വന്‍ കിട വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ യന്ത്രങ്ങളും ചിന്തിക്കാത്തതെന്തു കൊണ്ടാണ്.?.മണ്ണിനു മേലെ വളരുന്ന വികസനങ്ങള്‍ മണ്ണിന്റെ ഉള്ളം കാണാതെ പോകുന്നതെന്തു കൊണ്ടാണു..കേവലം സ്വാര്‍ത്ഥലാഭം മാത്രം കൊയ്യുന്നതിനു തിരക്കിട്ട് തെരുവുകളുടെ നിത്യസ്പന്ദനത്തെ കുടിയിറക്കുമ്പോള്‍ മതിയായ അടിസ്ഥാന സൌകര്യങ്ങളിലേക്കാണോ നാട് നീങ്ങുന്നതെന്നു ഒരു മാത്ര ചിന്തിച്ചിരുന്നെങ്കില്‍ .മണലൂറ്റി നഗ്നമാക്കപ്പെടുന്ന പുഴകളും ,മരം വെട്ടിത്തെളിച്ച് കൊഴുപ്പിക്കുന്ന ഗ്രാമങ്ങളും അംബരചുംബികള്‍ വിളയിക്കാന്‍ നികത്തുന്ന വയലുകളും ,പറവകളെ നിശ്ശബ്ദരാക്കാന്‍ പിഴുതെറിയുന്ന കണ്ടല്‍ക്കാടുകളും മൃഗങ്ങളില്‍ നിന്നും പിടിച്ച് പറിച്ച് ലഹരി വിതക്കുന്ന വനസ്ഥലികളും ആര്‍ക്കാണു സ്വന്തമെന്ന് ചിന്തിക്കാനുള്ള കഴിവു പോലും നഷ്ടമായ ഒരു സമൂഹത്തിലാണല്ലോ എന്റെ തലമുറക്ക് ജീവിക്കേണ്ടി വരുന്നത് എന്നോര്‍ത്ത്   ആകുലപ്പെടുമ്പോള്‍ തന്നെ വരും തലമുറക്ക് നഷ്ടമാകുന്ന പ്രകൃതി വിഭവങ്ങളെ കുറിച്ചും സംസ്ക്കാരപൈതൃകത്തെ കുറിച്ചും ആശങ്കപ്പെടാന്‍  മാത്രമേ എന്റെ തലമുറക്ക് കഴിയൂ എന്നുണ്ടോ..?പ്രകൃതിയെ നോവിക്കാതേയും നമ്മുടെ ആവാസവ്യവസ്ഥതിക്ക്  കോട്ടം പറ്റാതേയുമുള്ള വികസനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ നിഷ്ക്കര്‍ഷത പാലിച്ചെങ്കില്‍ എന്നു ഞാനപ്പോള്‍ വെറുതെ മോഹിച്ചു..

കിഴക്കിന്റെ മേലാപ്പില്‍ വെള്ളിവെളിച്ചം പരന്നൊലിക്കുന്നു.എന്റെ ഇമകള്‍ക്ക് മേലെ  ആകാശം   ചിറക് വിടര്‍ത്തിയിരിക്കുന്നത് പോലെ തോന്നി.അശോകത്തെച്ചി പൂങ്കുലകള്‍ക്ക് മേലെ  സൂചിമുഖിക്കുരുവികള്‍ പറന്നു തേന്‍ കുടിക്കുന്നുണ്ട്.കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ച് പോകും ..ഇനിയൊരവധിക്കാലം ചിലവിടാന്‍ പോലും ഇവിടമെന്നെ കാത്തിരിക്കുമെന്നു തോന്നുന്നില്ല.ഉമ്മറത്തെ കോലായില്‍ വന്നിരുന്നു ഞാന്‍ ആ പ്രഭാത കാഴ്ച്ചകളെ എന്നിലേക്കാവാഹിക്കാന്‍ തുടങ്ങി..കണ്ണുമടച്ച് എന്റെ ഉടലിനെ മറന്ന് ആത്മാവിന്റെ ജാലകങ്ങളെ തുറന്നു വെച്ച് അപ്പോളവിടെ നിറഞ്ഞ് നിന്ന ഇലമണവും കിളിമണവും നാസാരന്ധ്രങ്ങളിലേക്ക് ആവോളം ഞാന്‍ വലിച്ച് കയറ്റി.എന്റെ സിരകളിലേക്ക് പടര്‍ന്നു കയറിയ അവാച്യമായ ലഹരിയില്‍ ഞാനെന്നെ മറന്നു.എന്റെ ബാല്യ കൌമാരങ്ങള്‍ ഇടവഴിയില്‍ കലപില കൂട്ടുന്നതും കണ്ട് ഞാന്‍ എന്റെ യാത്ര തുടര്‍ന്നു. മരക്കരുത്തും  പച്ചില ഗന്ധങ്ങളും കിളിപ്പാട്ടുകളും മാത്രമുള്ള ഒരു ലോകത്തിലൂടെ ...


Monday, 20 May 2013

അമ്പലപ്രാവുകള്‍ കുറുകുമ്പോള്‍


അമ്പലപ്രാവുകള്‍ കുറുകുമ്പോള്‍ :-
----------------------------------------------------------------------------

എന്റെ തൃസ്സന്ധ്യകളുടെ ജാലകപ്പടിയിലാണന്നും 
അമ്പലപ്രാവുകള്‍ ചേക്കേറിയത്
പ്രണയശൈത്യമുറങ്ങുന്ന മച്ചകത്തപ്പോള്‍ 
തന്തികള്‍ പൊട്ടിയ തംബുരു 
അംഗുലാഗ്രത്തിന്‍ താപത്തെ തേടുന്നുണ്ടായിരുന്നു..

പെയ്തു തോരാത്ത രാമഴയില്‍ 
തരളിതയായ ഇലച്ചാര്‍ത്തിന്റെ നിശ്വാസം 
പകല്‍ കിനാവിന്റെ ചില്ലയില്‍ തട്ടിയുടയവെ
ഞാന്‍ കേട്ടു പടിയിറങ്ങുന്ന 
രാവിന്റെ ചിറകടിയൊച്ച..

എന്റെ ഉഷഃസ്സന്ധ്യകളുടെ ഞാറ്റുപുരയിലാണ്
പൊഴിഞ്ഞ പീലികള്‍ തിരയാനായ് മയിലുകളണഞ്ഞത്;
പക്ഷെ കാക്കപൊന്നു വിളഞ്ഞ മരക്കരുത്തില്‍ 
അടയിരുന്ന പീലിത്തുണ്ടുകളപ്പോള്‍ 
ഉച്ചവെയില്‍ കാഞ്ഞ് പെറ്റു പെരുകുകയായിരുന്നു..

വഴിമരങ്ങള്‍ക്കിടയിലേക്കൂര്‍ന്ന് 
വീണ അപരാഹ്നചിന്തകള്‍ 
പാതയോരത്ത് തളര്‍ന്നിരുന്ന നിറം മങ്ങിയ 
നാളങ്ങളില്‍ വര്‍ണ്ണങ്ങള്‍ വാരിപ്പൂശവെ ,
രാപ്പകലുകളുടെ ആവര്‍ത്തനങ്ങളിലേക്ക് 
ചായുന്ന നിഴലുകള്‍ക്ക് നീളമേറുന്നുണ്ടായിരുന്നു..

പ്രണയം എരിഞ്ഞടങ്ങിയ ചിതയില്‍ 
അണയാതെ നീറുന്ന കനലിനെ തേടി 
ഞാനും എന്റെ കനവുകളും 
മൂവന്തിയിലേക്ക് യാത്രയായകവെ 
രാവിന്റെ സാന്ത്വനവുമായെത്തിയ ഇരുള്‍ പക്ഷി
പകല്‍ കൂടണയുന്ന കുന്നിന്‍ ചെരുവില്‍ 
കിതപ്പണക്കുന്നുണ്ടായിരുന്നു..

Saturday, 30 March 2013

നീരാഴത്തിലൊളിച്ച നിലാത്തുണ്ട്


നീരാഴത്തിലൊളിച്ച നിലാത്തുണ്ട്:-(മഴവില്ല്,ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..Illustration curtsy :Jefu)

"ഉണ്ണ്യേ ഒന്നും പറേണ്ട ലീലേടെ യോഗാ ദൊക്കെ"..
നനുനനെ കീറിയ വാഴയില ചിരട്ടയിലിട്ട വെണ്ണീറിലും പുളിവെള്ളത്തിലും മുക്കി ഓട്ടുരുളി അമര്‍ത്തി തേക്കുകയായിരുന്ന ലീല ഇടക്കൊന്നു തലപൊക്കി ചുണ്ടിന്റെ കോണിലൂടെ ഒലിച്ച് വന്നിരുന്ന മുറുക്കാന്‍ നീരിനെ കൈത്തണ്ട കൊണ്ട് തുടച്ച് തന്റെ തോളറ്റം മാത്ര ചുരുണ്ട് കിടക്കുന്ന എണ്ണയൊഴുകുന്ന മുടിയെ തല വെട്ടിച്ച് പുറകിലോട്ട് തട്ടി കൊണ്ട് പതം പറഞ്ഞു.കയ്യാലയുടെ കോലായില്‍ കാലു രണ്ടുമാട്ടി കൊണ്ട് നീരജ അവളുടെ സംശയമാവര്‍ത്തിച്ചു

."അപ്പൊ ലീലക്ക് നിന്റെ അച്ച്വേട്ടനോട് ഒരിഷ്ടോം ഉണ്ടായിരുന്നില്ലെ"...?..
തേച്ചിരുന്ന ഓട്ടുരുളി പൈപ്പിന്റെ കടയില്‍ വെച്ച് കഴുകുകയായിരുന്ന ലീല പൊടുന്നനെ നിവര്‍ന്ന് നീരജയെ പരിതാപത്തോടെ നോക്കി കൊണ്ട് പറയാന്‍ തുടങ്ങി..
"നിയ്ക്ക് അച്വേട്ടനോടിരിഷ്ടൊം ഇല്ലേര്‍ന്ന്..അയാക്കേര്‍ന്നു ഇന്നെ തന്നെ വേണം ന്ന ഒറ്റ വാശി.ന്റെ ഉണ്ണ്യെ ഇയ്യ് കാണണില്ലെ ഇന്നെ. ഞാന്‍ വെളുത്തിട്ടല്ലെ അയാളാണെങ്കി ഒരു കരിമല്ലന്‍ .ഞങ്ങ രണ്ടാളും ഒരു ചേര്‍ച്ചേം ഇല്ലാന്നു ഈ കൂട്ടുങ്ങ എല്ലാര്‍ക്കും അറിയാം .ന്നാലും അയാളെന്നെന്നെ കെട്ടൊള്ളോന്നും പറഞ്ഞ് സത്യാഗ്രം നടത്തി .മ്മടെ പൊന്നേരന്‍ ഹമ്സക്കാടടുത്ത് പോയിട്ട്.ഒടുവിലെല്ലാരും കൂടി അയാളിന്റെ തലേലാ വെച്ചെട്ടി.അതന്നെ ഒക്കെ ഈ ലീലേടെ ഒരു യോഗാ.."
ലീല ആരോടൊക്കെയോ തീര്‍ക്കുന്ന വാശി പോലെ ഓട്ടുരുളിയെ അമര്‍ത്തിയമര്‍ത്തി കഴുകിക്കൊണ്ടിരുന്നു..വരിക്കപ്ലാവിന്റെ കൊമ്പിലിരുന്ന കാക്കകള്‍ തെങ്ങിന്റെ തടത്തിലിട്ട എച്ചിലിലകളിലേക്ക് പറന്നു വന്നു എന്തോ കൊത്തിയെടുത്ത് വീണ്ടും ആ കൊമ്പിലേക്ക് തന്നെ മടങ്ങി.ആ തറവാട്ടിലന്നു നടന്ന സദ്യയുടെ ബാക്കിയാണു നീരജക്ക് ലീല...അമ്മത്തറവാടായ ഇവിടെ കഴിച്ച് കൂട്ടിയ ബാല്യകൌമാര കാലത്തെ ഓര്‍മ്മകളില്‍ ലീലയെന്ന വേട്ടുവത്തിക്ക് വെളുത്ത് സുന്ദരിയായ ഒരു യുവതിയുടെ രൂപമാണ്.തറവാട്ടിലെ തൊടിക്ക് പിന്നിലെ പാടവരമ്പത്ത് കൂടെ കനോലിപ്പുഴയില്‍ നിന്നും വാരിയ കക്കകള്‍ നിറച്ച കുട്ടയും തലയിലേന്തി പോക്കുവെയിലിന്റെ ശോഭയില്‍ അയല്ക്കാരി വള്ളിയമ്മുവുമായി കൂട്ടുങ്ങല്‍ ചന്തയില്‍ കക്ക വില്ക്കാന്‍ പോയിരുന്ന ലീലക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കാണുമ്പോഴും പഴയ സൌന്ദര്യത്തിന് കാര്യമായ മങ്ങലേറ്റിട്ടൊന്നുമില്ല .ലീലക്കുള്ള ചായയുമായി ചെറിയമ്മ അടുക്കള കോലായിലേക്ക് വരുമ്പോള്‍ ലീല കയ്യും മുഖവും കഴുകി വന്നു കോലായിലിരുന്നു തന്റെ മുറുക്കാന്‍ പൊതി തുറക്കുകയായിരുന്നു.





"മുറുക്കണെയിനു മുന്‍പ് ഈ ചായ കുടിച്ചോളു ലീലേ"
ഒരു ചിരിയോടെ ചെറിയമ്മയുടെ കയ്യില്‍ നിന്നും ചായ വാങ്ങുന്ന ലീലയെ സാകൂതം വീക്ഷിക്കുന്ന നീരജയെ നോക്കി ചെറിയമ്മ പറയാന്‍ തുടങ്ങി..
"നീരു നിനക്കിവളെ ഓര്‍മ്മയില്ലെ ..നമ്മുടെ കോടഞ്ചേരി തങ്കൂന്റെ മോളാ ..പണ്ടിവിടുത്തെ അടിച്ച് തളിക്കാരിയായിര്‍ന്നില്ലെ.തങ്കു."
ആഹ് ചെറ്യമ്മെ എനിക്കൊര്‍മ്മയുണ്ട് "നീരജ തലയാട്ടി കൊണ്ട് പറഞ്ഞു
"ലീലെ നിനക്ക് നീരജയെ മനസ്സിലായില്ലെ..ഡല്‍ഹീലുള്ള വല്യേട്ടത്തീടെ മോളാ .. നീരു ഭര്‍ത്താവുമായി ലണ്ടനിലാ സ്ഥിരതാമസം ..കുറച്ചൂസം ഇവിടെ നിക്കാന്‍ വന്നതാ"
"അദേ..ഞാനീ ഉണ്ണ്യെ ചെര്‍പ്പത്തീ കണ്ടട്ടള്ളതാ..ഇദിവിടുര്‍ന്ന് ഇന്നോടു ഓരോന്നും ചോയ്ക്കാണേ.."ചെറിയമ്മയുടെ പരിചയപ്പെടുത്തലിനോട് ലീല തെല്ലാഹ്ലാദത്തോടെ പ്രതികരിച്ചു
"നീരു ലീലേടെ കാര്യം കഷ്ടാ ...ഇവള്‍ക്കിപ്പോ ആരുല്യാന്നേ..പാവം "ചെറിയമ്മ ദയയോടെ ലീലയെ നോക്കി പറഞ്ഞു.
"ലീലെടെ കത ഒരു വല്ലാത്ത കതയാ.ഉണ്ണ്യേ...അതൊന്നും ഒരാള്‍ക്കും അറീല്ല"..ലീല ചായ കുടിച്ച ഗ്ലാസ്‌ കഴുകി ഉമ്മറത്തിണ്ണയില്‍ കമഴ്ത്തികൊണ്ട് പറഞ്ഞു ..
"അതെയോ എന്നാ എനിക്ക് ലീലേടെ ആ കഥ കേള്‍ക്കണം "നീരജ ആകാംക്ഷയോടെ കെഞ്ചി..
"അയ്യോ ഈ കുട്ട്യെന്താ പറയണേ."ലീലയുടെ മുഖം നാണം കൊണ്ടിത്തിരി ചുവന്നു.അത് കേട്ടപ്പോള്‍ ചെറിയമ്മ പറയാന്‍ തുടങ്ങി.."
ലീലേ നീരജ എഴുത്തുകാരിയാ..അവള് നിന്റെ കഥ എഴുതും നാലാളത് വായിക്കും .."
നീരജ വീണ്ടും ലീലയെ നിര്‍ബന്ധിക്കാന്‍ തുടങ്ങി..
"ലീല ഇപ്പൊ ആരുല്ല്യാണ്ട് ഒറ്റക്കാന്നല്ലെ പറേണത്..അപ്പൊ നിനക്ക് മക്കളുമുണ്ടായില്ലെ.."
കുപ്പായത്തിന്റെ താഴത്തെ വരിയിലെ കുടുക്ക് മുറുക്കിയ ശേഷം മുഖത്ത് വന്ന സങ്കടഭാവത്തോടെ ലീല പറഞ്ഞു"ഇണ്ടുണ്ണ്യേ..മൂന്നു പെങ്കുട്ട്യോളുണ്ട്..".
ലീല നീരജയ്ക്കഭിമുഖമിരുന്നു."ഉണ്ണിക്കിന്റെ കത കേള്‍ക്കണാ..അതെ ...ട്ടിവിലൊന്നും ഇന്റെ മൊഖം വരരുത്ട്ടാ..ലീലക്കതിഷ്ടല്ല.ലീല ആരുല്ലായ്ണ്ടെ ഒറ്റക്കാ താമസിക്കണേന്നു എല്ലാരും പിന്നെ അറീല്ലെ..അതോണ്ട് മോളെന്റെ കത കേട്ടാ മതി.ആരോടൂം പറയണ്ട"..
നീരജ കൌതുകത്തോടെ ലീലയുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് അവളുടെ വായില്‍ നിന്നെന്താണു വീഴുന്നതെന്ന് ശ്രദ്ധിച്ചു.തിമിരത്തിന്റെ ലക്ഷണമൊന്നും തെളിയാത്ത നല്ല തിളക്കമുള്ള കണ്ണൂകളുടെ ആഴത്തില്‍ നിന്നും ഏതൊക്കെയോ വികാരങ്ങള്‍ പൊങ്ങിവന്നു.
"ഇന്നെ കണ്ടശ്ശാംകടവില്ക്ക് ഇന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിച്ചയച്ചു..അയാളൊരു സുന്ദരനായിരുന്നു.ദിവാകരന്‍ന്നയിര്‍ന്നു പേര്. കുന്നത്ത് വെച്ച വെളക്ക് പോലെ..തെളങ്ങണ മൊഖം .ഒറ്റ കൊഴപ്പേള്ളൂ..മഹാ കുടിയനാ..കെട്ടൊക്കെ കയിഞ്ഞ് അവടെ പൊറുതി തൊടങ്ങി.അവരടെ വീട്ടില് ഞാനയാള്‍ടെ പെങ്ങമാരടെ അടുത്ത് തന്നെ കെടക്കല്.കാരണം ഇയ്ക്കയാളെ പേട്യേര്‍ന്നു ..അയാള് പാതിരാക്ക് കള്ളും കുടിച്ച് വരുമ്പൊഴക്കും ഞാനീ പെങ്ങമ്മാരടെ നടുവില്‍ കെടന്നു ഒറക്കായീട്ടുണ്ടാവും ..അങ്ങനെ കൊറച്ചൂസം കയിഞ്ഞ് ഒരു രാത്രി അയാളെന്റടുത്ത് വന്നിട്ട്..അ ആ ഇയ്യിബടെ വന്നു ഒറങ്ങേണല്ലേന്നും പറഞ്ഞു എന്നെ കോരി എടുത്തിട്ടങ്ങട് പൊറത്തെ കോലായിലയാള്‍ടെ മുറീല്‍ക്ക കൊണ്ടോയി..പിന്നെ നടന്നതൊന്നും ഇക്കൊര്‍മ്മല്യ ഉണ്യേ.."
ലീലയുടെ ചുണ്ട്കള്‍ വിറക്കുന്നുണ്ട്.കണ്ണുകളില്‍ അന്നത്തെയനുഭവത്തിന്റെ തീക്ഷണത കൂരമ്പ് പോലെ . ആ മുഖത്ത് രൌദ്രഭാവം ഒരു നിമിഷത്തേക്ക് ഉറഞ്ഞാടുന്ന പോലെ നീരജക്ക് തോന്നി..
."അങ്ങനെ ഓളേ ആ ദിവാകരന്‍ വലാല്‍സങ്കം ചെയ്തുന്നാ ഇപ്പറേണേ.".. ഒരു പരുപരുത്ത ശബ്ദം കേട്ടിടത്തേക്ക് നീരജ തലയുയര്‍ത്തി നോക്കി.തൊഴുത്തിനടുത്തുള്ള വൈക്കോല്‍ കൂനക്ക് പിന്നില്‍ നിന്നു പശുവിനെ കറക്കാനെത്തിയ കറവക്കാരന്‍ കുഞ്ഞേനി വലിച്ചിരുന്ന ബീഡീ തറയിലിട്ട് കാലുകൊണ്ട് ഞെരിച്ച് ചുണ്ട് കോട്ടി പറയുകയാണ്.
ലീല കുഞ്ഞേനിയെ നോക്കി ക്ഷുഭിതയായി.."അശ്രീകരം.. പെണ്ണുങ്ങള്‍ മിണ്ടേം പറേണോടത്തും ഒളിഞ്ഞിന്നു കേക്കണതത്ര നല്ല സുബാവല്ലട്ടാ..ആണുങ്ങക്ക് ചേര്‍ന്നതല്ല.."പിന്നെ നീരജയുടെ നേര്‍ക്ക് തലയാട്ടി അങ്ങനെയല്ലെ എന്നാര്‍ത്ഥത്തില്‍ നോക്കി..ചുണ്ടില്‍ ഊറി വന്ന ചിരിയമര്‍ത്തി അവളും അതിനെ ശരിയാണെന്ന മട്ടില്‍ അംഗീകരിച്ചു..തോളില്‍ കിടന്നിരുന്ന തോര്‍ത്ത് മുണ്ടെടുത്ത് തലയില്‍ കെട്ടി അമ്പത്തെ പാടത്ത് മേയുന്ന പൈക്കിടാങ്ങളെ കൊണ്ടുവരാന്‍ കുഞ്ഞേനി പോയപ്പോള്‍ ലീല അടച്ച് വെച്ച അവളുടെ കഥയുടെ ഭാണ്ഡത്തെ വീണ്ടൂം അഴിച്ചു,"ഒമ്പതാളുള്ള വീട്ടില്. എടങ്ങഴി അരിയാണ്.ചോറ് വെക്കാന്‍ അയാടമ്മ തരാറ്..ഉണ്ണ്യേ ..എത്രാള്‍ക്കിതോണ്ട് വയറ് നെറയും ..എത്രൂസം ഞാന്‍ പട്ടിണി കെടന്നണ്ടന്ന് അറ്യോ.അന്നു മുതലെന്റെ കൊരല് മുട്ടീന്ന് പറഞ്ഞ മതീല്ലോ..ദെ ഇന്നും ഈ ലീലക്ക് കട്ടന്‍ ചായേം ഇച്ചിരി മുറുക്കാനും ഇണ്ടായാല്‍ സദ്യ പോലന്ന്യാ"...ഇതു കേട്ട് ലീലക്ക് കൊണ്ടു പോവാനുളള പകര്‍ച്ചയുമായെത്തിയ ചെറിയമ്മ നീരജയോട് പറയാന്‍ തുടങ്ങി.."
"ശര്യാ നീരു ഇവള്‍ക്ക് ഭക്ഷണൊന്നും വേണ്ട ..ദാ ഈ മുറുക്കാനും ഇടക്കിടക്ക് കട്ടന്‍ ചായേം ..അവള്‍ടെ കാര്യം കുശാലാ..ഇപ്പൊ ഈ കൊണ്ടോണ പകര്‍ച്ചന്നെ അവളവള്‍ടെ കോഴ്യോള്‍ക്കാവും തീറ്റിക്ക്യാ ല്ലെ ലീലെ" തല ചൊറിഞ്ഞു കൊണ്ട് ലീല നീരജയെ കുറ്റബോധത്തോടെ നോക്കി..പിന്നെ വീണ്ടും അവളുടെ അവസ്ഥയിലെ ഹ്രസ്വദീര്‍ഘ തരംഗങ്ങളില്‍ പരിതപിച്ചു കൊണ്ടിരുന്നു.."ഉണ്ണിക്കറിയോ ഒറ്റക്കിന്റെ കടിഞ്ഞൂല്‍ പേറെടുത്ത ആളാ ഈ ഞാന്‍ ".ഇതു പറയുമ്പോള്‍ ലീലയുടെ ഒട്ടിക്കിടക്കുന്ന വയര്‍ വീണ്ടും ഉള്ളിലേക്ക് വലിഞ്ഞ പോലെ..അപ്പോഴാണു നീരജയും അതു ശ്രദ്ധിക്കുന്നത്.മക്കളെ പേറിയതിന്റെ ഉലച്ചിലൊന്നുമില്ലാതെ ഒട്ടിക്കിടക്കുന്ന വയറ്..ലീലയുടെ മിഴികളില്‍ ഒരു വിഷാദഛവി പടരുന്നുണ്ടായിരുന്നു.
"അദെ ഇയ്ക്ക് ഗര്‍ബായി.ആ പഹയന്‍ നിയ്ക്കൊരു തൊയിരം തരില്ലായിരുന്നുട്ടാ ..അങ്ങനെ എട്ടാം മാസത്തില്‍ പാതിരാക്ക് നിക്ക് വല്ലണ്ടെ വയറു വേദനിച്ച് പൊറത്തിരിക്കാന്‍ മുട്ടണ പോലെ ഒരു തോന്നല്.എല്ലാരും നല്ല ഒറക്കം ..പതിമൂന്നു വയസ്സല്ലെ ഇയ്ക്കൊള്ളൂ..ഒരന്തോ കുന്തോ ഇല്ലെ താനും ..എന്റെ വേട്ടോനാണെങ്കി കള്ളും കുടിച്ച് വന്നു മലര്‍ന്നടിച്ച് ഉമ്മറക്കോലായീല് ഒരു ബോദോല്ലണ്ടെ ഒറങ്ങേണ്.ഒരു വിദത്തീ ഞാ മുറ്റത്തീക്കെറങ്ങി..തൂറാന്‍ തോന്നണൂണ്ട്..ഇന്നാലൊട്ട് പോണൂല്ല..ന്റെ ദൈവെ .ഞാനെന്റെ കൊടുങ്ങല്ലൂര് ബഗോതിയെ അങ്ങട് വിളിച്ച് കരയന്നെ..അവസാനം അവടെ കെടന്ന്.കയ്യില്‍ തടഞ്ഞത് പൂവാങ്കുറുന്തലേടേ കട.അതിലു പിടിച്ച് വലിച്ച് ഞാന്‍ മുക്കി ..ഒരു പൊതി പോലത്തെ ഒരു സാധനം പൊറത്ത് വന്നു..ന്നിട്ടോ ഞാനെണീട്ടിരുന്നു ഓളിയിട്ട് കരയന്നെ..തെക്കഞ്ചേരി കെടക്കണ എന്റമ്മ അപ്പത് കേട്ടട്ട് വന്നുന്ന് പറഞ്ഞാതിശയല്ലെ..ന്റെ ബഗോതിയാ അമ്മയെ ആ നേരത്ത് ഒണര്‍ത്തി ഇന്റടുത്തുക്ക് പറഞ്ഞയച്ചത്..അങ്ങനെ അമ്മ വന്നു നോക്കുമ്പേക്കും ആ കുട്ടി മരിച്ച് പോയിര്ന്നു"..
ലീല തന്റെ മുറുക്കാന്‍ പൊതിയഴിച്ച് ഒരു കഷ്ണം പുകയില എടുത്ത് അണപ്പല്ലിനിടയിലേക്ക് തിരുകി..സത്യമോ മിഥ്യയോ ഈ കേള്‍ക്കുന്നതെന്നു വേര്‍തിരിക്കാനാവാതെ നീരജ മൌനം ഭജിച്ചു..സത്യമാണ് ഇവര്‍ പറയുന്നതെങ്കില്‍ പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള നിരാലംബയായ ഒരു പെണ്‍കുട്ടിയെ പീഢനത്തിന്റെ വറച്ചട്ടിയിലിട്ട് അമ്മാനമാടിയ ദുഷ്ടരോട് കാലം കണക്ക് ചോദിച്ചിട്ടുണ്ടാവും..നീരജയുടെ ഉള്ളിലെവിടേയോ ഇളം മുള കീറുന്ന ശബ്ദം.
പടിഞ്ഞാട്ട് ചായുന്ന സൂര്യന്റെ കിരണങ്ങള്‍ മുറ്റത്തെ ആഞ്ഞിലിയുടെ ശിഖരങ്ങളില്‍ ഊഞ്ഞാലാടുന്ന കാറ്റുമായ് ഒളിച്ച് കളിക്കുന്നു.അമ്പത്തെ പാടത്ത് കൊറ്റികള്‍ ദൂരെയെവിടെയോ ദൃഷ്ടി പായിച്ച് നില്ക്കുന്നതും നോക്കി നീരജ എന്തൊക്കെയോ ചിന്തയില്‍ മുഴുകുമ്പോള്‍ മുറുക്കാന്‍ പൊതിയെടുത്ത് അടുത്ത മുറുക്കിനുള്ള വട്ടത്തിലായിരുന്നു ലീല..വെറ്റിലയില്‍ കുഞ്ഞ് ഡപ്പിയില്‍ നിന്നും തോണ്ടിയെടുത്ത ചുണ്ണാമ്പെടുത്ത് നടുവിരലു കൊണ്ട് തേക്കുമ്പോള്‍ ലീല അവളുടെ കഥയിലെ അടുത്ത അദ്ധ്യായത്തെ മറിക്കുകയായിരുന്നു.
"അന്നാ ദിവസങ്ങളൊക്കെ എങ്ങനെ കയ്ചൂട്ടിന്നിയ്ക്ക് നിശ്ശ്യല്ല ന്റെ ഉണ്ണ്യെ..പിന്നെ ഞാനയാള്ടെ ഒരു മോളെ കൂടി പെറ്റു..ഇന്നിട്ടെന്താ..അയാക്കിന്നെ നോക്കണന്നില്ല.ഞാന്‍ പൊഴേ പോയി കക്ക വാരി കൂട്ടുങ്ങ ചന്തേ കൊണ്ടോയി വിറ്റ് കിട്ടണതും വല്ലോന്റോടേം പോയി മിറ്റടിച്ചും പാത്രം മോറീം ഇണ്ടാക്കണ കാശോണ്ട് അയാക് കള്ളു കുടിക്കണം ..ഇയ്ക്ക് വല്ലാണ്ടെ ഈറ വന്നൊരീസം ഞാന്റെ കുട്ട്യേം എടുത്തോണ്ട് ഇന്റെ കുടീല്‍ക്ക് പോന്നുന്ന് പറഞ്ഞ മതീല്ലോ"..പിന്നെ ഇയ്ക്ക് ആരും വേണ്ടാന്നൊരു തോന്നലേര്ന്നു.ഈ ആണ്‍വര്‍ഗത്തിനേ കണ്ടൂടാണ്ടായി..ഞാ നയിച്ച് ഇന്റെ കുട്ട്യെ നോക്ക്യോണ്ട്..ഇയ്ക്ക് ഇന്റെ കൊടുങ്ങല്ലൂര്.ബഗോതിണ്ട്..ബഗോതി വെതയ്ക്കാന്‍ വെച്ച വിത്ത് പൊഴേലെറിഞ്ഞാ ഇണ്ടാവണ കക്കണ്ട്.. ഇനിക്കും ഇന്റെ കുഞ്ഞിക്കും രണ്ട് വറ്റ് തിന്നാന് അതീന്നു കിട്ടണത് മതി..കക്ക വാരാന്‍ പൂവാത്തപ്പൊ പൊന്നേരന്‍ ഹംസക്കാടവടെ വെള്ള കോരാനും പാത്രം മോറാനുമൊക്കെ പൂവേര്‍ന്നു..അങ്ങനെ പൂവുമ്പൊ ഇന്നെ കണ്ട ട്ടാ അച്ച്വേട്ടന്‍ മോഹിച്ചത്.നിയ്ക്കാണെങ്കി അയാളെ തീരെ ഇഷ്ടോല്ലായിര്‍ന്നു.."ഇതും പറഞ്ഞ് ലീല കാലു രണ്ടും നീട്ടി ഇരുന്നു.തുട മുതല്‍ കാല്പാദം വരെ തിണിര്‍ത്തും പെടഞ്ഞും കിടക്കുന്ന നീല ഞരമ്പില്‍ അമര്‍ത്തി തടവാന്‍ തുടങ്ങി..വേദനയുടെ പ്രതിഫലനം മുഖത്തെ പേശികളില്‍ മിന്നി മറയുന്നുണ്ട്.
"എന്നിട്ടെങ്ങനെയാ അച്ച്വേട്ടനെ നീ കെട്ടിയത്"
കണ്ണുകളില്‍ ചെറിയൊരു പരിഭ്രാന്തി വിരിയിച്ച് ലീല പറയാന്‍ തുടങ്ങി.."അതു പിന്നെ ഉണ്ണ്യേ ..ഹംസക്കാടെ വീടരും ഹംസക്കേം .ഇന്നോട് അയള്‍ടെ നന്മേള്. പറയന്നെ..പറയന്നെ..ലീലെ ഇയ്യാരുല്ലാണ്ട് ഒരു പെങ്കുട്ട്യേം ഒറ്റക്ക് പോറ്റണ്ടെ.ഇയ്യാണെങ്കി വൌസും മൊഞ്ചും ഒക്കെ ഉള്ള ഒരു വാല്യേക്കാരത്തിയാന്നു മറക്കണ്ട ..ഇയ്ക്കന്നു പത്തൊമ്പത് വയസ്സാണ്.ഇന്റുണ്ണ്യേ ചുരുക്കി പറഞ്ഞാല്.. ഇവരൊക്കേം പിന്നെ കൂട്ടുങ്ങള്ള ചെല പ്രമാണീളോടും അയാളു ചെന്നു ഇന്റെ മനസ്സു മാറ്റാന്‍ കൊറെ നോക്കീട്ടെണ്ട്.അപ്പൊ അവരും ഒക്കെ കൂടി അയാളെ ഇന്റെ തലേല്‍ക്ക് ഇട്ടൂന്നു പറഞ്ഞാ മതീല്ലൊ.അങ്ങനെ ഞങ്ങ രണ്ടാളും തെക്കഞ്ചേരീ തന്നെ താമയിക്കലും തൊടങ്ങി.അതിലും ഇയ്ക്ക് രണ്ട് പെങ്കുട്ട്യോളന്നെ ഇണ്ടായെ.."ലീല നെടുവീര്‍പ്പിട്ട് കൊണ്ട് താടിയില്‍ കയ്യും കൊടുത്ത് നീരജയെ നോക്കി..
അസ്തമയ സൂര്യന്‍ കനോലി പുഴക്കപ്പുറത്തേക്ക് താഴാന്‍ തുടങ്ങിയിരിക്കുന്നു..തെക്കെ മുറ്റത്തെ പുളിമരത്തിലേക്ക് കൂട്ടത്തോടെ കാക്കകള്‍ ചേക്കേറാനെത്തുന്നുണ്ട്.പാടത്തിനപ്പുറത്തേക്ക് മേല്ലെ നീങ്ങുന്ന സന്ധ്യാമേഘങ്ങള്‍ക്കിപ്പോള്‍ ചുവപ്പ് കലര്‍ന്ന ചാരനിറം..പണ്ടും നീരജക്കിഷ്ടമുള്ള ഒരു കാര്യമാണു മൂവന്തിക്ക് ആകാശത്ത് കൂടെ അലയുന്ന മേഘങ്ങളേയും പറവകളേയും കണ്ണിമ വെട്ടാതെ ഇരുളും വരെ നോക്കിയിരിക്കുന്നത്..അമ്മമ്മ വഴക്കു പറയും "കുട്ടീ വെളക്ക് വെച്ചത് കണ്ടില്ലെ നാമം ജപിക്കണില്ലെ.".അകത്തളത്തിലെവിടെ നിന്നോ അമ്മമ്മയുടെ വാല്സല്യം നിറഞ്ഞ ശാസന കേള്‍ക്കുന്നുണ്ടോ...
മനസ്സിനുള്ളിലെന്തൊക്കെയോ കൂട്ടിമുട്ടി വക്കുടയുന്ന ശബ്ദം അവളുടെ മൌനം ഭേദിച്ച നേരത്ത് നീരജ പതുക്കെ ലീലയോട് ചോദിച്ചു ."ലീലെ അച്ച്വേട്ടന്‍ നിന്നെ നോക്കാറില്ലായിരുന്നോ."...?
ലീല അവളുടെ ശബ്ദത്തില്‍ അല്പ്പം പ്രണയം പുരട്ടി പറയാന്‍ തുടങ്ങി.."അയ്യോ ഉണ്ണ്യെ ആ കള്ളുട്യേനെ പോലല്ല ഇയാള്.ഇന്നെ നോക്ക്യേര്‍ന്നു.ഇന്നോട് സ്നേഹോണ്ട്.പൊട്ട സുബാവൊന്നും ഇല്ലേര്ന്നു..പക്ഷെ ഇക്കൊരിക്കലും ചേര്‍ച്ചയില്ലാത്ത ആളേര്‍ന്നു"..അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കാലുകള്‍ കോലായില്‍ നിന്നും മുറ്റത്തേക്കിട്ടു കോണ്ട് എഴുന്നേറ്റു..
"നോക്കു ലീലെ ചേര്‍ച്ച വേണ്ടത് മനസ്സിനാണു..ശരീരങ്ങള്‍ തമ്മിലല്ല.നിന്നെ ഇത്രയും ആഗ്രഹിച്ച സ്നേഹിച്ച ഒരാളെ നിനക്ക് ഇഷ്ടല്ല എന്നു പറയരുത്.."ഒന്നും മിണ്ടാതെ നീരജയെ തന്നെ നോക്കികൊണ്ട് ലീല നിന്നു.."ഇപ്പൊ ലീലയെ ആരാ നോക്കുന്നത്.".അവളെ സങ്കടപ്പെടുത്തണ്ട എന്നു കരുതി.
"ആരുല്യ..മക്കളിണ്ടന്ന് പറഞ്ഞിട്ടെന്താ..ഒക്കേറ്റിനേം കെട്ടിച്ച് വിട്ടപ്പൊ തള്ളേ നോക്കണന്നില്ലാണ്ടായവര്‍ക്ക്..ഇന്നാളു ഇന്റെ മേല്.ഒരു ബൈക്ക് വന്നിടിച്ചിട്ട് ഞാന്‍ രണ്ട് മാസം ആശൊത്രീ കെടന്നു..ഇന്റെ മക്കളന്ന്യാ ആശൊത്രീടെ ബില്ലടച്ചത്.പക്ഷെ അവര്ക്കാ പൈസ മടക്കിവേണന്നു പറഞ്ഞപ്പൊ ഞാമ്പറഞ്ഞു ഞാനമ്മല്ലേ ഇങ്ങള്‍ടെ കടമേല്ലെ ഇന്നെ നോക്കലുന്ന് ..അയിനു ഇന്നോട് പെണങ്ങി നിക്കേണ്.പെണ്‍മക്കളൊക്കെ.ഇപ്പൊ ആ പൈസക്കെ ഞാനവര്‍ക്ക് കടക്കാരിയായി ..പണി ഇടുത്ത് കടം വീട്ടേണ്.ഇപ്പൊ."ഇതു പറഞ്ഞ ലീലയുടെ കണ്ണില്‍ നിന്നും അതുവരെ കാണാതിരുന്ന കണ്ണുനീര്‍ ധാരയായൊഴുകാന്‍ തുടങ്ങി..തേങ്ങലുകള്‍ക്കിടയില്‍ പറയുന്നുണ്ട്.."ഉണ്ണ്യേ ഇക്കാരൂല്ല..ഇഞെത്ര കാലന്നറീല്ല..അതു വരെ പണി ഇടുത്തന്നെ ലീല ജീവിക്കും .അവളൊമാരുടടുത്ത് നയാ പൈസക്ക് ചെല്ലില്ല.."അന്നേരം ലീലയുടെ കണ്ണില്‍ സഹനത്തിന്റെ ജ്വാല ഉയരുന്നതും അണയുന്നതും കണ്ടു കൊണ്ട് നീരജ സമാധാന വാക്കുകളെ പരതി.അകത്ത് പോയി കുറച്ച് കാശുമായ് വന്നു ലീലയുടെ കൈവള്ളയില്‍ വെച്ചു കൊടുത്തു..നീരജയെ നോക്കി ഉണ്ണിക്ക് നല്ലതു വരട്ടെ എന്നും പറഞ്ഞ് ലീല ഇടവഴിയിലേക്കുള്ള പടിപ്പുര ലക്ഷ്യമാക്കി നടന്നു.
ഇരുള്‍ പരക്കുന്ന പാടത്ത് നിന്നും പൈക്കളുമായി എത്തിയ കുഞ്ഞേനി പടികടന്നു പോകുന്ന ലീലയെ നോക്കി നീരജയോട് പറഞ്ഞു ."പാവം ഇത്തിരി നൊസ്സുണ്ടെന്നയുള്ളൂ..മക്കളൊന്നും തിരിഞ്ഞ് നോക്കണില്ലാന്നുള്ളത് ശര്യന്നാ."..എന്നിട്ട് ലീല കേള്‍ക്കാനായ് ഇത്തിരി ശബ്ദം ഉയര്‍ത്തി "പിന്നെ ഇവള് കൊറെ വെര്‍തെം ഓരോന്നു പറയുട്ടാ..ആണുങ്ങളെ പറ്റീട്ട്.അത് വിശ്വസിക്കണ്ട ഉണ്ണ്യേ.". .പടിപ്പുരയ്ക്കപ്പുറം എത്തിയ ലീല തിരിഞ്ഞ് നിന്നു കുഞ്ഞേനിയെ തറപ്പിച്ചു നോക്കി കൊണ്ട് ഇടവഴിയിലെ ഇരുട്ടിലേക്ക് പകര്‍ച്ച അടങ്ങിയ തൂക്കു പാത്രവുമായി മറഞ്ഞു..
തൊടിയിലെ അത്തിമരത്തിലേക്ക് വവ്വാലുകള്‍ പറന്നു വന്നു തൂങ്ങിക്കിടന്ന് അത്തിപ്പഴത്തെ ചവച്ച് തുപ്പുന്നുണ്ട്. വര്‍ഷങ്ങക്ക് ശേഷം കുറച്ച് ദിവസത്തെ അവധിക്ക് വന്നതാണെങ്കിലും നീരജ ഒരു പാട് ആശയക്കുഴപ്പങ്ങള്‍ക്ക് നടുവിലാണെന്നുള്ളത് തറവാട്ടിലാര്‍ക്കുമറിയാത്ത രഹസ്യം .ശൈശവവും ബാല്യവും കഴിച്ച് കൂട്ടിയ അമ്മത്തറവാട്ടില്‍ കുറച്ച് ദിവസം താമസിക്കണമെന്നത് മുന്‍കൂട്ടി തീരുമാനിച്ചത് തന്നെ അത്രയെങ്കിലും തനിക്കൊരു ആശ്വാസം കിട്ടിയെങ്കില്‍ എന്ന് കരുതിയല്ലേ .നീരജ രഹസ്യങ്ങളെ അടക്കം ചെയ്ത അവളുടെ നെഞ്ചിന്‍ കൂടിനുള്ളിലെ വേദനക്ക് മേല്‍ കൈവെച്ചു.അതിജീവനത്തിന്റെ പരക്കം പാച്ചിലില്‍ നഷ്ടപ്പെടുന്നത് ആത്മസത്തയാണെന്ന തിരിച്ചറിവു ഏറെ വൈകിയാണല്ലൊ മുഖം കാണിച്ചത്.ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നേട്ടങ്ങളാകുമ്പോള്‍ തനിക്കൊപ്പമുണ്ടെന്ന് കരുതിയതൊക്കേയും എത്രയോ കാതങ്ങള്‍ക്കപ്പുറത്തേക്ക് മറഞ്ഞിരുന്നുവെന്ന് എങ്ങനെയാണ് താനുള്‍ക്കൊണ്ടത്...ചങ്കൂറ്റമില്ലാതെ പോയതാണോ തനിക്ക് പറ്റിയ തെറ്റ്..ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ലീലയുടെ ആത്മധൈര്യം പോലും അറിവിന്റെ ഉത്തുംഗത കീഴടക്കിയ തനിക്കില്ലാതെ പോയത് എന്തു കൊണ്ടായിരുന്നു..
"കുട്ടീ ഈ ഇരുട്ടത്ത് ഒറ്റക്ക് നിക്കണ്ട അകത്തേക്ക് കയറിക്കോളു..മേല്കഴുകണെങ്കി ജാനൂനോട് വെള്ളം ചൂടാക്കാന്‍ പറയാം ..ആകെയുള്ള അവധിക്ക് വന്നു തിരിച്ച് പോകുമ്പൊ അസുഖം വരാണ്ടെ നോക്കിക്കൊളൂ.."ചെറിയമ്മ ആകുലതയോടെ പറയുന്നുണ്ട്..
"വേണ്ട ചെറിയമ്മെ..ഞാനിന്നു കുളത്തിലൊന്നു മുങ്ങിക്കുളിക്കട്ടെ..എനിക്കിത്തിരി എണ്ണ തരു.." നീരജ എഴുന്നേറ്റ് വടക്കിനിയിലെ ഇറയത്ത് നിന്നു റാന്തലെടുത്ത് കത്തിച്ചു."
കുട്ടി എന്തു ഭ്രാന്താ ഈ പറയണേ..ഈ തൃസ്സന്ധ്യക്ക് കുളത്തില്‍ക്കൊന്നും പൂവണ്ട.വല്ല എഴജന്തുക്കളും കാണും .തന്നെയുമല്ല കുറേക്കാലായിട്ടില്ലാത്ത ശീലല്ലെ..നീരെളക്കണ്ടാവാന്‍ വേറെങ്ങടും പോവണ്ട.."
ചെറിയമ്മ താക്കീതിന്റെ സ്വരത്തില്‍ വിലക്കുമ്പോള്‍ നീരജ സോപ്പും തോര്‍ത്തുമെടുത്ത് തൊടിയുടെ പടിഞ്ഞാറു മൂലയിലുള്ള കുളത്തിന്റെ കല്പ്പടവിലെത്തിയിരുന്നു..
"കുട്ടീ ഞാന്‍ ജാനൂനെ ഒപ്പം വിടാട്ടോ..കുളത്തിലെറങ്ങാന്‍ വരട്ടെ .."
വടക്കിനിയില്‍ നിന്നും ചെറിയമ്മയുടെ ശബ്ദം നേര്‍ത്ത് വരുന്നുണ്ടായിരുന്നു..നീരജ കുളത്തിലേക്കിറങ്ങി ..ഓളങ്ങള്‍ക്ക് മേലെ ഇളകിക്കൊണ്ട് അവളെ നോക്കി ചിരിക്കുന്ന ചന്ദ്രത്തുണ്ട്.നീരജ പതുക്കെ വെള്ളത്തെ ഇളക്കാതെ അവളതിനെ കൈക്കുടന്നയില്‍ കോരി മാറോടമര്‍ത്തി കണ്ണടച്ചു നിന്നു..കണ്ണു തുറന്നപ്പോള്‍ അവളെ പറ്റിച്ചെന്ന ചിരിയോടെ വീണ്ടും അലകള്‍ക്ക് മേലേ ഇളകുന്നുണ്ട് ആ നിലാത്തുണ്ട്.ശബ്ദമുണ്ടാക്കാതെ ചന്ദ്രബിംബത്തിനു മേലെ നീരജ പതിയെ അമര്‍ന്നു . പണ്ട് ഈ കല്പ്പടവിലിരുന്നു നിലാവിനോട് കിന്നരിക്കുമ്പോള്‍ അവളെപ്പോഴും പറയുന്നതായിരുന്നു. ഒരിക്കല്‍ ഞാന്‍ നിന്നെ എന്റെ ഹൃദയത്തിനുള്ളിലാക്കും .അവളതാവര്‍ത്തിച്ചു ..ഒക്കെ നഷ്ടപ്പെട്ട എനിക്കിനി നീയെ ഉള്ളൂ..നീയുമെന്നെ കൈവിടരുതേ.ഓളങ്ങള്‍ക്കൊപ്പം കുതറിയോടുന്ന അമ്പിളിക്കീറിനെ മാറോടമര്‍ത്തി ഉന്മാദത്തിന്റെ നീരാഴങ്ങളിലേക്ക് കൂപ്പ് കുത്തുമ്പോള്‍ നഷ്ടങ്ങളൊക്കെ നേട്ടങ്ങളാകുന്നത് കിനാവ് കാണുകയായിരുന്നു നീരജ..




==============================================